Wednesday, 11 June 2014

യൂണിഫോം അലവന്‍സ്

(1) നിങ്ങളും ഞാനും പ്രപഞ്ചദ്രവ്യമാകുന്നു. നിങ്ങളുടെ ഡി.എന്‍. എ യും മറ്റൊരാളിലെ ഡി.എന്‍.എ യും സമാനം. നിങ്ങളിലെ കാര്‍ബണും പൂച്ചയിലെ കാര്‍ബണും ഒന്നുതന്നെ.. വ്യത്യാസം സ്ഥല-കാല-സംഘടന-രൂപങ്ങളില്‍ മാത്രം. ശരീരമാണ് ഈ സ്ഥല-കാല-സംഘടന-രൂപങ്ങള്‍ നിശ്ചയിക്കുന്നത്. ശരീരം തകരുമ്പോള്‍ അതില്ലാതെയാകുന്നു. അടിസ്ഥാന തന്മാത്രകള്‍ ഒന്നായാലും എല്ലാവരും ഒന്നാകാത്തതിന്റെ കാരണമതാണ്. എല്ലാം മൂലകങ്ങളിലും സബ് ആറ്റോമിക് കണങ്ങള്‍ സമാനമാണ്. പക്ഷെ മൂലകങ്ങള്‍ വ്യത്യസ്തവും വ്യതിരിക്തവുമാകുന്നു. എല്ലാവരിലും സൂക്ഷ്മാംശമായി പരമാത്മചൈതന്യം(ജീവാത്മാവ്) ഉണ്ടെന്നിരിക്കട്ടെ. അതുകൊണ്ടു മാത്രം എല്ലാവരും ഒന്നാകില്ല. സൂക്ഷ്മതലം വ്യതിരിക്തത റദ്ദാക്കുംവിധം സമാനമാണ്. സ്ഥൂലതലത്തിലാണ് വ്യതിരിക്തത ആവിര്‍ഭവിക്കുന്നത്. അവിടെയാണ് ഞാനും നീയും ഉണ്ടാകുന്നത്. സൂക്ഷ്മതലത്തിലുള്ള ഒന്ന്, അത് ആത്മാവാകട്ടെ, ആറ്റമാകട്ടെ, ക്വാര്‍ക്കുകളാകട്ടെ എല്ലാവരിലും, എല്ലാത്തിലും സമാനമായിരിക്കും. അതായത് സൂക്ഷ്മാംശങ്ങള്‍ക്ക് 'നിങ്ങള്‍' എന്ന ബോധം നിര്‍മ്മിക്കാനാവില്ല. 

(2) 'നിങ്ങള്‍' ഒരു സ്ഥൂലതല ഉത്പ്പന്നമാകുന്നു-നമ്മെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ തലത്തില്‍. മതകഥ അനുസരിച്ചുള്ള ആത്മാവ് താത്വികതലത്തിലും കഥയില്ലായ്മയാണെന്ന് സാരം. നിങ്ങള്‍ക്ക് 'ആത്മാവ്' ഉണ്ടായാലും ഇല്ലെങ്കിലും അതൊരിക്കലും 'നിങ്ങള്‍' ആവില്ല. നിങ്ങളിലെ ആണവ-ഉപ ആണവ കണങ്ങള്‍ നിങ്ങള്‍ ആവില്ലെന്നത് പോലെയാണത്. ആണവ-ഉപ ആണവ തലത്തില്‍ നിങ്ങളും വേറൊരാളുമായി വ്യത്യാസമില്ല. നിന്റെ ആത്മാവ്-എന്റെ ആത്മാവ്, നിന്റെ ഇലക്‌ട്രോണ്‍-എന്റെ ഇലക്‌ട്രോണ്‍ എന്നൊന്നും പറയാനാവില്ലെന്ന് സാരം! അര്‍ജ്ജുനന്റെ ആത്മാവും ദുര്യോധനന്റെ ആത്മാവും പരമാത്മാവ് അഥവാ ബ്രഹ്മം ആണ്-രണ്ടും സമാനം. അര്‍ജ്ജുനന്റെ ആത്മാവ്, ദുര്യോധനന്റെ ആത്മാവ് എന്നിങ്ങനെ രണ്ട് ആത്മാക്കളില്ല. എല്ലാ ജീവാത്മാവും പരമാത്മാവാണ്. പരമാത്മാവ് ഒന്നേയുള്ളൂ. വ്യത്യസ്ത ശരീരത്തില്‍ കുടികൊള്ളുമ്പോഴും ആത്മാവ് ഒന്നാണ്. പക്ഷെ അര്‍ജ്ജുനനും ദുര്യോധനനും വ്യത്യസ്തരാണ്-അതവരുടെ ശരീരതലത്തിലുള്ള വ്യത്യാസമാണ്.

