Sunday, 3 January 2016

ഇത് ആത്മീയതയോ ഭൌതീകതയോ?!


        -  ആത്മീയതയുടെ വിരിക്കുള്ളില്‍ വ്യാപാരം ചെയ്യുന്ന ഭൌതീകത: “അമ്മയുടെ തിരുനടയില്‍ പാസ്സ്പോര്‍ട്ട്, വിസാ വെഞ്ചിരിപ്പ്...” “നിങ്ങളുടെ ആവശ്യങ്ങള്‍ പോസ്റ്റ്‌ ചെയ്യൂ, സമര്‍പ്പിച്ച്‌ പ്രാര്‍ഥിക്കാം...” “മക്കളില്ലാത്തവര്‍, വിവാഹം നടക്കാത്തവര്‍, ജോലിയില്ലാത്തവര്‍, രോഗികള്‍, വിധവകള്‍, നല്ല മാര്‍ക്കോടെ പരീക്ഷയില്‍ പാസാകാന്‍ ആഗ്രഹിക്കുന്നവര്....” അങ്ങനെ പോകുന്നു പ്രാര്‍ഥനക്കുള്ളവരുടെ ലിസ്റ്റ്. ‘എന്തിനാണ് നിങ്ങള്‍ ദൈവത്തെ സമീപിക്കുന്നത്’ എന്ന ഒറ്റ ചോദ്യം കൊണ്ട് ഇവക്കൊക്കെ ഉത്തരം പറയാം. ചില ഭൌതീക നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രം. ഇത്തരക്കാര്‍ക്ക് കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറം ദൈവം ഒന്നുമല്ല. മതത്തെ ഒരു നീണ്ട തെണ്ടല്‍ പണിയായി മാറ്റുന്നവര്‍ ഇത്തരക്കാരാണ്. എന്നാല്‍ പുറമേ നിന്ന് നോക്കിയാല്‍ എല്ലാം പ്രാര്‍ഥനാ മയവും.
-          “IMS അമ്മേ, എന്‍റെ ആശ്രയമേ...” എന്ന തലക്കെട്ടോടെ എല്ലാ ക്ലിപ്പുകളിലും തന്‍റെ പേരും ചേര്‍ത്ത് പോസ്റ്റ്‌ ചെയ്യുന്ന ആള്‍ ഒരു പുതിയ ആചാരം (cult) ഉണ്ടാക്കിയെടുക്കാനുള്ള നിഗൂഡ ശ്രമത്തിലാണെന്ന് സംശയിക്കണം. ക്രിസ്തീയ വിശ്വാസം ക്രിസ്തു കേന്ദ്രീകൃതമാണ്. ക്രിസ്തുവിന്റെ ജീവിതത്തിനുള്ളിലാണ് മറിയത്തിന്റെ സ്ഥാനം. പക്ഷേ, ക്രിസ്തുവിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഒരു ‘മരിയ മതം’ കെട്ടിപ്പടുക്കുകയാണ് ഈ പുരോഹിതന്‍.
-          “നിങ്ങള്‍ നിയോഗം സമര്‍പ്പിക്കൂ, അച്ചന്‍ പ്രാര്‍ഥിക്കാം”- അച്ചന്റെ പ്രാര്‍ഥനക്ക് സാധാരണ ജനത്തിന്‍റെ പ്രാര്‍ഥനയേക്കാള്‍ എന്തോ കൂടുതല്‍ വില ദൈവസന്നിധിയില്‍ ഉണ്ട് എന്ന ധാരണ സൃഷ്ടിക്കുന്നു. അങ്ങനെ പുരോഹിതന്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഇടനിലക്കാരന്‍ ആകുന്നു. “ദൈവസന്നിധിയില്‍ നമ്മുക്ക് ഒരു മധ്യസ്ഥനേയുള്ളൂ യേശുക്രിസ്തു”- എന്ന കാഴ്ചപ്പാടിനെ തന്നെ ചോദ്യം ചെയ്യുന്നു. ഓരോ മനുഷ്യനും ദൈവത്തെ നേരിട്ട് സമീപിക്കാന്‍ യോഗ്യനാണ്. മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങളും ഞാന്‍ പ്രാര്‍ഥിച്ചു സാധിച്ചു തരാം എന്ന മനോഭാവം പൌരോഹിത്യത്തിന്റെ അഹന്തയാണ്. പുരോഹിതന്‍ ദൈവജനത്തിന്റെ ശുശ്രൂഷകനാണ്. അത് കൂദാശകളുടെ പരികര്‍മ്മത്തിനു ദൈവജനത്തിന്റെ പ്രതിനിധിയായി സേവനം ചെയ്യാനാണ്. അല്ലാതെ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ നിന്ന് കൊടുക്കല്‍ വാങ്ങല്‍ നടത്താന്‍ അല്ല.
