Sunday, 21 February 2016

ആൽബർട്ടിന്റെ ഹോട്ടൽ

ഓർമ്മകൾ വല്ലാതെ വിഷമിപ്പിക്കുമ്പോൾ ഞാനോർക്കാറുണ്ട്, കഴിഞ്ഞതൊന്നുമോർക്കാതെ ജീവിക്കാനാവുമായിരുന്നെങ്കിലെന്ന്. അത് സാദ്ധ്യമല്ലല്ലോ, ആർജ്ജിച്ച പരിചയമില്ലാതെ ആർക്കും വളരാനാകില്ലല്ലോ. നാലു വഴികളിലൂടെയല്ലേയറിവ് ഓരൊരുത്തരിലേക്കും ഒഴുകി വരുന്നത്?
അങ്ങിനെയിരിക്കുമ്പോൾ ഞാനോർക്കും, നിലത്തു വെയ്കാമായിരുന്നിട്ടും മാറത്തു ചേർത്തുവെച്ചുമ്മവെച്ചുമ്മവെച്ചു വളർത്തിയ മകൻ തെരുവിലുപേക്ഷിച്ച അമ്മക്ക് സ്വന്തം വിധിയെ എങ്ങിനെ പഴിക്കാതിരിക്കാനാവുമെന്ന് ? അപരന്റെ മിഴികളെ വിശ്വസിച്ചു കൂടെയിറങ്ങിപ്പോയ കൊച്ചിളംകാമുകി കൊത്തിക്കീറപ്പെടുമ്പോൾ ഒരു വംശത്തെ അവൾക്കെങ്ങിനെ ശപിക്കാതിരിക്കാനാവുമെന്ന്? 
പകുത്തു കൊടുത്ത പായക്കവകാശം പറയുന്ന മിത്രത്തെ എങ്ങിനെ പഴിക്കാതിരിക്കാനാവുമെന്ന്? 

അന്ന് കൃഷ്ണൻ തന്റെ ബാല്യകാല സതീർഥ്യനെ തിരിച്ചറിയാതിരുന്നെങ്കിൽ കുചേലൻ എന്തുമാത്രം അപമാനിതനായി മടങ്ങേണ്ടി വരുമായിരുന്നു? 
ഇന്നത്തെ കൃഷ്ണന്മാർക്ക് ഓർമ്മ തീരെയില്ല. അവരാണ് കുചേലന്മാരെന്നാ അവരുടെ ധാരണ. അവർക്കവരുടെ മുകളിലുള്ള കൃഷ്ണന്മാരെയാണ് കാണേണ്ടത്. എങ്ങിനെ കരയാതിരിക്കും? ഗോക്കളില്ലാത്തിടം നോക്കി പുല്ലിനു വളരാനാവുമോ? കുറെ തിന്നപ്പെടും, കുറേക്കരിയും: അങ്ങിനെയാണ്  പ്രപഞ്ച നിയമം.

ഞാനോരിക്കലൊരു ആൽബെർട്ടിനെ പരിചയപ്പെട്ടു. എനിക്കൊരു കൊച്ചു പട്ടണത്തിൽ ഒരാഫീസിൽ വരേണ്ടി വന്നു. ഉച്ച കഴിഞ്ഞിരുന്നു. എന്നെ പരിചയമുണ്ടായിരുന്ന ഓഫീസർ എന്നോടു പറഞ്ഞു,   
"ആ വളവിന്റെ അവിടെ നിന്നു താഴോട്ടുള്ള മൺറോഡേ ഒരു ഫർലോന്ഗ് നടന്നാൽ ഇടതുവശത്തു ഷാപ്പുപോലുള്ള ഒരു പഴയ കെട്ടിടം കാണാം. അവിടെ നല്ല ഊണ് കിട്ടും."
ഞാനാ ചായക്കടയിൽ ചെന്നു. എട്ടു-പത്തു പേർ ഉണ്ണുന്നു, മൂന്നാലു പേർ ചോറിനു കാത്തിരിക്കുന്നു. 
ആദ്യം കാണുകയായിരുന്നതുകൊണ്ടാവാം, വിളമ്പിക്കൊണ്ടിരുന്നയാളെന്നെ നോക്കി വെളുക്കെയൊന്നു ചിരിച്ചു; മുന്നിലെ പല്ലുകൾ നഷ്ടപ്പെട്ട മോണ കാട്ടിയുള്ള അയാളുടെ ചിരി കാണാനൊരു ചന്തമുണ്ടായിരുന്നു. അയാളാണതിന്റെ മുതലാളിയെന്നെനിക്കു മനസ്സിലായി.
"രാഘവൻ സാറാ ഇങ്ങോട്ടു പറഞ്ഞു വിട്ടത്." ഞാൻ പറഞ്ഞു.
"ഓ... ശരി! സാറിവിടിരിക്ക്; ഇവരൊന്നേറ്റോട്ടെ." അയാളു പറഞ്ഞു.
അയാൾ ആ കൊച്ചു ഹാളിലൂടെ ഓടി നടന്നു. അയാളുടെ കൈകൾ ഒരേ സമയം എല്ലാ ഇലകളിലും എത്തുന്നുണ്ടായിരുന്നു. എല്ലാവരേയും ഒരു ചിരികൊണ്ട് അല്ലെങ്കിൽ ഒരു നർമ്മ സംഭാഷണം  കൊണ്ട് അയാൾ സ്വന്തപ്പെടുത്തിക്കൊണ്ടുമിരുന്നു.
ആൽബർട്ടിനെ എനിക്കിഷ്ടപ്പെട്ടു. എല്ലാവരോടും കുശലം പറഞ്ഞുകൊണ്ടുള്ള അയാളുടെ വിളമ്പിനും പണം വാങ്ങലിനുമെല്ലാം ഒരു താളമുണ്ടായിരുന്നു, ഒരു തനി നാടാൻ താളം! 

എനിക്കയാൾ കൂടുതൽ കറി തന്നു; എനിക്കയാൾ കൂടുതൽ ചോറു തന്നു. നല്ല ചാണകം മെഴുകിയ അടുക്കളയുടെ പുതുമണമുള്ള ചൂടു കുത്തരിച്ചോറിൽ മുളകും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട മോരുമൊഴിച്ച് ഞാൻ ചോറുണ്ടു.

ഞാനന്ന് ഓർമ്മകൾ വിഷമിപ്പിക്കാത്ത ഒരു മനുഷ്യനെ കണ്ടു - ഒത്തിരിനാളായിരുന്നു അങ്ങിനെ ഒരാളെ കണ്ടിട്ട്.
തിരിച്ചു ഞാനോഫീസിൽ ചെന്നപ്പോൾ ഊണ് നന്നായിരുന്നെന്നു പറഞ്ഞു.
"അവിടെ പത്തുരൂപാ കുറവാ...നാൽപ്പതേ ഉള്ളൂ." രാഘവൻ സാർ പറഞ്ഞു.
"എന്റെ കൈയ്യിൽ നിന്നു മുപ്പതേ വാങ്ങിയുള്ളല്ലോ അയാൾ." ഞാൻ പറഞ്ഞു.
രാഘവൻ സാർ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു,
"നല്ല ഊണെന്നു പറഞ്ഞു കാണും. അങ്ങിനെയാരു പറഞ്ഞാലും അഞ്ചുരൂപായെങ്കിലും കുറയും." 
"ഇങ്ങിനെയുള്ള നല്ല മനുഷ്യർക്കെപ്പോഴും ഈശ്വരാനുഗ്രഹം കാണും. അവർക്കു നല്ലതേ വരൂ." ഞാൻ പറഞ്ഞു.
"ഒരു വിധത്തിൽ ശരിയാ...അയാൾക്കെന്തിനാ കാശ്? ഉണ്ടായതു മൂന്നും മന്ദബുദ്ധികൾ! അയാളെ സമ്മതിക്കണം! ഒരിക്കലെങ്കിലും പരാതി പറഞ്ഞിട്ടില്ല."
എനിക്ക് നാവിറങ്ങിയതുപോലെ തോന്നിപ്പോയി. കാച്ചിക്കുറുക്കി ഞാൻ പറഞ്ഞ പ്രകൃതി നിയമം, ഒരു നിഗമനം മാത്രമാകുന്നുവെന്ന് സമ്മതിക്കാൻ എനിക്കാവുമായിരുന്നില്ല. എനിക്കതിനു മറുപടിയില്ലായിരുന്നു.
സന്ധ്യയും കഴിഞ്ഞു രാത്രിയും വന്നു; കൺപോളകൾ അറിയാതെ വിറയ്കാൻ തുടങ്ങിയപ്പോൾ,
ആദ്യം, മനുഷ്യന്റെ താങ്ങില്ലാതെ ദുഖത്തിനും സന്തോഷത്തിനും നിലനിൽക്കാനാവില്ലെന്ന് എനിക്കു മനസ്സിലായി.
പിന്നെ, സന്തോഷമില്ലാതെ ദു:ഖത്തിനോ ദു:ഖമില്ലാതെ സന്തോഷത്തിനോ നിലനിൽപ്പില്ലെന്നും ഞാൻ മനസ്സിലാക്കി. 
ഞാനപ്പോൾ ചിരിച്ചു, പിന്നെ പൊട്ടിച്ചിരിച്ചു! 
ആ ശബ്ദം ലോകം മുഴുവൻ കേട്ടു കാണണം. 

കൂട്ട്

പണ്ടത്തെ പ്രണയാനുഭവങ്ങൾ ഓടിയെത്തുമ്പോൾ എങ്ങനെ ഞാനവയെ തടയും? പ്രിയേ, നിന്നെക്കൊണ്ട് എന്റെയുള്ള് നിറയുന്നില്ല. അത് വികസിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ പ്രണയിക്കപ്പെടുന്നതുകൊണ്ട് മാത്രം, ആഴമളക്കാനാവാത്ത പുഴപോലെ നീ ഒഴുകിക്കൊണ്ടിരുന്നു. 'സമയമായിട്ടും' യഥാർഥ പ്രണയത്തെയുണർത്താൻ നമ്മൾ ഇരുവർക്കുമായി കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും ഒന്നും പഠിക്കാത്തവരെപ്പോലെ നമ്മൾ പിരിഞ്ഞു. ഇത്രയും അഴകും ആഴവുമുള്ള ഒരാളെന്ന് ഇരുവർക്കും അന്യോന്യം ബോദ്ധ്യമുണ്ടായിരുന്നിട്ടും ഒന്നും മാറ്റിവയ്ക്കാതെ നമ്മുടെ ജീവിതകുംഭങ്ങളെ ഉടച്ചുകളയുന്ന പ്രക്രിയയായിത്തീർന്നു നമുക്ക് പ്രണയം. ഇനിയൊരു മധുചഷകം നിറക്കാൻ നമ്മൾ തമ്മിൽ കണ്ടെത്തുമോ? 
(ബോബിയച്ചന്റെ 'കൂട്ട്' വായിച്ചപ്പോൾ വന്നെത്തിയ വിരഹത്തിൻറെ ഓർമ്മകൾ.)

അവിവാഹിതം..


