Friday, 14 July 2017

ആഴത്തിൽ നിന്നുള്ള ചിന്തകൾ

ഞാൻ വീണു, ഇരുപതടി മുകളിൽ നിന്ന് - അറുപത്താറാം വയസ്സിൽ. കാര്യമായ പരിക്കോ ക്ഷതമോ ഇല്ലാതെ എണീറ്റു പോവുകയും ചെയ്തു. എവിടുന്നാ എങ്ങിനെയാ എന്നൊക്കെ ചോദിപ്പിക്കുന്നില്ല, ഒരു കറിവേപ്പിന്റെ മുകളിൽ നിന്നാ വീണത്. ഇത്തിരി ഏറെ ഇല എടുക്കണമായിരുന്നു - ആവശ്യക്കാരുണ്ടായിരുന്നു. 
അതല്ലിപ്പം എന്റെ പ്രശ്നം! ചാരി വെച്ചിരുന്ന ഇരുമ്പു ഗോവണി എന്നെ വിട്ടു പിന്നിലേക്കു മറിയുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പിന്നെ ഞാനറിയുന്നത് അടുത്തിടെ ഒരു പതിനെട്ടുമാസത്തെങ്ങു നട്ടിരുന്നു കുഴിയുടെ അകത്തും പുറത്തുമായി ഞാൻ കിടക്കുന്നതാണ്. ആരെയും വിളിക്കുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്തില്ല. ഏണിയുടെ ശബ്ദം കേട്ട് ഓടിവന്ന ഒരു സ്‌ത്രീയാണ് ആ കിടപ്പ് കണ്ടുപിടിച്ചത്. അവരോടിവന്നു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, അൽപ്പ നേരം കൂടിക്കഴിഞ്ഞു ഞാൻ തനിയെ എണീറ്റു പൊക്കോളാമെന്ന്. ഈ ബഹളം നടക്കുന്നതിനിടയിൽ ഞാൻ സ്വയം മനസ്സിലാക്കി, 
'നടന്നത് വളരെ നിസ്സാരമായ ഒരു വീഴ്ചയല്ല, തൽക്കാലം എനിക്കു ബോധമുണ്ട്. ഇല്ലായിരുന്നെങ്കിലോ?'
എനിക്കുറപ്പായിരുന്നു, ആർക്കും ഒരു കടവും ഞാൻ ബാക്കി വെച്ചിട്ടില്ല, ഒരു ബന്ധവും ഞാൻ പുതുക്കാത്തതായുമില്ലായിരുന്നു. എല്ലാറ്റിലുമുപരി, ചെയ്തു തീർക്കാനായും യാതൊന്നും ബാക്കി വെച്ചിട്ടുമില്ലായിരുന്നു, നേടാനായി ഒരാഗ്രഹവും ബാക്കിയായുമില്ലായിരുന്നു. 
പെണ്ണുങ്ങൾ സമ്മതിക്കണ്ടെ, ആദ്യം വന്ന മൂന്നു മുതിർന്ന സ്ത്രീകൾ വയ്യെങ്കിലും എന്നെ പിടിച്ചെണീപ്പിച്ചു. എനിക്കു നടക്കാം കുഴപ്പമൊന്നുമില്ലെന്നു ഞാൻ പറഞ്ഞു, ഇന്നാലൊന്നു നടന്നു കാണിക്കാൻ അവരും പറഞ്ഞു. അവരിട്ടുതന്ന ഒരു കസേരയിലിരുന്നാണിതു ഞാൻ പറഞ്ഞത്.
