Showing posts with label അറിഞ്ഞതും അറിയേണ്ടതും. Show all posts
Showing posts with label അറിഞ്ഞതും അറിയേണ്ടതും. Show all posts

Monday, 17 July 2017

അതിതുതന്നെയോ?

ഭാരതീയ താത്ത്വിക-മൗലിക വേദഗ്രന്ഥങ്ങളിലെ മഹദ്‌വചനങ്ങളെല്ലാറ്റിലും വെച്ച് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മഹാവാക്യങ്ങൾ ഇവയാണ്: 1) പ്രജ്ഞാനം ബ്രഹ്മ: (ശുദ്ധ ബോധമാണ് ബ്രഹ്മം), 2) തത്ത്വമസി (അത് നീയാകുന്നു), 3) അയമാത്മാ ബ്രഹ്മ: (ഈ ആത്മാവ് ബ്രഹ്മം തന്നെ), 4) അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാകുന്നു).
ജീവിതത്തിന്റെ സുന്ദരമായ ഇടനാഴികളിൽക്കൂടി സദാ ചലിച്ചുകൊണ്ടിരിക്കുന്ന നാം അന്വേഷിക്കുന്നതെന്തിനെയാണെങ്കിലും 'അതു നീ തന്നെ'യാണെന്നോ അതു നിന്നിൽത്തന്നെയുണ്ടെന്നോ ഉത്തരം കിട്ടുമെന്നാണ് ഭാരതീയ ഗുരുക്കന്മാർ ഈ മഹദ് വാക്യങ്ങളിലൂടെ അർത്ഥമാക്കുന്നത്. അതിന്റെ പൊരുളറിയാൻ ഞാൻ സൂചിപ്പിച്ച അടിസ്ഥാന പ്രമാണങ്ങൾ അറിഞ്ഞിരിക്കണം. ഏതു മതതത്ത്വങ്ങളുടെ പരിശ്ചേദമെടുത്തു സൂക്ഷ്മ പരിശോധന നടത്തിയാലും, മനസ്സിലാക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവനു ബോദ്ധ്യപ്പെടുന്ന സത്യങ്ങളാണിതൊക്കെ. 'പോ...നീ നിന്റെയുള്ളിലെ നിശ്ശബ്ദതയിലേക്കു പോ' എന്ന് മതാചാര്യന്മാർ പറഞ്ഞുതുടങ്ങിയാലത്തെ സ്ഥിതി നോക്കൂ - ആ മതത്തിൽ ഇപ്പറയുന്ന ആചാര്യന്മാർ മാത്രമല്ലെ കാണൂ? അതുകൊണ്ട്, ഒരു മതത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ട് സത്യത്തെ മനസ്സിലാക്കാൻ സാധിക്കില്ല - ആരും അതിനനുവദിക്കില്ല, ആർക്കും അതിനു താൽപ്പര്യവുമില്ല.
എന്താണു സനാതന ധർമ്മം? ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇതോരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരനുഭൂതിയാണ്. ഇതറിയാനാഗ്രഹിക്കുന്നവരാണെങ്കിൽ ഒരു ദീർഘയാത്ര തന്നെ പോകേണ്ടതുണ്ട് - എവിടെനിന്ന് വന്നോ അവിടേക്കൊരു മടക്കയാത്ര. എല്ലാ ചിന്തകളോടും ആകുലതകളോടും വിടപറഞ്ഞ് ശാന്തനായി നിശ്ശബ്ദതയിലേക്കുള്ള ഒരു പ്രയാണമാണിത്; അന്നമയത്തിൽ നിന്നും ആനന്ദമയത്തിലേക്കുള്ള യാത്രയെന്നും ഇതിനെപ്പറയാം. പരമാത്മാവിലേക്കുള്ള അവസാന പ്രയാണം പ്രാണന്റെ ഉറവിടമായ ഈ ആന്ദമയകോശത്തിൽ നിന്നാണ്. മനസ്സിനെ സൃഷ്ടിക്കുന്നതും സ്ഥലത്തെയും സമയത്തെയും പ്രാപ്യമാക്കുന്നതും ഇതിനൊന്നും വിധേയമല്ലാത്ത ഈ കോശം തന്നെ. സദാ ഉണർന്നിരിക്കുന്ന ഈ ശക്തിസ്രോതസ്സ് ശൂന്യതയുടെ ആഴത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.  
ഞാനിപ്പറഞ്ഞതിന്റെയൊക്കെ ആകെയർത്ഥം നാം നമ്മെപ്പറ്റി കരുതുന്നതുപോലെ ഒരു ചെറിയ സംവിധാനമല്ലായെന്ന് നാം മനസ്സിലാക്കണമെന്നാണ് - ബ്രഹ്മാണ്ഡത്തെ നിയന്ത്രിക്കുന്ന പരാശക്തിയുടെ ഉറവിടം തന്നെ നമ്മിൽത്തന്നെയാണെന്നറിയേണ്ടിയിരിക്കുന്നു. ഒരു കോശം പോലും നിസ്സാരക്കാരനല്ലത്രെ! സൗരയൂഥത്തിന്റെ ഒരു ലഘുരൂപമാണ് ആറ്റമുകൾ എന്നു പറയുന്നതുപോലെ ബ്രഹ്മത്തിന്റെ ഒരു കോശമാണ് ഓരോ മനുഷ്യനും. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ കൃത്യമായ കണക്ക് ആരുടെ കൈയിലുമില്ല. ബഹുകോടികൾ എന്നേ പറയാനൊക്കൂ - എല്ലാം പരസ്പരം അറിഞ്ഞു പ്രവർത്തിക്കുന്നുവെന്നു ചിന്തിക്കാൻ പോലും നമുക്കാവില്ല. റ്റിഷ്യു-കൾച്ചറിൽ ഒരു മരത്തിന്റെ ഒരു സെല്ലെടുത്തു മീഡിയത്തിൽ പരിപോഷിപ്പിച്ചു വളർത്തിയാൽ ആ മരത്തിന്റെ എല്ലാ സവിശേഷതകളുമുള്ള വേറൊരു മരമാണുണ്ടാവുക. ഓരോ സെല്ലിലുമുള്ള ഡി.എൻ.എ.കളിൽ എന്തുമാത്രം അറിവുകളാണു ശേഖരിക്കപ്പെട്ടിരിക്കുന്നതെന്നും നമുക്കു ചിന്തിക്കാൻ കഴിയണമെന്നില്ല. പ്രപഞ്ചം ഒരോന്നിന്റെയും കോശങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ അറിവുകളാണ് പ്രധാനം. ആ അറിവുകൊണ്ടാണ് എട്ടുകാലി വലകെട്ടുന്നതും ബീവർ അണകെട്ടുന്നതും കുരുവി കൂടുണ്ടാക്കുന്നതുമെല്ലാം. പ്രാപഞ്ചിക അറിവുകളുടെ മഹാശേഖരവുമായി ഓരോ കോശവും സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നു മനസ്സിലാക്കേണ്ടി വന്നാലോ? അപ്പോൾ നാം ബോധമറ്റു നിലംപതിക്കാനാണു സാദ്ധ്യത. നാമെന്ന കുറെ കോശങ്ങളുടെ കൂട്ടായ്മയുടെ സ്ഥാനവും ചലനവും മാത്രമല്ല, അതിന്റെ ദൗത്യവും ഈ കോശങ്ങളുടെ ആകമാന പ്രജ്ഞാതലത്തിനറിയാം. ഈ സ്വാവബോധമാണ് ഈശ്വരൻ എന്നു നാമറിഞ്ഞാലേ ആ ശക്തി തരുന്ന സുരക്ഷിതത്വം നാമറിയുകയും ആസ്വദിക്കുകയും ചെയ്യുകയുള്ളൂ. ഉൾക്കണ്ണ് തുറന്നിരുന്നാൽ ഈ പ്രജ്ഞാതലം നമ്മോട് സംവദിക്കുന്നത് ഏതാണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. 
ഓരോരുത്തരിലുമുള്ള ഈ അജ്ഞാതശക്തി, അവരവരുടെ ക്ഷേമം ലക്ഷ്യമാക്കി കരുതലോടെ കാവൽ നിൽക്കുന്നുവെന്ന ഒരു തോന്നൽ എനിക്കു നേരത്തെത്തന്നെയുണ്ട്. യാദൃശ്ചികതകൾ, ആകസ്മികതകൾ തുടങ്ങി വിശദീകരിക്കാൻ സാദ്ധ്യമല്ലാത്ത നിരവധി സന്ദർഭങ്ങളിലൂടെ നാം കടന്നുപോവാറുണ്ടല്ലോ. ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ, ഈശ്വരാനുഗ്രഹമെന്നോ, കർമ്മദോഷമെന്നോ ഒക്കെ നാം വ്യാഖ്യാനിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം അനുഭവങ്ങൾ ഒരിക്കലെങ്കിലും നേരിട്ടിട്ടില്ലാത്ത ആരുണ്ടിവിടെ? ആ ശക്തിയുടെ കർമ്മമേഖല വളരെ വ്യാപകമാണെന്ന് എനിക്കു നേരത്തെതന്നെ അറിയാമായിരുന്നു. മനുഷ്യശരീരത്തിന്റെ നിയന്ത്രണം 90% ബോധമനസ്സിനല്ലെന്ന് ഞാൻ പഠിച്ചിട്ടുള്ള കാര്യം. നാം ഇശ്ചിക്കുന്നതിനനുസരിച്ചല്ല ദഹനം നടക്കുന്നത്, ഹൃദയം മിടിക്കുന്നത് - ഇതൊക്കെ ഏതാനും നിമിഷം നിർത്തിവെക്കാൻ നമുക്കു സാധിക്കുകയില്ല. ഉറക്കത്തിലാണെങ്കിൽ ബോധമനസ്സിന് ഒരു നിയന്ത്രണവുമില്ല - എന്തു സുഖം! എത്ര ഉന്മേഷവാന്മാരായാണു നാം ഉണരുന്നത്. ഈ ശക്തിയുടെ നിയന്ത്രണത്തിൽ പൂർണ്ണമായും ആയിരിക്കാൻ കഴിയുക, ഈ വിട്ടുകൊടുക്കൽ, അതത്ര എളുപ്പമല്ല. കാരണം, ബോധമനസ്സിന്റെ പൂർണ്ണമായ ഒരു കീഴടങ്ങൽ എന്നു പറഞ്ഞാൽ അഹത്തിന്റെ അവസാനമെന്നു തന്നെ വ്യാഖ്യാനിച്ചുകൂടെ? അതായത്, നാമെന്ന സങ്കൽപ്പം മാറി ബ്രഹ്മബോധം എന്ന കടലിൽ അലിഞ്ഞില്ലാതാവുകയല്ലേ അപ്പോൾ സംഭവിക്കുക? ചുരുക്കി പറഞ്ഞാൽ, സർവ്വസാത്വികരും, ഈ അവസ്ഥാന്തരത്തിനുവെണ്ടിയല്ലേ ജീവിതം മുഴുവൻ ചെലവഴിച്ചത്?
2017 ജൂലൈ മാസം ഞാനൊന്നു വീണു. വീടുമുറ്റത്തുനിന്ന കറിവേപ്പിന്റെ ഏറ്റവും മുകളിൽനിന്നു കുറേയേറെ തണ്ടുകൾ ഒടിക്കാനുള്ള ശ്രമത്തിൽ. വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്. കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നു പറയാം. ഒന്നു രണ്ടു മാസം വീട്ടു വിശ്രമംകൊണ്ടു തീരാവുന്ന ചെറിയൊരു പൊട്ടൽ ഒരു കശേരുവിനു സംഭവിച്ചതൊഴിച്ചാൽ വേറെ ഒരു കുഴപ്പവും സംഭവിച്ചില്ല. ഞാൻ കയറിനിന്ന ഗോവണി തെന്നി മാറിയതോർമ്മയുണ്ട്, നിലത്തു വീണു കിടക്കുന്നതും ഓർമ്മയുണ്ട്. ഇതിനിടയിലുള്ള രണ്ടോ മൂന്നോ നിമിഷങ്ങളിൽ എന്തു സംഭവിച്ചുവെന്നുള്ള അന്വേഷണമായിരുന്നു പിന്നിടങ്ങോട്ട്. അതിനെപ്പറ്റിയുള്ള സംവാദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ പെറുക്കിക്കൂട്ടി വിശകലനം ചെയ്തപ്പോൾ ഒരു കാര്യം മനസ്സിലായി - ഇത്തരം ശൂന്യവേളകൾ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നു, അല്ലെങ്കിൽ ഇത്തരമൊരനുഭവം ഇല്ലാതിരിക്കുന്നവർ കാണില്ല. ഈ ശൂന്യതയുടെ (creative emptiness) ശേഷിയാണ് എന്നെ അതിശയിപ്പിച്ചത്. എന്നോളം വലിയൊരുഭാരം ഭൂമിയിൽ വീണാൽ എന്തൊക്കെ ഭൗതികനിയമങ്ങൾക്കാണോ അതു വിധേയമാകേണ്ടത് അതിലൊരു നിയമം പോലും മാറിയില്ല; പക്ഷേ, എനിക്കേറ്റവും സുരക്ഷ കിട്ടത്തക്ക രീതിയിൽ ഈ ശൂന്യത എന്നെ ഭൂമിയിൽ വീഴ്‌ത്തി. എന്റെ ഒരനുഭവം വെച്ചു മാത്രമല്ല ശൂന്യതയുടെ ഈ ഇടപെടലിനെ ഞാൻ വിലയിരുത്തുന്നത്. ഇങ്ങിനെയുള്ള അൽഭുതകരമായ രക്ഷപ്പെടലുകൾ സാക്ഷ്യപ്പെടുത്താൻ അനേകർ ഇവിടുണ്ട്. 
എന്റെ ചിന്തകൾ അവിടെനിന്നും പോയി. ഭാരതീയ ചിന്തകളിലെ കർമ്മപഥത്തിന്റെ രഹസ്യം എനിക്ക് വ്യക്തമായിരുന്നു. ഒരു കാരണമുണ്ടെങ്കിൽ ഫലവുമുണ്ട്; കാര്യകാരണശൃംഘലയിലെ ഒരു കണ്ണിയായാണ് പ്രപഞ്ചത്തിലെ ഏതൊന്നും ഇവിടെ ആയിരിക്കുന്നത്. അതായത് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യജീവിക്കും ഒരു ജന്മ രഹസ്യമുണ്ട് - ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യവും, ഇവിടെ കടന്നുപോകേണ്ട പരീക്ഷണങ്ങളുടെ അളവുമെല്ലാം അളന്നു കുറിക്കപ്പെട്ടിരിക്കുന്നുവെന്നത് അജ്ഞാതമായ ഒരു കാര്യമല്ല, ആത്മീയ യാത്രയിൽ മുഴുകിയിരിക്കുന്ന ഒരു സാത്വികനും. ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന ഈ ശൂന്യത ഓരോരുത്തരേയും ആ മാർഗ്ഗത്തിൽത്തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നു - അവിശ്വസനീയമായ യാദൃശ്ചികതകൾ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ കാരണമിതാണ്. ആ സമ്മർദ്ദത്തേയും അതിജീവിച്ച് മറ്റുപലതുമായിത്തീരാനായി കർമ്മപഥം ബോധപൂർവ്വം സൃഷ്ടിക്കുന്നവൻ അക്ഷരാർത്ഥത്തിൽ ഒരു പരാജയമായിരിക്കും - അവൻ എന്തു ലക്ഷ്യത്തിനായാണോ ജന്മം സ്വീകരിച്ചത്, അതു മറക്കുകയും എന്തൊക്കെയോ പരിഹരിക്കാനായി അനേകം കാരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ പേരും പെരുമയും സമ്പത്തുമൊക്കെ ആർജ്ജിച്ചാലും പരാജയമായിട്ടായിരിക്കും കടന്നു പോവുക. 
എങ്ങിനെയാണൊരാൾക്ക് അയാളുടെ ദൗത്യം തിരിച്ചറിയാനാവുക? സാഹചര്യങ്ങളിലൂടെത്തന്നെ, ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് നാം സമയം കൊണ്ടും സ്ഥലം കൊണ്ടും ഈ ബ്രഹ്മത്തിൽ കൃത്യമായ കേന്ദ്രത്തിൽത്തന്നെയാണെന്നു പറയപ്പെടുന്നത്. എല്ലാവരുടെയും ജീവിതാവസ്ഥകൾക്കു മുകളിലും കുറെയേറേ തട്ടുകളുണ്ട്. ഒരു ജീവിയേയും നിസ്സഹായാവസ്ഥയിലല്ല പ്രപഞ്ചം ഇവിടെ വിന്യസിപ്പിക്കുന്നത്. നിസ്സഹായരാണെന്നുള്ള ചിന്ത വെറും വ്യക്തിഗതം മാത്രം; അതാകട്ടെ താരതമ്യങ്ങളിൽ നിന്നും ഉയിരാർജ്ജിക്കുന്ന ചിന്തകളും. ഒരു കുഞ്ഞു ജനിക്കുന്നതിനെത്രയോ മുന്നെ, പ്രസവിക്കാൻ തയ്യാറെടുക്കുന്ന അമ്മയുടെ ശരീരം പ്രകൃതി അതിനനുസരിച്ചു പരുവപ്പെടുത്തുന്നു. ഏതു ദുസ്സഹ സാഹചര്യത്തിലാണൊരാൾ ആയിരിക്കുന്നതെങ്കിലും ആ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും പ്രാപ്തിയും അവനിൽ പ്രപഞ്ചം സന്നിവേശിപ്പിച്ചിരിക്കുന്നു.  അവനതു പക്ഷേ, തിരിച്ചറിയുന്നില്ല. ഈ പ്രപഞ്ചത്തിൽത്തന്നെ മനുഷ്യശിശുവിനോളം ദുർബ്ബലനായി ജനിക്കുന്ന ജീവികൾ ഇല്ലായെന്നു തന്നെ പറയാം. സ്വന്തമായി ഇരതേടാനുള്ള വിവേചനാബുദ്ധിയും ശക്തിയും ഒരു മനുഷ്യശിശുവിനു കിട്ടണമെങ്കിൽ കുറഞ്ഞതു പത്തു വർഷങ്ങളെങ്കിലും വേണം. നിരവധി പ്രതിസന്ധികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയാൽ മാത്രമേ ഒരു ശിശു യൗവ്വനയുക്തനാകുന്നുള്ളൂ. ആ ഘട്ടങ്ങളിലെല്ലാം ഈ ശൂന്യതയുടെ അദൃശ്യകരങ്ങൾ  അവനെ/അവളെ സംരക്ഷിക്കുന്നു.
പിന്നോട്ടു നോക്കിയപ്പോൾ ഈ അദൃശ്യകരങ്ങൾ ഞാനൊരുപാടിടങ്ങളിൽ കാണുന്നു, വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ ചില സങ്കീർണ്ണഘട്ടങ്ങളിൽ തീരുമാനമെടുത്തത് ഈ ശൂന്യതയായിരുന്നില്ലേയെന്നു ഞാൻ സംശയിക്കുന്നു. എന്റെ ശരീരകോശങ്ങൾ അടുത്ത നിമിഷത്തേക്കുള്ള പ്ളോട്ട് തയ്യാറാക്കുമ്പോഴൊക്കെ ഈ ശൂന്യതയാണു മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നതെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയെന്താണു പറയുന്നതെന്നറിയാൻ പുറം കാതുകൾ അടയ്കുകയേ ചെയ്യേണ്ടതുള്ളൂവെന്ന് ഞാൻ മനസ്സിലാക്കുന്നു. യാതൊന്നും ആ ശൂന്യതയറിയാതെ എന്നിലോ എനിക്കു ചുറ്റുമോ സംഭവിക്കുന്നില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയുമായി സൗഹൃദം സ്ഥാപിക്കാനാണ് മഹർഷിമാരും മുനിമാരും ജീവിതം ഉഴിഞ്ഞുവെച്ചതെന്നും ഞാനറിയുന്നു - ആ ശൂന്യതയിൽ യാതൊന്നും ഇല്ലെന്നും ഞാറിയുന്നു. ആ ശൂന്യതയെ ഞാൻ ഈശ്വരനെന്നു വിളിക്കുന്നു അതെനിക്കു വലിയ ഒരു തിരിച്ചറിവിലെത്തിയതിന്റെ അവർണനീയമായ സുഖം തരുന്നു!
ഇപ്പോൾ ഞാൻ വലിയ ധർമ്മസങ്കടത്തിലാണ്. എന്റെ ചിന്തകൾക്ക് പിന്നിലും വിചാരങ്ങൾക്കു പിന്നിലും മനോഭാവത്തിന് പിന്നിലും വാക്കുകൾക്കു പിന്നിലുമെല്ലാം ഞാനാരുടെയോ അദൃശ്യകരങ്ങൾ കാണുന്നു. എന്നിൽ വിരിയേണ്ടതായ വികാരങ്ങൾ ജനിപ്പിക്കുന്നതും എന്നെക്കൊണ്ട് കഥയും കവിതയുമൊക്കെ എഴുതിപ്പിക്കുന്നതും ഇതേ ഈശ്വരൻ. ഞാൻ കാണിച്ചിട്ടുള്ള സർവ്വ അതിക്രമങ്ങൾക്കും പിന്നിൽ എനിക്ക് ശക്തിയായി നിന്നതും ഇതേ ഈശ്വരൻ - കൊള്ളാം! 

Thursday, 9 March 2017

എന്റെ വിധി

ഡോ. റൂപ്പര്‍ട്ട് ഷെല്‍ഡ്രേക്ക് എന്ന ഇംഗ്ലിഷുകാരൻ ഒരു വലിയ കണ്ടുപിടുത്തം നടത്തി. മോർഫിക് റെസൊണന്‍സ്' എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ കണികയിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും പ്രപഞ്ചമാകെ തത്തുല്യമായ അനുരണനങ്ങള്‍ക്ക് വഴിവെയ്കും എന്നാണദ്ദേഹം സ്ഥാപിച്ചത്. രസതന്ത്രത്തിലെ ‘കാരണവും ഫലവും’ സൂഷ്മമേഖലയിലും അപവാദങ്ങള്‍ക്ക് വിധേയമല്ലായെന്നാണ് അദ്ദേഹം വാദിച്ചത്. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ഗ്രഹണസമയങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. അപ്പോൾ, അതിലും ബഹുശതം വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയെ എന്തുമാത്രം സ്വാധീനിക്കുന്നുണ്ടാവും? നവഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും തര്‍ക്കമില്ല. ഒരു മെഴുകുതിരിയുടെ നുറുങ്ങുവെളിച്ചം പ്രപഞ്ചത്തിന്‍റെ അങ്ങേയഗ്രംവരെ എത്തുന്നുവെന്നും നാം കണ്ടെത്തിയില്ലേ?

ഒരിടത്തു നീലക്കുറിഞ്ഞി പൂത്താല്‍ മറ്റുള്ളിടത്തുള്ള നീലക്കുറിഞ്ഞികളും അതേ സമയം തന്നെ  പൂത്തിരിക്കും. ജിവജാലങ്ങള്‍  പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാന്‍  ലോറന്‍സ് ബ്ലെയര്‍, ലയാള്‍ വാട്ട്സൺ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ പഠിച്ചാല്‍ മതി. ഒറ്റക്കോ കൂട്ടായോ ജീവജാലങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനം അതേ ഗണത്തിലുള്ള എല്ലാ ജീവജാലങ്ങളിലും, അവ എവിടെയായിരുന്നാലും, ഒരേ സമയത്തു സംഭവിക്കുന്നുവെന്നാണ് അവര്‍ തെളിയിച്ചത് (100th Monkey Effect). ഈ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം പച്ചക്കറി തിന്നുപഠിച്ചാല്‍ എല്ലാ സിംഹങ്ങളിലും പച്ചക്കറി തിന്നാനുള്ള ഒരു വാസന ഉണ്ടാകും (Total Consciousness). നിരവധി കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ഈ ഐക്യം നാം കണ്ടിട്ടുള്ളതാണ്. മുന്‍തലമുറ കുട്ടികളുടെ മാനസ്സിക നിലവാരമല്ലല്ലോ പുതുതലമുറക്കുള്ളത് - അതൊരിടത്തു മാത്രമല്ലല്ലോ സംഭവിക്കുന്നതും. ഒരേ സിദ്ധാന്തം അല്ലെങ്കില്‍ ഒരേ ആവിഷ്കാരം പലയിടങ്ങളിലായി ഒരേ സമയത്തു നടന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുമുണ്ട്. മികച്ചയൊരുദാഹരണം, റേഡിയോയുടെ കണ്ടുപിടുത്തം തന്നെ.

ഒരാള്‍ നന്നായാല്‍ അതിന്‍റെ ഫലം എല്ലാവരിലും അനുഭവപ്പെടും എന്നു പറയുന്നതിന്റെ പൊരുളിതാണ്. അതായത്, മറ്റുള്ളവരെ നന്നാക്കാനല്ല നാം സ്വയം നന്നാവാനാണ് ശ്രമിക്കേണ്ടത്. ഏകാന്തതയിലിരുന്നു ധ്യാനിക്കുന്ന താപസ്സന്മാര്‍ എന്ത് സേവനമാണ് ഭൂമിക്കു നല്‍കുന്നതെന്ന ചോദ്യത്തിനും ഇതുത്തരം നല്‍കും. നിശ്ശബ്ദരായ  സാത്വികർ ചെയ്യുന്ന സ്വാധീനം ഒരു വലിയ ജനാവലിയെ എന്നും അഭിമുഖീകരിക്കുന്ന ഒരു പ്രഭാഷകന്റേതിനേക്കാൾ പല മടങ്ങു വലുതാവാം. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ എതിര്‍പ്പുകളെ നേരിട്ട് നവീകരണത്തിന് മുന്‍കൈ എടുക്കുന്നവരും നിരാശപ്പെടേണ്ടതില്ലായെന്നുതന്നെയാണ് ഞാനും പറയുന്നത്. സമയമാകുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ അത്ഭുതാവഹമായിരിക്കും. യേശുവിന്‍റെ കാലത്ത്, ആരും സ്വപ്നം കണ്ട കാര്യമല്ലല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഇന്നേവരെയുണ്ടായിട്ടുള്ള ഒരു വിപ്ലവവും ഒരു വ്യക്തിയുടെ മാത്രം ഇശ്ചയുടെ ഫലമായിരുന്നില്ലെന്നു കാണുക. എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമല്ല ഗുണം. ഏതു സാഹചര്യത്തിലും ചെയ്യേണ്ടത്  ചെയ്തുകൊണ്ടേയിരിക്കുക; അതാണ്‌ ഓരോ മനുഷ്യനും അനുവര്‍ത്തിക്കേണ്ട ജീവിതചര്യ.

ആകമാന ബോധതലത്തിന്‍റെ പ്രവര്‍ത്തന സവിശേഷതകളല്ല ഞാന്‍ പറഞ്ഞു വരുന്നത്, പകരം ഒരു കാരണം സൃഷ്ടിക്കപ്പെട്ടാല്‍, അതേതു സാഹചര്യത്തിലായാലും, അതിനൊരു ഫലവും കാണും എന്ന അനിഷേദ്ധ്യ സത്യമാണ്. ഈ കാരണ–ഫല ബന്ധം ഭൌതിക തലത്തില്‍ മാത്രമല്ലുള്ളത്. സൂഷ്മതലത്തിലും അതിസൂഷ്മതലത്തിലുമെല്ലാം ഈ നിയമമുണ്ട് - രൂപിയായാലും അരൂപിയായാലും അതു ബാധകവുമാണ്. ‘വിതക്കുന്നവന്‍ വിതച്ചത് കൊയ്യുമെന്നും’ ‘വാളെടുക്കുന്നവന്‍ വാളാലേ’യെന്നും യേശു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്, നാം സൃഷ്ടിച്ച കാരണങ്ങള്‍ക്ക് തത്തുല്യമായ ഫലവും ഉണ്ടാകുന്നുവെന്ന് തന്നെയാണ്. തിന്മ ചെയ്യുന്നവന് നരകമെന്നും നന്മ ചെയ്യുന്നവന് സ്വര്‍ഗ്ഗമെന്നും പറയുമ്പോള്‍ ഈ നിയമം തന്നെയാണു മതങ്ങളും ആവര്‍ത്തിക്കുന്നത്. പക്ഷേ, കാരണം സൃഷ്ടിക്കുന്നവന്‍ തന്നെ ഫലം അനുഭവിക്കണമെന്നില്ല; മറ്റൊരാള്‍ക്ക് അപരനനുഭവിക്കേണ്ടിയിരിക്കുന്ന ഫലം ഏറ്റെടുക്കാന്‍ കഴിയും. ഫലം കൈമാറല്‍ യേശുവിന്‍റെ ജീവിതത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്; നമ്മുടെ അനുദിന ജീവിതത്തില്‍ നിന്ന് തന്നെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുണ്ടാവും. ദോഷഫലങ്ങള്‍ മാറ്റിയെടുക്കാനുള്ള കുറുക്കു വഴികളെന്ന വിഭാഗത്തിലാണ് മതങ്ങള്‍ ഇന്ന് പ്രചരിപ്പിക്കുന്ന പല അനുഷ്ഠാനങ്ങളും പെടുക. ഫലദോഷങ്ങള്‍ മാനുഷിക ശേഷികൊണ്ട് പരിഹരിക്കാവുന്നവയെന്നും, ദൈവികസഹായം കൂടി ആവശ്യമുള്ളതെന്നുമുള്ള രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ തിരിച്ചറിവിന്‍റെ തലത്തില്‍നിന്നുകൊണ്ട് മാത്രമേ വിധിയെ നമുക്ക് നിർവ്വചിക്കാനാവൂ. എന്തു കാരണം കൊണ്ടാണ് ആദവും ഹവ്വയും ശിക്ഷിക്കപ്പെട്ടതെന്ന ചോദ്യം ഇവിടുണ്ടാവും. ആദം സൃഷ്ടിക്കപ്പെട്ടിട്ട് കേവലം ആറായിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന പഴയനിയമ സാക്ഷ്യം ഇന്നാരും തന്നെ മുഖവിലക്കെടുക്കുന്നില്ല. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ചു കൂട്ടിയാൽ, ബൈബിളിലെ വംശാവലിപ്രകാരം നാലായിരം വർഷങ്ങൾ പോലും പഴക്കം കാണില്ല മനുഷ്യകുലത്തിന്. അവിടെ സൂചിപ്പിക്കുന്ന ഒരു ദിവസം (ബഹു കോടി കോടി കോടി വർഷങ്ങൾ ദൈർഘ്യമുള്ള) ഒരു ബ്രഹ്മദിവസത്തിന്റെ ഒരംശമായിരുന്നിരിക്കാമെന്നും ജീവന്‍റെ കണിക ഒരു മനുഷ്യനായി പരിണാമപ്പെടാന്‍ ഇത്രയും സമയം മതിയെന്നും, സത്യം പ്രതീകാത്മകമായി ജ്വലിപ്പിക്കുന്ന ഒരു മഹദ്ഗ്രന്ഥം മാത്രമാണ് പഴയനിയമപുസ്തകമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം; അല്ലാതെ, സൂര്യനുണ്ടാവുന്നതിനു മുമ്പും സൃഷ്ടാവ് ദിവസക്കണക്കു സൂക്ഷിച്ചെന്നു കരുതാനോ, ഏഴാം ദിവസം സൃഷ്ടാവ് മടുത്തു വിശ്രമിച്ചെന്നോ വിശ്വസിക്കാൻ എനിക്കു താൽപ്പര്യമില്ല. ഉൽപ്പത്തിയേയും യാദൃശ്ചികതകളെയും വിലയിരുത്തുന്നതില്‍ മതങ്ങളും ശാസ്ത്രങ്ങളും ഒരുപോലെ പരാജയപ്പെടുന്നുവെന്നും പറയാതെ വയ്യ. ഓരോ യാദൃശ്ചികതയുടെ അവസരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ഈശ്വരന്‍റെ സവിശേഷ ഇടപെടല്‍ എന്ന് വ്യാഖ്യാനിക്കുകയാവും ഉചിതം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ഇടിച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ട്രെയിന്‍ കിട്ടാതെ അവിടെ ചെന്നെത്താൻ കഴിയാഞ്ഞവരുണ്ട്, ഷൂസ് നന്നാക്കാന്‍ വേണ്ടി യാത്ര മാറ്റിവെച്ചവരുണ്ട്. എന്തുകൊണ്ട് ചിലര്‍ക്ക് അങ്ങനെ സംഭവിച്ചു, ചിലര്‍ക്കങ്ങനെ സംഭവിച്ചില്ലായെന്നത് വിശദീകരിക്കുക ദുഷ്കരം. എങ്കിലും കാരണ-ഫല ചങ്ങലയില്‍ ഇവയും ഉൾപ്പെടുന്നുവെന്നത് കാണാതിരിക്കാൻ വയ്യ.

പണ്ഡിതനായ വരരുചിയുടെ കഥ ഭാരതീയ ഇതിഹാസങ്ങളില്‍ പറയുന്നു. രാജാവിന്‍റെ ആസ്ഥാനജോതിഷനായിരുന്ന അദ്ദേഹം താന്‍ വിവാഹം കഴിക്കേണ്ടിവരുന്നത് ഒരു പറച്ചിപെണ്ണിനെയാണെന്നു മുന്നേ കണ്ട് ആ പെണ്‍കുട്ടിയെ വധിക്കാന്‍ പട്ടാളക്കാരെ അയച്ചു. പക്ഷേ, രാമായണത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ശ്ലോകം ഏതെന്നന്വേഷിച്ചലഞ്ഞ വരരുചി അവസാനം ബ്രാഹ്മണയുവതിയെന്നു കരുതി വിവാഹം കഴിച്ചതോ, ഇതേ പെണ്ണിനെ തന്നെ. പട്ടാളക്കാർ കരുണ തോന്നി നദിയിലൊഴുക്കിയ ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന ബ്രാഹ്മണ ദമ്പതികൾ എടുത്തു വളർത്തിയത് വരരുചി കണ്ടില്ല. ആ പറച്ചി പെറ്റ പന്ത്രണ്ടു പേരില്‍പെടും നാറാണത്തുഭ്രാന്തന്‍. വിധിയെ തടുക്കാനാവില്ലായെന്നു തന്നെയാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ബലൂണിന്‍റെ ഒരു വശത്ത്‌ അമര്‍ത്തിയാല്‍ മറ്റൊരു വശം വികസിക്കുമെന്നതു പോലെയെയുള്ളൂ കുറുക്കു വിദ്യകള്‍കൊണ്ട് വിധിക്കു തടയിടുന്നത്.

ഒരിക്കലും അവസാനിക്കാത്ത കാരണ-ഫല ചങ്ങലയെപ്പറ്റി പ്രതിപാദിക്കുന്ന ഭാരതീയ കര്‍മ്മസിദ്ധാന്തം നാം അല്‍പ്പം മനസ്സിലാക്കുന്നത് നല്ലതാണ്. പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്. പുനര്‍ജന്മസിദ്ധാന്തം യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു - സ്നാപക യോഹന്നാന്‍തന്നെ പുനര്‍ജന്മത്തിനുദാഹരണവുമാണ്. യേശു പുനര്‍ജന്മത്തെ എതിര്‍ത്തതായി പുതിയ നിയമം പറയുന്നില്ല; മാത്രമല്ല, ഇക്കാര്യത്തിൽ ഒരു അന്തിമയനുശാസനം യേശുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല.  എന്തായിരുന്നാലും, ജന്മലക്ഷ്യത്തിലേക്ക് ഏതൊന്നിനെയും നയിക്കുന്ന രീതിയിലുള്ള ദൈവികമായ ഒരിടപെടല്‍ എല്ലാ ജീവജാലങ്ങളുടെയും കാര്യത്തില്‍ ഉണ്ടെന്നത് തര്‍ക്കമറ്റയൊരു സത്യമാണ്. 

ജന്മോദ്ദേശ്യം മനസ്സിലാക്കാന്‍ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന കഴിവുകളും ആയിരിക്കുന്ന സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉപകാരപ്പെടും. ഓരോ മനുഷ്യനിലും അവനാവശ്യമുള്ളതെല്ലാം ജന്മനാതന്നെ നൽകപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കാതെ, സമൂഹം പ്രതീക്ഷിക്കുന്ന ഫലം നല്‍കാനുള്ള നമ്മുടെ തത്രപ്പാടുകളിലാണ് ലക്‌ഷ്യം സാധിക്കാതെ നാം പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നത്. അതായത്, നാം ഓരോ നിമിഷവും എന്താണ് ചെയ്യേണ്ടതെന്നും എങ്ങിനെയാണ് ആയിരിക്കേണ്ടതെന്നും അറിഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ വളർച്ചയില്ല. ഇത് മനസ്സിലാക്കാന്‍, യേശുതന്നെ പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ അവസാന വാചകം ശ്രദ്ധിച്ചാൽ മതി. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും സംഭവിക്കട്ടെ എന്നാണതു പറയുന്നത്. ഓരോന്ന് ചെയുമ്പോഴും, അനുനിമിഷം,  അവിടുത്തെ (ഈശ്വരന്റെ/സൃഷ്ടാവിന്റെ) ഇഷ്ടം എന്തെന്ന് മനസ്സിലാക്കി അതിവിടെ നടപ്പാകാനുള്ള ഒരു ഉപകരണമായി നാം മാറുക - അതേ നാം ചെയ്യേണ്ടതുള്ളൂ. ആ പ്രവർത്തനപഥത്തിൽ നാമായിരിക്കുംപോൾ, നാം അനുഭവിക്കേണ്ട ദോഷഫലങ്ങള്‍ നാമറിയാതെ ഒന്നൊന്നായി അലിഞ്ഞില്ലാതെയാവും - ഒരു സൂത്രപ്പണിയും ആവശ്യമില്ല.

ഒരു കുടുംബത്തിലും ഒരു മാതാപിതാക്കന്മാര്‍ക്കും ഒരേപോലെ രണ്ടു കുട്ടികള്‍ ജനിക്കാറില്ല; മാതാപിതാക്കന്മാര്‍ ഒരു ഫാക്ടറിപോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണുക. ഓരോ ജന്മവും ഓരോ ആത്മാവിന്‍റെ ആവിഷ്കാരമാണെന്നുള്ള സത്യം, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആചാര്യന്മാര്‍ അടിവരയിട്ടു പഠിപ്പിച്ചിരുന്നു. അതിന്‍റെ ചുവടു പിടിച്ചാല്‍, ഓരോ ആത്മാവും അതിനു വേണ്ട ശുദ്ധീകരണപ്രക്രിയയ്ക് അനുയോജ്യമായ ജന്മങ്ങള്‍ സ്വീകരിക്കുന്നുവെന്നുള്ള വാദഗതിയിലെ പൊരുളും മനസ്സിലാക്കാം. 

മനുഷ്യനു മാത്രമെ, ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാൻ കഴിയൂ. പക്ഷെ, മനുഷ്യജന്മത്തില്‍ ലഭിക്കുന്നയീ ഇരട്ടബോധതലത്തില്‍  നാം ലക്‌ഷ്യം മറക്കുന്നു - അതാണിവിടെ സംഭവിക്കുന്നത്‌. അറിഞ്ഞുകൊണ്ട് പൂര്‍ണ്ണബോധത്തോടെ കര്‍മ്മഫലങ്ങളെ അനായാസം അവസ്ഥാന്തരം ചെയ്യാന്‍ മനുഷ്യജന്മത്തിനോളം പറ്റിയ വേറൊന്നില്ല - അതിൽതന്നെ പുരുഷ ജന്മം മികച്ചു നിൽക്കുന്നു. വന്നു ചേർന്നതും വരാനിരിക്കുന്നതുമായ ദൌര്‍ഭാഗ്യങ്ങൾ നോട്ടക്കുറവുകൊണ്ടാണ് സംഭവിക്കുന്നതെന്ന് കരുതാതെ,  അതുതന്നെയാണെനിക്ക് വേണ്ടിയിരുന്നതെന്നും ദൈവം കാരുണ്യപൂർവ്വം തനിക്കതു നല്‍കിയല്ലോയെന്നും ചിന്തിച്ച് അതിനെ അഭിമുഖീകരിക്കുവാന്‍ സഹജീവികളെ പ്രാപ്തരാക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പ്രാർത്ഥനയെന്നു പറയുന്നതപ്പോൾ ഹൃദയത്തിൽ നിന്ന് നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നന്ദിയുടേ ശീലുകൾ മാത്രമാവും.

നാം നിര്‍വ്വചിക്കുന്ന ദൌര്‍ഭാഗ്യങ്ങളും ഭാഗ്യങ്ങളുമെല്ലാം താരതമ്യാത്മകമാണെന്നും കാണേണ്ടതുണ്ട്. എനിക്ക് കാറില്ലായെന്നത് ദൌര്‍ഭാഗ്യമായി കരുതുന്നവരുണ്ടാവാം, സൈക്കിളെങ്കിലും സ്വന്തമായുള്ള അവസ്ഥ മഹാഭാഗ്യമായി കരുതുന്നവരുമുണ്ടാവാം. സ്വയം ആരുമായും താരതമ്യം ചെയ്യാതിരിക്കുമ്പോള്‍ ഇത്തരം നിര്‍വ്വചന ദോഷങ്ങളില്‍ നിന്നും നമുക്ക് മുക്തി കിട്ടും. അതേ സമയം, അനുനിമിഷം നമ്മുടെ പോരായ്മകള്‍ നോക്കി, നമ്മെ ശിക്ഷിക്കാന്‍ വടിയോങ്ങിയിരിക്കുന്ന ഒരു ദൈവം ‘അനന്തവും പരിമിതികളില്ലാത്തതുമായ സ്നേഹ’ത്തിന്‍റെ പരിധിയില്‍ വരുന്നില്ലായെന്നതും നാം കാണേണ്ടതുണ്ട്. ദൈവം യാതൊന്നും ചെയ്യുന്നില്ല, നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്‌താല്‍ അത് നമുക്ക് തന്നിരിക്കുന്നുവെന്നു പറയുന്ന സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായിരിക്കും.

സംഭവിക്കുന്നത് മുഴുവന്‍ ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നു കണ്ട്  അതിനെ അഭിമുഖീകരിക്കാനാണ് മതങ്ങള്‍ മനുഷ്യരെ പഠിപ്പിക്കേണ്ടതെന്നാണ് എന്‍റെ പക്ഷം. ഒരു ദൈവിക പദ്ധതിയെന്ന് നിർവ്വചിച്ച് എല്ലാത്തിനെയും വേര്‍തിരിക്കുന്നതിലും നല്ലത് മാറ്റമില്ലാത്ത ദൈവിക നിയമം എന്നതിനെ വിളിക്കുന്നതാണ്. എഞ്ചിന്‍ നിലച്ചുപോയ പറന്നുകൊണ്ടിരുന്ന ഒരു വിമാനം, ഭൌതികനിയമങ്ങള്‍ മാറ്റിവെച്ചു ശാന്തമായി നിലത്തിറക്കാന്‍, ആ നിയമങ്ങള്‍ സ്ഥാപിച്ച ശക്തിതന്നെ എങ്ങനെ മുന്നോട്ടു വരും? ഈ പ്രാപഞ്ചിക ശരീരത്തില്‍ നമുക്ക് നമ്മുടെതായ ഒരു  പങ്കുണ്ട്. ജീവന്റെ തുടക്കത്തിൽ, ഒരു കോശം രോമവും മറ്റൊന്ന് കണ്ണും, വേറൊന്ന് എല്ലുമാകാന്‍ സ്വയം തീരുമാനിക്കുന്നതുപൊലെ നാമായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ ദൌത്യം ശരിയായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതവും ലക്‌ഷ്യം കാണും. സൂര്യന്‍, അതിനു നല്ലതെന്നു തോന്നിയ രീതിയിലായിരുന്നു ചലിച്ചിരുന്നതെങ്കിലൊ, അതിന്‍റെ വിധിയെ മാറ്റാന്‍ അതെന്തെങ്കിലും ശ്രമം നടത്തിയിരുന്നെങ്കിലോ ഇതെഴുതാന്‍ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല. വിധി മാറ്റിമറിക്കാന്‍ പോന്നതെന്ന പ്രഖ്യാപനത്തോടെ ഇവിടെ വിറ്റഴിക്കപ്പെടുന്ന അനുഷ്ടാനഗുളികകള്‍ ആത്യന്തിക വിശുദ്ധീകരണത്തിലേക്ക് ആരെയെങ്കിലും കൊണ്ടുപോകുമെന്നും ഞാന്‍ കരുതുന്നില്ല.

സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെങ്കിലും ഉപായങ്ങള്‍ കൊണ്ട് വ്യത്യാസപ്പെടുത്താന്‍ തീര്‍ത്തും സാധിക്കില്ലായെന്നല്ല ഞാന്‍ പറഞ്ഞത്. ആ മാറ്റങ്ങളും പുതിയ കാരണങ്ങളെ സൃഷ്ടിക്കുമെന്നും ഒരു പക്ഷേ, ആദ്യത്തേതിലും വലുതായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഞാന്‍ പറയുന്നത്. അതായത്, നമുക്ക് ലഭിച്ചതെന്തോ അതാണ്‌ നമ്മുടെ  വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായതെന്ന് മനസ്സിലാക്കാതെ അതില്‍ നിന്ന് ഒളിച്ചോടാനോ, വഴുതി മാറാനോയുള്ള എല്ലാ ശ്രമങ്ങളും നഷ്ടത്തിലാവും അവസാനിക്കുക. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, ഒരു കാരണമായേക്കാവുന്ന യാതൊന്നും സൃഷ്ടിക്കാതെയിരുന്നാലെ, ഫലങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നതിലും അർത്ഥമുള്ളൂ. അതു തിരിച്ചറിയാന്‍ ഒരു പക്ഷേ കാലചക്രം കുറേക്കൂടി കറങ്ങേണ്ടിവന്നേക്കാം എന്നേയുള്ളൂ. 

ജീവന്‍റെ ആദ്യ സ്പന്ദനം മുതൽ മുതല്‍ പ്രപഞ്ചത്തിന്റെ അന്ത്യശ്വാസം വരെയുള്ള സര്‍വ്വതും ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നു സദ്‌ഗുരുക്കന്മാര്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്തിടത്തോളം കാലം ഓരോ ആത്മാവും പൂർണ്ണതയിൽ നിന്നകലെയാണ്. പൂർണ്ണതയിലായിരിക്കുകയെന്നത് (സ്വർഗ്ഗപ്രാപ്തി) സുഖകരമായ ഒരവസ്ഥയെന്നാണ് നാം പഠിച്ചുവെച്ചിരിക്കുന്നത്. പക്ഷേ, ഒരു തീജ്വാല ഊതി കെടുത്തിയാലെന്നതുപോലെ സമയത്തിനും കാലത്തിനും സര്‍വ്വ അഹംഭാവങ്ങള്‍ക്കും അതീതമായ ശൂന്യതയിലേക്കുള്ള ഒരു മാറ്റമാണതെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്? മനുഷ്യന്‍ കര്‍മ്മഫലത്തെ ഭയക്കുന്നു. ആ ഫലഭീതി മനുഷ്യനില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ മതങ്ങള്‍ ജനിക്കുമായിരുന്നില്ല - സത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം പലരും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. 

ശൂന്യതയില്‍ നിന്നാരംഭിച്ചത് ശൂന്യതയില്‍ തന്നെ അവസാനിച്ചേ ഒക്കൂ. ഭാരതീയ സമയക്രമമനുസരിച്ച്‌ ഓരോ കല്പ്പത്തിനു ശേഷവും പ്രളയവും ബ്രഹ്മാവിന്‍റെ രാത്രിയും വരും. നേരം പുലര്‍ന്നാല്‍ വീണ്ടും പ്രപഞ്ചത്തിനുള്ളിലെ ജീവന്‍ വീണ്ടും മറ്റൊരു കല്‍പ്പചക്രത്തിലേക്ക് പ്രവേശിക്കും. അതായത് വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ  ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും. ഇവിടെ വിധിയെപ്പറ്റി ഞാന്‍ എഴുതിയത് അപ്പാടെ ശരിയെന്ന് വിധിയെഴുതുന്നവരെയല്ല ഞാന്‍ ബഹുമാനിക്കുന്നത്‌, പകരം ഇതിലും ശരിയുണ്ടായിരിക്കാം എന്ന് കരുതുന്നവരെയാണ്.

Tuesday, 20 December 2016

എന്താണ് അറിയൽ - 20

വളർച്ചയുടെ പാതയിൽ, അറിവുകളുടെയും അനുഭവങ്ങളുടെയുമൊക്കെ മറവിൽ അനേകം നിബന്ധനകൾ (പ്രോഗ്രാമുകൾ) രോരുത്തരും ദിവസവും മനസ്സിൽ സ്വരൂപിക്കുന്നു - അറിഞ്ഞും അറിയാതെയും. അറിവായി നാം ശേഖരിച്ച്, എന്നന്നത്തേക്കുമായി മനസ്സിൽ സൂക്ഷിക്കുന്ന മിക്ക തുണ്ടുകളോടുമൊപ്പവും വൈറസ്സുകൾ പോലെ പ്രോഗ്രാമുകളും കാണും. തു സാഹചര്യത്തിലായിരുന്നാലും, നാം സ്ഥാപിച്ചിരിക്കുന്ന (Installed) ത്തരം പ്രോഗ്രാമുകളുടെ സ്വാധീനമനുസരിച്ചായിരിക്കും, ബുദ്ധിയിൽനിന്നപ്പപ്പോൾ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി/പ്രതികരണങ്ങൾക്കായി നിർദ്ദേശങ്ങൾ അയക്കപ്പെടുക. പ്രോഗ്രാമുകൾ, അതെന്തായാലും (നല്ലതായാലും ചീത്തയായാലും) പ്രപഞ്ചത്തിന്റെ തനിമയിൽ നിന്ന് രോരുത്തരേയും അകറ്റുവാൻ മാത്രമേ പകരിക്കൂ. ധ്യാനം നല്ലതാണെന്ന വിശ്വാസവും ഒരു പ്രോഗ്രാം തന്നെയാണ്. അടിസ്ഥാന പ്രാപഞ്ചിക പ്രോഗ്രാമുകളല്ലാതെ എത്രമാത്രം പ്രോഗ്രാമുകൾ നാം സമാഹരിച്ചിട്ടുണ്ടോ അത്ര കുറവുമാത്രമേ പ്രപഞ്ചത്തെ നാം ശ്രയിക്കൂവെന്നുള്ളിടത്താണ് പ്രശ്നം. അതായത്, പ്രോഗ്രാമുകൾ മൂലസ്പന്ദനത്തിന്റെ ധാരയിൽ നിന്നും ആശ്രിതരെ അകറ്റുന്നു. മൂലസ്പന്ദനം പ്രപഞ്ചമാകെ നിറച്ചിരിക്കുന്ന സർവ്വസൗഖ്യദാന ശേഷിയുള്ള ർജ്ജം നമുക്കു ലഭ്യമാകാതെ പോവുകയാണ് പ്രോഗ്രാമുകൾ കൊണ്ടു സംഭവിക്കുക. പ്രോഗ്രാമുകൾ വളരെക്കുറച്ചു മാത്രമുള്ള കുട്ടികളിൽ എളുപ്പം രോഗസൗഖ്യം ലഭ്യമാകുന്നതിന്റെ ഒരു മുഖ്യകാരണം അതാണ്. ഒരു റേഡിയോ, ഒന്നിനുമേലൊന്നായി തുണിക്കഷണങ്ങൾ (ഓരോരോ പ്രോഗ്രാമുകൾ) കൊണ്ടു മൂടപ്പെട്ടുകൊണ്ടേയിരുന്നാൽ റേഡിയോയിൽ നിന്നുള്ള ശബ്ദം ആനുപാതികമായി നേർത്തു നേർത്തുവരുമെന്നതുപോലെ പ്രപഞ്ചത്തിൽ നിന്നകലുന്നവർ സുഖത്തിൽ നിന്നും അസുഖത്തിലേക്കു സാവധാനം നീങ്ങിക്കൊണ്ടിരിക്കും. വലിപ്പ-ഗുണവ്യത്യാസങ്ങൾ പരിഗണിക്കപ്പെടാതെ ഉള്ളിലുള്ള കൃത്രിമപ്രോഗ്രാമുകളെ മുഴുവൻ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള ഒരൊറ്റ മാർഗ്ഗമേയുള്ളൂ - ധ്യാനം. 
നമ്മുടെ ചിന്തകളും മനോഭാവവുമാണ് നമ്മുടെ ആത്യന്തികയാരോഗ്യത്തെ നിർണ്ണയിക്കുന്നത്. പൊതുവേ, ഭാവിയേപ്പ്പറ്റി വളരെയേറെ സ്വപ്നങ്ങൾ കാണുന്ന ചെറുപ്രായത്തിൽ കണ്ണട ഉപയോഗിക്കുന്നത് അടുത്തുള്ള കാര്യങ്ങൾ കാണാനാണെങ്കിൽ, സ്വപ്നങ്ങളുടെ അപ്രായോഗിത തൊട്ടറിഞ്ഞ വാർദ്ധക്യത്തിൽ, കണ്ണട വേണ്ടത് അകലെയുള്ള കാര്യങ്ങൾ കാണാനായിരിക്കുമെന്നു ശ്രദ്ധിക്കുക. മാനസികതലത്തിൽ മാത്രമല്ല ആത്മീയതലത്തിലും നമ്മിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശാരീരിക സ്ഥിതിയെ സ്വാധീനിക്കും. വ്യക്തമായിപ്പറഞ്ഞാൽ, ആത്മാവിലോ, മനസ്സിലോ ശരീരത്തിലോ ഉണ്ടാകുന്ന ഒരു മാറ്റം മറ്റു രണ്ടുതലങ്ങളേയും ബാധിക്കും. ഇതു പരിഗണിച്ചുള്ള ചികിൽസാ സമ്പ്രദായങ്ങളേയാണ് സമ്പൂർണ്ണ (ഹോളിസ്റ്റിക്) ചികിൽസാ രീതികൾ എന്നു വിളിക്കുന്നത്. അസുഖമെന്നു പറഞ്ഞാൽ തന്നെ സൗഖ്യത്തിൽനിന്നുള്ള മാറ്റമാണ് - അതായത്, പരമസുഖമായ ശ്വരനിൽനിന്നുള്ള അകൽച്ച. അനാവശ്യമായ ഇത്തരം രോഗങ്ങളിൽ നിന്നു മോചനം നേടാനാദ്യം നാമുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പ്രോഗ്രാമുകളെ ഒഴിവാക്കുകയാണു ചെയ്യേണ്ടത്. ഇതു പ്രാപ്യമാക്കാൻ അനേകം മാർഗ്ഗങ്ങളുണ്ടെങ്കിലും നാം തിരഞ്ഞെടുക്കേണ്ടത്, അവസാനം വരെയുപയോഗിക്കാൻ പറ്റുന്ന മാർഗ്ഗമായിരിക്കണം. ഇവിടെയാണു ധ്യാനത്തിന്റെ പ്രാധാന്യം.
ശരിയായ ധ്യാനത്തിന്റെ ('വതസ്യ നിശ്ചിന്തനം ധ്യാനം' - constant awareness of That) സുപ്രധാനമോ അവിഭാജ്യമോ ആയ കണ്ണിയായി എടുത്തുകാട്ടിയിരിക്കുന്നത് 'അതിനെ'(ബ്രഹ്മത്തെ) അറിഞ്ഞുകൊണ്ടേയിരിക്കലാണ് (awareness). അപ്പോൾ, ഈ അറിഞ്ഞുകൊണ്ടേയിരിക്കലെന്താണെന്നു ധ്യാനിക്കാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞല്ലേ മതിയാവൂ? Awareness (അറിഞ്ഞുകൊണ്ടേയിരിക്കൽ) എന്ന ഇംഗ്ലിഷ് പദത്തിനു തത്തുല്യമായ അർത്ഥമുള്ള പദം മലയാളത്തിലില്ല. ആയിരിക്കുന്ന അവസ്ഥയിലുള്ളതെല്ലാം അറിഞ്ഞുകൊണ്ടേയിരിക്കലാണ് Awareness  എന്നു പറയാം. ഈ അറിഞ്ഞിരിക്കലിൽ, ഞാനെന്താണ്, ഞാനെന്തിനാണ്, എനിക്കു ചുറ്റുമുള്ളതൊക്കെ എന്തിനുള്ളതാണ്, ഇപ്പോളെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് ....., അങ്ങിനെ പ്രപഞ്ചത്തിലും അതിനപ്പുറവുമിപ്പുറവുമൊക്കെയുള്ള സകലതിന്റെയും അവസ്ഥകൾ ഈ അറിയലിലായിരിക്കുന്നവൻ അറിഞ്ഞുകൊണ്ടേയിരിക്കും. ഈ അറിയൽ ഭാവിയിലോ ഭൂതത്തിലോ ആയിരിക്കില്ല, പകരം ആയിരിക്കുന്ന വർത്തമാന കാലത്തുമാത്രമായിരിക്കുകയും ചെയ്യേണ്ടതുണ്ട്. മനസ്സെപ്പോഴും ഭൂതകാലത്തോ ഭാവികാലത്തോ ആയിരിക്കുമെന്നതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകിച്ചു പറയേണ്ടി വരുന്നത്. ഭാവിയും ഭൂതവും യാഥാർത്ഥ്യമല്ലെന്നും ആയിരിക്കുന്ന ഈ നിമിഷം മാത്രമേ സത്യമായിട്ടുള്ളൂവെന്നും തിരിച്ചറിയുന്നവനാണല്ലൊ യഥാർത്ഥ അറിയലിലായിരിക്കുന്നവൻ. 
പ്രപഞ്ചമെന്നോ ദൈവമെന്നോ വിശേഷിപ്പിക്കപ്പെടുന്നതിൽ സർവ്വതും ഉൾപ്പെടുന്നു; എല്ലാം ബ്രഹ്മത്തിന്റെ ഭാഗം. യാതൊരറിവുകളും സിദ്ധികളും ബ്രഹ്മത്തിനജ്ഞാതമല്ല; ബ്രഹ്മത്തിലേക്കടുക്കുന്നവന്റെ മുന്നിൽ ഭാവി-ഭൂത-വർത്തമാന കാല സ്ഥിതിജ്ഞാനവും ബ്രഹ്മസിദ്ധികളും (സൃഷ്ടിശേഷിയും) അനാവരണം ചെയ്യപ്പെടുന്നു. അറിവുകൾ തരം തിരിക്കപ്പെട്ടിട്ടില്ലെങ്കിലും സിദ്ധികൾ 32 എന്ന് ഭാരതീയ ഇതിഹാസങ്ങളിൽ കാണുന്നു. സിദ്ധികളൊന്നൊന്നായി ലഭ്യമാവുമ്പോൾ അതു ലഭിച്ചുവെന്നറിയുന്നവൻ അതുകൊണ്ടു സ്വന്തം വ്യക്തിത്വം ജ്വലിപ്പിക്കാൻ വ്യഗ്രതപ്പെട്ടാൽ എന്താണു സംഭവിക്കുക? അവനിലെ അഹം (ഈഗോ) കൂടുതൽ ശക്തിപ്രാപിക്കുകയാവും ലമായി സംഭവിക്കുക. ഇന്നത്തെ അഭിനവ ഗുരുക്കന്മാരിൽ ബഹുഭൂരിപക്ഷവും ഈ കെണിയിൽ കിടന്നു പിടയുന്നവരാണ് - ഓഷോയുടെ അഭിപ്രായത്തിൽ 99.99 ശതമാനവും. സിദ്ധികളെ പ്രദർശിപ്പിച്ചു പണമാക്കി മാറ്റാൻ ഒരു സിദ്ധനും പിന്നിലല്ല. അവരുടെയും അവരോടൊപ്പമുള്ളവരുടേയും വളർച്ച അവിടെത്തീരുന്നുവെന്നു പറയുന്നതാണു ശരി. അബോധമനസ്സിന്റെ സൂഷ്മതലത്തിലുള്ള ഈ സിദ്ധിമേഖലവരെയെത്താൻ ധ്യാനത്തിന്റെ പരിശുദ്ധമായ മാർഗ്ഗങ്ങൾ അത്യാവശ്യമല്ല. കൃത്രിമമോ ശാസ്ത്രീയമോയായ ഏതെങ്കിലും മാർഗ്ഗത്തിലൂടെയും സിദ്ധിലോകം വരെയൊക്കെയെത്താം. പ്രഭാഷണങ്ങൾ മനസ്സിനെ യുക്തിസഹമായി ഉത്തേജിപ്പിക്കുന്നയൊരു കൃത്രിമ മാർഗ്ഗമാണ്. അനേക വർഷങ്ങൾ തപസ്സിലൂടെ നേടിയ ഭാരമില്ലായ്മ ശരീരത്തിനനുഭവേദ്യമാക്കാൻ ഒരു കഞ്ചാവുപുക അല്ലെങ്കിൽ ഒരിഞ്ചക്ഷൻ മതിയാവാം. ഉച്ചത്തിലുള്ള പാട്ടുകളും കണ്ണിനെ കുളിർപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങളും, മനസ്സിനെ ചിന്തിപ്പിക്കുന്ന പ്രഭാഷണങ്ങളുമൊക്കെയുണ്ടെങ്കിലേ (Props and Koans) ധ്യാനിക്കാനാവൂയെന്നു ശഠിക്കുന്നവൻ ധ്യാനത്തിലൂടെ അധികം ദൂരം പോവില്ലെന്നുറപ്പ്. ഇടയ്കു വൈദ്യുതി നിലച്ചാൽപ്പോലും അവന്റെ യാത്ര താൽക്കാലികമായി അവസാനിക്കും. ആരു നിശ്ശബ്ദതയേ (ആന്തരികവും ബാഹ്യവുമായ) കൂട്ടുപിടിക്കുന്നുവോ അവനെ ആത്യന്തികമായ ജയ സാദ്ധ്യതയുള്ളൂ - അവനേ ആനന്ദമയകോശത്തെ പ്രാപിക്കുകയുമുള്ളൂ.
അറിഞ്ഞുകോണ്ടേയിരിക്കൽ (Awareness) പ്രകാരം ഏതൊരുവ്യക്തിക്കും ഈ പ്രപഞ്ചത്തിലുള്ള സ്ഥാനം ഒരു കാണി(സാക്ഷി)യുടേതു മാത്രമാണ്. ഇവിടെ നടക്കുന്നതെല്ലാം പ്രാപഞ്ചിക സ്റ്റേജിൽ നടക്കുന്ന ഒരു മഹാനാടകത്തിന്റെ ഭാഗമായിട്ടായിരിക്കണം അത്തരക്കാർ കാണേണ്ടത്. ഒരോരുത്തരുടേയും മുന്നിൽ നടക്കുന്ന പ്രാപഞ്ചിക നാടകത്തിൽ അനേകം അഭിനേതാക്കളുണ്ടാവാം, കഥക്കു വീര്യം പകരുന്ന അനേകം സംഭവങ്ങളുമുണ്ടാവാം. ഇതെല്ലാം കണ്ടറിഞ്ഞുകൊണ്ടിരിക്കുകയല്ലാതെ ആരും കഥയിൽ കയറിക്കരയുകയോ അരങ്ങിൽക്കയറി ചിരിക്കുകയോ ചെയ്യാൻ പാടില്ല. അങ്ങിനെ ചെയ്താൽ അവനും കഥയുടെ ഭാഗമായി മാറും - സാക്ഷിയുടെ ദൗത്യം അതല്ല. ഗൗതമബുദ്ധൻ ഒരുതരം മാനസിക സമതുലനാവസ്ഥയേപ്പറ്റിയാണു (Equanimity - സുഖത്തിലും ദുഖത്തിലുമെന്നല്ല ഒരു സാഹചര്യത്തിലും വൈകാരികമായി സജീവമാകാത്ത ഒരവസ്ഥ) പറയുന്നത്. ബുദ്ധിസ്റ്റ് ധ്യാനമാർഗ്ഗമായ വിപസ്സന (സ്വയം അറിയൽ) ധ്യാനത്തിന്റെ ആദ്യപാദത്തിൽ ശ്വാസത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കലാണു മുഖ്യമായുമുള്ളത്. ശരീരത്തിലൊരു ബലമനുഭവപ്പെട്ടാലും മനസ്സിലൊരു ബലമനുഭവപ്പെട്ടാലും ശ്വാസത്തിന്റെ ഗതിയിൽ വ്യത്യാസം വരും. മനസ്സിനും ശരീരത്തിനും ഇടക്കുള്ള ഒരു പാലമായ ശ്വാസത്തിന്റെ ഗതി നിരീക്ഷിക്കപ്പെടുന്നുവെങ്കിൽ ആ വ്യതിയാനം അവിടെ ഉണ്ടാവണമെന്നില്ല. ഞാൻ കോപിക്കുകയാണെന്നു നിരീക്ഷിക്കുന്നവനിൽ നിന്നും കോപം എളുപ്പത്തിൽ അപ്രത്യക്ഷമാകുന്നതുപോലെയാണിത്. ശ്വാസഗതി ഒരേപോലെ നിലനിർത്താൻ കഴിയുന്നുവെങ്കിൽ വ്യക്തി അറിയാതെ തന്നെ മനസ്സിലും ശരീരത്തിലും സൗഖ്യം സാദ്ധ്യമാണ് (അസുഖം എന്താണെന്നുപോലും ആരും അറിഞ്ഞിരിക്കേണ്ടതില്ലത്രെ). വേദന സഹനമല്ലെന്നും സഹനത്തിനു വേദനയുണ്ടാവണമെന്നില്ലെന്നും സദാ അറിഞ്ഞുകൊണ്ടിരിക്കുന്നവൻ മനസ്സിലാക്കിയിരിക്കും. 
സുഖവും ദുഖവും മാറി മാറി രംഗത്തെത്തിക്കൊണ്ടിരിക്കുന്ന ഈ ജീവിതവേദിയിൽ വികാരരഹിതരായി നിൽക്കാൻ കഴിയുംപോൾ മാത്രമേ നാം ആ മേഖലയിൽ അറിഞ്ഞുകൊണ്ടെയിരിക്കുന്നവനാവൂ. സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെയെല്ലാമുത്തരവാദിത്വം ഏറ്റു ക്ഷീണിക്കേണ്ടവരല്ല നാം - ട്രയിനിൽ യാത്ര ചെയ്യുമ്പോൾ ഭാരം തലയിൽത്തന്നെ സൂക്ഷിക്കുന്നവനേപ്പോലെയുമാകരുതാരും. പ്രശ്നം എത്ര സങ്കീർണ്ണമാണെങ്കിലും അതിനു തക്കതായ പരിഹാരം പ്രശ്നത്തിനുകാരണമായ പ്രപഞ്ചത്തിന്റെ കൈവശമുണ്ടെന്നും കാണണം, ആ പ്രശ്നം ആ അവസ്ഥയിൽ അവിടെയായിരിക്കേണ്ടത് തന്റെ വളർച്ചക്കത്യന്താപേക്ഷിതമാണെന്നും അവൻ കാണണം. പ്രപഞ്ചത്തിന്റെ ഒരവയവമായിനിന്നു പ്രശ്നം പരിഹരിക്കാൻ കാരണമാകുന്നുവെങ്കിൽ അതു വേറൊന്നാണ്. അവിടെ ഞാൻ വേദനയുമല്ല സഹനവുമല്ല പ്രശ്നവുമല്ല, പ്രശ്നപരിഹാരവുമല്ലെന്ന ചിന്തയാണു വേണ്ടത് - അപ്പോഴേ ഒഴുക്കു ശരിയാവൂ. എന്നിലെ സുതാര്യതയെ അല്ലെങ്കിൽ സൂര്യനെ മറയ്കുന്ന ചിന്തകൾക്കു പകരം ആയിരിക്കുന്ന നിമിഷത്തെ അതായിരിക്കുന്നതുപോലെ അറിയാനും അംഗീകരിക്കാനും സഹായിക്കുന്ന ചിന്തകളാണു വേണ്ടതെന്നിശ്ചിക്കാൻ നമുക്കു കഴിയണം. ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു നിമിഷവും എന്റേതായി വരുന്നില്ലെന്നും കാണണം. ധ്യാനത്തിലൂടെ ശുദ്ധമായ അവബോധത്തിൽ എത്തിച്ചേരുമ്പോഴെ യാഥാർത്ഥ്യം നമ്മുടെ മുന്നിൽ മാറാല നീക്കി മുഖം കാണിക്കൂ. അപ്പോൾ, കാരണവും ഫലവുമെല്ലാം ഒന്നുതന്നെയാണെന്നു നമുക്കു കാണാനും കഴിയും. ഒന്നു സൂക്ഷിച്ചു നോക്കിയാൽ അപരനു വേണ്ടി ബലിയാകാൻ മടിയില്ലാത്ത ധ്യാനാവസ്ഥയിലായിരിക്കുന്ന ചരാചരങ്ങളാണു പ്രപഞ്ചം നിറയെ.
അറിയലിലായിരിക്കുന്നവന് അവന്റെ മേൽ സമ്പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കുമെന്നുള്ളതും പറയാതെ വയ്യ. ഗൗതമബുദ്ധൻ അറിഞ്ഞുകോണ്ടേയിരിക്കൽ (Awareness) എങ്ങിനെയെന്നു ശിക്ഷ്യന്മാരെ കാണിക്കാൻ അദ്ദേഹത്തിന്റെ തോളിൽ വന്നിരുന്ന ഒരു കൊതുകിനെ തുരത്തിയ കഥ പ്രസിദ്ധം. സാധാരണ സംഭവിക്കുന്നതുപോലെ കൊതുകിന്റെ സ്പർശനം അനുഭവപ്പെട്ടിടത്തേക്ക് ബോധമനസ്സറിയാതെ അതിവേഗം കൈചലിക്കുകയല്ല സംഭവിച്ചത്. പകരം, ഓരോ ചെറിയ ചലനവും അദ്ദേഹത്തിന്റെ ബോധമനസ്സിന്റെ അറിഞ്ഞുള്ള പ്രവർത്തനമാക്കിയദ്ദേഹം മാറ്റി. അദ്ദേഹത്തിന്റെ കൈ തോളിൽ ചെന്നപ്പോഴേക്കും കൊതുകതിന്റെ കാര്യം സാധിച്ചിട്ടു സ്ഥലം കാലിയാക്കിയിരുന്നുവെന്നതു വേറൊരു കാര്യം. ഒരുവൻ അവന്റെ ജീവിതം നേടിയെന്നു പറയണമെങ്കിൽ അവൻ അവനെത്തന്നെ നേടിയിരിക്കണം. അവനെത്തന്നെ നേടുകയെന്നു പറഞ്ഞാൽ അവന്റെ മേൽ സമ്പൂർണ്ണ നിയന്ത്രണം അവനുണ്ടായിരിക്കണം. ഒരു ഡ്രൈവറും വാഹനവും തമ്മിലുള്ള ബന്ധത്തിനു സമമായിരിക്കും അറിയലിൽ ജീവിക്കുന്നവന്റെ ദേഹവും ദേഹിയും തമ്മിലുണ്ടായിരിക്കുക. ഇവിടെ, ദേഹിയറിയാതെ ഒരു സ്പന്ദനം പോലും ദേഹത്തു സംഭവിക്കുന്നില്ല. ശാരീരിക ചലനങ്ങൾ മാത്രമല്ല, മനസ്സിന്റെ വ്യാപാരങ്ങളും 'അറിഞ്ഞിരിക്കലിൽ' തികഞ്ഞ ബോധത്തോടെയായിരിക്കും സംഭവിക്കുക. അതായത്, ഒരു ചിന്തയും ഒരുവനറിയാതെ അകത്തേക്കും വരുന്നില്ല പുറത്തേക്കും പ്രസരിക്കുന്നില്ല. അവനിശ്ചിക്കാതെ വികാരങ്ങളും രൂപപ്പെടുന്നില്ല, ആഗ്രഹങ്ങളും പരിണാമപ്പെടുന്നില്ല. ഞാനതാണ്, ഇതാണ് എന്നൊക്കെയുള്ള വീക്ഷണങ്ങൾ മാറി ഞാനെല്ലാമാണ് ഞാനെല്ലാറ്റിലുമുണ്ട് എല്ലാമെന്നിലുമുണ്ടെന്നും, അറിയുകതന്നെയാണു മോക്ഷമെന്നും ഇവിടെ മനസ്സിലാകും. ഇതൊരുതരം മാനസാന്തരം തന്നെ. ധ്യാനത്തിൽ മുന്നേറുന്നവനേക്കാൾ സ്വതന്ത്രനായി വേറെയാരും ഉണ്ടാവണമെന്നില്ല. ഈ സ്വാതന്തൃം അനുഭവിക്കാൻ ധൈര്യം വേണം, അതില്ലാത്തവരാണ് മതങ്ങൾക്കു കീഴിൽ അടിമകളേപ്പ്പോലെ കിടന്നു കേഴുന്നത്. അറിവിലായിരിക്കുകയെന്നതു നിസ്സാരമായ കാര്യമല്ലെങ്കിൽ ധ്യാനവും ഉദ്ദേശിക്കുന്നതുപോലെ ലളിതമായ ഒരു ക്രിയയല്ലെന്നു മനസ്സിലാക്കിയേ തീരൂ.
ആരുടേയും ആയിരിക്കൽ ഈ നിമിഷം തുടങ്ങിയതല്ലായിരിക്കുന്നിടത്തോളം കാലം, മുന്നോട്ടുള്ള പോക്കിന് നാം മുന്നേ ആർജ്ജിച്ച മാലിന്യങ്ങൾ (കർമ്മദോഷങ്ങൾ /ബന്ധനങ്ങൾ) നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതുണ്ട്. വാസ്തവത്തിൽ, നമ്മുടെ മാലിന്യങ്ങൾ എന്താണെന്നറിയാവുന്ന മരണമില്ലാത്ത ഉപബോധമനസ്സിന്റെ (ആത്മാവിന്റെ) ഇംഗിതമനുസ്സരിച്ച് ലക്ഷ്യപ്രാപ്തിക്കനുയോജ്യമായ ഒരു ജീവിത സാഹചര്യത്തിലേക്കാണു ശിശുവായി ഓരോരുത്തരും ജനിക്കുന്നത്. ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ ബഹളത്തിൽ ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യം മിക്കവരും മറക്കുന്നു. ഇതിനേയും അറിഞ്ഞുകൊണ്ടേയിരിക്കലിന്റെ പോരായ്മയായി കാണണം. ജിവിതം നാം ബോധപൂർവ്വം തിരഞ്ഞെടുത്തതല്ലായെന്നുള്ള ചിന്തയും നമുക്കു വേണ്ട; ആത്മീയതലത്തിലോ മാനസികതലത്തിലോ എന്തെല്ലാം നടന്നു അല്ലെങ്കിൽ നടന്നില്ലായെന്നു നമുക്കു പറയാനാവാത്തിടത്തോളം കാലം അങ്ങിനെയൊരു നിഗമനത്തിനു പ്രസക്തിയില്ല. ഓരോരുത്തരും ഇവിടെ ആയിരിക്കുന്നതിന് ഒരു പ്രത്യേക ലക്ഷ്യമുണ്ടെന്നു പറയാം. അതാകട്ടെ സ്പഷ്ടമായും ശരിയായ ദിശയിൽ പരിണാമപ്പെടുകയായിരിക്കുമെന്നതിനും സംശയമില്ല. ഈ ദൗത്യം തിരിച്ചറിയാൻ ആരുമൊന്നും ചെയ്യേണ്ടതില്ല, അവനവനു കിട്ടുന്ന സാഹചര്യങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുക മാത്രം ചെയ്താൽ മതി. ഒരുവന്റെ ദൗത്യമാണ് അവന്റെ മുന്നിൽ സദാ പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചത്തിന്റെ ഈ ദുരൂഹക്രമീകരണം മനസ്സിലാക്കാൻ മനുഷ്യബുദ്ധിക്കു സാധിക്കണമെന്നില്ല. പലപ്പോഴും നമ്മെ അൽഭുതപ്പെടുത്തുന്ന അവിചാരിത സംഭവികാസങ്ങൾ (Coincidences) ശാസ്ത്രത്തിനു തൃപ്തികരമായി വിശദീകരിക്കാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. കാൾ യുങ് എന്ന സൈക്കോഅനലിസ്റ്റ് ജീവിതത്തിൽ തെളിമ (luminoscity) അനുഭവപ്പെടുന്ന ചില മാർഗ്ഗങ്ങളേപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അതും ദൗത്യത്തിലേക്കു ഒരുവനെ നയിക്കുന്നുവെന്നദ്ദേഹം സൂചിപ്പിക്കുന്നു. 

