Monday, 31 August 2015

അല്മായശബ്ദം: 'ഹിസ്‌ പരിശുദ്ധി'!

അല്മായശബ്ദം: 'ഹിസ്‌ പരിശുദ്ധി'!: "ഞാൻ പാപിയാണ്" എന്ന് നമ്മുടെ ഏതെങ്കിലും ഒരു മെത്രാനോ ഒരു വികാരിയോ പറയുന്നത് നമുക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു സംഭവമാണ്. ...

Sunday, 30 August 2015

അഷ്ടാംഗയോഗയിലെ ആത്മീയതയും ക്രിസ്തീയാത്മീയതയിലെ ആത്മസൗധവും - എസ്‌. ജെ. അനന്ത്‌



ഒരു ആദ്ധ്യാത്മികത  പടുത്തുയർത്തുന്നതിന്‌ ആവശ്യമായ എല്ലാവിധ അനുസാരികളും ചേർന്ന ഒന്നാംതരം വിഭവമാണ്‌ അഷ്ടാംഗയോഗ. ആത്മ വിജ്ഞാനത്തിന്റെയും, ആത്മസാക്ഷാത്ക്കാരത്തിന്റെയും എല്ലാ പടികളും വളരെ നല്ല രീതിയിൽ പതഞ്ജലിമഹർഷി

ഇതിൽ അടുക്കിവച്ചിരിക്കുന്നു. ആദ്ധ്യാത്മീയതയുടെ കൊടുമുടിയിലെത്താൻ ഇതിൽ കവിഞ്ഞൊരു മാർഗ്ഗം ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ആരെങ്കിലും പുത്തനായി എന്തെങ്കിലും അവതരിപ്പിച്ചെങ്കിൽ അത്‌ ഇതിന്റെ ചുവടുപിടിച്ചുതന്നെയാണ്‌.

ആത്മാനന്ദത്തിന്റെ കൊടുമുടി കയറാൻ എന്തു ചെയ്യണമെന്നാരാഞ്ഞ്‌ തന്നെ സമീപിച്ച ഒരു യുവാവിനോട്‌ യേശു പറഞ്ഞത്‌ ആത്മസൗധത്തിന്‌ അടിത്തറയിടാൻ അവിടെയുള്ള ഇളക്കമുള്ളതും അശുദ്ധവുമായ മണ്ണു മുഴുവൻ നീക്കം ചെയ്യൂ എന്നാണ്‌. പ്രമാണങ്ങളിലെ പ്രധാനപ്പെട്ട അഞ്ചെണ്ണം എടുത്തുകാണിച്ചുകൊണ്ട്‌ ഗുരു പറഞ്ഞു:
 'ഇവയെല്ലാം മാറ്റിവച്ചിട്ടു വരൂ'.
അടിത്തറക്കുവേണ്ടി മറ്റിവക്കേണ്ട അഞ്ചു കാര്യങ്ങൾ ഇവയാണ്‌ :

a - കൊല്ലരുത്‌ = അഹിംസ

മനസ്സാ വാചാ കർമ്മണാ യാതൊന്നിനേയും വേദനിപ്പിക്കാതിരിക്കുക എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. എല്ലാം ഒന്ന്, എല്ലാവരും ഒന്ന് എന്ന് തിരിച്ചറിയുമ്പോൾ  ആരും ആരെയും  വേദനിപ്പിക്കുകയില്ല. സാമൂഹിക ജീവിതം ഭദ്രമാകും; സ്നേഹസഹിഷ്ണുതാദികളാൽ മാനവ ഐക്യം സുദൃഢമാകും.

b - വ്യഭിചാരം ചെയ്യരുത്‌ = ബ്രഹ്മചര്യം

പാത വിട്ട്‌ ചരിക്കുന്നത്‌ വ്യഭിചാരം. എത്തിച്ചേരാനുള്ള ലക്ഷ്യസ്ഥാനവും, അവിടേക്കുള്ള നേർവഴിയും തിരിച്ചറിഞ്ഞ സത്യാന്വേഷി പാതവക്കത്തെ കാഴ്ചകളിൽ കണ്ണുകളുടക്കി നിന്നുപോകുകയോ, പാത വിട്ട്‌ അകലെയുള്ള താൽക്കാലിക സുഖസൗകര്യങ്ങളിൽ മനസ്സുടക്കുകയോ ചെയ്താൽ ലക്ഷ്യസ്ഥാനത്തെത്താതെ പോകും. യാതൊന്ന് ഏതൊന്നിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണോ അതിനല്ലാതെ അതിനെ ഉപയോഗിച്ചാൽ അത്‌ വ്യഭിചര്യമാകും. നമ്മുടെ സമയത്തെ, സൗന്ദര്യത്തെ, ധനത്തെ, ദാനത്തെ... ഒന്നും വ്യഭിചരിക്കരുത്‌.

c - മോഷ്ടിക്കരുത്‌ = അസ്തേയം

ധനം, മാനം, സമയം, സൽപേര്‌ തുടങ്ങി അന്യന്റെ യാതൊന്നും നമ്മൾ അപഹരിക്കരുത്‌. എല്ലാം എല്ലാവരുടേതുമാണ്‌ എന്ന യാഥാർത്ഥ്യം മറന്ന് ക്രമാതീതമായി  എന്തു സ്വന്തമാക്കാൻ ആഗ്രഹിച്ചാലും അതും മോഷണമാണ്‌.

d - കള്ളസാക്ഷ്യം നൽകരുത്‌ = സത്യം

ഭാരതീയ ആത്മീയതയുടെ സാരസംഗ്രഹം 'സത്യം വദ, ധർമ്മം ചര' എന്നതാണ്‌. സത്യത്തിനുവേണ്ടി എന്തും ത്യജിക്കാനും, യാതൊന്നിനു വേണ്ടിയും സത്യത്തെ ത്യജിക്കാതിരിക്കാനും ആചാര്യന്മാർ ഉപദേശിക്കുന്നു. 'സത്യം' - അതു മാത്രമാണ്‌ സ്ഥായിയായി നിലനിൽക്കുന്നത്‌.

e - മോഹിക്കരുത്‌ = അപരിഗ്രഹം

തന്നിലും തനിക്കുള്ളവയിലും തൃപ്തി കണ്ടെത്താതെ കൂടുതൽ കൂടുതൽ കൂട്ടിവക്കാനുള്ള പ്രവണതയെ മാറ്റി, ഉള്ളതിൽ സംതൃപ്തി കണ്ടെത്തലും ഉള്ളതിനെ പങ്കുവക്കുന്ന മനോഭാവവുമാണ്‌ ആത്മജ്ഞാന പാതയിൽ സഞ്ചരിക്കുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ടത്‌.

അഷ്ടാംഗ യോഗയിലെ അടിത്തറ =  'യമം'

ആത്മീയസൗധം പണിയുന്നതിന്‌ തറവിസ്താരം മുഴുവൻ അടിമണ്ണു മാറ്റിയിരിക്കണം. വൃത്തിയും ബലവത്തുമായ പ്രതലത്തിൽ മാത്രമെ ആത്മസൗധത്തിന്റെ അടിത്തറ പണിയുകയുള്ളു.
മാന്തി മാറ്റപ്പെട്ട മണ്ണിന്റെ സ്ഥാനത്ത്‌ നിക്ഷേപിക്കേണ്ട അഞ്ച്‌ അടിത്തറക്കല്ലുകളാണ്‌ 'യമം' എന്നതിലെ ➡️ സത്യം, അഹിംസ, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം ⬅️ എന്നിവ.

2 - മേൽത്തറ = നിയമം

നിത്യാനന്ദത്തിലേക്കുള്ള പടികൾ കയറാൻ ആഗ്രഹിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട രണ്ടുകാര്യങ്ങളെക്കുറിച്ച്‌ പൗലോസാചാര്യൻ എഴുതി വച്ചിട്ടുണ്ട്‌.
 അവ: 1-'പഴയ മനുഷ്യനെ ദൂരെ എറിയുക'
          2- 'പുതിയ മനുഷ്യനെ ധരിക്കുക'.
എഫേസോസുകാർക്ക്‌ എഴുതിയ ലേഖനത്തിലും (4:25-5:21), കൊളോസോസുകാർക്ക്‌ എഴുതിയ ലേഖനത്തിലും (3:5-17) ആത്മസൗധത്തിന്റെ മേൽത്തറ, അടിത്തറ കാര്യങ്ങൾ അദ്ദേഹം ഭംഗിയായി വിവരിച്ചു.
മാറ്റേണ്ടതിനെ മാറ്റി, പകരം വക്കേണ്ടതിനെ വച്ചു കഴിഞ്ഞ സത്യാന്വേഷിയായ സാധകനിൽ വന്നുഭവിക്കുന്ന ലക്ഷണങ്ങളാണ്‌ 'നിയമം' എന്നു പേരു നൽകപ്പെട്ട അഞ്ച്‌ മേൽത്തറ ശിലകൾ.
സാമൂഹിക ജീവിതത്തിൽ ഓരോ വ്യക്തിയും പാലിക്കേണ്ട സദാചാര നിയമങ്ങളാണ്‌ യമം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ വ്യക്തിജീവിതത്തിൽ അവൻ പാലിക്കേണ്ട ശീലങ്ങളാണ്‌ നിയമം.
യേശു നിർദ്ദേശിച്ച 'നിയമ'ങ്ങളാണ്‌ :-
1) ആത്മാവിൽ ദാരിദ്ര്യം 2) ഹൃദയത്തിൽ വിശുദ്ധി 3) നീതിക്കുവേണ്ടി ദാഹം 4) ശാന്ത ശീലം 5) കരുണയുള്ള ഹൃദയം - (മത്താ. 5 :3-9 )

ഒരു ആത്മീയ മലകയറ്റത്തിനും, ആത്മകൂടാര വാസത്തിനും സങ്കീത്തകൻ നിർദ്ദേശിച്ച 'നിയമം' ഉണ്ട്‌ (സങ്കീ.15).
അവ:-
1 - നീതിപൂർവ്വം പ്രവർത്തിക്കുക
2 - നിഷ്ക്കളങ്കനായി ജീവിക്കുക
3 - സത്യം മാത്രം പറയുക
4 - മനസ്സാ, വാചാ, കർമ്മണാ ആർക്കും ദ്രോഹം വരുത്താതിരിക്കുക
5 - അർഹതപ്പെടാത്തതൊന്നും മോഹിക്കാതിരിക്കുക

മേൽത്തറ നിർമ്മിതിക്ക്‌ അഷ്ടാംഗയോഗ നിർദ്ദേശിക്കുന്ന അഞ്ചു ശിലകളെ നമുക്ക്‌ പരിചയപ്പെടാം
a - ശൗചം
ആത്മസാക്ഷാത്ക്കാരമാകുന്ന ലക്ഷ്യപ്രാപ്തിയെ ലാക്കാക്കി മുന്നേറുന്ന വ്യക്തി, ആന്തര ബാഹ്യ വിശുദ്ധിയിൽ എന്നും ശ്രദ്ധാലുവായിരിക്കും. അനു നിമിഷം ദേഹ ദേഹീ തലങ്ങളിൽ വന്നടിഞ്ഞുകൂടുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ സ്നാനവും, ശരീര- മന- ശുദ്ധിക്കുപകരിക്കുന്ന യോഗാഭ്യാസമുറകളും അത്യന്താപേക്ഷിതമാണ്‌. വസ്ത്ര ശുദ്ധി, ഭക്ഷണ ശുദ്ധി, വാഗ്ശുദ്ധി, ചിന്താശുദ്ധി എന്നിവയും ശൗചത്തിൽ ഉൾപ്പെടും.
b - സന്തോഷം:
താനായിരിക്കുന്ന തന്നിലും, തനിക്കുള്ളതിലും, ഉള്ളവരിലും സംതൃപ്തനായിരിക്കുന്നവൻ എപ്പോഴും സന്തോഷവാനായിരിക്കും. അത്തരക്കാർ ഈ നിമിഷത്തിൽ ജീവിക്കുന്നു. ആ ആളിന്‌ ഇന്നലെകളുടെ വ്യാകുലതകളോ, നാളെകളുടെ ഉത്ക്കണ്ഠകളോ ഇല്ല.
c - തപസ്സ്‌:
എല്ലാം വിട്ട്‌ ഹിമാലയത്തിലേക്ക്‌ പോകേണ്ട തപസ്സല്ല ഇത്‌. ലക്ഷ്യപ്രാപ്തിക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയാണിത്‌. ത്യാഗവും, സഹനവും ജീവിതത്തിന്റെ ഭാഗമാണെന്ന ബോദ്ധ്യമുള്ളവൻ ആത്മസൗധം പടുത്തുയർത്താൻ പര്യാപ്തനാകും.
d - സ്വാദ്ധ്യായം:
എന്നും വിദ്യാർത്ഥി ആയിരിക്കുന്നവൻ ആത്മജ്ഞാനിയാകും. ഞാൻ എല്ലാം അറിഞ്ഞു എന്ന് ആർക്കും പറയുക സാദ്ധ്യമല്ല. ഈ പ്രപഞ്ച രഹസ്യം അനന്തമജ്ഞാതമാണ്‌. അതുകൊണ്ട്‌ വിദ്യ അഭ്യസിക്കുക എന്നതിന്‌ ഒരിക്കലും അവസാനമില്ല.
e - ഈശ്വര പ്രണിധാനം:
ഞാൻ പ്രപഞ്ച ഭാഗമാണെന്നും, പ്രപഞ്ചചേതന എന്നിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്‌ എനിക്ക്‌ ചിന്തിക്കാനും, പ്രവർത്തിക്കാനുമൊക്കെ സാധിക്കുന്നതെന്നും ബോദ്ധ്യം വന്ന സാധകൻ എല്ലാം ഈശ്വരാർപ്പണമായി ചെയ്യും. ഞാൻ ഒന്നുമല്ല, എനിക്കൊന്നുമില്ല എന്ന ചിന്തക്കൊപ്പംതന്നെ  ഞാൻ എല്ലാമാണ്‌, എനിക്കെല്ലാമുണ്ട്‌ എന്ന അവസ്ഥയിലെത്തും,
സംപൂർണ്ണ സമർപ്പിതൻ.

3 - തറവിരി = ആസനം
ആത്മസൗധനിർമ്മിതിയിലെ പ്രധാന ഘട്ടം തരണം ചെയ്തു. ഇനി ഭിത്തികെട്ട്‌ ആരംഭിക്കാം. അതിനു മുമ്പ് പരുപരുത്ത തറക്ക്‌ വിരിപ്പിടുക അഥവാ ടൈൽസു പാകുക എന്ന ചടങ്ങുണ്ട്‌.
രണ്ടാമത്തെ പടിയിലെ ശൗചവിഭാഗത്തിൽ ദേഹ- ദേഹീശുദ്ധിക്കായുള്ള യോഗാഭ്യാസത്തെക്കുറിച്ച്‌ സൂചിപ്പിച്ചു.  ദേഹ- ദേഹീശുദ്ധി കൈവന്ന വ്യക്തി ശരീര- മനോതലങ്ങളിലും വഴക്കം വന്നവനാകും. വിരിയിട്ട നിലത്ത്‌ നട്ടെല്ലു നിവർന്ന് ഏതെങ്കിലും ഒരു ആസനത്തിൽ ഇരിപ്പുറപ്പിക്കലാണ്‌ ആസനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുക. മറ്റൊന്ന് ചാഞ്ചല്യമില്ലാത്ത മനസ്സിന്നുടമയാകുക എന്നതാണ്‌. ഇനി ഞാൻ പിന്നിലേക്കില്ല എന്ന ഉറച്ച തീരുമാനം. പിന്നോട്ടു പോകാനുള്ള പ്രലോഭനങ്ങളും പരീക്ഷണങ്ങളും അനേകമുണ്ടാകും. അടിപതറാത്ത നിലപാടെടുക്കേണ്ട സമയമാണിത്‌. ചലിക്കാത്ത ശാരീരിക മാനസിക നിലപാടുകളുടെ ഉടമയാകുക. എങ്കിൽ സൗധത്തിന്റെ ഭിത്തികെട്ട്‌ ആരംഭിക്കാം.

4 - ഭിത്തി = പ്രാണായാമം

നമ്മുടെ നിലനിൽപിന്റെ രണ്ടു പ്രധാന പ്രപഞ്ച ഘടകങ്ങളാണ്‌ സൂര്യനും പ്രാണനും. ഇതു രണ്ടിന്റെയും അഭാവത്തിൽ നമുക്കു നിലനിൽപില്ല എന്നത്‌ പരമ സത്യമാണെങ്കിലും ഇതു രണ്ടിനേയുംകുറിച്ച്‌ ചിന്തിക്കുകപോലും ചെയ്യാത്തവരാണ്‌ നമ്മിലേറെപ്പേരും. സ്ഥൂല ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ഇന്ധനം ഭൂമി നൽകുന്നു. അതുപോലെ സൂക്ഷ്മ ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ഇന്ധനം നമുക്ക്‌ ലഭിക്കുന്നത്‌  പ്രാണനിൽനിന്നും, സൂര്യനിൽനിന്നുമാണ്‌. പ്രകാശത്തിലൂടെയും, പ്രാണനിലൂടെയും ആകാശോർജ്ജം നമ്മളിലേക്കെത്തുന്നു. ഒരു ശ്വാസത്തിനും ഉഛ്വാസത്തിനും ഇടക്കുള്ളതാണു ജീവിതം എന്നു പറയാറുണ്ട്‌. ഇത്ര പ്രധാനപ്പെട്ട പ്രാണൻ നമ്മിലേക്കു വരുകയും പോകുകയും ചെയ്യുന്നതിനെ ഉൾക്കണ്ണുകൊണ്ട്‌ നോക്കിയിരിക്കുന്നത്‌ ഒന്നാംതരം ധ്യാനമാണ്‌. നമ്മുടെ ഇഛാശക്തി ഉപയോഗിച്ച്‌ പ്രാണനെ നിയന്ത്രിക്കാൻ ശീലിച്ചാൽ അതു നമ്മുടെ ധാരണാശക്തിയെ വളർത്തും. ഈശ്വര-മനുഷ്യ ബന്ധത്തിന്റെ ഒരു സുപ്രധാന കണ്ണികൂടിയാണിത്‌. യോഗാ പരിശീലനത്തിൽ ഓരോരോ ഇനം ചെയ്യുമ്പോഴും അതിൽ പ്രാണായാമം ഉണ്ട്‌.

5 - മേൽക്കൂര = പ്രത്യാഹാരം

ഇതുവരെ പറഞ്ഞത്‌ അഷ്ടാംഗയോഗയിലെ ബാഹ്യാഭ്യാസങ്ങളാണെങ്കിൽ, ഇനിയുള്ളത്‌ ആന്തരാഭ്യാസങ്ങളാണ്‌. നാലു ത്രികോണങ്ങൾ ഒന്നു ചേരുന്ന മേൽക്കൂരയാണിത്‌.  മേൽപ്പുര തീരുന്നതോടെ ആത്മ സൗധം ലോക ബന്ധങ്ങളിൽ നിന്ന് ഏറെക്കുറെ പിൻവലിഞ്ഞ്‌ ആത്മ ബന്ധത്തിലേക്കു  തിരിഞ്ഞു തുടങ്ങുകയാണ്‌. ലോക വിഷയങ്ങളാകുന്ന ആഹാരം തേടിപ്പോകുന്ന പഞ്ചേന്ദ്രിയങ്ങളെ ഉള്ളിലേക്കു തിരിച്ച്‌ ആത്മജ്യോതിയിലേക്കു മനസ്സിനെ കേന്ദ്രീകരിക്കുന്നതിനുള്ള തുടക്കമാണ്‌ പ്രത്യാഹാരം.

6 - മേൽത്തട്ട്‌ /സീലിംഗ്‌ = ധാരണ

ലോക വിഷയങ്ങളോട്‌ ഉൾവലിഞ്ഞ മനസ്സിനെ എന്തിലെങ്കിലും കേന്ദ്രീകരിക്കേണ്ടതുണ്ട്‌. അതിന്‌ ആദ്യമൊക്കെ വിഗ്രഹമോ, ദീപമോ, ശ്വാസമോ, ഊർജ്ജ കേന്ദ്രങ്ങളോ, മന്ത്രങ്ങളോ ഒക്കെ ആകാം. മേൽക്കൂരയിലേക്കു നോക്കി കഴുക്കോലുകളും പട്ടികയുമൊക്കെ കണ്ട്‌ മനസ്സു മാറാതിരിക്കാൻ സീലിംഗ്‌ ഉപകാരപ്പെടും. അങ്ങനെ മനസ്സിനെ ഏകാഗ്രമാക്കലാണ്‌ ധാരണ.

7- ആത്മയോഗം = ധ്യാനം

ആത്മസൗധത്തിന്റെ പ്രധാന ഉദ്ദേശ്യം പൂവണിയുന്നത്‌ ഇവിടെയാണ്‌. യോഗ എന്ന പദം സൂചിപ്പിക്കുന്നത്‌ യോജിക്കൽ, ഒന്നാകൽ, ഐക്യപ്പെടൽ എന്നൊക്കെയാണ്‌. ഉള്ളിന്റെ ഉള്ളിലേക്കുള്ള ഈ യാത്രയുടെ ഒരുക്കമായിരുന്നു ഇതുവരെ നടത്തിയത്‌. ഇനി സുഖകരമായ ഒരു ആസനത്തിൽ ആത്മസൗധ തറയിലെ വിരിമേൽ ഞാൻ എന്നെ ഇരുത്തണം. ശരീരം ചലിക്കാതെ, മനസ്സു ചലിക്കാതെ ഏറെ നേരം ഒറ്റ കാര്യത്തിൽ മനസ്സിനെ നിർത്തുമ്പോൾ ആത്മ-  പരമാത്മബന്ധത്തെ പ്രാപിക്കും.

8 - ആത്മ നിർവൃതി അഥവാ ആത്മ സാക്ഷാൽക്കാരം = സമാധി
ആത്മാവും പരമാത്മാവും ഒന്നുചേരുന്ന അവസ്ഥയിൽ അനുഭവിക്കുന്ന പരമാനന്ദത്തിൽ നിന്ന് പിൻവലിയാൻ മനസ്സു സമ്മതിക്കാത്ത അവസ്ഥയാണ്‌ സമാധിയവസ്ഥ. ഇതാണ്‌ യോഗയുടെ പരമോന്നത പടി.

ഇപ്പോൾ ധ്യാതാവിനു ബോദ്ധ്യമാകും, 'അയമാത്മാ ബ്രഹ്മ', 'അഹം ബ്രഹ്മാസ്മി', 'പ്രജ്ഞാനം ബ്രഹ്മ', 'തത്ത്വമസി' തുടങ്ങിയ വാക്യങ്ങളുടെ പൊരുൾ.

യേശു വരച്ച ആത്മ സൗധം ⬇️⛪️

  സുവിശേഷത്തിൽ ഒറ്റ വാക്യത്തിലൂടെ ആത്മസൗധത്തിന്റെ ഭിത്തിയും, മേൽക്കൂരയും, മേൽത്തട്ടും തീർത്ത്‌ ധ്യാനസമാധികളിലേക്ക്‌ യേശു നമ്മെ നയിക്കുന്നു ➡️ "നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച്‌ രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക, രഹസ്യങ്ങൾ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലം നൽകും."(മത്താ. 5:6) ശരീരമാകുന്ന സൗധത്തിന്റെ പുറംവാതിലുകളായ പഞ്ചേന്ദ്രിങ്ങളെ ഉള്ളിലേക്കു തിരിച്ച് ഏകാഗ്രതയിൽ മനസ്സിനെ നിർത്തി ധ്യാനിച്ച്‌ ആത്മാവിന്റെ അകക്കാമ്പിനെ തിരിച്ചറിയാമെന്ന് ക്രിസ്തു പറഞ്ഞു.

ശ്രീ നാരായണ ഗുരു:⬇️

ശരീരമാകുന്ന സൗധത്തിന്റെ പുറംവാതിലുകളായ പഞ്ചേന്ദ്രിങ്ങളെ ഉള്ളിലേക്കു തിരിച്ച് ഏകാഗ്രതയിൽ മനസ്സിനെ നിർത്തി ധ്യാനിച്ച്‌ ആത്മാവിന്റെ അകക്കാമ്പിനെ തിരിച്ചറിയാമെന്ന്  നാരായണ ഗുരു 'ആത്മോപദേശ ശതക'ത്തിന്റെ ആദ്യ ശ്ലോകത്തിൽ സൂചിപ്പിച്ചു.

