നഗരത്തിൽ നിന്നൽപ്പം മാറി, ഒരു കൊച്ചു ഗ്രാമത്തിലെ കൃഷിയിടത്തിലൊരു കൊച്ചു വീടുണ്ട്, അവിടെയാണ് ബാലു മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്നത്. ആകെയുള്ള രണ്ടു മുറികളിൽ ഒന്നു ബാലുവിന്റേതാണ്. അവൻ നഴ്സറിയിൽ പോയിത്തുടങ്ങിയ കാലം മുതൽ അവന്റെ മുറിയിൽ അവനൊറ്റക്കാണ് കിടപ്പും ഉറക്കവും. ഇപ്പോൾ ഒന്നാം ക്ലാസ്സായിട്ടും അതിൽ മാറ്റമൊന്നുമില്ല. വല്ലപ്പോഴും മമ്മിയുടെ അമ്മയോ ആരെങ്കിലുമോ കിടക്കാൻ വന്നാൽ അതവൻ പങ്കു വെച്ചേക്കാം - അത്രേയുള്ളൂ.
അവന്റെ ജീവിതം മാറ്റി മറിച്ചത് അയിലോക്കത്തെ സുന്ദറങ്കിളാണ്, അവന്റെ ടെക്കിയങ്കിൾ!
തൊട്ടടുത്ത വീട്ടിലാണു സുന്ദറിന്റെ താമസം. ബാലു ടെക്കിയങ്കിളിനെ രാവിലെ മാത്രമേ കാണൂ, ഒരു കൈകൊണ്ട് പല്ലുകൾ ബ്രഷ് ചെയ്തും, മറുകൈയ്യ്യിൽ സോപ്പു പെട്ടിയും തുവർത്തും പിടിച്ചും പറമ്പിന്റെ അതിരുതീർത്തൊഴുകുന്ന കൊച്ചരുവിയിൽ സുന്ദർ കുളിക്കാൻ പോകുമ്പോൾ ബാലു മുറ്റത്തു നോക്കി നില്കും, ടെക്കിയങ്കിളിന്റെ ഗുഡ്മോർണിങ്ങ് കിട്ടുന്നതു വരെ.
കംപ്യുട്ടർ കമ്പനിയിൽ ജോലിയും കഴിഞ്ഞു സുന്ദർ വരുമ്പോൾ രാത്രിയാവും. ടെക്കിയങ്കിളിന്റെ ബുള്ളറ്റിന്റെ ശബ്ദം രാവിലെ മാത്രമേ ബാലു കേൾക്കുമായിരുന്നുള്ളൂ. ബുള്ളറ്റ് ആന പ്രൗഡിയോടെ വീട്ടിൽ നിന്നിറങ്ങി പോകുന്നതും ബാലു നോക്കി നില്കും. ബാലുവിനൊരൊറ്റയാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ - ടെക്കിയങ്കിളിനെപ്പോലെ മാജിക് കംപ്യുട്ടർകാരനാവണം, ഒരു ബുള്ളറ്റും വാങ്ങണം.
ടെക്കിയങ്കിൾ കമ്പ്യുട്ടറിന്റെ അവിടെയും ഇവിടെയുമൊക്കെ ഞെക്കുമ്പോൾ ചിത്രങ്ങളും അക്ഷരങ്ങളും സ്ക്രീനിൽ മാറി മറയുന്നത് അത്ഭുതത്തോടെ ബാലു നോക്കി നിന്നിട്ടുണ്ട്. ടെക്കിയങ്കിളാണു പറഞ്ഞത് മാജിക്കുകാരനാവണമെങ്കിൽ പേടി പാടില്ല, പിന്നെ തന്നെ കിടക്കണമെന്നൊക്കെ.
"ടെക്കിയങ്കിളെന്താ എന്നും ഒത്തിരി താമസിച്ചു വരുന്നെ?" ബാലു ചോദിക്കും.
"അങ്കിളിനൊത്തിരി പണിയുണ്ട് ..... കംപ്യുട്ടർ പണിയെന്നാൽ രാത്രി വരെ നീളും." ബാലുവിന്റെ അമ്മ പറയും.
