Monday, 1 December 2014

വിവേകിയും നീതിമാനുമായ മനുഷ്യസൃഷ്ടി!

സോക്രട്ടീസിന്റെ വിഷപാനമരണത്തിനുശേഷം അദ്ദേഹത്തിന്റെ വരേണ്യശിഷ്യരിൽ പ്രമുഖനായ പ്ലേറ്റൊ (B.C 437-347) മനസ്സുകൈവിട്ടുപോയ അവസ്ഥയിലായി. 'ലോകം കണ്ടതിൽ‌വച്ച് ഏറ്റവും ബുദ്ധിമാനും വിവേകിയും നീതിമാനുമായ മനുഷ്യസൃഷ്ടി', എന്നായിരുന്നു അദ്ദേഹം ആചാര്യനെ വിശേഷിപ്പിച്ചിരുന്നത്. എങ്ങോട്ടെന്നും എന്തിനെന്നുമറിയാതെ അലഞ്ഞുതിരിഞ്ഞ പ്ലേറ്റൊ കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടു. യാതനാപൂർണ്ണമായ അടിമജീവിതത്തീൽനിന്ന് അദ്ദേഹം കൂട്ടുകാരുടെ സഹായത്തോടെ എങ്ങനെയൊക്കെയോ മോചനം നേടി. അവർ വീണ്ടുമൊരു തത്ത്വചിന്താപാഠശാല ആരംഭിക്കാൻ അദ്ദേഹത്തെ സഹായിച്ചു.

മതേതരവാദിയും ആദർശവാനുമായിരുന്നു പ്ലേറ്റൊ. സോക്രട്ടീസിന്റെ അരാജക ജീവിതശൈലി അദ്ദേഹം അനുകരിച്ചില്ലെന്നുമാത്രമല്ല, അതിന്റെപേരിൽ ഗുരുവുമായി യാതൊരഭിപ്രായവ്യത്യാസവുമുണ്ടായിരുന്നുമില്ല, (ഇവിടെ വൃദ്ധനായ ഗുരു ‘ഉല്പതിഷ്ണു’വും, യുവാവായ ശിഷ്യൻ ‘യാഥാസ്ഥിതികനും! ‘തലമുറകളുടെ അന്തര’ത്തിന്റെ ഈ തലതിരിഞ്ഞ വേർഷൻ ശ്രദ്ധിക്കുമല്ലൊ).

Republic, Apology, തുടങ്ങിയ സംവാദ‌രൂപത്തിലുള്ള (Dialogue format) പ്ലേറ്റോണിയൻ രചനകൾക്ക് രണ്ടിലേറെ സഹസ്രാബ്ദങ്ങൾക്കുശേഷം ഇന്നും പ്രസക്തിയുണ്ട്. സംതൃപ്തിയുടെ മൂന്ന് തലങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കാണുക. രതി അടക്കമുള്ള ശാരീരികസുഖങ്ങളാണ് ഒന്നാം തലം. രസാനുഭവസിദ്ധാന്തപ്രകാരമുള്ള (Aesthetic theory) സൌന്ദര്യം, കല, സാഹിത്യം, സംഗീതം, എന്നിവ പകർന്നുനൽകുന്ന സുഖമാണ് രണ്ടാം തലം. ഒടുവിലത്തേതും പരമവുമായ മൂന്നാം തലം മാനസികസൌഖ്യമാണ്. മറ്റൊരു വ്യക്തിയുടെയോ ഉപാധിയുടെയോ ഇടനില ആവശ്യമില്ലാത്ത ബൌദ്ധികപ്രേമം, ശരീര നിരപേക്ഷമായ ‘പ്ലേറ്റോണിക് പ്രണയം‘, എന്നിവയാണ് ഈ അവസ്ഥയ്ക്ക് അദ്ദേഹം നൽകുന്ന ഉദാഹരണങ്ങൾ. (കുമാരനാശാൻ പാടിയ “മാംസ നിബദ്ധമല്ലാത്ത” രാഗമെന്നത് ഉദാത്തമായ ഒരു പ്ലേറ്റോണിയൻ ദർശനമാണ്)!

B.C 384-322 കാലത്ത് ജീവിച്ചിരുന്ന അരിസ്റ്റോട്ടിൽ ആയിരുന്നു പ്ലേറ്റോയുടെ പ്രധാന ശിഷ്യൻ. ഒരേസമയം ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു അദ്ദേഹം. സസ്യങ്ങളെയും ജന്തുക്കളെയും‌പറ്റി അദ്ദേഹം നടത്തിയ പഠനങ്ങൾ ഇന്നും സജീവമായി പിൻ‌തുടരപ്പെടുന്നുണ്ട്. Ethics, Politics, Poetics, Meta-Physics തുടങ്ങിയ മഹാരചനകൾ അരിസ്റ്റോട്ടിലിന്റേതാണ്. മഹാനായ അലക്സാണ്ഡർ ചക്രവർത്തിയുടെ ഗുരുനാഥൻ എന്ന നിലയ്ക്കും അരിസ്റ്റോട്ടിൽ വിഖ്യാതനാണല്ലൊ.

