Friday, 1 July 2016

വരും, വരാതിരിക്കില്ല!

"ഞാൻ പറഞ്ഞതു നേരാ, ഞാൻ കാലത്തെ കണ്ടു." സനു എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയപ്പോൾ എന്താണു സംഭവിച്ചതെന്നു ഞാനൊരിക്കൽ കൂടി ഓർത്തു നോക്കി. 
സനുവിന്റെ മുഖത്തു നിന്നു കണ്ണു പറിച്ചു വിദൂരതയിലേക്കെറിഞ്ഞിട്ടു ഞാൻ പറഞ്ഞു.
"നേരെ കണ്ടില്ലന്നേയുള്ളൂ; കാലം താഴത്തെ ബെർത്തിൽ കിടപ്പുണ്ടായിരുന്നു, കാലം പറയുന്നത് മുഴുവൻ ഞാൻ കേൾക്കുന്നുമുണ്ടായിരുന്നു. 
ട്രെയിനിനു പുറത്തു നല്ല ചൂടായിരുന്നു. എ സി യുടെ കുളിർമ്മയിൽ ഉറങ്ങിപ്പോയ ഞാൻ കാലത്തിന്റെ ശബ്ദം കേട്ടാണുണർന്നത്. പരിചയപ്പെടാനാഗ്രഹിച്ചു ഞാൻ ബെർത്തിൽ നിന്നു താഴെ വന്നപ്പോഴേക്കും കാലം പോയ്കഴിഞ്ഞിരുന്നു."
"അതു കാലമായിരുന്നെന്ന് താനെങ്ങിനാ അറിഞ്ഞത്?" സനു ചോദിച്ചു.
"അതോ? എനിക്കു ബാഗ്ലൂർക്കു പോണം, ഹൈദ്രാബാദിന് പോണം, കൽക്കട്ടാക്ക് പോണം, ഡൽഹിക്കു പോണം ഇങ്ങിനെ നിർത്താതെ സ്ഥലങ്ങളുടെ പേരുകൾ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടാണ്, അതു കാലമായിരുന്നെന്നു ഞാൻ മനസ്സിലാക്കിയത്. എല്ലായിടത്തും കാലം മാത്രമല്ലെ ചെല്ലേണ്ടതുള്ളൂ?" ഞാൻ ചോദിച്ചു. സനു ഒന്നും മിണ്ടിയില്ല. 
ഞാൻ തുടർന്നു,
"എന്തിനായിങ്ങിനെ തിരക്കിട്ടു പോവുന്നതെന്ന് അടുത്തിരുന്ന ആൾ ചോദിക്കുന്നത് ഞാൻ കേട്ടു. പകരം ആരെങ്കിലും പോയാൽ മതിയില്ലേന്നും അയാൾ ചോദിക്കുന്നത് കേട്ടു. അവർ ഏറെനേരമായി സംസാരിക്കുകയായിരുന്നെന്ന് എനിക്കു തോന്നാതിരുന്നില്ല."
"കാലം എന്തു പറഞ്ഞു?" സനു ചോദിച്ചു.
"അതോ? അയാളെപ്പോലുള്ളവർ എല്ലായിടങ്ങളിലും എത്താറുണ്ടെന്നാണ് അയാൾ പറഞ്ഞത്. ആരെന്തു പറഞ്ഞാലും അതു സാധിച്ചുകൊടുക്കുകയാണത്രെ കാലത്തിന്റെ ജോലിയെന്നും കാലം പറഞ്ഞത്രേ. ഡൽഹിയിൽ ഞാൻ അറ്റൻഡ് ചെയ്യാൻ പോകുന്ന ഇന്റർവ്യൂ ജയിപ്പിച്ചു തരാൻ കാലത്തിനു കഴിയുമോന്നു ഞാൻ ചോദിച്ചു. ഇല്ലാന്നയാൾ പറഞ്ഞു. എന്റമ്മയുടെ ആസ്മാ രോഗം സുഖപ്പെടുത്താൻ കാലത്തിനു പറ്റുമോയെന്നു ഞാൻ ചോദിച്ചു. അതിനും ഇല്ലായെന്ന് തന്നെ അയാൾ മറുപടി പറഞ്ഞു. അവസാനം ഞാൻ അയാളോട് ചോദിച്ചു, പിന്നെന്തു സാധിച്ചു കൊടുക്കാനാ കാലം പോകുന്നതെന്ന്." 
അയാളതിനു മറുപടി പറയാൻ ഒന്നു മടിച്ചതു പോലെ എനിക്കു തോന്നി. ഞാൻ ട്രയിനിന്റെ സൈഡ് വിന്റോയുടെ കർട്ടൻ പതിയെ മാറ്റി കട്ടിയുള്ള കണ്ണാടിയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. ഇടക്കു ദയനീയമായി ഞാനാ കാലത്തിന്റെ ഉപചാരകന്റെ മുഖത്തു നോക്കി. അയാൾക്കൊരു മറുപടി തരാനുണ്ടായിരുന്നില്ലല്ലോയെന്നു ചിന്തിച്ചു. പക്ഷെ അയാൾ പറഞ്ഞു,
"കാലം ഒരാൾക്കു സ്വർഗ്ഗം പണിതുകൊടുക്കുന്ന കാര്യം പറഞ്ഞിരുന്നു. മരണശേഷം സ്വർഗ്ഗമുണ്ടെന്നു വിശ്വസിക്കുകയും അതിനുവേണ്ടി എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്നു കേട്ടോ, അതെല്ലാം കൃത്യമായി ചെയ്യുകയും ചെയ്ത ഒരു വൃദ്ധനുവേണ്ടിയാണത്രെ കാലം സ്വർഗ്ഗം പണിയുന്നത്. കാലം ഒരാൾക്ക് തേൻപഴം കൊടുക്കുമെന്നും പറഞ്ഞു; ഒരിക്കൽ തിന്നാൽ ഒരിക്കലും വിശക്കില്ലാത്ത തേൻ പഴമെന്ന ഫലം കായ്‌ക്കുന്ന മരം വനത്തിലുണ്ടെന്നുറച്ച് വിശ്വസിച്ചു കൊണ്ട് വനത്തിലൂടെ അലയുന്ന ഒരാൾക്കാണ് തേൻ പഴം കിട്ടുക."
സുനു എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. ഞാൻ സുനുവിനോട് പറഞ്ഞു, 
"കാലം വരാൻ എന്തു ചെയ്യണമെന്ന് എനിക്കു മനസ്സിലായി! വന്നു പോയത് കാലമാണെന്നും എനിക്കുറപ്പാണ്. കാലം എന്നെ തേടിയും ഉടൻ വരും; കാരണം, ഡൽഹിയിൽ നിന്നും നിയമനോത്തരവ് ഉടൻ വരുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു."

Tuesday, 28 June 2016

എന്തിനിത്ര ധൃതി?

"നിന്നെ ഞാൻ സ്വന്തമാക്കും, എന്തു വിലകൊടുത്തും." പദവിയെ നോക്കി ഒരു ഡിഗ്രിക്കാരൻ പറഞ്ഞു. 
"നിന്നെ എനിക്കു വേണം, എന്തു വിലയാണെങ്കിലും." അമ്മയെ നോക്കി കുഞ്ഞു പറഞ്ഞു.
"ഒരു നാൾ ഞാനും സാറിനെപ്പോലെ പിള്ളേരെ പേടിപ്പിക്കും. അതിനു വേണ്ടി എന്തും ഞാൻ പഠിക്കും." അദ്ധ്യാപകനെ നോക്കി കുട്ടി പറഞ്ഞു.
"ഈ വയലിൽ നെല്ല് വിളയിച്ച് ഞാൻ കൊയ്തെടുക്കും, അതിനു വേണ്ടി എന്തെല്ലാം ചെയ്യേണ്ടി വന്നാലും." വയലിലേക്ക് നോക്കി കർഷകൻ പറഞ്ഞു.
"ഇവനെ പഠിപ്പിച്ചു ഞാൻ എഞ്ചിനീയറാക്കും, എത്ര വിഷമിച്ചാലും." മകനെ നോക്കി അപ്പൻ പറഞ്ഞു.
"ഇവളെ പത്തേക്കർ സ്വന്തമായുള്ള വീട്ടിലേക്കു തന്നെ പറഞ്ഞു വിടും, എത്ര കാത്തിരിക്കേണ്ടിവന്നാലും." മകളെ നോക്കി അമ്മ പറഞ്ഞു.
"അവളെ കാണാൻ എത്ര സുന്ദരി! ആർക്കും കൊടുക്കില്ല ഞാനവളെ, ജീവിതം തന്നെ പോയാലും." ഒരു പെണ്ണിനെ നോക്കി ചെറുപ്പക്കാരൻ പറഞ്ഞു.
പുഴു തെരുവു തോറും തീറ്റ തേടി നടന്നു, വെളുപ്പു മുതൽ. അതു ചന്തകളിലും പോയി, കുടിലുകളിലും പോയി, പഴത്തോപ്പുകളിലും പോയി. പലയിടങ്ങളിലും അതു കറങ്ങി. കുഞ്ഞു കുട്ടികൾ മുതൽ പടു വൃദ്ധർ വരെ, എന്തൊക്കെയോ നേടുന്നതിനെപ്പറ്റി വെളുപ്പിനെ മുതൽ ഇങ്ങിനെ മുരളുന്നത് പുഴു കേൾക്കുമായിരുന്നു. 
പുഴുവിന്റെ ചുളുങ്ങിയും നിവർന്നുമുള്ള യാത്ര കണ്ടു പുൽച്ചാടിക്കു സങ്കടം വന്നു.
ഒരപകടം വന്നാൽ ഓടിയോ ചാടിയോ രക്ഷപ്പെടാൻ പോലും ഇതിനു കഴിയില്ലല്ലോയെന്നു പുൽച്ചാടി ഓർത്തു.
"എങ്ങോട്ടാ?" പുൽച്ചാടി പുഴുവിനോട് ചോദിച്ചു. 
"കൂട്ടുകാരെ വിളിക്കാൻ."
"ങ്‌ഹും ..എന്താ വിശേഷിച്ച്?" പുൽച്ചാടി ചോദിച്ചു.
"ഇന്നു രണ്ടുപേർ വീണു, നാളെ തിന്നാൻ തുടങ്ങണം." പുഴു പറഞ്ഞു.
"ആരാ?" പുൽച്ചാടി ചോദിച്ചു.
"എന്തു വിലകൊടുത്തും ആ മണ്ണു വാങ്ങുമെന്നു പറഞ്ഞു നടന്ന ഒരുത്തനും, പുതിയ വീട്ടിൽ ഉറങ്ങാൻ കിടന്ന ഒരുത്തനും...!"
പുഴു പറഞ്ഞു. 
പുൽച്ചാടിക്കു സങ്കടം വന്നു. ഒരു നേരത്തെ തീറ്റക്കു സന്ധ്യവരെ ചാടി നടക്കുന്നു, എന്നിട്ടും വയറു നിറക്കാൻ തനിക്കു പറ്റുന്നില്ല. ഈ പുഴുവിനാകട്ടെ ദാരിദ്ര്യം എന്നതെന്താണെന്നറിയത്തുമില്ല. പുഴുവിനേക്കാൾ കൂടുതൽ പുൽച്ചാടി ചിന്തിച്ചത് മനുഷ്യനെപ്പറ്റിയായിരുന്നു.
'എന്തു വിലകൊടുത്തും ആ മണ്ണു വാങ്ങുമെന്നു പറഞ്ഞു നടന്ന ഒരുത്തനെ ഒരു വിലയും കൊടുക്കാതെ പുഴു സ്വന്തമാക്കിയിരിക്കുന്നു. സ്വപ്ന ഗ്രഹം പണിതതിലുറങ്ങാൻ കിടന്ന ഒരുവനെയും പുഴു സ്വന്തമാക്കിയിരുന്നു.'
പ്രപഞ്ചത്തെപ്പറ്റി മുഴുവൻ ഒരു നിമിഷം പുൽച്ചാടി ചിന്തിച്ചു.
പുൽച്ചാടി ഒരൊറ്റ ചാട്ടത്തിനു പുഴുവിന്റെ അടുത്തു ചെന്നു, പിന്നെ അതിനോടു പറഞ്ഞു. 
"എന്തിനായിത്ര ധൃതി? നിന്റെ പിന്നാലെയുമില്ലേ അണുക്കൾ?"

