Friday 1 July 2016

വരും, വരാതിരിക്കില്ല!

"ഞാൻ പറഞ്ഞതു നേരാ, ഞാൻ കാലത്തെ കണ്ടു." സനു എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയപ്പോൾ എന്താണു സംഭവിച്ചതെന്നു ഞാനൊരിക്കൽ കൂടി ഓർത്തു നോക്കി. 
സനുവിന്റെ മുഖത്തു നിന്നു കണ്ണു പറിച്ചു വിദൂരതയിലേക്കെറിഞ്ഞിട്ടു ഞാൻ പറഞ്ഞു.
"നേരെ കണ്ടില്ലന്നേയുള്ളൂ; കാലം താഴത്തെ ബെർത്തിൽ കിടപ്പുണ്ടായിരുന്നു, കാലം പറയുന്നത് മുഴുവൻ ഞാൻ കേൾക്കുന്നുമുണ്ടായിരുന്നു. 
ട്രെയിനിനു പുറത്തു നല്ല ചൂടായിരുന്നു. എ സി യുടെ കുളിർമ്മയിൽ ഉറങ്ങിപ്പോയ ഞാൻ കാലത്തിന്റെ ശബ്ദം കേട്ടാണുണർന്നത്. പരിചയപ്പെടാനാഗ്രഹിച്ചു ഞാൻ ബെർത്തിൽ നിന്നു താഴെ വന്നപ്പോഴേക്കും കാലം പോയ്കഴിഞ്ഞിരുന്നു."
"അതു കാലമായിരുന്നെന്ന് താനെങ്ങിനാ അറിഞ്ഞത്?" സനു ചോദിച്ചു.
"അതോ? എനിക്കു ബാഗ്ലൂർക്കു പോണം, ഹൈദ്രാബാദിന് പോണം, കൽക്കട്ടാക്ക് പോണം, ഡൽഹിക്കു പോണം ഇങ്ങിനെ നിർത്താതെ സ്ഥലങ്ങളുടെ പേരുകൾ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടാണ്, അതു കാലമായിരുന്നെന്നു ഞാൻ മനസ്സിലാക്കിയത്. എല്ലായിടത്തും കാലം മാത്രമല്ലെ ചെല്ലേണ്ടതുള്ളൂ?" ഞാൻ ചോദിച്ചു. സനു ഒന്നും മിണ്ടിയില്ല. 
ഞാൻ തുടർന്നു,
"എന്തിനായിങ്ങിനെ തിരക്കിട്ടു പോവുന്നതെന്ന് അടുത്തിരുന്ന ആൾ ചോദിക്കുന്നത് ഞാൻ കേട്ടു. പകരം ആരെങ്കിലും പോയാൽ മതിയില്ലേന്നും അയാൾ ചോദിക്കുന്നത് കേട്ടു. അവർ ഏറെനേരമായി സംസാരിക്കുകയായിരുന്നെന്ന് എനിക്കു തോന്നാതിരുന്നില്ല."
"കാലം എന്തു പറഞ്ഞു?" സനു ചോദിച്ചു.
"അതോ? അയാളെപ്പോലുള്ളവർ എല്ലായിടങ്ങളിലും എത്താറുണ്ടെന്നാണ് അയാൾ പറഞ്ഞത്. ആരെന്തു പറഞ്ഞാലും അതു സാധിച്ചുകൊടുക്കുകയാണത്രെ കാലത്തിന്റെ ജോലിയെന്നും കാലം പറഞ്ഞത്രേ. ഡൽഹിയിൽ ഞാൻ അറ്റൻഡ് ചെയ്യാൻ പോകുന്ന ഇന്റർവ്യൂ ജയിപ്പിച്ചു തരാൻ കാലത്തിനു കഴിയുമോന്നു ഞാൻ ചോദിച്ചു. ഇല്ലാന്നയാൾ പറഞ്ഞു. എന്റമ്മയുടെ ആസ്മാ രോഗം സുഖപ്പെടുത്താൻ കാലത്തിനു പറ്റുമോയെന്നു ഞാൻ ചോദിച്ചു. അതിനും ഇല്ലായെന്ന് തന്നെ അയാൾ മറുപടി പറഞ്ഞു. അവസാനം ഞാൻ അയാളോട് ചോദിച്ചു, പിന്നെന്തു സാധിച്ചു കൊടുക്കാനാ കാലം പോകുന്നതെന്ന്." 
അയാളതിനു മറുപടി പറയാൻ ഒന്നു മടിച്ചതു പോലെ എനിക്കു തോന്നി. ഞാൻ ട്രയിനിന്റെ സൈഡ് വിന്റോയുടെ കർട്ടൻ പതിയെ മാറ്റി കട്ടിയുള്ള കണ്ണാടിയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. ഇടക്കു ദയനീയമായി ഞാനാ കാലത്തിന്റെ ഉപചാരകന്റെ മുഖത്തു നോക്കി. അയാൾക്കൊരു മറുപടി തരാനുണ്ടായിരുന്നില്ലല്ലോയെന്നു ചിന്തിച്ചു. പക്ഷെ അയാൾ പറഞ്ഞു,
"കാലം ഒരാൾക്കു സ്വർഗ്ഗം പണിതുകൊടുക്കുന്ന കാര്യം പറഞ്ഞിരുന്നു. മരണശേഷം സ്വർഗ്ഗമുണ്ടെന്നു വിശ്വസിക്കുകയും അതിനുവേണ്ടി എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്നു കേട്ടോ, അതെല്ലാം കൃത്യമായി ചെയ്യുകയും ചെയ്ത ഒരു വൃദ്ധനുവേണ്ടിയാണത്രെ കാലം സ്വർഗ്ഗം പണിയുന്നത്. കാലം ഒരാൾക്ക് തേൻപഴം കൊടുക്കുമെന്നും പറഞ്ഞു; ഒരിക്കൽ തിന്നാൽ ഒരിക്കലും വിശക്കില്ലാത്ത തേൻ പഴമെന്ന ഫലം കായ്‌ക്കുന്ന മരം വനത്തിലുണ്ടെന്നുറച്ച് വിശ്വസിച്ചു കൊണ്ട് വനത്തിലൂടെ അലയുന്ന ഒരാൾക്കാണ് തേൻ പഴം കിട്ടുക."
സുനു എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. ഞാൻ സുനുവിനോട് പറഞ്ഞു, 
"കാലം വരാൻ എന്തു ചെയ്യണമെന്ന് എനിക്കു മനസ്സിലായി! വന്നു പോയത് കാലമാണെന്നും എനിക്കുറപ്പാണ്. കാലം എന്നെ തേടിയും ഉടൻ വരും; കാരണം, ഡൽഹിയിൽ നിന്നും നിയമനോത്തരവ് ഉടൻ വരുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു."