Sunday, 30 August 2015

അഷ്ടാംഗയോഗയിലെ ആത്മീയതയും ക്രിസ്തീയാത്മീയതയിലെ ആത്മസൗധവും - എസ്‌. ജെ. അനന്ത്‌



ഒരു ആദ്ധ്യാത്മികത  പടുത്തുയർത്തുന്നതിന്‌ ആവശ്യമായ എല്ലാവിധ അനുസാരികളും ചേർന്ന ഒന്നാംതരം വിഭവമാണ്‌ അഷ്ടാംഗയോഗ. ആത്മ വിജ്ഞാനത്തിന്റെയും, ആത്മസാക്ഷാത്ക്കാരത്തിന്റെയും എല്ലാ പടികളും വളരെ നല്ല രീതിയിൽ പതഞ്ജലിമഹർഷി

ഇതിൽ അടുക്കിവച്ചിരിക്കുന്നു. ആദ്ധ്യാത്മീയതയുടെ കൊടുമുടിയിലെത്താൻ ഇതിൽ കവിഞ്ഞൊരു മാർഗ്ഗം ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ആരെങ്കിലും പുത്തനായി എന്തെങ്കിലും അവതരിപ്പിച്ചെങ്കിൽ അത്‌ ഇതിന്റെ ചുവടുപിടിച്ചുതന്നെയാണ്‌.

ആത്മാനന്ദത്തിന്റെ കൊടുമുടി കയറാൻ എന്തു ചെയ്യണമെന്നാരാഞ്ഞ്‌ തന്നെ സമീപിച്ച ഒരു യുവാവിനോട്‌ യേശു പറഞ്ഞത്‌ ആത്മസൗധത്തിന്‌ അടിത്തറയിടാൻ അവിടെയുള്ള ഇളക്കമുള്ളതും അശുദ്ധവുമായ മണ്ണു മുഴുവൻ നീക്കം ചെയ്യൂ എന്നാണ്‌. പ്രമാണങ്ങളിലെ പ്രധാനപ്പെട്ട അഞ്ചെണ്ണം എടുത്തുകാണിച്ചുകൊണ്ട്‌ ഗുരു പറഞ്ഞു:
 'ഇവയെല്ലാം മാറ്റിവച്ചിട്ടു വരൂ'.
അടിത്തറക്കുവേണ്ടി മറ്റിവക്കേണ്ട അഞ്ചു കാര്യങ്ങൾ ഇവയാണ്‌ :

a - കൊല്ലരുത്‌ = അഹിംസ

മനസ്സാ വാചാ കർമ്മണാ യാതൊന്നിനേയും വേദനിപ്പിക്കാതിരിക്കുക എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. എല്ലാം ഒന്ന്, എല്ലാവരും ഒന്ന് എന്ന് തിരിച്ചറിയുമ്പോൾ  ആരും ആരെയും  വേദനിപ്പിക്കുകയില്ല. സാമൂഹിക ജീവിതം ഭദ്രമാകും; സ്നേഹസഹിഷ്ണുതാദികളാൽ മാനവ ഐക്യം സുദൃഢമാകും.

b - വ്യഭിചാരം ചെയ്യരുത്‌ = ബ്രഹ്മചര്യം

പാത വിട്ട്‌ ചരിക്കുന്നത്‌ വ്യഭിചാരം. എത്തിച്ചേരാനുള്ള ലക്ഷ്യസ്ഥാനവും, അവിടേക്കുള്ള നേർവഴിയും തിരിച്ചറിഞ്ഞ സത്യാന്വേഷി പാതവക്കത്തെ കാഴ്ചകളിൽ കണ്ണുകളുടക്കി നിന്നുപോകുകയോ, പാത വിട്ട്‌ അകലെയുള്ള താൽക്കാലിക സുഖസൗകര്യങ്ങളിൽ മനസ്സുടക്കുകയോ ചെയ്താൽ ലക്ഷ്യസ്ഥാനത്തെത്താതെ പോകും. യാതൊന്ന് ഏതൊന്നിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണോ അതിനല്ലാതെ അതിനെ ഉപയോഗിച്ചാൽ അത്‌ വ്യഭിചര്യമാകും. നമ്മുടെ സമയത്തെ, സൗന്ദര്യത്തെ, ധനത്തെ, ദാനത്തെ... ഒന്നും വ്യഭിചരിക്കരുത്‌.

