സ്റ്റേഷനു പുറത്തിറങ്ങി, പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള മൺപാതയിലൂടെ ജറി മുന്നോട്ടു നടന്നു. ദൂരെ, കുറച്ചു വീടുകളും കടകളുമെല്ലാമുള്ള ആ മുക്ക് ജറി കണ്ടു; അതു തന്നെ സ്ഥലം! അയാൾ കാണിച്ചുതന്ന സ്ഥലമിതു തന്നെ; ജറി മനസ്സിലുറപ്പിച്ചു.
ട്രയിനിന്റെ ജനാലയിലൂടെ കൈചൂണ്ടി, അവിടെയാണു തന്റെ വീടെന്നയാൾ കാണിച്ചു തന്നിരുന്നതു ജറി മറന്നിരുന്നില്ല. പക്ഷേ, അയാളുടെ പേരോ വിലാസമോ യാതൊന്നും ജറിക്കറിയാമായിരുന്നില്ല. ആകെയുള്ള ലക്ഷണങ്ങളൊക്കെ പറഞ്ഞയാളുടെ വീടു കണ്ടുപിടിക്കാമെന്ന് ജറി കരുതി.
'കണ്ടുപിടിക്കണം, കണ്ടുപിടിച്ചേ ഒക്കൂ; ആ കാലുകളിൽ വീണു നന്ദി പറഞ്ഞില്ലെങ്കിൽ മനുഷ്യനെന്നു വിളിക്കപ്പെടാനുള്ള അർഹത തനിക്കുണ്ടാവില്ല'. ഇങ്ങിനെ ഉരുവിട്ടുകൊണ്ടാണ് ജറി മുന്നോട്ടു നടന്നത്. അത്രക്കു വലിയ ഉപകാരമായിരുന്നാ മനുഷ്യനന്നു തനിക്കു ചെയ്തതെന്ന് ജറിക്കറിയാമായിരുന്നു. ഒരപരിചിതനായ തന്നെ അന്നയാൾ യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ സഹായിച്ചിരുന്നില്ലെങ്കിൽ, അമേരിക്ക സ്വപ്നം കാണാൻ പോലും തനിക്കാവില്ലായിരുന്നുവല്ലോയെന്നു ജറിയോർത്തു.
അമേരിക്കയിൽ നിന്നാദ്യയവധിക്കു വന്നതിന്റെ പിറ്റേന്നു തന്നെയിറങ്ങിയതാണു ജറി, ആ വലിയ മനുഷ്യനെ കാണാൻ. ട്രയിനിൽ വെച്ചു മറന്നുപോയ തന്റെ സർട്ടിഫിക്കറ്റുകളടങ്ങിയ ആ ബാഗ്, ആ മനുഷ്യൻ എത്തിച്ചു തന്നിരുന്നില്ലെങ്കിൽ? ഓർക്കാനേ വയ്യ!
അക്കഥയോർത്താൽ ഇന്നും ദേഹമാകെ കുളിരുകോരും. ചെന്നൈയിൽ പോയി അമേരിക്കൻ കോൺസുലേറ്റിലെ ഇന്റർവ്യുവും കഴിഞ്ഞു ട്രയിനിൽ മടങ്ങുമ്പോഴാണ് ജറിയാ മനുഷ്യനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടതെന്നു പറഞ്ഞാൽ, താൻ ചെന്നൈയിൽ സ്കൂളദ്ധ്യാപകനാണെന്നദ്ദേഹം പറഞ്ഞു; തന്റെ വീടു കണ്ണൂരാണെന്നും, അമേരിക്കയിൽ ഉന്നതവിദ്യാസത്തിന് വിസാക്ക് അപേക്ഷിച്ചിരുന്നെന്നും അതിന്റെ ഇന്റർവ്യു പാസ്സായെന്നും ജറിയും പറഞ്ഞിരുന്നു. ന്യുയോർക്കിൽ ജറിക്കു സ്കോളർഷിപ്പനുവദിച്ച കോളേജിന്റെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ ജറി പെട്ടിക്കകത്തു നിന്നും തന്റെ പുലിത്തോൽ ചിത്രാങ്കിത ബാഗ് പുറത്തെടുത്ത് ആ കോളേജിന്റെ വിശദാംശങ്ങൾ അദ്ദേഹത്തെ കാണിച്ചു. അവിടെ എന്തൊക്കെ സ്കോളർഷിപ്പുകളാണു കിട്ടുന്നതെന്നറിയാൻ അദ്ദേഹം താല്പര്യം കാണിച്ചിരുന്നു.