Wednesday, 18 May 2016

എനിക്കു നിന്നെ അറിയില്ല


(വളരെ ശ്രദ്ധാപൂർവം നീ നെയ്തെടുത്ത സ്വന്തമെന്നു പറയാവുന്ന സുന്ദരമായയീ സ്വപ്നത്തിനിതാ അന്ത്യമായിരിക്കുന്നുവെന്നു സ്വഭൂതങ്ങൾ ഉരുവിടുന്നതു കേൾക്കാനിടവന്നാൽ ആരും ഞെട്ടും. സുബോധമുള്ളവരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുൾപ്പെടെ എങ്ങനെ വഴിമാറാമെന്നു ചിന്തിക്കും. വിധിയറിഞ്ഞിട്ടും നിർഭയം, നിസ്സങ്കോചം ആരെയും കൂസാതെ, ആരെങ്കിലും കർമ്മബദ്ധരായി വീണ്ടും അതേ പാത തുടരുന്നുവെങ്കിൽ അവൻ നെയ്തുകൊണ്ടിരുന്നത് സ്വപ്നങ്ങളായിരിക്കില്ല, സത്യത്തിന്റെ അലുക്കുകളായിരുന്നിരിക്കും. 

അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ശ്രീ സക്കറിയാസ് നെടുങ്കനാലെന്ന 'താന്തോന്നി'യുടെ ജീവിതം എനിക്കെന്നും ഒരു സമസ്യയായിരുന്നു. മിക്ക ലോക താത്വിക-ശാസ്ത്രാചാര്യന്മാരുടെ മഹത്ഗ്രന്ഥങ്ങളും തന്നെ അദ്ദേഹം വായിച്ചിട്ടുണ്ട്; വളരെ ആഴമേറിയ പല പ്രപഞ്ചസത്യങ്ങളും വളരെ സരളമായി വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുമുണ്ട്. അവിടെയൊന്നുമല്ല എന്റെ മനസ്സുടക്കിയത് - അദ്ദേഹം ചിന്തിച്ചതും, പറഞ്ഞതും, ചെയ്തതുമെല്ലാം ഒന്നു തന്നെയായിരുന്നുവെന്നത് എന്നെ വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു! മനുഷ്യരുടെ അളവിൽ, അതൊരു താന്തോന്നിക്കേ സാധിക്കൂ; ആതുകൊണ്ടാണു ഞാനദ്ദേഹത്തെ താന്തോന്നിയെന്നു തന്നെ വിളിക്കുന്നത്. അദ്ദേഹത്തിൻറെ രീതിയിൽ യേശുവും ഒരൊന്നാന്തരം താന്തോന്നിയായിരുന്നു എന്ന് നമുക്കറിയാം. സക്കറിയാസറിയാത്ത ഒരു സ്പന്ദനവും പശ്ചിമഘട്ടത്തിന്റെ തുടർച്ചയായ അദ്ദേഹത്തിന്റെ സ്വന്തം മലഞ്ചെരിവുകളിൽ ഉണ്ടായിരുന്നോയെന്നു ഞാൻ സംശയിക്കുന്നു. പ്രപഞ്ചവുമായി അദ്ദേഹം സ്ഥാപിച്ച പ്രണയബന്ധം ഈ ഭൂമിയുടെ അക്ഷാംശങ്ങൾ വരെ നീളുന്നതായിരുന്നുവെന്നു പറയുന്നതായിരിക്കും ശരി. എങ്കിലും ആ ജലാശയം എന്നും ശാന്തമായിരുന്നു!

ഏഴു പതിറ്റാണ്ടുകളിലെ നിലാവുകൾ മുഴുവൻ അദ്ദേഹം രുചിച്ചവയാണെന്നു ചിന്തിക്കാൻ പോലും എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല; അത്രയ്കു യൗവ്വനമാണദ്ദേഹത്തിന്റെ കണ്ണുകളിൽ. ഒരു രക്ഷകനായല്ലാതെ ഒരിക്കലും ആസ്പത്രിയുടെ വാതിലുകളിൽ മുട്ടിയിട്ടില്ലാത്ത അദ്ദേഹത്തിനു തളർന്നു വീഴാൻ ഇടമൊരുക്കിക്കളയാമെന്ന് ഒരാസ്പത്രി തന്നെ നിശ്ചയിച്ചില്ലായിരുന്നെങ്കിൽ....! ഗുരുതരമായ ഒരു ഹൃദയാഘാതത്തിൽ കുടുങ്ങിപ്പോയി, അദ്ദേഹത്തിന്റെ ഭൌതിക ശരീരം. അതിവിദഗ്ദ ചികിത്സകൾക്കു വേണ്ടി മൂന്നോളം ആസ്പത്രികളുടെ ICU കളിലും വെന്റിലേറ്ററുകളിലുമായി രണ്ടുമൂന്നാഴ്ചകൾ അദ്ദേഹം ചിലവിട്ടു!

കൈകൾ ചലിക്കുന്നുവെന്നുറപ്പു വന്നപ്പോൾ ഒരു കടലാസ്സിലദ്ദേഹം പ്രപഞ്ചത്തിന്റെ രഹസ്യം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങിനെ കുറിച്ചത് ഒരു ബന്ധുവഴി എനിക്കയച്ചുതന്നു, - 'എനിക്കു നിന്നെ അറിയില്ലാ'യെന്ന ശീർഷകത്തിൽ. ആ കുറിപ്പ് ഞാനിവിടെ പ്രസിദ്ധീകരിക്കുന്നു. അതൊരു കുറിപ്പായി കാണാൻ എനിക്ക് കഴിയുന്നില്ല - മൗലിക മഹദ്ഗ്രന്ഥങ്ങളുടെ സത്ത പിഴിഞ്ഞെടുത്താലും ഇങ്ങിനെയേ ഇരിക്കൂ - ജോസഫ് മറ്റപ്പള്ളി)

"ഇന്നെനിക്കു ലേശം പോലും ഭയം തോന്നാത്തത്, സത്യമായി അടുത്തടുത്തു വരുന്ന മരണമെന്ന അന്ത്യത്തിന് മുമ്പിലാണ്. ഏറ്റവും വലിയ ഈ കണ്ടെത്തലിൽ എന്നെ കൊണ്ടെത്തിച്ചത് വളരെ ചെറിയ കാര്യങ്ങളാണ്. ഞാൻ എന്ന അതിനിസ്സാരനു ചുറ്റും ഉരുണ്ടു കളിക്കുന്ന അതിസൂഷ്മങ്ങളായ തമോഗർത്തങ്ങളേപ്പറ്റിയുള്ള എന്റെ ബോധം തെളിഞ്ഞു വരികയാണ്. "നിന്റെ സ്വരൂപം" എന്ന ശീർഷകത്തിൽ അടുത്ത നാളുകളിൽ ഞാനെഴുതിക്കൊണ്ടിരുന്ന വിഷയങ്ങളുടെ പരിസമാപ്തിയാണിത് എന്നും പറയാം. മരിയൻ സെന്റർ (പാലാ), കാരിത്താസ്‌ (കോട്ടയം), ലിസി (എറണാകുളം) എന്നീ ആശുപത്രികളിലെ ICU കളിലൂടെയുള്ള ഒരാഴ്ചത്തെ ഓട്ടവും അതിനാക്കം കൂട്ടി. 

"നീ ലോകത്തിന്റെ പ്രകാശമാണ്" എന്നു വിളിച്ചുപറഞ്ഞ് കടന്നുപോയ ഗുരു മനുഷ്യനെ കണ്ടത് സ്വയമേയും ചുറ്റുവട്ടത്തേയും പ്രകാശിപ്പിച്ചുകൊണ്ടിരിക്കേണ്ട ഒരു കിരണമായിട്ടായിരുന്നിരിക്കണം. സത്യത്തിന്റെ കിരണത്തെ മൂടിക്കളയാൻ അസത്യത്തിന്റെ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം വ്യക്തമായ താക്കീതു നല്കിയിരുന്നു. തങ്ങളുടെ മണവാളന്മാരെ കാത്തിരുന്ന പത്തു കന്യകകളിൽ അഞ്ചുപേർക്ക് സംഭവിച്ചത് ഓർമ്മിക്കുമല്ലോ! ആർത്തു കരഞ്ഞിട്ടും എണ്ണ തീർന്നു വിളക്കണഞ്ഞു പോയ അവർക്ക് കിട്ടിയ പ്രതികരണം കരുണയുടേതായിരുന്നില്ല - "എനിക്ക് നിന്നെ അറിയില്ല" എന്ന തിരസ്കരണത്തിന്റെ വിധിവാക്യമായിരുന്നു.

