എന്തുകൊണ്ടാണ് യേശുവിനെ സമഗ്രമായ മാനവീകതയുടെ ജിഹ്വയായി കാണേണ്ടത്, ഗിരിപ്രഭാഷണത്തിന്റെ അവസാനിക്കാത്ത അർഥവ്യാപ്തിയിൽനിന്ന് സഭാപ്രസ്ഥാനങ്ങൾ എങ്ങനെയാണ് വഴിതെറ്റിയത്, അന്തസുറ്റ ധാര്മികജീവിതമെന്നാൽ എന്താണ് എന്നെല്ലാം ലളിതമായി പ്രസ്താവിക്കുന്ന ഒരു പുസ്തകം കൈയിലെത്തി. ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് മുഴങ്ങിക്കേട്ട ലിയോ റ്റോൾസ്റ്റൊയിയുടെ പ്രവാചകശബ്ദമാണത്. ദൈവരാജ്യം നിനക്കുള്ളിലാണ് എന്ന് അത് സംഗ്രഹിച്ചു പറയാം. നീട്ടാനോ കുറുക്കാനോ വയ്യാത്തവിധം കാര്യമാത്രപ്രസക്തമാണ് അതിലെ ഓരോ അദ്ധ്യായവും. ഒരേ ജീവന്റെ ഭാഗമായ മനുഷ്യർ എന്തുകൊണ്ട് അന്യോന്യം ദ്രോഹിക്കുന്നു, സത്യം കണ്ടെത്തിയെന്നു വാദിക്കുന്ന മതങ്ങൾ എന്തുകൊണ്ട് എവിടെയും അസത്യമാർഗ്ഗങ്ങളെ പിന്തുടരുന്നു എന്ന രണ്ടു ചോദ്യങ്ങൾക്കാണ് അദ്ദേഹം ഉത്തരമന്വേഷിക്കുന്നത്.
നമ്മളിൽ പലരും ആവർത്തിച്ചെഴുതിയിട്ടുള്ളതുപോലെ, അദ്ദേഹവും എത്രയോകാലം മുമ്പ് പറഞ്ഞു: ഞാൻ ക്രിസ്തുവിന്റെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നു. എന്നാൽ ക്രിസ്തുവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സഭാപ്രസ്ഥാനങ്ങൾ എന്ത് പഠിപ്പിക്കുന്നുവോ, അതിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന്. അതിനർഥം മറ്റൊന്നുമല്ല - ബോധ്യങ്ങളും സഭയുടെ ആഹ്വാനങ്ങളും വ്യത്യസ്തമാണ്. സഭയുടെ ആഹ്വാനങ്ങൾ ചെവിക്കൊണ്ടു നടക്കുന്ന വിശ്വാസി ജീവിതകാലം മുഴുവൻ പേറിക്കൊണ്ടു നടക്കുന്നത് യേശുവിരുദ്ധമായ ഒരു വിശ്വാസസംഹിതയാണു് എന്നത് ദാരുണമല്ലേ? എന്നാൽ ഈ തെറ്റ് ആർക്കുംതന്നെ തിരുത്താനാവുന്നില്ല. കാരണം, സഭകൾ അവയുടെ നിലപാടുകളെ കൂടുതൽ കർക്കശമാക്കി വിശ്വാസികളെ എന്നേയ്ക്കുമായി അവയിൽ കുരുക്കുകയാണ്. സഭാപ്രസ്ഥാനങ്ങൾ പൊതുവേ, യേശു തെളിച്ചുതന്ന വഴിയിൽനിന്ന് വ്യതിചലിച്ച്, സ്വയം വെട്ടിത്തെളിച്ച പാതകളിലൂടെ ചരിച്ചുകൊണ്ടിരിക്കുന്നു. യേശു തിരസ്ക്കരിക്കപ്പെട്ടിരിക്കുന്നു.