ആ കോളേജിന്റെയും ഏജൻസിയുടെയും വിലാസങ്ങൾ ഒരു കടലാസിൽ ജറി കുറിച്ചുകൊടുക്കുകയും ചെയ്തു. ആർക്കെങ്കിലും ആ വിവരം എന്തെങ്കിലും രീതിയിൽ പ്രയോജനപ്പെടുന്നുവെങ്കിൽ അങ്ങിനെയാട്ടെന്നു ചിന്തിച്ചതുകൊണ്ടാണ് ആ ബാഗയാൾ പുറത്തെടുത്തത്. ആ ബാഗിലായിരുന്നു അയാളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ മുഴുവൻ. കമ്പാർട്ടുമെന്റിൽ തിരക്കു കുറവായിരുന്നതുകൊണ്ട് ജറിയതു സീറ്റിൽ തന്നെ വെച്ചിട്ട് അദ്ദേഹത്തോട് ഒബാമയുടെ ഭരണത്തേപ്പറ്റി അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. വാഷിങ്ടണേപ്പറ്റിയും വൈറ്റ് ഹൗസിനേപ്പറ്റിയും ന്യുയോർക്കിനേപ്പറ്റിയുമൊക്കെ അവർ സംസാരിച്ചു. താമസിയാതെ, അദ്ദേഹത്തിന്റെ സ്റ്റേഷനെത്തിയപ്പോൾ അദ്ദേഹം ഇറങ്ങുകയും ചെയ്തു. സ്റ്റേഷനിലിറങ്ങാൻ എണീറ്റപ്പോൾ പുറത്തേക്കു വിരൽ ചൂണ്ടി ഒരു കൊച്ചു ഗ്രാമം കാണിച്ചിട്ട് അവിടാണു വീടെന്നദ്ദേഹം പറഞ്ഞിരുന്നു. അവിടെനിന്നധികം ദൂരത്തായിരുന്നുമില്ല സ്റ്റേഷൻ.
ഒരു ട്രയിൻ യാത്രയിൽ കണ്ടുമുട്ടുന്നവരുമായി അതിൽക്കൂടുതൽ പരിചയപ്പെടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അനുഭവങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നിരിക്കണം. വീട്ടിൽ ചെന്നാൽ ചെയ്യേണ്ട ഒരുക്കങ്ങളേപ്പറ്റി ചിന്തിച്ചുകൊണ്ട് ട്രയിനിൽ ജറിയിരുന്നു. വിസാ കിട്ടുമെന്നു ചെന്നൈയിൽനിന്നേ ജറി വീട്ടിലേക്കു വിളിച്ചു പറഞ്ഞിരുന്നു. ഒരൊറ്റ വർഷം മുഴുവൻ ഈ ഒരു ലക്ഷ്യത്തിനു വേണ്ടി നോയമ്പു നോറ്റ അമ്മയെ ഈ വാർത്ത വളരെ സന്തോഷിപ്പിച്ചിരിക്കുമെന്നു ജറിക്കറിയാമായിരുന്നു. അമ്മയുടെ ആണ്ടു മുഴുവൻ നീണ്ട നോയമ്പ്, ഇതിനാണെന്നു ചേച്ചി രഹസ്യമായി പറഞ്ഞ് ജറിയറിഞ്ഞിരുന്നു. അമ്മയേയും പപ്പായേയും അമേരിക്കക്കു കൊണ്ടുപോകണമെന്നു ജെറി മനസ്സിലുറച്ചു.
പത്തു ദിവസങ്ങൾക്കുള്ളിൽ ന്യുയോർക്കിലെ കോളേജിൽ റിപ്പോർട്ട് ചെയ്യണം. അതിനിടയിൽ നൂറ്റിപ്പത്തു കാര്യങ്ങൾ വേറേയും ചെയ്യാനുണ്ട്. ഫ്ലൈറ്റ്ടിക്കറ്റ് കൺഫേമാക്കണം, സ്റ്റേഷനറി വാങ്ങണം, ജൗളിത്തരങ്ങൾ വാങ്ങണം, അത്യാവശ്യം സ്നേഹിതരോടും ബന്ധുക്കളോടും യാത്രപറയണം, ക്ലബ്ബിലെ സെക്രട്ടറിസ്ഥാനമൊഴിയണം, കണക്കുകളും ഫയലുകളുമെല്ലാം ഏൽപ്പിക്കണം, അമേരിക്കയിലുള്ള ഏലിക്കുട്ടിയാന്റിയുടെ വീട്ടിൽ ചെല്ലുമ്പോൾ കൊടുക്കാൻ പലഹാരങ്ങൾ അമ്മയുണ്ടാക്കുന്നു. ഒരു പെട്ടിയിൽ 23 കിലോയെ ആകാവൂയെന്നാന്റി പറഞ്ഞിട്ടുള്ള കാര്യം ഓർത്തു.......
