പതിവുപോലെ സമയത്തുതന്നെ പോയിവരണമെന്ന തീരുമാനത്തോടെയാണ് ജോയൻ ഇപ്രാവശ്യവും പാലായിലെത്തിയത്. രണ്ടുദിവസം ജോയന്റെ കട അടഞ്ഞുകിടക്കും. എല്ലാ വർഷവും മെയ് ആറാം തിയതി എല്ലാവരും കൂടി നാട്ടിൽ വരും - എല്ലാവരുമെന്നു പറഞ്ഞാൽ, ജോയനും ജോയന്റെ അമ്മയും, ജോയന്റെ ഭാര്യയും പിന്നെ ജോയന്റെ രണ്ടു മക്കളും. അന്നു സെൽനായുടെ വീട്ടിൽ കിടക്കും. സെൽനാ ജോയന്റെ മൂത്തപെങ്ങളാണ്, പാലായിലാണു കെട്ടിച്ചിരിക്കുന്നത്. ജോയനു സഹോദരനും സഹോദരിയുമായി ആകെയുള്ളതു ഈയൊരു പെങ്ങൾ മാത്രം.
എഴാം തിയതിയാണ് അപ്പന്റെ ആണ്ട്. അന്നു രാവിലെ സെൽനായേയും അവരുടെ കുടുംബക്കാരെയും കൂട്ടി രണ്ടു കാറുകളിലായി പതിനെട്ടു കി. മീ അകലെയുള്ള പഴയ ഇടവകപ്പള്ളിയിൽ പോയി നേരത്തെ പറഞ്ഞു വെച്ചിരിക്കുന്ന കുർബ്ബാന കാണും; പിന്നെ സിമിത്തേരിയിൽ അപ്പന്റെ കല്ലറക്കൽ ഒപ്പീസും കഴിഞ്ഞ്, ഉച്ചക്കു ശുഭാലയത്തിൽ ചെന്ന് അവിടുത്തെ അന്തേവാസികളായ വൃദ്ധന്മാരോടൊപ്പം ഊണ് - ഉച്ചകഴിഞ്ഞു മടങ്ങും. അന്നു ശുഭാലയത്തിലെ മുഴുവൻ അന്തേവാസികൾക്കും പുതുവസ്ത്രങ്ങളും, നല്ലൊരു സദ്യയും തോട്ടുപറമ്പിൽക്കാരുടെ വക - അതാണു പതിവ്.
തിരുവമ്പാടിയിൽ നിന്നു പുറപ്പെട്ടാൽ പിന്നെ കുറഞ്ഞതു നാലു ദിവസമെങ്കിലും കഴിഞ്ഞാലെ സാധാരണ പോലെ അമ്മ സംസാരിക്കൂവെന്ന് ജോയനറിയാം. അപ്പനെ ഓർക്കേണ്ടിവന്നാൽ എന്നും അതുതന്നെയാണ് മേരിയമ്മയുടെ സ്ഥിതി. ഓർമ്മ തുടങ്ങിയാൽ ഓർമ്മകളിൽ തന്നെ. അത്രമേൽ വിഷമമുണ്ട് മേരിയമ്മക്ക്. അമ്മയുടെ നിശ്ശബ്ദതകാരണം ജോയന് ഡ്രൈവിങിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാൻ കഴിയുമായിരുന്നില്ല; വണ്ടിചാടുന്ന കുഴികളുടെയെണ്ണം ആ യാത്രയിൽ കൂടിയിരിക്കുമായിരുന്നു.
സംഭവിക്കേണ്ടതു സംഭവിച്ചുവെന്നല്ലാതെ എന്തു പറയാൻ? അപ്പൻ മരിക്കുമ്പോൾ സെൽനായുടെ വിവാഹം കഴിഞ്ഞിട്ടു നാലു വർഷങ്ങളേ ആയിരുന്നുള്ളൂ. ജോയൻ ഡിഗ്രിക്കു പഠിക്കുകയായിരുന്നപ്പോൾ. സെൽനായുടെ വിൽസണപ്പോൾ രണ്ടുവയസ്സു കാണുമായിരുന്നിരിക്കണം. അപ്പന്റെ മരണശേഷം കുറേനാൾ അമ്മ മിണ്ടിയിട്ടേയില്ലെന്നു പറയാം - ആരോടും. ആ നാട്ടിൽ ആരുടേയും മുഖത്തു നോക്കാൻ അമ്മക്കു കഴിയില്ലെന്ന് മനസ്സിലായപ്പോൾ, എല്ലാം വിറ്റ് ഒരുപാടു ബന്ധുക്കളേയുമുപേക്ഷിച്ച് മലബാറിനു പോന്നു. അതിനു ശേഷമാണ് അമ്മ സാധാരണ പോലെയായതെന്നു ജോയനറിയാം.
