Showing posts with label From my diary. Show all posts
Showing posts with label From my diary. Show all posts

Friday, 14 July 2017

ആഴത്തിൽ നിന്നുള്ള ചിന്തകൾ

ഞാൻ വീണു, ഇരുപതടി മുകളിൽ നിന്ന് - അറുപത്താറാം വയസ്സിൽ. കാര്യമായ പരിക്കോ ക്ഷതമോ ഇല്ലാതെ എണീറ്റു പോവുകയും ചെയ്തു. എവിടുന്നാ എങ്ങിനെയാ എന്നൊക്കെ ചോദിപ്പിക്കുന്നില്ല, ഒരു കറിവേപ്പിന്റെ മുകളിൽ നിന്നാ വീണത്. ഇത്തിരി ഏറെ ഇല എടുക്കണമായിരുന്നു - ആവശ്യക്കാരുണ്ടായിരുന്നു. 
അതല്ലിപ്പം എന്റെ പ്രശ്നം! ചാരി വെച്ചിരുന്ന ഇരുമ്പു ഗോവണി എന്നെ വിട്ടു പിന്നിലേക്കു മറിയുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പിന്നെ ഞാനറിയുന്നത് അടുത്തിടെ ഒരു പതിനെട്ടുമാസത്തെങ്ങു നട്ടിരുന്നു കുഴിയുടെ അകത്തും പുറത്തുമായി ഞാൻ കിടക്കുന്നതാണ്. ആരെയും വിളിക്കുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്തില്ല. ഏണിയുടെ ശബ്ദം കേട്ട് ഓടിവന്ന ഒരു സ്‌ത്രീയാണ് ആ കിടപ്പ് കണ്ടുപിടിച്ചത്. അവരോടിവന്നു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, അൽപ്പ നേരം കൂടിക്കഴിഞ്ഞു ഞാൻ തനിയെ എണീറ്റു പൊക്കോളാമെന്ന്. ഈ ബഹളം നടക്കുന്നതിനിടയിൽ ഞാൻ സ്വയം മനസ്സിലാക്കി, 
'നടന്നത് വളരെ നിസ്സാരമായ ഒരു വീഴ്ചയല്ല, തൽക്കാലം എനിക്കു ബോധമുണ്ട്. ഇല്ലായിരുന്നെങ്കിലോ?'
എനിക്കുറപ്പായിരുന്നു, ആർക്കും ഒരു കടവും ഞാൻ ബാക്കി വെച്ചിട്ടില്ല, ഒരു ബന്ധവും ഞാൻ പുതുക്കാത്തതായുമില്ലായിരുന്നു. എല്ലാറ്റിലുമുപരി, ചെയ്തു തീർക്കാനായും യാതൊന്നും ബാക്കി വെച്ചിട്ടുമില്ലായിരുന്നു, നേടാനായി ഒരാഗ്രഹവും ബാക്കിയായുമില്ലായിരുന്നു. 
പെണ്ണുങ്ങൾ സമ്മതിക്കണ്ടെ, ആദ്യം വന്ന മൂന്നു മുതിർന്ന സ്ത്രീകൾ വയ്യെങ്കിലും എന്നെ പിടിച്ചെണീപ്പിച്ചു. എനിക്കു നടക്കാം കുഴപ്പമൊന്നുമില്ലെന്നു ഞാൻ പറഞ്ഞു, ഇന്നാലൊന്നു നടന്നു കാണിക്കാൻ അവരും പറഞ്ഞു. അവരിട്ടുതന്ന ഒരു കസേരയിലിരുന്നാണിതു ഞാൻ പറഞ്ഞത്.
ഞാനൊട്ടും മടിച്ചില്ല. എണീറ്റു വീട്ടിലേക്കു നടന്നു. ഇടുപ്പിനു നല്ല വേദനയുണ്ടായിരുന്നു, കഴുത്തിനും നല്ല വേദനയനുഭവപ്പെട്ടു. കുറേ നേരം ഞാനും എന്റെ റയ്കിയും കട്ടിലിൽ ഒരുമിച്ചായിരുന്നു. പിന്നെ ഏണീറ്റു ഭാര്യയുടെ സഹായത്താൽ ഒന്നു കുളിച്ചു, നന്നായൊന്നു വിശ്രമിച്ചു. ഇരിക്കാനും നടക്കാനുമൊന്നും വല്യ ബുദ്ധിമുട്ടു തോന്നിയില്ല - അൽപ്പസ്വൽപ്പം വേദനയല്ലാതെ. ഒരു എക്സ്റേ എടുക്കുന്നതിനേപ്പറ്റിയും ഞാൻ ചിന്തിച്ചില്ല. നാലു ദിവസം കഴിഞ്ഞുപോയി ഒന്നെടുത്തു. ഒരു നേരിയ പൊട്ടൽ ഒരിടത്തു കണ്ടു - രണ്ടു മാസം വിശ്രമിക്കാൻ ഉപദേശവും കിട്ടി. 
ഞാൻ പറയാൻ ഉദ്ദേശിച്ചത്, വിപ്ളവകാരികളും ദൈവത്തിന്റെ പ്രത്യേക പരിഗണനയിൽ പെടുന്നവരാണെന്നോ, കറിവേപ്പേൽ കയറുന്നവർ ശ്രദ്ധിക്കണമെന്നോ ഒന്നുമല്ല, പകരം എന്റെ ജീവിതത്തിൽ നിന്നു ഞാനറിയാതെ രണ്ടു നിമിഷങ്ങൾ കടന്നു പോയി. ആ സമയത്തെപ്പറ്റിയാണ്, ആ സമയം എനിക്കെന്താണു സംഭവിച്ചതെന്നതിനെപ്പറ്റിയാണ്. ഏണി തെന്നുമ്പോഴും എനിക്കു ബോധമുണ്ട്, നിലത്തു വീണൂ കഴിഞ്ഞപ്പോഴും എനിക്കു ബോധമുണ്ട്. ഇതിനിടയിൽ സംഭവിച്ചതെന്താണെന്ന് എനിക്കറിയില്ല. ആർക്കെങ്കിലും അറിയുമോയെന്നാണ് അറിയേണ്ടത്.
വളരെ നേരത്തെതന്നെ, ഒരുവന്റെ ജീവിതത്തിൽ, അവന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ ഇടപെടലുകളെപ്പറ്റി എനിക്കു സംശയമുണ്ടായിട്ടുണ്ട്. പല സന്ദർഭങ്ങളിലും ഒരുവന്റെ നിയന്ത്രണത്തിലല്ലാതെയും ചിലതു സംഭവിക്കുന്നു - നമ്മെ അൽഭുതപ്പെടുത്തുന്ന ചില യാദൃശ്ചിതകൾ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നു.
എനിക്കിന്നുറപ്പാണ്, കാവൽ മാലാഖമാരെന്നു നാം വിളിക്കുന്നത് ഈ ഉൾക്കാമ്പിനെയല്ലേ? ആ ഉൾബോധമല്ലേ, ഏറ്റവും കുറഞ്ഞ ക്ഷതം വരത്തക്ക രീതിയിൽ കിളച്ചിട്ട ആ മൺകൂനയിലും കുഴിയിലുമായി എന്നെ കിടത്തിയത്? 
ഉവ്വ്, ആ ഉൾബോധവുമായി സമരസപ്പെടാൻ നമുക്കു കഴിഞ്ഞാൽ, അതുമായി കൂട്ടു കൂടി ജീവിക്കാൻ നമുക്കു കഴിഞ്ഞൽ, നമ്മെ തോപ്പിക്കാൻ ആർക്കാവും?

Saturday, 1 November 2014

പ്രണയകാലം



പ്രണയകാലം അവിടെ
പതിനെട്ടാം നൂറ്റാണ്ടിലെ ഇറ്റലിയില്‍

ഒരുമിച്ചിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു   
അനുരഗത്തെ ഭയക്കണം.                                                                                                 ശാഠൃംപിടിച്ചോടിനടക്കുന്ന
വികൃതിക്കുട്ടിയാണവന്‍...
അനുരാഗം അതുമിതുമാണ് 
തന്നിഷ്ടത്തിനു വരികയും
തപ്പിത്തടഞ്ഞുപോകയും ചെയ്യുമത്
അതെന്തെന്നെനിക്കറിയില്ല...

അല്ലേയല്ല, അവള്‍ പറഞ്ഞു
അദ്ഭുതകരമായി വളര്‍ന്നു 
പൂത്തുലഞ്ഞയൊരു മരമാണത്.
അവന്‍റെ കണ്ണുകളില്‍ പ്രകാശ-
പൂരിതമായ ഉദ്ഘോഷം കണ്ട് 
അവളും ആനന്ദതുന്നിലയായി.

അവരുടെ മായികക്കണ്ണുകള്‍
ഒന്നിടഞ്ഞു. അവള്‍ പറഞ്ഞു 
നീ കോപിച്ചാല്‍ ഞാന്‍ മരിക്കും
ഓമനേ, നമുക്കു ജീവിക്കണോ
അതോ മരിക്കണോ? ശുദ്ധ
പ്രണയത്തില്‍ രണ്ടും ഒന്നാണ്.

