Tuesday, 12 April 2016

Post Traumatic Stress Disorder

Post Traumatic Stress Disorder ന് (PTSD) മലയാളത്തിൽ ദുരന്താനുഭവാനന്തര മനോവിഭ്രാന്തി എന്ന് നീട്ടിയോ കുറുക്കിയോ പറയാം. കൊല്ലാനും കൊല്ലപ്പെടാനുമായി ഏതൊരു രാഷ്ട്രവും ഒരുക്കിവിടുന്ന പച്ച മനുഷ്യർക്ക്‌ യുദ്ധഭൂമിയിൽ നിന്ന് തിരികെ വരാൻ ഭാഗ്യം ലഭിച്ചാൽ, പിന്നീട് ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ ഭ്രാന്താവസ്ഥക്കാന് ഈ പേരിട്ടിരിക്കുന്നത്. അമാനുഷമായ ക്രൂരതകൾ ചെയ്യേണ്ടിവരികയോ, മരണഭയത്തിൽ കഴിയേണ്ടിവരികയോ ചെയ്തിട്ട് തുടര്ന്നുള്ള ജീവിതത്തിൽ പട്ടാളക്കാർക്ക് ഇടക്കിടക്കുണ്ടാകുന്ന ദുസ്വപ്നങ്ങളും മനസ്സാക്ഷിക്കുത്തും എല്ലാം ചേർന്ന വിഷാദ രോഗമാണിത്. വിയെറ്റ്നാം യുദ്ധത്തിൽ 58'000 അമേരിക്കർ മരിച്ചെങ്കിൽ, ആ യുദ്ധത്തിലെ അത്രയും തന്നെ വിമുക്ത ഭടന്മാർ ഈ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തു. ഓരോ യുദ്ധത്തിലും ഇങ്ങനെ അനേകായിരങ്ങൾക്ക് സംഭവിക്കുന്നുണ്ട്.
നമ്മുടെ നാട്ടിലെ പല പോലീസുകാർക്കും നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കേണ്ട ദുരവസ്ഥ ഉണ്ടാകുന്നുണ്ട്. അത് ആസ്വദിക്കാനാണ് അവരെ പഠിപ്പിക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും. പലപ്പോഴും അങ്ങനെയാവണമെന്നില്ല. എത്രയോ പാവം മനുഷ്യർ നമ്മുടെ നാട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ തന്നെ ഒരു കാരണവും ഇല്ലാതെ പിടിക്കപ്പെടുകയും മരണതുല്യമായ രീതിയിൽ കസ്റ്റഡിയിൽ കഴിയേണ്ടിവരികയും പലരും പോലീസിന്റെ അതിക്രമം മൂലം കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നിർദോഷികളോട് ഇത്ര വികൃതമായി പെരുമാറുന്ന ഒരു പോലീസ് സ്ഥാപനം ഈ രാജ്യത്തുള്ളത് അപമാനകരമാണ്. നക്സലൈറ്റ് എന്താണെന്നുപോലും അറിയില്ലാത്ത ഗ്രാമീണരെ ഇന്ത്യൻ പട്ടാളം ഏറ്റുമുട്ടൽ എന്നും പറഞ്ഞ് കൊല്ലുന്നതിനെതിരെയാണല്ലോ ഇറോം ഷർമിള പതിറ്റാണ്ടിലേറെയായി നിരാഹാരം അനുഷ്ടിക്കേണ്ടിവന്നത്.

സ്വേശ്ചാധിപതികളുടെ പട്ടാളം ഇങ്ങനെയൊക്കെ ചെയ്യുക സാധാരണമായിരുന്നു എന്നതിന് എത്രയോ തെളിവുകൾ ഉണ്ട്. ദസ്തയേവ്‌സ്കിയുടെ ഐവാൻ കരംസോവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: "ഇത്ര ക്രൂരമായി, ഇത്ര പണിക്കുറ തീർന്ന വിധത്തിൽ, പെരുമാറാൻ മനുഷ്യാധമന്മാർക്കല്ലാതെ ആർക്ക് കഴിയും?" അവരിൽ പലരും ശിഷ്ടജീവിതത്തിൽ PTSDക്ക് അധീനരായി തീർന്നിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ. യുദ്ധഭാഷ്യങ്ങളുടെ എഴുത്തുകാരിയും സാഹിത്യത്തിന് നോബേൽ സമ്മാനം നേടിയവളുമായ സ്വെറ്റ് ലാന  അലെക്സേവിച് ഇത്തരം സംഭവങ്ങൾ ധാരാളം കുറിച്ചിട്ടിട്ടുണ്ട്‌.

എന്റെ ഒരു സുഹൃത്ത്‌ കുറേ നാൾ പോലീസിൽ ആയിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ ഒരു ചെറിയ അനുഭവം. കഥയിത്രയേ ഉള്ളൂ. എന്നും ഏതൊക്കെയോ ദുസ്വപ്നം കണ്ടാണ്‌ അങ്ങേർ ഉണരുന്നത്. ഏതു സ്വപ്നവും അവസാനിക്കുന്നത് left, right, left, right....about turn! കൊണ്ടാണ്. നീണ്ട് പരേട്‌ കഴിഞ്ഞ് എല്ലാം അവസാനിക്കുന്ന about turn കേൾക്കുന്നതോടെ അദ്ദേഹം കട്ടിലിൽ നിന്ന് താഴെ വീണിരിക്കും. ഇതും മുകളിൽ പറഞ്ഞതും തമ്മിൽ ഞാനായിട്ട് ബന്ധിപ്പിക്കുന്നില്ല. പക്ഷേ, സംഗതി അത്ര രസകരമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുമ്പോൾ ഞാനെന്താണ് ചിന്തിക്കേണ്ടത്? 

