വളർച്ചയുടെ പാതയിൽ, അറിവുകളുടെയും അനുഭവങ്ങളുടെയുമൊക്കെ മറവിൽ അനേകം നിബന്ധനകൾ (പ്രോഗ്രാമുകൾ) ഓരോരുത്തരും ദിവസവും മനസ്സിൽ സ്വരൂപിക്കുന്നു - അറിഞ്ഞും അറിയാതെയും. അറിവായി നാം ശേഖരിച്ച്, എന്നന്നത്തേക്കുമായി മനസ്സിൽ സൂക്ഷിക്കുന്ന മിക്ക തുണ്ടുകളോടുമൊപ്പവും വൈറസ്സുകൾ പോലെ പ്രോഗ്രാമുകളും കാണും. ഏതു സാഹചര്യത്തിലായിരുന്നാലും, നാം സ്ഥാപിച്ചിരിക്കുന്ന (Installed) ഇത്തരം പ്രോഗ്രാമുകളുടെ സ്വാധീനമനുസരിച്ചായിരിക്കും, ബുദ്ധിയിൽനിന്നപ്പപ്പോൾ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി/പ്രതികരണങ്ങൾക്കായി നിർദ്ദേശങ്ങൾ അയക്കപ്പെടുക. പ്രോഗ്രാമുകൾ, അതെന്തായാലും (നല്ലതായാലും ചീത്തയായാലും) പ്രപഞ്ചത്തിന്റെ തനിമയിൽ നിന്ന് ഒരോരുത്തരേയും അകറ്റുവാൻ മാത്രമേ ഉപകരിക്കൂ. ധ്യാനം നല്ലതാണെന്ന വിശ്വാസവും ഒരു പ്രോഗ്രാം തന്നെയാണ്. അടിസ്ഥാന പ്രാപഞ്ചിക പ്രോഗ്രാമുകളല്ലാതെ എത്രമാത്രം പ്രോഗ്രാമുകൾ നാം സമാഹരിച്ചിട്ടുണ്ടോ അത്ര കുറവുമാത്രമേ പ്രപഞ്ചത്തെ നാം ആശ്രയിക്കൂവെന്നുള്ളിടത്താണ് പ്രശ്നം. അതായത്, പ്രോഗ്രാമുകൾ മൂലസ്പന്ദനത്തിന്റെ ധാരയിൽ നിന്നും ആശ്രിതരെ അകറ്റുന്നു. മൂലസ്പന്ദനം പ്രപഞ്ചമാകെ നിറച്ചിരിക്കുന്ന സർവ്വസൗഖ്യദാന ശേഷിയുള്ള ഊർജ്ജം നമുക്കു ലഭ്യമാകാതെ പോവുകയാണ് പ്രോഗ്രാമുകൾ കൊണ്ടു സംഭവിക്കുക. പ്രോഗ്രാമുകൾ വളരെക്കുറച്ചു മാത്രമുള്ള കുട്ടികളിൽ എളുപ്പം രോഗസൗഖ്യം ലഭ്യമാകുന്നതിന്റെ ഒരു മുഖ്യകാരണം അതാണ്. ഒരു റേഡിയോ, ഒന്നിനുമേലൊന്നായി തുണിക്കഷണങ്ങൾ (ഓരോരോ പ്രോഗ്രാമുകൾ) കൊണ്ടു മൂടപ്പെട്ടുകൊണ്ടേയിരുന്നാൽ റേഡിയോയിൽ നിന്നുള്ള ശബ്ദം ആനുപാതികമായി നേർത്തു നേർത്തുവരുമെന്നതുപോലെ പ്രപഞ്ചത്തിൽ നിന്നകലുന്നവർ സുഖത്തിൽ നിന്നും അസുഖത്തിലേക്കു സാവധാനം നീങ്ങിക്കൊണ്ടിരിക്കും. വലിപ്പ-ഗുണവ്യത്യാസങ്ങൾ പരിഗണിക്കപ്പെടാതെ ഉള്ളിലുള്ള കൃത്രിമപ്രോഗ്രാമുകളെ മുഴുവൻ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള ഒരൊറ്റ മാർഗ്ഗമേയുള്ളൂ - ധ്യാനം.
