ഓർമ്മകൾ വല്ലാതെ വിഷമിപ്പിക്കുമ്പോൾ ഞാനോർക്കാറുണ്ട്, കഴിഞ്ഞതൊന്നുമോർക്കാതെ ജീവിക്കാനാവുമായിരുന്നെങ്കിലെന്ന്. അത് സാദ്ധ്യമല്ലല്ലോ, ആർജ്ജിച്ച പരിചയമില്ലാതെ ആർക്കും വളരാനാകില്ലല്ലോ. നാലു വഴികളിലൂടെയല്ലേയറിവ് ഓരൊരുത്തരിലേക്കും ഒഴുകി വരുന്നത്?
അങ്ങിനെയിരിക്കുമ്പോൾ ഞാനോർക്കും, നിലത്തു വെയ്കാമായിരുന്നിട്ടും മാറത്തു ചേർത്തുവെച്ചുമ്മവെച്ചുമ്മവെച്ചു വളർത്തിയ മകൻ തെരുവിലുപേക്ഷിച്ച അമ്മക്ക് സ്വന്തം വിധിയെ എങ്ങിനെ പഴിക്കാതിരിക്കാനാവുമെന്ന് ? അപരന്റെ മിഴികളെ വിശ്വസിച്ചു കൂടെയിറങ്ങിപ്പോയ കൊച്ചിളംകാമുകി കൊത്തിക്കീറപ്പെടുമ്പോൾ ഒരു വംശത്തെ അവൾക്കെങ്ങിനെ ശപിക്കാതിരിക്കാനാവുമെന്ന്?
പകുത്തു കൊടുത്ത പായക്കവകാശം പറയുന്ന മിത്രത്തെ എങ്ങിനെ പഴിക്കാതിരിക്കാനാവുമെന്ന്?
അന്ന് കൃഷ്ണൻ തന്റെ ബാല്യകാല സതീർഥ്യനെ തിരിച്ചറിയാതിരുന്നെങ്കിൽ കുചേലൻ എന്തുമാത്രം അപമാനിതനായി മടങ്ങേണ്ടി വരുമായിരുന്നു?
ഇന്നത്തെ കൃഷ്ണന്മാർക്ക് ഓർമ്മ തീരെയില്ല. അവരാണ് കുചേലന്മാരെന്നാ അവരുടെ ധാരണ. അവർക്കവരുടെ മുകളിലുള്ള കൃഷ്ണന്മാരെയാണ് കാണേണ്ടത്. എങ്ങിനെ കരയാതിരിക്കും? ഗോക്കളില്ലാത്തിടം നോക്കി പുല്ലിനു വളരാനാവുമോ? കുറെ തിന്നപ്പെടും, കുറേക്കരിയും: അങ്ങിനെയാണ് പ്രപഞ്ച നിയമം.
ഞാനോരിക്കലൊരു ആൽബെർട്ടിനെ പരിചയപ്പെട്ടു. എനിക്കൊരു കൊച്ചു പട്ടണത്തിൽ ഒരാഫീസിൽ വരേണ്ടി വന്നു. ഉച്ച കഴിഞ്ഞിരുന്നു. എന്നെ പരിചയമുണ്ടായിരുന്ന ഓഫീസർ എന്നോടു പറഞ്ഞു,
"ആ വളവിന്റെ അവിടെ നിന്നു താഴോട്ടുള്ള മൺറോഡേ ഒരു ഫർലോന്ഗ് നടന്നാൽ ഇടതുവശത്തു ഷാപ്പുപോലുള്ള ഒരു പഴയ കെട്ടിടം കാണാം. അവിടെ നല്ല ഊണ് കിട്ടും."
ഞാനാ ചായക്കടയിൽ ചെന്നു. എട്ടു-പത്തു പേർ ഉണ്ണുന്നു, മൂന്നാലു പേർ ചോറിനു കാത്തിരിക്കുന്നു.
ആദ്യം കാണുകയായിരുന്നതുകൊണ്ടാവാം, വിളമ്പിക്കൊണ്ടിരുന്നയാളെന്നെ നോക്കി വെളുക്കെയൊന്നു ചിരിച്ചു; മുന്നിലെ പല്ലുകൾ നഷ്ടപ്പെട്ട മോണ കാട്ടിയുള്ള അയാളുടെ ചിരി കാണാനൊരു ചന്തമുണ്ടായിരുന്നു. അയാളാണതിന്റെ മുതലാളിയെന്നെനിക്കു മനസ്സിലായി.
"രാഘവൻ സാറാ ഇങ്ങോട്ടു പറഞ്ഞു വിട്ടത്." ഞാൻ പറഞ്ഞു.
"ഓ... ശരി! സാറിവിടിരിക്ക്; ഇവരൊന്നേറ്റോട്ടെ." അയാളു പറഞ്ഞു.