പ്രൊഫ. അഗസ്റ്റിൻ എ. തോമസ് സ്വതന്ത്രവിവര്ത്തനം നടത്തിയ ലിയോ റ്റോൾസ്റ്റൊയി യുടെ 'ദൈവരാജ്യം നിങ്ങൾക്കുള്ളിൽ തന്നെയാണ്' എന്ന പുസ്തകത്തിലെ മർമപ്രധാനമായ ചിന്തകളാണ് ഞാനിവിടെ സംഗ്രഹിചെഴുതാൻ ശ്രമിച്ചിരിക്കുന്നത്. (Media House Kozhikkod, 2014)
പ്രൊഫ. അഗസ്റ്റിന്‍ എന്റെ ഒരു വളരെ പഴക്കം ചെന്ന സ്നേഹിതനാണ്. 46 വര്ഷങ്ങളുടെ ഇണക്കത്തിന്റെയും പിണക്കത്തിന്റെറയും കഥകള്‍ ഞങ്ങള്ക്ക് പറയാനുമുണ്ട്. നിരവധി രോഗങ്ങള്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ഹോളിസ്ടിക് ചികിത്സാ രംഗത്തേക്ക് കടന്നു വന്നത്. അതിനു കാരണക്കാരനായിരിക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കാണ്. അനേകരെ ഈ രംഗത്തേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്; അനേകര്ക്ക് രോഗശാന്തിക്ക് അത് കാരണവുമായിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹവും പൂര്ണ്ണ ആരോഗ്യവാനാണ്. അദ്ദേഹവും ഞാനും പക്ഷേ ഇന്ന് ഒരേ രീതിയിലല്ല ചിന്തിക്കുന്നത്. അദ്ദേഹത്തിന് എല്ലാമെല്ലാം അദ്ദേഹം പഠിച്ച ഒരു ചികിത്സാ സമ്പ്രദായമാണെങ്കില്‍ ഒരു പ്രത്യേക സ്ട്രീമിന്റെ അടിമയായാകുവാന്‍ ഞാന്‍ താത്പര്യപ്പെട്ടില്ല. ഇക്കാര്യത്തില്‍ എനിക്കിഷ്ടം താന്തോന്നിയായ സാക്കിനെയാണ്. മതങ്ങളില്‍ നിന്ന് മുക്തി പ്രാപിക്കുന്നവരും ഇങ്ങിനെയൊരു അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്. ഒരു പ്രസ്ഥാനത്തിന്റെ്യും അടിമയാകാതെ, നാമുള്പ്പെടെ എല്ലാം പ്രപഞ്ചത്തിലെ, ഒരേ മൂല്യമുള്ള അംശങ്ങളാണെന്നു കാണാന്‍ സാധിക്കുന്നവനെ സ്വന്തം അസ്ഥിത്വത്തിന്റെന ശക്തിയും ബോദ്ധ്യമാവൂ. അവന്‍ ന്യായമായും ധീരനായിരിക്കും. ഈ ധൈര്യമായിരിക്കണം സാക്കിനെ തന്റെടിയാക്കിയത്. നാലാളുടെ മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന് വായില്‍ തോന്നുന്നതെല്ലാം കീറാന്‍ അദ്ദേഹം തുനിയുന്നില്ലായെന്നുള്ളത് അദ്ദേഹത്തിന്റെ ഭീരുത്വത്തിനുള്ള തെളിവായല്ല ഞാന്‍ കാണുന്നത്. സത്യം എങ്ങിനെയിരിക്കുമെന്ന് എന്നെങ്കിലും മനസ്സിലാക്കിയവര്‍ ശബ്ദത്തിലേക്കല്ല നിശ്ശബ്ദതയിലെക്കാണ് സാധാരണ കൂപ്പുകുത്തി വീഴുന്നതെന്ന് ഓര്ക്കുക.
