Monday 13 November 2017

കൊടുങ്കാറ്റിന്റെ രഹസ്യം

"ഒരു വല്യ കടലിലുള്ള ഒരു ദ്വീപിന്റെ അടുത്തുവെച്ച്, നേപ്പിൾസിലെ രാജാവായിരുന്ന അലോൺസായും മകൻ ഫെർഡിനാന്റും സഹോദരൻ സെബാസ്റ്റ്യനും സഞ്ചരിച്ചിരുന്ന കപ്പൽ അപകടത്തിൽപ്പെട്ടു. മിലാനിലെ ഡ്യൂക്ക് അന്റോണിയോയും രാജസദസ്സിലെ ഗോൺസാലോയും ഒപ്പമുണ്ടായിരുന്നു. അതേ ദ്വീപിലേക്കായിരുന്നു സഹോദരനായ അന്റോണിയോയും കുടിലതന്ത്രക്കാരനായ ഗോൺസാലോയും ചേർന്ന് തയ്യാറാക്കിയ ഗൂഢതന്ത്രത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട് പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ് പ്രൊസ്പെരോയും മകൾ മിറാന്റായും ഒരു ബോട്ടിൽ മാജിക്കിന്റെ കുറേപുസ്തകങ്ങളുമായി വന്നത്. തന്നെ ചതിച്ച അന്റോണിയോയാണ് തകർന്നുകൊണ്ടിരിക്കുന്ന കപ്പലിലെന്ന് പ്രൊസ്പെരോ മകളോടു പറഞ്ഞു." 
ഉച്ചയൂണിനുള്ള കറിസാധനങ്ങൾ അടുപ്പത്താക്കിയിട്ട്, എന്റടുത്തു വന്നിരുന്ന അവളോട് വായിച്ചതിന്റെയത്ര ചുരുക്കം ഞാൻ പറഞ്ഞു കൊടുത്തു. 
അവളും ഞാനും  ഹൈസ്‌കൂളിൽ പഠിച്ചിട്ടുണ്ടായിരുന്നില്ല. ദിവസവും കൂലിപ്പണിക്കു പോകുന്ന ഞങ്ങൾക്ക് കൂടിയ വിദ്യാഭ്യാസത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. 
മിനിയാന്ന് ഞങ്ങളുടെ മകൻ വിഷ്ണുവിന് ലക്ഷംവീട്ടുകാരുടെ വക ഒരു സ്വീകരണമുണ്ടായിരുന്നു. പഞ്ചായത്തു പ്രസിഡന്റൊക്കെ വന്നിരുന്നു, അഭിനന്ദനം പറയാൻ. ആ കോളണിയിൽനിന്നും ആദ്യമായി കോളേജ് ജോലി കിട്ടിയതവനായിരുന്നു - ആദ്യമായി അവിടുന്ന് എം എ പാസ്സായതും വിഷ്ണു മാത്രമായിരുന്നു.
അവന്റെ പ്രസംഗത്തിൽ അവൻ പറഞ്ഞു, ഇത്രയും പഠിക്കാൻ കാരണം അവന്റെ അച്ഛനാണെന്ന്. അവൻ ഒൻപതാം ക്ളാസ്സിലായിരുന്നപ്പോൾ കോളേജിലാവശ്യമായി വരുമെന്ന് പറഞ്ഞോണ്ട് അച്ഛനവന് ഷേക്‌സ്പിയറിന്റെ 'ദി ടെംപസ്റ്റ്' പുസ്തകം വാങ്ങിക്കൊടുത്തിരുന്നുവെന്നവൻ പറഞ്ഞു. ആ പുസ്തകം അവൻ മറ്റു പുസ്തകങ്ങളുടെ കൂട്ടത്തിൽ വെച്ചിരുന്നുവെന്നും, പ്ലസ് റ്റൂവിനു പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ പുസ്തകം വായിക്കാൻ തോന്നിയതെന്നും അവൻ തുടർന്നു പറഞ്ഞു. നല്ല കഥയായിരുന്നു, മുഴുവൻ മനസ്സിലായില്ലെങ്കിലും ആ കഥ പഠിപ്പിക്കുന്ന ക്ളാസ്സിൽ എത്തണമെന്നൊരു വാശിയവനു തോന്നിയെന്നും അതാണവനെ ഇംഗ്ളിഷ് എം എ വരെ എത്തിച്ചതെന്നും അവൻ പറഞ്ഞു. 