പത്തു ദിവസങ്ങൾക്കുള്ളിൽ ന്യുയോർക്കിലെ കോളേജിൽ റിപ്പോർട്ട് ചെയ്യണം. അതിനിടയിൽ നൂറ്റിപ്പത്തു കാര്യങ്ങൾ വേറേയും ചെയ്യാനുണ്ട്. ഫ്ലൈറ്റ്ടിക്കറ്റ് കൺഫേമാക്കണം, സ്റ്റേഷനറി വാങ്ങണം, ജൗളിത്തരങ്ങൾ വാങ്ങണം, അത്യാവശ്യം സ്നേഹിതരോടും ബന്ധുക്കളോടും യാത്രപറയണം, ക്ലബ്ബിലെ സെക്രട്ടറിസ്ഥാനമൊഴിയണം, കണക്കുകളും ഫയലുകളുമെല്ലാം ഏൽപ്പിക്കണം, അമേരിക്കയിലുള്ള ഏലിക്കുട്ടിയാന്റിയുടെ വീട്ടിൽ ചെല്ലുമ്പോൾ കൊടുക്കാൻ പലഹാരങ്ങൾ അമ്മയുണ്ടാക്കുന്നു. ഒരു പെട്ടിയിൽ 23 കിലോയെ ആകാവൂയെന്നാന്റി പറഞ്ഞിട്ടുള്ള കാര്യം ഓർത്തു.......
യാത്രാസുഹൃത്ത് ഇറങ്ങിയതിനു ശേഷം ഒന്നോ രണ്ടോ സ്റ്റേഷനുകൾക്കൂടി ട്രയിൻ പിന്നിട്ടു കാണണം. ട്രയിനിന്റെ കടകടാശബ്ദം ജറി കേൾക്കുന്നുമുണ്ടായിരുന്നില്ല, ട്രയിനിനേക്കാൾ വേഗത്തിൽ പിന്നോട്ടോടിക്കൊണ്ടിരുന്ന പ്രകൃതിയെ ജറി കാണുന്നുമുണ്ടായിരുന്നില്ല. ചിന്തിക്കാൻ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു ജെറിക്ക്.
വീണ്ടും ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ജെറിയുടെ കംമ്പാർട്ട്മെന്റിനെ ലക്ഷ്യമാക്കി ഓടിക്കിതച്ചു വരുന്ന ആ സുഹൃത്തിനെ ജെറി കണ്ടു - ഏതാനും സ്റ്റേഷനുകൾക്കു മുന്നിൽ ഇറങ്ങിപ്പോയ ആ സ്നേഹിതൻ തന്നെ!
അയാളുടെ കൈയ്യിൽ തന്റെ സർട്ടിഫിക്കറ്റ് ബാഗ്! അദ്ദേഹമതു ജനാലയിലൂടേ കുത്തിത്തിരുകി അകത്തേക്കിട്ടു. എല്ലാം പെട്ടെന്നു കഴിഞ്ഞു.
"എന്റെ സ്റ്റേഷനിലിറങ്ങിയ പിച്ചക്കാരിയെടുത്തതാ....... ടാക്സിക്കു പോന്നു......" ട്രയിനിനോടൊപ്പം ഓടിക്കൊണ്ടദ്ദേഹം ട്രയിനിനേക്കാൾ കൂടുതലണച്ചുകൊണ്ടുച്ചത്തിൽ പറഞ്ഞതിൽ അത്രയും കേൾക്കാനെ ജറിക്കു കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ട്രയിൻ വേഗതയാർജ്ജിച്ചിരുന്നു; ജനാലയിലൂടെ ജറിക്കു കഴുത്തു പുറത്തേക്കു നീട്ടാൻ കഴിഞ്ഞില്ല; ഒന്നും മിണ്ടാനും കഴിഞ്ഞില്ല.
അന്നാ മനുഷ്യൻ അങ്ങിനെ ചെയ്തിരുന്നില്ലായെങ്കിൽ!
ആ ബാഗ് മോഷണം പോയകാര്യം അദ്ദേഹം പറഞ്ഞപ്പോഴാണ് ജറിയറിഞ്ഞതുതന്നെ. ജറിക്കതൊന്നും ഓർക്കാനേ വയ്യായിരുന്നു. ആ ബാഗപ്പോൾ പുറത്തെടുക്കേണ്ടത്ര കാര്യം ഉണ്ടായിരുന്നോയെന്നു ജറി സ്വയം ചോദിച്ചു നോക്കി.