ReplyDeleteഎല്ലാം ഉള്ളിലാണെന്നുള്ള സങ്കല്പ്പത്തിനും ഒരു ചെറിയ തകരാറുണ്ട്. എല്ലാം ഉള്ളിലായിരിക്കുമ്പോള്‍, എല്ലാത്തിനെയും ഉള്ക്കൊള്ളുന്ന നാമായിരിക്കുമല്ലോ വലുത്. അത് ശരിയല്ല, എല്ലാം ഉള്ളിലും നാം എല്ലാത്തിന്റെ്യും ഉള്ളിലും എന്ന രീതിയിലുള്ള ഒരു സമീപനമാണ് വേണ്ടത്. ഒരുപാട് കാലം മുമ്പ് ഒരു സ്വകാര്യ സംഭാഷണ വേളയില്‍ ശ്രി. ജൊസഫ് പുലിക്കുന്നേല്‍ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. അദ്ദേഹം ചോദിച്ചത് ഉള്ളിലുള്ള ഒന്നിനെ പുറത്തന്വേഷിക്കുന്ന ഈ സമ്പ്രദായം തന്നെ തെറ്റല്ലേയെന്നാണ്. ഞാന്‍ ഒരന്വേഷകനാണെന്നു പിന്നീടൊരിക്കലും അറിയാതെ പോലും ആരോടും പറഞ്ഞിട്ടില്ല. എനിക്കന്വേഷകരോട് ഇപ്പോള്‍ വലിയ ബഹുമാനമൊന്നും ഇല്ല, മുന്നേറുന്നവരോട് വേണ്ടതിലേറെ ഉണ്ട് താനും. ഈ മുന്നേറുന്നവരെന്നു ഞാന്‍ ഉദ്ദേശിച്ചത് പരിണാമത്തിന്റെ പ്രക്രിയയിലേക്ക് വെറുതെ തലവെച്ചു കൊടുത്തിട്ട് മാറിയിരുന്നു വിശ്രമിക്കുന്നവരെയല്ല പകരം പരിണാമം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വിപ്ലവകാരികളെയാണ്.
യേശുവിന്റെ വചനങ്ങള്‍ ഒന്നും ഇപ്പറഞ്ഞ സത്യങ്ങളെയൊന്നും നിഷേധിക്കുന്നതല്ല. യേശു ദൈവരാജ്യം എന്ന് പറഞ്ഞപ്പോള്‍ അതിരുകളും, പട്ടാളവും, ഭരണക്രമവും കോടതിയും ജയിലുമൊക്കെയുള്ള ഒരു രാഷ്ട്ര സമ്പ്രദായത്തെയല്ല ഉദ്ദേശിച്ചതെന്നു സ്പഷ്ടമല്ലേ? വചനങ്ങളുടെ ചിത്രം മതമാകുന്ന ക്യാമറയിലൂടെ പകര്ത്തുമ്പോള്‍ അവ്യക്തമായേ കാണൂ. കാരണം, ക്യാമറ വിറച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത. ക്രിസ്തു മതത്തില്‍ നാളെ മാറില്ലായെന്നു തീര്ത്തു പറയാവുന്ന ഒന്നുമില്ല. സത്യം മാറുന്നുമില്ല, മാറുന്നത് സത്യവുമല്ല എന്നോര്ക്കണം. ദൈവരാജ്യം ഉള്ളിലാണെന്ന് കാണാന്‍ ആഗ്രഹിക്കുന്നവന്‍ ഉള്ക്കകണ്ണുകളാണ് തുറക്കേണ്ടത്, സൂഷ്മമായത് കാണാന്‍ പുറംകണ്ണുകള്ക്കാ വില്ല. വയലെറ്റ് മുതല്‍ ചുവപ്പ് വരെയുള്ളവക്കപ്പുറത്തേക്ക് സാധാരണ മനുഷ്യരുടെ ആരുടേയും കണ്ണുകള്‍ പോയതായി എനിക്കറിവില്ല.
