Sunday, 5 November 2017

അനീതി!

ഊണും കഴിഞ്ഞു കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ഞാനോർത്തു നോക്കി, ഉച്ചകഴിഞ്ഞു ചെയ്യേണ്ട എന്തെങ്കിലുമുണ്ടോ? ഇന്നലെ ശനിയാഴ്ച റാണി മരിയായെ വാഴ്‌ത്തപ്പെട്ടവളാക്കുന്നത് റ്റിവിയിൽ കണ്ടോണ്ടിരുന്നു. ഒരു പണീം നടന്നില്ല, അത്തറി മഴയായിരുന്നു. ഇന്നു മഴ നേരത്തെ തുടങ്ങി. നാളെയാണെങ്കിൽ പള്ളിക്കൂദാശക്കാലം തുടങ്ങുകയാണ്. അതിനിപ്പോഴേ പള്ളിയിൽ പോകേണ്ടല്ലോ! 
ഞാനാ കോലായിൽ കിടന്നതേയുറങ്ങിപ്പോയി. ആരോ വിളിച്ചതുപോലെ തോന്നിയപ്പോൾ കണ്ണുകൾ തുറന്നു. ഞാൻ നോക്കുമ്പോൾ ഒരു മാലാഖാ അടുത്തു നിൽക്കുന്നു. ഉണ്ണീശോയുടെ പുൽക്കൂട്ടിൽ നൂലിൽ കെട്ടിത്തൂക്കിയിടുന്നപോലത്തെ ഒരു മാലാഖാ.
ഒരു വല്ലാത്ത സ്വർഗ്ഗിയ മന്ദഹാസം ചുണ്ടിൽ വിരിയിച്ചിട്ട്, ഒപ്പം വരാൻ മാലാഖാ കണ്ണു കാണിച്ചു. ഞാൻ മുറ്റത്തിറങ്ങിയതേ എന്നെ ചിറകിനോടു ചേർത്തുപിടിച്ച് മാലാഖാ ഒരൊറ്റ പറക്കലായിരുന്നു. എനിക്കും ചുറ്റും നീലാകാശം മാത്രമായപ്പോഴാണ് ഞാൻ മരിക്കുകയായിരുന്നല്ലോയെന്ന് എനിക്കു മനസ്സിലായത്. എന്നേലും അങ്ങോട്ടു പോവേണ്ടതല്ലേയെന്നു ഞാനും ചിന്തിച്ചു.
നീലാകാശത്തിൽ, ഇത്തിരി തണൽപോലെ തോന്നിയിടത്തു വന്നപ്പോൾ മാലാഖാ എന്നെയവിടെ വിട്ടു. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴി അവിടെനിന്നായിരുന്നു രണ്ടായി തിരിഞ്ഞിരുന്നത്.
എന്നോടൊപ്പം വേറെയും അനേകം ആത്മാക്കളുണ്ടായിരുന്നവിടെ - മനുഷ്യരുടേയും ജന്തുക്കളുടേതുമൊക്കെയായിട്ട്. നരകത്തിലേക്കുള്ളവരെ പിശാചു വന്നു പേരു വിളിച്ചു ബലമായി കൂട്ടിക്കൊണ്ടു പൊയ്കൊണ്ടിരുന്നു. സ്വർഗ്ഗത്തിൽ നിന്നും എന്റെ പേരു മുഴങ്ങുന്നതും മാലാഖാ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ.
എന്റടുത്തുണ്ടായിരുന്നത് ഒരു കൊച്ചു പുഴുവിന്റെ ആത്മാവായിരുന്നു. ഞാനതിനോടു ചോദിച്ചപ്പോൾ ഒരു നമസ്കാരവും അതിനറിഞ്ഞുകൂടാന്നാണു പറഞ്ഞത്. ആ പുഴു തുടർന്നു പറഞ്ഞത്, മുട്ടയിൽ നിന്ന് പുറത്തിറങ്ങാനും, ഇഴഞ്ഞു പഠിക്കാനും തിന്നാനും വിസർജ്ജിക്കാനും വളരാനും യുവാവാകാനും ഇണയെ കണ്ടു പിടിക്കാനും അച്ഛനാകാനും വയസ്സാകാനും എവിടെയെങ്കിലും ചടഞ്ഞു കൂടിക്കിടന്നു ചാകാനും എല്ലാം കൂടിയതിനു ലഭിച്ചത് ഒരു പകലും രാത്രിയും മാത്രമായിരുന്നുവെന്നാണ്.
പാവം! നരകത്തിലേക്കു പോവാൻ വേണ്ടി മാത്രം എന്തിനിങ്ങനെ ജന്തു ജന്മങ്ങളെന്നു ഞാനോർത്തു.
'മേഫ്ളൈ ഡ്യുവർ!' സ്വർഗ്ഗത്തിൽ നിന്നാരുടെയോ പേരു വിളിക്കുന്നു.
"എന്റെ പേരാ" പുഴു പറഞ്ഞു. പുഴു സ്വർഗ്ഗത്തിന്റെ വാതിൽ കടന്നതേ, അതടഞ്ഞു.
വാതിലടയുന്ന ശബ്ദം കേട്ടപ്പോഴാണ്, ശരിക്കും ഞാൻ ഞെട്ടിയത്!

Wednesday, 1 November 2017

എന്റെ സ്വന്തം നഗരം

വല്യൊരു പൊട്ടിച്ചിരിയുടെ ശബ്ദം കേട്ടാണ് ഞാനുണർന്നത്. ചിരിയുടെ മദ്ധ്യേ,
"ഇതെല്ലാം നിന്റേതല്ലേ" യെന്നാരോ ചോദിക്കുന്നതും കേട്ടു - ഒരു പുരുഷ ശബ്ദമായിരുന്നതെന്നുറപ്പ്.
ഞാനെന്താ പറഞ്ഞുകൊണ്ടിരുന്നത്, ങ്ഹാ ... ഞാനുറക്കത്തിലായിരുന്നെന്നല്ലേ?
ഉറക്കത്തിൽ ഞാനെന്റെ പരാധീനതകളെപ്പറ്റി മുഴുവൻ ഓർത്തുകൊണ്ടിരിക്കുകയായിരുന്നു; അതോർക്കാൻ ഒരുപാടു നല്ല സ്വപ്നങ്ങൾ മായിച്ചു കളയേണ്ടിയും വന്നു.
ചിലപ്പോൾ എന്നോടുതന്നെയായിരിക്കും ആ ശബ്ദം ഇങ്ങിനെ പറഞ്ഞത്. അതു ദൈവം തന്നെയായിരിക്കാനും വഴിയുണ്ട്. ബ്രഹ്‌മാവിന്റെയത്ര ഈടുള്ള കനത്ത സ്വരം! എത്ര തവണ ഞാനത് ഇതിഹാസ പരമ്പരകളിൽ കേട്ടിരിക്കുന്നു.
എങ്കിലങ്ങിനെ തന്നെ, എന്റെ ലോകം ഒന്നു കണ്ടു കളയാം. ഞാൻ സൈക്കിളെടുത്തു, രാവിലെതന്നെ നഗരത്തിലേക്കിറങ്ങി. വിസ്തൃതമായ വഴികൾ, സൈൻ ബോർഡുകൾ. അവയൊക്കെ മറയ്കാൻ പരസ്യങ്ങളുണ്ടായിരുന്നുവെന്നതൊഴിച്ചാൽ എല്ലാം നന്നായിരുന്നു.
കടകളെല്ലാം തുറന്നിരിക്കുന്നു, എല്ലായിടത്തും നല്ല വ്യാപാരവുമുണ്ട്. നന്നായിരിക്കുന്നു!
ഓഫീസുകളുടെ വരാന്തകളിലും പച്ചക്കറി ചന്തയിലും, ബസ്സ് സ്റ്റോപ്പുകളിലും എല്ലാം നല്ല തിരക്ക്; അവയും നന്നായിരിക്കുന്നു.
മേൽപ്പാലങ്ങൾ, മെട്രോ, പാർക്കുകൾ, ജലവിതരണ ടാങ്കുകൾ, ഫ്‌ളാറ്റ് സമുച്ചയങ്ങൾ, വിദ്യാലയങ്ങൾ, ക്ളബ്ബുകൾ, റ്റിവി/റേഡിയോ നിലയങ്ങൾ എല്ലാം നന്നായി പ്രവർത്തിക്കുന്നു.
ക്ഷേത്രനടയിൽ നല്ല തിരക്കായിരുന്നു, സൈക്കിൾ ഉന്തിക്കൊണ്ടാണ് ഞാനങ്ങോട്ടുള്ള വഴിയേ നടന്നത്. പെട്ടെന്നൊരു പോലീസ് ഇൻസ്പക്റ്റർ കൈ നീട്ടി, തുറന്നു കിടക്കുന്ന ജീപ്പിലേക്കു കയറാൻ പറഞ്ഞു. കയറിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം മുറുമ്മുന്നതു കേട്ടു,
"രാവിലെ മുതൽ ശ്രദ്ധിക്കുന്നതാ... ഇറങ്ങിയിരിക്കുകയല്ലേ വൈകിട്ടത്തേക്കുള്ളതു കണ്ടു വെയ്കാൻ!"
എല്ലാ സി സി റ്റിവി ക്യാമറാകളും നന്നായി പ്രവർത്തിക്കുന്നുവെന്നു മാത്രമല്ല അപ്പോഴെനിക്കു മനസ്സിലായത്. എനിക്കൊത്തിരി സന്തോഷം തോന്നി, അത്ര അടുക്കും ചിട്ടയുമുള്ളതായിരുന്നു, ദൈവം എനിക്കായി നിർമ്മിച്ചു നൽകിയ നഗരം!

മഷിയില്ലാത്ത പേന

ഞാൻ കസേരയിരുന്നു കറങ്ങുകയായിരുന്നോ അതോ കസേര എനിക്ക് ചുറ്റും കറങ്ങുകയായിരുന്നുവോയെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. ഉദ്യോഗാർത്ഥിയുടെ പ്രൊഫൈലിലേക്കും മുഖത്തേക്കും ഞാൻ മാറി മാറി നോക്കി. എഴുത്തു പരീക്ഷ പാസ്സായ പന്ത്രണ്ടായിരം പേരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തെടുത്ത പത്തു പേരിൽ ഒരുവനാണ് മുമ്പിൽ. ഇത്രയും സുന്ദരമായ ജോലി മറ്റൊരിടത്തും ലഭ്യമല്ലെന്നിരിക്കെ, എന്താണിങ്ങനെ?
ഈ ജോലി നിങ്ങൾക്കു കിട്ടിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെനാണയാൾ മറുപടി പറഞ്ഞത്. അതുവരെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി അയാൾ ഉത്തരം പറഞ്ഞിരുന്നു. ഇത്തരമൊരു മറുപടി കമ്പനിയുടെ സാദ്ധ്യതാ മറുപടികളിലുണ്ടായിരുന്നില്ല. എങ്കിലും, ഇയ്യാളെപ്പോലെ സമചിത്തതയുള്ളവരായിരുന്നില്ല മറ്റൊന്പത് പേരും. അവരുടെയെല്ലാം മുഖങ്ങൾ ആകാംക്ഷകൊണ്ടു ചുവന്നാണിരുന്നത്.
ഇയാൾക്ക് ജോലി കൊടുക്കണോ, മഷിയില്ലാത്ത ആ ഹീറോപ്പേനാ കൊടുക്കണോയെന്ന സംശയത്തിലായിരുനു ഞാൻ.
മുപ്പതു വർഷങ്ങൾ എന്നോടോപ്പമുണ്ടായിരുന്ന ഒരു ഹീറോപ്പേനായുടെ കാര്യമാണ് ഞാൻ പറഞ്ഞത്. ഒരിക്കലും ഞാനതുപയോഗിച്ചിട്ടില്ല; എങ്കിലും ഒരു പോറലു പോലും വീഴാൻ സമ്മതിച്ചിട്ടുമില്ല.
പപ്പാ സ്ഥലം മാറ്റംവാങ്ങി ഡൽഹിക്ക് പോകുമ്പോൾ എനിക്ക് നാലു വയസ്സ്; ആരുടെയൊക്കെയോ റെക്കമെന്റേഷൻ വാങ്ങിയാണ് പ്രശസ്തമായ 'സൺ' സ്‌കൂളിൽ അഡ്മിഷൻ ഒപ്പിച്ചത്. എങ്കിലും അവിടെയൊരിന്റർവ്യൂ പാസ്സാകണമായിരുന്നു. മമ്മി പഠിപ്പിച്ച കാര്യങ്ങളെല്ലാം ഞാൻ മന:പാഠമാക്കിയിരുന്നെങ്കിലും അതിലൊന്നു പോലും പ്രിൻസിപ്പൽസാർ ചോദിച്ചില്ല. എല്ലാവരും ആകെ നിരാശപ്പെട്ടിരിക്കുമ്പോഴാണ് അവസാനത്തെ ചോദ്യം വന്നത്, സ്‌കൂളിന്റെ മെയിൻ ഗേറ്റ് മുതൽ എൻട്രൻസ് വരെ, എത്ര തൂണുകളുണ്ടെന്നായിരുന്നു ചോദ്യം.
"എയ്റ്റീൻ." ഞാൻ പറഞ്ഞു. ആ ചിത്രത്തൂണുകൾ മാത്രമല്ല, ആ കെട്ടിടത്തിനെത്ര നിലയുണ്ടെന്നും ആ കോമ്പൗണ്ടിന്റെ അതിരുകളിൽ എത്ര കരിമ്പനകളുണ്ടെന്നും എനിക്കറിയാമായിരുന്നു.
"യു ആർ അഡ്മിറ്റഡ്." അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സന്തോഷമമായി. പ്രിൻസിപ്പലിനോട് നന്ദിയും പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഞങ്ങളെ തിരിച്ചു വിളിച്ചു. എന്നെ അടുത്തു ചേർത്തു പിടിച്ചദ്ദേഹം തന്നതാണ്, ഈ ഹീറോപ്പേനാ. സാധാരണ മിട്ടായി കൊടുത്താണു കുട്ടികളെ പറഞ്ഞു വിടുക. അന്നദ്ദേഹം പാപ്പായോടും മമ്മിയോടും പറഞ്ഞു, 
"ഈ നിരീക്ഷണ പാടവമാണ് വളർച്ചയുടെ കാതൽ. മോനൊരു വലിയ സ്ഥാനത്തെത്തും!" ഓർമ്മയിൽ നിന്നു ഞാൻ പെട്ടെന്നുണർന്നു. ആ പേനാ കൈയ്യിലെടുത്തു. അതയാൾക്കു കൈമാറിക്കൊണ്ട് ഞാൻ പറഞ്ഞു. 
"യു ആർ അപ്പോയിന്റഡ്. ഈ സത്യസന്ധത എന്നും നിലനിർത്തുക!"