c - മോഷ്ടിക്കരുത്‌ = അസ്തേയം

ധനം, മാനം, സമയം, സൽപേര്‌ തുടങ്ങി അന്യന്റെ യാതൊന്നും നമ്മൾ അപഹരിക്കരുത്‌. എല്ലാം എല്ലാവരുടേതുമാണ്‌ എന്ന യാഥാർത്ഥ്യം മറന്ന് ക്രമാതീതമായി  എന്തു സ്വന്തമാക്കാൻ ആഗ്രഹിച്ചാലും അതും മോഷണമാണ്‌.

d - കള്ളസാക്ഷ്യം നൽകരുത്‌ = സത്യം

ഭാരതീയ ആത്മീയതയുടെ സാരസംഗ്രഹം 'സത്യം വദ, ധർമ്മം ചര' എന്നതാണ്‌. സത്യത്തിനുവേണ്ടി എന്തും ത്യജിക്കാനും, യാതൊന്നിനു വേണ്ടിയും സത്യത്തെ ത്യജിക്കാതിരിക്കാനും ആചാര്യന്മാർ ഉപദേശിക്കുന്നു. 'സത്യം' - അതു മാത്രമാണ്‌ സ്ഥായിയായി നിലനിൽക്കുന്നത്‌.

e - മോഹിക്കരുത്‌ = അപരിഗ്രഹം

തന്നിലും തനിക്കുള്ളവയിലും തൃപ്തി കണ്ടെത്താതെ കൂടുതൽ കൂടുതൽ കൂട്ടിവക്കാനുള്ള പ്രവണതയെ മാറ്റി, ഉള്ളതിൽ സംതൃപ്തി കണ്ടെത്തലും ഉള്ളതിനെ പങ്കുവക്കുന്ന മനോഭാവവുമാണ്‌ ആത്മജ്ഞാന പാതയിൽ സഞ്ചരിക്കുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ടത്‌.

അഷ്ടാംഗ യോഗയിലെ അടിത്തറ =  'യമം'

ആത്മീയസൗധം പണിയുന്നതിന്‌ തറവിസ്താരം മുഴുവൻ അടിമണ്ണു മാറ്റിയിരിക്കണം. വൃത്തിയും ബലവത്തുമായ പ്രതലത്തിൽ മാത്രമെ ആത്മസൗധത്തിന്റെ അടിത്തറ പണിയുകയുള്ളു.
മാന്തി മാറ്റപ്പെട്ട മണ്ണിന്റെ സ്ഥാനത്ത്‌ നിക്ഷേപിക്കേണ്ട അഞ്ച്‌ അടിത്തറക്കല്ലുകളാണ്‌ 'യമം' എന്നതിലെ ➡️ സത്യം, അഹിംസ, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം ⬅️ എന്നിവ.

