Friday 21 August 2015

എഡിറ്റിങ്ങ് എന്ന കല

സാക്ക് നെടുങ്കനാൽ

ശ്രീ എന്‍.പി. മുഹമ്മദിന്റെ ഉള്‍വെളിച്ചം എന്ന ലേഖനസമാഹാരത്തിന്റെ അവസാനത്തെയദ്ധ്യായം 'എഡിറ്റിംഗ്' എന്ന കലയെപ്പറ്റിയാണ്‌. പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍, എനിക്ക് തോന്നിയത്, കഷ്ടം, ഈ പുസ്തകത്തിനും പ്രസിദ്ധീകരണത്തിനു മുമ്പ് എഡിററിംഗ് എന്ന ഭാഗ്യം സിദ്ധിച്ചില്ലല്ലോ എന്നാണ്. 

തന്റെ രചന കഴിവുള്ള ഒരെഡിറ്റര്‍ക്ക് കൈമാറുംമുമ്പ്, എഴുത്തുകാരന്‍ തന്നെ ആശയങ്ങളുടെ ഒഴുക്ക്, ഭാഷാശുദ്ധി, വിനിമയത്തിലെ ലാളിത്യം എന്നിവയൊക്കെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതൊക്കെ കഴിഞ്ഞും ബാക്കിയിരിക്കുന്ന കുറവുകളെ കണ്ടെത്തുകയാണ് എഡിറ്ററുടെ ജോലി. പലപ്പോഴും എഴുത്തിനേക്കാള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നത് എഡിറ്റിംഗ് ആയിരിക്കും. ഏതു കൃതിയും അമൂല്യമാകുന്നത് എഡിറ്റിംഗിലൂടെയാണ്. 

