കുർബ്ബാന കൈക്കൊള്ളപ്പാടിനു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയോട് നമസ്കാരം നന്നായി പഠിക്കാൻ അമ്മ ആവശ്യപ്പെട്ടു കൊണ്ടിരുന്നപ്പോഴാണ് ഞാനാ വീട്ടിലേക്കു കാലെടുത്തു വെച്ചത്. എന്റെ ഒരാത്മ സുഹൃത്തിന്റെ വീടായിരുന്നത്.
ഞാൻ ഉള്ളിലേക്കു കാലെടുത്തു വെച്ചതേ, പത്തു വയസ്സുള്ള ആ ആൺകുട്ടി എന്നോടു ചോദിച്ചു,
"അങ്കിളേ, ആദം പാപം ചെയ്തില്ലായിരുന്നെങ്കിൽ ഇവിടെ ഡാഡിയുടെ പാപ്പായും ആ പപ്പായുടെ അപ്പനും അപ്പൂപ്പനും പിന്നെ അവരുടെ അപ്പാപ്പനും ഇവിടെ കാണൂമായിരുന്നില്ലേ?"
അമ്മ അവനോടു പഠിക്കാൻ പറയുന്നത് ഞാൻ കേട്ടുവെന്നവനു നിശ്ചയമുണ്ടായിരുന്നു.
ആ കുട്ടി ഇതു ചോദിച്ചത് എന്നോടാണ്; ഞാനാ വീട്ടിലെ ഒരു സ്ഥിരം സന്ദർശകനും, ആ കുട്ടിക്കൊരു കളിക്കൂട്ടുകാരനെപ്പോലെയുമായിരുന്നു. എന്താണു പറയേണ്ടതെന്നു ഞാനൊരു നിമിഷം ആലോചിച്ചു. വീണ്ടും അവൻ പറഞ്ഞു,
"മനുഷ്യനുണ്ടായതു ഗറില്ലായിൽ നിന്നാണെന്നു ക്ലാസ്സിൽ പഠിക്കുന്നു, കർത്താവു നേരിട്ടു സൃഷ്ടിച്ചതാണെന്ന് അച്ചനും പറയുന്നു."
ഞാൻ രണ്ടാമത്തെ ചോദ്യത്തിനുത്തരം പറഞ്ഞു: 24 മണിക്കൂറിന്റെ ഒരു ദിവസം ഭൂമിയിൽ മാത്രമേയുള്ളെന്നും, കോടി കോടി കണക്കിനു നക്ഷത്രങ്ങളുള്ള പ്രപഞ്ചം ഭരിക്കുന്ന ദൈവത്തിന്റെ ഒരു ദിവസം എന്നു പറഞ്ഞാൽ അതു തന്നെ കോടിക്കണക്കിനു വർഷങ്ങൾ വരുമെന്നും കുരങ്ങിൽ നിന്ന് മനുഷ്യനു പരിണാമപ്പെടാൻ ആ സമയം മതിയെന്നും. ഞാൻ പറഞ്ഞതവനു മനസ്സിലായോ എന്നെനിക്കു സംശയം.
ഞാൻ പോസിറ്റീവായി പ്രതികരിക്കുന്നുവെന്നും അവന്റെ ചോദ്യങ്ങളെ ഗൌരവമായി എടുക്കുന്നുവെന്നും കണ്ടപ്പോൾ അടുത്ത ചോദ്യം വന്നു.
"ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചുവെന്നു ബൈബിൾ പറയുന്നു. അതു മൂന്നാം ദിവസമാണ്. സൂര്യനും ചന്ദ്രനുമില്ലാതെ ദിവസം മൂന്നായെന്നു ദൈവം എങ്ങിനെ കണ്ടു?"