2 - മേൽത്തറ = നിയമം

നിത്യാനന്ദത്തിലേക്കുള്ള പടികൾ കയറാൻ ആഗ്രഹിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട രണ്ടുകാര്യങ്ങളെക്കുറിച്ച്‌ പൗലോസാചാര്യൻ എഴുതി വച്ചിട്ടുണ്ട്‌.
 അവ: 1-'പഴയ മനുഷ്യനെ ദൂരെ എറിയുക'
          2- 'പുതിയ മനുഷ്യനെ ധരിക്കുക'.
എഫേസോസുകാർക്ക്‌ എഴുതിയ ലേഖനത്തിലും (4:25-5:21), കൊളോസോസുകാർക്ക്‌ എഴുതിയ ലേഖനത്തിലും (3:5-17) ആത്മസൗധത്തിന്റെ മേൽത്തറ, അടിത്തറ കാര്യങ്ങൾ അദ്ദേഹം ഭംഗിയായി വിവരിച്ചു.
മാറ്റേണ്ടതിനെ മാറ്റി, പകരം വക്കേണ്ടതിനെ വച്ചു കഴിഞ്ഞ സത്യാന്വേഷിയായ സാധകനിൽ വന്നുഭവിക്കുന്ന ലക്ഷണങ്ങളാണ്‌ 'നിയമം' എന്നു പേരു നൽകപ്പെട്ട അഞ്ച്‌ മേൽത്തറ ശിലകൾ.
സാമൂഹിക ജീവിതത്തിൽ ഓരോ വ്യക്തിയും പാലിക്കേണ്ട സദാചാര നിയമങ്ങളാണ്‌ യമം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ വ്യക്തിജീവിതത്തിൽ അവൻ പാലിക്കേണ്ട ശീലങ്ങളാണ്‌ നിയമം.
യേശു നിർദ്ദേശിച്ച 'നിയമ'ങ്ങളാണ്‌ :-
1) ആത്മാവിൽ ദാരിദ്ര്യം 2) ഹൃദയത്തിൽ വിശുദ്ധി 3) നീതിക്കുവേണ്ടി ദാഹം 4) ശാന്ത ശീലം 5) കരുണയുള്ള ഹൃദയം - (മത്താ. 5 :3-9 )

ഒരു ആത്മീയ മലകയറ്റത്തിനും, ആത്മകൂടാര വാസത്തിനും സങ്കീത്തകൻ നിർദ്ദേശിച്ച 'നിയമം' ഉണ്ട്‌ (സങ്കീ.15).
അവ:-
1 - നീതിപൂർവ്വം പ്രവർത്തിക്കുക
2 - നിഷ്ക്കളങ്കനായി ജീവിക്കുക
3 - സത്യം മാത്രം പറയുക
4 - മനസ്സാ, വാചാ, കർമ്മണാ ആർക്കും ദ്രോഹം വരുത്താതിരിക്കുക
5 - അർഹതപ്പെടാത്തതൊന്നും മോഹിക്കാതിരിക്കുക