നല്ല അന്തസ്സായി അപ്പൻ കുടുംബം നോക്കിയിരുന്നു. രാവിലെ റബ്ബർക്കടയിൽപ്പോയാൽ സാധാരണ ദിവസങ്ങളിൽ വൈകിയേ വീട്ടിൽ വരുമായിരുന്നുള്ളൂവെങ്കിലും ആരുടേയും ഒരു കാര്യത്തിനും അപ്പൻ മുടക്കം വരുത്തിയിട്ടില്ല. ആ അപ്പൻ, സ്വന്തം പറമ്പിലെ കിണറ്റിൽ കാലുതെറ്റി വീണു - അപ്പോഴേ മരിച്ചു. അമ്മ മേരിയമ്മയുടെ വല്യവായിലേയുള്ള അലർച്ച കേട്ടോടിയെത്തിയ നാട്ടുകാരപ്പനെ പുറത്തെടുത്തെങ്കിലും, അപ്പൻ മരിച്ചിരുന്നു. നാലുമുറിയിലെ പശുക്കച്ചവടക്കാരൻ വക്കച്ചന്റെയരുകിലുള്ളയാ കിണറ്റിലാണ് അപ്പൻ വീണത്. അതിൽ വെള്ളമുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷേ അപ്പൻ രക്ഷപ്പെട്ടേനെ!
പള്ളിയിൽ അപ്പനുവേണ്ടിയുള്ള കുർബ്ബാന കാണാൻ ആരോടും പറയുമായിരുന്നില്ലെങ്കിലും പഴയ അയൽവാസിയായിരുന്ന വക്കച്ചൻ അന്നു പള്ളിയിൽ കാണുമായിരുന്നു. വക്കച്ചൻ, എന്നും കുർബ്ബാനകാണാൻ വന്നു തുടങ്ങിയെന്നേ ജോയനും മനസ്സിലാക്കിയിരുന്നുള്ളൂതാനും. സെമിത്തേരിയിലെ ഒപ്പീസിനും വക്കച്ചൻ കാണുമായിരുന്നു. ആ പ്രാവശ്യം ശുഭാലയത്തിലെ ഊണും കഴിഞ്ഞിറങ്ങിയപ്പോൾ മേരിയമ്മ ജോയന്റെ നേരെ തിരിഞ്ഞു പറഞ്ഞു.
"എനിക്കൊരിടത്തുകൂടി പോകാനുണ്ട്."
"എങ്ങോട്ടാ?" ജോയൻ ചോദിച്ചു.
"നാലുമുറിയിലെ വക്കച്ചന്റെ വീടുവരെ." മേരിയമ്മ പറഞ്ഞു.
"പൊക്കളയാം. അമ്മ കേറ്; അവിടെചെന്നിട്ടു നമ്മുടെ പഴയ പറമ്പും കിണറുമൊന്നും കാണണമെന്നു പറയരുത്." ജോയൻ പറഞ്ഞു.
ജോയന്റെ കാർ നാലുമുറിയിലെ വക്കച്ചന്റെ വീട്ടിലേക്കു പോകുന്ന നടപ്പുവഴിയുടെ അരികിൽ ജോയൻ നിർത്തി. മേരിയമ്മയെ ജോയൻ കൈപിടിച്ചു കുത്തുകല്ലു കയറ്റി. പള്ളകയറിമൂടിയ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ ജോയൻ പഴയവീട്ടിലേക്കു നോക്കി. ആ പറമ്പും വീടുമൊക്കെ അതുപോലെ കിടക്കുന്നു. മെയിൻ റോഡുമുതലുള്ള സ്ഥലം മുഴുവൻ തോട്ടുപറമ്പിൽക്കാരുടേതായിരുന്നു - കുറച്ചുള്ളിലോട്ടു വന്നാൽ വക്കച്ചന്റെ സ്ഥലവും വീടും. വക്കച്ചനു പക്ഷേ, വിട്ടിലേക്കു വണ്ടികയറുന്ന വഴിയില്ല. വക്കച്ചൻ പലപ്രാവശ്യം വഴിക്കുള്ള സ്ഥലം അപ്പനോടു ചോദിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു ജോയൻ കേട്ടിട്ടുണ്ട്.