ഞാനൊട്ടും മടിച്ചില്ല. എണീറ്റു വീട്ടിലേക്കു നടന്നു. ഇടുപ്പിനു നല്ല വേദനയുണ്ടായിരുന്നു, കഴുത്തിനും നല്ല വേദനയനുഭവപ്പെട്ടു. കുറേ നേരം ഞാനും എന്റെ റയ്കിയും കട്ടിലിൽ ഒരുമിച്ചായിരുന്നു. പിന്നെ ഏണീറ്റു ഭാര്യയുടെ സഹായത്താൽ ഒന്നു കുളിച്ചു, നന്നായൊന്നു വിശ്രമിച്ചു. ഇരിക്കാനും നടക്കാനുമൊന്നും വല്യ ബുദ്ധിമുട്ടു തോന്നിയില്ല - അൽപ്പസ്വൽപ്പം വേദനയല്ലാതെ. ഒരു എക്സ്റേ എടുക്കുന്നതിനേപ്പറ്റിയും ഞാൻ ചിന്തിച്ചില്ല. നാലു ദിവസം കഴിഞ്ഞുപോയി ഒന്നെടുത്തു. ഒരു നേരിയ പൊട്ടൽ ഒരിടത്തു കണ്ടു - രണ്ടു മാസം വിശ്രമിക്കാൻ ഉപദേശവും കിട്ടി. 
ഞാൻ പറയാൻ ഉദ്ദേശിച്ചത്, വിപ്ളവകാരികളും ദൈവത്തിന്റെ പ്രത്യേക പരിഗണനയിൽ പെടുന്നവരാണെന്നോ, കറിവേപ്പേൽ കയറുന്നവർ ശ്രദ്ധിക്കണമെന്നോ ഒന്നുമല്ല, പകരം എന്റെ ജീവിതത്തിൽ നിന്നു ഞാനറിയാതെ രണ്ടു നിമിഷങ്ങൾ കടന്നു പോയി. ആ സമയത്തെപ്പറ്റിയാണ്, ആ സമയം എനിക്കെന്താണു സംഭവിച്ചതെന്നതിനെപ്പറ്റിയാണ്. ഏണി തെന്നുമ്പോഴും എനിക്കു ബോധമുണ്ട്, നിലത്തു വീണൂ കഴിഞ്ഞപ്പോഴും എനിക്കു ബോധമുണ്ട്. ഇതിനിടയിൽ സംഭവിച്ചതെന്താണെന്ന് എനിക്കറിയില്ല. ആർക്കെങ്കിലും അറിയുമോയെന്നാണ് അറിയേണ്ടത്.
വളരെ നേരത്തെതന്നെ, ഒരുവന്റെ ജീവിതത്തിൽ, അവന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ ഇടപെടലുകളെപ്പറ്റി എനിക്കു സംശയമുണ്ടായിട്ടുണ്ട്. പല സന്ദർഭങ്ങളിലും ഒരുവന്റെ നിയന്ത്രണത്തിലല്ലാതെയും ചിലതു സംഭവിക്കുന്നു - നമ്മെ അൽഭുതപ്പെടുത്തുന്ന ചില യാദൃശ്ചിതകൾ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നു.
എനിക്കിന്നുറപ്പാണ്, കാവൽ മാലാഖമാരെന്നു നാം വിളിക്കുന്നത് ഈ ഉൾക്കാമ്പിനെയല്ലേ? ആ ഉൾബോധമല്ലേ, ഏറ്റവും കുറഞ്ഞ ക്ഷതം വരത്തക്ക രീതിയിൽ കിളച്ചിട്ട ആ മൺകൂനയിലും കുഴിയിലുമായി എന്നെ കിടത്തിയത്? 
ഉവ്വ്, ആ ഉൾബോധവുമായി സമരസപ്പെടാൻ നമുക്കു കഴിഞ്ഞാൽ, അതുമായി കൂട്ടു കൂടി ജീവിക്കാൻ നമുക്കു കഴിഞ്ഞൽ, നമ്മെ തോപ്പിക്കാൻ ആർക്കാവും?

