"എന്താ ബ്രഹ്മാവിന്റെ പേരിൽ ക്ഷേത്രങ്ങളില്ലാതെ പോയത്?
അതോ? ബ്രഹ്മാവിന്റെ നിയന്ത്രണത്തിലുള്ള ജനനം സംഭവിച്ചു കഴിഞ്ഞതാണ്, അതു നോക്കുന്ന ബ്രഹ്മാവിനെ ആർക്കു വേണം? പക്ഷേ, തൽസ്ഥിതി നോക്കുന്ന വിഷ്ണുവിനെയും, നാശം കരുതുന്ന മഹേശ്വരനെയും പൂജിക്കാതെ പറ്റുമോ? പക്ഷേ, ബ്രഹ്മാവ് പുറത്താകാൻ പ്രധാന കാരണം ഇതല്ല; മഹർഷി ഭൃഗുവിന്റെ ഒരു ശാപം ബ്രഹ്മാവിനുണ്ടെന്നതാണത്. കലിയുഗത്തിൽ ഒരുത്തരും നിന്നെ ആരാധിക്കാതെ പോകട്ടെയെന്നായിരുന്നാ ശാപം. എങ്കിലും, അഞ്ഞൂറിൽ കേമൻ തന്നെയാണല്ലോ ബ്രഹ്മാവ്! രത്നഗിരിക്കുന്നിന്റെ മുകളിലുള്ള സാവിത്രി ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നു നോക്കിയാൽ കാണുന്ന പുഷ്കർ തടാകത്തിന്റെ ചുറ്റുമുള്ള അഞ്ഞൂറോളം ക്ഷേത്രങ്ങളിൽ ബ്രഹ്മക്ഷേത്രമല്ലേ കേമം?
ത്രിമൂർത്തികൾ പരസ്പരധാരണയിലും സമാധാനത്തിലും കഴിഞ്ഞു പോരുന്ന ഒരു കാലത്താണ് സരസ്വതീ നദിയുടെ തീരത്തൊരു മഹായജ്‌ഞം നടന്നത്. പക്ഷെ, ത്രിമൂർത്തികളിൽ ആരാണ് മഹായജ്ഞത്തിന്റെ യജമാനനായിരിക്കേണ്ടതെന്ന കാര്യം വന്നപ്പോൾ തർക്കമായി. അവസാനം, സപ്തർഷികളിൽ ഒരാളായ ഭൃഗു ഇതിനൊരു തീരുമാനമുണ്ടാക്കട്ടെയെന്നായി. ബ്രഹ്മാവിന്റെ മാനസപുത്രനും പ്രജാപതിമാരിൽ ഒരാളുമായ അതിശക്തനായ ഭൃഗുമഹർഷി ആദ്യം ബ്രഹ്മലോകത്തു ചെന്നു.
പറയാതെ വയ്യ, ബ്രഹ്മാവിനെ അവഹേളിക്കത്തക്ക രീതിയിലായിരുന്നു ഭൃഗുവിന്റെ പെരുമാറ്റം മുഴുവൻ. സഹികെട്ടപ്പോൾ ബ്രഹ്മാവ് ഭൃഗുവിനെ ശപിക്കാൻ ഒരുങ്ങിയെങ്കിലും ഭാര്യ സരസ്വതി ഇടപെട്ടതുകൊണ്ട് ഭൃഗുമഹർഷി രക്ഷപ്പെട്ടു. പക്ഷെ, ഭൃഗുവിന്റെ കോപം ശമിപ്പിക്കാൻ അവിടെയാരുമുണ്ടായിരുന്നില്ല; അങ്ങിനെയാണ് ബ്രഹ്മാവിനു ശാപം കിട്ടിയത്.
ഭൃഗു പിന്നെ പരമശിവനെ കാണാൻ കൈലാസത്തിലേക്കു ചെന്നു. നിർഭാഗ്യവശാൽ ശിവനെ കാണാൻ, അവിടെ കാവൽ നിന്ന നന്ദി സമ്മതിച്ചില്ല. ഭൃഗു ശിവനും കൊടുത്തൊരു ശാപം; നിന്നെ ലിംഗരൂപത്തിലല്ലാതെ ആരും ആരാധിക്കാൻ ഇടയാകാതിരിക്കട്ടെയെന്നായിരുന്നാ ശാപം. കാശിയിലെ മഹാമൃത്യുജ്ഞയ ക്ഷേത്രത്തിൽ പരമശിവന്റെ ആൾരൂപം ഉണ്ടെന്നുള്ളത് വേറെ കാര്യം.
ശിവനീപ്പറയുന്ന ശക്തിയൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ ചെമ്പകപ്പൂക്കളും ശിവന്റെ കഴുത്തിൽ കണ്ടേനെ."
ഒന്നു നിർത്തിയിട്ട് ബ്രാഹ്മണൻ പിന്നെയും തുടർന്നു.