തര്‍ജ്ജമ: സക്കറിയാസ് നെടുങ്കനാല്‍



പ്രണയകാലം ഇവിടെ
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍

ഞാനവളുടെ കരങ്ങള്‍
മൃദുലമായി സ്പര്‍ശിച്ചു.
എന്റെയാത്മാവിനെ-
യവള്‍ക്കടിമപ്പെടുത്തി…

അണിവിരലാലവളുടെ
ചൊടികളൊന്നമര്‍ത്തി.
ആകെയമര്‍ത്തപ്പെടാൻ കൊതിച്ച്
അവളെന്നെ നോക്കി.

ഞങ്ങളുടെയോരോ ഇന്ദ്രിയത്തെയും
ആനന്ദം തട്ടികൊണ്ടുപോയി.
പറക്കുകയായിരുന്നു
ഞങ്ങളുടെയാത്മാക്കള്‍

കിഴക്ക് വാഗമണ്‍കുന്നുകളില്‍
അതിശക്തമായി കാറ്റുവീശി.
വടക്കു പടിഞ്ഞാറൻ മലമേല്‍ നിന്ന്
തുലാവര്‍ഷം വീണു.

എന്റെ സ്നേഹമെന്റെ
കൈകളിലമരുമ്പോള്‍, ഇശോ,
ഇവിടെല്ലാം ഇരുട്ടാകണേ,
കുറ്റാക്കൂരിരുട്ട്!

സക്കറിയാസ് നെടുങ്കനാല്‍ 10.10.210







Monday, 8 September 2014

എന്തെല്ലാം ധാരണകൾ!

15. 07. 07

ഉള്ളിലുറവയെടുക്കാത്ത സൌന്ദര്യം 
ഉടയാടകളിൽ തിരക്കി എത്രനേരം 
കണ്ണാടിയെ നാണിപ്പിക്കുന്നു
ഏത്രവട്ടം കണ്ണുകളെ മഥിപ്പിക്കുന്നു.

നാളേയ്ക്ക് വേണ്ടാത്ത രത്നങ്ങൾ തേടി  
എത്രയെത്രയിന്നുകളിൽ വിയർപ്പൊഴുക്കുന്നു 
വീട്ടിൽ പവിഴമിരിക്കേ എത്രയോ പേർ  
വഴിയോരത്ത് മുക്കുപണ്ടം തിരയുന്നു. 

ഒരുത്തിക്കു വേണ്ടാത്ത മുത്തുചിപ്പിയെ 
മറ്റൊരുവൾ കണ്ടെടുത്ത് സൂക്ഷിക്കുന്നു 
തെറ്ററിയുമ്പോൾ ആദ്യത്തേവൾ 
പാവം കടലിനെ പഴിക്കുന്നു.
  
അമ്മ, സ്നേഹം, ദൈവം, രക്ഷ -
എല്ലാം ചുറ്റുവട്ടത്തായിരിക്കേ 
അവയെത്തേടിയലയുന്നവർ
കണ്ടെത്തുന്നതെന്തായിരിക്കാം?

അവ തമ്മിലുള്ള ബന്ധം ആരെങ്കിലും 
തപ്പിയെടുക്കട്ടെയെന്ന് കരുതി 
തമ്മിലിണങ്ങാത്ത വാക്കുകൾ
കോറിയിട്ടിട്ടുപോകുന്നവർ പെരുകുന്നു.

Monday, 1 September 2014

ദൈവത്തിന്റെ പുഞ്ചിരി

30.08.2007 
നാട്ടിൽ ഇന്നോണമാണ്. ഇവിടെയാകട്ടെ ഒന്നിനും കൊള്ളാത്ത ദിവസം. ഒത്തിരി ആലോചിച്ചിരുന്നു. ജീവിതത്തിന് ഒരർഥവും കാണുന്നില്ല. എല്ലാം മൌനം, മ്ളാനം. കുറേനേരം സംസ്കൃതദീപികയുമായി മുറിയിൽത്തന്നെയിരുന്നു. പിന്നീടിറങ്ങി നടന്നു. കാട്ടിൽ നിന്ന് രണ്ട് രാത്രിത്തിരികൾ* പറിച്ചുകൊണ്ടുവന്ന് മുറ്റത്തു നട്ടുവച്ചു. അവയെ നോക്കിനിന്നപ്പോൾ ഉന്മേഷം തോന്നി. എത്ര വ്യത്യസ്തമായ മോടികളോടെയാണ്‌ പ്രകൃതി സസ്യജാലത്തെ ഒരുക്കിവച്ചിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ ആകാരവിന്യാസങ്ങൾ വെറുതേയാണോ? എങ്കിൽ പിന്നെ വിരസത എങ്ങനെയുണ്ടാകുന്നു? മാലോകർ നീതിസാരത്തിനെതിരെ ചരിക്കുന്നു. വാരിക്കൂട്ടൽ, കൂട്ടിയത് പൊലിപ്പിക്കൽ എന്നിവയാണ് ഏവരും ചെയ്യുന്നത്.  

*Nachtkerze (രാത്രിയിൽ കത്തുന്ന തിരി) എന്ന് വിളിക്കുന്ന ഈ ചെടി നിറയെ മഞ്ഞപ്പൂക്കൾ വിരിയും. പ്രത്യേകതയെന്തെന്നാൽ, രാത്രി ഒൻപത് കഴിയുന്നതോടെ നോക്കി നിൽക്കുമ്പോൾ ഏതാനും സെക്കന്റുകൾ കൊണ്ട് അവയുടെ ഇതളുകൾ ചുറ്റിക്കറങ്ങി വിടർന്നു വരും. ഓരോ തണ്ടിലും നാലഞ്ചുവീതം. എന്നെപ്പോലെ രാത്രിഞ്ചരന്മാരായ കീടങ്ങൾ പരാഗണം നടത്താനെത്തും. 350 കൊല്ലം മുമ്പ് അമേരിക്കയിൽ നിന്ന് എത്തിയവയാണ് ഈ സസ്യങ്ങൾ. Oenotherea biennis, Verbascum thapsus എന്ന രണ്ടിനങ്ങളാണ് ഇവിടെ സ്വിറ്റ്സർലൻഡിലുള്ളത്. ജർമനിയിൽ വളരുന്ന അഞ്ചാറിനങ്ങൾ വേറെയുണ്ട്.  ബീഡിപോലുള്ള കായ്കൾ നിറയെ ചീരയുടെ അരികൾ പോലുള്ളവ നൂറുകണക്കിന് കാണും. വളരുന്നിടത്ത് കാടുപോലെ പരക്കും.

ഓരോ ജീവിയുടെയും സങ്കീർണത വർദ്ധിക്കുന്തോറും പ്രപഞ്ചോർജ്ജങ്ങളുമായി സംബന്ധിക്കാനും അവയോടു പ്രതികരിക്കാനുമുള്ള കഴിവ് കുറയുകയാണോ? മനുഷ്യരുടേതിനേക്കാൾ എത്രയോ ശക്തിയേറിയതാണ് പ്രകാശവുമായി ചേർന്ന് പ്രവർത്തിക്കാൻ സസ്യങ്ങൾക്കുള്ള കഴിവ്. സൂര്യപ്രകാശത്തിന്റെ ലഭ്യതയും അളവുമനുസരിച്ച് ഇവയിലെ ഘടികാരം ചലിക്കുന്നു. വളർച്ചയുടെ ദിശപോലും സൂര്യന്റെ സഞ്ചാരപഥത്തിനനുസരിച്ച് മാറുന്നു. പ്രകാശത്തിന്റെ വഴിയേ ശാഖോപശാഖകളെ വിന്യസിക്കുന്നു. സൂര്യകടാക്ഷത്തിലവ പ്രണയാന്വിതരായി ഹർഷപുളകമണിയുന്നു. അതോടൊപ്പം, ഉള്ളതെല്ലാം ചുറ്റുമുള്ളവയുമായി പങ്കുവയ്ക്കുന്നു.  

ഓരോ പൂവും ദൈവത്തിന്റെ ചിരിയാണ്. ആ പുഞ്ചിരി 'ലൈവ്' ആയി ഒന്നുകൂടെ കാണാൻവേണ്ടി അനുരാത്രം ഞാനിതിലേ മലഞ്ചെരുവിലൂടെ നടന്നു പോകുന്നു. 

PS. രാത്രിയിൽ രണ്ടുരണ്ടര മണിക്കൂർ ഏകനായി നടക്കുക എനിക്കൊരു ശീലമായിത്തീർന്നിരിക്കുന്നു. വേനൽക്കാലത്ത് പതിനൊന്നുമണിവരെ പ്രകാശമുള്ളതിനാൽ സായംസന്ധ്യയുടെ മൂകസൗന്ദര്യത്തിൽ തനിയെ അങ്ങനെ ചുറ്റിക്കറങ്ങുക എങ്ങനെയിരിക്കുമെന്ന് മറ്റൊരാളോട് ഞാനെങ്ങനെ പങ്കുവയ്ക്കും? സമയമുള്ളവർ André Rieu വിന്റെ ഈ Nightingale Serenade കേട്ടുനോക്കൂ. ഏതാണ്ടൊരൂഹം കിട്ടാൻ ഇതുപകരിക്കും.
https://www.youtube.com/watch?v=P0I6XsdO19Y&index=35&list=PL4C24B3952CFC5A60

Sunday, 31 August 2014

ഒന്നിനുപകരം മറ്റൊന്ന്

01. 08. 2007
ഒന്നിന്റെയഭാവത്തിൽ തത്സ്ഥാനത്ത് മറ്റൊന്ന് ഭവിക്കുന്നു. ഒന്ന് ക്ഷയിക്കുന്നിടത്ത് മറ്റൊന്ന് ശക്തിയാർജ്ജിക്കുന്നു. കണ്ണില്ലാത്തവന് മറ്റൊരിന്ദ്രിയം കൂടുതൽ പ്രവര്ത്തനക്ഷമമാകുന്നു. യുക്തിയെ വരുതിക്കു നിറുത്തുമ്പോഴാണ് അനുഭൂതി ശക്തമാകുന്നത്.