6 comments:

  1. നമ്മുടെ കർമ്മ വഴിത്താരകളിലെ അറിയാത്ത ഇടങ്ങളുടെ സ്വാധീനശക്തി നമ്മുടെ ചിന്താതലങ്ങൾക്കും മേലെയാണല്ലോ...

    ReplyDelete
  2. Mysterious! I will do more research on this. I doubt if the 'conscious I' have even 1% of control over the 'total I'.

    ReplyDelete
  3. എനിക്ക് ഗുരുതുല്യനായ ശ്രീ ജാസഫ് മററപ്പള്ളിയുടെ വ്യക്തിപരമായ ഈ അനുഭവത്തിലേയ്ക്ക് വെളിച്ചം വീഴ്ത്താനുളള മൺചിരാത് എന്റെ പക്കലില്ല. മാരകമാകാമായിരുന്ന വീഴ്ചകളിൽ നിന്ന് ഒന്നും തന്നെ കാര്യമായി സംഭവിക്കാതെ എണീറ്റുപോയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. ശരീരവും മനസ്സും കേടുകൂടാതെ അവയെ തരണം ചെയ്തത് എങ്ങനെയെന്ന് ഇന്നുമെനിക്കറിയില്ല.
    ഈ ഭൂമിയോടും അതിൽ ദാനമായി നമുക്കു കിട്ടിയ ജീവനോടും അമിതമായി സ്വാർത്ഥപരമായ ഒരു ബന്ധം സൂക്ഷിക്കാത്തവർക്ക് അവ നഷടപ്പെടുമെന്ന ഭയം ഉണ്ടാവില്ല എന്നത് ഒരു കാരണമാകാം. മറ്റെന്തിനുമെന്നപോലെ താത്ക്കാലികമായ വിലയേ സ്വന്തം ജീവിതത്തിനും ഉള്ളൂ എന്ന പരോക്ഷമായ ഒരവബോധമായിരിക്കാം മനസ്സിനെ എന്നപോലെ ശരീരത്തെയും പലപ്പോഴും സാധാരണ സംഭവിക്കാവുന്ന പരിക്കുകളിൽ നിന്നും പരിരക്ഷിക്കാൻ സഹായകരമാകുന്നത്. ജീവിതത്തിൽ എല്ലാം തന്നെ യാദൃശ്ചികമാണ് എന്നത് നമുക്കു തന്നതായ ഒരു ഹ്രസ്വവീക്ഷണത്തിന്റെ ഫലമാണെങ്കിലും, അതും ഒരു ധൈര്യമാണ്. അത് സഹജമാകാം, പരിശീലിച്ചതാകാം. എന്നിൽ ഇത് രണ്ടു വിധത്തിലും പ്രാവർത്തികമാണ്. ഒന്നും ചെയ്യാതെ വിശ്രമിക്കാൻ സമയം കിട്ടുമ്പോഴെല്ലാം ഞാൻ ചെയ്യാനിഷ്ടപ്പെടുന്ന ഒരു ചര്യയുണ്ട്. ശവാസനപ്രകാരം കൈയും കാലും വിരിച്ചു കിടന്ന്, ചുറ്റുപാടുകളിൽ നിന്നും മനസ്സിനെയും ശരീരത്തെയും വിച്ഛേദിക്കുക. നമ്മുടേതെന്നു കരുതാൻ മനസ്സ് നിർബന്ധിക്കുന്നവയെ മനസ്സിൽ വച്ചുതന്നെ ദഹിപ്പിച്ചു കളയുക. വെറും രണ്ടു മിനിട്ടായാലും മതി, അതൊരു സവിശേഷമായ കരുത്ത് തിരികെത്തരുന്നതുപോലെ അനുഭവപ്പെടും. ഞാൻ ഒരു ഏകകമെന്ന തോന്നലിൽ നിന്ന്‌ സർവവുമെന്ന ബോധത്തിലേക്ക് വഴുതിപ്പോകാൻ സ്വയം അനുവദിക്കുക. ആ സമയത്ത് ശരീരം സ്വയം പുതുക്കിപ്പണിയും. ഈ പുതുക്കൽ നാമറിയാതെയും നിരന്തരം നടന്നുകൊണ്ടാണിരിക്കുന്നത്.