മേരിയമ്മയും ജോയനും ഭാര്യയും കുട്ടികളും വക്കച്ചന്റെ വീട്ടുമുറ്റത്തേക്കു കാലെടുത്തുവച്ചതേ വക്കച്ചൻ ഓടിവന്നെല്ലാവരേയും സ്വീകരിച്ചിരുത്തി. ആ കൊച്ചു വീട്ടിൽ എല്ലാവർക്കുമിരിക്കാനുള്ള കസേരകൾ ഉണ്ടായിരുന്നില്ല. പശുക്കളെ വളർത്തിയും അവയെ മറിച്ചും തിരിച്ചും വിറ്റുകിട്ടുന്നതുമൊക്കെയായിരുന്നു വക്കച്ചന്റെ വരുമാനം.
വക്കച്ചൻ മേരിയമ്മയുടെ മുഖത്തേക്കു തന്നെ നോക്കി തൂണും ചാരി നിന്നു. ആ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു.
"മേരിയമ്മയൊന്നും ഓർക്കരുത്." വക്കച്ചൻ പറഞ്ഞു. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നതു ജോയൻ കണ്ടു. അതയാൾ അറിയുന്നില്ലായെന്നു തോന്നി, വക്കച്ചന്റെ നിൽപ്പു കണ്ടപ്പോൾ.
മേരിയമ്മ വാനിറ്റിബാഗ് തുറന്ന് ഒരു കടലാസുകെട്ടെടുത്തു. അതു വക്കച്ചന്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
"റോഡു മുതൽ ഇവിടം വരെ പന്ത്രണ്ടടി വീതിയിൽ വഴിക്കുള്ള സ്ഥലം.... ഇതാ തീറാധാരം!"
വക്കച്ചൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ നിർവ്വികാരനായി അവിടെ നിന്നതേയുള്ളൂ. മേരിയമ്മയും കൂടുതലൊന്നും പറഞ്ഞില്ല. അകത്തുനിന്നും വക്കച്ചന്റെ ഭാര്യ എത്തിയപ്പോഴേക്കും മേരിയമ്മ മുറ്റത്തിറങ്ങിയിരുന്നു. അവരുടെ മുഖത്തേക്കു നോക്കി മേരിയമ്മ പറഞ്ഞു.
"സാരമില്ല; എല്ലാം ദൈവം പൊറുത്തുകഴിഞ്ഞു. ഇനിയും വരാം." ഇനിയും വരാമെന്നാണു മേരിയമ്മ പറഞ്ഞതെങ്കിലും ജോയൻ കേട്ടത്, ഇനിയൊരിക്കലും ഞാനീ വഴി വരില്ലെന്നാണ് മേരിയമ്മ പറഞ്ഞതെന്നാണ്. വഴിയിലേക്കു മടങ്ങുമ്പോഴും മേരിയമ്മ അവരുടെ പഴയ പറമ്പിലെക്കു നോക്കിയതേയില്ല.
എല്ലാവരും വണ്ടിയിൽ കയറിയിരുന്നപ്പ്പോൾ മേരിയമ്മ പറഞ്ഞു.
"വിട്ടോ, സന്ധ്യയാകുമ്പോഴേക്കും തൃശ്ശൂരെത്തണം."
എത്തണം, എങ്കിലേ വെളുക്കുന്നതിനു മുമ്പ് തിരുവമ്പാടിയിൽ ചെല്ലൂ. മടങ്ങുന്ന വഴി, മേരിയമ്മ കുട്ടികളുമായി ചിരിച്ചു കളിച്ചുകൊണ്ടിരുന്നു. അതസാധാരണമായിരുന്നു - ജോയനും ഭാര്യക്കും. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ജോയൻ ചോദിച്ചു.
"വക്കച്ചനു വഴിക്കു സ്ഥലംകൊടുത്ത കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ."
