Saturday, 11 November 2017

വിന്റോ സീറ്റ്!

"ആനത്തുറുവിൽ ബസ്സപകടം, 19 പേർ മരിച്ചു; ബാക്കി യാത്രക്കാർ അത്യാസന്ന നിലയിൽ, സ്കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഗം ചെയ്തു, മുഖ്യമന്ത്രിക്കെതിരെ അഴിമതിയാരോപണം, പത്രം പത്രം പത്രം .....!" ഒരുത്തന്റെ തൊള്ളതുറന്നുള്ള കാറിച്ച കേട്ട് ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി.
ആ പത്രക്കാരൻ ചെറുക്കൻ സർക്കാർ ആശുപത്രിയുടെ ഓ പി വാർഡിലൂടെ കണ്ണോടിക്കുന്നുണ്ട്. ആരെങ്കിലുംകൂടി കാലം ചെയ്തോയെന്നറിയാനുള്ള ആകാംക്ഷ അവന്റെ മുഖത്തു കാണാം. മോർച്ചറിയിൽ കൂട്ടിയിട്ടിരിക്കുന്ന ശരീരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടാണവൻ വരുന്നതെന്നു കണ്ടാലറിയാമായിരുന്നു.
"ഇരുപത്തഞ്ചു യാത്രക്കാരും അത്യാസന്ന നിലയിൽ! പത്രം, പത്രം...." ആ പയ്യന്റെ ശബ്ദം നേർത്തു നേർത്തു വന്നു.
നിന്നുതിരിയാനിടമില്ല, ഓ പി യിൽ. നഴ്സുമാരായിട്ടും സന്നദ്ധസേവകരായിട്ടും ആളുകൾ ഓടിനടക്കുന്നു. പത്രക്കാരും ചാനലുകാരും തന്നെ അഞ്ഞൂറു പേരെങ്കിലും കാണുമെന്നെനിക്കു തോന്നി. ഡോക്ടറുടെ വിസിറ്റിംഗ് റൂമിനു പുറത്ത് നിന്നു ഞാൻ മനസ്സുകൊണ്ട് ശരീരമാകെ സ്കാൻ ചെയ്തു നോക്കി, താടിയിലൊരു മുറിവുണ്ട്, ശരീരമാകെ നല്ല വേദനയുണ്ട്.
'അതത്യാസന്ന നിലയാണോ?' ഞാൻ സ്വയം ചോദിച്ചു. റിപ്പോർട്ടിൽ കുഴപ്പമില്ലേൽ പോകാമെന്നാണല്ലോ എന്നോട് പറഞ്ഞതെന്ന് ഞാനോർത്തു. മദ്ധ്യഭാഗത്തായിരുന്നതു കൊണ്ടും വിന്റോ സീറ്റല്ലാതിരുന്നതുകൊണ്ടുമായിരുന്നിരിക്കണം, രക്ഷപ്പെട്ടത്. എങ്കിലും വണ്ടിക്കകത്ത് നന്നായൊന്നുരുണ്ടു, എവിടെയെങ്കിലും മുട്ടാത്ത ഒരു സ്ഥലവും ശരീരത്തിൽ ബാക്കിയുണ്ടാവില്ല. സൈഡു കൊടുത്തതാ, തിട്ടിടിഞ്ഞു പോയി ഒരു വല്യകുഴിയിലേക്ക് വണ്ടി മറിയുകയായിരുന്നു - ഒന്നുരുണ്ടുവെന്നുറപ്പ്!
ഫാസ്റ്റിൽ എന്റടുത്തുള്ള വിന്റോ സീറ്റിലിരുന്നത് ഒരു നീലവരയൻ ഷർട്ടിട്ട കാരണവരായിരുന്നു. അയാൾക്കെന്തു പറ്റിയോ ആവോ? അയാളുടെ കൈയ്യിൽ അന്നത്തെ പത്രമുണ്ടായിരുന്നെങ്കിലും അതിലെ ഒന്നിനെപ്പറ്റിയുമല്ല അയാൾ യാതൊരു പരിചയവുമില്ലാത്ത എന്നോടു സംസാരിച്ചു കൊണ്ടിരുന്നത്. വഴിയരുകിൽ ഒരു കൂടാരത്തിനുള്ളിൽ വിഗ്രഹം കണ്ടാലും, കുരിശുപള്ളി കണ്ടാലും ഒരു വ്യത്യാസവുമില്ല; അയാൾ പറയും,
"മനുഷ്യനെ പറ്റിക്കാൻ ...എന്തെല്ലാം വേലത്തരങ്ങൾ!"
നാടൻഗ്രനേഡും മടിയിൽവെച്ച് മലകയറുന്നവനെക്കാൾ സൂക്ഷിച്ചാണ് ഞാനടുത്തിരുന്നത് - ചില ഞരമ്പ് രോഗികൾ അങ്ങിനെയാണ്.
എന്റെയൂഴം വന്നപ്പോൾ ഞാൻ അകത്തു കയറി സ്കാൻ റിപ്പോർട്ട് കാണിച്ചു. ഡോക്ടർ വിശദമായി അതു നോക്കിയിട്ട് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.
"വേറേ വല്ല പ്രശ്നോം തോന്നുന്നുണ്ടൊ, മരപ്പോ, തളർച്ചയോ എന്തെങ്കിലും?" ഇല്ലെന്നു ഞാൻ തലയാട്ടി. ഡോക്ടർ ഡിസ്ചാർജ്ജ് എഴുതി.
ഫാർമസിയിൽ നിന്നു കിട്ടിയ മരുന്നുമായി ഞാൻ ആസ്പത്രിയിൽ നിന്നിറങ്ങി. ആളുകളുടെ ബഹളം നിന്നിട്ടില്ല, ഒരുൽസവത്തിന്റെ ആളുണ്ട്, ഇപ്പോഴും അശുപത്രിക്കു ചുറ്റും.
വഴിയിലിറങ്ങി, ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. വഴിക്കെതിർവശത്തുള്ള ശിവക്ഷേത്രത്തിന്റെ കവാടത്തിൽ ഒരാൾ കൈകൾ നെറ്റിയോടു ചേർത്ത് തലകുമ്പിട്ടു നിൽക്കുന്നു, ഏറെനേരം അനങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ മനുഷ്യർക്ക് ദൈവഭക്തി കൂടുന്നുവോയെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. പെട്ടെന്നാണെന്റ മനസ്സ് അയാളിട്ടിരുന്ന കുപ്പായത്തിലേക്ക് തിരിഞ്ഞത് - എന്റടുത്ത് വിന്റോ സീറ്റിലിരുന്ന മദ്ധ്യവയസ്കന്റെ ഷർട്ടിന്റെ അതേ നിറം, അതേ നീലവരകളും!

Tuesday, 7 November 2017

ഒരു കാബൂൾ യാത്ര!

കന്യാകുമാരി മുതൽ കാശ്മ്മീരിന്റെ അങ്ങേത്തലവരെ പോകുന്ന ഹിമസാഗർ എക്സ്പ്രസ്സ് എറണാകുളം വിട്ടപ്പോൾ എന്റെ സീറ്റിൽ ഒരു വയസ്സൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളത്ര വെല്യ കാശുകാരനല്ലെന്നു സ്പഷ്ടമായിരുന്നു. അവിടവിടെ തുന്നലുള്ള മുഷിഞ്ഞ എയർബാഗും, ആ വേഷവും അതാണു പറഞ്ഞത്. അദ്ദേഹവും ലുധിയാനാക്കായിരിക്കാം. രണ്ടരദിവസം ഒപ്പം കഴിയേണ്ടതല്ലേ, ഞാൻ ചോദിച്ചു, 
"എങ്ങോട്ടാ?"
"അങ്ങോട്ടാ, കാശ്മീർക്ക്."
"അവിടെയാരാ?"
"അവിടെയല്ല, കാബൂളിൽ."
"അയ്യോ! അതഫ്ഗാനിസ്ഥാനിലല്ലേ, അമ്മാവാ? പാക്കിസ്ഥാനും കഴിഞ്ഞു പോകണ്ടേ? എല്ലാത്തിനും വിസായും പാസ്‌പോർട്ടുമൊക്കെ വേണ്ടേ?" ഞാൻ ചോദിച്ചു.
ഒന്നു മടിച്ചിട്ട്, അയാൾ പറഞ്ഞു,
"സുലുക്കുട്ടി പറഞ്ഞത്...." ഇത്രയും പറഞ്ഞിട്ടയാൾ നിർത്തി. ഒരു വല്ലാത്ത അക്ഷരപ്പിശകു പോലെ തോന്നിയപ്പോൾ ഞാൻ ചോദിച്ചു,
"കാബൂളിൽ അപ്പാപ്പന്റെ ആരായുള്ളത്?"
"അവിടെ പഷ്ടൂൺ കച്ചവടക്കാരാരെയെങ്കിലും കണ്ടാൽ മതി." വൃദ്ധൻ പറഞ്ഞു.
ആ വൃദ്ധന്റെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകിത്തുടങ്ങിയതു കൊണ്ട്, പിന്നെ ഞാനൊന്നും ചോദിച്ചില്ല. എനിക്കും വല്ലാണ്ടായി; ഇയാളൊരു മനോരോഗി ആയിരിക്കാനിടയില്ലെന്നു മനസ്സു പറഞ്ഞു. കാശ്മീരിൽ ചെന്നാൽ കാബൂളിനെളുപ്പത്തിൽ പോകാമെന്ന് പറഞ്ഞ് ഏതോ ഒരു സുലുക്കുട്ടി ഈ വൃദ്ധനെ പറ്റിച്ചു കാണണം. സുലുക്കുട്ടി മാപ്പു നോക്കി പറഞ്ഞതായിരിക്കാനും മതി. അയാൾ തന്റെ കഥ പറഞ്ഞു, ഹൈസ്കൂളിൽ പോകാനേ പറ്റിയില്ല. സ്വയം അദ്ധ്വാനിച്ചു സമ്പാദിച്ച വീട്ടിൽ നിന്നും ആട്ടിയിറക്കപ്പെട്ട അയാളുടെ കഥ മിണ്ടാതിരുന്നു ഞാൻ കേട്ടു.
"ഓള് നേരത്തെ പോയി. വർത്താനം പറയാൻ വാഴയും ചേനയും കപ്പയുമുണ്ടായിരുന്നപ്പോൾ ഒന്നുമറിഞ്ഞില്ല." അയാൾ പറഞ്ഞു നിർത്തി.
"കാബൂളിൽ പോയി എന്തു വാങ്ങിക്കാനാ?" ഞാൻ ചോദിച്ചു.
"കാബൂളികൾ പ്രതിഫലം മോഹിക്കാതെ സ്നേഹിക്കുന്നവരാ." ഞാൻ അതിശയത്തോടെ ആ മുഖത്തേക്ക് നോക്കിയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. അയാൾ തുടർന്നു,
"കേട്ടിട്ടില്ലേ, കാബൂളിൽ നിന്നെത്തിയ വ്യാപാരിയുടെ കഥ, സ്കൂളിൽ സാറ് പഠിപ്പിച്ചത്?"
ഒരു കൊച്ചു ബംഗാളിപെൺകുട്ടിയെ വല്ലാതെ സ്നേഹിച്ചു പോയ ടാഗോറിന്റെ കാബൂളിവാലായുടെ കഥ എനിക്കോർമ്മ വന്നു. സ്നേഹത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ദാഹത്തിന്റെ ആഴം അന്നാണു ഞാനാദ്യമായി മനസ്സിലാക്കിയത് - ടാഗോറിനെയും.
"ഒരു വീടു പോറ്റാനല്ലേ അയാൾ വീടും കുടുംബവും ഉപേക്ഷിച്ച് കൽക്കട്ടായിൽ വന്നത്? അയാള് ജയിലീന്ന് വരുന്ന വഴി ആ കൊച്ചിനെ കാണാനല്ലേ പോയത്?" വൃദ്ധൻ ചോദിച്ചു. ഞാൻ തിരിച്ചു ചോദിച്ചു,
"ഒരു കൊച്ചു കുഞ്ഞിനെ വീടും കൂടുമില്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും കളിക്കാൻ വിടുമോ? ഈ കാബൂളിവാലാ ഒരാളെ കൊല്ലുകയും ചെയ്തില്ലേ? കല്യാണ ചിലവു വെട്ടിച്ചുരുക്കിയുണ്ടാക്കിയ നൂറു രൂപാ, ഇന്നത്തെ കണക്കിൽ ഒരു ലക്ഷം, ഒരു ബന്ധോമില്ലാത്തോന് ആരെങ്കിലും വെറുതേ കൊടുക്കുമോ? ഇതു ടാഗോർ എഴുതിയ കഥയല്ലേ അമ്മാവാ?" എങ്കിലും ഞാനതിശയിച്ചു പോയി, കുറഞ്ഞത് അറുപതു വർഷങ്ങളോളം, കാലത്തിനു മായ്കാൻ കഴിയാതിരുന്ന ഒരു സ്നേഹബന്ധത്തിന്റെ കഥ അയാൾ ഒരു തരിപോലും വിടാതെ കൊണ്ടുനടന്നിരിക്കുന്നു. അതിശയിക്കാനെന്തിരിക്കുന്നു, ഞാനും മറന്നിട്ടുണ്ടായിരുന്നില്ലത്.
ട്രയിൻ ആലുവാ സ്റ്റേഷനിലേക്കു കയറിയിരുന്നപ്പോൾ. ട്രയിനിന്റെ വാതിൽക്കൽ നിന്നുള്ള തട്ടിന്റെയും മുട്ടിന്റെയും ബഹളത്തിന്റെയും ശബ്ദം അടുത്തു വരുന്നതിനു മുമ്പ് ഞാനാ മനുഷ്യനെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു,
"നമുക്ക് ലുധിയാനായിലിറങ്ങാം, അമ്മാവനൊരിക്കലും കാബൂളിനു പോകണ്ട!" ഇത് കേട്ടപ്പോൾ എന്റെ മുഖത്തു തറച്ചു നിന്ന ആ കണ്ണുകളുടെ തിളക്കം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.