Monday, 23 October 2017

കാട്

"അടിപൊളി! എന്തൊരു കനത്ത കാട്?"
സൂര്യന്റെ ഒരു രശ്മിക്കും താഴെ ഒരു മൺതരിയെ സ്പർശിക്കാൻ സാധിക്കുന്നില്ല. അടിക്കാടുകൾ കഴിഞ്ഞ വേനലിനു തുടങ്ങിയ ശ്രമം ഉപേക്ഷിച്ചു മരച്ചു നിൽക്കുന്നു - വെള്ളം മാത്രം പോരല്ലോ!
ദൂരേക്കു നോക്കിയപ്പോൾ പച്ചയുടെ പല മാത്രകളിൽ ജ്വലിച്ചു നിൽക്കുന്ന മലനിരകൾ. 
"കാണാൻ നല്ല ഭംഗ്യാല്ലേ?" ഞാൻ ചോദിച്ചു.
ആരും മറുപടിയായൊന്നും പറഞ്ഞില്ല. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കൂടെയാരെയും കണ്ടില്ല. ഒപ്പമുണ്ടായിരുന്നവരെവിടെ?
എല്ലാവരെയും വിട്ട് ഏറെ ദൂരം ഞാൻ നടന്നിരിക്കുന്നുവെന്നു മനസ്സിലായപ്പോഴേക്കും ഉമിനീരിന്റെ നനവും എന്റെ വായിൽ നിന്നപ്രത്യക്ഷമായിരുന്നു.
ഒരക്ഷരം ഞാൻ ശബ്ദിച്ചില്ല. ആത്മാവിനെപ്പോലും ചലിപ്പിക്കാൻ എനിക്കാവുമായിരുന്നില്ല്ലപ്പോൾ. എന്റെ ഒപ്പമുണ്ടായിരുന്ന എന്നെ സന്തോഷിപ്പിച്ചുകൊണ്ടിരുന്ന കാട് എത്രപെട്ടെന്നാണ് സംഹാരരുദ്രയെപ്പോലെ നിശ്ശബ്ദയായത്!


Sunday, 15 October 2017

പുറപ്പാടിൻറെ നൊമ്പരം

സന്ധ്യയായി, ഒരാളെ കാണാനുണ്ട്. ആന്ദ്രൂ ഉറുമ്പ് മാളത്തിനു ചുറ്റും നടന്നു, കൊമ്പ് വളഞ്ഞ, മുഖത്തു കണ്ണിന്റെ താഴെ ഒരു പൊട്ടു പാടുള്ള കുഞ്ഞനുറുമ്പ്  തിരിച്ചെത്തിയിട്ടില്ല. സ്പർശികകൾ നിലത്തുരസി സ്രവങ്ങൾക്കൊണ്ടൊരടയാളം  സൃഷ്ടിച്ച് ആന്ദ്രൂ തലയുയർത്തി നോക്കി. അങ്ങിനെയാണ് കായുറുമ്പുകൾ ആശയ വിനിമയം നടത്തുന്നത്. അതിന്റെയർത്ഥം എല്ലാവർക്കും മനസ്സിലായി, കുഞ്ഞനുറുമ്പിന് എന്തു സംഭവിച്ചുവെന്നാണ് നേതാവ് ആന്ദ്രൂ ചോദിച്ചത്.

ഉറുമ്പുകൾക്ക് പേരില്ല, ആന്ദ്രൂവിന് പേരു കിട്ടിയതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. പള്ളിക്കുള്ളിലെ ഒരു പീഠത്തിനു കീഴെയുള്ള ദ്വാരത്തിലായിരുന്നു ഉറുമ്പുകളുടെ കൂട്.  ദിവസവും ഏതാനും സമയം മാത്രം ആളുകൾ ഉപയോഗിക്കുന്ന, ഇത്രയും സൗകര്യമുള്ള സ്ഥലങ്ങൾ പട്ടണത്തിൽ വളരെ കുറവായിരുന്നതുകൊണ്ടാണ് എല്ലാവരെയും കൂട്ടി ആന്ദ്രൂ അവിടെ കുടിയുണ്ടാക്കിയത്. ആയിരത്തിലേറെ ഉറുമ്പുകൾക്കുള്ള മാളങ്ങൾ അതിലുണ്ടാക്കുക എളുപ്പവുമായിരുന്നു. തുരന്നെടുത്ത മണ്ണ് ദൂരെ കൊണ്ടുപോയി കളയേണ്ടി വന്നുവെന്ന ബുദ്ധിമുട്ടേ ഉണ്ടായുളളൂ. അവിടെ ഉറുമ്പ് മാളം ഉണ്ടെന്നാരും അറിയരുതെന്ന് ആന്ദ്രുവിന് നിർബന്ധമായിരുന്നു.

കുട്ടികളെ മാമ്മോദീസാ ചെയ്യുന്ന പീഠത്തിനു മുകളിൽ ആന്ദ്രൂ വലിഞ്ഞു കയറിയത്, അവിടുത്തെ പൈപ്പിൽനിന്നിറ്റു വീഴുന്ന വെള്ളത്തുള്ളിയിൽ മേലാകെ ഒന്നു നനക്കാനായിരുന്നു. അപ്പോഴാണ് ഒരു കുപ്പായക്കാരൻ മനുഷ്യൻ, 'നീ ഇന്നു മുതൽ ആന്ദ്രൂവെന്നറിയപ്പെടും' എന്നുറക്കെ പറഞ്ഞത്. അവിടെ ഒരു മാമ്മോദിസാ നടക്കുകയായിരുന്നു. തിരിച്ചു ചെന്ന് തനിക്കു പേരു കിട്ടിയ വിവരം ആന്ദ്രൂ എല്ലാവരെയും അറിയിച്ചു - അന്നു മുതൽ നേതാവിന്റെ പേര് ആന്ദ്രൂവെന്നായി.

ആന്ദ്രുവിന്റെ ചോദ്യം എല്ലാവരും കേട്ടു. അടഞ്ഞ വാതിലിനിടയിലൂടെ കുശിനിപ്പുരയിലേക്ക് പോയപ്പോൾ നിരയിൽ കുഞ്ഞനുണ്ടായിരുന്നുവെന്ന് എല്ലാവരും തറപ്പിച്ചു പറഞ്ഞു.  മുട്ടയിടുന്ന രാജ്ഞിയുറുമ്പിന് കൊടുക്കേണ്ട ഭക്ഷണം ശേഖരിക്കുന്ന സംഘത്തിലായിരുന്നു കുഞ്ഞൻ. ഒറ്റതിരിഞ്ഞു ഭക്ഷണം അന്വേഷിച്ചു പോയ കുഞ്ഞൻ അതെവിടെങ്കിലും കണ്ടിരുന്നെങ്കിൽ തിരിച്ചു വന്നു പറയേണ്ടതായിരുന്നു. പക്ഷെ, കുഞ്ഞൻ മടങ്ങി വന്നില്ല. പോയ ദിശയും സമയവുമെല്ലാം അറിഞ്ഞപ്പോൾ ആന്ദ്രൂവിനു കാര്യം മനസ്സിലായി - കുഞ്ഞൻ പോയത് അവിടുത്തെ ഊണുമുറിയിലേക്കാണ്, ഭക്ഷണത്തിനെല്ലാവരും വരുന്ന സമയത്തുമാണയാൾ പോയത്. വഴുവഴുപ്പുള്ള ആ മുറിയുടെ തറയിലൂടെ കാലുകളുറപ്പിച്ചു നടക്കാൻ തന്നെ ബുദ്ധിമുട്ട്, ഒളിക്കാനൊരു മറയും തറയിലില്ല. ആകെ മേലുമരവിപ്പിക്കുന്ന തണുപ്പുള്ള ആ മുറിയിൽ വെച്ച് കുഞ്ഞനെ ആരോ ചവിട്ടിക്കൊന്നിരിക്കണം. 

സംഘത്തിൽ പലരും കൊല്ലപ്പെടാറുണ്ട്, പക്ഷെ അതുപോലല്ല ഇപ്പോൾ കാര്യങ്ങൾ. ഇതു പള്ളിവക ഊട്ടുപുരയാണ് - ഒരുപാട് വിശിഷ്ടാതിഥികൾ വരാറുള്ള സ്ഥലം. ആന്ദ്രൂവിനെ ഒരാൾ കണ്ടുവെന്ന് പറഞ്ഞാൽ ഒരു ഉറുമ്പ് കോളനി അടുത്തെവിടെയോ ഉണ്ടെന്നവർ അറിയുമെന്നു സ്പഷ്ടം. അവർ ഭക്ഷിക്കുന്നതെല്ലാം ഉറുമ്പുകൾ കഴിച്ചതിനു ശേഷമുള്ളതാണെന്നവർ അറിഞ്ഞാലത്തെ സ്ഥിതി ആന്ദ്രൂ ഉറുമ്പിന് ചിന്തിക്കാനേ വയ്യായിരുന്നു. ഉടൻ ആ പ്രദേശം മുഴുവൻ അവർ വിഷപ്പൊടി വിതറിയേക്കാം, കോളനിയിലേക്കുള്ള ദ്വാരം അടച്ചുകൂടായ്കയുമില്ല. 
പള്ളിക്കുള്ളിൽ പറന്ന ഒരീച്ചക്കു പറ്റിയത് ആന്ദ്രൂവിനറിയാം; പള്ളിക്കുള്ളിൽ കയറിക്കൂടിയ ഒരു പല്ലിയുടെ വാലുപോയതും ആന്ദ്രൂവിനറിയാം. 
ആന്ദ്രൂ വീണ്ടും സ്പർശനികൾ നിലത്ത് അമർത്തിയുരസി, ആന്ദ്രൂവിന്റെ സ്രവത്തിന്റെ ഗന്ധം ആ മാളത്തിലാകെ പരന്നു. അതിന്റെയർത്ഥവും എല്ലാവർക്കും മനസ്സിലായി - 'ഉടൻ സ്ഥലം വിടുക, ഈ രാത്രിയിൽത്തന്നെ!'  

