Sunday, 23 October 2016

ദൈവവും പ്രപഞ്ചവും നാമും

"ദൈവവും മനുഷ്യനും - (21.10. 2015)

സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. ദൈവം തന്റെ സ്വന്തം ച്ഛായയിലും രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നത് മനുഷ്യമനസ്സിന്റെ അഹന്തയിൽ കുരുത്ത 'ദിവ്യ'(പടു) ചിന്തയാണ്. കാരണം, ദൈവത്തിന്റെ ച്ഛായയും രൂപവും മറ്റെന്തിനെങ്കിലും അതിനോടുള്ള സാദൃശ്യവും എന്താണെന്ന് ഒരുവിധത്തിലും അറിയാൻ കെല്പില്ലാത്തെ ഒരു കൃമിയാണ് ഇങ്ങനെ മാനസ്സികഭോഗം നടത്തുന്നത്. എത്ര സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇതെല്ലാം 'വേദ'പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാലും ഓക്കത്തരം സത്യമാവില്ല.

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമല്ല എന്നുള്ള വാദം ശരിയാകാൻ പോകുന്നില്ല. പ്രപഞ്ചത്തിന്റെ അനന്തതകളിലെവിടെയോ ഇരുന്ന് നമ്മുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരസ്സാധാരണ ശക്തി എന്ന് ദൈവത്തെപ്പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ വിലയിരുത്തുമ്പോൾ അതിൽ പ്രപഞ്ചസൃഷ്ടിയും ഉൾപ്പെടും. ആ ദൈവത്തിന് പല രാജ്യങ്ങളിലും പല മതങ്ങളിലും പല നാമങ്ങളാണ്, പല ഭാവങ്ങളാണ്. എന്നിരുന്നാലും പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന കാര്യത്തിൽ ഭൂരിപക്ഷത്തിനും സംശയമില്ല. പക്ഷേ, പ്രപഞ്ചസൃഷ്ടിയുടെ ലക്ഷ്യം മനുഷ്യമനസ്സിന് ഉള്ക്കൊള്ളാനാകുമോ എന്നത് എന്നും സംശയാസ്പദമാണ്. അവനെ വളർത്തുന്ന പ്രകൃതിയിൽ മനുഷ്യൻ മാത്രം കാട്ടിക്കൂട്ടുന്ന വികൃതികൾ ശ്രദ്ധിക്കുമ്പോൾ, ദൈവത്തിന് ഈ വര്ഗ്ഗത്തിനുമേൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോയെന്നു ചോദിക്കേണ്ടിവരുന്നു. ദൈവവും മനുഷ്യനും തമ്മിൽ എന്തെങ്കിലും ബന്ധം വേണോ വേണ്ടയോ എന്നത് നമ്മൾ തന്നെ തീരുമാനിക്കേണ്ടിവരുന്നു. ആ തീരുമാനത്തെ അനുസരിച്ചിരിക്കും അവന്റെ ഈ ലോകത്തിലെ സന്തുഷ്ടി. ബുദ്ധചിന്തയൊഴിച്ചുള്ള (അതൊരു മതമല്ല) എല്ലാ മതങ്ങളും പരലോകത്തെപ്പറ്റി പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്നുണ്ടെങ്കിലും ഇതിനപ്പുറത്തുള്ള ഒരു ലോകത്തെ തത്ക്കാലം മറക്കുന്നതാണ് സന്തുഷ്ടമായ ജീവിതത്തിന് ഏറ്റവും ഉതകിയ വഴിത്താര. മറിച്ചുള്ളത് വെറും ജലരേഖയായി കലാശിക്കും."

ദൈവവും പ്രപഞ്ചവും നാമും 
മുകളിലത്തെ കുറിപ്പ് എഴുതിയിട്ട് ഇന്ന് (21.10. 2016) കൃത്യം ഒരു വർഷമാകുന്നു. ചിന്ത വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനാൽ ഇതിനോട് പലതും ചേർത്തെഴുതേണ്ടതുണ്ട് എന്ന ആഗ്രഹം കലാശാലാണ്. ദൈവമെന്താണെന്നും ലോകമെന്താണെന്നും ഒരിക്കൽ നമുക്ക് തോന്നുന്നത് - ആ തോന്നൽ എത്രകാലം നീണ്ടുനിന്നാലും - വീണ്ടും വീണ്ടും തിരുത്തേണ്ടിവരുന്നു. അവ്യക്തമായത് കൂടുതൽ വ്യക്തമായിത്തീരുന്ന ആ പ്രക്രിയയാണ് നമ്മെ മനുഷ്യരാക്കുന്നത്. ഈ മാനസ്സികപ്രക്രിയയിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്ന് അതൊരു ആന്തരികതയാണെന്ന സത്യം തെളിഞ്ഞുവരും. 