.....................
പച്ചക്കുന്നുകള്‍ക്കിടയില്‍ ഒരു താപസന്‍ ജീവിച്ചിരുന്നു. ആത്മാവില്‍ വിശുദ്ധനും ഹൃദയത്തില്‍ നിര്‍മ്മലനുമായ ഒരാൾ.
ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ എല്ലാ പക്ഷികളും ഇണകളോടൊപ്പം അയാളുടെ അരികിലെത്തും. അവയോടൊക്കെ അയാള്‍ സംസാരിക്കും. പറയുന്നതെല്ലാം അവര്‍ സസന്തോഷം കേള്‍ക്കും. അരികില്‍ തടിച്ചു കൂടും. അന്തിയാവുംവരെ അവയൊന്നും തിരിച്ചുപോകില്ല. ഇരുള്‍ പരക്കുമ്പോള്‍ അവയെ അയാള്‍ പറഞ്ഞയക്കും. തന്റെ അനുഗ്രഹാശിസു കളോടെ; അവയുടെ ചുമതല കാറ്റിനേയും കാടിനേയും ഏല്‍പ്പിച്ചുകൊണ്ട്.
ഒരു വൈകുന്നേരം താപസന്‍ പ്രണയത്തേക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. അപ്പോള്‍ ഒരു പുള്ളിപ്പുലി തലയുയര്‍ത്തി. എന്നിട്ടു ചോദിച്ചു: അങ്ങ് പ്രണയത്തേക്കുറിച്ച് സംസാരിക്കുന്നു. അങ്ങയുടെ ഇണയെവിടെ?
''എനിക്ക് ഇണയില്ല.'' താപസന്‍ പറഞ്ഞു.
ഇതു കേട്ടതും മൃഗങ്ങളും പക്ഷികളും ഞെട്ടിപ്പോയി. അവയുടെ വിസ്മയം കോലാഹലമായി ഉയര്‍ന്നു. അവ തമ്മില്‍ തമ്മില്‍ പറയുവാന്‍ തുടങ്ങി: ''സ്‌നേഹത്തേക്കുറിച്ചും പ്രണയത്തേക്കുറിച്ചും ഇയാള്‍ക്ക് എങ്ങനെ പറയാനാവും? അവയേപ്പറ്റി അയാള്‍ക്കൊന്നും അറിയില്ലല്ലോ.'' 
വെറുപ്പോടെ, നിശ്ശബ്ദമായി, പക്ഷികളും മൃഗങ്ങളും സ്ഥലം വിട്ടു.
അന്നു രാത്രി അയാള്‍ തനിച്ചായി. പായില്‍ കമഴ്ന്നു കിടന്ന് മുഖം ഭൂമിയിലേക്കു തിരിച്ച് അയാള്‍ വിലപിച്ചു. കൈകള്‍ മാറത്തടിച്ച് നിലവിളിച്ചു.
(ഖലീല്‍ ജിബ്രാന്‍)
സി. വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' പത്തിരുപത് വർഷങ്ങൾക്കു മുൻപ് സൗഹൃദങ്ങളിൽ ഒരു സമ്മാനപ്പുസ്തകമായിരുന്നു. അതു വായിച്ചിട്ട് കൂട്ടുകാരി എഴുതി: 'ശരിക്കും എന്താണീ സെലിബസി?' അതിന്റെ അർത്ഥം അവൾക്കറിയാഞ്ഞിട്ടല്ല.
അവളുടെ ചോദ്യം, പൊതുവേ സന്ദേഹിയായ ഒരു സെമിനാരിക്കാരനെ വല്ലാതെ പരിഭ്രമിപ്പിച്ചു. ഒരാൾ എന്തിനാണ് ഒറ്റയ്ക്ക് നടക്കുന്നത്? കുരുവിയും കുറുനരിയും പോലും വീട് കെട്ടുന്ന ഭൂമിയിൽ അയാളെന്തുകൊണ്ടാണ് ഒരു കൂര പണിയാത്തത്? വംശാവലിയുടെ പുസ്തകത്തിൽ അയാൾക്കു ശേഷം ഒരു പേരില്ലാത്തത് എന്തുകൊണ്ട്?
ദാമ്പത്യത്തേക്കാള്‍ മീതെയാണ് ബ്രഹ്മചര്യമെന്ന് പഠിപ്പിക്കുന്ന ഒരു സൂചന പോലുമില്ല സുവിശേഷത്തില്‍. സ്വന്തമായി ഒരു വീട് കെട്ടിയുയര്‍ത്താതെ കടന്നുപോയപ്പോഴും ഈശോ പലരുടേയും വീടിന്റെ പശ്ചാത്തലത്തിലായിരിക്കാന്‍ ഇഷ്ടപ്പെട്ടു. തന്റെ അടുക്കലേക്ക് വന്നവരുടെ രോഗാതുരമായ ബന്ധങ്ങളിലേക്ക് അവന്‍ ഇറങ്ങിച്ചെന്നു. പീറ്ററിന്റെ ഭാര്യാമാതാവിന്റെ ജ്വരക്കിടക്കയിലും നാമവനെ കണ്ടു. ദൈവമൊരാളാണ് സ്ത്രീയേയും പുരുഷനേയും കൂട്ടിയോജിപ്പിച്ചതെന്ന് പഠിപ്പിച്ചു. ദാമ്പത്യത്തിന്റെ അവിഭാജ്യതയെ, പൊതുവേ ഇല്ലാത്ത ഒരുതരം ശാഠ്യത്തോടെ ഉറപ്പിച്ചു. മറ്റെല്ലാ കാര്യ ങ്ങളിലും മോശയേക്കാള്‍ ലിബറലായൊരാള്‍ ഈ ഒരു കാര്യത്തില്‍ മാത്രം അതിനേക്കാള്‍ ഓര്‍ത്തഡോക്‌സ് ആയി. കുഞ്ഞുങ്ങളോടായിരുന്നു ഏറ്റവും ഇഷ്ടം. അപ്പസ്‌തോലന്മാര്‍ അവരെ തടയുമ്പോള്‍ പാടില്ല എന്നു വിലക്കി. 
ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അവിടുന്ന് എന്തുകൊണ്ടാണ് അവിവാഹിതനായി നിന്നത്? അതും ഒരാള്‍ അപ്രകാരം നില്‍ക്കുന്നത് മോശപ്പെട്ട കാര്യമായി ഗണിച്ചിരുന്ന സംസ്‌കാരത്തില്‍? ആണും പെണ്ണും ചെറുപ്രായത്തിലേ വിവാഹിതരാവുന്ന ഒരു സംസ്കാരത്തിൽ മുപ്പതു വയസ്സിനു മീതെയുള്ള ഒരു അവിവാഹിതൻ ആവശ്യത്തിലേറെ മനുഷ്യരുടെ പുരികം ചുളിച്ചിരുന്നു. അവനെ ഷണ്ഡൻ എന്നു വിളിക്കാൻ പോലും അവന്റെ കാലം ധൈര്യപ്പെട്ടു എന്ന സൂചനകളുണ്ട്- വിവാഹയോഗ്യനല്ലാത്തവൻ തന്നെ!
ചെറുപുഞ്ചിരിയോടെ ക്രിസ്തു അതു സ്വീകരിച്ചു. എന്നിട്ട്, അത്തരക്കാരെ മൂന്നു തരത്തിൽ പെടുത്താമെന്ന് പറഞ്ഞു- ആദ്യത്തേത്, പ്രകൃതിയുടെ കൈത്തെറ്റ് പോലെ ചില മനുഷ്യർ; ആണിനും പെണ്ണിനും ഇടയിലെ 'നൊ- മാൻസ് ലാൻഡി'ൽ പെട്ടുപോകുന്ന സങ്കടജന്മങ്ങൾ. രണ്ടാമത്തേത്, സമൂഹം അപ്രകാരമാക്കുന്നവർ. ഒരു സ്മോളിൽ പങ്കു ചേർന്നില്ലെങ്കിൽ, ഭാര്യയെ കമന്റടിച്ചവനെ ഒന്നു പൊട്ടിച്ചില്ലെങ്കിൽ, മതിലു കെട്ടുമ്പോൾ ഒരു സെന്റിമീറ്റർ ഉള്ളിലോട്ട് കേറിപ്പോയതിന്റെ പേരിൽ അയൽക്കാരൻ ഉറങ്ങുമ്പോൾ അതു തള്ളിയിട്ടില്ലെങ്കിലൊക്കെ അവർ ചോദിക്കുന്നു: നീ ആണാണോ? അങ്ങനെ നിരന്തരമായ സജഷനുകളിലൂടെ സമൂഹം കാസ്റ്ററേറ്റ് ചെയ്യുന്ന മനുഷ്യർ. മൂന്നാമത്തേത്, ദൈവരാജ്യത്തെപ്രതി (ദൈവരാജ്യത്താൽ എന്നൊരു പാഠഭേദം കൂടിയുണ്ട്.) അപ്രകാരമായിരിക്കാൻ നിശ്ചയിച്ചവർ; പഴയ നിയമത്തിലെ ഉറിയായെപ്പോലെ.
ഒരു തെറ്റിനെ കുറേ അധികം തെറ്റുകള്‍ കൊണ്ട് ശരിയാക്കാനുള്ള ശ്രമത്തിലായിരുന്നു ദാവീദ്. ബാത്ഷബായുടെ ഉടലില്‍ അയാള്‍ ഇടറിവീണു. അവളുടെ ഭര്‍ത്താവ് ദൂരെ യുദ്ധഭൂമിയില്‍ ദാവീദിനു വേണ്ടി പോരാട്ടത്തിലാണ്. ശകലം തണ്ണിയൊക്കെ അടിക്കുന്ന വളരെ സാധാരണക്കാരനായ ഉറിയ. ഉള്ളില്‍ വളരുന്ന കുഞ്ഞിന് അപ്പനെ ആവശ്യമുണ്ട്. ദാവീദ് ഉറിയായെ വിളിച്ചു വരുത്തി നല്ലതുപോലെ മദ്യപിപ്പിക്കുന്നു. ഇനി വീട്ടില്‍പ്പോയി ഭാര്യയെക്കണ്ട് മടങ്ങിപ്പൊയ്‌ക്കൊള്ളുക എന്ന് അനുവാദവും നല്‍കി. 
എന്നാല്‍, പിറ്റേന്നു പ്രഭാതത്തില്‍ അയാള്‍ കൊട്ടാരവളപ്പില്‍ത്തന്നെ കിടന്നുറങ്ങുന്നുണ്ട്. ഇണ്ടലിലായ ദാവീദിനോട് ഉറിയ പറഞ്ഞു: ''അവിടുത്തെ ദാസരും എന്റെ സ്‌നേഹിതരും ദൂരെ യുദ്ധക്കളത്തില്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഞാനെങ്ങനെ എന്റെ ഭാര്യയോടൊത്ത് സന്തോഷിക്കും?''
ആ നിമിഷം ഉറിയായ്ക്ക് ദാവീദിനേക്കാള്‍ ഉയരമുണ്ടായി. അത്തരമൊരു തീരുമാനത്തിന്റെ പേരില്‍ ദാവീദ് അയാളെ ചതിച്ചുകൊല്ലുന്നു. ഉറിയായുടെ നിലപാടാണ് ശരിക്കുമുള്ള ബ്രഹ്മചര്യം. വ്യക്തമായ ചില ലക്ഷ്യങ്ങള്‍ ഉള്ളതുകൊണ്ട് ചില മനുഷ്യര്‍ തങ്ങള്‍ക്ക് അർഹമായ ആഹ്ലാദങ്ങള്‍ പോലും വേണ്ടെന്നു വയ്ക്കുന്ന ഒരു ജീവിതക്രമം. ശരിക്കും പറഞ്ഞാല്‍, ദാവീദിന്റെ പുത്രനായ ഈശോയെന്നുള്ളത് വല്ലപ്പോഴുമൊക്കെ മാറ്റി, ഉറിയായുടെ പുത്രനായ ഈശോയേ എന്നൊക്കെ പ്രാര്‍ത്ഥിക്കാവുന്നതാണ്.
നിനച്ചിരിക്കാത്ത നേരത്തില്‍ നിശ്ചലമായേക്കാവുന്ന പ്രവാചകവഴികളേക്കുറിച്ചുള്ള വ്യക്തതയുമായി ബന്ധപ്പെടുത്തിയാണ് നാം യേശുവിന്റെ അവിവാഹിതജീവിതത്തെ വായിക്കേണ്ടത്.
ഭൂമിയിലെ ഏറ്റവും ധീരമായ മരണമായിരുന്നു അത്. സ്വന്തം ജീവന്‍ അര്‍പ്പിക്കേണ്ട വിധത്തില്‍ അപകടകരമായിരുന്നു അവന്റെ വഴികള്‍. കുരിശ് അവനു ലഭിച്ച ശിക്ഷയായിരുന്നില്ല, മറിച്ച് അവന്റെ പ്രവാചകദൗത്യത്തിന് സ്വയമേ നല്‍കിയ വിലയായിരുന്നു. ഈശോ അവിവാഹിതനായി നിന്നതുപോലും ഈ മരണത്തെ അടുത്തു കണ്ടിരുന്നതുകൊണ്ടായിരിക്കണം. അപകടകരമായ ജീവിതവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പാണ് ബ്രഹ്മചര്യം. അങ്ങനെയൊരു വെളിച്ചം ഇല്ലെങ്കില്‍ ഒരാള്‍ അവിവാഹിതനായി കടന്നുപോകുന്നതിനേക്കാള്‍ ബോര്‍ പരിപാടി മറ്റെന്തുണ്ട്?
നിത്യതയുടെ ചില ലക്ഷണങ്ങളുമായി ബന്ധപ്പെടുത്തി സെലിബസിയെ വായിച്ചെടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു. ഏഴു പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീയുടെ കഥയ്ക്കൊടുവിലാണ് അവർ അവനെ വല്ലാതെ കുഴപ്പിച്ചേക്കുമെന്നു കരുതിയ ഒരു ചോദ്യം ചോദിച്ചത്: നിത്യതയിൽ ഇവൾ ആരുടെ ഭാര്യയായിരിക്കും? ക്രിസ്തു ഊറിച്ചിരിച്ചിട്ടുണ്ടാവും. അവിടെ ആരും കല്യാണം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല. ആരും ആരെയും സ്വന്തമാക്കാത്ത എല്ലാവരും എല്ലാവരുടെയും സ്വന്തമായ ഒരിടമാണ് നമ്മുടെ എസ്കറ്റോളജിക്കൽ സങ്കല്പമെങ്കിൽ അതിന്റെ ഒരു ജൈവ അടയാളമായി മാറുന്നില്ലേ അയാളുടെ ബ്രഹ്മചര്യം?
പതിവുകളങ്ങളിൽ നിന്ന് നിങ്ങളുടെ സ്നേഹമെന്ന പക്ഷി വിശാലമായ ആകാശം തിരയുന്നു എന്നൊരു ആഹ്ലാദവുമുണ്ട് സെലിബസിയിൽ. ബൃഹത്താകുന്നതാണ് ബ്രഹ്മം. സ്നേഹം വിശാലമാകുന്നതാണ് ബ്രഹ്മചര്യം. ഒരു ബ്രഹ്മചാരിയും വീടുപേക്ഷിക്കുന്നില്ല. അയാളുടെ വീടിന്റെ ചുവരുകൾ വികസിക്കുകയും മേൽക്കൂര ഉയരുകയും ചെയ്യുന്നുവെന്നേയുള്ളു. അതാണ് എന്റെ നാമത്തെപ്രതി ചില ബന്ധങ്ങൾ ഉപേക്ഷിച്ചവർക്ക് നൂറുമടങ്ങ് ബന്ധങ്ങൾ ഉണ്ടാകുമെന്ന് ക്രിസ്തു പറഞ്ഞതിന്റെ സൂചന. ക്രിസ്തുവിനെപ്പോലെ അയാളും ആർക്കും ജന്മം കൊടുക്കുന്നില്ല. ഇനി മുതൽ പുതിയ നിയമമാണ്- ശരീരം ആവശ്യമില്ലാത്ത പിറവികൾ. ഒരാൾ നിങ്ങൾക്ക് മകനോ മകളോ ആകാൻ നിങ്ങളുടെ ഉദരത്തിൽ പൊടിക്കണമെന്നില്ല. നിങ്ങളുടെ ഔരസവൃക്ഷത്തിൽ നിന്ന് തളിർക്കണമെന്നുമില്ല. ആസുരമായ ഒരു കാലത്തിനത് തീരെ മനസ്സിലാകുന്നില്ലായെന്നത് ഗൗരവമായി എടുക്കേണ്ട. ഒരു പെൺകുഞ്ഞിനെ മകളായി കരുതിയതിന്റെ പരുക്ക് ഇനിയും തീർന്നിട്ടില്ല. ശരീരത്തിനു മീതെ ഒന്നുമില്ലെന്ന് കരുതുന്നവരോട് തർക്കിച്ചു ജയിക്കാനുള്ളതല്ല ഒരാളുടെയും ആയുസ്സ്. ജായ്റോസിന്റെ മകളെ മരണനിദ്രയിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ, ബാലികയ്ക്ക് വല്ലതും കഴിക്കാൻ കൊടുക്കണമെന്ന് അവൻ അവളുടെ അമ്മയെ ഓർമ്മിപ്പിക്കുന്നുണ്ട്. ക്രിസ്തു ഉപയോഗിച്ച വാക്കിന് മകൾ എന്നാണ് അർത്ഥമെന്ന് ഒരു വേദവ്യാഖ്യാനത്തിൽ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.
ഗാന്ധിയാണ് ഒരുപക്ഷേ, ബ്രഹ്മചര്യവിചാരങ്ങളെ ഏറ്റവും ഗൗരവമായി എടുത്ത ഒരാൾ. അതിൽ ഒരു കുറ്റബോധത്തിന്റെ നിമിത്തമുണ്ട്. ഇരട്ടലജ്ജയെന്ന പേരിൽ തന്റെ ആത്മകഥയിൽ അദ്ദേഹമത് രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ മരണശയ്യയിലാണ്. എന്നിട്ടും ആ രാത്രിയിൽ അയാളോടൊപ്പമായിരിക്കുന്നതിനേക്കാൾ ഗർഭിണിയായ കസ്തൂർബയുമായി കിടപ്പുമുറിയിലായിരിക്കാൻ ഗാന്ധി ഇഷ്ടപ്പെട്ടു. അവിടെയായിരിക്കുമ്പോൾ മുറിക്കു പുറത്ത് കൊട്ട്; അച്ഛൻ കടന്നുപോകുന്നു. ആത്മനിന്ദ കൊണ്ട് അയാൾ പുകഞ്ഞു. 
ശരീരത്തിന്റെ ചരടുകളില്ലാതെ ആരോഗ്യകരമായ സ്ത്രീപുരുഷബന്ധങ്ങൾ സാധ്യമാണോ എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സത്യാന്വേഷണപരീക്ഷണം. അതിന്റെ പേരിൽ വല്ലാതെ പരിഹസിക്കപ്പെട്ടിട്ടുണ്ട് അയാൾ. ഒടുവിൽ ഗാന്ധി ഇങ്ങനെ അതിനെ നിർവചിച്ചു: ബ്രഹ്മചാരിയാകുന്നതുവഴി ഒരു പുരുഷൻ പതുക്കെ പതുക്കെ സ്ത്രീയാവുകയാണ്. ഫലത്തിൽ ഒരു കൂട്ടുകാരിയോടു തോന്നുന്ന സ്വാതന്ത്ര്യം ഒരു സ്ത്രീക്ക് അയാളോട് അനുഭവപ്പെട്ടെന്നിരിക്കും. കാര്യങ്ങളപ്പോൾ അങ്ങനെയാണ്. ഒരാളുടെ ഷാർപ്പായ ജെൻഡർ എഡ്‌ജുകൾ സൗമ്യമാക്കുന്ന പ്രക്രിയയാണ് ബ്രഹ്മചര്യം. അതുകൊണ്ടുതന്നെ അയാൾ ആരെയും വയലേറ്റ് ചെയ്യുന്നില്ല.
കുറച്ച് ആലങ്കാരികമായി ചിന്തിക്കുമ്പോൾ, അഞ്ചു വിവാഹം കഴിച്ച സമറിയാക്കാരിയായ ആ സ്ത്രീയുടെ കഥയിലെ ആറാമത്തെ പുരുഷനായി നിൽക്കാനുള്ള ക്ഷണമാണതെന്നു തോന്നുന്നു. കണ്ടുമുട്ടുന്ന മുഴുവൻ സ്ത്രീകളുടെയും സങ്കടമിതാണ്. അലച്ചിലുകളൊക്കെ അയാൾക്കുവേണ്ടിയാണ്. ഇന്ദ്രിയങ്ങളുടെ ചരടോ തൊട്ടിയോ ആവശ്യമില്ലാതെ എന്റെ ജീവിതത്തെ പ്രകാശിപ്പിക്കുവാൻ പോകുന്ന ഒരാൾ. ശരീരത്തിന്റെ മീഡിയമില്ലാതെ ഒരാളെ പ്രകാശിപ്പിക്കുവാൻ ബലമുള്ള ഒരൊറ്റ ബന്ധമേയുള്ളു: ഗുരു. ആ ഗുരുപാരമ്പര്യത്തോടു ചേർന്നു നിൽക്കുന്നവർ ഇന്ദ്രിയാതീതമായ ചില ബന്ധങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് സാരം. പ്രകാശത്തോടും ആദരവോടും കൂടി സ്വന്തം പരിസരങ്ങളെ നോക്കാനുള്ള ഒരു അനുശീലനമാകണം ബ്രഹ്മചര്യം. നീ ഞങ്ങളുടെ മിഴികളിൽ നോക്കുക, ഞങ്ങൾ സ്ത്രീകളാണെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കാത്ത വിധത്തിൽ.
തിരുവത്താഴസ്മരണയിൽ നിന്നാണ് ഒരാൾ തന്റെ സെലിബസിയുടെ ഊർജ്ജം കണ്ടെത്തേണ്ടതെന്ന് തോന്നുന്നു. ഓരോ ദിവസവും അപ്പവും വീഞ്ഞും ഉയർത്തി അയാളെന്താണ് പറയുന്നത്? അവൻ തന്റെ ശരീരത്തെ എടുത്ത് വാഴ്ത്തി. വാഴ്ത്തിയ ശരീരബോധമാണ് സെലിബസി.
അവൾ വീണ്ടും ചോദിക്കുന്നു: ഒറ്റ വാക്കിലെന്താണ് ഈ സെലിബസി? സ്നേഹം ശുദ്ധമാക്കുന്ന പ്രക്രിയയാണത്. ഒരു കാരണവുമില്ലാതെ ഒരാൾക്ക് സ്നേഹിക്കാനാകുമ്പോൾ അയാൾ പതുക്കെപ്പതുക്കെ ഒരു ക്രിസ്തു പോലുമായേക്കും!
('കൂട്ടി'ൽ നിന്ന്)
Fr. Bobby Jose

Saturday, 20 February 2016

നിൻറെ സ്വരൂപം

നീ മറ്റെല്ലാവരിലുംനിന്ന് വ്യത്യസ്തനാണെന്ന് സ്വയം കരുതുന്നത് അഹത്തിന്റെ ഒരു രക്ഷാകവചം മാത്രമാണ്. നിന്റെ ദേഹീദേഹങ്ങൾ ആണ് നീ എന്ന ചിന്തയും അങ്ങനെത്തന്നെ. തന്നെപ്പറ്റി പറഞ്ഞും എഴുതിയും അന്യരെ ബോദ്ധ്യപ്പെടുത്താൻ ചിലതൊക്കെ ഉണ്ടെന്നു കരുതുന്നവൻ ആത്മീയപരിവേഷത്തെ പൂച്ചാക്കുകയാണ്. എകാന്തതയേയും സ്വകാര്യതയേയും നഷ്ടപ്പെടുത്തുന്ന പ്രശസ്തി അപടകത്തെ വിളിച്ചുവരുത്തുന്നു.


