Monday, 8 February 2016

കണ്ടവരുണ്ടോ?


ദർശന തിരുന്നാളുകഴിഞ്ഞു പിറ്റേന്നു തിങ്കളാഴ്ച്ച വൈകിട്ടു കൂടിയ അവലോകന കമ്മറ്റിയായിരുന്നു നടന്നുകൊണ്ടിരുന്നത്.
"പെരുന്നാളിത്തിരി കൂടിപ്പോയോന്നു സംശയം!" പറഞ്ഞത് സ്കറിയാച്ചൻ
"എവിടെ? നിലാത്തിരി വറീത് ആറ്റിനക്കരെ വല്യ പള്ളീൽ നടത്തിയ പെരുന്നാളിനു ഞാൻ പോയതാ. എന്താരുന്നു ഇല്ല്യുമിനേഷൻ? നമ്മൾ പള്ളിയുടെ മുഖവാരവും, പള്ളി മതിലും, പള്ളി മുറിയും, ഗ്രോട്ടോയും, പള്ളിക്കകവും, അൾത്താരയും മാത്രമല്ലേ  ലൈറ്റ് ഇട്ടുള്ളൂ?" മറുപടി പറഞ്ഞത് ഒന്നാം കൈക്കാരാൻ ഇല്ല്യാസ്. ഇല്ല്യാസ് അൽപ്പം അകത്താക്കിയിട്ടുണ്ടോയെന്നു വികാരിച്ചനു തോന്നി, പക്ഷേ മിണ്ടിയില്ല. പ്രസുദേന്തിയുടെയും കൂടി ആളാണ്‌ ഇല്ല്യാസെന്നു വികാരിയച്ചനറിയാമായിരുന്നു. എതിരു പറഞ്ഞാൽ മനുവതേറ്റെടുക്കും. അയാളുടെ കാലേകൈയ്യേൽ പിടിച്ചപ്പോഴാ ഇപ്രാവശ്യത്തെ അമ്പ്‌ പെരുന്നാൾ അയാളേറ്റതെന്നു വികാരിയച്ചനറിയാമായിരുന്നു. 
മനുവിന് നാല് പേരുടെ മുമ്പിൽ ആളാകണമെന്നല്ലാതെ മറ്റൊന്നുമില്ലെന്നും വികാരിയച്ചനറിയാമായിരുന്നു. 
ഇട്ടു മൂടാൻ സ്വത്ത്; സ്വന്തം ഫിനാൻസ് സ്ഥാപനം. കട്ടും പിടിച്ചുപറിച്ചും ഉണ്ടാക്കുന്ന പണം പള്ളിക്കു വേണ്ടായെന്നു പറഞ്ഞുകൊണ്ടിരുന്നാൽ കാര്യം നടക്കില്ലെന്നും വികാരിയച്ചനറിയാമായിരുന്നു. എന്തും മുഖത്തു നോക്കി പറയാനും മനു മടിക്കില്ലായിരുന്നു. അയാളുടെ അപ്പനും മുറ്റു വർത്തമാനം പറയുന്നതിൽ  ഒട്ടും പിന്നിലല്ലായിരുന്നുവല്ലോയെന്നു വികാരിയച്ചൻ ഓർത്തു. 
മാത്രമല്ല, ഇതു പെരുന്നാൾ അവലോകന കമ്മറ്റിയാണ് - ഓരോരുത്തരും ഞാനില്ലായിരുന്നെങ്കിൽ പെരുന്നാൾ അലങ്കോലമായേനെയെന്ന് ചിന്തിക്കുന്നവരും. അവരെന്താണ് വിളിച്ചു കൂവുന്നതെന്ന് ദൈവത്തിനു പോലും അറിയാമായിരിക്കണമെന്നുമില്ല. വികാരിയച്ചൻ എല്ലാം നിശ്ശബ്ദം കേട്ടു കൊണ്ടിരുന്നു.