ഞാനവന്റെ അമ്മയുടെ മുഖത്തേക്കു നോക്കി; അവർക്കവിഹിതമായി ഞാൻ എന്തെങ്കിലും പറയുന്നതായി അവർ കരുതുന്നുണ്ടോയെന്നായിരുന്നു എനിക്കറിയേണ്ടത്. ഞാനെന്താണ് മറുപടി പറയുന്നതെന്ന ആകാംക്ഷയായിരുന്നു ആ സ്ത്രീയുടെ മുഖത്ത്. മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ള ആ സ്ത്രീയും ഈ ചോദ്യങ്ങൾക്കുത്തരം തേടുകയായിരുന്നൊയെന്നു ഞാൻ സംശയിച്ചു.
ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമായിരുന്നില്ല മറിച്ച് പഠനങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലുമുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയായിരുന്നവന്റെ ലക്‌ഷ്യമെന്നെനിക്കു മനസ്സിലായി.
പഠനത്തിൽ അവനത്ര താൽപ്പര്യമുണ്ടായിരുന്നില്ല. കൂടുതൽ സമയവും കളികൾക്ക് ചിലവഴിക്കുന്നയവനു ബാക്കി സൂര്യന്മാരെ ആരു സ്രുഷ്ടിച്ചതാണെങ്കിലും അവനു പ്രശ്നവുമല്ലായിരുന്നു.
ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കുകയാണ് വളരാൻ ആഗ്രഹിക്കുന്നവർ അവശ്യം ചെയ്യേണ്ടതെന്ന് ഞാനവനോട് പറഞ്ഞു.
മുട്ടുന്നവന്റെ മുമ്പിലെ വാതിൽ തുറക്കപ്പെടൂവെന്നവനോടു ഞാൻ പറഞ്ഞത് അവനിഷ്ടപ്പെട്ടു. ചോദ്യങ്ങൾ ചോദിക്കാൻ എന്നെ എന്റെ അപ്പൻ പ്രേരിപ്പിച്ചതു കൊണ്ടാണ്, ഞാൻ ഞാനായതെന്നു പറഞ്ഞ ഗ്രീക്ക് ചിന്തകന്റെ കഥ ഞാൻ പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവർക്കേ പുതിയതു കണ്ടുപിടിക്കാനാവൂയെന്നു പറഞ്ഞതും അവനിഷ്ടപ്പെട്ടു. എങ്ങിനെ ചക്രം മനുഷ്യൻ കണ്ടുപിടിച്ചുവെന്നും, അതു വാഹനങ്ങളുണ്ടാകാൻ എങ്ങിനെ സഹായിച്ചുവെന്നും ഞാൻ പറഞ്ഞുകൊടുത്തു. എന്തുകൊണ്ട് ചോദ്യം ചോദിക്കുന്നതു വളർച്ചക്ക് കാരണമാകുമെന്ന് ജീവിതത്തിൽ ആദ്യമായി അവനു മനസ്സിലായി. അന്നേവരെ ചോദ്യം ചെയ്യാതെ എല്ലാം അനുസരിക്കാനേ ആരും അവനോടു പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.
നിശ്ശബ്ദമായി എന്നെ കേട്ടിരുന്ന അവനോടു ഞാൻ പറഞ്ഞു, ബുദ്ധിരാക്ഷസനായിരുന്ന ഐൻസ്റെയിൻ സ്വന്തം തലച്ചോറിന്റെ 18% ശതമാനമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും, മിടുക്കരായ കുട്ടികൾ പന്ത്രണ്ട് ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാറില്ലെന്നും ഞാനവനോടു പറഞ്ഞു.
അവന്റെ തലക്കിട്ടൊരു കൊട്ടു കൊട്ടിയിട്ട് ഞാൻ വീണ്ടും പറഞ്ഞു, ഒരു മാമലിന് 200 ക്യുബിക് സെന്റീ മീറ്റർ ബ്രെയിൻ ഉള്ളപ്പോൾ ശരാശരി മനുഷ്യന് 600 ക്യുബിക് സെന്റിമീറ്റർ ബ്രെയിൻ ഉണ്ടെന്ന്.
അവന്റെ തല ചൂണ്ടിക്കാട്ടിയിട്ട്, അതൽപ്പം വലുപ്പം കൂടിയതാണെന്നും ഞാൻ പറഞ്ഞു.
