Monday, 17 July 2017

അതിതുതന്നെയോ?

ഭാരതീയ താത്ത്വിക-മൗലിക വേദഗ്രന്ഥങ്ങളിലെ മഹദ്‌വചനങ്ങളെല്ലാറ്റിലും വെച്ച് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മഹാവാക്യങ്ങൾ ഇവയാണ്: 1) പ്രജ്ഞാനം ബ്രഹ്മ: (ശുദ്ധ ബോധമാണ് ബ്രഹ്മം), 2) തത്ത്വമസി (അത് നീയാകുന്നു), 3) അയമാത്മാ ബ്രഹ്മ: (ഈ ആത്മാവ് ബ്രഹ്മം തന്നെ), 4) അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാകുന്നു).
ജീവിതത്തിന്റെ സുന്ദരമായ ഇടനാഴികളിൽക്കൂടി സദാ ചലിച്ചുകൊണ്ടിരിക്കുന്ന നാം അന്വേഷിക്കുന്നതെന്തിനെയാണെങ്കിലും 'അതു നീ തന്നെ'യാണെന്നോ അതു നിന്നിൽത്തന്നെയുണ്ടെന്നോ ഉത്തരം കിട്ടുമെന്നാണ് ഭാരതീയ ഗുരുക്കന്മാർ ഈ മഹദ് വാക്യങ്ങളിലൂടെ അർത്ഥമാക്കുന്നത്. അതിന്റെ പൊരുളറിയാൻ ഞാൻ സൂചിപ്പിച്ച അടിസ്ഥാന പ്രമാണങ്ങൾ അറിഞ്ഞിരിക്കണം. ഏതു മതതത്ത്വങ്ങളുടെ പരിശ്ചേദമെടുത്തു സൂക്ഷ്മ പരിശോധന നടത്തിയാലും, മനസ്സിലാക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവനു ബോദ്ധ്യപ്പെടുന്ന സത്യങ്ങളാണിതൊക്കെ. 'പോ...നീ നിന്റെയുള്ളിലെ നിശ്ശബ്ദതയിലേക്കു പോ' എന്ന് മതാചാര്യന്മാർ പറഞ്ഞുതുടങ്ങിയാലത്തെ സ്ഥിതി നോക്കൂ - ആ മതത്തിൽ ഇപ്പറയുന്ന ആചാര്യന്മാർ മാത്രമല്ലെ കാണൂ? അതുകൊണ്ട്, ഒരു മതത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ട് സത്യത്തെ മനസ്സിലാക്കാൻ സാധിക്കില്ല - ആരും അതിനനുവദിക്കില്ല, ആർക്കും അതിനു താൽപ്പര്യവുമില്ല.
എന്താണു സനാതന ധർമ്മം? ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇതോരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരനുഭൂതിയാണ്. ഇതറിയാനാഗ്രഹിക്കുന്നവരാണെങ്കിൽ ഒരു ദീർഘയാത്ര തന്നെ പോകേണ്ടതുണ്ട് - എവിടെനിന്ന് വന്നോ അവിടേക്കൊരു മടക്കയാത്ര. എല്ലാ ചിന്തകളോടും ആകുലതകളോടും വിടപറഞ്ഞ് ശാന്തനായി നിശ്ശബ്ദതയിലേക്കുള്ള ഒരു പ്രയാണമാണിത്; അന്നമയത്തിൽ നിന്നും ആനന്ദമയത്തിലേക്കുള്ള യാത്രയെന്നും ഇതിനെപ്പറയാം. പരമാത്മാവിലേക്കുള്ള അവസാന പ്രയാണം പ്രാണന്റെ ഉറവിടമായ ഈ ആന്ദമയകോശത്തിൽ നിന്നാണ്. മനസ്സിനെ സൃഷ്ടിക്കുന്നതും സ്ഥലത്തെയും സമയത്തെയും പ്രാപ്യമാക്കുന്നതും ഇതിനൊന്നും വിധേയമല്ലാത്ത ഈ കോശം തന്നെ. സദാ ഉണർന്നിരിക്കുന്ന ഈ ശക്തിസ്രോതസ്സ് ശൂന്യതയുടെ ആഴത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.  
