സംഭവം എന്തായിരുന്നെന്നു ചോദിച്ചാൽ വെറുമൊരു തലകറക്കം.
തിരുവനന്തോരത്തു സെറ്റിലിറങ്ങിയപ്പോഴെ ഞാൻ കരുതിയാ നടന്നത്. തെക്കേമാങ്കൂട്ടമെന്നൊരു ഗ്രാമമാണെന്റെ പട്ടണമെങ്കിലും വല്യ പട്ടണത്തെപ്പറ്റിയും എനിക്കെല്ലാമറിയാമായിരുന്നു.
മുംബൈയിലുള്ള മകൻ വരുമ്പോൾ പറയുമായിരുന്നു, ഒരു അഡ്ഡ്രസ്സ് കാർഡ് പോക്കറ്റിലിടാതെ ആരും അവിടെ നഗരത്തിൽ പുറത്തിറങ്ങാറില്ലെന്ന്. ഒരത്യാവശ്യം വന്നാൽ, ഇതാരാണെന്നറിയാനോ ബന്ധപ്പെട്ടവരെ അറിയിക്കാനോ എന്തെങ്കിലും തുമ്പ് വേണ്ടേ?
ഇപ്പൊ അവൻ പറയുന്നു, മൊബൈൽ ഫോൺ വന്നേപ്പിന്നെ ആ പരിപാടി നിർത്തിയെന്ന്. അതിൽ എല്ലാമുണ്ടല്ലോ! അതിലെ ICE (In Case of Emergency) നമ്പർ നോക്കി ആർക്കും വിളിക്കാമല്ലോ. അടുത്ത ആളിന്റെ പേരിൽ ICE കോണ്ടാക്ട് ലിസ്റ്റിൽ ഇടാൻ എല്ലാവരോടും ഞാൻ പറയാറുമുണ്ടായിരുന്നു.
റിട്ടയർ ചെയ്തതിപ്പിന്നെയാ ഞാൻ മൊബൈൽ പരിപാടി പഠിച്ചതെന്നു പറയാം. സ്മാർട്ട് എനിക്കത്ര പിടിച്ചില്ല.
പഴയ നോക്കിയായുടെ ഫീച്ചർ പീസ് എനിക്കു ധാരളമായിരുന്നു.
തിരുവനന്തപുരത്തു മോളുടെ വീട്ടിൽ വരുമ്പോഴൊക്കെ പുറത്തിറങ്ങുമ്പോൾ അതു പോക്കറ്റിലുണ്ടാവുമായിരുന്നു. പിള്ളേരു പള്ളിക്കൂടത്തിൽ പോയാൽ ഞാനാണു പുറത്തുപോയി പയറും പച്ചക്കറിയുമൊക്കെ വാങ്ങിക്കുക.
മിനുവും ബാലുവും കൂടി ജോലിക്കു പോയാൽ ഞാനൊറ്റക്ക്. കൂട്ടുണ്ടായിരുന്ന ഭാമ വിട്ടു പോയിട്ട് എത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
അങ്ങിനെ പുറത്തേക്കിറങ്ങിയതാ, തലകറങ്ങി വീണാസ്പത്രിലായത്.
പച്ചക്കറി വാങ്ങിക്കഴിഞ്ഞപ്പോൾ ഒരു ബൾബ് വാങ്ങിക്കുന്ന കാര്യം ഓർത്തു. ഏതു ബൾബാ വാങ്ങിക്കേണ്ടതെന്നു ചോദിക്കാൻ മൊബൈൽ നോക്കിയപ്പോൾ സംഗതി പോക്കറ്റിലില്ല.
അവിടെ അൽപ്പ സമയം നിന്നു ഞാനോർത്തു എവിടെയായിരിക്കണം അത് പോയത്?