വേണ്ടത്ര പഠിക്കാനുള്ള സ്ഥലം അവന്റെ തലക്കുള്ളിൽ ഉണ്ടെന്നുള്ള ചിന്ത ഞാനിട്ടു കൊടുത്തപ്പോൾ അവൻ ചിരിക്കുന്നതു ഞാൻ കണ്ടു. ഇത്രയുമായപ്പോഴേക്കും സുഹൃത്തിറങ്ങി വന്നു. ആ സംഭാഷണം അവിടെ മുറിയുകയും ചെയ്തു.
വീണ്ടും ഞാനൊരാഴ്ച്ച കഴിഞ്ഞാണ് ആ കുട്ടിയെ കണ്ടത്. ഒന്നും ഞാൻ മറന്നിട്ടുണ്ടായിരുന്നില്ല.
എന്നെ കണ്ടതേ അവനവന്റെ മുറ്റത്തിരുന്ന സൈക്കിളെന്നെ കാണിച്ചു; അതിന്റെ പിന്നിലത്തെ മഡ്ഗാർഡിന്റെ സ്ക്രൂ ഉറപ്പിക്കാൻ അവൻ പ്ലാസ്റിക് വെട്ടി ഒരു വാഷർ ഉണ്ടാക്കിയതും അവനെന്നെ കാണിച്ചു. ഞാനവനെ അഭിനന്ദിച്ചു!
ചോദ്യങ്ങൾ ചോദിക്കാൻ അവൻ പഠിച്ചിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. അന്നു ഞാനവനോടൊപ്പം അൽപ്പസമയം ചിലവഴിച്ചു. അന്നവനെന്നോടൊരു രഹസ്യം പറഞ്ഞു. ഞാൻ ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്നും റ്റീച്ചർമാർ അരിശപ്പെടുകയാണു സാധാരണ ചെയ്യുന്നതെന്നും അവനെന്നോടു പറഞ്ഞു. ഞനവനോടും ഒരു രഹസ്യം പറഞ്ഞു; എല്ലാം അറിയാവുന്നവർ ഭൂമിയിലാരുമില്ലെന്നും റ്റീച്ചർമാർ അതിനപവാദമല്ലെന്നും പറഞ്ഞത് മറുചോദ്യമില്ലാതെ അവൻ കേട്ടിരുന്നു.
പണ്ടത്തെ അവന്റെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ഞാൻ തുനിഞ്ഞില്ല. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണമെന്നും, ചില സംശയങ്ങൾക്കുള്ള മറുപടി കുറേക്കൂടി വളർന്നാലെ നമുക്ക് മനസ്സിലാവൂയെന്നും അതു വരെ കാത്തിരിക്കണമെന്നും പറഞ്ഞത് അവനിഷ്ടപ്പെട്ടുവെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും എനിക്കു മനസ്സിലായി.
കഠിനാധ്വാനം ഒന്നിനും പരിഹാരമല്ലെന്നും ബുദ്ധി പൂർവ്വമുള്ള മികച്ച സമീപനമാണെവിടെയും വേണ്ടതെന്നും ഞാൻ പറഞ്ഞു കൊടുത്തു. ഇടക്കിടെ മഴുവിനു മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്ന മരം വെട്ടുകാരനും, രാവിലെ മുതൽ മഴു മൂർച്ച കൂട്ടാതെ മരം മുറിക്കാൻ ശ്രമിക്കുന്ന മരം വെട്ടുകാരനും തമ്മിലുള്ള വ്യത്യാസം അവനു മനസ്സിലായി. ഒരു കാര്യം പഠിക്കുമ്പോൾ അതിനൊടു സാമ്യമുള്ളതോ വിപരീതമായതോ അതു കാരണമാകുന്നതോ ആയ മറ്റൊരു കാര്യത്തോടും കൂടി കൂട്ടിയിണക്കി ഓർമ്മയുടെ അറകളിൽ അറിവ് അടുക്കി വെയ്കുന്ന സൂത്രം ഞാനവനോടു പറഞ്ഞു കൊടുത്തു.
