തൊമ്മിയപ്പാപ്പൻ കിടന്ന കിടപ്പാണ്, എല്ലാക്കാര്യങ്ങളും കിടന്ന കിടപ്പിൽ തന്നെ. ഉച്ചക്കു മുമ്പു പത്രം വായിക്കാൻ കുറച്ചു നേരമൊന്നു ചാരിയിരുത്തും - അത്രമാത്രം. മക്കൾ മടിയില്ലാതെ നോക്കുന്നുണ്ടെന്നു പറയാതെ വയ്യ!
ആകാവുന്ന കാലത്തു നന്നായദ്ധ്വാനിച്ചു; അതിന്റെ ആരോഗ്യം ഇപ്പോഴുമുണ്ട്. പ്രഷറില്ല, ഷുഗറില്ല, വാതമില്ല; ചെവിയും നന്നായി കേൾക്കും - കണ്ണിനു ദൂരക്കാഴ്ച്ച അൽപ്പം കുറവുണ്ടെന്നേയുള്ളൂ.
വർത്തമാനം പറയുമ്പോൾ ഒരു ചെറിയ വിറയലുണ്ട് - ആ വിറയലിപ്പോൾ കൈകൾക്കുമുണ്ട്.
ചെറുപ്പം മുതലേ അപ്രേം മുതലാളിയുടെ കാര്യക്കാരനായിരുന്നു, തൊമ്മിയപ്പാപ്പൻ. അപ്രേം മുതലാളിക്കു റബ്ബർത്തോട്ടവും, നെൽകൃഷിയും പശുവളർത്തലും എല്ലാമുണ്ടായിരുന്നു. കാളവണ്ടി സ്വന്തമായുണ്ടായിരുന്ന ആ പ്രദേശത്തെ ഏക വീടും അപ്രേം മുതലാളിയുടേതായിരുന്നു. അവിടെ തിരക്കൊഴിഞ്ഞ നാളില്ല; തേങ്ങാ വെട്ടും കൊപ്രയുണക്കും കഴിഞ്ഞാൽ കപ്പവാട്ടും ഉണക്കുമാകും, പിന്നെ കരിമ്പ് ആട്ടലായി, നെല്ല് കൊയ്യലായി, ഇഞ്ചി ചുരണ്ടലായി, മഞ്ഞൾ പറിക്കലായി, പാക്കു പൊളിക്കലായി, മുളകു - കാപ്പിക്കുരുപറിച്ചുണക്കലായി... ..
ഒൻപതു മക്കൾക്കുമായി വസ്തുമുഴുവൻ വീതം വെച്ചു കൊടുത്തപ്പോഴാണ് തൊമ്മിയപ്പാപ്പനും വിരമിച്ചത്.
അപ്രേം മുതലാളി കൊടുത്ത അരയേക്കർ സ്ഥലമായിരുന്നു തൊമ്മിയപ്പാപ്പന്റെ ആകെ സ്വത്ത്. രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള കൂലിയായി, അല്ലെങ്കിൽ വിശ്വസ്ഥതക്കുള്ള അംഗീകാരമായി ഒരുപാട് സൗജന്യങ്ങൾ വേറെയും കിട്ടുന്നുണ്ടായിരുന്നു.
മുതലാളിയുടെ മരണശേഷം തൊമ്മിയപ്പാപ്പൻ കാര്യസ്ഥപ്പണി നിർത്തി - മക്കളുടെകൂടെ ഒത്തുപോവാനും ബുദ്ധിമുട്ടായിരുന്നു.
സ്വന്തമദ്ധ്വാനം കൊണ്ട് ഒരു മകന്റെ വീതത്തിന്റെ പകുതികൂടി തൊമ്മിയപ്പാപ്പൻ പിന്നീട് വിലക്കു വാങ്ങി - ആ കുടുംബവും കരകേറി.
എന്റെയപ്പന്റെയും ഒരു സഹായിയായിരുന്നു തൊമ്മിയപ്പാപ്പൻ.
എന്റെയപ്പനും അപ്രേം മുതലാളിയും ചേട്ടാനുജന്മാരുടെ മക്കളായിരുന്നു.
എന്റെയപ്പൻ ഞായറാഴ്ചകളിൽ ഊണും കഴിഞ്ഞൊരിറക്കമുണ്ട് - ആക്കലെ അപ്രേനെ കാണാൻ. നാലുമണി കഴിഞ്ഞാൽ കണ്ടത്തിന്റെ അരികിലുള്ള കുളത്തിലേക്കു കുളിക്കാനൊരിറക്കമുണ്ട്, രണ്ടു പേരും കൂടി. റബ്ബർതോട്ടത്തിന്റെ അപ്പുറത്താണ് കുളം.
ആ പോക്കിന്റെ ലക്ഷ്യമെന്താണെന്ന് എല്ലാർക്കുമറിയാം.
അപ്രേം മുതലാളിയുടെ പറമ്പിലെപ്പോഴും ഒരു പനയെങ്കിലും ചെത്തുന്നുണ്ടാവും. ഒരുകുടം, എല്ലാ ഞായറാഴ്ചയും കുളക്കരയിലെ തെങ്ങിൻചോട്ടിൽ കൂവയിലവെട്ടി മൂടിവെച്ചിട്ടുണ്ടാവും ചെത്തുകാരൻ. സന്ധ്യയടുക്കുമ്പോഴേക്കും ആ കുടം കാലിയാവും - രണ്ടു പേരും മടങ്ങുകയും ചെയ്യും.
അവരു കുളിക്കാൻ പോയെന്നറിഞ്ഞാൽ, പച്ചക്കപ്പ കൊത്തിനുറുക്കിവേവിച്ചതും മത്തി പൊള്ളിച്ചതും നാരങ്ങാ അച്ചാറും പാത്രങ്ങളുമായി പിള്ളേരു കാണാതെ തൊമ്മിയപ്പാപ്പനും പിന്നാലെ ചെല്ലണമായിരുന്നു. വർക്കിക്കുഞ്ഞു വരുമ്പഴേ ശോശമ്മയമ്മായി കപ്പക്കുള്ള പണി തുടങ്ങുമായിരുന്നു താനും.
അന്നു തൊമ്മിയപ്പാപ്പനും കുളക്കരയിൽനിന്നു മടങ്ങുന്നത് അൽപ്പം ഫോമിലായിരുന്നു.
ആ തൊമ്മിയപ്പാപ്പനാണ് ഇപ്പോഴെന്റെ മുന്നിൽ.
ഇന്നത്തെ ഹർത്താൽ മുഴുവൻ ഈ കട്ടിലിനരികിലിരിക്കാൻ ഞാൻ നിശ്ചയിച്ചിരുന്നു.
ആവുന്ന കാലത്ത് ഞങ്ങൾക്കു നാട്ടു മാങ്ങാ പറിച്ചും, കരിക്കു വെട്ടിയും ഊഞ്ഞാൽ കെട്ടിയും തോട്ടിൽ ചിറകെട്ടിയുമൊക്കെ സഹായിച്ചിട്ടുള്ള അപ്പാപ്പനാണ്. ജോലിത്തിരക്കിൽ വല്ലപ്പോഴുമൊരിക്കൽപ്പോലും കാണാൻ സാധിക്കാറില്ല.
ഇന്നു ഹർത്താലാണ് - വേറൊന്നും ചെയ്യാനില്ല.
ഫോണും നെറ്റും തകരാറായിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.
ഞാൻ സ്റ്റൂൾ അപ്പാപ്പന്റെ അടുത്തേക്ക് വലിച്ചിട്ടിട്ട് അവിടിരുന്നു; ഒരു കൈ കൈയ്യിലെടുത്ത് സാവധാനം തടവിക്കൊണ്ടിരുന്നു.
"എന്തോണ്ടു വിശേഷം?" ഞാൻ ചോദിച്ചു.
"അൽപ്പം മൂത്രം ചുടീലുണ്ട്. വിശപ്പും കുറവ്." അപ്പാപ്പൻ പറഞ്ഞു. പിന്നെ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു. പിന്നെ പതിയെ പറഞ്ഞു,
"വർക്കിക്കുഞ്ഞിന്റെ അതേ മുഖം!" പിന്നെ ദൂരേക്കു നോക്കിയിരുന്നു, കുറേ നേരം. ഞാനും മിണ്ടിയില്ല. ആ ഇരുപ്പിൽ ഒത്തിരി കാര്യങ്ങൾ അപ്പാപ്പൻ ഓർമ്മിക്കുന്നുണ്ടാവും. അതിൽ എന്റെ അപ്പനുമുണ്ടാവും അമ്മയുമുണ്ടാവും. അതിൽ അപ്രേൻ മുതലാളിയുമുണ്ടാവും ശോശമ്മയമ്മായിയും ഉണ്ടാവും - കാളവണ്ടിയുടെ കിലുകിലു മണിശബ്ദവും ഉണ്ടാവാം.
"നിന്റെ പ്രസവത്തിനു വയറ്റാട്ടിയെ വിളിക്കാനോടിയതു ഞാനാ. കൊച്ചിനെ കിട്ടുമോന്നു വയറ്റാട്ടിക്കു സംശയമായിരുന്നു. മാസം തികഞ്ഞിരുന്നില്ല. തീങ്കരണിയുണ്ടെന്നു കല്യാണിയമ്മ പറഞ്ഞു. അതെന്താണെന്നോ ആർക്കാണെന്നോ എനിക്കു മനസ്സിലായില്ല. ഞാൻ ചോദിച്ചുമില്ല."
"അപ്പാപ്പനു നല്ല ഓർമ്മയാണല്ലോ!" ഞാൻ പറഞ്ഞു.
"വർക്കിക്കുഞ്ഞു മരിച്ചതൊക്കെ ഞാനോർക്കുന്നു. എന്റെ മടിയിൽക്കിടന്നാണു വർക്കിക്കുഞ്ഞു മരിച്ചത്." അപ്പാപ്പൻ പറഞ്ഞു.
ആക്കലോട്ടുള്ള വഴിയിൽ വീണു മരിച്ചെന്നാണു ഞാൻ കേട്ടിരിക്കുന്നത്. തൊമ്മിയപ്പാപ്പന്റെ മടിയിൽ കിടന്നാവണം അന്ത്യശ്വാസം എടുത്തത്. അതൊക്കെ പഴയ കഥ.
"മരിക്കാൻ നേരത്ത് അപ്പൻ വല്ലോം പറഞ്ഞാരുന്നോ?" ഞാൻ ചോദിച്ചു. അപ്പാപ്പൻ കുറെയേറെ നേരം എന്റെ കണ്ണിൽത്തന്നെ നോക്കിയിരുന്നു. പിന്നെ, ഉവ്വെന്നയർത്ഥത്തിൽ അപ്പാപ്പൻ തലയാട്ടി. എനിക്കതൊരു പുതിയയറിവായിരുന്നു. ആരും അങ്ങിനെയൊന്നു പറഞ്ഞു ഞാൻ കേട്ടിട്ടേയില്ലയിരുന്നു.
"വർക്കിക്കുഞ്ഞു വെറുമൊരു കൂട്ടുകാരൻ മാത്രമായിരുന്നില്ല, അപ്രേം മുതലാളിക്ക്. ഒരാഴ്ച്ചത്തെ രണ്ടുപേരുടേയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നത്, ഈ ഞായറാഴ്ച്ചക്കുളിയുടെ ഇടവേളയിലായിരുന്നു. ആധാരത്തിൽ മൂന്നേക്കർ മാത്രമുള്ള എന്നാലളവിൽ അഞ്ചേക്കറോളം വരുന്ന കല്ലുമ്പുറം പുരയിടം വാങ്ങിക്കുന്നതിനേപ്പറ്റിയായിരുന്നന്നത്തെ ചർച്ച. ആ പുരയിടം, വെറുതേ പറഞ്ഞൊത്ത പണം കൊടുത്ത് വാങ്ങിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. ഒന്നാമത്തെ കാര്യം, അതു വാസുപ്പണിക്കരുടെ പൂർണ്ണാവകാശത്തിൽ പെട്ടതായിരുന്നില്ലെന്നതാണ്. വാസുപ്പണിക്കരുടെ പെങ്ങന്മാർക്കും അവകാശമുള്ളതും തർക്കം ഇപ്പോഴും നിലനിക്കുന്നതുമാണ്. തർക്കങ്ങളെല്ലാം പറഞ്ഞോ, അൽപ്പം വല്ലോം കൊടുത്തോ തീർക്കാവുന്നതാണെന്നാ പണിക്കരു പറഞ്ഞത്. രണ്ടാമത്തെ കാര്യം, അതിൽ കരമടക്കാത്ത കുറെ പുറമ്പോക്കുണ്ടെന്നുള്ളതാണ്. സ്ഥലത്തിന്റെ വിരിവാക്കാവുന്നതിലും കൂടുതലായി രുന്നത്. മൂന്നാമത്തെ കാര്യം അതിലൊരു കാവുണ്ടെന്നുള്ളതാണ്. അതു നിരത്തണമെങ്കിൽ എളുപ്പമല്ലെന്നാണ് കുട്ടനാശാരി പറഞ്ഞത്. നാലാമത്തെ കാര്യം മോഹിപ്പിക്കുന്നതാണ് - കാവിനടുത്ത് പണ്ടൊരു വിഗ്രഹമുണ്ടായിരുന്നെന്നും അവിടുത്തെ ഇല കൊഴിഞ്ഞ ആലിന്റെ ചോട്ടിൽ ഒരു വലിയ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നുമായിരു ന്നത്. ആ നിധി പുറത്തെടുക്കാൻ പണിക്കരറിഞ്ഞും അറിയാതെയും പലരും ശ്രമിച്ചിട്ടുണ്ടെന്നാണു കഥ." അപ്പാപ്പൻ പറഞ്ഞു നിർത്തി.