"എനിക്കും കംപ്യുട്ടർ പഠിക്കണം.... ടെക്കി അങ്കിൾ പഠിപ്പിക്കും." ബാലു പറയും.
"അതിനൊത്തിരി പണം വേണം; കാശുണ്ടാകുമ്പം ഒരു സ്കൂട്ടർ വാങ്ങണമെന്നാ പപ്പാ പറയുന്നേ. ഇപ്പോ വാഴക്കുലയൊക്കെ പപ്പാ തന്നെ ചുമന്നു കൊണ്ടുപോകുവല്ലെ?" അമ്മ പറഞ്ഞു.
"ശരിയാ, സ്കൂട്ടർ മതി. എന്നെ അതേൽ പള്ളിക്കൂടത്തിൽ കൊണ്ടു പോവോ അമ്മേ?" ബാലു ചോദിച്ചു. അമ്മയൊന്നും പറഞ്ഞില്ല.
വീടു പണിതതിന്റെ കടം തീർന്നിട്ടില്ല, ഇപ്രാവശ്യം വാഴത്തോട്ടത്തിൽ പാട്ടക്കാശു കൊടുക്കാനുള്ള പണംപോലും കിട്ടണമെന്നില്ല - ഏത്തക്കുലക്കു പതിനഞ്ചു രൂപാ മാത്രം.
പക്ഷേ അതൊന്നും ബാലുവിന്റെ അമ്മ പറഞ്ഞില്ല. അമ്മ സ്കൂട്ടറിന്റെ ഓർമ്മകളിലാണെന്നു മനസ്സിലായ ബാലു പറഞ്ഞു,
"അതൂഴിഞ്ഞു കംപ്യുട്ടർ."
അമ്മ ബാലുവിന്റെ കണ്ണുകളിലേക്കു നോക്കി; പിന്നെ പതിയെ പറഞ്ഞു.
"കംപ്യുട്ടർ, മോൻ മുട്ടനായി കഴിഞ്ഞ്; ജോലിയൊക്കെ കിട്ടിയിട്ട് മേടിക്കണം." ബാലു ഒന്നും മറുപടി പറഞ്ഞില്ല.
അവധി ദിവസങ്ങളിൽ ബാലു ടെക്കിയങ്കിളിന്റെ അടുത്തു കൂടും, സുന്ദർ ലാപ് ടോപ്പിന്റെ കീ ബോർഡിലൂടെ അതിവേഗം കൈവിരലുകൾ ചലിപ്പിക്കുന്നതും, അതിനനുസരിച്ചു സ്ക്രീനിൽ അക്ഷരങ്ങളും ചിത്രങ്ങളും മാറി മറയുന്നതും നോക്കി ബാലു നിൽക്കും. ഒരു ദിവസം സുന്ദർ അവനെ മടിയിലിരുത്തി കീ ബോർഡിൽ വിരൽ തൊടിവിച്ചു. വല്ലാത്തോരനുഭവമായിരുന്നു ബാലുവിനത്.
പിറ്റേന്ന് യു കെ ജി ക്ലാസ്സിൽ ബാലു ഇക്കാര്യം വിവരിച്ചു. അതിൽ തൊട്ടാൽ തണുപ്പാണെന്നും, ടെക്കി അങ്കിളിന്റെ കമ്പ്യുട്ടറിലാണു ഏറ്റവും വലിയ അക്ഷരങ്ങളുള്ളതെന്നും. മിക്ക കൂട്ടുകാരുടെയും വീടുകളിലൊക്കെ കമ്പ്യുട്ടറുകളുണ്ടെന്നു ബാലുവിനു മനസ്സിലായതന്നാണ്. പക്ഷേ, അക്ഷരങ്ങൾ ബാലു കാണിച്ചിടത്തോളം വലുതുള്ളത് അവരും കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു മാസത്തെ ശമ്പളം ഉണ്ടെങ്കിൽ കംപ്യുട്ടർ വാങ്ങിക്കാമെന്നും അവനന്നു മനസ്സിലാക്കി.