സെന്റ്‌ പോൾ :⬇️

ക്രിസ്തീയ ആദ്ധ്യാത്മീയതയിൽ ഒരു ആത്മസൗധത്തിന്റെ പൂർണ്ണ രൂപം പൗലോസാചാര്യനും വരച്ചു വച്ചിട്ടുണ്ട്‌. പഴയ മനുഷ്യനെ ദൂരെ എറിഞ്ഞും പുതിയ മനുഷ്യനെ ധരിച്ചും കൊണ്ട്‌ ആത്മസൗധത്തിന്റെ അടിത്തറയും മേൽത്തറയും പണിതീർത്ത സത്യാന്വേഷി, തുടർന്ന് :
1) 'സത്യം'കൊണ്ട്‌ തറവിരിയും (ടയിൽസ്‌ ),
2) 'നീതി'നിഷ്ഠമായ ജീവിതംകൊണ്ട്‌ ഭിത്തിയും,
3) 'ആത്മജ്ഞാനവും ആത്മ വിശ്വാസ'വുമാകുന്ന മേൽക്കൂരയും,
4) 'സ്നേഹ സഹനാ'ദികളുടെ സീലിംഗും,
5) 'പ്രാർത്ഥന'യുടെ പരംപിതാ സംവാദവും  (ധ്യാനം),
6) ആത്മ- പരമാത്മ- ലയനമാകുന്ന 'രക്ഷയുടെ കിരീട'വും അണിഞ്ഞ്‌ ആത്മസാക്ഷാത്‌കാര പൂർത്തിയെ (സമാധി) പ്രാപിക്കുന്നു .
( എഫേ. 5:14-18 )

അങ്ങനെ ഒരവസ്ഥയെ പുൽകിയ ആളിൽ പ്രശോഭിക്കുന്ന സത്ഗുണങ്ങളാണ്‌ പൗലോസാചാര്യൻ ഗലാത്തിയായിലെ സഭക്ക്‌ എഴുതിയ ലേഖനത്തിൽ സൂചിപ്പിച്ച (5:22,23) "ആത്മാവിന്റെ ഫലങ്ങളായ➡️ സ്നേഹം, ദയ, ക്ഷമ, വിശ്വസ്തത, ആനന്ദം, ആത്മസംയമനം, സൗമ്യത, നന്മ, സമാധാനം," എന്നിവ.

Saturday, 29 August 2015

യോഗാ 'സാത്താനിക'മോ? സൗഖ്യദായകമോ? എസ്‌. ജെ. അനന്ത്‌


   എന്റെ അയൽ വാസിയായ ഒരു ഭക്തക്രിസ്ത്യാനി ഒരു കത്തോലിക്കാ പ്രസിദ്ധീകരണത്തിലെ ഒരു പേജുമായി എന്റെ അരികിലേക്ക്‌ ഓടി വന്ന് അത്‌ ഏൽപിച്ചിട്ടു പറഞ്ഞു : ഇതൊന്നു വായിക്ക്‌ . ഞാൻ ഒരു യോഗാ പ്രേമിയാണെന്ന് അറിയാവുന്ന ആ ആൾ ഞാൻ അറിയേണ്ട യോഗാ വാർത്തയുമായി വന്നതാണ്‌. അങ്ങനെ ഒരു സംഭവം ഉണ്ടായതുകൊണ്ടാണ്‌ ഇപ്പോൾ ഇതെഴുതുവാൻ എനിക്കു പ്രേരണയായത്‌.

▶️" ക്രിസ്തുവിനെ അറിയുകയും ആ അറിവിൽ ലയിക്കുകയും ചെയ്യുക എന്നതാണ്‌ യഥാർത്ഥ ജ്ഞാന യോഗം. ഈ യാഥാർഥ്യം വിസ്മരിച്ച്‌ യോഗയാണു ശരിയെന്നും, യോഗയിലൂടെ മോക്ഷപ്രാപ്തി കൈവരിക്കാമെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവർ ക്രിസ്തുവിന്റെ പ്രകാശത്തിൽനിന്നും ഏറെ അകലെയാണെന്നു തീർച്ച."◀️ പ്രസിദ്ധീകരണത്തിലെ ഒരു ഭാഗമാണിത്‌.
'ആത്മ യോഗ' എന്ന പേരിൽ ഒരു പരിശീലനം ആവശ്യക്കാർക്ക്‌ ഞാൻ നൽകാറുണ്ട്‌. അത്‌ എന്റെ ഒരു തൊഴിലോ വരുമാന മാർഗ്ഗമോ അല്ല. എനിക്കു നല്ലതെന്നു ബോദ്ധ്യം വന്ന ഒരു കാര്യം ആവശ്യക്കാർക്കു പകർന്നു നൽകുക എന്ന ലക്ഷ്യം മാത്രമെ എനിക്കുള്ളു. അങ്ങനെ 'യോഗ' നാമം പേറുന്ന ഒരു പരിപാടിയുമായി നടക്കുന്ന ഞാൻ  'ക്രിസ്തുവിന്റെ പ്രകാശത്തിൽനിന്ന് ഏറെ അകലെയാണെന്ന' സൂചന നൽകാനാണ്‌ ആ ഭക്തൻ പത്രക്കഷ്ണവുമായി എന്നെ സമീപിച്ചത്‌ .
അതേ പ്രസിദ്ധീകരണത്തിന്റെ മറ്റൊരു ലക്കവുമായി വേറൊരു സുഹൃത്ത്‌ എന്നെ സമീപിക്കുകയുണ്ടായി. അതു നല്ല ഉദ്ദേശത്തോടെയായിരുന്നു.
അതിൽ ഒരു ബഹുമാന്യ വൈദികൻ ഇങ്ങനെ എഴുതിക്കണ്ടു:

 ▶️"യോഗയുടെ പഠനത്തിലും, പരിശീലനത്തിലും നിന്ന് ക്രൈസ്തവർ ഒഴിഞ്ഞു നിൽക്കണം. ..                            ദൈവമാണ്‌ എല്ലാമെന്നും എല്ലാം ദൈവമാണെന്നും പറയുന്ന യോഗ ക്രൈസ്തവ ആദ്ധ്യാത്മികതയുമായി ചേർന്നു പോകുന്നതെങ്ങനെ? ....തന്റെ തന്നെ മനസ്സിൽ നിന്നും ബുദ്ധിയിൽ നിന്നും ഉത്തരം കണ്ടെത്താൻ യോഗ പഠിപ്പിക്കുന്നു...യോഗയിൽ നിന്ന് വ്യത്യസ്തമായി രക്ഷ സൗജന്യ ദാനമാണെന്ന് ക്രിസ്തു മതം പഠിപ്പിക്കുന്നു. "◀️

അയൽ വാസിയായ സുഹൃത്ത്‌ ഏൽപിച്ച പത്രക്കുറിപ്പിൽ ഇങ്ങനെ ഒരു സൂചനകൂടി കണ്ടു : ഫ്രാൻസിസ്‌ പാപ്പാ പറഞ്ഞതായിട്ടാണത്‌ 
▶️"പരിശുദ്ധാത്മാവിനു മാത്രമാണ്‌ നമ്മുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്കു തുറക്കാൻ സാധിക്കുന്നത്‌. യോഗക്കോ സെൻ കോഴ്സുകൾക്കോ ഒന്നും സാധിക്കില്ല."◀️

ഒരു ബ. സന്യാസ വൈദികൻ എഴുതി :

▶️ "യോഗാഭ്യാസം വഴി അക്രൈസ്തവമായ ആധ്യാത്മിക ദർശനങ്ങളിലേക്ക്‌ വഴുതിപ്പോകാനുള്ള സാദ്ധ്യതയെ നാം ഗൗരവമായി കണക്കാക്കണം."◀️
മറ്റൊന്ന് :
▶️ "ദൈവം വ്യക്തിത്വമുള്ള സത്തയാണ്‌. ..തണുത്ത പ്രാപഞ്ചികോർജ്ജമല്ല. ..പ്രകൃതിയോ പ്രപഞ്ചമോ ദൈവമല്ല.. വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാ.ഗബ്രിയേൽ അമോർത്തും യോഗാഭ്യാസം സാത്താനികമാണെന്ന നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌."◀️

അടുത്ത നാളിൽ ഒരാൾ എഴുതി :
▶️"നമ്മുടെ ആത്മാവിനെ ചോർത്തിക്കൊണ്ടു പോകാൻ ഒരുപാധിയായിട്ടാണ്‌ യോഗയെ സാത്താൻ ഉപയോഗിക്കുന്നത്‌ " ..തുടർന്നെഴുതി: "യോഗ എന്നത്‌ ഹിന്ദുയിസം പ്രചരിക്കുവാനുള്ള ഒരെളുപ്പ വഴി എന്ന നിലയിലാണ്‌ ബി ജെ പി സർക്കാരും ഹിന്ദുമത നേതൃത്വവുമെല്ലാം കാണുന്നത്‌ ".◀️

 :2015 ജൂലൈ 5 ലെ സൺഡേ ശാലോമിൽ വിശ്വാസ തിരു സംഘ പ്രീഫെക്റ്റായ കർദ്ദിനാൾ മുള്ളറിന്റേതായി ഒരു പ്രഖ്യാപനം കണ്ടു. അത്‌ ഇപ്രകാരമാണ്‌ :
▶️"വിജാതീയ ജീവിത രീതികൾ സഭാ വിശ്വാസികൾ പിന്തുടരുന്നത്‌ സ്വേശ്ചതക്കും വ്യക്തതയില്ലായ്മക്കും കാരണമാകും... പൊതുജനാഭിപ്രായത്തെ ആധാരമാക്കി സത്യത്തെ രൂപീകരിക്കാൻ പരിശ്രമിച്ചാൽ സഭയുടെ അടിസ്ഥാനത്തിന്‌ ഇളക്കം തട്ടും ." ◀️

അപ്പോൾ അതാണു ഒരു കാര്യം. സഭയുടെ അടിസ്ഥാനത്തിനു കോട്ടം തട്ടും. കെട്ടിപ്പൊക്കിയ സൗധങ്ങൾ കാലിയാകും; മതാധിപത്യത്തിന്‌  ചലനം സംഭവിക്കും. കൂടാതെ, ഇതുവരെ പറഞ്ഞതും പഠിപ്പിച്ചതും മഹാ പൊട്ടത്തരങ്ങളായിരുന്നെന്ന് വിശ്വാസികൾ തിരിച്ചറിറിഞ്ഞെങ്കിലോ എന്ന ഭയം!" സൗജന്യ" രക്ഷയുടെ പൊള്ളത്തരങ്ങളെ തിരിച്ചറിയുന്ന ജനം സ്വയം പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും സത്യം കണ്ടെത്തി സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചു തുടങ്ങിയാൽ അനേകർക്കു സ്ഥാനമാനങ്ങളും ജോലിയും നഷ്ടമാകും. 'സൗജന്യമായ' കുമ്പസാരവും കുർബ്ബാനയും ഉള്ളപ്പോൾ ഫീസു കൊടുത്ത്‌ യോഗാ പോലുള്ള പരിശീലനം നേടി തങ്ങളിലെ ശക്തി വിശേഷങ്ങളെ ഉണർത്തിയാൽ നല്ലതും ചീത്തയും തിരിച്ചറിയും. അപ്പോൾ മതാചാരങ്ങളോടു വിട പറയും.

അടിത്തറ ഉറപ്പിച്ചവർക്ക്‌ അത്‌ ഉറപ്പുള്ളതാണെന്ന് ഉറപ്പുണ്ടെങ്കിൽ അതിന്‌ ഇളക്കം തട്ടുമോ എന്ന് എന്തിനു സംശയിക്കണം ?
അതുകൊണ്ടല്ലെ പൗലോസാചാര്യൻ പറഞ്ഞത്‌ " ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമ പാഠങ്ങൾ പിന്നിട്ട്‌ നമുക്ക്‌ പക്വതയിലേക്കു വളരാം."( ഹെബ്രാ.6:1 ) അതിനു തൊട്ടു മുംപ്‌ അദ്ദേഹം എഴുതി : "കട്ടിയുള്ള ഭക്ഷണം (ദിവ്യ ജ്ഞാനം) പക്വത വന്നവർക്കുള്ളതാണ്‌. അവർ തങ്ങളിലെ ശക്തി വിശേഷങ്ങളെ ഉണർത്താനുള്ള പരിശീലനത്തിൽ വ്യാപൃതരാകും. അപ്പോൾ അവർ നന്മ തിന്മകളെ വിവേചിച്ചറിയും.( ഹെബ്രാ. 5:14 )

ക്രിസ്തുവിനേക്കുറിച്ചുള്ള ബാല പാഠങ്ങളുമായി ഒരു കാലത്ത്‌ യൂറോപ്പിൽനിന്ന് ഇവിടെ വന്ന മിഷ്യനറിമാർ ഭാരതത്തിൽ നിന്ന് കുറെ വിവരം ലഭിച്ചപ്പോൾ പണി നിർത്തി തിരികെ പോയി. അവിടെ പള്ളികൾ കാലിയായി. ഇപ്പോൾ ഇവിടെ പണി പരാജയപ്പെട്ട ചിലർ അവിടെയുള്ളവരെ പള്ളിയിലേക്കു തിരികെ കൊണ്ടു വരാൻ വേണ്ടി ക്രിസ്തുവിനെക്കുറിച്ചുള്ള ബാലപാഠങ്ങളുമായി അവിടെ എത്തിയിരിക്കുകയാണ്‌. അങ്ങനെയുള്ള ഒരു ബ. സന്യാസ വൈദികനാണ്‌ ശാലോമിൽ പതഞ്ജലി മഹർഷിയേയും അദ്ദേഹത്തിന്റെ യമ, നിയമാദികളെയും  തെറ്റായി വരച്ചു കാണിച്ചത്‌. (ശാലോം -ജൂലൈ 19- 2015 )

രണ്ടാമത്തേത്‌, ബീജേപിക്കാരനായ പ്രധാന മന്ത്രി യോഗക്കു പ്രാധാന്യം കൊടുത്തതുകൊണ്ട്‌ അതിൽ എന്തോ കെണിയുണ്ടെന്നു ഊഹിക്കുന്നു.

സഭയുടെ പഠനങ്ങളും, പരിശീലനങ്ങളും സത്യസന്ധവും ദൈവീകവുമെങ്കിൽ എന്തിനിങ്ങനെ ഭയപ്പെടണം?

ഞാൻ എങ്ങനെ യോഗാ പ്രേമിയായി ?

ഞാൻ അൽപം യോഗാ പഠിച്ചത്‌ മൂന്നു കത്തോലിക്കാ യുവ സന്യാസ വൈദികരിൽ നിന്നാണ്‌. അവർ മൂന്നും ഇന്നും ജീവിച്ചിരിക്കുന്നു, യോഗ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നു. എന്റെ ആശയാദർശങ്ങൾ മനസ്സിലാക്കിയ  മൂന്നു പേരും അവർ നയിച്ച യോഗാ ധ്യാന ക്ലാസ്സുകളിൽ സഹായിക്കാൻ എന്നെ ക്ഷണിച്ചിട്ടുണ്ട്‌. അടുത്ത കാലത്ത്‌ ഞാൻ പങ്കെടുത്ത യോഗാ ധ്യാന ക്ലാസ്സു നയിച്ച സന്യാസ വൈദികൻ പറഞ്ഞു :
 ➡️"  നേരായ ജ്ഞാനത്തിന്റെ വഴിയാണ്‌ യോഗ... പ്രകൃതിയോടും, സഹോദരങ്ങളോടും ഐക്യപ്പെട്ടുകൊണ്ട്‌ ഒരുവൻ നയിക്കുന്ന വിശുദ്ധ ജീവിതമാണ്‌ യോഗ.. ഇതു നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വസ്ഥമാക്കുന്നു. വ്യക്തി ജീവിതത്തെ ശാന്തമാക്കുന്നു."⬅️

എന്റെ ആദ്യ ഗുരു 1995 ൽ ഇപ്രകാരം എഴുതി :
➡️ " ആർഷ ഭാരതത്തിന്റെ അതുല്യവും അമൂല്യവുമായ സംഭാവനയാണ്‌ യോഗ ദർശനം. ഈ പൈതൃകത്തെ മനസ്സിലാക്കി സ്വാംശീകരിക്കേണ്ടത്‌ നമ്മുടെ കടമയും അവകാശവുമാണ്‌. ..ക്രിസ്തുവിനു മുംപ്‌ ജീവിച്ചിരുന്ന പതഞ്ജലി മഹർഷി രൂപപ്പെടുത്തിയ രാജയോഗ , മനോ നിയന്ത്രണത്തിലൂടെ മനുഷ്യന്റെ എല്ലാവിധ ശക്തിവിശേഷങ്ങളെയും സമന്വയിപ്പിച്ച്‌ കേന്ദ്രീകരിക്കാനും പരമ സത്യത്തിൽ വിലയം പ്രാപിച്ച്‌ സായൂജ്യമടയുവാനുമുള്ള അതിവിശിഷ്ടമായ മാർഗ്ഗമാണ്‌ ഉപദേശിക്കുന്നത്‌..."⬅️

അന്നത്തെ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്താ സിറിൽ മാർ ബസേലിയോസ്‌  എഴുതി :

➡️"..സൃഷ്ടികളെല്ലാം അവയുടെ സ്രഷ്ടാവിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. എല്ലാറ്റിന്റെയും അന്ത്യം ഇതു തന്നെ. മനുഷ്യനാകട്ടെ ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടി വിവിധ വഴികളിലൂടെയാണ്‌ നീങ്ങുന്നത്‌. ഭാരതീയ യോഗദർശനം ഈ പ്രയാണത്തിലേക്കാണ്‌ വിരൽ ചൂണ്ടുക. യോഗ ദർശനവും, അഭ്യാസവും ഒരു ജീവിത രീതിയാകുംപോൾ അത്‌ മനുഷ്യനെ ഐക്യത്തിലേക്കും, സാഹോദര്യത്തിലേക്കും, നന്മയിലേക്കും നയിക്കുവാൻ പര്യാപ്തമാകുന്നു.

അഷ്ടാംഗ യോഗ, മനുഷ്യ ജീവിതത്തെ രൂപാന്തരപ്പെടുത്തി , 'അസതോമ സദ്ഗമയ, തമസോമാ ജ്യോതിർ ഗമയ' എന്ന പ്രാർത്ഥന സാക്ഷാത്‌കരിക്കുവാൻ ഒരുവനെ പ്രാപ്തനാക്കുന്നു. യമം, നിയമം എന്നീ ആദ്യ പടികളിലെ പത്തു കാര്യങ്ങൾ ഒരുവൻ ജനനം മുതൽ മരണം വരെ അഭ്യസിക്കേണ്ട പത്തു പ്രമാണങ്ങളായി കണക്കാക്കാം. ഈ പ്രമാണങ്ങൾ ജീവിത വ്രതമായി സ്വീകരിക്കുന്ന ഒരാൾക്ക്‌ തിന്മയിലേക്ക്‌ വഴി തെറ്റാൻ സാധിക്കുകയില്ല എന്ന് ഉറപ്പായി വിശ്വസിക്കാം." ⬅️

അദ്ദേഹം പറഞ്ഞതിനെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അതാണു ശരി എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

2013 ആഗസ്റ്റ്‌ 30 ദീപിക ദിനപ്പത്രത്തിൽ

➡️ "സാത്വിക പ്രതീകങ്ങളോട്‌ അസഹിഷ്ണുത വേണ്ട" എന്ന തലക്കെട്ടിൽ സീറോ മലബാർ സിനഡിന്റേതായി ഒരു വാർത്ത വന്നത്‌ ഇപ്രകാരമാണ്‌ : " ഭാരത സംസ്കാരത്തിൽ പൊതു സമൂഹം സർവാത്മനാ സ്വീകരിച്ചിട്ടുള്ള ബിംബങ്ങളും, പ്രതീപങ്ങളും സഭയും സ്വീകരിച്ചിട്ടുണ്ട്‌. നില വിളക്ക്‌, ആയുർവേദം,  യോഗ, താലികെട്ട്‌, പുടവ കൊടുക്കൽ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ശരീരത്തിനും മനസ്സിനും ഉപകാരപ്രദമായ  പരിശീലനങ്ങളും ചികിൽസാ സംപ്രദായങ്ങളും ഏതെങ്കിലും മതത്തിന്റേതായി പരിഗണിക്കേണ്ടതില്ല. ധ്യാനങ്ങൾ, വചന പ്രഘോഷണങ്ങൾ, സെമിനാറുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഇങ്ങനെയുള്ള പ്രതീകങ്ങളെയും ശാരീരിക സൗഖ്യ സംപ്രദായങ്ങളേയും  പൈശാചികമായി ആരെങ്കിലും ചിത്രീകരിക്കുന്നെങ്കിൽ ബന്ധപ്പെട്ടവർ അതു തിരുത്തണം". ⬅️
യോഗ മാഹാത്മ്യത്തെക്കുറിച്ച്‌ ഒരിക്കൽ എവിടെയോ ഞാൻ ഇങ്ങനെ വായിച്ചു :

>"യോഗ ശാസ്ത്രം മനുഷ്യനെ പൂർണ്ണ സ്വസ്ഥതയിൽ നിലനിർത്തുന്ന അതുല്യ വിദ്യയാണ് .

മനുഷ്യനിൽ ആരോഗ്യമെന്നത് ശരീര - മനസ്സുകളുടെ (psycho -somatic ) സ്വസ്ഥമായ അവസ്ഥയാണ്‌. ശരീരത്തിന് മിതമായ ഭക്ഷണം പോലെ തന്നെ പ്രധാനമാണ് മിതമായ വ്യായാമവും . വ്യായാമവും ഭക്ഷണവും ശരിയായാലും ചിന്തകൾ മനുഷ്യന് സ്വസ്ഥത നൽകുന്നില്ലയെങ്കിൽ അത് മാത്രം മതി രോഗങ്ങളെ സൃഷ്ടിക്കുവാൻ .ശാരീരികമായ ചലനങ്ങളെല്ലാം വ്യായാമമാണ് എങ്കിലും യോഗാസനങ്ങൾ ഉത്തമമായ വ്യായാമമാകുന്നു .
യോഗാസനങ്ങൾ ശരീരത്തെ മുഴുവനായി സാവധാനം വലിച്ചു നീട്ടലാകുന്നു ( fullstretching ).

വേഗത്തിൽ ചെയ്യുന്നതും അമിതമായതുമായ അദ്ധ്വാനവും fitness sports ഉം പേശികൾക്കും സന്ധികൾക്കും കേടു പാടുകൾ സൃഷ്ടിക്കാം . മനുഷ്യനെ പൂർണ്ണ സ്വസ്ഥതയിൽ നിലനിർത്തുന്ന യോഗശാസ്ത്ര ത്തിലെ അതുല്യ വിദ്യയാണ് "ധ്യാനം" . മനുഷ്യന് ആത്മജ്ഞാനത്തിലേക്കുള്ള കവാടമാണ് ധ്യാനം . ധ്യാനം സംഭവിക്കുന്ന മനുഷ്യനെ ദുഖവും അസ്വസ്ഥതയും ഒരിക്കലും ബാധിക്കുന്നില്ല ."<

യോഗ മാർഗ്ഗം തെറ്റല്ല

ശരിക്കും യോഗാ മാർഗ്ഗം സ്വീകരിക്കുന്ന ഒരു വ്യക്തിക്ക്‌ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിക്കുക സാദ്ധ്യമേ അല്ല. ശാരീരിക, മാനസിക വിശുദ്ധി പ്രാപിച്ച ഒരാൾക്കു മാത്രമേ അഷ്ടാംഗ യോഗയിലെ പടികൾ കയറാൻ പറ്റുകയുള്ളു എന്ന് ആ മാർഗ്ഗത്തിൽ വന്ന ഒരാൾക്കു മനസ്സിലാകും. യോഗാ സാധകൻ തികഞ്ഞ ധാർമ്മിക ജീവിതത്തിനുടമയാകണം. ആ ആൾ സ്വയം അറിഞ്ഞ്‌ ചിട്ടയായ ഒരു ജീവിതത്തിന്‌ സന്നദ്ധനാകും. വിഷയ സുഖങ്ങൾക്ക്‌ അയാൾ അടിമയാകില്ല. സ്വ പരിശ്രമത്തിലൂടെ അപ്പവും അറിവും നേടും. അന്ധ വിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽ നിന്നും അകലും. പ്രകൃതിയേയും, പ്രകൃതിയിലുള്ളവയേയും സ്നേഹിക്കും. മതത്തിന്നതീതനാകും ; മതം മാറാതെ, മതത്തിൽ ചേരാതെ.

ഞാൻ നിർത്തുന്നു.  നമുക്ക്‌ പ്രഥമ പാഠങ്ങൾ പിന്നിട്ട്‌ മുന്നോട്ടു പോകാം; ആരേയും ഭയപ്പെടാതെ. ഇനിയും 'സജാതീയൻ', 'വിജാതീയൻ'.. എന്നൊക്കെ തിരിക്കണോ? 'പിശാചിന്റെ ഭരണം', 'സാത്താനീയം' എന്നൊക്കെ തട്ടി വിട്ട്‌ ആളുകളെ ഭയപ്പെടുത്തണോ ?