അയാൾ ആ കൊച്ചു ഹാളിലൂടെ ഓടി നടന്നു. അയാളുടെ കൈകൾ ഒരേ സമയം എല്ലാ ഇലകളിലും എത്തുന്നുണ്ടായിരുന്നു. എല്ലാവരേയും ഒരു ചിരികൊണ്ട് അല്ലെങ്കിൽ ഒരു നർമ്മ സംഭാഷണം കൊണ്ട് അയാൾ സ്വന്തപ്പെടുത്തിക്കൊണ്ടുമിരുന്നു.
ആൽബർട്ടിനെ എനിക്കിഷ്ടപ്പെട്ടു. എല്ലാവരോടും കുശലം പറഞ്ഞുകൊണ്ടുള്ള അയാളുടെ വിളമ്പിനും പണം വാങ്ങലിനുമെല്ലാം ഒരു താളമുണ്ടായിരുന്നു, ഒരു തനി നാടാൻ താളം!
എനിക്കയാൾ കൂടുതൽ കറി തന്നു; എനിക്കയാൾ കൂടുതൽ ചോറു തന്നു. നല്ല ചാണകം മെഴുകിയ അടുക്കളയുടെ പുതുമണമുള്ള ചൂടു കുത്തരിച്ചോറിൽ മുളകും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട മോരുമൊഴിച്ച് ഞാൻ ചോറുണ്ടു.
ഞാനന്ന് ഓർമ്മകൾ വിഷമിപ്പിക്കാത്ത ഒരു മനുഷ്യനെ കണ്ടു - ഒത്തിരിനാളായിരുന്നു അങ്ങിനെ ഒരാളെ കണ്ടിട്ട്.
തിരിച്ചു ഞാനോഫീസിൽ ചെന്നപ്പോൾ ഊണ് നന്നായിരുന്നെന്നു പറഞ്ഞു.
"അവിടെ പത്തുരൂപാ കുറവാ...നാൽപ്പതേ ഉള്ളൂ." രാഘവൻ സാർ പറഞ്ഞു.
"എന്റെ കൈയ്യിൽ നിന്നു മുപ്പതേ വാങ്ങിയുള്ളല്ലോ അയാൾ." ഞാൻ പറഞ്ഞു.
രാഘവൻ സാർ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു,
"നല്ല ഊണെന്നു പറഞ്ഞു കാണും. അങ്ങിനെയാരു പറഞ്ഞാലും അഞ്ചുരൂപായെങ്കിലും കുറയും."
"ഇങ്ങിനെയുള്ള നല്ല മനുഷ്യർക്കെപ്പോഴും ഈശ്വരാനുഗ്രഹം കാണും. അവർക്കു നല്ലതേ വരൂ." ഞാൻ പറഞ്ഞു.
"ഒരു വിധത്തിൽ ശരിയാ...അയാൾക്കെന്തിനാ കാശ്? ഉണ്ടായതു മൂന്നും മന്ദബുദ്ധികൾ! അയാളെ സമ്മതിക്കണം! ഒരിക്കലെങ്കിലും പരാതി പറഞ്ഞിട്ടില്ല."
എനിക്ക് നാവിറങ്ങിയതുപോലെ തോന്നിപ്പോയി. കാച്ചിക്കുറുക്കി ഞാൻ പറഞ്ഞ പ്രകൃതി നിയമം, ഒരു നിഗമനം മാത്രമാകുന്നുവെന്ന് സമ്മതിക്കാൻ എനിക്കാവുമായിരുന്നില്ല. എനിക്കതിനു മറുപടിയില്ലായിരുന്നു.
സന്ധ്യയും കഴിഞ്ഞു രാത്രിയും വന്നു; കൺപോളകൾ അറിയാതെ വിറയ്കാൻ തുടങ്ങിയപ്പോൾ,
ആദ്യം, മനുഷ്യന്റെ താങ്ങില്ലാതെ ദുഖത്തിനും സന്തോഷത്തിനും നിലനിൽക്കാനാവില്ലെന്ന് എനിക്കു മനസ്സിലായി.
പിന്നെ, സന്തോഷമില്ലാതെ ദു:ഖത്തിനോ ദു:ഖമില്ലാതെ സന്തോഷത്തിനോ നിലനിൽപ്പില്ലെന്നും ഞാൻ മനസ്സിലാക്കി.
ഞാനപ്പോൾ ചിരിച്ചു, പിന്നെ പൊട്ടിച്ചിരിച്ചു!
ആ ശബ്ദം ലോകം മുഴുവൻ കേട്ടു കാണണം.
ആ ശബ്ദം ലോകം മുഴുവൻ കേട്ടു കാണണം.
No comments:
Post a Comment