അകലെയുള്ളവയെ ലഭ്യമാക്കാൻ അടുത്തുള്ളവയെ ത്യജിക്കേണ്ടിവരാം. അഹമുയർന്നാൽ അപരൻ താഴ്ത്തപ്പെടും. വാച്യാർഥങ്ങളിൽ കടിച്ചുതൂങ്ങിയാൽ അന്തരാർഥങ്ങൾ മങ്ങും. വാക്കുകളുടെയാധിക്യം കാര്യഗ്രഹണത്തെ ഹനിക്കും.

സുന്ദരേശ്വരൻ (ശിവൻ), മീനാക്ഷി (പാർവതി) എന്നീ ദേവതകൾക്കായി നിർമിച്ച മധുര മീനാക്ഷിയമ്പലത്തിന്റെ രൂപഭംഗിയും അതിനകവും പുറവും പൊതിഞ്ഞുള്ള പതിനായിരക്കണക്കിന് അതിപുരാതന കൊത്തുപണികളും ശ്രദ്ധിച്ചാൽ അന്തംവിട്ടു നിന്നുപോകും. എത്ര കൃതകൃത്യത! അതിപുരാതനമായ ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡൽഹിയിലെ കിൽജി രാജവംശം മൊത്തത്തിൽ തകർത്തുകളഞ്ഞെങ്കിലും പതിനാറാം നൂറ്റാണ്ടിൽ തുടങ്ങി നൂറു വർഷംകൊണ്ട് പൂർവസ്ഥിതിയിൽതന്നെ അമ്പലത്തിന്റെ പുനർസൃഷ്ടി നടത്തിയത് വിജയനഗർ രാജവംശത്തിന്റെ പിൻഗാമികളാണ്. ഇന്ന് ലഭ്യമായ എല്ലാ യന്ത്രവൈദദ്ധ്യവും  ഉപയോഗിച്ചാലും ഇനി അങ്ങനെയൊന്ന് സൃഷ്ടിക്കാനാവില്ല. ശാസ്ത്രസങ്കീർണ്ണത കൂടുന്തോറും പണിയിലെ മേന്മ കൂടണമെന്നില്ല, പ്രത്യേകിച്ച് സൗന്ദര്യത്തിന്റെ അളവിൽ. ഇന്ന് മനുഷ്യന്റെ കണ്ണുകളുടെ ശക്തിയും കഴിവുമെന്നതുപൊലെ  കരവിരുതും വളരെ കുറഞ്ഞുപോയിട്ടുണ്ട്. എന്റെ വല്യപ്പനും അപ്പനും തോക്കുണ്ടായിരുന്നു. പൊട്ടാസും വെടിമരുന്നും തനിയെ ഉരുട്ടിയെടുക്കുന്ന ഈയത്തിന്റെ ഉണ്ടകളുമൊക്കെ സൂക്ഷിക്കാൻ ചിരട്ടകൊണ്ടും തടികൊണ്ടും അവർ കടഞ്ഞെടുക്കുന്ന കുഞ്ഞു കുടുക്കകളും കലയോടെ ചെത്തിമിനുക്കിയ അവയുടെ അടപ്പുകളും എന്നെ വളരെയാകർഷിച്ചിരുന്നു. തടികൊണ്ട് അതുമിതുമൊക്കെ കടഞ്ഞെടുക്കുക എനിക്കും ഒരു ഹരമായിത്തീർന്നു. ഒരു കമ്പും കത്തിയും എപ്പോഴും ഞാൻ കൊണ്ടുനടന്നിരുന്നു.

ഐ.ക്യു.കൊണ്ട് മാത്രമളക്കാവുന്നവയല്ല മനുഷ്യന്റെ കഴിവുകൾ. eq (emotional quotient), sq (spiritual quotient), dq (digital quotient) തുടങ്ങി മറ്റു പല ബുദ്ധിമാപിനികളും ഉപയോഗിച്ചാലേ മനുഷ്യബുദ്ധിയുടെ വർണ്ണരാജികളെല്ലാം ഉൾപ്പെടുകയുള്ളൂ. Howard Gardner 1983ൽ എഴുതിയ The Frames of Mind (The theory of multiple intelligence) എന്ന കൃതിയിൽ മനുഷ്യബുദ്ധിയുടെ വ്യത്യസ്തമായ ചായ്വുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മുകളിൽ പറഞ്ഞവ കൂടാതെ ഗണിതയുക്തിപരം, സംഗീതപരം, സ്ഥലപരം, വ്യക്തിബന്ധപരം, അസ്തിത്വപരം, പ്രകൃതിപരം തുടങ്ങിയ കഴിവുകളിൽ മുന്തിയവർ സാധാരണ ഐ.ക്യു.ടെസ്റ്റിൽ വളരെ പിന്നാക്കമായിരിക്കും. അതിൽ യാതൊരു കഥയുമില്ലെന്നാണ് ഗാർഡ്നർ സമർഥിക്കുന്നത്. പരമ്പരാഗതമായ അളവുകോലുകൾ വച്ച് മനുഷ്യനെ വിലയിരുത്തുമ്പോൾ പ്രകൃത്യാലുള്ള കഴിവുകൾ തഴയപ്പെടുകയും ഇന്ത്യയിലെ ജാതിവ്യവസ്ഥയിൽ കീഴാളജനതയുടെ ബുദ്ധിശേഷികൾ നിഷേധിക്കപ്പെട്ടതുപോലുള്ള നീതിരാഹിത്യങ്ങൾ നടക്കുകയും ചെയ്യും. അങ്ങനെ വളരെയധികം പ്രതിഭകൾ ശൈശവത്തിൽ തന്നെ കൊല്ലപ്പെടുന്നു.

ഉപയോഗം കുറയുന്തോറും ഇന്ദ്രിയങ്ങളുടെ ശക്തി കുറഞ്ഞുപോകും. ഏതു കഴിവിന്റെ കാര്യത്തിലും ഇതാണ് ഗതി. സൗന്ദര്യത്തെ അന്വേഷിക്കുന്നവർ അത് കൂടുതൽ കണ്ടെത്തുന്നു. വിരക്തി ശീലിക്കുന്തോറും അതിനോടുള്ള പ്രതിപത്തി എറിവരും. ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്തോറും ആക്രാന്തം വര്ദ്ധിക്കുകയേ ഉള്ളൂ. വൃത്തിയായിട്ടെഴുതുന്തോറും അക്ഷരഭംഗി കൂടിക്കൊണ്ടിരിക്കും. ശ്രദ്ധ ചെലുത്തണം, രണ്ടുതവണ ആലോചിക്കണം എന്നുള്ള സദുപദേശം തന്നുകൊണ്ടിരിക്കാൻ ഒരാളുണ്ടായത് എത്രയോ വലിയ ഒരു ഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു. ഇഷ്ടം വിലയ്ക്കുന്ന ഒരു കാരുണ്യമായിരുന്നു അത്. ഈ കുറിപ്പ് ആ ഓർമക്കുവേണ്ടിയാണ്. 

Thursday, 28 August 2014

ആയിരിക്കുക എന്നത് പരിപൂർണമാണ്

ഡയറി എഴുതുക എന്നത് വളരെക്കാലം മുമ്പുതൊട്ടുള്ള എന്റെ ശീലമാണ്. എഴുതണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ അഛൻ ഒരു ഡയറി സൂക്ഷിക്കാറുണ്ടായിരുന്നു. അതറിഞ്ഞുകഴിഞ്ഞും സമയമെടുത്തു, എനിക്ക് സ്വയം അങ്ങനെ തോന്നാൻ. പിന്നെപ്പിന്നെ ദിവസവും ഓരോതരം കൈപ്പടയിൽ എഴുതുക എനിക്ക് രസകരമായി തോന്നി. അങ്ങനെ ഒരു പത്തുതരത്തിലുള്ള കൈയക്ഷരം എനിക്കനായാസമായിത്തീർന്നു. വെറുതേ കിടക്കുമ്പോൾ ഇപ്പോഴും എന്റെ കൈവിരലുകൾ വായുവിൽ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. മറ്റു ഭാഷകളെയപേക്ഷിച്ച് മുന്നാക്കത്തിൽ തന്നെ വളഞ്ഞുപുളഞ്ഞുള്ള മലയാളത്തിന്റെ പോക്ക് എന്നെ ആസ്വദിപ്പിക്കുന്നു. ഉദാ. ഇംഗ്ളീഷിലും ഹിന്ദിയിലും ഉള്ളതുപോലെ കൈയുടെ ചലനം പിന്നോട്ട് പോകേണ്ട അക്ഷരങ്ങൾ ഭാഷയിൽ ഒന്നുരണ്ടെയുള്ളൂ.

