Saturday 29 August 2015

യോഗാ 'സാത്താനിക'മോ? സൗഖ്യദായകമോ? എസ്‌. ജെ. അനന്ത്‌


   എന്റെ അയൽ വാസിയായ ഒരു ഭക്തക്രിസ്ത്യാനി ഒരു കത്തോലിക്കാ പ്രസിദ്ധീകരണത്തിലെ ഒരു പേജുമായി എന്റെ അരികിലേക്ക്‌ ഓടി വന്ന് അത്‌ ഏൽപിച്ചിട്ടു പറഞ്ഞു : ഇതൊന്നു വായിക്ക്‌ . ഞാൻ ഒരു യോഗാ പ്രേമിയാണെന്ന് അറിയാവുന്ന ആ ആൾ ഞാൻ അറിയേണ്ട യോഗാ വാർത്തയുമായി വന്നതാണ്‌. അങ്ങനെ ഒരു സംഭവം ഉണ്ടായതുകൊണ്ടാണ്‌ ഇപ്പോൾ ഇതെഴുതുവാൻ എനിക്കു പ്രേരണയായത്‌.

▶️" ക്രിസ്തുവിനെ അറിയുകയും ആ അറിവിൽ ലയിക്കുകയും ചെയ്യുക എന്നതാണ്‌ യഥാർത്ഥ ജ്ഞാന യോഗം. ഈ യാഥാർഥ്യം വിസ്മരിച്ച്‌ യോഗയാണു ശരിയെന്നും, യോഗയിലൂടെ മോക്ഷപ്രാപ്തി കൈവരിക്കാമെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവർ ക്രിസ്തുവിന്റെ പ്രകാശത്തിൽനിന്നും ഏറെ അകലെയാണെന്നു തീർച്ച."◀️ പ്രസിദ്ധീകരണത്തിലെ ഒരു ഭാഗമാണിത്‌.
'ആത്മ യോഗ' എന്ന പേരിൽ ഒരു പരിശീലനം ആവശ്യക്കാർക്ക്‌ ഞാൻ നൽകാറുണ്ട്‌. അത്‌ എന്റെ ഒരു തൊഴിലോ വരുമാന മാർഗ്ഗമോ അല്ല. എനിക്കു നല്ലതെന്നു ബോദ്ധ്യം വന്ന ഒരു കാര്യം ആവശ്യക്കാർക്കു പകർന്നു നൽകുക എന്ന ലക്ഷ്യം മാത്രമെ എനിക്കുള്ളു. അങ്ങനെ 'യോഗ' നാമം പേറുന്ന ഒരു പരിപാടിയുമായി നടക്കുന്ന ഞാൻ  'ക്രിസ്തുവിന്റെ പ്രകാശത്തിൽനിന്ന് ഏറെ അകലെയാണെന്ന' സൂചന നൽകാനാണ്‌ ആ ഭക്തൻ പത്രക്കഷ്ണവുമായി എന്നെ സമീപിച്ചത്‌ .
അതേ പ്രസിദ്ധീകരണത്തിന്റെ മറ്റൊരു ലക്കവുമായി വേറൊരു സുഹൃത്ത്‌ എന്നെ സമീപിക്കുകയുണ്ടായി. അതു നല്ല ഉദ്ദേശത്തോടെയായിരുന്നു.
അതിൽ ഒരു ബഹുമാന്യ വൈദികൻ ഇങ്ങനെ എഴുതിക്കണ്ടു:

 ▶️"യോഗയുടെ പഠനത്തിലും, പരിശീലനത്തിലും നിന്ന് ക്രൈസ്തവർ ഒഴിഞ്ഞു നിൽക്കണം. ..                            ദൈവമാണ്‌ എല്ലാമെന്നും എല്ലാം ദൈവമാണെന്നും പറയുന്ന യോഗ ക്രൈസ്തവ ആദ്ധ്യാത്മികതയുമായി ചേർന്നു പോകുന്നതെങ്ങനെ? ....തന്റെ തന്നെ മനസ്സിൽ നിന്നും ബുദ്ധിയിൽ നിന്നും ഉത്തരം കണ്ടെത്താൻ യോഗ പഠിപ്പിക്കുന്നു...യോഗയിൽ നിന്ന് വ്യത്യസ്തമായി രക്ഷ സൗജന്യ ദാനമാണെന്ന് ക്രിസ്തു മതം പഠിപ്പിക്കുന്നു. "◀️

