Friday, 16 December 2016

എന്താണു ധ്യാനം? - 19

ധ്യാനത്തെപ്പറ്റി എന്തെഴുതിയാലും, ശരിയായ ഒരു ധാരണ വായനക്കാരനു കൈമാറാൻ കഴിയുന്നില്ലെങ്കിൽ തൽസംബന്ധമായ ലേഖനങ്ങളും ഉപദേശങ്ങളുമൊക്കെ വളരെ ദോഷം വരുത്തിയേക്കാം. ഫലം വ്യക്തിഗതമായതുകൊണ്ട്, ധ്യാനത്തിന്റെ ഓരോ ഘട്ടത്തിലും പരിശീലകനുണ്ടാകുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലും ധ്യാനത്തെ കൃത്യമായി നിർവചിക്കാനാവില്ല. എങ്കിലും, അക്ഷരാർഥത്തിൽ ധ്യാനമെന്നു പറഞ്ഞാൽ പ്രഭാഷണ പരമ്പരയുമല്ല എന്തെങ്കിലും ആസനാഭ്യാസവുമല്ല. ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു തലങ്ങളുമായി ആയിരിക്കുന്ന മനുഷ്യർ, ആകമാന സൗഖ്യം പ്രാപ്യമാക്കാൻ ശരീരം, ശ്വാസം, മനസ്സ് എന്നീ മൂന്നു മാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നത്. അത്തരം അഭ്യാസങ്ങളെയെല്ലാം ധ്യാനങ്ങൾ എന്നു വിളിക്കുന്നതാണ് ധ്യാനത്തെപ്പറ്റിയുള്ള മനസ്സിലാക്കലുകളിൽ അവ്യക്തത സൃഷ്ടിക്കുന്നതിനൊരുകാരണം. ധ്യാനത്തിന്റെ പരമോന്നത ലക്ഷ്യമാണത്തരം അഭ്യാസങ്ങൾക്കുമുള്ളതെന്നതുകൊണ്ട് അവയൊന്നും ധ്യാനമാകുന്നില്ല. ധ്യാനമെന്ന വാക്കിന് ഓരോ നിഘണ്ടുവും വ്യത്യസ്ഥ അർഥങ്ങളാണ് കൊടുത്തിരിക്കുന്നതെന്നും, ആകെ ലോകത്തുള്ള ജനസംഖ്യയേക്കാൾ കൂടുതൽ തരത്തിലുള്ള ധ്യാനങ്ങൾ പ്രചാരത്തിലുണ്ടെന്നും ശ്രദ്ധിക്കുക. ധ്യാനമെന്ന വാക്കിന്റെ ശുദ്ധ തർജമയല്ല, ഇംഗ്ലീഷിലെ മെഡിറ്റേഷൻ (meditation) എന്ന വാക്ക്. സംസ്കൃതത്തിലെ 'ധർമ്മ', 'സാധന', 'യോഗാ' പോലുള്ള പല പ്രധാന വാക്കുകൾക്കും തുല്യമായ വാക്കുകൾ ഒരു ഭാഷയിലും ഇല്ലെന്നു തന്നെ പറയാം. 

പതറാതെ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ധ്യാനമെന്നു കരുതുന്നവരുണ്ട്; യാതൊരു ചിന്തകളുമില്ലാതെ കുറച്ചുനേരമിരിക്കാൻ കഴിഞ്ഞാൽ അതാണു ധ്യാനമെന്നു കരുതുന്നവരുമുണ്ട്. ആദ്യത്തെയവസ്ഥ സൃഷ്ടിക്കാൻ, എന്തിലാണോ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ ചിത്രം കണ്മുന്നിൽ വെച്ചാൽ മതിയാവും; രണ്ടാമത്തെ അവസ്ഥ പ്രാപ്യമാക്കാനാകട്ടെ നന്നായൊന്നുറങ്ങിയാലും മതിയാകും. ശ്രദ്ധ ചിതറിപ്പിക്കലായാലും, യാതൊന്നിലും ശ്രദ്ധയില്ലാതിരിക്കലായാലും ധ്യാനമാവുമെന്നു കരുതരുത്. രൂപവും ഗുണവുമൊന്നുമില്ലാത്ത ഈശ്വരനിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണു ശരിയായ ധ്യാനമെന്നു പറയാം. ഈശ്വരൻ ജ്ഞാനമായതുകൊണ്ടുതന്നെ ബ്രഹ്മജ്ഞാനത്തെപ്പറ്റി അറിയുന്നവനേ ആ രീതിയിൽ സത്യത്തെ ധ്യാനിക്കാനാവൂയെന്നു പറയുമ്പോൾ, പിന്നെങ്ങിനെയാണു ധ്യാനിക്കുകയെന്നുള്ള ചോദ്യത്തിനു ശക്തി കൂടും. ശുദ്ധധ്യാനത്തിൽ മാധ്യമങ്ങളില്ല; പക്ഷേ, മാധ്യമങ്ങളുടെയിടയിൽ ജീവിക്കുന്ന മനുഷ്യന് മാധ്യമമല്ലാത്ത അവസ്ഥയിലേക്കു പോകാൻ മാധ്യമം ആവശ്യമുണ്ടെന്നതു സത്യമാണു താനും. മറ്റൊന്നിന്റെ സഹായത്തോടെയുള്ള യാത്ര അല്‌പദൂരത്തേക്കെ പ്രയോജനപ്പെടൂവെന്നതുകൊണ്ട് ധ്യാനത്തിലൂടെയുള്ള മുന്നേറ്റത്തിൽ, ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന മാധ്യമങ്ങളെ ഒന്നൊന്നായി ഉപേക്ഷിക്കേണ്ടതുണ്ട്. പുറംകടലിൽ ഒറ്റയ്ക്ക് തുഴഞ്ഞുകൊണ്ടേയിരിക്കുന്ന വഞ്ചിക്കാരനെപ്പോലെയാണു ധ്യാനാഭ്യാസികൾ. എന്നും ഒരേ ചക്രവാളമായിരിക്കും അനേകനാളുകളവന്റെ മുന്നിൽ ഉണ്ടായേക്കാവുന്നത്. കര അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് പൊടുന്നനെയായിരിക്കും; അതുപോലെയാണൊരുവൻ ബ്രഹ്മജ്ഞാനിയാവുന്നതും, ശരിയായ ധ്യാനത്തിൽ എത്തിച്ചേരുന്നതും.

സത്യമെന്ന ജ്ഞാനത്തെ ആകമാനസർവത്തിൽ നിറയ്ക്കുകവഴി അഹം ബ്രഹ്മമായി മാറുകയാണ് ശരിയായ ധ്യാനത്തിലൂടെ സംഭവിക്കേണ്ടത്. അത്തരമൊരു സന്ദർഭത്തിൽ സ്ഥലകാലബ ന്ധനങ്ങളിൽ കുടുങ്ങിയിരിക്കുന്ന യാതൊന്നുമല്ല 'ഞാൻ' എന്നൊരു മനസ്സിലാക്കലുണ്ടാവും. അപ്പോൾ ഒന്നിനോടുമുള്ള ഒരു ബന്ധവും ആത്മാവെന്ന സത്യത്തിന് പ്രസക്തമല്ലാതാവും. അതായത്, പരമമായ സത്യത്തെ തിരിച്ചറിയുന്നവനെ ശരിയായ ധ്യാനത്തിലായിരിക്കാനും കഴിയൂവെന്നർത്ഥം. "വതസ്യ നിശ്ചിന്തനം ധ്യാനം (constant awareness of That)" എന്നാണ് ആത്മപൂജോപനിഷത്തിൽ ധ്യാനത്തെ നിർവ്വചിച്ചിരിക്കുന്നത്. പരമമായ സത്തയെയാണ് 'തത്' എന്നിവിടെ പറയുന്നത്. തസ്യയെന്നാൽ 'അതിന്റെ'യെന്നർഥം. തടസമില്ലാതെ നിരന്തരം 'അതി'നെ അറിഞ്ഞുകൊണ്ടിരിക്കൽ ധ്യാനമാകും. ഇതു സാധിക്കാൻ അഹംബോധത്തെ ബോധപൂർവ്വം മാറ്റിനിർത്തണം. ഇതിനാവശ്യമായ ഇരട്ട ബോധമുള്ള പ്രപഞ്ചത്തിലെ ഏക ജീവി മനുഷ്യൻ മാത്രമാണ്. അവനു മാത്രമേ ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാനാവൂ. അഹത്തെയും അഹത്തിന്റെ ബന്ധനങ്ങളേയും പൂർണ്ണമായും ഒഴിവാക്കാൻ വേണ്ടിയുള്ള യാത്രയിൽ അവയേയും കൊണ്ടുപോകുന്നത് ശരിയാവില്ല - ഒപ്പം വേണ്ടത് തനി നിശ്ശബ്ദത തന്നെ.  ചുരുക്കത്തിൽ, അഹംബോധത്തിൽ നിന്നും പരമമായ സത്താബോധത്തിലേക്കുള്ള മാർഗമാണു ധ്യാനം, എന്നു പറഞ്ഞാൽ ഭാഗികമായി എനിക്കിഷ്ടപ്പെട്ട ഒരു നിർവചനമാവും. ഈ മാർഗത്തിൽ എന്തെല്ലാം തടസങ്ങളുണ്ടോ അതെല്ലാം മനസ്സെന്ന വലിയ മേഖലയിലാണ്; വേറൊരു വാചകത്തിൽ പറഞ്ഞാൽ, മനസ്സിനെ നിർവീര്യമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക ധ്യാനത്തിന്റെ ഒരവിഭാജ്യ ദൗത്യമാണ്. ആ അർഥത്തിൽ, 'ധീ' (ബുദ്ധി) യുടെ 'ന' (ഇല്ല) ഒഴിവാക്കലാണ് ധ്യാനം (ധീ + ന = ധ്യാന = ബുദ്ധിയില്ലാത്ത അല്ലെങ്കിൽ ബുദ്ധിപ്രവർത്തിപ്പിക്കാത്ത ഒരവസ്ഥ). 

വേദകാല കാഴ്ചപ്പാടനുസരിച്ച് ശരീരം പഞ്ചകോശങ്ങളാൽ (അന്ന - പ്രാണ -  മനോ - ജ്ഞാന - ആനന്ദ) നിർമ്മിതമാണ്. ആനന്ദത്തിലാണു ബ്രഹ്മമെന്നു ധ്യാനത്തിന്റെ മറുകരയെത്തിയവനേ മനസ്സിലാകൂ. ഹിന്ദു വിശ്വാസപ്രകാരം ആത്മാവിനെ (ബ്രഹ്മത്തെ) പൊതിഞ്ഞിരിക്കുന്ന അഞ്ചാവരണങ്ങളാണു പഞ്ചകോശങ്ങൾ. ഓരോ ആവരണത്തേയും കീഴടക്കി മാത്രമേ ബ്രഹ്മത്തെ പ്രാപിക്കാനാവുകയുള്ളൂവെന്നും ധ്യാനത്തിൽ ഈ ഉന്മൂലനപ്രക്രിയയാണു സംഭവിക്കേണ്ടതെന്നും വ്യംഗ്യം. ഈ ആവരണങ്ങളെല്ലാം ശരീരവും മനസ്സുമായിട്ടാണു ബന്ധപ്പെട്ടിരിക്കുന്നത്. എല്ലാത്തിനും നാമവും രൂപവും സ്വഭാവവും ഗുണവുമെല്ലാം ഉള്ളതുകൊണ്ട് എല്ലാത്തിനേയും അഹത്തിന്റെ ഭാഗമായി കരുതാതെ വയ്യ. മനസ്സിനെ ഇല്ലാതാക്കുകയെന്നു പറഞ്ഞാൽ ഒന്നുമല്ലാതായിത്തീരുകയെന്നർഥം. ഈ ഒന്നുമല്ലാതായിത്തീരൽ മനസ്സിലാക്കണമെങ്കിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരിനാളത്തെ സങ്കൽപ്പിക്കുക. അതിനു പേരുണ്ട്, ഗുണമുണ്ട്, രൂപമുണ്ട്, സ്വഭാവമുണ്ട്, ആകൃതിയുമുണ്ട്. ഈ തിരിനാളം കാറ്റത്തു കെട്ടുപോയാൽ അതവിടെയുണ്ടായിരുന്നെന്നു തെളിയിക്കാൻ യാതൊന്നും അവശേഷിക്കുന്നില്ല. ഇത്തരമൊരു അവസ്ഥാമാറ്റമാണ് ഏതൊന്നും അഹത്തെ ഉപേക്ഷിച്ചു ബ്രഹ്മമായിത്തീരുമ്പോൾ ഉണ്ടാകുന്നത്. 

ബ്രഹ്മത്തിലായിരിക്കാൻ എന്തെങ്കിലും പ്രത്യേകിച്ചു ചെയ്യേണ്ടതുണ്ടോ? ചെയ്യാതിരിക്കുന്നവർക്കും ചെയ്യുന്നവർക്കും വ്യത്യസ്ഥ ന്യായങ്ങളുണ്ട് - രണ്ടിലും വേണ്ടത്ര യുക്തിയുമുണ്ട്. ശാസ്ത്രത്തിന്റെയും സൂക്ഷ്മബുദ്ധിയുടെ യും അന്വേഷണം ചെന്നെത്തിയത്, എല്ലാം തുടങ്ങിയത് ശൂന്യതയിൽ നിന്നാണെന്ന യാഥാർത്ഥ്യത്തിലാണ്. ശൂന്യതയിൽനിന്ന് ജീവനും പ്രപഞ്ചവും എങ്ങിനെ രൂപം കൊണ്ടുവെന്നതിനെപ്പറ്റിയുള്ള നിഗമനങ്ങളിൽ മതങ്ങളും, പ്രസ്ഥാനങ്ങളും, വ്യക്തികളുമെല്ലാം വ്യത്യസ്ഥരായിരിക്കുന്നു. പക്ഷേ, ശൂന്യതയിൽ നിന്നു വന്നത് ശൂന്യതയിൽത്തന്നെ അവസാനിക്കണമെന്ന ന്യായം ആർക്കും നിഷേധിക്കാനാവാത്തതാണ്. സർവതിലും ശൂന്യതയിലേക്കു മടങ്ങാനുള്ളയൊരു ത്വര അടങ്ങിയിരിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. ഈ ത്വര നൽകുന്ന പ്രചോദനംകൊണ്ടാണ് പരിണാമം സംഭവിക്കുന്നത്. പരിണാമത്തിനു ബോധപൂർണ്ണമായി സത്തുക്കൾ വിധേയപ്പെടാൻ കാരണവും ഇതിനെപ്പറ്റിയുള്ള ജ്ഞാനം തന്നെ. പരിണാമത്തിൽ ബോധപൂർവ്വം പങ്കെടുക്കുന്നതു വഴി 'വിപ്ലവകരമായ' പരിണാമമാക്കി സ്വജീവിതത്തെ അവർ മാറ്റുന്നു. ചുരുക്കത്തിൽ, ധ്യാനിച്ചാലും ഇല്ലെങ്കിലും സർവതും ഒരുനാൾ ശൂന്യതയിൽ എത്തിയേ തീരൂ. ജീവിതം ഒരു നിശ്ചിതഫലത്തിനു വിധേയമായിരിക്കുമ്പോൾ എന്തിനു കർമ്മമെന്ന ചോദ്യമുണ്ടാവും. എന്താണു കർമ്മമെന്നും, എങ്ങിനെയാണതു നിർവഹിക്കേണ്ടതെന്നും തേരാളിയായി വന്ന ഭഗവാൻ കൃഷ്ണൻ യോദ്ധാവായ അർജ്ജുനനോടു വിശദീകരിക്കുന്നു, ഗീഥയിലൂടെ. 

മനുഷ്യന്റെ ആകെത്തുകയുടെ ഒരു മൂശയാണു മനസ്സെന്നു പറഞ്ഞാൽ പൂർണ്ണമായി ശരിയല്ലെങ്കിലും മനസ്സിനെ ആ രീതിയിൽ പരിചയപ്പെടുത്തിയാലെ ശരിയാവൂ. ഊർജത്തെ സ്ഥൂലമെന്നും സൂക്ഷ്മമെന്നും തരം തിരിച്ചാൽ സൂക്ഷ്മമായതിനെ പൊതുവിൽ മനസ്സെന്നു വിളിക്കാം; അതിസൂക്ഷ്മോർജത്തെയാണ് ഈശ്വരനെന്നു (Highest Consciousness) വിശേഷിപ്പിക്കുന്നതും. ഏതൊരു മനുഷ്യനും പരിചയമുള്ള ബുദ്ധി, ഓർമ്മ, വിവേചനശക്തി മുതലായ ഗുണങ്ങൾ ഈ മനസ്സിന്റെ പുറംതലത്തിൽ വരുന്നു. മനസ്സ് അതു ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയെ ആസ്പദമാക്കി ഓരോ പേരുകളിൽ (ഓർമ്മ, അറിവ്, വിവേകം, ബുദ്ധി, ചിന്ത ....) വിളിക്കപ്പെടുന്നുവെന്നു പറയുന്നതാണു ശരി. ഊർജപരമായി ചിന്തിച്ചാലും എതൊരു സൃഷ്ടിയുടേയും തുടക്കം ബ്രഹ്മത്തിൽ (ഈശ്വരനിൽ) നിന്നാണെന്നു മനസ്സിലാകും; അല്ലെങ്കിൽ, സൃഷ്ടിക്കപ്പെട്ട സർവതിനും ബ്രഹ്മത്തിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു സൂഷ്മോർജമേഖലയുണ്ടെന്ന്. തുടക്കത്തിലും ഒടുക്കത്തിലും (അതിസൂക്ഷ്മതയിലും അതിസ്ഥൂലതയിലും) ഈശ്വരൻ തന്നെയാണെന്നത് മനുഷ്യബുദ്ധിക്കഗ്രാഹ്യമായ (സൃഷ്ടിയുടെ ദുരൂഹത) കാര്യം. 

പരിണാമമെന്നു പറഞ്ഞാൽ മാറ്റമാണ്. യാതൊന്നിനും മാറ്റമില്ലാതെ ആയിരിക്കാനാവില്ല, ഒരു മാറ്റവും സ്ഥിരവുമല്ല. നമുക്കറിയാവുന്ന സർവതിനും തരംഗഭാവമുണ്ടല്ലോ! ശരീരത്തിലാണെങ്കിൽ ശ്വാസത്തിനും, നാഡീസ്പന്ദനത്തിനും രസവിന്യാസത്തിനും മാത്രമല്ല തരംഗഭാവം, 28 ദിവസങ്ങൾ നീളുന്ന ജൈവിക താളത്തിനും 35 ദിവസങ്ങൾ ദീർഘിക്കുന്ന ബൗദ്ധികതാളത്തിനുമെല്ലാം വിധേയമായിട്ടാണു ശരീരം പ്രവർത്തിക്കുന്നത്. സൗരയൂഥത്തിനുണ്ട് തരംഗ ഭാവം, രാത്രി മാറി പകൽ വരുന്നു, പകൽ മാറി രാത്രി വരുന്നു - ഇതാവർത്തിച്ചുകൊണ്ടേയിരിക്കുന്നു. വൈദ്യുതിക്കുണ്ട് തരംഗഭാവം, വയർലെസ്സ് സിഗ്നലുകൾക്കെല്ലാമുണ്ട് തരംഗഭാവം. പ്രകാശം സഞ്ചരിക്കുന്നത് തരംഗഭാവത്തിലാണ്, നക്ഷത്ര സമൂഹങ്ങളിൽനിന്നു ഭൂമിയിൽ എത്തിക്കൊണ്ടിരിക്കുന്ന ഊർജ്ജ രശ്മികളും തരംഗമായാണു സഞ്ചരിക്കുന്നത്. എന്തിനധികം, ആദിയിൽ ചലനമായാണ് പ്രപഞ്ചം അനുഭവപ്പെട്ടത്. ഈ ചലനങ്ങളെല്ലാം 'സ രി ഗ മ പ ദ നി സ' യെന്ന അഷ്ടസ്വരക്കൂട്ടിലെ സ്വരങ്ങൾ പോലെ  പരസ്പരം ബന്ധപ്പെട്ടവയായിരിക്കുമ്പോഴാണ് (In harmony) പ്രപഞ്ചം ഏറ്റവും സുന്ദരമായിരിക്കുന്നത്. ഏതൊന്നും, അതിന്റെ അടിസ്ഥാന തരംഗസവിശേഷതൾ മൂല തരംഗവുമായി പരമാവധി ഗുണിതബന്ധത്തിലായിരിക്കത്തക്ക രീതിയിലാണു സൃഷ്ടിക്കപ്പെടുക. വളർച്ചയുടെ കാലത്താണ് അപസ്വരങ്ങൾ പോലെ അപവിന്യാസങ്ങൾ ഉണ്ടാകുന്നത്. ശരീരത്തിലെ രസങ്ങളുടേയും, നാഡികളുടേയും, ശ്വാസോശ്ച്വാസത്തിന്റേയുമെല്ലാം ആയിരിക്കൽ മൂലസ്പന്ദനക്രമത്തോട് താദാത്മ്യപ്പെട്ടിരുന്നാൽ അതു മൂലസ്പന്ദനത്തിന്റെ ഭാഗം തന്നെയായിരിക്കും - കടൽ ജലത്തിലെ ഒരു തുള്ളി കടലിലായിരിക്കുമ്പോൾ കടലായിരിക്കുന്നതുപോലെ തന്നെ. കടലിൽനിന്നു കാലക്രമേണ അകന്നുകൊണ്ടിരിക്കുന്ന ഒരു തുള്ളി, കടലിലേക്കു മടങ്ങുന്നതുപോലെ ധ്യാനത്തിലൂടെ മനുഷ്യൻ ബ്രഹ്മത്തിലേക്കു മടങ്ങിയില്ലാതായി ശക്തിയാർജ്ജിക്കുന്നു. ആ മടക്കത്തിനൊരു മാർഗ്ഗമേയുള്ളൂ, അതിന്റെ പേരാണു ധ്യാനം!