ഞാനിപ്പറഞ്ഞതിന്റെയൊക്കെ ആകെയർത്ഥം നാം നമ്മെപ്പറ്റി കരുതുന്നതുപോലെ ഒരു ചെറിയ സംവിധാനമല്ലായെന്ന് നാം മനസ്സിലാക്കണമെന്നാണ് - ബ്രഹ്മാണ്ഡത്തെ നിയന്ത്രിക്കുന്ന പരാശക്തിയുടെ ഉറവിടം തന്നെ നമ്മിൽത്തന്നെയാണെന്നറിയേണ്ടിയിരിക്കുന്നു. ഒരു കോശം പോലും നിസ്സാരക്കാരനല്ലത്രെ! സൗരയൂഥത്തിന്റെ ഒരു ലഘുരൂപമാണ് ആറ്റമുകൾ എന്നു പറയുന്നതുപോലെ ബ്രഹ്മത്തിന്റെ ഒരു കോശമാണ് ഓരോ മനുഷ്യനും. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ കൃത്യമായ കണക്ക് ആരുടെ കൈയിലുമില്ല. ബഹുകോടികൾ എന്നേ പറയാനൊക്കൂ - എല്ലാം പരസ്പരം അറിഞ്ഞു പ്രവർത്തിക്കുന്നുവെന്നു ചിന്തിക്കാൻ പോലും നമുക്കാവില്ല. റ്റിഷ്യു-കൾച്ചറിൽ ഒരു മരത്തിന്റെ ഒരു സെല്ലെടുത്തു മീഡിയത്തിൽ പരിപോഷിപ്പിച്ചു വളർത്തിയാൽ ആ മരത്തിന്റെ എല്ലാ സവിശേഷതകളുമുള്ള വേറൊരു മരമാണുണ്ടാവുക. ഓരോ സെല്ലിലുമുള്ള ഡി.എൻ.എ.കളിൽ എന്തുമാത്രം അറിവുകളാണു ശേഖരിക്കപ്പെട്ടിരിക്കുന്നതെന്നും നമുക്കു ചിന്തിക്കാൻ കഴിയണമെന്നില്ല. പ്രപഞ്ചം ഒരോന്നിന്റെയും കോശങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ അറിവുകളാണ് പ്രധാനം. ആ അറിവുകൊണ്ടാണ് എട്ടുകാലി വലകെട്ടുന്നതും ബീവർ അണകെട്ടുന്നതും കുരുവി കൂടുണ്ടാക്കുന്നതുമെല്ലാം. പ്രാപഞ്ചിക അറിവുകളുടെ മഹാശേഖരവുമായി ഓരോ കോശവും സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നു മനസ്സിലാക്കേണ്ടി വന്നാലോ? അപ്പോൾ നാം ബോധമറ്റു നിലംപതിക്കാനാണു സാദ്ധ്യത. നാമെന്ന കുറെ കോശങ്ങളുടെ കൂട്ടായ്മയുടെ സ്ഥാനവും ചലനവും മാത്രമല്ല, അതിന്റെ ദൗത്യവും ഈ കോശങ്ങളുടെ ആകമാന പ്രജ്ഞാതലത്തിനറിയാം. ഈ സ്വാവബോധമാണ് ഈശ്വരൻ എന്നു നാമറിഞ്ഞാലേ ആ ശക്തി തരുന്ന സുരക്ഷിതത്വം നാമറിയുകയും ആസ്വദിക്കുകയും ചെയ്യുകയുള്ളൂ. ഉൾക്കണ്ണ് തുറന്നിരുന്നാൽ ഈ പ്രജ്ഞാതലം നമ്മോട് സംവദിക്കുന്നത് ഏതാണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. 
