Wednesday, 26 August 2015

ജലപ്പരപ്പിൽ പേരെഴുതപ്പെട്ട ഒരാൾ

"ജലപ്പരപ്പിൽ പേരെഴുതപ്പെട്ട ഒരാൾ ഇവിടെ വിശ്രമിക്കുന്നു"- കുഴിമാടത്തിൽ തൻറെ പേരുപോലും എഴുതരുതെന്ന് അവസാന വാശിപിടുത്തം നടത്തിയ ജോണ്‍ കീറ്റ്സിന്റെ കല്ലറയ്ക്ക് മുകളിലെ ഏക വാചകമാണിത്. ചില സമാനതകളോടെ കഴിഞ്ഞ 25 വർഷങ്ങളായി കാവാലം ലിസ്സ്യുപ്പള്ളിയുടെ കരയിൽ പത്തുസെന്റ് സ്ഥലത്ത് മുളംങ്കൂട്ടങ്ങളുടെ നടുവിൽ ഏറേയും സ്വന്തം കൈകളിൽ പണിത തേക്കാത്ത ഒരു വീട്ടിൽ ഒരു കൊച്ചു മനുഷ്യൻ താമസിക്കുന്നുണ്ട്- ജോണ്‍ വിനയാനന്ദ്‌ എന്ന മിഷനറി വൈദീകൻ. ഇടവഴിതാണ്ടി, തോട് ചാടിക്കടന്ന് അവിടെ എത്തുമ്പോൾ ഒരു ജീവനുള്ള വാതിൽ നിങ്ങളെ വരവേൽക്കും, ഒരു ജീവനുള്ള കുരിശ് ഇലകളിളക്കി കിന്നാരം പറയും, മണ്‍കലത്തിൽ ശേഖരിച്ച വെട്ടുകല്ല് കുളത്തിലെ വെള്ളം ദാഹമകറ്റും, തറയിൽ പണിത കട്ടിലിലോ കസേരയിലോ വിശ്രമിക്കാം. ഒരു പച്ചപ്പിനേയും വെട്ടുകയോ ഒടിക്കുകയോ ഇല്ല, മുളവേലികൾ ഒക്കെ കെട്ടിപ്പിടിച്ച് ഇലകളൊക്കെ വളർത്തി അങ്ങനെ നീണ്ടുനീണ്ട് പോകും. കൊച്ചുകൂരയിൽ ഏകനായ ഒരു കുഞ്ഞാറ്റക്കുരുവിയെപ്പോലെ താമസിക്കുന്ന അദ്ദേഹത്തോട് തോറോയുടെ വാള്‍ഡന്‍ ഒക്കെ വായിച്ചു ചെന്ന് ലളിതജീവിതം എന്തോ വലിയ ദാര്‍ശനീക പ്രശ്നമാണെന്ന രീതിയില്‍ ചോദിച്ചാല്‍ വയറില്‍ ഒരു കുത്തു തന്നിട്ട് പറയും, 'പോടാ പയ്യാ, ഇത് കെളവന്റെ ഓരോ വട്ട്.' 'ഒരാള്‍ എന്തു ചെയ്യുന്നു എന്നതല്ല ഒരാള്‍ എന്ത്‌ ആയിരിക്കുന്നു എന്നതാണ് പ്രധാനം' എന്ന തത്വശാസ്ത്രപാഠം ആ മുഖത്ത് നിങ്ങള്‍ തീര്‍ച്ചയായും വായിച്ചെടുക്കും. സംസാരിച്ചു തുടങ്ങിയാല്‍ സമൂഹത്തിന്‍റെ സ്പന്ദനങ്ങള്‍ അറിയാനുള്ള ആവേശം വന്നു നിറയും, ദാരിദ്ര്യന്‍റെ വേദന അയ്യാളുടെ വേദനയായി മാറും. പോരുമ്പോള്‍ കെട്ടിപ്പിടിച്ചൊരുമ്മ (എനിക്കുള്ള പ്രത്യേക സമ്മാനമാണോ എന്നറിയില്ല) നിശ്ചയം.
 

                                        

1 comment:

  1. ആരെയും കൊളുത്തി വലിക്കുന്ന ഒരു ചെറു തുരുത്ത്. ഇതുപോലൊരു തുരുത്തിൽ, ഇതുപോലെ ശുദ്ധവായുവും ശ്വസിച്ച്, മുളംകാടിനോടു സല്ലപിച്ചുംകൊണ്ട് പ്രപഞ്ചത്തിന്റെ സംഗീതത്തിൽ, ശൂന്യമായ മനസ്സും മസ്തിഷ്കവുമായി ഒരാൾ കഴിയുന്നുവെങ്കിൽ അതത്ഭുതമല്ല; അങ്ങിനെ ആയിരിക്കാനാണു നാം സൃഷ്ടിക്കപ്പെട്ടത്. ഞായറാഴ്ചകളുടെ കടത്തിലും പശ്ചാത്താപത്തിന്റെ കുടത്തിലും സമ്പത്തിന്റെ തടത്തിലുമായി നാം മരിച്ചു ജീവിക്കുന്നു. ഒരുദിവസം പത്രം നിന്ന് പോയാൽ, ടി വി നിന്നു പോയാൽ മൊബൈൽ നിശ്ചലമായാൽ, വഴികൾ ശൂന്യമായാൽ ഇല്ലാതാകുന്നതേയുള്ളൂ നാമെന്നു ചിന്തിച്ചു നോക്കിയാൽ മാത്രമേ നാമായിരിക്കുന്ന അടിമത്വത്തിന്റെ ഭാരം അറിയൂ. ഇത് പോലെ നല്ല നല്ല തുണ്ടുകൾ ഇനിയും പ്രണവത്തിൽ ഉണ്ടാകട്ടെ. ഒരു വിശിഷ്ട ജന്മത്തിനു വേണ്ടി അനേകം നിമിഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം .... തയ്യാർ !

    ReplyDelete