Wednesday, 10 January 2018

അക്ഷരഭൂതത്തിന്റെ കഥ



"ഇത് ഡാഡിയാ വിളിക്കുന്നത്; അതേ, കിഴക്കേത്തുറയിലെ തറവാടു പൊളിക്കുന്നതൊന്നു മാറ്റി വെക്കണം. ഞാൻ ബുധനാഴ്ച വൈകിട്ടെത്തും, എനിക്കതിന്റെ കുറെ ചിത്രങ്ങളെടുക്കണം. അതു കഴിഞ്ഞു മതി." 
റോയി മറുപടിയൊന്നും പറഞ്ഞില്ല.
ഡാഡിയെന്നും അങ്ങിനെത്തന്നെയായിരുന്നുവല്ലോയെന്ന് ഓർക്കാതിരിക്കാൻ റോയിക്ക് കഴിഞ്ഞില്ല. ചിലപ്പോളൊരു കാര്യമില്ലാത്ത നൊസ്റ്റാൾജിയാ, അല്ലെങ്കിൽ ചിലതിനോടുള്ള അസാധാരണമായ ഒരറ്റാച്ച്മെന്റ്, എത്ര പ്രാവശ്യം ഇതൊക്കെ റോയി ശ്രദ്ധിച്ചിരിക്കുന്നു - എങ്കിലും എപ്പോഴും അതുണ്ടായിരിക്കുമെന്നും റോയിക്ക് പറയാനാവുമായിരുന്നില്ല. ഡാഡിയെടുക്കുന്ന തീരുമാനങ്ങളുടെ ഗതി പോലും ആർക്കും പ്രവചിക്കാനായിട്ടില്ലല്ലോയെന്ന് റോയി ഓർത്തു. ആരു പറഞ്ഞാലും കേൾക്കുന്ന സ്വഭാവമായിരുന്നില്ല ഡാഡിയുടേത്. കേന്ദ ആഭ്യന്തരവകുപ്പിൽ ഉത്തരവാദിത്വമുള്ള ജോലി ചെയ്യുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനു ചേർന്നതുമായിരുന്നില്ലല്ലോ ചഞ്ചലിപ്പ്.
ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരു അൺപ്രഡിക്റ്റബിൾ പേസ്‌സണാലിറ്റി!
ചിതലിനു തീറ്റയാകാതെ വെറുതെ കിടക്കുന്ന പഴയ തറവാട്ടു കെട്ടിടം മൊത്തമായി കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് വെസ്റ്റ് ഫോർട്ട് ഹോട്ടലുകാർ വന്നത്. അവരുടെ പുതിയ റിസോർട്ട് വളപ്പിൽ പുനരാവിഷ്കരിക്കാൻ പറ്റിയ ഒരു പഴയ തടിക്കെട്ടിടമായിരുന്നത്.
ചോദിച്ച വിലതന്നവർ കച്ചവടവും ചെയ്തു.
നാളെ പൊളിക്കാൻ വരുമെന്നു ഡാഡിയോടു വാട്സാപ്പിൽ മെസ്സേജിട്ടിരുന്നു. എന്താണെങ്കിലും, ഡാഡി വരണ്ടാന്ന് പറയാൻ റോയിക്കു കഴിയുമായിരുന്നില്ല.
പറഞ്ഞ സമയത്തുതന്നെ ഡാഡി വന്നു - പതിവു പോലെ അവധിക്കു വെച്ചില്ല. മമ്മിയെ കൊണ്ടുവരാഞ്ഞതെന്താണെന്നു ചോദിച്ചപ്പോൾ നാളെകഴിഞ്ഞു മടങ്ങേണ്ടതുണ്ടെന്നു പറഞ്ഞു.
പിറ്റേന്നു രാവിലെ ക്യാമറായുമായി ഡാഡി പഴയവീട്ടിലേക്കു പോകുന്നതു കണ്ടു, ഡാഡി പിറന്നു വളർന്നു വലുതായ ആ പഴയ വീട്ടിലേക്ക്.