Monday, 5 December 2016

അവസാനത്തെ ദിവസം

സ്റ്റേഷനു പുറത്തിറങ്ങി, പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള മൺപാതയിലൂടെ ജറി മുന്നോട്ടു നടന്നു. ദൂരെ, കുറച്ചു വീടുകളും കടകളുമെല്ലാമുള്ള ആ മുക്ക് ജറി കണ്ടു; അതു തന്നെ സ്ഥലം! അയാൾ കാണിച്ചുതന്ന സ്ഥലമിതു തന്നെ; ജറി മനസ്സിലുറപ്പിച്ചു.
ട്രയിനിന്റെ ജനാലയിലൂടെ കൈചൂണ്ടി, അവിടെയാണു തന്റെ വീടെന്നയാൾ കാണിച്ചു തന്നിരുന്നതു ജറി മറന്നിരുന്നില്ല. പക്ഷേ, അയാളുടെ പേരോ വിലാസമോ യാതൊന്നും ജറിക്കറിയാമായിരുന്നില്ല. ആകെയുള്ള ലക്ഷണങ്ങളൊക്കെ പറഞ്ഞയാളുടെ വീടു കണ്ടുപിടിക്കാമെന്ന് ജറി കരുതി.
'കണ്ടുപിടിക്കണം, കണ്ടുപിടിച്ചേ ഒക്കൂ; ആ കാലുകളിൽ വീണു നന്ദി പറഞ്ഞില്ലെങ്കിൽ മനുഷ്യനെന്നു വിളിക്കപ്പെടാനുള്ള അർഹത തനിക്കുണ്ടാവില്ല'. ഇങ്ങിനെ ഉരുവിട്ടുകൊണ്ടാണ്‌ ജറി മുന്നോട്ടു നടന്നത്. അത്രക്കു വലിയ ഉപകാരമായിരുന്നാ മനുഷ്യനന്നു തനിക്കു ചെയ്തതെന്ന് ജറിക്കറിയാമായിരുന്നു. ഒരപരിചിതനായ തന്നെ അന്നയാൾ യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ സഹായിച്ചിരുന്നില്ലെങ്കിൽ, അമേരിക്ക സ്വപ്നം കാണാൻ പോലും തനിക്കാവില്ലായിരുന്നുവല്ലോയെന്നു ജറിയോർത്തു.
അമേരിക്കയിൽ നിന്നാദ്യയവധിക്കു വന്നതിന്റെ പിറ്റേന്നു തന്നെയിറങ്ങിയതാണു ജറി, ആ വലിയ മനുഷ്യനെ കാണാൻ. ട്രയിനിൽ വെച്ചു മറന്നുപോയ തന്റെ സർട്ടിഫിക്കറ്റുകളടങ്ങിയ ആ ബാഗ്, ആ മനുഷ്യൻ എത്തിച്ചു തന്നിരുന്നില്ലെങ്കിൽ? ഓർക്കാനേ വയ്യ! 
അക്കഥയോർത്താൽ ഇന്നും ദേഹമാകെ കുളിരുകോരും. ചെന്നൈയിൽ പോയി അമേരിക്കൻ കോൺസുലേറ്റിലെ ഇന്റർവ്യുവും കഴിഞ്ഞു ട്രയിനിൽ മടങ്ങുമ്പോഴാണ് ജറിയാ മനുഷ്യനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടതെന്നു പറഞ്ഞാൽ, താൻ ചെന്നൈയിൽ സ്കൂളദ്ധ്യാപകനാണെന്നദ്ദേഹം  പറഞ്ഞു; തന്റെ വീടു കണ്ണൂരാണെന്നും, അമേരിക്കയിൽ ഉന്നതവിദ്യാസത്തിന് വിസാക്ക് അപേക്ഷിച്ചിരുന്നെന്നും അതിന്റെ ഇന്റർവ്യു പാസ്സായെന്നും ജറിയും പറഞ്ഞിരുന്നു. ന്യുയോർക്കിൽ ജറിക്കു സ്കോളർഷിപ്പനുവദിച്ച കോളേജിന്റെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ ജറി പെട്ടിക്കകത്തു നിന്നും തന്റെ പുലിത്തോൽ ചിത്രാങ്കിത ബാഗ് പുറത്തെടുത്ത് ആ കോളേജിന്റെ വിശദാംശങ്ങൾ അദ്ദേഹത്തെ കാണിച്ചു. അവിടെ എന്തൊക്കെ സ്കോളർഷിപ്പുകളാണു കിട്ടുന്നതെന്നറിയാൻ അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. 
ആ കോളേജിന്റെയും ഏജൻസിയുടെയും വിലാസങ്ങൾ ഒരു കടലാസിൽ ജറി കുറിച്ചുകൊടുക്കുകയും ചെയ്തു. ആർക്കെങ്കിലും ആ വിവരം എന്തെങ്കിലും രീതിയിൽ പ്രയോജനപ്പെടുന്നുവെങ്കിൽ അങ്ങിനെയാട്ടെന്നു ചിന്തിച്ചതുകൊണ്ടാണ് ആ ബാഗയാൾ പുറത്തെടുത്തത്. ആ ബാഗിലായിരുന്നു അയാളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ മുഴുവൻ. കമ്പാർട്ടുമെന്റിൽ തിരക്കു കുറവായിരുന്നതുകൊണ്ട് ജറിയതു സീറ്റിൽ തന്നെ വെച്ചിട്ട് അദ്ദേഹത്തോട് ഒബാമയുടെ ഭരണത്തേപ്പറ്റി അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. വാഷിങ്ടണേപ്പറ്റിയും വൈറ്റ് ഹൗസിനേപ്പറ്റിയും ന്യുയോർക്കിനേപ്പറ്റിയുമൊക്കെ അവർ സംസാരിച്ചു. താമസിയാതെ, അദ്ദേഹത്തിന്റെ സ്റ്റേഷനെത്തിയപ്പോൾ അദ്ദേഹം ഇറങ്ങുകയും ചെയ്തു. സ്റ്റേഷനിലിറങ്ങാൻ എണീറ്റപ്പോൾ പുറത്തേക്കു വിരൽ ചൂണ്ടി ഒരു കൊച്ചു ഗ്രാമം കാണിച്ചിട്ട് അവിടാണു വീടെന്നദ്ദേഹം പറഞ്ഞിരുന്നു. അവിടെനിന്നധികം ദൂരത്തായിരുന്നുമില്ല സ്റ്റേഷൻ.
ഒരു ട്രയിൻ യാത്രയിൽ കണ്ടുമുട്ടുന്നവരുമായി അതിൽക്കൂടുതൽ പരിചയപ്പെടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അനുഭവങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നിരിക്കണം. വീട്ടിൽ ചെന്നാൽ ചെയ്യേണ്ട ഒരുക്കങ്ങളേപ്പറ്റി ചിന്തിച്ചുകൊണ്ട് ട്രയിനിൽ ജറിയിരുന്നു. വിസാ കിട്ടുമെന്നു ചെന്നൈയിൽനിന്നേ ജറി വീട്ടിലേക്കു വിളിച്ചു പറഞ്ഞിരുന്നു. ഒരൊറ്റ വർഷം മുഴുവൻ ഈ ഒരു ലക്ഷ്യത്തിനു വേണ്ടി നോയമ്പു നോറ്റ അമ്മയെ ഈ വാർത്ത വളരെ സന്തോഷിപ്പിച്ചിരിക്കുമെന്നു ജറിക്കറിയാമായിരുന്നു. അമ്മയുടെ ആണ്ടു മുഴുവൻ നീണ്ട നോയമ്പ്, ഇതിനാണെന്നു ചേച്ചി രഹസ്യമായി പറഞ്ഞ് ജറിയറിഞ്ഞിരുന്നു. അമ്മയേയും പപ്പായേയും അമേരിക്കക്കു കൊണ്ടുപോകണമെന്നു ജെറി മനസ്സിലുറച്ചു. 
പത്തു ദിവസങ്ങൾക്കുള്ളിൽ ന്യുയോർക്കിലെ കോളേജിൽ റിപ്പോർട്ട് ചെയ്യണം. അതിനിടയിൽ നൂറ്റിപ്പത്തു കാര്യങ്ങൾ വേറേയും ചെയ്യാനുണ്ട്. ഫ്ലൈറ്റ്ടിക്കറ്റ് കൺഫേമാക്കണം, സ്റ്റേഷനറി വാങ്ങണം, ജൗളിത്തരങ്ങൾ വാങ്ങണം, അത്യാവശ്യം സ്നേഹിതരോടും ബന്ധുക്കളോടും യാത്രപറയണം, ക്ലബ്ബിലെ സെക്രട്ടറിസ്ഥാനമൊഴിയണം, കണക്കുകളും ഫയലുകളുമെല്ലാം ഏൽപ്പിക്കണം, അമേരിക്കയിലുള്ള ഏലിക്കുട്ടിയാന്റിയുടെ വീട്ടിൽ ചെല്ലുമ്പോൾ കൊടുക്കാൻ പലഹാരങ്ങൾ അമ്മയുണ്ടാക്കുന്നു. ഒരു പെട്ടിയിൽ 23 കിലോയെ ആകാവൂയെന്നാന്റി പറഞ്ഞിട്ടുള്ള കാര്യം ഓർത്തു....... 
യാത്രാസുഹൃത്ത് ഇറങ്ങിയതിനു ശേഷം ഒന്നോ രണ്ടോ സ്റ്റേഷനുകൾക്കൂടി ട്രയിൻ പിന്നിട്ടു കാണണം. ട്രയിനിന്റെ കടകടാശബ്ദം ജറി കേൾക്കുന്നുമുണ്ടായിരുന്നില്ല, ട്രയിനിനേക്കാൾ വേഗത്തിൽ പിന്നോട്ടോടിക്കൊണ്ടിരുന്ന പ്രകൃതിയെ ജറി കാണുന്നുമുണ്ടായിരുന്നില്ല. ചിന്തിക്കാൻ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു ജെറിക്ക്.
വീണ്ടും ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ജെറിയുടെ കംമ്പാർട്ട്മെന്റിനെ ലക്ഷ്യമാക്കി ഓടിക്കിതച്ചു വരുന്ന ആ സുഹൃത്തിനെ ജെറി കണ്ടു - ഏതാനും സ്റ്റേഷനുകൾക്കു മുന്നിൽ ഇറങ്ങിപ്പോയ ആ സ്നേഹിതൻ തന്നെ! 
അയാളുടെ കൈയ്യിൽ തന്റെ സർട്ടിഫിക്കറ്റ് ബാഗ്! അദ്ദേഹമതു ജനാലയിലൂടേ കുത്തിത്തിരുകി അകത്തേക്കിട്ടു. എല്ലാം പെട്ടെന്നു കഴിഞ്ഞു.
"എന്റെ സ്റ്റേഷനിലിറങ്ങിയ പിച്ചക്കാരിയെടുത്തതാ....... ടാക്സിക്കു പോന്നു......" ട്രയിനിനോടൊപ്പം ഓടിക്കൊണ്ടദ്ദേഹം ട്രയിനിനേക്കാൾ കൂടുതലണച്ചുകൊണ്ടുച്ചത്തിൽ പറഞ്ഞതിൽ അത്രയും കേൾക്കാനെ ജറിക്കു കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ട്രയിൻ വേഗതയാർജ്ജിച്ചിരുന്നു; ജനാലയിലൂടെ ജറിക്കു കഴുത്തു പുറത്തേക്കു നീട്ടാൻ കഴിഞ്ഞില്ല; ഒന്നും മിണ്ടാനും കഴിഞ്ഞില്ല. 
അന്നാ മനുഷ്യൻ അങ്ങിനെ ചെയ്തിരുന്നില്ലായെങ്കിൽ! 
ആ ബാഗ് മോഷണം പോയകാര്യം അദ്ദേഹം പറഞ്ഞപ്പോഴാണ് ജറിയറിഞ്ഞതുതന്നെ. ജറിക്കതൊന്നും ഓർക്കാനേ വയ്യായിരുന്നു. ആ ബാഗപ്പോൾ പുറത്തെടുക്കേണ്ടത്ര കാര്യം ഉണ്ടായിരുന്നോയെന്നു ജറി സ്വയം ചോദിച്ചു നോക്കി.
വിസായടിച്ച പാസ്പോർട്ട് കിട്ടാനും അമേരിക്കക്കു പറക്കാനുമെല്ലാം കൂടിയവശേഷിച്ചിരിക്കുന്ന എട്ടുദിവസങ്ങൾക്കുള്ളിൽ തിരിച്ചുപോയി ആ മനുഷ്യനെ കണ്ടുപിടിച്ചു നന്ദിപറയാനുള്ള സമയം തനിക്കില്ലല്ലോയെന്നു ജറിയോർത്തു. എട്ടാം ദിവസം പറന്നാലേ, പത്താം ദിവസം കോളേജിൽ റിപ്പോർട്ട് ചെയ്യാനാവൂ.
'എല്ലാ കടവും തീർക്കണം, അന്നദ്ദേഹം ടാക്സിക്കു കൊടുത്തതിന്റെ പത്തിരട്ടി തിരിച്ചു കൊടുക്കണം. ആ കാലിൽ വീണു നന്ദിപറയണം.' ജറി മനസ്സിൽ പറഞ്ഞു. ഓരോന്നോർത്തും പറഞ്ഞും ജറി ആ കൊച്ചുഗ്രാമപ്പട്ടണത്തിലെത്തി. ആദ്യം കണ്ടത് ചായപ്പീടിക.
മുഷിഞ്ഞ ബഞ്ചുകളും ഡസ്കുകളും, അര നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുള്ള ചായത്തട്ട്, അത്രയും തന്നെ പഴക്കം തോന്നിക്കുന്ന പുകനിറം ചാലിച്ചു നിറം കൊടുത്ത തടിപ്പീടികയും. ഇവിടെ ചോദിച്ചു കളയാം. റജി അതിന്റെ ഉടമയെന്നു തോന്നിച്ച, ഡസ്കുകൾ തുടച്ചുകൊണ്ടിരുന്ന ഒരു മദ്ധ്യവസ്കനോടു ചോദിച്ചു, 
"ചെന്നൈയിൽ പഠിപ്പിക്കുന്ന ഒരു മാഷുണ്ടല്ലോ, ഇവിടടുത്തു താമസിക്കുന്നെ, അദ്ദേഹത്തിന്റെ വീടേതാ? കാണാൻ വന്നതാ."  
"മാഷടെ പേരെന്താ?" അയാൾ ചോദിച്ചു.
അതു ജറിക്കറിയില്ലായിരുന്നു; വീട്ടുപേരു ചോദിച്ചു, അതും ജറിക്കറിയില്ലായിരുന്നു. 
"ഒരമ്പതുവയസ്സുവരും, നല്ല പൊക്കമുണ്ട്, കഷണ്ടിയുമുണ്ടാ സാറിന്" 
"അങ്ങിനെയൊരാൾ ഈ പട്ടണത്തിലില്ല." ചായപ്പീടികക്കാരൻ പറഞ്ഞു.
അയാൾ അടുത്ത പലചരക്കു പീടികയിലെ വിൽപ്പനക്കാരനോട് ഇങ്ങിനെയൊരാളെപ്പറ്റി ചോദിച്ചു; അയാൾക്കും അങ്ങിനെയൊരാളെ പിടികിട്ടിയില്ല. 
"മൂന്നുകൊല്ലം മുമ്പ് ആ സാർ ഇവിടെയായിരുന്നു താമസിച്ചിരുന്നത്." ജറി തറപ്പിച്ചു പറഞ്ഞു. 
"ഓ! വിജയൻ നായർ സാറായിരിക്കും! ശരിയാ, അദ്ദേഹം മരിച്ചിട്ടു മൂന്നു വർഷങ്ങളായിക്കാണും!" വിൽപ്പനക്കാരൻ പറഞ്ഞു.
"അദ്ദേഹമില്ലേ?" ജറി ചോദിച്ചു; പിന്നെ, സപ്തനാഡികളും തളർന്നുപോയതുപോലെ അവിടെ നിന്നു പോയി കുറച്ചു നേരം.
"നേരെ മുമ്പിൽ കാണുന്ന കോവിലിന്റെയവിടെനിന്ന് ഇടത്തോട്ടുള്ള കോൺക്രീറ്റ് വഴിയെ അൽപ്പം നടന്നാൽ മുറ്റത്തു കുറെ എരുമകളെ കെട്ടിയിരിക്കുന്ന വീടു കാണാം അതാ." അൽപ്പമകലേക്ക് കൈ ചൂണ്ടിക്കാണിച്ചിട്ടു വിൽപ്പനക്കാരൻ പറഞ്ഞു. 
ഒരടിപോലും നടക്കാൻ ജറിക്കു മനസ്സു തോന്നിയില്ല. ആകെ ഒരു മരവിപ്പുപോലെ തോന്നിയപ്പോൾ ജറിയാ ചായപ്പീടികയിൽ കയറിയിരുന്നു. താൻ കാണാൻ വന്ന മനുഷ്യൻ വിടവാങ്ങിയിട്ട് നാളൊത്തിരിയായത്രെ! വിശ്വസിക്കാൻ ജറിക്കു മനസ്സു വന്നില്ല. വല്ലാത്തയൊരു കുറ്റബോധം ജറിയുടേ മനസ്സിനെ പിടിച്ചുലച്ചു.
"മാഷെ അറിയുമായിരുന്നോ?" ചായക്കടക്കാരൻ ചോദിച്ചു.
"ഉവ്വ്" ജറി പറഞ്ഞു. ആരും അൽപ്പനേരമൊന്നും മിണ്ടിയില്ല. ജറി ചായക്കടയിലെ ഡസ്കിൽ ഏറെനേരം തലകുമ്പിട്ടവിടെത്തന്നെയിരുന്നു. ചായക്കടയിലാരും അവശേഷിക്കുന്നില്ലെന്നു ബോദ്ധ്യമായപ്പോൾ കടക്കാരൻ ചോദിച്ചു,
"വല്ലോം കിട്ടാനുണ്ടാരുന്നോ?" 
"ഇല്ല! ഒത്തിരി കൊടുക്കാനുണ്ടായിരുന്നു." ജറി പറഞ്ഞു. ഈ 'ഒത്തിരി'യെന്നു പറഞ്ഞാൽ എന്തുമാത്രം വരുമെന്നുള്ളതിനു വല്ല സൂചനയും കിട്ടുമോന്നറിയാൻ ചായക്കടക്കാരൻ ജറിയുടെ മുഖത്തേക്കുനോക്കി അൽപ്പനേരംകൂടി നിശ്ചലനായി അവിടെത്തന്നെനിന്നു. 
ഞെട്ടലിൽ നിന്നു മുക്തിയായെന്നു തോന്നിയപ്പോൾ ജറി പുറത്തിറങ്ങി വിൽപ്പനക്കാരൻ കാണിച്ചു തന്ന വഴിയെ നടന്നു; ആ നല്ല മനുഷ്യന്റെ വീടു തേടി.
താനുദ്ദേശിക്കുന്നയാളിന്റെ വീടുതന്നെയാണോയിതെന്നു സംശയിച്ചാണ് ജറി മുറ്റത്തേക്കു കാലെടുത്തു വെച്ചത്. മൂന്നു മെഴുത്തയെരുമകൾ ആ മുറ്റത്തിന്റെ തന്നെ ഒരു വശത്തുള്ള തൊഴുത്തിൽ നിന്നു പുല്ലു തിന്നുന്നുണ്ടായിരുന്നു. വീടിന്റെ മണമായിരുന്നില്ല, എരുമചപാപ്രയുടെ മണമായിരുന്നന്തരീക്ഷം മുഴുവൻ. വീടിന്റെ മുമ്പിലത്തെ ഭിത്തിയിൽ താൻ തേടിവന്നയാളിന്റെ ചിത്രം കണ്ടപ്പോൾ ജറിക്കാശ്വസമായി; അതാമനുഷ്യന്റെ തന്നെ ചിത്രമായിരുന്നു. ഫ്രെയിം ചെയ്ത ആ ചിത്രത്തിലേക്കു കണ്ണും നട്ട് എല്ലാം മറന്നു ജറി നിൽക്കുമ്പോൾ വീടിന്റെ മറുവശത്തുനിന്നൊരു ശബ്ദം കേട്ടു,
"ആരാ?" ജറി തിരിഞ്ഞു നോക്കിയപ്പോൾ ഒരു മെല്ലിച്ച ശരീരമുള്ള മദ്ധ്യവസ്കയായ ഒരു സ്ത്രീ. ആ മുഖത്തേക്കു തറപ്പിച്ചു നോക്കിക്കൊണ്ടു ജറി പറഞ്ഞു, 
"വിജയൻ സാറിന്റെ ഒരു സ്നേഹിതനാ. കണ്ണൂരുനിന്ന്." ആ സ്ത്രീ വീടിനു പിന്നിലൂടെ വന്നു മുൻകതകു തുറന്നു, അകത്തു കയറിയിരിക്കാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. വീടിന്റെ ഉൾവശം വൃത്തിയുള്ളതും അടുക്കും ചിട്ടയുമുള്ളതുമായിരുന്നു. വിജയൻ സാർ നിർത്തിയിടത്തുനിന്നു തന്നെ തുടരാൻ വെമ്പുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണു മനസ്സിലേക്കു വന്നത്. വിജയൻ സാറിന്റെ മരണശേഷം അവർക്കവശേഷിക്കുന്ന വരുമാനം ഈ എരുമകൾ നൽകുന്ന അമൃതായിരിക്കണമെന്നു ജറി​യൂ​ഹിച്ചു. 
"ആരാ?" ആ സ്ത്രീയുടെ മുഖത്തേക്കു നോക്കി ജറി ചോദിച്ചു.
"ഭാര്യയാ!" അവർ പറഞ്ഞു. അങ്ങിനെ പറഞ്ഞില്ലായിരുന്നെങ്കിൽ ജറിയവരെ അങ്ങിനെ കാണുമായിരുന്നില്ല. ജറി പരിചയപ്പെട്ട സുന്ദരനും അഭ്യസ്ഥവിദ്യനുമായ ആ സഹയാത്രികന്, ഒരിക്കലും ഇണങ്ങുന്ന ഒരു രൂപമായിരുന്നില്ല ജറിയുടെ മുമ്പിലുണ്ടായിരുന്ന പ്രായേണ മെല്ലിച്ചതെന്നു പറയാവുന്ന ആ സ്ത്രീ രൂപം.
"എന്തു പറ്റിയതാ? ആരോഗ്യപ്രശ്നങ്ങൾ വല്ലതുമുണ്ടായിരുന്നോ?"
"ഒരു ദിവസം, ചെന്നൈയിൽ നിന്നു വന്ന വഴി ഒരു തളർച്ചപോലെ തോന്നുന്നുവെന്നു പറഞ്ഞു; വന്നപാടെ കയറിക്കിടന്നു. ആസ്പത്രിയിൽ പോണോന്നു ചോദിച്ചപ്പോൾ വേണ്ടാന്നാ പറഞ്ഞത്....... പിന്നെ എണീറ്റില്ല." ശബ്ദം ഇടറിയപ്പോൾ അവർ നിർത്തി. എങ്കിലും, നീണ്ട നിശ്ശബ്ദതയെ വീണ്ടും ഭേദിച്ചതവർ തന്നെയായിരുന്നു.
"സ്കൂളീന്ന് വന്നവരാ പറഞ്ഞത്, ഹാർട്ടിനു ബ്ലോക്കുണ്ടായിരുന്നെന്നും ഉടനെന്തെങ്കിലും ചെയ്യണമെന്നു ഡോക്ടർ ആറു മാസങ്ങൾക്കു മുമ്പു പറഞ്ഞിരുന്നതാണെന്നും, ഒന്നും വകവെക്കാതെ കഴിയുകയായിരുന്നെന്നും. ........ സാറിനറിയാമായിരുന്നെല്ലാം." അൽപ്പനേരത്തെ നിശ്ശബ്ദതക്കു ശേഷം അവർ വീണ്ടും തുടർന്നു, 
"മൂന്നു പെൺകുട്ടികളെ പഠിപ്പിച്ചു വലുതാക്കി വളർത്തേണ്ടി വരുന്നതിനിടക്ക് ഒരോപ്പറേഷനുള്ള ശേഷി ഏട്ടൻ കണ്ടില്ല."
ഒന്നു നിർത്തിയതിനുശേഷം പറഞ്ഞുതീരാനുള്ളതുമുഴുവൻ ഒരുമിച്ചു വാരിവിതറുന്ന ആവേശത്തോടെയവർ തുടർന്നു.
"അവസാനത്തെ ദിവസത്തെ യാത്രയിലെന്നപോലെയായിരുന്നു വിജയേട്ടന്റെ അവസാനമാസങ്ങളിലെ എല്ലാ ദിനചര്യകളും. ഒരുപാടുപേർക്കദ്ദേഹം കൈയ്യയച്ചു സഹായം ചെയ്തിട്ടുണ്ടെന്നറിഞ്ഞു, പിന്നീട്." അങ്ങിനെ വിലപ്പെട്ടയെന്തെങ്കിലും സഹായം കിട്ടിയയാളാണോ ഈ വന്നിരിക്കുന്നതെന്നു സംശയിക്കുന്നതു പോലെ അവർ ജറിയുടെ മുഖത്തേക്കു നോക്കി അകത്തേക്കുള്ള വാതിൽപ്പടിയിൽത്തന്നെ പാതി മറഞ്ഞു നിന്നു. 
ജറി വീണ്ടും ആ ചിത്രത്തിലേക്കു നോക്കി, ഇപ്പോൾ ചിത്രത്തിനടിയിൽ രേഖപ്പെടുത്തിയിരുന്ന തിയതികൾ നന്നായി കാണാമായിരുന്നു. 
'മരണം - 12 ഓഗസ്റ്റ് 2011'. 
മിന്നൽ പിണർപോലെ ആ തിയതി ജറിയുടെ മനസ്സിൽകിടന്നൊന്നു പുളഞ്ഞു; അതു താൻ ചെന്നൈ കോൺസലേറ്റിൽ ഇന്റർവ്യുവിനു പോയി മടങ്ങിയ വെള്ളിയാഴ്ചയായിരുന്നല്ലോയെന്നു ജറി പെട്ടെന്നോർമ്മിച്ചു. ഇരുന്നിടത്തു നിന്ന് ചാടിയെണീൽക്കാതിരിക്കാൻ ജറിക്കു കഴിഞ്ഞില്ല. അന്നു തന്റെ സർട്ടിഫിക്കറ്റ് ബാഗ് തിരിച്ചേൽപ്പിച്ചിട്ടു വീട്ടിൽ വന്നപ്പോഴായിരിക്കണമല്ലോ അദ്ദേഹത്തിനു പെട്ടെന്നാഘാതമുണ്ടായതെന്നു ചിന്തിക്കാതിരിക്കാനും ജറിക്കു കഴിഞ്ഞില്ല. 
ഒരൊറ്റ നിമിഷം കൊണ്ട് വിയർത്തു കുളിച്ചു കഴിഞ്ഞിരുന്നു ജറി. 
അതിശീഘ്രം കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ഇതളുകൾക്കു നൽകാവുന്നതിലും കൂടുതൽ കുളിർമ്മ ജറിക്കപ്പോൾ ആവശ്യമായിരുന്നു. ജറി വല്ലാതെ വിയർക്കുന്നതു കണ്ടായിരിക്കണം, ആ സ്ത്രീ ഒരു സ്റ്റീൽ ഗ്ലാസ്സിൽ നിറയെ വെള്ളവുമായിയെത്തിയത്. ആ വെള്ളം മുഴുവൻ ഒറ്റവലിക്കയാൾ കുടിച്ചു തീർത്തു.
തന്റെ ബാഗു തരാൻ സ്വന്തം ജീവൻ പണയം വെച്ചായിരിക്കണമല്ലോ അദ്ദേഹം ഓടിയതെന്നോർത്തപ്പോൾ ബോധം മറയുന്നതുപോലെ ജറിക്കു തോന്നി. ആ മുറിയിലെ സോഫായിലും താടിക്കു കൈകൊടുത്ത് തലകുമ്പിട്ടു ജറിയിരുന്നേറെനേരം. സ്ഥലകാലബോധം കിട്ടിയെന്നുറപ്പായപ്പോൾ ജറി വാതിൽക്കലേക്കു നോക്കി - ആ സ്ത്രീയപ്പോഴും അവിടെനിന്നും പോയിട്ടുണ്ടായിരുന്നില്ല.
"ഞാനവധിക്കു വന്നപ്പോഴാ അറിഞ്ഞത്; അമേരിക്കയിലായിരുന്നു." ജറി ആ സ്ത്രീയുടെ മുഖത്തേക്കു നോക്കിപ്പറഞ്ഞു.
"കോർണൽ യൂണിവാഴ്സിറ്റി?" അവർ ചോദിച്ചു. ജറിയുത്തരമൊന്നും പറഞ്ഞില്ല, വാപൊളിച്ചിരുന്നു പോയി. ഈ സ്ത്രീക്കെന്താ ദർശനവരം വല്ലതുമുണ്ടൊന്നാണു ജെറി പെട്ടെന്നു ചിന്തിച്ചത്. ജറിയുടെ ചോദ്യഭാവത്തിലുള്ള മുഖം കണ്ടിട്ടാവണം ആ സ്ത്രീ പറഞ്ഞു.
"വിജയേട്ടന്റെ പോക്കറ്റിൽ ആ കോളേജിന്റെ വിലാസമുണ്ടായിരുന്നു - ഒരു തുണ്ടിൽ."
ട്രയിനിൽ വെച്ചൊരു സ്ലിപ്പിൽ ആ യൂണിവാഴ്സിറ്റിയുടെ വിലാസം സാറിനു കുറിച്ചുകൊടുത്തിരുന്നത് ജറിക്കോർമ്മ വന്നു.
"അതെ." ജറി പറഞ്ഞു; ജറി തുടർന്നു ചോദിച്ചു, 
"കുട്ടികളെന്തെടുക്കുന്നു?"
"വരാറായി; മൂത്തവൾ മല്ലിക പത്തിൽ, ജമന്തിക എട്ടിലും, ഇളയവൾ അല്ലി അഞ്ചിലും."  ആ സ്ത്രീ മറുപടി പറഞ്ഞു.
"അടുത്തു സ്കൂളുണ്ടോ?" ജറി ചോദിച്ചു.
"ഇല്ല; പട്ടണത്തിൽ പോണം, സ്കൂൾ വാൻ വരും." അവരപ്പോൾ ഇംഗ്ലീഷ് മീഡിയത്തിലായിരിക്കണമെന്നു ജറി അനുമാനിച്ചു. ആ സ്ത്രീയുടെ മുഖത്തേക്കു നോക്കിയാൽ തന്നെയറിയാമായിരുന്നു, അവരനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട്. ജറി പതിയെ എണീറ്റ് ആ സ്ത്രീയുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടു പറഞ്ഞു,
"എനിക്കു വിജയൻ സാറിനോടൊരു വലിയ കടമുണ്ട്; അതു തീർക്കാനാ ഞാൻ വന്നത്. മൂവരുടെയും പഠനത്തിനുള്ള മുഴുവൻ ചിലവുകളും ഇനി ഞാൻ തരും. ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിൽ പണം എത്താനുള്ള ക്രമീകരണം ഞാൻ ചെയ്യും."
"അയ്യോ! അതൊന്നും വേണ്ടാ." ആ സ്ത്രീ പറഞ്ഞു. ഇപ്പറഞ്ഞതിന്റയത്രയാർക്കെങ്കിലും കൊടുക്കാൻ വിജയേട്ടന്റെ കൈയ്യിൽ ഉണ്ടായിരുന്നതായി ആ സ്ത്രീക്കറിയില്ലായിരുന്നു. 
"വിജയേട്ടനെപ്പോലെ അവസാനത്തെ യാത്രക്കുള്ള പുറപ്പാടാണോ?" അവർ തുടർന്നു ചോദിച്ചു. 
അവസാനത്തെ യാത്രയെന്നു ബോദ്ധ്യമാകുമ്പോഴാണല്ലോ ആരും സ്വയം മനസ്സിലാക്കുകയെന്ന സത്യമാണല്ലോ ഇവർ പറയുന്നതെന്നു ജറി ചിന്തിച്ചു. 
"അല്ല," ജറി പറഞ്ഞു. പിന്നെ അവരുടെ അക്കൗണ്ട് വിശദാംശങ്ങളും ശേഖരിച്ചു ജറി യാത്രപറഞ്ഞു തിരിഞ്ഞു നടന്നു. പടിയിറങ്ങുമ്പോൾ തിരിഞ്ഞു നോക്കാതെ ജറി പറഞ്ഞു,
"ഇനിയും വരാം."
മടങ്ങുന്ന വഴി കോവിലിനു മുന്നിലെത്തിയപ്പോൾ കോവിലിലേക്കു തിരിഞ്ഞുനിന്നു തൊഴുതുകൊണ്ട് ജറി സ്വയം മന്ത്രിച്ചു,
'അവസാനത്തെ ദിവസത്തിലെന്നപോലെ എല്ലാ ദിവസങ്ങളും ആയിരിക്കാൻ എനിക്കെന്നും കഴിയണമേ ഭഗവാനേ!'