ബാലു ആരോടും ഒന്നും പറഞ്ഞില്ല. ഒരു മാസത്തെ ഒരാളുടെ ശമ്പളം എത്ര രൂപയാകും എന്നായിരുന്നു ബാലുവിനറിയേണ്ടത്.
കൂട്ടുകാർക്കു സംശയം തോന്നണ്ടായെന്നു കരുതി ബാലു അതവരോടു ചോദിച്ചില്ല.
ഒരു ദിവസം ബാലു അമ്മയൊട് സൂത്രത്തിൽ ചോദിച്ചു,
"വസുമതി റ്റീച്ചറിനു ശമ്പളം കിട്ടുന്നുണ്ടോ അമ്മെ?" അവനെ നഴ്സറിയിൽ പഠിപ്പിച്ച റ്റീച്ചറാണു വസുമതി റ്റീച്ചർ. ബാലു ഓർത്തത് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് വസുമതി റ്റീച്ചറിനായിരിക്കാമെന്നാണ്, കാരണം വസുമതി റ്റീച്ചറിനെയാണല്ലോ എല്ലാവർക്കും പേടി.
"ഉണ്ടല്ലോ!" അമ്മ പറഞ്ഞു. ഭാഗ്യം തന്നെ ബാലു ഓർത്തു; തുടർന്നമ്മയോടു ചോദിച്ചു,
"എത്ര രൂപാ കിട്ടുമമ്മെ?" ചോദ്യം കേട്ടതേ, ഇവനെന്താ നേഴ്സറീ പഠിപ്പിക്കാൻ പോകുവാണോയെന്നു മനസ്സിൽ ചോദിച്ചു കൊണ്ട് അമ്മ പറഞ്ഞു,
"അഞ്ഞൂറെങ്കിലും കാണും.!" കേട്ടതു പാതി കേൾക്കാത്തതു പാതി അവൻ ഒരൊറ്റയോട്ടമായിരുന്നു തൊടിയിലൂടെ - കിഴക്കേ തുണ്ടിയിലെ ജെയ്ക്കുട്ടന്റെ വീട്ടിലേക്ക്. ജെയ്കുട്ടൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. അവനോടു ചോദിച്ചാൽ അഞ്ഞൂറെന്നു പറഞ്ഞാൽ എന്തേരം വരുമെന്ന് അറിയാമല്ലോയെന്നാണു ബാലു ചിന്തിച്ചത്.
ചെന്നപാടെ, ഓലപ്പന്തുണ്ടാക്കിക്കൊണ്ടിരുന്ന ജെയ്ക്കുട്ടന്റെ ചെവിയിൽ ബാലു ചോദിച്ചു,
"ഈ അഞ്ഞൂറെന്നു പറഞ്ഞാൽ എന്തൊക്കെ മേടിക്കാൻ പറ്റും?" ജെയ്കുട്ടൻ കണക്കു കൂട്ടാൻ തുടങ്ങി, കുറച്ചു നേരത്തെ ആലോചനക്കു ശേഷം അവൻ പറഞ്ഞു.
"ഒരഞ്ചെഴുതിയിട്ട് രണ്ടു പൂജ്യം കൂടിയിട്ടാൽ അഞ്ഞൂറാവും. അഞ്ഞൂറു രൂപക്ക് 200 മാങ്ങാപ്പഴം കിട്ടുമെന്നു കണക്കു പുസ്തകത്തിലുണ്ട്."
ഇത്രയും കേട്ടതേ ബാലു തിരിച്ചോടി. അവനറിയാമായിരുന്നു, അവന്റെ മുറ്റത്തെ കിളിമാവ് അടുത്ത വർഷം മുതൽ കായ്ച്ചു തുടങ്ങിയേക്കാമെന്ന്. അവനാ തൈമാവിന്റെ ഓരോ ശിഖരങ്ങളിലേക്കും നോക്കി നിന്നു. ആ തൈമാവിന് അവനേക്കാൾ പൊക്കമുണ്ടായിരുന്നു. 200 മാങ്ങാപ്പഴം കായ്കാനുള്ള ഇടം അതിന്റെ കൊച്ചു കമ്പുകൾക്കുണ്ടെന്നു തന്നെ അവൻ കരുതി.
