.....................
പച്ചക്കുന്നുകള്‍ക്കിടയില്‍ ഒരു താപസന്‍ ജീവിച്ചിരുന്നു. ആത്മാവില്‍ വിശുദ്ധനും ഹൃദയത്തില്‍ നിര്‍മ്മലനുമായ ഒരാൾ.
ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ എല്ലാ പക്ഷികളും ഇണകളോടൊപ്പം അയാളുടെ അരികിലെത്തും. അവയോടൊക്കെ അയാള്‍ സംസാരിക്കും. പറയുന്നതെല്ലാം അവര്‍ സസന്തോഷം കേള്‍ക്കും. അരികില്‍ തടിച്ചു കൂടും. അന്തിയാവുംവരെ അവയൊന്നും തിരിച്ചുപോകില്ല. ഇരുള്‍ പരക്കുമ്പോള്‍ അവയെ അയാള്‍ പറഞ്ഞയക്കും. തന്റെ അനുഗ്രഹാശിസു കളോടെ; അവയുടെ ചുമതല കാറ്റിനേയും കാടിനേയും ഏല്‍പ്പിച്ചുകൊണ്ട്.
ഒരു വൈകുന്നേരം താപസന്‍ പ്രണയത്തേക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. അപ്പോള്‍ ഒരു പുള്ളിപ്പുലി തലയുയര്‍ത്തി. എന്നിട്ടു ചോദിച്ചു: അങ്ങ് പ്രണയത്തേക്കുറിച്ച് സംസാരിക്കുന്നു. അങ്ങയുടെ ഇണയെവിടെ?
''എനിക്ക് ഇണയില്ല.'' താപസന്‍ പറഞ്ഞു.
ഇതു കേട്ടതും മൃഗങ്ങളും പക്ഷികളും ഞെട്ടിപ്പോയി. അവയുടെ വിസ്മയം കോലാഹലമായി ഉയര്‍ന്നു. അവ തമ്മില്‍ തമ്മില്‍ പറയുവാന്‍ തുടങ്ങി: ''സ്‌നേഹത്തേക്കുറിച്ചും പ്രണയത്തേക്കുറിച്ചും ഇയാള്‍ക്ക് എങ്ങനെ പറയാനാവും? അവയേപ്പറ്റി അയാള്‍ക്കൊന്നും അറിയില്ലല്ലോ.''
വെറുപ്പോടെ, നിശ്ശബ്ദമായി, പക്ഷികളും മൃഗങ്ങളും സ്ഥലം വിട്ടു.
അന്നു രാത്രി അയാള്‍ തനിച്ചായി. പായില്‍ കമഴ്ന്നു കിടന്ന് മുഖം ഭൂമിയിലേക്കു തിരിച്ച് അയാള്‍ വിലപിച്ചു. കൈകള്‍ മാറത്തടിച്ച് നിലവിളിച്ചു.
(ഖലീല്‍ ജിബ്രാന്‍)
(ഖലീല്‍ ജിബ്രാന്‍)
സി. വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' പത്തിരുപത് വർഷങ്ങൾക്കു മുൻപ് സൗഹൃദങ്ങളിൽ ഒരു സമ്മാനപ്പുസ്തകമായിരുന്നു. അതു വായിച്ചിട്ട് കൂട്ടുകാരി എഴുതി: 'ശരിക്കും എന്താണീ സെലിബസി?' അതിന്റെ അർത്ഥം അവൾക്കറിയാഞ്ഞിട്ടല്ല.
അവളുടെ ചോദ്യം, പൊതുവേ സന്ദേഹിയായ ഒരു സെമിനാരിക്കാരനെ വല്ലാതെ പരിഭ്രമിപ്പിച്ചു. ഒരാൾ എന്തിനാണ് ഒറ്റയ്ക്ക് നടക്കുന്നത്? കുരുവിയും കുറുനരിയും പോലും വീട് കെട്ടുന്ന ഭൂമിയിൽ അയാളെന്തുകൊണ്ടാണ് ഒരു കൂര പണിയാത്തത്? വംശാവലിയുടെ പുസ്തകത്തിൽ അയാൾക്കു ശേഷം ഒരു പേരില്ലാത്തത് എന്തുകൊണ്ട്?