Friday, 16 December 2016

എന്താണു ധ്യാനം? - 19

ധ്യാനത്തെപ്പറ്റി എന്തെഴുതിയാലും, ശരിയായ ഒരു ധാരണ വായനക്കാരനു കൈമാറാൻ കഴിയുന്നില്ലെങ്കിൽ തൽസംബന്ധമായ ലേഖനങ്ങളും ഉപദേശങ്ങളുമൊക്കെ വളരെ ദോഷം വരുത്തിയേക്കാം. ഫലം വ്യക്തിഗതമായതുകൊണ്ട്, ധ്യാനത്തിന്റെ ഓരോ ഘട്ടത്തിലും പരിശീലകനുണ്ടാകുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലും ധ്യാനത്തെ കൃത്യമായി നിർവചിക്കാനാവില്ല. എങ്കിലും, അക്ഷരാർഥത്തിൽ ധ്യാനമെന്നു പറഞ്ഞാൽ പ്രഭാഷണ പരമ്പരയുമല്ല എന്തെങ്കിലും ആസനാഭ്യാസവുമല്ല. ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു തലങ്ങളുമായി ആയിരിക്കുന്ന മനുഷ്യർ, ആകമാന സൗഖ്യം പ്രാപ്യമാക്കാൻ ശരീരം, ശ്വാസം, മനസ്സ് എന്നീ മൂന്നു മാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നത്. അത്തരം അഭ്യാസങ്ങളെയെല്ലാം ധ്യാനങ്ങൾ എന്നു വിളിക്കുന്നതാണ് ധ്യാനത്തെപ്പറ്റിയുള്ള മനസ്സിലാക്കലുകളിൽ അവ്യക്തത സൃഷ്ടിക്കുന്നതിനൊരുകാരണം. ധ്യാനത്തിന്റെ പരമോന്നത ലക്ഷ്യമാണത്തരം അഭ്യാസങ്ങൾക്കുമുള്ളതെന്നതുകൊണ്ട് അവയൊന്നും ധ്യാനമാകുന്നില്ല. ധ്യാനമെന്ന വാക്കിന് ഓരോ നിഘണ്ടുവും വ്യത്യസ്ഥ അർഥങ്ങളാണ് കൊടുത്തിരിക്കുന്നതെന്നും, ആകെ ലോകത്തുള്ള ജനസംഖ്യയേക്കാൾ കൂടുതൽ തരത്തിലുള്ള ധ്യാനങ്ങൾ പ്രചാരത്തിലുണ്ടെന്നും ശ്രദ്ധിക്കുക. ധ്യാനമെന്ന വാക്കിന്റെ ശുദ്ധ തർജമയല്ല, ഇംഗ്ലീഷിലെ മെഡിറ്റേഷൻ (meditation) എന്ന വാക്ക്. സംസ്കൃതത്തിലെ 'ധർമ്മ', 'സാധന', 'യോഗാ' പോലുള്ള പല പ്രധാന വാക്കുകൾക്കും തുല്യമായ വാക്കുകൾ ഒരു ഭാഷയിലും ഇല്ലെന്നു തന്നെ പറയാം. 

പതറാതെ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ധ്യാനമെന്നു കരുതുന്നവരുണ്ട്; യാതൊരു ചിന്തകളുമില്ലാതെ കുറച്ചുനേരമിരിക്കാൻ കഴിഞ്ഞാൽ അതാണു ധ്യാനമെന്നു കരുതുന്നവരുമുണ്ട്. ആദ്യത്തെയവസ്ഥ സൃഷ്ടിക്കാൻ, എന്തിലാണോ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ ചിത്രം കണ്മുന്നിൽ വെച്ചാൽ മതിയാവും; രണ്ടാമത്തെ അവസ്ഥ പ്രാപ്യമാക്കാനാകട്ടെ നന്നായൊന്നുറങ്ങിയാലും മതിയാകും. ശ്രദ്ധ ചിതറിപ്പിക്കലായാലും, യാതൊന്നിലും ശ്രദ്ധയില്ലാതിരിക്കലായാലും ധ്യാനമാവുമെന്നു കരുതരുത്. രൂപവും ഗുണവുമൊന്നുമില്ലാത്ത ഈശ്വരനിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണു ശരിയായ ധ്യാനമെന്നു പറയാം. ഈശ്വരൻ ജ്ഞാനമായതുകൊണ്ടുതന്നെ ബ്രഹ്മജ്ഞാനത്തെപ്പറ്റി അറിയുന്നവനേ ആ രീതിയിൽ സത്യത്തെ ധ്യാനിക്കാനാവൂയെന്നു പറയുമ്പോൾ, പിന്നെങ്ങിനെയാണു ധ്യാനിക്കുകയെന്നുള്ള ചോദ്യത്തിനു ശക്തി കൂടും. ശുദ്ധധ്യാനത്തിൽ മാധ്യമങ്ങളില്ല; പക്ഷേ, മാധ്യമങ്ങളുടെയിടയിൽ ജീവിക്കുന്ന മനുഷ്യന് മാധ്യമമല്ലാത്ത അവസ്ഥയിലേക്കു പോകാൻ മാധ്യമം ആവശ്യമുണ്ടെന്നതു സത്യമാണു താനും. മറ്റൊന്നിന്റെ സഹായത്തോടെയുള്ള യാത്ര അല്‌പദൂരത്തേക്കെ പ്രയോജനപ്പെടൂവെന്നതുകൊണ്ട് ധ്യാനത്തിലൂടെയുള്ള മുന്നേറ്റത്തിൽ, ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന മാധ്യമങ്ങളെ ഒന്നൊന്നായി ഉപേക്ഷിക്കേണ്ടതുണ്ട്. പുറംകടലിൽ ഒറ്റയ്ക്ക് തുഴഞ്ഞുകൊണ്ടേയിരിക്കുന്ന വഞ്ചിക്കാരനെപ്പോലെയാണു ധ്യാനാഭ്യാസികൾ. എന്നും ഒരേ ചക്രവാളമായിരിക്കും അനേകനാളുകളവന്റെ മുന്നിൽ ഉണ്ടായേക്കാവുന്നത്. കര അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് പൊടുന്നനെയായിരിക്കും; അതുപോലെയാണൊരുവൻ ബ്രഹ്മജ്ഞാനിയാവുന്നതും, ശരിയായ ധ്യാനത്തിൽ എത്തിച്ചേരുന്നതും.

