മനുഷ്യ ശരീരത്തിനു ചുറ്റുമുള്ള ഊര്‍ജ്ജശരീരത്തെ ചെറുതായി ഒന്ന് പരിചയപ്പെട്ടല്ലോ (ഒരു മോഡല്‍ ഊര്‍ജ്ജശരീരത്തിന്‍റെ ചിത്രം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക). ഒരുവന്‍ എന്തെല്ലാം കാരണങ്ങളുമായാണോ ജനിക്കുന്നത്, ഒരുവന്‍ ജീവിത കാലത്ത് എന്തെല്ലാം കാരണങ്ങള്‍ സൃഷ്ടിക്കുന്നുവോ അതിന്‍റെയെല്ലാം അടയാളങ്ങള്‍ മരങ്ങളിലെ വാര്‍ഷികവളയങ്ങള്‍പോലെ ഈ ഊര്‍ജ്ജ ശരീരത്തില്‍ കാണും - അവന്‍റെ ചിന്തകളും മനോഭാവവും എല്ലാം. ഒരു മാലിന്യരഹിതനായ മനുഷ്യന്‍റെ ഊര്‍ജ്ജ വലയം മൃദുവും തെളിമയുള്ളതും ഏറെ പ്രകാശമാനവുമായിരിക്കും. ഒരു ദുര്‍വൃത്തന്റേതാവട്ടെ ഇരുണ്ടതും കീറിപ്പറിഞ്ഞതും, ഉടയുന്നതും, ദുര്‍ഗന്ധമുള്ളതും, നിറക്കൂട്ടുകള്‍ അലക്ഷ്യമായി വാരി വലിച്ചെറിഞ്ഞതുപോലെ വൃത്തിഹീനവുമായിരിക്കും. ഈ അടയാളങ്ങളെയാണ് ഊര്‍ജ്ജമാലിന്യങ്ങള്‍ (Dead Orgone Energy) എന്ന് വിളിക്കുന്നത്. കര്‍മ്മദോഷങ്ങളും ഈ അടയാളങ്ങളില്‍ പെടും. ഇത് അതാതുകളുമായി ബന്ധപ്പെട്ട ശരീരഭാഗങ്ങളില്‍ രോഗങ്ങളായോ അംഗ വൈകല്യമായോ പ്രത്യക്ഷപ്പെടുകയും മൂല ഊര്‍ജ്ജധാരയില്‍ നിന്ന് ഒരുവനെ അകറ്റുകയും ചെയ്യും. ഇവയെയാണ് പാപങ്ങള്‍ എന്ന് നമുക്ക് വിളിക്കാന്‍ കഴിയുക.
നാം ഉപയോഗിക്കുന്ന പാപമെന്ന് വാക്ക് എന്തുദ്ദേശിക്കന്നുവെന്നു സൂചിപ്പിച്ച് പല വ്യാഖ്യാനങ്ങളും കേട്ടിട്ടുണ്ട്. അതിലെ മികച്ചെതെന്നു തോന്നുന്ന വ്യാഖ്യാനപ്രകാരം, പാപം (Sin) എന്ന വാക്ക് പുരാതന ഗ്രീസിലെ ഒരു ചെറിയ അളവ് മാത്രയാണ്. അമ്പ് എയ്ത് പരിശീലിക്കുമ്പോള്‍ ലക്ഷ്യത്തില്‍ നിന്ന് എത്ര അകലെയാണ് അത് പതിച്ചതെന്നത് Sin എന്ന തോത് ഉപയോഗിച്ച് അളക്കുന്നു. ഒരാള്‍ മൂലഊര്‍ജ്ജത്തിന്‍റെ അനുരണനങ്ങളില്‍ നിന്ന് എത്ര അകലെയാണ് എന്ന് സൂചിപ്പിക്കുന്ന രീതിയില്‍ ആദ്യകാലത്ത് ഉപയോഗത്തിലിരുന്ന ഈ പദമാണ് നിരവധി വ്യത്യസ്ഥ അര്‍ത്ഥവ്യഖ്യാനങ്ങളോടെ വിവിധ ഭാഷകളിലേക്ക് കുടിയേറിയതെന്നു ഞാന്‍ കരുതുന്നു. ഒരു ശിശുവും, പൂര്‍ണ്ണമായി മാലിന്യങ്ങള്‍ ഇല്ലാത്ത ഒരു ഊര്‍ജ്ജ ശരീരവുമായല്ല ജനിക്കുന്നത്. ജന്മനാ കിട്ടുന്ന അന്തര്ചോദനകളും ഇവിടെ വെണ്‍മേഘ കൂട്ടുകള്‍ പോലെയെങ്കിലും ഊര്‍ജ്ജ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കും. ഉത്ഭവപാപം എന്ന ആശയത്തിന് ഒരു പക്ഷെ ഈ സ്ഥിതിയുമായി ബന്ധമുണ്ടായിരിക്കാം. ഈ പാപങ്ങള്‍ മാറ്റിയാലേ എന്തായാലും ആത്മാവ് വളരുന്നുള്ളൂ (ശരിയായ ദിശയിൽ പരിണാമപ്പെടുന്നുള്ളൂ). നാമാര്‍ജ്ജിച്ച മുജ്ജന്മ കാരണങ്ങളായാലും തല്ജന്മ കാരണങ്ങളായാലും എല്ലാം ഊര്‍ജ്ജ ശരീരത്തിലുണ്ട്; ഇതു കാണാന്‍ കഴിയുന്നവന്‍റെ മുമ്പില്‍ മലര്‍ക്കെ തുറന്ന ഒരു പുസ്തകം പോലെയായിരിക്കും സര്‍വ്വരുടേയും ഭൂതവും ഭാവിയും. ഈ ഊര്‍ജ്ജമാലിന്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു, മനുഷ്യനും തന്ത്രങ്ങള്‍ക്കും മാറ്റാവുന്നതെന്നും മൂല ഊര്‍ജ്ജത്തിന്‍റെ (ഈശ്വരന്‍റെ) സ്വയംബോധത്തിന് മാത്രം മാറ്റാവുന്നതെന്നും. യോഗാ, ധ്യാനം മുതലായ സാധനകള്‍ സ്ഥിരം പരിശീലിക്കുന്ന ഒരാളുടെ ഊര്‍ജ്ജശരീരത്തില്‍ സാധകന്‍ അറിയാതെ തന്നെ ശുദ്ധീകരണം (healing) നടക്കുന്നുണ്ട്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഓക്സിജനായി മാറാൻ കാര്‍ബണ്‍ഡയോക്സൈഡിന് പ്രകൃതിയെ ആവശ്യമായിരിക്കുന്നതുപോലെ, ഈ മാലിന്യങ്ങൾക്ക് അവസ്ഥാന്തരം ചെയ്യപ്പെടാൻ ഈശ്വരന്‍റെ സഹായം വേണം. മറ്റൊരു മാര്‍ഗ്ഗം ഇങ്ങിനെ അവസ്ഥാന്തരം ചെയ്യാന്‍ ശേഷിയുള്ളതോ അല്ലാത്തതോ ആയ വേറൊരു ഊര്‍ജ്ജശരീരത്തിലേക്ക് ഇതിനെ മാറ്റുകയാണ്. ഗുരുക്കന്മാര്‍ മറ്റുള്ളവരുടെ മാലിന്യങ്ങള്‍ ഏറ്റെടുക്കാറുണ്ട്, അതിന്‍റെ ഫലം അനുഭവിച്ചു തീര്‍ക്കാറുമുണ്ട്. യേശുവിനെപ്പോലെയൊരു മഹാഗുരു, നിങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് ഞാനീ പീഢാനുഭവം സ്വയം ഏല്‍ക്കുന്നതെന്ന് പറഞ്ഞത് വളരെ ശാസ്ത്രിയമായ ഒരു സത്യം തന്നെയാണ്. അങ്ങിനെ പറയാന്‍ ശേഷിയുണ്ടായിരുന്ന ഏറെ ഗുരുക്കന്മാര്‍ ഭൂമുഖത്തുണ്ടായിരുന്നിട്ടില്ല. അമാനുഷിക ശക്തിയുണ്ടായിരുന്ന യേശുവിന് ആ മഹാശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ദൈവമായിരുന്നെങ്കില്‍ ഇത്തരം ഒരു പരീക്ഷണം ആവശ്യമായിരുന്നോ എന്ന ചോദ്യം ഇവിടെ അസ്ഥാനത്തല്ല താനും. ഊര്‍ജ്ജശരീരത്തിനു മരണമില്ല; യേശു ഇപ്പോഴും ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നതല്ല, പകരം നമ്മുടെ മാലിന്യങ്ങള്‍ യേശുവിലൂടെ അവസ്ഥാന്തരം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാമതിന് ഇശ്ചിക്കുക മാത്രം ചെയ്‌താല്‍ മതിയെന്നതാണ് ക്രിസ്ത്യാനികൾ മനസ്സിലാക്കേണ്ട കാര്യം.