അയൽ വാസിയായ സുഹൃത്ത്‌ ഏൽപിച്ച പത്രക്കുറിപ്പിൽ ഇങ്ങനെ ഒരു സൂചനകൂടി കണ്ടു : ഫ്രാൻസിസ്‌ പാപ്പാ പറഞ്ഞതായിട്ടാണത്‌ 
▶️"പരിശുദ്ധാത്മാവിനു മാത്രമാണ്‌ നമ്മുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്കു തുറക്കാൻ സാധിക്കുന്നത്‌. യോഗക്കോ സെൻ കോഴ്സുകൾക്കോ ഒന്നും സാധിക്കില്ല."◀️

ഒരു ബ. സന്യാസ വൈദികൻ എഴുതി :

▶️ "യോഗാഭ്യാസം വഴി അക്രൈസ്തവമായ ആധ്യാത്മിക ദർശനങ്ങളിലേക്ക്‌ വഴുതിപ്പോകാനുള്ള സാദ്ധ്യതയെ നാം ഗൗരവമായി കണക്കാക്കണം."◀️
മറ്റൊന്ന് :
▶️ "ദൈവം വ്യക്തിത്വമുള്ള സത്തയാണ്‌. ..തണുത്ത പ്രാപഞ്ചികോർജ്ജമല്ല. ..പ്രകൃതിയോ പ്രപഞ്ചമോ ദൈവമല്ല.. വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാ.ഗബ്രിയേൽ അമോർത്തും യോഗാഭ്യാസം സാത്താനികമാണെന്ന നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌."◀️

അടുത്ത നാളിൽ ഒരാൾ എഴുതി :
▶️"നമ്മുടെ ആത്മാവിനെ ചോർത്തിക്കൊണ്ടു പോകാൻ ഒരുപാധിയായിട്ടാണ്‌ യോഗയെ സാത്താൻ ഉപയോഗിക്കുന്നത്‌ " ..തുടർന്നെഴുതി: "യോഗ എന്നത്‌ ഹിന്ദുയിസം പ്രചരിക്കുവാനുള്ള ഒരെളുപ്പ വഴി എന്ന നിലയിലാണ്‌ ബി ജെ പി സർക്കാരും ഹിന്ദുമത നേതൃത്വവുമെല്ലാം കാണുന്നത്‌ ".◀️

 :2015 ജൂലൈ 5 ലെ സൺഡേ ശാലോമിൽ വിശ്വാസ തിരു സംഘ പ്രീഫെക്റ്റായ കർദ്ദിനാൾ മുള്ളറിന്റേതായി ഒരു പ്രഖ്യാപനം കണ്ടു. അത്‌ ഇപ്രകാരമാണ്‌ :
▶️"വിജാതീയ ജീവിത രീതികൾ സഭാ വിശ്വാസികൾ പിന്തുടരുന്നത്‌ സ്വേശ്ചതക്കും വ്യക്തതയില്ലായ്മക്കും കാരണമാകും... പൊതുജനാഭിപ്രായത്തെ ആധാരമാക്കി സത്യത്തെ രൂപീകരിക്കാൻ പരിശ്രമിച്ചാൽ സഭയുടെ അടിസ്ഥാനത്തിന്‌ ഇളക്കം തട്ടും ." ◀️

അപ്പോൾ അതാണു ഒരു കാര്യം. സഭയുടെ അടിസ്ഥാനത്തിനു കോട്ടം തട്ടും. കെട്ടിപ്പൊക്കിയ സൗധങ്ങൾ കാലിയാകും; മതാധിപത്യത്തിന്‌  ചലനം സംഭവിക്കും. കൂടാതെ, ഇതുവരെ പറഞ്ഞതും പഠിപ്പിച്ചതും മഹാ പൊട്ടത്തരങ്ങളായിരുന്നെന്ന് വിശ്വാസികൾ തിരിച്ചറിറിഞ്ഞെങ്കിലോ എന്ന ഭയം!" സൗജന്യ" രക്ഷയുടെ പൊള്ളത്തരങ്ങളെ തിരിച്ചറിയുന്ന ജനം സ്വയം പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും സത്യം കണ്ടെത്തി സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചു തുടങ്ങിയാൽ അനേകർക്കു സ്ഥാനമാനങ്ങളും ജോലിയും നഷ്ടമാകും. 'സൗജന്യമായ' കുമ്പസാരവും കുർബ്ബാനയും ഉള്ളപ്പോൾ ഫീസു കൊടുത്ത്‌ യോഗാ പോലുള്ള പരിശീലനം നേടി തങ്ങളിലെ ശക്തി വിശേഷങ്ങളെ ഉണർത്തിയാൽ നല്ലതും ചീത്തയും തിരിച്ചറിയും. അപ്പോൾ മതാചാരങ്ങളോടു വിട പറയും.