താന്തോന്നിയായ സാക്ക് എന്ന വിശേഷണം എനിക്കിഷ്ടപ്പെട്ടു. പലർക്കും എന്റെ താന്തോന്നിത്തരം വിഷമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിനുത്തരവാദി ഞാനാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ചില കാര്യങ്ങളിൽ കർക്കശമായ പിടിവാശികൾ ഉണ്ടെങ്കിലും ആരെയും മനപ്പൂർവം വേദനിപ്പിക്കാൻ ഞാനാളല്ല. കാഴ്ചപ്പാടുകളിലെ വ്യത്യാസം മാത്രമേ ഇവിടെ കടന്നുവരുന്നുള്ളൂ. അന്യരുടെ കാഴ്ചപ്പാടുകളെ നിയന്ത്രിക്കുക എന്റെ കടമയല്ലാത്തതുകൊണ്ട് ഇക്കാര്യമെന്നെ അലട്ടാറുമില്ല.
ReplyDeleteഅഗസ്റിൻ എ. തോമസിന്റെ ഭ്രാന്തും ക്യാൻസറും എന്ന പുസ്തകം വളരെ നല്ലതായി എനിക്ക് തോന്നി. പാലാ പ്രിന്റ് ഹൗസിന്റെ ഉടമയായ എന്റെ സുഹൃത്ത് ചാലിയാണ് ഒന്നര വർഷംമുൻപ് അതെനിക്ക് തന്നത്. അതിന്റെ വായന ചില കുറിപ്പുകൾക്ക് ഇടം കൊടുത്തു. അവയിൽ ചിലത്:
1. വസ്ത്രം ഒരു മൂടിയാണ്. കൂടുതൽ മൂടാനുള്ളവരാണ് കൃത്രിമ മോടിയുള്ള വിലയേറിയ വസ്ത്രങ്ങളാൽ തങ്ങളുടെ കുറവുകളെ മറയ്ക്കാമെന്നു വിചാരിക്കുന്നത്. ശ്രദ്ധ വസ്ത്രത്തിലേയ്ക്ക് മാറ്റാനാണിവർ ശ്രമിക്കുന്നത്. മോടികൾ അതിരുകടക്കുമ്പോൾ ഈ മന:ശാസ്ത്രമാണ് പ്രവർത്തിക്കുന്നത്. മഹാവീറിനെപ്പോലുള്ളവർക്ക് മറയ്ക്കാനൊന്നുമില്ല. വസ്ത്രമില്ലാതെയും അവർ അചഞ്ചലരായി നടന്നു നീങ്ങും.
2. മനസ്സ് തുറക്കുമ്പോൾ അകക്കണ്ണും തുറക്കും. ജീവിതപങ്കാളി തന്നെ അവഗണിക്കുന്നു എന്ന പരിഭവം ഉണ്ടാകാത്തവരില്ലെന്നു പറയാം. അപ്പോഴൊക്കെ ബന്ധം നടനമായി അനുഭവപ്പെടും. എനിക്ക് കൂടുതൽ പരിഗണന കിട്ടാൻ അർഹതയുണ്ട് എന്ന് കരുതി വിഷമിക്കുന്നവർക്ക് ചെയ്യാവുന്ന ഒരു മാനസിക വ്യായാമമുണ്ട്. എനിക്കില്ലാത്ത ഏതെല്ലാം കഴിവുകൾ, കാഴ്ചപ്പാടുകൾ, വാസനകൾ മറ്റെയാൾക്കുണ്ടെന്ന് ഓർത്തെടുക്കുക. നാമറിയുന്ന മറ്റു പലരിലും കാണുന്നതിൽ കൂടുതലായ മൂല്യസങ്കല്പങ്ങൾ, ശീലങ്ങൾ, വാസനകൾ, ശാരീരിക മേന്മകൾ എന്നതൊക്കെ അതില്പ്പെടാം. എന്റെ പരിദേവനങ്ങൾ ബാലിശമായി എനിക്കുതന്നെ തോന്നും.
