ധ്യാനത്തെപ്പറ്റി എന്തെഴുതിയാലും, ശരിയായ ഒരു ധാരണ വായനക്കാരനു കൈമാറാൻ കഴിയുന്നില്ലെങ്കിൽ തൽസംബന്ധമായ ലേഖനങ്ങളും ഉപദേശങ്ങളുമൊക്കെ വളരെ ദോഷം വരുത്തിയേക്കാം. ഫലം വ്യക്തിഗതമായതുകൊണ്ട്, ധ്യാനത്തിന്റെ ഓരോ ഘട്ടത്തിലും പരിശീലകനുണ്ടാകുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലും ധ്യാനത്തെ കൃത്യമായി നിർവചിക്കാനാവില്ല. എങ്കിലും, അക്ഷരാർഥത്തിൽ ധ്യാനമെന്നു പറഞ്ഞാൽ പ്രഭാഷണ പരമ്പരയുമല്ല എന്തെങ്കിലും ആസനാഭ്യാസവുമല്ല. ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു തലങ്ങളുമായി ആയിരിക്കുന്ന മനുഷ്യർ, ആകമാന സൗഖ്യം പ്രാപ്യമാക്കാൻ ശരീരം, ശ്വാസം, മനസ്സ് എന്നീ മൂന്നു മാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നത്. അത്തരം അഭ്യാസങ്ങളെയെല്ലാം ധ്യാനങ്ങൾ എന്നു വിളിക്കുന്നതാണ് ധ്യാനത്തെപ്പറ്റിയുള്ള മനസ്സിലാക്കലുകളിൽ അവ്യക്തത സൃഷ്ടിക്കുന്നതിനൊരുകാരണം. ധ്യാനത്തിന്റെ പരമോന്നത ലക്ഷ്യമാണത്തരം അഭ്യാസങ്ങൾക്കുമുള്ളതെന്നതുകൊണ്ട് അവയൊന്നും ധ്യാനമാകുന്നില്ല. ധ്യാനമെന്ന വാക്കിന് ഓരോ നിഘണ്ടുവും വ്യത്യസ്ഥ അർഥങ്ങളാണ് കൊടുത്തിരിക്കുന്നതെന്നും, ആകെ ലോകത്തുള്ള ജനസംഖ്യയേക്കാൾ കൂടുതൽ തരത്തിലുള്ള ധ്യാനങ്ങൾ പ്രചാരത്തിലുണ്ടെന്നും ശ്രദ്ധിക്കുക. ധ്യാനമെന്ന വാക്കിന്റെ ശുദ്ധ തർജമയല്ല, ഇംഗ്ലീഷിലെ മെഡിറ്റേഷൻ (meditation) എന്ന വാക്ക്. സംസ്കൃതത്തിലെ 'ധർമ്മ', 'സാധന', 'യോഗാ' പോലുള്ള പല പ്രധാന വാക്കുകൾക്കും തുല്യമായ വാക്കുകൾ ഒരു ഭാഷയിലും ഇല്ലെന്നു തന്നെ പറയാം.
പതറാതെ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ധ്യാനമെന്നു കരുതുന്നവരുണ്ട്; യാതൊരു ചിന്തകളുമില്ലാതെ കുറച്ചുനേരമിരിക്കാൻ കഴിഞ്ഞാൽ അതാണു ധ്യാനമെന്നു കരുതുന്നവരുമുണ്ട്. ആദ്യത്തെയവസ്ഥ സൃഷ്ടിക്കാൻ, എന്തിലാണോ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ ചിത്രം കണ്മുന്നിൽ വെച്ചാൽ മതിയാവും; രണ്ടാമത്തെ അവസ്ഥ പ്രാപ്യമാക്കാനാകട്ടെ നന്നായൊന്നുറങ്ങിയാലും മതിയാകും. ശ്രദ്ധ ചിതറിപ്പിക്കലായാലും, യാതൊന്നിലും ശ്രദ്ധയില്ലാതിരിക്കലായാലും ധ്യാനമാവുമെന്നു കരുതരുത്. രൂപവും ഗുണവുമൊന്നുമില്ലാത്ത ഈശ്വരനിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണു ശരിയായ ധ്യാനമെന്നു പറയാം. ഈശ്വരൻ ജ്ഞാനമായതുകൊണ്ടുതന്നെ ബ്രഹ്മജ്ഞാനത്തെപ്പറ്റി അറിയുന്നവനേ ആ രീതിയിൽ സത്യത്തെ ധ്യാനിക്കാനാവൂയെന്നു പറയുമ്പോൾ, പിന്നെങ്ങിനെയാണു ധ്യാനിക്കുകയെന്നുള്ള ചോദ്യത്തിനു ശക്തി കൂടും. ശുദ്ധധ്യാനത്തിൽ മാധ്യമങ്ങളില്ല; പക്ഷേ, മാധ്യമങ്ങളുടെയിടയിൽ ജീവിക്കുന്ന