അടിത്തറ ഉറപ്പിച്ചവർക്ക്‌ അത്‌ ഉറപ്പുള്ളതാണെന്ന് ഉറപ്പുണ്ടെങ്കിൽ അതിന്‌ ഇളക്കം തട്ടുമോ എന്ന് എന്തിനു സംശയിക്കണം ?
അതുകൊണ്ടല്ലെ പൗലോസാചാര്യൻ പറഞ്ഞത്‌ " ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമ പാഠങ്ങൾ പിന്നിട്ട്‌ നമുക്ക്‌ പക്വതയിലേക്കു വളരാം."( ഹെബ്രാ.6:1 ) അതിനു തൊട്ടു മുംപ്‌ അദ്ദേഹം എഴുതി : "കട്ടിയുള്ള ഭക്ഷണം (ദിവ്യ ജ്ഞാനം) പക്വത വന്നവർക്കുള്ളതാണ്‌. അവർ തങ്ങളിലെ ശക്തി വിശേഷങ്ങളെ ഉണർത്താനുള്ള പരിശീലനത്തിൽ വ്യാപൃതരാകും. അപ്പോൾ അവർ നന്മ തിന്മകളെ വിവേചിച്ചറിയും.( ഹെബ്രാ. 5:14 )

ക്രിസ്തുവിനേക്കുറിച്ചുള്ള ബാല പാഠങ്ങളുമായി ഒരു കാലത്ത്‌ യൂറോപ്പിൽനിന്ന് ഇവിടെ വന്ന മിഷ്യനറിമാർ ഭാരതത്തിൽ നിന്ന് കുറെ വിവരം ലഭിച്ചപ്പോൾ പണി നിർത്തി തിരികെ പോയി. അവിടെ പള്ളികൾ കാലിയായി. ഇപ്പോൾ ഇവിടെ പണി പരാജയപ്പെട്ട ചിലർ അവിടെയുള്ളവരെ പള്ളിയിലേക്കു തിരികെ കൊണ്ടു വരാൻ വേണ്ടി ക്രിസ്തുവിനെക്കുറിച്ചുള്ള ബാലപാഠങ്ങളുമായി അവിടെ എത്തിയിരിക്കുകയാണ്‌. അങ്ങനെയുള്ള ഒരു ബ. സന്യാസ വൈദികനാണ്‌ ശാലോമിൽ പതഞ്ജലി മഹർഷിയേയും അദ്ദേഹത്തിന്റെ യമ, നിയമാദികളെയും  തെറ്റായി വരച്ചു കാണിച്ചത്‌. (ശാലോം -ജൂലൈ 19- 2015 )

രണ്ടാമത്തേത്‌, ബീജേപിക്കാരനായ പ്രധാന മന്ത്രി യോഗക്കു പ്രാധാന്യം കൊടുത്തതുകൊണ്ട്‌ അതിൽ എന്തോ കെണിയുണ്ടെന്നു ഊഹിക്കുന്നു.

സഭയുടെ പഠനങ്ങളും, പരിശീലനങ്ങളും സത്യസന്ധവും ദൈവീകവുമെങ്കിൽ എന്തിനിങ്ങനെ ഭയപ്പെടണം?

ഞാൻ എങ്ങനെ യോഗാ പ്രേമിയായി ?