-          സ്വര്‍ഗ്ഗം, നരകം, പിശാച് എന്നി വിശ്വാസ വിഷയങ്ങളെക്കുറിച്ച് ആധുനീക ശാസ്ത്രത്തിന്‍റെയും മന:ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിപുലമായ ദൈവശാസ്ത്രവിചിന്തനം നടക്കുന്ന ഈ കാലത്ത് പിശാച് എന്നാല്‍ എന്തോ ഭീകര ജീവിയാണെന്ന സാധാരണ ജനങ്ങളുടെ മനസ്സില്‍ തോന്നിക്കത്തക്കവണ്ണമുള്ള പേടിപ്പെടുത്തുന്ന ചിന്തകളും ഉച്ചാടന പ്രാര്‍ഥനകളും പോസ്റ്റ്‌ ചെയ്യുക, സ്വര്‍ഗ്ഗം, നരകം ഇവയൊക്കെ എവിടെയോ ഉള്ള സ്ഥലങ്ങളാനെന്ന ശാസ്ത്ര മനസ്സിന് നിരക്കാത്ത മഠയത്തരങ്ങള്‍ അവതരിപ്പിക്കുക, ബന്ധനപ്രാര്‍ത്ഥ- സംരക്ഷണ പ്രാര്‍ഥന തുടങ്ങിയ പേരില്‍ അന്ധവിശ്വാസം ജനിപ്പിക്കുക എന്നി ഭവിഷ്യത്തുകള്‍ കൂടി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്നുണ്ട്.
-          രോഗശാന്തി കുര്‍ബാന, ഉദ്ദിഷ്ഠകാര്യസാധ്യ കുര്‍ബാന എന്ന പലതരം പേരില്‍ ക്രൈസ്തവ സഭയുടെ കൂദാശകളെ അതിന്‍റെ ആന്തരീക അര്‍ത്ഥത്തില്‍ നിന്ന് വഴിമാറ്റി വിടുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇതിനെ അപലപിക്കാന്‍ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ക്രൈസ്തവ പണ്ഡിതര്‍ ഉടന്‍ ഇടപെടേണ്ടണ്ടതുണ്ട്.
-          പോസ്റ്റുകളില്‍ എല്ലാം തന്നെ തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് self-promotion നടത്തുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനാണ്. സ്വയം “അച്ചന്‍” എന്ന് അഭിസംബോധന ചെയ്യുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തുന്നു. തന്‍റെ പ്രാര്‍ഥനക്ക് കൂടുതല്‍ ശക്തിയുള്ളതായി അയ്യാള്‍ സ്വയം വിചാരിക്കുന്നു. പ്രാര്‍ഥനകള്‍ നടത്തി ഗിന്നസ്ബുക്കില്‍ ഇടം നേടി അത് കൊട്ടിഘോഷിക്കാന്‍ ശ്രമിക്കുന്നു. 36,000 ലൈക്കുകള്‍ കിട്ടിയതിന് ദൈവത്തിന് നന്ദി പറയുന്നു. അങ്ങനെ ഒരു ആള്‍ദൈവം ജനിക്കുകയാണ്. (പൊള്ളയായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് താനെന്ന് അങ്ങനെ സ്വയം സമൂഹത്തിന് മുന്നില്‍ തെളിയിക്കുന്നു).
-          തീര്‍ത്തും സാമൂഹ്യ പ്രതിപത്തിയില്ലാത്ത ഒരു ക്രിസ്തീയതയാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ഭക്തിയുടെ തലത്തില്‍ മാത്രം മനുഷ്യനെ തളച്ചിട്ട് സ്വന്തം ആവശ്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാനും ചുറ്റുമുള്ള മനുഷ്യനെ മറക്കാനും അത് പ്രേരിപ്പിക്കുന്നു. ചെന്നൈയില്‍ മനുഷ്യര്‍ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കാലത്ത് “IMS അമ്മയുടെ തിരുനടയില്‍” ജപമാല റാലി നടത്താന്‍ ആണ് അദ്ദേഹം ശ്രദ്ധിച്ചത്. ഇന്നോളം സമൂഹത്തിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകാന്‍ കഴിയുന്ന രീതിയില്‍ മനുഷ്യരെ സഹകരിപ്പിക്കുന്ന ഒരു പോസ്റ്റ്‌ പോലും അദ്ദേഹം ഇതുവരെ FBയില്‍ പോസ്റ്റ്‌ ചെയ്തിട്ടില്ല. ഇത് ആത്മീയതയുടെ സ്വകാര്യവത്ക്കരണമാണ്.

