Tuesday, 28 June 2016

എന്തിനിത്ര ധൃതി?

"നിന്നെ ഞാൻ സ്വന്തമാക്കും, എന്തു വിലകൊടുത്തും." പദവിയെ നോക്കി ഒരു ഡിഗ്രിക്കാരൻ പറഞ്ഞു. 
"നിന്നെ എനിക്കു വേണം, എന്തു വിലയാണെങ്കിലും." അമ്മയെ നോക്കി കുഞ്ഞു പറഞ്ഞു.
"ഒരു നാൾ ഞാനും സാറിനെപ്പോലെ പിള്ളേരെ പേടിപ്പിക്കും. അതിനു വേണ്ടി എന്തും ഞാൻ പഠിക്കും." അദ്ധ്യാപകനെ നോക്കി കുട്ടി പറഞ്ഞു.
"ഈ വയലിൽ നെല്ല് വിളയിച്ച് ഞാൻ കൊയ്തെടുക്കും, അതിനു വേണ്ടി എന്തെല്ലാം ചെയ്യേണ്ടി വന്നാലും." വയലിലേക്ക് നോക്കി കർഷകൻ പറഞ്ഞു.
"ഇവനെ പഠിപ്പിച്ചു ഞാൻ എഞ്ചിനീയറാക്കും, എത്ര വിഷമിച്ചാലും." മകനെ നോക്കി അപ്പൻ പറഞ്ഞു.
"ഇവളെ പത്തേക്കർ സ്വന്തമായുള്ള വീട്ടിലേക്കു തന്നെ പറഞ്ഞു വിടും, എത്ര കാത്തിരിക്കേണ്ടിവന്നാലും." മകളെ നോക്കി അമ്മ പറഞ്ഞു.
"അവളെ കാണാൻ എത്ര സുന്ദരി! ആർക്കും കൊടുക്കില്ല ഞാനവളെ, ജീവിതം തന്നെ പോയാലും." ഒരു പെണ്ണിനെ നോക്കി ചെറുപ്പക്കാരൻ പറഞ്ഞു.
പുഴു തെരുവു തോറും തീറ്റ തേടി നടന്നു, വെളുപ്പു മുതൽ. അതു ചന്തകളിലും പോയി, കുടിലുകളിലും പോയി, പഴത്തോപ്പുകളിലും പോയി. പലയിടങ്ങളിലും അതു കറങ്ങി. കുഞ്ഞു കുട്ടികൾ മുതൽ പടു വൃദ്ധർ വരെ, എന്തൊക്കെയോ നേടുന്നതിനെപ്പറ്റി വെളുപ്പിനെ മുതൽ ഇങ്ങിനെ മുരളുന്നത് പുഴു കേൾക്കുമായിരുന്നു. 
പുഴുവിന്റെ ചുളുങ്ങിയും നിവർന്നുമുള്ള യാത്ര കണ്ടു പുൽച്ചാടിക്കു സങ്കടം വന്നു.
ഒരപകടം വന്നാൽ ഓടിയോ ചാടിയോ രക്ഷപ്പെടാൻ പോലും ഇതിനു കഴിയില്ലല്ലോയെന്നു പുൽച്ചാടി ഓർത്തു.
"എങ്ങോട്ടാ?" പുൽച്ചാടി പുഴുവിനോട് ചോദിച്ചു. 
"കൂട്ടുകാരെ വിളിക്കാൻ."
"ങ്‌ഹും ..എന്താ വിശേഷിച്ച്?" പുൽച്ചാടി ചോദിച്ചു.
"ഇന്നു രണ്ടുപേർ വീണു, നാളെ തിന്നാൻ തുടങ്ങണം." പുഴു പറഞ്ഞു.
"ആരാ?" പുൽച്ചാടി ചോദിച്ചു.
"എന്തു വിലകൊടുത്തും ആ മണ്ണു വാങ്ങുമെന്നു പറഞ്ഞു നടന്ന ഒരുത്തനും, പുതിയ വീട്ടിൽ ഉറങ്ങാൻ കിടന്ന ഒരുത്തനും...!"
പുഴു പറഞ്ഞു. 
പുൽച്ചാടിക്കു സങ്കടം വന്നു. ഒരു നേരത്തെ തീറ്റക്കു സന്ധ്യവരെ ചാടി നടക്കുന്നു, എന്നിട്ടും വയറു നിറക്കാൻ തനിക്കു പറ്റുന്നില്ല. ഈ പുഴുവിനാകട്ടെ ദാരിദ്ര്യം എന്നതെന്താണെന്നറിയത്തുമില്ല. പുഴുവിനേക്കാൾ കൂടുതൽ പുൽച്ചാടി ചിന്തിച്ചത് മനുഷ്യനെപ്പറ്റിയായിരുന്നു.
'എന്തു വിലകൊടുത്തും ആ മണ്ണു വാങ്ങുമെന്നു പറഞ്ഞു നടന്ന ഒരുത്തനെ ഒരു വിലയും കൊടുക്കാതെ പുഴു സ്വന്തമാക്കിയിരിക്കുന്നു. സ്വപ്ന ഗ്രഹം പണിതതിലുറങ്ങാൻ കിടന്ന ഒരുവനെയും പുഴു സ്വന്തമാക്കിയിരുന്നു.'
പ്രപഞ്ചത്തെപ്പറ്റി മുഴുവൻ ഒരു നിമിഷം പുൽച്ചാടി ചിന്തിച്ചു.
പുൽച്ചാടി ഒരൊറ്റ ചാട്ടത്തിനു പുഴുവിന്റെ അടുത്തു ചെന്നു, പിന്നെ അതിനോടു പറഞ്ഞു. 
"എന്തിനായിത്ര ധൃതി? നിന്റെ പിന്നാലെയുമില്ലേ അണുക്കൾ?"