നമ്മുടെ ചിന്തകളും മനോഭാവവുമാണ് നമ്മുടെ ആത്യന്തികയാരോഗ്യത്തെ നിർണ്ണയിക്കുന്നത്. പൊതുവേ, ഭാവിയേപ്പ്പറ്റി വളരെയേറെ സ്വപ്നങ്ങൾ കാണുന്ന ചെറുപ്രായത്തിൽ കണ്ണട ഉപയോഗിക്കുന്നത് അടുത്തുള്ള കാര്യങ്ങൾ കാണാനാണെങ്കിൽ, സ്വപ്നങ്ങളുടെ അപ്രായോഗിത തൊട്ടറിഞ്ഞ വാർദ്ധക്യത്തിൽ, കണ്ണട വേണ്ടത് അകലെയുള്ള കാര്യങ്ങൾ കാണാനായിരിക്കുമെന്നു ശ്രദ്ധിക്കുക. മാനസികതലത്തിൽ മാത്രമല്ല ആത്മീയതലത്തിലും നമ്മിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശാരീരിക സ്ഥിതിയെ സ്വാധീനിക്കും. വ്യക്തമായിപ്പറഞ്ഞാൽ, ആത്മാവിലോ, മനസ്സിലോ ശരീരത്തിലോ ഉണ്ടാകുന്ന ഒരു മാറ്റം മറ്റു രണ്ടുതലങ്ങളേയും ബാധിക്കും. ഇതു പരിഗണിച്ചുള്ള ചികിൽസാ സമ്പ്രദായങ്ങളേയാണ് സമ്പൂർണ്ണ (ഹോളിസ്റ്റിക്) ചികിൽസാ രീതികൾ എന്നു വിളിക്കുന്നത്. അസുഖമെന്നു പറഞ്ഞാൽ തന്നെ സൗഖ്യത്തിൽനിന്നുള്ള മാറ്റമാണ് - അതായത്, പരമസുഖമായ ഈശ്വരനിൽനിന്നുള്ള അകൽച്ച. അനാവശ്യമായ ഇത്തരം രോഗങ്ങളിൽ നിന്നു മോചനം നേടാനാദ്യം നാമുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പ്രോഗ്രാമുകളെ ഒഴിവാക്കുകയാണു ചെയ്യേണ്ടത്. ഇതു പ്രാപ്യമാക്കാൻ അനേകം മാർഗ്ഗങ്ങളുണ്ടെങ്കിലും നാം തിരഞ്ഞെടുക്കേണ്ടത്, അവസാനം വരെയുപയോഗിക്കാൻ പറ്റുന്ന മാർഗ്ഗമായിരിക്കണം. ഇവിടെയാണു ധ്യാനത്തിന്റെ പ്രാധാന്യം.
ശരിയായ ധ്യാനത്തിന്റെ ('വതസ്യ നിശ്ചിന്തനം ധ്യാനം' - constant awareness of That) സുപ്രധാനമോ അവിഭാജ്യമോ ആയ കണ്ണിയായി എടുത്തുകാട്ടിയിരിക്കുന്നത് 'അതിനെ'(ബ്രഹ്മത്തെ) അറിഞ്ഞുകൊണ്ടേയിരിക്കലാണ് (awareness). അപ്പോൾ, ഈ അറിഞ്ഞുകൊണ്ടേയിരിക്കലെന്താണെന്നു ധ്യാനിക്കാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞല്ലേ മതിയാവൂ? Awareness (അറിഞ്ഞുകൊണ്ടേയിരിക്കൽ) എന്ന ഇംഗ്ലിഷ് പദത്തിനു തത്തുല്യമായ അർത്ഥമുള്ള പദം മലയാളത്തിലില്ല. ആയിരിക്കുന്ന അവസ്ഥയിലുള്ളതെല്ലാം അറിഞ്ഞുകൊണ്ടേയിരിക്കലാണ് Awareness എന്നു പറയാം. ഈ അറിഞ്ഞിരിക്കലിൽ, ഞാനെന്താണ്, ഞാനെന്തിനാണ്, എനിക്കു ചുറ്റുമുള്ളതൊക്കെ എന്തിനുള്ളതാണ്, ഇപ്പോളെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് ....., അങ്ങിനെ പ്രപഞ്ചത്തിലും അതിനപ്പുറവുമിപ്പുറവുമൊക്കെയുള്ള സകലതിന്റെയും അവസ്ഥകൾ ഈ അറിയലിലായിരിക്കുന്നവൻ അറിഞ്ഞുകൊണ്ടേയിരിക്കും. ഈ അറിയൽ ഭാവിയിലോ ഭൂതത്തിലോ ആയിരിക്കില്ല, പകരം ആയിരിക്കുന്ന വർത്തമാന കാലത്തുമാത്രമായിരിക്കുകയും ചെയ്യേണ്ടതുണ്ട്. മനസ്സെപ്പോഴും ഭൂതകാലത്തോ ഭാവികാലത്തോ ആയിരിക്കുമെന്നതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകിച്ചു പറയേണ്ടി വരുന്നത്. ഭാവിയും ഭൂതവും യാഥാർത്ഥ്യമല്ലെന്നും ആയിരിക്കുന്ന ഈ നിമിഷം മാത്രമേ സത്യമായിട്ടുള്ളൂവെന്നും തിരിച്ചറിയുന്നവനാണല്ലൊ യഥാർത്ഥ അറിയലിലായിരിക്കുന്നവൻ.