മേൽത്തറ നിർമ്മിതിക്ക്‌ അഷ്ടാംഗയോഗ നിർദ്ദേശിക്കുന്ന അഞ്ചു ശിലകളെ നമുക്ക്‌ പരിചയപ്പെടാം
a - ശൗചം
ആത്മസാക്ഷാത്ക്കാരമാകുന്ന ലക്ഷ്യപ്രാപ്തിയെ ലാക്കാക്കി മുന്നേറുന്ന വ്യക്തി, ആന്തര ബാഹ്യ വിശുദ്ധിയിൽ എന്നും ശ്രദ്ധാലുവായിരിക്കും. അനു നിമിഷം ദേഹ ദേഹീ തലങ്ങളിൽ വന്നടിഞ്ഞുകൂടുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ സ്നാനവും, ശരീര- മന- ശുദ്ധിക്കുപകരിക്കുന്ന യോഗാഭ്യാസമുറകളും അത്യന്താപേക്ഷിതമാണ്‌. വസ്ത്ര ശുദ്ധി, ഭക്ഷണ ശുദ്ധി, വാഗ്ശുദ്ധി, ചിന്താശുദ്ധി എന്നിവയും ശൗചത്തിൽ ഉൾപ്പെടും.
b - സന്തോഷം:
താനായിരിക്കുന്ന തന്നിലും, തനിക്കുള്ളതിലും, ഉള്ളവരിലും സംതൃപ്തനായിരിക്കുന്നവൻ എപ്പോഴും സന്തോഷവാനായിരിക്കും. അത്തരക്കാർ ഈ നിമിഷത്തിൽ ജീവിക്കുന്നു. ആ ആളിന്‌ ഇന്നലെകളുടെ വ്യാകുലതകളോ, നാളെകളുടെ ഉത്ക്കണ്ഠകളോ ഇല്ല.
c - തപസ്സ്‌:
എല്ലാം വിട്ട്‌ ഹിമാലയത്തിലേക്ക്‌ പോകേണ്ട തപസ്സല്ല ഇത്‌. ലക്ഷ്യപ്രാപ്തിക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയാണിത്‌. ത്യാഗവും, സഹനവും ജീവിതത്തിന്റെ ഭാഗമാണെന്ന ബോദ്ധ്യമുള്ളവൻ ആത്മസൗധം പടുത്തുയർത്താൻ പര്യാപ്തനാകും.
d - സ്വാദ്ധ്യായം:
എന്നും വിദ്യാർത്ഥി ആയിരിക്കുന്നവൻ ആത്മജ്ഞാനിയാകും. ഞാൻ എല്ലാം അറിഞ്ഞു എന്ന് ആർക്കും പറയുക സാദ്ധ്യമല്ല. ഈ പ്രപഞ്ച രഹസ്യം അനന്തമജ്ഞാതമാണ്‌. അതുകൊണ്ട്‌ വിദ്യ അഭ്യസിക്കുക എന്നതിന്‌ ഒരിക്കലും അവസാനമില്ല.
e - ഈശ്വര പ്രണിധാനം:
ഞാൻ പ്രപഞ്ച ഭാഗമാണെന്നും, പ്രപഞ്ചചേതന എന്നിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്‌ എനിക്ക്‌ ചിന്തിക്കാനും, പ്രവർത്തിക്കാനുമൊക്കെ സാധിക്കുന്നതെന്നും ബോദ്ധ്യം വന്ന സാധകൻ എല്ലാം ഈശ്വരാർപ്പണമായി ചെയ്യും. ഞാൻ ഒന്നുമല്ല, എനിക്കൊന്നുമില്ല എന്ന ചിന്തക്കൊപ്പംതന്നെ  ഞാൻ എല്ലാമാണ്‌, എനിക്കെല്ലാമുണ്ട്‌ എന്ന അവസ്ഥയിലെത്തും,
സംപൂർണ്ണ സമർപ്പിതൻ.

3 - തറവിരി = ആസനം
ആത്മസൗധനിർമ്മിതിയിലെ പ്രധാന ഘട്ടം തരണം ചെയ്തു. ഇനി ഭിത്തികെട്ട്‌ ആരംഭിക്കാം. അതിനു മുമ്പ് പരുപരുത്ത തറക്ക്‌ വിരിപ്പിടുക അഥവാ ടൈൽസു പാകുക എന്ന ചടങ്ങുണ്ട്‌.
രണ്ടാമത്തെ പടിയിലെ ശൗചവിഭാഗത്തിൽ ദേഹ- ദേഹീശുദ്ധിക്കായുള്ള യോഗാഭ്യാസത്തെക്കുറിച്ച്‌ സൂചിപ്പിച്ചു.  ദേഹ- ദേഹീശുദ്ധി കൈവന്ന വ്യക്തി ശരീര- മനോതലങ്ങളിലും വഴക്കം വന്നവനാകും. വിരിയിട്ട നിലത്ത്‌ നട്ടെല്ലു നിവർന്ന് ഏതെങ്കിലും ഒരു ആസനത്തിൽ ഇരിപ്പുറപ്പിക്കലാണ്‌ ആസനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുക. മറ്റൊന്ന് ചാഞ്ചല്യമില്ലാത്ത മനസ്സിന്നുടമയാകുക എന്നതാണ്‌. ഇനി ഞാൻ പിന്നിലേക്കില്ല എന്ന ഉറച്ച തീരുമാനം. പിന്നോട്ടു പോകാനുള്ള പ്രലോഭനങ്ങളും പരീക്ഷണങ്ങളും അനേകമുണ്ടാകും. അടിപതറാത്ത നിലപാടെടുക്കേണ്ട സമയമാണിത്‌. ചലിക്കാത്ത ശാരീരിക മാനസിക നിലപാടുകളുടെ ഉടമയാകുക. എങ്കിൽ സൗധത്തിന്റെ ഭിത്തികെട്ട്‌ ആരംഭിക്കാം.