ഒരാള്‍ക്കു കോപമുണ്ടായാല്‍ അതയാളുടെ ഊര്‍ജ്ജവലയത്തെ കറുത്ത മേഘങ്ങള്‍ കൊണ്ട് നിറക്കുമെന്നും ഓരോ വികാരങ്ങള്‍ക്കും അതാതിന്റേതായ നിറങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഊര്‍ജ്ജശരീരങ്ങള്‍ പരസ്പരം ആകര്‍ഷിക്കപ്പെടുകയോ വികര്‍ഷിക്കപ്പെടുകയോ ചെയ്യാം. അടുത്തു നില്‍ക്കുന്ന ആള്‍ കോപിച്ചാല്‍ അത് ചുറ്റും നില്‍ക്കുന്നവരെ അസ്വസ്ഥരാക്കും. ഇവിടെ എല്ലാവര്‍ക്കും വികര്‍ഷണമാണ് സംഭവിക്കുന്നത്. ആകർഷണത്തിലൂടെയുള്ള സമന്വയം വ്യക്തികളോടോ സാഹചര്യങ്ങളോടോ വസ്തുക്കളോടോ അവസ്ഥയോടോ ആവാം. ഇങ്ങിനെ സംഭവിച്ചാല്‍ അതില്‍ നിന്നകലേണ്ടി വരുന്ന സാഹചര്യങ്ങള്‍ അവര്‍ക്ക് വേദനാജനകമായിരിക്കും. ഇവിടെ മനസ്സിന്‍റെ വിവിധ തലങ്ങളും അവയിലെ പ്രോഗ്രാമുകളുമാണ് പ്രവര്‍ത്തിക്കുന്നത്.
ഊര്‍ജ്ജ ശരീരത്തില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങളും ബോധ മനസ്സിന്‍റെ നിയന്ത്രണത്തിലല്ല നടക്കുന്നത്. കമ്പ്യുട്ടറുകളില്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതുപോലെ മനസ്സ് കൊണ്ട് ഇവിടെ പ്രോഗ്രാമുകള്‍ സ്ഥാപിക്കാനും കഴിയും. ഒരു പ്രത്യേക കാര്യം ചെയ്‌താല്‍ ഒരു പ്രത്യേക ഫലം കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചാല്‍ അങ്ങിനെ തന്നെ സംഭവിച്ചേക്കാം എന്നേ പറയുന്നുള്ളൂ; കാരണം, നേരത്തെ തന്നെ ഊര്‍ജ്ജ ശരീരത്തിലുള്ള പ്രോഗ്രാമുകളുടെ അവസ്ഥയും കൂടി പരിഗണിച്ചാലെ ഇതിനു തീരുമാനമാകൂവെന്നതാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ഒരാളുടെ ജന്മലക്ഷ്യവും. ഒരാത്മാവ് എന്തുദ്ദേശത്താലാണോ ഒരു പ്രത്യേക സാഹചര്യത്തിലുള്ള ശരീരം സ്വീകരിച്ചത്, ആ ലക്ഷ്യത്തില്‍ നിന്നാത്മാവിനെ മാറ്റുന്ന ഒരു പ്രോഗ്രാമും ആരുടേയും ജീവിതത്തില്‍ പ്രവര്‍ത്തിക്കണമെന്നില്ല. എന്ത് ചെയ്താലും എന്‍റെ തലവേദന പോകില്ലായെന്നുള്ള ഒരു ശക്തമായ പ്രോഗ്രാം ഉള്ളില്‍ കിടപ്പുണ്ടെങ്കില്‍ മറ്റു ലഘു പ്രോഗ്രാമുകള്‍ക്കും കൂടുതലൊന്നും ചെയ്യാനുണ്ടാവില്ല. ഈ പ്രോഗ്രാമുകളുടെയും