1. ആമുഖം
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ശേഷമുള്ള സഭാചരിത്രവും ജീവിതവും പൊതുസമൂഹത്തിലേക്കുംപൊതുജീവിതത്തിലേക്കും തുറന്നുപിടിച്ച കണ്ണുകളോടെ ജീവിക്കേണ്ടï ഒരു ക്രിസ്തീയ ബാധ്യതയിലേക്ക്കടക്കുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേപ്പസിയുടെ ഈ വര്‍ത്തമാനകാലം അതിനെ കൂടുതല്‍ðതീവ്രമാക്കുകയാണ്. സഭാജീവിതത്തേയും ക്രിസ്തീയ ആത്മീയതയേയും സാമൂഹികമായ ഒരു കാഴ്ച്ചപ്പാടില്‍ നിന്ന്വീക്ഷിക്കാനുള്ള ശ്രമം സഭക്കുള്ളില്‍ തന്നെ ആന്തരീകസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതിന് ഒക്ടോബര്‍ 2014 ല്‍കടന്നുപോയ സിനഡ് സാക്ഷിയാണ്. പുരോഗമനാത്മകമായ നിലപാടുകളും നടപ്പുശീലങ്ങളില്‍ നിന്ന് മാറിചിന്തിക്കാന്‍മനസ്സുകാണിക്കാത്ത ബഹുഭൂരിപക്ഷം സഭാനേതൃത്വവും തമ്മില്‍ð ഒരു ശീതസമരം നടക്കുന്നുണ്ട്. ഈയൊരുസാഹചര്യത്തിലാണ് അനുരഞ്ജനം എന്ന കൂദാശയുടെ സാമൂഹ്യമാനം വിശകലനം ചെയ്യുന്നത് കൂടുതല്‍ðഅര്‍ത്ഥവത്താകുന്നത്.
2012 ലെ ~ഒരു സ്ഥിതിവിവരകണക്ക് പ്രകാരം അമേരിക്കന്‍ ഐക്യനാടുകളില്‍ അനുരഞ്ജന കൂദാശയ്ക്ക്പോകുന്നവരുടെ എണ്ണം മൊത്തം വിശ്വാസികളുടെ വെറും 2% മാത്രമാണ്. 1700 വര്‍ഷത്തോളം നരകത്തിലേയ്ക്ക്പോകാതിരിക്കാനുള്ള മുന്നൊരുക്കമായി ഭയപ്പാടോടെ കുമ്പസാരമെന്ന കൂദാശയെ കണ്ട 'പാപി'കളുടെ എണ്ണംക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പൊതുവില്‍ മനുഷ്യരൊക്കെ അത്യാവശ്യം 'നല്ലവരാണെന്നും'കുമ്പസാരക്കൂട്ടില്‍ ചെന്നേററുപറഞ്ഞ് ഒരു പുരോഹിതനില്‍ നിന്ന് പാപമോചനം വാങ്ങാന്‍ മാത്രം ദൈവത്തിന്പൊറുക്കാനാവാത്ത തെറ്റുകളൊന്നും തങ്ങളുടെ ജീവിതത്തിലില്ലെന്നും കരുതുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുകഴിഞ്ഞു.
2. പാപം: വ്യക്തിനിഷ്ഠമായ വ്യാഖ്യാനവും ഘടനാപരമായ വ്യാഖ്യാനവും
പത്രധര്‍മ്മത്തിന്റെ ധാര്‍മ്മികത മുന്‍നിര്‍ത്തി പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ 1974 -ല്‍ ഏതാനുംഇറ്റാലിയന്‍ പത്രപ്രവര്‍ത്തകര്‍ 636 പേരുമായി നടത്തിയ കുമ്പസാരത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തിന്റെസ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിച്ചു. അതിന്‍ പ്രകാരം അനുരഞ്ജന കൂദാശയ്ക്ക് പോകുന്ന 477 പേരില്‍ 159 പേര്‍പുരുഷന്മാരുമായിരുന്നു. അവര്‍ കുമ്പസാരിക്കുന്ന പാപങ്ങളില്‍ എണ്ണത്തിലും പ്രാധാന്യത്തിലും ഏറ്റവും മുന്‍പന്തിയില്‍ലൈംഗികതയുമായി ബന്ധപ്പെട്ട പാപങ്ങളായിരുന്നു. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍, ക്രിത്രിമ ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളുടെ ഉപയോഗം, സ്വയംഭോഗം, ലൈംഗികമായ ചിന്തകളും ഭാവനകളും... അങ്ങനെ പോകുന്നു ഈപാപത്തിന്റെ പട്ടിക. പരമ്പരാഗതമായ ഒരു ധാര്‍മിക ദൈവശാസ്ത്രത്തില്‍ നിന്ന് ഉരിത്തിരിഞ്ഞ കുമ്പസാരശീലങ്ങള്‍എത്രമാത്രം വ്യക്തിനിഷ്ഠമായ ഒരു ചട്ടക്കൂടിനുള്ളിലാണ് രൂപപ്പെട്ടിരിക്കുന്നത് എന്നതിലേയ്ക്കുള്ള ഒരു സൂചകംമാത്രമാണിത്. വ്യക്തിനിഷ്ഠമാണെന്ന് മാത്രമല്ല അത് ശരീരവിരുദ്ധവും ലോകത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതുമാണ്.
യവനചിന്തകനായ പ്ലേറ്റോയുടെ സന്മാര്‍ഗിക വിചിന്തനങ്ങളായിരുന്നു ക്രിസ്തീയത പിന്നീട് അതിന്റെസന്മാര്‍ഗികതയുടെ മുഖ്യധാരയായി സ്‌നാനപ്പെടുത്തി സ്വീകരിച്ചത്. ലോകം-തിന്മ, ലൈംഗികത-പാപം, പിശാച്-പ്രലോഭകന്‍ ഇങ്ങനെയുള്ള സമാന്തര ചിന്തകളായിരുന്നു കാലങ്ങളായി നമ്മുടെ കുമ്പസാരക്കൂട്ടില്‍ മനുഷ്യര്‍ഏറ്റുപറഞ്ഞ പോയ 'ഞാന്‍ പിഴയാളി'യുടെ അന്തസത്ത. എന്നാല്‍ പാപത്തെ വ്യക്തിനിഷ്ഠമായി മാത്രംകാണാനാവില്ലായെന്നും പാപത്തിലെ ചില രൂപങ്ങള്‍ക്ക് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്നുള്ളതും ധാര്‍മ്മികദൈവശാസ്ത്രം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന പുത്തന്‍മാനമാണ്. അവയെക്കുറിച്ചാണ് പൗലോശ്ലീഹാ പറയുന്നത്, 'ഞങ്ങളുടെ യുദ്ധം ശരീരത്തിനും രക്തത്തിനും എതിരല്ല, ഈ ലോകത്തിന്റെ അധികാരികള്‍ക്കും ആധിപത്യങ്ങള്‍ക്കുംഅന്ധകാരശക്തികള്‍ക്കും വിശുദ്ധയിടത്തെ തിന്മയുടെ ശക്തികള്‍ക്കും എതിരാണ്' (എഫേ 6:12).
'സാമൂഹ്യ ഔത്സുക്യം' എന്ന ചാക്രീയ ലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'സാമൂഹ്യ പാപം/ഘടനാപരമായ പാപം' എന്നതിനെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്: ''(ഘടനാപരമായ പാപം).... വ്യക്തിപാപത്തില്‍വേരൂന്നിയ വ്യക്തികളുടെ പാപകരമായ പ്രവര്‍ത്തികളില്‍ നിന്ന് ഉരുത്തിരിയുന്ന സാമൂഹ്യഘടനകളാണ്. അത്തരംഘടനകള്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ അവയെ നിര്‍മാര്‍ജ്ജനം ചെയ്യുക എളുപ്പമല്ല. അവ ശക്തിപ്രാപിച്ചു വികസിച്ച് മറ്റ്പാപങ്ങള്‍ക്ക് കാരണമാവുകയും വ്യക്തികളുടെ പെരുമാറ്റരീതികളെ സ്വാധീനിക്കുകയും ചെയ്യും''(36).സാമൂഹ്യപാപത്തെ വ്യക്തികളുടെ പാപത്തിന്റെ തുടര്‍ച്ചയായി മാത്രമേ കത്തോലിക്കാ സഭാപഠനങ്ങള്‍കണക്കാക്കുന്നുള്ളൂ. എന്നാല്‍ ചില ധാര്‍മ്മീക ദൈവശാസ്ത്രജ്ഞന്മാര്‍ ഈ നിലപാടിനെ ചോദ്യം ചെയ്യുന്നുണ്ട്. വ്യക്തിയുടെ മാനസാന്തരംകൊണ്ട് മാത്രം മറികടക്കാനാവുന്നതല്ല ഘടനാപരമായ സാമൂഹ്യപാപം എന്നതിനാല്‍ തന്നെഅതിന് അതിന്റേതായ ഒരു സ്വതന്ത്ര നിലനില്‍പ്പുണ്ട് എന്നാണ് അവരുടെ വാദം. വ്യക്തികളില്‍ ആശ്രയിച്ചാണോസ്വതന്ത്രമായാണോ നിലനില്‍ക്കുന്നത് എന്നത് അത്രകണ്ട് പ്രസക്തമല്ലെങ്കിലും സാമൂഹ്യപാപത്തെ എതിര്‍ത്ത്തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം വ്യക്തികള്‍ക്കും സമൂഹത്തിനു മുഴുവനായും ഉണ്ടെന്നുള്ളത് വളരെപ്രധാനപ്പെട്ടതാണ്.
ഘടനാപരമായ സാമൂഹ്യപാപം പ്രവര്‍ത്തിക്കുന്നത് സംസ്‌കാരത്തിന്റെ ആചാരങ്ങളിലൂടെയും മതങ്ങളുടെഅനുഷ്ഠാനങ്ങളിലൂടെയും വ്യക്തികളുടെ ചിന്താമണ്ഡലങ്ങളിലൂടെയും രാഷ്ട്രത്തിന്റെ ഭരണതലങ്ങളിലൂടെയുംസമൂഹത്തിന്റെ നടപ്പുരീതികളിലൂടെയുമാണ്. അങ്ങനെയാണ് ആണ്‍കോയ്മ, മുതലാളിത്തം, ജാതീയത, വംശീയത,വര്‍ഗ്ഗീയത, പ്രകൃതിക്കെതിരായ നിലപാടുകള്‍ അങ്ങനെ പലതും പാപങ്ങളാവുന്നത്. അവയെ വിശദമായിപരിശോധിക്കുകയാണ് വരും ഭാഗങ്ങളില്‍.
