Monday, 15 February 2016

ശ്മശാനത്തിലെ തണൽമരങ്ങൾ

രാവിലെ വീട്ടിൽ നിന്നിറങ്ങും, വൈകി വീട്ടിൽ തിരിച്ചെത്തും - അതാണു സാമുവേലിന്റെ പതിവ്. പൊതു ഒഴിവു ദിവസങ്ങളിലല്ലാതെ സ്വന്തം മക്കൾ സാമുവേലിനെ വെളിച്ചത്തു കണ്ടിരിക്കാനിടയില്ല. 
അദ്ദേഹത്തെ അറിയുന്നവർ മിക്കവരും ചിന്തിച്ചത്, ഇങ്ങിനെ പട്ടി നടക്കുന്നതു പോലെ വെളുക്കുമ്പോൾ മുതൽ നടന്നിട്ടാർക്കെന്തു പ്രയോജനമെന്നാണ്. അദ്ദേഹത്തിന്റെ കോൺഗ്രസ്സിനും ഇയ്യാളേക്കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുമെന്ന് വിചാരിക്കുന്നവരും ആ നാട്ടിൽ ആരുമില്ലായിരുന്നു. സാമുവേൽ പ്രസംഗിക്കില്ല, വെടിപ്പുള്ള വസ്ത്രവും ധരിക്കാറില്ല, ആരോടും അങ്ങിനെ സംസാരിക്കാറുമില്ല. ഇപ്പോ ബ്ലോക്ക് കമ്മറ്റിയിലാണ് - അവിടെ തന്നെ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി താനും. 
അങ്ങേരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെങ്കിലും ഒന്നു മൽസരിപ്പിക്കണമെന്ന് ബ്ലോക്ക് കമ്മറ്റിയിലെ ആർക്കെങ്കിലും ആഗ്രഹമില്ലാഞ്ഞിട്ടല്ല, അദ്ദേഹത്തിന് മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നിട്ടുള്ളത്. എത്രയോ പ്രാവശ്യം സാമുവേൽ മൽസരിക്കേണ്ട വാർഡു നിശ്ചയിച്ചു ബ്ലോക്ക് പ്രസിഡന്റുമാർ സാമുവേലിനോട് പറഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം മൽസരിപ്പിക്കണമെന്നു തീരുമാനിച്ചിരിക്കുമ്പോഴായിരിക്കും കെ പി സി സി യിൽ നിന്ന് റെക്കമെന്റേഷൻ വരിക. 
സാമുവേൽ ആരോടും വഴക്കിനു പോകാത്തതു കൊണ്ടോ, ബാനർ കെട്ടാനും കൊടി പിടിക്കാനും മുന്നിൽ നില്കുന്നത് കൊണ്ടോവല്ല എല്ലാവർക്കും സാമുവേലിനോടു സ്നേഹം. 
പൊതു ജനങ്ങളിൽ നിന്നുള്ള പരാതികളുണ്ടല്ലോ, അതു ഹാന്റിൽ ചെയ്യാൻ സാമുവേൽ വേണം - എല്ലാവർക്കും. 
സാമുവേലിനെ ഒരു കേസ് ഏൽപ്പിച്ചാൽ അതിനു പിന്നാലെ ഒരു മിനിസ്റ്ററും പോകേണ്ടി വരില്ല. പല തവണ കേറിയിറങ്ങിയിറങ്ങി ജില്ലയിലെ സർവ്വ  ഗവ. ഓഫീസുകളൂടേയും പടികൾക്കു പോലും സാമുവേലിന്റെ റബ്ബർ ചെരിപ്പിന്റെ സ്പർശനം നിശ്ചയം.
ഇത്രയുമെങ്കിലും സാമുവേലെന്ന നാൽപ്പത്തഞ്ചുകാരനേപ്പറ്റി പറഞ്ഞാലേ, പള്ളിമുറിയിൽ വെച്ചു നടന്ന വഴക്കിനെപ്പറ്റി വായനക്കാർക്ക് എന്തെങ്കിലും മനസ്സിലാകൂ. 
സാമുവേൽ പള്ളിയിൽ പോകാറില്ല. അന്നു പള്ളിമുറിയിൽ പോയത്, ഒരു കോളണിക്കാരത്തിയുടെ ശവസംസ്കാരം പ്രമാണിച്ച്.
സാമുവേൽ ഏറെ അകലെയല്ലാത്ത മരിച്ച വീട്ടിൽ ചെന്നപ്പോൾ അവിടെ വലിയ കുശുകുശുപ്പു നടക്കുന്നു. തള്ളയെ പഞ്ചായത്ത് ശ്മശാനത്തിൽ അടക്കുന്ന കാര്യമാണു ചർച്ച. തള്ളയുടെ മകൻ ദാനിയേൽ ഒരു കോൺഗ്രസ്സ് അനുഭാവിയാണ്. അതുകൊണ്ടാണ് തള്ള മരിച്ചതറിഞ്ഞപ്പോഴേ അദ്ദേഹം ഓടി വന്നത്. അദ്ദേഹം ദാനിയേലിനെ വിളിച്ചു കാര്യം ചോദിച്ചു,
"അമ്മ ഈ ഇടവകക്കാരത്തിയല്ലേ, അപ്പോ പള്ളിയിലല്ലേ അടക്കേണ്ടത്. നീ ഒരൊറ്റ മകനല്ലേയുള്ളൂ, നിനക്കൊരമ്മയല്ലേ ഉള്ളൂ. അപ്പനില്ലാത്തപ്പോൾ നീയല്ലേ ഇതെല്ലാം കണ്ടു ചെയ്യേണ്ടത്?" അൽപ്പനേരത്തെ നിശ്ശബ്ദതക്കു ശേഷം ദാനിയേൽ പറഞ്ഞു.