Sunday, 5 November 2017

അനീതി!

ഊണും കഴിഞ്ഞു കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ഞാനോർത്തു നോക്കി, ഉച്ചകഴിഞ്ഞു ചെയ്യേണ്ട എന്തെങ്കിലുമുണ്ടോ? ഇന്നലെ ശനിയാഴ്ച റാണി മരിയായെ വാഴ്‌ത്തപ്പെട്ടവളാക്കുന്നത് റ്റിവിയിൽ കണ്ടോണ്ടിരുന്നു. ഒരു പണീം നടന്നില്ല, അത്തറി മഴയായിരുന്നു. ഇന്നു മഴ നേരത്തെ തുടങ്ങി. നാളെയാണെങ്കിൽ പള്ളിക്കൂദാശക്കാലം തുടങ്ങുകയാണ്. അതിനിപ്പോഴേ പള്ളിയിൽ പോകേണ്ടല്ലോ! 
ഞാനാ കോലായിൽ കിടന്നതേയുറങ്ങിപ്പോയി. ആരോ വിളിച്ചതുപോലെ തോന്നിയപ്പോൾ കണ്ണുകൾ തുറന്നു. ഞാൻ നോക്കുമ്പോൾ ഒരു മാലാഖാ അടുത്തു നിൽക്കുന്നു. ഉണ്ണീശോയുടെ പുൽക്കൂട്ടിൽ നൂലിൽ കെട്ടിത്തൂക്കിയിടുന്നപോലത്തെ ഒരു മാലാഖാ.
ഒരു വല്ലാത്ത സ്വർഗ്ഗിയ മന്ദഹാസം ചുണ്ടിൽ വിരിയിച്ചിട്ട്, ഒപ്പം വരാൻ മാലാഖാ കണ്ണു കാണിച്ചു. ഞാൻ മുറ്റത്തിറങ്ങിയതേ എന്നെ ചിറകിനോടു ചേർത്തുപിടിച്ച് മാലാഖാ ഒരൊറ്റ പറക്കലായിരുന്നു. എനിക്കും ചുറ്റും നീലാകാശം മാത്രമായപ്പോഴാണ് ഞാൻ മരിക്കുകയായിരുന്നല്ലോയെന്ന് എനിക്കു മനസ്സിലായത്. എന്നേലും അങ്ങോട്ടു പോവേണ്ടതല്ലേയെന്നു ഞാനും ചിന്തിച്ചു.
നീലാകാശത്തിൽ, ഇത്തിരി തണൽപോലെ തോന്നിയിടത്തു വന്നപ്പോൾ മാലാഖാ എന്നെയവിടെ വിട്ടു. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴി അവിടെനിന്നായിരുന്നു രണ്ടായി തിരിഞ്ഞിരുന്നത്.
എന്നോടൊപ്പം വേറെയും അനേകം ആത്മാക്കളുണ്ടായിരുന്നവിടെ - മനുഷ്യരുടേയും ജന്തുക്കളുടേതുമൊക്കെയായിട്ട്. നരകത്തിലേക്കുള്ളവരെ പിശാചു വന്നു പേരു വിളിച്ചു ബലമായി കൂട്ടിക്കൊണ്ടു പൊയ്കൊണ്ടിരുന്നു. സ്വർഗ്ഗത്തിൽ നിന്നും എന്റെ പേരു മുഴങ്ങുന്നതും മാലാഖാ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ.
എന്റടുത്തുണ്ടായിരുന്നത് ഒരു കൊച്ചു പുഴുവിന്റെ ആത്മാവായിരുന്നു. ഞാനതിനോടു ചോദിച്ചപ്പോൾ ഒരു നമസ്കാരവും അതിനറിഞ്ഞുകൂടാന്നാണു പറഞ്ഞത്. ആ പുഴു തുടർന്നു പറഞ്ഞത്, മുട്ടയിൽ നിന്ന് പുറത്തിറങ്ങാനും, ഇഴഞ്ഞു പഠിക്കാനും തിന്നാനും വിസർജ്ജിക്കാനും വളരാനും യുവാവാകാനും ഇണയെ കണ്ടു പിടിക്കാനും അച്ഛനാകാനും വയസ്സാകാനും എവിടെയെങ്കിലും ചടഞ്ഞു കൂടിക്കിടന്നു ചാകാനും എല്ലാം കൂടിയതിനു ലഭിച്ചത് ഒരു പകലും രാത്രിയും മാത്രമായിരുന്നുവെന്നാണ്.
പാവം! നരകത്തിലേക്കു പോവാൻ വേണ്ടി മാത്രം എന്തിനിങ്ങനെ ജന്തു ജന്മങ്ങളെന്നു ഞാനോർത്തു.
'മേഫ്ളൈ ഡ്യുവർ!' സ്വർഗ്ഗത്തിൽ നിന്നാരുടെയോ പേരു വിളിക്കുന്നു.
"എന്റെ പേരാ" പുഴു പറഞ്ഞു. പുഴു സ്വർഗ്ഗത്തിന്റെ വാതിൽ കടന്നതേ, അതടഞ്ഞു.
വാതിലടയുന്ന ശബ്ദം കേട്ടപ്പോഴാണ്, ശരിക്കും ഞാൻ ഞെട്ടിയത്!