പ്രപഞ്ചമെന്നോ ദൈവമെന്നോ വിശേഷിപ്പിക്കപ്പെടുന്നതിൽ സർവ്വതും ഉൾപ്പെടുന്നു; എല്ലാം ബ്രഹ്മത്തിന്റെ ഭാഗം. യാതൊരറിവുകളും സിദ്ധികളും ബ്രഹ്മത്തിനജ്ഞാതമല്ല; ബ്രഹ്മത്തിലേക്കടുക്കുന്നവന്റെ മുന്നിൽ ഭാവി-ഭൂത-വർത്തമാന കാല സ്ഥിതിജ്ഞാനവും ബ്രഹ്മസിദ്ധികളും (സൃഷ്ടിശേഷിയും) അനാവരണം ചെയ്യപ്പെടുന്നു. അറിവുകൾ തരം തിരിക്കപ്പെട്ടിട്ടില്ലെങ്കിലും സിദ്ധികൾ 32 എന്ന് ഭാരതീയ ഇതിഹാസങ്ങളിൽ കാണുന്നു. സിദ്ധികളൊന്നൊന്നായി ലഭ്യമാവുമ്പോൾ അതു ലഭിച്ചുവെന്നറിയുന്നവൻ അതുകൊണ്ടു സ്വന്തം വ്യക്തിത്വം ജ്വലിപ്പിക്കാൻ വ്യഗ്രതപ്പെട്ടാൽ എന്താണു സംഭവിക്കുക? അവനിലെ അഹം (ഈഗോ) കൂടുതൽ ശക്തിപ്രാപിക്കുകയാവും ഫലമായി സംഭവിക്കുക. ഇന്നത്തെ അഭിനവ ഗുരുക്കന്മാരിൽ ബഹുഭൂരിപക്ഷവും ഈ കെണിയിൽ കിടന്നു പിടയുന്നവരാണ് - ഓഷോയുടെ അഭിപ്രായത്തിൽ 99.99 ശതമാനവും. സിദ്ധികളെ പ്രദർശിപ്പിച്ചു പണമാക്കി മാറ്റാൻ ഒരു സിദ്ധനും പിന്നിലല്ല. അവരുടെയും അവരോടൊപ്പമുള്ളവരുടേയും വളർച്ച അവിടെത്തീരുന്നുവെന്നു പറയുന്നതാണു ശരി. അബോധമനസ്സിന്റെ സൂഷ്മതലത്തിലുള്ള ഈ സിദ്ധിമേഖലവരെയെത്താൻ ധ്യാനത്തിന്റെ പരിശുദ്ധമായ മാർഗ്ഗങ്ങൾ അത്യാവശ്യമല്ല. കൃത്രിമമോ ശാസ്ത്രീയമോയായ ഏതെങ്കിലും മാർഗ്ഗത്തിലൂടെയും സിദ്ധിലോകം വരെയൊക്കെയെത്താം. പ്രഭാഷണങ്ങൾ മനസ്സിനെ യുക്തിസഹമായി ഉത്തേജിപ്പിക്കുന്നയൊരു കൃത്രിമ മാർഗ്ഗമാണ്. അനേക വർഷങ്ങൾ തപസ്സിലൂടെ നേടിയ ഭാരമില്ലായ്മ ശരീരത്തിനനുഭവേദ്യമാക്കാൻ ഒരു കഞ്ചാവുപുക അല്ലെങ്കിൽ ഒരിഞ്ചക്ഷൻ മതിയാവാം. ഉച്ചത്തിലുള്ള പാട്ടുകളും കണ്ണിനെ കുളിർപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങളും, മനസ്സിനെ ചിന്തിപ്പിക്കുന്ന പ്രഭാഷണങ്ങളുമൊക്കെയുണ്ടെങ്കിലേ (Props and Koans) ധ്യാനിക്കാനാവൂയെന്നു ശഠിക്കുന്നവൻ ധ്യാനത്തിലൂടെ അധികം ദൂരം പോവില്ലെന്നുറപ്പ്. ഇടയ്കു വൈദ്യുതി നിലച്ചാൽപ്പോലും അവന്റെ യാത്ര താൽക്കാലികമായി അവസാനിക്കും. ആരു നിശ്ശബ്ദതയേ (ആന്തരികവും ബാഹ്യവുമായ) കൂട്ടുപിടിക്കുന്നുവോ അവനെ ആത്യന്തികമായ ജയ സാദ്ധ്യതയുള്ളൂ - അവനേ ആനന്ദമയകോശത്തെ പ്രാപിക്കുകയുമുള്ളൂ.