Monday, 18 September 2017

അവസാനം പറഞ്ഞത്

തൊമ്മിയപ്പാപ്പൻ കിടന്ന കിടപ്പാണ്, എല്ലാക്കാര്യങ്ങളും കിടന്ന കിടപ്പിൽ തന്നെ. ഉച്ചക്കു മുമ്പു പത്രം വായിക്കാൻ കുറച്ചു നേരമൊന്നു ചാരിയിരുത്തും - അത്രമാത്രം. മക്കൾ മടിയില്ലാതെ നോക്കുന്നുണ്ടെന്നു പറയാതെ വയ്യ! 
ആകാവുന്ന കാലത്തു നന്നായദ്ധ്വാനിച്ചു; അതിന്റെ ആരോഗ്യം ഇപ്പോഴുമുണ്ട്. പ്രഷറില്ല, ഷുഗറില്ല, വാതമില്ല; ചെവിയും നന്നായി കേൾക്കും - കണ്ണിനു ദൂരക്കാഴ്ച്ച അൽപ്പം കുറവുണ്ടെന്നേയുള്ളൂ. 
വർത്തമാനം പറയുമ്പോൾ ഒരു ചെറിയ വിറയലുണ്ട് - ആ വിറയലിപ്പോൾ കൈകൾക്കുമുണ്ട്. 
ചെറുപ്പം മുതലേ അപ്രേം മുതലാളിയുടെ കാര്യക്കാരനായിരുന്നു, തൊമ്മിയപ്പാപ്പൻ. അപ്രേം മുതലാളിക്കു റബ്ബർത്തോട്ടവും, നെൽകൃഷിയും പശുവളർത്തലും എല്ലാമുണ്ടായിരുന്നു. കാളവണ്ടി സ്വന്തമായുണ്ടായിരുന്ന ആ പ്രദേശത്തെ ഏക വീടും അപ്രേം മുതലാളിയുടേതായിരുന്നു. അവിടെ തിരക്കൊഴിഞ്ഞ നാളില്ല; തേങ്ങാ വെട്ടും കൊപ്രയുണക്കും കഴിഞ്ഞാൽ കപ്പവാട്ടും ഉണക്കുമാകും, പിന്നെ കരിമ്പ് ആട്ടലായി, നെല്ല് കൊയ്യലായി, ഇഞ്ചി ചുരണ്ടലായി, മഞ്ഞൾ പറിക്കലായി, പാക്കു പൊളിക്കലായി, മുളകു - കാപ്പിക്കുരുപറിച്ചുണക്കലായി..... 
ഒൻപതു മക്കൾക്കുമായി വസ്തുമുഴുവൻ വീതം വെച്ചു കൊടുത്തപ്പോഴാണ് തൊമ്മിയപ്പാപ്പനും വിരമിച്ചത്. 
അപ്രേം മുതലാളി കൊടുത്ത അരയേക്കർ സ്ഥലമായിരുന്നു തൊമ്മിയപ്പാപ്പന്റെ ആകെ സ്വത്ത്. രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള കൂലിയായി, അല്ലെങ്കിൽ വിശ്വസ്ഥതക്കുള്ള അംഗീകാരമായി ഒരുപാട് സൗജന്യങ്ങൾ വേറെയും കിട്ടുന്നുണ്ടായിരുന്നു. 
മുതലാളിയുടെ മരണശേഷം തൊമ്മിയപ്പാപ്പൻ കാര്യസ്ഥപ്പണി നിർത്തി - മക്കളുടെകൂടെ ഒത്തുപോവാനും ബുദ്ധിമുട്ടായിരുന്നു. 
സ്വന്തമദ്ധ്വാനം കൊണ്ട് ഒരു മകന്റെ വീതത്തിന്റെ പകുതികൂടി തൊമ്മിയപ്പാപ്പൻ പിന്നീട് വിലക്കു വാങ്ങി - ആ കുടുംബവും കരകേറി. 
എന്റെയപ്പന്റെയും ഒരു സഹായിയായിരുന്നു തൊമ്മിയപ്പാപ്പൻ. 
എന്റെയപ്പനും അപ്രേം മുതലാളിയും ചേട്ടാനുജന്മാരുടെ മക്കളായിരുന്നു. 
എന്റെയപ്പൻ ഞായറാഴ്ചകളിൽ ഊണും കഴിഞ്ഞൊരിറക്കമുണ്ട് - ആക്കലെ അപ്രേനെ കാണാൻ. നാലുമണി കഴിഞ്ഞാൽ കണ്ടത്തിന്റെ അരികിലുള്ള കുളത്തിലേക്കു കുളിക്കാനൊരിറക്കമുണ്ട്, രണ്ടു പേരും കൂടി. റബ്ബർതോട്ടത്തിന്റെ അപ്പുറത്താണ് കുളം. 
ആ പോക്കിന്റെ ലക്ഷ്യമെന്താണെന്ന് എല്ലാർക്കുമറിയാം. 
അപ്രേം മുതലാളിയുടെ പറമ്പിലെപ്പോഴും ഒരു പനയെങ്കിലും ചെത്തുന്നുണ്ടാവും. ഒരുകുടം, എല്ലാ ഞായറാഴ്ചയും കുളക്കരയിലെ തെങ്ങിൻചോട്ടിൽ കൂവയിലവെട്ടി മൂടിവെച്ചിട്ടുണ്ടാവും ചെത്തുകാരൻ. സന്ധ്യയടുക്കുമ്പോഴേക്കും ആ കുടം കാലിയാവും - രണ്ടു പേരും മടങ്ങുകയും ചെയ്യും. 
അവരു കുളിക്കാൻ പോയെന്നറിഞ്ഞാൽ, പച്ചക്കപ്പ കൊത്തിനുറുക്കിവേവിച്ചതും മത്തി പൊള്ളിച്ചതും നാരങ്ങാ അച്ചാറും പാത്രങ്ങളുമായി പിള്ളേരു കാണാതെ തൊമ്മിയപ്പാപ്പനും പിന്നാലെ ചെല്ലണമായിരുന്നു. വർക്കിക്കുഞ്ഞു വരുമ്പഴേ ശോശമ്മയമ്മായി കപ്പക്കുള്ള പണി തുടങ്ങുമായിരുന്നു താനും. 
അന്നു തൊമ്മിയപ്പാപ്പനും കുളക്കരയിൽനിന്നു മടങ്ങുന്നത് അൽപ്പം ഫോമിലായിരുന്നു. 
ആ തൊമ്മിയപ്പാപ്പനാണ് ഇപ്പോഴെന്റെ മുന്നിൽ.
ഇന്നത്തെ ഹർത്താൽ മുഴുവൻ ഈ കട്ടിലിനരികിലിരിക്കാൻ ഞാൻ നിശ്ചയിച്ചിരുന്നു. 
ആവുന്ന കാലത്ത് ഞങ്ങൾക്കു നാട്ടു മാങ്ങാ പറിച്ചും, കരിക്കു വെട്ടിയും ഊഞ്ഞാൽ കെട്ടിയും തോട്ടിൽ ചിറകെട്ടിയുമൊക്കെ സഹായിച്ചിട്ടുള്ള അപ്പാപ്പനാണ്. ജോലിത്തിരക്കിൽ വല്ലപ്പോഴുമൊരിക്കൽപ്പോലും കാണാൻ സാധിക്കാറില്ല.
ഇന്നു ഹർത്താലാണ് - വേറൊന്നും ചെയ്യാനില്ല. 
ഫോണും നെറ്റും തകരാറായിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. 
ഞാൻ സ്റ്റൂൾ അപ്പാപ്പന്റെ അടുത്തേക്ക് വലിച്ചിട്ടിട്ട് അവിടിരുന്നു; ഒരു കൈ കൈയ്യിലെടുത്ത് സാവധാനം തടവിക്കൊണ്ടിരുന്നു. 
"എന്തോണ്ടു വിശേഷം?" ഞാൻ ചോദിച്ചു.
"അൽപ്പം മൂത്രം ചുടീലുണ്ട്. വിശപ്പും കുറവ്." അപ്പാപ്പൻ പറഞ്ഞു. പിന്നെ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു. പിന്നെ പതിയെ പറഞ്ഞു, 
"വർക്കിക്കുഞ്ഞിന്റെ അതേ മുഖം!" പിന്നെ ദൂരേക്കു നോക്കിയിരുന്നു, കുറേ നേരം. ഞാനും മിണ്ടിയില്ല. ആ ഇരുപ്പിൽ ഒത്തിരി കാര്യങ്ങൾ അപ്പാപ്പൻ ഓർമ്മിക്കുന്നുണ്ടാവും. അതിൽ എന്റെ അപ്പനുമുണ്ടാവും അമ്മയുമുണ്ടാവും. അതിൽ അപ്രേൻ മുതലാളിയുമുണ്ടാവും ശോശമ്മയമ്മായിയും ഉണ്ടാവും - കാളവണ്ടിയുടെ കിലുകിലു മണിശബ്ദവും ഉണ്ടാവാം.
"നിന്റെ പ്രസവത്തിനു വയറ്റാട്ടിയെ വിളിക്കാനോടിയതു ഞാനാ. കൊച്ചിനെ കിട്ടുമോന്നു വയറ്റാട്ടിക്കു സംശയമായിരുന്നു. മാസം തികഞ്ഞിരുന്നില്ല. തീങ്കരണിയുണ്ടെന്നു കല്യാണിയമ്മ പറഞ്ഞു. അതെന്താണെന്നോ ആർക്കാണെന്നോ എനിക്കു മനസ്സിലായില്ല. ഞാൻ ചോദിച്ചുമില്ല." 
"അപ്പാപ്പനു നല്ല ഓർമ്മയാണല്ലോ!" ഞാൻ പറഞ്ഞു. 
"വർക്കിക്കുഞ്ഞു മരിച്ചതൊക്കെ ഞാനോർക്കുന്നു. എന്റെ മടിയിൽക്കിടന്നാണു വർക്കിക്കുഞ്ഞു മരിച്ചത്." അപ്പാപ്പൻ പറഞ്ഞു.
ആക്കലോട്ടുള്ള വഴിയിൽ വീണു മരിച്ചെന്നാണു ഞാൻ കേട്ടിരിക്കുന്നത്. തൊമ്മിയപ്പാപ്പന്റെ മടിയിൽ കിടന്നാവണം അന്ത്യശ്വാസം എടുത്തത്. അതൊക്കെ പഴയ കഥ.
"മരിക്കാൻ നേരത്ത് അപ്പൻ വല്ലോം പറഞ്ഞാരുന്നോ?" ഞാൻ ചോദിച്ചു. അപ്പാപ്പൻ കുറെയേറെ നേരം എന്റെ കണ്ണിൽത്തന്നെ നോക്കിയിരുന്നു. പിന്നെ, ഉവ്വെന്നയർത്ഥത്തിൽ അപ്പാപ്പൻ തലയാട്ടി. എനിക്കതൊരു പുതിയയറിവായിരുന്നു. ആരും അങ്ങിനെയൊന്നു പറഞ്ഞു ഞാൻ കേട്ടിട്ടേയില്ലയിരുന്നു. 
"വർക്കിക്കുഞ്ഞു വെറുമൊരു കൂട്ടുകാരൻ മാത്രമായിരുന്നില്ല, അപ്രേം മുതലാളിക്ക്. ഒരാഴ്ച്ചത്തെ രണ്ടുപേരുടേയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നത്, ഈ ഞായറാഴ്ച്ചക്കുളിയുടെ ഇടവേളയിലായിരുന്നു. ആധാരത്തിൽ മൂന്നേക്കർ മാത്രമുള്ള എന്നാലളവിൽ അഞ്ചേക്കറോളം വരുന്ന കല്ലുമ്പുറം പുരയിടം വാങ്ങിക്കുന്നതിനേപ്പറ്റിയായിരുന്നന്നത്തെ ചർച്ച. ആ പുരയിടം, വെറുതേ പറഞ്ഞൊത്ത പണം കൊടുത്ത് വാങ്ങിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. ഒന്നാമത്തെ കാര്യം, അതു വാസുപ്പണിക്കരുടെ പൂർണ്ണാവകാശത്തിൽ പെട്ടതായിരുന്നില്ലെന്നതാണ്. വാസുപ്പണിക്കരുടെ പെങ്ങന്മാർക്കും അവകാശമുള്ളതും തർക്കം ഇപ്പോഴും നിലനിക്കുന്നതുമാണ്. തർക്കങ്ങളെല്ലാം പറഞ്ഞോ, അൽപ്പം വല്ലോം കൊടുത്തോ തീർക്കാവുന്നതാണെന്നാ പണിക്കരു പറഞ്ഞത്. രണ്ടാമത്തെ കാര്യം, അതിൽ കരമടക്കാത്ത കുറെ പുറമ്പോക്കുണ്ടെന്നുള്ളതാണ്. സ്ഥലത്തിന്റെ വിരിവാക്കാവുന്നതിലും കൂടുതലായിരുന്നത്. മൂന്നാമത്തെ കാര്യം അതിലൊരു കാവുണ്ടെന്നുള്ളതാണ്. അതു നിരത്തണമെങ്കിൽ എളുപ്പമല്ലെന്നാണ് കുട്ടനാശാരി പറഞ്ഞത്. നാലാമത്തെ കാര്യം മോഹിപ്പിക്കുന്നതാണ് - കാവിനടുത്ത് പണ്ടൊരു വിഗ്രഹമുണ്ടായിരുന്നെന്നും അവിടുത്തെ ഇല കൊഴിഞ്ഞ ആലിന്റെ ചോട്ടിൽ ഒരു വലിയ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നുമായിരുന്നത്. ആ നിധി പുറത്തെടുക്കാൻ പണിക്കരറിഞ്ഞും അറിയാതെയും പലരും ശ്രമിച്ചിട്ടുണ്ടെന്നാണു കഥ." അപ്പാപ്പൻ പറഞ്ഞു നിർത്തി.
"ആ സ്ഥലം അപ്രേം മുതലാളിയെന്താ വാങ്ങാഞ്ഞത്?" ഞാൻ ചോദിച്ചു.
"അക്കാര്യം പറഞ്ഞതേ മരണം നടന്നില്ലേ? ആ സ്ഥലം എടുക്കാൻ തന്നെയാരുന്നവർ തീരുമാനിച്ചത്. പോന്നവഴി വർക്കിക്കുഞ്ഞു വീണു, കയ്യാല കയറിയപ്പോ കുത്തുകല്ലടർന്നു പോയി. വർക്കിക്കുഞ്ഞിനെ ഞങ്ങൾ  രണ്ടുപേരും കൂടി താങ്ങിയെണീപ്പിച്ചു, അൽപ്പനേരം അവിടിരിക്കട്ടെ, ഒന്നും പറ്റിയില്ലെന്ന് വർക്കിക്കുഞ്ഞും പറഞ്ഞു. ഞാനെന്റെ മടിയിലും കൈയ്യിലുമായി താങ്ങിപ്പിടിച്ചു. അവർ ഈ വസ്തുക്കാര്യം പിന്നെയും അരമണിക്കൂറും കൂടെയെങ്കിലും ചർച്ച ചെയ്തു കാണണം. 
കീവർഗ്ഗിസ് പുണ്യാളൻറെ രൂപമെഴുന്നള്ളിച്ചു വീടുതോറും വരുമ്പോൾ എല്ലാർക്കും ചുക്കും വെള്ളം കൊടുക്കുന്നതിനെപ്പറ്റി ഓർത്തോണ്ട് ഞാനിരുന്നു. അതിനോരാഴ്ച്ചയെ ഉണ്ടായിരുന്നുള്ളൂ. ഇരുട്ടു വീഴുന്നുവെന്നു കണ്ടപ്പോൾ അപ്രേംമുതലാളി വിളിച്ചു, 'വർക്കിക്കുഞ്ഞേറ്റെ, നമുക്കു പോവാം'. 
പക്ഷേ, ഒത്തിരി കുലുക്കി വിളിച്ചിട്ടും വർക്കിക്കുഞ്ഞനങ്ങിയില്ല. ഞാൻ വർക്കിക്കുഞ്ഞിന്റെ മുഖത്തും കൈകളിലും പിടിച്ചു നോക്കി - അപ്പാടെ മരച്ചിരുന്നു. വർക്കിക്കുഞ്ഞു മരിച്ചിട്ട് ഒരരമണിക്കൂറെങ്കിലും കഴിഞ്ഞിരിക്കുന്നുവെന്ന് അപ്രേം മുതലാളി പറഞ്ഞു. വർക്കിക്കുഞ്ഞിന്റെ തല വെച്ചിരുന്ന എന്റെ മുണ്ടിന്റെ അരികും, നിലം മുഴുവനും ചോരയിൽ കുതിർന്നത് ഞാനറിഞ്ഞിരുന്നില്ല.
ഞങ്ങൾ രണ്ടുപേർക്കും പേടിയായി - ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നതാരാണ്? കുടിച്ചത് മുഴുവൻ ഒരു നിമിഷംകൊണ്ടാവിയായിപ്പോയതു പോലെ തോന്നി. 
ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നതാരാണ്? വർക്കിക്കുഞ്ഞോ പ്രേതമോ? ഞാനറിയാതെ ചോദിച്ചുപോയി. അന്നെന്റെ ചിന്തകളിൽ വേറേയും ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. ആ അരമണിക്കൂർ നേരം രണ്ടുപേരും മരിച്ചിരിക്കുകയായിരുന്നോ ജീവിച്ചിരിക്കുകയായിരുന്നോ? എനിക്കറിയില്ല." അപ്പാപ്പൻ പറഞ്ഞു നിർത്തി. 
ഒക്കെക്കേട്ടപ്പോൾ എനിക്കും നാവിറങ്ങിയതു പോലെയായി. തുടർന്നൊന്നും അപ്പാപ്പനോടു ചോദിക്കാൻ എനിക്കു തോന്നിയില്ല.