Wednesday, 1 November 2017

എന്റെ സ്വന്തം നഗരം

വല്യൊരു പൊട്ടിച്ചിരിയുടെ ശബ്ദം കേട്ടാണ് ഞാനുണർന്നത്. ചിരിയുടെ മദ്ധ്യേ,
"ഇതെല്ലാം നിന്റേതല്ലേ" യെന്നാരോ ചോദിക്കുന്നതും കേട്ടു - ഒരു പുരുഷ ശബ്ദമായിരുന്നതെന്നുറപ്പ്.
ഞാനെന്താ പറഞ്ഞുകൊണ്ടിരുന്നത്, ങ്ഹാ ... ഞാനുറക്കത്തിലായിരുന്നെന്നല്ലേ?
ഉറക്കത്തിൽ ഞാനെന്റെ പരാധീനതകളെപ്പറ്റി മുഴുവൻ ഓർത്തുകൊണ്ടിരിക്കുകയായിരുന്നു; അതോർക്കാൻ ഒരുപാടു നല്ല സ്വപ്നങ്ങൾ മായിച്ചു കളയേണ്ടിയും വന്നു.
ചിലപ്പോൾ എന്നോടുതന്നെയായിരിക്കും ആ ശബ്ദം ഇങ്ങിനെ പറഞ്ഞത്. അതു ദൈവം തന്നെയായിരിക്കാനും വഴിയുണ്ട്. ബ്രഹ്‌മാവിന്റെയത്ര ഈടുള്ള കനത്ത സ്വരം! എത്ര തവണ ഞാനത് ഇതിഹാസ പരമ്പരകളിൽ കേട്ടിരിക്കുന്നു.
എങ്കിലങ്ങിനെ തന്നെ, എന്റെ ലോകം ഒന്നു കണ്ടു കളയാം. ഞാൻ സൈക്കിളെടുത്തു, രാവിലെതന്നെ നഗരത്തിലേക്കിറങ്ങി. വിസ്തൃതമായ വഴികൾ, സൈൻ ബോർഡുകൾ. അവയൊക്കെ മറയ്കാൻ പരസ്യങ്ങളുണ്ടായിരുന്നുവെന്നതൊഴിച്ചാൽ എല്ലാം നന്നായിരുന്നു.
കടകളെല്ലാം തുറന്നിരിക്കുന്നു, എല്ലായിടത്തും നല്ല വ്യാപാരവുമുണ്ട്. നന്നായിരിക്കുന്നു!
ഓഫീസുകളുടെ വരാന്തകളിലും പച്ചക്കറി ചന്തയിലും, ബസ്സ് സ്റ്റോപ്പുകളിലും എല്ലാം നല്ല തിരക്ക്; അവയും നന്നായിരിക്കുന്നു.
മേൽപ്പാലങ്ങൾ, മെട്രോ, പാർക്കുകൾ, ജലവിതരണ ടാങ്കുകൾ, ഫ്‌ളാറ്റ് സമുച്ചയങ്ങൾ, വിദ്യാലയങ്ങൾ, ക്ളബ്ബുകൾ, റ്റിവി/റേഡിയോ നിലയങ്ങൾ എല്ലാം നന്നായി പ്രവർത്തിക്കുന്നു.
ക്ഷേത്രനടയിൽ നല്ല തിരക്കായിരുന്നു, സൈക്കിൾ ഉന്തിക്കൊണ്ടാണ് ഞാനങ്ങോട്ടുള്ള വഴിയേ നടന്നത്. പെട്ടെന്നൊരു പോലീസ് ഇൻസ്പക്റ്റർ കൈ നീട്ടി, തുറന്നു കിടക്കുന്ന ജീപ്പിലേക്കു കയറാൻ പറഞ്ഞു. കയറിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം മുറുമ്മുന്നതു കേട്ടു,
"രാവിലെ മുതൽ ശ്രദ്ധിക്കുന്നതാ... ഇറങ്ങിയിരിക്കുകയല്ലേ വൈകിട്ടത്തേക്കുള്ളതു കണ്ടു വെയ്കാൻ!"
എല്ലാ സി സി റ്റിവി ക്യാമറാകളും നന്നായി പ്രവർത്തിക്കുന്നുവെന്നു മാത്രമല്ല അപ്പോഴെനിക്കു മനസ്സിലായത്. എനിക്കൊത്തിരി സന്തോഷം തോന്നി, അത്ര അടുക്കും ചിട്ടയുമുള്ളതായിരുന്നു, ദൈവം എനിക്കായി നിർമ്മിച്ചു നൽകിയ നഗരം!

മഷിയില്ലാത്ത പേന

ഞാൻ കസേരയിരുന്നു കറങ്ങുകയായിരുന്നോ അതോ കസേര എനിക്ക് ചുറ്റും കറങ്ങുകയായിരുന്നുവോയെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. ഉദ്യോഗാർത്ഥിയുടെ പ്രൊഫൈലിലേക്കും മുഖത്തേക്കും ഞാൻ മാറി മാറി നോക്കി. എഴുത്തു പരീക്ഷ പാസ്സായ പന്ത്രണ്ടായിരം പേരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തെടുത്ത പത്തു പേരിൽ ഒരുവനാണ് മുമ്പിൽ. ഇത്രയും സുന്ദരമായ ജോലി മറ്റൊരിടത്തും ലഭ്യമല്ലെന്നിരിക്കെ, എന്താണിങ്ങനെ?
ഈ ജോലി നിങ്ങൾക്കു കിട്ടിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെനാണയാൾ മറുപടി പറഞ്ഞത്. അതുവരെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി അയാൾ ഉത്തരം പറഞ്ഞിരുന്നു. ഇത്തരമൊരു മറുപടി കമ്പനിയുടെ സാദ്ധ്യതാ മറുപടികളിലുണ്ടായിരുന്നില്ല. എങ്കിലും, ഇയ്യാളെപ്പോലെ സമചിത്തതയുള്ളവരായിരുന്നില്ല മറ്റൊന്പത് പേരും. അവരുടെയെല്ലാം മുഖങ്ങൾ ആകാംക്ഷകൊണ്ടു ചുവന്നാണിരുന്നത്.
ഇയാൾക്ക് ജോലി കൊടുക്കണോ, മഷിയില്ലാത്ത ആ ഹീറോപ്പേനാ കൊടുക്കണോയെന്ന സംശയത്തിലായിരുനു ഞാൻ.
മുപ്പതു വർഷങ്ങൾ എന്നോടോപ്പമുണ്ടായിരുന്ന ഒരു ഹീറോപ്പേനായുടെ കാര്യമാണ് ഞാൻ പറഞ്ഞത്. ഒരിക്കലും ഞാനതുപയോഗിച്ചിട്ടില്ല; എങ്കിലും ഒരു പോറലു പോലും വീഴാൻ സമ്മതിച്ചിട്ടുമില്ല.
പപ്പാ സ്ഥലം മാറ്റംവാങ്ങി ഡൽഹിക്ക് പോകുമ്പോൾ എനിക്ക് നാലു വയസ്സ്; ആരുടെയൊക്കെയോ റെക്കമെന്റേഷൻ വാങ്ങിയാണ് പ്രശസ്തമായ 'സൺ' സ്‌കൂളിൽ അഡ്മിഷൻ ഒപ്പിച്ചത്. എങ്കിലും അവിടെയൊരിന്റർവ്യൂ പാസ്സാകണമായിരുന്നു. മമ്മി പഠിപ്പിച്ച കാര്യങ്ങളെല്ലാം ഞാൻ മന:പാഠമാക്കിയിരുന്നെങ്കിലും അതിലൊന്നു പോലും പ്രിൻസിപ്പൽസാർ ചോദിച്ചില്ല. എല്ലാവരും ആകെ നിരാശപ്പെട്ടിരിക്കുമ്പോഴാണ് അവസാനത്തെ ചോദ്യം വന്നത്, സ്‌കൂളിന്റെ മെയിൻ ഗേറ്റ് മുതൽ എൻട്രൻസ് വരെ, എത്ര തൂണുകളുണ്ടെന്നായിരുന്നു ചോദ്യം.
"എയ്റ്റീൻ." ഞാൻ പറഞ്ഞു. ആ ചിത്രത്തൂണുകൾ മാത്രമല്ല, ആ കെട്ടിടത്തിനെത്ര നിലയുണ്ടെന്നും ആ കോമ്പൗണ്ടിന്റെ അതിരുകളിൽ എത്ര കരിമ്പനകളുണ്ടെന്നും എനിക്കറിയാമായിരുന്നു.
"യു ആർ അഡ്മിറ്റഡ്." അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സന്തോഷമമായി. പ്രിൻസിപ്പലിനോട് നന്ദിയും പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഞങ്ങളെ തിരിച്ചു വിളിച്ചു. എന്നെ അടുത്തു ചേർത്തു പിടിച്ചദ്ദേഹം തന്നതാണ്, ഈ ഹീറോപ്പേനാ. സാധാരണ മിട്ടായി കൊടുത്താണു കുട്ടികളെ പറഞ്ഞു വിടുക. അന്നദ്ദേഹം പാപ്പായോടും മമ്മിയോടും പറഞ്ഞു, 
"ഈ നിരീക്ഷണ പാടവമാണ് വളർച്ചയുടെ കാതൽ. മോനൊരു വലിയ സ്ഥാനത്തെത്തും!" ഓർമ്മയിൽ നിന്നു ഞാൻ പെട്ടെന്നുണർന്നു. ആ പേനാ കൈയ്യിലെടുത്തു. അതയാൾക്കു കൈമാറിക്കൊണ്ട് ഞാൻ പറഞ്ഞു. 
"യു ആർ അപ്പോയിന്റഡ്. ഈ സത്യസന്ധത എന്നും നിലനിർത്തുക!"

Monday, 23 October 2017

കാട്

"അടിപൊളി! എന്തൊരു കനത്ത കാട്?"
സൂര്യന്റെ ഒരു രശ്മിക്കും താഴെ ഒരു മൺതരിയെ സ്പർശിക്കാൻ സാധിക്കുന്നില്ല. അടിക്കാടുകൾ കഴിഞ്ഞ വേനലിനു തുടങ്ങിയ ശ്രമം ഉപേക്ഷിച്ചു മരച്ചു നിൽക്കുന്നു - വെള്ളം മാത്രം പോരല്ലോ!
ദൂരേക്കു നോക്കിയപ്പോൾ പച്ചയുടെ പല മാത്രകളിൽ ജ്വലിച്ചു നിൽക്കുന്ന മലനിരകൾ. 
"കാണാൻ നല്ല ഭംഗ്യാല്ലേ?" ഞാൻ ചോദിച്ചു.
ആരും മറുപടിയായൊന്നും പറഞ്ഞില്ല. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കൂടെയാരെയും കണ്ടില്ല. ഒപ്പമുണ്ടായിരുന്നവരെവിടെ?
എല്ലാവരെയും വിട്ട് ഏറെ ദൂരം ഞാൻ നടന്നിരിക്കുന്നുവെന്നു മനസ്സിലായപ്പോഴേക്കും ഉമിനീരിന്റെ നനവും എന്റെ വായിൽ നിന്നപ്രത്യക്ഷമായിരുന്നു.
ഒരക്ഷരം ഞാൻ ശബ്ദിച്ചില്ല. ആത്മാവിനെപ്പോലും ചലിപ്പിക്കാൻ എനിക്കാവുമായിരുന്നില്ല്ലപ്പോൾ. എന്റെ ഒപ്പമുണ്ടായിരുന്ന എന്നെ സന്തോഷിപ്പിച്ചുകൊണ്ടിരുന്ന കാട് എത്രപെട്ടെന്നാണ് സംഹാരരുദ്രയെപ്പോലെ നിശ്ശബ്ദയായത്!


Sunday, 15 October 2017

പുറപ്പാടിൻറെ നൊമ്പരം

സന്ധ്യയായി, ഒരാളെ കാണാനുണ്ട്. ആന്ദ്രൂ ഉറുമ്പ് മാളത്തിനു ചുറ്റും നടന്നു, കൊമ്പ് വളഞ്ഞ, മുഖത്തു കണ്ണിന്റെ താഴെ ഒരു പൊട്ടു പാടുള്ള കുഞ്ഞനുറുമ്പ്  തിരിച്ചെത്തിയിട്ടില്ല. സ്പർശികകൾ നിലത്തുരസി സ്രവങ്ങൾക്കൊണ്ടൊരടയാളം  സൃഷ്ടിച്ച് ആന്ദ്രൂ തലയുയർത്തി നോക്കി. അങ്ങിനെയാണ് കായുറുമ്പുകൾ ആശയ വിനിമയം നടത്തുന്നത്. അതിന്റെയർത്ഥം എല്ലാവർക്കും മനസ്സിലായി, കുഞ്ഞനുറുമ്പിന് എന്തു സംഭവിച്ചുവെന്നാണ് നേതാവ് ആന്ദ്രൂ ചോദിച്ചത്.