അസത്യത്തിൽ കുടുങ്ങിപ്പോകുന്ന ഓരോ വ്യക്തിയും തെളിച്ചമില്ലാത്ത വിളക്കുമായി നടക്കുന്ന വിഡ്ഢിയാണ്. 'ഞാൻ' എന്ന സൂഷ്മാസ്തിത്വത്തിനു മീതെ അസത്യത്തിന്റെ പൂഴി വന്നുമൂടുന്നത് അതിശീഘ്രമാണ്. എന്റെയും കുടുംബത്തിന്റെയും പേര്, ശാശ്വതമെന്നു വിശ്വസിക്കപ്പെടുന്ന ബന്ധങ്ങൾ, സമ്പാദ്യങ്ങൾ, സ്ഥാനമാനാദികൾ, നേടിയതും നേടാനിരിക്കുന്നതുമായ വലിയ കാര്യങ്ങൾ എന്നതെല്ലാം 'ഞാൻ' എന്ന അദമ്യമായ സത്യാങ്കുരത്തെ അതിന്റെ നേർക്കാഴ്ച്ചകളിൽ നിന്ന് വ്യതിചലിപ്പിക്കാൻ മാത്രമേ ഉപകരിക്കുന്നുള്ളൂവെന്നത് ഏവരും മറന്നു പോകുന്നു. വളരെപ്പെട്ടെന്നാണ് അർത്ഥശൂന്യമായ ഒരു മിഥ്യയായി, നാം മാറിപ്പോകുന്നത്. അങ്ങേയറ്റം സരളവും വ്യക്തവുമായിരിക്കേണ്ട മനുഷ്യവ്യക്തി മണവാളനാൽപ്പോലും തിരിച്ചറിയപ്പെടാത്ത ഒരു ബീഭൽസരൂപമെടുക്കുന്നു. അതിനോടിടക്കു ദൈവാന്വേഷണം മോക്ഷസങ്കല്പങ്ങൾ, അവയെ സാക്ഷാത്ക്കരിക്കാനുള്ള ഭക്തി- പൂജാദികൾ എന്നിവയുടെ ഭാരവും അവനു മേൽ വന്നുവീഴുന്നു. സുന്ദരമായ ഒരു ദൈവാങ്കുരം ചുറ്റുപാടുമുള്ളതിനെയെല്ലാം വിഴുങ്ങാൻ തക്കം നോക്കിയിരിക്കുന്ന ബീഭബൽസമായ ഒരു തമോഗർത്തമായി രൂപമെടുത്തു കഴിഞ്ഞു. ഇന്നത്തെ ശരാശരി മനുഷ്യന്റെ ജീവിതാനുഭവമല്ലേയിത്?

ആർക്ക് എവിടെയാണു തിരുത്താനാവുന്നത്? ഞാൻ 'ആരോ' 'എന്തോ' ആണെന്ന നുണയെ മുളയിലെ നുള്ളുക. ഈ നുണ ശാശ്വതമോ ഏതെങ്കിലും വിധത്തിൽ അർഹതപ്പെട്ടതോ അല്ല എന്ന തിരിച്ചറിവിലെത്തുക. ജനിച്ച സമയമോ ചുറ്റുപാടുകളോ യാതൊരു പ്രാധാന്യവുമില്ലാത്ത യാദൃശ്ച്യതകളാണ്. ജീവിതമെന്ന സത്യം ഒരു വലിയ രഹസ്യമാണ്. അതിനെ കളങ്കപ്പെടുത്താതെ അതി വിശുദ്ധമായി കാത്തു സൂക്ഷിക്കുക.

എല്ലാം വേണ്ടപ്പോൾ വേണ്ടപോലെ സംഭവിക്കുന്നു എന്ന വിശ്വാസമുള്ളവർക്ക് ഇന്നലെയും ഇന്നും നാളെയും ഒരുപോലെയാണ്. അപ്പോൾ ദുഖത്തിനോ സന്തോഷത്തിനോ അമിതാഹ്ലാദത്തിനോ നിരാശതക്കോ ജീവിതത്തിൽ സ്ഥാനമില്ല. അദ്ധ്വാനിച്ചു ധർമ്മം ചെയ്യുക. എന്തെങ്കിലുമൊക്കെ ആയിത്തീർന്ന് മോക്ഷത്തിനർഹനാകുക എന്ന് പുറകിൽ നിന്ന് നിരന്തരം ഉന്തിക്കൊണ്ടിരിക്കുന്നവരെ വിട്ടൊഴിയുക.
ജനിച്ച നിമിഷം മുതൽ നീയാണു നിന്റെ മോക്ഷം. അതിന്, നീ വെറുതേ നീ മാത്രം ആയിരുന്നാൽ ധാരാളം മതി!"

Tuesday, 12 April 2016

Post Traumatic Stress Disorder

Post Traumatic Stress Disorder ന് (PTSD) മലയാളത്തിൽ ദുരന്താനുഭവാനന്തര മനോവിഭ്രാന്തി എന്ന് നീട്ടിയോ കുറുക്കിയോ പറയാം. കൊല്ലാനും കൊല്ലപ്പെടാനുമായി ഏതൊരു രാഷ്ട്രവും ഒരുക്കിവിടുന്ന പച്ച മനുഷ്യർക്ക്‌ യുദ്ധഭൂമിയിൽ നിന്ന് തിരികെ വരാൻ ഭാഗ്യം ലഭിച്ചാൽ, പിന്നീട് ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ ഭ്രാന്താവസ്ഥക്കാന് ഈ പേരിട്ടിരിക്കുന്നത്. അമാനുഷമായ ക്രൂരതകൾ ചെയ്യേണ്ടിവരികയോ, മരണഭയത്തിൽ കഴിയേണ്ടിവരികയോ ചെയ്തിട്ട് തുടര്ന്നുള്ള ജീവിതത്തിൽ പട്ടാളക്കാർക്ക് ഇടക്കിടക്കുണ്ടാകുന്ന ദുസ്വപ്നങ്ങളും മനസ്സാക്ഷിക്കുത്തും എല്ലാം ചേർന്ന വിഷാദ രോഗമാണിത്. വിയെറ്റ്നാം യുദ്ധത്തിൽ 58'000 അമേരിക്കർ മരിച്ചെങ്കിൽ, ആ യുദ്ധത്തിലെ അത്രയും തന്നെ വിമുക്ത ഭടന്മാർ ഈ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തു. ഓരോ യുദ്ധത്തിലും ഇങ്ങനെ അനേകായിരങ്ങൾക്ക് സംഭവിക്കുന്നുണ്ട്.
നമ്മുടെ നാട്ടിലെ പല പോലീസുകാർക്കും നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കേണ്ട ദുരവസ്ഥ ഉണ്ടാകുന്നുണ്ട്. അത് ആസ്വദിക്കാനാണ് അവരെ പഠിപ്പിക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും. പലപ്പോഴും അങ്ങനെയാവണമെന്നില്ല. എത്രയോ പാവം മനുഷ്യർ നമ്മുടെ നാട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ തന്നെ ഒരു കാരണവും ഇല്ലാതെ പിടിക്കപ്പെടുകയും മരണതുല്യമായ രീതിയിൽ കസ്റ്റഡിയിൽ കഴിയേണ്ടിവരികയും പലരും പോലീസിന്റെ അതിക്രമം മൂലം കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നിർദോഷികളോട് ഇത്ര വികൃതമായി പെരുമാറുന്ന ഒരു പോലീസ് സ്ഥാപനം ഈ രാജ്യത്തുള്ളത് അപമാനകരമാണ്. നക്സലൈറ്റ് എന്താണെന്നുപോലും അറിയില്ലാത്ത ഗ്രാമീണരെ ഇന്ത്യൻ പട്ടാളം ഏറ്റുമുട്ടൽ എന്നും പറഞ്ഞ് കൊല്ലുന്നതിനെതിരെയാണല്ലോ ഇറോം ഷർമിള പതിറ്റാണ്ടിലേറെയായി നിരാഹാരം അനുഷ്ടിക്കേണ്ടിവന്നത്.

സ്വേശ്ചാധിപതികളുടെ പട്ടാളം ഇങ്ങനെയൊക്കെ ചെയ്യുക സാധാരണമായിരുന്നു എന്നതിന് എത്രയോ തെളിവുകൾ ഉണ്ട്. ദസ്തയേവ്‌സ്കിയുടെ ഐവാൻ കരംസോവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: "ഇത്ര ക്രൂരമായി, ഇത്ര പണിക്കുറ തീർന്ന വിധത്തിൽ, പെരുമാറാൻ മനുഷ്യാധമന്മാർക്കല്ലാതെ ആർക്ക് കഴിയും?" അവരിൽ പലരും ശിഷ്ടജീവിതത്തിൽ PTSDക്ക് അധീനരായി തീർന്നിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ. യുദ്ധഭാഷ്യങ്ങളുടെ എഴുത്തുകാരിയും സാഹിത്യത്തിന് നോബേൽ സമ്മാനം നേടിയവളുമായ സ്വെറ്റ് ലാന  അലെക്സേവിച് ഇത്തരം സംഭവങ്ങൾ ധാരാളം കുറിച്ചിട്ടിട്ടുണ്ട്‌.

എന്റെ ഒരു സുഹൃത്ത്‌ കുറേ നാൾ പോലീസിൽ ആയിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ ഒരു ചെറിയ അനുഭവം. കഥയിത്രയേ ഉള്ളൂ. എന്നും ഏതൊക്കെയോ ദുസ്വപ്നം കണ്ടാണ്‌ അങ്ങേർ ഉണരുന്നത്. ഏതു സ്വപ്നവും അവസാനിക്കുന്നത് left, right, left, right....about turn! കൊണ്ടാണ്. നീണ്ട് പരേട്‌ കഴിഞ്ഞ് എല്ലാം അവസാനിക്കുന്ന about turn കേൾക്കുന്നതോടെ അദ്ദേഹം കട്ടിലിൽ നിന്ന് താഴെ വീണിരിക്കും. ഇതും മുകളിൽ പറഞ്ഞതും തമ്മിൽ ഞാനായിട്ട് ബന്ധിപ്പിക്കുന്നില്ല. പക്ഷേ, സംഗതി അത്ര രസകരമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുമ്പോൾ ഞാനെന്താണ് ചിന്തിക്കേണ്ടത്? 

ദൈവനിഷേധവും ദൈവാഭിമുഖ്യവും

ദൈവനിഷേധികളുടെ എണ്ണം ഫെയ്സ്ബുക്കിൽ മാത്രമല്ല നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകൾ തന്നെയുണ്ട്‌. സ്വന്തം വാക്യങ്ങളും ഉദ്ധരണികളുംകൊണ്ട് പലരും അവരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അവയിൽ സമകാലികമായ ചിലത് പേര് വയ്ക്കാതെ താഴെ ചേർക്കുന്നു:
"നീ വിശ്വസിക്കുന്ന ശക്തി നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഇനിയുമതിനെ നീ പേറണോ?"

"ആരാണ് ദൈവം? ക്ഷേത്രമുറ്റത്ത് പൊട്ടിത്തെറിച്ചവർ അലറിവിളിക്കുമ്പോഴും ശ്രീകോവിലിന്റെ ഇരുട്ടുമറയിൽ ഒളിഞ്ഞിരിക്കുന്ന കല്പ്രതിമയോ?"