3. 'മുതലാളിത്തം' എന്ന പാപം
'ക്യാപിറ്റല്‍' എന്ന ഇംഗ്ലിഷ് വാക്കിന് 'മൂലധനം' എന്ന വിവര്‍ത്തനം സാധ്യമാണെങ്കിലും 'ക്യാപിറ്റലിസം' എന്നസാമ്പത്തിക വ്യവസ്ഥിതിയെ കുറിക്കാന്‍ 'മുതലാളിത്തം' എന്ന മലയാളം വാക്ക് ദുര്‍ബലമാണ്. 'മൂലധനം' എന്നത്മിച്ചമൂല്യമാണ് (surplus value). അത് ഭൂമിയില്‍ അദ്ധ്വാനിക്കുന്ന മനുഷ്യനെ സ്വത്ത്/ഭൂമി കൈയ്യാളുന്ന അധികാരിവര്‍ഗ്ഗംചൂഷണം ചെയ്ത് ഉണ്ടാക്കുന്നതാണ്. ഇങ്ങനെ ഒരാള്‍ കൈവശം വയ്ക്കുന്ന സ്വത്തിന് മേല്‍ അയാള്‍ക്ക് മാത്രമായിരിക്കുംപൂര്‍ണ്ണ അധികാരം. അത്തരമൊരു സാമൂഹികവ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം പൗരന്റെ സ്വത്തിനുംസ്വാതന്ത്ര്യത്തിനും സംരക്ഷണം കൊടുക്കുന്ന 'കാവല്‍ നായ്' (watch dog) ആയിരിക്കും എന്നതാണ്.
ഭൂമിയുടെ സ്‌ത്രോതസ്സുകള്‍ പരിമിതമാണ്. പരിമിതമായ സ്‌ത്രോതസ്സുകളെ വിവേകപൂര്‍വ്വം വിനിയോഗംചെയ്താല്‍ മാത്രമേ എല്ലാവരുടെയും ആവശ്യപൂരണം നടക്കുകയും നാളത്തെ തലമുറയ്ക്ക് വേണ്ടി ഭൂമിസംരക്ഷിക്കപ്പെടുകയും ചെയ്യുകയുള്ളൂ. ഭൂമിയുടെ സ്‌ത്രോതസ്സുകളും ഉത്പാദനവും കുറച്ച് പേരുടെ കൈകളിലേയ്ക്ക്മാത്രമായി ഒതുങ്ങിയാല്‍ ശേഷം വരുന്ന ബഹുഭൂരിപക്ഷത്തിന് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനാവാതെ വരികയും സ്വാഭാവികമായും സ്വരുക്കൂട്ടിവച്ചിരിക്കുന്നവന്റെ 'ഔദാര്യ'ത്തില്‍ ആശ്രയിക്കേണ്ടിവരികയും ചെയ്യും.അത് സമൂഹത്തില്‍ അടിമ-ഉടമ, തൊഴിലാളി-മുതലാളി, ആശ്രിതന്‍-അധിപന്‍ എന്ന വ്യവസ്ഥിതി സൃഷ്ടിക്കും. അങ്ങനെസമ്പത്തിന്റെ ഉള്ളായ്മയും ഇല്ലായ്മയും (having and not having) മനുഷ്യര്‍ക്കിടയില്‍ അസമത്വവും സാമൂഹികഅനീതിയും അസ്വസ്ഥതകളും തല്‍ഫലമായി ഭാവിയില്‍ അക്രമാസക്തമായ വിപ്ലവങ്ങളും സൃഷ്ടിക്കും.
സമൂഹത്തെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടുകയും വ്യക്തികളെ അടിമ-ഉടമ വ്യവസ്ഥിതിയിലേയ്ക്ക്വിട്ടുകൊടുക്കുകയും അങ്ങനെ മനുഷ്യന്‍ ചരക്കുവത്കരിക്കപ്പെടുകയും (commodification) ചെയ്യുന്ന മുതലാളിത്തം എന്നസാമ്പത്തിക വ്യവസ്ഥിതിയോടുള്ള സഭയുടെ ഔദ്യോഗികമായ നിലപാട് എന്താണ്? ഇന്നോളം കത്തോലിക്കാസഭമുതലാളിത്തത്തോട് വ്യക്തമായ നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പോപ് ലിയോ പതിമൂന്നാമന്റെ കാലംമുതല്‍ സഭ സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സഭയുടെ സാമൂഹ്യപഠനങ്ങളില്‍ രാഷ്ട്രങ്ങളെ നയിക്കേണ്ട സാമ്പത്തികവ്യവസ്ഥിതി എന്തായിരിക്കണം എന്നതില്‍ ചില മാര്‍ഗ്ഗരേഖകള്‍ കൊടുക്കാന്‍ മാര്‍പാപ്പമാര്‍ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവയൊക്കെ യൂറോപ്പ് കേന്ദ്രീകൃതമായ വ്യവസായവത്കരണത്തിന്റെ തിക്തഫലങ്ങളോടുള്ളപ്രതികരണങ്ങള്‍ മാത്രമായിരുന്നു എന്ന നീരീക്ഷണം നിലനില്‍ക്കുന്നു. ഡിയമന്‍ഡ് ഇങ്ങനെ എഴുതുന്നു, ''ആധുനികരാഷ്ട്രനിര്‍മാണത്തോടുള്ള പ്രതികരണത്തില്‍ കത്തോലിക്കാസഭ രാഷ്ട്രീയ സ്വകാര്യവത്കരണത്തിനോടും രാഷ്ട്രത്തിന്റെസര്‍വ്വാധിപത്യത്തിനോടും എതിര്‍ത്തു നിന്നു. അങ്ങനെ 'സാമൂഹ്യ പ്രശ്‌നങ്ങ'ളോടുള്ള സമീപനത്തില്‍ അവര്‍ആഡംസ്മിത്തും കാള്‍മാക്‌സും, ലെസ്സേസ്-ഫെയറും സോഷ്യലിസവും തമ്മിലുള്ള ചേരിതിരിഞ്ഞ യുദ്ധത്തിന്റെമദ്ധ്യത്തില്‍ നിലയുറപ്പിച്ചു. ഇങ്ങനെയൊരു മദ്ധ്യമാര്‍ഗ്ഗം തിരഞ്ഞെടുത്തതുകൊണ്ടുതന്നെ കത്തോലിക്കരില്‍ലോകസാമ്പത്തിക വ്യവസ്ഥയോടുള്ള സമീപനത്തില്‍ ഉദാര സോഷ്യലിസ്റ്റുകള്‍ മുതല്‍ കോര്‍പ്പറേറ്റിസ്റ്റുകള്‍ വരെരൂപപ്പെട്ടിട്ടുണ്ട്''.
'മദ്ധ്യമാര്‍ഗ്ഗം' സ്വീകരിക്കുന്നതുകൊണ്ടുതന്നെ സഭയ്ക്ക് ഔദ്യോഗികമായി പഠിപ്പിക്കേണ്ട സാമ്പത്തികസമീപനത്തെക്കുറിച്ച് വ്യക്തതയില്ലാതെ പോകുന്നു. ഒപ്പം തന്നെ കമ്മ്യൂണിസത്തിന്റെ നിരീശ്വരവാദത്തോടുള്ളഏറ്റുമുട്ടല്‍ കാരണം കമ്മ്യുണിസ്റ്റുകള്‍ എന്തു പറഞ്ഞാലും എതിര്‍ക്കുന്ന ഒരു അടഞ്ഞമനഃസ്ഥിതി സഭയ്ക്കുള്ളില്‍രൂപപ്പെട്ടിട്ടുണ്ട്. വ്യക്തികള്‍ക്ക് സ്വാതന്ത്ര്യവും സ്വന്തമായി സ്വത്ത് കൈയ്യാളാനുള്ള അവകാശം ഉണ്ടെന്ന് വാദിക്കുമ്പോള്‍അത് മനുഷ്യന്റെ അടിസ്ഥാന അവകാശസംരക്ഷണമായി സഭ കാണുന്നു. ഈയൊരവകാശത്തെ നിഷേധിക്കാതെ തന്നെ,എല്ലാം രാഷ്ട്രത്തിന് ഏല്‍പ്പിച്ച് കൊടുക്കാതെ തന്നെ, ആദിമ ക്രൈസ്തവ സമൂഹം മുന്നോട്ടുവച്ചപൊതുഉടമവ്യവസ്ഥിതിയെ (നടപടി 2:44) സഭ എന്തുകൊണ്ട് ഉള്‍ക്കൊള്ളാതെ പോയി എന്നതാണ് പ്രസക്തമായ ചോദ്യം.
സാമ്പത്തികം ഒരു മൂല്യമാണ്. എന്നാല്‍ മുതലാളിത്തം എന്ന സാമ്പത്തികനയം സമൂഹത്തേയും പ്രപഞ്ചത്തിന്റെസ്‌ത്രോതസ്സുകളേയും സമ്പാദനം എന്ന ത്വരയ്ക്കു വേണ്ടി ബലികഴിച്ചുകൊണ്ട് ഏതാനും വ്യക്തികളുടെഅനിയന്ത്രിതമായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു. ഈയൊരു സാഹചര്യത്തിലാണ് ''ദൈവത്തേയുംപണത്തേയും (മാമ്മോന്‍) ഒരുമിച്ച് സേവിക്കാന്‍ സാധ്യമല്ല.'' (ലൂക്കാ 16:13) എന്ന ക്രിസ്തുവിന്റെ പഠനം കൂടുതല്‍ഗൗരവമായ സാമ്പത്തിക വിശകലനം അര്‍ഹിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിന്റെ പ്രധാന പ്രതിപാദ്യങ്ങളിലൊന്ന്സാമ്പത്തിക പാപമാണ്. അത് ശിഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നിടത്താകട്ടെ (ലൂക്കാ 14:33), രക്ഷയെക്കുറിച്ച്പ്രതിപാദിക്കുമ്പോഴയാകട്ടെ (ലൂക്കാ 6:35; 19:9) ജീവിതതികവിനെക്കുറിച്ചുള്ള സൂചകത്തിലാകട്ടെ (ലൂക്കാ 12:13-21)ഒരാളുടെ സമ്പത്തിനോടുള്ള മനോഭാവം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. സമ്പന്നരെ വെറുംകൈയ്യോടെ പറഞ്ഞയക്കുന്ന വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കുന്ന ദൈവത്തെക്കുറിച്ച്പറഞ്ഞുതുടങ്ങുന്ന ലൂക്കാ (ലൂക്കാ 1:53), അനീതിയുടെ സമ്പാദ്യത്തെക്കുറിച്ച് പ്രവാചകപരമായി വിമര്‍ശിച്ചും (ലൂക്കാ3:11-14) സ്വന്തം നിലയ്ക്ക് സമ്പത്തുകൊണ്ട് ആശ്വസിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന സമ്പന്നര്‍ക്കെതിരെദുരിതത്തിന്റെ ദുര്‍വാര്‍ത്ത പ്രസംഗിച്ചും (ലൂക്കാ 6:24) പങ്കുവയ്ക്കപ്പെടാത്ത സമ്പത്ത് തിന്മയാണെന്ന് ഉറക്കെപ്പറഞ്ഞും(ലൂക്കാ 12:13-21, 16:19-31, 18:18-30) കൃത്യവും മൂല്യവത്തുമായ ഒരു സാമ്പത്തിക നയം വരച്ചു കാട്ടുന്നുണ്ട്. ''സമ്പന്നന്‍രക്ഷപ്രാപിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്''(മത്താ 19:24) എന്നുവരെശക്തമായ വചനങ്ങളുണ്ടായിട്ടും സാമ്പത്തികമായ ഒരു പാപത്തെക്കുറിച്ചോ ക്രിസ്ത്യാനി അനുവര്‍ത്തിക്കേണ്ടസാമ്പത്തിക ജീവിത നയത്തെക്കുറിച്ചോ സഭയ്ക്ക് പറയാന്‍ കഴിയാതെ പോയതെന്തേ?