അച്ചടിക്കുമുമ്പ് എത്രയാവര്‍ത്തി വായിച്ചാലും, ഒരെഴുത്തുകാരനും സ്വന്തം ഭാഷാവൈകല്യങ്ങളിലേയ്ക്ക് കൃത്യമായ ഉള്‍ക്കാഴ്ച കിട്ടുകയില്ല. അവിടെയാണ് ഒരെഡിറ്റര്‍ അനിവാര്യമാകുന്നത്. എഡിറ്റര്‍ക്ക് പുസ്തകമെഴുതിയ ആളെക്കാള്‍ നല്ല ഭാഷ വേണം; നിരൂപണശക്തിയും നയവും വേണം. അഹംഭാവിയായ എഴുത്തുകാരന്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അയാളെ ബോദ്ധ്യപ്പെടുത്താനുള്ള തന്റേടം വേണം. അതിനായി അവരുടെ ആദരവും വിശ്വാസവും നേടാന്‍ കഴിയുന്നയാളായിരിക്കണം, എഡിറ്റര്‍. ഒരു കൊല്ലം മുഴുവനൊരുമിച്ചിരുന്ന് ഒരെഡിറ്ററും ഗ്രന്ഥകര്‍ത്താവും കൂടി ഒരു പുസ്തകത്തെ പ്രസിദ്ധീകരണയോഗ്യവും സുന്ദരവുമാക്കിയെടുത്ത കഥ പോലും വിദേശത്തുണ്ട്‌. പുസ്തകത്തെ സംശോധന ചെയ്യുന്നതിലൂടെ, അതിനായി, എഡിറ്റര്‍ക്ക് ഗ്രന്ഥകര്‍ത്താക്കളുമായി ഇടപെടേണ്ടി വരും. പുസ്തകത്തിന്റെ ഉള്ളടക്കത്തിന് ശക്തരൂപം നല്‍കുക എന്നതാണല്ലോ ലക്ഷ്യം. 
ഇവിടെ എഴുത്തുകാരന്‍, കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നപോലെ ഓരോന്നിറക്കുന്നു. സ്വന്തമായിരിക്കാം, തര്‍ജ്ജമയായിരിക്കാം; മുടക്കുന്ന പണം നഷ്ടമായ തോന്നല്‍ മാത്രമാണ് മിക്കപ്പോഴും വായനക്കാരന് ബാക്കി. ഉദാഹരണങ്ങള്‍ എത്ര വേണം? ദൈവത്തെ എങ്ങനെ അറിയാം (How to know God, Deepak Chopra,  വിവ. പ്രമീളാ ദേവി, പ്രസാ. റോയി ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍) എന്ന കൃതി ഇംഗ്ലീഷില്‍ best seller ആണ്. അതിന്റെ മലയാളവിവര്‍ത്തനം വായിച്ചുതുടങ്ങുമ്പോള്‍ കാണാം എഡിറ്റിംഗിന്റെ പോരായ്മ. ഭാഷ മോശം, പ്രൂഫ്‌ റീടിംഗ് നടത്തിയതിന്റെ ഒരു മട്ടുമില്ല. ഡോ. ചെറിയാന്‍ ഈപ്പന്റെ പ്രസാധകക്കുറിപ്പിന്റെ ഒരു താളില്‍ തന്നെ ഒരു ഡസനില്‍ കൂടുതല്‍ ഭാഷാവൈകൃതങ്ങള്‍‍! അച്ചടിപ്പിശകുകള്‍ക്ക് എണ്ണമില്ല. ഇത്തരമനുഭവമുണ്ടായാലും, ഒരു നിരൂപകനും ഉള്ളതു പറയാനുള്ള ആര്‍ജജവം കാണിക്കാറില്ല. അന്യോന്യം പുകഴ്ത്തലാണ് ഏവരുടെയും പരിപാടി. എറിയ കൂറും തനതുപക്ഷീയമായിരുന്നെങ്കിലും, എഴുത്തുകാരോട് വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന ഒരാളുണ്ടായിരുന്നു - എം. കൃഷ്ണന്‍നായര്‍. അദ്ദേഹത്തിന്‍റെ വേര്‍പാടിന് ശേഷം, പൂച്ചയില്ലാത്ത വീട്ടിലെ എലികളെപ്പോലെ, ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഇന്നാരെയും ഭയമില്ല! പ്രസാധകര്‍ക്കാകട്ടെ, വിറ്റഴിക്കാന്‍ കൊള്ളാവുന്ന കൃതികളുടെ എണ്ണം കഴിവത് കൂട്ടണമെന്നല്ലാതെ, മുദ്രണത്തില്‍ മേന്മ പുലര്‍ത്തണമെന്ന് അല്പമെങ്കിലും നിര്‍ബന്ധമുഉള്ളതായി തോന്നുന്നില്ല. ഉള്ളടക്കത്തിലും ഭാഷയിലും മുദ്രണത്തിലും മേന്മ്മ പുലര്‍ത്തുന്ന ഒരു കൃതി കൈയില്‍ കിട്ടിയിട്ടു നാളുകളായി. ആശയവിനിമയത്തേയും വായനയേയും സഹായിക്കുന്ന വിധത്തില്‍ വിരാമചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലും പ്രഗത്ഭരല്ല, മിക്ക മലയാളി രചയിതാക്കളും. എങ്ങനെ തട്ടിക്കൂട്ടിയതായാലും, എത്ര ബുദ്ധിമുട്ടി വാക്യങ്ങളുടെ ഉള്ളടക്കം കണ്ടെത്തേണ്ടി വന്നാലും, ഒരു പ്രതികരണവും അനുവാചകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല എന്നതുകൊണ്ട്, ആര്‍ക്കും എന്തും ആകാമെന്ന രീതിയാണ് ഇന്ന് ഈ നാട്ടിലെ സാഹിത്യരചനയില്‍ പരക്കെ കാണുന്നത്. നല്ലയാശയങ്ങള്‍ പങ്കുവയ്ക്കാനുള്ളവര്‍ പോലും, ഇത്തരം അപാകതകള്‍ മൂലം, അവരുടെ കൃതികളെ വെറും രണ്ടാംതരത്തെക്കാള്‍ താഴ്ന്ന സൃഷ്ടിയാക്കിത്തീര്‍ക്കുന്നത് പരിതാപകരമാണ്. പലപ്പോഴും നമ്മുടെ പ്രഖ്യാതരായ എഴുത്തുകാരുടെ കൃതികള്‍ക്കുപോലും തനതായ സുകൃതം ഇല്ലാതെപോകുന്ന ദുരവസ്ഥ ശരിയായ എഡിറ്റിംഗില്ലാതെ അവ വെളിച്ചംകാണുന്നു എന്നതുകൊണ്ടാണ്.

