ഡോ. റൂപ്പര്‍ട്ട് ഷെല്‍ഡ്രേക്ക് എന്ന ഇംഗ്ലിഷുകാരൻ ഒരു വലിയ കണ്ടുപിടുത്തം നടത്തി. മോർഫിക് റെസൊണന്‍സ്' എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ കണികയിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും പ്രപഞ്ചമാകെ തത്തുല്യമായ അനുരണനങ്ങള്‍ക്ക് വഴിവെയ്കും എന്നാണദ്ദേഹം സ്ഥാപിച്ചത്. രസതന്ത്രത്തിലെ ‘കാരണവും ഫലവും’ സൂഷ്മമേഖലയിലും അപവാദങ്ങള്‍ക്ക് വിധേയമല്ലായെന്നാണ് അദ്ദേഹം വാദിച്ചത്. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ഗ്രഹണസമയങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. അപ്പോൾ, അതിലും ബഹുശതം വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയെ എന്തുമാത്രം സ്വാധീനിക്കുന്നുണ്ടാവും? നവഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും തര്‍ക്കമില്ല. ഒരു മെഴുകുതിരിയുടെ നുറുങ്ങുവെളിച്ചം പ്രപഞ്ചത്തിന്‍റെ അങ്ങേയഗ്രംവരെ എത്തുന്നുവെന്നും നാം കണ്ടെത്തിയില്ലേ?
ഒരിടത്തു നീലക്കുറിഞ്ഞി പൂത്താല്‍ മറ്റുള്ളിടത്തുള്ള നീലക്കുറിഞ്ഞികളും അതേ സമയം തന്നെ പൂത്തിരിക്കും. ജിവജാലങ്ങള്‍ പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാന്‍ ലോറന്‍സ് ബ്ലെയര്‍, ലയാള്‍ വാട്ട്സൺ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ പഠിച്ചാല്‍ മതി. ഒറ്റക്കോ കൂട്ടായോ ജീവജാലങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനം അതേ ഗണത്തിലുള്ള എല്ലാ ജീവജാലങ്ങളിലും, അവ എവിടെയായിരുന്നാലും, ഒരേ സമയത്തു സംഭവിക്കുന്നുവെന്നാണ് അവര്‍ തെളിയിച്ചത് (100th Monkey Effect). ഈ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം പച്ചക്കറി തിന്നുപഠിച്ചാല്‍ എല്ലാ സിംഹങ്ങളിലും പച്ചക്കറി തിന്നാനുള്ള ഒരു വാസന ഉണ്ടാകും (Total Consciousness). നിരവധി കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ഈ ഐക്യം നാം കണ്ടിട്ടുള്ളതാണ്. മുന്‍തലമുറ കുട്ടികളുടെ മാനസ്സിക നിലവാരമല്ലല്ലോ പുതുതലമുറക്കുള്ളത് - അതൊരിടത്തു മാത്രമല്ലല്ലോ സംഭവിക്കുന്നതും. ഒരേ സിദ്ധാന്തം അല്ലെങ്കില്‍ ഒരേ ആവിഷ്കാരം പലയിടങ്ങളിലായി ഒരേ സമയത്തു നടന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുമുണ്ട്. മികച്ചയൊരുദാഹരണം, റേഡിയോയുടെ കണ്ടുപിടുത്തം തന്നെ.