ആ പുസ്തകത്തിന്റെ കാര്യം ഞാൻ മറന്നുപോയിട്ടുണ്ടായിരുന്നില്ല. കുറേ വർഷങ്ങൾക്കു മുമ്പ് തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൂടി മടങ്ങുന്ന വഴി ബസ്സിൽ കിടന്നു കിട്ടിയാതാണാ പുസ്തകം. തിരക്കിനിടയിൽ ഏതോ കോളേജ് കുട്ടിയുടെ കൈയ്യിൽനിന്നു വീണുപോയതാണെന്നുറപ്പായിരുന്നു, മുഴുവൻ ഇംഗ്ളിഷ്! എവിടെ ചെന്നയാളെ കണ്ടുപിടിക്കാൻ? ഞാനതു വീട്ടിൽ കൊണ്ടുവന്ന് വിഷ്ണൂനു കൊടുത്തു. ആ പുസ്തകത്തിന്റെ കാര്യമാണവൻ പറഞ്ഞത്. അതിന്റെ കഥയെന്താണെന്നറിയണമെന്നെനിക്കു തോന്നി, അവൾക്കും തോന്നി. വിഷ്ണുനോട് ചോദിക്കാൻ തോന്നിയില്ല - അവൻ പറഞ്ഞില്ലെങ്കിലോ? ശിവാനന്ദനാണു പറഞ്ഞത്, അതിന്റെ തർജ്ജമ പട്ടണത്തിലെ ബുക്ക് സ്റ്റാളിലോ ലൈബ്രറിയിലോ കിട്ടുമെന്ന്. പട്ടണത്തിപ്പോയി ഇന്നലെ വാങ്ങിയ മലയാളം തർജ്ജിമയാണിത്. 
ഞങ്ങളിന്നും പണിക്കും പോയില്ല. ഇനി പണിക്കു പോകാനും തോന്നുന്നില്ല; വിഷ്ണൂന് നാണക്കേടാവില്ലേയെന്ന തോന്നലുമുണ്ട് - അവൻ പാന്റ്സിട്ടു തുടങ്ങിയില്ലേ? 
ഏതായാലും ആ ദിവസം കൊണ്ട് പുസ്തകം മുഴുവൻ ഞാൻ വായിച്ചു തീർത്തു. നാലു പേജു കൂടുമ്പോൾ അവളോടു ചുരുക്കം പറഞ്ഞുകൊണ്ടുമിരുന്നു. 
അന്നത്തേതുപോലെ ധൃതിയിൽ വേരൊരിക്കലും ഞാൻ ഊണു കഴിച്ചിട്ടുണ്ടെന്നും പറയാനാവില്ല.
"ഫെർഡിനാന്റും മിറാന്റായും വിവാഹനിശ്ചയം നടത്തി, പ്രോസ്പെരോക്കു തന്റെ അധികാരവും തിരിച്ചു കിട്ടി. കഥ തീർന്നു." ഞാൻ പറഞ്ഞു.
"തീർന്നോ?" അവൾ ചോദിച്ചു. 
"തീർന്നു." ഞാൻ പറഞ്ഞു.
"ഇതിനകത്ത് എം എ ക്കു പഠിക്കണമെന്നൊരിടത്തും പറഞ്ഞിട്ടില്ലല്ലോ?" അവൾ ചോദിച്ചു. 
'ശരിയാണല്ലോ. അതിനകത്തൊരിടത്തും അങ്ങിനെ പറഞ്ഞിട്ടില്ലല്ലോ!' ആത്മഗതം പോലെ ഞാനും പറഞ്ഞു. 
ഇനിയിപ്പോ ആരോടാ ചോദിക്കുക? 
"ഏതായാലും കൃഷ്ണന്റെ മകൻ ആനന്ദനും ഇതിന്റെ ഇംഗ്ളീഷ് മേടിച്ചു കൊടുക്കാമല്ലെ? രക്ഷപ്പെടട്ടന്നേ, അവൻ പത്തിലല്ലേ?" ഞാൻ പറഞ്ഞു. 
സമ്മതഭാവത്തിൽ അവളും തലയാട്ടിയെങ്കിലും കൊടുങ്കാറ്റിന്റെ രഹസ്യം ഞങ്ങൾക്കു മനസ്സിലായിട്ടുണ്ടായിരുന്നില്ല.

No comments:

Post a Comment