എല്ലാ സ്കൂളുകളിലും കയറിയിറങ്ങി, ഡയറിയെഴുതുന്നതിന്റെ നല്ല ഗുണങ്ങൾ പറഞ്ഞുകൊടുക്കണമെന്ന്  ആഗ്രഹിക്കാറുണ്ട്. ഞാൻ എനിക്കുവേണ്ടിത്തന്നെ കുറിച്ചിട്ടിരുന്നവയിൽ ചിലത് വായിക്കാനിടയായപ്പോൾ അതാസ്വദിക്കുന്നവർ ഉണ്ടെന്നറിയുന്നത്‌ സന്തോഷകരമാണ്. ആരും കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഇടയ്ക്കു പഴയ കുറിപ്പുകൾ ഒന്നുകൂടെ നോക്കുമ്പോൾ ഒരു സുഖമുണ്ട്. എന്നാൽ  അതിലെന്തിരിക്കുന്നു? വാക്ക് നേരെയായാൽ പോക്ക് നേരെയാകും; പോക്ക് നേരെയായാൽ വാക്കും നേരെയാകും എന്നതിരിക്കുന്നു.

വന്ദനം സൃഷ്ടി സ്ഥിതിലയ ഭാവികേ
വന്ദനം സർവ പുരുഷാർഥസാധികേ
വന്ദനം ലോക ശുഭസുഖദായികേ
വന്ദനം വാക്കിന്നനശ്വരനായികേ.

12. 10. 2007ൽ 
Cosmic Coincidences (Gribbin and Grees) കാണാനിടയാക്കിയത് എന്റെ മകനാണ്. ബഹിരാകാശസംഭവങ്ങളിൽ താത്പര്യം കണ്ടെത്തിയ അവൻ എങ്ങനെയോ അതെനിക്കും പകർന്നുതന്നു. സംഭവം നേരേ തിരിച്ചാണെന്നാണ് അവന്റെ മതം. അത് പോകട്ടെ. 

ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ അതിപ്രധാനമാണ്. ("All states of motion must be equal in the eyes of physical law. All uniform motion is relative.") അതനുസരിച്ച്, നമ്മൾ എങ്ങനെ ചരിച്ചുകൊണ്ടിരുന്നാലും, എന്തെല്ലാം മാറ്റങ്ങള്ക്ക് നമ്മൾ വിധേയരായാലും, പ്രകൃതിനിയമങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്. സൗന്ദര്യത്തിന്റെ ഏകത്വത്തെ, അല്ലെങ്കിൽ ഏകത്വത്തിന്റെ സൗന്ദര്യത്തെ അന്വേഷിച്ചുപോയിയാണ് ഐൻസ്റ്റൈൻ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

അതേപ്പറ്റി മനനം ചെയ്ത്, ഞാനെന്ന പരമാണു ചോദിക്കുന്നു, എന്തുകൊണ്ട് ഞാനിവിടെ, വേറൊരിടത്തല്ല? എന്തുകൊണ്ട് ഞാനിപ്പോൾ, മറ്റൊരു സമയത്തല്ല? എന്തുകൊണ്ട് ഈ ചോദ്യംതന്നെ ഇപ്പോൾ, നേരത്തെ അല്ലെങ്കിൽ പിന്നീടായില്ല? 
എനിക്കായിരിക്കാവുന്നയിടത്തിനും സമയത്തിനും എവിടെയാണ് പരിധി? എന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം യാദൃശ്ചികതയാണ് എന്നേ എനിക്ക് കരുതാനാവൂ. ഒന്നും ഞാനാഗ്രഹിക്കുന്നതുകൊണ്ടോ ഞാനറിഞ്ഞോ സംഭവിക്കുന്നതല്ല. അതിനർഥം, ഞാൻ വന്നുപെട്ടിരിക്കുന്നത് അനന്തതയിലേയ്ക്കാണ് എന്നല്ലേ? അതെന്നെ ആഹ്ളാദിപ്പിക്കുന്നു, എനിക്ക് ഭയമില്ല. അനന്തതയിൽ ഭയത്തിന് കാരണമില്ല. ഞാൻ എന്ന് പറയാതെ ഞാൻ എന്നുമുണ്ടായിരുന്നെങ്കിൽ ഈ വിഹായസിൽ എനിക്കെങ്ങനെ, എന്തിനെ ഭയപ്പെടാനാകും? അതായത്, തനിയെ ആയിരിക്കുന്നതും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം? ഞാനറിയുകപോലും ചെയ്യാതെ, എല്ലാമാകാൻ പോന്നൊരു പരമാണുവാണു ഞാൻ. ഹാ, ഹാ! ആർക്കും ആരുമായിരിക്കാമായിരുന്നുവെങ്കിൽ, ഓരോന്നും ഞാൻ തന്നെയാണ്; ഞാനെല്ലാമാണ് - അതിനുള്ള സാദ്ധ്യതയെങ്കിലുമാണ് ഞാൻ. പക്ഷേ, അനന്തതയിൽ, സാദ്ധ്യത എന്നത് ആയിരിക്കുന്നതിനു തുല്യമാണ്. അതുപോലെ, എല്ലാമറിയുന്നതും ഒന്നുമറിയാത്തതും സമം. അപ്പോൾ, എനിക്കപുറത്തേയ്ക്ക് പ്രതിഫലിക്കുന്ന ഒരു പ്രതിച്ഛായക്ക് ഒരർഥവുമില്ല. ആയിരിക്കുക എന്നത് പരിപൂർണമാണ്.

Monday, 25 August 2014

ഒരു ചെറിയ നിശാഗാനം

15.01.2008

https://www.youtube.com/watch?v=Qb_jQBgzU-I എന്ന ലിങ്ക് തുറക്കുമെങ്കിൽ സംഗീതസാമ്രാട്ട് വോൾഫ്ഗാങ്ങ് അമദെവൂസ് മൊസ്സാർട്ടിന്റെ വിശ്വവിഖ്യാതവും ഏറ്റവും കൂടുതൽ ശ്രവിക്കപ്പെടുന്നതുമായ Eine kleine Nachtmusik (ഒരു ചെറിയ നിശാഗാനം - the Serenade in G major, 1787) ആസ്വദിക്കാം.

എന്റെ ശ്രീമതി സ്വസ്ഥമായി ഉറങ്ങാൻ കിടക്കുകയാണ്. ഞാൻ കട്ടിലിന്റെയോരത്ത് ഇരിക്കുന്നുണ്ടെന്ന് അവൾക്കറിയാം. ആ ഇരുപ്പ് ഏറെനേരം തുടരുമെന്നും അതിനോടിടയിൽ അവളുറങ്ങിപ്പോകുമെന്നും അവൾക്കറിയാം. എന്നാലും അവൾ ചോദിക്കും, എന്തെടുക്കുവാ? ദിവസം മുഴുവൻ പലതായി കണ്ടവയെ ഒന്നാക്കാൻ ശ്രമിക്കുകയാണ്, ഞാൻ പറയും. എന്തൊക്കെ? എന്നവൾ വീണ്ടും കുസൃതിയോടെ ചോദിക്കും. ഓരോ ദിവസവും ഓരോ വിധത്തിലായിരിക്കും കടന്നുപോയത്. അക്കൂടെ ഇടപെട്ട ആളുകളും ചെയ്ത പണികളും വായിച്ച പുസ്തകങ്ങളും കുത്തിക്കുറിച്ചവയുമൊക്കെ കാണും. അസ്വാരസ്യങ്ങളും ചെറിയ കെറുവുകളും വിരളമായി ആശയപൊരുത്തക്കേടുകളും ഉണ്ടായേക്കാം. എന്നാൽ അവയെല്ലാം ഒരു സമഗ്രതയുടെ ചെറിയ അംശങ്ങളായിരുന്നു, കാലുഷ്യമുണ്ടാക്കി മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കേണ്ടതൊന്നും അക്കൂടെയില്ലായിരുന്നു എന്ന് തീര്ച്ച വന്നില്ലെങ്കിൽ വരുത്താനാണ് ഉറങ്ങുംമുമ്പുള്ള ആ നിവർന്നിരിക്കൽ എനിക്കുപകരിക്കാറ്‌. മിക്കവാറും എല്ലാം അപ്പപ്പോൾ തീരുകയാണ് പതിവ്. ഒന്നും ബാക്കിയിരിപ്പില്ല എന്നുറപ്പുവരുത്താനാണ് അൽപനേരം വെരുതേയിരിക്കുന്നത്. എല്ലാറ്റിനെയും ശുദ്ധീകരിക്കുന്ന പ്രപഞ്ചോർജ്ജം വന്നു പൊതിയട്ടെ എന്നാഗ്രഹിച്ച് വെറുതേ ഇരുന്നാൽ മതി. വെളിച്ചത്ത് കണ്ടതിലെല്ലാം ഉണ്ടായിരുന്നത് ഒന്നായിരുന്നു എന്നയറിവ് ഇരുട്ടത്ത് ഉള്ളിൽ വന്നു നിറയും - ആ അറിവാണ് സന്തുലിതാവസ്ഥയെ കൊണ്ടുവരുന്നത്.