ഉറുമ്പുകൾക്ക് പേരില്ല, ആന്ദ്രൂവിന് പേരു കിട്ടിയതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. പള്ളിക്കുള്ളിലെ ഒരു പീഠത്തിനു കീഴെയുള്ള ദ്വാരത്തിലായിരുന്നു ഉറുമ്പുകളുടെ കൂട്.  ദിവസവും ഏതാനും സമയം മാത്രം ആളുകൾ ഉപയോഗിക്കുന്ന, ഇത്രയും സൗകര്യമുള്ള സ്ഥലങ്ങൾ പട്ടണത്തിൽ വളരെ കുറവായിരുന്നതുകൊണ്ടാണ് എല്ലാവരെയും കൂട്ടി ആന്ദ്രൂ അവിടെ കുടിയുണ്ടാക്കിയത്. ആയിരത്തിലേറെ ഉറുമ്പുകൾക്കുള്ള മാളങ്ങൾ അതിലുണ്ടാക്കുക എളുപ്പവുമായിരുന്നു. തുരന്നെടുത്ത മണ്ണ് ദൂരെ കൊണ്ടുപോയി കളയേണ്ടി വന്നുവെന്ന ബുദ്ധിമുട്ടേ ഉണ്ടായുളളൂ. അവിടെ ഉറുമ്പ് മാളം ഉണ്ടെന്നാരും അറിയരുതെന്ന് ആന്ദ്രുവിന് നിർബന്ധമായിരുന്നു.

കുട്ടികളെ മാമ്മോദീസാ ചെയ്യുന്ന പീഠത്തിനു മുകളിൽ ആന്ദ്രൂ വലിഞ്ഞു കയറിയത്, അവിടുത്തെ പൈപ്പിൽനിന്നിറ്റു വീഴുന്ന വെള്ളത്തുള്ളിയിൽ മേലാകെ ഒന്നു നനക്കാനായിരുന്നു. അപ്പോഴാണ് ഒരു കുപ്പായക്കാരൻ മനുഷ്യൻ, 'നീ ഇന്നു മുതൽ ആന്ദ്രൂവെന്നറിയപ്പെടും' എന്നുറക്കെ പറഞ്ഞത്. അവിടെ ഒരു മാമ്മോദിസാ നടക്കുകയായിരുന്നു. തിരിച്ചു ചെന്ന് തനിക്കു പേരു കിട്ടിയ വിവരം ആന്ദ്രൂ എല്ലാവരെയും അറിയിച്ചു - അന്നു മുതൽ നേതാവിന്റെ പേര് ആന്ദ്രൂവെന്നായി.

ആന്ദ്രുവിന്റെ ചോദ്യം എല്ലാവരും കേട്ടു. അടഞ്ഞ വാതിലിനിടയിലൂടെ കുശിനിപ്പുരയിലേക്ക് പോയപ്പോൾ നിരയിൽ കുഞ്ഞനുണ്ടായിരുന്നുവെന്ന് എല്ലാവരും തറപ്പിച്ചു പറഞ്ഞു.  മുട്ടയിടുന്ന രാജ്ഞിയുറുമ്പിന് കൊടുക്കേണ്ട ഭക്ഷണം ശേഖരിക്കുന്ന സംഘത്തിലായിരുന്നു കുഞ്ഞൻ. ഒറ്റതിരിഞ്ഞു ഭക്ഷണം അന്വേഷിച്ചു പോയ കുഞ്ഞൻ അതെവിടെങ്കിലും കണ്ടിരുന്നെങ്കിൽ തിരിച്ചു വന്നു പറയേണ്ടതായിരുന്നു. പക്ഷെ, കുഞ്ഞൻ മടങ്ങി വന്നില്ല. പോയ ദിശയും സമയവുമെല്ലാം അറിഞ്ഞപ്പോൾ ആന്ദ്രൂവിനു കാര്യം മനസ്സിലായി - കുഞ്ഞൻ പോയത് അവിടുത്തെ ഊണുമുറിയിലേക്കാണ്, ഭക്ഷണത്തിനെല്ലാവരും വരുന്ന സമയത്തുമാണയാൾ പോയത്. വഴുവഴുപ്പുള്ള ആ മുറിയുടെ തറയിലൂടെ കാലുകളുറപ്പിച്ചു നടക്കാൻ തന്നെ ബുദ്ധിമുട്ട്, ഒളിക്കാനൊരു മറയും തറയിലില്ല. ആകെ മേലുമരവിപ്പിക്കുന്ന തണുപ്പുള്ള ആ മുറിയിൽ വെച്ച് കുഞ്ഞനെ ആരോ ചവിട്ടിക്കൊന്നിരിക്കണം. 

സംഘത്തിൽ പലരും കൊല്ലപ്പെടാറുണ്ട്, പക്ഷെ അതുപോലല്ല ഇപ്പോൾ കാര്യങ്ങൾ. ഇതു പള്ളിവക ഊട്ടുപുരയാണ് - ഒരുപാട് വിശിഷ്ടാതിഥികൾ വരാറുള്ള സ്ഥലം. ആന്ദ്രൂവിനെ ഒരാൾ കണ്ടുവെന്ന് പറഞ്ഞാൽ ഒരു ഉറുമ്പ് കോളനി അടുത്തെവിടെയോ ഉണ്ടെന്നവർ അറിയുമെന്നു സ്പഷ്ടം. അവർ ഭക്ഷിക്കുന്നതെല്ലാം ഉറുമ്പുകൾ കഴിച്ചതിനു ശേഷമുള്ളതാണെന്നവർ അറിഞ്ഞാലത്തെ സ്ഥിതി ആന്ദ്രൂ ഉറുമ്പിന് ചിന്തിക്കാനേ വയ്യായിരുന്നു. ഉടൻ ആ പ്രദേശം മുഴുവൻ അവർ വിഷപ്പൊടി വിതറിയേക്കാം, കോളനിയിലേക്കുള്ള ദ്വാരം അടച്ചുകൂടായ്കയുമില്ല. 
പള്ളിക്കുള്ളിൽ പറന്ന ഒരീച്ചക്കു പറ്റിയത് ആന്ദ്രൂവിനറിയാം; പള്ളിക്കുള്ളിൽ കയറിക്കൂടിയ ഒരു പല്ലിയുടെ വാലുപോയതും ആന്ദ്രൂവിനറിയാം. 
ആന്ദ്രൂ വീണ്ടും സ്പർശനികൾ നിലത്ത് അമർത്തിയുരസി, ആന്ദ്രൂവിന്റെ സ്രവത്തിന്റെ ഗന്ധം ആ മാളത്തിലാകെ പരന്നു. അതിന്റെയർത്ഥവും എല്ലാവർക്കും മനസ്സിലായി - 'ഉടൻ സ്ഥലം വിടുക, ഈ രാത്രിയിൽത്തന്നെ!'  