Saturday, 26 November 2016

സഭാജയിലുകൾ

ശ്രീബുദ്ധന്റെ ചിന്താപദ്ധതി മനുഷ്യന് സ്വാതന്ത്യത്തിന്റെ വഴി തെളിച്ചപ്പോൾ മറ്റൊരു ബുദ്ധനായിരുന്ന (ബോധോദയം സംഭവിച്ചവൻ) യേശുവിന്റെ "അനുയായികൾ" ലോകത്തിനു വച്ചുനീട്ടുന്നത് വിശ്വാസത്തിന്റെ അടിമത്തമാണ്. സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് അടിമത്തം. ഇന്ന് മതത്തിന്റെ പേരിൽ വളർന്നുപടരുന്നതൊക്കെ ഭയപ്പാടും ആർത്തിയും രൂപം കൊടുക്കുന്ന പൊള്ളയായ ദൈവസങ്കല്പങ്ങൾ മാത്രമാണ്. അവയിൽ യേശുവിന് യാതൊരു പങ്കുമില്ല.

അത്യാർത്തിയാണ് വിശ്വാസികളെ പള്ളികളിലേക്കും തീർത്ഥകേന്ദ്രങ്ങളിലേക്കും പേരെടുക്കാനാഗ്രഹിക്കുന്ന ധ്യാനഗുരുക്കളുടെ പക്കലേയ്ക്കും നയിക്കുന്നത്. ദൈവം എല്ലാവർക്കും കൊടുക്കുന്നതൊന്നും പോരാത്ത ഇത്തരക്കാരാണ് നല്ല വിശ്വാസികൾ എന്നാണ് വൈദികരും പഠിപ്പിക്കുന്നത്. പൂഞ്ഞാറിനു കിഴക്കുള്ള അടിവാരം പോലൊരു കുഗ്രാമത്തിൽ നിന്നുപോലും ആഴ്ചതോറും വേളാങ്കണ്ണിക്കും മലയാറ്റൂറിനുമൊക്കെ ബസ്സുകൾ നിറച്ച് യാത്രയാകുന്നത് തങ്ങൾക്ക് അദ്ഭുതങ്ങൾ തന്നെ വേണം എന്ന ആർത്തിയുള്ളവരാണ്. അതു പ്രോത്സാഹിപ്പിക്കാൻ പുരോഹിതരും!

അസ്തിത്വം മുഴുവൻ ദൈവികത്വം നിറഞ്ഞു നില്ക്കുമ്പോഴും ഇവർക്ക് തികയുന്നില്ല. അവർ വ്യക്തിപരവും സവിശേഷവുമായ അനുഗ്രഹങ്ങൾക്കായി യാചിച്ചു കൊണ്ടേയിരിക്കുന്നു. മദ്ധ്യസ്ഥരെ മാറി മാറി തേടിയലയുന്നു. വീര്യം കുറഞ്ഞുപോയ യുദായെ വിട്ടിട്ടു് പുതുതായി കളത്തിലിറക്കിയ എവുപ്രാസിയെ പിടിക്കുന്നു.

എന്നാൽ ബുദ്ധന് പ്രാർത്ഥന അസാധ്യമാണ്. കാരണം, ഉള്ളിൽ ദൈവംതന്നെ നിറഞ്ഞിരിക്കുന്നവൻ എന്തിനായിട്ടാണ് പ്രാർത്ഥിക്കുക? ദൈവത്തെ അറിഞ്ഞവർ മൗനികളായിത്തീരുകയാണ് ചെയ്യുന്നത്. ആരോടും ഒന്നും പറയേണ്ടയാവശ്യം അവർക്കുണ്ടാകുന്നില്ല. ഏറ്റവും നല്ല പ്രാർത്ഥന ശുദ്ധമായ മൗനമാണ്. മുഴുവൻ അസ്തിത്വത്തെയും മുന്നിൽ കണ്ടുകൊണ്ടുള്ള പ്രണാമമാണത്. എല്ലാം നന്ദിയോടെ കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന ഹർഷോന്മാദമാണത്. പ്രാർത്ഥിക്കുകയല്ല, മറിച്ച് പ്രാർത്ഥനയിൽ ആയിരിക്കുക എന്നതുതന്നെയാണ് ധ്യാനം. അവിടെ സ്വത്വം അപ്രത്യക്ഷമാകുന്നു. അഹംബോധമില്ലാതാകുന്നു. അതുകൊണ്ടു് വ്യക്തിപരമായതെല്ലാം മായുന്നു. സുന്ദരമായ അസ്തിത്വത്തിന്റെ മഹാഭൂമികയായിത്തീരുക എന്നതാണ് ധ്യാനത്തിൽ സംഭവിക്കുന്നത്. അഹത്തിന്റെയഭാവം സൃഷ്ടിക്കുന്ന സംശുദ്ധ ശൂന്യത! പ്രാർത്ഥനയിൽ സ്വാർത്ഥകേന്ദ്രമായ "ഞാൻ" നിറഞ്ഞു നില്ക്കുമ്പോൾ ധ്യാനത്തിൽ "ഞാൻ" അപ്രത്യക്ഷനാകുന്നു. "ഒരു ചെടി പുഷ്പിക്കുന്നത് അതിന്റെ ധ്യാനമാണെന്ന് ഓഷോ പറയുന്നു.

ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിക്കും ഇത് മനസ്സിലാവില്ല. കാരണം, 'ഞാൻ' നിറഞ്ഞു തുളുമ്പുന്ന യാചനകളുടെ ആവർത്തനമാണ് വിശ്വാസസാക്ഷ്യം എന്നാണവർ ധരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് എണ്ണിയാലൊടുങ്ങാത്ത നൊവേനകളും കൊന്ത നമസ്ക്കാരങ്ങളുടെ ചങ്ങലകളും.
മറിച്ചൊന്ന് പറഞ്ഞുകൊടുക്കാനുളള വിവരം ഒരു പരോഹിതനും ഒട്ടില്ല താനും. നമ്മൾ അയ്യോപാവം പറയുമ്പോൾ പ്രസാദിക്കുകയും അല്ലാത്തപ്പോൾ കണ്ടില്ലെന്നു വയ്ക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തെയാണ് നമ്മുടെ പുരോഹിതർക്കും അവരുടെ സ്പെഷൽ പതിപ്പ് ക്രിസ്തുമതത്തിനുമറിയാവുന്നത്. അപരിമേയവും അനന്തവുമായ ഉണ്മയെപ്പറ്റിയും അതിന്റെ വർത്തമാനാനുഭവമായ സ്വന്തം അല്പാസ്തിത്വത്തെപ്പറ്റിയും ലഭ്യമായ അവബോധത്തിൽ ഈശ്വരാനുഭവത്തിലും മാറ്റം വരാം എന്നു വകവയ്ക്കാനുള്ള ധൈര്യം ക്രിസ്തുമതത്തിന് ഒരിക്കലും കൈവരില്ല. കാരണം, അതത്ര യാഥാസ്ഥിതികമാണ്. വാതസവത്തിൽ, പിതാവായ ദൈവമെന്ന സങ്കല്പം തന്നെ ബാലിശമാണ്, പ്രാകൃതമാണ്. ആൺകോയ്മയുടെയും പിതൃസ്വരൂപത്തിന്റെയും അധിനിവേശത്തിൽ നിന്നുരുവായതാണ് ആ സങ്കല്പം. യേശുവും അതിനു വഴിപ്പെട്ടെങ്കിൽ അത് സ്വാഭാവികം മാത്രം. സുവിശേഷത്തെ ആധാരമാക്കി ആ ആശയത്തിൽ പിടിമുറുക്കുന്നതിൽ അർത്ഥമില്ല. കൂടുതൽ ആഴമായവയിലേക്ക് പോകാനാകാത്തവർക്ക് ഇത്തരം അത്താണികൾ ആവശ്യമായി വരും. അതനുവദിക്കുക. വ്യാജമായ രോഗങ്ങൾക്ക് വ്യാജമായ മരുന്നുകൾ ഫലപ്രദമാകാൻ പ്രകൃതി പലപ്പോഴും അനുവദിക്കാറുണ്ടല്ലോ.

എന്നാൽ ഇത്തരം ശരാശരി അർത്ഥവ്യതിയാനങ്ങൾ മാത്രമാണോ ക്രിസ്ത്യാനിറ്റിയും അതിന്റെ പൗരോഹിത്യവും സൃഷ്ടിക്കുന്നത്? അല്ലല്ലോ. തങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന നിർലജ്ജമായ മാനസ്സിക തടവറയെയും അവർ കെട്ടിയുണ്ടാക്കി വിശ്വാസികളെ അതിനുള്ളിൽ ബന്ധിക്കുന്നു. വേലികളില്ലാത്ത മനസ്സിൻറെ വിശാലതയാണ് സ്വാതന്ത്ര്യം. ക.സഭയിൽ, എന്ന് എവിടെ തിരിഞ്ഞാലും, വേലികളുടെ സമൃദ്ധിയാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇന്നാകട്ടെ, കരുണയുടെ വർഷം കടന്നുപോയിട്ടും, അവ ഒന്നിനൊന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. മതത്തിലായാലും അതിനു വെളിയിലായാലും ഏതെങ്കിലും പ്രത്യേകതകൾ അവകാശപ്പെടുന്ന ഓരോ ഗ്രൂപ്പും മനുഷ്യനെ സംബന്ധിച്ച് ഒരു തടവറയാണ്. അവ മനുഷ്യരെ വെട്ടിമുറിക്കുകയും വേർതിരിക്കുകയും മാത്രമാണ് ചെയ്യുന്നത്. എൻറെ മതം, അതിൻറെ വിശ്വാസങ്ങൾ, എൻറെ രൂപത, എൻറെ ഇടവക, എൻറെ റീത്ത് എന്നതെല്ലാം ഓരോരോ ജയിലുകളാണ്. ആ ജയിലുകളിലുള്ളവർ തങ്ങളുടെ ജയിലാണ് മെച്ചമെന്ന് അത്തരം മറ്റു ജയിലുകളിൽ കഴിയുന്ന മരമണ്ടന്മാരോടു് കയർക്കുന്നു. അന്യനാടുകളിൽ ചെന്നുപോലും ഈ ജയിലുകളുടെ ശാഖകൾ പടുത്തുയർത്തുന്നു, സീറോ മലബാർ സഭ. ഇത്തരം സഭാജയിലുകൾ USAയിൽ, ആസ്ത്രേലിയയിൽ, ഇംഗ്ലണ്ടിൽ ഒക്കെ സ്ഥാപിതമായിക്കഴിഞ്ഞു. ഫരിദാബാദിലും കൽക്കട്ടയിലും ചെന്നൈയിലും അവരത് പണ്ടേ ചെയ്തുവച്ചു.

മാനസിക തടവറ-നിർമ്മിതിയുടെ ഈ സംസ്കാര ശോഷണത്തെ പ്രോത്സാഹിപ്പിക്കുന്ന തൊഴിലാണ് നമ്മുടെ മെത്രാന്മാരും പുരോഹിതരും, അടുത്ത കാലത്ത് പ്രത്യേകിച്ചും, ഏറ്റെടുത്തിരിക്കുന്നത്. അതുവഴി അവർ അന്യരെ വഞ്ചിക്കുകയാണെന്ന് അവരിൽ മിക്കവർക്കും അറിയാം. അത് ഏറെ നാൾ തുടരുമ്പോൾ, സ്വയം വഞ്ചിക്കുകയാണെന്ന കാര്യംപോലും അവർ മറക്കുന്നു. അജ്ഞതയുടെയും കാപട്യത്തിന്റെയും കൂമ്പാരങ്ങളാണ് ഇത്തരം മേലാളന്മാർ. മനുഷ്യരെ ശുദ്ധീകരിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാൻ പര്യാപ്തരല്ലാത്ത അവർ സ്വന്തം മതത്തെയും സമൂഹത്തെയും ജീർണിപ്പിച്ചുകൊണ്ടിരിക്കുന്നു.

സഹസ്രാബദങ്ങളുടെ ചരിത്രം ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു. അണലി സന്തതികളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും യേശു വളിച്ചത് മനുഷ്യ സമൂഹത്തിൻറെ ഇത്തരം അപനിർമാണങ്ങളിൽ വ്യാപൃതരായ പുരോഹിതരെയാണ്.

Sunday, 23 October 2016

ദൈവവും പ്രപഞ്ചവും നാമും

"ദൈവവും മനുഷ്യനും - (21.10. 2015)

സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. ദൈവം തന്റെ സ്വന്തം ച്ഛായയിലും രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നത് മനുഷ്യമനസ്സിന്റെ അഹന്തയിൽ കുരുത്ത 'ദിവ്യ'(പടു) ചിന്തയാണ്. കാരണം, ദൈവത്തിന്റെ ച്ഛായയും രൂപവും മറ്റെന്തിനെങ്കിലും അതിനോടുള്ള സാദൃശ്യവും എന്താണെന്ന് ഒരുവിധത്തിലും അറിയാൻ കെല്പില്ലാത്തെ ഒരു കൃമിയാണ് ഇങ്ങനെ മാനസ്സികഭോഗം നടത്തുന്നത്. എത്ര സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇതെല്ലാം 'വേദ'പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാലും ഓക്കത്തരം സത്യമാവില്ല.

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമല്ല എന്നുള്ള വാദം ശരിയാകാൻ പോകുന്നില്ല. പ്രപഞ്ചത്തിന്റെ അനന്തതകളിലെവിടെയോ ഇരുന്ന് നമ്മുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരസ്സാധാരണ ശക്തി എന്ന് ദൈവത്തെപ്പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ വിലയിരുത്തുമ്പോൾ അതിൽ പ്രപഞ്ചസൃഷ്ടിയും ഉൾപ്പെടും. ആ ദൈവത്തിന് പല രാജ്യങ്ങളിലും പല മതങ്ങളിലും പല നാമങ്ങളാണ്, പല ഭാവങ്ങളാണ്. എന്നിരുന്നാലും പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന കാര്യത്തിൽ ഭൂരിപക്ഷത്തിനും സംശയമില്ല. പക്ഷേ, പ്രപഞ്ചസൃഷ്ടിയുടെ ലക്ഷ്യം മനുഷ്യമനസ്സിന് ഉള്ക്കൊള്ളാനാകുമോ എന്നത് എന്നും സംശയാസ്പദമാണ്. അവനെ വളർത്തുന്ന പ്രകൃതിയിൽ മനുഷ്യൻ മാത്രം കാട്ടിക്കൂട്ടുന്ന വികൃതികൾ ശ്രദ്ധിക്കുമ്പോൾ, ദൈവത്തിന് ഈ വര്ഗ്ഗത്തിനുമേൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോയെന്നു ചോദിക്കേണ്ടിവരുന്നു. ദൈവവും മനുഷ്യനും തമ്മിൽ എന്തെങ്കിലും ബന്ധം വേണോ വേണ്ടയോ എന്നത് നമ്മൾ തന്നെ തീരുമാനിക്കേണ്ടിവരുന്നു. ആ തീരുമാനത്തെ അനുസരിച്ചിരിക്കും അവന്റെ ഈ ലോകത്തിലെ സന്തുഷ്ടി. ബുദ്ധചിന്തയൊഴിച്ചുള്ള (അതൊരു മതമല്ല) എല്ലാ മതങ്ങളും പരലോകത്തെപ്പറ്റി പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്നുണ്ടെങ്കിലും ഇതിനപ്പുറത്തുള്ള ഒരു ലോകത്തെ തത്ക്കാലം മറക്കുന്നതാണ് സന്തുഷ്ടമായ ജീവിതത്തിന് ഏറ്റവും ഉതകിയ വഴിത്താര. മറിച്ചുള്ളത് വെറും ജലരേഖയായി കലാശിക്കും."

ദൈവവും പ്രപഞ്ചവും നാമും 
മുകളിലത്തെ കുറിപ്പ് എഴുതിയിട്ട് ഇന്ന് (21.10. 2016) കൃത്യം ഒരു വർഷമാകുന്നു. ചിന്ത വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനാൽ ഇതിനോട് പലതും ചേർത്തെഴുതേണ്ടതുണ്ട് എന്ന ആഗ്രഹം കലാശാലാണ്. ദൈവമെന്താണെന്നും ലോകമെന്താണെന്നും ഒരിക്കൽ നമുക്ക് തോന്നുന്നത് - ആ തോന്നൽ എത്രകാലം നീണ്ടുനിന്നാലും - വീണ്ടും വീണ്ടും തിരുത്തേണ്ടിവരുന്നു. അവ്യക്തമായത് കൂടുതൽ വ്യക്തമായിത്തീരുന്ന ആ പ്രക്രിയയാണ് നമ്മെ മനുഷ്യരാക്കുന്നത്. ഈ മാനസ്സികപ്രക്രിയയിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്ന് അതൊരു ആന്തരികതയാണെന്ന സത്യം തെളിഞ്ഞുവരും. 

നമ്മൾ, നമ്മുടെ ലോകം, ഈ പ്രപഞ്ചംതന്നെ എന്താണെന്ന് നമുക്ക് തോന്നുന്നുവോ അതല്ല അത് എന്ന യാഥാർഥ്യത്തിലേക്കാണ് ആധുനികമായ ശാസ്ത്രീയാന്വേഷണങ്ങൾ നമ്മെ കൊണ്ടുചെന്നിരിക്കുന്നത്. അണു ഒരു വസ്തുവേയല്ല, മറിച്ചു്, ശൂന്യതയാണ് എന്നാണ് ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തൽ. എല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് അണുക്കളും അവയുടെ ഉപകണങ്ങളുംകൊണ്ടാണെങ്കിൽ നമ്മൾ 'കാണുന്ന' പ്രപഞ്ചം ഒരു നിഗൂഢത തന്നെയാണ്. നിരന്തരം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതാണ് നമ്മുടെ പ്രപഞ്ചം. പരമമായ സത്യം ചിത്ത് ആണെന്നാണ് ഭാരതത്തിന്റെ തനതായ ഉപനിഷത് സംസ്‌കൃതിയിൽ നമ്മൾ കേട്ട് ശീലിച്ചിട്ടുള്ളത്. ആ ചിത്താകട്ടെ, സർവവ്യാപകവും സർവാന്തര്യാമിയുമായ, നമുക്ക് നേരിട്ട് ഗോചരമല്ലാത്ത, ബോധമാണ്. "രൂപം കാണുമ്പോൾ, കാണുന്നവൻ കണ്ണാണ്; കണ്ണിനെ കാണുന്നവൻ മനസ്സാണ്; മനസ്സിലെ രൂപാന്തരങ്ങളെ കാണുന്നവൻ അനശ്വര സാക്ഷിയായ ആത്മാവാണ്. ആത്മാവാകട്ടെ, കാണുന്നവനാണ്, കാണപ്പെടുന്നവനാകില്ല." (ദൃക് ദൃശ്യവിവേകം)

ഓർത്തിരിക്കുക: വേദാന്ത തത്ത്വചിന്തയിൽ ആത്മാവ്, പരമാത്മാവ്, ബോധം എന്നീ പദങ്ങൾക്ക് ഒരേ അർത്ഥമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. ആത്മാവായി ശരീരത്തെ വഹിക്കുന്നതും, പരമാത്മാവായി പ്രപഞ്ചത്തെ വഹിക്കുന്നതുമായ ഈ ഭാവത്തെയാണ് ഭാരതചിന്തയിൽ ബ്രഹ്മമെന്ന് വിളിക്കുന്നത്. (ശരീരത്തിൽ ആത്മാവ് കുടികൊള്ളുന്നു; പ്രപഞ്ചത്തിൽ പരമാത്മാവ് വസിക്കുന്നു എന്ന ചിന്തകൾ തലതിരിഞ്ഞതാണ്. അവയെ നേരേ തിരിച്ചിടേണ്ടതുണ്ട്.)

ദൃശ്യമായ എന്തിന്റെയും പിന്നിൽ അനിവാര്യമായി നിലനിൽക്കുന്ന അദൃശ്യമായതിനെ അംഗീകരിക്കാൻ ഭൗതികചിന്തക്ക് സാദ്ധ്യമല്ല. മതങ്ങളും ആ വഴിയിലൂടെ സഞ്ചരിച്ചതിന്റെ ഫലമാണ് ദൈവത്തെ നമുക്ക് വെളിയിലുള്ള ഒരു ശക്തിയായി കരുതാനും ആരാധിക്കാനും ഇടയാക്കിയെന്നത്. ശരിയായ ആദ്ധ്യാത്മികതയുടെ പാതയിലേക്കെത്തണമെങ്കിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്നും അതൊരു ആന്തരികബോധമാണെന്ന അറിവിലേക്കും അനുഭവത്തിലേക്കും നമുക്ക് മാറാൻ കഴിയണം. ബാഹ്യമായ എല്ലാ മതാനുഷ്ഠാനങ്ങളും വാച്യമായ പ്രാർത്ഥനാബാഹുല്യവും ഈ അറിവിന്റെ അഭാവംമൂലം വളർന്നുവന്നവയാണ്. ആന്തരികമായ ആത്മാന്വേഷണം ഇന്നത്തെ രീതിയിലുള്ള മതപരമായ എല്ലാ മദ്ധ്യവർത്തികളുടെയും ആവശ്യം ഇല്ലാതാക്കും; അവയെ തീർത്തും അസ്സാധുവാക്കും. നമ്മുടെയും ഈ ലോകത്തിന്റെയും ഉപരിതലത്തിൽ സ്ഥാനീയനായ ദൈവം എന്ന സങ്കല്പം (സ്വർഗ്ഗസ്ഥനായ പിതാവ്) പഴകിപ്പോയ മതചിന്തയുടെ സൃഷ്ടിയാണ്. ഇന്നത്തെ നമ്മുടെ മനസ്സിന് യോജിച്ചത്, നിരാകാരവും അദൃശ്യവും സർവാന്തര്യാമിയും സർവജ്ഞനുമായ ഒരു ദൈവമാണ്. മതചിഹ്നങ്ങളെല്ലാം പ്രാകൃതസങ്കല്പങ്ങളുടെ താത്‌ക്കാലിക ബിംബങ്ങൾ മാത്രമായിരുന്നു എന്നതാണ് വാസ്തവം. അറിവിന്റെയും ആന്തരികതയുടെയും മഹിമാവിലേക്കു വളരാൻ ഭയപ്പെടുന്നവരാണ് ഇന്നും അവയെ കെട്ടിപ്പുണർന്നുകൊണ്ടിരിക്കുന്നത്.

സംഘടിതമതങ്ങളുടെ മാറ്റമില്ലാത്ത സിദ്ധാന്തങ്ങളുടെയും ആഴമില്ലാത്ത വിശ്വാസപ്രമാണങ്ങളുടെയും ഊന്നലുകൾ ആത്മസാക്ഷാത്ക്കാരത്തിലേക്കു നയിക്കുകയില്ലെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും. എല്ലാം കാഴ്ചക്കും കാണിക്കലിനുമായി മാത്രമായുള്ള ഒച്ചപ്പാടുകളായി കെട്ടടങ്ങുമ്പോൾ ബാക്കിയൊന്നും നിലനിൽക്കുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ആന്തരികമായ ശൂന്യതയാണ് ഫലം. 

അസ്തിത്വമുള്ള എല്ലാറ്റിലും - ജൈവമോ അജൈവമോ,ചരമോ അചരമോ, ദൃശ്യമോ അദൃശ്യമോ ആയതിലെല്ലാം ദൈവം അല്ലെങ്കിൽ അനന്തബോധം നിറഞ്ഞിരിക്കുന്നു എന്ന ആന്തരികാനുഭവമാണ് ആദ്ധ്യാത്മികതയുടെ കാതൽ. പരമമായ അറിവാണിത്. മനുഷ്യന്റെ ശാസ്ത്രാന്വേഷണം തന്നെ ജൈവപരിണാമത്തിലൂടെ ഈ സത്യത്തിലേക്കാണ് വന്നുചേരുന്നത് എന്ന് പറയാം. ശാസ്ത്രം സത്യാന്വേഷണമാണെങ്കിൽ ആദ്ധ്യാത്മകത ആ സത്യത്തിന്റെ സാക്ഷാത്ക്കാരമാണ്. ഭൗതിക-നിരീശ്വരവാദികളും അജ്ഞേയതാവാദികളും ഈ വഴിത്താരയിൽനിന്ന് ഇടറിമാറുന്നത് എങ്ങനെയെന്നത് മറ്റൊരു വിഷയമായതിനാൽ ഇവിടെ പരാമർശവിധേയമാക്കുന്നില്ല.

ഈ ചിന്തകളുടെ തുടർച്ചയായി വീണ്ടുമൊരിക്കൽ വികസിപ്പിക്കാനുള്ള വിഷയങ്ങൾ ഇവിടെ കുറിക്കുക മാത്രമേ തത്ക്കാലം ചെയ്യുന്നുള്ളൂ.
1. ഒരൊറ്റ ആദിമാണുവിൽനിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തിൽനിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും ബോധവൃത്തി ഉണ്ടായിരിക്കണം.
2. ജീവനിൽനിന്നേ ജീവൻ വരൂ എന്നതിനാൽ അത് അനന്തമാണ്.
3. സത്ത = അസ്തിത്വം = ജീവൻ = ബോധം = പ്രകൃതി/ദൈവം
4. നമ്മെ സംബന്ധിച്ചിടത്തോളം ജനനവും മരണവും ജീവന്റെ അവസ്ഥാന്തരത്തിലേക്കുള്ള ഒരു വഴി മാത്രമാണ്. 