Saturday, 2 January 2016

ഞാനും എന്റെ കോമാടന്മാരും

പഠനം ഒരു വഴിയായപ്പോൾ ഒരു ജോലി വേണമെന്നായി; തരക്കേടില്ലാത്ത ജോലി കിട്ടിയപ്പോൾ അതിനു ചേർന്നൊരു പെണ്ണിനെ വേണമെന്നായി; അതുമായി, മക്കളുമായപ്പോൾ എല്ലാത്തിനും ചേർന്നൊരു വീടു വേണമെന്നായി. 
ഒരു വർഷത്തോളം വഴിനീളെയുള്ള കെട്ടിടങ്ങളിലായിരുന്നു എന്റെ ശ്രദ്ധ! 
വേണ്ടതൊക്കെ പറഞ്ഞു; എങ്കിലും, പ്ലാൻ വന്നപ്പോൾ ഉദ്ദേശിച്ചതുപോലെയൊന്നുമായിരുന്നില്ല വീട്. 
ഉള്ള കാശും വേണ്ട സൌകര്യവും ഒന്നു ചേരുമ്പോൾ ഇങ്ങിനെയൊക്കെയെ വീടിരിക്കൂവെന്ന് എഞ്ചിനീയർ പറഞ്ഞു. മിസ്സിസ്സും മറുത്തൊന്നും പറഞ്ഞില്ല; അങ്ങിനെ ഒരു വീടെനിക്കുണ്ടായി.   
എന്റെ ഇശ്ചക്കൊത്തു ചെയ്യാൻ ഞാനവിടെ ഒരു കാര്യം കണ്ടു വെച്ചിരുന്നു - ആരോടും മിണ്ടാതെ.  
വഴിയിൽ നിന്ന്‌ കേറിവരുന്ന ഗേറ്റിന്റെ ഇരുവശത്തും രണ്ടു കോമാടൻ തെങ്ങും തൈകൾ നടുക! 
അവ നിറയെ കായിച്ചു വിളഞ്ഞു കിടക്കുന്നതു കാണുമ്പോൾ എല്ലാവരും ഒന്ന് നോക്കണം, പിന്നെ അരക്കാൻ വേണ്ടത്ര തേങ്ങയും കിട്ടണം. അത്രയൊക്കെയേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
മുറ്റത്തെ ചെടിചട്ടികളിലെ അലങ്കാര ചെടികൾക്ക് കൊടുക്കുന്നതിലും കൂടുതൽ വെള്ളവും വളവും ശ്രദ്ധയുമെല്ലാം ഞാനെന്റെ കോമാടൻ മക്കൾക്ക്‌ കൊടുത്തു. 
ഉറക്കത്തിൽ നിന്ന് ചാടി എണീറ്റു വരുന്നതുപോലെ അവ വളർന്നുകൊണ്ടുമിരുന്നു. അത് അഞ്ചടി നീളമുള്ള ഓലകൾ വീശിയപ്പോളാണ് എനിക്ക് ട്രാൻസ് ഫറും  പ്രൊമോഷനും എല്ലാം കൂടി വന്നത്. 
വീടു തന്ന ഐശ്വര്യമെന്നാശാരി പറഞ്ഞു.
ചെന്നൈക്ക് കുടി മാറുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു.
കുട്ടികളുടെ റ്റി സിയും വാങ്ങി അത്യാവശ്യം വീട്ടു സാധനങ്ങളുമായി ഞങ്ങൾ ചെന്നൈക്കു തിരിച്ചു. 
വീടു വൃത്തിയാക്കാൻ, മുറ്റത്തെ പുല്ലു പറിക്കാൻ ...  എല്ലാത്തിനും ക്രമീകരണങ്ങൾ ചെയ്തു.  
എന്റെ കോമാടന്മാരുടെ കാര്യം ആരോടും ഞാൻ പറഞ്ഞില്ല. അവളുമാരെ ആരും സ്നേഹിക്കുന്നതും എനിക്കിഷ്ടമില്ലായിരുന്നു. 