വായനയില്‍ എന്നെ സ്ഥിരം അലട്ടുന്ന ചില കുറവുകള്‍ ഇവിടെ എടുത്തെഴുതുകയാണ്. ഇതിലൂടെ ഒന്നു കണ്ണോടിക്കുന്നത് ചിലര്‍ക്കെങ്കിലും ഉപകരിക്കാനിടയുണ്ട് എന്ന വിശ്വാസമാണതിനെന്നെ പ്രേരിപ്പിക്കുന്നത്. ഇവയില്‍ ഏറിയ ഭാഗവും പലപ്പോഴായി മുതിര്‍ന്നതും അല്ലാത്തവരുമായ എഴുത്തുകാര്‍ക്ക് നേരിട്ട് ഞാന്‍ കൈമാറിയിട്ടുള്ള കാര്യങ്ങളാണ്. ചിലരൊക്കെ നിര്‍ദോഷമായ എന്റെ കുറിപ്പുകള്‍ കണ്ടതായേ നടിച്ചില്ല. ഏതാനുംപേര്‍ നന്ദിയോടെ അവ സ്വീകരിച്ചു. രണ്ടും അപ്രസക്തമാണ്; ഭാഷ മേന്മയുള്ളതാകണം എന്നതാണ് പ്രധാനം. തങ്ങള്‍ക്കിഷ്ടമുള്ള ഗ്രന്ഥകര്‍ത്താക്കളും കോള (column)മെഴുത്തുകാരും ഒരു വാക്ക് അല്ലെങ്കില്‍ പ്രയോഗം തെറ്റിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, സാധാരണക്കാര്‍ അവയെ അനുകരിക്കുന്നു; തെറ്റായ ഭാഷാരീതികള്‍ അങ്ങനെ സ്ഥിരീകരിക്കപ്പെടുന്നു. ഇത് ഭാഷക്ക് വല്ലാത്ത ക്ഷീണമാണുണ്ടാക്കുന്നത്. തീരെ ബാലിശവും ദയനീയവുമായ ഭാഷാവികലതകള്‍ സൃഷ്ടിച്ചുവിടുന്നത് ഇന്നത്തെ സിനിമാ റ്റി.വി.വ്യവസായങ്ങളിലെ അവതാരകരും അഭിനേതാക്കളുമാണ്. ബഹുജനവും വിവരമില്ലാത്ത എഴുത്തുകാരും അവരെ കോപ്പിയടിക്കുന്നു. അങ്ങനെ ശുദ്ധമായ ഭാഷ അന്യംനിന്നുപോകുമെന്നത് ഒരു സത്യമാണ്.


ഉദാഹരണങ്ങള്‍: ഭാഷാപ്രയോഗങ്ങളിലെ തെറ്റുകളെക്കാള്‍ തിരുത്താന്‍ പ്രയാസം അനുകരണഭ്രമത്തിലൂടെ ഉടലെടുക്കുന്ന ഭാഷാസങ്കരങ്ങളില്‍ വന്നുഭവിക്കുന്ന വൃത്തികേടുകളാണ്.



1. എങ്ങനെ വന്നുഭവിക്കുന്നു എന്നറിയില്ല, fees, buttons, drinks എന്നിങ്ങനെ കടമെടുത്ത ചില പദങ്ങള്‍ക്കുള്ള സാധാരണ ഉപയോഗം ഏകവചനത്തില്‍ മതിയാകുന്നിടത്തും ബഹുവചനം പറഞ്ഞാലേ ശരിയാകൂ എന്നൊരു ധാരണ പൊതുവേയുണ്ട്. പല 'fees' ഉദ്ദേശിക്കുന്നില്ലെങ്കില്‍, 'ഫീ' എന്ന ഏകവചനംകൊണ്ട്  നിറുത്താം. ഒരൊറ്റ ബട്ടന്‍ തുന്നണമെങ്കിലും, 'ഈ ബട്ടന്‍സ് ഒന്നു പിടിപ്പിച്ചു തരാമോ എന്നേ ചിലര്‍ ചോദിക്കൂ!  

2. column കോളം ആണ്. എന്ന് വച്ച്‌ , columnist കോളമിസ്റ്റ് ആകില്ല, കോളമ്നിസ്റ്റ് ആണ് ശരി. വളരെ വലിയ എഴുത്തുകാരെല്ലാം തന്നെ ഈ തെറ്റു വരുത്താറുണ്ട്. തിരുത്തിക്കൊടുത്തിട്ടും തെറ്റാവര്‍ത്തിക്കുന്നു. ശ്രീ ചാക്കോ കളരിക്കൽ മാത്രം കോളമ്നിസ്റ്റ് എന്ന് ശരിയായി എഴുതിയത് കണ്ടപ്പോൾ സന്തോഷം തോന്നി.