ദാമ്പത്യത്തേക്കാള്‍ മീതെയാണ് ബ്രഹ്മചര്യമെന്ന് പഠിപ്പിക്കുന്ന ഒരു സൂചന പോലുമില്ല സുവിശേഷത്തില്‍. സ്വന്തമായി ഒരു വീട് കെട്ടിയുയര്‍ത്താതെ കടന്നുപോയപ്പോഴും ഈശോ പലരുടേയും വീടിന്റെ പശ്ചാത്തലത്തിലായിരിക്കാന്‍ ഇഷ്ടപ്പെട്ടു. തന്റെ അടുക്കലേക്ക് വന്നവരുടെ രോഗാതുരമായ ബന്ധങ്ങളിലേക്ക് അവന്‍ ഇറങ്ങിച്ചെന്നു. പീറ്ററിന്റെ ഭാര്യാമാതാവിന്റെ ജ്വരക്കിടക്കയിലും നാമവനെ കണ്ടു. ദൈവമൊരാളാണ് സ്ത്രീയേയും പുരുഷനേയും കൂട്ടിയോജിപ്പിച്ചതെന്ന് പഠിപ്പിച്ചു. ദാമ്പത്യത്തിന്റെ അവിഭാജ്യതയെ, പൊതുവേ ഇല്ലാത്ത ഒരുതരം ശാഠ്യത്തോടെ ഉറപ്പിച്ചു. മറ്റെല്ലാ കാര്യ ങ്ങളിലും മോശയേക്കാള്‍ ലിബറലായൊരാള്‍ ഈ ഒരു കാര്യത്തില്‍ മാത്രം അതിനേക്കാള്‍ ഓര്‍ത്തഡോക്‌സ് ആയി. കുഞ്ഞുങ്ങളോടായിരുന്നു ഏറ്റവും ഇഷ്ടം. അപ്പസ്‌തോലന്മാര്‍ അവരെ തടയുമ്പോള്‍ പാടില്ല എന്നു വിലക്കി.
ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അവിടുന്ന് എന്തുകൊണ്ടാണ് അവിവാഹിതനായി നിന്നത്? അതും ഒരാള്‍ അപ്രകാരം നില്‍ക്കുന്നത് മോശപ്പെട്ട കാര്യമായി ഗണിച്ചിരുന്ന സംസ്‌കാരത്തില്‍? ആണും പെണ്ണും ചെറുപ്രായത്തിലേ വിവാഹിതരാവുന്ന ഒരു സംസ്കാരത്തിൽ മുപ്പതു വയസ്സിനു മീതെയുള്ള ഒരു അവിവാഹിതൻ ആവശ്യത്തിലേറെ മനുഷ്യരുടെ പുരികം ചുളിച്ചിരുന്നു. അവനെ ഷണ്ഡൻ എന്നു വിളിക്കാൻ പോലും അവന്റെ കാലം ധൈര്യപ്പെട്ടു എന്ന സൂചനകളുണ്ട്- വിവാഹയോഗ്യനല്ലാത്തവൻ തന്നെ!