"അതപ്പൻ നേരത്തെ പറഞ്ഞേൽപ്പിച്ചിരുന്നു. അതിന്റെ ബാക്കിയേ നമ്മൾ വിറ്റിട്ടുള്ളൂ. അയാളുടെ മുഖത്തേക്കു നോക്കാൻ എനിക്കു കഴിയുമായിരുന്നില്ല." മേരിയമ്മ പറഞ്ഞു.
"അതെന്താ അങ്ങിനെ?" ജോയൻ ചോദിച്ചു. അൽപ്പനേരത്തെ നിശ്ശബ്ദതക്കു ശേഷം, മേരിയമ്മ പറഞ്ഞു.
"ഇനിയാക്കഥ ആരോടും പറയാതിരുന്നിട്ടും കാര്യമില്ല; ഞാനിനിയൊരിക്കലും പാലായ്കില്ല. നമ്മുടെയപ്പനു സ്വർഗ്ഗത്തിലേക്കുള്ള വഴിയുടെ ആധാരമാണ് ഞാൻ വക്കച്ചനു കൊടുത്തത്."
വീണ്ടും നിശ്ശബ്ദത.
"വക്കച്ചന്റെയപ്പനും മരിച്ചു പോയല്ലോ!" മേരിയമ്മ പറഞ്ഞു.
"ഉവ്വ്, അറ്റാക്കു വന്ന്..!" ജോയൻ പറഞ്ഞു.
"വക്കച്ചന്റെയപ്പനെ വീട്ടുമുറ്റത്തുവരെ വണ്ടി വരുത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ അപ്പൻ രക്ഷപ്പെട്ടേനെയെന്നു വക്കച്ചൻ പറഞ്ഞുവെന്ന് നമ്മുടെയപ്പൻ കേട്ടു. വക്കച്ചന്റെ വീട്ടിൽ ചെന്നു വഴിവെട്ടിക്കോളാൻ പറയാനപ്പൻ പോയതാ......" മേരിയമ്മ നിർത്തി. പിന്നെ മുഖം സാരിത്തലപ്പിൽ അമർത്തി മേരിയമ്മ വിതുമ്പിക്കൊണ്ടേയിരുന്നു. ഒട്ടൊന്നു ശാന്തമായപ്പോൾ മേരിയമ്മ തുടർന്നു.
"അവിടെ അതിരുങ്കൽ വെച്ചവർ തർക്കമുണ്ടായി; വക്കച്ചൻ അപ്പനെ കിണറ്റിൽ തള്ളിയിട്ടതാ...!"
"ശ്യ്യൂ!" കാറിന്റെ ടയറുകൾ റ്റാർറോഡിൽ ശക്തിയായി ഉരഞ്ഞതിന്റെ ശബ്ദം ഏറെ ദൂരെയുള്ളവരും കേട്ടു കാണണം. വണ്ടിയൊരു കുലുക്കത്തോടെ അവിടെ നിന്നു. ജോയൻ പിന്നോട്ടു തിരിഞ്ഞു മേരിയമ്മയുടെ കണ്ണുകളിലേക്കു നോക്കി.
"അമ്മയെന്താ പറഞ്ഞെ?" ജോയൻ ചോദിച്ചു.
അവന്റെ കണ്ണുകളിലേക്കു നോക്കാനുള്ള ശേഷി മേരിയമ്മയുടെ കണ്ണുകൾക്കില്ലായിരുന്നു. ആരും ഒന്നും മിണ്ടിയില്ല, കുറേനേരം. പുറത്തേക്കു തന്നെ നോക്കിക്കൊണ്ട് മേരിയമ്മ പറഞ്ഞു,
"നമുക്കല്ലേ തെറ്റിയത്? നാം കാരണമല്ലേ വക്കച്ചന്റെയപ്പൻ മരിച്ചത്?"
ജോയൻ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ടാറിട്ട വഴിയിലേക്കു നോക്കി ഡ്രൈവിങ് സീറ്റിൽ തന്നെ എന്തോ ചിന്തിച്ചിരുന്നു. ജോയന്റെ മുമ്പിൽ ഇരുവശവും പുഷ്പാലംകൃതമായ, ചുവന്ന പരവതാനി വിരിച്ച രാജവീഥിയായിരുന്നു കാണാനുണ്ടായിരുന്നത്.