3. ഇംഗ്ലീഷ് ഭാഷയിലെ വിവേചക ഭേദകമായ 'the' ഭാഷാന്തരത്തിലും ഉച്ചാരണത്തിലും ദ, ദ്, ദി എന്നൊക്കെ തോന്നുംപോലെ ആക്കുന്നവര്‍ ഈ നിയമം ഓര്‍ത്തിരിക്കുന്നത് നന്ന്: സ്വരത്തിനും (vowel) h ക്കും പിന്നില്‍ 'the' നില്‍ക്കുമ്പോള്‍ ഉച്ചാരണം ദി. അല്ലാത്തിടത്തൊക്കെ ദ. 'ഫോര്‍ ദി പീപ്ള്‍', ബൈ ദി പീപ്ള്‍' എന്നൊക്കെ സിനിമയ്ക്ക് പേരിടുന്നവരെപ്പറ്റി ഒന്നും മിണ്ടാതിരിക്കുകയാണ് മെച്ചം. ഇംഗ്ലീഷ് 'th' ന്റെ ഉച്ചാരണം കേട്ടു പഠിക്കാതെ വശമാകില്ല. ഏതായാലും, ദയ, ദിക്ക് എന്നീ വാക്കുകളിലെ സ്വരമല്ലത്.   
      
4. കോളമ്നിസ്റ്റ്  പലര്‍ക്കും കോളമിസ്റ്റ് ആകുന്നതുപോലെ, ഫിസിസിസ്റ്റ് എന്ന വാക്ക് ഫിസിസ്റ്റ് എന്ന് ചുരുക്കുന്നവരും വിരളമല്ല.   

5. saint സെയ്ന്‍റ് ആണെങ്കിലും, ഒരു പേരിനു പിന്നില്‍ നില്‍ക്കുമ്പോള്‍ സെന്‍റ് എന്നാണ് ഉച്ചാരണം. സെയ്ന്‍റ് പീറ്റര്‍ അല്ലാ, സെന്‍റ് പീറ്റര്‍, സെന്‍റ് ഫ്രാന്‍സിസ്, സെന്‍റ് മേരിസ് ചര്ച്ച് എന്നൊക്കെയാണ് ശരി.           

6. അമച്വര്‍, അമച്ച്വറിഷ് ശൈലി എന്നൊക്കെ നിരൂപകരും അല്ലാത്തവരും കുറിക്കുന്നത് സാധാരണമാണ്. amateur എങ്ങനെ മലയാളിക്ക് എപ്പോഴും അമച്വര്‍ ആയിപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ട്. എന്റെ നിഗമനമിങ്ങനെയാണ്. mature എന്ന വാക്കിന്റെ വിപരീതമാണിതെന്ന തെറ്റുധാരണയില്‍ നിന്നാകാം അമച്വറിന്റെ ഉദയം. പ്രൊഫെഷണല്‍ എന്നതിന്റെ വിപരീതമൊ അല്ലെങ്കില്‍ non professional എന്ന് സൂചിപ്പിക്കുന്നതോ ആണ് amateur. മലയാളത്തില്‍ അമറ്റ്ര്‍  എന്നെഴുതുന്നതാകാം ഏതാണ്ട് ശരി. തീര്‍ത്തും ശരിയായ ഉച്ചാരണം മലയാളത്തില്‍ എഴുതിപ്പിടിപ്പിക്കാനാവില്ലെങ്കില്‍‍‍, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാപദങ്ങളെ മലയാളലിപിയിലാക്കാന്‍ ഒരുമ്പെടാതിരിക്കുകയല്ലേ മെച്ചം? ആശയവിനിമയത്തിനുതകുന്ന പദം ഭാഷയിലില്ലെങ്കില്‍, കടമെടുക്കുന്ന അന്യഭാഷാപദം ലത്തീന്‍ ലിപിയില്‍ തന്നെ എഴുതിയാല്‍ എന്താ ചേതം?