നമ്മൾ, നമ്മുടെ ലോകം, ഈ പ്രപഞ്ചംതന്നെ എന്താണെന്ന് നമുക്ക് തോന്നുന്നുവോ അതല്ല അത് എന്ന യാഥാർഥ്യത്തിലേക്കാണ് ആധുനികമായ ശാസ്ത്രീയാന്വേഷണങ്ങൾ നമ്മെ കൊണ്ടുചെന്നിരിക്കുന്നത്. അണു ഒരു വസ്തുവേയല്ല, മറിച്ചു്, ശൂന്യതയാണ് എന്നാണ് ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തൽ. എല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് അണുക്കളും അവയുടെ ഉപകണങ്ങളുംകൊണ്ടാണെങ്കിൽ നമ്മൾ 'കാണുന്ന' പ്രപഞ്ചം ഒരു നിഗൂഢത തന്നെയാണ്. നിരന്തരം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതാണ് നമ്മുടെ പ്രപഞ്ചം. പരമമായ സത്യം ചിത്ത് ആണെന്നാണ് ഭാരതത്തിന്റെ തനതായ ഉപനിഷത് സംസ്‌കൃതിയിൽ നമ്മൾ കേട്ട് ശീലിച്ചിട്ടുള്ളത്. ആ ചിത്താകട്ടെ, സർവവ്യാപകവും സർവാന്തര്യാമിയുമായ, നമുക്ക് നേരിട്ട് ഗോചരമല്ലാത്ത, ബോധമാണ്. "രൂപം കാണുമ്പോൾ, കാണുന്നവൻ കണ്ണാണ്; കണ്ണിനെ കാണുന്നവൻ മനസ്സാണ്; മനസ്സിലെ രൂപാന്തരങ്ങളെ കാണുന്നവൻ അനശ്വര സാക്ഷിയായ ആത്മാവാണ്. ആത്മാവാകട്ടെ, കാണുന്നവനാണ്, കാണപ്പെടുന്നവനാകില്ല." (ദൃക് ദൃശ്യവിവേകം)

ഓർത്തിരിക്കുക: വേദാന്ത തത്ത്വചിന്തയിൽ ആത്മാവ്, പരമാത്മാവ്, ബോധം എന്നീ പദങ്ങൾക്ക് ഒരേ അർത്ഥമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. ആത്മാവായി ശരീരത്തെ വഹിക്കുന്നതും, പരമാത്മാവായി പ്രപഞ്ചത്തെ വഹിക്കുന്നതുമായ ഈ ഭാവത്തെയാണ് ഭാരതചിന്തയിൽ ബ്രഹ്മമെന്ന് വിളിക്കുന്നത്. (ശരീരത്തിൽ ആത്മാവ് കുടികൊള്ളുന്നു; പ്രപഞ്ചത്തിൽ പരമാത്മാവ് വസിക്കുന്നു എന്ന ചിന്തകൾ തലതിരിഞ്ഞതാണ്. അവയെ നേരേ തിരിച്ചിടേണ്ടതുണ്ട്.)