ചെറുപുഞ്ചിരിയോടെ ക്രിസ്തു അതു സ്വീകരിച്ചു. എന്നിട്ട്, അത്തരക്കാരെ മൂന്നു തരത്തിൽ പെടുത്താമെന്ന് പറഞ്ഞു- ആദ്യത്തേത്, പ്രകൃതിയുടെ കൈത്തെറ്റ് പോലെ ചില മനുഷ്യർ; ആണിനും പെണ്ണിനും ഇടയിലെ 'നൊ- മാൻസ് ലാൻഡി'ൽ പെട്ടുപോകുന്ന സങ്കടജന്മങ്ങൾ. രണ്ടാമത്തേത്, സമൂഹം അപ്രകാരമാക്കുന്നവർ. ഒരു സ്മോളിൽ പങ്കു ചേർന്നില്ലെങ്കിൽ, ഭാര്യയെ കമന്റടിച്ചവനെ ഒന്നു പൊട്ടിച്ചില്ലെങ്കിൽ, മതിലു കെട്ടുമ്പോൾ ഒരു സെന്റിമീറ്റർ ഉള്ളിലോട്ട് കേറിപ്പോയതിന്റെ പേരിൽ അയൽക്കാരൻ ഉറങ്ങുമ്പോൾ അതു തള്ളിയിട്ടില്ലെങ്കിലൊക്കെ അവർ ചോദിക്കുന്നു: നീ ആണാണോ? അങ്ങനെ നിരന്തരമായ സജഷനുകളിലൂടെ സമൂഹം കാസ്റ്ററേറ്റ് ചെയ്യുന്ന മനുഷ്യർ. മൂന്നാമത്തേത്, ദൈവരാജ്യത്തെപ്രതി (ദൈവരാജ്യത്താൽ എന്നൊരു പാഠഭേദം കൂടിയുണ്ട്.) അപ്രകാരമായിരിക്കാൻ നിശ്ചയിച്ചവർ; പഴയ നിയമത്തിലെ ഉറിയായെപ്പോലെ.
ഒരു തെറ്റിനെ കുറേ അധികം തെറ്റുകള്‍ കൊണ്ട് ശരിയാക്കാനുള്ള ശ്രമത്തിലായിരുന്നു ദാവീദ്. ബാത്ഷബായുടെ ഉടലില്‍ അയാള്‍ ഇടറിവീണു. അവളുടെ ഭര്‍ത്താവ് ദൂരെ യുദ്ധഭൂമിയില്‍ ദാവീദിനു വേണ്ടി പോരാട്ടത്തിലാണ്. ശകലം തണ്ണിയൊക്കെ അടിക്കുന്ന വളരെ സാധാരണക്കാരനായ ഉറിയ. ഉള്ളില്‍ വളരുന്ന കുഞ്ഞിന് അപ്പനെ ആവശ്യമുണ്ട്. ദാവീദ് ഉറിയായെ വിളിച്ചു വരുത്തി നല്ലതുപോലെ മദ്യപിപ്പിക്കുന്നു. ഇനി വീട്ടില്‍പ്പോയി ഭാര്യയെക്കണ്ട് മടങ്ങിപ്പൊയ്‌ക്കൊള്ളുക എന്ന് അനുവാദവും നല്‍കി.
എന്നാല്‍, പിറ്റേന്നു പ്രഭാതത്തില്‍ അയാള്‍ കൊട്ടാരവളപ്പില്‍ത്തന്നെ കിടന്നുറങ്ങുന്നുണ്ട്. ഇണ്ടലിലായ ദാവീദിനോട് ഉറിയ പറഞ്ഞു: ''അവിടുത്തെ ദാസരും എന്റെ സ്‌നേഹിതരും ദൂരെ യുദ്ധക്കളത്തില്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഞാനെങ്ങനെ എന്റെ ഭാര്യയോടൊത്ത് സന്തോഷിക്കും?''
ആ നിമിഷം ഉറിയായ്ക്ക് ദാവീദിനേക്കാള്‍ ഉയരമുണ്ടായി. അത്തരമൊരു തീരുമാനത്തിന്റെ പേരില്‍ ദാവീദ് അയാളെ ചതിച്ചുകൊല്ലുന്നു. ഉറിയായുടെ നിലപാടാണ് ശരിക്കുമുള്ള ബ്രഹ്മചര്യം. വ്യക്തമായ ചില ലക്ഷ്യങ്ങള്‍ ഉള്ളതുകൊണ്ട് ചില മനുഷ്യര്‍ തങ്ങള്‍ക്ക് അർഹമായ ആഹ്ലാദങ്ങള്‍ പോലും വേണ്ടെന്നു വയ്ക്കുന്ന ഒരു ജീവിതക്രമം. ശരിക്കും പറഞ്ഞാല്‍, ദാവീദിന്റെ പുത്രനായ ഈശോയെന്നുള്ളത് വല്ലപ്പോഴുമൊക്കെ മാറ്റി, ഉറിയായുടെ പുത്രനായ ഈശോയേ എന്നൊക്കെ പ്രാര്‍ത്ഥിക്കാവുന്നതാണ്.