അന്നു വൈകിട്ട് ഡിന്നറിനെല്ലാവരും ഒത്തു കൂടിയപ്പോൾ ഡാഡി ഒരു പഴയ പുകപിടിച്ച ചിരട്ടകുടുക്ക കൊണ്ടുവന്ന് ഡൈനിങ് ടേബിളിന്റെ മദ്ധ്യത്തിൽ വെച്ചു. എല്ലാവരും പരസ്പരം നോക്കിക്കൊണ്ടിരുന്നു, ആരും ഒന്നും ചോദിച്ചില്ല.
"ചിന്തുവിനു പറയാമോ ഇതിലെന്താണെന്ന്?" ഡാഡി ചോദിച്ചു.
"വല്യഡാഡി തന്നെ പറ." അവൾ ഒഴിഞ്ഞു മാറി.
എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് ഡാഡി പറഞ്ഞു.
"ഒരു ഭൂതം! ഞാൻ ചോദിച്ചതെല്ലാം അവൻ തന്നു. ഞാനിന്നവനെ തുറന്നു വിടുകയാണ്."
അപ്പോഴും ആരും ഒന്നും മിണ്ടിയില്ല, പക്ഷേ, ഭാര്യ സെല്ലിയുടെ മുഖം പോലും ആകാംഷകൊണ്ട് ചുളുങ്ങുന്നത് റോയി കണ്ടു. ഡാഡി ഭൂതത്തിന്റെ കഥ പറഞ്ഞു തുടങ്ങി.
"എന്റെ കൂടെ എൽ പി യിൽ പഠിച്ചിരുന്ന ഒരു സോമനുണ്ടായിരുന്നു, അവനാണ് ഭൂതത്തിനെ പിടിക്കാൻ എന്നെ പഠിപ്പിച്ചത്. അവനന്ന് ക്ലാസ്സിലെ മിടുക്കന്മാരിലൊരുവനും ഞാനന്ന് ക്ലാസ്സിലെ അറിയപ്പെടുന്ന മണ്ടനുമായിരുന്നു. പൂവൻകുന്നേൽ സാറിന്റെ അടി മേടിക്കാതിരിക്കാൻ മാർക്ക് വാങ്ങുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ താനും. ഒരു ദിവസം ഡ്രില്ലിന്റെ പീരിയഡിൽ ഒറ്റക്കാലേച്ചാട്ടവും കഴിഞ്ഞു പള്ളിക്കിണറ്റിന്നു വെള്ളം കോരിക്കുടിക്കാൻ പോയ വഴിക്കു ഞാനവനോടു ചോദിച്ചു, മാർക്കു കിട്ടാൻ എന്താ പണിയെന്ന്. അന്നു പള്ളിക്കൂടം വിട്ടപ്പോൾ എന്നെ മാറ്റി നിർത്തി ഭൂതത്തെ പിടിക്കാനുള്ള മാർഗ്ഗം അവൻ പറഞ്ഞു തന്നു."
ഡാഡി കഥയൊന്നു നിർത്തി, എല്ലാവരുടെയും മുഖത്തേക്കൊന്നു നോക്കിയിട്ട് കഥ തുടർന്നു.
"എന്റെ തിരുനെറ്റിയിൽ ഒരു പാടു കണ്ടോ? നഖം കൊണ്ട് നൂറ്റൊന്നു പ്രാവശ്യം വരച്ചു കൊണ്ട് അക്ഷരഭൂതത്തെ വിളിക്കണം. നെറ്റിയിൽ നൂറ്റൊന്നിന്റെ പാടുകാണുന്നവരെല്ലാം ഭൂതത്തെ വിളിച്ചവരാണ്. നൂറ്റൊന്നാമത്തെ വര വരക്കുന്ന സമയം ഒരു തുളയുള്ള ഒരു കാലണയിട്ടിരിക്കുന്ന ഒരു കുടുക്ക കൈയ്യിലെടുത്ത് ഭൂതമെ, ഇതെത്രയുണ്ടെന്ന് എണ്ണിപ്പറയാമോയെന്നു ചോദിക്കണം. ഭൂതം കുടുക്കയിൽ കയറിക്കഴിഞ്ഞെന്നു തോന്നിയാൽ കുടുക്കയടക്കണം. പിന്നെ ഭൂതത്തോട് എത്ര മാർക്കു വേണമെന്നു പറഞ്ഞാലും കൃത്യം അതു കിട്ടിയിരിക്കും. പറയുന്നതു പോലെ ചെയ്താലല്ലേ ഭൂതത്തിനു രക്ഷപ്പെടാൻ പറ്റൂ.