ദൃശ്യമായ എന്തിന്റെയും പിന്നിൽ അനിവാര്യമായി നിലനിൽക്കുന്ന അദൃശ്യമായതിനെ അംഗീകരിക്കാൻ ഭൗതികചിന്തക്ക് സാദ്ധ്യമല്ല. മതങ്ങളും ആ വഴിയിലൂടെ സഞ്ചരിച്ചതിന്റെ ഫലമാണ് ദൈവത്തെ നമുക്ക് വെളിയിലുള്ള ഒരു ശക്തിയായി കരുതാനും ആരാധിക്കാനും ഇടയാക്കിയെന്നത്. ശരിയായ ആദ്ധ്യാത്മികതയുടെ പാതയിലേക്കെത്തണമെങ്കിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്നും അതൊരു ആന്തരികബോധമാണെന്ന അറിവിലേക്കും അനുഭവത്തിലേക്കും നമുക്ക് മാറാൻ കഴിയണം. ബാഹ്യമായ എല്ലാ മതാനുഷ്ഠാനങ്ങളും വാച്യമായ പ്രാർത്ഥനാബാഹുല്യവും ഈ അറിവിന്റെ അഭാവംമൂലം വളർന്നുവന്നവയാണ്. ആന്തരികമായ ആത്മാന്വേഷണം ഇന്നത്തെ രീതിയിലുള്ള മതപരമായ എല്ലാ മദ്ധ്യവർത്തികളുടെയും ആവശ്യം ഇല്ലാതാക്കും; അവയെ തീർത്തും അസ്സാധുവാക്കും. നമ്മുടെയും ഈ ലോകത്തിന്റെയും ഉപരിതലത്തിൽ സ്ഥാനീയനായ ദൈവം എന്ന സങ്കല്പം (സ്വർഗ്ഗസ്ഥനായ പിതാവ്) പഴകിപ്പോയ മതചിന്തയുടെ സൃഷ്ടിയാണ്. ഇന്നത്തെ നമ്മുടെ മനസ്സിന് യോജിച്ചത്, നിരാകാരവും അദൃശ്യവും സർവാന്തര്യാമിയും സർവജ്ഞനുമായ ഒരു ദൈവമാണ്. മതചിഹ്നങ്ങളെല്ലാം പ്രാകൃതസങ്കല്പങ്ങളുടെ താത്‌ക്കാലിക ബിംബങ്ങൾ മാത്രമായിരുന്നു എന്നതാണ് വാസ്തവം. അറിവിന്റെയും ആന്തരികതയുടെയും മഹിമാവിലേക്കു വളരാൻ ഭയപ്പെടുന്നവരാണ് ഇന്നും അവയെ കെട്ടിപ്പുണർന്നുകൊണ്ടിരിക്കുന്നത്.

സംഘടിതമതങ്ങളുടെ മാറ്റമില്ലാത്ത സിദ്ധാന്തങ്ങളുടെയും ആഴമില്ലാത്ത വിശ്വാസപ്രമാണങ്ങളുടെയും ഊന്നലുകൾ ആത്മസാക്ഷാത്ക്കാരത്തിലേക്കു നയിക്കുകയില്ലെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും. എല്ലാം കാഴ്ചക്കും കാണിക്കലിനുമായി മാത്രമായുള്ള ഒച്ചപ്പാടുകളായി കെട്ടടങ്ങുമ്പോൾ ബാക്കിയൊന്നും നിലനിൽക്കുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ആന്തരികമായ ശൂന്യതയാണ് ഫലം. 

അസ്തിത്വമുള്ള എല്ലാറ്റിലും - ജൈവമോ അജൈവമോ,ചരമോ അചരമോ, ദൃശ്യമോ അദൃശ്യമോ ആയതിലെല്ലാം ദൈവം അല്ലെങ്കിൽ അനന്തബോധം നിറഞ്ഞിരിക്കുന്നു എന്ന ആന്തരികാനുഭവമാണ് ആദ്ധ്യാത്മികതയുടെ കാതൽ. പരമമായ അറിവാണിത്. മനുഷ്യന്റെ ശാസ്ത്രാന്വേഷണം തന്നെ ജൈവപരിണാമത്തിലൂടെ ഈ സത്യത്തിലേക്കാണ് വന്നുചേരുന്നത് എന്ന് പറയാം. ശാസ്ത്രം സത്യാന്വേഷണമാണെങ്കിൽ ആദ്ധ്യാത്മകത ആ സത്യത്തിന്റെ സാക്ഷാത്ക്കാരമാണ്. ഭൗതിക-നിരീശ്വരവാദികളും അജ്ഞേയതാവാദികളും ഈ വഴിത്താരയിൽനിന്ന് ഇടറിമാറുന്നത് എങ്ങനെയെന്നത് മറ്റൊരു വിഷയമായതിനാൽ ഇവിടെ പരാമർശവിധേയമാക്കുന്നില്ല.