ബാലു, അമ്മ കോരി വെച്ചിരുന്ന വെള്ളത്തിൽ നിന്നും ഒരു ഗ്ലാസ്സിൽ നിറയെ, വെള്ളം കൊണ്ടുവന്നു മാവിന്റെ ചുവട്ടിലൊഴിച്ചു. പിന്നെ ആ മാവിനെ നോക്കി അവൻ നിന്നു. ഇരുന്നൂറു കൂടാതെ, അവനു പത്തു മാമ്പഴം തിന്നാനും വേണമായിരുന്നു. അക്കാര്യമായിരുന്നവൻ മാവിനോടു പറഞ്ഞുകൊണ്ടിരുന്നത്.
കാവിലെ ഉത്സവം വന്നപ്പോൾ ബാലു ഒരു മൺകുടുക്ക വാങ്ങി. അതിലിടാൻ അമ്മ ഒരു രൂപയും കൊടുത്തു. മാവിൽ രണ്ടിന്റെ കൂടെ രണ്ടു പൂജ്യം കൂടി ഇടാവുന്നിടത്തോളം മാങ്ങാ കായിച്ചില്ലെങ്കിലോ? അപ്പോൾ കുടുക്കയിൽ നിന്നെടുക്കാമല്ലോയെന്നാണു ബാലു കരുതിയത്. മാത്രമല്ല ജെയ്കുട്ടന്റെ മുറ്റത്തെ കിളിച്ചുണ്ടൻ പൂത്തപ്പോൾ മഴ വന്നതും പൂക്കൾ പകുതിയും കൊഴിഞ്ഞതും അവനോർമ്മയുണ്ടായിരുന്നു. ഇനി ഈ മാവ് പൂക്കുമ്പോഴും മഴ പെയ്താലോ, അപ്പോഴും എണ്ണം കുറഞ്ഞേക്കാമല്ലോയെന്നും അവൻ കണക്കു കൂട്ടി.
ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി, ക്രിസ്മസ്സ് പരീക്ഷയുടെ ഇടക്കൊരു ദിവസം ബാലു നോക്കിയപ്പോൾ തൈമാവിന്റെ ഇലകളുടെ ഇടുപ്പിൽ ഒരു കൊച്ചു മുഴ. എറുമ്പിനോളം പോലുമില്ലാത്ത ആ മുഴ വളർന്നു പൂവായി മാറുമെന്ന് ബാലുവിന് തോന്നി. ബാലുവിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. എങ്കിലും ഇക്കാര്യം അവനാരോടും പറഞ്ഞില്ല.
ക്ലാസ്സിൽ വേലായുധൻ സാർ പത്തു മുതൽ പിറകോട്ടെഴുതാൻ പഠിപ്പിക്കുന്നു. ബാലു ഇതൊന്നും ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല. അത് കണ്ടിട്ടാവണം, വടിയുടെ ഒരറ്റം ബാലുവിന്റെ നേരെ ചൂണ്ടി വേലായുധാൻ സാർ പറഞ്ഞു,
"എണീൽക്കെടാ."
ബാലു എണിറ്റു നിന്നു; ഇത് ക്ലാസ്സാണെന്നും സാർ എന്തോ പഠിപ്പിക്കുകയായിരുന്നെന്നും ബാലുവിനു മനസ്സിലായി.
"എന്താടാ നിന്റെ പേര്?" വേലായുധൻ സാർ ചോദിച്ചു. സാറിന്റെ കണ്ണുകൾ ഭൂതത്തിന്റെ കണ്ണുകൾ പോലെ ചുവക്കുന്നതു ബാലു കണ്ടു.
"ടെക്കി." ബാലു ഇങ്ങിനെ പറഞ്ഞതും ക്ലാസ്സിൽ കൂട്ടച്ചിരിയുയർന്നതും ഒരുമിച്ചായിരുന്നു.