Tuesday, 1 March 2016

ചാക്കോ സാറിന്റെ മതം

ചാക്കോ സാർ മരിച്ചുവെന്നു പറഞ്ഞു വീട്ടിൽ നിന്നു ഭാര്യയുടെ ഫോൺ വന്നു. ഞാനപ്പോൾ ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റിന്റെ സ്റ്റാഫ് റൂമിലിരുന്ന് ഇന്റെർണൽ ടെസ്റ്റിന്റെ പേപ്പർ നോക്കുകയായിരുന്നു. എന്തെങ്കിലും അത്യാവശ്യമില്ലെങ്കിൽ ക്ലാസ്സ് ടൈമിൽ അവൾ വിളിക്കില്ലെന്നെനിക്കറിയാമായിരുന്നു. 
ഇന്നെനിക്ക്‌ കോളേജിലെ ഡിപ്പാർട്ട്മെന്റ് ഹെഡ്ഡാകാൻ കഴിഞ്ഞുവെങ്കിൽ അതിനൊരു കാരണം ചാക്കോസാറാണല്ലോയെന്നോർക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്റെ ഓർമ്മകൾ ഒരുപാടു വർഷങ്ങൾക്കു പിന്നിലേക്ക്‌ പോയി - ചാക്കോ സാർ എനിക്ക് റ്റ്യൂഷനെടൂത്തുകൊണ്ടിരുന്ന കാലത്തേക്ക്. 
സാറും ഞാനും ഒരേ ബസ്സിലാണ് അന്ന് കോളെജിലേക്ക് പൊയ്കൊണ്ടിരുന്നത്. 
സാറു നന്നായി വായിക്കും. ഒരു നിമിഷം വീണു കിട്ടിയാൽ എന്തെങ്കിലും വായിക്കാൻ വേണ്ടിയേ അദ്ദേഹമതു ചിലവിടുമായിരുന്നുള്ളൂ.
ബസ്സു വരുന്നതിനു പതിനഞ്ചു മിനിറ്റ് മുമ്പേ ചാക്കോ സാർ ജംക്ഷനിലെത്തും. തൊട്ടടുത്തുള്ള വായനശാലയിൽ കയറി എല്ലാ പേപ്പറുകളുടേയും തന്നെ തലക്കെട്ടുകൾ ഒന്നോടിച്ചു നോക്കി, ഏതെങ്കിലും വാർത്തയെപ്പറ്റി വ്യത്യസ്ഥമായ ഒരു കമന്റും പാസ്സാക്കിയിട്ടേ അദ്ദേഹം പോകുമായിരുന്നുള്ളൂ. 
എനിക്കു തോന്നുന്നത് ഐസക് ന്യൂട്ടണേക്കാൾ സൂഷ്മമായിട്ടായിരിക്കാം ചാക്കോ സാർ ഓരോ കാര്യങ്ങളും നിരീക്ഷിച്ചിരുന്നതെന്നാണ്.
റ്റ്യുഷന്റെ ഇടക്കും രസകരമായ കമന്റുകളുണ്ടാവും.
സംഭവിക്കുന്നതെല്ലാം കാര്യകാരണ ശൃംഘലയിലെ ഓരോ കണ്ണികളാണെന്നും, പ്രപഞ്ചത്തിലെ ഓരോ തന്മാത്രകൾക്കും മനുഷ്യനെക്കാൾ ബുദ്ധിയും വിവേകവുമുണ്ടെന്നുമുള്ള അഭിപ്രായക്കാരനായിരുന്നദ്ദേഹം. നീലക്കുറിഞ്ഞികളെല്ലാം ഒരേ ദിവസം പൂക്കുന്നത് ബുദ്ധിയില്ലാഞ്ഞിട്ടാണോയെന്നദ്ദേഹം ചോദിക്കുമായിരുന്നു. അദ്ദേഹം പറയുമ്പോഴായിരിക്കും, മുട്ടയിൽ നിന്ന് വിരിയുമ്പോഴേ കൊക്കുകൾ വിടർത്തി, അമ്മപ്പക്ഷിയുടെ വരവിനു കാതോർത്ത് നില്കുന്ന ചെറു പക്ഷികളുടെ കാര്യം ഓർമ്മ വരുന്നത്, അല്ലെങ്കിൽ അതുല്യ ചാരുതയോടെ വല നെയ്യുന്ന ചിലന്തിയുടെ കാര്യം ഓർമ്മ വരുന്നത്.