മനുഷ്യന് മാധ്യമമല്ലാത്ത അവസ്ഥയിലേക്കു പോകാൻ മാധ്യമം ആവശ്യമുണ്ടെന്നതു സത്യമാണു താനും. മറ്റൊന്നിന്റെ സഹായത്തോടെയുള്ള യാത്ര അല്‌പദൂരത്തേക്കെ പ്രയോജനപ്പെടൂവെന്നതുകൊണ്ട് ധ്യാനത്തിലൂടെയുള്ള മുന്നേറ്റത്തിൽ, ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന മാധ്യമങ്ങളെ ഒന്നൊന്നായി ഉപേക്ഷിക്കേണ്ടതുണ്ട്. പുറംകടലിൽ ഒറ്റയ്ക്ക് തുഴഞ്ഞുകൊണ്ടേയിരിക്കുന്ന വഞ്ചിക്കാരനെപ്പോലെയാണു ധ്യാനാഭ്യാസികൾ. എന്നും ഒരേ ചക്രവാളമായിരിക്കും അനേകനാളുകളവന്റെ മുന്നിൽ ഉണ്ടായേക്കാവുന്നത്. കര അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് പൊടുന്നനെയായിരിക്കും; അതുപോലെയാണൊരുവൻ ബ്രഹ്മജ്ഞാനിയാവുന്നതും, ശരിയായ ധ്യാനത്തിൽ എത്തിച്ചേരുന്നതും.
സത്യമെന്ന ജ്ഞാനത്തെ ആകമാനസർവത്തിൽ നിറയ്ക്കുകവഴി അഹം ബ്രഹ്മമായി മാറുകയാണ് ശരിയായ ധ്യാനത്തിലൂടെ സംഭവിക്കേണ്ടത്. അത്തരമൊരു സന്ദർഭത്തിൽ സ്ഥലകാലബ ന്ധനങ്ങളിൽ കുടുങ്ങിയിരിക്കുന്ന യാതൊന്നുമല്ല 'ഞാൻ' എന്നൊരു മനസ്സിലാക്കലുണ്ടാവും. അപ്പോൾ ഒന്നിനോടുമുള്ള ഒരു ബന്ധവും ആത്മാവെന്ന സത്യത്തിന് പ്രസക്തമല്ലാതാവും. അതായത്, പരമമായ സത്യത്തെ തിരിച്ചറിയുന്നവനെ ശരിയായ ധ്യാനത്തിലായിരിക്കാനും കഴിയൂവെന്നർത്ഥം. "വതസ്യ നിശ്ചിന്തനം ധ്യാനം (constant awareness of That)" എന്നാണ് ആത്മപൂജോപനിഷത്തിൽ ധ്യാനത്തെ നിർവ്വചിച്ചിരിക്കുന്നത്. പരമമായ സത്തയെയാണ് 'തത്' എന്നിവിടെ പറയുന്നത്. തസ്യയെന്നാൽ 'അതിന്റെ'യെന്നർഥം. തടസമില്ലാതെ നിരന്തരം 'അതി'നെ അറിഞ്ഞുകൊണ്ടിരിക്കൽ ധ്യാനമാകും. ഇതു സാധിക്കാൻ അഹംബോധത്തെ ബോധപൂർവ്വം മാറ്റിനിർത്തണം. ഇതിനാവശ്യമായ ഇരട്ട ബോധമുള്ള പ്രപഞ്ചത്തിലെ ഏക ജീവി മനുഷ്യൻ മാത്രമാണ്. അവനു മാത്രമേ ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാനാവൂ. അഹത്തെയും അഹത്തിന്റെ ബന്ധനങ്ങളേയും പൂർണ്ണമായും ഒഴിവാക്കാൻ വേണ്ടിയുള്ള യാത്രയിൽ അവയേയും കൊണ്ടുപോകുന്നത് ശരിയാവില്ല - ഒപ്പം വേണ്ടത് തനി നിശ്ശബ്ദത തന്നെ. ചുരുക്കത്തിൽ, അഹംബോധത്തിൽ നിന്നും പരമമായ സത്താബോധത്തിലേക്കുള്ള മാർഗമാണു ധ്യാനം, എന്നു പറഞ്ഞാൽ ഭാഗികമായി എനിക്കിഷ്ടപ്പെട്ട ഒരു നിർവചനമാവും. ഈ മാർഗത്തിൽ എന്തെല്ലാം തടസങ്ങളുണ്ടോ അതെല്ലാം മനസ്സെന്ന വലിയ മേഖലയിലാണ്; വേറൊരു വാചകത്തിൽ പറഞ്ഞാൽ, മനസ്സിനെ നിർവീര്യമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക ധ്യാനത്തിന്റെ ഒരവിഭാജ്യ ദൗത്യമാണ്. ആ അർഥത്തിൽ, 'ധീ' (ബുദ്ധി) യുടെ 'ന' (ഇല്ല) ഒഴിവാക്കലാണ് ധ്യാനം (ധീ + ന = ധ്യാന = ബുദ്ധിയില്ലാത്ത അല്ലെങ്കിൽ ബുദ്ധിപ്രവർത്തിപ്പിക്കാത്ത ഒരവസ്ഥ).