രണ്ടുരണ്ടര മാസങ്ങൾ കഴിഞ്ഞാണു ഞങ്ങൾ നാട്ടിൽ തിരിച്ചു വന്നത്. ഞാനാദ്യം നോക്കിയത് എന്റെ കോമാടൻ പിള്ളേരുടെ മുഖത്തേക്കായിരുന്നു.
സങ്കടം തോന്നിപ്പോയി, നാനാവിധങ്ങളായ പള്ളകൾക്കു നടുവിൽ എന്റെ കോമാടന്മാർ. എങ്കിലും അവരുടെ ശക്തിക്കൊരു കുറവുമുണ്ടായിരുന്നില്ല. 
പിറ്റേന്നു തന്നെ ഞാൻ അവയുടെ ചുവടു വൃത്തിയാക്കി, നല്ല വളവും വാങ്ങിയിട്ടു. കോമാടന്മാരുടെ ചിരിയും കണ്ടിട്ടാണു ഞാനപ്രാവശ്യം ചെന്നൈക്കു പോയത്. 
പിന്നെ ഞാൻ കോമാടന്മാരെ തേടി വന്നത് ഒരു മാസം കൂടി കഴിഞ്ഞ്. അന്നവരുടെ മുഖത്തു വല്ലാത്ത പരിഭ്രാന്തി ഞാൻ കണ്ടു, അവരുടെ ആരോഗ്യം നന്നെ ക്ഷയിച്ചിരിക്കുന്നതു പോലെ എനിക്കു തോന്നി. 
അകാലത്തിൽ മെലിഞ്ഞുണങ്ങി ഇല്ലാതാവാൻ അവർ തയ്യാറെടുക്കുകയാണോയെന്നെനിക്കു തോന്നി. 
ഈ കോമാടന്മാർക്കു പറ്റിയ മണ്ണായിരിക്കില്ലിതെന്നു ഞാൻ കണക്കു കൂട്ടി.
ഒത്തിരി നൊമ്പരത്തോടെയാണെങ്കിലും ഞാനെന്റെ കോമാടന്മാരെ മനസ്സുകൊണ്ടുപേക്ഷിച്ചു. 
വീണ്ടൂം ഞാൻ വന്നപ്പോൾ ഒരു മൂന്നു മാസം കൂടി കഴിഞ്ഞിരുന്നു. 
മനസ്സാ ഉപേക്ഷിച്ചിരുന്നെങ്കിലും ഞാനെന്റെ കോമാടന്മാരെ നോക്കി. 
എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും? 
പഴയതിലും വാശിക്കവർ വളർന്നു വലുതാകുന്നു. 
ചുറ്റും ആർത്തലച്ചു വളരുന്ന കാട്ടുചെടികൾക്കും ഒത്തിരിമേലെ ആ കോമാടന്മാർ വളർന്നിരുന്നു. 
അടുത്ത മാസം തന്നെ അവളുമാർ പ്രസവിച്ചേക്കുമെന്നുപോലും എനിക്കു തോന്നിപ്പോയി, ആ വളർച്ച കണ്ടപ്പോൾ.
ഞാനാ കൊമാടന്മാരോടു ചോദിച്ചു, 
"എന്താ കോമാടന്മാരെ നിങ്ങൾ ജീവിക്കാൻ തീരുമാനിച്ചോ?"
കാറ്റത്തിലകൾ താളത്തിൽ ചലിപ്പിച്ചു കൊണ്ടു കോമാടന്മാർ നിന്നു.
ഓലകളുടെ തുഞ്ചം കൊണ്ട്  അവർ വായുവിലെന്താണെഴുതുന്നതെന്നു ഞാൻ ശ്രദ്ധിച്ചു. 
ഒന്നും എഴുതുകയായിരുന്നില്ലവർ; ചുറ്റും ആർത്തലച്ചു വളരുകയായിരുന്ന, തൊട്ടാവാടിയോടും, കുറുന്തോട്ടിയോടുമൊക്കെ അവ കിന്നരിക്കുകയാണെന്ന് എനിക്കു മനസ്സിലായി.
എനിക്കൊരു കാര്യം കൂടി മനസ്സിലായി - അവരില്ലെങ്കിൽ എന്റെ കോമാടന്മാരും ഇല്ല!