"ഒന്പതാം വാർഡുകാരു കലക്കി; രണ്ടു ഫർല്ലോന്ഗ് നീളത്തിൽ ഇരുവശവും ബൾബുകൾ കൊണ്ടലങ്കരിച്ചിരുന്നു." ഒരാൾ പറഞ്ഞു.
"കണക്കാ...അവരു മെയിൻ റോഡ്‌ ബ്ലോക്കാക്കിയാ പ്രദക്ഷിണം കൊണ്ടു പോയത്." മറ്റൊരാൾ 
"അതെങ്ങിനാ? എല്ലാരും പ്രദക്ഷിണത്തിനു വന്നാൽ റോഡു നിറയില്ലേ? വണ്ടിക്കാരോട് പഞ്ചായത്താഫീസിന്റെ അവിടെ നിന്നു  തിരിഞ്ഞു പോകാൻ പോലീസ് പറയുന്നുണ്ടായിരുന്നല്ലൊ!" പറഞ്ഞത് ഒന്പതാം വാർഡുകാരൻ തന്നെയായിരുന്നു. 
ചർച്ച തുടർന്നു; നാടകത്തേപ്പറ്റി, ശിങ്കാരമേളക്കാരെപ്പറ്റി, ബാന്റുകാരെപ്പറ്റി, പെട്ടിക്കടക്കാരെപ്പറ്റി, കുടയെടുത്തവരേപ്പറ്റി, നേർച്ച വരവിനേപ്പറ്റി, ധ്യാനഗുരുവിന്റെ പ്രസംഗത്തെപ്പറ്റി, പാട്ടുകാരേപ്പറ്റി, ഉച്ചഭാഷണിയേപ്പറ്റി, വെടിക്കെട്ടിനേപ്പറ്റി..... എല്ലാറ്റിനേയും പറ്റി. ഒരിടത്തും ഒരു കുറവും വരാതെ മനു നോക്കിയെന്ന അഭിപ്രായമായിരുന്നെല്ലാവർക്കും. 
അവലോകനം പെട്ടെന്നു തന്നെ അവസാനിച്ചു; പ്രസുദേന്തിക്കു വേണ്ടി എല്ലാവരോടും വികാരിയച്ചൻ നന്ദിയും പറഞ്ഞു.
തുടർന്നു നടക്കുന്ന സദ്യയിൽ പങ്കെടുത്തു പിരിയാനുള്ള തിരക്കിലായിരുന്നെല്ലാവരും.
യോഗം കഴിഞ്ഞു ഹാളിന്റെ പുറത്തേക്കു നടന്ന വികാരിയച്ചനെ കാത്ത് കപ്യാരു പുറത്തു നിൽപ്പുണ്ടായിരുന്നു.
"അച്ചാ നമ്മുടെ പുണ്യാളനെ കാണാനില്ല." കപ്യാരു പറഞ്ഞു.
"ഏതു പുണ്യവാളൻ?" അച്ചൻ ആകംക്ഷാപൂർവ്വം ചോദിച്ചു.
"പള്ളിക്കകത്തുണ്ടായിരുന്ന വല്യ രൂപക്കൂട്ടിലെ പുണ്യവാളൻ." കപ്യാരു പറഞ്ഞു. അയാൾ വല്ലാതെ കിതക്കുന്നുമുണ്ടായിരുന്നു.
യോഗം കഴിഞ്ഞു പുറത്തു വന്ന വോളന്റിയേർസ് ഇത് കേട്ടു. വാർത്ത, നടത്തിപ്പുകാരെല്ലാം കേട്ടു. ചിലർ പള്ളിയിലേക്കോടി. പള്ളിയിലെ രൂപക്കൂടു കാലി! 
ആളുകൾ മുഴുവൻ പള്ളിപരിസരത്തു നിന്നു പോയിട്ടുണ്ടായിരുന്നില്ല. ഇല്ല്യുമിനേഷൻകാര് ബോർഡുകൾ അഴിച്ചു മറ്റുന്നുണ്ടായിരുന്നു, പെട്ടിക്കടക്കാർ സാധനങ്ങൾ പായ്ക്ക്ക് ചെയ്യുന്നുണ്ടായിരുന്നു, പന്തലുകാർ അതഴിക്കുന്നുണ്ടായിരുന്നു.