എന്റെ ഇഷ്ടതൂലികയായ സി. രാധാകൃഷ്ണനെ വായിക്കുമ്പോൾ ആദ്യമൊക്കെ ഞാൻ ചിന്തിച്ചിരുന്നു, എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാഗ്യരഥ്യയിലൂടെ നടക്കാൻ എനിക്കായില്ല എന്ന്. ഇന്ന് ഞാനങ്ങനെയല്ല വിചാരിക്കുന്നത്. അദ്ദേഹമെഴുതുകയും ഞാനത് വായിച്ച് ആസ്വദിക്കുകയും എന്നത് അതിലും സുന്ദരമല്ലേ എന്നാണ്. അന്യർ സൃഷ്ടിക്കുന്ന സൗന്ദര്യത്തിന്റെ ലഹരി ആസ്വദിക്കാനാവുക ഒരനുഗ്രഹമാണ്‌. പക്ഷികൾ ദീർഘദൂരം കൂടിപ്പറക്കുമ്പോൾ, ഇംഗ്ളീഷ് V ചരിച്ചിട്ട ആകൃതിയിൽ അവ ഒന്നോടൊന്നു ചേർന്ന് മുന്നോട്ടുപോകുന്ന പതിവുണ്ട്. വായുമർദ്ദം ലഘൂകരിക്കുന്നു എന്നതാണ് അതിന്റെ ഫലം. ഏതു പക്ഷി എവിടെ നില്ക്കുന്നു എന്നത് അപ്രധാനമാണ്. എന്നാലും മുമ്പിൽ പോകുന്നതിന് കൂടുതൽ മർദ്ദത്തെ ചെറുക്കേണ്ടതുണ്ട് എന്നതിനാൽ ആ സ്ഥാനം അവർ മാറിമാറി എടുക്കണമെന്നും അവയ്ക്കറിയാം. പ്രകൃതിയിൽ എന്ത് എപ്പോൾ എങ്ങനെ സംഭവിക്കുന്നു എന്നത് നിഗൂഢമായ ഒരാന്തരീയലയത്തിന്റെ ഭാഗമാണ്. അത് അങ്ങനെയാണെന്ന അവബോധം എല്ലാ സംഭവങ്ങളെയും വരുന്നതുപോലെ സ്വീകരിക്കാൻ ഉതകുന്ന ഒരു മാനസികാവസ്ഥയെ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്.

സ്വതന്ത്ര വിഹായസിൽ ഒരുമിച്ചു പറക്കുന്ന പക്ഷികളിൽ ഒന്ന് മാത്രമാണ് ഞാൻ എന്നയറിവ് വിലമതിക്കാനാവാത്ത ഒരു നിധിയാണ്‌. ആത്മാവിൽ സംഘർഷമില്ലാതെ ജീവിക്കുക ഒരു കലയാണ്‌. ഇതോടോത്തുപോകുന്ന, ഭൗതികതയും ആദ്ധ്യാത്മീയതയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്, ഗീത മനസ്സിരുത്തി വായിക്കുന്നവർക്ക് കിട്ടുന്നത്. അതിൽ നിഷ്ഠകളോ ശാഠൃങ്ങളോ ഇല്ല. കലുഷിതമായവയുടെ നടുവിൽ സ്വച്ഛന്ദ്യമനുഭവിക്കുക - അതാണ്‌ സന്തുഷ്ടകരമായ ജീവിതത്തിന്റെ താക്കോൽ.

ഞാനിതൊക്കെ അവളോട്‌ വളരെ ലളിതമായി പറഞ്ഞുകൊണ്ടിരിക്കേ ആറായിരത്തി അഞ്ഞൂറ് km അപ്പുറത്തുനിന്ന് മൂത്ത മകൻ വിളിച്ചു. 'വിളിക്കണം, അമ്മക്ക് നിന്റെ സ്വരം കേൾക്കണം' എന്ന് ഒരു മെയിൽ വിട്ടതിന്റെ ഫലം. അവൾ ചോദിച്ചതിനൊക്കെ ചുരുങ്ങിയ ഉത്തരം കിട്ടിയപ്പോൾ, ഇതിൽ കൂടുതൽ അവനൊന്നും പറയില്ല എന്നറിഞ്ഞുകൊണ്ട്‌ അവൾതന്നെ സംസാരം നിറുത്തി. 'തനി അപ്പൻ' എന്നൊരു കമന്റും. ആരോടും ആവശ്യത്തിൽ കവിഞ്ഞൊന്നും മിണ്ടാത്തവരാണ് ഞാനും മകനും. തമ്മിലും അങ്ങനെത്തന്നെ. ഒരു വർഷമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട്. റ്റെലെഫോണിൽ സംസാരിക്കാറേയില്ല. ആവശ്യം തോന്നുമ്പോൾ എന്തെങ്കിലും വായിക്കാനുള്ളത് കൈമാറാൻ മെയിൽ ഉപയോഗിക്കും. ഞങ്ങൾക്കത് ധാരാളമാണ്. അത്യാവശ്യമാണ് ആഗ്രഹത്തിന്റെ അളവ് എന്നതാണ് ഞങ്ങളുടെ നയം. അത് പുറത്തേയ്ക്കുള്ള വാതിലുകളെ മിക്കപ്പോഴും ചാരിയിടുമെങ്കിലും ഉള്ളിലൊരാകാശം എപ്പോഴും തുറന്നുകിടക്കാനുപകരിക്കും. അത്തരമൊരു ആകാശവ്യാപ്തിയുടെ അനുഭവമുണ്ടാകാൻ, കൂട്ടംകൂടി പറക്കുന്ന പക്ഷികളിലൊന്നായി സ്വയം സങ്കല്പിച്ചുകൊണ്ട്, അമദെവൂസ് മൊസ്സാർട്ടിന്റെ ആ ചെറിയ നിശാഗാനം ഒന്നുകൂടി ശ്രദ്ധിച്ചു കേൾക്കൂ. അതാസ്വദിച്ചുകൊണ്ട്‌ എത്രയായിരങ്ങൾ കുളിർമയോടെ ഉറങ്ങിയിട്ടുണ്ടാവണം!

Tel. 9961544169 / 04822271922

Sunday, 17 August 2014

ദിരിസന

14. 09. 2007 
"നിന്റെ ദൈവത്തെപ്പറ്റി- 
യെന്നോടു പറയൂ"
ഏതു സസ്യത്തോടും സെൻഗുരു 
ആവശ്യപ്പെടുമായിരുന്നു.

"ബദാംമരത്തോടതു പറഞ്ഞതേ
അവളടിമുടി പൂത്തു." (കസാന്ദ് സാക്കീസ്)

ഏത് ഋതുവിലും ഏതു സമയത്തും 
ഞാൻ കാണുമ്പോഴൊക്കെ 
പൂത്തുലഞ്ഞു നിന്നിരുന്ന-
യൊരു ഹരിതയുവതി 
അയലത്തുണ്ടായിരുന്നു. 
ദിരിസനയെന്നു വിളിപ്പേർ*

ഒരുനാളവളെ ആരോ പിഴുതെറിഞ്ഞു
തീരാദുഃഖത്തിലാണ്ടുപോയി ഞാൻ
എന്നാലുമാവഴി കടന്നുപോകേ-
യടിമുടി ഞാനും പൂക്കുംപോലെ 

ഇന്നതും പോയതുപോൽ -
ദൈവത്തെപ്പറ്റി മിണ്ടുന്നില്ലാരും!

*ഭംഗിയേറിയ കുഞ്ഞു പൂക്കളുണ്ടാകുന്ന ഒരു ചെടി 

Tel. 9961544169 / 04822271922

Monday, 11 August 2014

'മ'

26. 11. 2007
നാഴികമണിയുടെ സൂചികളെ ദിവസത്തിന്റെ കാലുകളായി സങ്കല്പിച്ചാൽ, ഇന്നിൽനിന്ന് നാളെയിലേയ്ക്കുള്ള എടുത്തുചാട്ടത്തിന് ഒരുങ്ങുകയാണവ എന്ന് പറയാം. വൈകീട്ട് എഴുമണിക്ക് ആല്ലെർഹൈലിഗെൻബെർഗ് (Allerheiligenberg) എന്ന മലമ്പ്രദേശത്തുകൂടെ നടക്കാനിറങ്ങിയപ്പോൾ (900 മീറ്റർ ഉയരമുള്ള ഈ സ്വിസ് മൌണ്ടനിലാണ് 1981 മുതൽ 19 വർഷം ഞാനും കുടുംബവും താമസിച്ചിരുന്നത്.) പൂർണചന്ദ്രൻ കിഴക്കുനിന്ന് ഒളിഞ്ഞുനോക്കുകയായിരുന്നു. ഇപ്പോഴത്‌ 500 മീറ്റർ താഴെയുള്ള ഞങ്ങളുടെ വീടിന്റെ നേർമുകളിൽ എത്തിയിട്ടുണ്ട്. തെളിഞ്ഞു ശുദ്ധമായ നീലാകാശമാണിന്ന്. ഒരു A4 താളിന്റെ ഒരരികിൽ ഒരു കലാകാരൻ വരച്ചുവച്ച 'മ' പോലെ മിക്കവാറും ഒഴിഞ്ഞ മുറിയുടെ ഒരു ഭിത്തിയിൽ ചാരി ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നറിയില്ല. A4 താളിന്റെ ഉപമ പറയാൻ കാരണം എന്റെ മുറിയിൽ കട്ടിലോ മേശയോ കസേരയോ ഇല്ലെന്നതാണ്. ആറുവർഷമായി അങ്ങനെയാണ്. എനിക്ക് വായിക്കാനുള്ളവ തറയിൽ വിരിച്ചുകിടക്കുന്ന പുതപ്പിൽ കാണും. എഴുതാൻ വേണ്ടവയും ഒരോടക്കുഴലും. ഭിത്തികൾ നഗ്നം. ജോലി കഴിഞ്ഞെത്തിയാൽ കുറേ ഏറെനേരം നടന്നിട്ടുവന്ന് അത്യാവശ്യ സന്ധ്യാനിഷ്ഠകളെല്ലാം ഒതുക്കിയാൽ, എകാകിതയുടെ ഈ സ്വർഗത്തിലേയ്ക്ക് ഞാൻ കയറുകയായി. അവിടെയാണ് എന്റെ ദിനസരിക്കുറിപ്പുകൾ രൂപമെടുക്കുക. ഉറക്കം വരുമ്പോൾ, തറയ്ക്ക്‌ ചൂടുള്ളതിനാൽ, അതിൽ കൈകാലുകൾ വിരിച്ച്, ശവാസനഭാവത്തിൽ കിടക്കാം, നിദ്രയിലാഴാം.  