മുതലാളിത്തത്തിന്റെ എല്ലാത്തരം രൂപഭാവങ്ങളേയും ഏറിയും കുറഞ്ഞും സഭ അതിന്റെ ആന്തരികഘടനയില്‍ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അപ്പോള്‍ പിന്നെ എങ്ങനെ ഘടനാപരമായ ഒരു മാറ്റം കൂടാതെ സഭയ്ക്ക് മുതലാളിത്തത്തിന്റെതിന്മകളെ വിമര്‍ശിക്കാനാകും. സഭാതനയര്‍ തന്നെ ദാരിദ്ര്യത്തിലും ദുരിതത്തിലും കഴിയുമ്പോള്‍ സഭയുടെസിരാകേന്ദ്രങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കണക്കില്ലാത്ത സമ്പത്തിന് എന്ത് ന്യായികരണമാണുള്ളത്?ആഢംബരങ്ങളിലും പ്രൗഢിയിലും ആഘോഷങ്ങളിലും അഭിരമിക്കുന്ന ധനവാനും നായ്ക്കള്‍ വൃണങ്ങള്‍നക്കിത്തുടയ്ക്കുന്ന ലാസറും തമ്മിലുള്ള അന്തരമാണ് വന്‍ പള്ളികളും പള്ളിമേടകളും മള്‍ട്ടി സ്‌പെഷ്യാലിറ്റിഹോസ്പിറ്റലുകളും റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും പണിത് മഹത്വം വിളമ്പരം ചെയ്ത് നടത്തുന്ന ആചാരങ്ങളുംഅനുഷ്ഠാനങ്ങളുംകൊണ്ട് നിറയുന്ന സഭയും ചേരികളിലും ഗ്രാമാന്തരങ്ങളിലും വഴിവക്കിലും ദുര്‍ബലരുംദരിദ്രരുമായി കഴിയുന്ന ജനതയും തമ്മിലുള്ളത്. ഉപവി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലേ എന്നു ചോദിച്ചാല്‍ നിശ്ചയമായുംഉണ്ട്. എന്നാല്‍ ക്രിസ്തീയ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് ധനവാന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷ്ണങ്ങളുടെവിലയേയുള്ളൂ. നിറവില്‍ നിന്ന് ഇറ്റിറ്റ് താഴേയ്ക്ക് വീഴിക്കുന്ന ഉപവി ( Trickledown effect). ഉപവിക്ക് 'പങ്കുവയ്പ്പ്' എന്നകുലിനത കല്പിച്ചുകൊടുക്കാന്‍ സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെയൊന്നുമായിട്ടില്ല. അതിപ്പോഴുംസ്വീകരിക്കുന്നവന്റെ വ്യക്തിത്വത്തേയും ആത്മാഭിമാനത്തേയും തല്ലിക്കെടുത്തുന്ന 'ഔദാര്യം കാണിക്ക'ലിന്റെ തലത്തില്‍തന്നെയാണ്. അത് മുതലാളിത്തത്തിന്റെ 'സേഫ്റ്റി വാല്‍വ്' നയമാണ്. അത് സമൂഹത്തില്‍ പൊട്ടിത്തെറികള്‍ഉണ്ടാക്കാതെയും ആശ്രിതരെ സൃഷ്ടിച്ചും നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോകുന്നു.
പരമ്പരാഗതമായി അനുരഞ്ജന കൂദാശയില്‍ സമ്പത്തുമായി ബന്ധപ്പെട്ട് വിചിന്തിനവിഷയമാക്കുന്നത് വളരെവ്യക്തിഗതമായ രണ്ട് പാപങ്ങള്‍ മാത്രമേയുള്ളൂ- മോഷണവും അഴിമതിയും. (വളരെ അപൂര്‍വ്വമായി ദാനംകൊടുക്കാതെ പോയതിനെക്കുറിച്ചുള്ള ഏറ്റുപറച്ചിലും). ഇതിലൊന്നും ഒരു വ്യക്തി അകപ്പെട്ടുപോയ അസമത്വംനിറഞ്ഞ, ദരിദ്രരെ സൃഷ്ടിക്കുന്ന, വ്യവസ്ഥിതി ചോദ്യം ചെയ്യപ്പെടുന്നില്ല. അങ്ങനെയൊരു വിചിന്തനത്തില്‍ മാത്രമേഒരാളുടെ രാഷ്ടീയ നിലപാടുകളും ആര്‍ഭാടപൂര്‍വ്വമായ മതാനുഷ്ഠാനങ്ങളും ദേവാലയ നിര്‍മ്മാണങ്ങളുംദൂര്‍ത്തുനിറഞ്ഞ ജീവിതരീതികളും കള്ളപ്പണത്തിന്മേല്‍ അടിക്കടി ഉയര്‍ന്ന് പൊങ്ങുന്ന കോര്‍പ്പറേറ്റുകളും മാഫിയകളുംറിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷകരുമായുള്ള കൂട്ടുകെട്ടിലെ പാപവുംതിരിച്ചറിയൂ. മുതലാളിത്തം ഒരു വലിയ പ്രലോഭനം കൂടിയാണ്. എങ്ങനെ ഒരു വ്യക്തിയെ മാര്‍ക്കറ്റില്‍എത്തിക്കണമെന്നതാണ് അതിന്റെ അടിസ്ഥാന ലക്ഷ്യം. മുതലാളിത്തം പരസ്യങ്ങളിലൂടെ നമ്മില്‍ ആവശ്യങ്ങള്‍സൃഷ്ടിച്ചെടുക്കും. എന്നിട്ട് നമ്മെ ഒരു ഉപഭോക്താവ് മാത്രമാക്കി മാറ്റുകയും ചെയ്യും. ഉപഭോഗസംസ്‌കാരംഅങ്ങനെയാണ് അടുക്കളയ്ക്കുള്ളിലും വസ്ത്രധാരണത്തിലും ആഭരണത്തിലും വീടുകളുടെ ചാന്തുകൂട്ടുകള്‍ക്കുള്ളിലുംവിശുദ്ധിയുടെ വിശുദ്ധയിടത്തും ഒളിച്ചുകടക്കുന്നത്. അത് നമ്മെ മകുടിയൂതി ലുലുമാളിലും ഗ്രാന്റ് കേരളാ ഷോപ്പിംങ്ഫെസ്റ്റിവല്ലിലും എത്തിക്കും.
മതങ്ങള്‍ 'ദാരിദ്ര്യം' എന്ന സന്ന്യാസത്തിന്റെ വൃതം മൂല്യമായി ഉയര്‍ത്തിപ്പിടിച്ചാണ് മുതലാളിത്തത്തിന്റെമാര്‍ക്കറ്റ് പ്രലോഭനത്തെ മറികടക്കാന്‍ ശ്രമിക്കുന്നത്. 'ദാരിദ്ര്യം' ഒരു മൂല്യമല്ല, സന്ന്യാസത്തില്‍ ആത്മനിയന്ത്രണത്തിന്റെഉപാധി മാത്രമാണെന്ന് നാം തിരിച്ചറിയുന്നില്ല. ഇവിടെ എത്രമാത്രം പുണ്യങ്ങള്‍ പ്രസംഗിക്കപ്പെട്ടാലും പരിത്യാഗവഴികള്‍പറഞ്ഞുകൊടുത്താലും മുതലാളിത്തത്തിന്റെ വന്‍സൗധങ്ങള്‍ സഭയ്ക്കുള്ളിലും വിശ്വാസികള്‍ക്കിടയിലും ഉയര്‍ന്നുകൊണ്ടേയിരിക്കും. പ്രവാചകപരമായി നിഷേധിക്കപ്പെടേണ്ടത് മുതലാളിത്തത്തിന്റെ അടിസ്ഥാനഘടനകളാണ്.അല്ലാത്തപക്ഷം ദൈവത്തേയും മാമ്മോനെയും ഒരുമിച്ച് സേവിക്കാനാകുമെന്ന് വരും കാലത്തും മതംതെളിയിച്ചുകൊണ്ടിരിക്കും.
ദരിദ്രന്റെയും ചൂഷിതന്റേയും പക്ഷത്തുനിന്ന് സമ്പത്തിന്റെ വിനിയോഗത്തെയും ഒരു രാഷ്ട്രത്തിന്റെസാമ്പത്തികവ്യവസ്ഥയുടെ രൂപീകരണത്തെയും സഭയുടെ സമ്പത്തിനോടും അതിന്റെ നിക്ഷേപത്തോടുമുള്ളസമീപനത്തെയും നോക്കികാണാനാവുന്നുണ്ടോ എന്ന് അനുരഞ്ജനത്തിന്റെ പുണ്യകര്‍മ്മം നമ്മെ നിരന്തരംവെല്ലുവിളിച്ചുകൊണ്ടിരിക്കണം. വ്യക്തിപരമായ ഒരു മോഷണക്കഥയിലും അഴിമതിക്കഥയിലും മാത്രമായിഅവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളെ ചെറുക്കുന്നതില്‍ വ്യക്തിയും സഭമൊത്തമായും പരാജയമടഞ്ഞത് തിരിച്ചറിയണം. അല്ലാതെ ഏ.സി റൂമിന്റെ സുഖശീതളിമയിലിരുന്ന് വിശന്നുവലയുന്നകോടാനുകോടി ജനങ്ങള്‍ക്കുവേണ്ടി ഒരു നേരം ഉപവസിച്ചാല്‍ തീരുന്നതല്ല മുതലാളിത്തം എന്ന പാപത്തിനുള്ളപ്രായശ്ചിത്തം. മനോഭാവങ്ങളും തിരഞ്ഞെടുപ്പുകളും ദരിദ്രനു വേണ്ടിയായിരിക്കുക, ദരിദ്രനോടൊപ്പമായിരിക്കുക(Option for the poor and option with the poor).