"എന്റെ ചിന്തയെ ക്രമീകരിക്കാനായാൽ മാത്രമേ എനിക്ക് വിലയുള്ളൂ. പ്രപഞ്ചത്തിന്റെ വിസ്തൃതി എന്നെ ഉൾക്കൊണ്ട്, അതിലെ ഒരു തരിമാത്രമായി ഞാൻ മാറുമ്പോഴും എന്റെ ചിന്തയിൽ അതിനെ ഉൾക്കൊള്ളാൻ എനിക്കാകുന്നു എന്നതാണ് എൻറെ  മഹിമ" (Blaise Pascal (Pensées).


ഒരു വ്യക്തി പ്രപഞ്ചത്തിലെ ഒരു വെറും ബിന്ദുവല്ല. മറിച്ച്, പ്രപഞ്ചം മുഴുവൻ അതിലുണ്ട്: അതിന്റെ അഗാധതയിൽ ജീവശാസ്ത്രപരവും വർഗ്ഗപരവുമായ വാസനകളെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. അവയെ കണ്ടെത്തുകയും അതേ സമയം അവയെ മറികടക്കുകയും എന്നതാണ് ഈ ജീവിതത്തിന്റെ പരമമായ സന്തുഷ്ടി. ചിന്തയെ ക്രമീകരിക്കുക എന്നാൽ മനസ്സിനെ സ്വതന്ത്രമാക്കുക എന്നാണ്. സ്വന്തം തന്ത്രങ്ങളാൽ (സ്വന്തം തീരുമാനങ്ങളനുസരിച്ച്) നയിക്കപ്പെടുന്ന മനസ്സിന് പരിധികളില്ല. പണം, അധികാരം, ജനപ്രീതി എന്നിവകൊണ്ട് സംതൃപ്തമാകുന്ന മനസ്സ് വളർച്ചയില്ലാത്തതാണ്. കാരണം, അകത്തുള്ള ധന്യതയൊഴിച്ച് മറ്റെല്ലാം ഏതു സമയത്തും നഷ്ടപ്പെടാം. ആദ്ധ്യാത്മികതയുടെ ഏകാഗ്രതയിൽ മാത്രമാണ് ഈ തിരിച്ചറിവുണ്ടാവുക. അവിടെ മാത്രമേ 'ഞാൻ' ഇല്ലാതാകാനുള്ള സാദ്ധ്യതയുള്ളൂ. എകാഗ്രതയെന്ന ഏകാന്തതയിൽ മാത്രമേ ഒരാൾക്ക്‌ ഓർമകളുടെ ധാരാളിത്തത്തിൽനിന്ന് രക്ഷപ്പെടാനാവൂ.  ഇവിടെ ഓർമകളെന്നു വിവക്ഷിക്കുന്നത് പാരമ്പര്യമായ ഇന്നലെകൾക്ക് നമ്മിലുള്ള സ്വാധീനത്തെയാണ്. കാലാകാലങ്ങളായി നമ്മുടെ DNA ആർജ്ജിച്ച എല്ലാ അറിവുകളും അവനവൻറെ ജീവനഘട്ടത്തിലെ താത്ക്കാലികമായ വിദ്യാഭ്യാസവും അതില്പ്പെടും. ഇവയെല്ലാം ഒരാളുടെ അസ്തിത്വത്തിൽ ഉടനീളം വളരെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ഈ ശബ്ദങ്ങൾ നിലയ്ക്കണമെങ്കിൽ സ്ഥലകാലങ്ങൾ നിലയ്ക്കണം, താത്ക്കാലികമായിട്ടെങ്കിലും. കാലത്തിനു വെളിയിൽ ഇവയെല്ലാം രാവും പകലും പോലെ അപ്രത്യക്ഷമാകും. ഊർജ്ജം ഘനീഭവിക്കുന്നിടത്താണ് കാലവും സ്ഥലവും ഉണ്ടാകുന്നത്. അതായത്, ദ്രവ്യമാണ്‌ കാലത്തെ സൃഷ്ടിക്കുന്നത്. ഊർജ്ജവും ദ്രവ്യവും സ്ഥലകാലങ്ങളും ഉണ്മയുടെ പ്രത്യക്ഷഭാവങ്ങളാണ്. പ്രത്യക്ഷമെന്നാൽ നമ്മുടെ ബുദ്ധിക്ക് പ്രവർത്തിക്കാൻ വേണ്ടുന്ന ഭൌമമൗലികത. അതായത്, ആർക്കോ പ്രത്യക്ഷീഭവിക്കാവുന്ന ദ്രവ്യത്തിന്റെ ഒരവസ്ഥയാണത്. ഈ 'ആര്' ഇല്ലാതായാൽ പിന്നെയുള്ളത് ശുദ്ധമായ ഉണ്മയാണ്. അതിനെയാണ് വേദാന്തികൾ ആത്മീയമായ ശൂന്യതയെന്നു വിളിക്കുന്നത്. (ആത്മീയം = അവനവനെ ബാധിക്കുന്നത്). അങ്ങനെയൊരവസ്ഥ ഉണ്ടെന്നറിയാനും അവിടെയെത്താനും ഒരാൾ മറ്റെന്തിനെക്കാളുപരി തന്നെപ്പറ്റി അങ്ങേയറ്റം നിർഭയനായിരിക്കണം. അതിനുള്ള സാദ്ധ്യതയാണ് യഥാർഥത്തിൽ സ്നേഹമെന്ന് പറയുന്നത്. ഈ അർഥത്തിൽ അത് ഒരാളോടോ വസ്തുവിനോടോ തോന്നുന്ന ആകർഷണവും അതിന്റെ സഫലീകരണവുമല്ല. മറ്റു വാക്കുകളിൽ, ഈ സ്നേഹം എല്ലാറ്റിൽനിന്നുമുള്ള വിടുതലാണ്. അത് അങ്ങേയറ്റത്തെ സ്വാതന്ത്ര്യമാണ്. അത് എല്ലാ സ്ഥല-കാല പരിധികൾക്കും അപ്പുറത്താണ്. അത് കാലാതീതമാണ്. വ്യക്ത്യാതീതവുമാണ്. അതിന് ഓർമകളില്ല, അതുകൊണ്ട് മറവിയും. ഓർമയില്ലാത്തിടത്ത് നാശവുമില്ലല്ലോ.


ഭാഗം രണ്ട് 
തുടർച്ചയെ - ബന്ധങ്ങളുടെ, പാരമ്പര്യത്തിന്റെ, അനുകരണത്തിന്റെ, കലയുടെ, അറിവിന്റെ, അറിയപ്പെടുന്നതിന്റെ, അക്ഷരങ്ങളുടെ ... - ആഗ്രഹിക്കുന്നതാണ് ദുഃഖത്തിനാധാരം. ഈ പറഞ്ഞവയെല്ലാം മനുഷ്യമനസ്സിൽ മുദ്രണം ചെയ്യുന്നത്   പൊള്ളയായ തുടർക്കഥകളാണ്. മരണം ഈ തുടർക്കഥകളിലെ കാപട്യത്തിന്റെ അന്ത്യമാകുന്നതുകൊണ്ട് അത് മനോഹരമാണ്. മനോഹരമെന്നാൽ മനസ്സിന് ഹരം കൊണ്ടുവരുന്നത് എന്നതിനോടൊപ്പം മനസ്സിനെ ഹരിക്കുന്നത് - ഇല്ലാതാക്കുന്നത് - എന്നും ആണ്.


കാലപ്രവാഹം എന്നൊന്നില്ല. കാരണം, കാലം ചലനത്തെ കല്പിച്ചെടുക്കുന്ന മനസ്സിന്റെ സൃഷ്ടിയാണ്. അപ്പോൾ പ്രപഞ്ചം നമ്മിലൂടെ ഉരുത്തിരിയുന്നുവോ, അതോ നാം പ്രപഞ്ചത്തിലൂടെയോ എന്ന ചോദ്യം സയുക്തമാണ്. ഒരാളുടെ താഴെക്കൊടുത്തിരിക്കുന്ന അനുഭവം ശ്രദ്ധിച്ചു വായിക്കൂ. "എന്റെ ജീവിതത്തിലെ ഏറ്റവും അസ്സാധാരണമായ ഒരനുഭവം ഇങ്ങനെ: ഒരു മനുഷ്യൻ റോഡുപണി ചെയ്യുന്നതായി ഞാൻ കാണുന്നു. എന്നാൽ സൂക്ഷ്മവീക്ഷണത്തിൽ അത് ഞാൻതന്നെയായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായി. അയാൾ ഉപയോഗിച്ചിരുന്ന കൂന്താലിയും ഞാനായിരുന്നു. അയാൾ ഉടച്ചിരുന്ന കല്ലും ഞാനായിരുന്നു. അവിടെ മൃദുവായി വീശിയിരുന്ന കാറ്റും ഞാൻ തന്നെ. അവിടെയൊരു പുൽത്തുമ്പിൽ കയറിയിറങ്ങുന്ന എറുമ്പും ചുറ്റും ചിലച്ചുകൊണ്ടിരുന്ന പക്ഷികളും ഞാനായിരുന്നു. ആ പക്ഷികളുടെ ശബ്ദംപോലും ഞാനല്ലാതെ മറ്റൊന്നുമായിരുന്നില്ല! അപ്പോൾ അവിടേയ്ക്കുവന്ന കാറും അതിന്റെ ഡ്രൈവറും മോട്ടോറും ചക്രങ്ങളും ഞാൻ തന്നെയായിരുന്നു. അവിടെനിന്നുകൊണ്ട് കാണാമായിരുന്ന പർവ്വതം എനിക്കുള്ളിലായിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമെല്ലാം എനിക്കുള്ളിൽ!" 1922ൽ തനിക്കനുഭവപ്പെട്ട ആത്മീയോണർവിനെ ജെ. കൃഷ്ണമൂർത്തി വിവരിച്ചത് ഇങ്ങനെയായിരുന്നു. ഇങ്ങനെയൊരനുഭവം ഒഷോയ്ക്കും സദ്‌ഗുരു Jaggi Vasudevനും ഉണ്ടായിട്ടുള്ളതായി അവർതന്നെ പറയുന്നുണ്ട്.


"കറുനീലപ്പുടവയിൽ
സുഗമനാം മയിലും നീ
ഇളം പച്ചത്തൂവലാട്ടും
ചെങ്കണ്ണൻ തത്തയും നീ
പിഞ്ചു കുഞ്ഞിന്നോമനത്തം
നിന്നുള്ളിൽ തുടിക്കുന്നു
കാലാന്തരങ്ങളും മഹാ
സമുദ്രങ്ങളും നീ ..."
('അന്ധന്റെ ആവൃതികൾ' - സ്വന്തം കവിതാസമാഹാരം, മൾബറി, 2000)



അറിവും അഹങ്കാരവും പരസ്പരവിരുദ്ധമാണ്. ചിന്തയും അറിവും ആവശ്യമേയില്ലാത്ത അവസ്ഥയാണ് ആത്മസാക്ഷാത്ക്കാരം. അവിടെയെത്തുമ്പോൾ, തനിക്കു മുമ്പിൽ കാണുന്നതെന്തോ അത് സത്യമായി ഒരാൾ തിരിച്ചറിയുന്നു. 'നീതന്നെയാണ് നിന്റെ സഞ്ചാലകശക്തി. നിന്റെ ഇച്ഛയെന്തോ, അതാണ്‌ നീ. നിന്റെ ഇച്ഛപോലെ നിന്റെ കർമം; നിറെ കർമംപോലെ നിന്റെ വിധിയും' എന്ന് കഠാേപനിഷത്ത്. "എല്ലാ തേടലുകളുടെയും ഒടുവിൽ നാം തുടങ്ങിയിടത്ത് വന്നുചേരുന്നു; അപ്പോൾ ആദ്യമായി നാം ആ സ്ഥലത്തെ അറിയുന്നു!" (റ്റി. എസ്. എലിയറ്റ്)


ഭാഗം മൂന്ന് 
മരണമെന്ന അന്ത്യാനുഭവത്തെ ഇപ്പോഴത്തെ നിമിഷത്തിലേക്ക് കൊണ്ടുവരുന്ന ഒരു കഴിവ് നിശിതാർത്ഥത്തിൽ ധ്യാനത്തിലൂടെ ആർജ്ജിക്കാവുന്നതാണ്. മരണം തലച്ചോറിന്റെ നാശമാണല്ലോ. ബോധത്തിന്റെ സ്ഥാനമായ തലച്ചോറാണ് മനുഷ്യന്റെ ഏറ്റവും വലിയ ഉപകരണം. എന്നാൽ അതേ സമയം, യഥാർഥ സ്വാതന്ത്ര്യത്തെ ഇച്ഛിക്കുന്നവർക്ക് അതൊരു ബന്ധനവുമാണ്. സഹസ്രാബ്ദങ്ങളുടെ തുടർച്ചയായ ഈ ബന്ധനത്തിൽനിന്നുള്ള വിടുതലാണ് മരണം. കാരണം, നമ്മൾ സ്വന്തമെന്നും വലുതെന്നും കരുതി സൂക്ഷിച്ചിരുന്നവയേയും (പേര്, പാരമ്പര്യം, സ്ഥാനം, സമ്പാദ്യം, പ്രശസ്തി), അഭിമുഖീകരിക്കേണ്ടി വരരുത് എന്ന് ഭയപ്പെട്ടിരുന്നവയേയും (നഷ്ടം, വിരഹം, ദുഃഖം, വേദന) ആണ് മരണം പാടേ മായിച്ചുകളയുന്നത്. അതേ ഫലമുണ്ടാകും ബോധത്തിന്റെ നിരന്തര ധാരയെ നിലയ്ക്കാനനുവദിക്കുമെങ്കിൽ. കാരണം, 'ഞാൻ' എന്ന ഭാവവും അതോടനുബന്ധിച്ചുള്ള ഇച്ഛാശക്തി, അധികാരക്കൊതി, അഭിമാനക്ഷതം, വെറുപ്പ്,  ദുരാഗ്രഹം, അസൂയ എന്നിവയും ബോധത്തിലാണ് ഉടലെടുക്കുന്നതും നിലകൊള്ളുന്നതും. ഈ ബോധത്തെ പിടിച്ചുനിറുത്തി ശുദ്ധീകരിക്കലാണ് ധ്യാനം എന്നയവസ്ഥ. ധ്യാനത്തിലൂടെ എല്ലാ വിധത്തിലും മുക്തനാകുന്നവന് പ്രകൃതിയുടെ ഭാഷ വശമാകും. അതാണ്‌ മുകളിൽ കുറിച്ച കൃഷ്ണമൂർത്തിയുടെ അനുഭവം പഠിപ്പിക്കുന്നത്. ആ അവസ്ഥയിൽ കിട്ടുന്ന തിരിച്ചറിവിൽ ഭാര്യ ഭര്ത്താവിനും മറിച്ചും, ജോലി ഉദ്യോഗസ്ഥനും എന്നപോലെതന്നെ ഭക്തന്/ഭക്തക്ക് സംപ്രീതനാക്കേണ്ട ദൈവവും അസ്വാതന്ത്ര്യമാണ് നല്കിയിരുന്നത് എന്ന് മനസ്സിലാകും. പ്രകൃതിയുടെ ഭാഷയറിയുമ്പോൾ, ആ ഭാഷയിൽ അനുവാദം ചോദിച്ചിട്ടല്ലാതെ, ഒരിലയെ അതിന്റെ ഔഷധാംശം ഉപയോഗിക്കാനായിപ്പോലും നാം മുറിച്ചെടുക്കില്ല. ഒരു ജീവനുമേലും നാം അധികാരം ചെലുത്തുകയില്ല. എന്നാൽ വളരെ ആശ്ചര്യകരമായി തോന്നുന്നതെന്തെന്നാൽ, മനുഷ്യൻറെ ധർമശാസ്ത്രങ്ങളെല്ലാംതന്നെ മിണ്ടാപ്രാണികളോടുള്ള ക്രൂരതയെപ്പറ്റി മൗനം പാലിക്കുന്നു!