സത്യമെന്ന ജ്ഞാനത്തെ ആകമാനസർവത്തിൽ നിറയ്ക്കുകവഴി അഹം ബ്രഹ്മമായി മാറുകയാണ് ശരിയായ ധ്യാനത്തിലൂടെ സംഭവിക്കേണ്ടത്. അത്തരമൊരു സന്ദർഭത്തിൽ സ്ഥലകാലബ ന്ധനങ്ങളിൽ കുടുങ്ങിയിരിക്കുന്ന യാതൊന്നുമല്ല 'ഞാൻ' എന്നൊരു മനസ്സിലാക്കലുണ്ടാവും. അപ്പോൾ ഒന്നിനോടുമുള്ള ഒരു ബന്ധവും ആത്മാവെന്ന സത്യത്തിന് പ്രസക്തമല്ലാതാവും. അതായത്, പരമമായ സത്യത്തെ തിരിച്ചറിയുന്നവനെ ശരിയായ ധ്യാനത്തിലായിരിക്കാനും കഴിയൂവെന്നർത്ഥം. "വതസ്യ നിശ്ചിന്തനം ധ്യാനം (constant awareness of That)" എന്നാണ് ആത്മപൂജോപനിഷത്തിൽ ധ്യാനത്തെ നിർവ്വചിച്ചിരിക്കുന്നത്. പരമമായ സത്തയെയാണ് 'തത്' എന്നിവിടെ പറയുന്നത്. തസ്യയെന്നാൽ 'അതിന്റെ'യെന്നർഥം. തടസമില്ലാതെ നിരന്തരം 'അതി'നെ അറിഞ്ഞുകൊണ്ടിരിക്കൽ ധ്യാനമാകും. ഇതു സാധിക്കാൻ അഹംബോധത്തെ ബോധപൂർവ്വം മാറ്റിനിർത്തണം. ഇതിനാവശ്യമായ ഇരട്ട ബോധമുള്ള പ്രപഞ്ചത്തിലെ ഏക ജീവി മനുഷ്യൻ മാത്രമാണ്. അവനു മാത്രമേ ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാനാവൂ. അഹത്തെയും അഹത്തിന്റെ ബന്ധനങ്ങളേയും പൂർണ്ണമായും ഒഴിവാക്കാൻ വേണ്ടിയുള്ള യാത്രയിൽ അവയേയും കൊണ്ടുപോകുന്നത് ശരിയാവില്ല - ഒപ്പം വേണ്ടത് തനി നിശ്ശബ്ദത തന്നെ.  ചുരുക്കത്തിൽ, അഹംബോധത്തിൽ നിന്നും പരമമായ സത്താബോധത്തിലേക്കുള്ള മാർഗമാണു ധ്യാനം, എന്നു പറഞ്ഞാൽ ഭാഗികമായി എനിക്കിഷ്ടപ്പെട്ട ഒരു നിർവചനമാവും. ഈ മാർഗത്തിൽ എന്തെല്ലാം തടസങ്ങളുണ്ടോ അതെല്ലാം മനസ്സെന്ന വലിയ മേഖലയിലാണ്; വേറൊരു വാചകത്തിൽ പറഞ്ഞാൽ, മനസ്സിനെ നിർവീര്യമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക ധ്യാനത്തിന്റെ ഒരവിഭാജ്യ ദൗത്യമാണ്. ആ അർഥത്തിൽ, 'ധീ' (ബുദ്ധി) യുടെ 'ന' (ഇല്ല) ഒഴിവാക്കലാണ് ധ്യാനം (ധീ + ന = ധ്യാന = ബുദ്ധിയില്ലാത്ത അല്ലെങ്കിൽ ബുദ്ധിപ്രവർത്തിപ്പിക്കാത്ത ഒരവസ്ഥ). 

വേദകാല കാഴ്ചപ്പാടനുസരിച്ച് ശരീരം പഞ്ചകോശങ്ങളാൽ (അന്ന - പ്രാണ -  മനോ - ജ്ഞാന - ആനന്ദ) നിർമ്മിതമാണ്. ആനന്ദത്തിലാണു ബ്രഹ്മമെന്നു ധ്യാനത്തിന്റെ മറുകരയെത്തിയവനേ മനസ്സിലാകൂ. ഹിന്ദു വിശ്വാസപ്രകാരം ആത്മാവിനെ (ബ്രഹ്മത്തെ) പൊതിഞ്ഞിരിക്കുന്ന അഞ്ചാവരണങ്ങളാണു പഞ്ചകോശങ്ങൾ. ഓരോ ആവരണത്തേയും കീഴടക്കി മാത്രമേ ബ്രഹ്മത്തെ പ്രാപിക്കാനാവുകയുള്ളൂവെന്നും ധ്യാനത്തിൽ ഈ ഉന്മൂലനപ്രക്രിയയാണു സംഭവിക്കേണ്ടതെന്നും വ്യംഗ്യം. ഈ ആവരണങ്ങളെല്ലാം ശരീരവും മനസ്സുമായിട്ടാണു ബന്ധപ്പെട്ടിരിക്കുന്നത്. എല്ലാത്തിനും നാമവും രൂപവും സ്വഭാവവും ഗുണവുമെല്ലാം ഉള്ളതുകൊണ്ട് എല്ലാത്തിനേയും അഹത്തിന്റെ ഭാഗമായി കരുതാതെ വയ്യ. മനസ്സിനെ ഇല്ലാതാക്കുകയെന്നു പറഞ്ഞാൽ ഒന്നുമല്ലാതായിത്തീരുകയെന്നർഥം. ഈ ഒന്നുമല്ലാതായിത്തീരൽ മനസ്സിലാക്കണമെങ്കിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരിനാളത്തെ സങ്കൽപ്പിക്കുക. അതിനു പേരുണ്ട്, ഗുണമുണ്ട്, രൂപമുണ്ട്, സ്വഭാവമുണ്ട്, ആകൃതിയുമുണ്ട്. ഈ തിരിനാളം കാറ്റത്തു കെട്ടുപോയാൽ അതവിടെയുണ്ടായിരുന്നെന്നു തെളിയിക്കാൻ യാതൊന്നും അവശേഷിക്കുന്നില്ല. ഇത്തരമൊരു അവസ്ഥാമാറ്റമാണ് ഏതൊന്നും അഹത്തെ ഉപേക്ഷിച്ചു ബ്രഹ്മമായിത്തീരുമ്പോൾ ഉണ്ടാകുന്നത്. 

ബ്രഹ്മത്തിലായിരിക്കാൻ എന്തെങ്കിലും പ്രത്യേകിച്ചു ചെയ്യേണ്ടതുണ്ടോ? ചെയ്യാതിരിക്കുന്നവർക്കും ചെയ്യുന്നവർക്കും വ്യത്യസ്ഥ ന്യായങ്ങളുണ്ട് - രണ്ടിലും വേണ്ടത്ര യുക്തിയുമുണ്ട്. ശാസ്ത്രത്തിന്റെയും സൂക്ഷ്മബുദ്ധിയുടെ യും അന്വേഷണം ചെന്നെത്തിയത്, എല്ലാം തുടങ്ങിയത് ശൂന്യതയിൽ നിന്നാണെന്ന യാഥാർത്ഥ്യത്തിലാണ്. ശൂന്യതയിൽനിന്ന് ജീവനും പ്രപഞ്ചവും എങ്ങിനെ രൂപം കൊണ്ടുവെന്നതിനെപ്പറ്റിയുള്ള നിഗമനങ്ങളിൽ മതങ്ങളും, പ്രസ്ഥാനങ്ങളും, വ്യക്തികളുമെല്ലാം വ്യത്യസ്ഥരായിരിക്കുന്നു. പക്ഷേ, ശൂന്യതയിൽ നിന്നു വന്നത് ശൂന്യതയിൽത്തന്നെ അവസാനിക്കണമെന്ന ന്യായം ആർക്കും നിഷേധിക്കാനാവാത്തതാണ്. സർവതിലും ശൂന്യതയിലേക്കു മടങ്ങാനുള്ളയൊരു ത്വര അടങ്ങിയിരിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. ഈ ത്വര നൽകുന്ന പ്രചോദനംകൊണ്ടാണ് പരിണാമം സംഭവിക്കുന്നത്. പരിണാമത്തിനു ബോധപൂർണ്ണമായി സത്തുക്കൾ വിധേയപ്പെടാൻ കാരണവും ഇതിനെപ്പറ്റിയുള്ള ജ്ഞാനം തന്നെ. പരിണാമത്തിൽ ബോധപൂർവ്വം പങ്കെടുക്കുന്നതു വഴി 'വിപ്ലവകരമായ' പരിണാമമാക്കി സ്വജീവിതത്തെ അവർ മാറ്റുന്നു. ചുരുക്കത്തിൽ, ധ്യാനിച്ചാലും ഇല്ലെങ്കിലും സർവതും ഒരുനാൾ ശൂന്യതയിൽ എത്തിയേ തീരൂ. ജീവിതം ഒരു നിശ്ചിതഫലത്തിനു വിധേയമായിരിക്കുമ്പോൾ എന്തിനു കർമ്മമെന്ന ചോദ്യമുണ്ടാവും. എന്താണു കർമ്മമെന്നും, എങ്ങിനെയാണതു നിർവഹിക്കേണ്ടതെന്നും തേരാളിയായി വന്ന ഭഗവാൻ കൃഷ്ണൻ യോദ്ധാവായ അർജ്ജുനനോടു വിശദീകരിക്കുന്നു, ഗീഥയിലൂടെ. 

മനുഷ്യന്റെ ആകെത്തുകയുടെ ഒരു മൂശയാണു മനസ്സെന്നു പറഞ്ഞാൽ പൂർണ്ണമായി ശരിയല്ലെങ്കിലും മനസ്സിനെ ആ രീതിയിൽ പരിചയപ്പെടുത്തിയാലെ ശരിയാവൂ. ഊർജത്തെ സ്ഥൂലമെന്നും സൂക്ഷ്മമെന്നും തരം തിരിച്ചാൽ സൂക്ഷ്മമായതിനെ പൊതുവിൽ മനസ്സെന്നു വിളിക്കാം; അതിസൂക്ഷ്മോർജത്തെയാണ് ഈശ്വരനെന്നു (Highest Consciousness) വിശേഷിപ്പിക്കുന്നതും. ഏതൊരു മനുഷ്യനും പരിചയമുള്ള ബുദ്ധി, ഓർമ്മ, വിവേചനശക്തി മുതലായ ഗുണങ്ങൾ ഈ മനസ്സിന്റെ പുറംതലത്തിൽ വരുന്നു. മനസ്സ് അതു ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയെ ആസ്പദമാക്കി ഓരോ പേരുകളിൽ (ഓർമ്മ, അറിവ്, വിവേകം, ബുദ്ധി, ചിന്ത ....) വിളിക്കപ്പെടുന്നുവെന്നു പറയുന്നതാണു ശരി. ഊർജപരമായി ചിന്തിച്ചാലും എതൊരു സൃഷ്ടിയുടേയും തുടക്കം ബ്രഹ്മത്തിൽ (ഈശ്വരനിൽ) നിന്നാണെന്നു മനസ്സിലാകും; അല്ലെങ്കിൽ, സൃഷ്ടിക്കപ്പെട്ട സർവതിനും ബ്രഹ്മത്തിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു സൂഷ്മോർജമേഖലയുണ്ടെന്ന്. തുടക്കത്തിലും ഒടുക്കത്തിലും (അതിസൂക്ഷ്മതയിലും അതിസ്ഥൂലതയിലും) ഈശ്വരൻ തന്നെയാണെന്നത് മനുഷ്യബുദ്ധിക്കഗ്രാഹ്യമായ (സൃഷ്ടിയുടെ ദുരൂഹത) കാര്യം. 

പരിണാമമെന്നു പറഞ്ഞാൽ മാറ്റമാണ്. യാതൊന്നിനും മാറ്റമില്ലാതെ ആയിരിക്കാനാവില്ല, ഒരു മാറ്റവും സ്ഥിരവുമല്ല. നമുക്കറിയാവുന്ന സർവതിനും തരംഗഭാവമുണ്ടല്ലോ! ശരീരത്തിലാണെങ്കിൽ ശ്വാസത്തിനും, നാഡീസ്പന്ദനത്തിനും രസവിന്യാസത്തിനും മാത്രമല്ല തരംഗഭാവം, 28 ദിവസങ്ങൾ നീളുന്ന ജൈവിക താളത്തിനും 35 ദിവസങ്ങൾ ദീർഘിക്കുന്ന ബൗദ്ധികതാളത്തിനുമെല്ലാം വിധേയമായിട്ടാണു ശരീരം പ്രവർത്തിക്കുന്നത്. സൗരയൂഥത്തിനുണ്ട് തരംഗ ഭാവം, രാത്രി മാറി പകൽ വരുന്നു, പകൽ മാറി രാത്രി വരുന്നു - ഇതാവർത്തിച്ചുകൊണ്ടേയിരിക്കുന്നു. വൈദ്യുതിക്കുണ്ട് തരംഗഭാവം, വയർലെസ്സ് സിഗ്നലുകൾക്കെല്ലാമുണ്ട് തരംഗഭാവം. പ്രകാശം സഞ്ചരിക്കുന്നത് തരംഗഭാവത്തിലാണ്, നക്ഷത്ര സമൂഹങ്ങളിൽനിന്നു ഭൂമിയിൽ എത്തിക്കൊണ്ടിരിക്കുന്ന ഊർജ്ജ രശ്മികളും തരംഗമായാണു സഞ്ചരിക്കുന്നത്. എന്തിനധികം, ആദിയിൽ ചലനമായാണ് പ്രപഞ്ചം അനുഭവപ്പെട്ടത്. ഈ ചലനങ്ങളെല്ലാം 'സ രി ഗ മ പ ദ നി സ' യെന്ന അഷ്ടസ്വരക്കൂട്ടിലെ സ്വരങ്ങൾ പോലെ  പരസ്പരം ബന്ധപ്പെട്ടവയായിരിക്കുമ്പോഴാണ് (In harmony) പ്രപഞ്ചം ഏറ്റവും സുന്ദരമായിരിക്കുന്നത്. ഏതൊന്നും, അതിന്റെ അടിസ്ഥാന തരംഗസവിശേഷതൾ മൂല തരംഗവുമായി പരമാവധി ഗുണിതബന്ധത്തിലായിരിക്കത്തക്ക രീതിയിലാണു സൃഷ്ടിക്കപ്പെടുക. വളർച്ചയുടെ കാലത്താണ് അപസ്വരങ്ങൾ പോലെ അപവിന്യാസങ്ങൾ ഉണ്ടാകുന്നത്. ശരീരത്തിലെ രസങ്ങളുടേയും, നാഡികളുടേയും, ശ്വാസോശ്ച്വാസത്തിന്റേയുമെല്ലാം ആയിരിക്കൽ മൂലസ്പന്ദനക്രമത്തോട് താദാത്മ്യപ്പെട്ടിരുന്നാൽ അതു മൂലസ്പന്ദനത്തിന്റെ ഭാഗം തന്നെയായിരിക്കും - കടൽ ജലത്തിലെ ഒരു തുള്ളി കടലിലായിരിക്കുമ്പോൾ കടലായിരിക്കുന്നതുപോലെ തന്നെ. കടലിൽനിന്നു കാലക്രമേണ അകന്നുകൊണ്ടിരിക്കുന്ന ഒരു തുള്ളി, കടലിലേക്കു മടങ്ങുന്നതുപോലെ ധ്യാനത്തിലൂടെ മനുഷ്യൻ ബ്രഹ്മത്തിലേക്കു മടങ്ങിയില്ലാതായി ശക്തിയാർജ്ജിക്കുന്നു. ആ മടക്കത്തിനൊരു മാർഗ്ഗമേയുള്ളൂ, അതിന്റെ പേരാണു ധ്യാനം!

Wednesday, 23 July 2014

എങ്ങിനെ പ്രാര്‍ഥിക്കണം? - 18

പ്രാര്‍ത്ഥന ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരവിഭാജ്യഘടകമാണ്. ഒരു മാതൃകാ പ്രാര്‍ത്ഥന, എപ്പോഴുമൊരു സൌഖ്യാനുഭവമായിരിക്കും. പ്രാര്‍ത്ഥന ഫലിച്ച ഒരനുഭവമെങ്കിലും ഉണ്ടാകാത്ത വ്യക്തികളും കുറവാണ്. പക്ഷെ, പ്രാര്‍ത്ഥനയുടെ ശക്തി അസന്നിഗ്ദമായി തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ലാറെ ദോസ്സി എന്ന ഗവേഷകന്‍ പറയുന്നത്, പ്രാര്‍ത്ഥനകൊണ്ടാണ് സംഭവിച്ചതെന്ന് കരുതുന്ന ഒരു കാര്യം പ്രാര്‍ത്ഥന കൊണ്ടു മാത്രമാണ് സംഭവിച്ചതെന്ന് പറയാന്‍ ഒരിക്കലും സാധിക്കില്ലായെന്നാണ്. ക്വാണ്ടംഫിസിക്സ് പ്രാര്‍ഥനയെ നിരീക്ഷിച്ചപ്പോള്‍ പ്രാര്‍ത്ഥനയാല്‍ ബന്ധിക്കപ്പെട്ട കേന്ദ്രങ്ങള്‍ തമ്മില്‍ ഒരു ഊര്‍ജ്ജപ്രവാഹം സംഭവിക്കുന്നുവെന്ന് കണ്ടെത്തി. വസ്തുവിന്‍റെ അഞ്ചാമത് അവസ്ഥയിലുള്ളതാണ് ഈ പ്രവാഹമെന്നും അവര്‍ പറഞ്ഞു. ഈ ഊര്‍ജ്ജത്തെയാണ് ഭാരതം പ്രാണാ എന്ന് വിശേഷിപ്പിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും അത്ഭുതമെന്നു കരുതുന്ന പലതും പ്രാര്‍ത്ഥനയുടെ മാത്രം ഫലമല്ലായെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ പ്രാര്‍ത്ഥനയെ, ഈശ്വരനുമായുള്ള ഒരൊത്തുചേരല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ബന്ധം നിലനില്‍ക്കുന്നുവെങ്കില്‍ ഓരോ ശ്വാസവും പ്രാര്‍ത്ഥനയുമാകും. ഭാരതീയ ചിന്തകളനുസരിച്ച് ഈശ്വരനുമായുള്ള ഈ ബന്ധം വാചികം (speaking), ഉപാംശം (whispering) മാനസം (mental tracing) എന്നിങ്ങനെ മൂന്നു വിധത്തിലാവാം. ഏറ്റവും തൃപ്തിപ്പെടുത്തുന്നത് വാചികവും ഏറ്റവും ശക്തിയേറിയത്‌ ഏറെ ഏകാഗ്രത ആവശ്യമുള്ള ഉപാംശവുമാണ്.

പ്രാര്‍ത്ഥനയുടെ ആദ്യ ഘട്ടത്തില്‍ മനുഷ്യന്‍ സംസാരിക്കുകയും ദൈവം കേള്‍ക്കുകയും ചെയ്യുന്നു. ഇതിന്‍റെ രണ്ടാം ഘട്ടത്തില്‍ ദൈവം സംസാരിക്കുകയും മനുഷ്യന്‍ കേള്‍ക്കുകയും ചെയ്യുന്നു. മൂന്നാം ഘട്ടത്തില്‍ നിതാന്തമായ നിശ്ശബ്ദതയാണ്‌,  ആരും സംസാരിക്കുന്നുമില്ല ആരും ആരെയും കേള്‍ക്കുന്നുമില്ല, പക്ഷെ  പരസ്പരം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഈ ഘട്ടങ്ങളെപ്പറ്റി വി. ബൈബിളും പരാമര്‍ശിക്കുന്നുണ്ട്. എങ്ങിനെ പ്രാര്‍ഥിക്കണമെന്നു ഗുരുവിനോട് ശിക്ഷ്യന്മാര്‍ ചോദിക്കുന്ന മൂന്നവസരങ്ങള്‍ ബൈബിളിലുണ്ട്. ആദ്യം, നിങ്ങളുടെ ചിന്തകളും ആവശ്യങ്ങളും പിതാവ് അറിയുന്നുണ്ടല്ലോ അവിടത്തോട് ഒന്നും ആവശ്യപ്പെടേണ്ടതില്ലല്ലോ എന്നാണ് ഗുരു മറുപടി പറഞ്ഞത്. മുമ്പ് സൂചിപ്പിച്ച  മൂന്നാം ഘട്ടമാണ് ഇവിടെ ഏറ്റവും മികച്ച പ്രാര്‍ഥനയായി യേശു സൂചിപ്പിക്കുന്നത്. മറ്റൊരവസരത്തില്‍ ഇതേ ചോദ്യം വീണ്ടും ഉണ്ടായപ്പോള്‍ യേശു പറഞ്ഞത് രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടിയാല്‍ പിതാവ് അവിടെ ഉണ്ടാവും എന്നാണ്. ഇതുകൊണ്ടും തൃപ്തിയാവാതെ, മറ്റൊരവസരത്തില്‍ പ്രാര്‍ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേയെന്നു ശിക്ഷ്യന്മാര്‍ അഭ്യര്‍ഥിച്ചപ്പോഴാണ്, പ്രസിദ്ധമായ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന യേശു പറഞ്ഞു കൊടുത്തത്. ഇത് ഒന്നാം ഘട്ടത്തിലുള്ള പ്രാര്‍ത്ഥന തന്നെ.

പ്രാര്‍ത്ഥന എന്തായിരുന്നാലും അതില്‍ അടങ്ങിയിരിക്കുന്ന ഇശ്ച (Intention) വളരെ നിര്‍ണ്ണായകമാണ്. ഒരു ടാക്സിയില്‍ കയറിയിരുന്നിട്ടു ഡ്രൈവറോട് പല ദിശകളിലേക്ക് പോകാന്‍ അതിലെ യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍, ഡ്രൈവര്‍ക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്നിടത്ത് നിങ്ങളെ എത്തിക്കാന്‍ കഴിയില്ലാത്തതുപോലെയാണിതും. പ്രകടനങ്ങളുടെയും ഉരുവിടലുകളുടെയും ആവര്‍ത്തനം പ്രകാശമില്ലാതെ ചിത്രം എടുക്കുന്നതുപോലിരിക്കും എന്നാണ് ശ്രിരാമകൃഷ്ണ പരമഹൻസാ പറഞ്ഞത്. അദ്ദേഹം പറഞ്ഞ കഞ്ചാവ് വില്‍പ്പനക്കാരന്‍റെ ഉപമ വളരെ പ്രസിദ്ധമാണ്. കഞ്ചാവ് ചെറിയ ചെറിയ പൊതികളിലാക്കി 'കഞ്ചാവ്' 'കഞ്ചാവ്' 'കഞ്ചാവെ'ന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന ചെറുപ്പക്കാരന് ഒരിക്കലും ലഹരി പിടിക്കുന്നില്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. 'കര്‍ത്താവേ' 'കര്‍ത്താവേ'യെന്ന് അനേകം പ്രാവശ്യം ആവര്‍ത്തിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് യേശുവും സൂചിപ്പിച്ചിട്ടുണ്ട്. ഒരഭ്യര്‍ത്ഥനയുടെ ആവര്‍ത്തനം, ആവശ്യങ്ങളറിയാനും അതു പരിഹരിക്കാനുമുള്ള ദൈവത്തിന്‍റെ കഴിവിനെ സംശയിക്കലാണ്. ശരിയായ പ്രാര്‍ത്ഥന, ഹൃദയത്തില്‍ നിന്നുള്ള നന്ദിയുടെ നൈസര്‍ഗ്ഗികമായ കുത്തൊഴുക്കാണെന്നു പറയാം. കൃതജ്ഞതയാണ് ദൈവവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാനുള്ള ഏക മാര്‍ഗ്ഗം.