ഒരാള്‍ നന്നായാല്‍ അതിന്‍റെ ഫലം എല്ലാവരിലും അനുഭവപ്പെടും എന്നു പറയുന്നതിന്റെ പൊരുളിതാണ്. അതായത്, മറ്റുള്ളവരെ നന്നാക്കാനല്ല നാം സ്വയം നന്നാവാനാണ് ശ്രമിക്കേണ്ടത്. ഏകാന്തതയിലിരുന്നു ധ്യാനിക്കുന്ന താപസ്സന്മാര്‍ എന്ത് സേവനമാണ് ഭൂമിക്കു നല്‍കുന്നതെന്ന ചോദ്യത്തിനും ഇതുത്തരം നല്‍കും. നിശ്ശബ്ദരായ സാത്വികർ ചെയ്യുന്ന സ്വാധീനം ഒരു വലിയ ജനാവലിയെ എന്നും അഭിമുഖീകരിക്കുന്ന ഒരു പ്രഭാഷകന്റേതിനേക്കാൾ പല മടങ്ങു വലുതാവാം. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ എതിര്‍പ്പുകളെ നേരിട്ട് നവീകരണത്തിന് മുന്‍കൈ എടുക്കുന്നവരും നിരാശപ്പെടേണ്ടതില്ലായെന്നുതന്നെയാണ് ഞാനും പറയുന്നത്. സമയമാകുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ അത്ഭുതാവഹമായിരിക്കും. യേശുവിന്‍റെ കാലത്ത്, ആരും സ്വപ്നം കണ്ട കാര്യമല്ലല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഇന്നേവരെയുണ്ടായിട്ടുള്ള ഒരു വിപ്ലവവും ഒരു വ്യക്തിയുടെ മാത്രം ഇശ്ചയുടെ ഫലമായിരുന്നില്ലെന്നു കാണുക. എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമല്ല ഗുണം. ഏതു സാഹചര്യത്തിലും ചെയ്യേണ്ടത് ചെയ്തുകൊണ്ടേയിരിക്കുക; അതാണ് ഓരോ മനുഷ്യനും അനുവര്‍ത്തിക്കേണ്ട ജീവിതചര്യ.
ആകമാന ബോധതലത്തിന്‍റെ പ്രവര്‍ത്തന സവിശേഷതകളല്ല ഞാന്‍ പറഞ്ഞു വരുന്നത്, പകരം ഒരു കാരണം സൃഷ്ടിക്കപ്പെട്ടാല്‍, അതേതു സാഹചര്യത്തിലായാലും, അതിനൊരു ഫലവും കാണും എന്ന അനിഷേദ്ധ്യ സത്യമാണ്. ഈ കാരണ–ഫല ബന്ധം ഭൌതിക തലത്തില്‍ മാത്രമല്ലുള്ളത്. സൂഷ്മതലത്തിലും അതിസൂഷ്മതലത്തിലുമെല്ലാം ഈ നിയമമുണ്ട് - രൂപിയായാലും അരൂപിയായാലും അതു ബാധകവുമാണ്. ‘വിതക്കുന്നവന്‍ വിതച്ചത് കൊയ്യുമെന്നും’ ‘വാളെടുക്കുന്നവന്‍ വാളാലേ’യെന്നും യേശു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്, നാം സൃഷ്ടിച്ച കാരണങ്ങള്‍ക്ക് തത്തുല്യമായ ഫലവും ഉണ്ടാകുന്നുവെന്ന് തന്നെയാണ്. തിന്മ ചെയ്യുന്നവന് നരകമെന്നും നന്മ ചെയ്യുന്നവന് സ്വര്‍ഗ്ഗമെന്നും പറയുമ്പോള്‍ ഈ നിയമം തന്നെയാണു മതങ്ങളും ആവര്‍ത്തിക്കുന്നത്. പക്ഷേ, കാരണം സൃഷ്ടിക്കുന്നവന്‍ തന്നെ ഫലം അനുഭവിക്കണമെന്നില്ല; മറ്റൊരാള്‍ക്ക് അപരനനുഭവിക്കേണ്ടിയിരിക്കുന്ന ഫലം ഏറ്റെടുക്കാന്‍ കഴിയും. ഫലം കൈമാറല്‍ യേശുവിന്‍റെ ജീവിതത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്; നമ്മുടെ അനുദിന ജീവിതത്തില്‍ നിന്ന് തന്നെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുണ്ടാവും. ദോഷഫലങ്ങള്‍ മാറ്റിയെടുക്കാനുള്ള കുറുക്കു വഴികളെന്ന വിഭാഗത്തിലാണ് മതങ്ങള്‍ ഇന്ന് പ്രചരിപ്പിക്കുന്ന പല അനുഷ്ഠാനങ്ങളും പെടുക. ഫലദോഷങ്ങള്‍ മാനുഷിക ശേഷികൊണ്ട് പരിഹരിക്കാവുന്നവയെന്നും, ദൈവികസഹായം കൂടി ആവശ്യമുള്ളതെന്നുമുള്ള രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ തിരിച്ചറിവിന്‍റെ തലത്തില്‍നിന്നുകൊണ്ട് മാത്രമേ വിധിയെ നമുക്ക് നിർവ്വചിക്കാനാവൂ. എന്തു കാരണം കൊണ്ടാണ് ആദവും ഹവ്വയും ശിക്ഷിക്കപ്പെട്ടതെന്ന ചോദ്യം ഇവിടുണ്ടാവും. ആദം സൃഷ്ടിക്കപ്പെട്ടിട്ട് കേവലം ആറായിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന പഴയനിയമ സാക്ഷ്യം ഇന്നാരും തന്നെ മുഖവിലക്കെടുക്കുന്നില്ല. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ചു കൂട്ടിയാൽ, ബൈബിളിലെ വംശാവലിപ്രകാരം നാലായിരം വർഷങ്ങൾ പോലും പഴക്കം കാണില്ല മനുഷ്യകുലത്തിന്. അവിടെ സൂചിപ്പിക്കുന്ന ഒരു ദിവസം (ബഹു കോടി കോടി കോടി വർഷങ്ങൾ ദൈർഘ്യമുള്ള) ഒരു ബ്രഹ്മദിവസത്തിന്റെ ഒരംശമായിരുന്നിരിക്കാമെന്നും ജീവന്‍റെ കണിക ഒരു മനുഷ്യനായി പരിണാമപ്പെടാന്‍ ഇത്രയും സമയം മതിയെന്നും, സത്യം പ്രതീകാത്മകമായി ജ്വലിപ്പിക്കുന്ന ഒരു മഹദ്ഗ്രന്ഥം മാത്രമാണ് പഴയനിയമപുസ്തകമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം; അല്ലാതെ, സൂര്യനുണ്ടാവുന്നതിനു മുമ്പും സൃഷ്ടാവ് ദിവസക്കണക്കു സൂക്ഷിച്ചെന്നു കരുതാനോ, ഏഴാം ദിവസം സൃഷ്ടാവ് മടുത്തു വിശ്രമിച്ചെന്നോ വിശ്വസിക്കാൻ എനിക്കു താൽപ്പര്യമില്ല. ഉൽപ്പത്തിയേയും യാദൃശ്ചികതകളെയും വിലയിരുത്തുന്നതില്‍ മതങ്ങളും ശാസ്ത്രങ്ങളും ഒരുപോലെ പരാജയപ്പെടുന്നുവെന്നും പറയാതെ വയ്യ. ഓരോ യാദൃശ്ചികതയുടെ അവസരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ഈശ്വരന്‍റെ സവിശേഷ ഇടപെടല്‍ എന്ന് വ്യാഖ്യാനിക്കുകയാവും ഉചിതം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ഇടിച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ട്രെയിന്‍ കിട്ടാതെ അവിടെ ചെന്നെത്താൻ കഴിയാഞ്ഞവരുണ്ട്, ഷൂസ് നന്നാക്കാന്‍ വേണ്ടി യാത്ര മാറ്റിവെച്ചവരുണ്ട്. എന്തുകൊണ്ട് ചിലര്‍ക്ക് അങ്ങനെ സംഭവിച്ചു, ചിലര്‍ക്കങ്ങനെ സംഭവിച്ചില്ലായെന്നത് വിശദീകരിക്കുക ദുഷ്കരം. എങ്കിലും കാരണ-ഫല ചങ്ങലയില്‍ ഇവയും ഉൾപ്പെടുന്നുവെന്നത് കാണാതിരിക്കാൻ വയ്യ.