3. അഹന്തയാണ് ഏതു തുറയിലും മലയാളിയുടെ മുഖ്യ ശത്രു. ദമ്പതികളായിരുന്നാലും അത് സ്ത്രീപുരുഷന്മാരെ അന്യോന്യം അപരിചിതരാക്കുന്നു. നമ്മുടെ നാട്ടിൽ ഏറിവരുന്ന ലൈംഗിക അരാജകത്വത്തിന് പിന്നിലും ഇത് തന്നെയാണ് കാരണം. മലയാളിയുടെ ജീവിതം സ്വയം കെട്ടിപ്പടുത്ത ഒരു വലിയ തടവറയാണ്. ലൈംഗികതയും അതിന്റെ അനുഭവങ്ങളും അതിൽ രഹസ്യമാണ്. അവയൊരിക്കലും സംസാരവിഷയമാകുന്നില്ല. വെറും അനുമാനങ്ങളുടെ ബലത്തിലാണ് ദമ്പതികൾപോലും പരസ്പരം ഇടപെടുന്നത്. ഈ അനുമാനങ്ങൾ തെറ്റുമ്പോൾ ബന്ധങ്ങളും തെറ്റും. ശാരീരികമായ ഐക്യം നിരാകരിക്കപ്പെടുന്നു. ഭാര്യാഭർത്താക്കന്മാർ പലപ്പോഴും ആഗ്രഹിക്കുന്നതും അവര്ക്ക് മതിയാവുന്നതും വെറും അടുത്തിരിക്കലും തൊട്ടുരുമ്മി കിടക്കലും മാത്രമായിരിക്കാം. രതിയായിരിക്കണമെന്നില്ല. അതിനുള്ള മാനസികാടുപ്പം പോലും നഷ്ടപ്പെടുമ്പോൾ അവർ അടുത്തറിയാത്ത ആത്മാക്കളായി ജീവിക്കേണ്ടിവരുന്നു. മനസ്സുതുറക്കാൻ കഴിയാത്ത സ്ത്രീയും പുരുഷനും ഭ്രാന്തിൽ അവസാനിക്കുക സാധാരണയാണ്. അതിന്റെ തോത് കൂടിയോ കുറഞ്ഞോ ഇരിക്കുമെന്ന് മാത്രം.
അവനവന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ മാത്രമാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരേ ലക്ഷ്യത്തിലേക്ക് ഒഴുകുന്ന പല കൈവഴികൾ തങ്ങളുടെ ഒഴുക്കിൽ കണ്ടെത്തുന്ന ചുഴികളും ആഴങ്ങൾ കണ്ട അനുഭവങ്ങളും പങ്കുവെക്കപ്പെടുന്നു എന്നു മാത്രം. ശ്രീ. സാക് പറഞ്ഞതുപോലെ മറ്റാരുടെയും കാഴ്ചപ്പടുകളെ നിയന്ത്രിക്കുക നമ്മുടെ കടമയല്ല. എല്ലാവർക്കും വലുത് അവനവന്റെ ബോധ്യങ്ങളാണ്. എങ്കിലും, എന്റെ ഭാഷ നിങ്ങൾക്ക് മനസ്സിലാകുന്നു എന്നതാണ് എന്നെ സംബന്ധിച്ച ഏറ്റവും വലിയ സുവിശേഷം. തീർച്ചയായും നമ്മെ ബന്ധിപ്പിക്കുന്ന പാരസ്പര്യത്തിന്റെ അദൃശ്യമായ ഒരു കണ്ണിയുണ്ട്. നമുക്ക് അനുഭവിക്കാവുന്നതിൽ വച്ചേറ്റവും വലിയ അനുഭൂതി ഈ നിഗൂഡതയാണ്.
ReplyDelete