Monday, 18 September 2017

അവസാനം പറഞ്ഞത്

തൊമ്മിയപ്പാപ്പൻ കിടന്ന കിടപ്പാണ്, എല്ലാക്കാര്യങ്ങളും കിടന്ന കിടപ്പിൽ തന്നെ. ഉച്ചക്കു മുമ്പു പത്രം വായിക്കാൻ കുറച്ചു നേരമൊന്നു ചാരിയിരുത്തും - അത്രമാത്രം. മക്കൾ മടിയില്ലാതെ നോക്കുന്നുണ്ടെന്നു പറയാതെ വയ്യ! 
ആകാവുന്ന കാലത്തു നന്നായദ്ധ്വാനിച്ചു; അതിന്റെ ആരോഗ്യം ഇപ്പോഴുമുണ്ട്. പ്രഷറില്ല, ഷുഗറില്ല, വാതമില്ല; ചെവിയും നന്നായി കേൾക്കും - കണ്ണിനു ദൂരക്കാഴ്ച്ച അൽപ്പം കുറവുണ്ടെന്നേയുള്ളൂ. 
വർത്തമാനം പറയുമ്പോൾ ഒരു ചെറിയ വിറയലുണ്ട് - ആ വിറയലിപ്പോൾ കൈകൾക്കുമുണ്ട്. 
ചെറുപ്പം മുതലേ അപ്രേം മുതലാളിയുടെ കാര്യക്കാരനായിരുന്നു, തൊമ്മിയപ്പാപ്പൻ. അപ്രേം മുതലാളിക്കു റബ്ബർത്തോട്ടവും, നെൽകൃഷിയും പശുവളർത്തലും എല്ലാമുണ്ടായിരുന്നു. കാളവണ്ടി സ്വന്തമായുണ്ടായിരുന്ന ആ പ്രദേശത്തെ ഏക വീടും അപ്രേം മുതലാളിയുടേതായിരുന്നു. അവിടെ തിരക്കൊഴിഞ്ഞ നാളില്ല; തേങ്ങാ വെട്ടും കൊപ്രയുണക്കും കഴിഞ്ഞാൽ കപ്പവാട്ടും ഉണക്കുമാകും, പിന്നെ കരിമ്പ് ആട്ടലായി, നെല്ല് കൊയ്യലായി, ഇഞ്ചി ചുരണ്ടലായി, മഞ്ഞൾ പറിക്കലായി, പാക്കു പൊളിക്കലായി, മുളകു - കാപ്പിക്കുരുപറിച്ചുണക്കലായി..... 
ഒൻപതു മക്കൾക്കുമായി വസ്തുമുഴുവൻ വീതം വെച്ചു കൊടുത്തപ്പോഴാണ് തൊമ്മിയപ്പാപ്പനും വിരമിച്ചത്. 
അപ്രേം മുതലാളി കൊടുത്ത അരയേക്കർ സ്ഥലമായിരുന്നു തൊമ്മിയപ്പാപ്പന്റെ ആകെ സ്വത്ത്. രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള കൂലിയായി, അല്ലെങ്കിൽ വിശ്വസ്ഥതക്കുള്ള അംഗീകാരമായി ഒരുപാട് സൗജന്യങ്ങൾ വേറെയും കിട്ടുന്നുണ്ടായിരുന്നു. 
മുതലാളിയുടെ മരണശേഷം തൊമ്മിയപ്പാപ്പൻ കാര്യസ്ഥപ്പണി നിർത്തി - മക്കളുടെകൂടെ ഒത്തുപോവാനും ബുദ്ധിമുട്ടായിരുന്നു. 
സ്വന്തമദ്ധ്വാനം കൊണ്ട് ഒരു മകന്റെ വീതത്തിന്റെ പകുതികൂടി തൊമ്മിയപ്പാപ്പൻ പിന്നീട് വിലക്കു വാങ്ങി - ആ കുടുംബവും കരകേറി. 
എന്റെയപ്പന്റെയും ഒരു സഹായിയായിരുന്നു തൊമ്മിയപ്പാപ്പൻ. 
എന്റെയപ്പനും അപ്രേം മുതലാളിയും ചേട്ടാനുജന്മാരുടെ മക്കളായിരുന്നു. 
എന്റെയപ്പൻ ഞായറാഴ്ചകളിൽ ഊണും കഴിഞ്ഞൊരിറക്കമുണ്ട് - ആക്കലെ അപ്രേനെ കാണാൻ. നാലുമണി കഴിഞ്ഞാൽ കണ്ടത്തിന്റെ അരികിലുള്ള കുളത്തിലേക്കു കുളിക്കാനൊരിറക്കമുണ്ട്, രണ്ടു പേരും കൂടി. റബ്ബർതോട്ടത്തിന്റെ അപ്പുറത്താണ് കുളം. 
ആ പോക്കിന്റെ ലക്ഷ്യമെന്താണെന്ന് എല്ലാർക്കുമറിയാം. 
അപ്രേം മുതലാളിയുടെ പറമ്പിലെപ്പോഴും ഒരു പനയെങ്കിലും ചെത്തുന്നുണ്ടാവും. ഒരുകുടം, എല്ലാ ഞായറാഴ്ചയും കുളക്കരയിലെ തെങ്ങിൻചോട്ടിൽ കൂവയിലവെട്ടി മൂടിവെച്ചിട്ടുണ്ടാവും ചെത്തുകാരൻ. സന്ധ്യയടുക്കുമ്പോഴേക്കും ആ കുടം കാലിയാവും - രണ്ടു പേരും മടങ്ങുകയും ചെയ്യും. 
അവരു കുളിക്കാൻ പോയെന്നറിഞ്ഞാൽ, പച്ചക്കപ്പ കൊത്തിനുറുക്കിവേവിച്ചതും മത്തി പൊള്ളിച്ചതും നാരങ്ങാ അച്ചാറും പാത്രങ്ങളുമായി പിള്ളേരു കാണാതെ തൊമ്മിയപ്പാപ്പനും പിന്നാലെ ചെല്ലണമായിരുന്നു. വർക്കിക്കുഞ്ഞു വരുമ്പഴേ ശോശമ്മയമ്മായി കപ്പക്കുള്ള പണി തുടങ്ങുമായിരുന്നു താനും. 
അന്നു തൊമ്മിയപ്പാപ്പനും കുളക്കരയിൽനിന്നു മടങ്ങുന്നത് അൽപ്പം ഫോമിലായിരുന്നു. 
ആ തൊമ്മിയപ്പാപ്പനാണ് ഇപ്പോഴെന്റെ മുന്നിൽ.
ഇന്നത്തെ ഹർത്താൽ മുഴുവൻ ഈ കട്ടിലിനരികിലിരിക്കാൻ ഞാൻ നിശ്ചയിച്ചിരുന്നു. 
ആവുന്ന കാലത്ത് ഞങ്ങൾക്കു നാട്ടു മാങ്ങാ പറിച്ചും, കരിക്കു വെട്ടിയും ഊഞ്ഞാൽ കെട്ടിയും തോട്ടിൽ ചിറകെട്ടിയുമൊക്കെ സഹായിച്ചിട്ടുള്ള അപ്പാപ്പനാണ്. ജോലിത്തിരക്കിൽ വല്ലപ്പോഴുമൊരിക്കൽപ്പോലും കാണാൻ സാധിക്കാറില്ല.
ഇന്നു ഹർത്താലാണ് - വേറൊന്നും ചെയ്യാനില്ല. 
ഫോണും നെറ്റും തകരാറായിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. 
ഞാൻ സ്റ്റൂൾ അപ്പാപ്പന്റെ അടുത്തേക്ക് വലിച്ചിട്ടിട്ട് അവിടിരുന്നു; ഒരു കൈ കൈയ്യിലെടുത്ത് സാവധാനം തടവിക്കൊണ്ടിരുന്നു. 
"എന്തോണ്ടു വിശേഷം?" ഞാൻ ചോദിച്ചു.
"അൽപ്പം മൂത്രം ചുടീലുണ്ട്. വിശപ്പും കുറവ്." അപ്പാപ്പൻ പറഞ്ഞു. പിന്നെ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു. പിന്നെ പതിയെ പറഞ്ഞു, 
"വർക്കിക്കുഞ്ഞിന്റെ അതേ മുഖം!" പിന്നെ ദൂരേക്കു നോക്കിയിരുന്നു, കുറേ നേരം. ഞാനും മിണ്ടിയില്ല. ആ ഇരുപ്പിൽ ഒത്തിരി കാര്യങ്ങൾ അപ്പാപ്പൻ ഓർമ്മിക്കുന്നുണ്ടാവും. അതിൽ എന്റെ അപ്പനുമുണ്ടാവും അമ്മയുമുണ്ടാവും. അതിൽ അപ്രേൻ മുതലാളിയുമുണ്ടാവും ശോശമ്മയമ്മായിയും ഉണ്ടാവും - കാളവണ്ടിയുടെ കിലുകിലു മണിശബ്ദവും ഉണ്ടാവാം.
"നിന്റെ പ്രസവത്തിനു വയറ്റാട്ടിയെ വിളിക്കാനോടിയതു ഞാനാ. കൊച്ചിനെ കിട്ടുമോന്നു വയറ്റാട്ടിക്കു സംശയമായിരുന്നു. മാസം തികഞ്ഞിരുന്നില്ല. തീങ്കരണിയുണ്ടെന്നു കല്യാണിയമ്മ പറഞ്ഞു. അതെന്താണെന്നോ ആർക്കാണെന്നോ എനിക്കു മനസ്സിലായില്ല. ഞാൻ ചോദിച്ചുമില്ല." 
"അപ്പാപ്പനു നല്ല ഓർമ്മയാണല്ലോ!" ഞാൻ പറഞ്ഞു. 
"വർക്കിക്കുഞ്ഞു മരിച്ചതൊക്കെ ഞാനോർക്കുന്നു. എന്റെ മടിയിൽക്കിടന്നാണു വർക്കിക്കുഞ്ഞു മരിച്ചത്." അപ്പാപ്പൻ പറഞ്ഞു.
ആക്കലോട്ടുള്ള വഴിയിൽ വീണു മരിച്ചെന്നാണു ഞാൻ കേട്ടിരിക്കുന്നത്. തൊമ്മിയപ്പാപ്പന്റെ മടിയിൽ കിടന്നാവണം അന്ത്യശ്വാസം എടുത്തത്. അതൊക്കെ പഴയ കഥ.
"മരിക്കാൻ നേരത്ത് അപ്പൻ വല്ലോം പറഞ്ഞാരുന്നോ?" ഞാൻ ചോദിച്ചു. അപ്പാപ്പൻ കുറെയേറെ നേരം എന്റെ കണ്ണിൽത്തന്നെ നോക്കിയിരുന്നു. പിന്നെ, ഉവ്വെന്നയർത്ഥത്തിൽ അപ്പാപ്പൻ തലയാട്ടി. എനിക്കതൊരു പുതിയയറിവായിരുന്നു. ആരും അങ്ങിനെയൊന്നു പറഞ്ഞു ഞാൻ കേട്ടിട്ടേയില്ലയിരുന്നു. 
"വർക്കിക്കുഞ്ഞു വെറുമൊരു കൂട്ടുകാരൻ മാത്രമായിരുന്നില്ല, അപ്രേം മുതലാളിക്ക്. ഒരാഴ്ച്ചത്തെ രണ്ടുപേരുടേയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നത്, ഈ ഞായറാഴ്ച്ചക്കുളിയുടെ ഇടവേളയിലായിരുന്നു. ആധാരത്തിൽ മൂന്നേക്കർ മാത്രമുള്ള എന്നാലളവിൽ അഞ്ചേക്കറോളം വരുന്ന കല്ലുമ്പുറം പുരയിടം വാങ്ങിക്കുന്നതിനേപ്പറ്റിയായിരുന്നന്നത്തെ ചർച്ച. ആ പുരയിടം, വെറുതേ പറഞ്ഞൊത്ത പണം കൊടുത്ത് വാങ്ങിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. ഒന്നാമത്തെ കാര്യം, അതു വാസുപ്പണിക്കരുടെ പൂർണ്ണാവകാശത്തിൽ പെട്ടതായിരുന്നില്ലെന്നതാണ്. വാസുപ്പണിക്കരുടെ പെങ്ങന്മാർക്കും അവകാശമുള്ളതും തർക്കം ഇപ്പോഴും നിലനിക്കുന്നതുമാണ്. തർക്കങ്ങളെല്ലാം പറഞ്ഞോ, അൽപ്പം വല്ലോം കൊടുത്തോ തീർക്കാവുന്നതാണെന്നാ പണിക്കരു പറഞ്ഞത്. രണ്ടാമത്തെ കാര്യം, അതിൽ കരമടക്കാത്ത കുറെ പുറമ്പോക്കുണ്ടെന്നുള്ളതാണ്. സ്ഥലത്തിന്റെ വിരിവാക്കാവുന്നതിലും കൂടുതലായിരുന്നത്. മൂന്നാമത്തെ കാര്യം അതിലൊരു കാവുണ്ടെന്നുള്ളതാണ്. അതു നിരത്തണമെങ്കിൽ എളുപ്പമല്ലെന്നാണ് കുട്ടനാശാരി പറഞ്ഞത്. നാലാമത്തെ കാര്യം മോഹിപ്പിക്കുന്നതാണ് - കാവിനടുത്ത് പണ്ടൊരു വിഗ്രഹമുണ്ടായിരുന്നെന്നും അവിടുത്തെ ഇല കൊഴിഞ്ഞ ആലിന്റെ ചോട്ടിൽ ഒരു വലിയ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നുമായിരുന്നത്. ആ നിധി പുറത്തെടുക്കാൻ പണിക്കരറിഞ്ഞും അറിയാതെയും പലരും ശ്രമിച്ചിട്ടുണ്ടെന്നാണു കഥ." അപ്പാപ്പൻ പറഞ്ഞു നിർത്തി.
"ആ സ്ഥലം അപ്രേം മുതലാളിയെന്താ വാങ്ങാഞ്ഞത്?" ഞാൻ ചോദിച്ചു.
"അക്കാര്യം പറഞ്ഞതേ മരണം നടന്നില്ലേ? ആ സ്ഥലം എടുക്കാൻ തന്നെയാരുന്നവർ തീരുമാനിച്ചത്. പോന്നവഴി വർക്കിക്കുഞ്ഞു വീണു, കയ്യാല കയറിയപ്പോ കുത്തുകല്ലടർന്നു പോയി. വർക്കിക്കുഞ്ഞിനെ ഞങ്ങൾ  രണ്ടുപേരും കൂടി താങ്ങിയെണീപ്പിച്ചു, അൽപ്പനേരം അവിടിരിക്കട്ടെ, ഒന്നും പറ്റിയില്ലെന്ന് വർക്കിക്കുഞ്ഞും പറഞ്ഞു. ഞാനെന്റെ മടിയിലും കൈയ്യിലുമായി താങ്ങിപ്പിടിച്ചു. അവർ ഈ വസ്തുക്കാര്യം പിന്നെയും അരമണിക്കൂറും കൂടെയെങ്കിലും ചർച്ച ചെയ്തു കാണണം. 
കീവർഗ്ഗിസ് പുണ്യാളൻറെ രൂപമെഴുന്നള്ളിച്ചു വീടുതോറും വരുമ്പോൾ എല്ലാർക്കും ചുക്കും വെള്ളം കൊടുക്കുന്നതിനെപ്പറ്റി ഓർത്തോണ്ട് ഞാനിരുന്നു. അതിനോരാഴ്ച്ചയെ ഉണ്ടായിരുന്നുള്ളൂ. ഇരുട്ടു വീഴുന്നുവെന്നു കണ്ടപ്പോൾ അപ്രേംമുതലാളി വിളിച്ചു, 'വർക്കിക്കുഞ്ഞേറ്റെ, നമുക്കു പോവാം'. 
പക്ഷേ, ഒത്തിരി കുലുക്കി വിളിച്ചിട്ടും വർക്കിക്കുഞ്ഞനങ്ങിയില്ല. ഞാൻ വർക്കിക്കുഞ്ഞിന്റെ മുഖത്തും കൈകളിലും പിടിച്ചു നോക്കി - അപ്പാടെ മരച്ചിരുന്നു. വർക്കിക്കുഞ്ഞു മരിച്ചിട്ട് ഒരരമണിക്കൂറെങ്കിലും കഴിഞ്ഞിരിക്കുന്നുവെന്ന് അപ്രേം മുതലാളി പറഞ്ഞു. വർക്കിക്കുഞ്ഞിന്റെ തല വെച്ചിരുന്ന എന്റെ മുണ്ടിന്റെ അരികും, നിലം മുഴുവനും ചോരയിൽ കുതിർന്നത് ഞാനറിഞ്ഞിരുന്നില്ല.
ഞങ്ങൾ രണ്ടുപേർക്കും പേടിയായി - ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നതാരാണ്? കുടിച്ചത് മുഴുവൻ ഒരു നിമിഷംകൊണ്ടാവിയായിപ്പോയതു പോലെ തോന്നി. 
ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നതാരാണ്? വർക്കിക്കുഞ്ഞോ പ്രേതമോ? ഞാനറിയാതെ ചോദിച്ചുപോയി. അന്നെന്റെ ചിന്തകളിൽ വേറേയും ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. ആ അരമണിക്കൂർ നേരം രണ്ടുപേരും മരിച്ചിരിക്കുകയായിരുന്നോ ജീവിച്ചിരിക്കുകയായിരുന്നോ? എനിക്കറിയില്ല." അപ്പാപ്പൻ പറഞ്ഞു നിർത്തി. 
ഒക്കെക്കേട്ടപ്പോൾ എനിക്കും നാവിറങ്ങിയതു പോലെയായി. തുടർന്നൊന്നും അപ്പാപ്പനോടു ചോദിക്കാൻ എനിക്കു തോന്നിയില്ല.