4. ജാതീയത/വംശീയത എന്ന പാപം
സമൂഹ ജീവിതത്തോടുള്ള മൊത്തമായ സമീപനത്തില്‍ ജാതി-വര്‍ണ്ണ-വര്‍ഗ്ഗ വിവേചന ചിന്ത എത്രകണ്ട്പാപകരമാെന്നുള്ള ഗൗരവപൂര്‍ണ്ണമായ ഒരു വിചിന്തനം സഭയ്ക്കുള്ളില്‍ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. സഭ അതിന്റെതുടക്കം മുതല്‍ നേരിടേണ്ടി വന്ന പാപകരമായ ഒരു സാമൂഹ്യതിന്മയായിരുന്നു വംശീയത/ജാതീയത. ആദ്യത്തെസൂനഹദോസായ ജറുസലേം സൂനഹദോസ് അപ്പസ്‌തോലന്മാരുടെ കാലത്ത് തന്നെ വിളിച്ച് കൂട്ടപ്പെടുന്നത് തെറ്റായ ഈസാമൂഹ്യചിന്തയ്ക്ക് സഭയ്ക്കുള്ളില്‍ എത്രമാത്രം നിലനില്‍പ്പുണ്ട് എന്ന തീരുമാനത്തിലെത്താനായിരുന്നു (നടപടി 15:1-35).
ജന്മം കൊണ്ടാണ് ഒരാള്‍ യഹൂദനാകുന്നത്. അപൂര്‍വ്വമായി മാത്രം യഹൂദരാകാന്‍ ആഗ്രഹിക്കുന്നവരെപരിഛേദനകര്‍മ്മം നടത്തി യഹൂദവംശത്തിലേയ്ക്ക് ചേര്‍ത്തിരുന്നു. ക്രിസ്തീയ മതം അന്ത്യോക്യ പോലുള്ളവിജാതീയയിടങ്ങളില്‍ പ്രചരിച്ചപ്പോള്‍ ക്രിസ്ത്യാനിയായിത്തീരാന്‍ ഒരാള്‍ അയാളുടെ ജാതി/വംശം മാറണമോ എന്നപ്രശ്‌നം ഉദയംചെയ്തു. യഹൂദവംശമാണ് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഉന്നതവംശം എന്ന വംശീയ/ജാതീയ ചിന്തമനസ്സില്‍ കൊണ്ടുനടന്നിരുന്ന ജറുസലേം ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനിയായി തീരുന്ന ഏതൊരുവനും മിശിഖായായക്രിസ്തു യഹൂദനായിരുന്നതുപോലെ യഹൂദനായി തീരണം എന്ന് നിഷ്‌കര്‍ഷിച്ചു. എന്നാല്‍ 'വിജാതിയരുടെഅപ്പസ്‌തോല'നായി സ്വയം അറിയപ്പെടാന്‍ ആഗ്രഹിച്ച പൗലോസും കൂട്ടരും ഈ ജാതി ചിന്തയെ ശക്തമായി എതിര്‍ത്തു.ക്രിസ്ത്യാനിയായി തീരാന്‍ വിജാതിയനായ ഒരാള്‍ പരിഛേദനകര്‍മ്മം നടത്തി ജാതിമാറേണ്ടതില്ലെന്ന വ്യക്തമായതീരുമാനത്തിലാണ് ജറുസലേം സൂനഹദോസ് അവസാനിക്കുന്നത്. യാക്കോബും പത്രോസും പോലും അടിപ്പെട്ടുപോകുന്ന ജാതിചിന്തയെ പൗലോസ് ശക്തമായ ഭാഷയില്‍ കാപട്യമെന്ന് മുദ്രകുത്തി വിമര്‍ശിക്കുന്നുണ്ട് (ഗലാ 2:11-14).ക്രിസ്തീയത ജാതിവേര്‍തിരിവുകളെ അതിലംഘിച്ചുനില്‍ക്കുന്ന ഒരു ജീവിത ശൈലിയാണെന്ന് പൗലോസ് സ്ഥാപിക്കുന്നു(റോമ 2: 28-29).
യഹൂദ വംശീയചിന്ത മനസ്സില്‍ സൂക്ഷിച്ച ജെറുസലേം ക്രിസ്തീയത (Jerusalem version of Christianity) റോമന്‍ യഹൂദമതപീഡനത്തില്‍ ചിതറിക്കപ്പെട്ട് സിറിയന്‍ പ്രവശ്യകളില്‍ ചേക്കേറി. ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയെന്നോണമാണ്കേരളത്തിലെ സിറിയന്‍ സഭകളെയും കാണേണ്ടത്. സിറിയന്‍ പാരമ്പര്യം പുറത്ത് നിന്നുള്ള ജാതികളെഉള്‍ക്കൊള്ളുന്നതില്‍ വിമുഖത കാണിച്ച ഒരു ജാതിയ ക്രിസ്തീയതയായി (Caste Christianity) നിലകൊള്ളാനാണ് താത്പര്യംകാണിച്ചത്. അതുകൊണ്ട് 17/18 നൂറ്റാണ്ടുകളോളം കേരളത്തിലെ സിറിയന്‍ സഭകള്‍ പ്രേക്ഷിത സ്വഭാവം (Missionary nature)കാണിക്കാത്ത അടഞ്ഞ സമൂഹമായി നിലകൊണ്ടത്.
ഇവിടുത്തെ സിറിയന്‍ സഭകളുടെ ജാതിചിന്തയ്ക്ക് മേല്‍ പ്രഹരമേല്‍ക്കുന്നത് കോളനി വാഴ്ച്ചയോടുകൂടിസംഭവിച്ച പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടിയാണ്. അന്യജാതികളെ പ്രത്യേകിച്ച് താഴ്ന്നജാതികളെന്ന്കണക്കാക്കിയിരുന്നവരെ ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് സ്വീകരിക്കാന്‍ വൈമുഖ്യം കാണിച്ചിരുന്ന മാര്‍ത്തോമാ-സുറിയാനി സഭകള്‍ പാശ്ചാത്യരുടെ സിറിയന്‍ സഭകളുടെ ജാതീയ സ്വഭാവത്തിന് നേരെയുള്ള വിമര്‍ശനത്തെ ആദ്യംനേരിട്ടത് മാര്‍ത്തോമാ ശ്ലീഹാ പ്രാദേശിയരായവരെ ജ്ഞാനസ്‌നാനം നടത്തിയാണ് ഭാരതത്തില്‍ സഭ സ്ഥാപിച്ചത് എന്നകഥകളുടെ പ്രചാരണത്തിലൂടെയാണ്. അപ്പോഴും അത്തരത്തില്‍ മാനസാന്തരപ്പെട്ടവര്‍ ജാതീയമായിയുര്‍ന്നസമൂഹത്തിന്റെ മേല്‍ത്തട്ടിലെ ബ്രാഹ്മണരായിരുന്നു എന്ന് പറയുന്നതില്‍ അവര്‍ അഭിമാനം കണ്ടെത്തി. (ചരിത്രപരമായികേരളത്തില്‍ ബ്രാഹ്മണ ആധിപത്യം ഉണ്ടാകുന്നത് 7/8 C.E. ല്‍ ആണെന്നുള്ള വസ്തുതയുമായി അത്തരം കഥകള്‍ക്ക്വൈരുദ്ധ്യമുണ്ടെന്നത് അവര്‍ കാണാതെ പോയി).
പക്ഷേ ചില വാദഗതികൊണ്ട് മാത്രം നേരിടാനാവുന്നതായിരുന്നില്ല പാശ്ചാത്യമിഷന്‍പ്രവര്‍ത്തനം ഇവിടെതുടങ്ങിവെച്ച ക്രിസ്തീയ മുന്നേറ്റം. സുറിയാനി സഭകള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ തന്നെ ജാതീയമായി ഉയര്‍ന്നവരോസിറിയന്‍ പാരമ്പര്യം പേറുന്നവരോ അല്ലാത്തവരെ ക്രിസ്തീയതയിലേയ്ക്ക് ഉള്‍ച്ചേര്‍ക്കാന്‍ സമാന്തര ലത്തീന്‍ സഭകള്‍രൂപികരിക്കേണ്ടിവന്നു. അത് സിറിയന്‍ സഭകള്‍ക്ക് ശക്തമായ ഒരു വെല്ലുവിളിയായി. അതിനെ മറികടക്കാന്‍ സിറിയന്‍സഭ പ്രേക്ഷിതദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. അപ്പോഴും അത് പ്രതീക്ഷിച്ചതില്‍ കൂടതല്‍ ജാതീയവിവേചനപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സിറിയന്‍ സഭകളില്‍ മാനസാന്തരപ്പെട്ട് എത്തിയ ജാതീയമായി താഴ്ന്നവര്‍ 'പുതുക്രിസ്ത്യാനികള്‍', 'മാര്‍ഗ്ഗം കൂടികള്‍', 'പുല ക്രിസ്ത്യാനികള്‍' എന്നിങ്ങനെയുള്ള ജാതീയ അവഹേളനങ്ങള്‍ നിറഞ്ഞ വിളിപ്പേരുകളില്‍അറിയപ്പെടാന്‍ തുടങ്ങി. സഭയ്ക്കുള്ളില്‍ അവര്‍ നേരിട്ട വിവേചനങ്ങള്‍ ക്രിസ്തീയതയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യംചെയ്യുന്നവയായിരുന്നു. അവര്‍ക്കുവേണ്ടി 'പുലയപ്പള്ളി'കളും 'പുലയ സെമിത്തേരി'കളും പണിയപ്പെട്ടു.വൈദികവൃത്തിയിലേയ്ക്കും സഭാനേതൃത്വത്തിലേയ്ക്കും അവര്‍ കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടില്ല.ജാതീയമായി സ്വയം ഉയര്‍ന്നവരായി കരുതിയ സുറിയാനികള്‍ അവരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടില്ല. ജാതിപ്രശ്‌നങ്ങള്‍ പരസ്യമായ ഏറ്റുമുട്ടലുകളിലേയ്ക്ക് സഭയ്ക്കുള്ളില്‍ നീങ്ങിയപ്പോള്‍ മതപരിവര്‍ത്തനമെന്നപ്രേക്ഷിതമുന്നേറ്റം കേരളത്തിനുള്ളില്‍ സിറിയന്‍ സഭകള്‍ സാവകാശം ഉപേക്ഷിക്കുകയാണുണ്ടായത്. ഇപ്പോള്‍ ആപ്രേക്ഷിത ദൗത്യം ജാതീയമായ സിറിയന്‍ പാരമ്പര്യം നിലനില്‍ക്കാത്ത കേരളത്തിനു വെളിയിലുള്ള ഇടങ്ങളിലാണ്.ഇപ്പോഴും സിറിയന്‍ സഭകള്‍ക്കുള്ളില്‍ ഒരു പ്രത്യേക വിഭാഗം ഔദ്യോഗിക സഭാ അംഗീകാരത്തോടെ തന്നെ ഈ ജാതീയതകൃത്യമായി അനുഷ്ഠിക്കുന്നു എന്നതാണ് അതില്‍ തന്നെ ഏറ്റവും കൗതുകകരമായിട്ടുള്ള വസ്തുത.