നിനച്ചിരിക്കാത്ത നേരത്തില്‍ നിശ്ചലമായേക്കാവുന്ന പ്രവാചകവഴികളേക്കുറിച്ചുള്ള വ്യക്തതയുമായി ബന്ധപ്പെടുത്തിയാണ് നാം യേശുവിന്റെ അവിവാഹിതജീവിതത്തെ വായിക്കേണ്ടത്.
ഭൂമിയിലെ ഏറ്റവും ധീരമായ മരണമായിരുന്നു അത്. സ്വന്തം ജീവന്‍ അര്‍പ്പിക്കേണ്ട വിധത്തില്‍ അപകടകരമായിരുന്നു അവന്റെ വഴികള്‍. കുരിശ് അവനു ലഭിച്ച ശിക്ഷയായിരുന്നില്ല, മറിച്ച് അവന്റെ പ്രവാചകദൗത്യത്തിന് സ്വയമേ നല്‍കിയ വിലയായിരുന്നു. ഈശോ അവിവാഹിതനായി നിന്നതുപോലും ഈ മരണത്തെ അടുത്തു കണ്ടിരുന്നതുകൊണ്ടായിരിക്കണം. അപകടകരമായ ജീവിതവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പാണ് ബ്രഹ്മചര്യം. അങ്ങനെയൊരു വെളിച്ചം ഇല്ലെങ്കില്‍ ഒരാള്‍ അവിവാഹിതനായി കടന്നുപോകുന്നതിനേക്കാള്‍ ബോര്‍ പരിപാടി മറ്റെന്തുണ്ട്?
ഭൂമിയിലെ ഏറ്റവും ധീരമായ മരണമായിരുന്നു അത്. സ്വന്തം ജീവന്‍ അര്‍പ്പിക്കേണ്ട വിധത്തില്‍ അപകടകരമായിരുന്നു അവന്റെ വഴികള്‍. കുരിശ് അവനു ലഭിച്ച ശിക്ഷയായിരുന്നില്ല, മറിച്ച് അവന്റെ പ്രവാചകദൗത്യത്തിന് സ്വയമേ നല്‍കിയ വിലയായിരുന്നു. ഈശോ അവിവാഹിതനായി നിന്നതുപോലും ഈ മരണത്തെ അടുത്തു കണ്ടിരുന്നതുകൊണ്ടായിരിക്കണം. അപകടകരമായ ജീവിതവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പാണ് ബ്രഹ്മചര്യം. അങ്ങനെയൊരു വെളിച്ചം ഇല്ലെങ്കില്‍ ഒരാള്‍ അവിവാഹിതനായി കടന്നുപോകുന്നതിനേക്കാള്‍ ബോര്‍ പരിപാടി മറ്റെന്തുണ്ട്?
നിത്യതയുടെ ചില ലക്ഷണങ്ങളുമായി ബന്ധപ്പെടുത്തി സെലിബസിയെ വായിച്ചെടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു. ഏഴു പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീയുടെ കഥയ്ക്കൊടുവിലാണ് അവർ അവനെ വല്ലാതെ കുഴപ്പിച്ചേക്കുമെന്നു കരുതിയ ഒരു ചോദ്യം ചോദിച്ചത്: നിത്യതയിൽ ഇവൾ ആരുടെ ഭാര്യയായിരിക്കും? ക്രിസ്തു ഊറിച്ചിരിച്ചിട്ടുണ്ടാവും. അവിടെ ആരും കല്യാണം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല. ആരും ആരെയും സ്വന്തമാക്കാത്ത എല്ലാവരും എല്ലാവരുടെയും സ്വന്തമായ ഒരിടമാണ് നമ്മുടെ എസ്കറ്റോളജിക്കൽ സങ്കല്പമെങ്കിൽ അതിന്റെ ഒരു ജൈവ അടയാളമായി മാറുന്നില്ലേ അയാളുടെ ബ്രഹ്മചര്യം?