വേദകാല കാഴ്ചപ്പാടനുസരിച്ച് ശരീരം പഞ്ചകോശങ്ങളാൽ (അന്ന - പ്രാണ - മനോ - ജ്ഞാന - ആനന്ദ) നിർമ്മിതമാണ്. ആനന്ദത്തിലാണു ബ്രഹ്മമെന്നു ധ്യാനത്തിന്റെ മറുകരയെത്തിയവനേ മനസ്സിലാകൂ. ഹിന്ദു വിശ്വാസപ്രകാരം ആത്മാവിനെ (ബ്രഹ്മത്തെ) പൊതിഞ്ഞിരിക്കുന്ന അഞ്ചാവരണങ്ങളാണു പഞ്ചകോശങ്ങൾ. ഓരോ ആവരണത്തേയും കീഴടക്കി മാത്രമേ ബ്രഹ്മത്തെ പ്രാപിക്കാനാവുകയുള്ളൂവെന്നും ധ്യാനത്തിൽ ഈ ഉന്മൂലനപ്രക്രിയയാണു സംഭവിക്കേണ്ടതെന്നും വ്യംഗ്യം. ഈ ആവരണങ്ങളെല്ലാം ശരീരവും മനസ്സുമായിട്ടാണു ബന്ധപ്പെട്ടിരിക്കുന്നത്. എല്ലാത്തിനും നാമവും രൂപവും സ്വഭാവവും ഗുണവുമെല്ലാം ഉള്ളതുകൊണ്ട് എല്ലാത്തിനേയും അഹത്തിന്റെ ഭാഗമായി കരുതാതെ വയ്യ. മനസ്സിനെ ഇല്ലാതാക്കുകയെന്നു പറഞ്ഞാൽ ഒന്നുമല്ലാതായിത്തീരുകയെന്നർഥം. ഈ ഒന്നുമല്ലാതായിത്തീരൽ മനസ്സിലാക്കണമെങ്കിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരിനാളത്തെ സങ്കൽപ്പിക്കുക. അതിനു പേരുണ്ട്, ഗുണമുണ്ട്, രൂപമുണ്ട്, സ്വഭാവമുണ്ട്, ആകൃതിയുമുണ്ട്. ഈ തിരിനാളം കാറ്റത്തു കെട്ടുപോയാൽ അതവിടെയുണ്ടായിരുന്നെന്നു തെളിയിക്കാൻ യാതൊന്നും അവശേഷിക്കുന്നില്ല. ഇത്തരമൊരു അവസ്ഥാമാറ്റമാണ് ഏതൊന്നും അഹത്തെ ഉപേക്ഷിച്ചു ബ്രഹ്മമായിത്തീരുമ്പോൾ ഉണ്ടാകുന്നത്.