ഞാൻ അൽപം യോഗാ പഠിച്ചത്‌ മൂന്നു കത്തോലിക്കാ യുവ സന്യാസ വൈദികരിൽ നിന്നാണ്‌. അവർ മൂന്നും ഇന്നും ജീവിച്ചിരിക്കുന്നു, യോഗ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നു. എന്റെ ആശയാദർശങ്ങൾ മനസ്സിലാക്കിയ  മൂന്നു പേരും അവർ നയിച്ച യോഗാ ധ്യാന ക്ലാസ്സുകളിൽ സഹായിക്കാൻ എന്നെ ക്ഷണിച്ചിട്ടുണ്ട്‌. അടുത്ത കാലത്ത്‌ ഞാൻ പങ്കെടുത്ത യോഗാ ധ്യാന ക്ലാസ്സു നയിച്ച സന്യാസ വൈദികൻ പറഞ്ഞു :
 ➡️"  നേരായ ജ്ഞാനത്തിന്റെ വഴിയാണ്‌ യോഗ... പ്രകൃതിയോടും, സഹോദരങ്ങളോടും ഐക്യപ്പെട്ടുകൊണ്ട്‌ ഒരുവൻ നയിക്കുന്ന വിശുദ്ധ ജീവിതമാണ്‌ യോഗ.. ഇതു നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വസ്ഥമാക്കുന്നു. വ്യക്തി ജീവിതത്തെ ശാന്തമാക്കുന്നു."⬅️

എന്റെ ആദ്യ ഗുരു 1995 ൽ ഇപ്രകാരം എഴുതി :
➡️ " ആർഷ ഭാരതത്തിന്റെ അതുല്യവും അമൂല്യവുമായ സംഭാവനയാണ്‌ യോഗ ദർശനം. ഈ പൈതൃകത്തെ മനസ്സിലാക്കി സ്വാംശീകരിക്കേണ്ടത്‌ നമ്മുടെ കടമയും അവകാശവുമാണ്‌. ..ക്രിസ്തുവിനു മുംപ്‌ ജീവിച്ചിരുന്ന പതഞ്ജലി മഹർഷി രൂപപ്പെടുത്തിയ രാജയോഗ , മനോ നിയന്ത്രണത്തിലൂടെ മനുഷ്യന്റെ എല്ലാവിധ ശക്തിവിശേഷങ്ങളെയും സമന്വയിപ്പിച്ച്‌ കേന്ദ്രീകരിക്കാനും പരമ സത്യത്തിൽ വിലയം പ്രാപിച്ച്‌ സായൂജ്യമടയുവാനുമുള്ള അതിവിശിഷ്ടമായ മാർഗ്ഗമാണ്‌ ഉപദേശിക്കുന്നത്‌..."⬅️

അന്നത്തെ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്താ സിറിൽ മാർ ബസേലിയോസ്‌  എഴുതി :

➡️"..സൃഷ്ടികളെല്ലാം അവയുടെ സ്രഷ്ടാവിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. എല്ലാറ്റിന്റെയും അന്ത്യം ഇതു തന്നെ. മനുഷ്യനാകട്ടെ ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടി വിവിധ വഴികളിലൂടെയാണ്‌ നീങ്ങുന്നത്‌. ഭാരതീയ യോഗദർശനം ഈ പ്രയാണത്തിലേക്കാണ്‌ വിരൽ ചൂണ്ടുക. യോഗ ദർശനവും, അഭ്യാസവും ഒരു ജീവിത രീതിയാകുംപോൾ അത്‌ മനുഷ്യനെ ഐക്യത്തിലേക്കും, സാഹോദര്യത്തിലേക്കും, നന്മയിലേക്കും നയിക്കുവാൻ പര്യാപ്തമാകുന്നു.

അഷ്ടാംഗ യോഗ, മനുഷ്യ ജീവിതത്തെ രൂപാന്തരപ്പെടുത്തി , 'അസതോമ സദ്ഗമയ, തമസോമാ ജ്യോതിർ ഗമയ' എന്ന പ്രാർത്ഥന സാക്ഷാത്‌കരിക്കുവാൻ ഒരുവനെ പ്രാപ്തനാക്കുന്നു. യമം, നിയമം എന്നീ ആദ്യ പടികളിലെ പത്തു കാര്യങ്ങൾ ഒരുവൻ ജനനം മുതൽ മരണം വരെ അഭ്യസിക്കേണ്ട പത്തു പ്രമാണങ്ങളായി കണക്കാക്കാം. ഈ പ്രമാണങ്ങൾ ജീവിത വ്രതമായി സ്വീകരിക്കുന്ന ഒരാൾക്ക്‌ തിന്മയിലേക്ക്‌ വഴി തെറ്റാൻ സാധിക്കുകയില്ല എന്ന് ഉറപ്പായി വിശ്വസിക്കാം." ⬅️

അദ്ദേഹം പറഞ്ഞതിനെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അതാണു ശരി എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