"അവസാനം വിഷ്ണുവിനെ കാണാൻ ഭൃഗു വൈകുണ്ഠത്തിലെത്തി; ആരുടെയും അനുവാദത്തിനു കാത്തു നിൽക്കാതെ നേരെ വിഷ്ണുവിന്റെ പക്കലേക്കു മഹർഷി ചെന്നു. നല്ല ഉറക്കത്തിലായിരുന്ന മഹാവിഷ്‌ണു ഇതൊന്നും അറിഞ്ഞില്ല. അരിശം വന്ന ഭൃഗുവാകട്ടെ മഹാവിഷ്ണുവിന്റെ നെഞ്ചു നോക്കി ഒരൊറ്റ ചവിട്ടു കൊടുത്തു. മഹാവിഷ്ണു ഉണർന്നു നോക്കിയപ്പോൾ ഇതാ കലിതുള്ളി ഭൃഗുമഹർഷി നിൽക്കുന്നു. കാര്യം മനസ്സിലാക്കിയ മഹാവിഷ്ണു ഭൃഗുവിനോട് മാപ്പു ചോദിച്ചു. മഹാവിഷ്ണുവിനറിയേണ്ടിയിരുന്നത് ഭൃഗു മഹർഷിയുടെ കാലു നൊന്തോയെന്നായിരുന്നു. ഇതൊക്കെ കണ്ടപ്പോൾ വിനയത്തിലും എളിമയിലും മുന്നിൽ നിന്ന മഹാവിഷ്ണു തന്നെ മഹായജ്ഞത്തിന്റെ യജമാനസ്ഥാനത്തിനർഹനെന്നു ഭൃഗുമഹർഷി വിധിക്കുകയും ചെയ്തു.
പക്ഷേ, ഭൃഗു തന്റെ ഭർത്താവിനെ അപമാനിച്ചത്, ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയെ പ്രകോപിപ്പിച്ചു. മഹാലക്ഷ്മി ഭൃഗുവിനെ ശപിച്ചു; ഇനിമേൽ ഒരു ബ്രാഹ്മണനും ഐശ്വര്യം ഉണ്ടാകാതെ പോകട്ടെയെന്നായിരുന്നാ ശാപം. ഭൃഗു മഹർഷി താനങ്ങിനെ പെരുമാറിയതിന്റെ കാര്യം പറഞ്ഞപ്പോൾ, മഹാലക്ഷ്മി ഒരിളവു കൊടുത്തു, മഹാവിഷ്ണുവിനെ പൂജിക്കുന്നവർക്കു മാത്രം ഐശ്വര്യവും സമ്പത്തും പ്രാപ്യമാവട്ടെയെന്നായിരുന്നത്. പിന്നെങ്ങിനെ ബദരീനാഥിൽ ബ്രാഹ്മണർ വരാതിരിക്കും?"
ബ്രാഹ്മണന്റെ കഥകൾ പിന്നെയും തുടർന്നു, ചോദ്യം ചോദിക്കുന്നതും ഉത്തരം പറയുന്നതുമെല്ലാം ബ്രാഹ്മണൻ തന്നെയായിരുന്നു. ഒരു വിധത്തിൽപ്പറഞ്ഞാൽ ആരെയും മുഷിപ്പിക്കുന്നതായിരുന്നാ കഥകൾ. എനിക്കിതിലൊന്നും ഒരു താൽപ്പര്യവുമില്ലായിരുന്നു. എന്റെ ജോലി റിക്ഷായിൽ കയറുന്നവരുമായി സംവാദം നടത്തുകയല്ലല്ലോയെന്നു ഞാനോർത്തു. വളരെ ദൂരെനിന്നും മഹാവിഷ്ണുവിനെ കൺകുളിർക്കെ കാണാൻ ബദരീനാഥിലേക്കു ധാരാളം തീർത്ഥാടകർ വരുന്നു. തന്റെ ദൗത്യം അവരെ സുരക്ഷിതരായി നോക്കുകയാണല്ലോയെന്നോർത്തപ്പോൾ, ശ്രദ്ധ മുഴുവൻ ഗലി നിറഞ്ഞു നടക്കുന്ന തീർത്ഥാടകരുടെയും അലക്ഷ്യമായി നടക്കുന്ന ഗോക്കളുടേയുമൊന്നും ദേഹത്തു വണ്ടിയുരസ്സാതെ, ഈ ബ്രാഹ്മണനെ ക്ഷേത്ര കവാടത്തിലെത്തിച്ചു മടങ്ങുകയെന്നതിലായി.
ചിലരൊക്കെ പണവും തരും; ആരോടും കണക്കു പറഞ്ഞിട്ടില്ലല്ലോയെന്നോർത്തു. ഇനിയും ഒരാഴ്ചകൂടിയെ ക്ഷേത്രം തുറന്നിരിക്കൂ, അതാണു തിരക്കിത്ര കൂടുതൽ. മഞ്ഞു വീണു തുടങ്ങുമ്പോൾ, ഭഗവാൻ ഗോവിന്ദ്ഘട്ടിനുമപ്പുറമുള്ള ജോഷിമത്തിലേക്കു പോയാൽ തിരിച്ചു വരുന്നിടം വരെയുള്ള ആറുമാസം അളകനന്ദക്കും വിശ്രമമാണ്. വഴിയരികിലൂടെ സാവധാനം ഒഴുകുന്ന അളകനന്ദാ എത്രയോ പേരുടെ പാപങ്ങൾ കഴുകിക്കളഞ്ഞിട്ടുണ്ടാവണമെന്നും ഞാൻ ചിന്തിച്ചു.