കത്തോലിക്കാ സഭയുടെ ഭാഗത്ത് നിന്ന് വര്‍ണ്ണ-വര്‍ഗ്ഗ-ജാതിവിവേചനങ്ങള്‍ക്കെതിരെ വ്യത്യസ്തമായ പഠനങ്ങള്‍ഉണ്ടായിട്ടുണ്ടെങ്കിലും സഭ ഇന്നോളം ഇത്തരം വിവേചനത്തെ 'പാപം' എന്ന വര്‍ഗ്ഗീകരണത്തില്‍ നിര്‍വ്വചിച്ചിട്ടില്ല, 2010ഒക്‌ടോബറില്‍ ഇന്ത്യയില്‍ കൂടിയ World Council of Churches (WCC) ന്റെ ഭാഗത്തു നിന്നാണ് ആദ്യമായി അത്തരം ~ഒരുനീക്കമുണ്ടായത്. WCC യുടെ ഡല്‍ഹി സമ്മേളനം പുറപ്പെടുവിച്ച പൊതുവിജ്ഞാപനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ''....്യൂഞങ്ങള്‍ പുരമുകളില്‍ നിന്ന് ഉത്‌ഘോഷിക്കുന്നു, 'ആര്‍ക്കും ക്രിസ്തുവിനെയും ജാതിവ്യവസ്ഥയേയും ഒരുമിച്ച്സേവിക്കാന്‍ സാധ്യമല്ല.' ജാതിജ്വരം ബാധിച്ച ഈ ലോകത്തില്‍ ക്രിസ്തുവിനെ സേവിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന്ഞങ്ങള്‍ ഏറ്റുപറയുന്നു.... ജാതിവ്യവസ്ഥ എന്ന പാപത്തിലുള്ള ഞങ്ങളുടെ ഉത്തരവാദിത്വവും ദൈവനീതിയുടെപുന:സ്ഥിരീകരണവും ജാതി വ്യവസ്ഥയുടെ ഭാരത്താല്‍ തകര്‍ക്കപ്പെട്ടുപോയവരോടുള്ള ഐക്യദാര്‍ഢ്യവുംഇതോടൊപ്പം ഞങ്ങള്‍ ഏറ്റുപറയുന്നു.'' ഈ പ്രഖ്യാപനത്തോടൊപ്പം വിജ്ഞാപനം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു, ''സകലമനുഷ്യര്‍ക്കും ജീവന്റെ സമൃദ്ധിയുണ്ടാകാന്‍ പ്രവര്‍ത്തനനിരതനായ നീതിയുടെ ദൈവത്തിലുള്ള വിശ്വാസം ഞങ്ങള്‍ഊന്നിപ്പറയുന്നു. അത് ജാതിവ്യവസ്ഥയെ പാപവും ദൈവദൂഷണവും ദൈവത്തിനെതിരായ വെല്ലുവിളിയുമായിപേര്‍വിളിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നു.''
സഭ പലപ്പോഴും കൂട്ടാളിയായി മാറിയിട്ടുള്ള വര്‍ണ്ണവിവേചനവും ജാതിവ്യവസ്ഥയും എങ്ങനെഅനുരഞ്ജനമെന്ന കൂദാശയോട് ചേര്‍ത്ത് വായിക്കണമെന്നുള്ളതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം.വിവേചനങ്ങളും ഭിന്നിപ്പുകളും നിലനില്‍ക്കുന്നിടത്ത് ക്രിസ്തുവിന്റെ സഭ എന്നൊരു സങ്കല്‍പ്പം തന്നെ നിലനില്‍ക്കുന്നില്ലഎന്ന് പൗലോശ്ലീഹാ പറയുന്നുണ്ട് (1 കൊറി 11: 17-18). ഒരുമയിലേയ്ക്ക് അനുരഞ്ജനപ്പെടാത്ത ഒരു കൂട്ടായ്മക്രിസ്തീയമല്ല. അത്തരം സമൂഹങ്ങളുടെ ബലികളടക്കമുള്ള കൂദാശകള്‍ വെറും അനുഷ്ഠാനപരമായി മാത്രംനിലനില്‍ക്കുന്നതാണ്. അങ്ങനെയെങ്കില്‍ ഇത്തരം പാപങ്ങളെ വ്യക്തിഗതമായ അനുരഞ്ജനത്തിന്റെബാഹ്യാവിഷ്‌കരണമായ കുമ്പസാരക്കൂടുകളിലേക്ക് മാത്രം ഒതുക്കി പരിഹാരം ചെയ്യാനാവുന്നതല്ല. ഇവിടെയാണ് സഭഒരു സമൂഹമെന്ന നിലയില്‍ അനുരഞ്ജന കൂദാശയുടെ ഭാഗമാകേണ്ടതിന്റെ പ്രസക്തി. കുരിശുയുദ്ധങ്ങള്‍ക്ക്ലോകമനസ്സാക്ഷിയോട് മാപ്പുചോദിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പാരമ്പര്യം സഭാനേതൃത്വം തുടര്‍ന്ന്കൊണ്ടുപോകേണ്ടതുണ്ട്. സത്യം പഠിപ്പിക്കുക മാത്രമല്ല, സഭയുടെ പരമാദ്ധ്യക്ഷന്‍ എന്ന നിലയില്‍ സഭയ്ക്കുവന്നുപോയിട്ടുള്ള തെറ്റുകള്‍ ലോകമനസ്സാക്ഷിയുടെ കുമ്പസാരക്കൂട്ടില്‍ ഏറ്റുപറഞ്ഞ് പാപമോചനം നേടേണ്ടതുമുണ്ട്.അങ്ങനെ സഭ ഒരു സമൂഹമെന്ന നിലയില്‍ അനുരഞ്ജന കൂദാശയില്‍ വിമലീകരിക്കപ്പെടണം.
ആഫ്രിക്കന്‍ കോളനിവത്കരണ കാലം മുതല്‍ നടന്ന കറുത്തവര്‍ഗ്ഗക്കരോടുള്ള വെളുത്തവന്റെവര്‍ണ്ണവിവേചനത്തില്‍ സഭ കൂട്ടാളിയായിട്ടുണ്ടെങ്കില്‍, കറുത്തവന് ആത്മാവില്ലെന്ന് പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, അത്തരംചരിത്ര പാപങ്ങള്‍ ഇനി എന്നാണ് തിരുത്തപ്പെടുക? ദളിതന്‍ സഭയ്ക്കുള്ളില്‍ അനുഭവിച്ച വിവേചനത്തിന്റെ പാപഭാരംആരാണ് ഏറ്റെടുക്കുക? സ്വന്തം സമുദായത്തിലേയ്ക്ക് മറ്റ് സമുദായക്കാരെ സ്വീകരിക്കാത്തതിലെ വംശീയതയ്ക്ക്ആരാണ് ഉത്തരം കൊടുക്കുക? വ്യക്തിഗതമായി മുന്നോട്ടെങ്കിലും മനോഭാവങ്ങള്‍ ശുദ്ധിവരുത്തി നിര്‍ത്തേണ്ടതുണ്ട്.സഭയ്ക്കുള്ളില്‍ ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ക്കപ്പുറം വിവാഹബന്ധങ്ങള്‍ ഉണ്ടായിവരാന്‍ പ്രോത്സാഹനംകൊടുക്കേണ്ടതുണ്ട്. പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് സാമുദായിക-ജാതീയ ചിന്തകള്‍ വരും തലമുറയ്ക്ക് പകര്‍ന്ന്കൊടുക്കാതിരിക്കേണ്ടതുണ്ട്.
5. ആണ്‍കോയ്മ എന്ന പാപം
ക്രിസ്തീയ നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന വചനമാണ് ഉല്‍പ്പത്തിപ്പുസ്തകത്തില്‍ സൃഷ്ടിയുടെ കഥയില്‍പരാമര്‍ശിച്ചിരിക്കുന്നത്. ''ദൈവം മനുഷ്യരെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായിഅവരെ സൃഷ്ടിച്ചു''(ഉല്‍പ്പത്തി 1:27). സ്ത്രീയും പുരുഷനും ~ഒരേ രീതിയില്‍ ദൈവികഛായയുടെപ്രതിരൂപങ്ങളായിരിക്കുകയും ദൈവികപദ്ധതിയില്‍ സമത്വത്തോടെ പങ്കാളികളായി വര്‍ത്തിക്കുകയുംചെയ്യേണ്ടിയിരുന്ന സമൂഹത്തില്‍ സ്ത്രീ പരമ്പരാഗതമായി രണ്ടാം തരക്കാരിയും പുരുഷന് വിധേയപ്പെട്ട്ജീവിക്കേണ്ടവളുമായി കണക്കാക്കപ്പെടുകയാണുണ്ടായത്. ആണ്‍കോയ്മയുടെ ഈ വിവേചന ശൈലിയെഊട്ടിയുറപ്പിക്കുന്നതില്‍ മതം നിര്‍ണ്ണായകമായ ഭാഗം വഹിച്ചിട്ടുണ്ട്. പുരുഷമേധാവിത്വമാണ് മതത്തിലുംസമൂഹത്തിലും കുടുംബത്തിലും ദൈവനിശ്ചിതമായ സ്വാഭാവിക നിയമമെന്ന് മതങ്ങള്‍ പരമ്പരാഗതമായി വിശ്വസിച്ചു.മാത്രമല്ല, വിശുദ്ധി-അശുദ്ധി വേര്‍തിരിവില്‍ സ്ത്രീകള്‍ വിശുദ്ധയിടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. അശുദ്ധിപലപ്പോഴും സ്ത്രീയുടെ ശരീരത്തോടു ചേര്‍ത്താണ് മതങ്ങള്‍ വായിച്ചെടുത്തത്. അതുകൊണ്ടുതന്നെ മതപരമായ എല്ലാഅനുഷ്ഠാനങ്ങളുടെയും കാര്‍മ്മികത്വത്തില്‍ നിന്ന് അവള്‍ അകറ്റി നിര്‍ത്തപ്പെടുകയും അനുഷ്ഠാനമതത്തിന്റെകാഴ്ചക്കാരിയാവുകയും ചെയ്തു. എന്തിനേറെ ദൈവം പോലും പുരുഷനാണ് എന്ന സങ്കല്പത്തിലാണ് സെമറ്റിക്മതങ്ങള്‍ രൂപപ്പെട്ടത്.