ഈ ചിന്തകളുടെ തുടർച്ചയായി വീണ്ടുമൊരിക്കൽ വികസിപ്പിക്കാനുള്ള വിഷയങ്ങൾ ഇവിടെ കുറിക്കുക മാത്രമേ തത്ക്കാലം ചെയ്യുന്നുള്ളൂ.
1. ഒരൊറ്റ ആദിമാണുവിൽനിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തിൽനിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും ബോധവൃത്തി ഉണ്ടായിരിക്കണം.
2. ജീവനിൽനിന്നേ ജീവൻ വരൂ എന്നതിനാൽ അത് അനന്തമാണ്.
3. സത്ത = അസ്തിത്വം = ജീവൻ = ബോധം = പ്രകൃതി/ദൈവം
4. നമ്മെ സംബന്ധിച്ചിടത്തോളം ജനനവും മരണവും ജീവന്റെ അവസ്ഥാന്തരത്തിലേക്കുള്ള ഒരു വഴി മാത്രമാണ്. 

ദൈവവും പ്രപഞ്ചവും നാമും എന്ന ലേഖനത്തിന്റെ തുടർച്ച -
ഭൗതിക ശാസ്ത്രജ്ഞാനം അനുമാനിക്കുന്നതുപോലെ ഒരൊറ്റ ആദിമാണുവിൽനിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തിൽനിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും പശ്ചാത്തലത്തിൽ ബോധവൃത്തി ഉണ്ടായിരിക്കണം.

ജീവശാസ്ത്രത്തിൽ വിഭേദനം (differentiation) എന്നൊരു പ്രക്രിയ ഉണ്ട്. (പി.കേശവൻനായരുടെ 'ആസ്തികനായ ദൈവം' എന്ന കൃതി കാണുക.) നമുക്ക് നമ്മുടെ മനുഷ്യാനുഭവം ഒന്ന് പരിശോധിക്കാം. എവിടെനിന്നാണ് ഒരു പുതിയ മനുഷ്യക്കുഞ്ഞുണ്ടാകുന്നത്? മാതാപിതാക്കൾ ആകെ ചെയ്യുന്നത് ഒരണ്ഡത്തെയും ഒരു ബീജത്തെയും സന്ധിപ്പിക്കുക എന്നത് മാത്രമാണ്. അങ്ങനെ ഉണ്ടാകുന്ന ഭ്രൂണം ഒരൊറ്റകോശ ജീവിയാണ്. അതിനുള്ള വാസസ്ഥലം മാത്രമാണ് ഗർഭാശയം. ആ ഏകകോശം വിഭജിച് രണ്ടായി, പിന്നെ നാലായി, എട്ടായി വളരുകയാണ്. ഇങ്ങനെ കോശങ്ങളുടെ എണ്ണം കൂടുന്നതുകൊണ്ട് മാത്രം ഒരു പുതിയ മനുഷ്യജീവി ഉണ്ടാവില്ല. ആയിരങ്ങളും ലക്ഷങ്ങളുമായി പെരുകുന്ന കോശങ്ങൾ ആംഗോപാംഗങ്ങളുള്ള ഒരു ജീവി ആയിത്തീരണമെങ്കിൽ ഇവയിൽ ഏതുകോശം ശരീരത്തിന്റെ ഏതവയവത്തിന്റെ ഏതുഭാഗമായി - ചർമം, അസ്ഥി, മജ്ജ, രക്തം, മാംസം, നാഡി, രോമം എന്നിങ്ങനെ - പ്രവർത്തിക്കാൻ തുടങ്ങണം എന്നത് ഓരോ കോശവും സ്വയം കൃത്യമായി അറിഞ്ഞിരിക്കണം. എവിടെനിന്നാണ് ഈ അറിവ് വരുന്നത്? ഈ അറിവുകൾ നൽകാൻ ഗര്ഭധാരണത്തിന് ശേഷം മാതാപിതാക്കൾ ഒന്നും ചെയ്യുന്നില്ല. അതിനർത്ഥം, ഈ കോശ സമൂഹങ്ങളുടെയെല്ലാം ഉദ്ദേശ്യം ആരംഭത്തിലെ ഭ്രൂണത്തിൽ തന്നെ ഉണ്ടായിരുന്നു എന്നല്ലേ? ജീവൽപ്രക്രിയയുടെ ഭൗതികാടിസ്ഥാനമായ ജീൻ വെറും രാസവസ്തുക്കൾകൊണ്ട് നിർമ്മിതമാണെങ്കിലും അതിൽ അറിവ് അല്ലെങ്കിൽ ബോധംകൂടെ ഉണ്ടെങ്കിലേ ഇന്നയിന്ന അവയവങ്ങൾ അതാതിന്റെ സമയത്ത് രൂപപ്പെടുവാൻ സാദ്ധ്യതയുള്ളൂ. അതായത്, എല്ലാ ജീവികളുടെയും ആവിർഭാവത്തിൽ നടക്കുന്നത് ബോധപൂർവമുള്ള വിഭേദനമാണ്. അതുകൊണ്ട് അത് ഭൗതികാതീതമാണ് എന്ന് സമ്മതിക്കാതെ പറ്റില്ല.