    ഏറ്റവും വലിയ വിവരശേഖരണിയാണ് മനുഷ്യ ശരീരം. അതിലെ കോടിക്കണക്കിന് കോശങ്ങളിൽ ഓരോന്നിലും ഒരു ഡി.എൻ.എ.
    ഒരോ ഡി.എൻ.എ യിലും
    ആയിരം വോള്യം പുസ്തകങ്ങൾ. ഒരോ പുസ്തകത്തിലും 
    ഒരു ലക്ഷം പേജുകൾ!

    ഈ ഭൂമിയിൽ നിലനിൽക്കാൻ ഒരോ നിമിഷവും
    കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
    ശരീരത്തിലെ ഓരോ കോശത്തിനും അതിന്റെ സ്ഥാനവും കർത്തവ്യവും അറിയാവുന്നതുപോലെ, പ്രപഞ്ചത്തിലെ ഓരോ കണികയ്ക്കും അതിന്റെ സ്ഥാനവും ചലനവുമറിയാം. പ്രപഞ്ചമനസ്സിന്റെ ഈ സമഗ്രത, ഈ സ്വാവബോധമാണ് ഈശ്വരൻ എന്ന സത്യം നമുക്ക് സുരക്ഷിതത്വം നൽകുന്നു.

    നമ്മുടെ കോശങ്ങൾക്കു കണ്ണുണ്ടായിരുന്നെങ്കിൽ, അവയിലോരോന്നും ബാക്കി ശരീരത്തെ ഒരുഗ്രൻ ഗാലക്സിയെന്ന പോലെ കാണുമായിരുന്നു എന്ന് കാൾ സാഗൻ പറഞ്ഞിട്ടുണ്ടു്. വാസ്തവത്തിൽ ഒരു കണികയുടെ ഘടന തന്നെയാണ് മനുഷ്യ ശരീരത്തിന്റെയും മൊത്തം പ്രപഞ്ചത്തിന്റെയും. പ്രത്യക്ഷരൂപം നിലനില്‌ക്കെത്തന്നെ ആന്തരിക ഘടകങ്ങൾ നിരന്തരം മാറ്റിയും പുതുക്കിയും കൊണ്ടിരിക്കുക എന്ന പ്രതിഭാസം ജൈവജാലങ്ങളെയും ഗാലക്സികളെയും ഒരുപോലെ ബാധിക്കുന്നു.

    "0ur sense of the galaxies as ponderous rigid bodies is mistaken. They are fluid structures with 100 billion stellar components. Just as a human being, a collection of 100 trillion cells, is typically in a steady state between synthesis and decay and is more than the sum of its parts, so also is a galaxy." (Cosmos, Ch.10)

    ReplyDelete
  4. Simply wonderful reflection, worth reading a thousand times. This is the gateway to realization.

    "ഏറ്റവും വലിയ വിവരശേഖരണിയാണ് മനുഷ്യ ശരീരം. അതിലെ കോടിക്കണക്കിന് കോശങ്ങളിൽ ഓരോന്നിലും ഒരു ഡി.എൻ.എ.
    ഒരോ ഡി.എൻ.എ യിലും
    ആയിരം വോള്യം പുസ്തകങ്ങൾ. ഒരോ പുസ്തകത്തിലും 
    ഒരു ലക്ഷം പേജുകൾ!

    ഈ ഭൂമിയിൽ നിലനിൽക്കാൻ ഒരോ നിമിഷവും
    കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
    ശരീരത്തിലെ ഓരോ കോശത്തിനും അതിന്റെ സ്ഥാനവും കർത്തവ്യവും അറിയാവുന്നതുപോലെ, പ്രപഞ്ചത്തിലെ ഓരോ കണികയ്ക്കും അതിന്റെ സ്ഥാനവും ചലനവുമറിയാം. പ്രപഞ്ചമനസ്സിന്റെ ഈ സമഗ്രത, ഈ സ്വാവബോധമാണ് ഈശ്വരൻ എന്ന സത്യം നമുക്ക് സുരക്ഷിതത്വം നൽകുന്നു.