അൽപ്പം ഓർമ്മക്കുറവുണ്ട്. അതെനിക്ക് നന്നായറിയാം. ഷർട്ടിട്ടതു മുതൽ ഓരോന്നും ഞാനോർത്തു നോക്കി.
ബട്ടൻസിട്ടതും, പുറത്തിറങ്ങി ചെരിപ്പിട്ടതും, വഴിയിൽ ഓട്ടോ റിക്ഷയ്കു സൈഡ് കൊടുത്തതുമൊക്കെ ഓർത്ത് നോക്കി.
പച്ചക്കറിക്ക് കാശു കൊടുത്തപ്പോൾ ഫോൺ പോക്കറ്റിലുണ്ടായിരുന്നില്ല.
എടുക്കാൻ മറന്നു പോയതാണ്.
സാരമില്ല, അതിലല്ലാതെ വീട്ടിൽ ചെല്ലാമല്ലോ. പച്ചക്കറിക്കാരൻ പറഞ്ഞ വഴിയേ ഞാൻ ഇലക്ട്രിക് കട തപ്പി നടന്നു. വളരെ ശ്രദ്ധിച്ചതാണ് നടന്നത് - റോഡിലേക്കിറങ്ങിയതേയില്ല. ഓടയുടെ സൈഡിൽക്കൂടിയും അതിനു മുകളിലൂടെയുമായി ചാടിയും നടന്നും മുന്നോട്ടു നീങ്ങി.
ഒരു തലകറക്കമോ ബോധക്കേടോ ഉണ്ടായാലല്ലേ ഫോണൊക്കെ ആവശ്യമായി വരൂള്ളല്ലോ.
രണ്ടാഴ്ച മുമ്പ് രണ്ടോന്നു ദിവസം ചെറിയ ഒരു തലകറക്കം ഉണ്ടായിരുന്നു - അതു തല ശക്തമായി കുലുങ്ങുമ്പോൾ മാത്രമായിരുന്നു. അനങ്ങാതെ അവിടെ നിന്നു രണ്ട് മൂന്നു ദിർഘശ്വാസം എടുത്താൽ പെട്ടെന്ന് തന്നെ അതങ്ങു പോകുമായിരുന്നു.
തലകറക്കം വന്നോ ബോധക്ഷയം വന്നോ ഞാനൊരിടത്തും മരുന്നുമേടിക്കാൻ പോയിട്ടില്ല.
ഹൃദ്രോഗവും വന്നിട്ടില്ല. ഒന്നും പരിശോധിച്ചിട്ടില്ലെങ്കിലും പാരമ്പര്യമായി അങ്ങിനെ ഒരസുഖം ഇല്ല.
എങ്കിലും മൊബൈൽ എടുക്കാതെ പോന്നതിൽ എനിക്കു ദുഖമുണ്ടായിരുന്നു. ഒരടയാളവും കൈവശമില്ലാതെ പട്ടണത്തിൽ പോകരുതെന്ന് മറ്റുള്ളോരോട് ഉപദേശിച്ചാൽ പോരല്ലോ.
സത്യം പറയട്ടെ ഇങ്ങിനെ ഓർത്തോണ്ട് ബൾബ് മേടിക്കാൻ മുന്നോട്ടു പോയെന്നല്ലാതെ എനിക്കൊന്നും ഓർമ്മയില്ല.
ഓർമ്മ തെളിഞ്ഞപ്പോൾ ഞാനീ ആസൂത്രക്കട്ടിലേലാ.
ഓടയിൽ വീണു ബോധം കേട്ടതാണെന്നാ മീനൂട്ടി പറഞ്ഞത്. പോലീസാ ആസൂത്രീലാക്കിയത്.
ഭാഗ്യത്തിന് മടിക്കുത്തിൽ മിനുഭവന്റെ താക്കോലും അതിന്റെ ടാഗിൽ വീടിന്റെ വിലാസവും കൊത്തിവെച്ചിട്ടുണ്ടായിരുന്നു.
No comments:
Post a Comment