യോഗ പോലുള്ള സാധനാ  മാർഗ്ഗങ്ങളുടെ ഗുണങ്ങൾ ശരിക്കും ഞാൻ അറിയുന്നു. ഒരിക്കൽ പൗലോസാചാര്യൻ എഴുതിയതുപോലെ " ഇതെക്കുറിച്ച്‌ ഇനിയും ധാരാളം ഞങ്ങൾക്കു പറയുവാനുണ്ട്‌ (പ്രായം 78). നിങ്ങൾ ഗ്രഹിക്കുന്നതിൽ പിന്നോക്കമായതുകൊണ്ട്‌ അതെല്ലാം വിശദീകരിക്പ്രായം 78കുക വിഷമമാണ്‌ " എന്ന്  എഴുതാൻ ഞാൻ അർഹനല്ലാത്തതുകൊണ്ട്‌ അങ്ങനെ എഴുതുന്നില്ലെങ്കിലും ഒരപേക്ഷ: ആർട്ട്‌ ഓഫ്‌ ലിവിംഗ്‌ ഹാപ്പിനസ്സ്‌ പ്രോഗ്രാം , ക്രൈസ്റ്റ്‌ യോഗ, ആത്മയോഗ , വിപസന, റെയ്‌കി, ക്രിയാ യോഗ, പ്രാണിക്‌ ഹീലിംഗ്‌ ....തുടങ്ങിയവയിൽ  നമുക്കു യോജിച്ചതിനെ തിരഞ്ഞെടുത്ത്‌, പതിവായി യോഗയും സാധനയും ചെയ്ത്‌ ശരീര മന ആത്മ തലങ്ങളെ എന്നും ശുദ്ധീകരണത്തിനും, ശക്തീകരണത്തിനും വിധേയമാക്കിയാൽ ,        " സ്വർഗ്ഗ രാജ്യം അവരുടേതാണ്‌ " എന്ന് ക്രിസ്തുനാഥൻ പറഞ്ഞതിന്റെ പൊരുൾ ക്രിസ്ത്യാനികൾ ഗ്രഹിക്കും.

(അടുത്ത നാളിൽ ഞാൻ എഴുതിയ ഒരു ലേഖനം" അഷ്ടാംഗയോഗയിലെ ആത്മീയതയും, ക്രിസ്തീയാത്മീയതയിലെ ആത്മ സൗധവും " വായിക്കുക )

                            ▶️▶️▶️▶️▶️◀️◀️◀️◀️◀️◀️

Wednesday, 26 August 2015

ജലപ്പരപ്പിൽ പേരെഴുതപ്പെട്ട ഒരാൾ

"ജലപ്പരപ്പിൽ പേരെഴുതപ്പെട്ട ഒരാൾ ഇവിടെ വിശ്രമിക്കുന്നു"- കുഴിമാടത്തിൽ തൻറെ പേരുപോലും എഴുതരുതെന്ന് അവസാന വാശിപിടുത്തം നടത്തിയ ജോണ്‍ കീറ്റ്സിന്റെ കല്ലറയ്ക്ക് മുകളിലെ ഏക വാചകമാണിത്. ചില സമാനതകളോടെ കഴിഞ്ഞ 25 വർഷങ്ങളായി കാവാലം ലിസ്സ്യുപ്പള്ളിയുടെ കരയിൽ പത്തുസെന്റ് സ്ഥലത്ത് മുളംങ്കൂട്ടങ്ങളുടെ നടുവിൽ ഏറേയും സ്വന്തം കൈകളിൽ പണിത തേക്കാത്ത ഒരു വീട്ടിൽ ഒരു കൊച്ചു മനുഷ്യൻ താമസിക്കുന്നുണ്ട്- ജോണ്‍ വിനയാനന്ദ്‌ എന്ന മിഷനറി വൈദീകൻ. ഇടവഴിതാണ്ടി, തോട് ചാടിക്കടന്ന് അവിടെ എത്തുമ്പോൾ ഒരു ജീവനുള്ള വാതിൽ നിങ്ങളെ വരവേൽക്കും, ഒരു ജീവനുള്ള കുരിശ് ഇലകളിളക്കി കിന്നാരം പറയും, മണ്‍കലത്തിൽ ശേഖരിച്ച വെട്ടുകല്ല് കുളത്തിലെ വെള്ളം ദാഹമകറ്റും, തറയിൽ പണിത കട്ടിലിലോ കസേരയിലോ വിശ്രമിക്കാം. ഒരു പച്ചപ്പിനേയും വെട്ടുകയോ ഒടിക്കുകയോ ഇല്ല, മുളവേലികൾ ഒക്കെ കെട്ടിപ്പിടിച്ച് ഇലകളൊക്കെ വളർത്തി അങ്ങനെ നീണ്ടുനീണ്ട് പോകും. കൊച്ചുകൂരയിൽ ഏകനായ ഒരു കുഞ്ഞാറ്റക്കുരുവിയെപ്പോലെ താമസിക്കുന്ന അദ്ദേഹത്തോട് തോറോയുടെ വാള്‍ഡന്‍ ഒക്കെ വായിച്ചു ചെന്ന് ലളിതജീവിതം എന്തോ വലിയ ദാര്‍ശനീക പ്രശ്നമാണെന്ന രീതിയില്‍ ചോദിച്ചാല്‍ വയറില്‍ ഒരു കുത്തു തന്നിട്ട് പറയും, 'പോടാ പയ്യാ, ഇത് കെളവന്റെ ഓരോ വട്ട്.' 'ഒരാള്‍ എന്തു ചെയ്യുന്നു എന്നതല്ല ഒരാള്‍ എന്ത്‌ ആയിരിക്കുന്നു എന്നതാണ് പ്രധാനം' എന്ന തത്വശാസ്ത്രപാഠം ആ മുഖത്ത് നിങ്ങള്‍ തീര്‍ച്ചയായും വായിച്ചെടുക്കും. സംസാരിച്ചു തുടങ്ങിയാല്‍ സമൂഹത്തിന്‍റെ സ്പന്ദനങ്ങള്‍ അറിയാനുള്ള ആവേശം വന്നു നിറയും, ദാരിദ്ര്യന്‍റെ വേദന അയ്യാളുടെ വേദനയായി മാറും. പോരുമ്പോള്‍ കെട്ടിപ്പിടിച്ചൊരുമ്മ (എനിക്കുള്ള പ്രത്യേക സമ്മാനമാണോ എന്നറിയില്ല) നിശ്ചയം.
 

                                        

Sunday, 23 August 2015

അനിശ്ചിതത്വത്തിന്റെ സൗന്ദര്യം

നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞു. ചലിച്ചില്ലെങ്കിലും എന്നുമുണ്ടായിരുന്ന, എന്നും നിലനില്‍ക്കുന്ന അസ്തിത്വബോധമാണ് നിത്യത. (ബോധമില്ലെങ്കില്‍ നിത്യതക്ക് എന്തര്‍ത്ഥം?) ചലിച്ചില്ലെങ്കിലും അതുണ്ട്; പക്ഷേ, നാം ഉണ്ടായിരിക്കണമെന്നില്ല. ശൂന്യതയെ പരമമായ യാഥാര്‍ത്ഥ്യമായും അനന്തതയെ ശൂന്യതയുടെ നാനാവിധത്തിലുള്ള ആവിഷ്കാരമായും കാണാന്‍ ശ്രമിച്ചിരുന്ന ഒരു ഗണിതജ്ഞന്‍ ഇന്ത്യക്കുണ്ടായിരുന്നു: ശ്രീനിവാസ രാമാനുജന്‍. പൂജ്യത്തെ (ഒരു പൌരസ്ത്യ മനസ്സിന് മാത്രം ഭാവനയില്‍ മനനം ചെയ്യാനാവുന്ന, ശൂന്യതയെന്ന പരമമായ യാഥാര്‍ത്ഥ്യം) അനന്തതകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അന്ത്യമില്ലാത്ത സംഖ്യയിലെ ഓരോ അക്കങ്ങളാണ്‌ നാമും സൃഷ്ടിയിലെ ഓരോ കണികയും എന്ന് സാത്വികമായി ചിന്തിക്കാന്‍ അദ്ദേഹത്തിലെ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു.


നമ്മുടെ പൂര്‍വ്വികന്മാരുടെ പൂര്‍വ്വികര്‍ അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ മുഴുകി ജീവിച്ചു. വെറുതേയിരിക്കാനുള്ള സമയം ലഭ്യമായതോടെ, തന്റെ ഉള്ളിലേയ്ക്ക് നോക്കാനുള്ള ബൌദ്ധികവാസന കുരുത്ത്, പയ്യെ പുഷ്പിച്ചു. ആ ഒളിഞ്ഞുനോട്ടമാണവനെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ അദ്ഭുതത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. അതായത്, ഈ പ്രപഞ്ചവും ഈ ഞാനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഒരേ പരമാണുക്കള്‍ കൊണ്ടാണെന്ന അറിവ്. ഏതു ഭാവനയെയും വെല്ലുന്നയത്ര വിദൂരതയില്‍ കത്തിജ്വലിക്കുന്ന നക്ഷത്രങ്ങളിലും എന്റെ ശരീരത്തിലും ചലിക്കുന്നത്‌ ഒരേ അണുതന്നെയാണെന്ന സത്യം. അതിസൂക്ഷ്മകണങ്ങളുടെ ഈ മഹാവിസ്തൃതിയില്‍ അതികൃത്യമായ ഊര്‍ജ്ജഭാവങ്ങള്‍ സങ്കലിതമാവുമ്പോഴും വെളിയില്‍ നിന്നുള്ള വീക്ഷണത്തില്‍ അനിശ്ചിതത്വമാണവിടെ ഭരിക്കുന്നതെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ കാഴ്ചപ്പാട്.

ഇതിന്റെ പരിണതിയായിരിക്കാം, ജീവിതത്തെ കൃത്യമായ രീതിസംവിധാനങ്ങളിലൂടെ (methodology) കെട്ടിപ്പടുക്കുക എന്നതിലും സന്തുഷ്ടവും ആരോഗ്യകരവും അതിനെ വരുന്നതുപോലെ സ്വീകരിക്കാനുള്ള തന്റേടവും ശുഭാപ്തിവിശ്വാസവുമാണ് എന്ന കണ്ടെത്തല്‍. Let go of planning and embrace not knowing what will happen. Let go of productivity and be open to new ideas and spontaneous creativity. എന്ത് നേടണം, എവിടെയെത്തണം എന്നൊക്കെ തീരുമാനിച്ചിട്ട്‌ പ്രവര്‍ത്തിക്കുന്നതിലും എത്രയോ സ്വാതന്ത്ര്യവും സന്തുഷ്ടിയും തരുന്നതാണ്, ഇപ്പോള്‍ ചെയ്യേണ്ടതും ചെയ്യാനാവുന്നതും ചെയ്യുക, ഫലമെന്തുമാകട്ടെ എന്ന കൂസലില്ലായ്മ. അതാണല്ലോ മഹത്തായ ഗീതാദര്‍ശനവും. എല്ലാ സൌന്ദര്യദര്‍ശനത്തിലും ഈ അനിശ്ചിതത്വം അനിവാര്യമാണ്. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും, സംഖ്യകളുടെ സ്വഭാവ സവിശേഷതകളെ കണ്ടെത്താന്‍ രാമാനുജനുണ്ടായിരുന്ന കഴിവ് അനന്യമായിരുന്നു. അശിക്ഷണവും ക്രമരാഹിത്യവും നിലനില്‍ക്കെത്തന്നെ ഗണിതസിദ്ധാന്തങ്ങളുടെ സൌന്ദര്യത്തിലേയ്ക്ക് ചെന്നുപെട്ട വിശിഷ്ട ബുദ്ധികളായിരുന്നു ഐന്‍സ്റ്റയിനും (Albert Einstein) അദ്ദേഹത്തിന്‍റെ മുന്നോടി പ്വാന്‍ഗ്കരെയും (Henri Poincaré). രാമാനുജന്റെ കാര്യത്തിലെന്നപോലെ, ഇവരിരുവരുടെയും ഗണിതചേതനയുടെ ഭാഗമായി, പുതിയ ഗണിതസ്വത്വങ്ങള്‍ അബോധമനസ്സില്‍ ഉരുത്തിരിഞ്ഞ്‌, പ്രത്യക്ഷമനസ്സിലേയ്ക്ക് സംവേദനം നടത്തുകയായിരുന്നു. വിശദാംശങ്ങളെ അവഗണിക്കാനാകുക എന്നതാണ് ഗിരിശൃംഗങ്ങളുടെ ഭംഗിയാസ്വദിക്കാന്‍ വേണ്ടുന്ന ഒരു മാനസികഘടകം. ഏതാണ്ട് ഈ അര്‍ത്ഥത്തിലായിരിക്കണം ഫ്രീഡ്രിഹ് നീററ്ഷേ (Friedrich Nietzsche) പറഞ്ഞത് : അനിര്‍ണ്ണീത നിലങ്ങളില്‍ നിന്നാണ് നൃത്തം ചെയ്യുന്ന താരങ്ങള്‍ ജനിക്കുന്നത്.

യുവത്വത്തിന്റെ അതിപ്രസരങ്ങളെല്ലാം ശമിച്ച്, പലതും നേടിയശേഷം ജോലിയില്‍നിന്നു വിരമിച്ച്, മനസ്സില്ലാമനസ്സോടെ നാട്ടിലേയ്ക്ക് തിരിക്കുമ്പോഴും, അവിടെ ചെന്നിട്ട്, ഇനിയും, വരുമാനമുള്ള എന്തെങ്കിലും കളിച്ചുവയ്ക്കാന്‍ വെമ്പെല്‍കൊള്ളൂന്ന പല പ്രവാസികളെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലാത്ത ഒരവസ്ഥയനുമാനിക്കാനേ അവര്‍ക്കാകുന്നില്ല. ഭൌതിക/സാമ്പത്തിക ലക്ഷ്യങ്ങളില്ലാത്ത മാനസിക സ്വസ്ഥതയോടെയുള്ള വിശ്രമജീവിതം എന്തോ പാപമാണെന്നതുപോലെയാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. പണ്ടില്ലാതിരുന്ന, എന്നാല്‍, ഏറ്റവും ക്രിയാത്മകവും അതേ സമയം ശ്രമരഹിതവുമായ സൌന്ദര്യാസ്വാദനത്തിനായി, ഉഴിഞ്ഞുവയ്ക്കാനുള്ള ഒരവസരം കൈവന്നതിന്റെ സന്തോഷം തിരിച്ചറിയാതെപോകുന്നത് എത്ര ദയനീയമാണ്!

ശ്രമരഹിതമായ സൌന്ദര്യാസ്വാദനത്തിന് ഇന്നെന്നെ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത്, വെറും നിസ്സാരരായി കാണപ്പെടുന്ന കുറേ ചെറു പ്രാണികളാണ് - അവരില്പ്പെടുന്നു ചെറുതേന്‍ ഉണ്ടാക്കുന്ന ഈച്ചകള്‍. വെറുതേ ഒരു രസത്തിന്, ഒരു കലത്തില്‍ ഞാന്‍ സംഭരിച്ചുവച്ച തേനീച്ചക്കുടുംബം ഇന്ന് ആറായി പെരുകിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിശേഷിച്ച് ഒന്നുമറിഞ്ഞിട്ടല്ല, ആദ്യത്തെ കൂട്ടത്തെ പകുത്ത് ഞാനൊരു പരീക്ഷണം നടത്തിയത്. ഒരു ചിരട്ടയില്‍ കുറേ മുട്ടകള്‍ മാത്രമാണ് ഏതാനും ഈച്ചകളോടെ ഞാന്‍ മാറ്റിവച്ചത്. ബാക്കി കണക്കുകൂട്ടലുകളെല്ലാം, കൃതകൃത്യതയോടെ പരിശ്രമശാലികളായ ആ മിണ്ടാപ്രാണികള്‍ വളരെ ഭംഗിയായി ചെയ്തു - അനാവശ്യ വിടവുകള്‍ അടക്കുക, കയറിയിറങ്ങാന്‍ ഒരു വളച്ചുവാതിലുണ്ടാക്കുക, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറര വരെ പൂമ്പൊടി ശേഖരിക്കുക, സശ്രദ്ധം മുട്ട വിരിയിച്ച് പുതിയ ഒരു തലമുറയെ രൂപപ്പെടുത്തുക എന്നതെല്ലാം. അക്കൂടെ, നമുക്ക് സൌജന്യമായി എടുത്തുപയോഗിക്കാന്‍ അതിമധുരമായ, ഔഷധഗുണങ്ങള്‍ ഏറെയുള്ള തേനുണ്ടാക്കുകയും! അവരുടെ പോക്കും വരവും, വൈവിധ്യമാര്‍ന്ന ജോലിവിഭജനവുമൊക്കെ കണ്ടുകൊണ്ടിരിക്കുക എത്ര ധന്യമായ സൌന്ദര്യാരാധനയാണ്! ഗണിതത്തിന്റെ സരളതയും സങ്കീര്‍ണ്ണതയും അണുസമാനമായ ഈ ചെറുജീവികളില്‍ സംഗമിക്കുന്നതും അതിവിസ്മയനീയമായ അണുവിസ്ഫോടനങ്ങളിലൂടെ ആകാശഗംഗകള്‍ രൂപംകൊള്ളുന്നതും തമ്മില്‍ എന്തുണ്ട് വ്യത്യാസം?
- See more at: http://znperingulam.blogspot.in/2012/03/blog-post_16.html#sthash.XGytsACv.go2sA3tT.dpuf

Friday, 21 August 2015

എഡിറ്റിങ്ങ് എന്ന കല

സാക്ക് നെടുങ്കനാൽ

ശ്രീ എന്‍.പി. മുഹമ്മദിന്റെ ഉള്‍വെളിച്ചം എന്ന ലേഖനസമാഹാരത്തിന്റെ അവസാനത്തെയദ്ധ്യായം 'എഡിറ്റിംഗ്' എന്ന കലയെപ്പറ്റിയാണ്‌. പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍, എനിക്ക് തോന്നിയത്, കഷ്ടം, ഈ പുസ്തകത്തിനും പ്രസിദ്ധീകരണത്തിനു മുമ്പ് എഡിററിംഗ് എന്ന ഭാഗ്യം സിദ്ധിച്ചില്ലല്ലോ എന്നാണ്. 

തന്റെ രചന കഴിവുള്ള ഒരെഡിറ്റര്‍ക്ക് കൈമാറുംമുമ്പ്, എഴുത്തുകാരന്‍ തന്നെ ആശയങ്ങളുടെ ഒഴുക്ക്, ഭാഷാശുദ്ധി, വിനിമയത്തിലെ ലാളിത്യം എന്നിവയൊക്കെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതൊക്കെ കഴിഞ്ഞും ബാക്കിയിരിക്കുന്ന കുറവുകളെ കണ്ടെത്തുകയാണ് എഡിറ്ററുടെ ജോലി. പലപ്പോഴും എഴുത്തിനേക്കാള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നത് എഡിറ്റിംഗ് ആയിരിക്കും. ഏതു കൃതിയും അമൂല്യമാകുന്നത് എഡിറ്റിംഗിലൂടെയാണ്. 

അച്ചടിക്കുമുമ്പ് എത്രയാവര്‍ത്തി വായിച്ചാലും, ഒരെഴുത്തുകാരനും സ്വന്തം ഭാഷാവൈകല്യങ്ങളിലേയ്ക്ക് കൃത്യമായ ഉള്‍ക്കാഴ്ച കിട്ടുകയില്ല. അവിടെയാണ് ഒരെഡിറ്റര്‍ അനിവാര്യമാകുന്നത്. എഡിറ്റര്‍ക്ക് പുസ്തകമെഴുതിയ ആളെക്കാള്‍ നല്ല ഭാഷ വേണം; നിരൂപണശക്തിയും നയവും വേണം. അഹംഭാവിയായ എഴുത്തുകാരന്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അയാളെ ബോദ്ധ്യപ്പെടുത്താനുള്ള തന്റേടം വേണം. അതിനായി അവരുടെ ആദരവും വിശ്വാസവും നേടാന്‍ കഴിയുന്നയാളായിരിക്കണം, എഡിറ്റര്‍. ഒരു കൊല്ലം മുഴുവനൊരുമിച്ചിരുന്ന് ഒരെഡിറ്ററും ഗ്രന്ഥകര്‍ത്താവും കൂടി ഒരു പുസ്തകത്തെ പ്രസിദ്ധീകരണയോഗ്യവും സുന്ദരവുമാക്കിയെടുത്ത കഥ പോലും വിദേശത്തുണ്ട്‌. പുസ്തകത്തെ സംശോധന ചെയ്യുന്നതിലൂടെ, അതിനായി, എഡിറ്റര്‍ക്ക് ഗ്രന്ഥകര്‍ത്താക്കളുമായി ഇടപെടേണ്ടി വരും. പുസ്തകത്തിന്റെ ഉള്ളടക്കത്തിന് ശക്തരൂപം നല്‍കുക എന്നതാണല്ലോ ലക്ഷ്യം. 
ഇവിടെ എഴുത്തുകാരന്‍, കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നപോലെ ഓരോന്നിറക്കുന്നു. സ്വന്തമായിരിക്കാം, തര്‍ജ്ജമയായിരിക്കാം; മുടക്കുന്ന പണം നഷ്ടമായ തോന്നല്‍ മാത്രമാണ് മിക്കപ്പോഴും വായനക്കാരന് ബാക്കി. ഉദാഹരണങ്ങള്‍ എത്ര വേണം? ദൈവത്തെ എങ്ങനെ അറിയാം (How to know God, Deepak Chopra,  വിവ. പ്രമീളാ ദേവി, പ്രസാ. റോയി ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍) എന്ന കൃതി ഇംഗ്ലീഷില്‍ best seller ആണ്. അതിന്റെ മലയാളവിവര്‍ത്തനം വായിച്ചുതുടങ്ങുമ്പോള്‍ കാണാം എഡിറ്റിംഗിന്റെ പോരായ്മ. ഭാഷ മോശം, പ്രൂഫ്‌ റീടിംഗ് നടത്തിയതിന്റെ ഒരു മട്ടുമില്ല. ഡോ. ചെറിയാന്‍ ഈപ്പന്റെ പ്രസാധകക്കുറിപ്പിന്റെ ഒരു താളില്‍ തന്നെ ഒരു ഡസനില്‍ കൂടുതല്‍ ഭാഷാവൈകൃതങ്ങള്‍‍! അച്ചടിപ്പിശകുകള്‍ക്ക് എണ്ണമില്ല. ഇത്തരമനുഭവമുണ്ടായാലും, ഒരു നിരൂപകനും ഉള്ളതു പറയാനുള്ള ആര്‍ജജവം കാണിക്കാറില്ല. അന്യോന്യം പുകഴ്ത്തലാണ് ഏവരുടെയും പരിപാടി. എറിയ കൂറും തനതുപക്ഷീയമായിരുന്നെങ്കിലും, എഴുത്തുകാരോട് വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന ഒരാളുണ്ടായിരുന്നു - എം. കൃഷ്ണന്‍നായര്‍. അദ്ദേഹത്തിന്‍റെ വേര്‍പാടിന് ശേഷം, പൂച്ചയില്ലാത്ത വീട്ടിലെ എലികളെപ്പോലെ, ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഇന്നാരെയും ഭയമില്ല! പ്രസാധകര്‍ക്കാകട്ടെ, വിറ്റഴിക്കാന്‍ കൊള്ളാവുന്ന കൃതികളുടെ എണ്ണം കഴിവത് കൂട്ടണമെന്നല്ലാതെ, മുദ്രണത്തില്‍ മേന്മ പുലര്‍ത്തണമെന്ന് അല്പമെങ്കിലും നിര്‍ബന്ധമുഉള്ളതായി തോന്നുന്നില്ല. ഉള്ളടക്കത്തിലും ഭാഷയിലും മുദ്രണത്തിലും മേന്മ്മ പുലര്‍ത്തുന്ന ഒരു കൃതി കൈയില്‍ കിട്ടിയിട്ടു നാളുകളായി. ആശയവിനിമയത്തേയും വായനയേയും സഹായിക്കുന്ന വിധത്തില്‍ വിരാമചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലും പ്രഗത്ഭരല്ല, മിക്ക മലയാളി രചയിതാക്കളും. എങ്ങനെ തട്ടിക്കൂട്ടിയതായാലും, എത്ര ബുദ്ധിമുട്ടി വാക്യങ്ങളുടെ ഉള്ളടക്കം കണ്ടെത്തേണ്ടി വന്നാലും, ഒരു പ്രതികരണവും അനുവാചകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല എന്നതുകൊണ്ട്, ആര്‍ക്കും എന്തും ആകാമെന്ന രീതിയാണ് ഇന്ന് ഈ നാട്ടിലെ സാഹിത്യരചനയില്‍ പരക്കെ കാണുന്നത്. നല്ലയാശയങ്ങള്‍ പങ്കുവയ്ക്കാനുള്ളവര്‍ പോലും, ഇത്തരം അപാകതകള്‍ മൂലം, അവരുടെ കൃതികളെ വെറും രണ്ടാംതരത്തെക്കാള്‍ താഴ്ന്ന സൃഷ്ടിയാക്കിത്തീര്‍ക്കുന്നത് പരിതാപകരമാണ്. പലപ്പോഴും നമ്മുടെ പ്രഖ്യാതരായ എഴുത്തുകാരുടെ കൃതികള്‍ക്കുപോലും തനതായ സുകൃതം ഇല്ലാതെപോകുന്ന ദുരവസ്ഥ ശരിയായ എഡിറ്റിംഗില്ലാതെ അവ വെളിച്ചംകാണുന്നു എന്നതുകൊണ്ടാണ്.