സമൂഹത്തിലും കുടുംബത്തിലും മതത്തിലും ലൈംഗികതയുടെ പേരില്‍ സ്ത്രീ അനുഭവിക്കേണ്ടിവരുന്നതരംതാഴ്ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും ആര് ഉത്തരവാദിത്വം ഏറ്റെടുക്കും? നേരിട്ടുള്ള ഉത്തരവാദിത്വംതലമുറകളിലൂടെ രൂപപ്പെട്ടുവന്ന യാഥാസ്ഥിതികമായ സമൂഹമനസ്സാക്ഷിയുടേതാണെങ്കിലും സ്ത്രീകളോടുള്ളവിവേചനം നിലനിര്‍ത്തികൊണ്ടുപോകുന്നതില്‍ ഓരോ വ്യക്തിക്കും അവരുടേതായ ഭാഗഭാഗിത്വമുണ്ട്.കുടുംബത്തിനുള്ളില്‍ സ്ത്രീയ്ക്ക് എത്രമാത്രം അഭിപ്രായ സ്വാതന്ത്യവും തീരുമാനമെടുത്ത് നടപ്പിലാക്കുവാനുള്ളഅവകാശ-അവസര സമത്വവും ലഭിക്കുന്നുവെന്നത് ഗൃഹസ്ഥനായ ഓരോ പുരുഷനും വിലയിരുത്തേണ്ടതാണ്.മതത്തിനുള്ളില്‍ സ്ത്രീ അനുഭവിക്കുന്ന വിവേചനത്തിനും ഭ്രഷ്ടിനും കാരണം പുരുഷകേന്ദ്രീകൃത മതനേതൃത്വവും അകറ്റിനിര്‍ത്തപ്പെടുന്നതില്‍ ആത്മസംതൃപ്തിയടയുന്ന സ്ത്രീയുടെ അടിമ മനസ്സുമല്ലാതെ മറ്റെന്താണ്? പൊതുവിടങ്ങളില്‍നിന്നുംനേതൃനിരയില്‍നിന്നും താക്കോല്‍സ്ഥാനങ്ങളില്‍നിന്നും സ്ത്രീ അകറ്റിനിര്‍ത്തപ്പെടുന്നതിന്റെ ഉത്തരവാദിത്വംസംസ്‌കാരത്തിന് മാത്രം ഏല്‍പ്പിച്ചുകൊടുത്ത് നമുക്ക് ഒഴിവായി നില്‍ക്കാനാവില്ല. സംസ്‌കാരം രൂപപ്പെടുന്നതുംമുന്നോട്ടു നിലനിര്‍ത്തപ്പെടുന്നതും വ്യക്തികളിലൂടെയാണ്.
ആണ്‍കോയ്മയും സ്ത്രീവിവേചനവും ഒരു സാമൂഹ്യ അപക്വതയായിട്ടല്ല സാമൂഹ്യപാപമായിട്ടാണ്കണക്കാക്കപ്പെടേണ്ടത്. ഒരാളുടെ ജന്മത്തിന്റെ പേരില്‍ അയാളോട് വിവേചനം കാണിക്കുന്ന ഈ തെറ്റിനെ മാരകപാപങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുപോലും അഭിലഷണീയമായിരിക്കും. സഭയുടേയും സമൂഹത്തിന്റേയുംഘടനയും ചരിത്രവും രൂപീകരിക്കുന്നതില്‍പോലും സ്ത്രീയോടുള്ള സമീപനം എത്ര പ്രധാനപ്പെട്ടതാണെന്ന്സൂചിപ്പിക്കുന്നതാണ് ബനഡിക്റ്റ് മാര്‍പാപ്പയുടെ വാക്കുകള്‍: ''അനേകം സ്ത്രീകളുടെ ഉദാരമായപിന്‍ബലമില്ലായിരുന്നെങ്കില്‍ ക്രിസ്തീയതയുടെ ചരിത്രം രൂപപ്പെടുന്നതില്‍ വളരെ വ്യത്യസ്തമായ ഒരു പരിണാമവഴിഉണ്ടാകുമായിരുന്നു''. (Catholic News Service, 14/2/ 2007, www.catholicnews.com/data/stories/cns/0700878.htm) സ്ത്രീയ്ക്ക്ചരിത്രത്തിന്റെ ഒഴുക്കുകളെ നിയന്ത്രിക്കാന്‍ ആകുമായിരുന്നെങ്കില്‍ പുരുഷന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെട്ടസമൂഹത്തിന്റെയും സഭയുടേയും ഇന്നത്തെ ചരിത്രം തികച്ചും വക്രീകരിക്കപ്പെട്ട പുരുഷവ്യാഖ്യാനിത ചരിത്രമാണെന്ന്സമ്മതിക്കേണ്ടി വരും.
കാര്യങ്ങളെ പൊതുവില്‍ പറഞ്ഞുപോകാതെ അനുരഞ്ജന കൂദാശയുടെ പരിസരത്തില്‍ വ്യക്തവുംസ്പഷ്ടവുമായി മനസ്സിലാക്കി പശ്ചാത്താപത്തിലേയ്ക്കും പരിഹാരത്തിലേയ്ക്കും നയിക്കണമെങ്കില്‍ കാര്യങ്ങളെഉദാഹരണ സഹിതം വിവരിക്കേണ്ടിവരും. 90% ത്തിലേറെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം സ്വീകരിക്കുന്ന, ഏറെ സ്ത്രീകള്‍ശമ്പളമുള്ള ഉദ്യോഗം ചെയ്യുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. ഒപ്പം നമ്മുടെ സ്ത്രീകള്‍ അടക്കൊതുക്കമുള്ളകുലീനകളാണെന്ന പുറംമോടിയുണ്ട്. ഒരു നിസ്സാരകാര്യം തന്നെയെടുക്കുക - കേരളത്തിലെ ബസ്സ് യാത്രകള്‍. സ്ത്രീകള്‍ബസ്സിന്റെ മുന്‍ഭാഗത്ത് തിങ്ങി നിറഞ്ഞ് നിന്നാലും പിന്നിലെ ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പടത്തില്‍ ഇരിക്കാന്‍ധൈര്യപ്പെടാറില്ല. മറ്റൊരു പുരുഷനോടൊപ്പം ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട. അമ്മയുംപെങ്ങന്മാരും കുടുംബനാഥനോടും ആണ്‍മക്കളോടുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന/അനുവദിക്കാത്തക്രിസ്തീയ ഭവനങ്ങള്‍ ഇപ്പോഴും എത്രയുണ്ട്? അതിഥികള്‍ വീട്ടില്‍ വന്നാല്‍ കതകിന്റെ പിന്നില്‍ നിന്ന് തലകാണിച്ച്വെളുക്കെ ചിരിച്ച് അടുക്കളയിലേയ്ക്ക് മടങ്ങുന്നവര്‍. സ്ത്രീയായി പോയതിന്റെ പേരില്‍ മാത്രം മദ്യപിച്ചെത്തുന്നഭര്‍ത്താവിന്റെ അടിയേല്‍ക്കേണ്ടി വരുന്നവള്‍. രാവിലെ ഒരുമിച്ച് ജോലിക്കു പോകുന്ന ഭാര്യയും ഭര്‍ത്താവുംവൈകുന്നേരം ഒരുമിച്ച് മടങ്ങിയെത്തിയാല്‍ പുരുഷന്‍ സാവകാശം പത്രവായന, റ്റി.വി. കാണല്‍, ചന്തചുറ്റല്‍, വാചകമടി-മദ്യസേവ എന്നിവയിലേയ്ക്ക് നീങ്ങുമ്പോള്‍ സ്ത്രീ ഇനിയും ചെയ്തു തീര്‍ക്കേണ്ട ഒരു മുഴുദിനത്തിന്റെവീട്ടുവേലയെക്കുറിച്ച് വേവലാതിപ്പെട്ട് ഒരു കൈത്തുണയില്ലാതെ പാചകം, അലക്ക്, വൃത്തിയാക്കല്‍, കുഞ്ഞുങ്ങളുടെപഠനകാര്യങ്ങള്‍ എന്നിവയ്ക്കു പിന്നാലെ പരക്കം പായുന്നു. ബാഹ്യസഞ്ചാരത്തിന് പുരുഷന് 24 മണിക്കൂര്‍, സ്ത്രീയ്ക്ക്പകല്‍വെളിച്ചം വീഴുന്ന 12 മണിക്കൂര്‍ മാത്രം. പെണ്‍മക്കള്‍ക്ക് മാതാപിതാക്കളുടെ അവകാശംപിന്തുടര്‍ച്ചാവകാശത്തിലൂടെ നിലവില്‍ വന്നെങ്കിലും സ്ത്രീകള്‍ക്ക് സ്വത്തിന്റെ തുല്യ ഓഹരി കൊടുക്കുന്ന ക്രിസ്തീയകുടുംബങ്ങള്‍ എത്രയുണ്ട്?! അതിന് പകരം സ്ത്രീധനവ്യവസ്ഥയിലൂടെ പെണ്ണിന് വിലയിട്ട് അവളെ ചരക്കാക്കുന്നവ്യവസ്ഥിതിയ്ക്ക് ഇന്നും നമ്മുടെ വിശ്വാസസമൂഹം കൂട്ടുനില്‍ക്കുകയല്ലേ? ഭാര്യയ്ക്ക് അവകാശപ്പെട്ട സ്വത്ത്രേഖാമൂലം അവളുടെ പേരിലെഴുതിയിരിക്കുന്ന എത്ര ഭര്‍ത്താക്കന്മാരുണ്ട്? നമ്മുടെ ആരാധനാലയങ്ങളിലുംപ്രാര്‍ത്ഥനക്കൂട്ടായ്മകളിലും 80% സാന്നിദ്ധ്യവും സ്ത്രീകളുടേതായിരിക്കുമ്പോഴും അവയുടെയൊക്കെ നേതൃത്വം ഇന്നുംപുരുഷകരങ്ങളില്‍ തന്നെയാണ്. ചാരിത്രമെന്ന പുണ്യത്തെ സ്ത്രീക്കുമേലുള്ള നിയന്ത്രണച്ചരടാക്കുകയും പുരുഷന്റെചാരിത്രത്തിന് അത്രകണ്ട് പ്രാധാന്യം കല്പിക്കുകയും ചെയ്യാത്ത ഒരു സമൂഹമനസ്സുകൂടി നാം കൊണ്ടുനടക്കുന്നുണ്ട്.വിവാഹത്തിനുമുമ്പ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് നഷ്ടമാകുന്നത് അവളുടെ ചാരിത്രംമാത്രമല്ല, ജീവിതം കൂടിയാണ്. എന്നാല്‍ ഏത് കുത്തഴിഞ്ഞ ജീവിതത്തിന് ശേഷവും പുരുഷന് എല്ലാം പുതുതായിആരംഭിക്കാന്‍ സമൂഹം അവസരം കൊടുക്കുന്നുണ്ട്, അപ്പോഴും പുരുഷന് 'ചാരിത്രശുദ്ധിയുള്ള' പെണ്ണിനെ വേണമെന്ന്മാത്രം.