"പൂരം കാണാൻ പോയ അച്ഛനിനിയും വന്നില്ല...
കമ്പക്കെട്ട് കഴിഞ്ഞപ്പോൾ,
ദൈവങ്ങളെല്ലാം നിശ്ശബ്ദർ!

ആ രാത്രി, അച്ഛൻ മോർച്ചറിയിലും
ദൈവം ശ്രീകോവിലിലും പള്ളിയുറങ്ങി!"

"അറിയില്ല എന്ന് പറയാൻ ധൈര്യമില്ലാത്തവർ പകരം ഉപയോഗിക്കുന്ന വാക്കാണ്‌ ദൈവം."

"ആനക്ക് മദം കൊടുക്കുന്നത് പ്രകൃതിയാണ്. മതമാകട്ടെ പ്രകൃതിവിരുദ്ധമായ മദമാണ്. അത് മനുഷ്യപ്രകൃതിയിലെ വികൃതചിന്തകളുടെ ഉല്പ്പന്നമാണ്."

"നിങ്ങൾക്ക് ദൈവത്തെ വില്ക്കാം. എന്നാൽ എല്ലാവരും അത് വാങ്ങണമെന്ന് നിബന്ധമരുത്."

"Be an atheist, be a humanist."

"If one says, 'God speaks to me', either he's lying or he's schizophrenic."
പ്രകൃതിശക്തികളുടെയെല്ലാം പിന്നിൽ അമാനുഷികമായ എന്തോ പ്രതിഷ്‌ഠിച്ചിട്ട്, സ്തുതിയും പൂജയും ബലിയുമൊക്കെയായി അതിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ് മേല്ക്കുറിച്ച പ്രതികരണങ്ങൾ നിന്ദിച്ചുതള്ളുന്നത്. എന്നാൽ ഇവരെല്ലാം ദൈവമെന്ന സങ്കല്പത്തെ തള്ളിപ്പറയുകയല്ല ചെയ്യുന്നത്. യുക്തിവാദികളും നിരീശ്വരവാദികളും പോലും വിമർശിക്കുന്നത് അനാശാസ്യങ്ങളിലേക്ക് നയിക്കുന്ന തെറ്റായ ദൈവസങ്കല്പങ്ങളെയാണ്. ദൈവസങ്കല്പം ബാലിശവും സ്വാർഥപരവും ആകുമ്പോഴാണ് മനുഷ്യൻ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാം തന്നെ. സ്റ്റീവൻ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികൾ ഉണ്ടെങ്കിലും മിക്ക ശാസ്ത്രപ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളിൽ ആണ്ടുപോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളിൽ  കൊണ്ടുനടക്കുന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളിൽ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാന നിയമങ്ങൾക്ക് വിട്ടുകൊടുക്കുന്ന ഒരമൂർത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പർക്കം പുലർത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിർത്തുന്ന പ്രപഞ്ച സംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കിൽ - സ്നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കിൽ - ഇത്തരമൊരു ഈശ്വരസങ്കൽപം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം.

എന്റെ സുഹൃത്ത് തോമസ്‌ പെരുമ്പള്ളിൽ സംക്ഷിപ്തമായി ഒരിക്കൽ കുറിച്ചത് ഇങ്ങനെ: ഞാൻ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സർവവ്യാപിയാണ്‌, പരിപൂർണ്ണമാണ്. സകല ചരാചരത്തെയും അതാക്കിതീർക്കുന്ന ചൈതന്യമാണ്. ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല. രോഗങ്ങൾ കൊടുക്കുന്നില്ല, സുഖപെടുതുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല. സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നില്ല, നരകത്തിൽ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്.

Stephen Hawkingൻറെ വിശ്വവിഖ്യാതമായ പുസ്തകം A brief History of Time ന് ഒരു ചെറിയ അവതാരിക എഴുതിയത് Carl Sagan ആണ്. അസ്തിത്വമുള്ളതെല്ലാം ദൈവത്തിന്റെ ഒത്താശയില്ലാതെ തനിയെ ഉണ്ടായി നിലനില്ക്കുന്നു എന്ന് പറയുന്ന ഹോക്കിങ്ങിന്റെ കൃതിയെക്കുറിച്ച് സാഗൻ പറഞ്ഞു നിർത്തുന്നത് രസമുള്ള ഒരു വ്യാജോക്തി (irony) യോടെയാണ്. മലയാളത്തിലാക്കിയാൽ അതിന്റെ ഭംഗി നഷ്ടപ്പെടും. "This is also a book about God . . . or perhaps about the absence of God. The word God fills these pages. Hawking embarks on a quest to answer Einstein's famous question about whether God had any choice in creating the universe. Hawking is attempting, as he explicitly states, to understand the mind of God. And this makes all the more unexpected the conclusion of the effort, at least so far: a universe with no edge in space, no beginning or end in time, and [with] nothing for a Creator to do."

സൃഷ്ടാവെന്നോ പരിപാലകനെന്നോ ഉള്ള നിലയിൽ ദൈവത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ദൈവാസ്തിത്വം മനുഷ്യയുക്തിയിൽ ഒരസ്സാദ്ധ്യതയായി പരിണമിക്കുന്നു. ദൈവമെന്ന ശബ്ദംപോലും ഒരാവശ്യമല്ല. 'ഒരു നല്ല (സന്തുഷ്ട) മനുഷ്യനായിരിക്കുവാൻ ദൈവത്തിൽ വിശ്വസിക്കണമെന്നില്ല' എന്ന് പോപ്‌ ഫ്രാൻസിസ് പറയുമ്പോൾ അതിലിതെല്ലാം സംഗ്രഹിച്ചിരിക്കുന്നു എന്ന് പറയാം.

Friday, 8 April 2016

ടെക്കി

നഗരത്തിൽ നിന്നൽപ്പം മാറി, ഒരു കൊച്ചു ഗ്രാമത്തിലെ കൃഷിയിടത്തിലൊരു കൊച്ചു വീടുണ്ട്, അവിടെയാണ് ബാലു മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്നത്. ആകെയുള്ള രണ്ടു മുറികളിൽ ഒന്നു ബാലുവിന്റേതാണ്. അവൻ നഴ്സറിയിൽ പോയിത്തുടങ്ങിയ കാലം മുതൽ അവന്റെ മുറിയിൽ അവനൊറ്റക്കാണ് കിടപ്പും ഉറക്കവും. ഇപ്പോൾ ഒന്നാം ക്ലാസ്സായിട്ടും അതിൽ മാറ്റമൊന്നുമില്ല. വല്ലപ്പോഴും മമ്മിയുടെ അമ്മയോ ആരെങ്കിലുമോ കിടക്കാൻ വന്നാൽ അതവൻ പങ്കു വെച്ചേക്കാം - അത്രേയുള്ളൂ. 

അവന്റെ ജീവിതം മാറ്റി മറിച്ചത് അയിലോക്കത്തെ സുന്ദറങ്കിളാണ്, അവന്റെ ടെക്കിയങ്കിൾ!

തൊട്ടടുത്ത വീട്ടിലാണു സുന്ദറിന്റെ താമസം. ബാലു ടെക്കിയങ്കിളിനെ രാവിലെ മാത്രമേ കാണൂ, ഒരു കൈകൊണ്ട് പല്ലുകൾ ബ്രഷ് ചെയ്തും, മറുകൈയ്യ്യിൽ സോപ്പു പെട്ടിയും തുവർത്തും പിടിച്ചും പറമ്പിന്റെ അതിരുതീർത്തൊഴുകുന്ന കൊച്ചരുവിയിൽ സുന്ദർ കുളിക്കാൻ പോകുമ്പോൾ ബാലു മുറ്റത്തു നോക്കി നില്കും, ടെക്കിയങ്കിളിന്റെ ഗുഡ്മോർണിങ്ങ് കിട്ടുന്നതു വരെ.

കംപ്യുട്ടർ കമ്പനിയിൽ ജോലിയും കഴിഞ്ഞു സുന്ദർ വരുമ്പോൾ രാത്രിയാവും. ടെക്കിയങ്കിളിന്റെ ബുള്ളറ്റിന്റെ ശബ്ദം രാവിലെ മാത്രമേ ബാലു കേൾക്കുമായിരുന്നുള്ളൂ. ബുള്ളറ്റ് ആന പ്രൗഡിയോടെ വീട്ടിൽ നിന്നിറങ്ങി പോകുന്നതും ബാലു നോക്കി നില്കും. ബാലുവിനൊരൊറ്റയാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ - ടെക്കിയങ്കിളിനെപ്പോലെ മാജിക് കംപ്യുട്ടർകാരനാവണം, ഒരു ബുള്ളറ്റും വാങ്ങണം.

ടെക്കിയങ്കിൾ കമ്പ്യുട്ടറിന്റെ അവിടെയും ഇവിടെയുമൊക്കെ ഞെക്കുമ്പോൾ ചിത്രങ്ങളും അക്ഷരങ്ങളും സ്ക്രീനിൽ മാറി മറയുന്നത് അത്ഭുതത്തോടെ ബാലു നോക്കി നിന്നിട്ടുണ്ട്. ടെക്കിയങ്കിളാണു പറഞ്ഞത് മാജിക്കുകാരനാവണമെങ്കിൽ  പേടി പാടില്ല, പിന്നെ തന്നെ കിടക്കണമെന്നൊക്കെ.
"ടെക്കിയങ്കിളെന്താ എന്നും ഒത്തിരി താമസിച്ചു വരുന്നെ?" ബാലു ചോദിക്കും.
"അങ്കിളിനൊത്തിരി പണിയുണ്ട് ..... കംപ്യുട്ടർ പണിയെന്നാൽ രാത്രി വരെ നീളും." ബാലുവിന്റെ അമ്മ പറയും.
"എനിക്കും കംപ്യുട്ടർ പഠിക്കണം.... ടെക്കി അങ്കിൾ പഠിപ്പിക്കും." ബാലു പറയും.
"അതിനൊത്തിരി പണം വേണം; കാശുണ്ടാകുമ്പം ഒരു സ്കൂട്ടർ വാങ്ങണമെന്നാ പപ്പാ പറയുന്നേ. ഇപ്പോ വാഴക്കുലയൊക്കെ പപ്പാ തന്നെ ചുമന്നു കൊണ്ടുപോകുവല്ലെ?" അമ്മ പറഞ്ഞു.
"ശരിയാ, സ്കൂട്ടർ മതി. എന്നെ അതേൽ പള്ളിക്കൂടത്തിൽ കൊണ്ടു പോവോ അമ്മേ?" ബാലു ചോദിച്ചു. അമ്മയൊന്നും പറഞ്ഞില്ല. 