Friday, 15 September 2017

അടയാളം

സംഭവം എന്തായിരുന്നെന്നു ചോദിച്ചാൽ വെറുമൊരു തലകറക്കം. 
തിരുവനന്തോരത്തു സെറ്റിലിറങ്ങിയപ്പോഴെ ഞാൻ കരുതിയാ നടന്നത്. തെക്കേമാങ്കൂട്ടമെന്നൊരു ഗ്രാമമാണെന്റെ പട്ടണമെങ്കിലും വല്യ പട്ടണത്തെപ്പറ്റിയും എനിക്കെല്ലാമറിയാമായിരുന്നു. 
മുംബൈയിലുള്ള മകൻ വരുമ്പോൾ പറയുമായിരുന്നു, ഒരു അഡ്ഡ്രസ്സ്‌ കാർഡ് പോക്കറ്റിലിടാതെ ആരും അവിടെ നഗരത്തിൽ പുറത്തിറങ്ങാറില്ലെന്ന്. ഒരത്യാവശ്യം വന്നാൽ, ഇതാരാണെന്നറിയാനോ ബന്ധപ്പെട്ടവരെ അറിയിക്കാനോ എന്തെങ്കിലും തുമ്പ് വേണ്ടേ? 
ഇപ്പൊ അവൻ പറയുന്നു, മൊബൈൽ ഫോൺ വന്നേപ്പിന്നെ ആ പരിപാടി നിർത്തിയെന്ന്. അതിൽ എല്ലാമുണ്ടല്ലോ! അതിലെ ICE (In Case of Emergency) നമ്പർ നോക്കി ആർക്കും വിളിക്കാമല്ലോ. അടുത്ത ആളിന്റെ പേരിൽ ICE കോണ്ടാക്ട് ലിസ്റ്റിൽ ഇടാൻ എല്ലാവരോടും ഞാൻ പറയാറുമുണ്ടായിരുന്നു. 
റിട്ടയർ ചെയ്തതിപ്പിന്നെയാ ഞാൻ മൊബൈൽ പരിപാടി പഠിച്ചതെന്നു പറയാം. സ്മാർട്ട് എനിക്കത്ര പിടിച്ചില്ല.
പഴയ നോക്കിയായുടെ ഫീച്ചർ പീസ് എനിക്കു ധാരളമായിരുന്നു. 
തിരുവനന്തപുരത്തു മോളുടെ വീട്ടിൽ വരുമ്പോഴൊക്കെ പുറത്തിറങ്ങുമ്പോൾ അതു പോക്കറ്റിലുണ്ടാവുമായിരുന്നു. പിള്ളേരു പള്ളിക്കൂടത്തിൽ പോയാൽ ഞാനാണു പുറത്തുപോയി പയറും പച്ചക്കറിയുമൊക്കെ വാങ്ങിക്കുക. 
മിനുവും ബാലുവും കൂടി ജോലിക്കു പോയാൽ ഞാനൊറ്റക്ക്. കൂട്ടുണ്ടായിരുന്ന ഭാമ വിട്ടു പോയിട്ട് എത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 
അങ്ങിനെ പുറത്തേക്കിറങ്ങിയതാ, തലകറങ്ങി വീണാസ്പത്രിലായത്.  
പച്ചക്കറി വാങ്ങിക്കഴിഞ്ഞപ്പോൾ ഒരു ബൾബ് വാങ്ങിക്കുന്ന കാര്യം ഓർത്തു. ഏതു ബൾബാ വാങ്ങിക്കേണ്ടതെന്നു ചോദിക്കാൻ മൊബൈൽ നോക്കിയപ്പോൾ സംഗതി പോക്കറ്റിലില്ല. 
അവിടെ അൽപ്പ സമയം നിന്നു ഞാനോർത്തു എവിടെയായിരിക്കണം അത് പോയത്?
അൽപ്പം ഓർമ്മക്കുറവുണ്ട്. അതെനിക്ക് നന്നായറിയാം. ഷർട്ടിട്ടതു മുതൽ ഓരോന്നും ഞാനോർത്തു നോക്കി. 
ബട്ടൻസിട്ടതും, പുറത്തിറങ്ങി ചെരിപ്പിട്ടതും, വഴിയിൽ ഓട്ടോ റിക്ഷയ്കു സൈഡ് കൊടുത്തതുമൊക്കെ ഓർത്ത് നോക്കി. 
പച്ചക്കറിക്ക് കാശു കൊടുത്തപ്പോൾ ഫോൺ പോക്കറ്റിലുണ്ടായിരുന്നില്ല.
എടുക്കാൻ മറന്നു പോയതാണ്. 
സാരമില്ല, അതിലല്ലാതെ വീട്ടിൽ ചെല്ലാമല്ലോ. പച്ചക്കറിക്കാരൻ പറഞ്ഞ വഴിയേ ഞാൻ ഇലക്ട്രിക് കട തപ്പി നടന്നു. വളരെ ശ്രദ്ധിച്ചതാണ് നടന്നത് - റോഡിലേക്കിറങ്ങിയതേയില്ല. ഓടയുടെ സൈഡിൽക്കൂടിയും അതിനു മുകളിലൂടെയുമായി ചാടിയും നടന്നും മുന്നോട്ടു നീങ്ങി.
ഒരു തലകറക്കമോ ബോധക്കേടോ ഉണ്ടായാലല്ലേ ഫോണൊക്കെ ആവശ്യമായി വരൂള്ളല്ലോ. 
രണ്ടാഴ്ച മുമ്പ് രണ്ടോന്നു ദിവസം ചെറിയ ഒരു തലകറക്കം ഉണ്ടായിരുന്നു - അതു തല ശക്തമായി കുലുങ്ങുമ്പോൾ മാത്രമായിരുന്നു. അനങ്ങാതെ അവിടെ നിന്നു രണ്ട് മൂന്നു ദിർഘശ്വാസം എടുത്താൽ പെട്ടെന്ന് തന്നെ അതങ്ങു പോകുമായിരുന്നു. 
തലകറക്കം വന്നോ ബോധക്ഷയം വന്നോ ഞാനൊരിടത്തും മരുന്നുമേടിക്കാൻ പോയിട്ടില്ല. 
ഹൃദ്രോഗവും വന്നിട്ടില്ല. ഒന്നും പരിശോധിച്ചിട്ടില്ലെങ്കിലും  പാരമ്പര്യമായി അങ്ങിനെ ഒരസുഖം ഇല്ല. 
എങ്കിലും മൊബൈൽ എടുക്കാതെ പോന്നതിൽ എനിക്കു ദുഖമുണ്ടായിരുന്നു. ഒരടയാളവും കൈവശമില്ലാതെ പട്ടണത്തിൽ പോകരുതെന്ന് മറ്റുള്ളോരോട് ഉപദേശിച്ചാൽ പോരല്ലോ. 
സത്യം പറയട്ടെ ഇങ്ങിനെ ഓർത്തോണ്ട് ബൾബ് മേടിക്കാൻ മുന്നോട്ടു പോയെന്നല്ലാതെ എനിക്കൊന്നും ഓർമ്മയില്ല. 
ഓർമ്മ തെളിഞ്ഞപ്പോൾ ഞാനീ ആസൂത്രക്കട്ടിലേലാ.
ഓടയിൽ വീണു ബോധം കേട്ടതാണെന്നാ മീനൂട്ടി പറഞ്ഞത്. പോലീസാ ആസൂത്രീലാക്കിയത്. 
ഭാഗ്യത്തിന് മടിക്കുത്തിൽ മിനുഭവന്റെ താക്കോലും അതിന്റെ ടാഗിൽ വീടിന്റെ വിലാസവും കൊത്തിവെച്ചിട്ടുണ്ടായിരുന്നു. 

Monday, 17 July 2017

അതിതുതന്നെയോ?