പ്രാചീനമായ ഭൗമാന്തരീക്ഷത്തിൽ ചില രാസപദാർത്ഥങ്ങൾ യാദൃശ്ചികമായി കൂടിച്ചേർന്നപ്പോൾ ഉണ്ടായ പ്രതിഭാസമാണ് ജീവൻ എന്ന ഭൗതിക കാഴ്ചപ്പാട് ശരിയാകാൻ പോകുന്നില്ല. ചില അമ്ലസൂപ്പുകളിൽ വൈദ്യുതിപ്രസരം നടത്തി ജീവന്റെ ആവിർഭാവം കണ്ടെത്തിയതായി പ്രചരിപ്പിക്കുന്നവർ ഉണ്ടെങ്കിലും ഉണ്മയിൽ നിന്നല്ലാതെ ഉണ്മ ഉണ്ടാവില്ല എന്നതുപോലെ, ജീവനിൽ നിന്നല്ലാതെ ജീവൻ ഉണ്ടാവില്ല എന്നതിൽ സംശയത്തിനു സ്ഥാനമില്ല.

നാം കാണുന്ന പ്രപഞ്ചത്തിന്റെ ഉത്ഭവവും ഇതേ യുക്തിക്ക് അധീനമാണ്. The big bang എന്ന സിദ്ധാന്തമനുസരിച്, അതിസാന്ദ്രമായിരുന്ന ഒരു ആദിമാണുവിൽനിന്ന് ഒരുഗ്രൻ പൊട്ടിത്തെറിയിലൂടെ രൂപംകൊണ്ടതാണ് ഈ മഹാപ്രപഞ്ചം എന്ന് പറയുമ്പോൾ അതിന്റെ സത്ത മുഴുവൻ ആ ആദിമാണുവിൽ ഉൾക്കൊണ്ടിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അവിടെയില്ലാത്തത് പിന്നീട് ഉണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല. ശൂന്യതയിൽ (അസത്തിൽ) നിന്ന് സത് ഉണ്ടാവില്ല. സത്തിൽ നിന്നേ സത് ഉണ്ടാവൂ. അങ്ങനെയെങ്കിൽ ഭാവി പരിണാമത്തിനുള്ള ബോധം ആ ആദിമാണുവിൽ സന്നിഹിതമായിരുന്നു എന്നത് സംശയാതീതമാണ്.