അറിഞ്ഞുകോണ്ടേയിരിക്കൽ (Awareness) പ്രകാരം ഏതൊരുവ്യക്തിക്കും ഈ പ്രപഞ്ചത്തിലുള്ള സ്ഥാനം ഒരു കാണി(സാക്ഷി)യുടേതു മാത്രമാണ്. ഇവിടെ നടക്കുന്നതെല്ലാം പ്രാപഞ്ചിക സ്റ്റേജിൽ നടക്കുന്ന ഒരു മഹാനാടകത്തിന്റെ ഭാഗമായിട്ടായിരിക്കണം അത്തരക്കാർ കാണേണ്ടത്. ഒരോരുത്തരുടേയും മുന്നിൽ നടക്കുന്ന പ്രാപഞ്ചിക നാടകത്തിൽ അനേകം അഭിനേതാക്കളുണ്ടാവാം, കഥക്കു വീര്യം പകരുന്ന അനേകം സംഭവങ്ങളുമുണ്ടാവാം. ഇതെല്ലാം കണ്ടറിഞ്ഞുകൊണ്ടിരിക്കുകയല്ലാതെ ആരും കഥയിൽ കയറിക്കരയുകയോ അരങ്ങിൽക്കയറി ചിരിക്കുകയോ ചെയ്യാൻ പാടില്ല. അങ്ങിനെ ചെയ്താൽ അവനും കഥയുടെ ഭാഗമായി മാറും - സാക്ഷിയുടെ ദൗത്യം അതല്ല. ഗൗതമബുദ്ധൻ ഒരുതരം മാനസിക സമതുലനാവസ്ഥയേപ്പറ്റിയാണു (Equanimity - സുഖത്തിലും ദുഖത്തിലുമെന്നല്ല ഒരു സാഹചര്യത്തിലും വൈകാരികമായി സജീവമാകാത്ത ഒരവസ്ഥ) പറയുന്നത്. ബുദ്ധിസ്റ്റ് ധ്യാനമാർഗ്ഗമായ വിപസ്സന (സ്വയം അറിയൽ) ധ്യാനത്തിന്റെ ആദ്യപാദത്തിൽ ശ്വാസത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കലാണു മുഖ്യമായുമുള്ളത്. ശരീരത്തിലൊരു ബലമനുഭവപ്പെട്ടാലും മനസ്സിലൊരു ബലമനുഭവപ്പെട്ടാലും ശ്വാസത്തിന്റെ ഗതിയിൽ വ്യത്യാസം വരും. മനസ്സിനും ശരീരത്തിനും ഇടക്കുള്ള ഒരു പാലമായ ശ്വാസത്തിന്റെ ഗതി നിരീക്ഷിക്കപ്പെടുന്നുവെങ്കിൽ ആ വ്യതിയാനം അവിടെ ഉണ്ടാവണമെന്നില്ല. ഞാൻ കോപിക്കുകയാണെന്നു നിരീക്ഷിക്കുന്നവനിൽ നിന്നും കോപം എളുപ്പത്തിൽ അപ്രത്യക്ഷമാകുന്നതുപോലെയാണിത്. ശ്വാസഗതി ഒരേപോലെ നിലനിർത്താൻ കഴിയുന്നുവെങ്കിൽ വ്യക്തി അറിയാതെ തന്നെ മനസ്സിലും ശരീരത്തിലും സൗഖ്യം സാദ്ധ്യമാണ് (അസുഖം എന്താണെന്നുപോലും ആരും അറിഞ്ഞിരിക്കേണ്ടതില്ലത്രെ). വേദന സഹനമല്ലെന്നും സഹനത്തിനു വേദനയുണ്ടാവണമെന്നില്ലെന്നും സദാ അറിഞ്ഞുകൊണ്ടിരിക്കുന്നവൻ മനസ്സിലാക്കിയിരിക്കും.