ദൈവവും നമ്മളും മുന്തിരിച്ചെടിയും ശാഖകളും പോലെ അവിഭാജ്യഘടകങ്ങളാണെന്ന ചിന്ത പ്രാര്‍ഥനക്ക് അനിവാര്യമാണ്. സ്വാമി വിവേകാനന്ദന്‍റെ അഭിപ്രായം, ദൈവത്തെയും മനുഷ്യനെയും അകറ്റുന്ന ഏക ഘടകം അജ്ഞത മാത്രമാണെന്നാണ്. നാം പ്രാര്‍ത്ഥനയെന്നു വിളിക്കുന്നത്‌ യാചനകളെയാണെന്നതാണ് രസകരം. ‘ഉള്ളവന് സമൃദ്ധിയായി ലഭിക്കും’ എന്ന വചനം ഇവിടെ പ്രത്യേകം സ്മരണിയമാണ്. ഉള്ളവനെന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്, പ്രപഞ്ചത്തിന്‍റെ /ദൈവത്തിന്‍റെ സമൃദ്ധിയെ തിരിച്ചറിഞ്ഞവനും ലഭിച്ചതിനെയോർത്ത് ആഹ്ലാദിക്കുന്നവനേയുമാണ്. നാം എവിടെയാണോ ആയിരിക്കുന്നത് അത് നാം തിരഞ്ഞെടുത്തതു തന്നെയാണെന്ന വിചാരത്തോടെ, നാം ആയിരിക്കുന്നിടത്തു തന്നെ നിലനിര്‍ത്താനാവും ദൈവവും ശ്രമിക്കുക. അതായത്, ‘എനിക്കു തരേണമേ’ എന്ന് പ്രാര്‍ഥിക്കുന്നവന്‍ എന്നും അഭ്യര്‍ഥിച്ചുകൊണ്ടേയിരിക്കുന്ന ഒരവസ്ഥ തന്നെയാണ് ലഭിക്കുകയെന്ന് സാരം. പ്രാര്‍ത്ഥനയുടെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘടകമാണ് കീഴടങ്ങല്‍ (Surrender). ഒരു ഭീരു സ്വീകരിക്കുന്ന കീഴടങ്ങലല്ല (Submission) ഞാനുദ്ദേശിക്കുന്നത്. സ്വര്‍ഗ്ഗരാജ്യം ഉള്ളില്‍ തന്നെയാണെന്നുള്ള തിരിച്ചറിവോടെ ‘അവിടുത്തെയിഷ്ടം നിറവേറട്ടെ’യെന്ന ആഗ്രഹത്തോടെയുള്ള പ്രാര്‍ഥനയാണ് ശരിയായ പ്രാര്‍ത്ഥന. പൂര്‍ണ്ണമായും കീഴടങ്ങിയവന്‍ പ്രാര്‍ഥിക്കുന്നത്, എന്‍റെ ഇഷ്ടമല്ല ശരിയായത് എന്ന ചിന്തയോടെ തന്നെയായിരിക്കും. ഇവിടെ, സൃഷ്ടിക്കാനുള്ള നമ്മുടെ വൈഭവക്കുറവും, യഥോചിതമായത് തിരഞ്ഞെടുക്കാനുള്ള നമ്മുടെ പരിമിതിയും നാം അംഗികരിക്കുന്നു. ശരിയായ പ്രാര്‍ഥനയാണെങ്കില്‍ നിശ്ശ്ബ്ദതയിലൂടെ നമ്മുടെ തന്നെ അസ്ഥിത്വത്തിലേക്ക് നാം അലിഞ്ഞില്ലാതാവും. ആഘോഷമായി യേശു മൂന്നു പ്രാവശ്യം ദേവാലയത്തില്‍ പ്രവേശിച്ചെങ്കിലും ഒരിക്കല്‍ പോലും അവിടെ പ്രാര്‍ഥിക്കാന്‍ സമയം ചിലവിട്ടെന്നു ബൈബിള്‍ പറയുന്നില്ല. പിതാവുമായി സംവദിക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം നിശ്ശബ്ദതയുടെ മലഞ്ചെരുവുകളിലെക്കും തടാക തീരത്തേക്കുമൊക്കെ ഉള്‍വലിയുന്ന ഒരു ഗുരുവിനെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ഉള്ളു ശൂന്യമാക്കാന്‍ നിശ്ശ്ബ്ദതയ്കുള്ള കഴിവു മറ്റൊന്നിനുമില്ല. ശൂന്യതയിലേക്ക് പോവുമ്പോള്‍ മാത്രമാണ് നാം പ്രപഞ്ചവുമായി/ദൈവവുമായി കൂടുതല്‍ ലയവത്കരിക്കപ്പെടുന്നത്.

വളരെ ദോഷകരമായതോ വിനാശം വിതക്കുന്നവയോ ആണ് നെഗറ്റിവ് പ്രാര്‍ത്ഥനകള്‍. ഒരുവന്‍റെ വിധിയാണ് അവന്‍ അനുഭവിക്കുന്നതെന്ന ചിന്തയോടെ അവനെ സുഖപ്പെടുത്തണം അനുഗ്രഹിക്കണം എന്നൊക്കെ പ്രാര്‍ഥിക്കുന്നത് നെഗറ്റിവ് പ്രാര്‍ഥനയുടെ ഗണത്തില്‍ പെടും, കാരണം അവന്‍ പറയുന്നതിനേക്കാള്‍ ശക്തിയോടെ അവന്‍ ഉള്ളില്‍ സ്ഥാപിച്ച ഇശ്ച പ്രവര്‍ത്തിക്കുമെന്നുള്ളതാണ്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം ചെയ്യുന്ന മിക്ക പ്രാര്‍ത്ഥനകളും വിപരീത ഫലം ചെയ്യുന്നവയാണ്. ഒരു രോഗിക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ മനസ്സില്‍ വിഭാവനംചെയ്യുന്നത് അവന്‍റെ രോഗാവസ്ഥ വര്‍ദ്ധിക്കുന്നതായാണെങ്കില്‍ രോഗിക്ക് അതെന്തുമാത്രം ദോഷം ചെയ്യുമെന്നു പറയേണ്ടതുണ്ടോ? പ്രാര്‍ഥിക്കാനറിയാത്തവരെ ആ ചുമതല എല്പ്പിക്കരുതെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സമൂഹ പ്രാര്‍ഥനകള്‍ പ്രഹസനമാകുന്നതിന്‍റെ കാരണമിതാണ്.

ആധുനിക പ്രാര്‍ഥനകള്‍ മിക്കതും ആത്മാവിന്‍റെ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ളതല്ല പകരം ഭൌതിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. യഥാര്‍ത്ഥ പ്രാര്‍ത്ഥനയില്‍ സ്വാര്‍ത്ഥചിന്തകള്‍ക്ക് സ്ഥാനമേയില്ല. എന്തിനുവേണ്ടിയാണോ പ്രാര്‍ഥിക്കുന്നത് അത് സാധിക്കുമ്പോളുണ്ടാകുന്ന മാറ്റങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും പ്രാര്‍ഥിക്കുന്നവന് കഴിയണം. പ്രാര്‍ഥിക്കുമ്പോള്‍ പോസിറ്റിവായിട്ടുള്ള ഒരു ഫലചിത്രത്തെ മനസ്സില്‍ സങ്കല്‍പ്പിക്കുക. അതേ ഇശ്ച സ്ഥാപിച്ചിട്ടുള്ള എല്ലാ പ്രാര്‍ത്ഥനകളുമായി നിങ്ങളുടെ പ്രാര്‍ത്ഥന ലയവത്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. സ്വര്‍ഗ്ഗിയമായ ഒരനുഭവത്തോടെ വേണം ഓരോ പ്രാര്‍ത്ഥനയും അവസാനിക്കാന്‍. ഈ അനുഭവത്തിലായിരിക്കും എല്ലാവരുടെയും വിജയങ്ങളും. നന്നായി പ്രാര്‍ഥിക്കാന്‍ പഠിച്ചാല്‍ നന്നായി ജീവിക്കാനും പഠിച്ചുവെന്നര്‍ത്ഥം.  

PREVIOUS

എങ്ങിനെ ചിന്തിക്കണം? - 17

എങ്ങിനെ ഒരാളുടെ ഉപബോധ മനസ്സിനെ പ്രോഗ്രാം ചെയ്യാമെന്ന് ജോസഫ് മര്‍ഫി എഴുതിയ ‘Powers of the Subconscious Mind’ എന്ന ഗ്രന്ഥം വളരെ വിശദമായി വിവരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കൊണ്ടായാലും എങ്ങിനെ അത്ഭുതരോഗശാന്തികള്‍ സംഭവിക്കുന്നുവെന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു. ഇവിടെ വളരെ പ്രാധാന്യത്തോടെ അറിയേണ്ട ഒരു കാര്യം, നാം സംസാരിക്കുന്നതെന്തോ അത് മനസ്സിലുള്ള പ്രോഗ്രാമുകളെ സൂചിപ്പിക്കുന്നുവെന്നതാണ്. മുഖഭാവങ്ങള്‍ അത് പ്രതിഫലിപ്പിച്ചിരിക്കും. വാക്കുകള്‍ ചിന്തയുടേയും സൃഷ്ടിയുടെ ഇടയിലുള്ള ഒരു സുപ്രധാന കണ്ണിയാണ് (വചനമാണ് മാംസമാകുന്നത്), അവ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടവയുമാണ്. നാം ഇശ്ചിക്കുന്നത് വാക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്നു, തമാശക്കാണെങ്കില്‍ പോലും, നാം പറയുന്നതെന്തോ അതാവും സംഭവിക്കുക. ചിലത് സംഭവിക്കുന്നത്‌ നാം പറയുന്നതുകൊണ്ടും ഭയപ്പെടുന്നതുകൊണ്ടുമാണെന്നത് ശ്രദ്ധിക്കാതിരുന്നാല്‍ കൂടുതല്‍ വലിയ അപകടങ്ങള്‍ ഉണ്ടാവാന്‍ മതി. നാമെന്തിനെയാണോ ഭയക്കുന്നത് അത് സംഭവിക്കും എന്നൊരു ചൊല്ല് തന്നെയുണ്ട്‌. അങ്ങിനെ സംഭവിക്കും എന്നൊരു പ്രോഗ്രാം ഉള്ളില്‍ ഉള്ളതുകൊണ്ടാണ് നമ്മില്‍ ഭയം ഉണ്ടാകുന്നത്. ഇത്തരം വിരുദ്ധ പ്രോഗ്രാമുകള്‍ ഉള്ളില്‍ നിന്ന് എടുത്തു മാറ്റാനും ഉപായങ്ങളുണ്ട്. ഒരു വ്യക്തിയുടെ ഒരു നിമിഷം സൃഷ്ടിക്കപ്പെടുന്നത് മൂന്നു കാരണങ്ങളാലാണ്: നിയന്ത്രണമില്ലാതേ ഉള്ളില്‍ക്കൂടി കടന്നുപോവുന്ന ചിന്തകളാല്‍ (uncontrolled thoughts), പ്രത്യേക ഇശ്ചയിലേക്ക് നയിക്കുന്ന നിയന്ത്രിത ചിന്തകളാല്‍ (creative thoughts) സമൂഹബോധതലം (collective consciousness) സ്വയം തിരഞ്ഞെടുക്കുന്ന ചിന്തകളാല്‍. എന്തായാലും മതിയായ trust ഒപ്പം ഉണ്ടെങ്കിലേ സുന്ദരമായ ഒരു സൃഷ്ടിയും രൂപപ്പെടൂ.

പോസിറ്റിവ് തിങ്കിംഗിന്‍റെ ഫലം ശരീരത്തിലും അനുഭവപ്പെടും. നാം സന്തോഷവാന്മാരായിരുന്നാല്‍ ശരീരത്തിലെ മുഴുവന്‍ കോശങ്ങളും സന്തോഷവാന്മാരായിരിക്കും. ഇത് രോഗാവസ്ഥയിലുള്ള സെല്ലുകളെ സ്വാധീനിക്കുകയും ചെയ്യും. ഒരു മരുന്നിലോ ഒരു വൈദ്യനിലോയുള്ള വിശ്വാസം മാത്രം മതി മാരകരോഗങ്ങളില്‍ നിന്നു പോലും രക്ഷപ്പെടാന്‍. ഇതിനെ വൈദ്യശാസ്ത്രം Placebo Effect എന്ന് വിളിക്കുന്നു. ഒരു പ്രത്യേക ശരീരഭാഗം സുഖപ്പെടുന്നുവെന്നു നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുവെങ്കില്‍ അവിടെ സൌഖ്യവും ആരംഭിച്ചിരിക്കും. എങ്ങിനെയാണോ ഒരു അവസരം ആയിരിക്കേണ്ടതെന്ന് ഒരാള്‍ കരുതുന്നുവോ അതുപോലെ തന്നെ അത് ഭാവനയില്‍ കാണുക. അതങ്ങിനെതന്നെ സംഭവിക്കുന്നതു പോലെ പെരുമാറുകയും ചെയ്‌താല്‍ പ്രപഞ്ചത്തിന്‍റെ അത്ഭുതകരമായ പ്രവര്‍ത്തനം കാണാം. സംശയത്തിന്‍റെ ഒരു നാമ്പ് പോലും ഇടയില്‍ ഉണ്ടാവാന്‍ പാടില്ല. വി. ബൈബിളില്‍ ലാസ്സറസ്സിനെ യേശു ഉയര്‍പ്പിച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്. മരിച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞ ഒരാളുടെ കല്ലറയുടെ മുമ്പില്‍ നിന്ന് ‘പിതാവേ എന്‍റെ പ്രാര്‍ത്ഥന കേട്ടതിനു ഞാന്‍ നന്ദി പറയുന്നു, ലാസ്സറെ പുറത്തു വരിക’ എന്ന് പറയുമ്പോള്‍ ലാസ്സര്‍ ജീവിച്ചിരിക്കുകയായിരുന്നില്ലായെന്ന് ഓര്‍ക്കുക. പക്ഷെ, അങ്ങിനെ ഒരവസ്ഥയെപ്പറ്റിയല്ല യേശു സംസാരിച്ചതും ചിന്തിച്ചതും. ഇത്തരം ഒരു സമീപനത്തെയാണ് കടുക് മണിയോളം വലിപ്പത്തിലെങ്കിലും ഉള്ളില്‍ ഉണ്ടായിരിക്കണമെന്ന് യേശു സൂചിപ്പിച്ചത്. ഇത്രയും ശക്തമായ ഒരു വിശ്വാസതലം ഉള്ളിലുള്ള ആര്‍ക്കും ഈ അത്ഭുതം ചെയ്യാവുന്നതേയുള്ളൂ. സ്വയം അങ്ങിനെ ഒരവസ്ഥാവിശേഷം ഉണ്ടാക്കാന്‍ ത്രാണിയില്ലെന്നു തോന്നുവര്‍ക്ക് ഈശ്വരസാന്നിദ്ധ്യം സങ്കല്‍പ്പിക്കുന്നത് പ്രയോജനം ചെയ്യും.  അത് ശരിയായാല്‍ ഇങ്ങിനെ ചെയ്യാം, ഇത് ശരിയാകുമോയെന്നു നോക്കട്ടെ  എന്നൊക്കെ ഒരിക്കലും പറയാന്‍ പാടില്ല, ചെറിയ കാര്യത്തില്‍ ആയാല്‍ പോലും. പക്ഷെ, അത്യാഗ്രഹവും അമിതാത്മവിശ്വാസവും അപകടം വരുത്തും. ചിന്തിക്കുന്നതെന്തും പ്രകൃതിയുടെ നിയമങ്ങളോട് പൊരുത്തപ്പെടുന്നതാവണം. ചിന്തകളുടെ പ്രവര്‍ത്തനം മനസ്സിലാക്കിയാല്‍ ഒരു വ്യക്തിയും ഒരു സ്ഥിതി വിശേഷവും സ്വയം അങ്ങിനെ ആകുന്നതല്ല, ബോധപൂര്‍വ്വമുള്ള ചിന്തകളിലൂടെ രൂപപ്പെട്ടതാണെന്നും കാണാം. പോസിറ്റിവ് ചിന്തകള്‍ എല്ലാ നിമിഷവും ഉണ്ടായിരിക്കാന്‍ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്.

നെഗറ്റിവ് ചിന്തകള്‍ അപകടം വിളിച്ചു വരുത്തുമെന്ന് പറഞ്ഞു. നെഗറ്റിവ് ഇശ്ചയുള്ള എലമെന്റലുകള്‍ അനേകം പേര്‍ സൃഷ്ടിച്ചത് ഒരുമിച്ചു ചേര്‍ന്നുണ്ടാക്കിയ വിപത്താണ് അമേരിക്കയിലെ ട്വിന്‍ ടവര്‍ ദുരന്തം. ഇതുപോലൊരു രംഗം അമേരിക്കയില്‍ ഏറെ വായിക്കപ്പെട്ട ഒരു നോവലിലുമുണ്ടായിരുന്നു, ഒരു ഹോളിവുഡ് ചിത്രത്തിലുമുണ്ടായിരുന്നു. ലക്ഷക്കണക്കിന്‌ ആളുകള്‍ അതു ഭാവനയില്‍ കണ്ടു - അതു യാഥാര്‍ത്യവുമായി. പല പ്രസ്ഥാനങ്ങളിലും അല്ലെങ്കില്‍ രാഷ്ട്രങ്ങളിലും ഉള്ളില്‍ രൂപം കൊള്ളുന്ന അസ്വസ്ഥതകള്‍ വളര്‍ന്നു വരുന്നത്, അതെത്ര വലുതാണെങ്കിലും ശക്തമാണെങ്കിലും ദോഷം ചെയ്യുമെന്നുള്ളത് നിസ്തര്‍ക്കമായ കാര്യം തന്നെ. പ്രശ്നങ്ങളെ അതിന്‍റെ ശൈശവാവസ്ഥയില്‍ തന്നെ ഉന്മൂലനം ചെയ്യുകയെന്നതാണ് അറിവുള്ളവര്‍ ചെയ്യുന്നത്. ജനങ്ങളുടെയുള്ളില്‍ അക്രമവാസന വര്‍ദ്ധിക്കുന്നത് അക്രമങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്. ഇദി അമിൻ ഒരു വ്യക്തിയാണെന്നു കരുതാന്‍ പാടില്ല. അനേകമാളുകള്‍ വര്‍ഷങ്ങളായി മനസ്സില്‍ കരുതിയ വിദ്വേഷചിന്തകള്‍ ഒരു വ്യക്തിയിലൂടെ പുറത്തു വന്നൂവെന്നെയുള്ളൂ. ഈ ലോകത്തു നടക്കുന്ന പല കണ്ടുപിടുത്തങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. ആകാശത്തുകൂടെ സഞ്ചരിക്കാനും, ചന്ദ്രനില്‍ കാലുകുത്താനുമൊക്കെയുള്ള അനേകരുടെ ഇശ്ചയാണ് ഓരോരുത്തരിലൂടെ യാഥാര്‍ത്യമാകുന്നത്. നെഗറ്റിവ് ചിന്തകളാണ് ദരിദ്രരെ സൃഷ്ടിക്കുന്നത്. ദാരിദ്ര്യത്തിനെതിരായി  പൊരുതണം എന്നൊരാള്‍ പറയുന്നത് തന്നെ ഒരു ദരിദ്രന്‍ കൂടിയെങ്കിലും ജനിക്കാന്‍ കാരണമാകും. നെഗറ്റിവ് ചിന്തകള്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ ഉപബോധമനസ്സിനെ പ്രവൃത്തി-വാക്ക്-ചിന്ത പ്രക്രിയയിലൂടെ തിരുത്താന്‍ കഴിയും. ഇവിടെ, എനിക്കത് ആവില്ലാ എന്നതിനു പകരം എനിക്കതാവും എന്ന ചിന്തയോടെ പ്രവൃത്തിച്ചു തുടങ്ങുകയും ആവുന്നു എന്ന് പറയുകയും അങ്ങിനെ തന്നെ ചിന്തിക്കുകയും ചെയ്താല്‍ മതി. പ്രപഞ്ചത്തിന് നിങ്ങളെ സഹായിക്കാന്‍ ഒരു പ്രത്യേക പദ്ധതിയുണ്ടെന്നു തന്നെ വിശ്വസിക്കുന്നത് നല്ലത്, അത് സത്യമാണ് താനും.