വായനയില്‍ എന്നെ സ്ഥിരം അലട്ടുന്ന ചില കുറവുകള്‍ ഇവിടെ എടുത്തെഴുതുകയാണ്. ഇതിലൂടെ ഒന്നു കണ്ണോടിക്കുന്നത് ചിലര്‍ക്കെങ്കിലും ഉപകരിക്കാനിടയുണ്ട് എന്ന വിശ്വാസമാണതിനെന്നെ പ്രേരിപ്പിക്കുന്നത്. ഇവയില്‍ ഏറിയ ഭാഗവും പലപ്പോഴായി മുതിര്‍ന്നതും അല്ലാത്തവരുമായ എഴുത്തുകാര്‍ക്ക് നേരിട്ട് ഞാന്‍ കൈമാറിയിട്ടുള്ള കാര്യങ്ങളാണ്. ചിലരൊക്കെ നിര്‍ദോഷമായ എന്റെ കുറിപ്പുകള്‍ കണ്ടതായേ നടിച്ചില്ല. ഏതാനുംപേര്‍ നന്ദിയോടെ അവ സ്വീകരിച്ചു. രണ്ടും അപ്രസക്തമാണ്; ഭാഷ മേന്മയുള്ളതാകണം എന്നതാണ് പ്രധാനം. തങ്ങള്‍ക്കിഷ്ടമുള്ള ഗ്രന്ഥകര്‍ത്താക്കളും കോള (column)മെഴുത്തുകാരും ഒരു വാക്ക് അല്ലെങ്കില്‍ പ്രയോഗം തെറ്റിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, സാധാരണക്കാര്‍ അവയെ അനുകരിക്കുന്നു; തെറ്റായ ഭാഷാരീതികള്‍ അങ്ങനെ സ്ഥിരീകരിക്കപ്പെടുന്നു. ഇത് ഭാഷക്ക് വല്ലാത്ത ക്ഷീണമാണുണ്ടാക്കുന്നത്. തീരെ ബാലിശവും ദയനീയവുമായ ഭാഷാവികലതകള്‍ സൃഷ്ടിച്ചുവിടുന്നത് ഇന്നത്തെ സിനിമാ റ്റി.വി.വ്യവസായങ്ങളിലെ അവതാരകരും അഭിനേതാക്കളുമാണ്. ബഹുജനവും വിവരമില്ലാത്ത എഴുത്തുകാരും അവരെ കോപ്പിയടിക്കുന്നു. അങ്ങനെ ശുദ്ധമായ ഭാഷ അന്യംനിന്നുപോകുമെന്നത് ഒരു സത്യമാണ്.


ഉദാഹരണങ്ങള്‍: ഭാഷാപ്രയോഗങ്ങളിലെ തെറ്റുകളെക്കാള്‍ തിരുത്താന്‍ പ്രയാസം അനുകരണഭ്രമത്തിലൂടെ ഉടലെടുക്കുന്ന ഭാഷാസങ്കരങ്ങളില്‍ വന്നുഭവിക്കുന്ന വൃത്തികേടുകളാണ്.



1. എങ്ങനെ വന്നുഭവിക്കുന്നു എന്നറിയില്ല, fees, buttons, drinks എന്നിങ്ങനെ കടമെടുത്ത ചില പദങ്ങള്‍ക്കുള്ള സാധാരണ ഉപയോഗം ഏകവചനത്തില്‍ മതിയാകുന്നിടത്തും ബഹുവചനം പറഞ്ഞാലേ ശരിയാകൂ എന്നൊരു ധാരണ പൊതുവേയുണ്ട്. പല 'fees' ഉദ്ദേശിക്കുന്നില്ലെങ്കില്‍, 'ഫീ' എന്ന ഏകവചനംകൊണ്ട്  നിറുത്താം. ഒരൊറ്റ ബട്ടന്‍ തുന്നണമെങ്കിലും, 'ഈ ബട്ടന്‍സ് ഒന്നു പിടിപ്പിച്ചു തരാമോ എന്നേ ചിലര്‍ ചോദിക്കൂ!  

2. column കോളം ആണ്. എന്ന് വച്ച്‌ , columnist കോളമിസ്റ്റ് ആകില്ല, കോളമ്നിസ്റ്റ് ആണ് ശരി. വളരെ വലിയ എഴുത്തുകാരെല്ലാം തന്നെ ഈ തെറ്റു വരുത്താറുണ്ട്. തിരുത്തിക്കൊടുത്തിട്ടും തെറ്റാവര്‍ത്തിക്കുന്നു. ശ്രീ ചാക്കോ കളരിക്കൽ മാത്രം കോളമ്നിസ്റ്റ് എന്ന് ശരിയായി എഴുതിയത് കണ്ടപ്പോൾ സന്തോഷം തോന്നി.

3. ഇംഗ്ലീഷ് ഭാഷയിലെ വിവേചക ഭേദകമായ 'the' ഭാഷാന്തരത്തിലും ഉച്ചാരണത്തിലും ദ, ദ്, ദി എന്നൊക്കെ തോന്നുംപോലെ ആക്കുന്നവര്‍ ഈ നിയമം ഓര്‍ത്തിരിക്കുന്നത് നന്ന്: സ്വരത്തിനും (vowel) h ക്കും പിന്നില്‍ 'the' നില്‍ക്കുമ്പോള്‍ ഉച്ചാരണം ദി. അല്ലാത്തിടത്തൊക്കെ ദ. 'ഫോര്‍ ദി പീപ്ള്‍', ബൈ ദി പീപ്ള്‍' എന്നൊക്കെ സിനിമയ്ക്ക് പേരിടുന്നവരെപ്പറ്റി ഒന്നും മിണ്ടാതിരിക്കുകയാണ് മെച്ചം. ഇംഗ്ലീഷ് 'th' ന്റെ ഉച്ചാരണം കേട്ടു പഠിക്കാതെ വശമാകില്ല. ഏതായാലും, ദയ, ദിക്ക് എന്നീ വാക്കുകളിലെ സ്വരമല്ലത്.   
      
4. കോളമ്നിസ്റ്റ്  പലര്‍ക്കും കോളമിസ്റ്റ് ആകുന്നതുപോലെ, ഫിസിസിസ്റ്റ് എന്ന വാക്ക് ഫിസിസ്റ്റ് എന്ന് ചുരുക്കുന്നവരും വിരളമല്ല.   

5. saint സെയ്ന്‍റ് ആണെങ്കിലും, ഒരു പേരിനു പിന്നില്‍ നില്‍ക്കുമ്പോള്‍ സെന്‍റ് എന്നാണ് ഉച്ചാരണം. സെയ്ന്‍റ് പീറ്റര്‍ അല്ലാ, സെന്‍റ് പീറ്റര്‍, സെന്‍റ് ഫ്രാന്‍സിസ്, സെന്‍റ് മേരിസ് ചര്ച്ച് എന്നൊക്കെയാണ് ശരി.           

6. അമച്വര്‍, അമച്ച്വറിഷ് ശൈലി എന്നൊക്കെ നിരൂപകരും അല്ലാത്തവരും കുറിക്കുന്നത് സാധാരണമാണ്. amateur എങ്ങനെ മലയാളിക്ക് എപ്പോഴും അമച്വര്‍ ആയിപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ട്. എന്റെ നിഗമനമിങ്ങനെയാണ്. mature എന്ന വാക്കിന്റെ വിപരീതമാണിതെന്ന തെറ്റുധാരണയില്‍ നിന്നാകാം അമച്വറിന്റെ ഉദയം. പ്രൊഫെഷണല്‍ എന്നതിന്റെ വിപരീതമൊ അല്ലെങ്കില്‍ non professional എന്ന് സൂചിപ്പിക്കുന്നതോ ആണ് amateur. മലയാളത്തില്‍ അമറ്റ്ര്‍  എന്നെഴുതുന്നതാകാം ഏതാണ്ട് ശരി. തീര്‍ത്തും ശരിയായ ഉച്ചാരണം മലയാളത്തില്‍ എഴുതിപ്പിടിപ്പിക്കാനാവില്ലെങ്കില്‍‍‍, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാപദങ്ങളെ മലയാളലിപിയിലാക്കാന്‍ ഒരുമ്പെടാതിരിക്കുകയല്ലേ മെച്ചം? ആശയവിനിമയത്തിനുതകുന്ന പദം ഭാഷയിലില്ലെങ്കില്‍, കടമെടുക്കുന്ന അന്യഭാഷാപദം ലത്തീന്‍ ലിപിയില്‍ തന്നെ എഴുതിയാല്‍ എന്താ ചേതം?

7. മിക്കവാറും വിദേശപദങ്ങളും നാമങ്ങളും മലയാളലിപിയില്‍ എഴുതിപ്പിടിപ്പിക്കുക ആയാസമുള്ള കാര്യമാണ്. എന്നാലും ചില എഴുത്തുകാര്‍ക്ക് അത് വലിയ ഹരമാണ്. ഹരം കൊള്ളാം, പക്ഷേ, എഴുതു‌ന്നത് മൂലഭാഷയിലെ ഉച്ചാരണവുമായി ഒരു സാമ്യവുമില്ലാത്തതായിപ്പോയാല്‍ വൃത്തികേടാണെന്നു തോന്നാത്തതാണ് കഷ്ടം. സംസാരത്തിലും എഴുത്തിലും മലയാളത്തിനിടക്ക് സര്‍വ്വസാധാരണമായി തിരുകിക്കയറ്റുന്ന പല ആംഗലപദങ്ങളും തീര്‍ത്തും വികലമായിട്ടാണ് ലിപിമാറ്റം ചെയ്യപ്പെടുന്നത് അല്ലെങ്കില്‍ ഉച്ചരിക്കപ്പെടുന്നത്. ഈ തെറ്റുകള്‍ ആരുമറിയാതെ ഇംഗ്ലീഷ്ഭാഷയുടെ ഉപയോഗത്തിലും ശരിയുടെ സ്ഥാനം പിടിക്കുന്നു എന്നത് ഒരു വലിയ ഭവിഷ്യത്താണ്. അക്ഷരമാലയില്‍ 'ട'യ്ക്ക് നാല് വ്യത്യസ്ത വ്യജ്ഞനരൂപങ്ങള്‍ ഉണ്ടായിട്ടും, മലയാളിക്ക്/ഇന്ത്യാക്കാരന്, ഇംഗ്ലിഷിലെ 't' യും 'd' യും വേണ്ടിടത്ത് വേണ്ടതുപോലെ ഉച്ചരിക്കാന്‍ സാധിക്കുന്നില്ല. 't' കൊണ്ടും 'w' / 'wh' കൊണ്ടും തുടങ്ങുന്ന ഒരു വാക്കും മലയാളി ശരിക്കല്ല ഉച്ചരിക്കാറ്. ഇതൊക്കെ ഒന്നുകൂടി വഷളാകുകയാണ് ലിപിമാറ്റത്തിലൂടെ. അതുകൊണ്ട്, താഴെ കൊടുക്കുന്ന ഉദാഹരണങ്ങളില്‍ വലയത്തിനുള്ളിലുള്ളത് ശരിയായതിന്റെ ഏതാണ്ട് അടുത്തുവരുന്നു എന്നു പറയാമെന്നേയുള്ളൂ. 
ഐഡിയ (ഐഡീയ), ട്രേഡ് യൂണിയന്‍ (റ്റ്റെയ്ഡ് യൂണിയന്‍), സ്റ്റേറ്റ് (സ്റ്റേയ്റ്റ്), സേവ് (സേയ് വ്), കരിക്കുലം (ക്യരിക്യുലം), വാക്വം (വാക്യുഅം), ജ്യൂസ് - Jews, juice - രണ്ടും ജൂസ് ആണ്, കയോസ് (കെയ് യോസ്), മെമ്മയെര്‍ (മെമ്വാര്‍), ടേസ്റ്റ് (റ്റെയ്സ്റ്റ്), സ്പേസ് (സ്പേയ്സ്), ഷേവ് (ഷെയ് വ്), കാല്ക്കുലേറ്റര്‍ (കാല്ക്യുലേയ്റ്റര്‍), ഡോക്കുമെന്ററി (ഡോക്യുമെന്ററി), നയാഗ്രാ (നയാഗര), ജോമട്രി (ജിയൊമെട്രി), ജോഗ്രഫി (ജിയൊഗ്രഫി), അട്വക്കേറ്റ് (അഡ് വൊകെയ്റ്റ്), നാച്ചുറല്‍ (നാച്ചറല്‍), ഫെല്ലോ (ഫെലൊ), - രണ്ട് 'll' കാണുന്നിടത്തൊക്കെ 'ല്ല' ആവശ്യമില്ല! - buffello ബഫെലോ ആണ്, fellowship ഫെലൊഷിപ്‌.  ഇവല്യൂഷന്‍ (ഇവലൂഷന്‍), സൊല്യൂഷന്‍ (സൊലൂഷന്‍), യേല്‍ യൂണിവേര്സിറ്റി (യെയ് ല്‍‍...), ഫോര്‍മുല (ഫോര്‍മ്യുല), ഗ്രേസ് മാര്‍ക്ക് (ഗ്രേയ്സ് മാര്‍ക്ക്), ഗ്രേറ്റ് (ഗ്രെയ്റ്റ്), വേസ്റ്റ് (വ്വേയ്സ്റ്റ്), പ്ലേറ്റ് (പ്ലേയ്റ്റ്), ക്ലാസ്മേറ്റ് (ക്ലാസ്മെയ്റ്റ്), ടീം മേറ്റ് (റ്റീംമെയ്റ്റ്), age ഏജ്  (എയ്ജ്),  ലൌ-ഹേറ്റ് (ലവ്-ഹെയ്റ്റ്), ഫ്രേം ചെയ്ത (ഫ്രെഇം), സ്റ്റാറ്റിസ്റ്റിക്സ്‌ (സ്റ്ററ്റീസ്റ്റിക്സ്), സെഞ്ചുറി (സെഞ്ച്വറി), ട്വിന്‍ ടവേര്‍സ് (റ്റ്വിൻ റ്റവേര്‍സ്), പേ വാര്‍ഡ്‌ (പേയ് വ്വാര്‍ഡ്‌), സര്‍ക്കുലേഷന്‍ (സെര്‍ക്യുലേയ്ഷന്‍), പോപ്പുലേഷന്‍ (പോഉപ്യുലെയ്ഷന്‍), ടൂത്ത് പേസ്റ്റ് (റ്റൂത്ത് പെയ്സ്റ്റ്), റീജിയണല്‍ (റീജണല്‍), റിലിജ്യന്‍ (റിലിജന്‍), റിലിജ്യസ് (റിലിജസ്‍), ഫോര്‍മുല (ഫോര്‍മ്യുല), ലേബര്‍ റൂം (ലെയ്ബര്‍ റൂം), friend ഫ്രെണ്ട് - ഫ്രണ്ട് (front) / itinerary ഇറ്റിനെററി (ഇറ്റിനറി അല്ല) / veterinary വെറ്റെറിനറി എന്നെഴുതണം (വെറ്റിനറി അല്ല). ഇങ്ങനെ പോയാല്‍ താളുകള്‍ നിറക്കാം.

ഇതിനകം തിരുത്തിയോ എന്നറിയില്ല, വയനാട്ടിലെ ഗവ. മൃഗചികിത്സാകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ മുന്‍വശത്ത് ആനമുഴുപ്പില്‍ എഴുതിയിരുന്നു: "Vetinary College". അതിന് താഴെ, മലയാളത്തില്‍, "വെറ്റിനറി കോളേജ്" എന്നും! എന്താ പറയേണ്ടത്?       

8. തെറ്റായ തഴക്കങ്ങള്‍: മുഖദാവില്‍ (ശരി: മുഖതാവില്‍), പൊടുന്നനവേ (ശരി: പൊടുന്നനെ), നിരാശ = ആശയില്ലാത്തവള്‍ / നിരാശത = ആശയില്ലാത്ത അവസ്ഥ / ഒഴിവുകഴിവ്  (ശരി: ഒഴികഴിവ്). എത്തിച്ചേരുക എന്നയര്‍ത്ഥത്തില്‍ എത്തിപ്പെടുക, എത്തപ്പെടുക എന്നൊക്കെ എഴുതിക്കാണുന്നു. എത്തുപെടുകയാണ് ശരിയെന്നു ശബ്ദസാഗരം. പൊതുവെയും പ്രത്യേകിച്ചും എന്നെടുത്ത് പറയേണ്ടതില്ലെങ്കില്‍, പ്രത്യേകിച്ച് എന്നെഴുതിയാല്‍ ധാരാളം മതി. അതുപോലെ നിന്ന് എന്ന് മതിയാകുന്നിടത്ത് നിന്നും അരോചകരമാണ്. മറ്റൊന്നാണ്, ഒരാവശ്യവുമില്ലാതെ 'ഒരു'വിന്റെ തിരുകിക്കയറ്റല്‍. Why I'm not a Hindu എന്നതിന് മലയാളത്തില്‍ ഞാനെന്തുകൊണ്ട് ഹിന്ദുവല്ല എന്ന് മതി. ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല എന്നതു ചീത്ത ശൈലിയാണ്. ഇംഗ്ലീഷില്‍ I'm a teacher എന്ന് പറയാം. പക്ഷേ, ഭാഷയില്‍ 'ഞാന്‍ റ്റീച്ചറാണ്' എന്ന് മതിയാവും. Food ലോകത്തെവിടെയും 'ഫൂഡ്' ആണ്. എന്നാല്‍, ഇന്ത്യയില്‍ അത് ഫുഡ് ആണ്, നീണ്ട Dr.-കൊമ്പുള്ളവര്‍ക്കുപോലും!  
9. സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുള്ള ഒരു തെറ്റാണ്, ഏകവചനശബ്ദമായ 'ഓരോ' കഴിഞ്ഞ് ബഹുവചനത്തിലുള്ള നാമപദം ഉപയോഗിക്കുക; ഓരോ കുട്ടികള്‍ക്കും, ഓരോ മന്ത്രിമാര്‍ക്കും എന്നിങ്ങനെ. ഒന്നുകില്‍ ഓരോ കുട്ടിക്കും അല്ലെങ്കില്‍ ഓരോരോ കുട്ടികള്‍ക്കും എന്നാകണം പ്രയോഗം.

10. വളരെ ആരോചകമാണ്, ഇതരഭാഷകളിലെ വ്യക്തി- സ്ഥലനാമങ്ങള്‍ ഓരോരുത്തരും തോന്നുമ്പോലെ എഴുതിവിടുന്നത്. ഇന്റെര്‍നെറ്റിന്റെ സഹായത്താല്‍ ആര്‍ക്കും മനസ്സുവച്ചാല്‍ ഇക്കാര്യത്തില്‍ വലിയ പോഴത്തങ്ങള്‍ ഒഴിവാക്കാം. എന്നിട്ടും, ഇരുത്തം വന്ന രചയിതാക്കള്‍ പോലും ഇക്കാര്യത്തില്‍ എന്തുകൊണ്ട് വളരെ അശ്രദ്ധരാണെന്നത് മനസ്സിലാകാത്ത സംഗതിയാണ്. വാക്കുകളും പേരുകളും ശരിയായി എഴുതേണ്ട വിധം (phonetic signs ഉള്‍പ്പെടെ) മാത്രമല്ല, ശരിയായ ഉച്ചാരണവും merriam-webster.com പോലുള്ള സൈറ്റുകളില്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ സഹായികളായി ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള ഒരു കൃതിയും വിശ്വാസയോഗ്യമല്ല. ബന്ധപ്പെട്ട ഭാഷയില്‍ പ്രാവീണ്യമുള്ളവരെ സമീപിക്കുന്നതാണ് ഏറ്റം സുരക്ഷിതം. എന്നിരുന്നാലും, മിക്കവാറും തെറ്റായി മുദ്രണം ചെയ്യപ്പെട്ടുകാണുന്ന ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. കണ്ടുവരാറുള്ള മോശമായ രീതികള്‍ക്ക് അറുതിയില്ലാത്തതിനാല്‍, അവയെ വിട്ടുകളഞ്ഞിട്ട്‌, മെച്ചപ്പെട്ട ഉച്ചാരണത്തോട്‌ കുറെയെങ്കിലും അടുത്തുവരുന്ന ലിപിമാറ്റം മാത്രം കുറിക്കുന്നു. ഇതിനൊന്നും പോകാതെ, മൂലഭാഷയില്‍ തന്നെ ഇവയെഴുതിയാല്‍, ആര്‍ക്കുമൊരു നഷ്ടവും വരില്ല. 

ജര്‍മന്‍ 
Baach ബാഹ്  Einstein ഐന്‍ ഷ്റ്റൈന്‍  Heisenberg ഹൈസെന്‍ബെര്‍ഗ്  Fassbinder ഫാസ്ബിന്‍ഡര്‍ Nazi നാററ്സി  Nietzsche നീററ്ഷെ  Naomi Klein ക്ലൈന്‍  Weinberg വൈന്‍ബര്‍ഗ്  Brecht ബ്രെഹ്ററ്  Gugenheim ഗൂഗന്‍ഹൈം Gottfried Herder ഗോട്ട്ഫ്രീഡ് ഹെര്‍ഡര്‍ Goethe ഗ്എതെ Auschwitz ഔഷ്വിററ്സ്  Thomas Mann റ്റോമസ് മന്‍ Günther Grass ഗ്യുന്തെര്‍ ഗ്രസ്  Otto Frisch ഓട്ടോ ഫ്രിഷ്. ഭൂചലനം അളക്കുന്ന Richter Scale റിക്റ്റര്‍ അല്ല,റിഹ്ഷ്റ്റര്‍  സ്കെയ്ല്‍ ആണ്. അതുപോലെ, ഓര്‍മ്മശക്തി നഷ്ടപ്പെടുത്തുന്ന രോഗം ആല്‍ഷിമേഴ്സ് അല്ല, ആല്‍ററ്സ്ഹൈമെര്‍ (Alzheimer) ആണ്.
ഇംഗ്ലീഷ്
Thomas റ്റോമസ്  Stephen സ്റ്റീവ്ന്‍  Rachel റെയ്ചെല്‍  Shakespear ഷെയ്ക്സ്‌സ്പിയര്‍   
ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ടുഗീസ് etc.
Giordano Bruno ജൊര്‍ദാനൊ ബ്രുണോ  Garcia Marquez ഗര്‍സീയ മാര്‍കേ  Juan Pablo ഹുആന്‍ പാബ്ലോ  Jose Saramagu ഹൊസെ സരമാഗു. ഒക്റ്റാവിയൊ പാസിനെ ഒക്റ്റാവിയ (feminine name!) ആക്കുന്നവര്‍ വളരെയുണ്ട്. 
ഫ്രഞ്ച്
ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രത്തില്‍ പെട്ട ഭാഷകളില്‍ വച്ച്, വാക്കുകളോ പേരുകളോ മലയാളലിപിക്ക് ഒട്ടും തന്നെ വഴങ്ങാത്തത് ഫ്രഞ്ചാണ്. ഒരു നാണവുമില്ലാതെ നമ്മുടെ ചേട്ടന്മാര്‍ മലയാളത്തിലാക്കി കൊന്നുകളയുന്ന പ്രസിദ്ധമായ ഏതാനും നാമങ്ങളുടെ ശരിയായ ഉച്ചാരണം കുറിച്ചുതരാമോ എന്ന് ചോദിച്ചപ്പോള്‍, വളരെക്കാലമായി പരീസില്‍ താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത് അതിനൊരുമ്പെടെണ്ടാ എന്നാണ്. സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ഏതാണ്ട് ഗര്‍വ്വോടെ കുത്തിക്കുറിച്ച ചില തിരുത്തലുകള്‍ കണ്ടിട്ട് സഹികെട്ട്, എം കൃഷന്‍ നായരുടെ പരന്ത്രീസ് കയ്യാങ്കളി  എന്നൊരു നീണ്ട ലേഖനം ശ്രീ നാരാ(യണന്‍) കൊല്ലേരി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. താല്പര്യമുള്ളവര്‍ കാണുക: മാതൃഭൂമി, ഏപ്രില്‍ 17 - 23, 2005. അര നൂറ്റാണ്ടോളം ഫ്രാന്‍സില്‍ ജീവിച്ച ശ്രീ കൊല്ലേരി ഫ്രഞ്ച് സാഹിത്യത്തിലും കലകളിലും പ്രവീണനാണ്. ഫ്രഞ്ച് സിനിമയില്‍ sound engineer ആയിരുന്നു. ആ വിഭാഗത്തില്‍ ആദ്യത്തെ Caesar നേടി. 
ആര്‍ടിസ്റ്റ്‌ നമ്പൂതിരിയുടെ വേരുകള്‍ എന്ന ആത്മകഥാക്കുറിപ്പില്‍ ഒരദ്ധ്യായം മാതൃഭൂമിയുടെ പ്രൌഢകാലത്തെപ്പറ്റിയാണ്. മഹത്തുക്കള്‍ ഒരേ കാലത്ത് ഒരുമിച്ച് വരുക അപൂര്‍വമാണല്ലോ. അന്നതായിരുന്നു നില - എന്‍.വി.കൃഷ്ണവാര്യര്‍, എം.റ്റി. വാസുദേവന്‍നായര്‍, വി.എം. നായര്‍, കെ.പി. കേശവമേനോന്‍... അവരില്‍ എം.വി. കൃഷ്ണവാര്യരെപ്പറ്റി അദ്ഭുതസംഗതിയായി പറഞ്ഞിരിക്കുന്നത്, ആവശ്യമെന്ന് തോന്നിയാല്‍, അദ്ദേഹം ഏവരുടെയും ഏത്‌ കുറിപ്പും മുദ്രണത്തിനു മുമ്പ് തിരുത്തുമായിരുന്നു എന്നാണ്. ജി. ശങ്കരക്കുറിപ്പിനെപ്പോലും! ഇന്നത്തെ ഒരു പത്രാധിപരും എഡിറ്ററും അത് ചെയ്യില്ല. ഫലമോ, സഹൃദയര്‍ക്കു തനി വിഡ്ഢിത്തങ്ങള്‍ വായിക്കേണ്ടിവരുന്നു. ഭാഷ മോശമെങ്കില്‍, ആളും മുഴുപ്പും നോക്കാതെ തിരുത്തണം. പൊതു നന്മക്കുവേണ്ടിയുള്ള കൈകടത്തലാണത്. പത്രാധിപര്‍ക്കും എഡിറ്റര്‍ക്കും അതിനുള്ള ചങ്കൂറ്റമില്ലെന്നാല്‍, ഭാഷ മുടിയും. എന്തും സഹിക്കേണ്ട മഹാമനസ്കത വായനക്കാര്‍ക്കുണ്ടാവരുത്. സുകൃതത്തിനു വേണ്ടിയുള്ള തിരുത്തലും ഒരു സുകൃതമാണ്, അമിത തന്റേടമല്ല. 'ഇതിനു വേണ്ട തിരുത്തല്‍ ചെയ്തിട്ടു പ്രസിദ്ധീകരിക്കുമല്ലോ' എന്ന് മഹാകവി ജി., കൃഷ്ണവാര്യര്‍ക്ക് അടിക്കുറിപ്പ് എഴുതുമായിരുന്നു പോലും. അതാണ്‌ മഹത്ത്വം.  മഹത്തുക്കളുടെ കാലം കഴിഞ്ഞതുപോലെയുണ്ട്.

ഒരു ഭാഷ ഉണ്ടാക്കുന്ന (ഭാഷയുണ്ടാക്കുന്ന) പൊല്ലാപ്പുകൾ!

സക്കറിയാസ് നെടുങ്കനാൽ.

ഏത്‌ സമൂഹത്തിനും അതിന്റെ സ്വന്തം ഭാഷയും കടംകൊണ്ട ഭാഷകളുമുണ്ട്. അന്യഭാഷകളെ സ്വായത്തമാക്കുക അത്രയെളുപ്പമല്ല. എന്നാല്‍ ശൈശവം മുതല്‍ ശീലിച്ച ഭാഷയെ അതിന്റെ ശുദ്ധരൂപത്തില്‍ ഉപയോഗിക്കാനറിയില്ലെന്ന് വരുന്നത് എഴുത്തുകാര്‍ക്കെങ്കിലും നാണക്കേടായി തോന്നേണ്ടതാണ്. അവതാരകരായും വിധികര്‍ത്താക്കളായും പരസ്യക്കാരായും ഓരോരോ റ്റി.വി. ചാനലുകളിലൂടെ ചിലര്‍ വിളമ്പുന്ന പ്രയോഗങ്ങള്‍ കേട്ടാല്‍ ശര്‍ദ്ദിശങ്കയുണ്ടാവും. സഹികെട്ടാല്‍ റ്റി.വിക്കു മുമ്പില്‍ നിന്നെഴുന്നേറ്റു പോകാം. പക്ഷേ, നല്ല വിലകൊടുത്തു വാങ്ങി വായിക്കുന്ന കൃതികളില്‍ ഭാഷാശുദ്ധി തീരെ കുറവാണെങ്കില്‍ എന്തു ചെയ്യും? നല്ലയാശയങ്ങളുള്ള ധാരാളമെഴുത്തുകാര്‍ നമുക്കുണ്ട്. പക്ഷേ, വൃത്തിയുള്ള ഭാഷാശൈലിയുള്ളവര്‍ വളരെ വിരളം എന്ന് പറയാതെ പറ്റില്ല. ഭാഷയ്ക്ക്‌ നിലവാരം കുറയുന്നതിന്റെ കാരണങ്ങള്‍ പലതാകാം. അവയിലൊന്നു മാത്രം എടുത്തുപറയാനേ ഇവിടെ ശ്രമിക്കുന്നുള്ളൂ.

ദ്രാവിഡഭാഷകള്‍ക്ക്, പ്രത്യേകിച്ച് മലയാളത്തിന്, സംസ്കൃതത്തില്‍ നിന്ന് കിട്ടിയ ഒരു വിശിഷ്ടഗുണമാണ് സന്ധിസമാസങ്ങള്‍. സന്ധിസമാസങ്ങള്‍ക്കായി നീണ്ട അദ്ധ്യായങ്ങള്‍ തന്നെയുണ്ട്‌ സ്കൂളുകളിലെ ഭാഷാപുസ്തകങ്ങളില്‍ - മലയാളത്തിനും സംസ്കൃതത്തിനും. ഈ രണ്ട് ഭാഷകളുടെയും സൌന്ദര്യാധാരങ്ങളില്‍ (aesthetic elements) പ്രധാനമായത് അവയിലെ സരളമായ ഒഴുക്കാണ്. ഈ ഒഴുക്കില്ലാത്ത എഴുത്താണ് ഇന്നെവിടെയും വായിക്കാന്‍ കിട്ടുന്നത്. എന്തുകൊണ്ടാണ് എഴുത്തുകാരും അനുവാചകരും പെറുക്കിപ്പെറുക്കി നിരത്തിയ വാക്കുകള്‍ കണ്ട് വല്ലായ്മയനുഭവിക്കാത്തത്? ഈ ശല്യം സഹിക്കാനാവാതെ മുതിര്‍ന്നവരുടെ കൃതികള്‍ പോലും അടച്ചുവയ്ക്കേണ്ടയവസരങ്ങള്‍ എനിക്കുണ്ടാകാറുണ്ട്. അരി വറചട്ടിയിലിട്ടു ചൂടായിക്കഴിയുമ്പോള്‍, പൊട്ടിത്തെറിച്ചു പുറത്തുചാടുന്നതുപോലെയാണ് സന്ധി അത്യാവശ്യം വേണ്ടിടത്തുപോലും അതില്ലാതെ വാക്കുകള്‍ എഴുന്നുനില്‍ക്കുമ്പോള്‍ തോന്നുക. ഇക്കാര്യം പല മുന്തിയ എഴുത്തുകാരോടും പറഞ്ഞു നോക്കി. ആരുണ്ട്‌ ശ്രദ്ധിക്കാന്‍!

ഒരുപക്ഷേ, ഇംഗ്ലീഷിന്റെ സ്വാധീനംകൊണ്ടാവാം, മിക്ക മലയാളമെഴുത്തുകാരും, അനായാസം കൂട്ടിയെഴുതാവുന്ന പദങ്ങളെയും വേര്‍പെടുത്തിയേ ഉപയോഗിക്കൂ എന്ന് ശഠിക്കുന്നത്. ഭാഷാപ്രയോഗങ്ങള്‍ മാനസികാപഗ്രഥനത്തിന് ഉപാധിയാക്കുന്ന ഒരു ശാസ്ത്രം വികസിപ്പിച്ചെടുത്താല്‍ ഈ അറപ്പിനു പിന്നിലെന്താണെന്ന്‌ കണ്ടെത്താനായേക്കും. ഒന്നുറപ്പാണ്. ശ്ലഥബദ്ധമായ മനോനില ഒഴുക്കില്ലാത്ത ഭാഷയ്ക്ക്‌ കാരണമാകും. 'അബദ്ധങ്ങള്‍ നിറഞ്ഞ മസ്തിഷ്ക്കത്തില്‍ നിന്ന് സൌന്ദര്യമുള്ള വാക്കുകളുണ്ടാവില്ല' എന്ന് കെ.പി. അപ്പന്‍ പറഞ്ഞിട്ടുണ്ട്. മനോദ്ഗ്രഥനമുള്ളവന്, പ്രവൃത്തിയിലെന്നപോലെ ഭാഷയിലും അത് പ്രതിഫലിപ്പിക്കാതെ പറ്റില്ല. ഈ പരാമര്‍ശം ആരുടെയും നേര്‍ക്കുള്ള വ്യക്തിപരമായ ഒരാരോപണമല്ല, മനശാസ്ത്രപരമായ ഒരു നിഗമനം മാത്രം.

ഭംഗി മാത്രമല്ല, ആശയസ്പുടതയുംഇത്തരം അശ്രദ്ധയിലൂടെ നഷ്ടപ്പെടാം. "ഈ കുറിപ്പിലെ ഓരോ വാക്കും എഴുതുമ്പോള്‍ ആ സ്നേഹം മാത്രമാണ് വിളക്കിലെ എണ്ണപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്." ഇതെഴുതിയ എസ്. ഗോപാലകൃഷ്ണന് (ജലരേഖകള്‍‍, ഹൃദയസ്പര്‍ശിയായ ചിന്താസരണികള്‍ നിറഞ്ഞ ഒരു കൃതി) മറ്റ് പലതും പറഞ്ഞകൂട്ടത്തില്‍ ഞാനിങ്ങനെയും കുറിച്ചയച്ചു: ആകാമായിരുന്ന സന്ധികള്‍ ഈ വാക്യത്തില്‍ വിട്ടുപോയിട്ടുണ്ട്. 'വാക്കും എഴുതുമ്പോള്‍ ‍' എന്നതില്‍, എഴുതുന്നയാള്‍ എഴുന്നുനില്‍ക്കുന്നു. എന്നാല്‍, 'വാക്കുമെഴുതുമ്പോള്‍' എന്നായിരുന്നെങ്കില്‍, വാക്ക് പ്രാധമ്യം നേടിയേനെ. കൃതിയിലെ സാഹചര്യത്തില്‍ രണ്ടാമത്തേതാണ്‌ ഉത്തമം. ഒരു പക്ഷേ, ഭാഷാവബോധം മാത്രമല്ല, ഏതാണ്ടൊരു ആത്മാവബോധവുമുള്ള നിമിഷത്തിലേ വായനക്കാര്‍ക്ക് ഇപ്പറഞ്ഞത്‌ പിടികിട്ടൂ എന്ന് വന്നേയ്ക്കാം. എന്റെ പരാമര്‍ശങ്ങള്‍ ഉപകാരപ്രദമായി സ്വീകരിച്ചവരില്‍ ഒരാളാണ് എസ്. ഗോപാലകൃഷ്ണന്‍.

ഭാഷയിലെ വല്യേട്ടന്മാരുടെ രചനകളില്‍നിന്ന് ഏതാനുമുദാഹരണങ്ങള്‍. വാക്കുകളെ ഞാന്‍ പേടിച്ചുപയോഗിക്കുന്നു എന്നതിന് പകരം 'വാക്കുകള്‍ ഞാന്‍ പേടിച്ച് ഉപയോഗിക്കുന്നു' (കെ.പി.അപ്പന്‍) എന്നായാല്‍, വ്യാകരണവും പിഴച്ചെന്നു പറയാം.
പൊരുത്തം ഇല്ലെങ്കില്‍ പന്തികേട്‌ (സി.വി. വാസുദേവഭട്ടതിരി, നല്ല മലയാളം എന്ന കൃതിയില്‍). പൊരുത്തമില്ലെങ്കില്‍ എന്നെഴുതിയാല്‍ എന്തായിരുന്നു പന്തികേട്‌?
അമ്മാളു അമ്മക്ക് സഹായത്തിനു പോയതാണ് മുത്താച്ചി. (നാലുകെട്ടില്‍ എം. റ്റി. വാസുദേവന്‍ നായര്‍) അമ്മാള്വമ്മക്ക് എന്നോ അമ്മാളുവമ്മക്ക് എന്നോ ആയിരുന്നെങ്കില്‍ വ്യക്തതയേറിയേനെ.
ലോകഭാഷകളില്‍ ഒന്നിനും ആവിഷ്ക്കരിക്കാന്‍ കഴിയാത്തത് അത് ആവിഷ്ക്കരിക്കുന്നു (സുകുമാര്‍ അഴീക്കോട്, തത്ത്വമസിയില്‍). ലോകഭാഷകളിലൊന്നിനും ... ... അതാവിഷ്ക്കരിക്കുന്നു എന്നാക്കിയാലോ? ആശയം ഒന്നുകൂടി തെളിഞ്ഞു.

പൂര്‍വപശ്ചിമ സാഗരങ്ങളിലേയ്ക്ക് ഊര്‍ന്ന് ഇറങ്ങി നില്‍ക്കുന്ന ഹിമാലയം (കെ.പി.ഉദയഭാനു, കാഴ്ച്ചപ്പാടുകള്‍). ഈ വാക്യം, 'പൂര്‍വ- പശ്ചിമസാഗരങ്ങളിലേയ്ക്ക് ഊര്‍ന്നിഇറങ്ങി നില്‍ക്കുന്ന ഹിമാലയം' എന്ന് ചേരുന്ന ചിഹ്നനവും ചേര്‍ത്തെഴുതിയാലേ ശരിയാകൂ. 'പൂര്‍വ-പശ്ചിമ' എന്ന് ശ്രുംഖലയിട്ടു യോജിപ്പിച്ചാലും വാക്യം തെറ്റാണ്.
വേറേ ഒരു മാര്‍ഗവുമില്ല. എന്റെ ഉള്ളില്‍ തീയാളി (ബാലചന്ദ്രന്‍ ചുള്ളിക്കാട്). 'വേറൊരു മാര്‍ഗവുമില്ല. എന്റെയുള്ളില്‍ തീയാളി' എന്ന മാര്‍ഗമെത്രയോ മെച്ചം.
ഒറ്റ നോട്ടത്തില്‍ കണ്ടവ പെറുക്കിയെടുത്ത വാക്യങ്ങളാണിവ. ഏത്‌ പുസ്തകമെടുത്താലും ഇത്തരം പിഴകള്‍ നൂറുകണക്കിന് ഭാഷയെ വികൃതമാക്കിക്കൊണ്ട് എഴുന്നുനില്‍ക്കുന്നത് കാണാം.

'മലയാളലിപിയില്‍ എഴുതുന്നതുകൊണ്ടു മാത്രം മലയാളമാണെന്ന് പറയാന്‍ പറ്റാത്ത പാകത്തിലുള്ള ഗ്രന്ഥരചന ഇന്നാട്ടില്‍ അധികമായിവരുന്നു'വെന്ന് എം. ഗംഗാധരന്‍ (പി.കെ. ബാലകൃഷ്ണന്റെ കാവ്യകല കുമാരനാശാനിലൂടെ എന്ന കൃതിക്കുള്ള ആമുഖത്തില്‍) സങ്കടപ്പെടുമ്പോള്‍, ചിലരെങ്കിലുമിതു മനസ്സിലാക്കുന്നുണ്ടല്ലോ എന്നാശ്വസിക്കാം. പുസ്തകരൂപം മാത്രം ഒരു പ്രസിദ്ധീകരണത്തെ (പ്രസാധനത്തെ എന്നാണ് ശരി, പ്രസിദ്ധീകരിക്കുന്ന പ്രവൃത്തിയാണ്‌ പ്രസിദ്ധീകരണം. zn) പുസ്തകമാക്കില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെ നോക്കിയാല്‍, ചവറ്റുകുട്ടയിലെറിയേണ്ടവ ധാരാളം വെളിച്ചം കാണുന്നുണ്ട്. നല്ലയാശയങ്ങളുള്ളവര്‍ക്ക് അവയെ സംശുദ്ധമായ ഭാഷയില്‍ പ്രകാശിപ്പിക്കാനുള്ള വാഗ്മയം ഇല്ലാതെപോകുന്നതു സമൂഹത്തിനു വലിയ നഷ്ടമാണ്. വി.റ്റി ഭട്ടതിരിപ്പാടിന്റെയും എന്‍. എന്‍. പിള്ളയുടെയും പോലെ ഒഴുക്കും രാഗവും പ്രാസഭംഗിയുമുള്ള ഭാഷ ഇന്നെത്ര വിരളമാണ്!

Monday, 3 August 2015

അനുരഞ്ജനവും സാമൂഹ്യപാപങ്ങളും



1. ആമുഖം
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ശേഷമുള്ള സഭാചരിത്രവും ജീവിതവും പൊതുസമൂഹത്തിലേക്കുംപൊതുജീവിതത്തിലേക്കും തുറന്നുപിടിച്ച കണ്ണുകളോടെ ജീവിക്കേണ്ടï ഒരു ക്രിസ്തീയ ബാധ്യതയിലേക്ക്കടക്കുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേപ്പസിയുടെ ഈ വര്‍ത്തമാനകാലം അതിനെ കൂടുതല്‍ðതീവ്രമാക്കുകയാണ്. സഭാജീവിതത്തേയും ക്രിസ്തീയ ആത്മീയതയേയും സാമൂഹികമായ ഒരു കാഴ്ച്ചപ്പാടില്‍  നിന്ന്വീക്ഷിക്കാനുള്ള ശ്രമം സഭക്കുള്ളില്‍ തന്നെ ആന്തരീകസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതിന് ഒക്ടോബര്‍ 2014 ല്‍കടന്നുപോയ സിനഡ് സാക്ഷിയാണ്. പുരോഗമനാത്മകമായ നിലപാടുകളും നടപ്പുശീലങ്ങളില്‍ നിന്ന് മാറിചിന്തിക്കാന്‍മനസ്സുകാണിക്കാത്ത ബഹുഭൂരിപക്ഷം സഭാനേതൃത്വവും തമ്മില്‍ð ഒരു ശീതസമരം നടക്കുന്നുണ്ട്. ഈയൊരുസാഹചര്യത്തിലാണ് അനുരഞ്ജനം എന്ന കൂദാശയുടെ സാമൂഹ്യമാനം വിശകലനം ചെയ്യുന്നത് കൂടുതല്‍ðഅര്‍ത്ഥവത്താകുന്നത്.
                2012 ലെ ~ഒരു സ്ഥിതിവിവരകണക്ക് പ്രകാരം അമേരിക്കന്‍ ഐക്യനാടുകളില്‍ അനുരഞ്ജന കൂദാശയ്ക്ക്പോകുന്നവരുടെ എണ്ണം മൊത്തം  വിശ്വാസികളുടെ വെറും 2% മാത്രമാണ്. 1700 വര്‍ഷത്തോളം നരകത്തിലേയ്ക്ക്പോകാതിരിക്കാനുള്ള മുന്നൊരുക്കമായി ഭയപ്പാടോടെ കുമ്പസാരമെന്ന കൂദാശയെ കണ്ട 'പാപി'കളുടെ  എണ്ണംക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പൊതുവില്‍ മനുഷ്യരൊക്കെ അത്യാവശ്യം 'നല്ലവരാണെന്നും'കുമ്പസാരക്കൂട്ടില്‍ ചെന്നേററുപറഞ്ഞ് ഒരു പുരോഹിതനില്‍ നിന്ന് പാപമോചനം വാങ്ങാന്‍ മാത്രം ദൈവത്തിന്പൊറുക്കാനാവാത്ത തെറ്റുകളൊന്നും തങ്ങളുടെ ജീവിതത്തിലില്ലെന്നും കരുതുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുകഴിഞ്ഞു.

2. പാപം: വ്യക്തിനിഷ്ഠമായ വ്യാഖ്യാനവും ഘടനാപരമായ വ്യാഖ്യാനവും
                പത്രധര്‍മ്മത്തിന്റെ ധാര്‍മ്മികത മുന്‍നിര്‍ത്തി പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ 1974 -ല്‍ ഏതാനുംഇറ്റാലിയന്‍ പത്രപ്രവര്‍ത്തകര്‍ 636 പേരുമായി നടത്തിയ കുമ്പസാരത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തിന്റെസ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിച്ചു. അതിന്‍ പ്രകാരം അനുരഞ്ജന കൂദാശയ്ക്ക് പോകുന്ന 477 പേരില്‍ 159 പേര്‍പുരുഷന്മാരുമായിരുന്നു. അവര്‍ കുമ്പസാരിക്കുന്ന പാപങ്ങളില്‍ എണ്ണത്തിലും പ്രാധാന്യത്തിലും ഏറ്റവും മുന്‍പന്തിയില്‍ലൈംഗികതയുമായി ബന്ധപ്പെട്ട പാപങ്ങളായിരുന്നു. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍, ക്രിത്രിമ ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളുടെ ഉപയോഗം, സ്വയംഭോഗം, ലൈംഗികമായ ചിന്തകളും ഭാവനകളും... അങ്ങനെ പോകുന്നു ഈപാപത്തിന്റെ പട്ടിക. പരമ്പരാഗതമായ ഒരു ധാര്‍മിക ദൈവശാസ്ത്രത്തില്‍ നിന്ന് ഉരിത്തിരിഞ്ഞ കുമ്പസാരശീലങ്ങള്‍എത്രമാത്രം വ്യക്തിനിഷ്ഠമായ ഒരു ചട്ടക്കൂടിനുള്ളിലാണ് രൂപപ്പെട്ടിരിക്കുന്നത് എന്നതിലേയ്ക്കുള്ള ഒരു സൂചകംമാത്രമാണിത്. വ്യക്തിനിഷ്ഠമാണെന്ന് മാത്രമല്ല അത് ശരീരവിരുദ്ധവും ലോകത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതുമാണ്.
                യവനചിന്തകനായ പ്ലേറ്റോയുടെ സന്മാര്‍ഗിക വിചിന്തനങ്ങളായിരുന്നു  ക്രിസ്തീയത പിന്നീട് അതിന്റെസന്മാര്‍ഗികതയുടെ മുഖ്യധാരയായി സ്‌നാനപ്പെടുത്തി സ്വീകരിച്ചത്. ലോകം-തിന്മ, ലൈംഗികത-പാപം, പിശാച്-പ്രലോഭകന്‍  ഇങ്ങനെയുള്ള സമാന്തര ചിന്തകളായിരുന്നു കാലങ്ങളായി നമ്മുടെ  കുമ്പസാരക്കൂട്ടില്‍ മനുഷ്യര്‍ഏറ്റുപറഞ്ഞ പോയ 'ഞാന്‍ പിഴയാളി'യുടെ അന്തസത്ത. എന്നാല്‍ പാപത്തെ വ്യക്തിനിഷ്ഠമായി മാത്രംകാണാനാവില്ലായെന്നും പാപത്തിലെ ചില രൂപങ്ങള്‍ക്ക് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്നുള്ളതും ധാര്‍മ്മികദൈവശാസ്ത്രം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന പുത്തന്‍മാനമാണ്. അവയെക്കുറിച്ചാണ് പൗലോശ്ലീഹാ പറയുന്നത്, 'ഞങ്ങളുടെ യുദ്ധം ശരീരത്തിനും രക്തത്തിനും എതിരല്ല, ഈ ലോകത്തിന്റെ അധികാരികള്‍ക്കും ആധിപത്യങ്ങള്‍ക്കുംഅന്ധകാരശക്തികള്‍ക്കും വിശുദ്ധയിടത്തെ തിന്മയുടെ ശക്തികള്‍ക്കും എതിരാണ്' (എഫേ 6:12).
                'സാമൂഹ്യ ഔത്സുക്യം' എന്ന ചാക്രീയ ലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'സാമൂഹ്യ പാപം/ഘടനാപരമായ പാപം' എന്നതിനെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്: ''(ഘടനാപരമായ പാപം).... വ്യക്തിപാപത്തില്‍വേരൂന്നിയ വ്യക്തികളുടെ പാപകരമായ പ്രവര്‍ത്തികളില്‍ നിന്ന് ഉരുത്തിരിയുന്ന സാമൂഹ്യഘടനകളാണ്. അത്തരംഘടനകള്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ അവയെ നിര്‍മാര്‍ജ്ജനം ചെയ്യുക എളുപ്പമല്ല. അവ ശക്തിപ്രാപിച്ചു വികസിച്ച് മറ്റ്പാപങ്ങള്‍ക്ക് കാരണമാവുകയും വ്യക്തികളുടെ പെരുമാറ്റരീതികളെ സ്വാധീനിക്കുകയും ചെയ്യും''(36).സാമൂഹ്യപാപത്തെ  വ്യക്തികളുടെ പാപത്തിന്റെ തുടര്‍ച്ചയായി മാത്രമേ കത്തോലിക്കാ സഭാപഠനങ്ങള്‍കണക്കാക്കുന്നുള്ളൂ. എന്നാല്‍ ചില ധാര്‍മ്മീക ദൈവശാസ്ത്രജ്ഞന്മാര്‍ ഈ നിലപാടിനെ ചോദ്യം ചെയ്യുന്നുണ്ട്. വ്യക്തിയുടെ മാനസാന്തരംകൊണ്ട് മാത്രം മറികടക്കാനാവുന്നതല്ല ഘടനാപരമായ സാമൂഹ്യപാപം എന്നതിനാല്‍ തന്നെഅതിന് അതിന്റേതായ ഒരു സ്വതന്ത്ര നിലനില്‍പ്പുണ്ട് എന്നാണ് അവരുടെ വാദം. വ്യക്തികളില്‍ ആശ്രയിച്ചാണോസ്വതന്ത്രമായാണോ നിലനില്‍ക്കുന്നത് എന്നത്  അത്രകണ്ട് പ്രസക്തമല്ലെങ്കിലും സാമൂഹ്യപാപത്തെ എതിര്‍ത്ത്തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം വ്യക്തികള്‍ക്കും സമൂഹത്തിനു മുഴുവനായും ഉണ്ടെന്നുള്ളത് വളരെപ്രധാനപ്പെട്ടതാണ്.
                ഘടനാപരമായ സാമൂഹ്യപാപം പ്രവര്‍ത്തിക്കുന്നത് സംസ്‌കാരത്തിന്റെ ആചാരങ്ങളിലൂടെയും മതങ്ങളുടെഅനുഷ്ഠാനങ്ങളിലൂടെയും വ്യക്തികളുടെ ചിന്താമണ്ഡലങ്ങളിലൂടെയും രാഷ്ട്രത്തിന്റെ ഭരണതലങ്ങളിലൂടെയുംസമൂഹത്തിന്റെ നടപ്പുരീതികളിലൂടെയുമാണ്. അങ്ങനെയാണ് ആണ്‍കോയ്മ, മുതലാളിത്തം, ജാതീയത, വംശീയത,വര്‍ഗ്ഗീയത, പ്രകൃതിക്കെതിരായ നിലപാടുകള്‍ അങ്ങനെ പലതും പാപങ്ങളാവുന്നത്. അവയെ വിശദമായിപരിശോധിക്കുകയാണ് വരും ഭാഗങ്ങളില്‍.

3. 'മുതലാളിത്തം' എന്ന പാപം
                'ക്യാപിറ്റല്‍' എന്ന ഇംഗ്ലിഷ് വാക്കിന് 'മൂലധനം' എന്ന വിവര്‍ത്തനം സാധ്യമാണെങ്കിലും 'ക്യാപിറ്റലിസം' എന്നസാമ്പത്തിക വ്യവസ്ഥിതിയെ കുറിക്കാന്‍ 'മുതലാളിത്തം' എന്ന മലയാളം  വാക്ക് ദുര്‍ബലമാണ്. 'മൂലധനം' എന്നത്മിച്ചമൂല്യമാണ് (surplus value). അത്  ഭൂമിയില്‍ അദ്ധ്വാനിക്കുന്ന മനുഷ്യനെ സ്വത്ത്/ഭൂമി കൈയ്യാളുന്ന അധികാരിവര്‍ഗ്ഗംചൂഷണം ചെയ്ത് ഉണ്ടാക്കുന്നതാണ്. ഇങ്ങനെ ഒരാള്‍ കൈവശം വയ്ക്കുന്ന സ്വത്തിന് മേല്‍ അയാള്‍ക്ക് മാത്രമായിരിക്കുംപൂര്‍ണ്ണ അധികാരം.  അത്തരമൊരു സാമൂഹികവ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം പൗരന്റെ സ്വത്തിനുംസ്വാതന്ത്ര്യത്തിനും സംരക്ഷണം കൊടുക്കുന്ന 'കാവല്‍ നായ്' (watch dog) ആയിരിക്കും എന്നതാണ്.
                ഭൂമിയുടെ സ്‌ത്രോതസ്സുകള്‍ പരിമിതമാണ്. പരിമിതമായ സ്‌ത്രോതസ്സുകളെ വിവേകപൂര്‍വ്വം വിനിയോഗംചെയ്താല്‍ മാത്രമേ  എല്ലാവരുടെയും ആവശ്യപൂരണം നടക്കുകയും നാളത്തെ തലമുറയ്ക്ക് വേണ്ടി ഭൂമിസംരക്ഷിക്കപ്പെടുകയും ചെയ്യുകയുള്ളൂ. ഭൂമിയുടെ സ്‌ത്രോതസ്സുകളും ഉത്പാദനവും കുറച്ച് പേരുടെ കൈകളിലേയ്ക്ക്മാത്രമായി ഒതുങ്ങിയാല്‍ ശേഷം വരുന്ന ബഹുഭൂരിപക്ഷത്തിന് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനാവാതെ വരികയും സ്വാഭാവികമായും സ്വരുക്കൂട്ടിവച്ചിരിക്കുന്നവന്റെ 'ഔദാര്യ'ത്തില്‍  ആശ്രയിക്കേണ്ടിവരികയും ചെയ്യും.അത് സമൂഹത്തില്‍ അടിമ-ഉടമ, തൊഴിലാളി-മുതലാളി, ആശ്രിതന്‍-അധിപന്‍ എന്ന വ്യവസ്ഥിതി സൃഷ്ടിക്കും. അങ്ങനെസമ്പത്തിന്റെ ഉള്ളായ്മയും ഇല്ലായ്മയും (having and not having) മനുഷ്യര്‍ക്കിടയില്‍ അസമത്വവും സാമൂഹികഅനീതിയും അസ്വസ്ഥതകളും തല്‍ഫലമായി ഭാവിയില്‍ അക്രമാസക്തമായ വിപ്ലവങ്ങളും സൃഷ്ടിക്കും.
                സമൂഹത്തെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടുകയും വ്യക്തികളെ അടിമ-ഉടമ വ്യവസ്ഥിതിയിലേയ്ക്ക്വിട്ടുകൊടുക്കുകയും അങ്ങനെ മനുഷ്യന്‍ ചരക്കുവത്കരിക്കപ്പെടുകയും (commodification) ചെയ്യുന്ന മുതലാളിത്തം എന്നസാമ്പത്തിക വ്യവസ്ഥിതിയോടുള്ള സഭയുടെ ഔദ്യോഗികമായ നിലപാട് എന്താണ്? ഇന്നോളം കത്തോലിക്കാസഭമുതലാളിത്തത്തോട് വ്യക്തമായ നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പോപ് ലിയോ പതിമൂന്നാമന്റെ കാലംമുതല്‍ സഭ സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സഭയുടെ സാമൂഹ്യപഠനങ്ങളില്‍ രാഷ്ട്രങ്ങളെ നയിക്കേണ്ട സാമ്പത്തികവ്യവസ്ഥിതി എന്തായിരിക്കണം എന്നതില്‍ ചില മാര്‍ഗ്ഗരേഖകള്‍ കൊടുക്കാന്‍ മാര്‍പാപ്പമാര്‍ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവയൊക്കെ യൂറോപ്പ് കേന്ദ്രീകൃതമായ വ്യവസായവത്കരണത്തിന്റെ തിക്തഫലങ്ങളോടുള്ളപ്രതികരണങ്ങള്‍ മാത്രമായിരുന്നു എന്ന നീരീക്ഷണം നിലനില്‍ക്കുന്നു. ഡിയമന്‍ഡ് ഇങ്ങനെ എഴുതുന്നു, ''ആധുനികരാഷ്ട്രനിര്‍മാണത്തോടുള്ള പ്രതികരണത്തില്‍ കത്തോലിക്കാസഭ  രാഷ്ട്രീയ സ്വകാര്യവത്കരണത്തിനോടും രാഷ്ട്രത്തിന്റെസര്‍വ്വാധിപത്യത്തിനോടും എതിര്‍ത്തു നിന്നു. അങ്ങനെ 'സാമൂഹ്യ പ്രശ്‌നങ്ങ'ളോടുള്ള സമീപനത്തില്‍ അവര്‍ആഡംസ്മിത്തും കാള്‍മാക്‌സും, ലെസ്സേസ്-ഫെയറും സോഷ്യലിസവും തമ്മിലുള്ള ചേരിതിരിഞ്ഞ യുദ്ധത്തിന്റെമദ്ധ്യത്തില്‍ നിലയുറപ്പിച്ചു. ഇങ്ങനെയൊരു മദ്ധ്യമാര്‍ഗ്ഗം തിരഞ്ഞെടുത്തതുകൊണ്ടുതന്നെ കത്തോലിക്കരില്‍ലോകസാമ്പത്തിക വ്യവസ്ഥയോടുള്ള സമീപനത്തില്‍ ഉദാര സോഷ്യലിസ്റ്റുകള്‍ മുതല്‍ കോര്‍പ്പറേറ്റിസ്റ്റുകള്‍ വരെരൂപപ്പെട്ടിട്ടുണ്ട്''.
                'മദ്ധ്യമാര്‍ഗ്ഗം' സ്വീകരിക്കുന്നതുകൊണ്ടുതന്നെ സഭയ്ക്ക് ഔദ്യോഗികമായി പഠിപ്പിക്കേണ്ട സാമ്പത്തികസമീപനത്തെക്കുറിച്ച് വ്യക്തതയില്ലാതെ പോകുന്നു. ഒപ്പം തന്നെ കമ്മ്യൂണിസത്തിന്റെ നിരീശ്വരവാദത്തോടുള്ളഏറ്റുമുട്ടല്‍ കാരണം കമ്മ്യുണിസ്റ്റുകള്‍ എന്തു പറഞ്ഞാലും എതിര്‍ക്കുന്ന ഒരു അടഞ്ഞമനഃസ്ഥിതി സഭയ്ക്കുള്ളില്‍രൂപപ്പെട്ടിട്ടുണ്ട്. വ്യക്തികള്‍ക്ക് സ്വാതന്ത്ര്യവും സ്വന്തമായി സ്വത്ത് കൈയ്യാളാനുള്ള അവകാശം ഉണ്ടെന്ന് വാദിക്കുമ്പോള്‍അത് മനുഷ്യന്റെ അടിസ്ഥാന അവകാശസംരക്ഷണമായി സഭ കാണുന്നു. ഈയൊരവകാശത്തെ നിഷേധിക്കാതെ തന്നെ,എല്ലാം രാഷ്ട്രത്തിന് ഏല്‍പ്പിച്ച് കൊടുക്കാതെ തന്നെ, ആദിമ ക്രൈസ്തവ സമൂഹം മുന്നോട്ടുവച്ചപൊതുഉടമവ്യവസ്ഥിതിയെ (നടപടി 2:44) സഭ എന്തുകൊണ്ട് ഉള്‍ക്കൊള്ളാതെ പോയി എന്നതാണ് പ്രസക്തമായ ചോദ്യം.
                സാമ്പത്തികം ഒരു മൂല്യമാണ്. എന്നാല്‍ മുതലാളിത്തം എന്ന സാമ്പത്തികനയം സമൂഹത്തേയും പ്രപഞ്ചത്തിന്റെസ്‌ത്രോതസ്സുകളേയും  സമ്പാദനം എന്ന ത്വരയ്ക്കു വേണ്ടി ബലികഴിച്ചുകൊണ്ട് ഏതാനും വ്യക്തികളുടെഅനിയന്ത്രിതമായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു. ഈയൊരു സാഹചര്യത്തിലാണ് ''ദൈവത്തേയുംപണത്തേയും (മാമ്മോന്‍) ഒരുമിച്ച് സേവിക്കാന്‍ സാധ്യമല്ല.'' (ലൂക്കാ 16:13) എന്ന ക്രിസ്തുവിന്റെ പഠനം കൂടുതല്‍ഗൗരവമായ സാമ്പത്തിക വിശകലനം അര്‍ഹിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിന്റെ പ്രധാന പ്രതിപാദ്യങ്ങളിലൊന്ന്സാമ്പത്തിക പാപമാണ്. അത് ശിഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നിടത്താകട്ടെ (ലൂക്കാ 14:33), രക്ഷയെക്കുറിച്ച്പ്രതിപാദിക്കുമ്പോഴയാകട്ടെ (ലൂക്കാ 6:35; 19:9) ജീവിതതികവിനെക്കുറിച്ചുള്ള സൂചകത്തിലാകട്ടെ (ലൂക്കാ 12:13-21)ഒരാളുടെ സമ്പത്തിനോടുള്ള മനോഭാവം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. സമ്പന്നരെ വെറുംകൈയ്യോടെ പറഞ്ഞയക്കുന്ന വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കുന്ന ദൈവത്തെക്കുറിച്ച്പറഞ്ഞുതുടങ്ങുന്ന ലൂക്കാ (ലൂക്കാ 1:53), അനീതിയുടെ സമ്പാദ്യത്തെക്കുറിച്ച് പ്രവാചകപരമായി വിമര്‍ശിച്ചും (ലൂക്കാ3:11-14) സ്വന്തം നിലയ്ക്ക് സമ്പത്തുകൊണ്ട് ആശ്വസിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന സമ്പന്നര്‍ക്കെതിരെദുരിതത്തിന്റെ ദുര്‍വാര്‍ത്ത പ്രസംഗിച്ചും (ലൂക്കാ 6:24) പങ്കുവയ്ക്കപ്പെടാത്ത സമ്പത്ത് തിന്മയാണെന്ന് ഉറക്കെപ്പറഞ്ഞും(ലൂക്കാ 12:13-21, 16:19-31, 18:18-30) കൃത്യവും മൂല്യവത്തുമായ ഒരു സാമ്പത്തിക നയം വരച്ചു കാട്ടുന്നുണ്ട്. ''സമ്പന്നന്‍രക്ഷപ്രാപിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്''(മത്താ 19:24) എന്നുവരെശക്തമായ വചനങ്ങളുണ്ടായിട്ടും സാമ്പത്തികമായ ഒരു പാപത്തെക്കുറിച്ചോ ക്രിസ്ത്യാനി അനുവര്‍ത്തിക്കേണ്ടസാമ്പത്തിക ജീവിത നയത്തെക്കുറിച്ചോ സഭയ്ക്ക്  പറയാന്‍ കഴിയാതെ പോയതെന്തേ?
                മുതലാളിത്തത്തിന്റെ എല്ലാത്തരം രൂപഭാവങ്ങളേയും ഏറിയും കുറഞ്ഞും സഭ അതിന്റെ ആന്തരികഘടനയില്‍ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അപ്പോള്‍ പിന്നെ എങ്ങനെ ഘടനാപരമായ ഒരു മാറ്റം കൂടാതെ സഭയ്ക്ക് മുതലാളിത്തത്തിന്റെതിന്മകളെ വിമര്‍ശിക്കാനാകും. സഭാതനയര്‍ തന്നെ ദാരിദ്ര്യത്തിലും ദുരിതത്തിലും കഴിയുമ്പോള്‍ സഭയുടെസിരാകേന്ദ്രങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കണക്കില്ലാത്ത സമ്പത്തിന് എന്ത് ന്യായികരണമാണുള്ളത്?ആഢംബരങ്ങളിലും പ്രൗഢിയിലും ആഘോഷങ്ങളിലും അഭിരമിക്കുന്ന ധനവാനും നായ്ക്കള്‍ വൃണങ്ങള്‍നക്കിത്തുടയ്ക്കുന്ന ലാസറും തമ്മിലുള്ള അന്തരമാണ് വന്‍ പള്ളികളും പള്ളിമേടകളും മള്‍ട്ടി സ്‌പെഷ്യാലിറ്റിഹോസ്പിറ്റലുകളും റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും പണിത് മഹത്വം വിളമ്പരം ചെയ്ത് നടത്തുന്ന ആചാരങ്ങളുംഅനുഷ്ഠാനങ്ങളുംകൊണ്ട് നിറയുന്ന സഭയും ചേരികളിലും ഗ്രാമാന്തരങ്ങളിലും വഴിവക്കിലും ദുര്‍ബലരുംദരിദ്രരുമായി കഴിയുന്ന ജനതയും തമ്മിലുള്ളത്. ഉപവി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലേ എന്നു ചോദിച്ചാല്‍ നിശ്ചയമായുംഉണ്ട്. എന്നാല്‍ ക്രിസ്തീയ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് ധനവാന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷ്ണങ്ങളുടെവിലയേയുള്ളൂ. നിറവില്‍ നിന്ന് ഇറ്റിറ്റ് താഴേയ്ക്ക് വീഴിക്കുന്ന ഉപവി ( Trickledown effect).  ഉപവിക്ക്  'പങ്കുവയ്പ്പ്' എന്നകുലിനത കല്പിച്ചുകൊടുക്കാന്‍ സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെയൊന്നുമായിട്ടില്ല. അതിപ്പോഴുംസ്വീകരിക്കുന്നവന്റെ വ്യക്തിത്വത്തേയും ആത്മാഭിമാനത്തേയും തല്ലിക്കെടുത്തുന്ന 'ഔദാര്യം കാണിക്ക'ലിന്റെ തലത്തില്‍തന്നെയാണ്. അത് മുതലാളിത്തത്തിന്റെ 'സേഫ്റ്റി വാല്‍വ്' നയമാണ്. അത് സമൂഹത്തില്‍ പൊട്ടിത്തെറികള്‍ഉണ്ടാക്കാതെയും ആശ്രിതരെ സൃഷ്ടിച്ചും നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോകുന്നു.
                പരമ്പരാഗതമായി അനുരഞ്ജന കൂദാശയില്‍ സമ്പത്തുമായി ബന്ധപ്പെട്ട് വിചിന്തിനവിഷയമാക്കുന്നത് വളരെവ്യക്തിഗതമായ രണ്ട് പാപങ്ങള്‍ മാത്രമേയുള്ളൂ- മോഷണവും അഴിമതിയും. (വളരെ അപൂര്‍വ്വമായി ദാനംകൊടുക്കാതെ പോയതിനെക്കുറിച്ചുള്ള ഏറ്റുപറച്ചിലും). ഇതിലൊന്നും ഒരു വ്യക്തി അകപ്പെട്ടുപോയ  അസമത്വംനിറഞ്ഞ, ദരിദ്രരെ സൃഷ്ടിക്കുന്ന, വ്യവസ്ഥിതി ചോദ്യം ചെയ്യപ്പെടുന്നില്ല.  അങ്ങനെയൊരു വിചിന്തനത്തില്‍ മാത്രമേഒരാളുടെ രാഷ്ടീയ നിലപാടുകളും ആര്‍ഭാടപൂര്‍വ്വമായ മതാനുഷ്ഠാനങ്ങളും ദേവാലയ നിര്‍മ്മാണങ്ങളുംദൂര്‍ത്തുനിറഞ്ഞ ജീവിതരീതികളും കള്ളപ്പണത്തിന്മേല്‍ അടിക്കടി ഉയര്‍ന്ന് പൊങ്ങുന്ന കോര്‍പ്പറേറ്റുകളും മാഫിയകളുംറിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷകരുമായുള്ള കൂട്ടുകെട്ടിലെ പാപവുംതിരിച്ചറിയൂ. മുതലാളിത്തം ഒരു വലിയ പ്രലോഭനം കൂടിയാണ്. എങ്ങനെ ഒരു വ്യക്തിയെ മാര്‍ക്കറ്റില്‍എത്തിക്കണമെന്നതാണ് അതിന്റെ അടിസ്ഥാന ലക്ഷ്യം. മുതലാളിത്തം പരസ്യങ്ങളിലൂടെ നമ്മില്‍ ആവശ്യങ്ങള്‍സൃഷ്ടിച്ചെടുക്കും.  എന്നിട്ട് നമ്മെ ഒരു ഉപഭോക്താവ് മാത്രമാക്കി മാറ്റുകയും ചെയ്യും. ഉപഭോഗസംസ്‌കാരംഅങ്ങനെയാണ് അടുക്കളയ്ക്കുള്ളിലും വസ്ത്രധാരണത്തിലും ആഭരണത്തിലും വീടുകളുടെ ചാന്തുകൂട്ടുകള്‍ക്കുള്ളിലുംവിശുദ്ധിയുടെ വിശുദ്ധയിടത്തും ഒളിച്ചുകടക്കുന്നത്. അത് നമ്മെ മകുടിയൂതി ലുലുമാളിലും ഗ്രാന്റ് കേരളാ ഷോപ്പിംങ്ഫെസ്റ്റിവല്ലിലും  എത്തിക്കും.
                മതങ്ങള്‍ 'ദാരിദ്ര്യം' എന്ന സന്ന്യാസത്തിന്റെ വൃതം മൂല്യമായി ഉയര്‍ത്തിപ്പിടിച്ചാണ് മുതലാളിത്തത്തിന്റെമാര്‍ക്കറ്റ് പ്രലോഭനത്തെ മറികടക്കാന്‍ ശ്രമിക്കുന്നത്. 'ദാരിദ്ര്യം' ഒരു മൂല്യമല്ല, സന്ന്യാസത്തില്‍ ആത്മനിയന്ത്രണത്തിന്റെഉപാധി മാത്രമാണെന്ന് നാം തിരിച്ചറിയുന്നില്ല. ഇവിടെ എത്രമാത്രം പുണ്യങ്ങള്‍ പ്രസംഗിക്കപ്പെട്ടാലും പരിത്യാഗവഴികള്‍പറഞ്ഞുകൊടുത്താലും മുതലാളിത്തത്തിന്റെ വന്‍സൗധങ്ങള്‍ സഭയ്ക്കുള്ളിലും വിശ്വാസികള്‍ക്കിടയിലും ഉയര്‍ന്നുകൊണ്ടേയിരിക്കും. പ്രവാചകപരമായി നിഷേധിക്കപ്പെടേണ്ടത് മുതലാളിത്തത്തിന്റെ അടിസ്ഥാനഘടനകളാണ്.അല്ലാത്തപക്ഷം ദൈവത്തേയും മാമ്മോനെയും ഒരുമിച്ച് സേവിക്കാനാകുമെന്ന്  വരും കാലത്തും മതംതെളിയിച്ചുകൊണ്ടിരിക്കും.
                ദരിദ്രന്റെയും ചൂഷിതന്റേയും പക്ഷത്തുനിന്ന് സമ്പത്തിന്റെ വിനിയോഗത്തെയും ഒരു രാഷ്ട്രത്തിന്റെസാമ്പത്തികവ്യവസ്ഥയുടെ രൂപീകരണത്തെയും സഭയുടെ സമ്പത്തിനോടും അതിന്റെ നിക്ഷേപത്തോടുമുള്ളസമീപനത്തെയും നോക്കികാണാനാവുന്നുണ്ടോ എന്ന് അനുരഞ്ജനത്തിന്റെ പുണ്യകര്‍മ്മം നമ്മെ നിരന്തരംവെല്ലുവിളിച്ചുകൊണ്ടിരിക്കണം. വ്യക്തിപരമായ ഒരു മോഷണക്കഥയിലും അഴിമതിക്കഥയിലും മാത്രമായിഅവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളെ ചെറുക്കുന്നതില്‍ വ്യക്തിയും സഭമൊത്തമായും പരാജയമടഞ്ഞത് തിരിച്ചറിയണം. അല്ലാതെ ഏ.സി റൂമിന്റെ സുഖശീതളിമയിലിരുന്ന് വിശന്നുവലയുന്നകോടാനുകോടി ജനങ്ങള്‍ക്കുവേണ്ടി ഒരു നേരം ഉപവസിച്ചാല്‍ തീരുന്നതല്ല മുതലാളിത്തം എന്ന പാപത്തിനുള്ളപ്രായശ്ചിത്തം. മനോഭാവങ്ങളും തിരഞ്ഞെടുപ്പുകളും ദരിദ്രനു വേണ്ടിയായിരിക്കുക, ദരിദ്രനോടൊപ്പമായിരിക്കുക(Option for the poor and option with the poor).