വിസായടിച്ച പാസ്പോർട്ട് കിട്ടാനും അമേരിക്കക്കു പറക്കാനുമെല്ലാം കൂടിയവശേഷിച്ചിരിക്കുന്ന എട്ടുദിവസങ്ങൾക്കുള്ളിൽ തിരിച്ചുപോയി ആ മനുഷ്യനെ കണ്ടുപിടിച്ചു നന്ദിപറയാനുള്ള സമയം തനിക്കില്ലല്ലോയെന്നു ജറിയോർത്തു. എട്ടാം ദിവസം പറന്നാലേ, പത്താം ദിവസം കോളേജിൽ റിപ്പോർട്ട് ചെയ്യാനാവൂ.
'എല്ലാ കടവും തീർക്കണം, അന്നദ്ദേഹം ടാക്സിക്കു കൊടുത്തതിന്റെ പത്തിരട്ടി തിരിച്ചു കൊടുക്കണം. ആ കാലിൽ വീണു നന്ദിപറയണം.' ജറി മനസ്സിൽ പറഞ്ഞു. ഓരോന്നോർത്തും പറഞ്ഞും ജറി ആ കൊച്ചുഗ്രാമപ്പട്ടണത്തിലെത്തി. ആദ്യം കണ്ടത് ചായപ്പീടിക.
മുഷിഞ്ഞ ബഞ്ചുകളും ഡസ്കുകളും, അര നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുള്ള ചായത്തട്ട്, അത്രയും തന്നെ പഴക്കം തോന്നിക്കുന്ന പുകനിറം ചാലിച്ചു നിറം കൊടുത്ത തടിപ്പീടികയും. ഇവിടെ ചോദിച്ചു കളയാം. റജി അതിന്റെ ഉടമയെന്നു തോന്നിച്ച, ഡസ്കുകൾ തുടച്ചുകൊണ്ടിരുന്ന ഒരു മദ്ധ്യവസ്കനോടു ചോദിച്ചു,
"ചെന്നൈയിൽ പഠിപ്പിക്കുന്ന ഒരു മാഷുണ്ടല്ലോ, ഇവിടടുത്തു താമസിക്കുന്നെ, അദ്ദേഹത്തിന്റെ വീടേതാ? കാണാൻ വന്നതാ."
"മാഷടെ പേരെന്താ?" അയാൾ ചോദിച്ചു.
അതു ജറിക്കറിയില്ലായിരുന്നു; വീട്ടുപേരു ചോദിച്ചു, അതും ജറിക്കറിയില്ലായിരുന്നു.
"ഒരമ്പതുവയസ്സുവരും, നല്ല പൊക്കമുണ്ട്, കഷണ്ടിയുമുണ്ടാ സാറിന്"
"അങ്ങിനെയൊരാൾ ഈ പട്ടണത്തിലില്ല." ചായപ്പീടികക്കാരൻ പറഞ്ഞു.
അയാൾ അടുത്ത പലചരക്കു പീടികയിലെ വിൽപ്പനക്കാരനോട് ഇങ്ങിനെയൊരാളെപ്പറ്റി ചോദിച്ചു; അയാൾക്കും അങ്ങിനെയൊരാളെ പിടികിട്ടിയില്ല.
"മൂന്നുകൊല്ലം മുമ്പ് ആ സാർ ഇവിടെയായിരുന്നു താമസിച്ചിരുന്നത്." ജറി തറപ്പിച്ചു പറഞ്ഞു.
"ഓ! വിജയൻ നായർ സാറായിരിക്കും! ശരിയാ, അദ്ദേഹം മരിച്ചിട്ടു മൂന്നു വർഷങ്ങളായിക്കാണും!" വിൽപ്പനക്കാരൻ പറഞ്ഞു.
"അദ്ദേഹമില്ലേ?" ജറി ചോദിച്ചു; പിന്നെ, സപ്തനാഡികളും തളർന്നുപോയതുപോലെ അവിടെ നിന്നു പോയി കുറച്ചു നേരം.
"നേരെ മുമ്പിൽ കാണുന്ന കോവിലിന്റെയവിടെനിന്ന് ഇടത്തോട്ടുള്ള കോൺക്രീറ്റ് വഴിയെ അൽപ്പം നടന്നാൽ മുറ്റത്തു കുറെ എരുമകളെ കെട്ടിയിരിക്കുന്ന വീടു കാണാം അതാ." അൽപ്പമകലേക്ക് കൈ ചൂണ്ടിക്കാണിച്ചിട്ടു വിൽപ്പനക്കാരൻ പറഞ്ഞു.