7. മിക്കവാറും വിദേശപദങ്ങളും നാമങ്ങളും മലയാളലിപിയില്‍ എഴുതിപ്പിടിപ്പിക്കുക ആയാസമുള്ള കാര്യമാണ്. എന്നാലും ചില എഴുത്തുകാര്‍ക്ക് അത് വലിയ ഹരമാണ്. ഹരം കൊള്ളാം, പക്ഷേ, എഴുതു‌ന്നത് മൂലഭാഷയിലെ ഉച്ചാരണവുമായി ഒരു സാമ്യവുമില്ലാത്തതായിപ്പോയാല്‍ വൃത്തികേടാണെന്നു തോന്നാത്തതാണ് കഷ്ടം. സംസാരത്തിലും എഴുത്തിലും മലയാളത്തിനിടക്ക് സര്‍വ്വസാധാരണമായി തിരുകിക്കയറ്റുന്ന പല ആംഗലപദങ്ങളും തീര്‍ത്തും വികലമായിട്ടാണ് ലിപിമാറ്റം ചെയ്യപ്പെടുന്നത് അല്ലെങ്കില്‍ ഉച്ചരിക്കപ്പെടുന്നത്. ഈ തെറ്റുകള്‍ ആരുമറിയാതെ ഇംഗ്ലീഷ്ഭാഷയുടെ ഉപയോഗത്തിലും ശരിയുടെ സ്ഥാനം പിടിക്കുന്നു എന്നത് ഒരു വലിയ ഭവിഷ്യത്താണ്. അക്ഷരമാലയില്‍ 'ട'യ്ക്ക് നാല് വ്യത്യസ്ത വ്യജ്ഞനരൂപങ്ങള്‍ ഉണ്ടായിട്ടും, മലയാളിക്ക്/ഇന്ത്യാക്കാരന്, ഇംഗ്ലിഷിലെ 't' യും 'd' യും വേണ്ടിടത്ത് വേണ്ടതുപോലെ ഉച്ചരിക്കാന്‍ സാധിക്കുന്നില്ല. 't' കൊണ്ടും 'w' / 'wh' കൊണ്ടും തുടങ്ങുന്ന ഒരു വാക്കും മലയാളി ശരിക്കല്ല ഉച്ചരിക്കാറ്. ഇതൊക്കെ ഒന്നുകൂടി വഷളാകുകയാണ് ലിപിമാറ്റത്തിലൂടെ. അതുകൊണ്ട്, താഴെ കൊടുക്കുന്ന ഉദാഹരണങ്ങളില്‍ വലയത്തിനുള്ളിലുള്ളത് ശരിയായതിന്റെ ഏതാണ്ട് അടുത്തുവരുന്നു എന്നു പറയാമെന്നേയുള്ളൂ. 
ഐഡിയ (ഐഡീയ), ട്രേഡ് യൂണിയന്‍ (റ്റ്റെയ്ഡ് യൂണിയന്‍), സ്റ്റേറ്റ് (സ്റ്റേയ്റ്റ്), സേവ് (സേയ് വ്), കരിക്കുലം (ക്യരിക്യുലം), വാക്വം (വാക്യുഅം), ജ്യൂസ് - Jews, juice - രണ്ടും ജൂസ് ആണ്, കയോസ് (കെയ് യോസ്), മെമ്മയെര്‍ (മെമ്വാര്‍), ടേസ്റ്റ് (റ്റെയ്സ്റ്റ്), സ്പേസ് (സ്പേയ്സ്), ഷേവ് (ഷെയ് വ്), കാല്ക്കുലേറ്റര്‍ (കാല്ക്യുലേയ്റ്റര്‍), ഡോക്കുമെന്ററി (ഡോക്യുമെന്ററി), നയാഗ്രാ (നയാഗര), ജോമട്രി (ജിയൊമെട്രി), ജോഗ്രഫി (ജിയൊഗ്രഫി), അട്വക്കേറ്റ് (അഡ് വൊകെയ്റ്റ്), നാച്ചുറല്‍ (നാച്ചറല്‍), ഫെല്ലോ (ഫെലൊ), - രണ്ട് 'll' കാണുന്നിടത്തൊക്കെ 'ല്ല' ആവശ്യമില്ല! - buffello ബഫെലോ ആണ്, fellowship ഫെലൊഷിപ്‌.  ഇവല്യൂഷന്‍ (ഇവലൂഷന്‍), സൊല്യൂഷന്‍ (സൊലൂഷന്‍), യേല്‍ യൂണിവേര്സിറ്റി (യെയ് ല്‍‍...), ഫോര്‍മുല (ഫോര്‍മ്യുല), ഗ്രേസ് മാര്‍ക്ക് (ഗ്രേയ്സ് മാര്‍ക്ക്), ഗ്രേറ്റ് (ഗ്രെയ്റ്റ്), വേസ്റ്റ് (വ്വേയ്സ്റ്റ്), പ്ലേറ്റ് (പ്ലേയ്റ്റ്), ക്ലാസ്മേറ്റ് (ക്ലാസ്മെയ്റ്റ്), ടീം മേറ്റ് (റ്റീംമെയ്റ്റ്), age ഏജ്  (എയ്ജ്),  ലൌ-ഹേറ്റ് (ലവ്-ഹെയ്റ്റ്), ഫ്രേം ചെയ്ത (ഫ്രെഇം), സ്റ്റാറ്റിസ്റ്റിക്സ്‌ (സ്റ്ററ്റീസ്റ്റിക്സ്), സെഞ്ചുറി (സെഞ്ച്വറി), ട്വിന്‍ ടവേര്‍സ് (റ്റ്വിൻ റ്റവേര്‍സ്), പേ വാര്‍ഡ്‌ (പേയ് വ്വാര്‍ഡ്‌), സര്‍ക്കുലേഷന്‍ (സെര്‍ക്യുലേയ്ഷന്‍), പോപ്പുലേഷന്‍ (പോഉപ്യുലെയ്ഷന്‍), ടൂത്ത് പേസ്റ്റ് (റ്റൂത്ത് പെയ്സ്റ്റ്), റീജിയണല്‍ (റീജണല്‍), റിലിജ്യന്‍ (റിലിജന്‍), റിലിജ്യസ് (റിലിജസ്‍), ഫോര്‍മുല (ഫോര്‍മ്യുല), ലേബര്‍ റൂം (ലെയ്ബര്‍ റൂം), friend ഫ്രെണ്ട് - ഫ്രണ്ട് (front) / itinerary ഇറ്റിനെററി (ഇറ്റിനറി അല്ല) / veterinary വെറ്റെറിനറി എന്നെഴുതണം (വെറ്റിനറി അല്ല). ഇങ്ങനെ പോയാല്‍ താളുകള്‍ നിറക്കാം.