Friday, 15 September 2017

അടയാളം

സംഭവം എന്തായിരുന്നെന്നു ചോദിച്ചാൽ വെറുമൊരു തലകറക്കം. 
തിരുവനന്തോരത്തു സെറ്റിലിറങ്ങിയപ്പോഴെ ഞാൻ കരുതിയാ നടന്നത്. തെക്കേമാങ്കൂട്ടമെന്നൊരു ഗ്രാമമാണെന്റെ പട്ടണമെങ്കിലും വല്യ പട്ടണത്തെപ്പറ്റിയും എനിക്കെല്ലാമറിയാമായിരുന്നു. 
മുംബൈയിലുള്ള മകൻ വരുമ്പോൾ പറയുമായിരുന്നു, ഒരു അഡ്ഡ്രസ്സ്‌ കാർഡ് പോക്കറ്റിലിടാതെ ആരും അവിടെ നഗരത്തിൽ പുറത്തിറങ്ങാറില്ലെന്ന്. ഒരത്യാവശ്യം വന്നാൽ, ഇതാരാണെന്നറിയാനോ ബന്ധപ്പെട്ടവരെ അറിയിക്കാനോ എന്തെങ്കിലും തുമ്പ് വേണ്ടേ? 
ഇപ്പൊ അവൻ പറയുന്നു, മൊബൈൽ ഫോൺ വന്നേപ്പിന്നെ ആ പരിപാടി നിർത്തിയെന്ന്. അതിൽ എല്ലാമുണ്ടല്ലോ! അതിലെ ICE (In Case of Emergency) നമ്പർ നോക്കി ആർക്കും വിളിക്കാമല്ലോ. അടുത്ത ആളിന്റെ പേരിൽ ICE കോണ്ടാക്ട് ലിസ്റ്റിൽ ഇടാൻ എല്ലാവരോടും ഞാൻ പറയാറുമുണ്ടായിരുന്നു. 
റിട്ടയർ ചെയ്തതിപ്പിന്നെയാ ഞാൻ മൊബൈൽ പരിപാടി പഠിച്ചതെന്നു പറയാം. സ്മാർട്ട് എനിക്കത്ര പിടിച്ചില്ല.
പഴയ നോക്കിയായുടെ ഫീച്ചർ പീസ് എനിക്കു ധാരളമായിരുന്നു. 
തിരുവനന്തപുരത്തു മോളുടെ വീട്ടിൽ വരുമ്പോഴൊക്കെ പുറത്തിറങ്ങുമ്പോൾ അതു പോക്കറ്റിലുണ്ടാവുമായിരുന്നു. പിള്ളേരു പള്ളിക്കൂടത്തിൽ പോയാൽ ഞാനാണു പുറത്തുപോയി പയറും പച്ചക്കറിയുമൊക്കെ വാങ്ങിക്കുക. 
മിനുവും ബാലുവും കൂടി ജോലിക്കു പോയാൽ ഞാനൊറ്റക്ക്. കൂട്ടുണ്ടായിരുന്ന ഭാമ വിട്ടു പോയിട്ട് എത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 
അങ്ങിനെ പുറത്തേക്കിറങ്ങിയതാ, തലകറങ്ങി വീണാസ്പത്രിലായത്.  
പച്ചക്കറി വാങ്ങിക്കഴിഞ്ഞപ്പോൾ ഒരു ബൾബ് വാങ്ങിക്കുന്ന കാര്യം ഓർത്തു. ഏതു ബൾബാ വാങ്ങിക്കേണ്ടതെന്നു ചോദിക്കാൻ മൊബൈൽ നോക്കിയപ്പോൾ സംഗതി പോക്കറ്റിലില്ല. 
അവിടെ അൽപ്പ സമയം നിന്നു ഞാനോർത്തു എവിടെയായിരിക്കണം അത് പോയത്?
അൽപ്പം ഓർമ്മക്കുറവുണ്ട്. അതെനിക്ക് നന്നായറിയാം. ഷർട്ടിട്ടതു മുതൽ ഓരോന്നും ഞാനോർത്തു നോക്കി. 
ബട്ടൻസിട്ടതും, പുറത്തിറങ്ങി ചെരിപ്പിട്ടതും, വഴിയിൽ ഓട്ടോ റിക്ഷയ്കു സൈഡ് കൊടുത്തതുമൊക്കെ ഓർത്ത് നോക്കി. 
പച്ചക്കറിക്ക് കാശു കൊടുത്തപ്പോൾ ഫോൺ പോക്കറ്റിലുണ്ടായിരുന്നില്ല.
എടുക്കാൻ മറന്നു പോയതാണ്. 
സാരമില്ല, അതിലല്ലാതെ വീട്ടിൽ ചെല്ലാമല്ലോ. പച്ചക്കറിക്കാരൻ പറഞ്ഞ വഴിയേ ഞാൻ ഇലക്ട്രിക് കട തപ്പി നടന്നു. വളരെ ശ്രദ്ധിച്ചതാണ് നടന്നത് - റോഡിലേക്കിറങ്ങിയതേയില്ല. ഓടയുടെ സൈഡിൽക്കൂടിയും അതിനു മുകളിലൂടെയുമായി ചാടിയും നടന്നും മുന്നോട്ടു നീങ്ങി.
ഒരു തലകറക്കമോ ബോധക്കേടോ ഉണ്ടായാലല്ലേ ഫോണൊക്കെ ആവശ്യമായി വരൂള്ളല്ലോ. 
രണ്ടാഴ്ച മുമ്പ് രണ്ടോന്നു ദിവസം ചെറിയ ഒരു തലകറക്കം ഉണ്ടായിരുന്നു - അതു തല ശക്തമായി കുലുങ്ങുമ്പോൾ മാത്രമായിരുന്നു. അനങ്ങാതെ അവിടെ നിന്നു രണ്ട് മൂന്നു ദിർഘശ്വാസം എടുത്താൽ പെട്ടെന്ന് തന്നെ അതങ്ങു പോകുമായിരുന്നു. 
തലകറക്കം വന്നോ ബോധക്ഷയം വന്നോ ഞാനൊരിടത്തും മരുന്നുമേടിക്കാൻ പോയിട്ടില്ല. 
ഹൃദ്രോഗവും വന്നിട്ടില്ല. ഒന്നും പരിശോധിച്ചിട്ടില്ലെങ്കിലും  പാരമ്പര്യമായി അങ്ങിനെ ഒരസുഖം ഇല്ല. 
എങ്കിലും മൊബൈൽ എടുക്കാതെ പോന്നതിൽ എനിക്കു ദുഖമുണ്ടായിരുന്നു. ഒരടയാളവും കൈവശമില്ലാതെ പട്ടണത്തിൽ പോകരുതെന്ന് മറ്റുള്ളോരോട് ഉപദേശിച്ചാൽ പോരല്ലോ. 
സത്യം പറയട്ടെ ഇങ്ങിനെ ഓർത്തോണ്ട് ബൾബ് മേടിക്കാൻ മുന്നോട്ടു പോയെന്നല്ലാതെ എനിക്കൊന്നും ഓർമ്മയില്ല. 
ഓർമ്മ തെളിഞ്ഞപ്പോൾ ഞാനീ ആസൂത്രക്കട്ടിലേലാ.
ഓടയിൽ വീണു ബോധം കേട്ടതാണെന്നാ മീനൂട്ടി പറഞ്ഞത്. പോലീസാ ആസൂത്രീലാക്കിയത്. 
ഭാഗ്യത്തിന് മടിക്കുത്തിൽ മിനുഭവന്റെ താക്കോലും അതിന്റെ ടാഗിൽ വീടിന്റെ വിലാസവും കൊത്തിവെച്ചിട്ടുണ്ടായിരുന്നു. 