ഒരടിപോലും നടക്കാൻ ജറിക്കു മനസ്സു തോന്നിയില്ല. ആകെ ഒരു മരവിപ്പുപോലെ തോന്നിയപ്പോൾ ജറിയാ ചായപ്പീടികയിൽ കയറിയിരുന്നു. താൻ കാണാൻ വന്ന മനുഷ്യൻ വിടവാങ്ങിയിട്ട് നാളൊത്തിരിയായത്രെ! വിശ്വസിക്കാൻ ജറിക്കു മനസ്സു വന്നില്ല. വല്ലാത്തയൊരു കുറ്റബോധം ജറിയുടേ മനസ്സിനെ പിടിച്ചുലച്ചു.
"മാഷെ അറിയുമായിരുന്നോ?" ചായക്കടക്കാരൻ ചോദിച്ചു.
"ഉവ്വ്" ജറി പറഞ്ഞു. ആരും അൽപ്പനേരമൊന്നും മിണ്ടിയില്ല. ജറി ചായക്കടയിലെ ഡസ്കിൽ ഏറെനേരം തലകുമ്പിട്ടവിടെത്തന്നെയിരുന്നു . ചായക്കടയിലാരും അവശേഷിക്കുന്നില്ലെന്നു ബോദ്ധ്യമായപ്പോൾ കടക്കാരൻ ചോദിച്ചു,
"വല്ലോം കിട്ടാനുണ്ടാരുന്നോ?"
"ഇല്ല! ഒത്തിരി കൊടുക്കാനുണ്ടായിരുന്നു." ജറി പറഞ്ഞു. ഈ 'ഒത്തിരി'യെന്നു പറഞ്ഞാൽ എന്തുമാത്രം വരുമെന്നുള്ളതിനു വല്ല സൂചനയും കിട്ടുമോന്നറിയാൻ ചായക്കടക്കാ രൻ ജറിയുടെ മുഖത്തേക്കുനോക്കി അൽപ്പനേരംകൂടി നിശ്ചലനായി അവിടെത്തന്നെനിന്നു.
ഞെട്ടലിൽ നിന്നു മുക്തിയായെന്നു തോന്നിയപ്പോൾ ജറി പുറത്തിറങ്ങി വിൽപ്പനക്കാരൻ കാണിച്ചു തന്ന വഴിയെ നടന്നു; ആ നല്ല മനുഷ്യന്റെ വീടു തേടി.
താനുദ്ദേശിക്കുന്നയാളിന്റെ വീടുതന്നെയാണോയിതെന്നു സംശയിച്ചാണ് ജറി മുറ്റത്തേക്കു കാലെടുത്തു വെച്ചത്. മൂന്നു മെഴുത്തയെരുമകൾ ആ മുറ്റത്തിന്റെ തന്നെ ഒരു വശത്തുള്ള തൊഴുത്തിൽ നിന്നു പുല്ലു തിന്നുന്നുണ്ടായിരുന്നു. വീടിന്റെ മണമായിരുന്നില്ല, എരുമചപാപ്രയുടെ മണമായിരുന്നന്തരീക്ഷം മുഴുവൻ. വീടിന്റെ മുമ്പിലത്തെ ഭിത്തിയിൽ താൻ തേടിവന്നയാളിന്റെ ചിത്രം കണ്ടപ്പോൾ ജറിക്കാശ്വസമായി; അതാമനുഷ്യന്റെ തന്നെ ചിത്രമായിരുന്നു. ഫ്രെയിം ചെയ്ത ആ ചിത്രത്തിലേക്കു കണ്ണും നട്ട് എല്ലാം മറന്നു ജറി നിൽക്കുമ്പോൾ വീടിന്റെ മറുവശത്തുനിന്നൊരു ശബ്ദം കേട്ടു,
"ആരാ?" ജറി തിരിഞ്ഞു നോക്കിയപ്പോൾ ഒരു മെല്ലിച്ച ശരീരമുള്ള മദ്ധ്യവസ്കയായ ഒരു സ്ത്രീ. ആ മുഖത്തേക്കു തറപ്പിച്ചു നോക്കിക്കൊണ്ടു ജറി പറഞ്ഞു,
"വിജയൻ സാറിന്റെ ഒരു സ്നേഹിതനാ. കണ്ണൂരുനിന്ന്." ആ സ്ത്രീ വീടിനു പിന്നിലൂടെ വന്നു മുൻകതകു തുറന്നു, അകത്തു കയറിയിരിക്കാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. വീടിന്റെ ഉൾവശം വൃത്തിയുള്ളതും അടുക്കും ചിട്ടയുമുള്ളതുമായിരുന്നു. വിജയൻ സാർ നിർത്തിയിടത്തുനിന്നു തന്നെ തുടരാൻ വെമ്പുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണു മനസ്സിലേക്കു വന്നത്. വിജയൻ സാറിന്റെ മരണശേഷം അവർക്കവശേഷിക്കുന്ന വരുമാനം ഈ എരുമകൾ നൽകുന്ന അമൃതായിരിക്കണമെന്നു ജറിയൂഹിച്ചു.
"ആരാ?" ആ സ്ത്രീയുടെ മുഖത്തേക്കു നോക്കി ജറി ചോദിച്ചു.
"ഭാര്യയാ!" അവർ പറഞ്ഞു. അങ്ങിനെ പറഞ്ഞില്ലായിരുന്നെങ്കിൽ ജറിയവരെ അങ്ങിനെ കാണുമായിരുന്നില്ല. ജറി പരിചയപ്പെട്ട സുന്ദരനും അഭ്യസ്ഥവിദ്യനുമായ ആ സഹയാത്രികന്, ഒരിക്കലും ഇണങ്ങുന്ന ഒരു രൂപമായിരുന്നില്ല ജറിയുടെ മുമ്പിലുണ്ടായിരുന്ന പ്രായേണ മെല്ലിച്ചതെന്നു പറയാവുന്ന ആ സ്ത്രീ രൂപം.
"എന്തു പറ്റിയതാ? ആരോഗ്യപ്രശ്നങ്ങൾ വല്ലതുമുണ്ടായിരുന്നോ?"
"ഒരു ദിവസം, ചെന്നൈയിൽ നിന്നു വന്ന വഴി ഒരു തളർച്ചപോലെ തോന്നുന്നുവെന്നു പറഞ്ഞു; വന്നപാടെ കയറിക്കിടന്നു. ആസ്പത്രിയിൽ പോണോന്നു ചോദിച്ചപ്പോൾ വേണ്ടാന്നാ പറഞ്ഞത്....... പിന്നെ എണീറ്റില്ല." ശബ്ദം ഇടറിയപ്പോൾ അവർ നിർത്തി. എങ്കിലും, നീണ്ട നിശ്ശബ്ദതയെ വീണ്ടും ഭേദിച്ചതവർ തന്നെയായിരുന്നു.
"സ്കൂളീന്ന് വന്നവരാ പറഞ്ഞത്, ഹാർട്ടിനു ബ്ലോക്കുണ്ടായിരുന്നെന്നും ഉടനെന്തെങ്കിലും ചെയ്യണമെന്നു ഡോക്ടർ ആറു മാസങ്ങൾക്കു മുമ്പു പറഞ്ഞിരുന്നതാണെന്നും, ഒന്നും വകവെക്കാതെ കഴിയുകയായിരുന്നെന്നും. ........ സാറിനറിയാമായിരുന്നെല്ലാം." അൽപ്പനേരത്തെ നിശ്ശബ്ദതക്കു ശേഷം അവർ വീണ്ടും തുടർന്നു,
"മൂന്നു പെൺകുട്ടികളെ പഠിപ്പിച്ചു വലുതാക്കി വളർത്തേണ്ടി വരുന്നതിനിടക്ക് ഒരോപ്പറേഷനുള്ള ശേഷി ഏട്ടൻ കണ്ടില്ല."
ഒന്നു നിർത്തിയതിനുശേഷം പറഞ്ഞുതീരാനുള്ളതുമുഴുവൻ ഒരുമിച്ചു വാരിവിതറുന്ന ആവേശത്തോടെയവർ തുടർന്നു.
"അവസാനത്തെ ദിവസത്തെ യാത്രയിലെന്നപോലെയായിരുന്നു വിജയേട്ടന്റെ അവസാനമാസങ്ങളിലെ എല്ലാ ദിനചര്യകളും. ഒരുപാടുപേർക്കദ്ദേഹം കൈയ്യയച്ചു സഹായം ചെയ്തിട്ടുണ്ടെന്നറിഞ്ഞു, പിന്നീട്." അങ്ങിനെ വിലപ്പെട്ടയെന്തെങ്കിലും സഹായം കിട്ടിയയാളാണോ ഈ വന്നിരിക്കുന്നതെന്നു സംശയിക്കുന്നതു പോലെ അവർ ജറിയുടെ മുഖത്തേക്കു നോക്കി അകത്തേക്കുള്ള വാതിൽപ്പടിയിൽത്തന്നെ പാതി മറഞ്ഞു നിന്നു.
ജറി വീണ്ടും ആ ചിത്രത്തിലേക്കു നോക്കി, ഇപ്പോൾ ചിത്രത്തിനടിയിൽ രേഖപ്പെടുത്തിയിരുന്ന തിയതികൾ നന്നായി കാണാമായിരുന്നു.