ദൈവവും പ്രപഞ്ചവും നാമും എന്ന ലേഖനത്തിന്റെ തുടർച്ച -
ഭൗതിക ശാസ്ത്രജ്ഞാനം അനുമാനിക്കുന്നതുപോലെ ഒരൊറ്റ ആദിമാണുവിൽനിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തിൽനിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും പശ്ചാത്തലത്തിൽ ബോധവൃത്തി ഉണ്ടായിരിക്കണം.

ജീവശാസ്ത്രത്തിൽ വിഭേദനം (differentiation) എന്നൊരു പ്രക്രിയ ഉണ്ട്. (പി.കേശവൻനായരുടെ 'ആസ്തികനായ ദൈവം' എന്ന കൃതി കാണുക.) നമുക്ക് നമ്മുടെ മനുഷ്യാനുഭവം ഒന്ന് പരിശോധിക്കാം. എവിടെനിന്നാണ് ഒരു പുതിയ മനുഷ്യക്കുഞ്ഞുണ്ടാകുന്നത്? മാതാപിതാക്കൾ ആകെ ചെയ്യുന്നത് ഒരണ്ഡത്തെയും ഒരു ബീജത്തെയും സന്ധിപ്പിക്കുക എന്നത് മാത്രമാണ്. അങ്ങനെ ഉണ്ടാകുന്ന ഭ്രൂണം ഒരൊറ്റകോശ ജീവിയാണ്. അതിനുള്ള വാസസ്ഥലം മാത്രമാണ് ഗർഭാശയം. ആ ഏകകോശം വിഭജിച് രണ്ടായി, പിന്നെ നാലായി, എട്ടായി വളരുകയാണ്. ഇങ്ങനെ കോശങ്ങളുടെ എണ്ണം കൂടുന്നതുകൊണ്ട് മാത്രം ഒരു പുതിയ മനുഷ്യജീവി ഉണ്ടാവില്ല. ആയിരങ്ങളും ലക്ഷങ്ങളുമായി പെരുകുന്ന കോശങ്ങൾ ആംഗോപാംഗങ്ങളുള്ള ഒരു ജീവി ആയിത്തീരണമെങ്കിൽ ഇവയിൽ ഏതുകോശം ശരീരത്തിന്റെ ഏതവയവത്തിന്റെ ഏതുഭാഗമായി - ചർമം, അസ്ഥി, മജ്ജ, രക്തം, മാംസം, നാഡി, രോമം എന്നിങ്ങനെ - പ്രവർത്തിക്കാൻ തുടങ്ങണം എന്നത് ഓരോ കോശവും സ്വയം കൃത്യമായി അറിഞ്ഞിരിക്കണം. എവിടെനിന്നാണ് ഈ അറിവ് വരുന്നത്? ഈ അറിവുകൾ നൽകാൻ ഗര്ഭധാരണത്തിന് ശേഷം മാതാപിതാക്കൾ ഒന്നും ചെയ്യുന്നില്ല. അതിനർത്ഥം, ഈ കോശ സമൂഹങ്ങളുടെയെല്ലാം ഉദ്ദേശ്യം ആരംഭത്തിലെ ഭ്രൂണത്തിൽ തന്നെ ഉണ്ടായിരുന്നു എന്നല്ലേ? ജീവൽപ്രക്രിയയുടെ ഭൗതികാടിസ്ഥാനമായ ജീൻ വെറും രാസവസ്തുക്കൾകൊണ്ട് നിർമ്മിതമാണെങ്കിലും അതിൽ അറിവ് അല്ലെങ്കിൽ ബോധംകൂടെ ഉണ്ടെങ്കിലേ ഇന്നയിന്ന അവയവങ്ങൾ അതാതിന്റെ സമയത്ത് രൂപപ്പെടുവാൻ സാദ്ധ്യതയുള്ളൂ. അതായത്, എല്ലാ ജീവികളുടെയും ആവിർഭാവത്തിൽ നടക്കുന്നത് ബോധപൂർവമുള്ള വിഭേദനമാണ്. അതുകൊണ്ട് അത് ഭൗതികാതീതമാണ് എന്ന് സമ്മതിക്കാതെ പറ്റില്ല.

പ്രാചീനമായ ഭൗമാന്തരീക്ഷത്തിൽ ചില രാസപദാർത്ഥങ്ങൾ യാദൃശ്ചികമായി കൂടിച്ചേർന്നപ്പോൾ ഉണ്ടായ പ്രതിഭാസമാണ് ജീവൻ എന്ന ഭൗതിക കാഴ്ചപ്പാട് ശരിയാകാൻ പോകുന്നില്ല. ചില അമ്ലസൂപ്പുകളിൽ വൈദ്യുതിപ്രസരം നടത്തി ജീവന്റെ ആവിർഭാവം കണ്ടെത്തിയതായി പ്രചരിപ്പിക്കുന്നവർ ഉണ്ടെങ്കിലും ഉണ്മയിൽ നിന്നല്ലാതെ ഉണ്മ ഉണ്ടാവില്ല എന്നതുപോലെ, ജീവനിൽ നിന്നല്ലാതെ ജീവൻ ഉണ്ടാവില്ല എന്നതിൽ സംശയത്തിനു സ്ഥാനമില്ല.

നാം കാണുന്ന പ്രപഞ്ചത്തിന്റെ ഉത്ഭവവും ഇതേ യുക്തിക്ക് അധീനമാണ്. The big bang എന്ന സിദ്ധാന്തമനുസരിച്, അതിസാന്ദ്രമായിരുന്ന ഒരു ആദിമാണുവിൽനിന്ന് ഒരുഗ്രൻ പൊട്ടിത്തെറിയിലൂടെ രൂപംകൊണ്ടതാണ് ഈ മഹാപ്രപഞ്ചം എന്ന് പറയുമ്പോൾ അതിന്റെ സത്ത മുഴുവൻ ആ ആദിമാണുവിൽ ഉൾക്കൊണ്ടിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അവിടെയില്ലാത്തത് പിന്നീട് ഉണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല. ശൂന്യതയിൽ (അസത്തിൽ) നിന്ന് സത് ഉണ്ടാവില്ല. സത്തിൽ നിന്നേ സത് ഉണ്ടാവൂ. അങ്ങനെയെങ്കിൽ ഭാവി പരിണാമത്തിനുള്ള ബോധം ആ ആദിമാണുവിൽ സന്നിഹിതമായിരുന്നു എന്നത് സംശയാതീതമാണ്.

ഏറ്റവും മൗലികമായ സത്യത്തെയാണ് നാം സത്ത അല്ലെങ്കിൽ ഉണ്മ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. "ജീവപരിണാമത്തിൽനിന്ന് ദശലക്ഷക്കണക്കിനു ജീവരൂപങ്ങൾ വികസിച്ചുവന്നിട്ടുണ്ട്. ഇങ്ങനെ രൂപംകൊണ്ട സസ്യ- ജന്തുവർഗങ്ങൾ ക്ഷീരപഥങ്ങളിലെ താരങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് നമുക്ക് തോന്നുമെങ്കിലും അവ തമ്മിൽ ഉണ്മയുടെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല. ഇവയുടെയെല്ലാം നിർമിതി ഒരേ മൂലഘടകങ്ങൾകൊണ്ടും അവക്ക് പിന്നിൽ പ്രവർത്തിക്കുന്ന ബോധപ്രക്രിയകൊണ്ടുമാണ് എന്നേ യുക്തിക്ക് അംഗീകരിക്കാനാവൂ. ഇവയിലെല്ലാം പ്രവർത്തിക്കുന്നത് അപാരമായ ജീവന്റെ ഊടും പാവുമാണ്. ഉപാണവകണമായ ഓരോ എലെക്ട്രോണിനും ബോധമുണ്ടെന്നും സ്ഥലകാല പരിധികൾക്കപ്പുറത്തേക്ക് ഒന്ന് മറ്റൊന്നിനെ അറിയുന്നുണ്ടെന്നുമാണ് ഏറ്റവും ആധുനികമായ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തൽ." ജൈവപരിണാമത്തിന്റെ മുന്നോടിയായിട്ടുള്ള ദ്രവ്യപരിണാമം പ്രപഞ്ചാരംഭം മുതൽ ഉള്ളതാണെന്ന് മൂലകങ്ങളുടെ പാചകം എന്ന കൃതിയിൽ ശാസ്ത്രസാഹിത്യകാരനായ ജോർജ് ഗാമോവ് പറയുന്നു.
കണങ്ങളുടെ ഭാഗമായ പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമിച്ചിരിക്കുന്നത് ക്വാർക്കുകൾ കൊണ്ടാണ്. അവക്കും ഏകകോശബാക്ടീരിയകൾ വിഭജിച്ചു രണ്ടാകുന്നതുപോലെ പെരുകാൻ കഴിയും. ഈ പ്രക്രിയയും ബോധത്താൽ നിയന്ത്രിക്കപ്പെടുന്നതായി വേണം കരുതാൻ. ബോധമുള്ളിടത്ത് ജീവനുണ്ട്. ജീവനില്ലാത്ത പല ഘടകങ്ങളുടെ ഏതോ സവിശേഷമായ കൂടിച്ചേരൽ വഴിയാണ് ജീവൻ പ്രപഞ്ചത്തിൽ വന്നുചേർന്നതെന്നുള്ള ചിന്ത യുക്തിസഹമല്ല. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ, ഉണ്മയിൽ നിന്നേ ഉണ്മ ഉണ്ടാവൂ. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, ഫോസ്‌ഫറസ്‌, സൾഫർ എന്നിവ കൂടിചേർന്നാണ് അമിനോ ആസിഡുകളും പഞ്ചസാരയും കൊഴുപ്പും ഉണ്ടായി അവയിൽനിന്നും ജീവന്റെ ആദിരൂപം ഉടലെടുത്തതെന്ന് ഇനിയും പറയാം, എന്നാൽ ഇതൊക്കെ നമുക്ക് മനസ്സിലാവാത്ത വിധത്തിലുള്ള ബോധപ്രവർത്തനത്തിന്റെ പരിണതഫലമാണെന്നത് വിസ്മരിക്കാനാവില്ല. ജീവൻ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു എന്നത് ഒരു ആദ്ധ്യാത്മക വീക്ഷണമാണ്; എന്നാൽ അത് ശാസ്ത്രീയമായും യുക്തിസഹമാണെന്ന് കൂടുതൽ ചിന്തകർ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.

സത്ത = അസ്തിത്വം = ജീവൻ = ബോധം = പ്രകൃതി/ദൈവം എന്നത് അതിമനോഹരമായ ഒരു ചിന്തയാണ്. എന്നാൽ അതേസമയം അക്കൂടെ ഉത്തരമില്ലാത്ത ഒരേയൊരു ചോദ്യം എപ്പോഴും ഉയർന്നവരുന്നു - ആധുനിക ഭൗതികശാസ്ത്രത്തിലൂടെയും (ക്വാണ്ടം ഫിസിക്സ്) വേദാന്തത്തിലൂടെയും മതവിശ്വാസത്തിലൂടെയുമൊക്കെ ദൈവം, പ്രപഞ്ചം, മനുഷ്യൻ എന്നിവയെ ബന്ധിപ്പിച് അദ്വൈതവും ഏകം സത്തും ഒക്കെ കണ്ടെത്താം. എന്നാൽ അവിടെയെല്ലാം ഒഴിയാബാധയായി ഈ ഒരു പ്രശനം മനുഷ്യബുദ്ധിയെ അലട്ടുന്നു - എന്തുകൊണ്ട് ജൈവലോകത്ത് ഇത്രയധികം വേദനകൾ, എന്തുകൊണ്ട് ഇത്രമാത്രം ക്രൂരതകൾ? ഈ സമസ്യ വിലയേറിയ എല്ലാ നല്ല ബൗദ്ധിക കണ്ടെത്തലുകളെയും അനാകർഷകവും അസാധുവുമാക്കുന്നു. എക്കാലവും മനുഷ്യർ ഇതിനുത്തരം അന്വേഷിക്കുന്നു, എന്നാൽ ഇതുവരെ അതിൽ വിജയിച്ചിട്ടില്ല എന്നതാണ് സത്യം.

Monday, 26 September 2016

സ്വർഗ്ഗത്തിലേക്കുള്ള വഴി

പതിവുപോലെ സമയത്തുതന്നെ പോയിവരണമെന്ന തീരുമാനത്തോടെയാണ് ജോയൻ ഇപ്രാവശ്യവും പാലായിലെത്തിയത്. രണ്ടുദിവസം ജോയന്റെ കട അടഞ്ഞുകിടക്കും. എല്ലാ വർഷവും മെയ് ആറാം തിയതി എല്ലാവരും കൂടി നാട്ടിൽ വരും - എല്ലാവരുമെന്നു പറഞ്ഞാൽ, ജോയനും ജോയന്റെ അമ്മയും, ജോയന്റെ ഭാര്യയും പിന്നെ ജോയന്റെ രണ്ടു മക്കളും. അന്നു സെൽനായുടെ വീട്ടിൽ കിടക്കും. സെൽനാ ജോയന്റെ മൂത്തപെങ്ങളാണ്, പാലായിലാണു കെട്ടിച്ചിരിക്കുന്നത്. ജോയനു സഹോദരനും സഹോദരിയുമായി ആകെയുള്ളതു ഈയൊരു പെങ്ങൾ മാത്രം.
എഴാം തിയതിയാണ് അപ്പന്റെ ആണ്ട്. അന്നു രാവിലെ സെൽനായേയും അവരുടെ കുടുംബക്കാരെയും കൂട്ടി രണ്ടു കാറുകളിലായി പതിനെട്ടു കി. മീ അകലെയുള്ള പഴയ ഇടവകപ്പള്ളിയിൽ പോയി നേരത്തെ പറഞ്ഞു വെച്ചിരിക്കുന്ന കുർബ്ബാന കാണും; പിന്നെ സിമിത്തേരിയിൽ അപ്പന്റെ കല്ലറക്കൽ ഒപ്പീസും കഴിഞ്ഞ്, ഉച്ചക്കു ശുഭാലയത്തിൽ ചെന്ന് അവിടുത്തെ അന്തേവാസികളായ വൃദ്ധന്മാരോടൊപ്പം ഊണ് - ഉച്ചകഴിഞ്ഞു മടങ്ങും. അന്നു ശുഭാലയത്തിലെ മുഴുവൻ അന്തേവാസികൾക്കും പുതുവസ്ത്രങ്ങളും, നല്ലൊരു സദ്യയും തോട്ടുപറമ്പിൽക്കാരുടെ വക  - അതാണു പതിവ്.