മനസ്സിൽ രൂപംകൊള്ളുന്നതെല്ലാം കഴിവതും വ്യക്തമായി പകര്ത്താൻ ഞാൻ ശ്രമിക്കുന്നു. അല്പം വായിച്ചും ഈ കടലാസിൽ ഞാനെഴുതുന്ന അക്ഷരങ്ങൾവഴി എന്റെതന്നെ ഛായ വരച്ചും മറ്റൊരാളുമായി സംവദിക്കാനാകുമെങ്കിൽ എന്നാശിച്ചും ആണ് ഈ കുത്തിയിരുപ്പും ഉറക്കമിളപ്പുമൊക്കെ. സ്വയമറിയാത്ത ഞാൻ മറ്റൊരാളെ എന്റെ മനസ്സറിയിക്കാനുള്ള ശ്രമം നടത്തുന്നു എന്നത് എത്ര കഷ്ടമാണ്! 

എന്റെ മൗനങ്ങളെയും സങ്കോചപൂർവം പുറത്തുവിടുന്ന ശബ്ദങ്ങളെയും സന്ദേഹപൂർവമുള്ള കുത്തിക്കുറിക്കലുകളെയും കൌതുകത്തോടെ ഏറ്റുവാങ്ങിയ ഒരാളെങ്കിലും ഈ അക്ഷരങ്ങളിലൂടെ പലതും ഓർത്തെടുക്കും എന്നെനിക്കറിയാം. ഒരിക്കലവൾ താത്പര്യപ്രണയത്തിൽ വായിചെടുത്തവ തരിപോലും വ്യതിയാനമില്ലാതെ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ബോദ്ധ്യംവരുമ്പോൾ സംഭവിക്കുന്നതെന്താവുമോ? ഒരിക്കലും നശിപ്പിക്കാതെ, കളങ്കപ്പെടുത്താതെ, ഒരാളുടെ ആന്തരികസത്തയെ മറ്റൊരാളുടെ ബോധഫലകത്തിൽ പ്രതിഫലിപ്പിക്കാൻ തൂലികയിലൂടെ ഒഴുകുന്ന മഷി വളഞ്ഞുപുളഞ്ഞ നീർച്ചാലുകളാകുമ്പോൾ ക്ഷരമായവയിൽനിന്നും അക്ഷരമായത് സംഭവിക്കുന്നു. കൈവിരലുകളിലൂടെ ആത്മാവിന്റെ സുതാര്യതയുടെ ഒരു രഹസ്യഗ്രന്ഥമുണ്ടാകുന്നു. ആ ഗ്രന്ഥം ആരുമേ കണ്ടെന്നു വരില്ല. എന്നാൽ അതുൾക്കൊള്ളുന്ന കുഞ്ഞുരഹസ്യങ്ങളിലൊന്നെങ്കിലും ഏറ്റുവാങ്ങാനൊരാളുണ്ടാകുമെന്നത് മാത്രമാണ് ഈ കൃത്യം തുടരാൻ എനിക്ക് പ്രേരണയാകുന്നത്.

ഒരു 'മ'പോലെ, കാലുകള പുറകോട്ടു മടക്കി ഭിത്തിയിൽ ചാരിയിരിക്കുകയാൽ, ഇതുവരെ ലംബമായി നിലകൊണ്ട എന്റെ അവയവഭാഗങ്ങളെ, 90 ഡിഗ്രി ചരിച്ചുവച്ചാലെന്നപോലെ, തിരശ്ചീനമായി നീട്ടിവച്ച്, ഞാനിനി വിശ്രമിക്കട്ടെ.

Thursday, 7 August 2014

കൂടെയുണർന്നിരുന്ന പുസ്തകം

16. 10. 2007
ഉറക്കത്തിനു തൊട്ടുമുമ്പ്, പതിയെ മയങ്ങിത്തുടങ്ങുമ്പോൾ, തുറന്നൊന്നു നോക്കാൻ വച്ചിരിക്കുന്ന ഒരു ഗ്രന്ഥമുണ്ടെനിക്ക് - Jeder Satz ein Menschengesicht (ഓരോ വരിയും ഒരു മനുഷ്യമുഖം) എന്ന് പേര്. അതിൽ നിന്ന് ചിലത്.

പ്രായവും ചിന്തയും
"ഞാൻ 80 വയസുവരെ ജീവിച്ചത് എന്നും ഒരേ വിധത്തിൽ  കഴിയാനാണോ? അല്ല. പുതിയവയെപ്പറ്റിയും പുതിയ രീതിയിലും ചിന്തിക്കാനാണെന്റെ ശ്രമം. വഴിമുട്ടിപ്പോകാതിരിക്കാൻ, മനുഷ്യൻ മാറിക്കൊണ്ടിരിക്കണം." - Unterhaltungen mit Goethe (Conversation with Goethe) - Kazler Friedrich von Müller ഗ്വേഥെയുമായി നടത്തിയ സംഭാഷണത്തിനിടെ, ജർമൻ സാഹിത്യശാഖകളിലെല്ലാം കുലപതിയുടെ സ്ഥാനം പതിച്ചുകൊടുത്തിരുന്ന സാഹിത്യപ്രതിഭ ഗ്വേഥെ പറഞ്ഞതാണിത്. 

 ഞാനും ഇതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നു. എന്നാൽ പഴയതുമാത്രം പഥ്യമായിട്ടുള്ളവർ കൂടെക്കഴിയുമ്പോൾ ഇക്കാര്യത്തിൽ പ്രതിബന്ധങ്ങൾ ഏറെയാണ്‌. പഴയ ആശയങ്ങളിൽ സുരക്ഷിതത്വം പ്രതീക്ഷിച്ചുകഴിയുന്നവരാണ് എവിടെയും ഭൂരിപക്ഷം. സ്വാതന്ത്ര്യം പരീക്ഷിക്കാൻ ധൈര്യം വേണം. അതില്ലാത്തവർ കൂടെയുള്ളവരെയും സുരക്ഷിത വളയത്തിനു പുറത്തേയ്ക്ക് വിടില്ല. ചിന്തിക്കുന്നവൻ യുദ്ധത്തിനൊരുങ്ങണം എന്ന് മാർകേസ് പറഞ്ഞത് സത്യം.

17. 10. 2007
ഗ്വേഥെയെപ്പറ്റി സുഹൃത്തുക്കൾ പറഞ്ഞതിൽ ചിലവ. "അദ്ദേഹത്തിന്റെ സംസാരത്തെക്കാൾ മെച്ചമാണ് അദ്ദേഹത്തിന്റെ ജീവിതം. എഴുത്തിനേക്കാൾ മെച്ചമാണ് അദ്ദേഹത്തിന്റെ സംസാരം. മുദ്രണം ചെയ്തിട്ടുള്ളതിനേക്കാൾ മെച്ചമായവ അദ്ദേഹം എഴുതിയിട്ടുണ്ട്." (Sämtliche Werke)
 
"ഒന്നിലുംതന്നെ ഏകാഗ്രതയോടെ ശ്രദ്ധപതിക്കാതെ, ഓരോന്ന് മാറിമാറി ചെയ്തുകൊണ്ട്‌ അദ്ദേഹം അലസതക്ക്‌ കീഴ്പ്പെടുന്നു എന്നത് പരിതാപകരമാണ്. മൂന്നുനാലു മാസങ്ങളായി കെട്ടിടം വിട്ടെന്നല്ല, തന്റെ മുറിക്കു പുറത്തേയ്ക്ക്പോലും അദ്ദേഹം ഇറങ്ങിയിട്ടില്ല. അതിന്റെ പേരിലാകട്ടെ അങ്ങേർക്കൊരു അസുഖവുമൊട്ടില്ലതാനും!" (ഷില്ലർ 1803ൽ)
തന്നെപ്പറ്റി ഗ്വെഥെതന്നെ പറഞ്ഞത്: "അനുഭവങ്ങളെ ഉപയോഗിക്കുക മാത്രമാണ് എനിക്കെഴുത്ത്. എന്റെ ചുറ്റുമുള്ളവയിലെ സർഗ്ഗധന്യതയെ എന്റെ സ്വന്തം സർഗ്ഗാത്മകതയെക്കാൾ ഞാൻ വിലമതിക്കുന്നു. വായുവിൽനിന്ന് സൃഷ്ടിക്കുക ഒട്ടുമേ എന്റെ രീതിയല്ല."
"താൻ സ്നേഹിക്കുന്നിടത്തു നിന്നലാതെ ആരുമൊന്നും പഠിക്കുകയില്ല." (Goethe)