ഓരോരുത്തരിലുമുള്ള ഈ അജ്ഞാതശക്തി, അവരവരുടെ ക്ഷേമം ലക്ഷ്യമാക്കി കരുതലോടെ കാവൽ നിൽക്കുന്നുവെന്ന ഒരു തോന്നൽ എനിക്കു നേരത്തെത്തന്നെയുണ്ട്. യാദൃശ്ചികതകൾ, ആകസ്മികതകൾ തുടങ്ങി വിശദീകരിക്കാൻ സാദ്ധ്യമല്ലാത്ത നിരവധി സന്ദർഭങ്ങളിലൂടെ നാം കടന്നുപോവാറുണ്ടല്ലോ. ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ, ഈശ്വരാനുഗ്രഹമെന്നോ, കർമ്മദോഷമെന്നോ ഒക്കെ നാം വ്യാഖ്യാനിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം അനുഭവങ്ങൾ ഒരിക്കലെങ്കിലും നേരിട്ടിട്ടില്ലാത്ത ആരുണ്ടിവിടെ? ആ ശക്തിയുടെ കർമ്മമേഖല വളരെ വ്യാപകമാണെന്ന് എനിക്കു നേരത്തെതന്നെ അറിയാമായിരുന്നു. മനുഷ്യശരീരത്തിന്റെ നിയന്ത്രണം 90% ബോധമനസ്സിനല്ലെന്ന് ഞാൻ പഠിച്ചിട്ടുള്ള കാര്യം. നാം ഇശ്ചിക്കുന്നതിനനുസരിച്ചല്ല ദഹനം നടക്കുന്നത്, ഹൃദയം മിടിക്കുന്നത് - ഇതൊക്കെ ഏതാനും നിമിഷം നിർത്തിവെക്കാൻ നമുക്കു സാധിക്കുകയില്ല. ഉറക്കത്തിലാണെങ്കിൽ ബോധമനസ്സിന് ഒരു നിയന്ത്രണവുമില്ല - എന്തു സുഖം! എത്ര ഉന്മേഷവാന്മാരായാണു നാം ഉണരുന്നത്. ഈ ശക്തിയുടെ നിയന്ത്രണത്തിൽ പൂർണ്ണമായും ആയിരിക്കാൻ കഴിയുക, ഈ വിട്ടുകൊടുക്കൽ, അതത്ര എളുപ്പമല്ല. കാരണം, ബോധമനസ്സിന്റെ പൂർണ്ണമായ ഒരു കീഴടങ്ങൽ എന്നു പറഞ്ഞാൽ അഹത്തിന്റെ അവസാനമെന്നു തന്നെ വ്യാഖ്യാനിച്ചുകൂടെ? അതായത്, നാമെന്ന സങ്കൽപ്പം മാറി ബ്രഹ്മബോധം എന്ന കടലിൽ അലിഞ്ഞില്ലാതാവുകയല്ലേ അപ്പോൾ സംഭവിക്കുക? ചുരുക്കി പറഞ്ഞാൽ, സർവ്വസാത്വികരും, ഈ അവസ്ഥാന്തരത്തിനുവെണ്ടിയല്ലേ ജീവിതം മുഴുവൻ ചെലവഴിച്ചത്?
2017 ജൂലൈ മാസം ഞാനൊന്നു വീണു. വീടുമുറ്റത്തുനിന്ന കറിവേപ്പിന്റെ ഏറ്റവും മുകളിൽനിന്നു കുറേയേറെ തണ്ടുകൾ ഒടിക്കാനുള്ള ശ്രമത്തിൽ. വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്. കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നു പറയാം. ഒന്നു രണ്ടു മാസം വീട്ടു വിശ്രമംകൊണ്ടു തീരാവുന്ന ചെറിയൊരു പൊട്ടൽ ഒരു കശേരുവിനു സംഭവിച്ചതൊഴിച്ചാൽ വേറെ ഒരു കുഴപ്പവും സംഭവിച്ചില്ല. ഞാൻ കയറിനിന്ന ഗോവണി തെന്നി മാറിയതോർമ്മയുണ്ട്, നിലത്തു വീണു കിടക്കുന്നതും ഓർമ്മയുണ്ട്. ഇതിനിടയിലുള്ള രണ്ടോ മൂന്നോ നിമിഷങ്ങളിൽ എന്തു സംഭവിച്ചുവെന്നുള്ള അന്വേഷണമായിരുന്നു