ഭാരതീയ താത്ത്വിക-മൗലിക വേദഗ്രന്ഥങ്ങളിലെ മഹദ്‌വചനങ്ങളെല്ലാറ്റിലും വെച്ച് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മഹാവാക്യങ്ങൾ ഇവയാണ്: 1) പ്രജ്ഞാനം ബ്രഹ്മ: (ശുദ്ധ ബോധമാണ് ബ്രഹ്മം), 2) തത്ത്വമസി (അത് നീയാകുന്നു), 3) അയമാത്മാ ബ്രഹ്മ: (ഈ ആത്മാവ് ബ്രഹ്മം തന്നെ), 4) അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാകുന്നു).
ജീവിതത്തിന്റെ സുന്ദരമായ ഇടനാഴികളിൽക്കൂടി സദാ ചലിച്ചുകൊണ്ടിരിക്കുന്ന നാം അന്വേഷിക്കുന്നതെന്തിനെയാണെങ്കിലും 'അതു നീ തന്നെ'യാണെന്നോ അതു നിന്നിൽത്തന്നെയുണ്ടെന്നോ ഉത്തരം കിട്ടുമെന്നാണ് ഭാരതീയ ഗുരുക്കന്മാർ ഈ മഹദ് വാക്യങ്ങളിലൂടെ അർത്ഥമാക്കുന്നത്. അതിന്റെ പൊരുളറിയാൻ ഞാൻ സൂചിപ്പിച്ച അടിസ്ഥാന പ്രമാണങ്ങൾ അറിഞ്ഞിരിക്കണം. ഏതു മതതത്ത്വങ്ങളുടെ പരിശ്ചേദമെടുത്തു സൂക്ഷ്മ പരിശോധന നടത്തിയാലും, മനസ്സിലാക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവനു ബോദ്ധ്യപ്പെടുന്ന സത്യങ്ങളാണിതൊക്കെ. 'പോ...നീ നിന്റെയുള്ളിലെ നിശ്ശബ്ദതയിലേക്കു പോ' എന്ന് മതാചാര്യന്മാർ പറഞ്ഞുതുടങ്ങിയാലത്തെ സ്ഥിതി നോക്കൂ - ആ മതത്തിൽ ഇപ്പറയുന്ന ആചാര്യന്മാർ മാത്രമല്ലെ കാണൂ? അതുകൊണ്ട്, ഒരു മതത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ട് സത്യത്തെ മനസ്സിലാക്കാൻ സാധിക്കില്ല - ആരും അതിനനുവദിക്കില്ല, ആർക്കും അതിനു താൽപ്പര്യവുമില്ല.
എന്താണു സനാതന ധർമ്മം? ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇതോരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരനുഭൂതിയാണ്. ഇതറിയാനാഗ്രഹിക്കുന്നവരാണെങ്കിൽ ഒരു ദീർഘയാത്ര തന്നെ പോകേണ്ടതുണ്ട് - എവിടെനിന്ന് വന്നോ അവിടേക്കൊരു മടക്കയാത്ര. എല്ലാ ചിന്തകളോടും ആകുലതകളോടും വിടപറഞ്ഞ് ശാന്തനായി നിശ്ശബ്ദതയിലേക്കുള്ള ഒരു പ്രയാണമാണിത്; അന്നമയത്തിൽ നിന്നും ആനന്ദമയത്തിലേക്കുള്ള യാത്രയെന്നും ഇതിനെപ്പറയാം. പരമാത്മാവിലേക്കുള്ള അവസാന പ്രയാണം പ്രാണന്റെ ഉറവിടമായ ഈ ആന്ദമയകോശത്തിൽ നിന്നാണ്. മനസ്സിനെ സൃഷ്ടിക്കുന്നതും സ്ഥലത്തെയും സമയത്തെയും പ്രാപ്യമാക്കുന്നതും ഇതിനൊന്നും വിധേയമല്ലാത്ത ഈ കോശം തന്നെ. സദാ ഉണർന്നിരിക്കുന്ന ഈ ശക്തിസ്രോതസ്സ് ശൂന്യതയുടെ ആഴത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.  
ഞാനിപ്പറഞ്ഞതിന്റെയൊക്കെ ആകെയർത്ഥം നാം നമ്മെപ്പറ്റി കരുതുന്നതുപോലെ ഒരു ചെറിയ സംവിധാനമല്ലായെന്ന് നാം മനസ്സിലാക്കണമെന്നാണ് - ബ്രഹ്മാണ്ഡത്തെ നിയന്ത്രിക്കുന്ന പരാശക്തിയുടെ ഉറവിടം തന്നെ നമ്മിൽത്തന്നെയാണെന്നറിയേണ്ടിയിരിക്കുന്നു. ഒരു കോശം പോലും നിസ്സാരക്കാരനല്ലത്രെ! സൗരയൂഥത്തിന്റെ ഒരു ലഘുരൂപമാണ് ആറ്റമുകൾ എന്നു പറയുന്നതുപോലെ ബ്രഹ്മത്തിന്റെ ഒരു കോശമാണ് ഓരോ മനുഷ്യനും. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ കൃത്യമായ കണക്ക് ആരുടെ കൈയിലുമില്ല. ബഹുകോടികൾ എന്നേ പറയാനൊക്കൂ - എല്ലാം പരസ്പരം അറിഞ്ഞു പ്രവർത്തിക്കുന്നുവെന്നു ചിന്തിക്കാൻ പോലും നമുക്കാവില്ല. റ്റിഷ്യു-കൾച്ചറിൽ ഒരു മരത്തിന്റെ ഒരു സെല്ലെടുത്തു മീഡിയത്തിൽ പരിപോഷിപ്പിച്ചു വളർത്തിയാൽ ആ മരത്തിന്റെ എല്ലാ സവിശേഷതകളുമുള്ള വേറൊരു മരമാണുണ്ടാവുക. ഓരോ സെല്ലിലുമുള്ള ഡി.എൻ.എ.കളിൽ എന്തുമാത്രം അറിവുകളാണു ശേഖരിക്കപ്പെട്ടിരിക്കുന്നതെന്നും നമുക്കു ചിന്തിക്കാൻ കഴിയണമെന്നില്ല. പ്രപഞ്ചം ഒരോന്നിന്റെയും കോശങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ അറിവുകളാണ് പ്രധാനം. ആ അറിവുകൊണ്ടാണ് എട്ടുകാലി വലകെട്ടുന്നതും ബീവർ അണകെട്ടുന്നതും കുരുവി കൂടുണ്ടാക്കുന്നതുമെല്ലാം. പ്രാപഞ്ചിക അറിവുകളുടെ മഹാശേഖരവുമായി ഓരോ കോശവും സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നു മനസ്സിലാക്കേണ്ടി വന്നാലോ? അപ്പോൾ നാം ബോധമറ്റു നിലംപതിക്കാനാണു സാദ്ധ്യത. നാമെന്ന കുറെ കോശങ്ങളുടെ കൂട്ടായ്മയുടെ സ്ഥാനവും ചലനവും മാത്രമല്ല, അതിന്റെ ദൗത്യവും ഈ കോശങ്ങളുടെ ആകമാന പ്രജ്ഞാതലത്തിനറിയാം. ഈ സ്വാവബോധമാണ് ഈശ്വരൻ എന്നു നാമറിഞ്ഞാലേ ആ ശക്തി തരുന്ന സുരക്ഷിതത്വം നാമറിയുകയും ആസ്വദിക്കുകയും ചെയ്യുകയുള്ളൂ. ഉൾക്കണ്ണ് തുറന്നിരുന്നാൽ ഈ പ്രജ്ഞാതലം നമ്മോട് സംവദിക്കുന്നത് ഏതാണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. 
ഓരോരുത്തരിലുമുള്ള ഈ അജ്ഞാതശക്തി, അവരവരുടെ ക്ഷേമം ലക്ഷ്യമാക്കി കരുതലോടെ കാവൽ നിൽക്കുന്നുവെന്ന ഒരു തോന്നൽ എനിക്കു നേരത്തെത്തന്നെയുണ്ട്. യാദൃശ്ചികതകൾ, ആകസ്മികതകൾ തുടങ്ങി വിശദീകരിക്കാൻ സാദ്ധ്യമല്ലാത്ത നിരവധി സന്ദർഭങ്ങളിലൂടെ നാം കടന്നുപോവാറുണ്ടല്ലോ. ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ, ഈശ്വരാനുഗ്രഹമെന്നോ, കർമ്മദോഷമെന്നോ ഒക്കെ നാം വ്യാഖ്യാനിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം അനുഭവങ്ങൾ ഒരിക്കലെങ്കിലും നേരിട്ടിട്ടില്ലാത്ത ആരുണ്ടിവിടെ? ആ ശക്തിയുടെ കർമ്മമേഖല വളരെ വ്യാപകമാണെന്ന് എനിക്കു നേരത്തെതന്നെ അറിയാമായിരുന്നു. മനുഷ്യശരീരത്തിന്റെ നിയന്ത്രണം 90% ബോധമനസ്സിനല്ലെന്ന് ഞാൻ പഠിച്ചിട്ടുള്ള കാര്യം. നാം ഇശ്ചിക്കുന്നതിനനുസരിച്ചല്ല ദഹനം നടക്കുന്നത്, ഹൃദയം മിടിക്കുന്നത് - ഇതൊക്കെ ഏതാനും നിമിഷം നിർത്തിവെക്കാൻ നമുക്കു സാധിക്കുകയില്ല. ഉറക്കത്തിലാണെങ്കിൽ ബോധമനസ്സിന് ഒരു നിയന്ത്രണവുമില്ല - എന്തു സുഖം! എത്ര ഉന്മേഷവാന്മാരായാണു നാം ഉണരുന്നത്. ഈ ശക്തിയുടെ നിയന്ത്രണത്തിൽ പൂർണ്ണമായും ആയിരിക്കാൻ കഴിയുക, ഈ വിട്ടുകൊടുക്കൽ, അതത്ര എളുപ്പമല്ല. കാരണം, ബോധമനസ്സിന്റെ പൂർണ്ണമായ ഒരു കീഴടങ്ങൽ എന്നു പറഞ്ഞാൽ അഹത്തിന്റെ അവസാനമെന്നു തന്നെ വ്യാഖ്യാനിച്ചുകൂടെ? അതായത്, നാമെന്ന സങ്കൽപ്പം മാറി ബ്രഹ്മബോധം എന്ന കടലിൽ അലിഞ്ഞില്ലാതാവുകയല്ലേ അപ്പോൾ സംഭവിക്കുക? ചുരുക്കി പറഞ്ഞാൽ, സർവ്വസാത്വികരും, ഈ അവസ്ഥാന്തരത്തിനുവെണ്ടിയല്ലേ ജീവിതം മുഴുവൻ ചെലവഴിച്ചത്?
2017 ജൂലൈ മാസം ഞാനൊന്നു വീണു. വീടുമുറ്റത്തുനിന്ന കറിവേപ്പിന്റെ ഏറ്റവും മുകളിൽനിന്നു കുറേയേറെ തണ്ടുകൾ ഒടിക്കാനുള്ള ശ്രമത്തിൽ. വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്. കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നു പറയാം. ഒന്നു രണ്ടു മാസം വീട്ടു വിശ്രമംകൊണ്ടു തീരാവുന്ന ചെറിയൊരു പൊട്ടൽ ഒരു കശേരുവിനു സംഭവിച്ചതൊഴിച്ചാൽ വേറെ ഒരു കുഴപ്പവും സംഭവിച്ചില്ല. ഞാൻ കയറിനിന്ന ഗോവണി തെന്നി മാറിയതോർമ്മയുണ്ട്, നിലത്തു വീണു കിടക്കുന്നതും ഓർമ്മയുണ്ട്. ഇതിനിടയിലുള്ള രണ്ടോ മൂന്നോ നിമിഷങ്ങളിൽ എന്തു സംഭവിച്ചുവെന്നുള്ള അന്വേഷണമായിരുന്നു പിന്നിടങ്ങോട്ട്. അതിനെപ്പറ്റിയുള്ള സംവാദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ പെറുക്കിക്കൂട്ടി വിശകലനം ചെയ്തപ്പോൾ ഒരു കാര്യം മനസ്സിലായി - ഇത്തരം ശൂന്യവേളകൾ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നു, അല്ലെങ്കിൽ ഇത്തരമൊരനുഭവം ഇല്ലാതിരിക്കുന്നവർ കാണില്ല. ഈ ശൂന്യതയുടെ (creative emptiness) ശേഷിയാണ് എന്നെ അതിശയിപ്പിച്ചത്. എന്നോളം വലിയൊരുഭാരം ഭൂമിയിൽ വീണാൽ എന്തൊക്കെ ഭൗതികനിയമങ്ങൾക്കാണോ അതു വിധേയമാകേണ്ടത് അതിലൊരു നിയമം പോലും മാറിയില്ല; പക്ഷേ, എനിക്കേറ്റവും സുരക്ഷ കിട്ടത്തക്ക രീതിയിൽ ഈ ശൂന്യത എന്നെ ഭൂമിയിൽ വീഴ്‌ത്തി. എന്റെ ഒരനുഭവം വെച്ചു മാത്രമല്ല ശൂന്യതയുടെ ഈ ഇടപെടലിനെ ഞാൻ വിലയിരുത്തുന്നത്. ഇങ്ങിനെയുള്ള അൽഭുതകരമായ രക്ഷപ്പെടലുകൾ സാക്ഷ്യപ്പെടുത്താൻ അനേകർ ഇവിടുണ്ട്. 
എന്റെ ചിന്തകൾ അവിടെനിന്നും പോയി. ഭാരതീയ ചിന്തകളിലെ കർമ്മപഥത്തിന്റെ രഹസ്യം എനിക്ക് വ്യക്തമായിരുന്നു. ഒരു കാരണമുണ്ടെങ്കിൽ ഫലവുമുണ്ട്; കാര്യകാരണശൃംഘലയിലെ ഒരു കണ്ണിയായാണ് പ്രപഞ്ചത്തിലെ ഏതൊന്നും ഇവിടെ ആയിരിക്കുന്നത്. അതായത് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യജീവിക്കും ഒരു ജന്മ രഹസ്യമുണ്ട് - ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യവും, ഇവിടെ കടന്നുപോകേണ്ട പരീക്ഷണങ്ങളുടെ അളവുമെല്ലാം അളന്നു കുറിക്കപ്പെട്ടിരിക്കുന്നുവെന്നത് അജ്ഞാതമായ ഒരു കാര്യമല്ല, ആത്മീയ യാത്രയിൽ മുഴുകിയിരിക്കുന്ന ഒരു സാത്വികനും. ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന ഈ ശൂന്യത ഓരോരുത്തരേയും ആ മാർഗ്ഗത്തിൽത്തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നു - അവിശ്വസനീയമായ യാദൃശ്ചികതകൾ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ കാരണമിതാണ്. ആ സമ്മർദ്ദത്തേയും അതിജീവിച്ച് മറ്റുപലതുമായിത്തീരാനായി കർമ്മപഥം ബോധപൂർവ്വം സൃഷ്ടിക്കുന്നവൻ അക്ഷരാർത്ഥത്തിൽ ഒരു പരാജയമായിരിക്കും - അവൻ എന്തു ലക്ഷ്യത്തിനായാണോ ജന്മം സ്വീകരിച്ചത്, അതു മറക്കുകയും എന്തൊക്കെയോ പരിഹരിക്കാനായി അനേകം കാരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ പേരും പെരുമയും സമ്പത്തുമൊക്കെ ആർജ്ജിച്ചാലും പരാജയമായിട്ടായിരിക്കും കടന്നു പോവുക. 
എങ്ങിനെയാണൊരാൾക്ക് അയാളുടെ ദൗത്യം തിരിച്ചറിയാനാവുക? സാഹചര്യങ്ങളിലൂടെത്തന്നെ, ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് നാം സമയം കൊണ്ടും സ്ഥലം കൊണ്ടും ഈ ബ്രഹ്മത്തിൽ കൃത്യമായ കേന്ദ്രത്തിൽത്തന്നെയാണെന്നു പറയപ്പെടുന്നത്. എല്ലാവരുടെയും ജീവിതാവസ്ഥകൾക്കു മുകളിലും കുറെയേറേ തട്ടുകളുണ്ട്. ഒരു ജീവിയേയും നിസ്സഹായാവസ്ഥയിലല്ല പ്രപഞ്ചം ഇവിടെ വിന്യസിപ്പിക്കുന്നത്. നിസ്സഹായരാണെന്നുള്ള ചിന്ത വെറും വ്യക്തിഗതം മാത്രം; അതാകട്ടെ താരതമ്യങ്ങളിൽ നിന്നും ഉയിരാർജ്ജിക്കുന്ന ചിന്തകളും. ഒരു കുഞ്ഞു ജനിക്കുന്നതിനെത്രയോ മുന്നെ, പ്രസവിക്കാൻ തയ്യാറെടുക്കുന്ന അമ്മയുടെ ശരീരം പ്രകൃതി അതിനനുസരിച്ചു പരുവപ്പെടുത്തുന്നു. ഏതു ദുസ്സഹ സാഹചര്യത്തിലാണൊരാൾ ആയിരിക്കുന്നതെങ്കിലും ആ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും പ്രാപ്തിയും അവനിൽ പ്രപഞ്ചം സന്നിവേശിപ്പിച്ചിരിക്കുന്നു.  അവനതു പക്ഷേ, തിരിച്ചറിയുന്നില്ല. ഈ പ്രപഞ്ചത്തിൽത്തന്നെ മനുഷ്യശിശുവിനോളം ദുർബ്ബലനായി ജനിക്കുന്ന ജീവികൾ ഇല്ലായെന്നു തന്നെ പറയാം. സ്വന്തമായി ഇരതേടാനുള്ള വിവേചനാബുദ്ധിയും ശക്തിയും ഒരു മനുഷ്യശിശുവിനു കിട്ടണമെങ്കിൽ കുറഞ്ഞതു പത്തു വർഷങ്ങളെങ്കിലും വേണം. നിരവധി പ്രതിസന്ധികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയാൽ മാത്രമേ ഒരു ശിശു യൗവ്വനയുക്തനാകുന്നുള്ളൂ. ആ ഘട്ടങ്ങളിലെല്ലാം ഈ ശൂന്യതയുടെ അദൃശ്യകരങ്ങൾ  അവനെ/അവളെ സംരക്ഷിക്കുന്നു.
പിന്നോട്ടു നോക്കിയപ്പോൾ ഈ അദൃശ്യകരങ്ങൾ ഞാനൊരുപാടിടങ്ങളിൽ കാണുന്നു, വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ ചില സങ്കീർണ്ണഘട്ടങ്ങളിൽ തീരുമാനമെടുത്തത് ഈ ശൂന്യതയായിരുന്നില്ലേയെന്നു ഞാൻ സംശയിക്കുന്നു. എന്റെ ശരീരകോശങ്ങൾ അടുത്ത നിമിഷത്തേക്കുള്ള പ്ളോട്ട് തയ്യാറാക്കുമ്പോഴൊക്കെ ഈ ശൂന്യതയാണു മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നതെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയെന്താണു പറയുന്നതെന്നറിയാൻ പുറം കാതുകൾ അടയ്കുകയേ ചെയ്യേണ്ടതുള്ളൂവെന്ന് ഞാൻ മനസ്സിലാക്കുന്നു. യാതൊന്നും ആ ശൂന്യതയറിയാതെ എന്നിലോ എനിക്കു ചുറ്റുമോ സംഭവിക്കുന്നില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയുമായി സൗഹൃദം സ്ഥാപിക്കാനാണ് മഹർഷിമാരും മുനിമാരും ജീവിതം ഉഴിഞ്ഞുവെച്ചതെന്നും ഞാനറിയുന്നു - ആ ശൂന്യതയിൽ യാതൊന്നും ഇല്ലെന്നും ഞാറിയുന്നു. ആ ശൂന്യതയെ ഞാൻ ഈശ്വരനെന്നു വിളിക്കുന്നു അതെനിക്കു വലിയ ഒരു തിരിച്ചറിവിലെത്തിയതിന്റെ അവർണനീയമായ സുഖം തരുന്നു!
ഇപ്പോൾ ഞാൻ വലിയ ധർമ്മസങ്കടത്തിലാണ്. എന്റെ ചിന്തകൾക്ക് പിന്നിലും വിചാരങ്ങൾക്കു പിന്നിലും മനോഭാവത്തിന് പിന്നിലും വാക്കുകൾക്കു പിന്നിലുമെല്ലാം ഞാനാരുടെയോ അദൃശ്യകരങ്ങൾ കാണുന്നു. എന്നിൽ വിരിയേണ്ടതായ വികാരങ്ങൾ ജനിപ്പിക്കുന്നതും എന്നെക്കൊണ്ട് കഥയും കവിതയുമൊക്കെ എഴുതിപ്പിക്കുന്നതും ഇതേ ഈശ്വരൻ. ഞാൻ കാണിച്ചിട്ടുള്ള സർവ്വ അതിക്രമങ്ങൾക്കും പിന്നിൽ എനിക്ക് ശക്തിയായി നിന്നതും ഇതേ ഈശ്വരൻ - കൊള്ളാം! 