സാഹിത്യവല്ലഭാനായിരുന്ന കാഫ്ക സ്വയം വിലയിരുത്തിയത് ഇങ്ങനെ: "മനുഷ്യരോടൊത്ത് ജീവിക്കാനും അവരോടു സംസാരിക്കാനും കഴിവില്ലാത്തവനാണ് ഞാൻ. എന്നെപ്പറ്റി ചിന്തിച്ച് എന്നിലേയ്ക്ക് ആണ്ടുപോയവൻ, മുരടൻ, ചിന്താവിഹീനൻ, ഭീരു. എനിക്കാരോടുമൊന്നും പറയാനില്ല, ഒരിക്കലും."
"ഒരാൾക്ക്‌ ജീവിക്കാനത്യാവശ്യമായതെന്തോ, അതാണയാൾക്ക് സത്യം." (Franz Kafka)

Wednesday, 6 August 2014

കണ്ണിന് ഇമകൾ പോലെ

04. 08. 2007
കണ്ണിന് ഇമകൾ പോലെ

ഇമകൾ കണ്ണിന്റെ പരിരക്ഷക്കായി മാത്രമുള്ളതല്ല. പ്രകൃതിയിലെ മറ്റെല്ലാറ്റിലുമെന്നപൊലെ ഇവിടെയും അനന്യമായ ചാതുരിയും സവിശേഷമായ ചേർച്ചയും നിറച്ചിരിക്കുന്നു, പ്രപഞ്ചകലാകാരൻ. പതിയെപ്പതിയെ അനങ്ങുന്ന ഇടതൂർന്ന നീണ്ടയിമകൾ കണ്ണുകളെ വശ്യമാക്കുന്നു, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കണ്ണുകളെ. അക്ഷികൾക്ക് നീളം കൂട്ടാൻ മാത്രമായിട്ടല്ല, നീണ്ട ഇമകളുണ്ടെന്നു തോന്നിക്കാൻ കൂടിയാണ് ഇന്ത്യൻ പെണ്ണുങ്ങൾ വാലിട്ട് കണ്ണെഴുതുന്നത്. കണ്ണിമകൾ ഒരു പ്രതീകമാണ്. എന്തിന്റെ? ഉള്ളിലെ ഇഷ്ടത്തിന്റെ. ഇമകളെപ്പോലെയതും അയത്നം താഴുകയും ഉയരുകയും (വന്നും പോയും) ചെയ്തുകൊണ്ടിരിക്കുന്നു, അർദ്ധബോധാവസ്ഥയിൽ പോലും. പ്രണയശൃംഗാരങ്ങളിൽ കണ്ണിമകൾ എന്തെല്ലാം സംവാദനം ചെയ്യുന്നുണ്ട്!

സ്വപ്നങ്ങൾ ഹൃദയത്തെ സജീവമാക്കുന്നതുപോലെ, കാല്പനികമായതിനും ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്കുണ്ട്. ബുദ്ധിക്കു നിരക്കാത്ത പലതും ഹൃദയത്തിന് വെളിപ്പെട്ടുകിട്ടുന്നു. ഉദാ. ഒരു പൈതലിന്റെ മധുരപ്പുലമ്പലുകൾ മറ്റു ശ്രോതാക്കൾക്ക് അർഥദ്യോതകമാവില്ല. എന്നാൽ അതിന്റെ അമ്മക്ക് അത് മധുരതരവും ജീവദായകവുമാണ്. അതുപോലെയാണ്, നമ്മുടെ ഓർമയിൽ മായാതെ കിടക്കുന്ന ചില പിൻവിളികളും കിണുങ്ങലുകളും മുഖമുദ്രകളും.    

Tuesday, 5 August 2014

ശാന്തം, സ്വസ്ഥം

5. 8. 2007 

സുര മന്ദിര തരു മൂല നിവാസ:
ശയ്യാ ഭൂതല മജിനം വാസ:
സർവ പരിഗ്രഹ ഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:   (ശ്രീശങ്കർ)
ദേവാലയ(മായ ഈ പ്രപഞ്ച)ത്തിന്റെ മുറ്റത്ത് മരച്ചുവട്ടിൽ താമസം; മണ്ണിൽ കിടപ്പ്; മരത്തോലുടുപ്പ്; ഒന്നുമെടുക്കുകയും സ്വന്തമാക്കുകയും വേണ്ടെന്ന മനോനില. ഈ വക വിരാഗം (വൈരാഗിയുടെയവസ്ഥ) ആർക്കാണ് സുഖം നൽകാത്തത്?
അക്ഷരാർത്ഥമത്രയേ ഉള്ളൂവെങ്കിലും, ഈ ചായ്‌വ് ആത്മശീലമായാൽ അതെല്ലാറ്റിലും പ്രത്യക്ഷമാകും. ജീവിതസ്വസ്ഥതയിലേയ്ക്ക് ഇതിലും പിഴക്കാത്ത പാതയില്ല.
അല്പം വല്ലതും വായിച്ചിട്ടുറങ്ങാമെന്നു വിചാരിച്ചെങ്കിലും ലൈറ്റണച്ച് നിലത്തുവിരിച്ച തുണിയിൽ വെറുതേ കിടന്നതേയുള്ളൂ. സർവതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം പ്രതലത്തിൽ ചുരുക്കി, നിർവികാരനായി, സംതൃപ്തനായി, കിടന്നത് എത്രനേരമെന്ന് അറിഞ്ഞില്ല.

ഭൂമിയുടെ വാത്സല്യസംരക്ഷണവും വിഹായസിന്റെ നാനാദിക്കുകളിൽ നിന്നെത്തുന്ന ഊര്ജ്ജപ്രസരങ്ങളാൽ വിലയം ചെയ്യപ്പെട്ടും അങ്ങനെ കഴിയുക മനസ്സിന്റെ കെട്ടഴിക്കും. ആരോടുമൊന്നിനോടുമെതിർപ്പോ, പകയോ, കടപ്പാടോ തോന്നില്ല. വെറും അഞ്ചരയടിയോളം മണ്ണിലൊതുങ്ങുന്ന ഏതോ കല്പിത സംതൃപ്തിയല്ലത്. എഴുന്നേറ്റിരുന്ന് അത് കുറിച്ചിടണമെന്നു തോന്നി.

ആയുർവേദത്തിൽ രണ്ടു സമീപനങ്ങളുള്ളതിൽ ആദ്യത്തേത് സ്വസ്ഥവൃത്തമാണെന്ന് വായിച്ചിട്ടുണ്ട്. ചിത്സയല്ലത്. മറിച്ച്, ഒരു ജീവിതചര്യയുടെ പരിശീലനമാണ്. ആത്മശരീരങ്ങളെയും മനസ്സിനെയും പ്രസന്നഭാവത്തിലെത്തിക്കുന്ന ഒരു രീതി. അത് കൊണ്ടെത്തിക്കുന്ന അവസ്ഥ പ്രകൃത്യാതന്നെ എനിക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഇവിടെ അഹംഭാവത്തിനിടം വേണ്ടാ. കാരണം, അളക്കാനാവാത്തതിന്റെയും ഉത്തരമില്ലാത്തതിന്റെയും നടുവിലേയ്ക്കാണ് അസ്തിത്വം നമ്മെ എറിഞ്ഞിരിക്കുന്നത് എന്ന തോന്നലാണത്. ആ തോന്നൽ നിസ്സഹായതയുടേതല്ല, മറിച്ച്, സുരക്ഷിതത്വത്തിന്റേതാണ്. പ്രപഞ്ചവിസ്തൃതി, ജൈവവൈവിദ്ധ്യങ്ങളുടെ ഉത്ഭവം, എന്റെ ബോധം, അപ്രതിഹതമായ സ്നേഹത്തിന്റെ ഉറവപൊട്ടൽ, ഏറ്റവും സുന്ദരമെന്നു കരുതിയിരിക്കുന്നതിനേയും നശിപ്പിക്കുന്ന വിധിയുടെ ലീലാവിലാസം തുടങ്ങി ഒരിക്കലുമറിയാനോ അളക്കാനോ ആവില്ലാത്ത നിഗൂഢതകളുടെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ആ ബോധമാണ് നമ്മെ മനുഷ്യരാക്കുന്നത്. അത് സുന്ദരമാണെന്നു തോന്നിത്തുടങ്ങിയാൽ എന്തെന്നില്ലാത്ത ഒരു ശാന്തതയും സ്വസ്ഥതയും കൈവരുകയായി. 