Monday, 17 July 2017

അതിതുതന്നെയോ?

ഭാരതീയ താത്ത്വിക-മൗലിക വേദഗ്രന്ഥങ്ങളിലെ മഹദ്‌വചനങ്ങളെല്ലാറ്റിലും വെച്ച് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മഹാവാക്യങ്ങൾ ഇവയാണ്: 1) പ്രജ്ഞാനം ബ്രഹ്മ: (ശുദ്ധ ബോധമാണ് ബ്രഹ്മം), 2) തത്ത്വമസി (അത് നീയാകുന്നു), 3) അയമാത്മാ ബ്രഹ്മ: (ഈ ആത്മാവ് ബ്രഹ്മം തന്നെ), 4) അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാകുന്നു).
ജീവിതത്തിന്റെ സുന്ദരമായ ഇടനാഴികളിൽക്കൂടി സദാ ചലിച്ചുകൊണ്ടിരിക്കുന്ന നാം അന്വേഷിക്കുന്നതെന്തിനെയാണെങ്കിലും 'അതു നീ തന്നെ'യാണെന്നോ അതു നിന്നിൽത്തന്നെയുണ്ടെന്നോ ഉത്തരം കിട്ടുമെന്നാണ് ഭാരതീയ ഗുരുക്കന്മാർ ഈ മഹദ് വാക്യങ്ങളിലൂടെ അർത്ഥമാക്കുന്നത്. അതിന്റെ പൊരുളറിയാൻ ഞാൻ സൂചിപ്പിച്ച അടിസ്ഥാന പ്രമാണങ്ങൾ അറിഞ്ഞിരിക്കണം. ഏതു മതതത്ത്വങ്ങളുടെ പരിശ്ചേദമെടുത്തു സൂക്ഷ്മ പരിശോധന നടത്തിയാലും, മനസ്സിലാക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവനു ബോദ്ധ്യപ്പെടുന്ന സത്യങ്ങളാണിതൊക്കെ. 'പോ...നീ നിന്റെയുള്ളിലെ നിശ്ശബ്ദതയിലേക്കു പോ' എന്ന് മതാചാര്യന്മാർ പറഞ്ഞുതുടങ്ങിയാലത്തെ സ്ഥിതി നോക്കൂ - ആ മതത്തിൽ ഇപ്പറയുന്ന ആചാര്യന്മാർ മാത്രമല്ലെ കാണൂ? അതുകൊണ്ട്, ഒരു മതത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ട് സത്യത്തെ മനസ്സിലാക്കാൻ സാധിക്കില്ല - ആരും അതിനനുവദിക്കില്ല, ആർക്കും അതിനു താൽപ്പര്യവുമില്ല.
എന്താണു സനാതന ധർമ്മം? ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇതോരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരനുഭൂതിയാണ്. ഇതറിയാനാഗ്രഹിക്കുന്നവരാണെങ്കിൽ ഒരു ദീർഘയാത്ര തന്നെ പോകേണ്ടതുണ്ട് - എവിടെനിന്ന് വന്നോ അവിടേക്കൊരു മടക്കയാത്ര. എല്ലാ ചിന്തകളോടും ആകുലതകളോടും വിടപറഞ്ഞ് ശാന്തനായി നിശ്ശബ്ദതയിലേക്കുള്ള ഒരു പ്രയാണമാണിത്; അന്നമയത്തിൽ നിന്നും ആനന്ദമയത്തിലേക്കുള്ള യാത്രയെന്നും ഇതിനെപ്പറയാം. പരമാത്മാവിലേക്കുള്ള അവസാന പ്രയാണം പ്രാണന്റെ ഉറവിടമായ ഈ ആന്ദമയകോശത്തിൽ നിന്നാണ്. മനസ്സിനെ സൃഷ്ടിക്കുന്നതും സ്ഥലത്തെയും സമയത്തെയും പ്രാപ്യമാക്കുന്നതും ഇതിനൊന്നും വിധേയമല്ലാത്ത ഈ കോശം തന്നെ. സദാ ഉണർന്നിരിക്കുന്ന ഈ ശക്തിസ്രോതസ്സ് ശൂന്യതയുടെ ആഴത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.  
ഞാനിപ്പറഞ്ഞതിന്റെയൊക്കെ ആകെയർത്ഥം നാം നമ്മെപ്പറ്റി കരുതുന്നതുപോലെ ഒരു ചെറിയ സംവിധാനമല്ലായെന്ന് നാം മനസ്സിലാക്കണമെന്നാണ് - ബ്രഹ്മാണ്ഡത്തെ നിയന്ത്രിക്കുന്ന പരാശക്തിയുടെ ഉറവിടം തന്നെ നമ്മിൽത്തന്നെയാണെന്നറിയേണ്ടിയിരിക്കുന്നു. ഒരു കോശം പോലും നിസ്സാരക്കാരനല്ലത്രെ! സൗരയൂഥത്തിന്റെ ഒരു ലഘുരൂപമാണ് ആറ്റമുകൾ എന്നു പറയുന്നതുപോലെ ബ്രഹ്മത്തിന്റെ ഒരു കോശമാണ് ഓരോ മനുഷ്യനും. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ കൃത്യമായ കണക്ക് ആരുടെ കൈയിലുമില്ല. ബഹുകോടികൾ എന്നേ പറയാനൊക്കൂ - എല്ലാം പരസ്പരം അറിഞ്ഞു പ്രവർത്തിക്കുന്നുവെന്നു ചിന്തിക്കാൻ പോലും നമുക്കാവില്ല. റ്റിഷ്യു-കൾച്ചറിൽ ഒരു മരത്തിന്റെ ഒരു സെല്ലെടുത്തു മീഡിയത്തിൽ പരിപോഷിപ്പിച്ചു വളർത്തിയാൽ ആ മരത്തിന്റെ എല്ലാ സവിശേഷതകളുമുള്ള വേറൊരു മരമാണുണ്ടാവുക. ഓരോ സെല്ലിലുമുള്ള ഡി.എൻ.എ.കളിൽ എന്തുമാത്രം അറിവുകളാണു ശേഖരിക്കപ്പെട്ടിരിക്കുന്നതെന്നും നമുക്കു ചിന്തിക്കാൻ കഴിയണമെന്നില്ല. പ്രപഞ്ചം ഒരോന്നിന്റെയും കോശങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ അറിവുകളാണ് പ്രധാനം. ആ അറിവുകൊണ്ടാണ് എട്ടുകാലി വലകെട്ടുന്നതും ബീവർ അണകെട്ടുന്നതും കുരുവി കൂടുണ്ടാക്കുന്നതുമെല്ലാം. പ്രാപഞ്ചിക അറിവുകളുടെ മഹാശേഖരവുമായി ഓരോ കോശവും സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നു മനസ്സിലാക്കേണ്ടി വന്നാലോ? അപ്പോൾ നാം ബോധമറ്റു നിലംപതിക്കാനാണു സാദ്ധ്യത. നാമെന്ന കുറെ കോശങ്ങളുടെ കൂട്ടായ്മയുടെ സ്ഥാനവും ചലനവും മാത്രമല്ല, അതിന്റെ ദൗത്യവും ഈ കോശങ്ങളുടെ ആകമാന പ്രജ്ഞാതലത്തിനറിയാം. ഈ സ്വാവബോധമാണ് ഈശ്വരൻ എന്നു നാമറിഞ്ഞാലേ ആ ശക്തി തരുന്ന സുരക്ഷിതത്വം നാമറിയുകയും ആസ്വദിക്കുകയും ചെയ്യുകയുള്ളൂ. ഉൾക്കണ്ണ് തുറന്നിരുന്നാൽ ഈ പ്രജ്ഞാതലം നമ്മോട് സംവദിക്കുന്നത് ഏതാണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. 
ഓരോരുത്തരിലുമുള്ള ഈ അജ്ഞാതശക്തി, അവരവരുടെ ക്ഷേമം ലക്ഷ്യമാക്കി കരുതലോടെ കാവൽ നിൽക്കുന്നുവെന്ന ഒരു തോന്നൽ എനിക്കു നേരത്തെത്തന്നെയുണ്ട്. യാദൃശ്ചികതകൾ, ആകസ്മികതകൾ തുടങ്ങി വിശദീകരിക്കാൻ സാദ്ധ്യമല്ലാത്ത നിരവധി സന്ദർഭങ്ങളിലൂടെ നാം കടന്നുപോവാറുണ്ടല്ലോ. ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ, ഈശ്വരാനുഗ്രഹമെന്നോ, കർമ്മദോഷമെന്നോ ഒക്കെ നാം വ്യാഖ്യാനിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം അനുഭവങ്ങൾ ഒരിക്കലെങ്കിലും നേരിട്ടിട്ടില്ലാത്ത ആരുണ്ടിവിടെ? ആ ശക്തിയുടെ കർമ്മമേഖല വളരെ വ്യാപകമാണെന്ന് എനിക്കു നേരത്തെതന്നെ അറിയാമായിരുന്നു. മനുഷ്യശരീരത്തിന്റെ നിയന്ത്രണം 90% ബോധമനസ്സിനല്ലെന്ന് ഞാൻ പഠിച്ചിട്ടുള്ള കാര്യം. നാം ഇശ്ചിക്കുന്നതിനനുസരിച്ചല്ല ദഹനം നടക്കുന്നത്, ഹൃദയം മിടിക്കുന്നത് - ഇതൊക്കെ ഏതാനും നിമിഷം നിർത്തിവെക്കാൻ നമുക്കു സാധിക്കുകയില്ല. ഉറക്കത്തിലാണെങ്കിൽ ബോധമനസ്സിന് ഒരു നിയന്ത്രണവുമില്ല - എന്തു സുഖം! എത്ര ഉന്മേഷവാന്മാരായാണു നാം ഉണരുന്നത്. ഈ ശക്തിയുടെ നിയന്ത്രണത്തിൽ പൂർണ്ണമായും ആയിരിക്കാൻ കഴിയുക, ഈ വിട്ടുകൊടുക്കൽ, അതത്ര എളുപ്പമല്ല. കാരണം, ബോധമനസ്സിന്റെ പൂർണ്ണമായ ഒരു കീഴടങ്ങൽ എന്നു പറഞ്ഞാൽ അഹത്തിന്റെ അവസാനമെന്നു തന്നെ വ്യാഖ്യാനിച്ചുകൂടെ? അതായത്, നാമെന്ന സങ്കൽപ്പം മാറി ബ്രഹ്മബോധം എന്ന കടലിൽ അലിഞ്ഞില്ലാതാവുകയല്ലേ അപ്പോൾ സംഭവിക്കുക? ചുരുക്കി പറഞ്ഞാൽ, സർവ്വസാത്വികരും, ഈ അവസ്ഥാന്തരത്തിനുവെണ്ടിയല്ലേ ജീവിതം മുഴുവൻ ചെലവഴിച്ചത്?