സുഖവും ദുഖവും മാറി മാറി രംഗത്തെത്തിക്കൊണ്ടിരിക്കുന്ന ഈ ജീവിതവേദിയിൽ വികാരരഹിതരായി നിൽക്കാൻ കഴിയുംപോൾ മാത്രമേ നാം ആ മേഖലയിൽ അറിഞ്ഞുകൊണ്ടെയിരിക്കുന്നവനാവൂ. സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെയെല്ലാമുത്തരവാദിത്വം ഏറ്റു ക്ഷീണിക്കേണ്ടവരല്ല നാം - ട്രയിനിൽ യാത്ര ചെയ്യുമ്പോൾ ഭാരം തലയിൽത്തന്നെ സൂക്ഷിക്കുന്നവനേപ്പോലെയുമാകരുതാരും. പ്രശ്നം എത്ര സങ്കീർണ്ണമാണെങ്കിലും അതിനു തക്കതായ പരിഹാരം പ്രശ്നത്തിനുകാരണമായ പ്രപഞ്ചത്തിന്റെ കൈവശമുണ്ടെന്നും കാണണം, ആ പ്രശ്നം ആ അവസ്ഥയിൽ അവിടെയായിരിക്കേണ്ടത് തന്റെ വളർച്ചക്കത്യന്താപേക്ഷിതമാണെന്നും അവൻ കാണണം. പ്രപഞ്ചത്തിന്റെ ഒരവയവമായിനിന്നു പ്രശ്നം പരിഹരിക്കാൻ കാരണമാകുന്നുവെങ്കിൽ അതു വേറൊന്നാണ്. അവിടെ ഞാൻ വേദനയുമല്ല സഹനവുമല്ല പ്രശ്നവുമല്ല, പ്രശ്നപരിഹാരവുമല്ലെന്ന ചിന്തയാണു വേണ്ടത് - അപ്പോഴേ ഒഴുക്കു ശരിയാവൂ. എന്നിലെ സുതാര്യതയെ അല്ലെങ്കിൽ സൂര്യനെ മറയ്കുന്ന ചിന്തകൾക്കു പകരം ആയിരിക്കുന്ന നിമിഷത്തെ അതായിരിക്കുന്നതുപോലെ അറിയാനും അംഗീകരിക്കാനും സഹായിക്കുന്ന ചിന്തകളാണു വേണ്ടതെന്നിശ്ചിക്കാൻ നമുക്കു കഴിയണം. ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു നിമിഷവും എന്റേതായി വരുന്നില്ലെന്നും കാണണം. ധ്യാനത്തിലൂടെ ശുദ്ധമായ അവബോധത്തിൽ എത്തിച്ചേരുമ്പോഴെ യാഥാർത്ഥ്യം നമ്മുടെ മുന്നിൽ മാറാല നീക്കി മുഖം കാണിക്കൂ. അപ്പോൾ, കാരണവും ഫലവുമെല്ലാം ഒന്നുതന്നെയാണെന്നു നമുക്കു കാണാനും കഴിയും. ഒന്നു സൂക്ഷിച്ചു നോക്കിയാൽ അപരനു വേണ്ടി ബലിയാകാൻ മടിയില്ലാത്ത ധ്യാനാവസ്ഥയിലായിരിക്കുന്ന ചരാചരങ്ങളാണു പ്രപഞ്ചം നിറയെ.