പിന്നിടങ്ങോട്ട്. അതിനെപ്പറ്റിയുള്ള സംവാദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ പെറുക്കിക്കൂട്ടി വിശകലനം ചെയ്തപ്പോൾ ഒരു കാര്യം മനസ്സിലായി - ഇത്തരം ശൂന്യവേളകൾ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നു, അല്ലെങ്കിൽ ഇത്തരമൊരനുഭവം ഇല്ലാതിരിക്കുന്നവർ കാണില്ല. ഈ ശൂന്യതയുടെ (creative emptiness) ശേഷിയാണ് എന്നെ അതിശയിപ്പിച്ചത്. എന്നോളം വലിയൊരുഭാരം ഭൂമിയിൽ വീണാൽ എന്തൊക്കെ ഭൗതികനിയമങ്ങൾക്കാണോ അതു വിധേയമാകേണ്ടത് അതിലൊരു നിയമം പോലും മാറിയില്ല; പക്ഷേ, എനിക്കേറ്റവും സുരക്ഷ കിട്ടത്തക്ക രീതിയിൽ ഈ ശൂന്യത എന്നെ ഭൂമിയിൽ വീഴ്‌ത്തി. എന്റെ ഒരനുഭവം വെച്ചു മാത്രമല്ല ശൂന്യതയുടെ ഈ ഇടപെടലിനെ ഞാൻ വിലയിരുത്തുന്നത്. ഇങ്ങിനെയുള്ള അൽഭുതകരമായ രക്ഷപ്പെടലുകൾ സാക്ഷ്യപ്പെടുത്താൻ അനേകർ ഇവിടുണ്ട്. 
എന്റെ ചിന്തകൾ അവിടെനിന്നും പോയി. ഭാരതീയ ചിന്തകളിലെ കർമ്മപഥത്തിന്റെ രഹസ്യം എനിക്ക് വ്യക്തമായിരുന്നു. ഒരു കാരണമുണ്ടെങ്കിൽ ഫലവുമുണ്ട്; കാര്യകാരണശൃംഘലയിലെ ഒരു കണ്ണിയായാണ് പ്രപഞ്ചത്തിലെ ഏതൊന്നും ഇവിടെ ആയിരിക്കുന്നത്. അതായത് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യജീവിക്കും ഒരു ജന്മ രഹസ്യമുണ്ട് - ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യവും, ഇവിടെ കടന്നുപോകേണ്ട പരീക്ഷണങ്ങളുടെ അളവുമെല്ലാം അളന്നു കുറിക്കപ്പെട്ടിരിക്കുന്നുവെന്നത് അജ്ഞാതമായ ഒരു കാര്യമല്ല, ആത്മീയ യാത്രയിൽ മുഴുകിയിരിക്കുന്ന ഒരു സാത്വികനും. ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന ഈ ശൂന്യത ഓരോരുത്തരേയും ആ മാർഗ്ഗത്തിൽത്തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നു - അവിശ്വസനീയമായ യാദൃശ്ചികതകൾ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ കാരണമിതാണ്. ആ സമ്മർദ്ദത്തേയും അതിജീവിച്ച് മറ്റുപലതുമായിത്തീരാനായി കർമ്മപഥം ബോധപൂർവ്വം സൃഷ്ടിക്കുന്നവൻ അക്ഷരാർത്ഥത്തിൽ ഒരു പരാജയമായിരിക്കും - അവൻ എന്തു ലക്ഷ്യത്തിനായാണോ ജന്മം സ്വീകരിച്ചത്, അതു മറക്കുകയും എന്തൊക്കെയോ പരിഹരിക്കാനായി അനേകം കാരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ പേരും പെരുമയും സമ്പത്തുമൊക്കെ ആർജ്ജിച്ചാലും പരാജയമായിട്ടായിരിക്കും കടന്നു പോവുക. 