വീടു പണിതതിന്റെ കടം തീർന്നിട്ടില്ല, ഇപ്രാവശ്യം വാഴത്തോട്ടത്തിൽ പാട്ടക്കാശു കൊടുക്കാനുള്ള പണംപോലും കിട്ടണമെന്നില്ല - ഏത്തക്കുലക്കു പതിനഞ്ചു രൂപാ മാത്രം. 
പക്ഷേ അതൊന്നും ബാലുവിന്റെ അമ്മ പറഞ്ഞില്ല. അമ്മ സ്കൂട്ടറിന്റെ ഓർമ്മകളിലാണെന്നു മനസ്സിലായ ബാലു  പറഞ്ഞു,
"അതൂഴിഞ്ഞു കംപ്യുട്ടർ."
അമ്മ ബാലുവിന്റെ കണ്ണുകളിലേക്കു നോക്കി; പിന്നെ പതിയെ പറഞ്ഞു.
"കംപ്യുട്ടർ, മോൻ മുട്ടനായി കഴിഞ്ഞ്; ജോലിയൊക്കെ കിട്ടിയിട്ട് മേടിക്കണം." ബാലു ഒന്നും മറുപടി പറഞ്ഞില്ല. 

അവധി ദിവസങ്ങളിൽ ബാലു ടെക്കിയങ്കിളിന്റെ അടുത്തു കൂടും, സുന്ദർ ലാപ് ടോപ്പിന്റെ കീ ബോർഡിലൂടെ അതിവേഗം കൈവിരലുകൾ ചലിപ്പിക്കുന്നതും, അതിനനുസരിച്ചു സ്ക്രീനിൽ അക്ഷരങ്ങളും ചിത്രങ്ങളും മാറി മറയുന്നതും നോക്കി ബാലു നിൽക്കും. ഒരു ദിവസം സുന്ദർ അവനെ മടിയിലിരുത്തി കീ ബോർഡിൽ വിരൽ തൊടിവിച്ചു. വല്ലാത്തോരനുഭവമായിരുന്നു ബാലുവിനത്.

പിറ്റേന്ന് യു കെ ജി ക്ലാസ്സിൽ ബാലു ഇക്കാര്യം വിവരിച്ചു. അതിൽ തൊട്ടാൽ തണുപ്പാണെന്നും, ടെക്കി അങ്കിളിന്റെ കമ്പ്യുട്ടറിലാണു ഏറ്റവും വലിയ അക്ഷരങ്ങളുള്ളതെന്നും. മിക്ക കൂട്ടുകാരുടെയും വീടുകളിലൊക്കെ കമ്പ്യുട്ടറുകളുണ്ടെന്നു ബാലുവിനു മനസ്സിലായതന്നാണ്. പക്ഷേ, അക്ഷരങ്ങൾ ബാലു കാണിച്ചിടത്തോളം വലുതുള്ളത് അവരും കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു മാസത്തെ ശമ്പളം ഉണ്ടെങ്കിൽ കംപ്യുട്ടർ വാങ്ങിക്കാമെന്നും അവനന്നു മനസ്സിലാക്കി. 

ബാലു ആരോടും ഒന്നും പറഞ്ഞില്ല. ഒരു മാസത്തെ ഒരാളുടെ ശമ്പളം എത്ര രൂപയാകും എന്നായിരുന്നു ബാലുവിനറിയേണ്ടത്. 
കൂട്ടുകാർക്കു സംശയം തോന്നണ്ടായെന്നു കരുതി ബാലു അതവരോടു ചോദിച്ചില്ല.
ഒരു ദിവസം ബാലു അമ്മയൊട് സൂത്രത്തിൽ ചോദിച്ചു, 
"വസുമതി റ്റീച്ചറിനു ശമ്പളം കിട്ടുന്നുണ്ടോ അമ്മെ?" അവനെ നഴ്സറിയിൽ പഠിപ്പിച്ച റ്റീച്ചറാണു വസുമതി റ്റീച്ചർ. ബാലു ഓർത്തത് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് വസുമതി റ്റീച്ചറിനായിരിക്കാമെന്നാണ്, കാരണം വസുമതി റ്റീച്ചറിനെയാണല്ലോ എല്ലാവർക്കും പേടി.
"ഉണ്ടല്ലോ!" അമ്മ പറഞ്ഞു. ഭാഗ്യം തന്നെ ബാലു ഓർത്തു; തുടർന്നമ്മയോടു ചോദിച്ചു,
"എത്ര രൂപാ കിട്ടുമമ്മെ?" ചോദ്യം കേട്ടതേ, ഇവനെന്താ നേഴ്സറീ പഠിപ്പിക്കാൻ പോകുവാണോയെന്നു മനസ്സിൽ ചോദിച്ചു കൊണ്ട് അമ്മ പറഞ്ഞു,
"അഞ്ഞൂറെങ്കിലും കാണും.!" കേട്ടതു പാതി കേൾക്കാത്തതു പാതി അവൻ ഒരൊറ്റയോട്ടമായിരുന്നു തൊടിയിലൂടെ - കിഴക്കേ തുണ്ടിയിലെ ജെയ്ക്കുട്ടന്റെ വീട്ടിലേക്ക്. ജെയ്കുട്ടൻ  നാലാം ക്ലാസ്സിൽ പഠിക്കുന്നു. അവനോടു ചോദിച്ചാൽ അഞ്ഞൂറെന്നു പറഞ്ഞാൽ എന്തേരം വരുമെന്ന് അറിയാമല്ലോയെന്നാണു ബാലു ചിന്തിച്ചത്. 
ചെന്നപാടെ, ഓലപ്പന്തുണ്ടാക്കിക്കൊണ്ടിരുന്ന ജെയ്ക്കുട്ടന്റെ ചെവിയിൽ ബാലു ചോദിച്ചു, 
"ഈ അഞ്ഞൂറെന്നു പറഞ്ഞാൽ എന്തൊക്കെ മേടിക്കാൻ പറ്റും?" ജെയ്കുട്ടൻ കണക്കു കൂട്ടാൻ തുടങ്ങി, കുറച്ചു നേരത്തെ ആലോചനക്കു ശേഷം അവൻ പറഞ്ഞു. 
"ഒരഞ്ചെഴുതിയിട്ട് രണ്ടു പൂജ്യം കൂടിയിട്ടാൽ അഞ്ഞൂറാവും. അഞ്ഞൂറു രൂപക്ക് 200 മാങ്ങാപ്പഴം കിട്ടുമെന്നു കണക്കു പുസ്തകത്തിലുണ്ട്." 

ഇത്രയും കേട്ടതേ ബാലു തിരിച്ചോടി. അവനറിയാമായിരുന്നു, അവന്റെ മുറ്റത്തെ കിളിമാവ് അടുത്ത വർഷം മുതൽ കായ്ച്ചു തുടങ്ങിയേക്കാമെന്ന്. അവനാ തൈമാവിന്റെ ഓരോ ശിഖരങ്ങളിലേക്കും നോക്കി നിന്നു. ആ തൈമാവിന് അവനേക്കാൾ പൊക്കമുണ്ടായിരുന്നു. 200 മാങ്ങാപ്പഴം കായ്കാനുള്ള ഇടം അതിന്റെ കൊച്ചു കമ്പുകൾക്കുണ്ടെന്നു തന്നെ അവൻ കരുതി. 

ബാലു, അമ്മ കോരി വെച്ചിരുന്ന വെള്ളത്തിൽ നിന്നും ഒരു ഗ്ലാസ്സിൽ നിറയെ, വെള്ളം കൊണ്ടുവന്നു മാവിന്റെ ചുവട്ടിലൊഴിച്ചു. പിന്നെ ആ മാവിനെ നോക്കി അവൻ നിന്നു. ഇരുന്നൂറു കൂടാതെ, അവനു പത്തു മാമ്പഴം തിന്നാനും വേണമായിരുന്നു. അക്കാര്യമായിരുന്നവൻ മാവിനോടു പറഞ്ഞുകൊണ്ടിരുന്നത്.  

കാവിലെ ഉത്സവം വന്നപ്പോൾ ബാലു ഒരു മൺകുടുക്ക വാങ്ങി. അതിലിടാൻ അമ്മ ഒരു രൂപയും കൊടുത്തു. മാവിൽ രണ്ടിന്റെ കൂടെ രണ്ടു പൂജ്യം കൂടി ഇടാവുന്നിടത്തോളം മാങ്ങാ കായിച്ചില്ലെങ്കിലോ? അപ്പോൾ കുടുക്കയിൽ നിന്നെടുക്കാമല്ലോയെന്നാണു ബാലു കരുതിയത്‌. മാത്രമല്ല ജെയ്കുട്ടന്റെ മുറ്റത്തെ കിളിച്ചുണ്ടൻ പൂത്തപ്പോൾ മഴ വന്നതും പൂക്കൾ പകുതിയും കൊഴിഞ്ഞതും അവനോർമ്മയുണ്ടായിരുന്നു. ഇനി ഈ മാവ് പൂക്കുമ്പോഴും മഴ പെയ്താലോ, അപ്പോഴും എണ്ണം കുറഞ്ഞേക്കാമല്ലോയെന്നും അവൻ കണക്കു കൂട്ടി. 

ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി, ക്രിസ്മസ്സ് പരീക്ഷയുടെ ഇടക്കൊരു ദിവസം ബാലു നോക്കിയപ്പോൾ തൈമാവിന്റെ  ഇലകളുടെ ഇടുപ്പിൽ ഒരു കൊച്ചു മുഴ. എറുമ്പിനോളം പോലുമില്ലാത്ത ആ മുഴ വളർന്നു പൂവായി മാറുമെന്ന് ബാലുവിന് തോന്നി. ബാലുവിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. എങ്കിലും ഇക്കാര്യം അവനാരോടും പറഞ്ഞില്ല.

ക്ലാസ്സിൽ വേലായുധൻ സാർ പത്തു മുതൽ പിറകോട്ടെഴുതാൻ പഠിപ്പിക്കുന്നു. ബാലു ഇതൊന്നും ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല. അത് കണ്ടിട്ടാവണം, വടിയുടെ ഒരറ്റം ബാലുവിന്റെ നേരെ ചൂണ്ടി വേലായുധാൻ സാർ പറഞ്ഞു, 
"എണീൽക്കെടാ."
ബാലു എണിറ്റു നിന്നു; ഇത് ക്ലാസ്സാണെന്നും സാർ എന്തോ പഠിപ്പിക്കുകയായിരുന്നെന്നും ബാലുവിനു മനസ്സിലായി.
"എന്താടാ നിന്റെ പേര്?" വേലായുധൻ സാർ ചോദിച്ചു. സാറിന്റെ കണ്ണുകൾ ഭൂതത്തിന്റെ കണ്ണുകൾ പോലെ ചുവക്കുന്നതു ബാലു കണ്ടു.
"ടെക്കി." ബാലു ഇങ്ങിനെ പറഞ്ഞതും ക്ലാസ്സിൽ കൂട്ടച്ചിരിയുയർന്നതും ഒരുമിച്ചായിരുന്നു.