'എന്തിനാ പൂക്കൾക്കിത്ര വാസന?'  അദ്ദേഹം ചോദിക്കും. അദ്ദേഹം തന്നെ മറുപടിയും പറയും.
'മറ്റു പ്രാണികളെ ആകർഷിച്ച് സ്വന്തം വംശത്തിന്റെ നിലനിൽപ്പ് പരാഗണത്തിലൂടെ ഉറപ്പാക്കുക മാത്രമല്ല ലക്ഷ്യം! സുഗന്ധം പരത്തുന്ന പൂക്കളുള്ള എല്ലാ ചെടികളും കായ്കളിലൂടെയല്ല വംശം നിലനിർത്തുന്നത്; അവയുടെ സ്വഭാവം അതിനു സുഗന്ധം നൽകുന്നുവെന്നു പറയാം. നല്ലതു മാത്രം ചിന്തിക്കുകയും, ചെയ്യുകയും ചെയ്‌താൽ നമുക്കുമുണ്ടാവാമൊരു സുഗന്ധം'.
ചാക്കോസാറിന് മാത്രമായി ഒരു തിയറിയുണ്ട് - ട്രൈ ബാലൻസ് തിയറി. ഇതിൻ പ്രകാരം പ്രാപഞ്ചികവും, ഭൗതികവും മാനസികവുമായി മൂന്നു തരം സന്തുലിതാവസ്ഥകളുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇവിടെയുള്ള സർവ്വതും, സചേതനവും അചേതനവുമായിട്ടൂള്ളവയെല്ലാം, ഈ സന്തുലീകരണത്തിൽ വരുന്നവയുമായിരുന്നു.
ഇതെനിക്കും ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ഇവിടെ ഒരഗ്നിപർവ്വതം പൊട്ടിയാൽ അതിനനുസരിച്ചു പ്രപഞ്ചത്തിലുണ്ടാകുന്ന അനുരണനങ്ങൾ ഭൂമിയുടെ പഴയ താളം വീണ്ടെടുക്കുവാൻ പര്യാപ്തമായതാണെന്നു പറയുന്നത് 100%വും സത്യമാണെന്ന് എനിക്കും അറിയാമായിരുന്നു. 
പകൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാലിന്യങ്ങൾ നീക്കാൻ രാത്രിയിൽ എന്തെല്ലാം മാറ്റങ്ങളാണു സംഭവിക്കുന്നത്!
ഭൗതികമായ എല്ലാ കാര്യങ്ങളിലും ഈ സന്തുലിതാവസ്ഥ ഉണ്ടാകുമെന്നതിനുദാഹരണമായി മൂന്നാറിലെ വരയാടുകളുടെ കഥയും സാർ പറയുമായിരുന്നു. അതിന്റെ അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുമ്പോൾ അവിടുത്തെ ചെന്നായ്ക്കളൂടെ എണ്ണവും വർദ്ധിക്കുമെന്ന വസ്തുത സത്യമായിരുന്നു. മനുഷ്യശരീരത്തിലെ പാരാസിമ്പതെറ്റിക് സിസ്റ്റം തന്നെ ഈ ബാലൻസിംഗിനു വേണ്ടിയുള്ളതല്ലേയെന്നദ്ദേഹം ചോദിക്കുമായിരുന്നു.