ബ്രഹ്മത്തിലായിരിക്കാൻ എന്തെങ്കിലും പ്രത്യേകിച്ചു ചെയ്യേണ്ടതുണ്ടോ? ചെയ്യാതിരിക്കുന്നവർക്കും ചെയ്യുന്നവർക്കും വ്യത്യസ്ഥ ന്യായങ്ങളുണ്ട് - രണ്ടിലും വേണ്ടത്ര യുക്തിയുമുണ്ട്. ശാസ്ത്രത്തിന്റെയും സൂക്ഷ്മബുദ്ധിയുടെ യും അന്വേഷണം ചെന്നെത്തിയത്, എല്ലാം തുടങ്ങിയത് ശൂന്യതയിൽ നിന്നാണെന്ന യാഥാർത്ഥ്യത്തിലാണ്. ശൂന്യതയിൽനിന്ന് ജീവനും പ്രപഞ്ചവും എങ്ങിനെ രൂപം കൊണ്ടുവെന്നതിനെപ്പറ്റിയുള്ള നിഗമനങ്ങളിൽ മതങ്ങളും, പ്രസ്ഥാനങ്ങളും, വ്യക്തികളുമെല്ലാം വ്യത്യസ്ഥരായിരിക്കുന്നു. പക്ഷേ, ശൂന്യതയിൽ നിന്നു വന്നത് ശൂന്യതയിൽത്തന്നെ അവസാനിക്കണമെന്ന ന്യായം ആർക്കും നിഷേധിക്കാനാവാത്തതാണ്. സർവതിലും ശൂന്യതയിലേക്കു മടങ്ങാനുള്ളയൊരു ത്വര അടങ്ങിയിരിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. ഈ ത്വര നൽകുന്ന പ്രചോദനംകൊണ്ടാണ് പരിണാമം സംഭവിക്കുന്നത്. പരിണാമത്തിനു ബോധപൂർണ്ണമായി സത്തുക്കൾ വിധേയപ്പെടാൻ കാരണവും ഇതിനെപ്പറ്റിയുള്ള ജ്ഞാനം തന്നെ. പരിണാമത്തിൽ ബോധപൂർവ്വം പങ്കെടുക്കുന്നതു വഴി 'വിപ്ലവകരമായ' പരിണാമമാക്കി സ്വജീവിതത്തെ അവർ മാറ്റുന്നു. ചുരുക്കത്തിൽ, ധ്യാനിച്ചാലും ഇല്ലെങ്കിലും സർവതും ഒരുനാൾ ശൂന്യതയിൽ എത്തിയേ തീരൂ. ജീവിതം ഒരു നിശ്ചിതഫലത്തിനു വിധേയമായിരിക്കുമ്പോൾ എന്തിനു കർമ്മമെന്ന ചോദ്യമുണ്ടാവും. എന്താണു കർമ്മമെന്നും, എങ്ങിനെയാണതു നിർവഹിക്കേണ്ടതെന്നും തേരാളിയായി വന്ന ഭഗവാൻ കൃഷ്ണൻ യോദ്ധാവായ അർജ്ജുനനോടു വിശദീകരിക്കുന്നു, ഗീഥയിലൂടെ.
മനുഷ്യന്റെ ആകെത്തുകയുടെ ഒരു മൂശയാണു മനസ്സെന്നു പറഞ്ഞാൽ പൂർണ്ണമായി ശരിയല്ലെങ്കിലും മനസ്സിനെ ആ രീതിയിൽ പരിചയപ്പെടുത്തിയാലെ ശരിയാവൂ. ഊർജത്തെ സ്ഥൂലമെന്നും സൂക്ഷ്മമെന്നും തരം തിരിച്ചാൽ സൂക്ഷ്മമായതിനെ പൊതുവിൽ മനസ്സെന്നു വിളിക്കാം; അതിസൂക്ഷ്മോർജത്തെയാണ് ഈശ്വരനെന്നു (Highest Consciousness) വിശേഷിപ്പിക്കുന്നതും. ഏതൊരു മനുഷ്യനും പരിചയമുള്ള ബുദ്ധി, ഓർമ്മ, വിവേചനശക്തി മുതലായ ഗുണങ്ങൾ ഈ മനസ്സിന്റെ പുറംതലത്തിൽ വരുന്നു. മനസ്സ് അതു ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയെ ആസ്പദമാക്കി ഓരോ പേരുകളിൽ (ഓർമ്മ, അറിവ്, വിവേകം, ബുദ്ധി, ചിന്ത ....) വിളിക്കപ്പെടുന്നുവെന്നു പറയുന്നതാണു ശരി. ഊർജപരമായി ചിന്തിച്ചാലും എതൊരു സൃഷ്ടിയുടേയും തുടക്കം ബ്രഹ്മത്തിൽ (ഈശ്വരനിൽ) നിന്നാണെന്നു മനസ്സിലാകും; അല്ലെങ്കിൽ, സൃഷ്ടിക്കപ്പെട്ട സർവതിനും ബ്രഹ്മത്തിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു സൂഷ്മോർജമേഖലയുണ്ടെന്ന്. തുടക്കത്തിലും ഒടുക്കത്തിലും (അതിസൂക്ഷ്മതയിലും അതിസ്ഥൂലതയിലും) ഈശ്വരൻ തന്നെയാണെന്നത് മനുഷ്യബുദ്ധിക്കഗ്രാഹ്യമായ (സൃഷ്ടിയുടെ ദുരൂഹത) കാര്യം.