2013 ആഗസ്റ്റ്‌ 30 ദീപിക ദിനപ്പത്രത്തിൽ

➡️ "സാത്വിക പ്രതീകങ്ങളോട്‌ അസഹിഷ്ണുത വേണ്ട" എന്ന തലക്കെട്ടിൽ സീറോ മലബാർ സിനഡിന്റേതായി ഒരു വാർത്ത വന്നത്‌ ഇപ്രകാരമാണ്‌ : " ഭാരത സംസ്കാരത്തിൽ പൊതു സമൂഹം സർവാത്മനാ സ്വീകരിച്ചിട്ടുള്ള ബിംബങ്ങളും, പ്രതീപങ്ങളും സഭയും സ്വീകരിച്ചിട്ടുണ്ട്‌. നില വിളക്ക്‌, ആയുർവേദം,  യോഗ, താലികെട്ട്‌, പുടവ കൊടുക്കൽ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ശരീരത്തിനും മനസ്സിനും ഉപകാരപ്രദമായ  പരിശീലനങ്ങളും ചികിൽസാ സംപ്രദായങ്ങളും ഏതെങ്കിലും മതത്തിന്റേതായി പരിഗണിക്കേണ്ടതില്ല. ധ്യാനങ്ങൾ, വചന പ്രഘോഷണങ്ങൾ, സെമിനാറുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഇങ്ങനെയുള്ള പ്രതീകങ്ങളെയും ശാരീരിക സൗഖ്യ സംപ്രദായങ്ങളേയും  പൈശാചികമായി ആരെങ്കിലും ചിത്രീകരിക്കുന്നെങ്കിൽ ബന്ധപ്പെട്ടവർ അതു തിരുത്തണം". ⬅️
യോഗ മാഹാത്മ്യത്തെക്കുറിച്ച്‌ ഒരിക്കൽ എവിടെയോ ഞാൻ ഇങ്ങനെ വായിച്ചു :

>"യോഗ ശാസ്ത്രം മനുഷ്യനെ പൂർണ്ണ സ്വസ്ഥതയിൽ നിലനിർത്തുന്ന അതുല്യ വിദ്യയാണ് .

മനുഷ്യനിൽ ആരോഗ്യമെന്നത് ശരീര - മനസ്സുകളുടെ (psycho -somatic ) സ്വസ്ഥമായ അവസ്ഥയാണ്‌. ശരീരത്തിന് മിതമായ ഭക്ഷണം പോലെ തന്നെ പ്രധാനമാണ് മിതമായ വ്യായാമവും . വ്യായാമവും ഭക്ഷണവും ശരിയായാലും ചിന്തകൾ മനുഷ്യന് സ്വസ്ഥത നൽകുന്നില്ലയെങ്കിൽ അത് മാത്രം മതി രോഗങ്ങളെ സൃഷ്ടിക്കുവാൻ .ശാരീരികമായ ചലനങ്ങളെല്ലാം വ്യായാമമാണ് എങ്കിലും യോഗാസനങ്ങൾ ഉത്തമമായ വ്യായാമമാകുന്നു .
യോഗാസനങ്ങൾ ശരീരത്തെ മുഴുവനായി സാവധാനം വലിച്ചു നീട്ടലാകുന്നു ( fullstretching ).

വേഗത്തിൽ ചെയ്യുന്നതും അമിതമായതുമായ അദ്ധ്വാനവും fitness sports ഉം പേശികൾക്കും സന്ധികൾക്കും കേടു പാടുകൾ സൃഷ്ടിക്കാം . മനുഷ്യനെ പൂർണ്ണ സ്വസ്ഥതയിൽ നിലനിർത്തുന്ന യോഗശാസ്ത്ര ത്തിലെ അതുല്യ വിദ്യയാണ് "ധ്യാനം" . മനുഷ്യന് ആത്മജ്ഞാനത്തിലേക്കുള്ള കവാടമാണ് ധ്യാനം . ധ്യാനം സംഭവിക്കുന്ന മനുഷ്യനെ ദുഖവും അസ്വസ്ഥതയും ഒരിക്കലും ബാധിക്കുന്നില്ല ."<