പണ്ഡിതനായ വരരുചിയുടെ കഥ ഭാരതീയ ഇതിഹാസങ്ങളില്‍ പറയുന്നു. രാജാവിന്‍റെ ആസ്ഥാനജോതിഷനായിരുന്ന അദ്ദേഹം താന്‍ വിവാഹം കഴിക്കേണ്ടിവരുന്നത് ഒരു പറച്ചിപെണ്ണിനെയാണെന്നു മുന്നേ കണ്ട് ആ പെണ്‍കുട്ടിയെ വധിക്കാന്‍ പട്ടാളക്കാരെ അയച്ചു. പക്ഷേ, രാമായണത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ശ്ലോകം ഏതെന്നന്വേഷിച്ചലഞ്ഞ വരരുചി അവസാനം ബ്രാഹ്മണയുവതിയെന്നു കരുതി വിവാഹം കഴിച്ചതോ, ഇതേ പെണ്ണിനെ തന്നെ. പട്ടാളക്കാർ കരുണ തോന്നി നദിയിലൊഴുക്കിയ ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന ബ്രാഹ്മണ ദമ്പതികൾ എടുത്തു വളർത്തിയത് വരരുചി കണ്ടില്ല. ആ പറച്ചി പെറ്റ പന്ത്രണ്ടു പേരില്‍പെടും നാറാണത്തുഭ്രാന്തന്‍. വിധിയെ തടുക്കാനാവില്ലായെന്നു തന്നെയാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ബലൂണിന്‍റെ ഒരു വശത്ത് അമര്‍ത്തിയാല്‍ മറ്റൊരു വശം വികസിക്കുമെന്നതു പോലെയെയുള്ളൂ കുറുക്കു വിദ്യകള്‍കൊണ്ട് വിധിക്കു തടയിടുന്നത്.
ഒരിക്കലും അവസാനിക്കാത്ത കാരണ-ഫല ചങ്ങലയെപ്പറ്റി പ്രതിപാദിക്കുന്ന ഭാരതീയ കര്‍മ്മസിദ്ധാന്തം നാം അല്‍പ്പം മനസ്സിലാക്കുന്നത് നല്ലതാണ്. പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്. പുനര്‍ജന്മസിദ്ധാന്തം യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു - സ്നാപക യോഹന്നാന്‍തന്നെ പുനര്‍ജന്മത്തിനുദാഹരണവുമാണ്. യേശു പുനര്‍ജന്മത്തെ എതിര്‍ത്തതായി പുതിയ നിയമം പറയുന്നില്ല; മാത്രമല്ല, ഇക്കാര്യത്തിൽ ഒരു അന്തിമയനുശാസനം യേശുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല. എന്തായിരുന്നാലും, ജന്മലക്ഷ്യത്തിലേക്ക് ഏതൊന്നിനെയും നയിക്കുന്ന രീതിയിലുള്ള ദൈവികമായ ഒരിടപെടല്‍ എല്ലാ ജീവജാലങ്ങളുടെയും കാര്യത്തില്‍ ഉണ്ടെന്നത് തര്‍ക്കമറ്റയൊരു സത്യമാണ്.
ജന്മോദ്ദേശ്യം മനസ്സിലാക്കാന്‍ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന കഴിവുകളും ആയിരിക്കുന്ന സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉപകാരപ്പെടും. ഓരോ മനുഷ്യനിലും അവനാവശ്യമുള്ളതെല്ലാം ജന്മനാതന്നെ നൽകപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കാതെ, സമൂഹം പ്രതീക്ഷിക്കുന്ന ഫലം നല്‍കാനുള്ള നമ്മുടെ തത്രപ്പാടുകളിലാണ് ലക്‌ഷ്യം സാധിക്കാതെ നാം പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നത്. അതായത്, നാം ഓരോ നിമിഷവും എന്താണ് ചെയ്യേണ്ടതെന്നും എങ്ങിനെയാണ് ആയിരിക്കേണ്ടതെന്നും അറിഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ വളർച്ചയില്ല. ഇത് മനസ്സിലാക്കാന്‍, യേശുതന്നെ പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ അവസാന വാചകം ശ്രദ്ധിച്ചാൽ മതി. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും സംഭവിക്കട്ടെ എന്നാണതു പറയുന്നത്. ഓരോന്ന് ചെയുമ്പോഴും, അനുനിമിഷം, അവിടുത്തെ (ഈശ്വരന്റെ/സൃഷ്ടാവിന്റെ) ഇഷ്ടം എന്തെന്ന് മനസ്സിലാക്കി അതിവിടെ നടപ്പാകാനുള്ള ഒരു ഉപകരണമായി നാം മാറുക - അതേ നാം ചെയ്യേണ്ടതുള്ളൂ. ആ പ്രവർത്തനപഥത്തിൽ നാമായിരിക്കുംപോൾ, നാം അനുഭവിക്കേണ്ട ദോഷഫലങ്ങള്‍ നാമറിയാതെ ഒന്നൊന്നായി അലിഞ്ഞില്ലാതെയാവും - ഒരു സൂത്രപ്പണിയും ആവശ്യമില്ല.