4 - ഭിത്തി = പ്രാണായാമം

നമ്മുടെ നിലനിൽപിന്റെ രണ്ടു പ്രധാന പ്രപഞ്ച ഘടകങ്ങളാണ്‌ സൂര്യനും പ്രാണനും. ഇതു രണ്ടിന്റെയും അഭാവത്തിൽ നമുക്കു നിലനിൽപില്ല എന്നത്‌ പരമ സത്യമാണെങ്കിലും ഇതു രണ്ടിനേയുംകുറിച്ച്‌ ചിന്തിക്കുകപോലും ചെയ്യാത്തവരാണ്‌ നമ്മിലേറെപ്പേരും. സ്ഥൂല ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ഇന്ധനം ഭൂമി നൽകുന്നു. അതുപോലെ സൂക്ഷ്മ ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ഇന്ധനം നമുക്ക്‌ ലഭിക്കുന്നത്‌  പ്രാണനിൽനിന്നും, സൂര്യനിൽനിന്നുമാണ്‌. പ്രകാശത്തിലൂടെയും, പ്രാണനിലൂടെയും ആകാശോർജ്ജം നമ്മളിലേക്കെത്തുന്നു. ഒരു ശ്വാസത്തിനും ഉഛ്വാസത്തിനും ഇടക്കുള്ളതാണു ജീവിതം എന്നു പറയാറുണ്ട്‌. ഇത്ര പ്രധാനപ്പെട്ട പ്രാണൻ നമ്മിലേക്കു വരുകയും പോകുകയും ചെയ്യുന്നതിനെ ഉൾക്കണ്ണുകൊണ്ട്‌ നോക്കിയിരിക്കുന്നത്‌ ഒന്നാംതരം ധ്യാനമാണ്‌. നമ്മുടെ ഇഛാശക്തി ഉപയോഗിച്ച്‌ പ്രാണനെ നിയന്ത്രിക്കാൻ ശീലിച്ചാൽ അതു നമ്മുടെ ധാരണാശക്തിയെ വളർത്തും. ഈശ്വര-മനുഷ്യ ബന്ധത്തിന്റെ ഒരു സുപ്രധാന കണ്ണികൂടിയാണിത്‌. യോഗാ പരിശീലനത്തിൽ ഓരോരോ ഇനം ചെയ്യുമ്പോഴും അതിൽ പ്രാണായാമം ഉണ്ട്‌.

5 - മേൽക്കൂര = പ്രത്യാഹാരം

ഇതുവരെ പറഞ്ഞത്‌ അഷ്ടാംഗയോഗയിലെ ബാഹ്യാഭ്യാസങ്ങളാണെങ്കിൽ, ഇനിയുള്ളത്‌ ആന്തരാഭ്യാസങ്ങളാണ്‌. നാലു ത്രികോണങ്ങൾ ഒന്നു ചേരുന്ന മേൽക്കൂരയാണിത്‌.  മേൽപ്പുര തീരുന്നതോടെ ആത്മ സൗധം ലോക ബന്ധങ്ങളിൽ നിന്ന് ഏറെക്കുറെ പിൻവലിഞ്ഞ്‌ ആത്മ ബന്ധത്തിലേക്കു  തിരിഞ്ഞു തുടങ്ങുകയാണ്‌. ലോക വിഷയങ്ങളാകുന്ന ആഹാരം തേടിപ്പോകുന്ന പഞ്ചേന്ദ്രിയങ്ങളെ ഉള്ളിലേക്കു തിരിച്ച്‌ ആത്മജ്യോതിയിലേക്കു മനസ്സിനെ കേന്ദ്രീകരിക്കുന്നതിനുള്ള തുടക്കമാണ്‌ പ്രത്യാഹാരം.