സോമൻ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല. പക്ഷേ, ഞാൻ നോക്കിയപ്പോൾ ഹെഡ്മാസ്റ്ററുടെ നെറ്റിയിൽ ഇതുപോലൊരു പാടു കണ്ടു; കണക്കു പഠിപ്പിക്കുന്ന ഷീല റ്റിച്ചറുടെ നെറ്റിയിലും ആ പാടു കണ്ടു. അങ്ങിനെയാണ് സോമൻ പറഞ്ഞതു സത്യമാണെന്നെനിക്കു ബോദ്ധ്യപ്പെട്ടത്.
ഞാനും നൂറ്റൊന്നു വരച്ചു, ഭൂതത്തെ എണ്ണാൻ വിളിച്ചുവരുത്തി കുടുക്കയിലാക്കി. ആ ക്രിസ്മസ്സ് പരീക്ഷക്കു ഞാൻ എല്ലാ വിഷയത്തിനും ജയിച്ചു. അവസാനവർഷ പരീക്ഷക്ക് എനിക്കു ഭയങ്കര മാർക്കായിരുന്നു. സോമൻ പറഞ്ഞതു പോലെ ഓരോ വർഷവും ഞാനോരൊ തുളയുള്ള കാലണ കുടുക്കയിൽ ഇട്ടുകൊണ്ടിരുന്നു. കാലണ കിട്ടാതായപ്പോൾ ഒരണയിടുമായിരുന്നു; പിന്നെ പത്തു പൈസായായി, നാലണയായി, അരരൂപായായി, ഒരു രൂപായായി.
ഐ എ എസ് പാസ്സാകുന്നിടം വരെ ഞാനതിൽ പൈസാ ഇടുമായിരുന്നു - എല്ലാവർഷവും. ഈ കുടുക്ക, പുരയുടെ തട്ടിൻപുറത്ത് ആരും കാണാത്ത ഒരു മൂലയിൽ ഒളിച്ചു വെച്ചിരിക്കുകയായിരുന്നു ഞാനിന്നേവരെ. ഇന്നു ഞാനാ ഭൂതത്തെ തുറന്നു വിടാൻ പോകുന്നു."
പറഞ്ഞു നിർത്തിയിട്ട് ഡാഡി എല്ലാവരുടെയും മുഖത്തേക്കു നോക്കി.
"ഇതിനകത്തു ശരിക്കും ഭൂതമുണ്ടോ വല്യഡാഡീ?" ചിന്തു ചോദിച്ചു. അവൾക്കാകാംക്ഷ അടക്കാൻ കഴിയുന്നതിലും മുകളിലായിരുന്നു.
ഡാഡി കുടുക്ക കൈയ്യിലെടുത്തു. ആദ്യം അതു മൂടിക്കെട്ടിയിരുന്ന കട്ടിക്കടലാസ് മെല്ലെ മാറ്റി, തുടർന്നു കുടുക്ക ശക്തമായി കുലുക്കി. നാണയങ്ങളുടെ മണിശബ്ദം എല്ലാവരും കേട്ടു.
ഡാഡി കുടുക്കയിലേക്കു മുഖം തിരിച്ചു കണ്ണുകളടച്ചു; പതിയെ പറഞ്ഞു,
"ആത്മവിശ്വാസം, ഇറങ്ങി വരൂ!"

No comments:

Post a Comment