    നമ്മുടെ കോശങ്ങൾക്കു കണ്ണുണ്ടായിരുന്നെങ്കിൽ, അവയിലോരോന്നും ബാക്കി ശരീരത്തെ ഒരുഗ്രൻ ഗാലക്സിയെന്ന പോലെ കാണുമായിരുന്നു എന്ന് കാൾ സാഗൻ പറഞ്ഞിട്ടുണ്ടു്. വാസ്തവത്തിൽ ഒരു കണികയുടെ ഘടന തന്നെയാണ് മനുഷ്യ ശരീരത്തിന്റെയും മൊത്തം പ്രപഞ്ചത്തിന്റെയും. പ്രത്യക്ഷരൂപം നിലനില്‌ക്കെത്തന്നെ ആന്തരിക ഘടകങ്ങൾ നിരന്തരം മാറ്റിയും പുതുക്കിയും കൊണ്ടിരിക്കുക എന്ന പ്രതിഭാസം ജൈവജാലങ്ങളെയും ഗാലക്സികളെയും ഒരുപോലെ ബാധിക്കുന്നു.

    "0ur sense of the galaxies as ponderous rigid bodies is mistaken. They are fluid structures with 100 billion stellar components. Just as a human being, a collection of 100 trillion cells, is typically in a steady state between synthesis and decay and is more than the sum of its parts, so also is a galaxy." (Cosmos, Ch.10)" Zac

    ReplyDelete
  5. ഫെയ്സ് ബുക്കിൽ ശ്രീ Chacko Kalarickal എഴുതിയത്: "ഞാൻ മിഡിൽസ്‌കൂളിൽ പഠിക്കുന്ന കാലത്ത് കപ്പിലുമാവിൽ കയറി ഇരുപത്തഞ്ചോളം അടി ഉയരത്തിൽനിന്ന് താഴെ വീണു. പിടിച്ചിരുന്ന ഒരു ശിഖരം ഒടിഞ്ഞു. മറ്റേ ശിഖരത്തിൽ കൈപിടിച്ച് തൂങ്ങിക്കിടക്കുന്ന നിമിഷംവരെ ഓർമ്മയുണ്ട്. പിന്നെ നിലത്ത് വീണശേഷമുള്ള ഓർമ്മയെ ഉള്ളു. ഇടക്കുള്ള നിമിഷങ്ങൾ വെറും അന്ധകാരമായി ഇന്നും കിടക്കുന്നു, ഓർമ്മയിൽനിന്നുമാറാതെ. അതൊരത്ഭുതം തന്നെ. മരണശേഷമുള്ള അവസ്ഥ അന്ധകാരമായിരിക്കാം."