പരിണാമമെന്നു പറഞ്ഞാൽ മാറ്റമാണ്. യാതൊന്നിനും മാറ്റമില്ലാതെ ആയിരിക്കാനാവില്ല, ഒരു മാറ്റവും സ്ഥിരവുമല്ല. നമുക്കറിയാവുന്ന സർവതിനും തരംഗഭാവമുണ്ടല്ലോ! ശരീരത്തിലാണെങ്കിൽ ശ്വാസത്തിനും, നാഡീസ്പന്ദനത്തിനും രസവിന്യാസത്തിനും മാത്രമല്ല തരംഗഭാവം, 28 ദിവസങ്ങൾ നീളുന്ന ജൈവിക താളത്തിനും 35 ദിവസങ്ങൾ ദീർഘിക്കുന്ന ബൗദ്ധികതാളത്തിനുമെല്ലാം വിധേയമായിട്ടാണു ശരീരം പ്രവർത്തിക്കുന്നത്. സൗരയൂഥത്തിനുണ്ട് തരംഗ ഭാവം, രാത്രി മാറി പകൽ വരുന്നു, പകൽ മാറി രാത്രി വരുന്നു - ഇതാവർത്തിച്ചുകൊണ്ടേയിരിക്കുന്നു. വൈദ്യുതിക്കുണ്ട് തരംഗഭാവം, വയർലെസ്സ് സിഗ്നലുകൾക്കെല്ലാമുണ്ട് തരംഗഭാവം. പ്രകാശം സഞ്ചരിക്കുന്നത് തരംഗഭാവത്തിലാണ്, നക്ഷത്ര സമൂഹങ്ങളിൽനിന്നു ഭൂമിയിൽ എത്തിക്കൊണ്ടിരിക്കുന്ന ഊർജ്ജ രശ്മികളും തരംഗമായാണു സഞ്ചരിക്കുന്നത്. എന്തിനധികം, ആദിയിൽ ചലനമായാണ് പ്രപഞ്ചം അനുഭവപ്പെട്ടത്. ഈ ചലനങ്ങളെല്ലാം 'സ രി ഗ മ പ ദ നി സ' യെന്ന അഷ്ടസ്വരക്കൂട്ടിലെ സ്വരങ്ങൾ പോലെ പരസ്പരം ബന്ധപ്പെട്ടവയായിരിക്കുമ്പോഴാണ് (In harmony) പ്രപഞ്ചം ഏറ്റവും സുന്ദരമായിരിക്കുന്നത്. ഏതൊന്നും, അതിന്റെ അടിസ്ഥാന തരംഗസവിശേഷതൾ മൂല തരംഗവുമായി പരമാവധി ഗുണിതബന്ധത്തിലായിരിക്കത്തക്ക രീതിയിലാണു സൃഷ്ടിക്കപ്പെടുക. വളർച്ചയുടെ കാലത്താണ് അപസ്വരങ്ങൾ പോലെ അപവിന്യാസങ്ങൾ ഉണ്ടാകുന്നത്. ശരീരത്തിലെ രസങ്ങളുടേയും, നാഡികളുടേയും, ശ്വാസോശ്ച്വാസത്തിന്റേയുമെല്ലാം ആയിരിക്കൽ മൂലസ്പന്ദനക്രമത്തോട് താദാത്മ്യപ്പെട്ടിരുന്നാൽ അതു മൂലസ്പന്ദനത്തിന്റെ ഭാഗം തന്നെയായിരിക്കും - കടൽ ജലത്തിലെ ഒരു തുള്ളി കടലിലായിരിക്കുമ്പോൾ കടലായിരിക്കുന്നതുപോലെ തന്നെ. കടലിൽനിന്നു കാലക്രമേണ അകന്നുകൊണ്ടിരിക്കുന്ന ഒരു തുള്ളി, കടലിലേക്കു മടങ്ങുന്നതുപോലെ ധ്യാനത്തിലൂടെ മനുഷ്യൻ ബ്രഹ്മത്തിലേക്കു മടങ്ങിയില്ലാതായി ശക്തിയാർജ്ജിക്കുന്നു. ആ മടക്കത്തിനൊരു മാർഗ്ഗമേയുള്ളൂ, അതിന്റെ പേരാണു ധ്യാനം!
No comments:
Post a Comment