4. ജാതീയത/വംശീയത എന്ന പാപം
                സമൂഹ ജീവിതത്തോടുള്ള മൊത്തമായ സമീപനത്തില്‍ ജാതി-വര്‍ണ്ണ-വര്‍ഗ്ഗ വിവേചന ചിന്ത എത്രകണ്ട്പാപകരമാെന്നുള്ള ഗൗരവപൂര്‍ണ്ണമായ ഒരു വിചിന്തനം സഭയ്ക്കുള്ളില്‍ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. സഭ അതിന്റെതുടക്കം മുതല്‍ നേരിടേണ്ടി വന്ന പാപകരമായ ഒരു സാമൂഹ്യതിന്മയായിരുന്നു വംശീയത/ജാതീയത. ആദ്യത്തെസൂനഹദോസായ ജറുസലേം സൂനഹദോസ് അപ്പസ്‌തോലന്മാരുടെ കാലത്ത് തന്നെ  വിളിച്ച്  കൂട്ടപ്പെടുന്നത് തെറ്റായ ഈസാമൂഹ്യചിന്തയ്ക്ക് സഭയ്ക്കുള്ളില്‍ എത്രമാത്രം നിലനില്‍പ്പുണ്ട് എന്ന തീരുമാനത്തിലെത്താനായിരുന്നു (നടപടി 15:1-35).
                ജന്മം കൊണ്ടാണ് ഒരാള്‍ യഹൂദനാകുന്നത്. അപൂര്‍വ്വമായി മാത്രം യഹൂദരാകാന്‍ ആഗ്രഹിക്കുന്നവരെപരിഛേദനകര്‍മ്മം നടത്തി യഹൂദവംശത്തിലേയ്ക്ക് ചേര്‍ത്തിരുന്നു. ക്രിസ്തീയ മതം അന്ത്യോക്യ പോലുള്ളവിജാതീയയിടങ്ങളില്‍ പ്രചരിച്ചപ്പോള്‍ ക്രിസ്ത്യാനിയായിത്തീരാന്‍ ഒരാള്‍ അയാളുടെ ജാതി/വംശം മാറണമോ എന്നപ്രശ്‌നം ഉദയംചെയ്തു. യഹൂദവംശമാണ് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട  ഉന്നതവംശം എന്ന വംശീയ/ജാതീയ ചിന്തമനസ്സില്‍ കൊണ്ടുനടന്നിരുന്ന ജറുസലേം ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനിയായി തീരുന്ന ഏതൊരുവനും മിശിഖായായക്രിസ്തു യഹൂദനായിരുന്നതുപോലെ യഹൂദനായി തീരണം എന്ന് നിഷ്‌കര്‍ഷിച്ചു. എന്നാല്‍ 'വിജാതിയരുടെഅപ്പസ്‌തോല'നായി സ്വയം അറിയപ്പെടാന്‍ ആഗ്രഹിച്ച പൗലോസും കൂട്ടരും ഈ ജാതി ചിന്തയെ ശക്തമായി എതിര്‍ത്തു.ക്രിസ്ത്യാനിയായി തീരാന്‍ വിജാതിയനായ ഒരാള്‍ പരിഛേദനകര്‍മ്മം നടത്തി ജാതിമാറേണ്ടതില്ലെന്ന വ്യക്തമായതീരുമാനത്തിലാണ് ജറുസലേം സൂനഹദോസ് അവസാനിക്കുന്നത്. യാക്കോബും പത്രോസും പോലും അടിപ്പെട്ടുപോകുന്ന ജാതിചിന്തയെ പൗലോസ് ശക്തമായ ഭാഷയില്‍ കാപട്യമെന്ന് മുദ്രകുത്തി വിമര്‍ശിക്കുന്നുണ്ട് (ഗലാ 2:11-14).ക്രിസ്തീയത ജാതിവേര്‍തിരിവുകളെ അതിലംഘിച്ചുനില്‍ക്കുന്ന ഒരു ജീവിത ശൈലിയാണെന്ന് പൗലോസ് സ്ഥാപിക്കുന്നു(റോമ 2: 28-29).
                യഹൂദ വംശീയചിന്ത മനസ്സില്‍ സൂക്ഷിച്ച ജെറുസലേം ക്രിസ്തീയത (Jerusalem version of Christianity) റോമന്‍ യഹൂദമതപീഡനത്തില്‍ ചിതറിക്കപ്പെട്ട് സിറിയന്‍ പ്രവശ്യകളില്‍ ചേക്കേറി. ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയെന്നോണമാണ്കേരളത്തിലെ സിറിയന്‍ സഭകളെയും കാണേണ്ടത്. സിറിയന്‍ പാരമ്പര്യം പുറത്ത് നിന്നുള്ള ജാതികളെഉള്‍ക്കൊള്ളുന്നതില്‍ വിമുഖത കാണിച്ച ഒരു  ജാതിയ ക്രിസ്തീയതയായി (Caste Christianity) നിലകൊള്ളാനാണ് താത്പര്യംകാണിച്ചത്. അതുകൊണ്ട് 17/18 നൂറ്റാണ്ടുകളോളം കേരളത്തിലെ സിറിയന്‍ സഭകള്‍ പ്രേക്ഷിത സ്വഭാവം (Missionary nature)കാണിക്കാത്ത അടഞ്ഞ സമൂഹമായി നിലകൊണ്ടത്.
                ഇവിടുത്തെ സിറിയന്‍ സഭകളുടെ ജാതിചിന്തയ്ക്ക് മേല്‍ പ്രഹരമേല്‍ക്കുന്നത് കോളനി വാഴ്ച്ചയോടുകൂടിസംഭവിച്ച പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടിയാണ്. അന്യജാതികളെ പ്രത്യേകിച്ച് താഴ്ന്നജാതികളെന്ന്കണക്കാക്കിയിരുന്നവരെ ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് സ്വീകരിക്കാന്‍ വൈമുഖ്യം കാണിച്ചിരുന്ന മാര്‍ത്തോമാ-സുറിയാനി സഭകള്‍ പാശ്ചാത്യരുടെ സിറിയന്‍ സഭകളുടെ ജാതീയ സ്വഭാവത്തിന് നേരെയുള്ള വിമര്‍ശനത്തെ ആദ്യംനേരിട്ടത് മാര്‍ത്തോമാ ശ്ലീഹാ  പ്രാദേശിയരായവരെ ജ്ഞാനസ്‌നാനം നടത്തിയാണ് ഭാരതത്തില്‍ സഭ സ്ഥാപിച്ചത് എന്നകഥകളുടെ പ്രചാരണത്തിലൂടെയാണ്. അപ്പോഴും അത്തരത്തില്‍ മാനസാന്തരപ്പെട്ടവര്‍ ജാതീയമായിയുര്‍ന്നസമൂഹത്തിന്റെ മേല്‍ത്തട്ടിലെ ബ്രാഹ്മണരായിരുന്നു എന്ന് പറയുന്നതില്‍ അവര്‍ അഭിമാനം കണ്ടെത്തി. (ചരിത്രപരമായികേരളത്തില്‍ ബ്രാഹ്മണ ആധിപത്യം ഉണ്ടാകുന്നത് 7/8 C.E. ല്‍ ആണെന്നുള്ള വസ്തുതയുമായി അത്തരം കഥകള്‍ക്ക്വൈരുദ്ധ്യമുണ്ടെന്നത് അവര്‍ കാണാതെ പോയി).
                പക്ഷേ ചില വാദഗതികൊണ്ട് മാത്രം  നേരിടാനാവുന്നതായിരുന്നില്ല പാശ്ചാത്യമിഷന്‍പ്രവര്‍ത്തനം ഇവിടെതുടങ്ങിവെച്ച ക്രിസ്തീയ മുന്നേറ്റം. സുറിയാനി സഭകള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ തന്നെ ജാതീയമായി ഉയര്‍ന്നവരോസിറിയന്‍ പാരമ്പര്യം പേറുന്നവരോ അല്ലാത്തവരെ ക്രിസ്തീയതയിലേയ്ക്ക് ഉള്‍ച്ചേര്‍ക്കാന്‍ സമാന്തര ലത്തീന്‍ സഭകള്‍രൂപികരിക്കേണ്ടിവന്നു. അത് സിറിയന്‍ സഭകള്‍ക്ക് ശക്തമായ ഒരു വെല്ലുവിളിയായി. അതിനെ മറികടക്കാന്‍ സിറിയന്‍സഭ പ്രേക്ഷിതദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. അപ്പോഴും അത് പ്രതീക്ഷിച്ചതില്‍ കൂടതല്‍ ജാതീയവിവേചനപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സിറിയന്‍ സഭകളില്‍ മാനസാന്തരപ്പെട്ട് എത്തിയ ജാതീയമായി താഴ്ന്നവര്‍ 'പുതുക്രിസ്ത്യാനികള്‍', 'മാര്‍ഗ്ഗം കൂടികള്‍', 'പുല ക്രിസ്ത്യാനികള്‍' എന്നിങ്ങനെയുള്ള ജാതീയ അവഹേളനങ്ങള്‍ നിറഞ്ഞ വിളിപ്പേരുകളില്‍അറിയപ്പെടാന്‍ തുടങ്ങി. സഭയ്ക്കുള്ളില്‍ അവര്‍ നേരിട്ട വിവേചനങ്ങള്‍ ക്രിസ്തീയതയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യംചെയ്യുന്നവയായിരുന്നു. അവര്‍ക്കുവേണ്ടി 'പുലയപ്പള്ളി'കളും 'പുലയ സെമിത്തേരി'കളും പണിയപ്പെട്ടു.വൈദികവൃത്തിയിലേയ്ക്കും സഭാനേതൃത്വത്തിലേയ്ക്കും അവര്‍ കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടില്ല.ജാതീയമായി സ്വയം ഉയര്‍ന്നവരായി കരുതിയ സുറിയാനികള്‍ അവരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടില്ല. ജാതിപ്രശ്‌നങ്ങള്‍ പരസ്യമായ ഏറ്റുമുട്ടലുകളിലേയ്ക്ക് സഭയ്ക്കുള്ളില്‍ നീങ്ങിയപ്പോള്‍ മതപരിവര്‍ത്തനമെന്നപ്രേക്ഷിതമുന്നേറ്റം കേരളത്തിനുള്ളില്‍ സിറിയന്‍ സഭകള്‍ സാവകാശം ഉപേക്ഷിക്കുകയാണുണ്ടായത്. ഇപ്പോള്‍ ആപ്രേക്ഷിത ദൗത്യം ജാതീയമായ സിറിയന്‍ പാരമ്പര്യം നിലനില്‍ക്കാത്ത കേരളത്തിനു വെളിയിലുള്ള ഇടങ്ങളിലാണ്.ഇപ്പോഴും സിറിയന്‍ സഭകള്‍ക്കുള്ളില്‍ ഒരു പ്രത്യേക വിഭാഗം ഔദ്യോഗിക സഭാ അംഗീകാരത്തോടെ തന്നെ ഈ ജാതീയതകൃത്യമായി അനുഷ്ഠിക്കുന്നു എന്നതാണ് അതില്‍ തന്നെ ഏറ്റവും കൗതുകകരമായിട്ടുള്ള വസ്തുത.
                കത്തോലിക്കാ സഭയുടെ ഭാഗത്ത് നിന്ന് വര്‍ണ്ണ-വര്‍ഗ്ഗ-ജാതിവിവേചനങ്ങള്‍ക്കെതിരെ വ്യത്യസ്തമായ പഠനങ്ങള്‍ഉണ്ടായിട്ടുണ്ടെങ്കിലും സഭ ഇന്നോളം ഇത്തരം വിവേചനത്തെ 'പാപം' എന്ന  വര്‍ഗ്ഗീകരണത്തില്‍ നിര്‍വ്വചിച്ചിട്ടില്ല, 2010ഒക്‌ടോബറില്‍ ഇന്ത്യയില്‍ കൂടിയ World Council of Churches (WCC) ന്റെ ഭാഗത്തു നിന്നാണ് ആദ്യമായി അത്തരം ~ഒരുനീക്കമുണ്ടായത്.  WCC യുടെ ഡല്‍ഹി സമ്മേളനം പുറപ്പെടുവിച്ച പൊതുവിജ്ഞാപനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ''....്യൂഞങ്ങള്‍ പുരമുകളില്‍ നിന്ന് ഉത്‌ഘോഷിക്കുന്നു, 'ആര്‍ക്കും ക്രിസ്തുവിനെയും ജാതിവ്യവസ്ഥയേയും ഒരുമിച്ച്സേവിക്കാന്‍ സാധ്യമല്ല.' ജാതിജ്വരം ബാധിച്ച ഈ ലോകത്തില്‍  ക്രിസ്തുവിനെ സേവിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന്ഞങ്ങള്‍ ഏറ്റുപറയുന്നു.... ജാതിവ്യവസ്ഥ എന്ന പാപത്തിലുള്ള ഞങ്ങളുടെ ഉത്തരവാദിത്വവും ദൈവനീതിയുടെപുന:സ്ഥിരീകരണവും ജാതി വ്യവസ്ഥയുടെ ഭാരത്താല്‍ തകര്‍ക്കപ്പെട്ടുപോയവരോടുള്ള ഐക്യദാര്‍ഢ്യവുംഇതോടൊപ്പം ഞങ്ങള്‍ ഏറ്റുപറയുന്നു.'' ഈ പ്രഖ്യാപനത്തോടൊപ്പം വിജ്ഞാപനം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു, ''സകലമനുഷ്യര്‍ക്കും ജീവന്റെ സമൃദ്ധിയുണ്ടാകാന്‍ പ്രവര്‍ത്തനനിരതനായ നീതിയുടെ ദൈവത്തിലുള്ള വിശ്വാസം ഞങ്ങള്‍ഊന്നിപ്പറയുന്നു. അത് ജാതിവ്യവസ്ഥയെ പാപവും ദൈവദൂഷണവും ദൈവത്തിനെതിരായ വെല്ലുവിളിയുമായിപേര്‍വിളിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നു.''
                സഭ പലപ്പോഴും കൂട്ടാളിയായി മാറിയിട്ടുള്ള വര്‍ണ്ണവിവേചനവും ജാതിവ്യവസ്ഥയും എങ്ങനെഅനുരഞ്ജനമെന്ന കൂദാശയോട് ചേര്‍ത്ത് വായിക്കണമെന്നുള്ളതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം.വിവേചനങ്ങളും ഭിന്നിപ്പുകളും നിലനില്‍ക്കുന്നിടത്ത് ക്രിസ്തുവിന്റെ സഭ എന്നൊരു സങ്കല്‍പ്പം തന്നെ നിലനില്‍ക്കുന്നില്ലഎന്ന്  പൗലോശ്ലീഹാ പറയുന്നുണ്ട് (1 കൊറി 11: 17-18). ഒരുമയിലേയ്ക്ക് അനുരഞ്ജനപ്പെടാത്ത ഒരു കൂട്ടായ്മക്രിസ്തീയമല്ല. അത്തരം സമൂഹങ്ങളുടെ ബലികളടക്കമുള്ള കൂദാശകള്‍ വെറും അനുഷ്ഠാനപരമായി മാത്രംനിലനില്‍ക്കുന്നതാണ്. അങ്ങനെയെങ്കില്‍ ഇത്തരം പാപങ്ങളെ വ്യക്തിഗതമായ അനുരഞ്ജനത്തിന്റെബാഹ്യാവിഷ്‌കരണമായ കുമ്പസാരക്കൂടുകളിലേക്ക് മാത്രം ഒതുക്കി പരിഹാരം ചെയ്യാനാവുന്നതല്ല. ഇവിടെയാണ് സഭഒരു സമൂഹമെന്ന നിലയില്‍ അനുരഞ്ജന കൂദാശയുടെ ഭാഗമാകേണ്ടതിന്റെ പ്രസക്തി. കുരിശുയുദ്ധങ്ങള്‍ക്ക്ലോകമനസ്സാക്ഷിയോട് മാപ്പുചോദിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പാരമ്പര്യം സഭാനേതൃത്വം  തുടര്‍ന്ന്കൊണ്ടുപോകേണ്ടതുണ്ട്. സത്യം പഠിപ്പിക്കുക മാത്രമല്ല, സഭയുടെ പരമാദ്ധ്യക്ഷന്‍ എന്ന നിലയില്‍ സഭയ്ക്കുവന്നുപോയിട്ടുള്ള തെറ്റുകള്‍ ലോകമനസ്സാക്ഷിയുടെ കുമ്പസാരക്കൂട്ടില്‍ ഏറ്റുപറഞ്ഞ് പാപമോചനം നേടേണ്ടതുമുണ്ട്.അങ്ങനെ സഭ ഒരു സമൂഹമെന്ന നിലയില്‍ അനുരഞ്ജന കൂദാശയില്‍ വിമലീകരിക്കപ്പെടണം.
                ആഫ്രിക്കന്‍ കോളനിവത്കരണ കാലം മുതല്‍ നടന്ന കറുത്തവര്‍ഗ്ഗക്കരോടുള്ള വെളുത്തവന്റെവര്‍ണ്ണവിവേചനത്തില്‍ സഭ കൂട്ടാളിയായിട്ടുണ്ടെങ്കില്‍, കറുത്തവന് ആത്മാവില്ലെന്ന് പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, അത്തരംചരിത്ര പാപങ്ങള്‍ ഇനി എന്നാണ് തിരുത്തപ്പെടുക? ദളിതന്‍ സഭയ്ക്കുള്ളില്‍ അനുഭവിച്ച വിവേചനത്തിന്റെ പാപഭാരംആരാണ് ഏറ്റെടുക്കുക? സ്വന്തം സമുദായത്തിലേയ്ക്ക് മറ്റ് സമുദായക്കാരെ  സ്വീകരിക്കാത്തതിലെ വംശീയതയ്ക്ക്ആരാണ് ഉത്തരം കൊടുക്കുക? വ്യക്തിഗതമായി മുന്നോട്ടെങ്കിലും മനോഭാവങ്ങള്‍ ശുദ്ധിവരുത്തി നിര്‍ത്തേണ്ടതുണ്ട്.സഭയ്ക്കുള്ളില്‍ ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ക്കപ്പുറം വിവാഹബന്ധങ്ങള്‍ ഉണ്ടായിവരാന്‍ പ്രോത്സാഹനംകൊടുക്കേണ്ടതുണ്ട്. പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് സാമുദായിക-ജാതീയ ചിന്തകള്‍ വരും തലമുറയ്ക്ക് പകര്‍ന്ന്കൊടുക്കാതിരിക്കേണ്ടതുണ്ട്.

5. ആണ്‍കോയ്മ എന്ന പാപം
                ക്രിസ്തീയ നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന വചനമാണ് ഉല്‍പ്പത്തിപ്പുസ്തകത്തില്‍ സൃഷ്ടിയുടെ കഥയില്‍പരാമര്‍ശിച്ചിരിക്കുന്നത്. ''ദൈവം മനുഷ്യരെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായിഅവരെ സൃഷ്ടിച്ചു''(ഉല്‍പ്പത്തി 1:27). സ്ത്രീയും പുരുഷനും ~ഒരേ രീതിയില്‍ ദൈവികഛായയുടെപ്രതിരൂപങ്ങളായിരിക്കുകയും ദൈവികപദ്ധതിയില്‍ സമത്വത്തോടെ പങ്കാളികളായി വര്‍ത്തിക്കുകയുംചെയ്യേണ്ടിയിരുന്ന സമൂഹത്തില്‍ സ്ത്രീ  പരമ്പരാഗതമായി രണ്ടാം തരക്കാരിയും പുരുഷന് വിധേയപ്പെട്ട്ജീവിക്കേണ്ടവളുമായി കണക്കാക്കപ്പെടുകയാണുണ്ടായത്. ആണ്‍കോയ്മയുടെ ഈ വിവേചന ശൈലിയെഊട്ടിയുറപ്പിക്കുന്നതില്‍ മതം നിര്‍ണ്ണായകമായ ഭാഗം  വഹിച്ചിട്ടുണ്ട്. പുരുഷമേധാവിത്വമാണ് മതത്തിലുംസമൂഹത്തിലും കുടുംബത്തിലും ദൈവനിശ്ചിതമായ സ്വാഭാവിക നിയമമെന്ന് മതങ്ങള്‍ പരമ്പരാഗതമായി വിശ്വസിച്ചു.മാത്രമല്ല, വിശുദ്ധി-അശുദ്ധി വേര്‍തിരിവില്‍ സ്ത്രീകള്‍ വിശുദ്ധയിടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. അശുദ്ധിപലപ്പോഴും സ്ത്രീയുടെ ശരീരത്തോടു ചേര്‍ത്താണ് മതങ്ങള്‍ വായിച്ചെടുത്തത്. അതുകൊണ്ടുതന്നെ മതപരമായ എല്ലാഅനുഷ്ഠാനങ്ങളുടെയും കാര്‍മ്മികത്വത്തില്‍ നിന്ന് അവള്‍ അകറ്റി നിര്‍ത്തപ്പെടുകയും അനുഷ്ഠാനമതത്തിന്റെകാഴ്ചക്കാരിയാവുകയും ചെയ്തു. എന്തിനേറെ ദൈവം പോലും പുരുഷനാണ് എന്ന സങ്കല്പത്തിലാണ് സെമറ്റിക്മതങ്ങള്‍ രൂപപ്പെട്ടത്.
                 സമൂഹത്തിലും കുടുംബത്തിലും മതത്തിലും ലൈംഗികതയുടെ പേരില്‍ സ്ത്രീ അനുഭവിക്കേണ്ടിവരുന്നതരംതാഴ്ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും ആര് ഉത്തരവാദിത്വം ഏറ്റെടുക്കും? നേരിട്ടുള്ള ഉത്തരവാദിത്വംതലമുറകളിലൂടെ രൂപപ്പെട്ടുവന്ന യാഥാസ്ഥിതികമായ സമൂഹമനസ്സാക്ഷിയുടേതാണെങ്കിലും സ്ത്രീകളോടുള്ളവിവേചനം നിലനിര്‍ത്തികൊണ്ടുപോകുന്നതില്‍ ഓരോ വ്യക്തിക്കും അവരുടേതായ ഭാഗഭാഗിത്വമുണ്ട്.കുടുംബത്തിനുള്ളില്‍  സ്ത്രീയ്ക്ക് എത്രമാത്രം അഭിപ്രായ സ്വാതന്ത്യവും തീരുമാനമെടുത്ത് നടപ്പിലാക്കുവാനുള്ളഅവകാശ-അവസര സമത്വവും ലഭിക്കുന്നുവെന്നത് ഗൃഹസ്ഥനായ ഓരോ പുരുഷനും  വിലയിരുത്തേണ്ടതാണ്.മതത്തിനുള്ളില്‍ സ്ത്രീ അനുഭവിക്കുന്ന വിവേചനത്തിനും ഭ്രഷ്ടിനും കാരണം പുരുഷകേന്ദ്രീകൃത മതനേതൃത്വവും അകറ്റിനിര്‍ത്തപ്പെടുന്നതില്‍ ആത്മസംതൃപ്തിയടയുന്ന സ്ത്രീയുടെ അടിമ മനസ്സുമല്ലാതെ മറ്റെന്താണ്? പൊതുവിടങ്ങളില്‍നിന്നുംനേതൃനിരയില്‍നിന്നും താക്കോല്‍സ്ഥാനങ്ങളില്‍നിന്നും സ്ത്രീ അകറ്റിനിര്‍ത്തപ്പെടുന്നതിന്റെ ഉത്തരവാദിത്വംസംസ്‌കാരത്തിന് മാത്രം ഏല്‍പ്പിച്ചുകൊടുത്ത് നമുക്ക് ഒഴിവായി നില്‍ക്കാനാവില്ല. സംസ്‌കാരം രൂപപ്പെടുന്നതുംമുന്നോട്ടു നിലനിര്‍ത്തപ്പെടുന്നതും വ്യക്തികളിലൂടെയാണ്.
                ആണ്‍കോയ്മയും സ്ത്രീവിവേചനവും ഒരു സാമൂഹ്യ അപക്വതയായിട്ടല്ല സാമൂഹ്യപാപമായിട്ടാണ്കണക്കാക്കപ്പെടേണ്ടത്. ഒരാളുടെ ജന്മത്തിന്റെ പേരില്‍ അയാളോട് വിവേചനം കാണിക്കുന്ന ഈ തെറ്റിനെ മാരകപാപങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുപോലും അഭിലഷണീയമായിരിക്കും. സഭയുടേയും സമൂഹത്തിന്റേയുംഘടനയും ചരിത്രവും രൂപീകരിക്കുന്നതില്‍പോലും  സ്ത്രീയോടുള്ള സമീപനം എത്ര പ്രധാനപ്പെട്ടതാണെന്ന്സൂചിപ്പിക്കുന്നതാണ് ബനഡിക്റ്റ് മാര്‍പാപ്പയുടെ വാക്കുകള്‍: ''അനേകം സ്ത്രീകളുടെ ഉദാരമായപിന്‍ബലമില്ലായിരുന്നെങ്കില്‍ ക്രിസ്തീയതയുടെ ചരിത്രം രൂപപ്പെടുന്നതില്‍ വളരെ വ്യത്യസ്തമായ ഒരു പരിണാമവഴിഉണ്ടാകുമായിരുന്നു''. (Catholic News Service, 14/2/ 2007, www.catholicnews.com/data/stories/cns/0700878.htm) സ്ത്രീയ്ക്ക്ചരിത്രത്തിന്റെ ഒഴുക്കുകളെ നിയന്ത്രിക്കാന്‍ ആകുമായിരുന്നെങ്കില്‍ പുരുഷന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെട്ടസമൂഹത്തിന്റെയും സഭയുടേയും ഇന്നത്തെ ചരിത്രം തികച്ചും വക്രീകരിക്കപ്പെട്ട പുരുഷവ്യാഖ്യാനിത ചരിത്രമാണെന്ന്സമ്മതിക്കേണ്ടി വരും.
                കാര്യങ്ങളെ പൊതുവില്‍ പറഞ്ഞുപോകാതെ അനുരഞ്ജന കൂദാശയുടെ പരിസരത്തില്‍ വ്യക്തവുംസ്പഷ്ടവുമായി മനസ്സിലാക്കി പശ്ചാത്താപത്തിലേയ്ക്കും പരിഹാരത്തിലേയ്ക്കും നയിക്കണമെങ്കില്‍ കാര്യങ്ങളെഉദാഹരണ സഹിതം വിവരിക്കേണ്ടിവരും. 90% ത്തിലേറെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം സ്വീകരിക്കുന്ന, ഏറെ സ്ത്രീകള്‍ശമ്പളമുള്ള ഉദ്യോഗം ചെയ്യുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. ഒപ്പം നമ്മുടെ സ്ത്രീകള്‍ അടക്കൊതുക്കമുള്ളകുലീനകളാണെന്ന പുറംമോടിയുണ്ട്. ഒരു നിസ്സാരകാര്യം തന്നെയെടുക്കുക - കേരളത്തിലെ ബസ്സ് യാത്രകള്‍. സ്ത്രീകള്‍ബസ്സിന്റെ മുന്‍ഭാഗത്ത് തിങ്ങി നിറഞ്ഞ് നിന്നാലും പിന്നിലെ ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പടത്തില്‍ ഇരിക്കാന്‍ധൈര്യപ്പെടാറില്ല. മറ്റൊരു പുരുഷനോടൊപ്പം ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട.  അമ്മയുംപെങ്ങന്മാരും കുടുംബനാഥനോടും ആണ്‍മക്കളോടുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന/അനുവദിക്കാത്തക്രിസ്തീയ ഭവനങ്ങള്‍ ഇപ്പോഴും എത്രയുണ്ട്? അതിഥികള്‍ വീട്ടില്‍ വന്നാല്‍ കതകിന്റെ പിന്നില്‍ നിന്ന് തലകാണിച്ച്വെളുക്കെ ചിരിച്ച് അടുക്കളയിലേയ്ക്ക് മടങ്ങുന്നവര്‍. സ്ത്രീയായി പോയതിന്റെ പേരില്‍ മാത്രം മദ്യപിച്ചെത്തുന്നഭര്‍ത്താവിന്റെ അടിയേല്‍ക്കേണ്ടി വരുന്നവള്‍. രാവിലെ ഒരുമിച്ച് ജോലിക്കു പോകുന്ന ഭാര്യയും ഭര്‍ത്താവുംവൈകുന്നേരം ഒരുമിച്ച് മടങ്ങിയെത്തിയാല്‍ പുരുഷന്‍ സാവകാശം പത്രവായന, റ്റി.വി. കാണല്‍, ചന്തചുറ്റല്‍, വാചകമടി-മദ്യസേവ എന്നിവയിലേയ്ക്ക് നീങ്ങുമ്പോള്‍ സ്ത്രീ ഇനിയും ചെയ്തു തീര്‍ക്കേണ്ട ഒരു മുഴുദിനത്തിന്റെവീട്ടുവേലയെക്കുറിച്ച് വേവലാതിപ്പെട്ട് ഒരു കൈത്തുണയില്ലാതെ പാചകം, അലക്ക്, വൃത്തിയാക്കല്‍, കുഞ്ഞുങ്ങളുടെപഠനകാര്യങ്ങള്‍  എന്നിവയ്ക്കു പിന്നാലെ പരക്കം പായുന്നു. ബാഹ്യസഞ്ചാരത്തിന് പുരുഷന് 24 മണിക്കൂര്‍, സ്ത്രീയ്ക്ക്പകല്‍വെളിച്ചം വീഴുന്ന 12 മണിക്കൂര്‍ മാത്രം.  പെണ്‍മക്കള്‍ക്ക് മാതാപിതാക്കളുടെ അവകാശംപിന്തുടര്‍ച്ചാവകാശത്തിലൂടെ നിലവില്‍ വന്നെങ്കിലും സ്ത്രീകള്‍ക്ക് സ്വത്തിന്റെ തുല്യ ഓഹരി കൊടുക്കുന്ന ക്രിസ്തീയകുടുംബങ്ങള്‍ എത്രയുണ്ട്?! അതിന് പകരം സ്ത്രീധനവ്യവസ്ഥയിലൂടെ പെണ്ണിന് വിലയിട്ട് അവളെ ചരക്കാക്കുന്നവ്യവസ്ഥിതിയ്ക്ക് ഇന്നും നമ്മുടെ വിശ്വാസസമൂഹം കൂട്ടുനില്‍ക്കുകയല്ലേ?  ഭാര്യയ്ക്ക് അവകാശപ്പെട്ട സ്വത്ത്രേഖാമൂലം അവളുടെ പേരിലെഴുതിയിരിക്കുന്ന എത്ര ഭര്‍ത്താക്കന്മാരുണ്ട്? നമ്മുടെ ആരാധനാലയങ്ങളിലുംപ്രാര്‍ത്ഥനക്കൂട്ടായ്മകളിലും 80% സാന്നിദ്ധ്യവും സ്ത്രീകളുടേതായിരിക്കുമ്പോഴും അവയുടെയൊക്കെ നേതൃത്വം ഇന്നുംപുരുഷകരങ്ങളില്‍ തന്നെയാണ്.  ചാരിത്രമെന്ന പുണ്യത്തെ സ്ത്രീക്കുമേലുള്ള നിയന്ത്രണച്ചരടാക്കുകയും പുരുഷന്റെചാരിത്രത്തിന് അത്രകണ്ട് പ്രാധാന്യം കല്പിക്കുകയും ചെയ്യാത്ത ഒരു സമൂഹമനസ്സുകൂടി നാം കൊണ്ടുനടക്കുന്നുണ്ട്.വിവാഹത്തിനുമുമ്പ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് നഷ്ടമാകുന്നത് അവളുടെ ചാരിത്രംമാത്രമല്ല, ജീവിതം കൂടിയാണ്. എന്നാല്‍ ഏത് കുത്തഴിഞ്ഞ ജീവിതത്തിന് ശേഷവും പുരുഷന് എല്ലാം പുതുതായിആരംഭിക്കാന്‍ സമൂഹം അവസരം കൊടുക്കുന്നുണ്ട്, അപ്പോഴും പുരുഷന് 'ചാരിത്രശുദ്ധിയുള്ള' പെണ്ണിനെ വേണമെന്ന്മാത്രം.
                വേര്‍തിരിവിന്റെയും അവസരനിഷേധത്തിന്റെയും അപമാനവീകരണത്തിന്റെയും സ്ത്രീവിരുദ്ധപാപങ്ങളാണ് ആണ്‍കോയ്മ ചെയ്തിട്ടുള്ളത്. അതിന് സഭ ഒരു സമൂഹമെന്ന നിലയിലും വ്യക്തികള്‍ സ്വന്തമായുംമനോഭാവങ്ങളെ പരിശോധിക്കുകയും നിലപാടുകളെ തിരുത്തുകയും ഇരയാക്കപ്പെട്ടവരോട് കാരുണ്യത്തോടെവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. വൈയക്തികവും മതപരവും രാഷ്ട്രീയവും സാമൂഹ്യപരവുമായ ആവശ്യങ്ങള്‍സ്ഥാപിച്ചുകിട്ടാന്‍ സ്ത്രീയ്ക്ക് ചരിത്രത്തിലുടനീളം പുരുഷനോടും സമൂഹത്തോടും മതത്തോടും യാചിക്കുകയോ യുദ്ധംചെയ്യുകയോ പ്രീണിപ്പിക്കുകയോ ചിലപ്പോഴൊക്കെ വഞ്ചിക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. അത് സ്ത്രീയുടെ തെറ്റല്ല,ആണ്‍കോയ്മ സമൂഹത്തിന്റെ സ്ത്രീവിരുദ്ധ പാപത്തിന്റെ പരിണിതഫലമാണ്.