ഊര്‍ജ്ജം നശിക്കുന്നില്ലാത്തതുകൊണ്ട് പ്രപഞ്ചത്തില്‍ ആരൊക്കെ എന്തൊക്കെ ചിന്തിച്ചോ അത് മുഴുവന്‍ എപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അചിന്തനീയമായ എണ്ണം ചിന്താ തരംഗങ്ങളുടെ ഒരു മഹാസമുദ്രത്തിലൂടെ നാം നീന്തിക്കൊണ്ടിരിക്കുന്നു. ഈ മഹാ സമുദ്രമാകട്ടെ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുമിരിക്കുന്നു.  ഒരാള്‍ ഒരിടത്തിരുന്ന് ചിന്തിക്കുന്നത് പ്രപഞ്ചം മുഴുവന്‍ വ്യാപിക്കുന്നുവെന്ന സത്യം നാം ശ്രദ്ധിക്കുന്നില്ല. നമ്മുടെ ചിന്തകള്‍ അനേകര്‍ വായിക്കുന്നുവെന്നത് മറ്റൊരു സത്യം. ഈ അവസ്ഥയെ ആകമാന ബോധതലം (Total Consciousness) എന്ന് വിളിക്കുന്നു. ഒരിടത്ത് ഒരു പ്രശ്നത്തിന് ഒരാള്‍ പരിഹാരം കണ്ടെങ്കില്‍ അതെ പ്രശ്നത്തിനു പരിഹാരം തേടുന്ന മറ്റൊരാള്‍ക്കും ആദ്യത്തവന്‍ കണ്ടെത്തിയ ഉത്തരം ലഭിക്കും. ആധുനിക ശിശുക്കളുടെ ബൌദ്ധിക നിലവാരം കൂടിക്കൊണ്ടിരിക്കുന്നത് ലോകത്താകെ ആനുപാതികമായാണേന്നത് ഇതിനൊരുദാഹരണം. തീവ്രമായ ഇശ്ച സ്ഥാപിച്ചിട്ടുള്ള എലമെന്റലുകളെ കാലാതീതമായി സൂക്ഷിക്കാനുള്ള വിദ്യകള്‍ പുരാതന സംസ്കാരങ്ങള്‍ മനസ്സിലാക്കിയിരുന്നു. പിരമിഡുകളില്‍ ഇപ്പോഴും ചില ശാപങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നു. നല്ല ചിന്തകള്‍ മൂന്നു പ്രാവശ്യം അനുഗ്രഹിക്കപ്പെട്ടതാകുന്നു എന്നാണ് പറയപ്പെടുന്നത്‌. അത് പ്രസരിപ്പിക്കുന്നവന്‍റെ മനോശരീരത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും, ആരെ സംബന്ധിക്കുന്നതാണോ ആ ചിന്ത അയാള്‍ക്കത് ഉപകാരപ്പെടും, ആകമാന ബോധാതലത്തിലും അത് വ്യത്യാസം വരുത്തും. ദുർചിന്തകൾ ആദ്യം അതുണ്ടായ കേന്ദ്രത്തെ നശിപ്പിക്കും, മാത്രമല്ല ബൂമറാംഗുകളെപ്പോലെ അത് തിരിഞ്ഞു വന്നാഘാതമേല്‍പ്പിക്കുകയും ചെയ്യും. 

ആളുകള്‍ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വരികയും വിശ്രമിക്കുകയും പോവുകയും ചെയ്യുന്നതുപോലെ ചിന്തകള്‍ മനസ്സിലേക്ക് വരികയും പോവുകയും ചെയ്യും. പലതിനെയും നാം ശ്രദ്ധിക്കാറേയില്ല. ഒരെണ്ണത്തിനെ നാം ശ്രദ്ധിച്ചാലോ പുറത്താക്കാന്‍ ശ്രമിച്ചാലോ അല്ലെങ്കില്‍ ഒന്ന് താലോലിക്കാമെന്നു കരുതിയാലോ? അതിന്‍റെയൊരു നൂറു പതിപ്പുകള്‍ കൂടി അപ്പോള്‍ തന്നെ മനസ്സില്‍ രൂപം കൊള്ളുകയായി. നല്ലത്/ചീത്ത എന്നിങ്ങനെ അവയെ തരം തിരിക്കാന്‍ ശ്രമിച്ചാലും ഇത് തന്നെ സ്ഥിതി. ആചാര്യനായാലും ആശ്രിതനായാലും നടപടിക്രമമെല്ലാം ഒന്ന് തന്നെ. ചിന്തകളില്‍ നിന്ന് മോചനം നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവയെ അവഗണിക്കുകയാണ്. ക്ഷേത്രാങ്കണത്തില്‍ ആയിരിക്കുന്ന ഒരാള്‍ ഈശ്വരചിന്തകള്‍ക്ക് പെട്ടെന്ന് അധീനനാവുന്നത് അത്തരം ചിന്തകള്‍ കൂമ്പാരം കൂട്ടിയിട്ടുള്ള ഒരു സ്ഥലത്ത് ആയിരിക്കുന്നതുകൊണ്ടാണ്. അനേകം വര്ഷം മദ്യശാലയായി പ്രവര്‍ത്തിച്ച ഒരു കെട്ടിടത്തിന്‍റെ സമീപത്തു നിന്നാല്‍ തന്നെ മദ്യപിക്കാനുള്ള ആസക്തി ഉണ്ടായെന്നിരിക്കും. ദ്രോഹ പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തിയും ഇതുപോലെ പുറത്തുനിന്നുള്ള ചിന്തകളുടെ സ്വാധീനത്തിലായി പോയതുകൊണ്ട് ദ്രോഹം ചെയ്തുപോയതാവാം. ഊര്‍ജ്ജരശ്മികള്‍ എല്ലാം തീരുമാനിക്കുന്ന ഈ പ്രപഞ്ചത്തില്‍, ഒരു കാര്യം ശരിയെന്നോ തെറ്റൊന്നോ പറയാനോ ഒരാള്‍ നല്ലവനെന്നോ ദുഷ്ടനെന്നോ വിധിക്കാനും മനുഷ്യന്‍ ആളല്ല.

PREVIOUS                   NEXT

Tuesday, 22 July 2014

ചിന്തകളുടെ ലോകം - 16

ഒരു സാധാരണ മനുഷ്യന്‍ ദിവസവും അറുപതിനായിരത്തോളം ചിന്തകളും പതിനായിരത്തോളം വാക്കുകളും കൈകാര്യം ചെയ്യുന്നുവെന്നാണ് ഇതേപ്പറ്റിയുള്ള പഠനങ്ങള്‍ പറയുന്നത് - ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വാക്കുകളും അസ്ഥാനത്താണ് പ്രയോഗിക്കപ്പെടുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിന്തകളുടെ കാര്യത്തിലും ഇതൊക്കെത്തന്നെ സ്ഥിതി. നാമാര്‍ജ്ജിക്കുന്ന സൂഷ്മോര്‍ജ്ജത്തിന്‍റെ 80% വും തലയാണ് ചിലവിടുന്നത്; അതാകട്ടെ, കൂടുതലും വൃഥാ ചിന്തിക്കാനും സംസാരിക്കാനുമായാണെന്നറിയുമ്പോള്‍ ഒരു വിഷമം തോന്നുന്നുണ്ടാവും. ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനാണ് എല്ലാ അര്‍ത്ഥത്തിലുമുള്ള പഞ്ചേന്ദ്രിയങ്ങളുടെ ബന്ധനം ആചാര്യന്മാര്‍ ഇഷ്ടപ്പെട്ടിരുന്നത്. സൃഷ്ടിയുടെ പടവുകളാണ് ചിന്ത, വാക്ക്, ക്രിയ. ഇതില്‍ ആദ്യത്തെ രണ്ടു നടപടികളിലും പിഴച്ചാല്‍ സൃഷ്ടി വികലമായിരിക്കും എന്നത് അംഗീകരിക്കാതിരിക്കാന്‍ പറ്റുമോ? ആ അര്‍ത്ഥത്തില്‍, ആവശ്യമില്ലാത്ത ചിന്തകളും വാക്കുകളും ദോഷം ചെയ്യുമെന്ന് കാണണം. അതായത്, നമ്മുടെ ഭാവി തകര്‍ക്കുന്നത് നാം തന്നെയാണെന്നത് നാം കാണുന്നില്ല. “നീ തന്നെയാണ് നിന്‍റെ നാഥന്‍, നീ തന്നെ നിന്‍റെ ഭാവിയും നിശ്ചയിക്കുന്നു” വെന്നാണ് ബുദ്ധിസ്റ്റ് പ്രമാണം. ഇവിടെയാണ്‌, ഒരു വ്യക്തി തത്വസംഹിതകളും പ്രസ്ഥാനങ്ങളുമായി ഇടയുന്നത്‌. മതങ്ങള്‍ പറയുന്നു, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ചിന്തിക്കാമെന്ന്. മടിയന്‍ പറയുന്നു, കൊള്ളാം നല്ല കാര്യം, കൂലി ഞങ്ങള്‍ തന്നുകൊള്ളാമെന്ന്. ആരെയെങ്കിലും മേലധികാരിയായിക്കണ്ട് അനുസരിക്കുന്നതിനു കുഴപ്പമൊന്നുമില്ല, നല്ലതു തന്നെ. പക്ഷേ, മനുഷ്യനു ദൈവം സാമാന്യബുദ്ധി കൊടുത്തിരിക്കുന്നത് വിവേകത്തോടെ പ്രയോജനപ്പെടുത്താനാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.  

വാക്കുകള്‍ ഊര്‍ജ്ജ തരംഗങ്ങളാണെന്ന് നമുക്കറിയാം. ചിന്തകളും അങ്ങിനെ തന്നെ - നഗ്നനേത്രങ്ങൾക്കൊണ്ട് നമുക്ക് കാണാനാവില്ലായെന്നേയുള്ളൂ. പക്ഷെ, ചിന്തകളുടെ ശക്തിയും സ്വഭാവവുമെല്ലാം രേഖപ്പെടുത്തുന്ന ഉപകരണങ്ങള്‍ നമുക്കിന്നുണ്ട്. ചിന്തകള്‍ക്ക് രൂപവും നിറവും ഭാരവും പിണ്ഡവും ഗുണവും ശക്തിയും എല്ലാം ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ആത്മീയ ചിന്തകളുടെ നിറം മഞ്ഞയും സ്വാര്‍ഥതയുടെ നിറം ഇളം തവിട്ടയും ആണെന്ന് കരുതപ്പെടുന്നു. ചില നിറങ്ങളോടുള്ള നമ്മുടെ ആസക്തി ചിന്താസരണിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ഒരേ രീതിയില്‍ ചിന്തകളെയും പരുവപ്പെടുത്തുകയാണ് യൂണിഫോമുകളുടെ ലക്‌ഷ്യം. അതേസമയം, ഒരു പ്രത്യേക നിറവുമായി ബന്ധപ്പെട്ട ഊര്‍ജ്ജചക്രാകളെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്യാസിമാര്‍ കാവിവസ്ത്രം ധരിക്കുന്നത്. വെള്ളയുടെ ലക്ഷ്യവും മറ്റൊന്നല്ല, ഫലം അല്‍പ്പം വ്യത്യാസമുണ്ടെങ്കിലും. റക്ഷ്യന്‍ ശാസ്ത്രജ്ഞനായ ഫെയ്ദെവ്, ചിന്തകള്‍ക്കനുസരിച്ച് മനോശരീരത്തിലെ ആറ്റമുകള്‍ പുന:ക്രമീകരിക്കപ്പെടുന്നുവെന്നും തത്തുല്യമായ അനുരണനങ്ങള്‍ ഭൌതിക ശരീരത്തില്‍ സംഭവിക്കുമെന്നും തെളിയിച്ചു. ചിന്തകളുടെ ശരീരത്തിലുണ്ടാകുന്ന ഫലങ്ങളെപ്പറ്റി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍, നിയന്ത്രിത സാഹചര്യത്തില്‍ കായിക പരിശീലനം നടത്തിയ ആളുകളില്‍ 33% പേര്‍ക്ക് പേശീവളര്‍ച്ച സംഭവിച്ചുവെന്നു രേഖപ്പെടുത്തിയപ്പോള്‍, കായിക പരിശീലനം നടത്തുന്നതായി ചിന്തിക്കുക മാത്രം ചെയ്ത രണ്ടാമത് വിഭാഗത്തിലെ 18% ആളുകളിലും അതേ തോതിലുള്ള പേശീവളര്‍ച്ച കാണാനായി. സൈക്കോ-ന്യുറോ-ഇമ്മ്യുണോളജി പറയുന്നത് എല്ലാ ചിന്തകളും എന്‍ഡോക്രൈന്‍ ഗ്ലാന്റുകളെ സ്വാധീനിക്കുന്നുവെന്നാണ്.

പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെ സംബന്ധിച്ചിട്ടുള്ള ദുരൂഹതകള്‍ ഇപ്പോഴും അവശേഷിക്കുന്നു. എങ്കിലും, ചിന്ത-വാക്ക്-പ്രവൃത്തി (ചിന്ത-വചനം-മാംസം) ഈ പടികളുടെ പ്രസക്തി ആരും ചോദ്യം ചെയ്യുന്നില്ല. സൃഷ്ടി പൂര്‍ണ്ണമായിട്ടില്ലെന്നും പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും നമുക്കറിയാമല്ലോ. ഒരു മനുഷ്യന്‍റെ ചിന്തകള്‍ക്കുള്ള സൃഷ്ടിക്കാനുള്ള ശേഷിയും മനുഷ്യന്‍ കണ്ടെത്തിയിട്ടുണ്ട്, അളന്നിട്ടുമുണ്ട്. ചിന്തകളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ചാള്‍സ് ലെഡ്ബീറ്റര്‍ എന്ന ഗവേഷകന്‍ പരിചയപ്പെടുത്തുന്ന എലമെന്റല്‍ സിദ്ധാന്തം മനസ്സിലാക്കിയാല്‍ മതി. അദ്ദേഹം പറയുന്നത് നമ്മള്‍ തിരിച്ചറിഞ്ഞിട്ടുള്ള ബോധത്തിന്‍റെ പല അടുക്കുകളില്‍ ഉപബോധമനസ്സിന്‍റെ തലങ്ങളാണ് ഒരു ലക്‌ഷ്യം വിക്ഷേപിക്കാന്‍ പറ്റിയ വിക്ഷേപണത്തറകള്‍ എന്നാണ്. അതായത്, ഒരു ലക്‌ഷ്യം സൃഷ്ടിക്കാന്‍ ബോധമനസ്സിനെക്കാള്‍ ശക്തി ഉപബോധമനസ്സിനാണ് എന്നര്‍ത്ഥം. ബോധമനസ്സില്‍ നിന്നും ഉപബോധമനസ്സിലേക്ക് മനുഷ്യന്‍ വഴുതുന്ന സന്ധ്യക്കും, ഉപബോധമനസ്സിന്‍റെ പിടിയില്‍ നിന്നും സാവധാനം ഉണരുന്ന പ്രഭാതത്തിലും ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ക്ക് ബലം കൂടും. ഇതുപോലെ, ബോധമനസ്സ് മയങ്ങുന്ന അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുന്ന തന്ത്രങ്ങള്‍ക്ക് കഴിയും. പക്ഷെ, ഇവ കൃത്രിമമായതുകൊണ്ട് നിയന്ത്രിത സാഹചര്യങ്ങളിലെ പ്രയോജനപ്പെടൂ.   

ഒരു ഇശ്ചയെ (ലക്‌ഷ്യം) ചാള്‍സ് ലെഡ്ബീറ്റര്‍ ഒരു എലമെന്റലായി പരിചയപ്പെടുത്തുന്നു. ഈ എലമെന്റലിലുള്ള ഇശ്ചയാണ് പിന്നിട് സ്വയം പ്രവര്‍ത്തിച്ചു ക്രിയയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വരൂപിക്കുന്ന എലമെന്റലിന്റെ ശക്തി വ്യത്യസ്തമായിരിക്കും. ശക്തനായ ഒരാചാര്യന്‍റെ ഇശ്ച അപ്പോള്‍ തന്നെ ക്രിയയാകാന്‍ മാത്രം ശക്തിയുള്ളതാവാം - ശാപവും ഒരിശ്ച തന്നെ.  ഗുരുക്കന്മാര്‍ക്ക് ഒരു എലമെന്റിന്റെ ശക്തി ബഹുമടങ്ങ്‌ കൂട്ടാന്‍ ശേഷിയുണ്ട്. അതുകൊണ്ടാണ് ഗുരുവിന്‍റെ അനുഗ്രഹത്തിനു നാം ഇത്രമേല്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരാള്‍ സ്ഥാപിച്ച ഇശ്ചയുടെ ശേഷി നിര്‍വ്വിര്യമാക്കാന്‍ വിരുദ്ധ ചിന്തകള്‍ക്ക് കഴിയും. കഴിയുന്നതും ശാപവാക്കുകള്‍ ഏക്കാതിരിക്കാനും ഇശ്ചകള്‍ സ്ഥാപിക്കുന്നവര്‍ക്ക് കഴിഞ്ഞാലെ മനോഹരമായ ഒരു സൃഷ്ടിയും സാദ്ധ്യമാകൂ. ഒരേ ഇശ്ച വീണ്ടും നമ്മള്‍ രൂപീകരിക്കുമ്പോള്‍ എലമെന്റലിന്റെ ശക്തിയും രണ്ടാകും. പലപ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ എലമെന്റലിന്റെ ശക്തി ആനുപാതികമായി കൂടിക്കൊണ്ടിരിക്കും. പലർകൂടി ആവര്‍ത്തിച്ചാലും ഇതു തന്നെ സ്ഥിതി. സമൂഹപ്രാര്‍ഥനകള്‍ ഒരു നല്ലയുദാഹരണമാണ്. ഗൃഹപ്രവേശം മുതലായ ചടങ്ങുകളില്‍ പരമാവധി ആളുകളെ പങ്കെടുപ്പിച്ചു സന്തോഷിപ്പിക്കുന്നതിന് പിന്നിലുള്ള രഹസ്യവും ഇതു തന്നെ. ഒരു നിശ്ചിത ശക്തി ഈ എലമെന്റലിനു കിട്ടുമ്പോള്‍ അത് സ്വയം ഉചിതമായി പ്രവര്‍ത്തിക്കുന്നു; അപ്പോള്‍, ഒരാള്‍ രൂപീകരിച്ച ഇശ്ച യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. എല്ലാ സൃഷ്ടിയുടെയും പ്രവര്‍ത്തനരീതി ഇതാണ്.

ഇവിടെ അല്‍പ്പം വിശദീകരണം കൂടി ആവശ്യമുണ്ട്. നല്ലയൊരു ഭാവിക്ക് കൃത്യമായതും വ്യക്തമായതുമായ ഒരു എലമെന്റൽ രൂപീകരിക്കപ്പെടണം. ഇതാണ്, നിങ്ങള്‍ ആരായിത്തിരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കുട്ടികളായിരിക്കുമ്പോഴേ അദ്ധ്യാപകര്‍ നമ്മോടു ചോദിക്കുന്നത്. ആ ലക്ഷ്യം, ഓരോ പ്രാവശ്യം മനസ്സില്‍ കാണുമ്പോഴും ആ എലമെന്റലിന്‍റെ ശക്തിയും കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങിനെ എലമെന്റലിന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കുന്നതിലും കാര്യമില്ല. ഇതാണ് അതിന്‍റെ അര്‍ത്ഥം എന്ന് പ്രപഞ്ചത്തിനു (ഈശ്വരന്) മനസ്സിലായാലെ പ്രവൃത്തി സംഭവിക്കുന്നുള്ളൂ, കാരണം പ്രവൃത്തിക്കേണ്ടത് ഇശ്വരനാണല്ലോ. എലമെന്റലിന്റെ കാതല്‍ എന്താണെന്ന് ഈശ്വരൻ മനസ്സിലാക്കുന്നത് അത് നമ്മള്‍ പറയുമ്പോഴും അതിനു വേണ്ടി നമ്മള്‍ ഒരുങ്ങുമ്പോഴുമാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു കുട്ടിയുടെ ആഗ്രഹം ഒരു ഡോക്ടറാവണം എന്നാണെങ്കില്‍ ഡോക്ടര്‍ ആയാല്‍ എങ്ങിനെയോ അതിനനുസരിച്ച് ആ കുട്ടി പെരുമാറുകയും പ്രവൃത്തിക്കുകയും വേണം. ഒരു സ്യുട്ട് വാങ്ങാന്‍ വേണ്ടി കുടുക്കയില്‍ സ്ഥിരം പണം ഇടുക, കൺസൾട്ടേഷന്  സൌകര്യമുള്ള മുറി വീട്ടില്‍ ഒരുക്കുക തുടങ്ങിയതുപോലുള്ള കാര്യങ്ങള്‍ ഈ കുട്ടി ചെയ്യുകയും അതിനായി എല്ലാ സാഹചര്യങ്ങളും ക്രമപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഈശ്വരന് കാര്യം പിടികിട്ടും. ചോദിക്കുന്നവരോടെല്ലാം ഞാന്‍ ഡോക്ടര്‍ ആവാനാണ് പഠിക്കുന്നതെന്നു പറയുമ്പോഴും കാര്യം പിടികിട്ടും. ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെ ഈ ലക്‌ഷ്യം പ്രപഞ്ചത്തെ അറിയിക്കുന്നോ അത്രയും നല്ല രീതിയില്‍ കാര്യം സാധിക്കപ്പെടുകയും ചെയ്യും. ഇവിടെ, സംശയത്തിന്‍റെ അംശങ്ങള്‍ എവിടെയെങ്കിലും വന്നാല്‍ ഫലത്തിലും വൈകല്യങ്ങളും തടസ്സങ്ങളും അനുഭവപ്പെടും. ചുരുക്കത്തില്‍, ഒരു ഡോക്ടറാവാന്‍ ആഗ്രഹിക്കുന്നവന്‍ ഡോക്ടറായാല്‍ എങ്ങിനെയോ അങ്ങിനെ തന്നെ ജീവിതം ചിട്ടപ്പെടുത്തണമെന്ന് മാത്രമല്ല, മറിച്ചുള്ള ചിന്തകള്‍ ഉത്തേജിപ്പിക്കാനും പാടില്ല. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥന എന്നു പറയുന്നത് ഉദ്ദേശിക്കുന്ന കാര്യം സാധിച്ചു എന്ന വിചാരത്തോടെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ക്ക് നന്ദി പറയുകയാണ്‌.