Friday, 1 January 2016

"ദൈവത്തെ കണ്ടുവല്ലേ?"

വീണ്ടും വീണ്ടും ഞാനാലോചിച്ചു നോക്കി. ഒരുത്തരവും ശരിയായി വരുന്നില്ല. 
'അയാളെന്താ അങ്ങിനെ പറഞ്ഞത്?'  
ഒരു വയസ്സൻ ഭിക്ഷ യാചിച്ചു വരുന്നു, അയാളുടെ കുട്ടിക്കു കലശലായ രോഗമാണെന്നും ദൈവത്തെ ഓർത്തു വല്ലതും കൊടുക്കണമെന്നും പറയുന്നു, ഞാൻ മുറിയിൽ കയറി ചില്ലറക്യാനിൽ നിന്നും കൈയ്യിൽ കിട്ടിയത്ര തുട്ടുകൾ വാരി പുറത്തു വന്ന് അതെത്രയെന്നു പോലും നോക്കാതെ അയാൾക്കു കൊടുക്കുകയും ചെയ്യുന്നു. അപ്പോൾ അയാൾ പറയുകയാ,
"ഇതു ദൈവത്തിനു പ്രയോജനം ചെയ്യില്ല സാർ!"
'അയാളെന്താ അങ്ങിനെ പറഞ്ഞത്?'
ദൈവത്തിനു വേണ്ടതു തുട്ടുകളും നോട്ടുകളും അല്ലെന്നാവുമോ അയാളുദ്ദേശിച്ചത്?
പിന്നെയും പിന്നെയും എന്റെ ജീവിതത്തിലേക്കു പിച്ചക്കാരും സഹായക്കാരും കടന്നു വന്നുകൊണ്ടിരുന്നു. ആരും പക്ഷെ, ദൈവത്തിന്റെ കാര്യം പറഞ്ഞില്ല. അതു കൊണ്ടുതന്നെ തുട്ടുകൾ വേണ്ടാത്ത ദൈവത്തിന്റെ കാര്യം ഞാനും മറന്നിരുന്നു. 
അങ്ങിനെയിരിക്കെ, ഒരാക്സിഡെന്റിൽ മെഡിക്കൽ കോളേജിൽ അഡ്മിറ്റായ ഒരു സ്നേഹിതനെ കാണാൻ ഞാൻ അവിടം വരെ പോയി. കാലിൽ വരിഞ്ഞു മുറുക്കി പ്ലാസ്റ്ററുമിട്ട് സ്നേഹിതനവിടെ മാനം നോക്കി കിടക്കുന്നു. 
അൽപ്പനേരം അവിടെ വർത്തമാനം പറഞ്ഞിരുന്നു. വിശപ്പിന്റെ ഒരു ചെറിയ ഒരു മുരൾച്ച ഉള്ളിൽ നിന്നു കേട്ടു. ഞാനയാളോടു ചോദിച്ചു,
"ആഹാരമൊക്കെ എങ്ങിനെയാ?"
"ക്യാന്റീനിൽ നിന്നു വാങ്ങും."
"ആരാ സഹായിക്കാൻ?"
"ഇന്നു വന്നിരിക്കുന്നത് അളിയന്റെ മോനാ. അവൻ ഉണ്ണാൻ പോയിരിക്കുന്നു, വരുമ്പോൾ പൊതി കൊണ്ടുവരും." അയാൾ പറഞ്ഞു.
പിന്നെ സംസാരം വേറെ വിഷയങ്ങളിലേക്കു കടന്നു. ഇടക്കു പയ്യൻ കൈയ്യിൽ ചോറു പൊതിയുമായി വന്നു. ഞാൻ നോക്കുമ്പോൾ പ്ലാസ്റ്റിക് കൂടിനുള്ളിൽ രണ്ടു പൊതിയുണ്ട്.
"ഒന്നാർക്കാ?" ഞാൻ തെല്ലു കൗതുകത്തോടെ ചോദിച്ചു.
"ദൈവത്തിന്" അയാൾ പറഞ്ഞു. 
"ഇവിടെ വന്നാണോ ദൈവം ചോറുണ്ണുന്നത്?' ഞാൻ ചോദിച്ചു.
"എനിക്കൊരു പൊതി വാങ്ങിച്ചാൽ ദൈവത്തിനും ഞാനൊന്നു വാങ്ങും, അതാ പതിവ്. പൊതിവാങ്ങിയോന്നന്വേഷിച്ച് ദൈവം ഇവിടെ വരാറില്ല. ദൈവം താഴെ ജനറൽവാർഡ് വരേയെ വരൂ. ഇവൻ അവിടെ പൊതിയുമായി ചെല്ലുമ്പോൾ ദൈവം കൈ നീട്ടും."
പിന്നെ ദൈവത്തിന്റെ കാര്യം ഞാൻ എന്നോടു ചോദിച്ചിട്ടില്ല. 
പണ്ടൊരിക്കൽ, മകനു ചികിൽസാ സഹായം തേടി എന്നെ കാണാൻ വരികയും, കൈ നിറയെ തുട്ടുകൾ കൊടുത്തിട്ടും 'ഇതു ദൈവത്തിനു പ്രയോജനം ചെയ്യില്ല' എന്നു പറയുകയും ചെയ്ത ആ വയസ്സനെ ബസ്സ് സ്റ്റാന്റിന്റെ തിരക്കിൽ
ഞാൻ വീണ്ടും കണ്ടു. അയാൾക്കെന്നെ മനസ്സിലായിയെന്ന് അയാളുടെ  കണ്ണുകൾ പറയുന്നുണ്ടായിരുന്നു. ഒരു കൗതുകത്തിനു ഞാനടുത്തു ചെന്നയാളോടൂ ചോദിച്ചു.
"ഇപ്പോൾ ദൈവത്തിനെങ്ങിനെയുണ്ട്?" അയാൾ  ഹൃദയം തുറന്നൊന്നു ചിരിച്ചു. പിന്നെ പതിയെ എന്നോടു ചോദിച്ചു,
"ദൈവത്തെ കണ്ടുവല്ലേ?"