സോക്രട്ടീസിനോട് ശിഷ്യനായ പ്ലേറ്റൊയ്ക്കുണ്ടായിരുന്ന മതിപ്പും സഹിഷ്ണുതയുമൊന്നും അരിസ്റ്റോട്ടിലിന് അദ്ദേഹത്തിന്റെ ആചാര്യനായ പ്ലേറ്റൊയോട് ഉണ്ടായിരുന്നില്ല. ഗുരുവിന്റെ ഗുരുവായ സോക്രട്ടീസിനെപ്പോലെ ഉല്പതിഷ്ണുവായിരുന്നു അരിസ്റ്റോട്ടിൽ. അദ്ദേഹം ഗുരുവായ പ്ലേറ്റൊയുമായി നിരന്തരമായ മാനസിക സംഘർഷത്തിലായിരുന്നു എന്നതാണ് വസ്തുത. “ഈ വയസ്സന്മാർ ശരിയല്ല. അവരുമായി ആശയസംവാദങ്ങളിൽ ഏർപ്പെടുന്നത് ഒരു പാഴ് വ്യായാമം മാത്രമാണ്”, എന്ന മട്ടിലുള്ള അരിസ്റ്റോട്ടിലിന്റെ നിരീക്ഷണം ഗുരുവിനെ ലക്ഷ്യമാക്കിയുള്ളതാണെന്ന് കരുതുന്നവരുണ്ട്!

ഇത് അവസാനിപ്പിക്കട്ടെ. ‘Generation gap’ എന്ന തലമുറകളുടെ അന്തരം ഒരു സാമൂഹികമായ അവസ്ഥ എന്നതിനെക്കാൾ, ഭിന്ന പ്രായാവസ്ഥകളിലുള്ള വ്യക്തികളുടെ ഒരു താത്കാലിക മാനസികാവസ്ഥ മാത്രമാണെന്ന് കരുതേണ്ടിവരുന്നു. അയിരക്കണക്കിന് സംവത്സരങ്ങൾക്കുമുൻപ് മഹാഗുരുക്കന്മാരുടെ മനസ്സുകളിൽപ്പോലും, ചിലരിൽ അതുണ്ടായിരുന്നു മറ്റുചിലരിൽ ഉണ്ടായിരുന്നില്ല! ഇന്ന് നാം കരുതുന്നതുപോലെ തലമുറകളുടെ വ്യത്യാസം വരുത്തിവയ്ക്കുന്ന കൃത്യമായ ഒരു സാമൂഹിക അനിവാര്യതയൊന്നുമല്ല അത്.

ഒറ്റ ഉദാഹരണം പറയട്ടെ, നമ്മുടെയിടയിൽ ഇപ്പോൾ ചുംബനക്കൂട്ടായ്മയെ സർവ്വാത്മനാ അനുകൂലിക്കുന്ന മുതിർന്നവരെയും, അതിരൂക്ഷമായി എതിർക്കുന്ന യുവാക്കളെയും കാണാൻ കഴിയും! ഒരേ വ്യക്തിയുടെതന്നെ കൌമാര – യൌവന – വാർദ്ധക്യാവസ്ഥകളിൽ കാഴ്ചപ്പാടുകൾ പാടേ മാറിമറിയുന്നതായും നമുക്ക് അനുഭവിക്കാൻ‌കഴിയും. കഴിഞ്ഞൊരുനാൾ മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നതുപോലെ, “അപ്പന്റെ യൌവനകാലത്തും മദ്ധ്യവയസ്സിലും വാർദ്ധക്യത്തിലും അയാളുടെ ഓരോ പ്രവൃത്തിയെയും വെറുത്തിരുന്ന, കലാപം കൂട്ടിയിരുന്ന, കൌമാരക്കാരനും യുവാവുമായ മകൻ, പിന്നീട് അയാൾ വെറുത്തിരുന്ന അപ്പൻ പിന്നിട്ട പ്രായസന്ധികളിലെത്തുമ്പോൾ ‘മനസ്സാ വാചാ കർമ്മണാ’, അതേ അപ്പന്റെ ‘ക്ലോൺ’ ആയിമാറാറുണ്ട്”!


Aar See

No comments:

Post a Comment