6 - മേൽത്തട്ട്‌ /സീലിംഗ്‌ = ധാരണ

ലോക വിഷയങ്ങളോട്‌ ഉൾവലിഞ്ഞ മനസ്സിനെ എന്തിലെങ്കിലും കേന്ദ്രീകരിക്കേണ്ടതുണ്ട്‌. അതിന്‌ ആദ്യമൊക്കെ വിഗ്രഹമോ, ദീപമോ, ശ്വാസമോ, ഊർജ്ജ കേന്ദ്രങ്ങളോ, മന്ത്രങ്ങളോ ഒക്കെ ആകാം. മേൽക്കൂരയിലേക്കു നോക്കി കഴുക്കോലുകളും പട്ടികയുമൊക്കെ കണ്ട്‌ മനസ്സു മാറാതിരിക്കാൻ സീലിംഗ്‌ ഉപകാരപ്പെടും. അങ്ങനെ മനസ്സിനെ ഏകാഗ്രമാക്കലാണ്‌ ധാരണ.

7- ആത്മയോഗം = ധ്യാനം

ആത്മസൗധത്തിന്റെ പ്രധാന ഉദ്ദേശ്യം പൂവണിയുന്നത്‌ ഇവിടെയാണ്‌. യോഗ എന്ന പദം സൂചിപ്പിക്കുന്നത്‌ യോജിക്കൽ, ഒന്നാകൽ, ഐക്യപ്പെടൽ എന്നൊക്കെയാണ്‌. ഉള്ളിന്റെ ഉള്ളിലേക്കുള്ള ഈ യാത്രയുടെ ഒരുക്കമായിരുന്നു ഇതുവരെ നടത്തിയത്‌. ഇനി സുഖകരമായ ഒരു ആസനത്തിൽ ആത്മസൗധ തറയിലെ വിരിമേൽ ഞാൻ എന്നെ ഇരുത്തണം. ശരീരം ചലിക്കാതെ, മനസ്സു ചലിക്കാതെ ഏറെ നേരം ഒറ്റ കാര്യത്തിൽ മനസ്സിനെ നിർത്തുമ്പോൾ ആത്മ-  പരമാത്മബന്ധത്തെ പ്രാപിക്കും.

8 - ആത്മ നിർവൃതി അഥവാ ആത്മ സാക്ഷാൽക്കാരം = സമാധി
ആത്മാവും പരമാത്മാവും ഒന്നുചേരുന്ന അവസ്ഥയിൽ അനുഭവിക്കുന്ന പരമാനന്ദത്തിൽ നിന്ന് പിൻവലിയാൻ മനസ്സു സമ്മതിക്കാത്ത അവസ്ഥയാണ്‌ സമാധിയവസ്ഥ. ഇതാണ്‌ യോഗയുടെ പരമോന്നത പടി.

ഇപ്പോൾ ധ്യാതാവിനു ബോദ്ധ്യമാകും, 'അയമാത്മാ ബ്രഹ്മ', 'അഹം ബ്രഹ്മാസ്മി', 'പ്രജ്ഞാനം ബ്രഹ്മ', 'തത്ത്വമസി' തുടങ്ങിയ വാക്യങ്ങളുടെ പൊരുൾ.