തിരുവമ്പാടിയിൽ നിന്നു പുറപ്പെട്ടാൽ പിന്നെ കുറഞ്ഞതു നാലു ദിവസമെങ്കിലും കഴിഞ്ഞാലെ സാധാരണ പോലെ അമ്മ സംസാരിക്കൂവെന്ന് ജോയനറിയാം. അപ്പനെ ഓർക്കേണ്ടിവന്നാൽ എന്നും അതുതന്നെയാണ് മേരിയമ്മയുടെ സ്ഥിതി. ഓർമ്മ തുടങ്ങിയാൽ ഓർമ്മകളിൽ തന്നെ. അത്രമേൽ വിഷമമുണ്ട് മേരിയമ്മക്ക്. അമ്മയുടെ നിശ്ശബ്ദതകാരണം ജോയന് ഡ്രൈവിങിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാൻ കഴിയുമായിരുന്നില്ല; വണ്ടിചാടുന്ന കുഴികളുടെയെണ്ണം ആ യാത്രയിൽ കൂടിയിരിക്കുമായിരുന്നു.
സംഭവിക്കേണ്ടതു സംഭവിച്ചുവെന്നല്ലാതെ എന്തു പറയാൻ? അപ്പൻ മരിക്കുമ്പോൾ സെൽനായുടെ വിവാഹം കഴിഞ്ഞിട്ടു നാലു വർഷങ്ങളേ ആയിരുന്നുള്ളൂ. ജോയൻ ഡിഗ്രിക്കു പഠിക്കുകയായിരുന്നപ്പോൾ. സെൽനായുടെ വിൽസണപ്പോൾ രണ്ടുവയസ്സു കാണുമായിരുന്നിരിക്കണം. അപ്പന്റെ മരണശേഷം കുറേനാൾ അമ്മ മിണ്ടിയിട്ടേയില്ലെന്നു പറയാം - ആരോടും. ആ നാട്ടിൽ ആരുടേയും മുഖത്തു നോക്കാൻ അമ്മക്കു കഴിയില്ലെന്ന് മനസ്സിലായപ്പോൾ, എല്ലാം വിറ്റ് ഒരുപാടു ബന്ധുക്കളേയുമുപേക്ഷിച്ച് മലബാറിനു പോന്നു. അതിനു ശേഷമാണ് അമ്മ സാധാരണ പോലെയായതെന്നു ജോയനറിയാം. 
നല്ല അന്തസ്സായി അപ്പൻ കുടുംബം നോക്കിയിരുന്നു. രാവിലെ റബ്ബർക്കടയിൽപ്പോയാൽ സാധാരണ ദിവസങ്ങളിൽ വൈകിയേ വീട്ടിൽ വരുമായിരുന്നുള്ളൂവെങ്കിലും ആരുടേയും ഒരു കാര്യത്തിനും അപ്പൻ മുടക്കം വരുത്തിയിട്ടില്ല. ആ അപ്പൻ, സ്വന്തം പറമ്പിലെ കിണറ്റിൽ കാലുതെറ്റി  വീണു - അപ്പോഴേ മരിച്ചു. അമ്മ മേരിയമ്മയുടെ വല്യവായിലേയുള്ള അലർച്ച കേട്ടോടിയെത്തിയ നാട്ടുകാരപ്പനെ പുറത്തെടുത്തെങ്കിലും, അപ്പൻ മരിച്ചിരുന്നു. നാലുമുറിയിലെ പശുക്കച്ചവടക്കാരൻ വക്കച്ചന്റെയരുകിലുള്ളയാ കിണറ്റിലാണ് അപ്പൻ വീണത്. അതിൽ വെള്ളമുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷേ അപ്പൻ രക്ഷപ്പെട്ടേനെ!
പള്ളിയിൽ അപ്പനുവേണ്ടിയുള്ള കുർബ്ബാന കാണാൻ ആരോടും പറയുമായിരുന്നില്ലെങ്കിലും പഴയ അയൽവാസിയായിരുന്ന വക്കച്ചൻ അന്നു പള്ളിയിൽ കാണുമായിരുന്നു. വക്കച്ചൻ, എന്നും കുർബ്ബാനകാണാൻ വന്നു തുടങ്ങിയെന്നേ ജോയനും മനസ്സിലാക്കിയിരുന്നുള്ളൂതാനും. സെമിത്തേരിയിലെ ഒപ്പീസിനും വക്കച്ചൻ കാണുമായിരുന്നു. ആ പ്രാവശ്യം ശുഭാലയത്തിലെ ഊണും കഴിഞ്ഞിറങ്ങിയപ്പോൾ മേരിയമ്മ ജോയന്റെ നേരെ തിരിഞ്ഞു പറഞ്ഞു.
"എനിക്കൊരിടത്തുകൂടി പോകാനുണ്ട്." 
"എങ്ങോട്ടാ?" ജോയൻ ചോദിച്ചു.
"നാലുമുറിയിലെ വക്കച്ചന്റെ വീടുവരെ." മേരിയമ്മ പറഞ്ഞു.
"പൊക്കളയാം. അമ്മ കേറ്; അവിടെചെന്നിട്ടു നമ്മുടെ പഴയ പറമ്പും കിണറുമൊന്നും കാണണമെന്നു പറയരുത്." ജോയൻ പറഞ്ഞു.
ജോയന്റെ കാർ നാലുമുറിയിലെ വക്കച്ചന്റെ വീട്ടിലേക്കു പോകുന്ന നടപ്പുവഴിയുടെ അരികിൽ ജോയൻ നിർത്തി. മേരിയമ്മയെ ജോയൻ കൈപിടിച്ചു കുത്തുകല്ലു കയറ്റി. പള്ളകയറിമൂടിയ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ ജോയൻ പഴയവീട്ടിലേക്കു നോക്കി. ആ പറമ്പും വീടുമൊക്കെ അതുപോലെ കിടക്കുന്നു. മെയിൻ റോഡുമുതലുള്ള സ്ഥലം മുഴുവൻ തോട്ടുപറമ്പിൽക്കാരുടേതായിരുന്നു - കുറച്ചുള്ളിലോട്ടു വന്നാൽ വക്കച്ചന്റെ സ്ഥലവും വീടും. വക്കച്ചനു പക്ഷേ, വിട്ടിലേക്കു വണ്ടികയറുന്ന വഴിയില്ല. വക്കച്ചൻ പലപ്രാവശ്യം വഴിക്കുള്ള സ്ഥലം അപ്പനോടു ചോദിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു ജോയൻ കേട്ടിട്ടുണ്ട്.
മേരിയമ്മയും ജോയനും ഭാര്യയും കുട്ടികളും വക്കച്ചന്റെ വീട്ടുമുറ്റത്തേക്കു കാലെടുത്തുവച്ചതേ വക്കച്ചൻ ഓടിവന്നെല്ലാവരേയും സ്വീകരിച്ചിരുത്തി. ആ കൊച്ചു വീട്ടിൽ എല്ലാവർക്കുമിരിക്കാനുള്ള കസേരകൾ ഉണ്ടായിരുന്നില്ല. പശുക്കളെ വളർത്തിയും അവയെ മറിച്ചും തിരിച്ചും വിറ്റുകിട്ടുന്നതുമൊക്കെയായിരുന്നു വക്കച്ചന്റെ വരുമാനം. 
വക്കച്ചൻ മേരിയമ്മയുടെ മുഖത്തേക്കു തന്നെ നോക്കി തൂണും ചാരി നിന്നു. ആ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു. 
"മേരിയമ്മയൊന്നും ഓർക്കരുത്." വക്കച്ചൻ പറഞ്ഞു. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നതു ജോയൻ കണ്ടു. അതയാൾ അറിയുന്നില്ലായെന്നു തോന്നി, വക്കച്ചന്റെ നിൽപ്പു കണ്ടപ്പോൾ. 
മേരിയമ്മ വാനിറ്റിബാഗ് തുറന്ന് ഒരു കടലാസുകെട്ടെടുത്തു. അതു വക്കച്ചന്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു. 
"റോഡു മുതൽ ഇവിടം വരെ പന്ത്രണ്ടടി വീതിയിൽ വഴിക്കുള്ള സ്ഥലം.... ഇതാ തീറാധാരം!"
വക്കച്ചൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ നിർവ്വികാരനായി അവിടെ നിന്നതേയുള്ളൂ. മേരിയമ്മയും കൂടുതലൊന്നും പറഞ്ഞില്ല. അകത്തുനിന്നും വക്കച്ചന്റെ ഭാര്യ എത്തിയപ്പോഴേക്കും മേരിയമ്മ മുറ്റത്തിറങ്ങിയിരുന്നു. അവരുടെ മുഖത്തേക്കു നോക്കി മേരിയമ്മ പറഞ്ഞു.
"സാരമില്ല; എല്ലാം ദൈവം പൊറുത്തുകഴിഞ്ഞു. ഇനിയും വരാം." ഇനിയും വരാമെന്നാണു മേരിയമ്മ പറഞ്ഞതെങ്കിലും ജോയൻ കേട്ടത്, ഇനിയൊരിക്കലും ഞാനീ വഴി വരില്ലെന്നാണ് മേരിയമ്മ പറഞ്ഞതെന്നാണ്. വഴിയിലേക്കു മടങ്ങുമ്പോഴും മേരിയമ്മ അവരുടെ പഴയ പറമ്പിലെക്കു നോക്കിയതേയില്ല. 
എല്ലാവരും വണ്ടിയിൽ കയറിയിരുന്നപ്പ്പോൾ മേരിയമ്മ പറഞ്ഞു.
"വിട്ടോ, സന്ധ്യയാകുമ്പോഴേക്കും തൃശ്ശൂരെത്തണം." 
എത്തണം, എങ്കിലേ വെളുക്കുന്നതിനു മുമ്പ് തിരുവമ്പാടിയിൽ ചെല്ലൂ. മടങ്ങുന്ന വഴി, മേരിയമ്മ കുട്ടികളുമായി ചിരിച്ചു കളിച്ചുകൊണ്ടിരുന്നു. അതസാധാരണമായിരുന്നു - ജോയനും ഭാര്യക്കും. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ജോയൻ ചോദിച്ചു. 
"വക്കച്ചനു വഴിക്കു സ്ഥലംകൊടുത്ത കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ."
"അതപ്പൻ നേരത്തെ പറഞ്ഞേൽപ്പിച്ചിരുന്നു. അതിന്റെ ബാക്കിയേ നമ്മൾ വിറ്റിട്ടുള്ളൂ. അയാളുടെ മുഖത്തേക്കു നോക്കാൻ എനിക്കു കഴിയുമായിരുന്നില്ല." മേരിയമ്മ പറഞ്ഞു. 
"അതെന്താ അങ്ങിനെ?" ജോയൻ ചോദിച്ചു. അൽപ്പനേരത്തെ നിശ്ശബ്ദതക്കു ശേഷം, മേരിയമ്മ പറഞ്ഞു. 
"ഇനിയാക്കഥ ആരോടും പറയാതിരുന്നിട്ടും കാര്യമില്ല; ഞാനിനിയൊരിക്കലും പാലായ്കില്ല. നമ്മുടെയപ്പനു സ്വർഗ്ഗത്തിലേക്കുള്ള വഴിയുടെ ആധാരമാണ് ഞാൻ വക്കച്ചനു കൊടുത്തത്."
വീണ്ടും നിശ്ശബ്ദത. 
"വക്കച്ചന്റെയപ്പനും മരിച്ചു പോയല്ലോ!" മേരിയമ്മ പറഞ്ഞു.
"ഉവ്വ്, അറ്റാക്കു വന്ന്..!" ജോയൻ പറഞ്ഞു.
"വക്കച്ചന്റെയപ്പനെ വീട്ടുമുറ്റത്തുവരെ വണ്ടി വരുത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ അപ്പൻ രക്ഷപ്പെട്ടേനെയെന്നു വക്കച്ചൻ പറഞ്ഞുവെന്ന് നമ്മുടെയപ്പൻ കേട്ടു. വക്കച്ചന്റെ വീട്ടിൽ ചെന്നു വഴിവെട്ടിക്കോളാൻ പറയാനപ്പൻ പോയതാ......" മേരിയമ്മ നിർത്തി. പിന്നെ മുഖം സാരിത്തലപ്പിൽ അമർത്തി മേരിയമ്മ വിതുമ്പിക്കൊണ്ടേയിരുന്നു. ഒട്ടൊന്നു ശാന്തമായപ്പോൾ മേരിയമ്മ തുടർന്നു. 
"അവിടെ അതിരുങ്കൽ വെച്ചവർ തർക്കമുണ്ടായി; വക്കച്ചൻ അപ്പനെ കിണറ്റിൽ തള്ളിയിട്ടതാ...!"
"ശ്യ്യൂ!" കാറിന്റെ ടയറുകൾ റ്റാർറോഡിൽ ശക്തിയായി ഉരഞ്ഞതിന്റെ ശബ്ദം ഏറെ ദൂരെയുള്ളവരും കേട്ടു കാണണം. വണ്ടിയൊരു കുലുക്കത്തോടെ അവിടെ നിന്നു. ജോയൻ പിന്നോട്ടു തിരിഞ്ഞു മേരിയമ്മയുടെ കണ്ണുകളിലേക്കു നോക്കി. 
"അമ്മയെന്താ പറഞ്ഞെ?" ജോയൻ ചോദിച്ചു.
അവന്റെ കണ്ണുകളിലേക്കു നോക്കാനുള്ള ശേഷി മേരിയമ്മയുടെ കണ്ണുകൾക്കില്ലായിരുന്നു. ആരും ഒന്നും മിണ്ടിയില്ല, കുറേനേരം. പുറത്തേക്കു തന്നെ നോക്കിക്കൊണ്ട് മേരിയമ്മ പറഞ്ഞു,
"നമുക്കല്ലേ തെറ്റിയത്? നാം കാരണമല്ലേ വക്കച്ചന്റെയപ്പൻ മരിച്ചത്?"
ജോയൻ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ടാറിട്ട വഴിയിലേക്കു നോക്കി ഡ്രൈവിങ് സീറ്റിൽ തന്നെ എന്തോ ചിന്തിച്ചിരുന്നു. ജോയന്റെ മുമ്പിൽ ഇരുവശവും പുഷ്പാലംകൃതമായ, ചുവന്ന പരവതാനി വിരിച്ച രാജവീഥിയായിരുന്നു കാണാനുണ്ടായിരുന്നത്.

Wednesday, 14 September 2016

തുകൽ വ്യാപാരി പറഞ്ഞ കഥ

"അന്നത്തെ കാലം വെച്ചു നോക്കിയാൽ ഗലീലിയാ കടലിന്റെ എക്കൽ മണവും ശ്വസിച്ച്, ആരെങ്കിലും കൊടുക്കുന്ന എന്തെങ്കിലുമൊക്കെ വാങ്ങിക്കഴിച്ച് ജീവിക്കുന്ന ദരിദ്രരും യേശുഗുരുവിന്റെ കാലത്ത് ഉണ്ടായിരുന്നുവെന്നുതന്നെ വേണം കരുതാൻ. മാത്രമല്ല, സമൂഹം ഭ്രഷ്ട് കൽപ്പിച്ച കുഷ്ടരോഗികൾ ഒളിച്ചു കഴിയുന്ന തുരുത്തും ഈ കടൽക്കരയിലായിരുന്നല്ലോ. അതുപോലൊരു ഭാഗത്ത് യേശുഗുരു വളരെ ദിവസങ്ങൾ കഴിച്ചു കൂട്ടിയിരിക്കണം. മുക്കുവന്മാർ അങ്ങോട്ടു ചെന്നപ്പോഴായിരിക്കണം യേശുഗുരു ദൈവരാജ്യത്തിന്റെ സൂചനകൾ നൽകിയത്." മാലിയാൻ പറഞ്ഞു നിർത്തി. 
"യേശുഗുരു ഒരു തന്റേടിയായിരുന്നുവെന്നു സ്പഷ്ടം; അല്ലെങ്കിൽ മരണശിക്ഷക്കു വിധിക്കപ്പെടുമെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെയല്ലെ കച്ചേരിയിൽ നിന്നത്?" സുബ്രോസ്കർ പറഞ്ഞു. 
"അക്കഥയൊക്കെ കേട്ടതുപോലെ വിശ്വസിച്ചാൽ എല്ലാം ഒത്തു വരില്ല." മാലിയാൻ പറഞ്ഞു. 
മാലിയാനും സുബ്രോസ്കറും തമ്മിലുള്ള തർക്കം കേൾക്കാൻ കുറച്ചു ദിവസങ്ങളായി ഷാലെറ്റുമുണ്ടായിരുന്നു. മൂന്നു പേരും നഗരത്തിലെ തുകൽശാലയിലെ പണിക്കാർ. ഷാലറ്റ് ഏതാനും ദിവസങ്ങളേയായിരുന്നുള്ളൂ പണിക്കു ചേർന്നിട്ട്. അടുത്തടുത്ത തെരുവുകളിലായിരുന്നതുകൊണ്ട്, പണിസമയം കഴിഞ്ഞാൽ എന്നും ഒരുമിച്ചായിരുന്നിവർ മടങ്ങിയിരുന്നത്. 
ഷാലെറ്റ് ചർച്ചകളിൽ പങ്കെടുക്കുമായിരുന്നില്ല. എങ്കിലും എല്ലാം നിശ്ശബ്ദമായി, പക്ഷെ കൗതുകത്തോടെ, അയാൾ കേൾക്കുമായിരുന്നു. 
ഏതാനും ആഴ്ചകൾക്കൊണ്ട് വുഡ്ഷാർക് നഗരത്തിലെ പള്ളിയിൽ വരുന്ന എല്ലാ വിശ്വാസികളേയുംകാൾ, യേശുഗുരുവിനേപ്പറ്റി ഷാലറ്റ് പഠിച്ചു കഴിഞ്ഞിരുന്നു.
എത്ര അഗാധമായ അറിവായിരിക്കണം വുഡ്ഷാർക് പള്ളിയിലെ മോൺസിഞ്ഞോറച്ചനുള്ളതെന്നതിനേപ്പറ്റി ഷാലറ്റ് ചിന്തിച്ചു. 
ഒരാഴ്ച്ച മുഴുവൻ തുകൽ മിനുസപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴെല്ലാം ഷാലറ്റ് ഇതിനേപ്പറ്റി മാത്രമാണു ചിന്തിച്ചത്. 
ഒരു ദിവസം അവരുടെ ചർച്ച യേശുഗുരുവിന്റെ കുരിശാരോഹണത്തേപ്പറ്റിയായിരുന്നു. മാലിയാനും സുബ്രോസ്കറും ഒരു കാര്യത്തിൽ യോജിച്ചു - വലത്തുവശത്തെ കുരിശിൽക്കിടന്ന കള്ളൻ പശ്ചാത്താപത്തിന്റെ അങ്ങേയറ്റത്തുള്ള ആനന്ദലഹരിയിലായിരുന്നിരിക്കണം. അല്ലായിരുന്നെങ്കിൽ അനുഭവിച്ചുകൊണ്ടിരുന്ന വേദനയേപ്പറ്റി ഒരു സൂചനയെങ്കിലും അവന്റെ വാക്കുകളിൽ ഉണ്ടാകുമായിരുന്നല്ലോയെന്നിരുവരും പറഞ്ഞു. യേശുഗുരു അയാളുടെ പതിഞ്ഞ സ്വരത്തിലുള്ള പ്രസ്താവനകേട്ടു തിരിഞ്ഞു നോക്കിയപ്പോൾ പാൽ പോലെ നിർമ്മലനായ ഒരു വ്യക്തിയേയായിരിക്കണം കണ്ടതെന്നും അവർ പരസ്പരം പറഞ്ഞു. 
അന്നു രാത്രിയാണ് തനിക്കും ഒരു ക്രിസ്ത്യാനിയാകണമെന്നും ഇവർ കേൾക്കുന്നതുപോലെ ഞായറാഴ്ച്ചകളിൽ മോൺസിഞ്ഞോറുടെ പ്രസംഗം കേൾക്കണമെന്നും ഷാലറ്റ് ഉറപ്പിച്ചത്. സുബ്രോസ്കറുടെയും മാലിയാന്റെയും ആരെയും ആകർഷിക്കുന്ന വിനയവും ആരോടും കാണിക്കുന്ന സ്നേഹവുമെല്ലാം ഷാലെറ്റിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഒരു കള്ളനെ തന്റെ സാന്നിദ്ധ്യം കൊണ്ട് ആനന്ദലഹരിയിലാക്കാൻ കഴിയുന്ന ഒരു ഗുരുവിനെ പിന്തുടരുക അഭികാമ്യമായി ഷാലറ്റിനു തോന്നി. 
യേശുഗുരുവിന്റെ മലയിലെ പ്രസംഗത്തെപ്പറ്റിയുള്ള അവരുടെ ചർച്ചകൾ ഷാലറ്റ് വെറുതേ കേൾക്കുകയായിരുന്നില്ല. അതു നേരിട്ടു കേട്ട ശിക്ഷ്യന്മാരേപ്പോലെ ഷാലറ്റും മലഞ്ചെരുവിലെ ആ തണലിൽ ഇരിക്കുകയായിരുന്നു. 
ക്രിസ്ത്യാനിയാകുന്ന കാര്യം ഷാലറ്റ് സ്നേഹിതരോടു പറഞ്ഞില്ല. 
ഷാലറ്റ് ആ ഞായറാഴ്ച്ച അത്യാവശ്യം ധാന്യം അരച്ചു മാവാക്കി ഭാര്യയെ ഏൽപ്പിച്ചിട്ട് നേരെ മോൺസിഞ്ഞോറുടെ പക്കലേക്കു ചെന്നു. 
ക്രിസ്ത്യാനിയാകാൻ മാമ്മോദീസായിൽ മുങ്ങണമെന്ന് ഷാലറ്റ് കേട്ടിട്ടുണ്ടായിരുന്നു. മാമ്മോദീസായിൽ മുക്കാൻ മോൺസിഞ്ഞോർക്കറിയാമെന്നും ഷാലറ്റ് മനസ്സിലാക്കിയിരുന്നു. മോൺസിഞ്ഞോർ ഷാലറ്റിനെ അടി മുതൽ മുടി വരെ കണ്ണുകൾക്കൊണ്ടുഴിഞ്ഞു. കാളയെ പൂജിക്കുന്ന ഗോത്രത്തിൽ നിന്നു ക്രിസ്ത്യാനിയാകാൻ ഒരാൾ വരികയെന്നതു അദ്ദേഹത്തിനു വിശ്വസിക്കാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. 
"യേശുവിനേപ്പറ്റി ആരാണു നിന്നോടു പറഞ്ഞത്? നിനക്കെന്താ മലയിലെ പാറക്ഷേത്രത്തിൽ പോകണമെന്നു തോന്നുന്നില്ലേ? അവിടെ ബലികൊടുക്കാൻ നിനക്ക് വേണ്ടത്ര ആടുകൾ ഇല്ലെന്നുണ്ടോ?" മോൻസിഞ്ഞോർ ചോദിച്ചു.
"ഇല്ല. ഒന്നുമില്ലാത്തവനായി ജീവിക്കാനും അതാണു സന്തോഷമെന്നും അവരുടേതാണു സ്വർഗ്ഗമെന്നും യേശുഗുരു പറയുന്നുണ്ടല്ലോ. അതാ."
"ഓഹോ...നീ ബൈബിൾ വായിച്ചിട്ടുണ്ടല്ലേ? ആരാണ് നിനക്ക് ബൈബിൾ തന്നത്?" മോൺസിഞ്ഞോർ ചോദിച്ചു. 
"മാലിയാനും സുബ്രോസ്കറും എന്നും തുകൽശാലയിൽ നിന്നും മടങ്ങുമ്പോൾ ബൈബിൾ പറയുന്നതു ഞാൻ കേൾക്കും." 
ഷാലറ്റ് പറഞ്ഞു. 
"മാലിയാനും സുബ്രോസ്കറും?" അതാരാണേന്നോർമ്മിക്കാൻ ശ്രമിക്കുന്നതുപോലെ മോൺസിഞ്ഞോർ ഏറേ നേരെ തിരുനെറ്റിയും ചൊറിഞ്ഞു മുകളിലേക്കു നോക്കി നിന്നു. പിന്നെ വീണ്ടും ഷാലറ്റിനെ ചോദ്യഭാവത്തിൽ നോക്കി. കാര്യം മനസ്സിലായതു പോലെ ഷാലറ്റ് പറഞ്ഞു. 
"നെഹിമിന്യാന്റെ വല്യമുന്തിരിത്തോട്ടത്തിന്റെ തൊട്ടപ്പുറത്തുള്ള വയലിനരുകിൽ താമസിക്കുന്ന മരപ്പണിക്കാരന്റെ മകനാ സുബ്രോസ്കർ."
"അയാൾ ഈ പള്ളിയിൽ വരാറില്ലല്ലോ! വിളവെടുപ്പിന് ഇവിടേക്ക് ഒരളവും വീതം തന്നിട്ടുള്ളതായി എനിക്കറിവുമില്ല. ഞാനാ ഗ്രാമത്തിൽ ഒരിക്കലൊരു വിരുന്നിനു പോയിട്ടുണ്ട്. പക്ഷേ, സുബ്രോസ്കറെന്നൊരു ക്രിസ്ത്യാനിയേപ്പറ്റി കേട്ടിട്ടേയില്ല." മോൺസിഞ്ഞോർ പറഞ്ഞു.
ഷാലറ്റിന് ആകപ്പാടേ വല്ലാണ്ടായി. 'പിന്നെവിടുന്നാണിവർ യേശുഗുരുവിനെപ്പറ്റി കേൾക്കാറുള്ളത്?' ഷാലറ്റ് സ്വയം ചോദിച്ചു. 
"ഞാൻ പിന്നെ വരാം."  മോൺസിഞ്ഞോറിനോട് യാത്ര പറഞ്ഞിട്ട് ഷാലറ്റിറങ്ങി.
അവരുടെ മടക്കയാത്രയിലെ ചർച്ചയും തർക്കവും അടുത്താഴ്ച്ചയും തുടർന്നു, ഷാലറ്റ് അതു കേട്ടുകൊണ്ടുമിരുന്നു. പക്ഷെ, പള്ളിയിൽ പോയി മോൺസിഞ്ഞോറെ കണ്ട കാര്യം മിണ്ടിയതേയില്ല. ശനിയാഴ്ച്ച വൈകിട്ടു മടങ്ങുന്ന വഴി ഷാലറ്റ് ഇരുവരോടുമായി ഒരു ചോദ്യം ചോദിച്ചു,
"നിങ്ങൾ ക്രിസ്ത്യാനികളാണോ?" ചോദ്യം കേട്ട് അമ്പരപ്പോടെ ഇരുവരും ഷാലറ്റിന്റെ മുഖത്തേക്കു നോക്കി. ഷാലറ്റ് ചോദ്യം ഒന്നുകൂടി ആവർത്തിച്ചു.
"നിങ്ങൾ മാമ്മോദീസായിൽ മുങ്ങിയിട്ടുണ്ടോ?" അതിനും ഇരുവരും ഒന്നും പറഞ്ഞില്ല. ഷാലറ്റ് എന്തുദ്ദേശിച്ചാണ് ഇങ്ങിനെ ചോദിക്കുന്നതെന്നതിനെപ്പറ്റിയായിരുന്നു ഇരുവരും അപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത്.
"നിങ്ങൾ യേശുഗുരു പറഞ്ഞതിന്റെയൊക്കെ അർത്ഥം തർക്കിക്കാറുണ്ടല്ലോ. ആരാണ് നിങ്ങൾക്കിതൊക്കെ പറഞ്ഞു തരുന്നത്?"
"ഓ! അതാണോ കാര്യം?" മാലിയാൻ ചോദിച്ചു. അതേയെന്നയർത്ഥത്തിൽ ഷാലറ്റ് അയാളുടേ മുഖത്തേക്കു നോക്കി. മാലിയാൻ സുബ്രോസ്കറെ നോക്കി. സുബ്രോസ്കർ ഷാലറ്റിനോടു മാത്രമെന്നപോലെ പതിയെ പറഞ്ഞു. 
"ഒരിക്കൽ തുകലുമായി ചന്തയിൽ പോയി മടങ്ങുമ്പോൾ സാല്മാക്കിൽ നിന്നൊരു വ്യാപാരിയുമൊപ്പമുണ്ടായിരുന്നു, ഏതാണ്ട് ഒരു പകൽ മുഴുവൻ. അയാളൊരു ക്രിസ്ത്യാനിയായിരുന്നു. അയാളാണ് യേശുഗുരു എന്തൊക്കെ പറഞ്ഞിരുന്നെന്നും, യേശുഗുരുവിന്റെ കഥയിൽ എന്തൊക്കെയുണ്ടെന്നും പറഞ്ഞത്. യേശുഗുരു പറഞ്ഞ ഉപദേശങ്ങളുടെ അർത്ഥം മുഴുവൻ അയാൾ പറഞ്ഞില്ല, അപ്പോഴേക്കും അയാളുടെ വഴി തിരിയാൻ സമയമായിരുന്നു. അതിന്റെയൊക്കെയർത്ഥമെന്തായിരിക്കും എന്നതിനേപ്പറ്റി ഞങ്ങളെപ്പോഴും ചിന്തിക്കും - ഉറങ്ങുമ്പോഴും ഉണരുമ്പോഴും പണിയുമ്പോഴുമെല്ലാം ഞങ്ങളതിനേപ്പറ്റി ചിന്തിക്കും. അക്കാര്യമാണ് മടങ്ങുന്ന വഴി ഞങ്ങൾ പങ്കു വെയ്കുന്നത്."
അൽപ്പനേരം ആരും ഒന്നും മിണ്ടിയില്ല. നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് ഷാലറ്റ് ചോദിച്ചു,
"നിങ്ങൾക്കു മാമ്മോദീസായിലെന്നെ ഒന്നു മുക്കാമോ? എനിക്കും ക്രിസ്ത്യാനിയാകാനാ."
മാലിയാനും സുബ്രോസ്കറും കണ്ണിൽ കണ്ണിൽ നോക്കി. സുബ്രോസ്കർ തുടർന്നു. 
"സാല്മാക്കിലെ വ്യാപാരി പറഞ്ഞതിൻ പ്രകാരം ഞങ്ങൾ ആരെയും കബളിപ്പിക്കാതെ സന്തോഷത്തോടെ ജീവിക്കുന്നു. യേശുവിന്റെ ഉപദേശങ്ങൾ ഞങ്ങളെ മാറ്റിയെന്നു തന്നെ പറയാം. മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാനെ ഞങ്ങൾക്കിപ്പോൾ കഴിയുന്നില്ല. മാമ്മോദീസാ, അതെന്താണെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ സഹോദരാ. ആ വ്യാപാരി വേറൊന്നും പറഞ്ഞിരുന്നില്ല."

