'പൊതു മരാമത്തു വകുപ്പിൽ സബ് എഞ്ചിനീയറായ ശ്രീ മഹേഷുവിന്റെ കുട്ടിയെ തട്ടിക്കോണ്ടു പോയി, നഗരം മുഴുവൻ പോലീസ് അരിച്ചു പെറുക്കുന്നു.' എല്ലാ റ്റി വി ചാനലുകളിലും രാവിലെ പത്തുമണിമുതൽ ഈ വാർത്തയാണ്. പതിവുപോലെ സ്കൂൾ ബസ്സു കാത്തുനിന്ന ലൈനായെന്ന ഏഴു വയസ്സുകാരിയുടെ ചിരിക്കുന്ന മുഖം ഞാനും കണ്ടു - പലതവണ. എന്തെങ്കിലും സൂചന തരാനുള്ളവർ വിളിക്കേണ്ട നംബറും ഫ്ളാഷായി കാണിച്ചു കൊണ്ടിരുന്നു. സന്ധ്യയായി; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അലമുറയിട്ട് കരയുന്ന ആ കുട്ടിയുടെ അമ്മക്കു പറയാനുണ്ടായിരുന്നതും ചാനലുകൾ കാട്ടികൊണ്ടിരുന്നു. അവരുടെ ഏക മകളായിരുന്നുവത്രെ ലൈനാ. എന്റെയും മനസ്സലിയാൻ അതു ധാരാളമായിരുന്നു.
ഞാൻ ഫോണെടുത്ത് ടി വി യിൽപ്പറഞ്ഞ 94XXXXX785 നംബറിൽ വിളിച്ചു; ഗവ. മോഡൽ സ്കൂളിന്റെ പിന്നിലുള്ള കഞ്ഞിപ്പുരയോടു ചേർന്നുള്ള സ്റ്റോർ റൂമിൽ കുട്ടിയെ കണ്ടേക്കാമെന്നു സൂചിപ്പിച്ചു. എന്നിട്ടു മറ്റൊന്നും പറയാതെ ഞാൻ മൊബൈൽ കട്ടു ചെയ്തു.
രാത്രി പത്തുമണിയോടെ ചാനലുകൾ വീണ്ടും കിതച്ചെത്തി - ലൈനായെ പരിക്കുകളൊന്നുമില്ലാതെ കണ്ടുകിട്ടിയെന്നതായിരുന്നു വാർത്തകളിൽ നിറയെ. പോലിസിന്റെ അവസരോചിതമായ ഇടപെടലിനെയും കഴിവിനേയും നിരവധി പേർ പ്രശംസിക്കുന്നുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് ഞാനന്നുറങ്ങാൻ കിടന്നത്.
പിറ്റേന്നു പ്ലംബിങ്ങിനു പോകുമ്പോഴും സോൾവെന്റ് സിമിന്റു കൊണ്ട് പൈപ്പുകൾ വിളക്കിച്ചേർത്തുകൊണ്ടിരുന്നപ്പോഴുമൊക്കെ ഞാൻ ചിന്തിച്ചത്, ഒരു മനുഷ്യന്റെ ക്രൂരതയെപ്പറ്റിയായിരുന്നു. എങ്കിലും വാസുവിനെ ചതിക്കേണ്ടിയിരുന്നില്ലെന്നു മനസ്സു പറഞ്ഞു. വാസുവെന്ന കൊലയാളിയെ ഞാൻ പരിചയപ്പെട്ടത്, ജയിലിൽ വെച്ചാണ്. അയാൾ ഒരു കൊലപാതകക്കേസിലും ഞാനൊരു കള്ളനോട്ടു കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. വാസു മഹേഷുവിനു വേണ്ടി ഒരു കൊട്ടേഷൻ കൊല നടത്തിയാണു ജയിലിലായത്. കാര്യം കഴിഞ്ഞപ്പോൾ അയാൾ കൈകഴുകി. മഹേഷുവിന്റെ കുട്ടിയെ തട്ടിയെടുക്കുമെന്നും, ഒളിച്ചു സൂക്ഷിക്കാൻ സർക്കാർ സ്കൂളിന്റെ പിന്നിലത്തെ കഞ്ഞിപ്പുരയുണ്ടെന്നും, വല്യവധിയായതുകൊണ്ട്, തന്റെ നഷ്ടപരിഹാരം കിട്ടുന്നിടം വരെ അവിടെ സൂക്ഷിക്കാമെന്നും എന്നോടവൻ പറഞ്ഞിരുന്നു. വല്യവധി തുടങ്ങുന്നതിനു മുമ്പ് ഞങ്ങൾ രണ്ടു പേരും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി.
പറഞ്ഞതുപോലെതന്നെ അവനിതു ചെയ്യുമെന്ന് ഞാനോർത്തില്ല.