ബദരീനാഥിലെ തിരക്കൊഴിയുംപോൾ പതിവു പോലെ സ്വന്തം നഗരമായ ഹിമാലയത്തിന്റെ മടിയിലെ മാനായിലേക്കു മടങ്ങണം. ഇടക്ക്, തളർന്നു കിടക്കുന്ന ഭാര്യ സാഹുവിനെപ്പറ്റിയും ഓർക്കാതിരുന്നില്ല. സഹായിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ അവളെ ഇവിടുത്തെ അത്ഭുതജലധാരയിൽ കുളിപ്പിക്കാമായിരുന്നല്ലോയെന്നും ഞാനോർത്തു. അവിടെ ചെന്നിട്ടു വേണം സാഹുവിനെ ആസ്പത്രിയിലാക്കുവാൻ. അവളുടെ തളർച്ച മാറുമോയെന്തോ?
"...... അതാണ് ബ്രഹ്മാവു രണ്ടാമതു ഗായത്രിയെ വിവാഹം കഴിക്കാൻ കാരണം."
പെട്ടെന്നു ഞാൻ സൈക്കിൾ ചവിട്ടുന്നതു നിർത്തി പിന്നോട്ടു നോക്കി. ബ്രാഹ്മണൻ എന്റെ മുഖത്തേക്കു നോക്കി വല്ലാതെയൊന്നു ചിരിച്ചു. ഇളിഭ്യനായി ഞാൻ വീണ്ടും സൈക്കിൾ ചവിട്ടുന്നതു തുടർന്നു. സാവിത്രിയല്ലാതെ ബ്രഹ്മാവിനു വേറെ പത്നിയുണ്ടായിരുന്നതായി എനിക്കറിവില്ലായിരുന്നു. അതാണ് പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കിയത്. അതിനു തൊട്ടുമുന്നേ ബ്രാഹ്മണൻ പറഞ്ഞതൊന്നും ഞാൻ കേട്ടിരുന്നില്ല.
റിക്ഷായുടെ സൈഡിൽ കാലും നീട്ടിയിരുന്ന ബ്രാഹ്മണൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ക്ഷേത്രത്തിനുള്ളിലും ചുറ്റുമായുമുള്ള എല്ലാ വിഗ്രഹങ്ങളെയും തപ്തകുണ്ടിലെ അൽഭുത തീർത്ഥജലത്തേയുമൊക്കെ ചിന്തിച്ചിരുന്ന ഞാൻ ആ ബ്രാഹ്മണൻ പറഞ്ഞുകൊണ്ടിരുന്നതു മുഴുവൻ കേട്ടിരുന്നില്ല. ഗലിയിലെ ശബ്ദവും കൂടിക്കൂടി വന്നുകൊണ്ടിരുന്നു.
ഇതിനോടകം റിക്ഷാ ക്ഷേത്ര കവാടത്തിനടുത്തെത്തിയിരുന്നു. ബ്രാഹ്മണൻ വണ്ടിയിൽ നിന്നും മെല്ലെയിറങ്ങി; ഞാൻ കൈപിടിച്ചു സഹായിച്ചു. ഞാനൊരബ്രാഹ്മണനാണെന്നുള്ളത് അദ്ദേഹത്തിനൊരു പ്രശ്നമേയല്ലായെന്നത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ക്ഷേത്രത്തിലേക്ക് നടക്കാൻ തിരിയുന്നതിനു മുമ്പ് ബ്രാഹ്മണൻ തിരിഞ്ഞു നിന്നു; പിന്നെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു,
"ഞാൻ മാനാക്കു പോയി വരുന്ന വഴിയാ, അവിടെയെനിക്കൊരു മകളെ കാണേണ്ടിയിരുന്നു. അവൾക്കിങ്ങോട്ടു വരാൻ വയ്യ. അതാ ഞാനങ്ങോട്ടു പോയത്." അതിനും ഞാൻ പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. ഞാൻ റിക്ഷ തിരിക്കാൻ ശ്രമിക്കുന്നതിനിടെ ബ്രാഹ്മണൻ വീണ്ടും തുടർന്നു,
"അവളുടെ ഭർത്താവ് ബദരീനാഥിലെ റിക്ഷാക്കാരനാ; അപ്പോ, ഞാനല്ലാതെ വേറാരന്വേഷിക്കാൻ?"
ഇത്രയും കേട്ടപ്പോൾ ഞാൻ ബ്രാഹ്മണൻ നിന്നിടത്തേക്കു തിരിഞ്ഞു നോക്കി.
പക്ഷെ, അവിടെങ്ങും ആ ബ്രാഹ്മണനെ കാണ്മാനേയില്ലായിരുന്നു!
No comments:
Post a Comment