എങ്ങിനെയാണൊരാൾക്ക് അയാളുടെ ദൗത്യം തിരിച്ചറിയാനാവുക? സാഹചര്യങ്ങളിലൂടെത്തന്നെ, ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് നാം സമയം കൊണ്ടും സ്ഥലം കൊണ്ടും ഈ ബ്രഹ്മത്തിൽ കൃത്യമായ കേന്ദ്രത്തിൽത്തന്നെയാണെന്നു പറയപ്പെടുന്നത്. എല്ലാവരുടെയും ജീവിതാവസ്ഥകൾക്കു മുകളിലും കുറെയേറേ തട്ടുകളുണ്ട്. ഒരു ജീവിയേയും നിസ്സഹായാവസ്ഥയിലല്ല പ്രപഞ്ചം ഇവിടെ വിന്യസിപ്പിക്കുന്നത്. നിസ്സഹായരാണെന്നുള്ള ചിന്ത വെറും വ്യക്തിഗതം മാത്രം; അതാകട്ടെ താരതമ്യങ്ങളിൽ നിന്നും ഉയിരാർജ്ജിക്കുന്ന ചിന്തകളും. ഒരു കുഞ്ഞു ജനിക്കുന്നതിനെത്രയോ മുന്നെ, പ്രസവിക്കാൻ തയ്യാറെടുക്കുന്ന അമ്മയുടെ ശരീരം പ്രകൃതി അതിനനുസരിച്ചു പരുവപ്പെടുത്തുന്നു. ഏതു ദുസ്സഹ സാഹചര്യത്തിലാണൊരാൾ ആയിരിക്കുന്നതെങ്കിലും ആ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും പ്രാപ്തിയും അവനിൽ പ്രപഞ്ചം സന്നിവേശിപ്പിച്ചിരിക്കുന്നു.  അവനതു പക്ഷേ, തിരിച്ചറിയുന്നില്ല. ഈ പ്രപഞ്ചത്തിൽത്തന്നെ മനുഷ്യശിശുവിനോളം ദുർബ്ബലനായി ജനിക്കുന്ന ജീവികൾ ഇല്ലായെന്നു തന്നെ പറയാം. സ്വന്തമായി ഇരതേടാനുള്ള വിവേചനാബുദ്ധിയും ശക്തിയും ഒരു മനുഷ്യശിശുവിനു കിട്ടണമെങ്കിൽ കുറഞ്ഞതു പത്തു വർഷങ്ങളെങ്കിലും വേണം. നിരവധി പ്രതിസന്ധികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയാൽ മാത്രമേ ഒരു ശിശു യൗവ്വനയുക്തനാകുന്നുള്ളൂ. ആ ഘട്ടങ്ങളിലെല്ലാം ഈ ശൂന്യതയുടെ അദൃശ്യകരങ്ങൾ  അവനെ/അവളെ സംരക്ഷിക്കുന്നു.
പിന്നോട്ടു നോക്കിയപ്പോൾ ഈ അദൃശ്യകരങ്ങൾ ഞാനൊരുപാടിടങ്ങളിൽ കാണുന്നു, വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ ചില സങ്കീർണ്ണഘട്ടങ്ങളിൽ തീരുമാനമെടുത്തത് ഈ ശൂന്യതയായിരുന്നില്ലേയെന്നു ഞാൻ സംശയിക്കുന്നു. എന്റെ ശരീരകോശങ്ങൾ അടുത്ത നിമിഷത്തേക്കുള്ള പ്ളോട്ട് തയ്യാറാക്കുമ്പോഴൊക്കെ ഈ ശൂന്യതയാണു മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നതെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയെന്താണു പറയുന്നതെന്നറിയാൻ പുറം കാതുകൾ അടയ്കുകയേ ചെയ്യേണ്ടതുള്ളൂവെന്ന് ഞാൻ മനസ്സിലാക്കുന്നു. യാതൊന്നും ആ ശൂന്യതയറിയാതെ എന്നിലോ എനിക്കു ചുറ്റുമോ സംഭവിക്കുന്നില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയുമായി സൗഹൃദം സ്ഥാപിക്കാനാണ് മഹർഷിമാരും മുനിമാരും ജീവിതം ഉഴിഞ്ഞുവെച്ചതെന്നും ഞാനറിയുന്നു - ആ ശൂന്യതയിൽ യാതൊന്നും ഇല്ലെന്നും ഞാറിയുന്നു. ആ ശൂന്യതയെ ഞാൻ ഈശ്വരനെന്നു വിളിക്കുന്നു അതെനിക്കു വലിയ ഒരു തിരിച്ചറിവിലെത്തിയതിന്റെ അവർണനീയമായ സുഖം തരുന്നു!