Saturday, 3 September 2016

ഒറ്റവാതിൽ വീട്!

കുറച്ചു നാളായി റിട്ട. പ്രൊഫ. കൃഷ്ണൻനായർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു മകൾ ഡോ. ചിപ്പി മനസ്സിലാക്കിയത്, അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ അറിയാവുന്ന ചിലർ പറഞ്ഞതിൽനിന്നായിരുന്നു. പകൽ മുഴുവൻ സർക്കാർ ആസ്പത്രിയുമായി കഴിഞ്ഞുകൂടുമായിരുന്നതു കൊണ്ട് അഛന്റെ പുഞ്ചിരിക്കു പിന്നിലെ ആഴങ്ങളും അതിലെ ഗൂഢാർത്തങ്ങളും ചിപ്പിക്കു ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. തിന്നാനും കുടിക്കാനും ഉടുക്കാനും സഹായിക്കാനുമാരെങ്കിലുമായാൽ എല്ലാമായല്ലോയെന്നായിരുന്നല്ലൊ താനോർത്തിരുന്നതെന്നും ചിപ്പിയോർത്തു. ഒപ്പം ശുശ്രൂഷക്കു നിന്ന മെയിൽ നഴ്സും അച്ഛനൊരു വിഷമം കാണിച്ചതായി സൂചിപ്പിച്ചിരുന്നില്ല.

പ്രൊഫ. കൃഷ്ണൻനായരെപ്പോലെ  എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുന്നവർ വളരെ അപൂർവ്വമായിരുന്നു - അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടവുമായിരുന്നു. കോളേജിലായിരുന്നപ്പോൾ അദ്ദേഹത്തോടു സ്വകാര്യദു:ഖങ്ങൾ പങ്കുവെക്കാതിരുന്നിട്ടുള്ള സഹപ്രവർത്തകർ കുറവ്. എല്ലാത്തിനും അദ്ദേഹത്തിനൊരു പരിഹാരമുണ്ടായിരുന്നു - ഒരു കൊച്ചു ചിരി, ഒപ്പം ഏതാനും സാന്ത്വനവാക്കുകളും. അതിലദ്ദേഹത്തിന്റെ പരിഹാര നിർദ്ദേശങ്ങളുമുണ്ടാവുമായിരുന്നു. അതെല്ലാവരും കേൾക്കുന്നുണ്ടായിരുന്നുവെന്നും വേണം കരുതാൻ. അല്ലായിരുന്നെങ്കിൽ അദ്ദേഹത്തിൻറെയടുത്തു വരുന്നവർ, അദ്ദേഹത്തോടിത്ര നന്ദിയോടും അനിതരസാധാരണമായ ബഹുമാനത്തോടും പെരുമാറുമായിരുമായിരുന്നില്ലല്ലൊ. റിട്ടയർ ചെയ്ത് ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിനു സന്ദർശകരുണ്ടായിരുന്നുവെന്നതും കൂട്ടിവായിക്കണം. നാലഞ്ചു വർഷങ്ങൾ മുമ്പു വരെ സ്വന്തം ആ പഴയ അംബാസ്സഡർ കാറുമുരുട്ടി അദ്ദേഹവും സുഹൃത്തുക്കളുടെ വീടുകളിൽ പോകുമായിരുന്നു. ആ കാർ ഇപ്പോഴും പോർച്ചിൽ തന്നെ കിടക്കുന്നു.

അദ്ദേഹത്തിന്റെ രണ്ടാണ്മക്കളിൽ  ഒരാൾ അമേരിക്കയിലും മറ്റേയാൾ ഓസ്ട്രേലിയായിലുമായിരുന്നു. നാട്ടിൽ ജോലി ചെയ്യുന്ന മകൾ ഡോക്ടർ ചിപ്പിയും, അവളുടെ ഭർത്താവും രണ്ടു മക്കളുമായിരുന്നു കൃഷ്ണൻനായർ സാറിന്റെ കൂടെ തറവാട്ടിൽ. ആൺമക്കൾ രണ്ടു പേരും മാറി മാറി വിളിച്ചിട്ടും നാടു വിടാൻ കൂട്ടാക്കാതിരുന്ന സാറാണ് പെട്ടെന്ന് ഓസ്ട്രേലിയാക്കു പോയത്. അൽപ്പം കൊളസ്ട്രോളും, അൽപ്പം പ്രഷറുമല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നതായി ചിപ്പിക്കും അറിയില്ലായിരുന്നു - അതും വീണു കിടപ്പിലായതിനുശേഷം മാത്രം കണ്ടുതുടങ്ങിയത്. അതു മെല്ലെ കൂടിക്കൊണ്ടിരുന്നല്ലോയെന്നു ചിപ്പിയോർത്തു. എല്ലാം ഒരു നിയോഗം പോലെയായിരുന്നെന്നു പറയാതെ വയ്യ. വീഴേണ്ടിയിട്ടു വീണതുമല്ല, കാലൊടിയേണ്ടിയിട്ട് ഒടിഞ്ഞതുമല്ല. നടക്കാറായതേ അദ്ദേഹം രാജ്യം വിട്ടു. ആസ്ട്രേലിയായിൽ ചെന്നു രണ്ടാഴ്ച്ച തികയും മുമ്പ് അദ്ദേഹത്തിന്റെ ഹൃദയവും നിലച്ചു - ഒരു ദിവസം, അദ്ദേഹം ഉറക്കമുണർന്നില്ല!

അദ്ദേഹത്തിന്റെ സ്വകാര്യ സൂക്ഷിപ്പുകൾ തരം തിരിക്കുന്നതിനിടയിലാണ് കുറെ കുറിപ്പുകളും കത്തുകളുമൊക്കെ  ചിപ്പിയുടെ ശ്രദ്ധയിൽപ്പെട്ടത്. കിഡ്നി മാറ്റിവെയ്കാൻ, പഠനത്തിന്, വസ്ത്രം വാങ്ങാൻ, വീട് വെക്കാൻ ...... എന്നു വേണ്ട നാനാവിധ ചിലവുകൾക്കായി അനേകം ലക്ഷങ്ങൾ അദ്ദേഹം ചിലവിട്ടതിന്റെ കണക്കുകൾ കൃത്യമായി അദ്ദേഹം സൂക്ഷിച്ചിരുന്നു. ഗുണഭോക്താക്കളുടെ നന്ദിക്കുറിപ്പുകളായിരുന്നു ഒപ്പമുണ്ടായിരുന്ന കത്തുകൾ. പലരും വീട്ടിൽ  വന്നു പോകുന്നുവെന്നറിയാമായിരുന്നതല്ലാതെ കൂടുതലൊന്നും ചിപ്പിയറിഞ്ഞിരുന്നില്ല.

ബാങ്ക് പാസ്സ്ബുക്ക് ചിപ്പിയെടുത്തു മറിച്ചു നോക്കി. പത്തുലക്ഷം രൂപാ ഇനിയും ബാലൻസുണ്ടായിരുന്നതിൽ. അദ്ദേഹം കിടപ്പിലായതിനുശേഷം ഒരു പൈസാ പോലും അതിൽ നിന്നാരും പിൻവലിച്ചിട്ടില്ലെന്നതു ചിപ്പി ശ്രദ്ധിച്ചു. കഴിഞ്ഞയൊരു വർഷത്തെ കണക്കുകളിലും സംഭാവനകളൊന്നും കണ്ടില്ല. അദ്ദേഹം കിടപ്പിലായതിനു ശേഷം ബന്ധുക്കളല്ലാത്ത സന്ദർശകരെ താൻ വിലക്കിയിരുന്നല്ലോയെന്നു ചിപ്പിയോർത്തു.

താൻ ഒരിക്കലും കാണാതിരുന്ന അഛന്റെ മുഖം ചിപ്പി മനസ്സിൽ ഏറേനേരം കണ്ടുകൊണ്ടിരുന്നു. മക്കളോരാടും അദ്ദേഹമെന്തെങ്കിലും ബാക്കിവെക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. ഒരു കുറിപ്പുപോലും അവർക്കാർക്കും എഴുതിയിട്ടുമില്ല. വീതം വെച്ചു കൊടൂത്ത ഫലഭൂയിഷ്ടമായ മണ്ണ് ഒരു തൂമ്പാ പോലും കാണാതെ വർഷങ്ങളായി സർപ്പക്കാവുപോലെ കിടക്കുന്നു. മക്കളെല്ലാവരും ഓരോ വഴിക്കു തിരിഞ്ഞപ്പോൾ അൽപ്പകാലം കൃഷ്ണൻനായർ സാർ കൃഷി നടത്തിയിരുന്നു. ആർക്കുമതിൽ താൽപ്പര്യമില്ലെന്നറിഞ്ഞപ്പോളാണു നിർത്തിയതെന്നു പറയാം. 

ചിപ്പിക്കൊരു കാര്യം മനസ്സിലായി, ആരെയും സ്നേഹിക്കാനോ ആർക്കും ഉപകാരം ചെയ്യാനോ കഴിയാത്ത ഒരു കാലഘട്ടം അദ്ദേഹത്തിനസഹ്യമായിരുന്നു. സഹായിക്കുന്ന മക്കളെയായിരുന്നില്ല, സഹായം സ്വീകരിക്കുന്ന മക്കളെയായിരുന്നദ്ദേഹത്തിനാവശ്യം. അദ്ദേഹത്തിൻറെ ഹൃദയത്തിന് ഒരു വാതിലേ  ഉണ്ടായിരുന്നുള്ളൂ!

Friday, 1 July 2016

വരും, വരാതിരിക്കില്ല!

"ഞാൻ പറഞ്ഞതു നേരാ, ഞാൻ കാലത്തെ കണ്ടു." സനു എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയപ്പോൾ എന്താണു സംഭവിച്ചതെന്നു ഞാനൊരിക്കൽ കൂടി ഓർത്തു നോക്കി. 
സനുവിന്റെ മുഖത്തു നിന്നു കണ്ണു പറിച്ചു വിദൂരതയിലേക്കെറിഞ്ഞിട്ടു ഞാൻ പറഞ്ഞു.
"നേരെ കണ്ടില്ലന്നേയുള്ളൂ; കാലം താഴത്തെ ബെർത്തിൽ കിടപ്പുണ്ടായിരുന്നു, കാലം പറയുന്നത് മുഴുവൻ ഞാൻ കേൾക്കുന്നുമുണ്ടായിരുന്നു. 
ട്രെയിനിനു പുറത്തു നല്ല ചൂടായിരുന്നു. എ സി യുടെ കുളിർമ്മയിൽ ഉറങ്ങിപ്പോയ ഞാൻ കാലത്തിന്റെ ശബ്ദം കേട്ടാണുണർന്നത്. പരിചയപ്പെടാനാഗ്രഹിച്ചു ഞാൻ ബെർത്തിൽ നിന്നു താഴെ വന്നപ്പോഴേക്കും കാലം പോയ്കഴിഞ്ഞിരുന്നു."
"അതു കാലമായിരുന്നെന്ന് താനെങ്ങിനാ അറിഞ്ഞത്?" സനു ചോദിച്ചു.
"അതോ? എനിക്കു ബാഗ്ലൂർക്കു പോണം, ഹൈദ്രാബാദിന് പോണം, കൽക്കട്ടാക്ക് പോണം, ഡൽഹിക്കു പോണം ഇങ്ങിനെ നിർത്താതെ സ്ഥലങ്ങളുടെ പേരുകൾ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടാണ്, അതു കാലമായിരുന്നെന്നു ഞാൻ മനസ്സിലാക്കിയത്. എല്ലായിടത്തും കാലം മാത്രമല്ലെ ചെല്ലേണ്ടതുള്ളൂ?" ഞാൻ ചോദിച്ചു. സനു ഒന്നും മിണ്ടിയില്ല. 
ഞാൻ തുടർന്നു,
"എന്തിനായിങ്ങിനെ തിരക്കിട്ടു പോവുന്നതെന്ന് അടുത്തിരുന്ന ആൾ ചോദിക്കുന്നത് ഞാൻ കേട്ടു. പകരം ആരെങ്കിലും പോയാൽ മതിയില്ലേന്നും അയാൾ ചോദിക്കുന്നത് കേട്ടു. അവർ ഏറെനേരമായി സംസാരിക്കുകയായിരുന്നെന്ന് എനിക്കു തോന്നാതിരുന്നില്ല."
"കാലം എന്തു പറഞ്ഞു?" സനു ചോദിച്ചു.
"അതോ? അയാളെപ്പോലുള്ളവർ എല്ലായിടങ്ങളിലും എത്താറുണ്ടെന്നാണ് അയാൾ പറഞ്ഞത്. ആരെന്തു പറഞ്ഞാലും അതു സാധിച്ചുകൊടുക്കുകയാണത്രെ കാലത്തിന്റെ ജോലിയെന്നും കാലം പറഞ്ഞത്രേ. ഡൽഹിയിൽ ഞാൻ അറ്റൻഡ് ചെയ്യാൻ പോകുന്ന ഇന്റർവ്യൂ ജയിപ്പിച്ചു തരാൻ കാലത്തിനു കഴിയുമോന്നു ഞാൻ ചോദിച്ചു. ഇല്ലാന്നയാൾ പറഞ്ഞു. എന്റമ്മയുടെ ആസ്മാ രോഗം സുഖപ്പെടുത്താൻ കാലത്തിനു പറ്റുമോയെന്നു ഞാൻ ചോദിച്ചു. അതിനും ഇല്ലായെന്ന് തന്നെ അയാൾ മറുപടി പറഞ്ഞു. അവസാനം ഞാൻ അയാളോട് ചോദിച്ചു, പിന്നെന്തു സാധിച്ചു കൊടുക്കാനാ കാലം പോകുന്നതെന്ന്." 
അയാളതിനു മറുപടി പറയാൻ ഒന്നു മടിച്ചതു പോലെ എനിക്കു തോന്നി. ഞാൻ ട്രയിനിന്റെ സൈഡ് വിന്റോയുടെ കർട്ടൻ പതിയെ മാറ്റി കട്ടിയുള്ള കണ്ണാടിയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. ഇടക്കു ദയനീയമായി ഞാനാ കാലത്തിന്റെ ഉപചാരകന്റെ മുഖത്തു നോക്കി. അയാൾക്കൊരു മറുപടി തരാനുണ്ടായിരുന്നില്ലല്ലോയെന്നു ചിന്തിച്ചു. പക്ഷെ അയാൾ പറഞ്ഞു,
"കാലം ഒരാൾക്കു സ്വർഗ്ഗം പണിതുകൊടുക്കുന്ന കാര്യം പറഞ്ഞിരുന്നു. മരണശേഷം സ്വർഗ്ഗമുണ്ടെന്നു വിശ്വസിക്കുകയും അതിനുവേണ്ടി എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്നു കേട്ടോ, അതെല്ലാം കൃത്യമായി ചെയ്യുകയും ചെയ്ത ഒരു വൃദ്ധനുവേണ്ടിയാണത്രെ കാലം സ്വർഗ്ഗം പണിയുന്നത്. കാലം ഒരാൾക്ക് തേൻപഴം കൊടുക്കുമെന്നും പറഞ്ഞു; ഒരിക്കൽ തിന്നാൽ ഒരിക്കലും വിശക്കില്ലാത്ത തേൻ പഴമെന്ന ഫലം കായ്‌ക്കുന്ന മരം വനത്തിലുണ്ടെന്നുറച്ച് വിശ്വസിച്ചു കൊണ്ട് വനത്തിലൂടെ അലയുന്ന ഒരാൾക്കാണ് തേൻ പഴം കിട്ടുക."
സുനു എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. ഞാൻ സുനുവിനോട് പറഞ്ഞു, 
"കാലം വരാൻ എന്തു ചെയ്യണമെന്ന് എനിക്കു മനസ്സിലായി! വന്നു പോയത് കാലമാണെന്നും എനിക്കുറപ്പാണ്. കാലം എന്നെ തേടിയും ഉടൻ വരും; കാരണം, ഡൽഹിയിൽ നിന്നും നിയമനോത്തരവ് ഉടൻ വരുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു."