ആകെ ഊര്‍ജ്ജശരീരത്തിന്റെയും ഒരു ചെറിയ പതിപ്പ് ഒരുവന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും അവന്‍ ആയിരിക്കുന്നിടത്തും, അവന്‍റെ ഭൌതിക അസാന്നിദ്ധ്യത്തിലും അവശേഷിക്കും; മറ്റൊരാള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഊര്‍ജ്ജ വലയത്തിന്റെ സമന്വയത്തിലൂടെ, പരസ്പരം മനസ്സിലാക്കുക മാത്രമല്ല അറിവുകള്‍ കൈമാറാനും കഴിയും. ഊര്‍ജ്ജശരീരങ്ങളെപ്പറ്റിയും ചക്രാകളെപ്പറ്റിയും പ്രാണായുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമൊക്കെ ഇങ്ങിനെ ചുരുക്കം ചില സത്യങ്ങള്‍ മനസ്സിലാക്കിയാല്‍ തന്നെ എത്രമാത്രം തെറ്റായ ധാരണകളായിരുന്നു നാം പരിചരിച്ചുകൊണ്ടിരുന്നതെന്ന് മനസ്സിലാകും.
ഒരു ശരിയായ ധാരണയോടെ വി. ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ വളരെ വ്യത്യസ്തമായ ഒരര്‍ത്ഥമായിരിക്കും ഓരോരുത്തര്‍ക്കും കിട്ടുക. എല്ലാ മതങ്ങളിലെയും ഉള്‍ക്കാഴ്ചയുള്ള ദാര്‍ശനികര്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കുന്നവരായിരുന്നില്ല; രണ്ടു കൂട്ടരുടെയും മനസ്സിലാക്കല്‍ വ്യത്യസ്തമായിരുന്നതാണ് കാരണം. അവരുടെ ധ്യാനം നിശ്ശബ്ദതയിലൂടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി തെളിമയാര്‍ന്ന ഊര്‍ജ്ജശരീരം സ്വരൂപിക്കുന്നതിന് വേണ്ടിയായിരുന്നു, അത് വിപ്ലവകരമായ ഒരു പരിണാമം ലക്‌ഷ്യം വെച്ചുള്ളതുമായിരുന്നു. അവര്‍ക്ക് മാത്രമായി ഒരു സ്വര്‍ഗ്ഗമുണ്ടെന്ന് അവരാരെങ്കിലും കരുതിയിരുന്നെന്നും ഞാന്‍ ചിന്തിക്കുന്നില്ല. അവര്‍ വളരുന്നതിന് ആനുപാതികമായി ലോകവും വളരണമെന്നേ അത്തരക്കാര്‍ ആഗ്രഹിക്കുകയുമുള്ളൂ. ഇവിടെ ചിലത് മായയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമായി എന്തു രക്ഷ? എഴുതപ്പെട്ടതിനും കാണപ്പെടുന്നതിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള പുതിയ മനുഷ്യരായി ഓരോരുത്തരും മാറുമ്പോള്‍ ലോകം ആത്മിയമായി തളരുകയായിരിക്കില്ല, വളരുകയായിരിക്കും ചെയ്യുക.
No comments:
Post a Comment