ഇതിനൊക്കെ വെറും വിശ്വാസം പോരാ, Belief ന്‍റെയും faith ന്‍റെയും തലം കടന്ന് trust എന്ന് പറയുന്ന തലത്തില്‍ എത്തിച്ചേരണം. ഇവിടെ മനുഷ്യന്‍ യാതൊന്നും ചെയ്യുന്നില്ല, എല്ലാം പ്രപഞ്ചം കൃത്യസമയത്ത് ഭംഗിയായി ചെയ്തിരിക്കും എന്നു നാം അറിഞ്ഞിരിക്കുകയും ചെയ്യും. അലസതയെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്; ഒരുവന്‍ അവനെ ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം തുടരുകയും വേണം. ഓരോന്നും എന്തിനാണ് സംഭവിക്കുന്നതെന്ന് ഇവിടെ ആരും ചിന്തിക്കുകയുമില്ല, ഒന്നിനെയും യുക്തികൊണ്ട് ബന്ധിപ്പിക്കുകയുമില്ല. സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് കണ്ടുള്ള ഒരു ജീവിതം trust ല്‍ മാത്രമേ സംഭവിക്കൂ. ഇതിലേക്ക് വരാന്‍ നമ്മെ സഹായിക്കാത്ത മുഴുവന്‍ തത്ത്വസംഹിതകളും മനുഷ്യനു ദ്രോഹം ചെയ്യും, ഒരു സംശയവും വേണ്ട. പോസിറ്റിവ് തിങ്കിംഗ് എന്ന് പറയുന്നത് ശാസ്ത്രീയമാണെങ്കിലും കാതലിതുതന്നെ. പ്രപഞ്ചത്തിന്‍റെ ശക്തിയെപ്പറ്റി സംശയിക്കുന്നവരാണ് അല്‍പ്പം മുന്നിലേക്ക്‌ മാത്രം നീളുന്ന പരിമിതമായ യുക്തിയെ ആശ്രയിക്കുന്നത്. 

പ്രപഞ്ചം ആര്‍ക്കെന്തെങ്കിലും നല്‍കുന്നുവെങ്കില്‍ അത് സമൃദ്ധമായിട്ടാണെന്ന് കാണാന്‍ നാം വിഷമിക്കുന്നു. ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും ഉപയോഗിച്ച് തീര്‍ക്കാന്‍ നമുക്കാവില്ലെന്ന് ഓരോരുത്തരും അറിയുകയും ചെയ്യുന്നുവെന്നതാണ് വൈരുദ്ധ്യം. ഇവിടെ, ഓരോ കണികയും പ്രപഞ്ചത്തിന്‍റെ ഉള്ളം കൈയ്യിലാണെന്ന് ഓരോന്നിനും തോന്നത്തക്ക രീതിയിലാണ് പ്രപഞ്ചം ആയിരിക്കുന്നത്. ഇതാണ് ഏറ്റവും വലിയ അത്ഭുതവും. സ്ഥാപിച്ചിരിക്കുന്ന ലക്‌ഷ്യം പതറിപ്പോകാന്‍ പിന്നെയുമുണ്ട് കാരണങ്ങള്‍. ഞാനത് അര്‍ഹിക്കുന്നില്ലെന്ന ചിന്ത, എനിക്കതിനു ശേഷിയില്ലെന്ന ചിന്ത, എനിക്കത് കിട്ടുകയില്ലെന്ന ചിന്ത, സാങ്കേതിക ബുദ്ധിമുട്ടുകള്‍ എങ്ങിനെ പരിഹരിക്കുമെന്നുള്ള ചിന്ത, വേണ്ട പണം എങ്ങിനെ കണ്ടെത്തുമെന്ന ചിന്ത ... അങ്ങിനെ പലതും. ഇതൊക്കെ ലക്ഷ്യത്തെയും വികലമാക്കും. ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള ശേഷി പ്രപഞ്ചത്തിനുണ്ടെന്ന് വിശ്വസിക്കണമെങ്കിലും ഓരോരുത്തരും വെറും ഉപകരണങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കണമെങ്കിലും trust അത്യാവശ്യമാണ്. ഈ trust  ൽ ഒന്നിനേപ്പറ്റിയും ലവലേശം പോലും സംശയങ്ങൾ ആർക്കും കാണില്ല. 

PREVIOUS                            NEXT

Monday, 21 July 2014

ഊര്‍ജ്ജ മാലിന്യങ്ങള്‍ -15


മനുഷ്യ ശരീരത്തിനു ചുറ്റുമുള്ള ഊര്‍ജ്ജശരീരത്തെ ചെറുതായി ഒന്ന് പരിചയപ്പെട്ടല്ലോ (ഒരു മോഡല്‍ ഊര്‍ജ്ജശരീരത്തിന്‍റെ ചിത്രം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക). ഒരുവന്‍ എന്തെല്ലാം കാരണങ്ങളുമായാണോ ജനിക്കുന്നത്, ഒരുവന്‍ ജീവിത കാലത്ത് എന്തെല്ലാം കാരണങ്ങള്‍ സൃഷ്ടിക്കുന്നുവോ അതിന്‍റെയെല്ലാം അടയാളങ്ങള്‍ മരങ്ങളിലെ വാര്‍ഷികവളയങ്ങള്‍പോലെ ഈ ഊര്‍ജ്ജ ശരീരത്തില്‍ കാണും - അവന്‍റെ ചിന്തകളും മനോഭാവവും എല്ലാം. ഒരു മാലിന്യരഹിതനായ മനുഷ്യന്‍റെ ഊര്‍ജ്ജ വലയം മൃദുവും തെളിമയുള്ളതും ഏറെ പ്രകാശമാനവുമായിരിക്കും. ഒരു ദുര്‍വൃത്തന്റേതാവട്ടെ ഇരുണ്ടതും കീറിപ്പറിഞ്ഞതും, ഉടയുന്നതും, ദുര്‍ഗന്ധമുള്ളതും, നിറക്കൂട്ടുകള്‍ അലക്ഷ്യമായി വാരി വലിച്ചെറിഞ്ഞതുപോലെ വൃത്തിഹീനവുമായിരിക്കും. ഈ അടയാളങ്ങളെയാണ് ഊര്‍ജ്ജമാലിന്യങ്ങള്‍ (Dead Orgone Energy) എന്ന് വിളിക്കുന്നത്‌. കര്‍മ്മദോഷങ്ങളും ഈ അടയാളങ്ങളില്‍ പെടും. ഇത് അതാതുകളുമായി ബന്ധപ്പെട്ട ശരീരഭാഗങ്ങളില്‍ രോഗങ്ങളായോ അംഗ വൈകല്യമായോ പ്രത്യക്ഷപ്പെടുകയും മൂല ഊര്‍ജ്ജധാരയില്‍ നിന്ന് ഒരുവനെ അകറ്റുകയും ചെയ്യും. ഇവയെയാണ് പാപങ്ങള്‍ എന്ന് നമുക്ക് വിളിക്കാന്‍ കഴിയുക.

നാം ഉപയോഗിക്കുന്ന പാപമെന്ന് വാക്ക് എന്തുദ്ദേശിക്കന്നുവെന്നു സൂചിപ്പിച്ച് പല വ്യാഖ്യാനങ്ങളും കേട്ടിട്ടുണ്ട്. അതിലെ മികച്ചെതെന്നു തോന്നുന്ന വ്യാഖ്യാനപ്രകാരം, പാപം (Sin) എന്ന വാക്ക് പുരാതന ഗ്രീസിലെ ഒരു ചെറിയ അളവ് മാത്രയാണ്. അമ്പ്‌ എയ്ത്‌ പരിശീലിക്കുമ്പോള്‍ ലക്ഷ്യത്തില്‍ നിന്ന് എത്ര അകലെയാണ് അത് പതിച്ചതെന്നത് Sin എന്ന തോത് ഉപയോഗിച്ച് അളക്കുന്നു. ഒരാള്‍ മൂലഊര്‍ജ്ജത്തിന്‍റെ അനുരണനങ്ങളില്‍ നിന്ന് എത്ര അകലെയാണ് എന്ന് സൂചിപ്പിക്കുന്ന രീതിയില്‍ ആദ്യകാലത്ത് ഉപയോഗത്തിലിരുന്ന ഈ പദമാണ് നിരവധി വ്യത്യസ്ഥ അര്‍ത്ഥവ്യഖ്യാനങ്ങളോടെ വിവിധ ഭാഷകളിലേക്ക് കുടിയേറിയതെന്നു ഞാന്‍ കരുതുന്നു. ഒരു ശിശുവും, പൂര്‍ണ്ണമായി മാലിന്യങ്ങള്‍ ഇല്ലാത്ത ഒരു ഊര്‍ജ്ജ ശരീരവുമായല്ല ജനിക്കുന്നത്. ജന്മനാ കിട്ടുന്ന അന്തര്ചോദനകളും ഇവിടെ വെണ്‍മേഘ കൂട്ടുകള്‍ പോലെയെങ്കിലും ഊര്‍ജ്ജ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കും. ഉത്ഭവപാപം എന്ന ആശയത്തിന് ഒരു പക്ഷെ ഈ സ്ഥിതിയുമായി ബന്ധമുണ്ടായിരിക്കാം. ഈ പാപങ്ങള്‍ മാറ്റിയാലേ എന്തായാലും ആത്മാവ് വളരുന്നുള്ളൂ (ശരിയായ ദിശയിൽ പരിണാമപ്പെടുന്നുള്ളൂ). നാമാര്‍ജ്ജിച്ച മുജ്ജന്മ കാരണങ്ങളായാലും തല്ജന്മ കാരണങ്ങളായാലും എല്ലാം ഊര്‍ജ്ജ ശരീരത്തിലുണ്ട്; ഇതു കാണാന്‍ കഴിയുന്നവന്‍റെ മുമ്പില്‍ മലര്‍ക്കെ തുറന്ന ഒരു പുസ്തകം പോലെയായിരിക്കും സര്‍വ്വരുടേയും ഭൂതവും ഭാവിയും. ഈ ഊര്‍ജ്ജമാലിന്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു, മനുഷ്യനും തന്ത്രങ്ങള്‍ക്കും മാറ്റാവുന്നതെന്നും മൂല ഊര്‍ജ്ജത്തിന്‍റെ (ഈശ്വരന്‍റെ) സ്വയംബോധത്തിന് മാത്രം മാറ്റാവുന്നതെന്നും. യോഗാ, ധ്യാനം മുതലായ സാധനകള്‍ സ്ഥിരം പരിശീലിക്കുന്ന ഒരാളുടെ ഊര്‍ജ്ജശരീരത്തില്‍ സാധകന്‍ അറിയാതെ തന്നെ ശുദ്ധീകരണം (healing) നടക്കുന്നുണ്ട്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഓക്സിജനായി മാറാൻ കാര്‍ബണ്‍ഡയോക്സൈഡിന് പ്രകൃതിയെ ആവശ്യമായിരിക്കുന്നതുപോലെ, ഈ മാലിന്യങ്ങൾക്ക് അവസ്ഥാന്തരം ചെയ്യപ്പെടാൻ ഈശ്വരന്‍റെ സഹായം വേണം. മറ്റൊരു മാര്‍ഗ്ഗം ഇങ്ങിനെ അവസ്ഥാന്തരം ചെയ്യാന്‍ ശേഷിയുള്ളതോ അല്ലാത്തതോ ആയ  വേറൊരു ഊര്‍ജ്ജശരീരത്തിലേക്ക് ഇതിനെ മാറ്റുകയാണ്. ഗുരുക്കന്മാര്‍ മറ്റുള്ളവരുടെ മാലിന്യങ്ങള്‍ ഏറ്റെടുക്കാറുണ്ട്, അതിന്‍റെ ഫലം അനുഭവിച്ചു തീര്‍ക്കാറുമുണ്ട്. യേശുവിനെപ്പോലെയൊരു മഹാഗുരു, നിങ്ങളുടെ പാപങ്ങള്‍ക്ക്‌ വേണ്ടിയാണ് ഞാനീ പീഢാനുഭവം സ്വയം ഏല്‍ക്കുന്നതെന്ന് പറഞ്ഞത് വളരെ ശാസ്ത്രിയമായ ഒരു സത്യം തന്നെയാണ്. അങ്ങിനെ പറയാന്‍ ശേഷിയുണ്ടായിരുന്ന ഏറെ ഗുരുക്കന്മാര്‍ ഭൂമുഖത്തുണ്ടായിരുന്നിട്ടില്ല. അമാനുഷിക ശക്തിയുണ്ടായിരുന്ന യേശുവിന് ആ മഹാശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ദൈവമായിരുന്നെങ്കില്‍ ഇത്തരം ഒരു പരീക്ഷണം ആവശ്യമായിരുന്നോ എന്ന ചോദ്യം ഇവിടെ അസ്ഥാനത്തല്ല താനും. ഊര്‍ജ്ജശരീരത്തിനു മരണമില്ല; യേശു ഇപ്പോഴും ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നതല്ല, പകരം നമ്മുടെ മാലിന്യങ്ങള്‍ യേശുവിലൂടെ അവസ്ഥാന്തരം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാമതിന് ഇശ്ചിക്കുക മാത്രം ചെയ്‌താല്‍ മതിയെന്നതാണ് ക്രിസ്ത്യാനികൾ മനസ്സിലാക്കേണ്ട കാര്യം. 

ഒരാള്‍ക്കു കോപമുണ്ടായാല്‍ അതയാളുടെ ഊര്‍ജ്ജവലയത്തെ കറുത്ത മേഘങ്ങള്‍ കൊണ്ട് നിറക്കുമെന്നും ഓരോ വികാരങ്ങള്‍ക്കും അതാതിന്റേതായ നിറങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഊര്‍ജ്ജശരീരങ്ങള്‍ പരസ്പരം ആകര്‍ഷിക്കപ്പെടുകയോ വികര്‍ഷിക്കപ്പെടുകയോ ചെയ്യാം. അടുത്തു നില്‍ക്കുന്ന ആള്‍ കോപിച്ചാല്‍ അത് ചുറ്റും നില്‍ക്കുന്നവരെ അസ്വസ്ഥരാക്കും. ഇവിടെ എല്ലാവര്‍ക്കും വികര്‍ഷണമാണ് സംഭവിക്കുന്നത്‌. ആകർഷണത്തിലൂടെയുള്ള സമന്വയം വ്യക്തികളോടോ സാഹചര്യങ്ങളോടോ വസ്തുക്കളോടോ അവസ്ഥയോടോ ആവാം. ഇങ്ങിനെ സംഭവിച്ചാല്‍ അതില്‍ നിന്നകലേണ്ടി വരുന്ന സാഹചര്യങ്ങള്‍ അവര്‍ക്ക് വേദനാജനകമായിരിക്കും. ഇവിടെ മനസ്സിന്‍റെ വിവിധ തലങ്ങളും അവയിലെ പ്രോഗ്രാമുകളുമാണ് പ്രവര്‍ത്തിക്കുന്നത്. 



ഊര്‍ജ്ജ ശരീരത്തില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങളും ബോധ മനസ്സിന്‍റെ നിയന്ത്രണത്തിലല്ല നടക്കുന്നത്. കമ്പ്യുട്ടറുകളില്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതുപോലെ മനസ്സ് കൊണ്ട് ഇവിടെ പ്രോഗ്രാമുകള്‍ സ്ഥാപിക്കാനും കഴിയും. ഒരു പ്രത്യേക കാര്യം ചെയ്‌താല്‍ ഒരു പ്രത്യേക ഫലം കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചാല്‍ അങ്ങിനെ തന്നെ സംഭവിച്ചേക്കാം എന്നേ പറയുന്നുള്ളൂ; കാരണം, നേരത്തെ തന്നെ ഊര്‍ജ്ജ ശരീരത്തിലുള്ള പ്രോഗ്രാമുകളുടെ അവസ്ഥയും കൂടി പരിഗണിച്ചാലെ ഇതിനു തീരുമാനമാകൂവെന്നതാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ഒരാളുടെ ജന്മലക്ഷ്യവും. ഒരാത്മാവ് എന്തുദ്ദേശത്താലാണോ ഒരു പ്രത്യേക സാഹചര്യത്തിലുള്ള ശരീരം സ്വീകരിച്ചത്, ആ ലക്ഷ്യത്തില്‍ നിന്നാത്മാവിനെ മാറ്റുന്ന ഒരു പ്രോഗ്രാമും ആരുടേയും ജീവിതത്തില്‍ പ്രവര്‍ത്തിക്കണമെന്നില്ല. എന്ത് ചെയ്താലും എന്‍റെ തലവേദന പോകില്ലായെന്നുള്ള ഒരു ശക്തമായ പ്രോഗ്രാം ഉള്ളില്‍ കിടപ്പുണ്ടെങ്കില്‍ മറ്റു ലഘു പ്രോഗ്രാമുകള്‍ക്കും കൂടുതലൊന്നും ചെയ്യാനുണ്ടാവില്ല. ഈ പ്രോഗ്രാമുകളുടെയും ആകെ ഊര്‍ജ്ജശരീരത്തിന്റെയും ഒരു ചെറിയ പതിപ്പ് ഒരുവന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും അവന്‍ ആയിരിക്കുന്നിടത്തും, അവന്‍റെ ഭൌതിക അസാന്നിദ്ധ്യത്തിലും അവശേഷിക്കും; മറ്റൊരാള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഊര്‍ജ്ജ വലയത്തിന്റെ സമന്വയത്തിലൂടെ, പരസ്പരം മനസ്സിലാക്കുക മാത്രമല്ല അറിവുകള്‍ കൈമാറാനും കഴിയും. ഊര്‍ജ്ജശരീരങ്ങളെപ്പറ്റിയും ചക്രാകളെപ്പറ്റിയും പ്രാണായുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമൊക്കെ ഇങ്ങിനെ ചുരുക്കം ചില സത്യങ്ങള്‍ മനസ്സിലാക്കിയാല്‍ തന്നെ എത്രമാത്രം തെറ്റായ ധാരണകളായിരുന്നു നാം പരിചരിച്ചുകൊണ്ടിരുന്നതെന്ന് മനസ്സിലാകും. 

ഒരു ശരിയായ ധാരണയോടെ വി. ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ വളരെ വ്യത്യസ്തമായ ഒരര്‍ത്ഥമായിരിക്കും ഓരോരുത്തര്‍ക്കും കിട്ടുക. എല്ലാ മതങ്ങളിലെയും ഉള്‍ക്കാഴ്ചയുള്ള ദാര്‍ശനികര്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കുന്നവരായിരുന്നില്ല; രണ്ടു കൂട്ടരുടെയും മനസ്സിലാക്കല്‍ വ്യത്യസ്തമായിരുന്നതാണ് കാരണം. അവരുടെ ധ്യാനം നിശ്ശബ്ദതയിലൂടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി തെളിമയാര്‍ന്ന ഊര്‍ജ്ജശരീരം സ്വരൂപിക്കുന്നതിന് വേണ്ടിയായിരുന്നു, അത് വിപ്ലവകരമായ ഒരു പരിണാമം ലക്‌ഷ്യം വെച്ചുള്ളതുമായിരുന്നു. അവര്‍ക്ക് മാത്രമായി ഒരു സ്വര്‍ഗ്ഗമുണ്ടെന്ന് അവരാരെങ്കിലും കരുതിയിരുന്നെന്നും ഞാന്‍ ചിന്തിക്കുന്നില്ല. അവര്‍ വളരുന്നതിന് ആനുപാതികമായി ലോകവും വളരണമെന്നേ അത്തരക്കാര്‍ ആഗ്രഹിക്കുകയുമുള്ളൂ. ഇവിടെ ചിലത് മായയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഒരാള്‍ക്ക്‌ മാത്രമായി എന്തു രക്ഷ? എഴുതപ്പെട്ടതിനും കാണപ്പെടുന്നതിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള പുതിയ മനുഷ്യരായി ഓരോരുത്തരും മാറുമ്പോള്‍ ലോകം ആത്മിയമായി തളരുകയായിരിക്കില്ല, വളരുകയായിരിക്കും ചെയ്യുക. 

PREVIOUS                    NEXT