'മരണം - 12 ഓഗസ്റ്റ് 2011'.
മിന്നൽ പിണർപോലെ ആ തിയതി ജറിയുടെ മനസ്സിൽകിടന്നൊന്നു പുളഞ്ഞു; അതു താൻ ചെന്നൈ കോൺസലേറ്റിൽ ഇന്റർവ്യുവിനു പോയി മടങ്ങിയ വെള്ളിയാഴ്ചയായിരുന്നല്ലോയെന്നു ജറി പെട്ടെന്നോർമ്മിച്ചു. ഇരുന്നിടത്തു നിന്ന് ചാടിയെണീൽക്കാതിരിക്കാൻ ജറിക്കു കഴിഞ്ഞില്ല. അന്നു തന്റെ സർട്ടിഫിക്കറ്റ് ബാഗ് തിരിച്ചേൽപ്പിച്ചിട്ടു വീട്ടിൽ വന്നപ്പോഴായിരിക്കണമല്ലോ അദ്ദേഹത്തിനു പെട്ടെന്നാഘാതമുണ്ടായതെന്നു ചിന്തിക്കാതിരിക്കാനും ജറിക്കു കഴിഞ്ഞില്ല.
മിന്നൽ പിണർപോലെ ആ തിയതി ജറിയുടെ മനസ്സിൽകിടന്നൊന്നു പുളഞ്ഞു; അതു താൻ ചെന്നൈ കോൺസലേറ്റിൽ ഇന്റർവ്യുവിനു പോയി മടങ്ങിയ വെള്ളിയാഴ്ചയായിരുന്നല്ലോയെന്നു ജറി പെട്ടെന്നോർമ്മിച്ചു. ഇരുന്നിടത്തു നിന്ന് ചാടിയെണീൽക്കാതിരിക്കാൻ ജറിക്കു കഴിഞ്ഞില്ല. അന്നു തന്റെ സർട്ടിഫിക്കറ്റ് ബാഗ് തിരിച്ചേൽപ്പിച്ചിട്ടു വീട്ടിൽ വന്നപ്പോഴായിരിക്കണമല്ലോ അദ്ദേഹത്തിനു പെട്ടെന്നാഘാതമുണ്ടായതെന്നു ചിന്തിക്കാതിരിക്കാനും ജറിക്കു കഴിഞ്ഞില്ല.
ഒരൊറ്റ നിമിഷം കൊണ്ട് വിയർത്തു കുളിച്ചു കഴിഞ്ഞിരുന്നു ജറി.
അതിശീഘ്രം കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ഇതളുകൾക്കു നൽകാവുന്നതിലും കൂടുതൽ കുളിർമ്മ ജറിക്കപ്പോൾ ആവശ്യമായിരുന്നു. ജറി വല്ലാതെ വിയർക്കുന്നതു കണ്ടായിരിക്കണം, ആ സ്ത്രീ ഒരു സ്റ്റീൽ ഗ്ലാസ്സിൽ നിറയെ വെള്ളവുമായിയെത്തിയത്. ആ വെള്ളം മുഴുവൻ ഒറ്റവലിക്കയാൾ കുടിച്ചു തീർത്തു.
തന്റെ ബാഗു തരാൻ സ്വന്തം ജീവൻ പണയം വെച്ചായിരിക്കണമല്ലോ അദ്ദേഹം ഓടിയതെന്നോർത്തപ്പോൾ ബോധം മറയുന്നതുപോലെ ജറിക്കു തോന്നി. ആ മുറിയിലെ സോഫായിലും താടിക്കു കൈകൊടുത്ത് തലകുമ്പിട്ടു ജറിയിരുന്നേറെനേരം. സ്ഥലകാലബോധം കിട്ടിയെന്നുറപ്പായപ്പോൾ ജറി വാതിൽക്കലേക്കു നോക്കി - ആ സ്ത്രീയപ്പോഴും അവിടെനിന്നും പോയിട്ടുണ്ടായിരുന്നില്ല.
"ഞാനവധിക്കു വന്നപ്പോഴാ അറിഞ്ഞത്; അമേരിക്കയിലായിരുന്നു." ജറി ആ സ്ത്രീയുടെ മുഖത്തേക്കു നോക്കിപ്പറഞ്ഞു.
"കോർണൽ യൂണിവാഴ്സിറ്റി?" അവർ ചോദിച്ചു. ജറിയുത്തരമൊന്നും പറഞ്ഞില്ല, വാപൊളിച്ചിരുന്നു പോയി. ഈ സ്ത്രീക്കെന്താ ദർശനവരം വല്ലതുമുണ്ടൊന്നാണു ജെറി പെട്ടെന്നു ചിന്തിച്ചത്. ജറിയുടെ ചോദ്യഭാവത്തിലുള്ള മുഖം കണ്ടിട്ടാവണം ആ സ്ത്രീ പറഞ്ഞു.