ഇന്നാകട്ടെ സ്വന്തം സുരക്ഷക്കായി എന്ന വ്യാജേന മറ്റു മനുഷ്യരെയും ഒരു സമൂഹത്തെത്തന്നെയും അകറ്റി നിറുത്തുകയും വേണ്ടിവന്നാൽ ഇല്ലാതാക്കുകയും ചെയ്യാനുള്ള പ്രവണത ഏറിവരികയാണെന്ന് നമുക്കറിയാം. മനുഷ്യന്റെ ഈ ധാർഷ്ട്യമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ലജ്ജാകരമായ ജീർണത. ദളിതർ, സവർണർ, സ്വദേശികൾ, പരദേശികൾ, അന്യസംസ്ഥാനക്കാർ, അഭയാർഥികൾ, സ്വന്തക്കാർ, അപരിചിതർ എന്നുതുടങ്ങി നൂറുനൂറു വേര്തിരിവുകളുടെ ഉപയോഗം ഒഴിവാക്കാനാവാത്ത ഒരവസ്ഥയാണ് ഇന്നുള്ളത്. വ്യത്യസ്തമായി ജനിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും തങ്ങളുടെ ജീവിതസാഹചര്യങ്ങൾ ഇടയാക്കുന്നവരെ അസ്പൃശ്യരാക്കുന്ന രീതി അധമമാണ്. ഈ ഗ്രഹത്തിന് വെളിയിൽനിന്ന് മനുഷ്യരാശിയെ നിരീക്ഷിക്കുന്ന ഒരു ബുദ്ധിജീവിക്ക് മേല്പ്പറഞ്ഞ വ്യത്യസ്തതകൾ കണ്ണിൽപെടുകപോലുമില്ല. ബുദ്ധി വികസിച്ച ജീവികൾ ഈ പ്രപഞ്ചത്തിന്റെ പലേടങ്ങളിലും പരിണമിച്ച് ഉണ്ടായിട്ടുണ്ടാവാം. എന്നാൽ പരിണാമപ്രക്രിയ വച്ച് നോക്കിയാൽ നമ്മുടേതുപോലുള്ള മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ മാത്രമേ ഉണ്ടാവാൻ സാദ്ധ്യത തെളിയുന്നുള്ളൂ. അങ്ങനെയെങ്കിൽ അന്യംനിന്നുപോകാൻ വളരെ സാദ്ധ്യതയുള്ള ഒരു കൂട്ടമാണ്‌ നമ്മുടേതും. അതുകൊണ്ട്, എത്ര വ്യത്യസ്തനെന്നു തോന്നിയാലും, ഓരോ മനുഷ്യവ്യക്തിയും അനന്യനും അനർഘനുമാണ്. സഹസ്രകോടി സൗരയൂഥങ്ങളിൽ ഒന്നിൽപോലും നമ്മിൽ ആരുടെയെങ്കിലും മറ്റൊരു കോപ്പി ഉണ്ടാവില്ല. അപ്പോൾ ആരെന്നുമെന്തെന്നും കരുതാതെ, ഓരോ വ്യക്തിയും അങ്ങേയറ്റത്തെ ബഹുമാനത്തിന് അർഹനാണ്. എന്നാൽ സ്വന്തം ധിഷണയിൽ മതിമറന്ന്, അന്യചരാചരങ്ങളെ ഉപഭോഗദൃഷ്ടിയോടെ കാണുന്ന മനുഷ്യന് വഴിതെറ്റുന്നു. പ്രകൃതിയിലെല്ലാം താളാത്മകവും സ്വതസിദ്ധവുമായ ചൈതന്യപ്രവാഹത്തിന്റെ ഭാഗമാണ്. സ്വയം താളബദ്ധമായിത്തീർന്ന് അവയെ കണ്ടെത്തി അവയിൽ പങ്കുചേരാനനുവദിക്കുന്ന അന്തർമാപിനികൾ നമ്മിൽ പ്രവർത്തിക്കുക എന്നതാണ് ഐശ്വരസ്പർശം.  


ഭാഗം നാല് 
ഈശ്വരൻ എന്ന് പറയുമ്പോൾ എന്താണ് പ്രത്യക്ഷമാക്കപ്പെടുന്നതെന്ന് നോക്കാം. സങ്കുചിതമായ അർഥത്തിൽ, "മനുഷ്യന് ഇപ്പോഴുള്ള ദൈവസങ്കല്പത്തിലേക്ക് നയിച്ച വഴികളിലേക്ക് കണ്ണോടിച്ചാൽ കാണുന്നതിതാണ്: നമ്മുടെ ദൃശ്യാനുഭവത്തിനപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന കാരണങ്ങളുടെയെല്ലാം പിന്നിലെ ആദികാരണം എന്ന പൊതുനിഗമനമാണ് നമുക്ക് ദൈവം. അതിനൊരു ബഹുമാന്യസ്ഥാനം നല്കുമ്പോഴും, മനുഷ്യനത് ഒരാന്തരിക മാർഗദർശിയായി പരിണമിക്കുന്നില്ല. അതുവഴി സ്വന്തം അജ്ഞതക്കും ആത്മാന്ധകാരത്തിനും പേരിടുക മാത്രമാണ് നാം ചെയ്യുന്നത്. " (Paul Heinrich Dietrich). അതുകൊണ്ടാണ്   "അദൃശ്യനായ ഒരു ദൈവത്തിന് ഉപാസന ചെയ്യുന്നതോടൊപ്പം മനുഷ്യൻ ദൃശ്യമായ പ്രകൃതിയെ ഉപദ്രവിച്ചുകൊണ്ടുമിരിക്കുന്നത്. അവൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിതന്നെയാണ് അവനാരാധിക്കുന്ന ദൈവം എന്ന് തിരിച്ചറിയാത്ത ഈ ജീവവർഗ്ഗമാണ് ഏറ്റവും കൂടിയ ബുദ്ധിഭ്രമത്തിന് വശംവദമായി പെരുമാറുന്നത്." (Herbert Reeves)
വിപുലമായ അർഥത്തിലാകട്ടെ, ആകാശം, സമുദ്രം, മണലാരണ്യം, വന്മരങ്ങൾ, സുന്ദരീസുന്ദരന്മാരായ നാനാജാതി ജീവജാലങ്ങൾ, മനുഷ്യർ ... ഇവയുടെയെല്ലാം ആകെത്തുകയാണ് ഈശ്വരൻ എന്ന് പറയാം. ഈശ്വരനെ അന്വേഷിക്കുകയും വിശ്വപ്രപഞ്ചത്തിലെ മധുരോദാരഭാവങ്ങളെ കാണാതിരിക്കയും ചെയ്യുക കാപട്യമാണ് എന്ന് കൃഷ്ണമൂർത്തി പറഞ്ഞിട്ടുണ്ട്. ശരീരത്തിലെ ഓരോ ഭാഗത്തിനും അതിന്റെ കർത്തവ്യം അറിയാവുന്നതുപോലെ, പ്രപഞ്ചത്തിലെ ഓരോ കണികയ്ക്കും അതിന്റെ സ്ഥാനവും ചലനവുമറിയാം. അതാണ് പ്രപഞ്ചമനസ്സ്. പ്രപഞ്ചമനസ്സിന്റെ സ്വാവബോധമാണ് ദൈവം. അത് മറക്കുമ്പോൾ നമ്മൾ അരക്ഷിതരാകുന്നു. എന്തുകൊണ്ടാണ് ഗ്രഹങ്ങൾ അവയുടെ ഭ്രമണപഥത്തിൽനിന്ന് തെറിച്ചുപോകാത്തതും സൂര്യനിൽ ചെന്നിടിച്ച് ചാമ്പലാകാത്തതും? അവയുടെ ഭ്രമണം ഉളവാക്കുന്ന കേന്ദ്രപരാങ്മുഖശക്തി (centrifugal force) കാരണം. നമ്മിൽ പ്രവർത്തിക്കുന്ന centrifugal force ആണ് നമുക്ക് ഈശ്വരൻ.


നമ്മൾ തിരിച്ചറിയേണ്ടതും എന്നാൽ പൊതുവേ തിരിച്ചറിയാതെ പോകുന്നതുമായ മറ്റൊരു സത്യമുണ്ട്. അതിതാണ്: ജീവജാലങ്ങളുടെ സമത്വത്തെ അംഗീകരിക്കാത്ത ഏത് സ്വാതന്ത്ര്യവും ഈ ഈശ്വരസങ്കല്പത്തിന് നിരക്കുന്നതല്ല. പ്രപഞ്ചത്തിന്റെയും സമൂഹത്തിന്റെയും വ്യക്തിയുടെയും നിലനില്പിന് അനിവാര്യമായ പരക്ലേശവിവേകം സ്വായത്തമാകണമെങ്കിൽ വ്യക്തിമനസ്സെന്നപോലെ സമഷ്ടിമനസ്സും സംശുദ്ധമായിത്തീരണം.

ശ്രീമതി സുഗതകുമാരിയുടെ കാവ്യസ്വത്വത്തെ ഹൃദ്യമായി അപഗ്രഥിക്കുന്ന ഒരു ലേഖനം 2016 ജനുവരി അവസാനത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. അതിൽനിന്നൊരു ഭാഗം സംക്ഷിപ്തമായി താഴെ കൊടുക്കുന്നു: സകല ചരാചരങ്ങളുടെയും നിലനില്പിനെയും സമാധാനപരമായ സഹവർത്തിത്വത്തെയും സുസാധ്യമാക്കുന്ന ലോകാനുരാഗമാണ് ധർമം. ഈ ലോകാനുരാഗമാണ് പ്രപഞ്ചഘടനകളെ രജ്ഞിപ്പിക്കുന്ന മനുഷ്യനിലെ ശക്തിവിശേഷം. അത് സർവഭൂതസമഭാവനയാണ്. അതാണ്‌ മാനവസംസ്കാരത്തിന്റെ അന്തഃസത്ത. പരിപാലനയാണ് അതിന്റെ ധർമം. മനുഷ്യകർമം ധർമവിരുദ്ധമായാൽ സർവനാശമാകും ഫലം.
ഉപസംഹാരം: ആറ്റിങ്കരയിലിരുന്ന് കാലുകൾ വെള്ളത്തിലാഴ്ത്തി, ഒഴുക്കിനോടൊത്ത് അൽപനേരം മൂളിക്കൊണ്ടിരിക്കൂ. അതുണ്ടാക്കുന്ന രസാനുഭൂതിയും ദിനപ്പത്രത്തിന്റെ അല്ലെങ്കിൽ റ്റിവിയുടെ മുമ്പിലിരുന്ന് അതിൽ പടച്ചുവിടുന്ന കോമാളിത്തരങ്ങൾ കാണുന്നതും കേൾക്കുന്നതുമായി ഒന്ന് തട്ടിച്ചു നോക്കുക. കിംവദന്തികളിൽ പെട്ടുപോകുന്ന പ്രേക്ഷകൻ ആത്മശൂന്യതയിൽ ആണ്ടുപോകുകയാണ് ചെയ്യുന്നത്. മനസ്സ് അശുദ്ധമാക്കപ്പെടുന്നു. മഹത്തായ മനസ്സെന്നു പറയുന്നത് ഏറ്റവും മൃദുലമായതാണ്. പ്രപഞ്ചത്തിന്റെ സ്വായത്തമായ പരിണാമം കാഠിന്യത്തിൽ നിന്ന് ലോലതയിലേക്കും സങ്കീർണതയിൽ നിന്ന് സരളതയിലേക്കുമാണ്. എന്നാൽ ആധുനിക മനുഷ്യന്റെ കാര്യം നേരേ തിരിച്ചാണ്. സത്തയിൽ നാം മറ്റെല്ലാറ്റിനോടും ബന്ധപ്പെട്ടിരിക്കുന്നെന്നറിയുമ്പോഴും അതിനനുസരണമുള്ള  ജീവിതോന്നമനത്തിന് ആ  അറിവ് ഉത്തേജനമാകുന്നില്ല. അശുദ്ധമായ മനസ്സ് നിരന്തരം സർവസത്തസമഭാവനയെ നിഷേധിച്ചുകൊണ്ടിരിക്കും. ശുദ്ധമായ മനസ്സെന്നത് അധിക വായനയും യുക്തിവിചാരവും നടത്തുന്നവരുടേതല്ല. അത്തരക്കാരുടെ അതിബുദ്ധി കൂർമ്മതയുള്ളതായിരിക്കാം. പക്ഷേ, മൂർച്ചയുള്ളത് മൃദുലമായ സത്തയെ മുറിപ്പെടുത്തും, നശിപ്പിക്കും. ആൾക്കൂട്ടത്തിന്റെ ഉപരിപ്ലവതയിൽ ആണ്ടുപോകുകയാണിവർ. പക്വമായ അവബോധത്തിലെത്താൻ വ്യക്തിക്കേ കഴിയൂ. കാരണം, ഓഷോ ഓർമിപ്പിക്കുന്നതുപോലെ, ജനക്കൂട്ടം പരത്തുന്നത് ഇരുട്ടും സംഭ്രാന്തിയുമാണ്.
   

തലപുകഞ്ഞ് ഒന്നും പഠിക്കേണ്ടതില്ല; മനഃശുദ്ധിയുണ്ടായാൽ മതി. അപ്പോൾ അവിടെ നിറയേണ്ടത്‌ നിറയും എന്നാണ് ശ്രീബുദ്ധൻ കണ്ടെത്തിയത്.