ഒരു മാസം കഴിഞ്ഞു കാണണം ആ കുട്ടിയുടെ അമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു, അവന്റെ യൂണിറ്റ് ടെസ്റ്റ് റിസൽട്ട് ഭയങ്കരമായി ഇമ്പ്രൂവ് ചെയ്തെന്ന്.
ഞാനൊന്നു ചിരിച്ചതേയുള്ളൂ.
സൂത്രവിദ്യകളുപയോഗിച്ച് എത്ര ഫാസ്റ്റായി പഠിക്കാമെന്നു പരീക്ഷണമായിരുന്നാ മാസം മുഴുവനവൻ.
ആ അമ്മയുടെ മനസ്സിൽ പഠിച്ചു പഠിച്ചു ഡോക്ടറോ എഞ്ചിനീയറോ ആകുന്ന മകന്റെ ചിത്രമായിരുന്നിരിക്കാം.
ചോദ്യങ്ങൾ ചോദിക്കുകയും അതിനെല്ലാം ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു മഹാ പ്രതിഭയേയായിരുന്നു ഞാൻ കണ്ടുകൊണ്ടിരുന്നത്.
വീണ്ടുമൊരിക്കൽ ഞാനാ വീട്ടിൽ ചെന്നപ്പോൾ താലന്തുകളും മനോഭാവവും തമ്മിലുള്ള വ്യത്യാസം ഞാൻ പറഞ്ഞു കൊടുത്തു. ഓരോരുത്തർക്കും മതിയായ താലന്തുകൾ ഉണ്ടെന്നും നല്ല മനോഭാവം അവിടെ പ്രകടിപ്പിച്ചാലെ ആ താലന്തുകളെ പ്രയോജനപ്രദമാക്കാൻ നമുക്കു കഴിയൂവെന്നും ഞാൻ പറഞ്ഞു.
ഞാനുദാഹരണമായി പറഞ്ഞത് എം എഫ് ഹൂസ്സൈയിൻ എന്ന ചിത്രകാരന്റെ കഥയായിരുന്നു. ഒരു ജോലി ചെയ്യാമായിരുന്നിട്ടും സ്വതസിദ്ധമായ കഴിവു പ്രകടിപ്പിക്കാൻ വേണ്ടി മുംബെയിലെ തെരുവു റോഡുകളിൽ ചിത്രം വരച്ചുകൊണ്ടിരുന്ന ഹൂസ്സയിൻ അന്ന് സമ്പാദിച്ചതു ചിലപ്പോൾ ദിവസം അമ്പതു പൈസാ ആയിരുന്നിരിക്കാമെന്നു ഞാനവനോടു പറഞ്ഞു. എം എഫ് ഹുസ്സൈൻ ഇന്ത്യാ കണ്ട ഏറ്റവും വലിയ ചിത്രകാരന്മാരിൽ ഒരാളായിരുന്നെന്നും ഞാൻ പറഞ്ഞു കൊടുത്തു.
പിന്നിടെന്നെ കണ്ടപ്പോൾ അവന്റെ അമ്മ എന്നോടു പറഞ്ഞത് ഉരുളക്കുപ്പേരിപോലെ അവൻ പറയുന്ന മറുപടികളേപ്പറ്റിയായിരുന്നു.
ക്ലാസ്സിൽ മികച്ചതാവാനുള്ള ശ്രമം അവനുപേക്ഷിച്ചിരുന്നു.
ഒരൊറ്റ സങ്കടമേ എനിക്കുണ്ടായിരുന്നുള്ളൂ, ആ തരി വളർന്നു വലുതായി ഒരു നക്ഷത്രചോദ്യമാകുന്നിടത്തോളം ജീവിക്കാനുള്ള വലുപ്പം എന്റെ ആയുസ്സിനുണ്ടാവുമോയെന്നെനിക്കു നിശ്ചയമില്ലായിരുന്നു.
ചോദ്യങ്ങൾ ചോദിച്ചു കോണ്ടേയിരിക്കുന്നവരില്ലെങ്കിൽ ലോകം എന്നേ നിശ്ചലമാകുമായിരുന്നെന്നു ഞാനിപ്പോഴും ഓർക്കുന്നു.