"വിജയേട്ടന്റെ പോക്കറ്റിൽ ആ കോളേജിന്റെ വിലാസമുണ്ടായിരുന്നു - ഒരു തുണ്ടിൽ."
ട്രയിനിൽ വെച്ചൊരു സ്ലിപ്പിൽ ആ യൂണിവാഴ്സിറ്റിയുടെ വിലാസം സാറിനു കുറിച്ചുകൊടുത്തിരുന്നത് ജറിക്കോർമ്മ വന്നു.
"അതെ." ജറി പറഞ്ഞു; ജറി തുടർന്നു ചോദിച്ചു,
"കുട്ടികളെന്തെടുക്കുന്നു?"
"വരാറായി; മൂത്തവൾ മല്ലിക പത്തിൽ, ജമന്തിക എട്ടിലും, ഇളയവൾ അല്ലി അഞ്ചിലും." ആ സ്ത്രീ മറുപടി പറഞ്ഞു.
"അടുത്തു സ്കൂളുണ്ടോ?" ജറി ചോദിച്ചു.
"ഇല്ല; പട്ടണത്തിൽ പോണം, സ്കൂൾ വാൻ വരും." അവരപ്പോൾ ഇംഗ്ലീഷ് മീഡിയത്തിലായിരിക്കണമെന്നു ജറി അനുമാനിച്ചു. ആ സ്ത്രീയുടെ മുഖത്തേക്കു നോക്കിയാൽ തന്നെയറിയാമായിരുന്നു, അവരനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട്. ജറി പതിയെ എണീറ്റ് ആ സ്ത്രീയുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടു പറഞ്ഞു,
"എനിക്കു വിജയൻ സാറിനോടൊരു വലിയ കടമുണ്ട്; അതു തീർക്കാനാ ഞാൻ വന്നത്. മൂവരുടെയും പഠനത്തിനുള്ള മുഴുവൻ ചിലവുകളും ഇനി ഞാൻ തരും. ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിൽ പണം എത്താനുള്ള ക്രമീകരണം ഞാൻ ചെയ്യും."
"അയ്യോ! അതൊന്നും വേണ്ടാ." ആ സ്ത്രീ പറഞ്ഞു. ഇപ്പറഞ്ഞതിന്റയത്രയാർക്കെങ്കിലും കൊടുക്കാൻ വിജയേട്ടന്റെ കൈയ്യിൽ ഉണ്ടായിരുന്നതായി ആ സ്ത്രീക്കറിയില്ലായിരുന്നു.
"വിജയേട്ടനെപ്പോലെ അവസാനത്തെ യാത്രക്കുള്ള പുറപ്പാടാണോ?" അവർ തുടർന്നു ചോദിച്ചു.
അവസാനത്തെ യാത്രയെന്നു ബോദ്ധ്യമാകുമ്പോഴാണല്ലോ ആരും സ്വയം മനസ്സിലാക്കുകയെന്ന സത്യമാണല്ലോ ഇവർ പറയുന്നതെന്നു ജറി ചിന്തിച്ചു.
"അല്ല," ജറി പറഞ്ഞു. പിന്നെ അവരുടെ അക്കൗണ്ട് വിശദാംശങ്ങളും ശേഖരിച്ചു ജറി യാത്രപറഞ്ഞു തിരിഞ്ഞു നടന്നു. പടിയിറങ്ങുമ്പോൾ തിരിഞ്ഞു നോക്കാതെ ജറി പറഞ്ഞു,
"ഇനിയും വരാം."
മടങ്ങുന്ന വഴി കോവിലിനു മുന്നിലെത്തിയപ്പോൾ കോവിലിലേക്കു തിരിഞ്ഞുനിന്നു തൊഴുതുകൊണ്ട് ജറി സ്വയം മന്ത്രിച്ചു,
"ഇനിയും വരാം."
മടങ്ങുന്ന വഴി കോവിലിനു മുന്നിലെത്തിയപ്പോൾ കോവിലിലേക്കു തിരിഞ്ഞുനിന്നു തൊഴുതുകൊണ്ട് ജറി സ്വയം മന്ത്രിച്ചു,
'അവസാനത്തെ ദിവസത്തിലെന്നപോലെ എല്ലാ ദിവസങ്ങളും ആയിരിക്കാൻ എനിക്കെന്നും കഴിയണമേ ഭഗവാനേ!'
No comments:
Post a Comment