Monday, 15 February 2016

ശ്മശാനത്തിലെ തണൽമരങ്ങൾ

രാവിലെ വീട്ടിൽ നിന്നിറങ്ങും, വൈകി വീട്ടിൽ തിരിച്ചെത്തും - അതാണു സാമുവേലിന്റെ പതിവ്. പൊതു ഒഴിവു ദിവസങ്ങളിലല്ലാതെ സ്വന്തം മക്കൾ സാമുവേലിനെ വെളിച്ചത്തു കണ്ടിരിക്കാനിടയില്ല. 
അദ്ദേഹത്തെ അറിയുന്നവർ മിക്കവരും ചിന്തിച്ചത്, ഇങ്ങിനെ പട്ടി നടക്കുന്നതു പോലെ വെളുക്കുമ്പോൾ മുതൽ നടന്നിട്ടാർക്കെന്തു പ്രയോജനമെന്നാണ്. അദ്ദേഹത്തിന്റെ കോൺഗ്രസ്സിനും ഇയ്യാളേക്കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുമെന്ന് വിചാരിക്കുന്നവരും ആ നാട്ടിൽ ആരുമില്ലായിരുന്നു. സാമുവേൽ പ്രസംഗിക്കില്ല, വെടിപ്പുള്ള വസ്ത്രവും ധരിക്കാറില്ല, ആരോടും അങ്ങിനെ സംസാരിക്കാറുമില്ല. ഇപ്പോ ബ്ലോക്ക് കമ്മറ്റിയിലാണ് - അവിടെ തന്നെ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി താനും. 
അങ്ങേരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെങ്കിലും ഒന്നു മൽസരിപ്പിക്കണമെന്ന് ബ്ലോക്ക് കമ്മറ്റിയിലെ ആർക്കെങ്കിലും ആഗ്രഹമില്ലാഞ്ഞിട്ടല്ല, അദ്ദേഹത്തിന് മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നിട്ടുള്ളത്. എത്രയോ പ്രാവശ്യം സാമുവേൽ മൽസരിക്കേണ്ട വാർഡു നിശ്ചയിച്ചു ബ്ലോക്ക് പ്രസിഡന്റുമാർ സാമുവേലിനോട് പറഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം മൽസരിപ്പിക്കണമെന്നു തീരുമാനിച്ചിരിക്കുമ്പോഴായിരിക്കും കെ പി സി സി യിൽ നിന്ന് റെക്കമെന്റേഷൻ വരിക. 
സാമുവേൽ ആരോടും വഴക്കിനു പോകാത്തതു കൊണ്ടോ, ബാനർ കെട്ടാനും കൊടി പിടിക്കാനും മുന്നിൽ നില്കുന്നത് കൊണ്ടോവല്ല എല്ലാവർക്കും സാമുവേലിനോടു സ്നേഹം. 
പൊതു ജനങ്ങളിൽ നിന്നുള്ള പരാതികളുണ്ടല്ലോ, അതു ഹാന്റിൽ ചെയ്യാൻ സാമുവേൽ വേണം - എല്ലാവർക്കും. 
സാമുവേലിനെ ഒരു കേസ് ഏൽപ്പിച്ചാൽ അതിനു പിന്നാലെ ഒരു മിനിസ്റ്ററും പോകേണ്ടി വരില്ല. പല തവണ കേറിയിറങ്ങിയിറങ്ങി ജില്ലയിലെ സർവ്വ  ഗവ. ഓഫീസുകളൂടേയും പടികൾക്കു പോലും സാമുവേലിന്റെ റബ്ബർ ചെരിപ്പിന്റെ സ്പർശനം നിശ്ചയം.
ഇത്രയുമെങ്കിലും സാമുവേലെന്ന നാൽപ്പത്തഞ്ചുകാരനേപ്പറ്റി പറഞ്ഞാലേ, പള്ളിമുറിയിൽ വെച്ചു നടന്ന വഴക്കിനെപ്പറ്റി വായനക്കാർക്ക് എന്തെങ്കിലും മനസ്സിലാകൂ. 
സാമുവേൽ പള്ളിയിൽ പോകാറില്ല. അന്നു പള്ളിമുറിയിൽ പോയത്, ഒരു കോളണിക്കാരത്തിയുടെ ശവസംസ്കാരം പ്രമാണിച്ച്.
സാമുവേൽ ഏറെ അകലെയല്ലാത്ത മരിച്ച വീട്ടിൽ ചെന്നപ്പോൾ അവിടെ വലിയ കുശുകുശുപ്പു നടക്കുന്നു. തള്ളയെ പഞ്ചായത്ത് ശ്മശാനത്തിൽ അടക്കുന്ന കാര്യമാണു ചർച്ച. തള്ളയുടെ മകൻ ദാനിയേൽ ഒരു കോൺഗ്രസ്സ് അനുഭാവിയാണ്. അതുകൊണ്ടാണ് തള്ള മരിച്ചതറിഞ്ഞപ്പോഴേ അദ്ദേഹം ഓടി വന്നത്. അദ്ദേഹം ദാനിയേലിനെ വിളിച്ചു കാര്യം ചോദിച്ചു,
"അമ്മ ഈ ഇടവകക്കാരത്തിയല്ലേ, അപ്പോ പള്ളിയിലല്ലേ അടക്കേണ്ടത്. നീ ഒരൊറ്റ മകനല്ലേയുള്ളൂ, നിനക്കൊരമ്മയല്ലേ ഉള്ളൂ. അപ്പനില്ലാത്തപ്പോൾ നീയല്ലേ ഇതെല്ലാം കണ്ടു ചെയ്യേണ്ടത്?" അൽപ്പനേരത്തെ നിശ്ശബ്ദതക്കു ശേഷം ദാനിയേൽ പറഞ്ഞു.
"അതേയ് ........, അമ്മ മരിക്കുന്നതിനു മുമ്പ് പണ്ടാരപ്പടിയിലെ പഞ്ചായത്ത് ശ്മശാനത്തിൽ അടക്കിയാൽ മതിയെന്നു പറഞ്ഞിട്ടുണ്ടായിരുന്നു." ദാനിയേൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"പറഞ്ഞേപ്പിക്കാൻ, അമ്മ പെട്ടന്നല്ലേ മരിച്ചത്?" സാമുവേൽ ചോദിച്ചു. 
"നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു." ദാനിയേൽ പറഞ്ഞു. ദാനിയേൽ സാമുവേലിന്റെ മുഖത്തേക്കു നോക്കാതെയാണ്‌ സംസാരിച്ചത്.
"എടാ പറഞ്ഞേപ്പിക്കാൻ നിനക്ക് പതിനെട്ടു തികഞ്ഞിട്ടു നാലു വർഷമല്ലേ ആയിട്ടുള്ളൂ? നീ പള്ളിലച്ചനോട് പറഞ്ഞാരുന്നോ? അച്ചൻ വരേണ്ടതായിരുന്നല്ലൊ!" സാമുവേൽ ചോദിച്ചു. അതിനു ദാനിയേൽ മറുപടി പറഞ്ഞില്ല. മുഖമുയർത്തി നോക്കിയപ്പോൾ കാര്യം മനസ്സിലായതുപോലെ സാമുവേലിന്റെ മുഖത്തൊരു പുഞ്ചിരി.
"ഞങ്ങൾ പള്ളിയിലിത്തിരി കാശു കൊടുക്കാനുണ്ട്, അതു കൊടുത്താലെ വീട്ടി വരൂന്നാ അച്ചൻ പറഞ്ഞത്." ഇത് പറയുമ്പോൾ ദാനിയേലിന്റെ മുഖം വാടിയിരുന്നു. അവൻ വിതുമ്പുന്നതുപോലെ സാമുവേലിന് തോന്നി.
"നിന്റെ അപ്പൻ മരിച്ചത് പള്ളിയുടെ മുകളീന്നു വീണല്ലേ? അച്ചനങ്ങിനെ പറയാൻ വകുപ്പില്ലല്ലോ! എത്ര കുടിശ്ശിഖയുണ്ടെന്നാ അച്ചൻ പറഞ്ഞത്?"
"ഇരുപത്തയ്യായിരം ... അത് പള്ളി പണിതപ്പം തലവരി ഇട്ടതാ. അതിൽ രണ്ടായിരം അപ്പന്റെ പണിക്കൂലിയിനത്തിൽ പിടിച്ചിട്ടുമുണ്ട്." 
"അത് തന്നാലേ അമ്മയെ അടക്കാൻ പറ്റൂള്ളൂവെന്നച്ചൻ പറഞ്ഞോ?" സാമുവേൽ ചോദിച്ചു.
"അങ്ങിനെ പറഞ്ഞില്ല, തരണം എന്ന് പറഞ്ഞു." ദാനിയേൽ പറഞ്ഞു.
"അത്രേയുള്ളോ? എന്നാപ്പിന്നെ നീ പഞ്ചായത്തുകാരെ കാണാൻ പോകണ്ട. പള്ളിയിലടക്കാനുള്ള പണി നോക്ക്." സാമുവേൽ പറഞ്ഞു.
"പക്ഷേ, ഇന്നിത്രയുമായിട്ടും പള്ളീന്നാരും വന്നില്ല." ദാനിയേൽ അത് പറഞ്ഞപ്പോളാണ് സംഗതി അല്പ്പം ഗൗരവമുള്ളതാണല്ലോയെന്ന് സാമുവേലിനും തോന്നിയത്. 
സന്ധ്യ കഴിഞ്ഞിരിക്കുന്നു, ഇതാണു കാര്യമെന്ന് പറഞ്ഞ് ആരോടും കാശു മേടിക്കാനും പറ്റില്ല. അങ്ങിനെ താൻ ആരോടെങ്കിലും പറഞ്ഞാലതു പള്ളിക്കാർക്കപമാനമാകും. എന്താണൊരു വഴി? സാമുവേൽ ചിന്തിച്ചു. 
തന്റെ കൈയ്യിലും പണമില്ല, ഭാര്യ മേരിയുടെ കൈയ്യിലും പണമില്ല. അവളുടെ അവശേഷിക്കുന്ന ഒരു മാല പണയം വെയ്കാമെന്നു വെച്ചാൽ സമയവും പോയി. സാമുവേലിനറിയാം, താൻ പണം ചോദിച്ചാൽ ആരും കടം തരാൻ ഇടയില്ലെന്ന്. 
ഈ രാത്രിയിലെങ്കിലും ഒരു തീരുമാനമുണ്ടായില്ലെങ്കിൽ ദാനിയേലിന്റെ അമ്മയുടെ ശവം പഞ്ചായത്ത് കുഴിയിലേക്കു പോകും. 
ഇത്രയും തുക ഒന്നിച്ചെടുക്കാനുള്ളവർ ആ കോളനിയിലും ആരുമില്ല. അതുകൊണ്ടായിരുന്നു ദാനിയേൽ ഇങ്ങിനെയൊരു നുണ മെനഞ്ഞതെന്നു സാമുവേലിന് മനസ്സിലായി.
സാമുവേൽ നേരെ പള്ളി മുറിയിലേക്ക് നടന്നു. 
അച്ചനുമായുള്ള അനുരജ്ഞന സംഭാഷണം തുടങ്ങിയതു ശാന്തമായിട്ടായിരുന്നു.
"അയാളതിന്റെ നാലിലൊന്നെങ്കിലും തന്നിരുന്നെങ്കിൽ ഞാനിതു പറയില്ലായിരുന്നു." അച്ചൻ പറഞ്ഞു.
"അതിനാ പെമ്പ്രന്നോത്തിയുടെ കെട്ടിയോൻ പള്ളി മുറ്റത്തു വീണു മരിച്ചപ്പോൾ നിങ്ങളും സഹായമൊന്നും ചെയ്തില്ലല്ലോ!" സാമുവേൽ ഇത് പറഞ്ഞത് അച്ചനിഷ്ടപ്പെട്ടില്ല.
"പള്ളീം പട്ടക്കാരനുമില്ലാതെ പാർട്ടീം കളിച്ചു നടക്കുന്ന താനച്ചന്മാരെ പഠിപ്പിക്കണ്ടാ." അച്ചനീപ്പറഞ്ഞത്‌  സാമുവേലിനും ഇഷ്ടപ്പെട്ടില്ല. 
"ഇരുപത്തിമൂവായിരം കിട്ടിയാൽ അച്ചന്റെ പ്രശ്നം തീരുവോ?" സാമുവേൽ ചോദിച്ചു.
"അഞ്ചേലും തികച്ചു കിട്ടിയാലെ അടക്കു പള്ളി സെമിത്തേരിയിൽ നടത്തണമെന്നു കമ്മറ്റിക്കാരോടു പറയാനൊക്കൂ. അതാ പ്രശ്നം!ബാക്കി ദാനിയേലിന്റെ കല്യാണത്തിനു മുമ്പ് തന്നോളുമെന്നു ഞാൻ പറയാം." അച്ചൻ പറഞ്ഞു നിർത്തി.
ആരും ഒന്നും പറയാതെ കണ്ണിൽ കണ്ണിൽ നോക്കി അൽപ്പനേരം നിന്നു. ഇങ്ങിനെയൊരു വ്യവസ്ഥ വെച്ചു ദാനിയേലിന്റെ അമ്മയെ പള്ളിയിൽ അടക്കണോയെന്നാണ്  സാമുവേൽ ആലോചിച്ചുകൊണ്ടിരുന്നത്. സാമുവേൽ മടങ്ങി പോകാനായി തിരിഞ്ഞു.
"കാര്യം പറ." അച്ചൻ പറഞ്ഞു. സാമുവേൽ അച്ചനെ രൂക്ഷമായിട്ടൊന്നു നോക്കി.
"അതു വേണ്ടച്ചോ. അവൻ സ്ത്രീധനം വാങ്ങിക്കാതെയാണു കെട്ടുന്നതെങ്കിൽ അന്നിതിലും വലിയ പൊല്ലാപ്പാവും." സാമുവേൽ പറഞ്ഞു. 
സാമുവേൽ മുറിയുടെ പടിയിറങ്ങി നടന്നു.
"സാമുവേലെ!" അച്ചൻ പിന്നിൽ നിന്നു വിളിക്കുന്നത് സാമുവേൽ കേട്ടു, പക്ഷെ തിരിഞ്ഞു നോക്കിയില്ല. 
പണ്ടാരപ്പടി ശ്മശാനത്തിലെ തണൽ തന്നെയായിരിക്കണം ദാനിയേലിന്റെ അമ്മക്കു നല്ലതെന്നാണ് സാമുവേൽ അപ്പോൾ ചിന്തിച്ചുകൊണ്ടിരുന്നത്. 
ആദ്യമായിട്ടായിരുന്നു സാധിക്കാവുന്ന ഒരു കാര്യം വേണ്ടെന്നു വെച്ചു സാമുവേൽ മടങ്ങുന്നത്. 

Saturday, 13 February 2016

ഭഗവാന്റെ ലീലാവിലാസം!