ഇപ്പോൾ ഞാൻ വലിയ ധർമ്മസങ്കടത്തിലാണ്. എന്റെ ചിന്തകൾക്ക് പിന്നിലും വിചാരങ്ങൾക്കു പിന്നിലും മനോഭാവത്തിന് പിന്നിലും വാക്കുകൾക്കു പിന്നിലുമെല്ലാം ഞാനാരുടെയോ അദൃശ്യകരങ്ങൾ കാണുന്നു. എന്നിൽ വിരിയേണ്ടതായ വികാരങ്ങൾ ജനിപ്പിക്കുന്നതും എന്നെക്കൊണ്ട് കഥയും കവിതയുമൊക്കെ എഴുതിപ്പിക്കുന്നതും ഇതേ ഈശ്വരൻ. ഞാൻ കാണിച്ചിട്ടുള്ള സർവ്വ അതിക്രമങ്ങൾക്കും പിന്നിൽ എനിക്ക് ശക്തിയായി നിന്നതും ഇതേ ഈശ്വരൻ - കൊള്ളാം! 

Friday, 14 July 2017

ആഴത്തിൽ നിന്നുള്ള ചിന്തകൾ

ഞാൻ വീണു, ഇരുപതടി മുകളിൽ നിന്ന് - അറുപത്താറാം വയസ്സിൽ. കാര്യമായ പരിക്കോ ക്ഷതമോ ഇല്ലാതെ എണീറ്റു പോവുകയും ചെയ്തു. എവിടുന്നാ എങ്ങിനെയാ എന്നൊക്കെ ചോദിപ്പിക്കുന്നില്ല, ഒരു കറിവേപ്പിന്റെ മുകളിൽ നിന്നാ വീണത്. ഇത്തിരി ഏറെ ഇല എടുക്കണമായിരുന്നു - ആവശ്യക്കാരുണ്ടായിരുന്നു. 
അതല്ലിപ്പം എന്റെ പ്രശ്നം! ചാരി വെച്ചിരുന്ന ഇരുമ്പു ഗോവണി എന്നെ വിട്ടു പിന്നിലേക്കു മറിയുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പിന്നെ ഞാനറിയുന്നത് അടുത്തിടെ ഒരു പതിനെട്ടുമാസത്തെങ്ങു നട്ടിരുന്നു കുഴിയുടെ അകത്തും പുറത്തുമായി ഞാൻ കിടക്കുന്നതാണ്. ആരെയും വിളിക്കുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്തില്ല. ഏണിയുടെ ശബ്ദം കേട്ട് ഓടിവന്ന ഒരു സ്‌ത്രീയാണ് ആ കിടപ്പ് കണ്ടുപിടിച്ചത്. അവരോടിവന്നു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, അൽപ്പ നേരം കൂടിക്കഴിഞ്ഞു ഞാൻ തനിയെ എണീറ്റു പൊക്കോളാമെന്ന്. ഈ ബഹളം നടക്കുന്നതിനിടയിൽ ഞാൻ സ്വയം മനസ്സിലാക്കി, 
'നടന്നത് വളരെ നിസ്സാരമായ ഒരു വീഴ്ചയല്ല, തൽക്കാലം എനിക്കു ബോധമുണ്ട്. ഇല്ലായിരുന്നെങ്കിലോ?'
എനിക്കുറപ്പായിരുന്നു, ആർക്കും ഒരു കടവും ഞാൻ ബാക്കി വെച്ചിട്ടില്ല, ഒരു ബന്ധവും ഞാൻ പുതുക്കാത്തതായുമില്ലായിരുന്നു. എല്ലാറ്റിലുമുപരി, ചെയ്തു തീർക്കാനായും യാതൊന്നും ബാക്കി വെച്ചിട്ടുമില്ലായിരുന്നു, നേടാനായി ഒരാഗ്രഹവും ബാക്കിയായുമില്ലായിരുന്നു. 
പെണ്ണുങ്ങൾ സമ്മതിക്കണ്ടെ, ആദ്യം വന്ന മൂന്നു മുതിർന്ന സ്ത്രീകൾ വയ്യെങ്കിലും എന്നെ പിടിച്ചെണീപ്പിച്ചു. എനിക്കു നടക്കാം കുഴപ്പമൊന്നുമില്ലെന്നു ഞാൻ പറഞ്ഞു, ഇന്നാലൊന്നു നടന്നു കാണിക്കാൻ അവരും പറഞ്ഞു. അവരിട്ടുതന്ന ഒരു കസേരയിലിരുന്നാണിതു ഞാൻ പറഞ്ഞത്.