"ആ സ്ഥലം അപ്രേം മുതലാളിയെന്താ വാങ്ങാഞ്ഞത്?" ഞാൻ ചോദിച്ചു.
"അക്കാര്യം പറഞ്ഞതേ മരണം നടന്നില്ലേ? ആ സ്ഥലം എടുക്കാൻ തന്നെയാരുന്നവർ തീരുമാനിച്ചത്. പോന്നവഴി വർക്കിക്കുഞ്ഞു വീണു, കയ്യാല കയറിയപ്പോ കുത്തുകല്ലടർന്നു പോയി. വർക്കിക്കുഞ്ഞിനെ ഞങ്ങൾ രണ്ടുപേരും കൂടി താങ്ങിയെണീപ്പിച്ചു, അൽപ്പനേരം അവിടിരിക്കട്ടെ, ഒന്നും പറ്റിയില്ലെന്ന് വർക്കിക്കുഞ്ഞും പറഞ്ഞു. ഞാനെന്റെ മടിയിലും കൈയ്യിലുമായി താങ്ങിപ്പിടിച്ചു. അവർ ഈ വസ്തുക്കാര്യം പിന്നെയും അരമണിക്കൂറും കൂടെയെങ്കിലും ചർച്ച ചെയ്തു കാണണം.
കീവർഗ്ഗിസ് പുണ്യാളൻറെ രൂപമെഴുന്നള്ളിച്ചു വീടുതോറും വരുമ്പോൾ എല്ലാർക്കും ചുക്കും വെള്ളം കൊടുക്കുന്നതിനെപ്പറ്റി ഓർത്തോണ്ട് ഞാനിരുന്നു. അതിനോരാഴ്ച്ചയെ ഉണ്ടായിരുന്നുള്ളൂ. ഇരുട്ടു വീഴുന്നുവെന്നു കണ്ടപ്പോൾ അപ്രേംമുതലാളി വിളിച്ചു, 'വർക്കിക്കുഞ്ഞേറ്റെ, നമുക്കു പോവാം'.
പക്ഷേ, ഒത്തിരി കുലുക്കി വിളിച്ചിട്ടും വർക്കിക്കുഞ്ഞനങ്ങിയില്ല. ഞാൻ വർക്കിക്കുഞ്ഞിന്റെ മുഖത്തും കൈകളിലും പിടിച്ചു നോക്കി - അപ്പാടെ മരച്ചിരുന്നു. വർക്കിക്കുഞ്ഞു മരിച്ചിട്ട് ഒരരമണിക്കൂറെങ്കിലും കഴിഞ്ഞിരിക്കുന്നുവെന്ന് അപ്രേം മുതലാളി പറഞ്ഞു. വർക്കിക്കുഞ്ഞിന്റെ തല വെച്ചിരുന്ന എന്റെ മുണ്ടിന്റെ അരികും, നിലം മുഴുവനും ചോരയിൽ കുതിർന്നത് ഞാനറിഞ്ഞിരുന്നില്ല.
ഞങ്ങൾ രണ്ടുപേർക്കും പേടിയായി - ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നതാരാണ്? കുടിച്ചത് മുഴുവൻ ഒരു നിമിഷംകൊണ്ടാവിയായിപ്പോയതു പോലെ തോന്നി.
ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നതാരാണ്? വർക്കിക്കുഞ്ഞോ പ്രേതമോ? ഞാനറിയാതെ ചോദിച്ചുപോയി. അന്നെന്റെ ചിന്തകളിൽ വേറേയും ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. ആ അരമണിക്കൂർ നേരം രണ്ടുപേരും മരിച്ചിരിക്കുകയായിരുന്നോ ജീവിച്ചിരിക്കുകയായിരുന്നോ? എനിക്കറിയില്ല." അപ്പാപ്പൻ പറഞ്ഞു നിർത്തി.
ഒക്കെക്കേട്ടപ്പോൾ എനിക്കും നാവിറങ്ങിയതു പോലെയായി. തുടർന്നൊന്നും അപ്പാപ്പനോടു ചോദിക്കാൻ എനിക്കു തോന്നിയില്ല.