അറിയലിലായിരിക്കുന്നവന് അവന്റെ മേൽ സമ്പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കുമെന്നുള്ളതും പറയാതെ വയ്യ. ഗൗതമബുദ്ധൻ അറിഞ്ഞുകോണ്ടേയിരിക്കൽ (Awareness) എങ്ങിനെയെന്നു ശിക്ഷ്യന്മാരെ കാണിക്കാൻ അദ്ദേഹത്തിന്റെ തോളിൽ വന്നിരുന്ന ഒരു കൊതുകിനെ തുരത്തിയ കഥ പ്രസിദ്ധം. സാധാരണ സംഭവിക്കുന്നതുപോലെ കൊതുകിന്റെ സ്പർശനം അനുഭവപ്പെട്ടിടത്തേക്ക് ബോധമനസ്സറിയാതെ അതിവേഗം കൈചലിക്കുകയല്ല സംഭവിച്ചത്. പകരം, ഓരോ ചെറിയ ചലനവും അദ്ദേഹത്തിന്റെ ബോധമനസ്സിന്റെ അറിഞ്ഞുള്ള പ്രവർത്തനമാക്കിയദ്ദേഹം മാറ്റി. അദ്ദേഹത്തിന്റെ കൈ തോളിൽ ചെന്നപ്പോഴേക്കും കൊതുകതിന്റെ കാര്യം സാധിച്ചിട്ടു സ്ഥലം കാലിയാക്കിയിരുന്നുവെന്നതു വേറൊരു കാര്യം. ഒരുവൻ അവന്റെ ജീവിതം നേടിയെന്നു പറയണമെങ്കിൽ അവൻ അവനെത്തന്നെ നേടിയിരിക്കണം. അവനെത്തന്നെ നേടുകയെന്നു പറഞ്ഞാൽ അവന്റെ മേൽ സമ്പൂർണ്ണ നിയന്ത്രണം അവനുണ്ടായിരിക്കണം. ഒരു ഡ്രൈവറും വാഹനവും തമ്മിലുള്ള ബന്ധത്തിനു സമമായിരിക്കും അറിയലിൽ ജീവിക്കുന്നവന്റെ ദേഹവും ദേഹിയും തമ്മിലുണ്ടായിരിക്കുക. ഇവിടെ, ദേഹിയറിയാതെ ഒരു സ്പന്ദനം പോലും ദേഹത്തു സംഭവിക്കുന്നില്ല. ശാരീരിക ചലനങ്ങൾ മാത്രമല്ല, മനസ്സിന്റെ വ്യാപാരങ്ങളും 'അറിഞ്ഞിരിക്കലിൽ' തികഞ്ഞ ബോധത്തോടെയായിരിക്കും സംഭവിക്കുക. അതായത്, ഒരു ചിന്തയും ഒരുവനറിയാതെ അകത്തേക്കും വരുന്നില്ല പുറത്തേക്കും പ്രസരിക്കുന്നില്ല. അവനിശ്ചിക്കാതെ വികാരങ്ങളും രൂപപ്പെടുന്നില്ല, ആഗ്രഹങ്ങളും പരിണാമപ്പെടുന്നില്ല. ഞാനതാണ്, ഇതാണ് എന്നൊക്കെയുള്ള വീക്ഷണങ്ങൾ മാറി ഞാനെല്ലാമാണ് ഞാനെല്ലാറ്റിലുമുണ്ട് എല്ലാമെന്നിലുമുണ്ടെന്നും, അറിയുകതന്നെയാണു മോക്ഷമെന്നും ഇവിടെ മനസ്സിലാകും. ഇതൊരുതരം മാനസാന്തരം തന്നെ. ധ്യാനത്തിൽ മുന്നേറുന്നവനേക്കാൾ സ്വതന്ത്രനായി വേറെയാരും ഉണ്ടാവണമെന്നില്ല. ഈ സ്വാതന്തൃം അനുഭവിക്കാൻ ധൈര്യം വേണം, അതില്ലാത്തവരാണ് മതങ്ങൾക്കു കീഴിൽ അടിമകളേപ്പ്പോലെ കിടന്നു കേഴുന്നത്. അറിവിലായിരിക്കുകയെന്നതു നിസ്സാരമായ കാര്യമല്ലെങ്കിൽ ധ്യാനവും ഉദ്ദേശിക്കുന്നതുപോലെ ലളിതമായ ഒരു ക്രിയയല്ലെന്നു മനസ്സിലാക്കിയേ തീരൂ.