പതിവുകളങ്ങളിൽ നിന്ന് നിങ്ങളുടെ സ്നേഹമെന്ന പക്ഷി വിശാലമായ ആകാശം തിരയുന്നു എന്നൊരു ആഹ്ലാദവുമുണ്ട് സെലിബസിയിൽ. ബൃഹത്താകുന്നതാണ് ബ്രഹ്മം. സ്നേഹം വിശാലമാകുന്നതാണ് ബ്രഹ്മചര്യം. ഒരു ബ്രഹ്മചാരിയും വീടുപേക്ഷിക്കുന്നില്ല. അയാളുടെ വീടിന്റെ ചുവരുകൾ വികസിക്കുകയും മേൽക്കൂര ഉയരുകയും ചെയ്യുന്നുവെന്നേയുള്ളു. അതാണ് എന്റെ നാമത്തെപ്രതി ചില ബന്ധങ്ങൾ ഉപേക്ഷിച്ചവർക്ക് നൂറുമടങ്ങ് ബന്ധങ്ങൾ ഉണ്ടാകുമെന്ന് ക്രിസ്തു പറഞ്ഞതിന്റെ സൂചന. ക്രിസ്തുവിനെപ്പോലെ അയാളും ആർക്കും ജന്മം കൊടുക്കുന്നില്ല. ഇനി മുതൽ പുതിയ നിയമമാണ്- ശരീരം ആവശ്യമില്ലാത്ത പിറവികൾ. ഒരാൾ നിങ്ങൾക്ക് മകനോ മകളോ ആകാൻ നിങ്ങളുടെ ഉദരത്തിൽ പൊടിക്കണമെന്നില്ല. നിങ്ങളുടെ ഔരസവൃക്ഷത്തിൽ നിന്ന് തളിർക്കണമെന്നുമില്ല. ആസുരമായ ഒരു കാലത്തിനത് തീരെ മനസ്സിലാകുന്നില്ലായെന്നത് ഗൗരവമായി എടുക്കേണ്ട. ഒരു പെൺകുഞ്ഞിനെ മകളായി കരുതിയതിന്റെ പരുക്ക് ഇനിയും തീർന്നിട്ടില്ല. ശരീരത്തിനു മീതെ ഒന്നുമില്ലെന്ന് കരുതുന്നവരോട് തർക്കിച്ചു ജയിക്കാനുള്ളതല്ല ഒരാളുടെയും ആയുസ്സ്. ജായ്റോസിന്റെ മകളെ മരണനിദ്രയിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ, ബാലികയ്ക്ക് വല്ലതും കഴിക്കാൻ കൊടുക്കണമെന്ന് അവൻ അവളുടെ അമ്മയെ ഓർമ്മിപ്പിക്കുന്നുണ്ട്. ക്രിസ്തു ഉപയോഗിച്ച വാക്കിന് മകൾ എന്നാണ് അർത്ഥമെന്ന് ഒരു വേദവ്യാഖ്യാനത്തിൽ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.
