Saturday, 11 November 2017

വിന്റോ സീറ്റ്!

"ആനത്തുറുവിൽ ബസ്സപകടം, 19 പേർ മരിച്ചു; ബാക്കി യാത്രക്കാർ അത്യാസന്ന നിലയിൽ, സ്കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഗം ചെയ്തു, മുഖ്യമന്ത്രിക്കെതിരെ അഴിമതിയാരോപണം, പത്രം പത്രം പത്രം .....!" ഒരുത്തന്റെ തൊള്ളതുറന്നുള്ള കാറിച്ച കേട്ട് ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി.
ആ പത്രക്കാരൻ ചെറുക്കൻ സർക്കാർ ആശുപത്രിയുടെ ഓ പി വാർഡിലൂടെ കണ്ണോടിക്കുന്നുണ്ട്. ആരെങ്കിലുംകൂടി കാലം ചെയ്തോയെന്നറിയാനുള്ള ആകാംക്ഷ അവന്റെ മുഖത്തു കാണാം. മോർച്ചറിയിൽ കൂട്ടിയിട്ടിരിക്കുന്ന ശരീരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടാണവൻ വരുന്നതെന്നു കണ്ടാലറിയാമായിരുന്നു.
"ഇരുപത്തഞ്ചു യാത്രക്കാരും അത്യാസന്ന നിലയിൽ! പത്രം, പത്രം...." ആ പയ്യന്റെ ശബ്ദം നേർത്തു നേർത്തു വന്നു.
നിന്നുതിരിയാനിടമില്ല, ഓ പി യിൽ. നഴ്സുമാരായിട്ടും സന്നദ്ധസേവകരായിട്ടും ആളുകൾ ഓടിനടക്കുന്നു. പത്രക്കാരും ചാനലുകാരും തന്നെ അഞ്ഞൂറു പേരെങ്കിലും കാണുമെന്നെനിക്കു തോന്നി. ഡോക്ടറുടെ വിസിറ്റിംഗ് റൂമിനു പുറത്ത് നിന്നു ഞാൻ മനസ്സുകൊണ്ട് ശരീരമാകെ സ്കാൻ ചെയ്തു നോക്കി, താടിയിലൊരു മുറിവുണ്ട്, ശരീരമാകെ നല്ല വേദനയുണ്ട്.
'അതത്യാസന്ന നിലയാണോ?' ഞാൻ സ്വയം ചോദിച്ചു. റിപ്പോർട്ടിൽ കുഴപ്പമില്ലേൽ പോകാമെന്നാണല്ലോ എന്നോട് പറഞ്ഞതെന്ന് ഞാനോർത്തു. മദ്ധ്യഭാഗത്തായിരുന്നതു കൊണ്ടും വിന്റോ സീറ്റല്ലാതിരുന്നതുകൊണ്ടുമായിരുന്നിരിക്കണം, രക്ഷപ്പെട്ടത്. എങ്കിലും വണ്ടിക്കകത്ത് നന്നായൊന്നുരുണ്ടു, എവിടെയെങ്കിലും മുട്ടാത്ത ഒരു സ്ഥലവും ശരീരത്തിൽ ബാക്കിയുണ്ടാവില്ല. സൈഡു കൊടുത്തതാ, തിട്ടിടിഞ്ഞു പോയി ഒരു വല്യകുഴിയിലേക്ക് വണ്ടി മറിയുകയായിരുന്നു - ഒന്നുരുണ്ടുവെന്നുറപ്പ്!
ഫാസ്റ്റിൽ എന്റടുത്തുള്ള വിന്റോ സീറ്റിലിരുന്നത് ഒരു നീലവരയൻ ഷർട്ടിട്ട കാരണവരായിരുന്നു. അയാൾക്കെന്തു പറ്റിയോ ആവോ? അയാളുടെ കൈയ്യിൽ അന്നത്തെ പത്രമുണ്ടായിരുന്നെങ്കിലും അതിലെ ഒന്നിനെപ്പറ്റിയുമല്ല അയാൾ യാതൊരു പരിചയവുമില്ലാത്ത എന്നോടു സംസാരിച്ചു കൊണ്ടിരുന്നത്. വഴിയരുകിൽ ഒരു കൂടാരത്തിനുള്ളിൽ വിഗ്രഹം കണ്ടാലും, കുരിശുപള്ളി കണ്ടാലും ഒരു വ്യത്യാസവുമില്ല; അയാൾ പറയും,
"മനുഷ്യനെ പറ്റിക്കാൻ ...എന്തെല്ലാം വേലത്തരങ്ങൾ!"
നാടൻഗ്രനേഡും മടിയിൽവെച്ച് മലകയറുന്നവനെക്കാൾ സൂക്ഷിച്ചാണ് ഞാനടുത്തിരുന്നത് - ചില ഞരമ്പ് രോഗികൾ അങ്ങിനെയാണ്.
എന്റെയൂഴം വന്നപ്പോൾ ഞാൻ അകത്തു കയറി സ്കാൻ റിപ്പോർട്ട് കാണിച്ചു. ഡോക്ടർ വിശദമായി അതു നോക്കിയിട്ട് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.
"വേറേ വല്ല പ്രശ്നോം തോന്നുന്നുണ്ടൊ, മരപ്പോ, തളർച്ചയോ എന്തെങ്കിലും?" ഇല്ലെന്നു ഞാൻ തലയാട്ടി. ഡോക്ടർ ഡിസ്ചാർജ്ജ് എഴുതി.
ഫാർമസിയിൽ നിന്നു കിട്ടിയ മരുന്നുമായി ഞാൻ ആസ്പത്രിയിൽ നിന്നിറങ്ങി. ആളുകളുടെ ബഹളം നിന്നിട്ടില്ല, ഒരുൽസവത്തിന്റെ ആളുണ്ട്, ഇപ്പോഴും അശുപത്രിക്കു ചുറ്റും.
വഴിയിലിറങ്ങി, ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. വഴിക്കെതിർവശത്തുള്ള ശിവക്ഷേത്രത്തിന്റെ കവാടത്തിൽ ഒരാൾ കൈകൾ നെറ്റിയോടു ചേർത്ത് തലകുമ്പിട്ടു നിൽക്കുന്നു, ഏറെനേരം അനങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ മനുഷ്യർക്ക് ദൈവഭക്തി കൂടുന്നുവോയെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. പെട്ടെന്നാണെന്റ മനസ്സ് അയാളിട്ടിരുന്ന കുപ്പായത്തിലേക്ക് തിരിഞ്ഞത് - എന്റടുത്ത് വിന്റോ സീറ്റിലിരുന്ന മദ്ധ്യവയസ്കന്റെ ഷർട്ടിന്റെ അതേ നിറം, അതേ നീലവരകളും!

No comments:

Post a Comment