വേര്‍തിരിവിന്റെയും അവസരനിഷേധത്തിന്റെയും അപമാനവീകരണത്തിന്റെയും സ്ത്രീവിരുദ്ധപാപങ്ങളാണ് ആണ്‍കോയ്മ ചെയ്തിട്ടുള്ളത്. അതിന് സഭ ഒരു സമൂഹമെന്ന നിലയിലും വ്യക്തികള്‍ സ്വന്തമായുംമനോഭാവങ്ങളെ പരിശോധിക്കുകയും നിലപാടുകളെ തിരുത്തുകയും ഇരയാക്കപ്പെട്ടവരോട് കാരുണ്യത്തോടെവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. വൈയക്തികവും മതപരവും രാഷ്ട്രീയവും സാമൂഹ്യപരവുമായ ആവശ്യങ്ങള്‍സ്ഥാപിച്ചുകിട്ടാന്‍ സ്ത്രീയ്ക്ക് ചരിത്രത്തിലുടനീളം പുരുഷനോടും സമൂഹത്തോടും മതത്തോടും യാചിക്കുകയോ യുദ്ധംചെയ്യുകയോ പ്രീണിപ്പിക്കുകയോ ചിലപ്പോഴൊക്കെ വഞ്ചിക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. അത് സ്ത്രീയുടെ തെറ്റല്ല,ആണ്‍കോയ്മ സമൂഹത്തിന്റെ സ്ത്രീവിരുദ്ധ പാപത്തിന്റെ പരിണിതഫലമാണ്.
6. പ്രകൃതിക്കെതിരായ പാപം
പ്രകൃതിക്കെതിരായ പാപത്തെക്കുറിച്ചുള്ള അവബോധം മനുഷ്യ കേന്ദ്രീകൃതമായ സെമറ്റിക് മതങ്ങളില്‍രൂപപ്പെട്ടുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ സൃഷ്ടിയെക്കുറിച്ച് രണ്ട് വിവരണങ്ങള്‍ചേര്‍ത്തിട്ടുണ്ട് - ഒന്നാമത്തേത് 'ഉണ്ടാകട്ടെ' എന്ന വാക്കുകൊണ്ട് ദൈവം സൃഷ്ടികര്‍മ്മം നടത്തുന്നപൗരോഹിത്യവിവരണം (ഉല്‍പ്പത്തി 1), രണ്ടാമത്തേത് ഏദന്‍തോട്ടത്തിലെ സൃഷ്ടിയുടെ കഥപറയുന്ന യാഹ്‌വിസ്റ്റ്വിവരണം (ഉല്‍പ്പത്തി 2-3). യാഹ്‌വിസ്റ്റ് പാരമ്പര്യം പുരോഹിത പാരമ്പര്യത്തേക്കാള്‍ പഴക്കമുള്ളതും പ്രപഞ്ചകേന്ദ്രീകൃതവുമാണ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന പുരോഹിതപാരമ്പര്യം മനുഷ്യനെ സൃഷ്ടിയുടെ കേന്ദ്രസാഥാനത്ത്എത്തിക്കുകയും പ്രപഞ്ചം മുഴുവന്‍ മനുഷ്യന്റെ നിയന്ത്രണത്തിനും ഉപയോഗത്തിനും വേണ്ടിയാണെന്ന്വ്യാഖ്യാനിക്കുകയും ചെയ്തു. ''ഭൂമിയില്‍ പെരുകി, നിറഞ്ഞ്, അതിനെ കീഴടക്കുവിന്‍'' (ഉല്പത്തി 1:28) എന്നതാണ്ദൈവം പ്രമാണം എന്ന് വ്യാഖ്യാനിച്ചു. യാഹ്‌വിസ്റ്റ് പാരമ്പര്യം ഭൂമിയുടെ സംരക്ഷകനാകാനാണ് മനുഷ്യനോട്പറയുന്നത് (ഉല്‍പ്പത്തി 2:15). പാശ്ചാത്യ മതവും സംസ്‌കാരവും പിന്തുടര്‍ന്നത് മനുഷ്യകേന്ദ്രീകൃതമായ ആത്മീയതയുംശാസ്ത്രവും ജീവിതരീതിയുമാണ്. അതിന്റെ പരിണിത ഫലമെന്നോണം പ്രകൃതി മലിനീകരണവുംപ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണവും പ്രകൃതിയോടാദരവില്ലാത്ത പെരുമാറ്റങ്ങളും മനുഷ്യര്‍ അനുവര്‍ത്തിച്ചു.എന്നിട്ടിപ്പോള്‍ മനുഷ്യനുപോലും അധിവസിക്കാന്‍ കഴിയാത്ത രീതിയിലേയ്ക്ക് ഭൂമി വിഷമയമാവുകയുംചൂടുപിടിക്കുകയും ജീവികള്‍ ചത്തൊടുങ്ങുകയും ജലസ്‌ത്രോതസ്സുകള്‍ വറ്റുകയും മഞ്ഞുരുകി കരകടലെടുത്തുപോവുകയും ഭൂമിയുടെ ശ്വാസകോശങ്ങളായ വനങ്ങളും പച്ചപ്പും തുടച്ചുമാറ്റപ്പെടുകയുംചെയ്തുകൊണ്ടിരിക്കുന്നു. വരും തലമുറയ്ക്കും അനേക ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ഈ ഭൂമി അമിതആര്‍ത്തിയാല്‍ ചൂഷണം ചെയ്ത് തനിക്കാക്കി ഉന്മൂലനം ചെയ്യാനാണ് ഇന്നത്തെ മനുഷ്യന്റെ വെമ്പല്‍. കാര്യങ്ങള്‍ഇങ്ങനെ പോയാല്‍ ഈ ലോകത്തിന്റെ അവസാനം മനുഷ്യന്‍ തന്റെ കൈകള്‍കൊണ്ടു തന്നെ നിര്‍വ്വഹിക്കും.ഇതായിരിക്കും ഏറ്റവും വലിയ ദൈവദൂഷണം.
പ്രകൃതിക്കെതിരായ പാപത്തെ വര്‍ഗ്ഗീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: മനുഷ്യകേന്ദ്രീകൃത ചിന്ത,വൈവിധ്യത്തിന്റെ പേരില്‍ ആധിപത്യം ഉറപ്പിക്കല്‍, അടങ്ങാത്ത ഉപഭോഗതൃഷ്ണ, പ്രാപഞ്ചിക സമൂഹത്തില്‍ നിന്ന്മനുഷ്യനെ വേര്‍തിരിച്ച് മാറ്റല്‍. മനുഷ്യകേന്ദ്രീകൃത ചിന്ത എന്നത് തെറ്റായ ഒരു മൂല്യമായിട്ടല്ല മനസ്സിലാക്കേണ്ടത്, മറിച്ച്ലോകത്തെക്കുറിച്ചും അതിന്റെ നിയതിയെക്കുറിച്ചുമുള്ള മനുഷ്യന്റെ തെറ്റിദ്ധാരണയാണത ്. മനുഷ്യകുലം മാത്രമല്ല,സര്‍വ്വസൃഷ്ടപ്രപഞ്ചവും ദൈവസ്‌നേഹത്തില്‍ പങ്കുപറ്റുന്നു. സര്‍വ്വ സൃഷ്ടജാലങ്ങളും വിമോചനത്തിനുവേണ്ടിഈറ്റുനോവനുഭവിച്ച് കാത്തിരിക്കുന്നുവെന്നത് പൗലോസ്ലീഹായുടെ തിരിച്ചറിവായിരുന്നു (റോമ 8:22). പാശ്ചാത്യമതവും സംസ്‌കാരവും ഊട്ടിയുറപ്പിച്ച മനുഷ്യകേന്ദ്രീകൃത ചിന്തയെ മറികടക്കണമെങ്കില്‍ ജീവന്‍കേന്ദ്രീകൃതമായ ഒരുചിന്ത രൂപപ്പെടേണ്ടതുണ്ട്.
പരിണാമത്തിന്റെ ശ്രേണിയില്‍ മനുഷ്യന്‍ ഉന്നതനാണെന്നും മറ്റ് ജീവികളില്‍ നിന്ന് വിശേഷബുദ്ധിയുടെ പേരില്‍വിഭിന്നനാണെന്നുമുള്ള ധാരണയില്‍ മറ്റ് ജീവികള്‍ക്ക് മനുഷ്യനൊപ്പം മൂല്യമില്ലെന്നുള്ള ചിന്ത വലിയ അബദ്ധമാണ്.മനുഷ്യന്‍ ഇവിടെ ആവീര്‍ഭവിക്കുന്നതിന് എത്രയോ മുന്‍പേ മറ്റു ജീവജാലങ്ങള്‍ ഇവിടുണ്ട്. കൂടാതെ ആധുനികപ്രാപഞ്ചികശാസ്ത്രത്തിന്റെ കണ്ടെത്തലനുസരിച്ച് ഇനിയൊരു 26 മില്യന്‍ വര്‍ഷങ്ങള്‍ക്കൂടി മനുഷ്യജീവന്‍ ഭൂമിയില്‍ അവശേഷിച്ചേക്കാം. അതിനു ശേഷവും മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ ഇവിടെ നിലനില്‍ക്കും. പിന്നെങ്ങനെ മനുഷ്യനെ'സൃഷ്ടിയുടെ മകുടം' എന്ന നിലയില്‍ അധിപത്യം പുലര്‍ത്തേണ്ടവനാക്കി മാറ്റാന്‍ കഴിയും? സര്‍വ്വസൃഷ്ടപ്രപഞ്ചത്തിലെയും ജീവനെ ആദരവോടെ നോക്കിക്കാണാനാണ് മനുഷ്യന്‍ പഠിക്കേണ്ടത്. ഒപ്പം നിലനില്‍പ്പിന്റെപാരസ്പര്യപാഠങ്ങളും പഠിക്കേണ്ടതുണ്ട്.