ഗോപാലകൃഷ്ണനോളം ദൗർഭാഗ്യവാനായ ഒരു മനുഷ്യനെ ആരും ഇന്നേവരെ കണ്ടിട്ടുണ്ടാവില്ല. സാധാരണ എല്ലാവരും ശിക്ഷ മേടിക്കുന്നത് കുറ്റം ചെയ്തിട്ടാണെങ്കിൽ ഇവിടെ പാവം ശിക്ഷ മേടിച്ചത് കുറ്റം ചെയ്യാതെയാണെന്നതാണു സത്യം. 
ഒരു കാരണവും ഇല്ലായെന്ന് പറയാനാവില്ല, പക്ഷേ, അനുഭവിക്കേണ്ടി വന്നതിനു മാത്രം അപരാധങ്ങൾ അയാൾ  ചെയ്തിട്ടില്ല.
പട്ടാളത്തിൽ ഇന്റർവ്യൂവിനു വിളിച്ചാൽ പോകണ്ടേ? 
പോകണം, പക്ഷേ പോയതു വീട്ടിൽ പറഞ്ഞിട്ടായിരുന്നില്ലായെന്നത് അത്ര വലിയ തെറ്റാണോ? ഗോപാലകൃഷ്ണൻ പ്ലസ്‌ റ്റൂവും കഴിഞ്ഞു നിരവധി സ്ഥാപനങ്ങളിൽ ജോലിക്കപേക്ഷിച്ചു ബുദ്ധിമുട്ടിയ കാലം. തിരുവനന്തപുരം മുതൽ ഡൽഹിവരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഗോപാലകൃഷ്ണന്റെ റെസ്യും എത്തിയെന്ന് പറയാം. ആദ്യം താഴ്ന്ന ജോലിയാണ്‌ കിട്ടുന്നതെങ്കിൽ അതുപേക്ഷിച്ചിട്ട് വലിയ ജോലിയിൽ കയറാമല്ലോയെന്നു തന്നെയാണ് ഗോപാലകൃഷ്ണൻ കണക്കു കൂട്ടിയത്. 
ആദ്യം തന്നെ വല്യ ജോലി കിട്ടുക സ്വാഭാവികമല്ലെന്നും ഗോപാലകൃഷ്ണനറിയാമായിരുന്നു.
ലൈബ്രറി സന്ദർശനത്തിലൂടെ ഭാരതത്തിലുള്ള എല്ലാ കമ്പനികളിലേയും ജോലി ഒഴിവുകൾ ഗോപാലകൃഷ്ണനറിയാൻ സാധിക്കുന്നുണ്ടായിരുന്നു. 
വീടിന്റെ തൊട്ടടുത്തു പബ്ലിക് ലൈബ്രറി വന്നത് ദൈവാനുഗ്രഹമെന്നു തന്നെ കരുതി നാല്പ്പത്തിയൊന്നിനു പകരം അമ്പത്തിയാറു ദിവസത്തെ നോയമ്പുമെടുത്തു ശബരിമലക്കു പോയ ഗോപാലകൃഷ്ണൻ അശുഭമായതൊന്നും ജീവിതത്തിൽ പ്രതീക്ഷിച്ചില്ല. 
ഗോപാലകൃഷ്ണനറിയാമായിരുന്നു, ഈ ഏതാനും ദിവസങ്ങളെ എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കാനായി തനിക്കുള്ളൂവെന്ന്. അത് കൊണ്ട് രാവിലെ കാപ്പികുടി കഴിയുമ്പോഴേ ഒന്നുകിൽ വായനശാലയിൽ അല്ലെങ്കിൽ ആളുകൂടുന്ന കിഴക്കേ അമ്പലക്കവലയിലെ കലുങ്കിൽ ഗോപാലകൃഷ്ണനെ കാണാമായിരുന്നു.
കാര്യങ്ങൾ മതിയായത്ര ദീർഘവീക്ഷണത്തോടെ കാണാൻ അച്ചനുമമ്മക്കും കഴിഞ്ഞില്ല; അതു ഗോപാലകൃഷ്ണന്റെ തെറ്റാകുന്നതെങ്ങിനെ? 
എലാ ദിവസവും വിളക്കു വെയ്കുന്നതിനു മുമ്പ്  ഗോപാലകൃഷ്ണൻ വീട്ടിൽ വരും, നാമം ജപിക്കുന്നതിനു മുമ്പ് അഞ്ചു മിനിറ്റെങ്കിലും അമ്മ നാല് ദിക്കും മുഴങ്ങെ നാല് പ്രാക്ക് പ്രാകുകയും ചെയ്യുമായിരുന്നു.
'കുടുംബം വെളുപ്പിക്കാൻ ഒരു പൊട്ടൻ!' ഇതായിരിക്കുമായിരുന്നു അമ്മയുടെ അവസാനത്തെ സൂക്തം.
ഒരു മറുവാക്കു പറയാതെ ഗോപാലകൃഷ്ണൻ എല്ലാം സഹിക്കുമായിരുന്നു. അതും ഒരിക്കലും തെറ്റായിരിക്കാൻ ഇടയില്ലല്ലോ!
രാവിലെ പത്രവാർത്തകൾ മുഴുവൻ തലയിൽ കുത്തിക്കൊള്ളിച്ച് അതു വിതരണം ചെയ്യാൻ പോകുമ്പോൾ ഏതാണ്ട് ഒന്പതര കഴിയും. ആ സമയത്താണ് വടക്കെമുനയത്തെ ശാരദ കംപ്യുട്ടറ് പഠിക്കാൻ സുക്കർബെർഗ് ഇന്സ്ടിട്യുട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലെത്തുക. കണ്ടക്ടർ കരുണാകരന്റെ പെങ്ങളാണ്; ഇങ്ങോട്ടു ചിരിച്ചു കാണിക്കുമ്പോൾ അങ്ങോട്ടും ചിരിച്ചു കാണിക്കാതിരിക്കുന്നതല്ലേ തെറ്റ്? അങ്ങിനെയും ഒരു തെറ്റു ഗോപാലകൃഷ്ണൻ ചെയ്തില്ല.
ഗോപാലകൃഷ്ണൻ ആകെ ചെയ്ത തെറ്റ് പട്ടാളത്തിൽ സെലക്ഷൻ കിട്ടിയ കാര്യം ആരോടും പറഞ്ഞില്ലായെന്നതാണ്. എന്നും തന്നെ പൊട്ടാ പൊട്ടായെന്നു വിളിക്കുന്ന അമ്മയോടും അതിനെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനോടും ഗോപാലകൃഷ്ണന്റെയുള്ളിൽ കടുത്ത അമർഷമുണ്ടായിരുന്നുവെന്നു ഗോപാലകൃഷ്ണൻ തിരിച്ചറിഞ്ഞത് ജോയിനിംഗ് ഓർഡർ കയ്യിൽ കിട്ടിയപ്പോഴാണ്. 
പോസ്റ്റ് മാൻ കഴിഞ്ഞാൽ, ഈ ഓർഡർ കാണാൻ ഭാഗ്യം ലഭിച്ചത് ആ നാട്ടിൽ ഒരേയൊരാൾക്കു മാത്രം, ചായക്കടകാരൻ സുഗുണന്. സുഗുണനെ മാത്രം ഓർഡർ കാണിച്ചതിനും കാര്യമുണ്ട് - പറ്റെല്ലാം ഉടൻ തീർക്കുമെന്ന സന്ദേശം അയാൾക്ക്‌ കൊടുക്കാതിരിക്കാൻ ആവില്ലായിരുന്നു. ആ സുഗുണനോട് മൂവായിരം രൂപയും കടം വാങ്ങിക്കൊണ്ടാണ്, ഗോപാലകൃഷ്ണൻ ജോലിക്കു ചേരാൻ വണ്ടി കയറിയത്. സുഗുണനെന്തിനാ ചോദിച്ച പണം ചോദിച്ചപ്പോഴേ എടുത്തു തന്നതെന്ന് മനസ്സിലാക്കാനുള്ള പക്വത ഗോപാലകൃഷ്ണനുണ്ടായിരുന്നില്ല. ആരോടും പറയാതെയല്ലേ മമ്മൂട്ടിയും ചെന്നൈക്ക് ജോലി തേടി പോയതെന്നു സുഗുണൻ പറഞ്ഞതിന്റെ ഉദ്ദേശ്യവും ഗോപാലകൃഷ്ണന് മനസ്സിലായിട്ടുണ്ടായിരുന്നില്ല. 
വണ്ടി തിരുവനന്തപുരത്തെത്തുന്നതിനു മുമ്പേതന്നെ ആയിരത്തിയഞ്ഞൂറു രൂപക്ക് വാങ്ങിയ നോക്കിയാ മൊബൈലിലേക്ക് ഡയറിയിലുള്ള എല്ലാ ഫോൺ നമ്പറുകളും ഗോപാലകൃഷ്ണൻ പകർത്തിയിരുന്നു. 
അച്ഛനെ വിളിക്കുന്നതിനു മുമ്പ് സുഗുണനെ വിളിച്ചു ഫോൺ ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചത് എങ്ങിനെ തെറ്റാകും?
ഒരു തെറ്റും ചെയ്യാത്ത ഗോപാലകൃഷ്ണൻ ആദ്യം അറിഞ്ഞത് ശാരദ അവിഹിത ഗർഭം ധരിച്ചിരിക്കുന്നുവെന്ന വാർത്തയാണ്. ആ വാർത്ത കാട്ടു തീയേക്കാൾ വേഗത്തിലാണ് നാടു മുഴുവൻ പ്രചരിക്കുന്നതെന്നും സുഗുണൻ പറഞ്ഞു; ഇനി ഇങ്ങോട്ടു വരാതിരിക്കുകയാ നല്ലതെന്നും സുഗുണൻ ഉപദേശിച്ചു. ഗോപാലകൃഷ്ണന് ഒന്നും മനസ്സിലായില്ല. തന്റെ പേരാണ് നാട്ടുകാർ  പറയുന്നതെന്ന് സുഗുണൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി.
ഗോപാലകൃഷ്ണന്റെ തിരോധാനം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നതും സുഗുണനായിരുന്നു. ഗോപാലകൃഷ്ണനെ സംശയിക്കാൻ കാരണമുണ്ടെന്നാദ്യം പറഞ്ഞതും സുഗുണനായിരുന്നു. ഒരിക്കലും മുടങ്ങാതെ വായനശാലയിൽ എത്തുമായിരുന്ന ഗോപാലകൃഷ്ണന്റെ പെട്ടെന്നുള്ള തിരോധാനം എല്ലാവരേയും അമ്പരപ്പിച്ചുവന്നു പറയാതെ വയ്യ. എല്ലാവരും മൂക്കത്ത് വിരൽ വെച്ചു. 
എല്ലാവരുടേയും ആത്മഗതങ്ങൾ ഒരേപോലെയിരുന്നു - 'അവനിത്ര ഭയങ്കരനാണെന്നോർത്തില്ല!' 

എന്ത് നന്മ ചെയ്തിട്ടാ ഈ അപവാദം തന്റെ തലയിൽ നിന്നൊഴിയാനൊരു വഴിയുണ്ടായതെന്നു സുഗുണനോ, എന്ത് തെറ്റു ചെയ്തിട്ടാ ഇങ്ങിനെയൊരപവാദം കേൾക്കേണ്ടി വന്നതെന്ന് ഗോപാലകൃഷ്ണനോ മനസ്സിലായില്ല. 
ഭഗവാന്റെ ലീലാവിലാസം! അല്ലാതെന്തു പറയാൻ?

Monday, 8 February 2016

കണ്ടവരുണ്ടോ?


ദർശന തിരുന്നാളുകഴിഞ്ഞു പിറ്റേന്നു തിങ്കളാഴ്ച്ച വൈകിട്ടു കൂടിയ അവലോകന കമ്മറ്റിയായിരുന്നു നടന്നുകൊണ്ടിരുന്നത്.
"പെരുന്നാളിത്തിരി കൂടിപ്പോയോന്നു സംശയം!" പറഞ്ഞത് സ്കറിയാച്ചൻ
"എവിടെ? നിലാത്തിരി വറീത് ആറ്റിനക്കരെ വല്യ പള്ളീൽ നടത്തിയ പെരുന്നാളിനു ഞാൻ പോയതാ. എന്താരുന്നു ഇല്ല്യുമിനേഷൻ? നമ്മൾ പള്ളിയുടെ മുഖവാരവും, പള്ളി മതിലും, പള്ളി മുറിയും, ഗ്രോട്ടോയും, പള്ളിക്കകവും, അൾത്താരയും മാത്രമല്ലേ  ലൈറ്റ് ഇട്ടുള്ളൂ?" മറുപടി പറഞ്ഞത് ഒന്നാം കൈക്കാരാൻ ഇല്ല്യാസ്. ഇല്ല്യാസ് അൽപ്പം അകത്താക്കിയിട്ടുണ്ടോയെന്നു വികാരിച്ചനു തോന്നി, പക്ഷേ മിണ്ടിയില്ല. പ്രസുദേന്തിയുടെയും കൂടി ആളാണ്‌ ഇല്ല്യാസെന്നു വികാരിയച്ചനറിയാമായിരുന്നു. എതിരു പറഞ്ഞാൽ മനുവതേറ്റെടുക്കും. അയാളുടെ കാലേകൈയ്യേൽ പിടിച്ചപ്പോഴാ ഇപ്രാവശ്യത്തെ അമ്പ്‌ പെരുന്നാൾ അയാളേറ്റതെന്നു വികാരിയച്ചനറിയാമായിരുന്നു. 
മനുവിന് നാല് പേരുടെ മുമ്പിൽ ആളാകണമെന്നല്ലാതെ മറ്റൊന്നുമില്ലെന്നും വികാരിയച്ചനറിയാമായിരുന്നു. 
ഇട്ടു മൂടാൻ സ്വത്ത്; സ്വന്തം ഫിനാൻസ് സ്ഥാപനം. കട്ടും പിടിച്ചുപറിച്ചും ഉണ്ടാക്കുന്ന പണം പള്ളിക്കു വേണ്ടായെന്നു പറഞ്ഞുകൊണ്ടിരുന്നാൽ കാര്യം നടക്കില്ലെന്നും വികാരിയച്ചനറിയാമായിരുന്നു. എന്തും മുഖത്തു നോക്കി പറയാനും മനു മടിക്കില്ലായിരുന്നു. അയാളുടെ അപ്പനും മുറ്റു വർത്തമാനം പറയുന്നതിൽ  ഒട്ടും പിന്നിലല്ലായിരുന്നുവല്ലോയെന്നു വികാരിയച്ചൻ ഓർത്തു. 
മാത്രമല്ല, ഇതു പെരുന്നാൾ അവലോകന കമ്മറ്റിയാണ് - ഓരോരുത്തരും ഞാനില്ലായിരുന്നെങ്കിൽ പെരുന്നാൾ അലങ്കോലമായേനെയെന്ന് ചിന്തിക്കുന്നവരും. അവരെന്താണ് വിളിച്ചു കൂവുന്നതെന്ന് ദൈവത്തിനു പോലും അറിയാമായിരിക്കണമെന്നുമില്ല. വികാരിയച്ചൻ എല്ലാം നിശ്ശബ്ദം കേട്ടു കൊണ്ടിരുന്നു.
"ഒന്പതാം വാർഡുകാരു കലക്കി; രണ്ടു ഫർല്ലോന്ഗ് നീളത്തിൽ ഇരുവശവും ബൾബുകൾ കൊണ്ടലങ്കരിച്ചിരുന്നു." ഒരാൾ പറഞ്ഞു.
"കണക്കാ...അവരു മെയിൻ റോഡ്‌ ബ്ലോക്കാക്കിയാ പ്രദക്ഷിണം കൊണ്ടു പോയത്." മറ്റൊരാൾ 
"അതെങ്ങിനാ? എല്ലാരും പ്രദക്ഷിണത്തിനു വന്നാൽ റോഡു നിറയില്ലേ? വണ്ടിക്കാരോട് പഞ്ചായത്താഫീസിന്റെ അവിടെ നിന്നു  തിരിഞ്ഞു പോകാൻ പോലീസ് പറയുന്നുണ്ടായിരുന്നല്ലൊ!" പറഞ്ഞത് ഒന്പതാം വാർഡുകാരൻ തന്നെയായിരുന്നു. 
ചർച്ച തുടർന്നു; നാടകത്തേപ്പറ്റി, ശിങ്കാരമേളക്കാരെപ്പറ്റി, ബാന്റുകാരെപ്പറ്റി, പെട്ടിക്കടക്കാരെപ്പറ്റി, കുടയെടുത്തവരേപ്പറ്റി, നേർച്ച വരവിനേപ്പറ്റി, ധ്യാനഗുരുവിന്റെ പ്രസംഗത്തെപ്പറ്റി, പാട്ടുകാരേപ്പറ്റി, ഉച്ചഭാഷണിയേപ്പറ്റി, വെടിക്കെട്ടിനേപ്പറ്റി..... എല്ലാറ്റിനേയും പറ്റി. ഒരിടത്തും ഒരു കുറവും വരാതെ മനു നോക്കിയെന്ന അഭിപ്രായമായിരുന്നെല്ലാവർക്കും. 
അവലോകനം പെട്ടെന്നു തന്നെ അവസാനിച്ചു; പ്രസുദേന്തിക്കു വേണ്ടി എല്ലാവരോടും വികാരിയച്ചൻ നന്ദിയും പറഞ്ഞു.
തുടർന്നു നടക്കുന്ന സദ്യയിൽ പങ്കെടുത്തു പിരിയാനുള്ള തിരക്കിലായിരുന്നെല്ലാവരും.
യോഗം കഴിഞ്ഞു ഹാളിന്റെ പുറത്തേക്കു നടന്ന വികാരിയച്ചനെ കാത്ത് കപ്യാരു പുറത്തു നിൽപ്പുണ്ടായിരുന്നു.
"അച്ചാ നമ്മുടെ പുണ്യാളനെ കാണാനില്ല." കപ്യാരു പറഞ്ഞു.
"ഏതു പുണ്യവാളൻ?" അച്ചൻ ആകംക്ഷാപൂർവ്വം ചോദിച്ചു.
"പള്ളിക്കകത്തുണ്ടായിരുന്ന വല്യ രൂപക്കൂട്ടിലെ പുണ്യവാളൻ." കപ്യാരു പറഞ്ഞു. അയാൾ വല്ലാതെ കിതക്കുന്നുമുണ്ടായിരുന്നു.
യോഗം കഴിഞ്ഞു പുറത്തു വന്ന വോളന്റിയേർസ് ഇത് കേട്ടു. വാർത്ത, നടത്തിപ്പുകാരെല്ലാം കേട്ടു. ചിലർ പള്ളിയിലേക്കോടി. പള്ളിയിലെ രൂപക്കൂടു കാലി! 
ആളുകൾ മുഴുവൻ പള്ളിപരിസരത്തു നിന്നു പോയിട്ടുണ്ടായിരുന്നില്ല. ഇല്ല്യുമിനേഷൻകാര് ബോർഡുകൾ അഴിച്ചു മറ്റുന്നുണ്ടായിരുന്നു, പെട്ടിക്കടക്കാർ സാധനങ്ങൾ പായ്ക്ക്ക് ചെയ്യുന്നുണ്ടായിരുന്നു, പന്തലുകാർ അതഴിക്കുന്നുണ്ടായിരുന്നു.
ആരും പുണ്യവാൻ പോകുന്നത്‌ കണ്ടിട്ടില്ല!
എന്താണ്  സംഭവിച്ചതെന്നു വികാരിയച്ചനും മനസ്സിലായില്ല.
"അച്ചാ ഇതത്ഭുതം തന്നെ! ബിഷപ്പിനെ വിവരം അറിയിക്കണം. അവരു വരട്ടെ, രൂപത്തേൽ തൊടാൻ ആർക്കും ധൈര്യമുണ്ടാവില്ല. ഇടവകയിൽ ആരെയെങ്കിലും സഹായിക്കാൻ പുണ്യവാളൻ പോയിക്കൂടായ്കയുമില്ല." ഇല്ല്യാസ് പറഞ്ഞു. 
വാർത്ത അതിവേഗം ഇടവകയാകെ പരക്കാൻ അധികസമയം വേണ്ടി വന്നില്ല. എല്ലാവരുടെയും ചെവികളിൽ മൊബൈൽ ചേർത്തു പിടിച്ച ഒരു സംഭവം ആ ഇടവകയിൽ ആദ്യമായിരുന്നിരിക്കണം.
ഒന്നൊന്നായി കാറുകൾ പള്ളിമുറ്റത്തു വന്നു തുടങ്ങി. നേരം ഇരുട്ടിയിരുന്നെങ്കിലും പള്ളിമുറ്റം ആളുകളെക്കൊണ്ടു നിറഞ്ഞു. 
ഇതിനിടയിൽ ആരോ പോലീസിനേയും അറിയിച്ചിരുന്നു. പോലീസ് ജീപ്പ് പള്ളിമുറ്റത്തേക്കു സൈറണും മുഴക്കി പാഞ്ഞു വന്നു. എസ് ഐ ചാടിയിറങ്ങി. 
"സാധനം കണ്ടാൽ തിരിച്ചറിയാമോ?" എസ് ഐ വികാരിയച്ചനോടായി ചോദിച്ചു.
"എല്ലാ സെബാസ്റ്യാനോസുമാരും ഒരു പോലിരിക്കും. ഒന്പത് അമ്പുകൾ കുത്താവുന്നതാരുന്നു ഇവിടുത്തേത്." അച്ചൻ പറഞ്ഞു. 
"ഈ രൂപത്തേപ്പറ്റി അറിയാവുന്നവരാരെങ്കിലും ഉണ്ടോ?" വികാരിയച്ചൻ ഉച്ചത്തിൽ ഇടവകക്കാരോടായി വിളിച്ചു ചോദിച്ചു. 
ഒരു ചാലക്കുടിക്കാരൻ സംഭാവന ചെയ്ത രൂപമാണെന്നല്ലാതെ വിശദാംശങ്ങളൊന്നും ആർക്കും അറിയില്ലായിരുന്നു. ആകെ ആൾക്കാർക്ക് അറിയാമായിരുന്നത് ആ രൂപത്തിന്റെ കഴുത്തിൽ ഒരു പ്ലാസ്റ്റിക് പൂമാലയുണ്ടായിരുന്നെന്നതും രൂപത്തിനു   രണ്ടടിയിൽ കൂടുതൽ ഉയരമില്ലായിരുന്നുവെന്നതും മാത്രം.
"ചാലക്കുടിക്കാരൻ മുതലാളി തൃശൂർ നിന്നു രൂപവുമായി പോയപ്പോൾ ഇവിടെ കാളവണ്ടി നിന്നു പോയെന്നു കേട്ടിട്ടുണ്ട്. അങ്ങിനാ ഈ രൂപം ഇവിടെ വന്നതും ഇവിടെ പള്ളി പണിയാൻ ഇടയായതും." അവിടെ കൂടിയവരിലെ തലമൂത്ത കണ്ണമൂലക്കാരൻ റപ്പായി പറഞ്ഞത് എല്ലാവരും കേട്ടു, കാരണം അവിടെമാകെ നിശ്ശബ്ദമായിരുന്നു.
"ഇവിടുത്തെ പുണ്യവാളന്റെ അടയാളം പറ." എസ് ഐ വീണ്ടും എല്ലാവരോടുമായി ചോദിച്ചു.
ആർക്കും കൃത്യമായ ഒരടയാളം പറയാൻ കഴിഞ്ഞില്ല. ആരും ആ രൂപം സൂഷ്മമായി ശ്രദ്ധിച്ചിട്ടില്ലായിരുന്നു.
എസ് ഐ യും സംഘവും പള്ളിയിലേക്ക് നടന്നു.
"ആരും പള്ളിയിലേക്ക് കയറണ്ട." എസ് ഐ എല്ലാവരോടുമായി പറഞ്ഞു. വികാരിയച്ചനും കപ്യാരും കൈക്കാരനും മാത്രം പള്ളിക്കുള്ളിലേക്ക് കയറി. എസ് ഐ രൂപക്കൂടും പരിസരവും സസൂഷ്മം നിരീക്ഷിച്ചു. വിരലടയാളം ശേഖരിക്കേണ്ടിവന്നാലോയെന്നോർത്തായിരിക്കണം, ഒരിടത്തും സ്പ്പർശിക്കാതിരിക്കാനും എസ് ഐ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്കിലും അയാൾ രൂപക്കൂടിന്റെ തുറന്നു കിടന്ന വാതിലിലൂടെ കൈയ്യിട്ട് അതിനുള്ളിൽ കിടന്ന ഒരു കവർ പുറത്തെടുത്തു. ആരോ നേർച്ചയിട്ട പണമായിരിക്കുമെന്നു കരുതി എസ് ഐ കവർ തുറന്നെങ്കിലും അതിൽ ഒരു തുണ്ടു കടലാസൊഴിച്ച് നോട്ടുകളൊന്നും ഉണ്ടായിരുന്നില്ല. അതിൽ മടക്കിവെച്ചിരുന്ന തുണ്ടു കടലാസ് എസ് ഐ നിവർത്തി. അതിലെഴുതിയിരുന്നത് കാണാൻ എല്ലാവരും കടലാസിലേക്കു നോക്കി.
ഒരൊറ്റ വാചകമേ അതിലുണ്ടായിരുന്നുള്ളൂ.
"ഞാൻ പോകുന്നു, എന്നെ അന്വേഷിക്കേണ്ട - നിങ്ങളുടെ വി. സെബസ്ത്യാനോസ്"  