Sunday, 3 April 2016

യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം


വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യവും വൈകാരികവുമാക്കി തീർത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. അവന്‍ ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികൾക്കൊപ്പം.
1. സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതിന്റെ പേരിൽ ആയിരുന്നില്ല ആ കൊലപാതകം. മുപ്പത്തിമൂന്നാം വയസ്സില്‍ ഇനി മുന്നോട്ട് പ്രവർത്തിക്കാന്‍ ആകാത്ത വിധം ചുറ്റും 'ശത്രുക്കളാ'ല്‍ നിറയണമെങ്കില്‍ അത് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടാണ് എന്ന് കരുതരുത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്നേഹത്തിന്റെ പാഠങ്ങള്‍ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു.

2. കുരിശുമരണം റോമാ സാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയകുറ്റത്തിന് കൊടുക്കുന്ന ശിക്ഷയാണ്. ക്രിസ്തുവിനോട് കൂടെ കുരിശിൽ തറക്കപ്പെട്ടവരെ 'lestai' എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അന്ന് രാഷ്ട്രീയ തീവ്രവാദികൾക്ക് (സെലട്ട്സ്) റോമാക്കാർ ഈ വിശേഷണമാണ് കൊടുത്തിരുന്നത് എന്ന് ചരിത്രകാരനായ യോസേഫൂസ് പറയുന്നു. ('കള്ളന്മാർ' എന്നത് lestai എന്ന വാക്കിന്റെ സാഹചര്യം അനുവദിക്കാത്ത അർത്ഥവ്യാഖ്യാനമാണ്. മാത്രമല്ല മോഷണങ്ങൾ മാത്രം നടത്തിയ കള്ളമാരെ കുരിശിൽ തൂക്കിക്കൊല്ലാൻ റോമൻ നിയമം അനുവദിച്ചിരുന്നില്ല. ‘ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ’ എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്).
3. മതത്തിനെ കോടതിയിൽ ('സാൻഹദ്രീൻ') അവനെ വധിക്കാൻ ആവശ്യമായ മതപരമായ കുറ്റം ആരോപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കള്ളസാക്ഷ്യങ്ങളെല്ലാം പൊളിയുമ്പോൾ വിചാരണക്ക് മറുപടി പറയിച്ച് കോടതിമുറിയിൽ വെച്ചാണ് അവന്റെ കുറ്റം കണ്ടുപിടിക്കുന്നത്. ജഡ്ജി തന്നെ കുറ്റം ചാർത്തുന്ന അത്യപൂർവ്വ വിധി! (മാർക്കോസ് 14: 53-64)

4. പൌരോഹിത്യത്തിന് അവനെ ശിക്ഷിച്ച് വെറുതെ വിടാൻ ഭാവമില്ല, ഉന്മൂലനം ചെയ്തേ മതിയാവൂ. അതുകൊണ്ട് വധശിക്ഷ അനുവദിക്കാൻ അധികാരമുള്ള റോമൻ കോടതിയിലേക്ക് അവനെ കൊണ്ടുപോകുന്നു. ഈ കൊലപാതകത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുകയായിരുന്നു.

5. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരുടെ ഇടയിൽ ചിലർ രാഷ്ട്രീയ തീവ്രവാദികൾ ആയിരുന്നു എന്നത് (തീവ്രവാദിയായ ശിമയോൻ/ യൂദാസും ഒരു സെലട്ട് ആയിരുന്നു എന്ന് പറയപ്പെടുന്നു) ക്രിസ്തുവിന്റെ സന്ദേശത്തിൽ അവരെ ആകർഷിക്കാൻ കഴിഞ്ഞ എന്തോ ഒരു രാഷ്ട്രീയ തലം ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മിശിഖായാണെന്ന് പരസ്യമായി സ്വയം അവകാശപ്പെടാത്ത, സായുധ വിപ്ലവത്തെ അനുകൂലിക്കാത്ത ക്രിസ്തുവിന്റെ നിലപാടുകൾ അതേസമയം തന്നെ രാഷ്ട്രീയ തീവ്രവാദികളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

6. അതേസമയം നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു ക്രിസ്തുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അദ്ദേഹത്തെ മത-രാഷ്ട്രീയ നേതൃത്തം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി.ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. സ്നാപകന്റെ പ്രവാചക ശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവൽ സ്പർശവും  ഒരുമിച്ച് ചേര്ന്ന ആവിഷ്ക്കാരമായിരുന്നു നസ്രത്തിലെ ആ തച്ചന്‍. ​ചിലർക്ക് ​ അവന്റെ വാക്കുകള്‍ സുവിശേഷം (സദ്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ' യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം.

വെറുതെ അവന്റെ പീഡകളെയോർത്ത് അമിത വൈകാരികതയിൽ മുഖം മ്ലാനമാക്കി എന്തിനാണെന്ന് പോലും അറിയാതെ പരിഹാര പ്രദഷിണം ചെയ്യുമ്പോൾ ഒരു ചോദ്യം: "കഴുമരത്തോളം എത്തിച്ച ആ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?"

Tuesday, 15 March 2016

ഞാനൊന്നു ചോദിക്കട്ടെ !