അടങ്ങാത്ത ഉപഭോഗതൃഷ്ണ മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുകയും ഒരു ഉപഭോക്താവ് എന്നനിലയിലേയ്ക്ക് തരം താഴ്ത്തുകയും ചെയ്യും. മനുഷ്യന്‍ വെറും ഉപഭോക്താവായി മാത്രം ജീവിക്കുന്നിടത്താണ്പ്രകൃതിയിലെ ജീവജാലങ്ങളേയും മനുഷ്യസമൂഹത്തിലെ തന്നെ മറ്റ് അംഗങ്ങളേയും നോക്കി 'ഉപയോഗമുള്ളതുംഉപയോഗമില്ലാത്തതും' എന്ന വേര്‍തിരിവ് ഉണ്ടാക്കുന്നത്. ഇവിടെ 'ഉപയോഗം'എന്നതിന്റെ അര്‍ത്ഥം മനുഷ്യന്റെഉപഭോഗത്തിന് ഉപകരിക്കുന്നത് എന്നു മാത്രമാണ്. ഇതിനോടുതന്നെ ചേര്‍ന്ന് വരുന്നതാണ് സാങ്കേതികവിദ്യ എന്നആധുനിക ഭൂതം. വ്യാവസായിക വിപ്ലവത്തോടുകൂടി ആരംഭിച്ച സാങ്കേതിക വികാസം മനുഷ്യന് തന്റെ പ്രയത്‌നങ്ങളെലഘൂകരിക്കുന്നതിലും അറിവിന്റെ ലോകം വിശാലമാക്കുന്നതിലും ഉപകരിച്ചു. എന്നാല്‍, ഉപഭോഗതൃഷ്ണയടങ്ങാത്തമനുഷ്യന്റെ കരങ്ങളില്‍ അത് കൊടിയ പാപമായി മാറി. സാങ്കേതികവിദ്യ കൊണ്ട് കര-കടല്‍ -ആകാശം അവന്‍ആര്‍ത്തിയോടെ ചൂഷണം ചെയ്തു. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ മണ്ണിനെ രാസവള-കീടനാശിനികള്‍കൊണ്ട്വിഷമയമാക്കി, അപരന്റേത് വെട്ടിപിടിക്കാന്‍ യന്ത്രവത്കൃത യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ ചൂഷണം ചെയ്ത്തൃഷ്ണയടക്കാന്‍ ഭൂമിയുടെ ഉള്ളറകള്‍ കുത്തിത്തുറന്ന് ഖനികള്‍ നിര്‍മ്മിച്ചു. ഉപഭോക്താവായി മാറിയവന്‍ ഇനി'മനുഷ്യനായി' തീരുന്നിടത്താണ് പ്രകൃതിക്കെതിരായ തിന്മ പരിഹരിക്കപ്പെടുന്നത്.
അവസാനമായി, പ്രകൃതിയും മനുഷ്യനും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണെന്ന ദ്വന്ദചിന്തതിരുത്തപ്പെടേണ്ടതുണ്ട്. മനുഷ്യന്‍ പ്രകതിയുടെ ഭാഗം തന്നെയാണ്. ഇവിടെയാണ് വിശ്വസാഹോദര്യത്തിന്റെപ്രവാചകനായ അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ആത്മീയതയുടെ മഹത്വം. അദ്ദേഹത്തിന് ഭൂമിയിലെസര്‍വ്വചരാചരങ്ങളും സഹോദരീസഹോദരന്മാരായിരുന്നു. അനുരഞ്ജനം വഴി മനുഷ്യന്‍ വീണ്ടെടുക്കേണ്ടപുണ്യചിന്തയാണിത്. 15/03/2012 ല്‍ കെ.സി.ബി.സി പുറത്തിറക്കിയ പരിസ്ഥിതി സംരക്ഷണത്തിന്റെ മാര്‍ഗ്ഗരേഖയുംനിര്‍ദ്ദേശങ്ങളും ഗൗരവമായ വിചിന്തനത്തിന് വിഷയീഭവിക്കേണ്ടതാണ്. 'പ്രകൃതിക്കെതിരായ പാപം' എന്ന പ്രയോഗംഅനുരഞ്ജനവുമായി ബന്ധപ്പെട്ട് കേരള കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ കൊണ്ടുവരാനായി എന്നാതാണ് ഈമാര്‍ഗ്ഗരേഖയുടെ പ്രാധാന്യം.
7. ഉപസംഹാരം
ദൗര്‍ബല്യം കൊണ്ടാണോ ബലം കൊണ്ടാണോ മനുഷ്യര്‍ പാപം ചെയ്യുന്നത്. പാപത്തെക്കുറിച്ചുള്ളപരമ്പരാഗതമായ പഠനത്തില്‍ വളര്‍ത്തപ്പെട്ടവര്‍ വ്യക്തിപരമായ പാപത്തിന്റെ ഉത്തരവാദിത്വം ഇന്നും ആരോപിച്ച്കൊടുക്കുന്നത് ദൗര്‍ബല്യങ്ങള്‍ക്കാണ്. എന്നിട്ട് ഈ ദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ്ശുദ്ധമാനസരായ കുറേപ്പേരെങ്കിലും. സുവിശേഷമാകട്ടെ ദൗര്‍ബല്യങ്ങള്‍കൊണ്ട് പാപം ചെയ്യുന്നവരെക്കുറിച്ച്പരാമര്‍ശിക്കുന്നതേയില്ല. ബലങ്ങളാല്‍ പാപം ചെയ്യുന്നവരാണ് സുവിശേഷത്തിന്റെ ചൂണ്ടുവിരലിന്‍ മുന്നിലെത്തുന്നത്. ഫരിസേയന്റെ പാപം അവന്റെ പുണ്യത്തിന്റെ ബലമാണ് (ലൂക്കാ 18: 9-14), ധനവാന്റെ പാപം അവന്റെസമ്പത്തിന്റെ ബലമാണ് (ലൂക്കാ 16:19-31), കാര്യസ്ഥന്റെ പാപം ഇളവ് കാണിക്കാത്ത ധാഷ്ട്യത്തിന്റെ ബലമാണ് (മത്താ18: 21-35), സമറായന്റെ മുമ്പേ കടന്നുപോയ പുരോഹിതരുടെ പാപം അനുഷ്ഠാനപരമായ ശുദ്ധിയാണ് (ലൂക്കാ 10: 25-37). അതുകൊണ്ടാണ് അന്യവിധിയുടെ മാനദണ്ഡം ദുര്‍ബലര്‍ ചെയ്തുപോയ പിഴകളാകാതെ ബലവന്മാര്‍ചെയ്യാതെപോയ സത്കര്‍മ്മങ്ങളാകുന്നത് (മത്താ 25: 931-46). ദൗര്‍ബല്യങ്ങളുടെയും നിവര്‍ത്തികേടുകളുടേയുംപാപങ്ങളെ ക്രിസ്തു സഹതാപപൂര്‍വ്വം നോക്കിക്കണ്ടപ്പോള്‍ (യോഹ 8:11) ബലത്തിന്റെ പാപങ്ങളെ അവന്‍ കടുത്തവിമര്‍ശനത്തോടെയാണ് നേരിട്ടത് (മത്താ 23:13-38).
പാപങ്ങളെ ദൗര്‍ബല്യങ്ങളുടെ കോളത്തിലേയ്ക്ക് എഴുതി ചേര്‍ത്തപ്പോള്‍ ധാര്‍മ്മികതയ്ക്ക് നഷ്ടമായത്അതിന്റെ സാമൂഹ്യതലമാണ്. പാപത്തെ 'മെരുക്കി'യെടുത്ത് വ്യക്തിനിഷ്ഠമാക്കിയപ്പോള്‍ അനുതാപമെന്നത്കുറ്റബോധമായി മാറാന്‍ തുടങ്ങി. പാപം സമൂഹത്തിന്റെ നടപ്പുരീതികളെ വെല്ലുവിൡാതെ വ്യക്തിയുടെ മനസ്സിനെമാത്രം അലോസരപ്പെടുത്തുന്ന ഒന്നായി. കൂടുതല്‍ പാപങ്ങളും ഒളിച്ച് കടക്കുന്നത് വ്യക്തിയുടെ ഏറ്റവും സ്വകാര്യമായജീവിതത്തിലേയ്ക്കും ഇടങ്ങളിലേയ്ക്കുമായി മാറി. പാപത്തെക്കുറിച്ചുള്ള സാമൂഹ്യബോധത്തിന്റെ വീണ്ടെടുപ്പ്അനുരഞ്ജന കൂദാശയില്‍ ഒരു തിരുത്തിന്റെ വഴിയാണ്. വരുംകാലത്തേയ്‌ക്കെങ്കിലുംഅനുരഞ്ജനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു സമൂഹമായി വേണം സഭ രക്ഷയുടെ വഴി തേടാന്‍. അല്ലാതെ പശ്ചാത്തപിക്കുന്നഒറ്റപ്പെട്ട വ്യക്തികളുടെ രക്ഷാകവാടമായി കുമ്പസാര ക്കൂടുകളെ ലഘൂകരിച്ച് കാണരുത്.
ഗ്രന്ഥസൂചിക
1. Alfred Diamant, Austrian Catholics and the First Republic, Democracy, Capitalism and the Social Order 1918-1934, Princeton University Press, 1960.
2. Amali Philips, 'Gendering Colour: Identity, Feminity and Marriage in Kerala,' in Anthropologica: Canadian Anthropology Society, Vol.46, No.2 , 2004, 253-272.
3. Bill Cosgrave, ' Understanding Sin Today,' The Furrow, Vol.50, No. 10 (October 1999), 538-547.
4. C. Lincoln Johnson & Andrew J. Weigert, 'Frames in Confession : The Social Construction of Sexual Sin,' Journal for the Scientific Study of Religion, Vol.19, No.4 (December 1980), 368-381.
5. Elizabeth Rees, 'A Feminist Approach to Sin', The Furrow, Vol.50, No. 12 (December 1999), 666-671.
6. Felix Wilfred, 'South Asian Christianity in Context,' in The Oxford Handbook of Christianity in Asia, Oxford University Press, 2014, 31-50.
7. George Gheverghese Joseph, George Joseph: the Life and Times of a Kerala Christian Nationalist, NewDelhi: Orient Longman, 2003.
8. James F. Keenan, Moral Wisdom: Lessons and Texts from the Catholic Tradition, Oxford : Rowan & Littlefield Publishers, 2004.
9. John Corwell, 'Confession a Sacrament in Decline,' www.ucanews.com. (3 December 2012).
10. John Paul II, Sollicitudo Rei Socialis.
11. Newton Millan Cloete, Hamartology and Ecology: A Critical Assessment of Dietrich Bonhoeffer's View on the Nature of Sin (Thesis), November 2013, Dept. of Religion and Theology, University of the Western Cape.
12. 'No one can Serve Christ and Caste : An Affirmation of faith from the National Ecumenical Conference on Justice for Dalits', Convened by NCCI in Patnership with WCC, New Delhi 22-24 October 2010.
13. Raymond Pickett ,'You Cannot Serve God and Mammon : Economic Relations and Human Flourishing in Luke', Dailog: A Journal of Theology, Vol.52, No. 1 (Spring 2013), 37-46.
No comments:
Post a Comment