ഇതിനകം തിരുത്തിയോ എന്നറിയില്ല, വയനാട്ടിലെ ഗവ. മൃഗചികിത്സാകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ മുന്‍വശത്ത് ആനമുഴുപ്പില്‍ എഴുതിയിരുന്നു: "Vetinary College". അതിന് താഴെ, മലയാളത്തില്‍, "വെറ്റിനറി കോളേജ്" എന്നും! എന്താ പറയേണ്ടത്?       

8. തെറ്റായ തഴക്കങ്ങള്‍: മുഖദാവില്‍ (ശരി: മുഖതാവില്‍), പൊടുന്നനവേ (ശരി: പൊടുന്നനെ), നിരാശ = ആശയില്ലാത്തവള്‍ / നിരാശത = ആശയില്ലാത്ത അവസ്ഥ / ഒഴിവുകഴിവ്  (ശരി: ഒഴികഴിവ്). എത്തിച്ചേരുക എന്നയര്‍ത്ഥത്തില്‍ എത്തിപ്പെടുക, എത്തപ്പെടുക എന്നൊക്കെ എഴുതിക്കാണുന്നു. എത്തുപെടുകയാണ് ശരിയെന്നു ശബ്ദസാഗരം. പൊതുവെയും പ്രത്യേകിച്ചും എന്നെടുത്ത് പറയേണ്ടതില്ലെങ്കില്‍, പ്രത്യേകിച്ച് എന്നെഴുതിയാല്‍ ധാരാളം മതി. അതുപോലെ നിന്ന് എന്ന് മതിയാകുന്നിടത്ത് നിന്നും അരോചകരമാണ്. മറ്റൊന്നാണ്, ഒരാവശ്യവുമില്ലാതെ 'ഒരു'വിന്റെ തിരുകിക്കയറ്റല്‍. Why I'm not a Hindu എന്നതിന് മലയാളത്തില്‍ ഞാനെന്തുകൊണ്ട് ഹിന്ദുവല്ല എന്ന് മതി. ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല എന്നതു ചീത്ത ശൈലിയാണ്. ഇംഗ്ലീഷില്‍ I'm a teacher എന്ന് പറയാം. പക്ഷേ, ഭാഷയില്‍ 'ഞാന്‍ റ്റീച്ചറാണ്' എന്ന് മതിയാവും. Food ലോകത്തെവിടെയും 'ഫൂഡ്' ആണ്. എന്നാല്‍, ഇന്ത്യയില്‍ അത് ഫുഡ് ആണ്, നീണ്ട Dr.-കൊമ്പുള്ളവര്‍ക്കുപോലും!  
9. സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുള്ള ഒരു തെറ്റാണ്, ഏകവചനശബ്ദമായ 'ഓരോ' കഴിഞ്ഞ് ബഹുവചനത്തിലുള്ള നാമപദം ഉപയോഗിക്കുക; ഓരോ കുട്ടികള്‍ക്കും, ഓരോ മന്ത്രിമാര്‍ക്കും എന്നിങ്ങനെ. ഒന്നുകില്‍ ഓരോ കുട്ടിക്കും അല്ലെങ്കില്‍ ഓരോരോ കുട്ടികള്‍ക്കും എന്നാകണം പ്രയോഗം.