കുർബ്ബാന കൈക്കൊള്ളപ്പാടിനു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയോട് നമസ്കാരം നന്നായി പഠിക്കാൻ അമ്മ ആവശ്യപ്പെട്ടു കൊണ്ടിരുന്നപ്പോഴാണ് ഞാനാ വീട്ടിലേക്കു കാലെടുത്തു വെച്ചത്. എന്റെ ഒരാത്മ സുഹൃത്തിന്റെ വീടായിരുന്നത്.
ഞാൻ ഉള്ളിലേക്കു കാലെടുത്തു വെച്ചതേ, പത്തു വയസ്സുള്ള ആ ആൺകുട്ടി എന്നോടു ചോദിച്ചു, 
"അങ്കിളേ, ആദം പാപം ചെയ്തില്ലായിരുന്നെങ്കിൽ ഇവിടെ ഡാഡിയുടെ പാപ്പായും ആ പപ്പായുടെ അപ്പനും അപ്പൂപ്പനും പിന്നെ അവരുടെ അപ്പാപ്പനും ഇവിടെ കാണൂമായിരുന്നില്ലേ?" 
അമ്മ അവനോടു പഠിക്കാൻ പറയുന്നത് ഞാൻ  കേട്ടുവെന്നവനു നിശ്ചയമുണ്ടായിരുന്നു. 
ആ കുട്ടി ഇതു ചോദിച്ചത് എന്നോടാണ്; ഞാനാ വീട്ടിലെ ഒരു സ്ഥിരം സന്ദർശകനും, ആ കുട്ടിക്കൊരു കളിക്കൂട്ടുകാരനെപ്പോലെയുമായിരുന്നു. എന്താണു പറയേണ്ടതെന്നു ഞാനൊരു നിമിഷം ആലോചിച്ചു. വീണ്ടും അവൻ പറഞ്ഞു,
"മനുഷ്യനുണ്ടായതു ഗറില്ലായിൽ നിന്നാണെന്നു ക്ലാസ്സിൽ പഠിക്കുന്നു, കർത്താവു നേരിട്ടു സൃഷ്ടിച്ചതാണെന്ന് അച്ചനും പറയുന്നു."
ഞാൻ രണ്ടാമത്തെ ചോദ്യത്തിനുത്തരം പറഞ്ഞു: 24 മണിക്കൂറിന്റെ ഒരു ദിവസം ഭൂമിയിൽ മാത്രമേയുള്ളെന്നും, കോടി കോടി കണക്കിനു നക്ഷത്രങ്ങളുള്ള പ്രപഞ്ചം ഭരിക്കുന്ന ദൈവത്തിന്റെ ഒരു ദിവസം എന്നു പറഞ്ഞാൽ അതു തന്നെ കോടിക്കണക്കിനു വർഷങ്ങൾ വരുമെന്നും കുരങ്ങിൽ നിന്ന് മനുഷ്യനു പരിണാമപ്പെടാൻ ആ സമയം മതിയെന്നും. ഞാൻ പറഞ്ഞതവനു മനസ്സിലായോ എന്നെനിക്കു സംശയം. 
ഞാൻ  പോസിറ്റീവായി പ്രതികരിക്കുന്നുവെന്നും അവന്റെ ചോദ്യങ്ങളെ ഗൌരവമായി എടുക്കുന്നുവെന്നും കണ്ടപ്പോൾ അടുത്ത ചോദ്യം വന്നു. 
"ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചുവെന്നു ബൈബിൾ പറയുന്നു. അതു മൂന്നാം ദിവസമാണ്. സൂര്യനും ചന്ദ്രനുമില്ലാതെ ദിവസം മൂന്നായെന്നു ദൈവം എങ്ങിനെ കണ്ടു?"
ഞാനവന്റെ അമ്മയുടെ മുഖത്തേക്കു നോക്കി; അവർക്കവിഹിതമായി ഞാൻ എന്തെങ്കിലും പറയുന്നതായി അവർ കരുതുന്നുണ്ടോയെന്നായിരുന്നു എനിക്കറിയേണ്ടത്. ഞാനെന്താണ് മറുപടി പറയുന്നതെന്ന ആകാംക്ഷയായിരുന്നു ആ സ്ത്രീയുടെ മുഖത്ത്. മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ള ആ സ്ത്രീയും ഈ ചോദ്യങ്ങൾക്കുത്തരം തേടുകയായിരുന്നൊയെന്നു ഞാൻ സംശയിച്ചു.
ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമായിരുന്നില്ല മറിച്ച് പഠനങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലുമുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയായിരുന്നവന്റെ ലക്‌ഷ്യമെന്നെനിക്കു മനസ്സിലായി. 
പഠനത്തിൽ അവനത്ര താൽപ്പര്യമുണ്ടായിരുന്നില്ല. കൂടുതൽ സമയവും കളികൾക്ക് ചിലവഴിക്കുന്നയവനു ബാക്കി സൂര്യന്മാരെ ആരു സ്രുഷ്ടിച്ചതാണെങ്കിലും അവനു പ്രശ്നവുമല്ലായിരുന്നു.
ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കുകയാണ് വളരാൻ ആഗ്രഹിക്കുന്നവർ അവശ്യം ചെയ്യേണ്ടതെന്ന് ഞാനവനോട് പറഞ്ഞു.
മുട്ടുന്നവന്റെ മുമ്പിലെ വാതിൽ തുറക്കപ്പെടൂവെന്നവനോടു ഞാൻ പറഞ്ഞത് അവനിഷ്ടപ്പെട്ടു. ചോദ്യങ്ങൾ ചോദിക്കാൻ എന്നെ എന്റെ അപ്പൻ പ്രേരിപ്പിച്ചതു കൊണ്ടാണ്, ഞാൻ  ഞാനായതെന്നു പറഞ്ഞ ഗ്രീക്ക് ചിന്തകന്റെ കഥ ഞാൻ പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവർക്കേ പുതിയതു കണ്ടുപിടിക്കാനാവൂയെന്നു പറഞ്ഞതും അവനിഷ്ടപ്പെട്ടു. എങ്ങിനെ ചക്രം മനുഷ്യൻ കണ്ടുപിടിച്ചുവെന്നും, അതു വാഹനങ്ങളുണ്ടാകാൻ എങ്ങിനെ സഹായിച്ചുവെന്നും ഞാൻ പറഞ്ഞുകൊടുത്തു. എന്തുകൊണ്ട് ചോദ്യം ചോദിക്കുന്നതു വളർച്ചക്ക് കാരണമാകുമെന്ന് ജീവിതത്തിൽ ആദ്യമായി അവനു മനസ്സിലായി. അന്നേവരെ ചോദ്യം ചെയ്യാതെ എല്ലാം അനുസരിക്കാനേ ആരും അവനോടു പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.
നിശ്ശബ്ദമായി എന്നെ കേട്ടിരുന്ന അവനോടു ഞാൻ പറഞ്ഞു, ബുദ്ധിരാക്ഷസനായിരുന്ന ഐൻസ്റെയിൻ സ്വന്തം തലച്ചോറിന്റെ 18% ശതമാനമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും, മിടുക്കരായ കുട്ടികൾ പന്ത്രണ്ട് ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാറില്ലെന്നും ഞാനവനോടു പറഞ്ഞു.
അവന്റെ തലക്കിട്ടൊരു കൊട്ടു കൊട്ടിയിട്ട് ഞാൻ വീണ്ടും പറഞ്ഞു, ഒരു മാമലിന് 200 ക്യുബിക് സെന്റീ മീറ്റർ ബ്രെയിൻ ഉള്ളപ്പോൾ ശരാശരി മനുഷ്യന് 600 ക്യുബിക് സെന്റിമീറ്റർ ബ്രെയിൻ ഉണ്ടെന്ന്. 
അവന്റെ തല ചൂണ്ടിക്കാട്ടിയിട്ട്, അതൽപ്പം വലുപ്പം കൂടിയതാണെന്നും ഞാൻ പറഞ്ഞു. 
വേണ്ടത്ര പഠിക്കാനുള്ള സ്ഥലം അവന്റെ തലക്കുള്ളിൽ ഉണ്ടെന്നുള്ള ചിന്ത ഞാനിട്ടു കൊടുത്തപ്പോൾ അവൻ ചിരിക്കുന്നതു ഞാൻ കണ്ടു. ഇത്രയുമായപ്പോഴേക്കും സുഹൃത്തിറങ്ങി വന്നു. ആ സംഭാഷണം അവിടെ മുറിയുകയും ചെയ്തു.
വീണ്ടും ഞാനൊരാഴ്ച്ച കഴിഞ്ഞാണ് ആ കുട്ടിയെ കണ്ടത്. ഒന്നും ഞാൻ മറന്നിട്ടുണ്ടായിരുന്നില്ല.
എന്നെ കണ്ടതേ അവനവന്റെ മുറ്റത്തിരുന്ന സൈക്കിളെന്നെ കാണിച്ചു; അതിന്റെ പിന്നിലത്തെ മഡ്ഗാർഡിന്റെ സ്ക്രൂ ഉറപ്പിക്കാൻ അവൻ പ്ലാസ്റിക് വെട്ടി ഒരു വാഷർ ഉണ്ടാക്കിയതും അവനെന്നെ കാണിച്ചു. ഞാനവനെ അഭിനന്ദിച്ചു!
ചോദ്യങ്ങൾ ചോദിക്കാൻ അവൻ പഠിച്ചിരിക്കുന്നുവെന്ന്  എനിക്ക് മനസ്സിലായി. അന്നു ഞാനവനോടൊപ്പം അൽപ്പസമയം ചിലവഴിച്ചു. അന്നവനെന്നോടൊരു രഹസ്യം പറഞ്ഞു. ഞാൻ ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്നും റ്റീച്ചർമാർ അരിശപ്പെടുകയാണു സാധാരണ ചെയ്യുന്നതെന്നും അവനെന്നോടു പറഞ്ഞു. ഞനവനോടും ഒരു രഹസ്യം പറഞ്ഞു; എല്ലാം അറിയാവുന്നവർ ഭൂമിയിലാരുമില്ലെന്നും റ്റീച്ചർമാർ അതിനപവാദമല്ലെന്നും പറഞ്ഞത് മറുചോദ്യമില്ലാതെ അവൻ കേട്ടിരുന്നു. 
പണ്ടത്തെ അവന്റെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ഞാൻ തുനിഞ്ഞില്ല. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണമെന്നും, ചില സംശയങ്ങൾക്കുള്ള മറുപടി കുറേക്കൂടി വളർന്നാലെ നമുക്ക്  മനസ്സിലാവൂയെന്നും അതു വരെ കാത്തിരിക്കണമെന്നും പറഞ്ഞത് അവനിഷ്ടപ്പെട്ടുവെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും എനിക്കു മനസ്സിലായി. 
കഠിനാധ്വാനം ഒന്നിനും പരിഹാരമല്ലെന്നും ബുദ്ധി പൂർവ്വമുള്ള മികച്ച സമീപനമാണെവിടെയും വേണ്ടതെന്നും ഞാൻ പറഞ്ഞു കൊടുത്തു. ഇടക്കിടെ മഴുവിനു മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്ന മരം വെട്ടുകാരനും, രാവിലെ മുതൽ മഴു മൂർച്ച കൂട്ടാതെ മരം മുറിക്കാൻ ശ്രമിക്കുന്ന മരം വെട്ടുകാരനും തമ്മിലുള്ള വ്യത്യാസം അവനു മനസ്സിലായി. ഒരു കാര്യം പഠിക്കുമ്പോൾ അതിനൊടു സാമ്യമുള്ളതോ വിപരീതമായതോ അതു കാരണമാകുന്നതോ ആയ മറ്റൊരു കാര്യത്തോടും കൂടി  കൂട്ടിയിണക്കി ഓർമ്മയുടെ അറകളിൽ അറിവ് അടുക്കി വെയ്കുന്ന സൂത്രം ഞാനവനോടു പറഞ്ഞു കൊടുത്തു. 
ഒരു മാസം കഴിഞ്ഞു കാണണം ആ കുട്ടിയുടെ അമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു, അവന്റെ യൂണിറ്റ് ടെസ്റ്റ്‌ റിസൽട്ട് ഭയങ്കരമായി ഇമ്പ്രൂവ് ചെയ്തെന്ന്.
ഞാനൊന്നു ചിരിച്ചതേയുള്ളൂ. 
സൂത്രവിദ്യകളുപയോഗിച്ച് എത്ര ഫാസ്റ്റായി പഠിക്കാമെന്നു പരീക്ഷണമായിരുന്നാ മാസം മുഴുവനവൻ. 
ആ അമ്മയുടെ മനസ്സിൽ പഠിച്ചു പഠിച്ചു ഡോക്ടറോ എഞ്ചിനീയറോ ആകുന്ന മകന്റെ ചിത്രമായിരുന്നിരിക്കാം. 
ചോദ്യങ്ങൾ ചോദിക്കുകയും അതിനെല്ലാം ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു മഹാ പ്രതിഭയേയായിരുന്നു ഞാൻ കണ്ടുകൊണ്ടിരുന്നത്‌. 
വീണ്ടുമൊരിക്കൽ ഞാനാ വീട്ടിൽ ചെന്നപ്പോൾ താലന്തുകളും മനോഭാവവും തമ്മിലുള്ള വ്യത്യാസം ഞാൻ പറഞ്ഞു കൊടുത്തു. ഓരോരുത്തർക്കും മതിയായ താലന്തുകൾ ഉണ്ടെന്നും നല്ല മനോഭാവം അവിടെ പ്രകടിപ്പിച്ചാലെ ആ താലന്തുകളെ പ്രയോജനപ്രദമാക്കാൻ നമുക്കു കഴിയൂവെന്നും ഞാൻ പറഞ്ഞു. 
ഞാനുദാഹരണമായി പറഞ്ഞത് എം എഫ് ഹൂസ്സൈയിൻ എന്ന ചിത്രകാരന്റെ കഥയായിരുന്നു. ഒരു ജോലി ചെയ്യാമായിരുന്നിട്ടും സ്വതസിദ്ധമായ കഴിവു പ്രകടിപ്പിക്കാൻ വേണ്ടി മുംബെയിലെ തെരുവു റോഡുകളിൽ ചിത്രം വരച്ചുകൊണ്ടിരുന്ന ഹൂസ്സയിൻ അന്ന് സമ്പാദിച്ചതു ചിലപ്പോൾ ദിവസം അമ്പതു പൈസാ ആയിരുന്നിരിക്കാമെന്നു ഞാനവനോടു പറഞ്ഞു. എം എഫ് ഹുസ്സൈൻ ഇന്ത്യാ കണ്ട ഏറ്റവും വലിയ ചിത്രകാരന്മാരിൽ ഒരാളായിരുന്നെന്നും ഞാൻ പറഞ്ഞു കൊടുത്തു.
പിന്നിടെന്നെ കണ്ടപ്പോൾ അവന്റെ അമ്മ എന്നോടു പറഞ്ഞത് ഉരുളക്കുപ്പേരിപോലെ അവൻ പറയുന്ന മറുപടികളേപ്പറ്റിയായിരുന്നു. 
ക്ലാസ്സിൽ മികച്ചതാവാനുള്ള ശ്രമം അവനുപേക്ഷിച്ചിരുന്നു. 
ഒരൊറ്റ സങ്കടമേ എനിക്കുണ്ടായിരുന്നുള്ളൂ, ആ തരി  വളർന്നു വലുതായി ഒരു നക്ഷത്രചോദ്യമാകുന്നിടത്തോളം ജീവിക്കാനുള്ള വലുപ്പം എന്റെ ആയുസ്സിനുണ്ടാവുമോയെന്നെനിക്കു നിശ്ചയമില്ലായിരുന്നു. 
ചോദ്യങ്ങൾ ചോദിച്ചു കോണ്ടേയിരിക്കുന്നവരില്ലെങ്കിൽ ലോകം എന്നേ നിശ്ചലമാകുമായിരുന്നെന്നു ഞാനിപ്പോഴും ഓർക്കുന്നു.

Saturday, 5 March 2016

പിറവിയെന്ന വിസ്മയം

"Enjoy being yourself in your beloved surroundings!" A good friend wished me in a mail. What esle do I do?