    സാധാരണ മനുഷ്യന്റെ നിരീക്ഷണത്തിന് എളുപ്പത്തിൽ വിധേയമാകാത്ത ഒരു ശൂന്യവേളയെപ്പറ്റിയാണ് നാം ചർച്ച ചെയ്യുന്നത്. ഇത്തരം അനുഭവങ്ങൾ ഉണ്ടാവാത്തവർ വിരളം. നമ്മുടെ യുക്തിക്കു വേഗതയുമില്ല, ദൈർഘ്യവുമില്ല. ഇത്തരം അസന്നിഗ്ദാവസ്ഥകളിൽ നമ്മിൽത്തന്നെയുള്ള ഒരു ഗൂഢശക്തി ധൃതഗതിയിൽ ഉണർന്നു പ്രവർത്തിക്കുന്നുവെന്നു വേണം കരുതാൻ. നാം എന്തിനാണോ ഈ ഭൗമിക ജീവിതം തിരഞ്ഞെടുത്തിരിക്കുന്നത്, ആ ദൗത്യവുമായി ഒത്തു ചേരത്തക്ക രീതിയിലേക്ക് അതിനെ നയിക്കത്തക്ക രീതിയിൽ ആ ഗൂഢശക്തി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നതു സത്യമാണെന്നു കരുതാതെ വയ്യ. ഇതു വീഴ്ചയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല. ജീവിതത്തിൽ അടിയന്തിരമായ മാറ്റങ്ങൾ സംഭവിക്കേണ്ട പല സന്ദർഭങ്ങളിലും ഇത്തരം ശൂന്യവേളകൾ നമ്മുടെ ജീവിതത്തിൽ നിയന്ത്രണം എറ്റെടുക്കുന്നു - വിശദീകരണ സാദ്ധ്യമല്ലാത്ത അൽഭുതകരമായ യാദൃശ്ചികതകളിലേക്കു നാം നയിക്കപ്പെടുകയും ചെയ്യുന്നു.
    ഏന്റെ മനസ്സിലാക്കലുകൾ ശരിയെങ്കിൽ, ഉള്ളിലുള്ള ഈ ശക്തിയെ (അതിനെ എന്തു പേരു വിളിച്ചാലും) തിരിച്ചറിഞ്ഞ് അതുമായി സമരസപ്പെട്ട്, അതിന്റെ സംരക്ഷണശക്തിയിൽ മനസ്സുകൊണ്ടും ഹൃദയം കൊണ്ടും പൂർണ്ണമായി വിശ്വസിച്ച് ഒരു ജീവിത ക്രമം രൂപപ്പെടുത്തുന്നവൻ അൽഭുതകരമായ ഒരു സംരക്ഷണ വലയത്തിലായിരിക്കും. ഈ വലയത്തിലേക്കു മത വിശ്വാസത്തിന്റെ പേരിലും ദേവാരാധനയുടെ പേരിലുമൊക്കെ ആളുകളെ കൊണ്ടുവരാൻ കഴിയും - അൽഭുതങൾ സംഭവിക്കുകയും ചെയ്യും.
    എന്റെ അനുഭവത്തിൽ, ഞാൻ വീണു, മാലാഖമാർ താങ്ങിപ്പിടിച്ചുവെന്നു പറയാം, കുടുംബ പുണ്യവാൻ ദസഹായിച്ചുവെന്നു പറയാം, ഒരു മുൻ കാരണത്തിന്റെ ഫലമെന്നും പറയാം. മതസംഹിതകളിലെ പൊരുത്തക്കേടുകളെ ഒരു മറവും കൂടാതെ വിമർശിക്കുന്ന ഒരുവന് എങ്ങിനെ തുടർച്ചയായി സംരക്ഷണം കിട്ടുന്നുവെന്നും, ധ്യാനകേന്ദ്രങ്ങളിൽ അട്ടിപ്പേറു കിടക്കുന്ന പലരും ഇപ്പോഴും തകർച്ചയിൽത്തന്നെ എന്തുകൊണ്ട് കഴിയുന്നുവെന്നും തൃപ്തികരമായി വിശദീകരിക്കുവാൻ ഒരു പ്രഭാഷകനും കഴിയണമെന്നില്ല. ഈ ശൂന്യതയാണ് യഥാർത്ത ദൈവം!

    ReplyDelete
  6. This has ref. to a narrow escape passengers on board an Air Asia flight had on last week of June 2017. The problem with an engine made the plane shudder like a "washing machine”. The plane was forced to return to Australia. The captain asked the passengers on board to "say a (final?) prayer”.

    The Kuala Lumpur-bound flight turned back to Perth one and a half hours into the journey due to a "technical issue" and the Airbus 330 landed about three hours after departure. Passengers have been recounting the terrifying ordeal, which reportedly began with a bang from the left engine.

    I had an occasion to interview a Malayalee family that was on board this plane. They told me a few strange things.

    there were only a few Indians in the flight and there were no much crying or shouting in the flight; most of them were busy taking selfies and conversing with their friends.
    The lady with her three years old child said that she was highly agitated and really wanted to cry aloud.
    My observation is that people from religious India are different from not-so religious Europeans. While most of the passengers were ready to face the unavoidable, we hold much resistance every where.
    The point I wants to raise here is not still that. I think at such critical situations too, ‘an unknown emptiness’ takes charge. Don’t know what all it was doing!

    ReplyDelete