10. വളരെ ആരോചകമാണ്, ഇതരഭാഷകളിലെ വ്യക്തി- സ്ഥലനാമങ്ങള്‍ ഓരോരുത്തരും തോന്നുമ്പോലെ എഴുതിവിടുന്നത്. ഇന്റെര്‍നെറ്റിന്റെ സഹായത്താല്‍ ആര്‍ക്കും മനസ്സുവച്ചാല്‍ ഇക്കാര്യത്തില്‍ വലിയ പോഴത്തങ്ങള്‍ ഒഴിവാക്കാം. എന്നിട്ടും, ഇരുത്തം വന്ന രചയിതാക്കള്‍ പോലും ഇക്കാര്യത്തില്‍ എന്തുകൊണ്ട് വളരെ അശ്രദ്ധരാണെന്നത് മനസ്സിലാകാത്ത സംഗതിയാണ്. വാക്കുകളും പേരുകളും ശരിയായി എഴുതേണ്ട വിധം (phonetic signs ഉള്‍പ്പെടെ) മാത്രമല്ല, ശരിയായ ഉച്ചാരണവും merriam-webster.com പോലുള്ള സൈറ്റുകളില്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ സഹായികളായി ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള ഒരു കൃതിയും വിശ്വാസയോഗ്യമല്ല. ബന്ധപ്പെട്ട ഭാഷയില്‍ പ്രാവീണ്യമുള്ളവരെ സമീപിക്കുന്നതാണ് ഏറ്റം സുരക്ഷിതം. എന്നിരുന്നാലും, മിക്കവാറും തെറ്റായി മുദ്രണം ചെയ്യപ്പെട്ടുകാണുന്ന ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. കണ്ടുവരാറുള്ള മോശമായ രീതികള്‍ക്ക് അറുതിയില്ലാത്തതിനാല്‍, അവയെ വിട്ടുകളഞ്ഞിട്ട്‌, മെച്ചപ്പെട്ട ഉച്ചാരണത്തോട്‌ കുറെയെങ്കിലും അടുത്തുവരുന്ന ലിപിമാറ്റം മാത്രം കുറിക്കുന്നു. ഇതിനൊന്നും പോകാതെ, മൂലഭാഷയില്‍ തന്നെ ഇവയെഴുതിയാല്‍, ആര്‍ക്കുമൊരു നഷ്ടവും വരില്ല. 