ആരുടേയും ആയിരിക്കൽ ഈ നിമിഷം തുടങ്ങിയതല്ലായിരിക്കുന്നിടത്തോളം കാലം, മുന്നോട്ടുള്ള പോക്കിന് നാം മുന്നേ ആർജ്ജിച്ച മാലിന്യങ്ങൾ (കർമ്മദോഷങ്ങൾ /ബന്ധനങ്ങൾ) നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതുണ്ട്. വാസ്തവത്തിൽ, നമ്മുടെ മാലിന്യങ്ങൾ എന്താണെന്നറിയാവുന്ന മരണമില്ലാത്ത ഉപബോധമനസ്സിന്റെ (ആത്മാവിന്റെ) ഇംഗിതമനുസ്സരിച്ച് ലക്ഷ്യപ്രാപ്തിക്കനുയോജ്യമായ ഒരു ജീവിത സാഹചര്യത്തിലേക്കാണു ശിശുവായി ഓരോരുത്തരും ജനിക്കുന്നത്. ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ ബഹളത്തിൽ ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യം മിക്കവരും മറക്കുന്നു. ഇതിനേയും അറിഞ്ഞുകൊണ്ടേയിരിക്കലിന്റെ പോരായ്മയായി കാണണം. ജിവിതം നാം ബോധപൂർവ്വം തിരഞ്ഞെടുത്തതല്ലായെന്നുള്ള ചിന്തയും നമുക്കു വേണ്ട; ആത്മീയതലത്തിലോ മാനസികതലത്തിലോ എന്തെല്ലാം നടന്നു അല്ലെങ്കിൽ നടന്നില്ലായെന്നു നമുക്കു പറയാനാവാത്തിടത്തോളം കാലം അങ്ങിനെയൊരു നിഗമനത്തിനു പ്രസക്തിയില്ല. ഓരോരുത്തരും ഇവിടെ ആയിരിക്കുന്നതിന് ഒരു പ്രത്യേക ലക്ഷ്യമുണ്ടെന്നു പറയാം. അതാകട്ടെ സ്പഷ്ടമായും ശരിയായ ദിശയിൽ പരിണാമപ്പെടുകയായിരിക്കുമെന്നതിനും സംശയമില്ല. ഈ ദൗത്യം തിരിച്ചറിയാൻ ആരുമൊന്നും ചെയ്യേണ്ടതില്ല, അവനവനു കിട്ടുന്ന സാഹചര്യങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുക മാത്രം ചെയ്താൽ മതി. ഒരുവന്റെ ദൗത്യമാണ് അവന്റെ മുന്നിൽ സദാ പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചത്തിന്റെ ഈ ദുരൂഹക്രമീകരണം മനസ്സിലാക്കാൻ മനുഷ്യബുദ്ധിക്കു സാധിക്കണമെന്നില്ല. പലപ്പോഴും നമ്മെ അൽഭുതപ്പെടുത്തുന്ന അവിചാരിത സംഭവികാസങ്ങൾ (Coincidences) ശാസ്ത്രത്തിനു തൃപ്തികരമായി വിശദീകരിക്കാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. കാൾ യുങ് എന്ന സൈക്കോഅനലിസ്റ്റ് ജീവിതത്തിൽ തെളിമ (luminoscity) അനുഭവപ്പെടുന്ന ചില മാർഗ്ഗങ്ങളേപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അതും ദൗത്യത്തിലേക്കു ഒരുവനെ നയിക്കുന്നുവെന്നദ്ദേഹം സൂചിപ്പിക്കുന്നു.