കാട്ടു തീ ഉണ്ടാകുന്നതും പരിണാമത്തിന്റെ ഭാഗമാണെന്ന അഭിപ്രായക്കാരനായിരുന്നു ചാക്കോ സാർ. 
അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിഷമുള്ള ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നത്‌ കൊണ്ട് മലയാളിയുടെ ജീവിതദൈർഘ്യം കുറഞ്ഞിട്ടില്ലെന്നദ്ദേഹം പറയുമായിരുന്നു. മനുഷ്യനിൽ പ്രതിരോധ ശക്തിയും ആവശ്യത്തിനനുസരിച്ചു വർദ്ധിക്കുന്നു. ചെടികളിൽ നാം അടിക്കുന്ന വിഷത്തിന്റെ വീര്യം കൂട്ടിക്കൊണ്ടിരിക്കുന്നത്, ക്രമാനുസൃതമായി പ്രാണികളിലും പ്രതിരോധശക്തി വർദ്ധിക്കുന്നത് കൊണ്ടാണല്ലോയെന്ന് അദ്ദേഹം പറയുമായിരുന്നു. 
അത്ഭുതത്തോടേയെ ഇതൊക്കെ എനിക്ക് കേട്ടിരിക്കാൻ കഴിയുമായിരുന്നുള്ളൂ. ആശുപത്രികളില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തേതിലും സുരക്ഷിതമായ പ്രസവങ്ങൾ നടന്നിരുന്നുവെന്നും അദ്ദേഹം പറയുമായിരുന്നതും സത്യമായിരിക്കാനിടയുണ്ടെന്നു തന്നെയാണ്‌ ഞാൻ ചിന്തിച്ചത്. 
ഞാനും ചിന്തിക്കുമായിരുന്നു വൈദ്യശാസ്ത്രരംഗത്തെ തലതിരിഞ്ഞ കണ്ടുപിടുത്തങ്ങളേപ്പറ്റി. തലയും ഉടലും മാറിവെക്കുന്നുണ്ടെങ്കിലും അവയൊന്നും ഒരാളുടെ ആയുസ്സറ്റു പോകുന്നതു തടയാൻ പര്യാപ്തമല്ലല്ലോയെന്നു ഞാനോർത്തുപോയിട്ടുണ്ട്.
ക്യാൻസർ കണ്ടു പിടിക്കുന്നു, ചികിത്സ തുടങ്ങുന്നു, കുറേ മുന്നോട്ടു പോകുമ്പോൾ രോഗം നിയന്ത്രണാതീതമാകുന്നു, ആളു മരിക്കുന്നു. ഇതാണോ വൻ കണ്ടുപിടുത്തമെന്ന് സാറ് ചോദിക്കുമ്പോൾ മറുപടി പറയാൻ എനിക്കൊന്നുമുണ്ടായിരുന്നില്ല.
അദ്ദേഹം പറയുന്നതു ശരിയെങ്കിൽ ഒന്നോ രണ്ടോ ശതമാനം മാത്രമുള്ള വിജയസാദ്ധ്യതയിൽ ആശ്രയിപ്പിച്ചു മനുഷ്യനെ കൊള്ളയടിക്കുന്ന തന്ത്രങ്ങളാണ് വൈദ്യശാസ്ത്ര ലോകത്തെ കണ്ടു പിടുത്തങ്ങൾ!
മാനസിക സന്തുലിതാവസ്ഥയുടെ കാര്യം അദ്ദേഹം പറയുന്നത് കേൾക്കാൻ അതിലും രസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് ജീവിതത്തിന്റെ ലക്ഷ്യം സംതൃപ്തി. കോടികൾ അമ്മാനമാടുന്ന ധനവാനു സ്വന്തം ജെറ്റു വിമാനത്തിലിരിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ സംതൃപ്തി, സ്വന്തം കുടിലിന്റെ ചാർത്തിൽ കെട്ടിത്തൂക്കിയ ആട്ടുകട്ടിലിൽ ചാക്ക് വിരിച്ചു കിടന്നുറങ്ങുന്ന ദരിദ്രനുണ്ടാകാമെന്നു പറയുന്നത് നിഷേധിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.
എല്ലാം നല്ലതിനെന്ന് ചിന്തിക്കാനും അതുപോലെ ചിരിച്ചും ഉല്ലസിച്ചും ജീവിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു.
അദ്ദേഹം നിര്യാതനായിരിക്കുന്നു! 
കുറഞ്ഞത് 90-92 വർഷങ്ങളെങ്കിലും അദ്ദേഹം ജീവിച്ചിരുന്നിരിക്കണമെന്നു ഞാനോർത്തു; അദ്ദേഹത്തെപ്പറ്റി ഓർക്കുമ്പോഴെല്ലാം ആ ചിരിക്കുന്ന മുഖമായിരുന്നു ആദ്യം തെളിഞ്ഞു വരുന്നത്. 
ആ പ്രസന്നമായ മുഖം എന്റെ ചിന്താഗതികളെ തകിടം മറിക്കാൻ പര്യാപ്തമായിരുന്നു. കിട്ടുന്നതു കൊണ്ടു ജീവിക്കാൻ എന്നെ പഠിപ്പിച്ചതദ്ദേഹമായിരുന്നു. 
ഒന്നിന്റെയും പിറകെ ഓടാതെ, ഒന്നും സൃഷ്ടിക്കാൻ മിനക്കെടാതെ, പ്രപഞ്ചം സ്രുഷ്ടിച്ചതുമായി സമരസപ്പെടാൻ എനിക്കു കഴിയുന്നത്‌ ആ വൃദ്ധന്റെ കഴിവായിരുന്നല്ലോയെന്നു ഞാനോർത്തു. 
അദ്ദേഹത്തിന്റെ ദൈവം പ്രപഞ്ചമായിരുന്നു. അദ്ദേഹത്തിന്റെ മതത്തിൽ മനുഷ്യരും ജന്തുക്കളും വസ്തുക്കളും എല്ലാമുണ്ടായിരുന്നു. 
സ്റ്റാഫ് റൂമിന്റെ ജനാലയിലൂടെ കടന്നു വന്ന കാറ്റു ഞാൻ തിരിച്ചറിഞ്ഞത്, എന്നെയപ്പോൾ നന്നായി വിയർക്കുന്നുണ്ടായിരുന്നതു കൊണ്ടാണ്. 
പിന്നാലെ മഴത്തുള്ളികൾ ആകാശത്തുനിന്നു വീഴുന്ന ശബ്ദം ഞാൻ കേട്ടു. പ്രപഞ്ചം വിതുംപിയെങ്കിൽ അതിലൊരു പ്രത്യേകതയും ഞാൻ കണ്ടില്ല. 
അത്രമേൽ ദൃഢമായിരുന്നു അദ്ദേഹവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം! 
എന്റെ കണ്ണുകളും സജലങ്ങളായപ്പോൾ ഞാനോർത്തു - ഞാനും ആ മതക്കാരനായിരിക്കുന്നല്ലോയെന്ന്. 

No comments:

Post a Comment