Tuesday, 2 February 2016

ദൈവങ്ങളുടെ വില

"അവരു വന്നോ?" ചാനലിന്റെ പ്രതിനിധി പാർവതി റ്റീച്ചറിന്റെ അരുകിൽ വന്നു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ചാനലുകാർക്കറിയേണ്ടിയിരുന്നത് ശിവായുടെ മാതാപിതാക്കന്മാർ വന്നെത്തിയോയെന്നായിരുന്നു. ആദ്യം അവരുമായി ഒരിന്റർവ്യു ഒപ്പിക്കുന്നത് തങ്ങളായിരിക്കണമെന്ന് ഓരോ ചാനലുകാരനും ആഗ്രഹിച്ചെങ്കിൽ തെറ്റു പറയാനാവില്ല. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത നാലിനങ്ങളിലും എ ഗ്രേഡും ഒന്നാം സ്ഥാനവും അടിച്ചു മാറ്റിയ ശിവായെപ്പറ്റി ആരും ഇതിനുമുമ്പ് കേട്ടിട്ടേയില്ലായിരുന്നു. 'ഹരിപാർവതി' ഡാൻസ് സ്കൂളിൽ പഠിച്ച മറ്റു കുട്ടികളേയും ശിവാ ഏറെ പിന്നിലാക്കിയിരുന്നു. ശിവായുടെ ഇന്റർവ്യു മാതാപിതാക്കന്മാരും കൂടി വന്നിട്ടേ ആകാവൂയെന്ന് ഹരി മാസ്റർ നിഷ്ക്കർഷിച്ചതുകൊണ്ടാണ് ചാനലുകാർ അവിടെ തന്നെ ചുറ്റി പറ്റി നിന്നത്. ഒരിന്റർവ്യു ഒഴിവാക്കുകയായിരുന്നു ഹരിയുടെ ലക്ഷ്യം. ശിവായുടെ മാതാപിതാക്കന്മാരെപ്പറ്റി വേറൊരാൾ ചോദിച്ചാൽ പറയേണ്ടുന്ന മറുപടി ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. പാർവതി റ്റീച്ചർ ചാനലുകാരന്റെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. അൽപ്പനേരം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴും ചാനലുകാരൻ പോയിട്ടുണ്ടായിരുന്നില്ല. പാർവതി റ്റീച്ചർ അയാളോടു പറഞ്ഞു,
"അല്പ്പം മുമ്പും വിളിച്ചിരുന്നു, ഫ്ലൈറ്റ് ഡിലേയാണെന്നാ പറഞ്ഞത്. വൈകുന്നതിനു മുമ്പ് വന്നേക്കും."

ശിവാ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയെന്നു തന്നെ പറയാം. ഹരിപാർവതി ഡാൻസ് സ്കൂളിന്റെ ചരിത്രത്തിലും ഇങ്ങിനെയൊര  മുന്നേറ്റം, ആദ്യം.

നഗരത്തിലെ പ്രശസ്തമായ ഡാൻസ് സ്കൂളാണ് 'ഹരിപാർവതി'. ഹരി മാസ്റ്ററും പാർവതി റ്റീച്ചറും ഡാൻസിൽ അതുല്യ പ്രതിഭകൾ. ഈ ദമ്പതികൾ നടത്തുന്ന സ്കൂളിൽ നിന്നൊരു കുട്ടിയെങ്കിലും ഒന്നാം സ്ഥാനത്തെത്താതെ കേരളത്തിൽ ഒരു സ്കൂൾ കലോത്സവവും നടന്നിട്ടില്ല. ഡാൻസ് ഒരു കലയായി കാണാനാഗ്രഹിച്ചവരെ മാത്രമേ ആ സ്കൂളിൽ പഠിപ്പിച്ചിരുന്നുമുള്ളൂ. മൽസരവേദികളിൽ  'ഹരിപാർവതി' കുട്ടികളുടെ വൈഭവം കാണുന്നവരാരും  പക്ഷെ, ഒന്നാം സമ്മാനങ്ങൾ അവർക്കു കൽപ്പിക്കാറില്ലായിരുന്നു; കാരണവും വ്യക്തം - സമ്മാനങ്ങൾക്കു പിന്നാലെ പോകുന്ന ഏർപ്പാട് 'ഹരിപാർവതി'ക്കില്ലായിരുന്നു.

സമ്മാനം കിട്ടാതിരിക്കുമ്പോഴും ചിരിക്കാനായിരുന്നു ഹരി മാസ്റർ പഠിപ്പിച്ചിരുന്നത്. സമ്മാനം കിട്ടുമ്പോളാകട്ടെ സംയമനത്തോടെ പ്രതികരിക്കാനും അവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിരുന്നു.

ശിവായുടെ പെർഫോമൻസ്‌ അനിതരസാധാരണമെന്നു തന്നെയാണ് എല്ലാവരും പറഞ്ഞത്. പക്ഷേ ശിവായുമായൊരു ഇന്റർവ്യു നടത്താൻ ആർക്കും കഴിഞ്ഞില്ല. മാതാപിതാക്കന്മാരെ കൂട്ടി വരാൻ ശിവാ പോയെന്നു മാത്രമേ ചാനലുകാർക്കും അറിവുണ്ടായിരുന്നുള്ളൂ. അതവർ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

ഒരു രഹസ്യം ശിവായെ ചുറ്റിപറ്റിയുണ്ടെന്നത് ഹരി മാസ്റ്റർക്കും പാർവതി റ്റീച്ചറിനുമല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. ആ കഥ തുടങ്ങിയത് ഒൻപത്‌ വർഷങ്ങൾക്കു പിന്നിൽ നിന്നും.
ഹരി പാർവതി ദമ്പതികൾക്കു കുട്ടികളില്ലായിരുന്നു. ഡാൻസിന്റെ മുദ്രകളും അടവുകളുമൊക്കെ ഓരോ ജീവശ്വാസത്തിലും നിറച്ചു ജീവിച്ച അവർക്ക് അങ്ങിനെയൊരു കുറവ് അനുഭവപ്പെട്ടതേയില്ല. അവരുടെ സാമ്പാദ്യം മുഴുവൻ അവർ ചിലവിട്ടുകൊണ്ടിരുന്നത് കലയുടെ വളർച്ചക്ക് വേണ്ടി മാത്രമായിരുന്നു താനും.

അങ്ങിനെയിരിക്കെയാണ് നഗരത്തിൽ പുതുതായി രൂപകല്പ്പന ചെയ്ത പാർക്കിന്റെ മുമ്പിൽ ആഗതർക്കു സ്വാഗതം പറയുന്ന ഒരു നൃത്തരൂപം ശില്പമായി സ്ഥാപിക്കുന്നതിനേപ്പറ്റി നഗരസഭയിൽ ആലോചന വന്നത്. ഹരി മാസ്റ്ററുടെ അഭിപ്രായം അറിയാനാണ് നഗരസഭാ പിതാവ് 'ഹരിപാർവതി'യിൽ വന്നത്. അനുവാദം തന്നാൽ ആറു സംയുക്ത ഹസ്ത ചിഹ്നങ്ങളുടെ നൃത്തരൂപങ്ങൾ കൂടി പാർക്കിനുള്ളിൽ സൗജന്യമായി സ്ഥാപിക്കാമെന്നു ഹരി മാസ്റർ പറഞ്ഞത് നഗരസഭാപിതാവിനെ ഞെട്ടിച്ചുവെന്നു പറയാം.

നഗരത്തിലെ ഗാന്ധി സ്ക്വയറിനടുത്തുള്ള  കടലിനോടു ചേർന്നുകിടന്ന കാടുപിടിച്ചു കിടന്ന മൂന്നേക്കർ സ്ഥലം മനോഹരമായ ഒരു പാർക്കായി മാറിയപ്പോൾ, ഉള്ളിൽ ഹരിമാസ്റ്റർ വാഗ്ദാനം ചെയ്ത ആറു പ്രതിമകളും ഉണ്ടായിരുന്നു.
ഒഴിവു കിട്ടുന്ന ദിവസങ്ങളിലെ സന്ധ്യകളിൽ ഹരി മാസ്റർ അവിടെ വരുമായിരുന്നു, കുറേ സമയം അവിടെ ചിലവഴിക്കുകയും ചെയ്യുമായിരുന്നു. 

ഒരിക്കൽ ഹരി മാസ്റർ ഒരു വിശേഷ കാഴ്ച്ച കണ്ടു. ശിവലിംഗ ഹസ്തവുമായി ഒരു കൊച്ചു കുട്ടി നില്കുന്നു - ശിൽപ്പം പോലെ തന്നെ. ശിവായെന്നായിരുന്നവന്റെ പേര്. പത്തു രൂപായായിരുന്നവന്റെ ഒരു പോസിങ്ങിനുള്ള റേറ്റ്. അവന്റെ പോസും ഭാവവും ആ ശിൽപ്പത്തിന്റേതിൽ നിന്നും അണുവിടക്കു വ്യത്യാസമുണ്ടായിരുന്നില്ലായെന്നത് ഹരിയെ ആശ്ചര്യപ്പെടുത്തിയെന്നു തന്നെ പറയാം.

ഹരി അവനേപ്പറ്റി അന്വേഷിച്ചു; ഒരനാഥ ബാലനായിരുന്നവൻ. നാടോടികളുടെ കൂടെ കറങ്ങി നടന്ന ശിവായെ ഹരി ആയിരം രൂപക്ക് വിലക്ക് വാങ്ങി; അവൻ 'ഹരിപാർവതി'യിൽ വളർന്നു, സ്കൂളിലും പോയിത്തുടങ്ങി. അവന്റെ മാതാപിതാക്കൾ അകലെയാണെന്നും ഇടക്കിടെ അവർ അവനെക്കാണാൻ വരുന്നുണ്ടെന്നും ഇരുവരും പറയുന്നത് എല്ലാവർക്കും വിശ്വാസവുമായിരുന്നു.

ശിവ വളർന്നത്‌ അവരുടെ മകനായിത്തന്നെയായിരുന്നു. എങ്കിലും, ശിവാ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പാർവതി അവനാദ്യത്തെ സ്റ്റെപ്പ് പറഞ്ഞു കൊടുത്തത്. അവൻ മിടുക്കനായി പഠിച്ചു - സ്കൂളിലും 'ഹരിപാർവതി'യിലും.

അവനെ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നതിനും ഒരു കാരണമുണ്ടായിരുന്നു. പണം കൊടുത്താ സ്‌കൂളിൽ  പഠിക്കുന്ന ഒരു കുട്ടിയുടേയും അവസരം നഷ്ടപ്പെടുത്തേണ്ടായെന്നു ഹരിയും പാർവതിയും നിശ്ചയിച്ചിരുന്നു. ഇന്നിപ്പോൾ ശിവാ എസ്  എസ് എൽ സിക്കാണു പഠിക്കുന്നത്. അവന്റെ അവസാന അവസരമായിരുന്നത്.