ഗാന്ധിയാണ് ഒരുപക്ഷേ, ബ്രഹ്മചര്യവിചാരങ്ങളെ ഏറ്റവും ഗൗരവമായി എടുത്ത ഒരാൾ. അതിൽ ഒരു കുറ്റബോധത്തിന്റെ നിമിത്തമുണ്ട്. ഇരട്ടലജ്ജയെന്ന പേരിൽ തന്റെ ആത്മകഥയിൽ അദ്ദേഹമത് രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ മരണശയ്യയിലാണ്. എന്നിട്ടും ആ രാത്രിയിൽ അയാളോടൊപ്പമായിരിക്കുന്നതിനേക്കാൾ ഗർഭിണിയായ കസ്തൂർബയുമായി കിടപ്പുമുറിയിലായിരിക്കാൻ ഗാന്ധി ഇഷ്ടപ്പെട്ടു. അവിടെയായിരിക്കുമ്പോൾ മുറിക്കു പുറത്ത് കൊട്ട്; അച്ഛൻ കടന്നുപോകുന്നു. ആത്മനിന്ദ കൊണ്ട് അയാൾ പുകഞ്ഞു.
ശരീരത്തിന്റെ ചരടുകളില്ലാതെ ആരോഗ്യകരമായ സ്ത്രീപുരുഷബന്ധങ്ങൾ സാധ്യമാണോ എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സത്യാന്വേഷണപരീക്ഷണം. അതിന്റെ പേരിൽ വല്ലാതെ പരിഹസിക്കപ്പെട്ടിട്ടുണ്ട് അയാൾ. ഒടുവിൽ ഗാന്ധി ഇങ്ങനെ അതിനെ നിർവചിച്ചു: ബ്രഹ്മചാരിയാകുന്നതുവഴി ഒരു പുരുഷൻ പതുക്കെ പതുക്കെ സ്ത്രീയാവുകയാണ്. ഫലത്തിൽ ഒരു കൂട്ടുകാരിയോടു തോന്നുന്ന സ്വാതന്ത്ര്യം ഒരു സ്ത്രീക്ക് അയാളോട് അനുഭവപ്പെട്ടെന്നിരിക്കും. കാര്യങ്ങളപ്പോൾ അങ്ങനെയാണ്. ഒരാളുടെ ഷാർപ്പായ ജെൻഡർ എഡ്‌ജുകൾ സൗമ്യമാക്കുന്ന പ്രക്രിയയാണ് ബ്രഹ്മചര്യം. അതുകൊണ്ടുതന്നെ അയാൾ ആരെയും വയലേറ്റ് ചെയ്യുന്നില്ല.
കുറച്ച് ആലങ്കാരികമായി ചിന്തിക്കുമ്പോൾ, അഞ്ചു വിവാഹം കഴിച്ച സമറിയാക്കാരിയായ ആ സ്ത്രീയുടെ കഥയിലെ ആറാമത്തെ പുരുഷനായി നിൽക്കാനുള്ള ക്ഷണമാണതെന്നു തോന്നുന്നു. കണ്ടുമുട്ടുന്ന മുഴുവൻ സ്ത്രീകളുടെയും സങ്കടമിതാണ്. അലച്ചിലുകളൊക്കെ അയാൾക്കുവേണ്ടിയാണ്. ഇന്ദ്രിയങ്ങളുടെ ചരടോ തൊട്ടിയോ ആവശ്യമില്ലാതെ എന്റെ ജീവിതത്തെ പ്രകാശിപ്പിക്കുവാൻ പോകുന്ന ഒരാൾ. ശരീരത്തിന്റെ മീഡിയമില്ലാതെ ഒരാളെ പ്രകാശിപ്പിക്കുവാൻ ബലമുള്ള ഒരൊറ്റ ബന്ധമേയുള്ളു: ഗുരു. ആ ഗുരുപാരമ്പര്യത്തോടു ചേർന്നു നിൽക്കുന്നവർ ഇന്ദ്രിയാതീതമായ ചില ബന്ധങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് സാരം. പ്രകാശത്തോടും ആദരവോടും കൂടി സ്വന്തം പരിസരങ്ങളെ നോക്കാനുള്ള ഒരു അനുശീലനമാകണം ബ്രഹ്മചര്യം. നീ ഞങ്ങളുടെ മിഴികളിൽ നോക്കുക, ഞങ്ങൾ സ്ത്രീകളാണെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കാത്ത വിധത്തിൽ.