ഒരു കുടുംബത്തിലും ഒരു മാതാപിതാക്കന്മാര്‍ക്കും ഒരേപോലെ രണ്ടു കുട്ടികള്‍ ജനിക്കാറില്ല; മാതാപിതാക്കന്മാര്‍ ഒരു ഫാക്ടറിപോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണുക. ഓരോ ജന്മവും ഓരോ ആത്മാവിന്‍റെ ആവിഷ്കാരമാണെന്നുള്ള സത്യം, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആചാര്യന്മാര്‍ അടിവരയിട്ടു പഠിപ്പിച്ചിരുന്നു. അതിന്‍റെ ചുവടു പിടിച്ചാല്‍, ഓരോ ആത്മാവും അതിനു വേണ്ട ശുദ്ധീകരണപ്രക്രിയയ്ക് അനുയോജ്യമായ ജന്മങ്ങള്‍ സ്വീകരിക്കുന്നുവെന്നുള്ള വാദഗതിയിലെ പൊരുളും മനസ്സിലാക്കാം.
മനുഷ്യനു മാത്രമെ, ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാൻ കഴിയൂ. പക്ഷെ, മനുഷ്യജന്മത്തില്‍ ലഭിക്കുന്നയീ ഇരട്ടബോധതലത്തില്‍ നാം ലക്‌ഷ്യം മറക്കുന്നു - അതാണിവിടെ സംഭവിക്കുന്നത്. അറിഞ്ഞുകൊണ്ട് പൂര്‍ണ്ണബോധത്തോടെ കര്‍മ്മഫലങ്ങളെ അനായാസം അവസ്ഥാന്തരം ചെയ്യാന്‍ മനുഷ്യജന്മത്തിനോളം പറ്റിയ വേറൊന്നില്ല - അതിൽതന്നെ പുരുഷ ജന്മം മികച്ചു നിൽക്കുന്നു. വന്നു ചേർന്നതും വരാനിരിക്കുന്നതുമായ ദൌര്‍ഭാഗ്യങ്ങൾ നോട്ടക്കുറവുകൊണ്ടാണ് സംഭവിക്കുന്നതെന്ന് കരുതാതെ, അതുതന്നെയാണെനിക്ക് വേണ്ടിയിരുന്നതെന്നും ദൈവം കാരുണ്യപൂർവ്വം തനിക്കതു നല്‍കിയല്ലോയെന്നും ചിന്തിച്ച് അതിനെ അഭിമുഖീകരിക്കുവാന്‍ സഹജീവികളെ പ്രാപ്തരാക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പ്രാർത്ഥനയെന്നു പറയുന്നതപ്പോൾ ഹൃദയത്തിൽ നിന്ന് നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നന്ദിയുടേ ശീലുകൾ മാത്രമാവും.