ആരും പുണ്യവാൻ പോകുന്നത്‌ കണ്ടിട്ടില്ല!
എന്താണ്  സംഭവിച്ചതെന്നു വികാരിയച്ചനും മനസ്സിലായില്ല.
"അച്ചാ ഇതത്ഭുതം തന്നെ! ബിഷപ്പിനെ വിവരം അറിയിക്കണം. അവരു വരട്ടെ, രൂപത്തേൽ തൊടാൻ ആർക്കും ധൈര്യമുണ്ടാവില്ല. ഇടവകയിൽ ആരെയെങ്കിലും സഹായിക്കാൻ പുണ്യവാളൻ പോയിക്കൂടായ്കയുമില്ല." ഇല്ല്യാസ് പറഞ്ഞു. 
വാർത്ത അതിവേഗം ഇടവകയാകെ പരക്കാൻ അധികസമയം വേണ്ടി വന്നില്ല. എല്ലാവരുടെയും ചെവികളിൽ മൊബൈൽ ചേർത്തു പിടിച്ച ഒരു സംഭവം ആ ഇടവകയിൽ ആദ്യമായിരുന്നിരിക്കണം.
ഒന്നൊന്നായി കാറുകൾ പള്ളിമുറ്റത്തു വന്നു തുടങ്ങി. നേരം ഇരുട്ടിയിരുന്നെങ്കിലും പള്ളിമുറ്റം ആളുകളെക്കൊണ്ടു നിറഞ്ഞു. 
ഇതിനിടയിൽ ആരോ പോലീസിനേയും അറിയിച്ചിരുന്നു. പോലീസ് ജീപ്പ് പള്ളിമുറ്റത്തേക്കു സൈറണും മുഴക്കി പാഞ്ഞു വന്നു. എസ് ഐ ചാടിയിറങ്ങി. 
"സാധനം കണ്ടാൽ തിരിച്ചറിയാമോ?" എസ് ഐ വികാരിയച്ചനോടായി ചോദിച്ചു.
"എല്ലാ സെബാസ്റ്യാനോസുമാരും ഒരു പോലിരിക്കും. ഒന്പത് അമ്പുകൾ കുത്താവുന്നതാരുന്നു ഇവിടുത്തേത്." അച്ചൻ പറഞ്ഞു. 
"ഈ രൂപത്തേപ്പറ്റി അറിയാവുന്നവരാരെങ്കിലും ഉണ്ടോ?" വികാരിയച്ചൻ ഉച്ചത്തിൽ ഇടവകക്കാരോടായി വിളിച്ചു ചോദിച്ചു. 
ഒരു ചാലക്കുടിക്കാരൻ സംഭാവന ചെയ്ത രൂപമാണെന്നല്ലാതെ വിശദാംശങ്ങളൊന്നും ആർക്കും അറിയില്ലായിരുന്നു. ആകെ ആൾക്കാർക്ക് അറിയാമായിരുന്നത് ആ രൂപത്തിന്റെ കഴുത്തിൽ ഒരു പ്ലാസ്റ്റിക് പൂമാലയുണ്ടായിരുന്നെന്നതും രൂപത്തിനു   രണ്ടടിയിൽ കൂടുതൽ ഉയരമില്ലായിരുന്നുവെന്നതും മാത്രം.
"ചാലക്കുടിക്കാരൻ മുതലാളി തൃശൂർ നിന്നു രൂപവുമായി പോയപ്പോൾ ഇവിടെ കാളവണ്ടി നിന്നു പോയെന്നു കേട്ടിട്ടുണ്ട്. അങ്ങിനാ ഈ രൂപം ഇവിടെ വന്നതും ഇവിടെ പള്ളി പണിയാൻ ഇടയായതും." അവിടെ കൂടിയവരിലെ തലമൂത്ത കണ്ണമൂലക്കാരൻ റപ്പായി പറഞ്ഞത് എല്ലാവരും കേട്ടു, കാരണം അവിടെമാകെ നിശ്ശബ്ദമായിരുന്നു.