സന്ധ്യയായിട്ടും ശിവായുടെ മാതാപിതാക്കന്മാർ എത്തിയില്ലെന്നറിഞ്ഞപ്പോൾ ചാനലുകാർ അക്ഷമരായി. ഒടുവിൽ അവനുമായി ഇന്റർവ്യു നടത്താൻ ചാനലുകാർക്ക് ഹരി മാസ്റർ അനുവാദം കൊടുത്തു, ശിവാ അവിടെത്തുകയും ചെയ്തു.

മാതാപിതാക്കന്മാർ ശിവായുടെ പെർഫോമൻസ് കാണാൻ വരാഞ്ഞതിൽ സങ്കടമുണ്ടോയെന്നായിരുന്നു ശിവാ കേട്ട ആദ്യത്തെ ചോദ്യം. ഇല്ല്ലായെന്നും, കഴിഞ്ഞ ആഴ്ച്ച അവർ വന്നപ്പോൾ ഇതിന്റെ റിഹേഴ്സൽ മുഴുവൻ അവർ കണ്ടിരുന്നെന്നും, ഇതിന്റെ സി ഡി അവർക്കയക്കുന്നുണ്ടെന്നും അവൻ മറുപടി പറഞ്ഞു. ഇനിയെന്താണ് ഭാവി പരിപാടിയെന്നായിരുന്നു അടുത്ത ചോദ്യം. അച്ഛനുമമ്മയും പറയുന്നത് പോലെ ചെയ്യാനാണാഗ്രഹം എന്നവൻ മറുപടി പറഞ്ഞു. ഹരിയും പാർവ്വതിയും എല്ലാം സശ്രദ്ധം കേട്ട് അടുത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. ശിവായുടെ അച്ഛനുമമ്മയും എന്തു ചെയ്യുന്നുവെന്നായിരുന്നു അടുത്ത ചോദ്യം. ശിവാ ഹരിയുടെയും പാർവതിയുടേയും മുഖത്തേക്കൊന്നു നോക്കിയിട്ടു പറഞ്ഞു.
"അവർ അധ്യാപകരാണ്, എനിക്കവർ ദൈവങ്ങളെപ്പോലെയാണ് !" 
"ഈ സന്തോഷ വാർത്തയറിഞ്ഞപ്പോൾ അവർക്കു സന്തോഷമായോ? അവരെന്താണു പറഞ്ഞത് ?" അടുത്ത ചോദ്യം 
"അതോ, പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. അഭിനന്ദനങ്ങൾ പറഞ്ഞു."  ശിവാ പറഞ്ഞു.
ശിവായുടെ മാതാപിതാക്കന്മാരെപ്പറ്റി അവർ കൂടുതലൊന്നും ചോദിച്ചില്ല. അവർക്കാവക കാര്യങ്ങളൊക്കെ അപ്രസക്തമായിരുന്നു. ഇന്റർവ്യു മറ്റു നിരവധി ചോദ്യങ്ങളുമായി മുന്നോട്ടു പോയി.

അവന്റെ ബാല്യകാല ചിന്തകൾ മങ്ങാതെ അവനിലുണ്ടെന്നു ഹരിക്കും പാർവതിക്കും അറിയില്ലായിരുന്നു. 
പരിപാടികളെല്ലാം കഴിഞ്ഞു കാറിൽ മടങ്ങുമ്പോൾ പാർവതി ചോദിച്ചു.
"ദൈവത്തിന്റെ മകനാണല്ലേ?" ചോദ്യം കേട്ട് ശിവായൊന്നു ചിരിച്ചു. കാറോടിച്ചു കൊണ്ടിരുന്ന ഹരിയും ചിരിച്ചു.
"ആയിരം രൂപക്കു ദൈവത്തിന്റെ മക്കളെയല്ലാതെ ആരെയെങ്കിലും വാങ്ങിക്കാൻ പറ്റുമോ?"  ശിവാ ചോദിച്ചു.
ആ കാറിന്റെ ഗ്ലാസ്സ് ജനാലകൾ തുറന്നായിരുന്നു കിടന്നിരുന്നതെങ്കിൽ അതിനുള്ളിൽ മുഴങ്ങിയ ചിരിയുടെ ശബ്ദം ആ നഗരം മുഴുവൻ കേട്ടേനെ.

Monday, 1 February 2016

ഒരേ ദൈവം, പലതരം മനുഷ്യർ

ബാൾട്ടിക് കടലിന്റെ വിരിമാറിലൂടെ അവരുടെ ഉല്ലാസബോട്ട് അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. ബോട്ടുകളുടെ മുരളലുകൾക്കൊണ്ട് മുഖരിതമായിരുന്നു സമുദ്രം. മിക്കതിലും കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സംഘങ്ങൾ!

ഐസക് ജോയിയുടെ കുടുംബത്തോടൊപ്പം ഒരു സുഹൃത്ത്, റെനി പോളും അയാളുടെ കുടുംബവും ഉണ്ടായിരുന്നു. റെനി എറണാകുളംകാരനാണ്, വലിയ ഭക്തനും. സ്റ്റോക്ക്ഹോമിലെ പതിമ്മൂന്നാം നൂറ്റാണ്ടിലെ കതീദ്രലിൽ ഒന്ന് കയറിയാൽതന്നെ വിശേഷഫലം കിട്ടുമെന്നങ്ങേരു വിശ്വസിക്കുന്നു. ഐസക്കി
ന്റെ കമ്പനിയിലാണ് റെനിയും ജോലി ചെയ്യുന്നത്. ഒരിക്കൽ കുടുംബസമേതം അവൻറെ വീട്ടിൽ പോയിട്ടുണ്ട് എന്നതല്ലാതെ കൂടുതലൊന്നും അവരെപ്പറ്റി ഐസക്കിനറിയില്ലായിരുന്നു. ഈ ഉല്ലാസയാത്രക്ക്‌ ഒരുമിച്ചു പൊയ്കളയാമെന്നു നിശ്ചയിച്ചത് പെട്ടെന്നാണ്, അതും വളരെ യാദൃശ്ചികമായിയെന്നു പറയാം.

കുട്ടികൾ ബോട്ടിനുള്ളിൽ തകർത്ത് കളിച്ച് സന്തോഷിക്കുന്നതു കണ്ട്, അവരെ നോക്കാൻ അമ്മമാരെ ഏല്പിച്ചിട്ട്, ഐസക്കും റെനിയും അൽപ്പം മാറി ഒരു ചാരുബഞ്ചിൽ അടുത്തടുത്തിരുന്നു.
"അടുത്ത ഞായറാഴ്ച്ച പ്രാർത്ഥനാ കൂട്ടായ്മയുണ്ട്. എന്നാ പിന്നെയിന്നാകട്ടെന്നു ഭാര്യക്കും പിള്ളേർക്കും നിർബന്ധം." റെനി പറഞ്ഞു.
"പ്രാർത്ഥനയും ഭക്തിയുമൊക്കെ മുറക്ക് നടന്നോട്ടെ", ഐസക്ക് ഒന്ന് തോണ്ടി.
"ജീവിതത്തിൽ നല്ലതു വരണമെങ്കിൽ പ്രാർത്ഥന വേണം എന്നത് ഞങ്ങളുടെ വിശ്വാസമാണ്", റെനി സ്വയം പ്രതിരോധിച്ചു. ഐസക്കത് നിഷേധിക്കാൻ പോയില്ല. അയാൾ ഓർക്കുകയായിരുന്നു: താനൊരിക്കലും എന്തിനെങ്കിലും വേണ്ടി പ്രാർഥിക്കാറില്ല. എന്നാലും സംഭവിക്കുന്നതെല്ലാം നല്ലത്. നല്ലതല്ലെന്ന് തീർച്ചയാക്കിയിരുന്നവകളും  'അതു നന്നായിപ്പോയല്ലോ' എന്നു  പിന്നൊരിക്കൽ പറയിപ്പിക്കുന്നു. എത്രയോ ഉദാഹരണങ്ങൾ!

പണ്ട്, മുംബൈയിലൂടെ മതിമറന്നു നടന്ന കാലത്തെ ഒരനുഭവം പെട്ടെന്ന് ഓടിയെത്തി; ആനിയെന്നൊരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് പൊടുന്നനെ കടന്നുവന്ന കഥ. അതിന്റെ പരിസമാപ്തി രുചികരമായിരുന്നില്ലെങ്കിലും തനിക്കതൊരു നല്ല പാഠമായിരുന്നു.
"ശരിയാണ്.... മനുഷ്യനു വഴി തെറ്റിയാലും എന്തെല്ലാം മാർഗ്ഗങ്ങളാണ് അവന്റെ രക്ഷക്ക് വേണ്ടി ദൈവം ഒരുക്കുന്നത്", അയാൾ ഉറക്കെ ചിന്തിച്ചു. "ഞാൻ ഇവിടെ ഇപ്പോൾ സന്തോഷത്തോടെ ആയിരിക്കുന്നതിന്റെ പിന്നിലും പ്രൊവിഡൻസ് ഉണ്ട്", അയാൾ കൂട്ടിച്ചേർത്തു.
ഐസക്ക് പറയാതെപോയതെന്തെന്നു തിരക്കി റെനി ആകാംഷയോടെ അവന്റെ മുഖത്തേക്കു നോക്കിയിരുന്നു. ഭാര്യമാർ കുട്ടികളിലും തീരത്തെ മഹാസൗധങ്ങളുടെ ആകാരത്തിലും ശ്രദ്ധിക്കുകയാണെന്ന് മനസ്സിലായപ്പോൾ, ഐസക് അതുവരെ ആരോടും പങ്കുവെച്ചിട്ടില്ലാത്ത സ്വന്തം കഥ പറഞ്ഞുതുടങ്ങി.

"ഒരുപാടു മോഹങ്ങളുമായി ഞാൻ മുംബൈയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഒരു കല്യാണാലോചനയുടെ കുരുക്കിൽ പെട്ടത്. താനുൾപ്പെടെ നാലഞ്ചുപേർ സ്വിറ്റ്സർലന്റിൽ നിന്ന് കാനഡക്കു പോവുന്ന കാര്യം എന്റെ കസിൻ റോസ് എനിക്കെഴുതി. അക്കൂട്ടത്തിൽ തൊടുപുഴക്കാരി ഒരു ആനിയും ഉണ്ടെന്നും അവൾക്കൊരു ചെറുക്കനെ വേണമെന്നും ഒപ്പം പറഞ്ഞിരുന്നു. 
അവളുടെ വിശദാംശങ്ങളൊക്കെ കേട്ടപ്പോൾ കൊള്ളാമെന്നു തോന്നി. എങ്കിൽ പരസ്പരം പരിചയപ്പെടണമല്ലോ. ഒത്തിരി കത്തുകളും ഫോട്ടോകളുമൊക്കെ കൈമാറി. കല്യാണം കഴിക്കാൻ ഞങ്ങൾ പരസ്പരം വാക്കുപറയുകയും ചെയ്തു. അപ്രാവശ്യം അവൾ വീട്ടിലേക്കു മടങ്ങുന്ന വഴി മുംബൈയിലിറങ്ങി. രണ്ടു ദിവസങ്ങൾ ഒപ്പം മുംബൈയിൽ കറങ്ങിയിട്ടാണ് അവളെ കൊച്ചിക്ക് കയറ്റിവിട്ടത്. ഒരു മാസം കഴിഞ്ഞ് ഞാനുമെത്താം, അപ്പോഴേയ്ക്
വേണ്ടതൊക്കെയൊരുക്കുക എന്നതായിരുന്നു ഇരുവരുടെയും മനസ്സിൽ. ആറു മാസത്തിനകം കാനഡയിൽ എത്തിയിരിക്കണമെന്നേയുണ്ടായിരുന്നുള്ളു. കല്യാണം കഴിഞ്ഞ് ഡൽഹിയിൽ പോയി വരനും കൂടെ വീസ തരപ്പെടുത്താനും മറ്റും വേണ്ടത്ര സമയം ഉണ്ടായിരുന്നു താനും.

ഞാനാകെ ആഹ്ലാദത്തിലായിരുന്നു. എന്നാൽ ഓർക്കാപ്പുറത്ത് തൊടുപുഴയിൽ കാറ്റ് മാറിവീശിയത് ഞാനുണ്ടോ അറിയുന്നു. നാട്ടിൽ ചെന്ന് മൂന്നാമത്തെ ആഴ്ചയിൽ ആനിയുടെ ഒരു കത്ത്. ഒരു എഞ്ചിനീയറുമായി അടുത്തയാഴ്ച തന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നു, വീട്ടുകാരുടെ തീരുമാനമാണ്. ക്ഷണക്കത്ത് ഉൾക്കൊള്ളിക്കുന്നുവെന്ന് എഴുതിയിരുന്നു. യാതൊരുവിധത്തിലുള്ള കുറ്റബോധമോ ക്ഷമാപണമോ ഇശ്ചാഭംഗമോ കത്തിലുണ്ടായിരുന്നില്ല. വഴിയേപോയ ഒരു പെണ്ണിന്റെ അടി ചോദിച്ചുവാങ്ങിയതുപോലെയായിരുന്നു എനിക്കീയനുഭവം." ഐസക്ക് പറഞ്ഞു നിർത്തി.

അൽപ്പ നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ തുടർന്നു.
"അത് നന്നായെന്ന് പിന്നീടെനിക്ക് നല്ല ബോധ്യം വന്നു. ശരിക്കുപറഞ്ഞാൽ, എനിക്ക് ദൈവപരിപാലനയിലുള്ള വിശ്വാസം കൂടാൻ ഒരു കാരണം തന്നെ അന്നത്തെ അവളുടെ കബളിപ്പിക്കലാണ്."
"അതെന്താ അങ്ങനെ പറയാൻ?" റെനി ചോദിച്ചു.
"ഒരു വാശിയെന്ന നിലക്ക് സ്വന്തം വഴിക്ക് ഞാനും കാനഡയിൽ എത്തുകയും വിവാഹിതനാവുകയും ചെയ്തു. കാനഡക്കാരുടെ യാഥാസ്ഥിതികത്വവും ഉപരിപ്ലവതയും സഹിക്കാനാവാതെ, വെറും രണ്ടര വർഷം കഴിഞ്ഞ് സ്വതന്ത്ര ചിന്തയുടെ നാടായ സ്വീഡനിലേക്ക് പോന്ന് ഇവിടെ ഞാനും കുടുംബവും സ്ഥിരതാമസമാക്കിയിട്ട് പല ദശാബ്ദങ്ങളായി. ആനിയെപ്പറ്റി ഞാനൊന്നും അന്വേഷിച്ചിക്കാൻ പോയില്ല. എങ്കിലും, റോസ് പറഞ്ഞ് പലതും അറിഞ്ഞു. ധനാർത്തിയും ആഡംഭരപ്രിയവും പയ്യാരവും അവളിൽ ഒളിഞ്ഞുകിടന്നിരുന്നു. അതൊക്കെ ദാമ്പത്യത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചു. രണ്ട് മക്കൾ ചില പാരമ്പരീണാവശതകളോട് മല്ലിട്ട് കഴിയുന്നു. ബുദ്ധിമാന്ദ്യമുള്ള ഒരാങ്ങള അവൾക്കുണ്ടായിരുന്നെന്ന് ആനിയെന്നോട് പറഞ്ഞിരുന്നില്ല. അവളും കുടുംബവും ഇപ്പോൾ മിസ്സിസോഗയിലോ മറ്റോ കഴിയുന്നുണ്ടത്രെ."

കഥ കേട്ടിരുന്ന റെനി, ഐസക്കിനെ മറന്നെന്നപോലെ ബാൾട്ടിക് കടലിലേക്ക് തന്നെ നോക്കിയിരുന്നു. കടലിലെയോളവും കരളിലെ മോഹവും .... ഒരീണംപോലെ അയാൾ സ്വന്തം ഓർമയിൽ എന്തോ ചികയുകയായിരുന്നോ, അറിയില്ല.
"ഇതായിരിക്കും ലോകഗതി, കണ്ണടച്ചു പാഠം പഠിക്കുന്ന ഒരു കാലം എല്ലാവർക്കുമുണ്ടാവുമല്ലേ" എന്ന റെനിയുടെ ചോദ്യത്തിന് ഐസക് ജോയ് മറുപടി പറഞ്ഞതേയില്ല.