നാം നിര്‍വ്വചിക്കുന്ന ദൌര്‍ഭാഗ്യങ്ങളും ഭാഗ്യങ്ങളുമെല്ലാം താരതമ്യാത്മകമാണെന്നും കാണേണ്ടതുണ്ട്. എനിക്ക് കാറില്ലായെന്നത് ദൌര്‍ഭാഗ്യമായി കരുതുന്നവരുണ്ടാവാം, സൈക്കിളെങ്കിലും സ്വന്തമായുള്ള അവസ്ഥ മഹാഭാഗ്യമായി കരുതുന്നവരുമുണ്ടാവാം. സ്വയം ആരുമായും താരതമ്യം ചെയ്യാതിരിക്കുമ്പോള്‍ ഇത്തരം നിര്‍വ്വചന ദോഷങ്ങളില്‍ നിന്നും നമുക്ക് മുക്തി കിട്ടും. അതേ സമയം, അനുനിമിഷം നമ്മുടെ പോരായ്മകള്‍ നോക്കി, നമ്മെ ശിക്ഷിക്കാന്‍ വടിയോങ്ങിയിരിക്കുന്ന ഒരു ദൈവം ‘അനന്തവും പരിമിതികളില്ലാത്തതുമായ സ്നേഹ’ത്തിന്‍റെ പരിധിയില്‍ വരുന്നില്ലായെന്നതും നാം കാണേണ്ടതുണ്ട്. ദൈവം യാതൊന്നും ചെയ്യുന്നില്ല, നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്‌താല്‍ അത് നമുക്ക് തന്നിരിക്കുന്നുവെന്നു പറയുന്ന സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായിരിക്കും.
സംഭവിക്കുന്നത് മുഴുവന്‍ ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നു കണ്ട് അതിനെ അഭിമുഖീകരിക്കാനാണ് മതങ്ങള്‍ മനുഷ്യരെ പഠിപ്പിക്കേണ്ടതെന്നാണ് എന്‍റെ പക്ഷം. ഒരു ദൈവിക പദ്ധതിയെന്ന് നിർവ്വചിച്ച് എല്ലാത്തിനെയും വേര്‍തിരിക്കുന്നതിലും നല്ലത് മാറ്റമില്ലാത്ത ദൈവിക നിയമം എന്നതിനെ വിളിക്കുന്നതാണ്. എഞ്ചിന്‍ നിലച്ചുപോയ പറന്നുകൊണ്ടിരുന്ന ഒരു വിമാനം, ഭൌതികനിയമങ്ങള്‍ മാറ്റിവെച്ചു ശാന്തമായി നിലത്തിറക്കാന്‍, ആ നിയമങ്ങള്‍ സ്ഥാപിച്ച ശക്തിതന്നെ എങ്ങനെ മുന്നോട്ടു വരും? ഈ പ്രാപഞ്ചിക ശരീരത്തില്‍ നമുക്ക് നമ്മുടെതായ ഒരു പങ്കുണ്ട്. ജീവന്റെ തുടക്കത്തിൽ, ഒരു കോശം രോമവും മറ്റൊന്ന് കണ്ണും, വേറൊന്ന് എല്ലുമാകാന്‍ സ്വയം തീരുമാനിക്കുന്നതുപൊലെ നാമായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ ദൌത്യം ശരിയായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതവും ലക്‌ഷ്യം കാണും. സൂര്യന്‍, അതിനു നല്ലതെന്നു തോന്നിയ രീതിയിലായിരുന്നു ചലിച്ചിരുന്നതെങ്കിലൊ, അതിന്‍റെ വിധിയെ മാറ്റാന്‍ അതെന്തെങ്കിലും ശ്രമം നടത്തിയിരുന്നെങ്കിലോ ഇതെഴുതാന്‍ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല. വിധി മാറ്റിമറിക്കാന്‍ പോന്നതെന്ന പ്രഖ്യാപനത്തോടെ ഇവിടെ വിറ്റഴിക്കപ്പെടുന്ന അനുഷ്ടാനഗുളികകള്‍ ആത്യന്തിക വിശുദ്ധീകരണത്തിലേക്ക് ആരെയെങ്കിലും കൊണ്ടുപോകുമെന്നും ഞാന്‍ കരുതുന്നില്ല.
സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെങ്കിലും ഉപായങ്ങള്‍ കൊണ്ട് വ്യത്യാസപ്പെടുത്താന്‍ തീര്‍ത്തും സാധിക്കില്ലായെന്നല്ല ഞാന്‍ പറഞ്ഞത്. ആ മാറ്റങ്ങളും പുതിയ കാരണങ്ങളെ സൃഷ്ടിക്കുമെന്നും ഒരു പക്ഷേ, ആദ്യത്തേതിലും വലുതായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഞാന്‍ പറയുന്നത്. അതായത്, നമുക്ക് ലഭിച്ചതെന്തോ അതാണ് നമ്മുടെ വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായതെന്ന് മനസ്സിലാക്കാതെ അതില്‍ നിന്ന് ഒളിച്ചോടാനോ, വഴുതി മാറാനോയുള്ള എല്ലാ ശ്രമങ്ങളും നഷ്ടത്തിലാവും അവസാനിക്കുക. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, ഒരു കാരണമായേക്കാവുന്ന യാതൊന്നും സൃഷ്ടിക്കാതെയിരുന്നാലെ, ഫലങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നതിലും അർത്ഥമുള്ളൂ. അതു തിരിച്ചറിയാന്‍ ഒരു പക്ഷേ കാലചക്രം കുറേക്കൂടി കറങ്ങേണ്ടിവന്നേക്കാം എന്നേയുള്ളൂ.
ജീവന്‍റെ ആദ്യ സ്പന്ദനം മുതൽ മുതല്‍ പ്രപഞ്ചത്തിന്റെ അന്ത്യശ്വാസം വരെയുള്ള സര്‍വ്വതും ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നു സദ്‌ഗുരുക്കന്മാര്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്തിടത്തോളം കാലം ഓരോ ആത്മാവും പൂർണ്ണതയിൽ നിന്നകലെയാണ്. പൂർണ്ണതയിലായിരിക്കുകയെന്നത് (സ്വർഗ്ഗപ്രാപ്തി) സുഖകരമായ ഒരവസ്ഥയെന്നാണ് നാം പഠിച്ചുവെച്ചിരിക്കുന്നത്. പക്ഷേ, ഒരു തീജ്വാല ഊതി കെടുത്തിയാലെന്നതുപോലെ സമയത്തിനും കാലത്തിനും സര്‍വ്വ അഹംഭാവങ്ങള്‍ക്കും അതീതമായ ശൂന്യതയിലേക്കുള്ള ഒരു മാറ്റമാണതെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്? മനുഷ്യന്‍ കര്‍മ്മഫലത്തെ ഭയക്കുന്നു. ആ ഫലഭീതി മനുഷ്യനില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ മതങ്ങള്‍ ജനിക്കുമായിരുന്നില്ല - സത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം പലരും ആസ്വദിക്കുകയും ചെയ്യുമായിരുന്നു.
ശൂന്യതയില്‍ നിന്നാരംഭിച്ചത് ശൂന്യതയില്‍ തന്നെ അവസാനിച്ചേ ഒക്കൂ. ഭാരതീയ സമയക്രമമനുസരിച്ച് ഓരോ കല്പ്പത്തിനു ശേഷവും പ്രളയവും ബ്രഹ്മാവിന്‍റെ രാത്രിയും വരും. നേരം പുലര്‍ന്നാല്‍ വീണ്ടും പ്രപഞ്ചത്തിനുള്ളിലെ ജീവന്‍ വീണ്ടും മറ്റൊരു കല്‍പ്പചക്രത്തിലേക്ക് പ്രവേശിക്കും. അതായത് വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും. ഇവിടെ വിധിയെപ്പറ്റി ഞാന്‍ എഴുതിയത് അപ്പാടെ ശരിയെന്ന് വിധിയെഴുതുന്നവരെയല്ല ഞാന്‍ ബഹുമാനിക്കുന്നത്, പകരം ഇതിലും ശരിയുണ്ടായിരിക്കാം എന്ന് കരുതുന്നവരെയാണ്.