Tuesday, 28 June 2016

എന്തിനിത്ര ധൃതി?

"നിന്നെ ഞാൻ സ്വന്തമാക്കും, എന്തു വിലകൊടുത്തും." പദവിയെ നോക്കി ഒരു ഡിഗ്രിക്കാരൻ പറഞ്ഞു. 
"നിന്നെ എനിക്കു വേണം, എന്തു വിലയാണെങ്കിലും." അമ്മയെ നോക്കി കുഞ്ഞു പറഞ്ഞു.
"ഒരു നാൾ ഞാനും സാറിനെപ്പോലെ പിള്ളേരെ പേടിപ്പിക്കും. അതിനു വേണ്ടി എന്തും ഞാൻ പഠിക്കും." അദ്ധ്യാപകനെ നോക്കി കുട്ടി പറഞ്ഞു.
"ഈ വയലിൽ നെല്ല് വിളയിച്ച് ഞാൻ കൊയ്തെടുക്കും, അതിനു വേണ്ടി എന്തെല്ലാം ചെയ്യേണ്ടി വന്നാലും." വയലിലേക്ക് നോക്കി കർഷകൻ പറഞ്ഞു.
"ഇവനെ പഠിപ്പിച്ചു ഞാൻ എഞ്ചിനീയറാക്കും, എത്ര വിഷമിച്ചാലും." മകനെ നോക്കി അപ്പൻ പറഞ്ഞു.
"ഇവളെ പത്തേക്കർ സ്വന്തമായുള്ള വീട്ടിലേക്കു തന്നെ പറഞ്ഞു വിടും, എത്ര കാത്തിരിക്കേണ്ടിവന്നാലും." മകളെ നോക്കി അമ്മ പറഞ്ഞു.
"അവളെ കാണാൻ എത്ര സുന്ദരി! ആർക്കും കൊടുക്കില്ല ഞാനവളെ, ജീവിതം തന്നെ പോയാലും." ഒരു പെണ്ണിനെ നോക്കി ചെറുപ്പക്കാരൻ പറഞ്ഞു.
പുഴു തെരുവു തോറും തീറ്റ തേടി നടന്നു, വെളുപ്പു മുതൽ. അതു ചന്തകളിലും പോയി, കുടിലുകളിലും പോയി, പഴത്തോപ്പുകളിലും പോയി. പലയിടങ്ങളിലും അതു കറങ്ങി. കുഞ്ഞു കുട്ടികൾ മുതൽ പടു വൃദ്ധർ വരെ, എന്തൊക്കെയോ നേടുന്നതിനെപ്പറ്റി വെളുപ്പിനെ മുതൽ ഇങ്ങിനെ മുരളുന്നത് പുഴു കേൾക്കുമായിരുന്നു. 
പുഴുവിന്റെ ചുളുങ്ങിയും നിവർന്നുമുള്ള യാത്ര കണ്ടു പുൽച്ചാടിക്കു സങ്കടം വന്നു.
ഒരപകടം വന്നാൽ ഓടിയോ ചാടിയോ രക്ഷപ്പെടാൻ പോലും ഇതിനു കഴിയില്ലല്ലോയെന്നു പുൽച്ചാടി ഓർത്തു.
"എങ്ങോട്ടാ?" പുൽച്ചാടി പുഴുവിനോട് ചോദിച്ചു. 
"കൂട്ടുകാരെ വിളിക്കാൻ."
"ങ്‌ഹും ..എന്താ വിശേഷിച്ച്?" പുൽച്ചാടി ചോദിച്ചു.
"ഇന്നു രണ്ടുപേർ വീണു, നാളെ തിന്നാൻ തുടങ്ങണം." പുഴു പറഞ്ഞു.
"ആരാ?" പുൽച്ചാടി ചോദിച്ചു.
"എന്തു വിലകൊടുത്തും ആ മണ്ണു വാങ്ങുമെന്നു പറഞ്ഞു നടന്ന ഒരുത്തനും, പുതിയ വീട്ടിൽ ഉറങ്ങാൻ കിടന്ന ഒരുത്തനും...!"
പുഴു പറഞ്ഞു. 
പുൽച്ചാടിക്കു സങ്കടം വന്നു. ഒരു നേരത്തെ തീറ്റക്കു സന്ധ്യവരെ ചാടി നടക്കുന്നു, എന്നിട്ടും വയറു നിറക്കാൻ തനിക്കു പറ്റുന്നില്ല. ഈ പുഴുവിനാകട്ടെ ദാരിദ്ര്യം എന്നതെന്താണെന്നറിയത്തുമില്ല. പുഴുവിനേക്കാൾ കൂടുതൽ പുൽച്ചാടി ചിന്തിച്ചത് മനുഷ്യനെപ്പറ്റിയായിരുന്നു.
'എന്തു വിലകൊടുത്തും ആ മണ്ണു വാങ്ങുമെന്നു പറഞ്ഞു നടന്ന ഒരുത്തനെ ഒരു വിലയും കൊടുക്കാതെ പുഴു സ്വന്തമാക്കിയിരിക്കുന്നു. സ്വപ്ന ഗ്രഹം പണിതതിലുറങ്ങാൻ കിടന്ന ഒരുവനെയും പുഴു സ്വന്തമാക്കിയിരുന്നു.'
പ്രപഞ്ചത്തെപ്പറ്റി മുഴുവൻ ഒരു നിമിഷം പുൽച്ചാടി ചിന്തിച്ചു.
പുൽച്ചാടി ഒരൊറ്റ ചാട്ടത്തിനു പുഴുവിന്റെ അടുത്തു ചെന്നു, പിന്നെ അതിനോടു പറഞ്ഞു. 
"എന്തിനായിത്ര ധൃതി? നിന്റെ പിന്നാലെയുമില്ലേ അണുക്കൾ?"

Wednesday, 18 May 2016

എനിക്കു നിന്നെ അറിയില്ല


(വളരെ ശ്രദ്ധാപൂർവം നീ നെയ്തെടുത്ത സ്വന്തമെന്നു പറയാവുന്ന സുന്ദരമായയീ സ്വപ്നത്തിനിതാ അന്ത്യമായിരിക്കുന്നുവെന്നു സ്വഭൂതങ്ങൾ ഉരുവിടുന്നതു കേൾക്കാനിടവന്നാൽ ആരും ഞെട്ടും. സുബോധമുള്ളവരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുൾപ്പെടെ എങ്ങനെ വഴിമാറാമെന്നു ചിന്തിക്കും. വിധിയറിഞ്ഞിട്ടും നിർഭയം, നിസ്സങ്കോചം ആരെയും കൂസാതെ, ആരെങ്കിലും കർമ്മബദ്ധരായി വീണ്ടും അതേ പാത തുടരുന്നുവെങ്കിൽ അവൻ നെയ്തുകൊണ്ടിരുന്നത് സ്വപ്നങ്ങളായിരിക്കില്ല, സത്യത്തിന്റെ അലുക്കുകളായിരുന്നിരിക്കും. 

അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ശ്രീ സക്കറിയാസ് നെടുങ്കനാലെന്ന 'താന്തോന്നി'യുടെ ജീവിതം എനിക്കെന്നും ഒരു സമസ്യയായിരുന്നു. മിക്ക ലോക താത്വിക-ശാസ്ത്രാചാര്യന്മാരുടെ മഹത്ഗ്രന്ഥങ്ങളും തന്നെ അദ്ദേഹം വായിച്ചിട്ടുണ്ട്; വളരെ ആഴമേറിയ പല പ്രപഞ്ചസത്യങ്ങളും വളരെ സരളമായി വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുമുണ്ട്. അവിടെയൊന്നുമല്ല എന്റെ മനസ്സുടക്കിയത് - അദ്ദേഹം ചിന്തിച്ചതും, പറഞ്ഞതും, ചെയ്തതുമെല്ലാം ഒന്നു തന്നെയായിരുന്നുവെന്നത് എന്നെ വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു! മനുഷ്യരുടെ അളവിൽ, അതൊരു താന്തോന്നിക്കേ സാധിക്കൂ; ആതുകൊണ്ടാണു ഞാനദ്ദേഹത്തെ താന്തോന്നിയെന്നു തന്നെ വിളിക്കുന്നത്. അദ്ദേഹത്തിൻറെ രീതിയിൽ യേശുവും ഒരൊന്നാന്തരം താന്തോന്നിയായിരുന്നു എന്ന് നമുക്കറിയാം. സക്കറിയാസറിയാത്ത ഒരു സ്പന്ദനവും പശ്ചിമഘട്ടത്തിന്റെ തുടർച്ചയായ അദ്ദേഹത്തിന്റെ സ്വന്തം മലഞ്ചെരിവുകളിൽ ഉണ്ടായിരുന്നോയെന്നു ഞാൻ സംശയിക്കുന്നു. പ്രപഞ്ചവുമായി അദ്ദേഹം സ്ഥാപിച്ച പ്രണയബന്ധം ഈ ഭൂമിയുടെ അക്ഷാംശങ്ങൾ വരെ നീളുന്നതായിരുന്നുവെന്നു പറയുന്നതായിരിക്കും ശരി. എങ്കിലും ആ ജലാശയം എന്നും ശാന്തമായിരുന്നു!

ഏഴു പതിറ്റാണ്ടുകളിലെ നിലാവുകൾ മുഴുവൻ അദ്ദേഹം രുചിച്ചവയാണെന്നു ചിന്തിക്കാൻ പോലും എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല; അത്രയ്കു യൗവ്വനമാണദ്ദേഹത്തിന്റെ കണ്ണുകളിൽ. ഒരു രക്ഷകനായല്ലാതെ ഒരിക്കലും ആസ്പത്രിയുടെ വാതിലുകളിൽ മുട്ടിയിട്ടില്ലാത്ത അദ്ദേഹത്തിനു തളർന്നു വീഴാൻ ഇടമൊരുക്കിക്കളയാമെന്ന് ഒരാസ്പത്രി തന്നെ നിശ്ചയിച്ചില്ലായിരുന്നെങ്കിൽ....! ഗുരുതരമായ ഒരു ഹൃദയാഘാതത്തിൽ കുടുങ്ങിപ്പോയി, അദ്ദേഹത്തിന്റെ ഭൌതിക ശരീരം. അതിവിദഗ്ദ ചികിത്സകൾക്കു വേണ്ടി മൂന്നോളം ആസ്പത്രികളുടെ ICU കളിലും വെന്റിലേറ്ററുകളിലുമായി രണ്ടുമൂന്നാഴ്ചകൾ അദ്ദേഹം ചിലവിട്ടു!

കൈകൾ ചലിക്കുന്നുവെന്നുറപ്പു വന്നപ്പോൾ ഒരു കടലാസ്സിലദ്ദേഹം പ്രപഞ്ചത്തിന്റെ രഹസ്യം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങിനെ കുറിച്ചത് ഒരു ബന്ധുവഴി എനിക്കയച്ചുതന്നു, - 'എനിക്കു നിന്നെ അറിയില്ലാ'യെന്ന ശീർഷകത്തിൽ. ആ കുറിപ്പ് ഞാനിവിടെ പ്രസിദ്ധീകരിക്കുന്നു. അതൊരു കുറിപ്പായി കാണാൻ എനിക്ക് കഴിയുന്നില്ല - മൗലിക മഹദ്ഗ്രന്ഥങ്ങളുടെ സത്ത പിഴിഞ്ഞെടുത്താലും ഇങ്ങിനെയേ ഇരിക്കൂ - ജോസഫ് മറ്റപ്പള്ളി)

"ഇന്നെനിക്കു ലേശം പോലും ഭയം തോന്നാത്തത്, സത്യമായി അടുത്തടുത്തു വരുന്ന മരണമെന്ന അന്ത്യത്തിന് മുമ്പിലാണ്. ഏറ്റവും വലിയ ഈ കണ്ടെത്തലിൽ എന്നെ കൊണ്ടെത്തിച്ചത് വളരെ ചെറിയ കാര്യങ്ങളാണ്. ഞാൻ എന്ന അതിനിസ്സാരനു ചുറ്റും ഉരുണ്ടു കളിക്കുന്ന അതിസൂഷ്മങ്ങളായ തമോഗർത്തങ്ങളേപ്പറ്റിയുള്ള എന്റെ ബോധം തെളിഞ്ഞു വരികയാണ്. "നിന്റെ സ്വരൂപം" എന്ന ശീർഷകത്തിൽ അടുത്ത നാളുകളിൽ ഞാനെഴുതിക്കൊണ്ടിരുന്ന വിഷയങ്ങളുടെ പരിസമാപ്തിയാണിത് എന്നും പറയാം. മരിയൻ സെന്റർ (പാലാ), കാരിത്താസ്‌ (കോട്ടയം), ലിസി (എറണാകുളം) എന്നീ ആശുപത്രികളിലെ ICU കളിലൂടെയുള്ള ഒരാഴ്ചത്തെ ഓട്ടവും അതിനാക്കം കൂട്ടി. 

"നീ ലോകത്തിന്റെ പ്രകാശമാണ്" എന്നു വിളിച്ചുപറഞ്ഞ് കടന്നുപോയ ഗുരു മനുഷ്യനെ കണ്ടത് സ്വയമേയും ചുറ്റുവട്ടത്തേയും പ്രകാശിപ്പിച്ചുകൊണ്ടിരിക്കേണ്ട ഒരു കിരണമായിട്ടായിരുന്നിരിക്കണം. സത്യത്തിന്റെ കിരണത്തെ മൂടിക്കളയാൻ അസത്യത്തിന്റെ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം വ്യക്തമായ താക്കീതു നല്കിയിരുന്നു. തങ്ങളുടെ മണവാളന്മാരെ കാത്തിരുന്ന പത്തു കന്യകകളിൽ അഞ്ചുപേർക്ക് സംഭവിച്ചത് ഓർമ്മിക്കുമല്ലോ! ആർത്തു കരഞ്ഞിട്ടും എണ്ണ തീർന്നു വിളക്കണഞ്ഞു പോയ അവർക്ക് കിട്ടിയ പ്രതികരണം കരുണയുടേതായിരുന്നില്ല - "എനിക്ക് നിന്നെ അറിയില്ല" എന്ന തിരസ്കരണത്തിന്റെ വിധിവാക്യമായിരുന്നു.

അസത്യത്തിൽ കുടുങ്ങിപ്പോകുന്ന ഓരോ വ്യക്തിയും തെളിച്ചമില്ലാത്ത വിളക്കുമായി നടക്കുന്ന വിഡ്ഢിയാണ്. 'ഞാൻ' എന്ന സൂഷ്മാസ്തിത്വത്തിനു മീതെ അസത്യത്തിന്റെ പൂഴി വന്നുമൂടുന്നത് അതിശീഘ്രമാണ്. എന്റെയും കുടുംബത്തിന്റെയും പേര്, ശാശ്വതമെന്നു വിശ്വസിക്കപ്പെടുന്ന ബന്ധങ്ങൾ, സമ്പാദ്യങ്ങൾ, സ്ഥാനമാനാദികൾ, നേടിയതും നേടാനിരിക്കുന്നതുമായ വലിയ കാര്യങ്ങൾ എന്നതെല്ലാം 'ഞാൻ' എന്ന അദമ്യമായ സത്യാങ്കുരത്തെ അതിന്റെ നേർക്കാഴ്ച്ചകളിൽ നിന്ന് വ്യതിചലിപ്പിക്കാൻ മാത്രമേ ഉപകരിക്കുന്നുള്ളൂവെന്നത് ഏവരും മറന്നു പോകുന്നു. വളരെപ്പെട്ടെന്നാണ് അർത്ഥശൂന്യമായ ഒരു മിഥ്യയായി, നാം മാറിപ്പോകുന്നത്. അങ്ങേയറ്റം സരളവും വ്യക്തവുമായിരിക്കേണ്ട മനുഷ്യവ്യക്തി മണവാളനാൽപ്പോലും തിരിച്ചറിയപ്പെടാത്ത ഒരു ബീഭൽസരൂപമെടുക്കുന്നു. അതിനോടിടക്കു ദൈവാന്വേഷണം മോക്ഷസങ്കല്പങ്ങൾ, അവയെ സാക്ഷാത്ക്കരിക്കാനുള്ള ഭക്തി- പൂജാദികൾ എന്നിവയുടെ ഭാരവും അവനു മേൽ വന്നുവീഴുന്നു. സുന്ദരമായ ഒരു ദൈവാങ്കുരം ചുറ്റുപാടുമുള്ളതിനെയെല്ലാം വിഴുങ്ങാൻ തക്കം നോക്കിയിരിക്കുന്ന ബീഭബൽസമായ ഒരു തമോഗർത്തമായി രൂപമെടുത്തു കഴിഞ്ഞു. ഇന്നത്തെ ശരാശരി മനുഷ്യന്റെ ജീവിതാനുഭവമല്ലേയിത്?

ആർക്ക് എവിടെയാണു തിരുത്താനാവുന്നത്? ഞാൻ 'ആരോ' 'എന്തോ' ആണെന്ന നുണയെ മുളയിലെ നുള്ളുക. ഈ നുണ ശാശ്വതമോ ഏതെങ്കിലും വിധത്തിൽ അർഹതപ്പെട്ടതോ അല്ല എന്ന തിരിച്ചറിവിലെത്തുക. ജനിച്ച സമയമോ ചുറ്റുപാടുകളോ യാതൊരു പ്രാധാന്യവുമില്ലാത്ത യാദൃശ്ച്യതകളാണ്. ജീവിതമെന്ന സത്യം ഒരു വലിയ രഹസ്യമാണ്. അതിനെ കളങ്കപ്പെടുത്താതെ അതി വിശുദ്ധമായി കാത്തു സൂക്ഷിക്കുക.

എല്ലാം വേണ്ടപ്പോൾ വേണ്ടപോലെ സംഭവിക്കുന്നു എന്ന വിശ്വാസമുള്ളവർക്ക് ഇന്നലെയും ഇന്നും നാളെയും ഒരുപോലെയാണ്. അപ്പോൾ ദുഖത്തിനോ സന്തോഷത്തിനോ അമിതാഹ്ലാദത്തിനോ നിരാശതക്കോ ജീവിതത്തിൽ സ്ഥാനമില്ല. അദ്ധ്വാനിച്ചു ധർമ്മം ചെയ്യുക. എന്തെങ്കിലുമൊക്കെ ആയിത്തീർന്ന് മോക്ഷത്തിനർഹനാകുക എന്ന് പുറകിൽ നിന്ന് നിരന്തരം ഉന്തിക്കൊണ്ടിരിക്കുന്നവരെ വിട്ടൊഴിയുക.
ജനിച്ച നിമിഷം മുതൽ നീയാണു നിന്റെ മോക്ഷം. അതിന്, നീ വെറുതേ നീ മാത്രം ആയിരുന്നാൽ ധാരാളം മതി!"