Friday, 14 July 2017

ആഴത്തിൽ നിന്നുള്ള ചിന്തകൾ

ഞാൻ വീണു, ഇരുപതടി മുകളിൽ നിന്ന് - അറുപത്താറാം വയസ്സിൽ. കാര്യമായ പരിക്കോ ക്ഷതമോ ഇല്ലാതെ എണീറ്റു പോവുകയും ചെയ്തു. എവിടുന്നാ എങ്ങിനെയാ എന്നൊക്കെ ചോദിപ്പിക്കുന്നില്ല, ഒരു കറിവേപ്പിന്റെ മുകളിൽ നിന്നാ വീണത്. ഇത്തിരി ഏറെ ഇല എടുക്കണമായിരുന്നു - ആവശ്യക്കാരുണ്ടായിരുന്നു. 
അതല്ലിപ്പം എന്റെ പ്രശ്നം! ചാരി വെച്ചിരുന്ന ഇരുമ്പു ഗോവണി എന്നെ വിട്ടു പിന്നിലേക്കു മറിയുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പിന്നെ ഞാനറിയുന്നത് അടുത്തിടെ ഒരു പതിനെട്ടുമാസത്തെങ്ങു നട്ടിരുന്നു കുഴിയുടെ അകത്തും പുറത്തുമായി ഞാൻ കിടക്കുന്നതാണ്. ആരെയും വിളിക്കുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്തില്ല. ഏണിയുടെ ശബ്ദം കേട്ട് ഓടിവന്ന ഒരു സ്‌ത്രീയാണ് ആ കിടപ്പ് കണ്ടുപിടിച്ചത്. അവരോടിവന്നു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, അൽപ്പ നേരം കൂടിക്കഴിഞ്ഞു ഞാൻ തനിയെ എണീറ്റു പൊക്കോളാമെന്ന്. ഈ ബഹളം നടക്കുന്നതിനിടയിൽ ഞാൻ സ്വയം മനസ്സിലാക്കി, 
'നടന്നത് വളരെ നിസ്സാരമായ ഒരു വീഴ്ചയല്ല, തൽക്കാലം എനിക്കു ബോധമുണ്ട്. ഇല്ലായിരുന്നെങ്കിലോ?'
എനിക്കുറപ്പായിരുന്നു, ആർക്കും ഒരു കടവും ഞാൻ ബാക്കി വെച്ചിട്ടില്ല, ഒരു ബന്ധവും ഞാൻ പുതുക്കാത്തതായുമില്ലായിരുന്നു. എല്ലാറ്റിലുമുപരി, ചെയ്തു തീർക്കാനായും യാതൊന്നും ബാക്കി വെച്ചിട്ടുമില്ലായിരുന്നു, നേടാനായി ഒരാഗ്രഹവും ബാക്കിയായുമില്ലായിരുന്നു. 
പെണ്ണുങ്ങൾ സമ്മതിക്കണ്ടെ, ആദ്യം വന്ന മൂന്നു മുതിർന്ന സ്ത്രീകൾ വയ്യെങ്കിലും എന്നെ പിടിച്ചെണീപ്പിച്ചു. എനിക്കു നടക്കാം കുഴപ്പമൊന്നുമില്ലെന്നു ഞാൻ പറഞ്ഞു, ഇന്നാലൊന്നു നടന്നു കാണിക്കാൻ അവരും പറഞ്ഞു. അവരിട്ടുതന്ന ഒരു കസേരയിലിരുന്നാണിതു ഞാൻ പറഞ്ഞത്.
ഞാനൊട്ടും മടിച്ചില്ല. എണീറ്റു വീട്ടിലേക്കു നടന്നു. ഇടുപ്പിനു നല്ല വേദനയുണ്ടായിരുന്നു, കഴുത്തിനും നല്ല വേദനയനുഭവപ്പെട്ടു. കുറേ നേരം ഞാനും എന്റെ റയ്കിയും കട്ടിലിൽ ഒരുമിച്ചായിരുന്നു. പിന്നെ ഏണീറ്റു ഭാര്യയുടെ സഹായത്താൽ ഒന്നു കുളിച്ചു, നന്നായൊന്നു വിശ്രമിച്ചു. ഇരിക്കാനും നടക്കാനുമൊന്നും വല്യ ബുദ്ധിമുട്ടു തോന്നിയില്ല - അൽപ്പസ്വൽപ്പം വേദനയല്ലാതെ. ഒരു എക്സ്റേ എടുക്കുന്നതിനേപ്പറ്റിയും ഞാൻ ചിന്തിച്ചില്ല. നാലു ദിവസം കഴിഞ്ഞുപോയി ഒന്നെടുത്തു. ഒരു നേരിയ പൊട്ടൽ ഒരിടത്തു കണ്ടു - രണ്ടു മാസം വിശ്രമിക്കാൻ ഉപദേശവും കിട്ടി. 
ഞാൻ പറയാൻ ഉദ്ദേശിച്ചത്, വിപ്ളവകാരികളും ദൈവത്തിന്റെ പ്രത്യേക പരിഗണനയിൽ പെടുന്നവരാണെന്നോ, കറിവേപ്പേൽ കയറുന്നവർ ശ്രദ്ധിക്കണമെന്നോ ഒന്നുമല്ല, പകരം എന്റെ ജീവിതത്തിൽ നിന്നു ഞാനറിയാതെ രണ്ടു നിമിഷങ്ങൾ കടന്നു പോയി. ആ സമയത്തെപ്പറ്റിയാണ്, ആ സമയം എനിക്കെന്താണു സംഭവിച്ചതെന്നതിനെപ്പറ്റിയാണ്. ഏണി തെന്നുമ്പോഴും എനിക്കു ബോധമുണ്ട്, നിലത്തു വീണൂ കഴിഞ്ഞപ്പോഴും എനിക്കു ബോധമുണ്ട്. ഇതിനിടയിൽ സംഭവിച്ചതെന്താണെന്ന് എനിക്കറിയില്ല. ആർക്കെങ്കിലും അറിയുമോയെന്നാണ് അറിയേണ്ടത്.
വളരെ നേരത്തെതന്നെ, ഒരുവന്റെ ജീവിതത്തിൽ, അവന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ ഇടപെടലുകളെപ്പറ്റി എനിക്കു സംശയമുണ്ടായിട്ടുണ്ട്. പല സന്ദർഭങ്ങളിലും ഒരുവന്റെ നിയന്ത്രണത്തിലല്ലാതെയും ചിലതു സംഭവിക്കുന്നു - നമ്മെ അൽഭുതപ്പെടുത്തുന്ന ചില യാദൃശ്ചിതകൾ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നു.
എനിക്കിന്നുറപ്പാണ്, കാവൽ മാലാഖമാരെന്നു നാം വിളിക്കുന്നത് ഈ ഉൾക്കാമ്പിനെയല്ലേ? ആ ഉൾബോധമല്ലേ, ഏറ്റവും കുറഞ്ഞ ക്ഷതം വരത്തക്ക രീതിയിൽ കിളച്ചിട്ട ആ മൺകൂനയിലും കുഴിയിലുമായി എന്നെ കിടത്തിയത്? 
ഉവ്വ്, ആ ഉൾബോധവുമായി സമരസപ്പെടാൻ നമുക്കു കഴിഞ്ഞാൽ, അതുമായി കൂട്ടു കൂടി ജീവിക്കാൻ നമുക്കു കഴിഞ്ഞൽ, നമ്മെ തോപ്പിക്കാൻ ആർക്കാവും?

Thursday, 9 March 2017

എന്റെ വിധി

ഡോ. റൂപ്പര്‍ട്ട് ഷെല്‍ഡ്രേക്ക് എന്ന ഇംഗ്ലിഷുകാരൻ ഒരു വലിയ കണ്ടുപിടുത്തം നടത്തി. മോർഫിക് റെസൊണന്‍സ്' എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ കണികയിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും പ്രപഞ്ചമാകെ തത്തുല്യമായ അനുരണനങ്ങള്‍ക്ക് വഴിവെയ്കും എന്നാണദ്ദേഹം സ്ഥാപിച്ചത്. രസതന്ത്രത്തിലെ ‘കാരണവും ഫലവും’ സൂഷ്മമേഖലയിലും അപവാദങ്ങള്‍ക്ക് വിധേയമല്ലായെന്നാണ് അദ്ദേഹം വാദിച്ചത്. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ഗ്രഹണസമയങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. അപ്പോൾ, അതിലും ബഹുശതം വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയെ എന്തുമാത്രം സ്വാധീനിക്കുന്നുണ്ടാവും? നവഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും തര്‍ക്കമില്ല. ഒരു മെഴുകുതിരിയുടെ നുറുങ്ങുവെളിച്ചം പ്രപഞ്ചത്തിന്‍റെ അങ്ങേയഗ്രംവരെ എത്തുന്നുവെന്നും നാം കണ്ടെത്തിയില്ലേ?

