Saturday, 1 November 2014

പ്രണയകാലം



പ്രണയകാലം അവിടെ
പതിനെട്ടാം നൂറ്റാണ്ടിലെ ഇറ്റലിയില്‍

ഒരുമിച്ചിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു   
അനുരഗത്തെ ഭയക്കണം.                                                                                                 ശാഠൃംപിടിച്ചോടിനടക്കുന്ന
വികൃതിക്കുട്ടിയാണവന്‍...
അനുരാഗം അതുമിതുമാണ് 
തന്നിഷ്ടത്തിനു വരികയും
തപ്പിത്തടഞ്ഞുപോകയും ചെയ്യുമത്
അതെന്തെന്നെനിക്കറിയില്ല...

അല്ലേയല്ല, അവള്‍ പറഞ്ഞു
അദ്ഭുതകരമായി വളര്‍ന്നു 
പൂത്തുലഞ്ഞയൊരു മരമാണത്.
അവന്‍റെ കണ്ണുകളില്‍ പ്രകാശ-
പൂരിതമായ ഉദ്ഘോഷം കണ്ട് 
അവളും ആനന്ദതുന്നിലയായി.

അവരുടെ മായികക്കണ്ണുകള്‍
ഒന്നിടഞ്ഞു. അവള്‍ പറഞ്ഞു 
നീ കോപിച്ചാല്‍ ഞാന്‍ മരിക്കും
ഓമനേ, നമുക്കു ജീവിക്കണോ
അതോ മരിക്കണോ? ശുദ്ധ
പ്രണയത്തില്‍ രണ്ടും ഒന്നാണ്.

തര്‍ജ്ജമ: സക്കറിയാസ് നെടുങ്കനാല്‍



പ്രണയകാലം ഇവിടെ
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍

ഞാനവളുടെ കരങ്ങള്‍
മൃദുലമായി സ്പര്‍ശിച്ചു.
എന്റെയാത്മാവിനെ-
യവള്‍ക്കടിമപ്പെടുത്തി…

അണിവിരലാലവളുടെ
ചൊടികളൊന്നമര്‍ത്തി.
ആകെയമര്‍ത്തപ്പെടാൻ കൊതിച്ച്
അവളെന്നെ നോക്കി.

ഞങ്ങളുടെയോരോ ഇന്ദ്രിയത്തെയും
ആനന്ദം തട്ടികൊണ്ടുപോയി.
പറക്കുകയായിരുന്നു
ഞങ്ങളുടെയാത്മാക്കള്‍

കിഴക്ക് വാഗമണ്‍കുന്നുകളില്‍
അതിശക്തമായി കാറ്റുവീശി.
വടക്കു പടിഞ്ഞാറൻ മലമേല്‍ നിന്ന്
തുലാവര്‍ഷം വീണു.

എന്റെ സ്നേഹമെന്റെ
കൈകളിലമരുമ്പോള്‍, ഇശോ,
ഇവിടെല്ലാം ഇരുട്ടാകണേ,
കുറ്റാക്കൂരിരുട്ട്!

സക്കറിയാസ് നെടുങ്കനാല്‍ 10.10.210