(3) അര്‍ജ്ജുനനിലും ദുര്യോധനനിലും 'നിന്നു കത്തുന്ന ചേതന'(പരമാത്മാവ്) സമാനമാണെങ്കിലും അര്‍ജ്ജുനനും ദുര്യോധനനുമുണ്ടെന്ന് വ്യക്തമല്ലേ?! അവര്‍ ഭിന്ന വ്യക്തികളാകുന്നതിന്റെ കാരണം അവരില്‍ ഉണ്ടെന്ന് പറയപ്പെടുന്ന വിശ്വചൈതന്യമല്ല മറിച്ച് അവരിലെ സവിശേഷമായ ദ്രവ്യഘടനയും(ശരീരം) അവരവരുടെ മസ്തിഷ്‌ക്കം സ്വീകരിച്ച വ്യതിരിക്തമായ ബാഹ്യഡേറ്റകളുമാണ്. അത് തകരുമ്പോഴാണ് അവരില്ലാതാകുന്നത്. ശരീരം ശിഥിലമാകുമ്പോഴാണ് അത് തകരുന്നത്. അപ്പോള്‍ വിഷയം ശരീരത്തിന്റെ നാശമാണ്. മഹാഭാരത കഥയനുസരിച്ച് ഈ തിരിച്ചറിവ് അര്‍ജ്ജുനനുണ്ട്. അതാണയാളെ കുഴയ്ക്കുന്നതും ചിന്താകുലനാക്കുന്നതും. അവിടെ ആത്മാവിനെ കുറിച്ചുള്ള കെട്ടുകഥകള്‍ അപ്രസക്തമാണ്. ആത്മാവ് ഉണ്ടായാലും ഇല്ലെങ്കിലും ജീവിതത്തില്‍ അപ്രസക്തമാണെന്ന് സാരം. കാരണം ആത്മാവ് 'നിങ്ങള്‍' അല്ലെന്നത് തന്നെ. നിങ്ങള്‍ ശരീരം തന്നെയാണ്, ശരീരം തകര്‍ന്നാല്‍ നിങ്ങള്‍ നീക്കംചെയ്യപ്പെടും. 


(4) ശരീരം ഉള്ളപ്പോള്‍ മാത്രമാണ് നിങ്ങള്‍ ഉള്ളത്. യഥാര്‍ത്ഥലോകത്ത് ശരീരമില്ലാത്ത 'നിങ്ങള്‍ 'അസാധ്യമാണ്. പക്ഷെ ആത്മീയവാദികള്‍ക്ക് അങ്ങനെ ശരീരരഹിതമായ നിങ്ങള്‍( )ആത്മാവ്) ഉണ്ട്. റഷ്യന്‍ ഭാഷയില്‍ അതിന് 'പ്രേതം' എന്നു പറയും. സ്ത്രീ-പുരുഷ അനുപാതം 10:1 ആയ പ്രേതജനതയുടെ പൊതു യൂണിഫോം വെള്ളയാണെന്നും ബ്രഹ്മജ്ഞാനികള്‍ അറിയിക്കുന്നു. ശരീരം പോലുമില്ലാത്തപ്പോഴും അലച്ചില്‍ കാലഘട്ടത്തില്‍ ഉടനീളം യൂണിഫോം ധരിക്കേണ്ടി വരുന്ന പ്രേതാത്മക്കള്‍ക്ക് ആവശ്യമായ യൂണിഫോം അലവന്‍സ് ലഭ്യമാകുന്നതെവിടെ നിന്നാണ് എന്ന കാര്യത്തില്‍ ബ്രഹ്മജ്ഞാനികള്‍ ദീക്ഷിക്കുന്ന മൗനം കര്‍ണ്ണകഠോരമാണ്.

Prof. Ravichandran. C

1 comment:

  1. "കാരണം, ആത്മാവ് 'നിങ്ങള്‍' അല്ലെന്നത് തന്നെ. നിങ്ങള്‍ ശരീരം തന്നെയാണ്, ശരീരം തകര്‍ന്നാല്‍ നിങ്ങള്‍ നീക്കംചെയ്യപ്പെടും."
    ഇതേ ആശയമാണ് അല്പം മുമ്പ് ഞാനൊരു കമെന്റിൽ കുറിച്ചത്. (http://gurupoornnima.blogspot.in/2014/06/blog-post_10.html)
    അവിടെ 'ഞാൻ' എന്ന് പറഞ്ഞിരിക്കുന്നത് എന്റെ ശരീരമുള്പ്പെടെ എന്നെ വ്യതിരിക്തനും സ്വാർഥനുമാക്കുന്ന എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ആ 'ശരീരം'പയ്യെപ്പയ്യെ തകരുമ്പോൾ, അല്ലെങ്കിൽ തകരാൻ നാം അനുവദിക്കുമ്പോൾ, മറുഭാഗം - ആത്മാവ് - ശക്തിയാർജ്ജിക്കുന്നു.
    ശരീരം മാത്രമാണ് ഒരാള് എന്നാണ് ശ്രീ രവിചന്ദ്രൻ ഉദ്ദേശിക്കുന്നതെങ്കിൽ, ഞാനതിനോട് വിയോജിക്കുന്നു.

    ReplyDelete