1 comment:

  1. PTD യെപ്പറ്റി സാക്ക് പറഞ്ഞതു ശ്രദ്ധിച്ചു. ഇവിടെ വില്ലൻ വ്യക്തികളുടെ അന്തർബോധതലങ്ങളാണ്. ഉള്ളിലേക്കു കടക്കുന്തോറും വാസ്തവമായിട്ടുള്ളതിനെ തിരിച്ചറിയാൻ പ്രാപ്തിയുള്ളതും സൃഷ്ടിശേഷി കൂടിയതുമായ തലങ്ങൾ കാണുന്നു. ഇതിന്റെ പുറത്തുള്ള ആവരണ ബോധത്തേയാണ് നാം ഉപബോധമനസ്സെന്ന പദം കൊണ്ട് പൊതുവേ ഉദ്ദേശിക്കുന്നത്. ഈ ബോധതലത്തോട് നമ്മുടെ ഈഗോ ആവശ്യ്യപ്പെടുന്നത് നാം ചെയ്യുന്നതിനെല്ലാം ന്യായീകരണം കണ്ടുപിടിക്കാനാണ്. അതാണത് ചെയ്യുന്നതും - അതുകൊണ്ടാണ് ക്രൂരനായ ഒരു കൊലപാതകിക്കും താൻ ചെയ്യുന്നത് ന്യായമാണെന്ന് തോന്നുന്നത്.
    മനസ്സിന്റെ തലങ്ങളെ പ്രോഗ്രാം ചെയ്യാൻ വളരെയേറെ മാർഗ്ഗങ്ങളുണ്ട്. സാക്ക് സൂചിപ്പിച്ചത് സാഹചര്യങ്ങൾകൊണ്ട് വികലമാക്കപ്പെട്ട ബോധ തലങ്ങളെയാണ്. കൃത്രിമ മാർഗ്ഗങ്ങളിലൊന്നാണ് ബ്രെയിൻ വാഷിംഗ്. പാക്കിസ്ഥാൻ പട്ടാളത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു സൈനികന്റെ കഥ ഞാൻ കേട്ടിട്ടുണ്ട്. ഇന്ത്യയിൽ കുറഞ്ഞ ശമ്പളവും കൂടിയ ജോലിയുമെന്നാണ് തിരിച്ചു വന്നപ്പോൾ അദ്ദേഹം പറയുന്നത്. സ്വന്തം രാജ്യത്തെപ്പടി മോശമായ അഭിപ്രായം അദ്ദേഹത്തിൻറെ മനസ്സിൽ അവർ ആലേഖനം ചെയ്തു. അത് മായ്ച്ചു കളയാൻ അയാൾക്ക്‌ ഈ ജീവിതത്തിൽ കഴിഞിട്ടുണ്ടാവില്ല. ഞാനും നിങ്ങളുമെല്ലാം ഒന്നല്ലെങ്കിൽ വേറൊരു രീതിയിലുള്ള SD കളിൽ തങ്ങി നില്കുന്നു.
    ബ്രെയിൻ വാഷിങ്ങിന്റെ തന്ത്രം വളരെ നിസ്സാരം......എന്താണോ വിശ്വസിപ്പിക്കേണ്ടത് അത് തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുക. അതാണ് മതപ്രഭാഷകർ ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാം മത പ്രഭാഷണങ്ങളിലും സത്യവുമുണ്ട് തട്ടിപ്പുമുണ്ട്.പ്രഭാഷകന്റെ വ്യക്തി താല്പ്പര്യമാണ് തട്ടിപ്പ്. അതിന് പ്രകാരം അയാൾ മാത്രമായിരിക്കും അവസാനവാക്ക്. സത്യം മനസ്സിലാക്കാൻ മനസ്സിനെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്. ധ്യാനം എന്നാ വാക്കിന് ധ്യാ (മനസ്സ്)+ ന (ഇല്ലാതാക്കൽ) എന്നും വ്യഖ്യാനമുണ്ട്.
    സത്യം കാണണമെങ്കിൽ ഇത്തരം സ്വാധീനങ്ങളിൽ പെടാത്ത ഒരു മനസ്സ് രൂപീകരിക്കണം. ഇതിനു ധ്യാനം എന്നൊരൊറ്റ മാർഗ്ഗമേയുള്ളൂ. ധ്യാനം നല്കുന്ന സംപൂർണ്ണ നിശ്ശബ്ദതയിലൂടെ മനസ്സിന്റെ മലിനപ്പെട്ട പുറം ചുറ്റുകൾ നാം ഇല്ലായ്മ ചെയ്യുന്നു. അപ്പോൾ അകത്തുള്ള മലിനപ്പെടാത്ത ബോധതലങ്ങൾ തെളിയുകയും നാം അതായിത്തീരുകയും ചെയ്യും. ഭൗതികമായ സഹായങ്ങളിൽ അധിഷ്ടിതമായ ഒരു വളർച്ചയാണ് നാം സ്വീകരിക്കുന്നതെങ്കിൽ യാതൊന്നും കൂടെ കൊണ്ടുപോകാൻ നിവൃത്തിയില്ലാത്ത സൂഷ്മതലങ്ങളിൽ നാം തളർന്നു വീഴും. പഞ്ചഭൂതനൾക്കും പഞ്ച ഇന്ദ്രിയങ്ങൾക്കും അതീതമായി വളരാൻ ശ്രമിക്കുന്ന ഒരാളിൽ PTSD യാതൊരു പോറലുകളും ഏൽപ്പിക്കുന്നുമില്ല.

    ReplyDelete