തിരുവത്താഴസ്മരണയിൽ നിന്നാണ് ഒരാൾ തന്റെ സെലിബസിയുടെ ഊർജ്ജം കണ്ടെത്തേണ്ടതെന്ന് തോന്നുന്നു. ഓരോ ദിവസവും അപ്പവും വീഞ്ഞും ഉയർത്തി അയാളെന്താണ് പറയുന്നത്? അവൻ തന്റെ ശരീരത്തെ എടുത്ത് വാഴ്ത്തി. വാഴ്ത്തിയ ശരീരബോധമാണ് സെലിബസി.
അവൾ വീണ്ടും ചോദിക്കുന്നു: ഒറ്റ വാക്കിലെന്താണ് ഈ സെലിബസി? സ്നേഹം ശുദ്ധമാക്കുന്ന പ്രക്രിയയാണത്. ഒരു കാരണവുമില്ലാതെ ഒരാൾക്ക് സ്നേഹിക്കാനാകുമ്പോൾ അയാൾ പതുക്കെപ്പതുക്കെ ഒരു ക്രിസ്തു പോലുമായേക്കും!
('കൂട്ടി'ൽ നിന്ന്)
('കൂട്ടി'ൽ നിന്ന്)
Fr. Bobby Jose
ഏകാന്തമായത് സമഗ്രമായതിനെ തേടുമെന്ന് ചെറുപ്പത്തിൽ എങ്ങോ കിട്ടിയ ഒരു ഉൾവിളിയുമുണ്ട് ഇത്തരമൊരു വായനാനുഭവത്തിന് താങ്ങായി. അതിനെ കരുപ്പിടിപ്പിക്കുന്ന ബന്ധങ്ങളും ചർച്ചകളുമാണ് പിന്നീട് സംഭവിച്ചത്; ദൈവം എന്നിലേക്ക് വച്ച ചുവടുകളെന്ന് വിശേഷിപ്പിക്കാനാവുമെനിക്ക് അതിനെയൊക്കെ.... ഞാൻ പ്രപഞ്ചത്തിലേക്ക് ചെരുകയാണോ അതോ പ്രപഞ്ചം എന്നിലേക്ക് വരികയാണോ എന്നൊരു നിഗൂഡതയാണിപ്പോൾ ജീവിതം.. ആരുമല്ലാത്ത ആർക്കോ വേണ്ടി എന്തോ ചെയ്യാനുള്ള മനസ്സാണ് അതിന്റെ ലക്ഷണം!
ReplyDelete"ബ്രഹ്മചാരിയാകുന്നതുവഴി ഒരു പുരുഷൻ പതുക്കെ പതുക്കെ സ്ത്രീയാവുകയാണ്." ഇതിനോട് എനിക്ക് വിയോജിപ്പുണ്ട്. കൂട്ടുകാരി നിന്നിലെ പുരുഷത്വവും നീ അവളിലെ സ്ത്രീത്വത്തിന്റെ ആഴവും കണ്ടെത്തുകയും അവ ആരാദ്ധ്യമാണെന്നു ഉപാധികളില്ലാതെ പരസ്പരം അംഗീകരിക്കുകയും ചെയ്യുമ്പോളാണ് സെക്സ് പ്രകാശിതമാകുന്നത്. അനുഭവം സാക്ഷി എന്നുംകൂടെ ചേർക്കട്ടെ. എല്ലാ ദാമ്പത്യത്തിലും ഇത് സംഭവിക്കുന്നില്ല. എന്നാൽത്തന്നെ അതിനെ തള്ളിപ്പറയാൻ പറ്റില്ല. വിവാഹം താരതമ്യേന ആധുനിക കണ്ടുപിടുത്തമാണ്. എന്നാൽ, സ്ത്രീപുരുഷബന്ധങ്ങൾ അതിലും എത്രയോ പുരാതനമാണ്.