ഒരിടത്തു നീലക്കുറിഞ്ഞി പൂത്താല്‍ മറ്റുള്ളിടത്തുള്ള നീലക്കുറിഞ്ഞികളും അതേ സമയം തന്നെ  പൂത്തിരിക്കും. ജിവജാലങ്ങള്‍  പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാന്‍  ലോറന്‍സ് ബ്ലെയര്‍, ലയാള്‍ വാട്ട്സൺ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ പഠിച്ചാല്‍ മതി. ഒറ്റക്കോ കൂട്ടായോ ജീവജാലങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനം അതേ ഗണത്തിലുള്ള എല്ലാ ജീവജാലങ്ങളിലും, അവ എവിടെയായിരുന്നാലും, ഒരേ സമയത്തു സംഭവിക്കുന്നുവെന്നാണ് അവര്‍ തെളിയിച്ചത് (100th Monkey Effect). ഈ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം പച്ചക്കറി തിന്നുപഠിച്ചാല്‍ എല്ലാ സിംഹങ്ങളിലും പച്ചക്കറി തിന്നാനുള്ള ഒരു വാസന ഉണ്ടാകും (Total Consciousness). നിരവധി കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ഈ ഐക്യം നാം കണ്ടിട്ടുള്ളതാണ്. മുന്‍തലമുറ കുട്ടികളുടെ മാനസ്സിക നിലവാരമല്ലല്ലോ പുതുതലമുറക്കുള്ളത് - അതൊരിടത്തു മാത്രമല്ലല്ലോ സംഭവിക്കുന്നതും. ഒരേ സിദ്ധാന്തം അല്ലെങ്കില്‍ ഒരേ ആവിഷ്കാരം പലയിടങ്ങളിലായി ഒരേ സമയത്തു നടന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുമുണ്ട്. മികച്ചയൊരുദാഹരണം, റേഡിയോയുടെ കണ്ടുപിടുത്തം തന്നെ.

ഒരാള്‍ നന്നായാല്‍ അതിന്‍റെ ഫലം എല്ലാവരിലും അനുഭവപ്പെടും എന്നു പറയുന്നതിന്റെ പൊരുളിതാണ്. അതായത്, മറ്റുള്ളവരെ നന്നാക്കാനല്ല നാം സ്വയം നന്നാവാനാണ് ശ്രമിക്കേണ്ടത്. ഏകാന്തതയിലിരുന്നു ധ്യാനിക്കുന്ന താപസ്സന്മാര്‍ എന്ത് സേവനമാണ് ഭൂമിക്കു നല്‍കുന്നതെന്ന ചോദ്യത്തിനും ഇതുത്തരം നല്‍കും. നിശ്ശബ്ദരായ  സാത്വികർ ചെയ്യുന്ന സ്വാധീനം ഒരു വലിയ ജനാവലിയെ എന്നും അഭിമുഖീകരിക്കുന്ന ഒരു പ്രഭാഷകന്റേതിനേക്കാൾ പല മടങ്ങു വലുതാവാം. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ എതിര്‍പ്പുകളെ നേരിട്ട് നവീകരണത്തിന് മുന്‍കൈ എടുക്കുന്നവരും നിരാശപ്പെടേണ്ടതില്ലായെന്നുതന്നെയാണ് ഞാനും പറയുന്നത്. സമയമാകുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ അത്ഭുതാവഹമായിരിക്കും. യേശുവിന്‍റെ കാലത്ത്, ആരും സ്വപ്നം കണ്ട കാര്യമല്ലല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഇന്നേവരെയുണ്ടായിട്ടുള്ള ഒരു വിപ്ലവവും ഒരു വ്യക്തിയുടെ മാത്രം ഇശ്ചയുടെ ഫലമായിരുന്നില്ലെന്നു കാണുക. എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമല്ല ഗുണം. ഏതു സാഹചര്യത്തിലും ചെയ്യേണ്ടത്  ചെയ്തുകൊണ്ടേയിരിക്കുക; അതാണ്‌ ഓരോ മനുഷ്യനും അനുവര്‍ത്തിക്കേണ്ട ജീവിതചര്യ.

ആകമാന ബോധതലത്തിന്‍റെ പ്രവര്‍ത്തന സവിശേഷതകളല്ല ഞാന്‍ പറഞ്ഞു വരുന്നത്, പകരം ഒരു കാരണം സൃഷ്ടിക്കപ്പെട്ടാല്‍, അതേതു സാഹചര്യത്തിലായാലും, അതിനൊരു ഫലവും കാണും എന്ന അനിഷേദ്ധ്യ സത്യമാണ്. ഈ കാരണ–ഫല ബന്ധം ഭൌതിക തലത്തില്‍ മാത്രമല്ലുള്ളത്. സൂഷ്മതലത്തിലും അതിസൂഷ്മതലത്തിലുമെല്ലാം ഈ നിയമമുണ്ട് - രൂപിയായാലും അരൂപിയായാലും അതു ബാധകവുമാണ്. ‘വിതക്കുന്നവന്‍ വിതച്ചത് കൊയ്യുമെന്നും’ ‘വാളെടുക്കുന്നവന്‍ വാളാലേ’യെന്നും യേശു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്, നാം സൃഷ്ടിച്ച കാരണങ്ങള്‍ക്ക് തത്തുല്യമായ ഫലവും ഉണ്ടാകുന്നുവെന്ന് തന്നെയാണ്. തിന്മ ചെയ്യുന്നവന് നരകമെന്നും നന്മ ചെയ്യുന്നവന് സ്വര്‍ഗ്ഗമെന്നും പറയുമ്പോള്‍ ഈ നിയമം തന്നെയാണു മതങ്ങളും ആവര്‍ത്തിക്കുന്നത്. പക്ഷേ, കാരണം സൃഷ്ടിക്കുന്നവന്‍ തന്നെ ഫലം അനുഭവിക്കണമെന്നില്ല; മറ്റൊരാള്‍ക്ക് അപരനനുഭവിക്കേണ്ടിയിരിക്കുന്ന ഫലം ഏറ്റെടുക്കാന്‍ കഴിയും. ഫലം കൈമാറല്‍ യേശുവിന്‍റെ ജീവിതത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്; നമ്മുടെ അനുദിന ജീവിതത്തില്‍ നിന്ന് തന്നെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുണ്ടാവും. ദോഷഫലങ്ങള്‍ മാറ്റിയെടുക്കാനുള്ള കുറുക്കു വഴികളെന്ന വിഭാഗത്തിലാണ് മതങ്ങള്‍ ഇന്ന് പ്രചരിപ്പിക്കുന്ന പല അനുഷ്ഠാനങ്ങളും പെടുക. ഫലദോഷങ്ങള്‍ മാനുഷിക ശേഷികൊണ്ട് പരിഹരിക്കാവുന്നവയെന്നും, ദൈവികസഹായം കൂടി ആവശ്യമുള്ളതെന്നുമുള്ള രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ തിരിച്ചറിവിന്‍റെ തലത്തില്‍നിന്നുകൊണ്ട് മാത്രമേ വിധിയെ നമുക്ക് നിർവ്വചിക്കാനാവൂ. എന്തു കാരണം കൊണ്ടാണ് ആദവും ഹവ്വയും ശിക്ഷിക്കപ്പെട്ടതെന്ന ചോദ്യം ഇവിടുണ്ടാവും. ആദം സൃഷ്ടിക്കപ്പെട്ടിട്ട് കേവലം ആറായിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന പഴയനിയമ സാക്ഷ്യം ഇന്നാരും തന്നെ മുഖവിലക്കെടുക്കുന്നില്ല. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ചു കൂട്ടിയാൽ, ബൈബിളിലെ വംശാവലിപ്രകാരം നാലായിരം വർഷങ്ങൾ പോലും പഴക്കം കാണില്ല മനുഷ്യകുലത്തിന്. അവിടെ സൂചിപ്പിക്കുന്ന ഒരു ദിവസം (ബഹു കോടി കോടി കോടി വർഷങ്ങൾ ദൈർഘ്യമുള്ള) ഒരു ബ്രഹ്മദിവസത്തിന്റെ ഒരംശമായിരുന്നിരിക്കാമെന്നും ജീവന്‍റെ കണിക ഒരു മനുഷ്യനായി പരിണാമപ്പെടാന്‍ ഇത്രയും സമയം മതിയെന്നും, സത്യം പ്രതീകാത്മകമായി ജ്വലിപ്പിക്കുന്ന ഒരു മഹദ്ഗ്രന്ഥം മാത്രമാണ് പഴയനിയമപുസ്തകമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം; അല്ലാതെ, സൂര്യനുണ്ടാവുന്നതിനു മുമ്പും സൃഷ്ടാവ് ദിവസക്കണക്കു സൂക്ഷിച്ചെന്നു കരുതാനോ, ഏഴാം ദിവസം സൃഷ്ടാവ് മടുത്തു വിശ്രമിച്ചെന്നോ വിശ്വസിക്കാൻ എനിക്കു താൽപ്പര്യമില്ല. ഉൽപ്പത്തിയേയും യാദൃശ്ചികതകളെയും വിലയിരുത്തുന്നതില്‍ മതങ്ങളും ശാസ്ത്രങ്ങളും ഒരുപോലെ പരാജയപ്പെടുന്നുവെന്നും പറയാതെ വയ്യ. ഓരോ യാദൃശ്ചികതയുടെ അവസരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ഈശ്വരന്‍റെ സവിശേഷ ഇടപെടല്‍ എന്ന് വ്യാഖ്യാനിക്കുകയാവും ഉചിതം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ഇടിച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ട്രെയിന്‍ കിട്ടാതെ അവിടെ ചെന്നെത്താൻ കഴിയാഞ്ഞവരുണ്ട്, ഷൂസ് നന്നാക്കാന്‍ വേണ്ടി യാത്ര മാറ്റിവെച്ചവരുണ്ട്. എന്തുകൊണ്ട് ചിലര്‍ക്ക് അങ്ങനെ സംഭവിച്ചു, ചിലര്‍ക്കങ്ങനെ സംഭവിച്ചില്ലായെന്നത് വിശദീകരിക്കുക ദുഷ്കരം. എങ്കിലും കാരണ-ഫല ചങ്ങലയില്‍ ഇവയും ഉൾപ്പെടുന്നുവെന്നത് കാണാതിരിക്കാൻ വയ്യ.

പണ്ഡിതനായ വരരുചിയുടെ കഥ ഭാരതീയ ഇതിഹാസങ്ങളില്‍ പറയുന്നു. രാജാവിന്‍റെ ആസ്ഥാനജോതിഷനായിരുന്ന അദ്ദേഹം താന്‍ വിവാഹം കഴിക്കേണ്ടിവരുന്നത് ഒരു പറച്ചിപെണ്ണിനെയാണെന്നു മുന്നേ കണ്ട് ആ പെണ്‍കുട്ടിയെ വധിക്കാന്‍ പട്ടാളക്കാരെ അയച്ചു. പക്ഷേ, രാമായണത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ശ്ലോകം ഏതെന്നന്വേഷിച്ചലഞ്ഞ വരരുചി അവസാനം ബ്രാഹ്മണയുവതിയെന്നു കരുതി വിവാഹം കഴിച്ചതോ, ഇതേ പെണ്ണിനെ തന്നെ. പട്ടാളക്കാർ കരുണ തോന്നി നദിയിലൊഴുക്കിയ ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന ബ്രാഹ്മണ ദമ്പതികൾ എടുത്തു വളർത്തിയത് വരരുചി കണ്ടില്ല. ആ പറച്ചി പെറ്റ പന്ത്രണ്ടു പേരില്‍പെടും നാറാണത്തുഭ്രാന്തന്‍. വിധിയെ തടുക്കാനാവില്ലായെന്നു തന്നെയാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ബലൂണിന്‍റെ ഒരു വശത്ത്‌ അമര്‍ത്തിയാല്‍ മറ്റൊരു വശം വികസിക്കുമെന്നതു പോലെയെയുള്ളൂ കുറുക്കു വിദ്യകള്‍കൊണ്ട് വിധിക്കു തടയിടുന്നത്.

ഒരിക്കലും അവസാനിക്കാത്ത കാരണ-ഫല ചങ്ങലയെപ്പറ്റി പ്രതിപാദിക്കുന്ന ഭാരതീയ കര്‍മ്മസിദ്ധാന്തം നാം അല്‍പ്പം മനസ്സിലാക്കുന്നത് നല്ലതാണ്. പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്. പുനര്‍ജന്മസിദ്ധാന്തം യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു - സ്നാപക യോഹന്നാന്‍തന്നെ പുനര്‍ജന്മത്തിനുദാഹരണവുമാണ്. യേശു പുനര്‍ജന്മത്തെ എതിര്‍ത്തതായി പുതിയ നിയമം പറയുന്നില്ല; മാത്രമല്ല, ഇക്കാര്യത്തിൽ ഒരു അന്തിമയനുശാസനം യേശുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല.  എന്തായിരുന്നാലും, ജന്മലക്ഷ്യത്തിലേക്ക് ഏതൊന്നിനെയും നയിക്കുന്ന രീതിയിലുള്ള ദൈവികമായ ഒരിടപെടല്‍ എല്ലാ ജീവജാലങ്ങളുടെയും കാര്യത്തില്‍ ഉണ്ടെന്നത് തര്‍ക്കമറ്റയൊരു സത്യമാണ്. 