6. പ്രകൃതിക്കെതിരായ പാപം
                പ്രകൃതിക്കെതിരായ പാപത്തെക്കുറിച്ചുള്ള അവബോധം മനുഷ്യ കേന്ദ്രീകൃതമായ സെമറ്റിക് മതങ്ങളില്‍രൂപപ്പെട്ടുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ സൃഷ്ടിയെക്കുറിച്ച് രണ്ട് വിവരണങ്ങള്‍ചേര്‍ത്തിട്ടുണ്ട് - ഒന്നാമത്തേത് 'ഉണ്ടാകട്ടെ' എന്ന വാക്കുകൊണ്ട് ദൈവം സൃഷ്ടികര്‍മ്മം നടത്തുന്നപൗരോഹിത്യവിവരണം (ഉല്‍പ്പത്തി 1), രണ്ടാമത്തേത് ഏദന്‍തോട്ടത്തിലെ സൃഷ്ടിയുടെ കഥപറയുന്ന യാഹ്‌വിസ്റ്റ്വിവരണം (ഉല്‍പ്പത്തി 2-3). യാഹ്‌വിസ്റ്റ് പാരമ്പര്യം പുരോഹിത പാരമ്പര്യത്തേക്കാള്‍ പഴക്കമുള്ളതും പ്രപഞ്ചകേന്ദ്രീകൃതവുമാണ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന പുരോഹിതപാരമ്പര്യം മനുഷ്യനെ സൃഷ്ടിയുടെ കേന്ദ്രസാഥാനത്ത്എത്തിക്കുകയും പ്രപഞ്ചം മുഴുവന്‍ മനുഷ്യന്റെ നിയന്ത്രണത്തിനും ഉപയോഗത്തിനും വേണ്ടിയാണെന്ന്വ്യാഖ്യാനിക്കുകയും ചെയ്തു. ''ഭൂമിയില്‍ പെരുകി, നിറഞ്ഞ്, അതിനെ കീഴടക്കുവിന്‍'' (ഉല്പത്തി 1:28) എന്നതാണ്ദൈവം പ്രമാണം എന്ന് വ്യാഖ്യാനിച്ചു. യാഹ്‌വിസ്റ്റ് പാരമ്പര്യം ഭൂമിയുടെ സംരക്ഷകനാകാനാണ് മനുഷ്യനോട്പറയുന്നത് (ഉല്‍പ്പത്തി 2:15). പാശ്ചാത്യ മതവും സംസ്‌കാരവും പിന്തുടര്‍ന്നത് മനുഷ്യകേന്ദ്രീകൃതമായ ആത്മീയതയുംശാസ്ത്രവും ജീവിതരീതിയുമാണ്. അതിന്റെ പരിണിത ഫലമെന്നോണം പ്രകൃതി മലിനീകരണവുംപ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണവും പ്രകൃതിയോടാദരവില്ലാത്ത പെരുമാറ്റങ്ങളും മനുഷ്യര്‍ അനുവര്‍ത്തിച്ചു.എന്നിട്ടിപ്പോള്‍ മനുഷ്യനുപോലും അധിവസിക്കാന്‍ കഴിയാത്ത രീതിയിലേയ്ക്ക് ഭൂമി വിഷമയമാവുകയുംചൂടുപിടിക്കുകയും ജീവികള്‍ ചത്തൊടുങ്ങുകയും ജലസ്‌ത്രോതസ്സുകള്‍ വറ്റുകയും മഞ്ഞുരുകി കരകടലെടുത്തുപോവുകയും ഭൂമിയുടെ ശ്വാസകോശങ്ങളായ വനങ്ങളും പച്ചപ്പും തുടച്ചുമാറ്റപ്പെടുകയുംചെയ്തുകൊണ്ടിരിക്കുന്നു. വരും തലമുറയ്ക്കും അനേക ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ഈ ഭൂമി അമിതആര്‍ത്തിയാല്‍ ചൂഷണം ചെയ്ത് തനിക്കാക്കി ഉന്മൂലനം ചെയ്യാനാണ് ഇന്നത്തെ മനുഷ്യന്റെ വെമ്പല്‍. കാര്യങ്ങള്‍ഇങ്ങനെ പോയാല്‍ ഈ ലോകത്തിന്റെ അവസാനം മനുഷ്യന്‍ തന്റെ കൈകള്‍കൊണ്ടു തന്നെ നിര്‍വ്വഹിക്കും.ഇതായിരിക്കും ഏറ്റവും വലിയ ദൈവദൂഷണം.
                പ്രകൃതിക്കെതിരായ പാപത്തെ വര്‍ഗ്ഗീകരിച്ചിരിക്കുന്നത്  ഇപ്രകാരമാണ്: മനുഷ്യകേന്ദ്രീകൃത ചിന്ത,വൈവിധ്യത്തിന്റെ പേരില്‍ ആധിപത്യം ഉറപ്പിക്കല്‍, അടങ്ങാത്ത ഉപഭോഗതൃഷ്ണ, പ്രാപഞ്ചിക സമൂഹത്തില്‍ നിന്ന്മനുഷ്യനെ വേര്‍തിരിച്ച് മാറ്റല്‍.  മനുഷ്യകേന്ദ്രീകൃത  ചിന്ത എന്നത് തെറ്റായ ഒരു മൂല്യമായിട്ടല്ല മനസ്സിലാക്കേണ്ടത്, മറിച്ച്ലോകത്തെക്കുറിച്ചും അതിന്റെ നിയതിയെക്കുറിച്ചുമുള്ള മനുഷ്യന്റെ തെറ്റിദ്ധാരണയാണത ്. മനുഷ്യകുലം മാത്രമല്ല,സര്‍വ്വസൃഷ്ടപ്രപഞ്ചവും ദൈവസ്‌നേഹത്തില്‍ പങ്കുപറ്റുന്നു. സര്‍വ്വ സൃഷ്ടജാലങ്ങളും വിമോചനത്തിനുവേണ്ടിഈറ്റുനോവനുഭവിച്ച് കാത്തിരിക്കുന്നുവെന്നത് പൗലോസ്ലീഹായുടെ തിരിച്ചറിവായിരുന്നു (റോമ 8:22). പാശ്ചാത്യമതവും സംസ്‌കാരവും ഊട്ടിയുറപ്പിച്ച മനുഷ്യകേന്ദ്രീകൃത ചിന്തയെ മറികടക്കണമെങ്കില്‍ ജീവന്‍കേന്ദ്രീകൃതമായ ഒരുചിന്ത  രൂപപ്പെടേണ്ടതുണ്ട്.
                പരിണാമത്തിന്റെ ശ്രേണിയില്‍ മനുഷ്യന്‍ ഉന്നതനാണെന്നും മറ്റ് ജീവികളില്‍ നിന്ന് വിശേഷബുദ്ധിയുടെ പേരില്‍വിഭിന്നനാണെന്നുമുള്ള ധാരണയില്‍ മറ്റ് ജീവികള്‍ക്ക് മനുഷ്യനൊപ്പം മൂല്യമില്ലെന്നുള്ള ചിന്ത വലിയ അബദ്ധമാണ്.മനുഷ്യന്‍ ഇവിടെ ആവീര്‍ഭവിക്കുന്നതിന് എത്രയോ മുന്‍പേ മറ്റു ജീവജാലങ്ങള്‍ ഇവിടുണ്ട്. കൂടാതെ ആധുനികപ്രാപഞ്ചികശാസ്ത്രത്തിന്റെ കണ്ടെത്തലനുസരിച്ച് ഇനിയൊരു 26 മില്യന്‍ വര്‍ഷങ്ങള്‍ക്കൂടി മനുഷ്യജീവന്‍ ഭൂമിയില്‍ അവശേഷിച്ചേക്കാം. അതിനു ശേഷവും മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍  ഇവിടെ നിലനില്‍ക്കും. പിന്നെങ്ങനെ മനുഷ്യനെ'സൃഷ്ടിയുടെ മകുടം' എന്ന നിലയില്‍ അധിപത്യം പുലര്‍ത്തേണ്ടവനാക്കി മാറ്റാന്‍ കഴിയും? സര്‍വ്വസൃഷ്ടപ്രപഞ്ചത്തിലെയും ജീവനെ ആദരവോടെ നോക്കിക്കാണാനാണ് മനുഷ്യന്‍ പഠിക്കേണ്ടത്. ഒപ്പം നിലനില്‍പ്പിന്റെപാരസ്പര്യപാഠങ്ങളും പഠിക്കേണ്ടതുണ്ട്.
                അടങ്ങാത്ത ഉപഭോഗതൃഷ്ണ മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുകയും ഒരു ഉപഭോക്താവ് എന്നനിലയിലേയ്ക്ക് തരം താഴ്ത്തുകയും ചെയ്യും. മനുഷ്യന്‍ വെറും ഉപഭോക്താവായി മാത്രം ജീവിക്കുന്നിടത്താണ്പ്രകൃതിയിലെ ജീവജാലങ്ങളേയും മനുഷ്യസമൂഹത്തിലെ തന്നെ മറ്റ് അംഗങ്ങളേയും നോക്കി 'ഉപയോഗമുള്ളതുംഉപയോഗമില്ലാത്തതും' എന്ന വേര്‍തിരിവ് ഉണ്ടാക്കുന്നത്. ഇവിടെ 'ഉപയോഗം'എന്നതിന്റെ  അര്‍ത്ഥം മനുഷ്യന്റെഉപഭോഗത്തിന് ഉപകരിക്കുന്നത് എന്നു മാത്രമാണ്. ഇതിനോടുതന്നെ ചേര്‍ന്ന് വരുന്നതാണ് സാങ്കേതികവിദ്യ എന്നആധുനിക ഭൂതം. വ്യാവസായിക വിപ്ലവത്തോടുകൂടി ആരംഭിച്ച സാങ്കേതിക വികാസം മനുഷ്യന് തന്റെ പ്രയത്‌നങ്ങളെലഘൂകരിക്കുന്നതിലും അറിവിന്റെ ലോകം വിശാലമാക്കുന്നതിലും ഉപകരിച്ചു. എന്നാല്‍, ഉപഭോഗതൃഷ്ണയടങ്ങാത്തമനുഷ്യന്റെ കരങ്ങളില്‍ അത് കൊടിയ പാപമായി മാറി. സാങ്കേതികവിദ്യ കൊണ്ട് കര-കടല്‍ -ആകാശം അവന്‍ആര്‍ത്തിയോടെ ചൂഷണം ചെയ്തു. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ മണ്ണിനെ രാസവള-കീടനാശിനികള്‍കൊണ്ട്വിഷമയമാക്കി, അപരന്റേത് വെട്ടിപിടിക്കാന്‍ യന്ത്രവത്കൃത യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ ചൂഷണം ചെയ്ത്തൃഷ്ണയടക്കാന്‍ ഭൂമിയുടെ ഉള്ളറകള്‍ കുത്തിത്തുറന്ന് ഖനികള്‍ നിര്‍മ്മിച്ചു. ഉപഭോക്താവായി മാറിയവന്‍ ഇനി'മനുഷ്യനായി' തീരുന്നിടത്താണ് പ്രകൃതിക്കെതിരായ തിന്മ പരിഹരിക്കപ്പെടുന്നത്.
                അവസാനമായി, പ്രകൃതിയും മനുഷ്യനും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണെന്ന ദ്വന്ദചിന്തതിരുത്തപ്പെടേണ്ടതുണ്ട്. മനുഷ്യന്‍ പ്രകതിയുടെ ഭാഗം തന്നെയാണ്. ഇവിടെയാണ് വിശ്വസാഹോദര്യത്തിന്റെപ്രവാചകനായ അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ആത്മീയതയുടെ മഹത്വം. അദ്ദേഹത്തിന് ഭൂമിയിലെസര്‍വ്വചരാചരങ്ങളും സഹോദരീസഹോദരന്മാരായിരുന്നു. അനുരഞ്ജനം വഴി മനുഷ്യന്‍ വീണ്ടെടുക്കേണ്ടപുണ്യചിന്തയാണിത്. 15/03/2012 ല്‍ കെ.സി.ബി.സി പുറത്തിറക്കിയ പരിസ്ഥിതി സംരക്ഷണത്തിന്റെ മാര്‍ഗ്ഗരേഖയുംനിര്‍ദ്ദേശങ്ങളും ഗൗരവമായ വിചിന്തനത്തിന് വിഷയീഭവിക്കേണ്ടതാണ്. 'പ്രകൃതിക്കെതിരായ പാപം' എന്ന പ്രയോഗംഅനുരഞ്ജനവുമായി ബന്ധപ്പെട്ട് കേരള കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ കൊണ്ടുവരാനായി എന്നാതാണ് ഈമാര്‍ഗ്ഗരേഖയുടെ പ്രാധാന്യം.

7. ഉപസംഹാരം
                ദൗര്‍ബല്യം കൊണ്ടാണോ ബലം കൊണ്ടാണോ മനുഷ്യര്‍ പാപം ചെയ്യുന്നത്. പാപത്തെക്കുറിച്ചുള്ളപരമ്പരാഗതമായ പഠനത്തില്‍ വളര്‍ത്തപ്പെട്ടവര്‍ വ്യക്തിപരമായ പാപത്തിന്റെ ഉത്തരവാദിത്വം ഇന്നും ആരോപിച്ച്കൊടുക്കുന്നത് ദൗര്‍ബല്യങ്ങള്‍ക്കാണ്.  എന്നിട്ട് ഈ ദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ്ശുദ്ധമാനസരായ കുറേപ്പേരെങ്കിലും. സുവിശേഷമാകട്ടെ ദൗര്‍ബല്യങ്ങള്‍കൊണ്ട് പാപം ചെയ്യുന്നവരെക്കുറിച്ച്പരാമര്‍ശിക്കുന്നതേയില്ല. ബലങ്ങളാല്‍ പാപം ചെയ്യുന്നവരാണ് സുവിശേഷത്തിന്റെ ചൂണ്ടുവിരലിന്‍ മുന്നിലെത്തുന്നത്. ഫരിസേയന്റെ പാപം അവന്റെ പുണ്യത്തിന്റെ ബലമാണ് (ലൂക്കാ 18: 9-14),  ധനവാന്റെ പാപം അവന്റെസമ്പത്തിന്റെ ബലമാണ് (ലൂക്കാ 16:19-31),  കാര്യസ്ഥന്റെ പാപം ഇളവ് കാണിക്കാത്ത ധാഷ്ട്യത്തിന്റെ ബലമാണ് (മത്താ18: 21-35), സമറായന്റെ  മുമ്പേ കടന്നുപോയ പുരോഹിതരുടെ പാപം അനുഷ്ഠാനപരമായ ശുദ്ധിയാണ് (ലൂക്കാ 10: 25-37). അതുകൊണ്ടാണ് അന്യവിധിയുടെ മാനദണ്ഡം ദുര്‍ബലര്‍ ചെയ്തുപോയ പിഴകളാകാതെ ബലവന്മാര്‍ചെയ്യാതെപോയ സത്കര്‍മ്മങ്ങളാകുന്നത് (മത്താ 25: 931-46). ദൗര്‍ബല്യങ്ങളുടെയും നിവര്‍ത്തികേടുകളുടേയുംപാപങ്ങളെ ക്രിസ്തു സഹതാപപൂര്‍വ്വം നോക്കിക്കണ്ടപ്പോള്‍ (യോഹ  8:11)  ബലത്തിന്റെ പാപങ്ങളെ അവന്‍ കടുത്തവിമര്‍ശനത്തോടെയാണ് നേരിട്ടത് (മത്താ 23:13-38).
                പാപങ്ങളെ  ദൗര്‍ബല്യങ്ങളുടെ കോളത്തിലേയ്ക്ക് എഴുതി ചേര്‍ത്തപ്പോള്‍ ധാര്‍മ്മികതയ്ക്ക് നഷ്ടമായത്അതിന്റെ സാമൂഹ്യതലമാണ്. പാപത്തെ 'മെരുക്കി'യെടുത്ത് വ്യക്തിനിഷ്ഠമാക്കിയപ്പോള്‍ അനുതാപമെന്നത്കുറ്റബോധമായി മാറാന്‍ തുടങ്ങി. പാപം സമൂഹത്തിന്റെ നടപ്പുരീതികളെ വെല്ലുവിൡാതെ  വ്യക്തിയുടെ മനസ്സിനെമാത്രം അലോസരപ്പെടുത്തുന്ന ഒന്നായി. കൂടുതല്‍ പാപങ്ങളും ഒളിച്ച് കടക്കുന്നത് വ്യക്തിയുടെ ഏറ്റവും സ്വകാര്യമായജീവിതത്തിലേയ്ക്കും ഇടങ്ങളിലേയ്ക്കുമായി മാറി. പാപത്തെക്കുറിച്ചുള്ള സാമൂഹ്യബോധത്തിന്റെ വീണ്ടെടുപ്പ്അനുരഞ്ജന കൂദാശയില്‍ ഒരു തിരുത്തിന്റെ വഴിയാണ്. വരുംകാലത്തേയ്‌ക്കെങ്കിലുംഅനുരഞ്ജനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു സമൂഹമായി വേണം സഭ രക്ഷയുടെ വഴി തേടാന്‍. അല്ലാതെ പശ്ചാത്തപിക്കുന്നഒറ്റപ്പെട്ട വ്യക്തികളുടെ രക്ഷാകവാടമായി കുമ്പസാര ക്കൂടുകളെ ലഘൂകരിച്ച് കാണരുത്.

ഗ്രന്ഥസൂചിക
1. Alfred Diamant, Austrian Catholics and the First Republic, Democracy, Capitalism and the Social  Order 1918-1934, Princeton University Press, 1960.
2. Amali Philips, 'Gendering Colour: Identity, Feminity and Marriage in Kerala,' in Anthropologica: Canadian Anthropology Society, Vol.46, No.2 , 2004,  253-272.
3. Bill Cosgrave, ' Understanding Sin Today,' The Furrow, Vol.50, No. 10 (October 1999),  538-547.
4. C. Lincoln Johnson & Andrew J. Weigert, 'Frames in Confession : The Social Construction of Sexual Sin,' Journal for the Scientific Study of Religion, Vol.19, No.4 (December 1980), 368-381.
5. Elizabeth Rees, 'A Feminist Approach to Sin', The Furrow, Vol.50, No. 12 (December 1999), 666-671.
6. Felix Wilfred, 'South Asian Christianity in Context,' in The Oxford Handbook of Christianity in Asia, Oxford University Press, 2014, 31-50.
7. George Gheverghese Joseph, George Joseph: the Life and Times of a Kerala Christian Nationalist, NewDelhi: Orient Longman, 2003.
8. James F. Keenan, Moral Wisdom: Lessons and Texts from the Catholic Tradition, Oxford : Rowan & Littlefield Publishers, 2004.
9. John Corwell, 'Confession a Sacrament in Decline,' www.ucanews.com. (3 December  2012).
10. John Paul II, Sollicitudo Rei Socialis.
11. Newton Millan Cloete, Hamartology and Ecology: A Critical Assessment of  Dietrich Bonhoeffer's View on the Nature of Sin (Thesis), November  2013, Dept. of Religion and Theology, University of the Western Cape.
12. 'No one can Serve Christ and Caste : An Affirmation of faith from the National Ecumenical Conference on Justice for Dalits', Convened by NCCI in Patnership with WCC, New Delhi 22-24 October 2010.
13. Raymond Pickett ,'You Cannot Serve God and Mammon : Economic Relations and Human Flourishing in Luke', Dailog: A Journal of Theology, Vol.52, No. 1 (Spring 2013), 37-46.