ഞാനൊട്ടും മടിച്ചില്ല. എണീറ്റു വീട്ടിലേക്കു നടന്നു. ഇടുപ്പിനു നല്ല വേദനയുണ്ടായിരുന്നു, കഴുത്തിനും നല്ല വേദനയനുഭവപ്പെട്ടു. കുറേ നേരം ഞാനും എന്റെ റയ്കിയും കട്ടിലിൽ ഒരുമിച്ചായിരുന്നു. പിന്നെ ഏണീറ്റു ഭാര്യയുടെ സഹായത്താൽ ഒന്നു കുളിച്ചു, നന്നായൊന്നു വിശ്രമിച്ചു. ഇരിക്കാനും നടക്കാനുമൊന്നും വല്യ ബുദ്ധിമുട്ടു തോന്നിയില്ല - അൽപ്പസ്വൽപ്പം വേദനയല്ലാതെ. ഒരു എക്സ്റേ എടുക്കുന്നതിനേപ്പറ്റിയും ഞാൻ ചിന്തിച്ചില്ല. നാലു ദിവസം കഴിഞ്ഞുപോയി ഒന്നെടുത്തു. ഒരു നേരിയ പൊട്ടൽ ഒരിടത്തു കണ്ടു - രണ്ടു മാസം വിശ്രമിക്കാൻ ഉപദേശവും കിട്ടി. 
ഞാൻ പറയാൻ ഉദ്ദേശിച്ചത്, വിപ്ളവകാരികളും ദൈവത്തിന്റെ പ്രത്യേക പരിഗണനയിൽ പെടുന്നവരാണെന്നോ, കറിവേപ്പേൽ കയറുന്നവർ ശ്രദ്ധിക്കണമെന്നോ ഒന്നുമല്ല, പകരം എന്റെ ജീവിതത്തിൽ നിന്നു ഞാനറിയാതെ രണ്ടു നിമിഷങ്ങൾ കടന്നു പോയി. ആ സമയത്തെപ്പറ്റിയാണ്, ആ സമയം എനിക്കെന്താണു സംഭവിച്ചതെന്നതിനെപ്പറ്റിയാണ്. ഏണി തെന്നുമ്പോഴും എനിക്കു ബോധമുണ്ട്, നിലത്തു വീണൂ കഴിഞ്ഞപ്പോഴും എനിക്കു ബോധമുണ്ട്. ഇതിനിടയിൽ സംഭവിച്ചതെന്താണെന്ന് എനിക്കറിയില്ല. ആർക്കെങ്കിലും അറിയുമോയെന്നാണ് അറിയേണ്ടത്.
വളരെ നേരത്തെതന്നെ, ഒരുവന്റെ ജീവിതത്തിൽ, അവന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ ഇടപെടലുകളെപ്പറ്റി എനിക്കു സംശയമുണ്ടായിട്ടുണ്ട്. പല സന്ദർഭങ്ങളിലും ഒരുവന്റെ നിയന്ത്രണത്തിലല്ലാതെയും ചിലതു സംഭവിക്കുന്നു - നമ്മെ അൽഭുതപ്പെടുത്തുന്ന ചില യാദൃശ്ചിതകൾ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നു.
എനിക്കിന്നുറപ്പാണ്, കാവൽ മാലാഖമാരെന്നു നാം വിളിക്കുന്നത് ഈ ഉൾക്കാമ്പിനെയല്ലേ? ആ ഉൾബോധമല്ലേ, ഏറ്റവും കുറഞ്ഞ ക്ഷതം വരത്തക്ക രീതിയിൽ കിളച്ചിട്ട ആ മൺകൂനയിലും കുഴിയിലുമായി എന്നെ കിടത്തിയത്? 
ഉവ്വ്, ആ ഉൾബോധവുമായി സമരസപ്പെടാൻ നമുക്കു കഴിഞ്ഞാൽ, അതുമായി കൂട്ടു കൂടി ജീവിക്കാൻ നമുക്കു കഴിഞ്ഞൽ, നമ്മെ തോപ്പിക്കാൻ ആർക്കാവും?