ജന്മോദ്ദേശ്യം മനസ്സിലാക്കാന്‍ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന കഴിവുകളും ആയിരിക്കുന്ന സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉപകാരപ്പെടും. ഓരോ മനുഷ്യനിലും അവനാവശ്യമുള്ളതെല്ലാം ജന്മനാതന്നെ നൽകപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കാതെ, സമൂഹം പ്രതീക്ഷിക്കുന്ന ഫലം നല്‍കാനുള്ള നമ്മുടെ തത്രപ്പാടുകളിലാണ് ലക്‌ഷ്യം സാധിക്കാതെ നാം പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നത്. അതായത്, നാം ഓരോ നിമിഷവും എന്താണ് ചെയ്യേണ്ടതെന്നും എങ്ങിനെയാണ് ആയിരിക്കേണ്ടതെന്നും അറിഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ വളർച്ചയില്ല. ഇത് മനസ്സിലാക്കാന്‍, യേശുതന്നെ പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ അവസാന വാചകം ശ്രദ്ധിച്ചാൽ മതി. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും സംഭവിക്കട്ടെ എന്നാണതു പറയുന്നത്. ഓരോന്ന് ചെയുമ്പോഴും, അനുനിമിഷം,  അവിടുത്തെ (ഈശ്വരന്റെ/സൃഷ്ടാവിന്റെ) ഇഷ്ടം എന്തെന്ന് മനസ്സിലാക്കി അതിവിടെ നടപ്പാകാനുള്ള ഒരു ഉപകരണമായി നാം മാറുക - അതേ നാം ചെയ്യേണ്ടതുള്ളൂ. ആ പ്രവർത്തനപഥത്തിൽ നാമായിരിക്കുംപോൾ, നാം അനുഭവിക്കേണ്ട ദോഷഫലങ്ങള്‍ നാമറിയാതെ ഒന്നൊന്നായി അലിഞ്ഞില്ലാതെയാവും - ഒരു സൂത്രപ്പണിയും ആവശ്യമില്ല.

ഒരു കുടുംബത്തിലും ഒരു മാതാപിതാക്കന്മാര്‍ക്കും ഒരേപോലെ രണ്ടു കുട്ടികള്‍ ജനിക്കാറില്ല; മാതാപിതാക്കന്മാര്‍ ഒരു ഫാക്ടറിപോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണുക. ഓരോ ജന്മവും ഓരോ ആത്മാവിന്‍റെ ആവിഷ്കാരമാണെന്നുള്ള സത്യം, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആചാര്യന്മാര്‍ അടിവരയിട്ടു പഠിപ്പിച്ചിരുന്നു. അതിന്‍റെ ചുവടു പിടിച്ചാല്‍, ഓരോ ആത്മാവും അതിനു വേണ്ട ശുദ്ധീകരണപ്രക്രിയയ്ക് അനുയോജ്യമായ ജന്മങ്ങള്‍ സ്വീകരിക്കുന്നുവെന്നുള്ള വാദഗതിയിലെ പൊരുളും മനസ്സിലാക്കാം. 

മനുഷ്യനു മാത്രമെ, ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാൻ കഴിയൂ. പക്ഷെ, മനുഷ്യജന്മത്തില്‍ ലഭിക്കുന്നയീ ഇരട്ടബോധതലത്തില്‍  നാം ലക്‌ഷ്യം മറക്കുന്നു - അതാണിവിടെ സംഭവിക്കുന്നത്‌. അറിഞ്ഞുകൊണ്ട് പൂര്‍ണ്ണബോധത്തോടെ കര്‍മ്മഫലങ്ങളെ അനായാസം അവസ്ഥാന്തരം ചെയ്യാന്‍ മനുഷ്യജന്മത്തിനോളം പറ്റിയ വേറൊന്നില്ല - അതിൽതന്നെ പുരുഷ ജന്മം മികച്ചു നിൽക്കുന്നു. വന്നു ചേർന്നതും വരാനിരിക്കുന്നതുമായ ദൌര്‍ഭാഗ്യങ്ങൾ നോട്ടക്കുറവുകൊണ്ടാണ് സംഭവിക്കുന്നതെന്ന് കരുതാതെ,  അതുതന്നെയാണെനിക്ക് വേണ്ടിയിരുന്നതെന്നും ദൈവം കാരുണ്യപൂർവ്വം തനിക്കതു നല്‍കിയല്ലോയെന്നും ചിന്തിച്ച് അതിനെ അഭിമുഖീകരിക്കുവാന്‍ സഹജീവികളെ പ്രാപ്തരാക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പ്രാർത്ഥനയെന്നു പറയുന്നതപ്പോൾ ഹൃദയത്തിൽ നിന്ന് നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നന്ദിയുടേ ശീലുകൾ മാത്രമാവും.

നാം നിര്‍വ്വചിക്കുന്ന ദൌര്‍ഭാഗ്യങ്ങളും ഭാഗ്യങ്ങളുമെല്ലാം താരതമ്യാത്മകമാണെന്നും കാണേണ്ടതുണ്ട്. എനിക്ക് കാറില്ലായെന്നത് ദൌര്‍ഭാഗ്യമായി കരുതുന്നവരുണ്ടാവാം, സൈക്കിളെങ്കിലും സ്വന്തമായുള്ള അവസ്ഥ മഹാഭാഗ്യമായി കരുതുന്നവരുമുണ്ടാവാം. സ്വയം ആരുമായും താരതമ്യം ചെയ്യാതിരിക്കുമ്പോള്‍ ഇത്തരം നിര്‍വ്വചന ദോഷങ്ങളില്‍ നിന്നും നമുക്ക് മുക്തി കിട്ടും. അതേ സമയം, അനുനിമിഷം നമ്മുടെ പോരായ്മകള്‍ നോക്കി, നമ്മെ ശിക്ഷിക്കാന്‍ വടിയോങ്ങിയിരിക്കുന്ന ഒരു ദൈവം ‘അനന്തവും പരിമിതികളില്ലാത്തതുമായ സ്നേഹ’ത്തിന്‍റെ പരിധിയില്‍ വരുന്നില്ലായെന്നതും നാം കാണേണ്ടതുണ്ട്. ദൈവം യാതൊന്നും ചെയ്യുന്നില്ല, നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്‌താല്‍ അത് നമുക്ക് തന്നിരിക്കുന്നുവെന്നു പറയുന്ന സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായിരിക്കും.

സംഭവിക്കുന്നത് മുഴുവന്‍ ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നു കണ്ട്  അതിനെ അഭിമുഖീകരിക്കാനാണ് മതങ്ങള്‍ മനുഷ്യരെ പഠിപ്പിക്കേണ്ടതെന്നാണ് എന്‍റെ പക്ഷം. ഒരു ദൈവിക പദ്ധതിയെന്ന് നിർവ്വചിച്ച് എല്ലാത്തിനെയും വേര്‍തിരിക്കുന്നതിലും നല്ലത് മാറ്റമില്ലാത്ത ദൈവിക നിയമം എന്നതിനെ വിളിക്കുന്നതാണ്. എഞ്ചിന്‍ നിലച്ചുപോയ പറന്നുകൊണ്ടിരുന്ന ഒരു വിമാനം, ഭൌതികനിയമങ്ങള്‍ മാറ്റിവെച്ചു ശാന്തമായി നിലത്തിറക്കാന്‍, ആ നിയമങ്ങള്‍ സ്ഥാപിച്ച ശക്തിതന്നെ എങ്ങനെ മുന്നോട്ടു വരും? ഈ പ്രാപഞ്ചിക ശരീരത്തില്‍ നമുക്ക് നമ്മുടെതായ ഒരു  പങ്കുണ്ട്. ജീവന്റെ തുടക്കത്തിൽ, ഒരു കോശം രോമവും മറ്റൊന്ന് കണ്ണും, വേറൊന്ന് എല്ലുമാകാന്‍ സ്വയം തീരുമാനിക്കുന്നതുപൊലെ നാമായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ ദൌത്യം ശരിയായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതവും ലക്‌ഷ്യം കാണും. സൂര്യന്‍, അതിനു നല്ലതെന്നു തോന്നിയ രീതിയിലായിരുന്നു ചലിച്ചിരുന്നതെങ്കിലൊ, അതിന്‍റെ വിധിയെ മാറ്റാന്‍ അതെന്തെങ്കിലും ശ്രമം നടത്തിയിരുന്നെങ്കിലോ ഇതെഴുതാന്‍ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല. വിധി മാറ്റിമറിക്കാന്‍ പോന്നതെന്ന പ്രഖ്യാപനത്തോടെ ഇവിടെ വിറ്റഴിക്കപ്പെടുന്ന അനുഷ്ടാനഗുളികകള്‍ ആത്യന്തിക വിശുദ്ധീകരണത്തിലേക്ക് ആരെയെങ്കിലും കൊണ്ടുപോകുമെന്നും ഞാന്‍ കരുതുന്നില്ല.

സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെങ്കിലും ഉപായങ്ങള്‍ കൊണ്ട് വ്യത്യാസപ്പെടുത്താന്‍ തീര്‍ത്തും സാധിക്കില്ലായെന്നല്ല ഞാന്‍ പറഞ്ഞത്. ആ മാറ്റങ്ങളും പുതിയ കാരണങ്ങളെ സൃഷ്ടിക്കുമെന്നും ഒരു പക്ഷേ, ആദ്യത്തേതിലും വലുതായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഞാന്‍ പറയുന്നത്. അതായത്, നമുക്ക് ലഭിച്ചതെന്തോ അതാണ്‌ നമ്മുടെ  വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായതെന്ന് മനസ്സിലാക്കാതെ അതില്‍ നിന്ന് ഒളിച്ചോടാനോ, വഴുതി മാറാനോയുള്ള എല്ലാ ശ്രമങ്ങളും നഷ്ടത്തിലാവും അവസാനിക്കുക. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, ഒരു കാരണമായേക്കാവുന്ന യാതൊന്നും സൃഷ്ടിക്കാതെയിരുന്നാലെ, ഫലങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നതിലും അർത്ഥമുള്ളൂ. അതു തിരിച്ചറിയാന്‍ ഒരു പക്ഷേ കാലചക്രം കുറേക്കൂടി കറങ്ങേണ്ടിവന്നേക്കാം എന്നേയുള്ളൂ. 

ജീവന്‍റെ ആദ്യ സ്പന്ദനം മുതൽ മുതല്‍ പ്രപഞ്ചത്തിന്റെ അന്ത്യശ്വാസം വരെയുള്ള സര്‍വ്വതും ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നു സദ്‌ഗുരുക്കന്മാര്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്തിടത്തോളം കാലം ഓരോ ആത്മാവും പൂർണ്ണതയിൽ നിന്നകലെയാണ്. പൂർണ്ണതയിലായിരിക്കുകയെന്നത് (സ്വർഗ്ഗപ്രാപ്തി) സുഖകരമായ ഒരവസ്ഥയെന്നാണ് നാം പഠിച്ചുവെച്ചിരിക്കുന്നത്. പക്ഷേ, ഒരു തീജ്വാല ഊതി കെടുത്തിയാലെന്നതുപോലെ സമയത്തിനും കാലത്തിനും സര്‍വ്വ അഹംഭാവങ്ങള്‍ക്കും അതീതമായ ശൂന്യതയിലേക്കുള്ള ഒരു മാറ്റമാണതെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്? മനുഷ്യന്‍ കര്‍മ്മഫലത്തെ ഭയക്കുന്നു. ആ ഫലഭീതി മനുഷ്യനില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ മതങ്ങള്‍ ജനിക്കുമായിരുന്നില്ല - സത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം പലരും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. 

ശൂന്യതയില്‍ നിന്നാരംഭിച്ചത് ശൂന്യതയില്‍ തന്നെ അവസാനിച്ചേ ഒക്കൂ. ഭാരതീയ സമയക്രമമനുസരിച്ച്‌ ഓരോ കല്പ്പത്തിനു ശേഷവും പ്രളയവും ബ്രഹ്മാവിന്‍റെ രാത്രിയും വരും. നേരം പുലര്‍ന്നാല്‍ വീണ്ടും പ്രപഞ്ചത്തിനുള്ളിലെ ജീവന്‍ വീണ്ടും മറ്റൊരു കല്‍പ്പചക്രത്തിലേക്ക് പ്രവേശിക്കും. അതായത് വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ  ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും. ഇവിടെ വിധിയെപ്പറ്റി ഞാന്‍ എഴുതിയത് അപ്പാടെ ശരിയെന്ന് വിധിയെഴുതുന്നവരെയല്ല ഞാന്‍ ബഹുമാനിക്കുന്നത്‌, പകരം ഇതിലും ശരിയുണ്ടായിരിക്കാം എന്ന് കരുതുന്നവരെയാണ്.