"അതേയ് ........, അമ്മ മരിക്കുന്നതിനു മുമ്പ് പണ്ടാരപ്പടിയിലെ പഞ്ചായത്ത് ശ്മശാനത്തിൽ അടക്കിയാൽ മതിയെന്നു പറഞ്ഞിട്ടുണ്ടായിരുന്നു." ദാനിയേൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"പറഞ്ഞേപ്പിക്കാൻ, അമ്മ പെട്ടന്നല്ലേ മരിച്ചത്?" സാമുവേൽ ചോദിച്ചു. 
"നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു." ദാനിയേൽ പറഞ്ഞു. ദാനിയേൽ സാമുവേലിന്റെ മുഖത്തേക്കു നോക്കാതെയാണ്‌ സംസാരിച്ചത്.
"എടാ പറഞ്ഞേപ്പിക്കാൻ നിനക്ക് പതിനെട്ടു തികഞ്ഞിട്ടു നാലു വർഷമല്ലേ ആയിട്ടുള്ളൂ? നീ പള്ളിലച്ചനോട് പറഞ്ഞാരുന്നോ? അച്ചൻ വരേണ്ടതായിരുന്നല്ലൊ!" സാമുവേൽ ചോദിച്ചു. അതിനു ദാനിയേൽ മറുപടി പറഞ്ഞില്ല. മുഖമുയർത്തി നോക്കിയപ്പോൾ കാര്യം മനസ്സിലായതുപോലെ സാമുവേലിന്റെ മുഖത്തൊരു പുഞ്ചിരി.
"ഞങ്ങൾ പള്ളിയിലിത്തിരി കാശു കൊടുക്കാനുണ്ട്, അതു കൊടുത്താലെ വീട്ടി വരൂന്നാ അച്ചൻ പറഞ്ഞത്." ഇത് പറയുമ്പോൾ ദാനിയേലിന്റെ മുഖം വാടിയിരുന്നു. അവൻ വിതുമ്പുന്നതുപോലെ സാമുവേലിന് തോന്നി.
"നിന്റെ അപ്പൻ മരിച്ചത് പള്ളിയുടെ മുകളീന്നു വീണല്ലേ? അച്ചനങ്ങിനെ പറയാൻ വകുപ്പില്ലല്ലോ! എത്ര കുടിശ്ശിഖയുണ്ടെന്നാ അച്ചൻ പറഞ്ഞത്?"
"ഇരുപത്തയ്യായിരം ... അത് പള്ളി പണിതപ്പം തലവരി ഇട്ടതാ. അതിൽ രണ്ടായിരം അപ്പന്റെ പണിക്കൂലിയിനത്തിൽ പിടിച്ചിട്ടുമുണ്ട്." 
"അത് തന്നാലേ അമ്മയെ അടക്കാൻ പറ്റൂള്ളൂവെന്നച്ചൻ പറഞ്ഞോ?" സാമുവേൽ ചോദിച്ചു.
"അങ്ങിനെ പറഞ്ഞില്ല, തരണം എന്ന് പറഞ്ഞു." ദാനിയേൽ പറഞ്ഞു.
"അത്രേയുള്ളോ? എന്നാപ്പിന്നെ നീ പഞ്ചായത്തുകാരെ കാണാൻ പോകണ്ട. പള്ളിയിലടക്കാനുള്ള പണി നോക്ക്." സാമുവേൽ പറഞ്ഞു.
"പക്ഷേ, ഇന്നിത്രയുമായിട്ടും പള്ളീന്നാരും വന്നില്ല." ദാനിയേൽ അത് പറഞ്ഞപ്പോളാണ് സംഗതി അല്പ്പം ഗൗരവമുള്ളതാണല്ലോയെന്ന് സാമുവേലിനും തോന്നിയത്. 
സന്ധ്യ കഴിഞ്ഞിരിക്കുന്നു, ഇതാണു കാര്യമെന്ന് പറഞ്ഞ് ആരോടും കാശു മേടിക്കാനും പറ്റില്ല. അങ്ങിനെ താൻ ആരോടെങ്കിലും പറഞ്ഞാലതു പള്ളിക്കാർക്കപമാനമാകും. എന്താണൊരു വഴി? സാമുവേൽ ചിന്തിച്ചു. 