യേശു വരച്ച ആത്മ സൗധം ⬇️⛪️

  സുവിശേഷത്തിൽ ഒറ്റ വാക്യത്തിലൂടെ ആത്മസൗധത്തിന്റെ ഭിത്തിയും, മേൽക്കൂരയും, മേൽത്തട്ടും തീർത്ത്‌ ധ്യാനസമാധികളിലേക്ക്‌ യേശു നമ്മെ നയിക്കുന്നു ➡️ "നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച്‌ രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക, രഹസ്യങ്ങൾ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലം നൽകും."(മത്താ. 5:6) ശരീരമാകുന്ന സൗധത്തിന്റെ പുറംവാതിലുകളായ പഞ്ചേന്ദ്രിങ്ങളെ ഉള്ളിലേക്കു തിരിച്ച് ഏകാഗ്രതയിൽ മനസ്സിനെ നിർത്തി ധ്യാനിച്ച്‌ ആത്മാവിന്റെ അകക്കാമ്പിനെ തിരിച്ചറിയാമെന്ന് ക്രിസ്തു പറഞ്ഞു.

ശ്രീ നാരായണ ഗുരു:⬇️

ശരീരമാകുന്ന സൗധത്തിന്റെ പുറംവാതിലുകളായ പഞ്ചേന്ദ്രിങ്ങളെ ഉള്ളിലേക്കു തിരിച്ച് ഏകാഗ്രതയിൽ മനസ്സിനെ നിർത്തി ധ്യാനിച്ച്‌ ആത്മാവിന്റെ അകക്കാമ്പിനെ തിരിച്ചറിയാമെന്ന്  നാരായണ ഗുരു 'ആത്മോപദേശ ശതക'ത്തിന്റെ ആദ്യ ശ്ലോകത്തിൽ സൂചിപ്പിച്ചു.

സെന്റ്‌ പോൾ :⬇️

ക്രിസ്തീയ ആദ്ധ്യാത്മീയതയിൽ ഒരു ആത്മസൗധത്തിന്റെ പൂർണ്ണ രൂപം പൗലോസാചാര്യനും വരച്ചു വച്ചിട്ടുണ്ട്‌. പഴയ മനുഷ്യനെ ദൂരെ എറിഞ്ഞും പുതിയ മനുഷ്യനെ ധരിച്ചും കൊണ്ട്‌ ആത്മസൗധത്തിന്റെ അടിത്തറയും മേൽത്തറയും പണിതീർത്ത സത്യാന്വേഷി, തുടർന്ന് :
1) 'സത്യം'കൊണ്ട്‌ തറവിരിയും (ടയിൽസ്‌ ),
2) 'നീതി'നിഷ്ഠമായ ജീവിതംകൊണ്ട്‌ ഭിത്തിയും,
3) 'ആത്മജ്ഞാനവും ആത്മ വിശ്വാസ'വുമാകുന്ന മേൽക്കൂരയും,
4) 'സ്നേഹ സഹനാ'ദികളുടെ സീലിംഗും,
5) 'പ്രാർത്ഥന'യുടെ പരംപിതാ സംവാദവും  (ധ്യാനം),
6) ആത്മ- പരമാത്മ- ലയനമാകുന്ന 'രക്ഷയുടെ കിരീട'വും അണിഞ്ഞ്‌ ആത്മസാക്ഷാത്‌കാര പൂർത്തിയെ (സമാധി) പ്രാപിക്കുന്നു .
( എഫേ. 5:14-18 )

അങ്ങനെ ഒരവസ്ഥയെ പുൽകിയ ആളിൽ പ്രശോഭിക്കുന്ന സത്ഗുണങ്ങളാണ്‌ പൗലോസാചാര്യൻ ഗലാത്തിയായിലെ സഭക്ക്‌ എഴുതിയ ലേഖനത്തിൽ സൂചിപ്പിച്ച (5:22,23) "ആത്മാവിന്റെ ഫലങ്ങളായ➡️ സ്നേഹം, ദയ, ക്ഷമ, വിശ്വസ്തത, ആനന്ദം, ആത്മസംയമനം, സൗമ്യത, നന്മ, സമാധാനം," എന്നിവ.

No comments:

Post a Comment