2017 ജൂലൈ മാസം ഞാനൊന്നു വീണു. വീടുമുറ്റത്തുനിന്ന കറിവേപ്പിന്റെ ഏറ്റവും മുകളിൽനിന്നു കുറേയേറെ തണ്ടുകൾ ഒടിക്കാനുള്ള ശ്രമത്തിൽ. വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്. കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നു പറയാം. ഒന്നു രണ്ടു മാസം വീട്ടു വിശ്രമംകൊണ്ടു തീരാവുന്ന ചെറിയൊരു പൊട്ടൽ ഒരു കശേരുവിനു സംഭവിച്ചതൊഴിച്ചാൽ വേറെ ഒരു കുഴപ്പവും സംഭവിച്ചില്ല. ഞാൻ കയറിനിന്ന ഗോവണി തെന്നി മാറിയതോർമ്മയുണ്ട്, നിലത്തു വീണു കിടക്കുന്നതും ഓർമ്മയുണ്ട്. ഇതിനിടയിലുള്ള രണ്ടോ മൂന്നോ നിമിഷങ്ങളിൽ എന്തു സംഭവിച്ചുവെന്നുള്ള അന്വേഷണമായിരുന്നു പിന്നിടങ്ങോട്ട്. അതിനെപ്പറ്റിയുള്ള സംവാദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ പെറുക്കിക്കൂട്ടി വിശകലനം ചെയ്തപ്പോൾ ഒരു കാര്യം മനസ്സിലായി - ഇത്തരം ശൂന്യവേളകൾ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നു, അല്ലെങ്കിൽ ഇത്തരമൊരനുഭവം ഇല്ലാതിരിക്കുന്നവർ കാണില്ല. ഈ ശൂന്യതയുടെ (creative emptiness) ശേഷിയാണ് എന്നെ അതിശയിപ്പിച്ചത്. എന്നോളം വലിയൊരുഭാരം ഭൂമിയിൽ വീണാൽ എന്തൊക്കെ ഭൗതികനിയമങ്ങൾക്കാണോ അതു വിധേയമാകേണ്ടത് അതിലൊരു നിയമം പോലും മാറിയില്ല; പക്ഷേ, എനിക്കേറ്റവും സുരക്ഷ കിട്ടത്തക്ക രീതിയിൽ ഈ ശൂന്യത എന്നെ ഭൂമിയിൽ വീഴ്‌ത്തി. എന്റെ ഒരനുഭവം വെച്ചു മാത്രമല്ല ശൂന്യതയുടെ ഈ ഇടപെടലിനെ ഞാൻ വിലയിരുത്തുന്നത്. ഇങ്ങിനെയുള്ള അൽഭുതകരമായ രക്ഷപ്പെടലുകൾ സാക്ഷ്യപ്പെടുത്താൻ അനേകർ ഇവിടുണ്ട്. 
എന്റെ ചിന്തകൾ അവിടെനിന്നും പോയി. ഭാരതീയ ചിന്തകളിലെ കർമ്മപഥത്തിന്റെ രഹസ്യം എനിക്ക് വ്യക്തമായിരുന്നു. ഒരു കാരണമുണ്ടെങ്കിൽ ഫലവുമുണ്ട്; കാര്യകാരണശൃംഘലയിലെ ഒരു കണ്ണിയായാണ് പ്രപഞ്ചത്തിലെ ഏതൊന്നും ഇവിടെ ആയിരിക്കുന്നത്. അതായത് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യജീവിക്കും ഒരു ജന്മ രഹസ്യമുണ്ട് - ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യവും, ഇവിടെ കടന്നുപോകേണ്ട പരീക്ഷണങ്ങളുടെ അളവുമെല്ലാം അളന്നു കുറിക്കപ്പെട്ടിരിക്കുന്നുവെന്നത് അജ്ഞാതമായ ഒരു കാര്യമല്ല, ആത്മീയ യാത്രയിൽ മുഴുകിയിരിക്കുന്ന ഒരു സാത്വികനും. ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന ഈ ശൂന്യത ഓരോരുത്തരേയും ആ മാർഗ്ഗത്തിൽത്തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നു - അവിശ്വസനീയമായ യാദൃശ്ചികതകൾ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ കാരണമിതാണ്. ആ സമ്മർദ്ദത്തേയും അതിജീവിച്ച് മറ്റുപലതുമായിത്തീരാനായി കർമ്മപഥം ബോധപൂർവ്വം സൃഷ്ടിക്കുന്നവൻ അക്ഷരാർത്ഥത്തിൽ ഒരു പരാജയമായിരിക്കും - അവൻ എന്തു ലക്ഷ്യത്തിനായാണോ ജന്മം സ്വീകരിച്ചത്, അതു മറക്കുകയും എന്തൊക്കെയോ പരിഹരിക്കാനായി അനേകം കാരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ പേരും പെരുമയും സമ്പത്തുമൊക്കെ ആർജ്ജിച്ചാലും പരാജയമായിട്ടായിരിക്കും കടന്നു പോവുക. 
എങ്ങിനെയാണൊരാൾക്ക് അയാളുടെ ദൗത്യം തിരിച്ചറിയാനാവുക? സാഹചര്യങ്ങളിലൂടെത്തന്നെ, ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് നാം സമയം കൊണ്ടും സ്ഥലം കൊണ്ടും ഈ ബ്രഹ്മത്തിൽ കൃത്യമായ കേന്ദ്രത്തിൽത്തന്നെയാണെന്നു പറയപ്പെടുന്നത്. എല്ലാവരുടെയും ജീവിതാവസ്ഥകൾക്കു മുകളിലും കുറെയേറേ തട്ടുകളുണ്ട്. ഒരു ജീവിയേയും നിസ്സഹായാവസ്ഥയിലല്ല പ്രപഞ്ചം ഇവിടെ വിന്യസിപ്പിക്കുന്നത്. നിസ്സഹായരാണെന്നുള്ള ചിന്ത വെറും വ്യക്തിഗതം മാത്രം; അതാകട്ടെ താരതമ്യങ്ങളിൽ നിന്നും ഉയിരാർജ്ജിക്കുന്ന ചിന്തകളും. ഒരു കുഞ്ഞു ജനിക്കുന്നതിനെത്രയോ മുന്നെ, പ്രസവിക്കാൻ തയ്യാറെടുക്കുന്ന അമ്മയുടെ ശരീരം പ്രകൃതി അതിനനുസരിച്ചു പരുവപ്പെടുത്തുന്നു. ഏതു ദുസ്സഹ സാഹചര്യത്തിലാണൊരാൾ ആയിരിക്കുന്നതെങ്കിലും ആ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും പ്രാപ്തിയും അവനിൽ പ്രപഞ്ചം സന്നിവേശിപ്പിച്ചിരിക്കുന്നു.  അവനതു പക്ഷേ, തിരിച്ചറിയുന്നില്ല. ഈ പ്രപഞ്ചത്തിൽത്തന്നെ മനുഷ്യശിശുവിനോളം ദുർബ്ബലനായി ജനിക്കുന്ന ജീവികൾ ഇല്ലായെന്നു തന്നെ പറയാം. സ്വന്തമായി ഇരതേടാനുള്ള വിവേചനാബുദ്ധിയും ശക്തിയും ഒരു മനുഷ്യശിശുവിനു കിട്ടണമെങ്കിൽ കുറഞ്ഞതു പത്തു വർഷങ്ങളെങ്കിലും വേണം. നിരവധി പ്രതിസന്ധികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയാൽ മാത്രമേ ഒരു ശിശു യൗവ്വനയുക്തനാകുന്നുള്ളൂ. ആ ഘട്ടങ്ങളിലെല്ലാം ഈ ശൂന്യതയുടെ അദൃശ്യകരങ്ങൾ  അവനെ/അവളെ സംരക്ഷിക്കുന്നു.
പിന്നോട്ടു നോക്കിയപ്പോൾ ഈ അദൃശ്യകരങ്ങൾ ഞാനൊരുപാടിടങ്ങളിൽ കാണുന്നു, വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ ചില സങ്കീർണ്ണഘട്ടങ്ങളിൽ തീരുമാനമെടുത്തത് ഈ ശൂന്യതയായിരുന്നില്ലേയെന്നു ഞാൻ സംശയിക്കുന്നു. എന്റെ ശരീരകോശങ്ങൾ അടുത്ത നിമിഷത്തേക്കുള്ള പ്ളോട്ട് തയ്യാറാക്കുമ്പോഴൊക്കെ ഈ ശൂന്യതയാണു മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നതെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയെന്താണു പറയുന്നതെന്നറിയാൻ പുറം കാതുകൾ അടയ്കുകയേ ചെയ്യേണ്ടതുള്ളൂവെന്ന് ഞാൻ മനസ്സിലാക്കുന്നു. യാതൊന്നും ആ ശൂന്യതയറിയാതെ എന്നിലോ എനിക്കു ചുറ്റുമോ സംഭവിക്കുന്നില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയുമായി സൗഹൃദം സ്ഥാപിക്കാനാണ് മഹർഷിമാരും മുനിമാരും ജീവിതം ഉഴിഞ്ഞുവെച്ചതെന്നും ഞാനറിയുന്നു - ആ ശൂന്യതയിൽ യാതൊന്നും ഇല്ലെന്നും ഞാറിയുന്നു. ആ ശൂന്യതയെ ഞാൻ ഈശ്വരനെന്നു വിളിക്കുന്നു അതെനിക്കു വലിയ ഒരു തിരിച്ചറിവിലെത്തിയതിന്റെ അവർണനീയമായ സുഖം തരുന്നു!
ഇപ്പോൾ ഞാൻ വലിയ ധർമ്മസങ്കടത്തിലാണ്. എന്റെ ചിന്തകൾക്ക് പിന്നിലും വിചാരങ്ങൾക്കു പിന്നിലും മനോഭാവത്തിന് പിന്നിലും വാക്കുകൾക്കു പിന്നിലുമെല്ലാം ഞാനാരുടെയോ അദൃശ്യകരങ്ങൾ കാണുന്നു. എന്നിൽ വിരിയേണ്ടതായ വികാരങ്ങൾ ജനിപ്പിക്കുന്നതും എന്നെക്കൊണ്ട് കഥയും കവിതയുമൊക്കെ എഴുതിപ്പിക്കുന്നതും ഇതേ ഈശ്വരൻ. ഞാൻ കാണിച്ചിട്ടുള്ള സർവ്വ അതിക്രമങ്ങൾക്കും പിന്നിൽ എനിക്ക് ശക്തിയായി നിന്നതും ഇതേ ഈശ്വരൻ - കൊള്ളാം!