"ഇവിടുത്തെ പുണ്യവാളന്റെ അടയാളം പറ." എസ് ഐ വീണ്ടും എല്ലാവരോടുമായി ചോദിച്ചു.
ആർക്കും കൃത്യമായ ഒരടയാളം പറയാൻ കഴിഞ്ഞില്ല. ആരും ആ രൂപം സൂഷ്മമായി ശ്രദ്ധിച്ചിട്ടില്ലായിരുന്നു.
എസ് ഐ യും സംഘവും പള്ളിയിലേക്ക് നടന്നു.
"ആരും പള്ളിയിലേക്ക് കയറണ്ട." എസ് ഐ എല്ലാവരോടുമായി പറഞ്ഞു. വികാരിയച്ചനും കപ്യാരും കൈക്കാരനും മാത്രം പള്ളിക്കുള്ളിലേക്ക് കയറി. എസ് ഐ രൂപക്കൂടും പരിസരവും സസൂഷ്മം നിരീക്ഷിച്ചു. വിരലടയാളം ശേഖരിക്കേണ്ടിവന്നാലോയെന്നോർത്തായിരിക്കണം, ഒരിടത്തും സ്പ്പർശിക്കാതിരിക്കാനും എസ് ഐ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്കിലും അയാൾ രൂപക്കൂടിന്റെ തുറന്നു കിടന്ന വാതിലിലൂടെ കൈയ്യിട്ട് അതിനുള്ളിൽ കിടന്ന ഒരു കവർ പുറത്തെടുത്തു. ആരോ നേർച്ചയിട്ട പണമായിരിക്കുമെന്നു കരുതി എസ് ഐ കവർ തുറന്നെങ്കിലും അതിൽ ഒരു തുണ്ടു കടലാസൊഴിച്ച് നോട്ടുകളൊന്നും ഉണ്ടായിരുന്നില്ല. അതിൽ മടക്കിവെച്ചിരുന്ന തുണ്ടു കടലാസ് എസ് ഐ നിവർത്തി. അതിലെഴുതിയിരുന്നത് കാണാൻ എല്ലാവരും കടലാസിലേക്കു നോക്കി.
ഒരൊറ്റ വാചകമേ അതിലുണ്ടായിരുന്നുള്ളൂ.
"ഞാൻ പോകുന്നു, എന്നെ അന്വേഷിക്കേണ്ട - നിങ്ങളുടെ വി. സെബസ്ത്യാനോസ്"  

2 comments:

  1. കാലത്തിന്‍റെ ചുമരെഴുത്തുകള്‍ വായിക്കാന്‍ നാം വൈകികൂട.നന്നായിരിക്കുന്നു

    ReplyDelete
  2. നമ്മുടെ നാട്ടിൽ കള്ളന്മാരുടെ കുറവൊന്നുമില്ല. എന്നിട്ടെന്ത്യെ ഇതുപോലെ എല്ലാ പള്ളികളിലും നടക്കാത്തത്. ഒന്നൊന്നായി ഓരോ വിഗ്രഹവും ഇങ്ങനെ ആരുമറിയാതെ അപ്രത്യക്ഷമാവണം. പുണ്യവാന്മാർ തന്നെ പൊറുതിമുട്ടി എവിടെയ്ക്കെങ്കിലും ഇറങ്ങിപ്പോയാലെങ്കിലും ഈ വഴിമുടക്കും കാതുകളയുന്ന വെടിക്കെട്ടും ഒന്ന് നീങ്ങിക്കിട്ടിയേനെ. പെരുന്നാളുകൾ ഒരു മാറാശല്യംതന്നെയായി ഇങ്ങനെ തുടരരുത്. കഥ ഉഗ്രനായി.

    ReplyDelete