Monday, 4 August 2014

ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാൻ

05. 07. 2007
അമ്മയാം ഭൂമി 
ഭൂമി സർവ്വ ചരാചരങ്ങളുടെയും അമ്മയാണെന്ന സാമാന്യബോധം ഉത്തമമാണ്. ആ അറിവ് അനുദിനജീവിതത്തിൽ നമുക്ക് മാർഗദർശിയായിത്തീരണം. അതിന്റെ പരിണതിയിൽ, അമ്മയായിത്തന്നെ ഭൂമിയെ ഓമനിക്കുന്ന ശീലം വളർത്തിയെടുക്കണം. എങ്ങനെ? ഭൂമിയുമായി കഴിയുന്നത്ര ശാരീരിക ബന്ധം വളർത്താൻ അവസരം കണ്ടെത്തുകയാണ് പോംവഴി. ഇത് ആത്മശരീരങ്ങൾക്ക് ആരോഗ്യദായകമാണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്.
നിലത്തു പായ വിരിച്ചു കിടന്നുറങ്ങുന്ന ചെറുപ്പത്തിലെ ശീലം ഞാൻ ആറു വർഷമായി വീണ്ടെടുത്തിരിക്കുന്നു. അമ്മയുടെ മടിയിൽ തലവച്ചു കിടന്നുറങ്ങുന്ന പ്രതീതിയാണ് അത് തരുന്നത്. അതിനു സാധിക്കാത്തവർ, അല്പനേരമെങ്കിലും കയ്യും വിരിച്ച്, ശരീരം കഴിവതും ഗാഢമായി നിലത്തുചേർത്ത്, കമിഴ്ന്നുകിടക്കുമ്പോൾ ഈ ബന്ധത്തിന് ഒരു സവിശേഷ ആക്കമുണ്ടാകും . മനസ്സുകൊണ്ടും സ്വയം പ്രകൃതീദേവിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അവളുടെ ചൈതന്യസമ്പത്തെല്ലാം തന്നിലേയ്ക്കു ഒഴുകിയെത്താൻ യാചിക്കുക. എല്ലാ ദാനങ്ങൾക്കും നന്ദി പറയുക. ആത്മശരീരങ്ങൾക്ക് അമ്മ വച്ചുനീട്ടുന്ന വാത്സല്യത്തെ ഇഷ്ടത്തോടെ സ്വീകരിക്കുക. ഉറക്കം കുളിർമയുള്ളതായിത്തീരും. ഇതെന്റെ അനുഭവമാണ്. 

Sunday, 3 August 2014

എളിമ

15. 09. 2007 
വിശ്വാസമെന്നാൽ പ്രകൃതിയുടെ ഭാവങ്ങളിൽ ചിലത് മാത്രമേ നാമറിയുന്നുള്ളൂ എന്നയംഗീകാരമാണ്. ജീവൻതന്നെ പ്രപഞ്ചാദ്ഭുതത്തിനു മുമ്പിലെ വിസ്മയമാണ്. എത്ര തിരഞ്ഞു ചെന്നാലും ഒടുവിലറിയുന്നത് ഒന്നുമാത്രം - മനസ്സിന്റെ കല്പനകളല്ലാതെ ഒന്നും നാമറിയുന്നില്ല എന്ന്. ഈ കല്പനകൾ നിരന്തരം തകർന്നുകൊണ്ടിരിക്കുന്നു താനും. ശൂന്യതയാണ് ബാക്കി. അവിടെ വലിപ്പവ്യത്യാസങ്ങലുള്പ്പെടെയുള്ള എല്ലാ വൈവിദ്ധ്യങ്ങളും അസംഗതമാണ്.

എങ്കിൽ,ഏകം സത്, വിപ്രാ ബഹുധാ വദന്തി (ഒന്ന് മാത്രമായ സത്യത്തെ വിദ്വാന്മാർ പലതായി പറയുന്നു) എന്നത് മൂഢന്മാർ എന്ന് തിരുത്തണം. ഒന്നിനെ മാത്രം കാണുന്നതാണ് വിദ്യയെങ്കിൽ പലതിനെ കാണുന്നത് വിഡ്ഢിത്തമാണ്. അപ്പോൾ സ്വയം വിഡ്ഢിയായി അംഗീകരിക്കുക എന്നതാണ് സത്യം, അതാണ്‌ എളിമ. തരംതിരിവുകൾക്കനുസൃതമായി വിഹരിച്ചിട്ട് വിവേകിയെന്നു സ്വയം വിലയിരുത്തുന്നത് പോഴത്തമാണെന്ന് സാരം. 

നാം കാണുന്നതും അറിയുന്നതുമൊന്നും നിത്യസത്യത്തിൽ പെടുന്നില്ലെന്നും നാമിടപെടുന്നതെല്ലാം വിഡ്ഢികളുമായിട്ടാണെന്നും, നാമും അക്കൂട്ടത്തിൽ ആണെന്നും സത്യസന്ധതയോടെ അംഗീകരിക്കാനാവുമെങ്കിൽ മാത്രമേ നമുക്ക് എളിമയുള്ളൂ. മറ്റെല്ലാം കാപട്യമാണ്.   

Tel. 9961544169 / 04822271922

Friday, 1 August 2014

ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.

മറന്നുകിടന്ന എന്നിലെ പൈതലിനെ കണ്ടെത്തി ഓമനിക്കാൻ നേരവും താത്പര്യവും കാണിച്ച മഹതിയെ ഓർത്തുപോയി. ആ പൈതൽ വളർന്നുപോയിട്ടില്ല. ശൈശവത്തിന്റെ നന്മകളെ  ഓരോന്നായി ഇന്നും ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അതിന് കാരണക്കാരി അവളാണ്. ആ കുഞ്ഞിൽനിന്നൊരു പുരുഷൻ ഉരുവംകൊള്ളണമെന്നവൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം, ഇന്നും എനിക്ക് പറയാനാവുന്നത്:
"അരിയ ബാല്യത്തിൽ നിന്നുഞാനെത്ര-
കണ്ടകലെയാണിന്നു നില്ക്കുവതെങ്കിലും
അഴകു കൈവിടാതെന്നുൾക്കളത്തിലാ-
പ്പഴയ ബാലൻ കളിപ്പതുണ്ടിപ്പൊഴും."
(തിരുനെല്ലൂർ കരുണാകരൻ)

അവൾ എപ്പോഴും എന്റെ ഉള്ളിന്റെ ഉള്ള് കിള്ളിച്ചികഞ്ഞിരുന്നു. പലപ്പോഴും എനിക്കവളുടെ ചോദ്യങ്ങൾ ബാലിശങ്ങളായിത്തോന്നി. എന്നാൽ എനിക്കുനെരേ അവയെ എയ്യാനുള്ള അവകാശത്തിൽ അവൾ മുറുകെപ്പിടിച്ചു.
അതൊക്കെ അന്ന്. ഇന്നവ ഓർമ്മകൾ മാത്രം. അക്കൂടെയനുഭവിച്ച സുഗന്ധ വസന്തങ്ങളുടെയും പാരസ്പര്യത്തിന്റെയും സന്തുഷ്ടിയും സ്വാതന്ത്ര്യവും ധാരാളിത്തവും ഇത്രയുമേ ഇനി ബാക്കിയുള്ളോ? എവിടെ പിഴച്ചു എന്നത് തെറ്റായ ചോദ്യമാണ്. പിഴയില്ല എന്നതായിരുന്നല്ലോ നമ്മുടെ യാത്രയുടെ ആരംഭയുക്തി. പഴിചാരലുമില്ല. ഒന്നിന് പകരം മറ്റൊന്നില്ല എന്നതാണ് വിധി.

പൂർവയൗവനത്തിൽ തളിർത്തെങ്കിലും പുഷ്പിക്കാതിരുന്ന വികാരബന്ധങ്ങളെ ആരബ്ധവാർദ്ധക്യത്തിൽ വളമിട്ടു നനച്ച് ആര്ത്തുവളര്ത്തിയെടുത്ത അന്നത്തെ പൂന്തോപ്പുകാരിയെവിടെ? ജീവിതവീക്ഷണങ്ങളുടെ അടിസ്ഥാന ചാലുകളെ തിരഞ്ഞുനടന്നിരുന്ന എന്റെ സഹയാത്രികയെവിടെ?
മനുഷ്യനെ നയിക്കുന്ന അജ്ഞാത ശക്തികളിൽ അല്പമെന്നല്ല, ഏറ്റവുമധികം പങ്കുള്ളത് സ്നേഹത്തിനാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ദാര്ശനികയെവിടെ? എല്ലാ ഹൃദയാകുലതകളിലും എകാകിതയാണേറ്റവും വിശ്വസ്തയായ സുഹൃത്തെന്ന് സ്വയം ധൈര്യപ്പെടുത്തിക്കൊണ്ടിരുന്ന ജ്ഞാനിയെവിടെ?

"ശരീരം പ്രണയിക്കപ്പെടുമ്പോളുണ്ടാകുന്ന അനുഭവമാണ് യഥാർഥ ആത്മീയാനുഭവമെന്ന് മനസ്സിലാക്കാനുള്ള വകതിരിവൊന്നും ദാമ്പത്യത്തിന്റെ കാർക്കശ്യങ്ങൾക്കില്ല" (എസ്. ശാരദക്കുട്ടി). "ഗുണദോഷങ്ങളുടെ കണക്കുകൂട്ടലുകളില്ലാതെ മനുഷ്യൻ മനുഷ്യനെ പൂജിക്കുന്നതിനെയാണ് പ്രേമമെന്നു പറയുന്നത്." (യയാതി)

ആനന്ദം ദൈവമാണെന്നും അത് പ്രണയാനുഭവങ്ങളിലൂടെയേ  സാക്ഷാത്ക്കരിക്കാനാവു എന്നുമുള്ള ഒരു സ്ത്രീയുടെ തിരിച്ചറിവ് ഒരു പുരുഷന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാം.
സൂര്യനുദിച്ചുയരുന്നത് കൂടെയിരുന്നു കാണുന്നതാണ് എനിക്കു നീ. ഈ സൂര്യനസ്തമിക്കല്ലേ എന്ന് ദൂരെയായിരിക്കുമ്പോഴും പറയുന്നതാണ് എനിക്ക് നീ. കല്ലെന്നും പുല്ലെന്നും നീ കരുണയോടെ പറയുംവരെ കാണുന്നില്ല ഞാൻ അവയെ. നീ പേരുവിളിക്കുമ്പോൾ വിദൂരസ്ഥമായതും എന്റേതായിത്തീരുന്നു.