എന്നെയാണെങ്കിൽ, ചതിച്ചതെന്റെ കൂട്ടുപണിക്കാരൻ തന്നെയായിരുന്നു. അവനു പതിനായിരം രൂപാ കടം കൊടുത്തതാണ്. ചോദിച്ചു ചോദിച്ചു മടുത്തു. അവസാനം ഒരു ദിവസം പണിസ്ഥലത്തു വന്നവൻ പണം തന്നു. അന്നു രാത്രിതന്നെ പോലീസ് എന്നെ പിടിച്ചു, കള്ളനോട്ട് വിതരണക്കാരനാക്കി കേസും ചാർജ്ജു ചെയ്തു. പിറ്റേന്ന്, അതു കള്ളനോട്ടാണെന്നറിഞ്ഞ് ഞാൻ കേസു കൊടുക്കുന്നതിനു മുമ്പ് അവൻ എന്നെ വീഴ്‌ത്തിയിരുന്നു.
കുട്ടിയെ കിട്ടിയ സന്തോഷം പങ്കു വെച്ചുകൊണ്ടിരുന്ന മഹേഷുവിൻറെ പകൽ അവസാനിക്കുന്നതിനു മുമ്പ് പോലീസ് എന്റെ വീട്ടുപടിക്കലെത്തി; എന്നെ കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിൽ ചെന്നതേ യഥാർത്ത പ്രതിയെന്നതു പോലെയാണ് എന്നോടു പെരുമാറിയത്. ഒന്നും കാര്യമായി ചോദിച്ചെന്നു പറയാനാവില്ല; ഒരക്ഷരം പോലും ചോദിക്കാതെയാണല്ലോ കള്ളനോട്ടു കേസിലും അവർ കുറ്റപത്രം തയ്യാറാക്കിയത്.
ആകെ അവശനായ എന്നെ ഇടനാഴിയുടെ ഒരു കോണിലേക്കവർ തള്ളിയിട്ടു. അവിടെ മറ്റൊരാൾരൂപവും ഒതുങ്ങിക്കൂടിയിരുപ്പുണ്ടായിരുന്നു. ജനാലയിലൂടെ അരിച്ചിറങ്ങിവന്ന നിലാംവെട്ടത്തിൽ ഞാനാമുഖം തിരിച്ചറിഞ്ഞു - വാസു! ഞാൻ വാസുവിന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കി. അയാൾ തലയിടത്തോട്ടും വലത്തോട്ടും സാവധാനം തിരിച്ചുകാട്ടി. അയാളല്ലെന്നായിരുന്നയാൾ പറഞ്ഞത്. ഞാൻ കൈ ചോദ്യഭാവത്തിൽ മലർത്തി, പിന്നെയാരെന്നു ചോദിച്ചു.
"കൈക്കച്ചൂർ പൊന്നൻ! പൊന്നനെ കൊല്ലാനാണ് മഹേഷു കൊട്ടേഷൻ തന്നത്. എനിക്കാളു മാറിപ്പോയി." വാസു പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. അതറിഞ്ഞുകൊണ്ടാവണം, വാസു തുടർന്നു.
"ഞാൻ പുറത്തിറങ്ങിവരാൻ അയാൾ കാത്തിരിക്കുകയായിരുന്നു. എന്നെ സംശയിച്ചോളും എന്നറിയാമായിരുന്നയാൾക്ക്. ഞാനകത്തു കിടക്കേണ്ടത് അയാളുടെ ആവശ്യമാണ്."
"നിന്നെയെന്തിനാ കൊണ്ടു വന്നത്?" വാസു ചോദിച്ചു.
ഞാൻ സൂചനകൊടുത്തിട്ടാണ് കുട്ടിയെ കണ്ടെടുത്തതെന്നും അതിൽ പങ്കുണ്ടെന്നുറപ്പിച്ചാണ് എന്നെ കസ്റ്റഡിയിലെടുത്തതെന്നും അയാൾക്കറിയില്ലെന്ന് എനിക്ക് മനസ്സിലായി.
"പൊന്നന്റെ പേരു പറഞ്ഞുകൊടുത്തു കൂടെ?" ഞാൻ ചോദിച്ചു.
"അതു പറഞ്ഞാൽ ഇനിയൊരിക്കൽക്കൂടി ഇവിടെ വരാൻ കഴിയണമെന്നില്ല."
"ഇനിയെന്നു വരാനാ പ്ലാൻ?" ഞാൻ ചോദിച്ചു.
"പൊന്നന്റെ പോസ്റ്റ് മോർട്ടത്തിന്റെ പിറ്റേന്ന്." വാസു പറഞ്ഞു.
എനിക്കൊരുപാടുത്തരങ്ങൾ വേണ്ടിയിരുന്നു, അക്കൂട്ടത്തിൽ ഞാനിനിയെന്നു പുറം ലോകം കാണുമെന്നുള്ളതും ഉണ്ടായിരുന്നു. അകത്തുള്ളതിനേക്കാൾ കള്ളന്മാർ പുറത്താണെന്നതും ഞാനന്നു മനസ്സിലാക്കിയ ഒരു സത്യമായിരുന്നു.
No comments:
Post a Comment