യോഗ മാർഗ്ഗം തെറ്റല്ല

ശരിക്കും യോഗാ മാർഗ്ഗം സ്വീകരിക്കുന്ന ഒരു വ്യക്തിക്ക്‌ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിക്കുക സാദ്ധ്യമേ അല്ല. ശാരീരിക, മാനസിക വിശുദ്ധി പ്രാപിച്ച ഒരാൾക്കു മാത്രമേ അഷ്ടാംഗ യോഗയിലെ പടികൾ കയറാൻ പറ്റുകയുള്ളു എന്ന് ആ മാർഗ്ഗത്തിൽ വന്ന ഒരാൾക്കു മനസ്സിലാകും. യോഗാ സാധകൻ തികഞ്ഞ ധാർമ്മിക ജീവിതത്തിനുടമയാകണം. ആ ആൾ സ്വയം അറിഞ്ഞ്‌ ചിട്ടയായ ഒരു ജീവിതത്തിന്‌ സന്നദ്ധനാകും. വിഷയ സുഖങ്ങൾക്ക്‌ അയാൾ അടിമയാകില്ല. സ്വ പരിശ്രമത്തിലൂടെ അപ്പവും അറിവും നേടും. അന്ധ വിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽ നിന്നും അകലും. പ്രകൃതിയേയും, പ്രകൃതിയിലുള്ളവയേയും സ്നേഹിക്കും. മതത്തിന്നതീതനാകും ; മതം മാറാതെ, മതത്തിൽ ചേരാതെ.

ഞാൻ നിർത്തുന്നു.  നമുക്ക്‌ പ്രഥമ പാഠങ്ങൾ പിന്നിട്ട്‌ മുന്നോട്ടു പോകാം; ആരേയും ഭയപ്പെടാതെ. ഇനിയും 'സജാതീയൻ', 'വിജാതീയൻ'.. എന്നൊക്കെ തിരിക്കണോ? 'പിശാചിന്റെ ഭരണം', 'സാത്താനീയം' എന്നൊക്കെ തട്ടി വിട്ട്‌ ആളുകളെ ഭയപ്പെടുത്തണോ ?

യോഗ പോലുള്ള സാധനാ  മാർഗ്ഗങ്ങളുടെ ഗുണങ്ങൾ ശരിക്കും ഞാൻ അറിയുന്നു. ഒരിക്കൽ പൗലോസാചാര്യൻ എഴുതിയതുപോലെ " ഇതെക്കുറിച്ച്‌ ഇനിയും ധാരാളം ഞങ്ങൾക്കു പറയുവാനുണ്ട്‌ (പ്രായം 78). നിങ്ങൾ ഗ്രഹിക്കുന്നതിൽ പിന്നോക്കമായതുകൊണ്ട്‌ അതെല്ലാം വിശദീകരിക്പ്രായം 78കുക വിഷമമാണ്‌ " എന്ന്  എഴുതാൻ ഞാൻ അർഹനല്ലാത്തതുകൊണ്ട്‌ അങ്ങനെ എഴുതുന്നില്ലെങ്കിലും ഒരപേക്ഷ: ആർട്ട്‌ ഓഫ്‌ ലിവിംഗ്‌ ഹാപ്പിനസ്സ്‌ പ്രോഗ്രാം , ക്രൈസ്റ്റ്‌ യോഗ, ആത്മയോഗ , വിപസന, റെയ്‌കി, ക്രിയാ യോഗ, പ്രാണിക്‌ ഹീലിംഗ്‌ ....തുടങ്ങിയവയിൽ  നമുക്കു യോജിച്ചതിനെ തിരഞ്ഞെടുത്ത്‌, പതിവായി യോഗയും സാധനയും ചെയ്ത്‌ ശരീര മന ആത്മ തലങ്ങളെ എന്നും ശുദ്ധീകരണത്തിനും, ശക്തീകരണത്തിനും വിധേയമാക്കിയാൽ ,        " സ്വർഗ്ഗ രാജ്യം അവരുടേതാണ്‌ " എന്ന് ക്രിസ്തുനാഥൻ പറഞ്ഞതിന്റെ പൊരുൾ ക്രിസ്ത്യാനികൾ ഗ്രഹിക്കും.

(അടുത്ത നാളിൽ ഞാൻ എഴുതിയ ഒരു ലേഖനം" അഷ്ടാംഗയോഗയിലെ ആത്മീയതയും, ക്രിസ്തീയാത്മീയതയിലെ ആത്മ സൗധവും " വായിക്കുക )

                            ▶️▶️▶️▶️▶️◀️◀️◀️◀️◀️◀️

No comments:

Post a Comment