Saturday, 21 November 2015

സന്യാസത്തിന്റെ പ്രതിസന്ധി

ഇപ്പോഴത്തെ സന്യാസത്തിന്റെ പ്രതിസന്ധി ഏറെപ്പേര്‍ സന്യാസസഭകളില്‍ ചേരുന്നില്ല എന്നതാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഏറേപ്പേര്‍ സന്യാസസഭകളില്‍ ചേര്‍ന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയില്‍ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ദൈവീകമായ ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതല്ല (supernatural way). അത് എല്ലാക്കാലത്തും അത്യപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളില്‍ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉള്‍വിളി ആയിരിക്കുന്നതുപോലെ ചിലരില്‍ സന്യാസം ആത്യന്തീകമായയൊരു ഉള്‍വിളിയാണ്. ഈ ഉള്‍വിളി ലഭിച്ചവര്‍ കുടുംജീവിതത്തില്‍ ചെന്നുപ്പെടുകയെന്നാല്‍ വിവാഹിതരായിജീവിക്കേണ്ടവര്‍ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും.

സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്യാസം. അതാണ്‌ “സുവിശേഷത്തിന്റെ സന്തോഷ”ത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് (#6,7). ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവര്‍ അപൂര്‍വ്വമാണ്. അത് അങ്ങനെതന്നെയായിരിക്കുകയും വേണം. വയലിലെ ഈ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. കണ്ടുകിട്ടുന്നവരോ അതീവ സന്തോഷത്തില്‍ കയ്യില്‍ ഉള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കും. അവര്‍ക്ക് കൈമോശം വരുന്നതിനെക്കുറിച്ചല്ല ചിന്ത, കൈവരുന്ന സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടുന്ന ആനന്ദത്തെക്കുറിച്ചായിയിരിക്കും. അങ്ങനെയാണ് ഒരു ഉപേക്ഷ വലിയൊരു ആനന്ദമായിമാറുന്നത്. നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളര്‍ത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം.

സ്വന്തം മനസ്സിന്‍റെ പ്രകൃതിദത്തമായ ചായ്‌വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. വലിയ താത്പര്യമൊന്നും കാണിക്കാത്ത കുട്ടികളെപ്പോലും ചില ബാഹ്യമായ ഇന്സെന്റിവ് കൊടുത്ത് സന്യാസസഭകളിലേക്ക് ആകര്‍ഷിക്കുന്ന ചില ദൈവവിളി ക്യാമ്പുകളില്‍ ഈ വ്യക്തിപരമായ മനനം പോലും പ്രവര്‍ത്തീകമായിക്കൊള്ളണമെന്നില്ല. “ഉപ്പിലിട്ട മുളകുപോലെ ആയിരിക്കരുത് നിങ്ങളുടെ മുഖങ്ങള്‍” എന്ന് സന്യാസാര്‍ത്ഥികളോടും വൈദീകവിദ്യാര്‍ഥികളോടും പറഞ്ഞ മാര്‍പ്പാപ്പ “സമര്‍പ്പിത വര്‍ഷ”ത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ടുള്ള  പ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു: “സമര്‍പ്പിത ജീവിതം വളരുന്നത് ദൈവവിളി ക്യാമ്പ് നല്ല രീതിയില്‍ സംഘടിപ്പിച്ചു കൊണ്ടല്ല. സന്യാസികള്‍ സന്തുഷ്ടരായി കാണപ്പെടുമ്പോള്‍ പുതുതലമുറ അവരിലേക്ക് ആകര്ഷിക്കപ്പെട്ടുകൊണ്ടാണ്.” ആരും പിന്നാലെ പോയി വിളിച്ചില്ലെങ്കിലും വിളി ഉള്ളില്‍ കിട്ടിയവര്‍ തേടിയിറങ്ങും. ദൈവവിളി പ്രോത്സാഹനത്തിന് “സുവിശേഷം പ്രസംഗിച്ചില്ലെങ്കില്‍ എങ്ങനെ കേള്‍ക്കും” എന്ന അപ്പസ്തോലന്റെ ചോദ്യത്തിന്‍റെ വിലയേയുള്ളൂ. വിത്തുകളൊക്കെ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു, ആരൊക്കെയോ വളവും വെള്ളവുമായി പോകുന്നെന്നേയുള്ളൂ.
സന്ന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയല്ല വേണ്ടത്, സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെയാണ് നാം ഭയപ്പെടേണ്ടത്. ആള്‍ക്കൂട്ടം ചെറിയ അജഗണമല്ല, അല്‍പം പുളിമാവല്ല, ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ എന്ന ചോദ്യത്തിന് ശേഷവും നില്‍ക്കുന്ന ഒരു ചെറുകൂട്ടം മനുഷ്യരല്ല. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷയില്‍ വലിയ ഗുണമുണ്ടാവില്ലെന്നു മാത്രമല്ല തിന്മയായി ഭവിച്ചേക്കാം.
 