ReplyDeleteപരിചയവും അക്കൂടെ ഇന്ദ്രിയങ്ങളുടെ അടുപ്പവും വളർന്നിട്ടും, തന്നെ പ്രകാശിപ്പിക്കാൻ തക്ക പക്വതയിലെത്താത്ത പുരുഷന്മാരെ ഒളിച്ച്, അതിനു കഴിവുണ്ടെന്ന് കരുതുന്ന മറ്റൊരാളെ തേടിപ്പോകുന്ന എത്രയോ സ്ത്രീകളുണ്ട്. അതുപോലെ മറുവശത്ത്, പുരുഷന്മാരും. ഉള്ളിനെ പ്രകാശിപ്പിക്കുന്നോ എന്നതാണ് ഇരുകൂട്ടരുടെയും അളവുകോൽ. തങ്ങളുടെ പുരുഷത്വവും സ്ത്രീത്വവും അംഗീകരിക്കപ്പെടുന്നുണ്ട് എന്നതാണ് സംതൃപ്തിക്ക് മാനദണ്ഡം.
"വാഴ്ത്തിയ ശരീരബോധമാണ് celibacy" എന്ന് ആലങ്കാരികമായി പറയാം. എന്നാലതിനപ്പുരത്ത് എത്തിയവർക്കറിയാം അതല്ല സത്യമെന്ന്.
സ്ത്രീക്ക് അനുകൂലമായൊരു നിലപാടാണ് ഉദ്ദേശിക്കുന്നതെങ്കിൽ, പുരുഷൻ സ്ത്രീയാവുന്നതിനു പകരം ഉത്തമപുരുഷനായി സ്വയംസ്ഥിതമാവുന്നത് തന്നെയല്ലേ നല്ലത്? ബോബി അച്ചന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ; "ഇന്ദ്രിയങ്ങളുടെ ചരടും തൊട്ടിയുമില്ലാതെ തന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ കെൽപ്പുള്ള ഒരു പുരുഷനെയാണ് അവൾ തിരയുന്നത്". ഒരു സ്ത്രീക്ക് സ്ത്രീയെ മനസ്സിലാവും, അതിൽ സ്വാഭാവികതയെന്നതിൽ കവിഞ്ഞ് മനോഹരമായി എന്തെങ്കിലുമുണ്ടോ? അറിയില്ല.
ReplyDeleteഒരു രാഗത്തിൽ ശ്രുതി ലയിക്കണമെങ്കിൽ അതേ രാഗത്തിലെ അന്യസ്വരങ്ങളുടെ അകന്പടി ഉണ്ടാവണം എന്ന് പറയുന്നത് പോലെ, രാഗ-പൂരകത്വമുള്ള മറ്റൊരു മനസ്സാണ് ലയത്തിനാധാരം, പ്രപഞ്ചസത്യം! "ബ്രഹ്മചാരിയാകുന്നതുവഴി ഒരു പുരുഷൻ പതുക്കെ പതുക്കെ സ്ത്രീയാവുകയാണ്" എന്നു പറയുന്നതിനോട് ശ്രീ. സാക്കിനെ പോലെ എനിക്കും വിയോജിപ്പുണ്ട്, കാരണം, ബ്രഹ്മചര്യം നിമിത്തം ഒരു സ്ത്രീ, പുരുഷനാവുകയാണ് എന്ന് സങ്കൽപ്പിച്ചാൽ അതിൽ യുക്തിഭദ്രമായ ഒരു ലാവണ്യബോധം കാണാൻ കഴിയുമോ എന്നൊരു സംശയം നിലനിൽക്കുന്നുണ്ട്. ഇതൊക്കെ, ഓരോരുത്തരും അവരുടെ എക്സിസ്റ്റൻസ് മീനിങ്ങ് ഫുൾ ആണെന്ന് സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ചെറിയ ശ്രമങ്ങൾ മാത്രമാണ്.