ജര്‍മന്‍ 
Baach ബാഹ്  Einstein ഐന്‍ ഷ്റ്റൈന്‍  Heisenberg ഹൈസെന്‍ബെര്‍ഗ്  Fassbinder ഫാസ്ബിന്‍ഡര്‍ Nazi നാററ്സി  Nietzsche നീററ്ഷെ  Naomi Klein ക്ലൈന്‍  Weinberg വൈന്‍ബര്‍ഗ്  Brecht ബ്രെഹ്ററ്  Gugenheim ഗൂഗന്‍ഹൈം Gottfried Herder ഗോട്ട്ഫ്രീഡ് ഹെര്‍ഡര്‍ Goethe ഗ്എതെ Auschwitz ഔഷ്വിററ്സ്  Thomas Mann റ്റോമസ് മന്‍ Günther Grass ഗ്യുന്തെര്‍ ഗ്രസ്  Otto Frisch ഓട്ടോ ഫ്രിഷ്. ഭൂചലനം അളക്കുന്ന Richter Scale റിക്റ്റര്‍ അല്ല,റിഹ്ഷ്റ്റര്‍  സ്കെയ്ല്‍ ആണ്. അതുപോലെ, ഓര്‍മ്മശക്തി നഷ്ടപ്പെടുത്തുന്ന രോഗം ആല്‍ഷിമേഴ്സ് അല്ല, ആല്‍ററ്സ്ഹൈമെര്‍ (Alzheimer) ആണ്.
ഇംഗ്ലീഷ്
Thomas റ്റോമസ്  Stephen സ്റ്റീവ്ന്‍  Rachel റെയ്ചെല്‍  Shakespear ഷെയ്ക്സ്‌സ്പിയര്‍   
ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ടുഗീസ് etc.
Giordano Bruno ജൊര്‍ദാനൊ ബ്രുണോ  Garcia Marquez ഗര്‍സീയ മാര്‍കേ  Juan Pablo ഹുആന്‍ പാബ്ലോ  Jose Saramagu ഹൊസെ സരമാഗു. ഒക്റ്റാവിയൊ പാസിനെ ഒക്റ്റാവിയ (feminine name!) ആക്കുന്നവര്‍ വളരെയുണ്ട്. 
ഫ്രഞ്ച്
ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രത്തില്‍ പെട്ട ഭാഷകളില്‍ വച്ച്, വാക്കുകളോ പേരുകളോ മലയാളലിപിക്ക് ഒട്ടും തന്നെ വഴങ്ങാത്തത് ഫ്രഞ്ചാണ്. ഒരു നാണവുമില്ലാതെ നമ്മുടെ ചേട്ടന്മാര്‍ മലയാളത്തിലാക്കി കൊന്നുകളയുന്ന പ്രസിദ്ധമായ ഏതാനും നാമങ്ങളുടെ ശരിയായ ഉച്ചാരണം കുറിച്ചുതരാമോ എന്ന് ചോദിച്ചപ്പോള്‍, വളരെക്കാലമായി പരീസില്‍ താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത് അതിനൊരുമ്പെടെണ്ടാ എന്നാണ്. സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ഏതാണ്ട് ഗര്‍വ്വോടെ കുത്തിക്കുറിച്ച ചില തിരുത്തലുകള്‍ കണ്ടിട്ട് സഹികെട്ട്, എം കൃഷന്‍ നായരുടെ പരന്ത്രീസ് കയ്യാങ്കളി  എന്നൊരു നീണ്ട ലേഖനം ശ്രീ നാരാ(യണന്‍) കൊല്ലേരി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. താല്പര്യമുള്ളവര്‍ കാണുക: മാതൃഭൂമി, ഏപ്രില്‍ 17 - 23, 2005. അര നൂറ്റാണ്ടോളം ഫ്രാന്‍സില്‍ ജീവിച്ച ശ്രീ കൊല്ലേരി ഫ്രഞ്ച് സാഹിത്യത്തിലും കലകളിലും പ്രവീണനാണ്. ഫ്രഞ്ച് സിനിമയില്‍ sound engineer ആയിരുന്നു. ആ വിഭാഗത്തില്‍ ആദ്യത്തെ Caesar നേടി. 
ആര്‍ടിസ്റ്റ്‌ നമ്പൂതിരിയുടെ വേരുകള്‍ എന്ന ആത്മകഥാക്കുറിപ്പില്‍ ഒരദ്ധ്യായം മാതൃഭൂമിയുടെ പ്രൌഢകാലത്തെപ്പറ്റിയാണ്. മഹത്തുക്കള്‍ ഒരേ കാലത്ത് ഒരുമിച്ച് വരുക അപൂര്‍വമാണല്ലോ. അന്നതായിരുന്നു നില - എന്‍.വി.കൃഷ്ണവാര്യര്‍, എം.റ്റി. വാസുദേവന്‍നായര്‍, വി.എം. നായര്‍, കെ.പി. കേശവമേനോന്‍... അവരില്‍ എം.വി. കൃഷ്ണവാര്യരെപ്പറ്റി അദ്ഭുതസംഗതിയായി പറഞ്ഞിരിക്കുന്നത്, ആവശ്യമെന്ന് തോന്നിയാല്‍, അദ്ദേഹം ഏവരുടെയും ഏത്‌ കുറിപ്പും മുദ്രണത്തിനു മുമ്പ് തിരുത്തുമായിരുന്നു എന്നാണ്. ജി. ശങ്കരക്കുറിപ്പിനെപ്പോലും! ഇന്നത്തെ ഒരു പത്രാധിപരും എഡിറ്ററും അത് ചെയ്യില്ല. ഫലമോ, സഹൃദയര്‍ക്കു തനി വിഡ്ഢിത്തങ്ങള്‍ വായിക്കേണ്ടിവരുന്നു. ഭാഷ മോശമെങ്കില്‍, ആളും മുഴുപ്പും നോക്കാതെ തിരുത്തണം. പൊതു നന്മക്കുവേണ്ടിയുള്ള കൈകടത്തലാണത്. പത്രാധിപര്‍ക്കും എഡിറ്റര്‍ക്കും അതിനുള്ള ചങ്കൂറ്റമില്ലെന്നാല്‍, ഭാഷ മുടിയും. എന്തും സഹിക്കേണ്ട മഹാമനസ്കത വായനക്കാര്‍ക്കുണ്ടാവരുത്. സുകൃതത്തിനു വേണ്ടിയുള്ള തിരുത്തലും ഒരു സുകൃതമാണ്, അമിത തന്റേടമല്ല. 'ഇതിനു വേണ്ട തിരുത്തല്‍ ചെയ്തിട്ടു പ്രസിദ്ധീകരിക്കുമല്ലോ' എന്ന് മഹാകവി ജി., കൃഷ്ണവാര്യര്‍ക്ക് അടിക്കുറിപ്പ് എഴുതുമായിരുന്നു പോലും. അതാണ്‌ മഹത്ത്വം.  മഹത്തുക്കളുടെ കാലം കഴിഞ്ഞതുപോലെയുണ്ട്.

No comments:

Post a Comment