തന്റെ കൈയ്യിലും പണമില്ല, ഭാര്യ മേരിയുടെ കൈയ്യിലും പണമില്ല. അവളുടെ അവശേഷിക്കുന്ന ഒരു മാല പണയം വെയ്കാമെന്നു വെച്ചാൽ സമയവും പോയി. സാമുവേലിനറിയാം, താൻ പണം ചോദിച്ചാൽ ആരും കടം തരാൻ ഇടയില്ലെന്ന്. 
ഈ രാത്രിയിലെങ്കിലും ഒരു തീരുമാനമുണ്ടായില്ലെങ്കിൽ ദാനിയേലിന്റെ അമ്മയുടെ ശവം പഞ്ചായത്ത് കുഴിയിലേക്കു പോകും. 
ഇത്രയും തുക ഒന്നിച്ചെടുക്കാനുള്ളവർ ആ കോളനിയിലും ആരുമില്ല. അതുകൊണ്ടായിരുന്നു ദാനിയേൽ ഇങ്ങിനെയൊരു നുണ മെനഞ്ഞതെന്നു സാമുവേലിന് മനസ്സിലായി.
സാമുവേൽ നേരെ പള്ളി മുറിയിലേക്ക് നടന്നു. 
അച്ചനുമായുള്ള അനുരജ്ഞന സംഭാഷണം തുടങ്ങിയതു ശാന്തമായിട്ടായിരുന്നു.
"അയാളതിന്റെ നാലിലൊന്നെങ്കിലും തന്നിരുന്നെങ്കിൽ ഞാനിതു പറയില്ലായിരുന്നു." അച്ചൻ പറഞ്ഞു.
"അതിനാ പെമ്പ്രന്നോത്തിയുടെ കെട്ടിയോൻ പള്ളി മുറ്റത്തു വീണു മരിച്ചപ്പോൾ നിങ്ങളും സഹായമൊന്നും ചെയ്തില്ലല്ലോ!" സാമുവേൽ ഇത് പറഞ്ഞത് അച്ചനിഷ്ടപ്പെട്ടില്ല.
"പള്ളീം പട്ടക്കാരനുമില്ലാതെ പാർട്ടീം കളിച്ചു നടക്കുന്ന താനച്ചന്മാരെ പഠിപ്പിക്കണ്ടാ." അച്ചനീപ്പറഞ്ഞത്‌  സാമുവേലിനും ഇഷ്ടപ്പെട്ടില്ല. 
"ഇരുപത്തിമൂവായിരം കിട്ടിയാൽ അച്ചന്റെ പ്രശ്നം തീരുവോ?" സാമുവേൽ ചോദിച്ചു.
"അഞ്ചേലും തികച്ചു കിട്ടിയാലെ അടക്കു പള്ളി സെമിത്തേരിയിൽ നടത്തണമെന്നു കമ്മറ്റിക്കാരോടു പറയാനൊക്കൂ. അതാ പ്രശ്നം!ബാക്കി ദാനിയേലിന്റെ കല്യാണത്തിനു മുമ്പ് തന്നോളുമെന്നു ഞാൻ പറയാം." അച്ചൻ പറഞ്ഞു നിർത്തി.
ആരും ഒന്നും പറയാതെ കണ്ണിൽ കണ്ണിൽ നോക്കി അൽപ്പനേരം നിന്നു. ഇങ്ങിനെയൊരു വ്യവസ്ഥ വെച്ചു ദാനിയേലിന്റെ അമ്മയെ പള്ളിയിൽ അടക്കണോയെന്നാണ്  സാമുവേൽ ആലോചിച്ചുകൊണ്ടിരുന്നത്. സാമുവേൽ മടങ്ങി പോകാനായി തിരിഞ്ഞു.
"കാര്യം പറ." അച്ചൻ പറഞ്ഞു. സാമുവേൽ അച്ചനെ രൂക്ഷമായിട്ടൊന്നു നോക്കി.
"അതു വേണ്ടച്ചോ. അവൻ സ്ത്രീധനം വാങ്ങിക്കാതെയാണു കെട്ടുന്നതെങ്കിൽ അന്നിതിലും വലിയ പൊല്ലാപ്പാവും." സാമുവേൽ പറഞ്ഞു. 
സാമുവേൽ മുറിയുടെ പടിയിറങ്ങി നടന്നു.
"സാമുവേലെ!" അച്ചൻ പിന്നിൽ നിന്നു വിളിക്കുന്നത് സാമുവേൽ കേട്ടു, പക്ഷെ തിരിഞ്ഞു നോക്കിയില്ല. 
പണ്ടാരപ്പടി ശ്മശാനത്തിലെ തണൽ തന്നെയായിരിക്കണം ദാനിയേലിന്റെ അമ്മക്കു നല്ലതെന്നാണ് സാമുവേൽ അപ്പോൾ ചിന്തിച്ചുകൊണ്ടിരുന്നത്. 
ആദ്യമായിട്ടായിരുന്നു സാധിക്കാവുന്ന ഒരു കാര്യം വേണ്ടെന്നു വെച്ചു സാമുവേൽ മടങ്ങുന്നത്. 

No comments:

Post a Comment