ഏറ്റവും മൗലികമായ സത്യത്തെയാണ് നാം സത്ത അല്ലെങ്കിൽ ഉണ്മ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. "ജീവപരിണാമത്തിൽനിന്ന് ദശലക്ഷക്കണക്കിനു ജീവരൂപങ്ങൾ വികസിച്ചുവന്നിട്ടുണ്ട്. ഇങ്ങനെ രൂപംകൊണ്ട സസ്യ- ജന്തുവർഗങ്ങൾ ക്ഷീരപഥങ്ങളിലെ താരങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് നമുക്ക് തോന്നുമെങ്കിലും അവ തമ്മിൽ ഉണ്മയുടെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല. ഇവയുടെയെല്ലാം നിർമിതി ഒരേ മൂലഘടകങ്ങൾകൊണ്ടും അവക്ക് പിന്നിൽ പ്രവർത്തിക്കുന്ന ബോധപ്രക്രിയകൊണ്ടുമാണ് എന്നേ യുക്തിക്ക് അംഗീകരിക്കാനാവൂ. ഇവയിലെല്ലാം പ്രവർത്തിക്കുന്നത് അപാരമായ ജീവന്റെ ഊടും പാവുമാണ്. ഉപാണവകണമായ ഓരോ എലെക്ട്രോണിനും ബോധമുണ്ടെന്നും സ്ഥലകാല പരിധികൾക്കപ്പുറത്തേക്ക് ഒന്ന് മറ്റൊന്നിനെ അറിയുന്നുണ്ടെന്നുമാണ് ഏറ്റവും ആധുനികമായ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തൽ." ജൈവപരിണാമത്തിന്റെ മുന്നോടിയായിട്ടുള്ള ദ്രവ്യപരിണാമം പ്രപഞ്ചാരംഭം മുതൽ ഉള്ളതാണെന്ന് മൂലകങ്ങളുടെ പാചകം എന്ന കൃതിയിൽ ശാസ്ത്രസാഹിത്യകാരനായ ജോർജ് ഗാമോവ് പറയുന്നു.
കണങ്ങളുടെ ഭാഗമായ പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമിച്ചിരിക്കുന്നത് ക്വാർക്കുകൾ കൊണ്ടാണ്. അവക്കും ഏകകോശബാക്ടീരിയകൾ വിഭജിച്ചു രണ്ടാകുന്നതുപോലെ പെരുകാൻ കഴിയും. ഈ പ്രക്രിയയും ബോധത്താൽ നിയന്ത്രിക്കപ്പെടുന്നതായി വേണം കരുതാൻ. ബോധമുള്ളിടത്ത് ജീവനുണ്ട്. ജീവനില്ലാത്ത പല ഘടകങ്ങളുടെ ഏതോ സവിശേഷമായ കൂടിച്ചേരൽ വഴിയാണ് ജീവൻ പ്രപഞ്ചത്തിൽ വന്നുചേർന്നതെന്നുള്ള ചിന്ത യുക്തിസഹമല്ല. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ, ഉണ്മയിൽ നിന്നേ ഉണ്മ ഉണ്ടാവൂ. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, ഫോസ്‌ഫറസ്‌, സൾഫർ എന്നിവ കൂടിചേർന്നാണ് അമിനോ ആസിഡുകളും പഞ്ചസാരയും കൊഴുപ്പും ഉണ്ടായി അവയിൽനിന്നും ജീവന്റെ ആദിരൂപം ഉടലെടുത്തതെന്ന് ഇനിയും പറയാം, എന്നാൽ ഇതൊക്കെ നമുക്ക് മനസ്സിലാവാത്ത വിധത്തിലുള്ള ബോധപ്രവർത്തനത്തിന്റെ പരിണതഫലമാണെന്നത് വിസ്മരിക്കാനാവില്ല. ജീവൻ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു എന്നത് ഒരു ആദ്ധ്യാത്മക വീക്ഷണമാണ്; എന്നാൽ അത് ശാസ്ത്രീയമായും യുക്തിസഹമാണെന്ന് കൂടുതൽ ചിന്തകർ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.

സത്ത = അസ്തിത്വം = ജീവൻ = ബോധം = പ്രകൃതി/ദൈവം എന്നത് അതിമനോഹരമായ ഒരു ചിന്തയാണ്. എന്നാൽ അതേസമയം അക്കൂടെ ഉത്തരമില്ലാത്ത ഒരേയൊരു ചോദ്യം എപ്പോഴും ഉയർന്നവരുന്നു - ആധുനിക ഭൗതികശാസ്ത്രത്തിലൂടെയും (ക്വാണ്ടം ഫിസിക്സ്) വേദാന്തത്തിലൂടെയും മതവിശ്വാസത്തിലൂടെയുമൊക്കെ ദൈവം, പ്രപഞ്ചം, മനുഷ്യൻ എന്നിവയെ ബന്ധിപ്പിച് അദ്വൈതവും ഏകം സത്തും ഒക്കെ കണ്ടെത്താം. എന്നാൽ അവിടെയെല്ലാം ഒഴിയാബാധയായി ഈ ഒരു പ്രശനം മനുഷ്യബുദ്ധിയെ അലട്ടുന്നു - എന്തുകൊണ്ട് ജൈവലോകത്ത് ഇത്രയധികം വേദനകൾ, എന്തുകൊണ്ട് ഇത്രമാത്രം ക്രൂരതകൾ? ഈ സമസ്യ വിലയേറിയ എല്ലാ നല്ല ബൗദ്ധിക കണ്ടെത്തലുകളെയും അനാകർഷകവും അസാധുവുമാക്കുന്നു. എക്കാലവും മനുഷ്യർ ഇതിനുത്തരം അന്വേഷിക്കുന്നു, എന്നാൽ ഇതുവരെ അതിൽ വിജയിച്ചിട്ടില്ല എന്നതാണ് സത്യം.