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ, അവരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്,സന്ന്യാസം ഒരു ജീവിതശൈലിയാണ്. അതുകൊണ്ടാണ് “കേവല പുരോഹിത്യം” (absolute ordination) എന്നൊന്ന് സഭയില്‍ ഇല്ലെന്ന് കാനോന നിയമം അനുശാസിക്കുന്നത്. സഭാ ശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ (അതിനായി സ്വയം സമര്‍പ്പിക്കാന്‍ മനസ്സുള്ളവരെ) മാത്രം ശുശ്രൂഷ പൌരഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാന് നമ്മുടെ മുന്‍പാരമ്പര്യം. ഇപ്പോള്‍ ആന്ധ്രയില്‍ ചില രൂപതകള്‍ അവര്‍ക്ക് ആവശ്യത്തിന് പുരോഹിതര്‍ ഉള്ളതുകൊണ്ട് പുതിയ വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ “അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ, അനാദിയിലെ തിരഞ്ഞെടുത്തു” എന്ന നിരന്തര സൂചനകൊണ്ട് പൌരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്ത് അത് ഒരു ജീവിതവിളിയാണ് എന്ന ധാരണ സഭയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുകൊണ്ടിരിക്കുകയാണ്. ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്ക് കുടുംബജീവിതം വിലക്കുന്നുവേന്നെയുള്ളൂ. അതുപോലെ തന്നെ സഭാശുശ്രൂഷയ്ക്ക് ആവശ്യമെങ്കില്‍ സന്നദ്ധരായ സന്യാസികളേയും ഏകസ്ഥരേയും പുരോഹിതരാക്കുകയും ചെയ്യാം. അതിന്‍റെ അര്‍ത്ഥം പരോഹിത്യം ഒരു സഭാശുശ്രൂഷവിളി ആയിരിക്കുമ്പോള്‍ സന്യാസവും കുടുംബജീവിതവും ഒരു ജീവിതവിളിയാണ്. (വൈകാരിക പ്രതിസന്ധിയില്‍ പെട്ടുപോകുന്നത് സന്യാസത്തിലേക്ക് ആത്യന്തീക ദൈവവിളി സ്വീകരിക്കാത്ത വൈദീകര്‍ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോഴാണ്).

പുരുഷസന്യാസത്തിന്റെ പ്രതിസന്ധി ഇപ്പോള്‍ പൌരോഹിത്യവുമായി ഇടകലര്‍ന്നു കിടക്കുന്നു. സത്യത്തില്‍ സന്യാസജീവിത ലക്ഷ്യവുമായി സന്യാസസഭകളില്‍ ചേരുന്നവരുടെ എണ്ണം അന്യം നിന്ന രീതിയിലാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു. (സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളില്‍ ചിലത് നിലനില്‍പ്പിനെ പ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യം നില്‍ക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്). കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതര്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ മേഖലയിലേക്ക് പോകാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സന്യാസസമൂഹങ്ങളില്‍ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. ‘വൈദീകന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും’ എന്ന ചോദ്യത്തിന് മുന്നില്‍ ഓരോ പുരുഷസന്യാസിയും നില്‍ക്കണം. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം.

Thursday, 5 November 2015

ആത്മീയശൈശവം!


എത്രയഗാധമായി നിങ്ങൾ സ്നേഹിച്ചിട്ടുണ്ട്, എത്ര സമ്പൂർണ്ണമായി നിങ്ങൾ ജീവിച്ചിട്ടുണ്ട്, എത്ര കുലീനമായി നിങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ട്? 

ക്രിസ്തുവിലുള്ള വിശ്വാസം ആദ്ധ്യാത്മവഴിയുടെ ശൈശവദശയാണെന്നും, ക്രിസ്തു നമുക്കെന്തായിരുന്നോ അത് നമ്മുടെയും സാധ്യതയാണെന്നുള്ള തിരിച്ചറിവാണ് ആത്മീയ പക്വത എന്നും പറഞ്ഞു തരുന്ന കേരളക്കരയുടെ അത്യപൂർവ്വമായ പുരോഹിതശബ്ദം!     



Friday, 30 October 2015

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്: വേണ്ടത് ദൈവവിശ്വാസമല്ല, ദൈവാവബോധമാണ്. നിരീശ്വരവാദം പോലെ തന്നെ അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ് ദൈവവിശ്വാസവും. ദൈവവിശ്വാസം എപ്പോഴുംതന...

Friday, 23 October 2015

അല്മായശബ്ദം: മനുഷ്യൻ, പള്ളി, ദൈവം

അല്മായശബ്ദം: മനുഷ്യൻ, പള്ളി, ദൈവം: സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. അവരാണ് നീണ്ട താടിയുള്ള അപ്പൂപ്പനായി ദൈവത്തെയും പല പേറുകൾക്കുശേഷവും കന്യകയാ...

Wednesday, 21 October 2015

പണം കരുണയെ വിലയ്ക്ക് വാങ്ങുന്പോൾ ..