രണ്ടായിരത്തി പതിനൊന്നിലെ ജൂണ്‍മാസാരംഭം. ഒളിച്ചും മടിച്ചും വീഴുന്ന മണ്‍സൂണ്‍. ഏതാണ്ട് ഇരുപതു മാസം മുമ്പ് ഞാന്‍ മുറ്റത്ത് കുഴിച്ചുവച്ച പത്തു തെങ്ങിന്‍തൈകളില്‍ ഒന്നിന് കടിഞ്ഞൂല്‍ പ്രസവം. പൊടുന്നനെയാണ് നിശയുടെ തിരശീലക്കു പിന്നില്‍, തഴച്ച ധന്യതയുടെ നാഭിയില്‍ നിന്ന്, ഒരു തൊട്ടില്‍ പോലെ പുറംതള്ളിവരുന്ന ചൊട്ട കണ്ണില്‍പ്പെട്ടത്. നാലഞ്ചുദിനങ്ങള്‍ കഴിഞ്ഞതേ, ജീവദാഹത്തോടെ അതില്‍നിന്ന് എത്തിനോക്കുന്നു, പ്രകാശത്തിന്റെ നൂറുനൂറു കുഞ്ഞുങ്ങള്‍!



ദിവസത്തില്‍ പലതവണ ഞാനവളുടെയടുത്തു ചെല്ലും. ആ നവപുഷ്പിണിയില്‍ ജീവന്റെയും സ്നേഹത്തിന്റെയും നിറവ്കണ്ട് മനംകുളിര്‍ക്കും. വരുംവാരങ്ങളില്‍ പാലും തേനും നിറഞ്ഞ്‌ ഉരുണ്ടുകൊഴുക്കേണ്ട ആ പവിഴമുത്തുകള്‍ക്ക് ആര്‍ക്കുമേ ചെന്നുമ്മവച്ചീടുവാന്‍ തോന്നിക്കുന്ന ശൈശവകോമളത്തം. അവയുടെ വെണ്മയില്‍ ചുറ്റുപാടെല്ലാം പ്രകാശചിത്തമായതുപോലെ. എന്റെ വീടും ഈ പിറവിയുടെ അദ്ഭുതത്തില്‍ കുളിച്ചുനില്‍ക്കുന്നു. ഉറവയില്‍ നിന്ന് നീരൊഴുക്ക് പോലെ, ആദിമവും അരൂപവുമായ ആനന്ദത്തിന്റെ ധാരാളിത്തം ആ കതിര്‍ക്കുലയിലൂടെ എന്നിലേയ്ക്ക് വര്ഷിക്കപ്പെടുന്നു. ഭൌമമായ സൌന്ദര്യത്തിന്റെ വശ്യതയില്‍ സന്തോഷിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ പഠിക്കുന്നു.

ഇനിയങ്ങോട്ടും, നിശാകാലനിലാവും പുലര്‍കാലകിരണങ്ങളും സാന്ധ്യവര്‍ഷപാതവും ചേര്‍ന്ന് ഈ കതിരുകളില്‍ നന്മയുടെ നിറകുടങ്ങളെ പരുവപ്പെടുത്തട്ടെ; ജീവനുവേണ്ടി ജീവനുരുവാക്കുന്ന പ്രകൃതിയുടെ സാഫല്യങ്ങളെ ഊട്ടിവളര്‍ത്തട്ടെ. മലയാളികള്‍ക്ക് പാലിന്റെയും തേനിന്റെയും അമൃതകുംഭം പേറുന്ന ഈ കല്പദാരുവിനെ, ഈ ജൈവതേജസിനെ, നമ്രശിരസ്സനായി നമിക്കുന്നേന്‍!

- See more at: http://znperingulam.blogspot.in/2011/06/blog-post.html#sthash.BQJZ3bYx.dpuf

സമയമെത്ര ബലഹീനം!

"ഒരു ജന്മം മുഴുവൻ ശ്രമിച്ചാലും തിരിച്ചുനല്കാനാവാത്തത്ര പ്രേമവാത്സല്യത്തോടെ 
എന്റെയുച്ചിയിലവൾ ഉമ്മവച്ചു"
എന്നയോർമ്മയുടെ മധുരിമയി ൽ ഉറക്കത്തിൽ നിന്നുണര്‍ന്ന ഞാന്‍ സമയം നോക്കി. 
ആറരയാകാന്‍ പോകുന്നേയുള്ളൂ. പെട്ടെന്നൊരു  ചായയുണ്ടാക്കി പതുക്കെപ്പതുക്കെ 
രുചിച്ചിറക്കി.
'ജലസ്രോതസിലെ ആത്മഹര്‍ഷങ്ങള്‍' എന്ന് ശീര്‍ഷകം കൊടുത്ത് പത്ത്പന്ത്രണ്ട് വര്‍ഷം 
മുമ്പ് ഞാനുണ്ടാക്കിയ കൊച്ചു കൈയെഴുത്തു പുസ്തകത്തിലെ വാക്യമായിരുന്നു ഓര്‍മ്മയില്‍ പൊന്തിവന്നത്. ആ കൃതിയെടുത്തു മറിച്ചു
നോക്കി. പാലസ്തീന്‍ പെണ്‍കിടാങ്ങള്‍ സ്തനങ്ങള്‍ക്കിടയില്‍ സൂക്ഷിക്കുന്ന മീറപ്പൊതിപോലെ 
അവളെന്നെ താലോലിച്ചു എന്ന വരികള്‍ എന്റെയാത്മാവിനെ വീണ്ടും മത്തുപിടിപ്പിച്ചു. 
അപ്പോളതാ, ചിത്രഭംഗി തുന്നിപ്പിടിപ്പിച്ച വെളുത്ത വിശറികള്‍ പോലുള്ള ചിറകുകളടിച്ചു
കൊണ്ട് ഒരു നിശാശലഭം മേശപ്പുറത്തു കിടന്ന ഒരു പഴയ സ്വാച്ചില്‍* വന്നിരുന്നു. 
അറിയാതെ ഞാനതിലേയ്ക്ക് നോക്കിയപ്പോള്‍ സൂചികള്‍ പന്ത്രണ്ടിനോടും രണ്ടിനോടും 
തൊട്ടിരിക്കുന്നു. പാതിരാത്രി കഴിഞ്ഞിട്ടേയുള്ളൂ! നേരേ തിരിച്ചുപിടിച്ചായിരുന്നു 
നേരത്തേ നോക്കിയത്. ഒരിളിഭ്യതയും തോന്നിയില്ല.
"സമയം ബലഹീനവും യുക്തിഹീനവുമാണെന്ന്‌ ഞാനെന്നേ  അറിഞ്ഞിട്ടുണ്ട്,  ഓരോ 
തവണയും സ്ത്രീയവളുടെ സ്നേഹസാന്നിദ്ധ്യം പ്രകടിതമാക്കുമ്പോള്‍" എന്ന് അതില്‍ 
കുറിച്ചിരുന്നത്‌ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, അത്ര തന്നെ.
ഉറങ്ങാനല്ല, തുടര്‍ന്ന് വായിക്കാനാണെനിക്ക്‌ താല്പര്യം തോന്നിയത്.
"ഒരുദ്യാനധാര, ജീവജലമുള്ള കിണര്‍, മലയിടുക്കുകളിലൂടെയൊഴുകുന്നയരുവി"- 
ഇവയുടെ ഹൃദയഹാരിത ഒരിക്കല്‍കൂടി എന്റെയനുഭവമായി. ഞാന്‍ തുടര്‍ന്ന് വായിച്ചു:
 "അവളുടെ കവിള്‍ത്തടങ്ങള്‍ സ്വര്‍ണപ്രഭയേറ്റപോലെ അവളുടെ മിഴികള്‍
അരിപ്രാവുകളെപ്പോലെ നിഷ്ക്കളങ്കമായി   സ്പുരിച്ചിരുന്നു. തന്റെ തൂമന്ദഹാസത്താല്‍ 
എന്റെ സര്‍വമാനങ്ങളെയും വലയംചെയ്ത്,   നിറഞ്ഞുതുളുമ്പി,
 പ്രകാശപൂരിതയായി അവള്‍ അടുത്തുനിന്നു."  ആ അനുഭൂതികളിലേയ്ക്ക് ഞാന്‍ ഒരു 
നിമിഷം തിരിച്ചുപോയി.

ഒരു മൂങ്ങാ പലവട്ടം മൂളി. ഇണയെ വിളിക്കുകയാവാം. ആരുടെയോ വളര്‍ത്തുനായ 
എന്തോ ഗൌരവമായത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഒരു ഗൌളി നാല് തവണ തന്റെ 
കുഞ്ഞുങ്ങളുടെ പേരുവിളിച്ചു. അടുത്ത വരിയില്‍ എന്റെ കണ്ണുകള്‍ തടഞ്ഞു. - "സമുദ്രങ്ങളുടെ ആഴങ്ങളെ വെല്ലുന്നു വിഹായസിന്റേത്.
അതിനെയും  ചെറുതാക്കുന്നു  മനുഷ്യഹൃദയങ്ങളുടെ പാരസ്പര്യം." - സമയം ബലഹീനമാണെന്ന്‌ എന്റെയുള്ളില്‍ വീണ്ടും മന്ത്രണമുണ്ടായി. 
ഞാനൊന്നുകൂടി ഉറങ്ങാന്‍ കിടന്നു.

മടക്കിവച്ച കൊച്ചു പുസ്തകത്തിന്റെ താളുകള്‍ അര്‍ദ്ധബോധത്തില്‍ വീണ്ടും മറിഞ്ഞു
കൊണ്ടിരുന്നു. ആരോ അതില്‍നിന്നു വായിക്കുന്നതുപോലെ എനിക്ക് തോന്നി."
പൂവിതളുകള്‍ പോലെ മൃദുലമായ അവളുടെ കവിളില്‍ എന്റെ കരതലം സ്പര്ശിച്ചതേ, 
ജലപ്പരപ്പില്‍ വീണ കടലാസ് കുതിര്‍ന്നലിഞ്ഞു താഴുന്ന ശാന്തതയോടെ, എന്റെ 
തോളിലേയ്ക്കമര്‍ന്നു, അവളുടെ ശിരസ്സ്‌. 'മരണത്തിനു മുമ്പുള്ള ഒരു വെപ്രാളം, അത് 
മാത്രമല്ലേ ഈ ജീവിതം?'
അനവധി ദൈന്യവിനാഴികകളെ അര്‍ത്ഥശൂന്യമാക്കിയതെല്ലാം മറന്ന്, ഈ 
ചോദ്യത്തിലേയ്ക്കവള്‍ മയങ്ങിപ്പോയി."
ഉറങ്ങൂ, കുട്ടീ, നീ ഉണരുമ്പോള്‍, തീര്‍ച്ചയായും, ഉദയസൂര്യനും നിന്റെയീ ഞാനും 
ഇവിടെത്തന്നെയുണ്ടാവും, നിന്നെക്കാത്ത്!

* Swatch - a cheap sort of Swiss wrist-watch
- See more at: http://znperingulam.blogspot.in/2010/08/blog-post_9586.html#sthash.8UZ46pHh.ftno57Nj.dpuf--