A true story..
തിരുവനന്തപുരത്തെ ഒരു പ്രമുഖ കത്തോലിക്കാ സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷ നടക്കുന്നു . കുട്ടികൾ എല്ലാവരും പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. അപ്പോളാണ് ഒരു പെണ്‍കുട്ടി ഹാളിനു പുറത്തു നിന്ന് കരയുന്നത് ഗായത്രി ടീച്ചർ കണ്ടത്. ടീച്ചർ കുട്ടിയുടെ അടുത്ത് ചെന്ന് കരച്ചിലിന്റെ കാരണം തിരക്കി. " എന്തിനാ മോള് കരയുന്നെ ? സുഖം ഇല്ലേ ? അവളുടെ കരച്ചിൽ ഉച്ചത്തിൽ ആയീ .."കരയാതെ കാര്യം പറ കുട്ടി." ടീച്ചർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു ..ഫീസ്‌ അടക്കാത്തത്‌ കൊണ്ട് പരീക്ഷ എഴുതണ്ടാ എന്ന് പ്രിൻസിപ്പാൾ സിസ്റ്റർ പറഞ്ഞു . അവൾക്കു കരച്ചിൽ അടക്കാൻ കഴിയുന്നില്ല ...ടീച്ചർ നേരെ പ്രിൻസിപ്പാൾന്റെ മുറിയിലേക്ക് ചെന്നു..സിസ്റ്റർ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ആര്യ പരീക്ഷ എഴുതാൻ കഴിയാതെ പുറത്തു നിന്നും കരയുന്നു ..ആ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കണം ..ഗൌരവം വിടാതെ സിസ്റ്റർ ചോദിച്ചു : ടീച്ചറിന്റെ ആരാണ് ആ കുട്ട്ടി ? എന്റെ ആരും അല്ല ? എന്നാ ടീച്ചർക്ക്‌ പോകാം ? ഇത് ഒരു ചാരിറ്റബൾ ട്രസ്റ്റ്‌ അല്ല ..രണ്ടു മാസത്തെ ഫീസ്‌ ആ കുട്ടി അടയ്ക്കാനുണ്ട് ..ഫീസ്‌ അടയ്ക്കാൻ ബുദ്ധിമുട്ടാണേൽ ടി സി വാങ്ങി പോയെക്കോ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്"..യു കാൻ ഗോ നൗ ..മറുപടി ഒന്നും പറയാതെ ഗായത്രി ടീച്ചർ അവിടെ നിന്നും ഇറങ്ങി ..സ്റ്റാഫ് റൂമിൽ എത്തി അവിടെയുള്ള മറ്റു അദ്ധ്യാപകരോട് ടീച്ചർ കാര്യം പറഞ്ഞു ..അത് സാരമില്ല ടീച്ചർ ആ കുട്ടിയുടെ ഫീസ്‌ നമുക്ക് കൊടുക്കാം ..രണ്ടു മാസത്തെ ഫീസ്‌ അവർ എല്ലാവരും കൂടെ അടച്ചു ..കുട്ടി പരീക്ഷ എഴുതി ...രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗായത്രി ടീച്ചറെ കാണാൻ ആര്യയുടെ അച്ഛൻ വന്നു ..മോള് എന്നോട് എല്ലാം പറഞ്ഞു ടീച്ചറെ ..ഒത്തിരി നന്ദി ഉണ്ട് ..അവളുടെ അമ്മയക്ക് സുഖം ഇല്ലായിരുന്നു അത് കൊണ്ടാ ഫീസ്‌ വൈകിയത് ...ഞാൻ സിസ്റ്റർനോട് കാര്യങ്ങൾ പറഞ്ഞിരുന്നു ...സാരമില്ല ..നമ്മളെ പോലെ പാവപ്പെട്ടവർക്ക് പഠിക്കാൻ അല്ലെ ഗോവെര്മെന്റ്റ് സ്കൂൾ ..മക്കള് നന്നായി പഠിക്കട്ടെ എന്ന് കരുതിയാ ടീച്ചർ കുറച്ചു ബുദ്ധിമുട്ടിയാലും ഇവിടെ അയക്കുന്നെ ..അയാളുടെ കണ്ണുകൾ നിറഞ്ഞു ..അടുത്ത വർഷം ഞാൻ മോളെ വേറെ ദൂരെയുള്ള ഗവണ്മെന്റ് സ്കൂളിൽ ആക്കും .കുറച്ചു ദൂരം ഉണ്ട് എന്നാലും സാരമില്ല ..ഫീസ്‌ അടച്ച പണം ടീച്ചറിനെ ഏല്പ്പിച്ചു അയാൾ സ്കൂളിന്റെ പടി ഇറങ്ങി ...അന്ന് വൈകുന്നേരം കൂടിയ സ്റ്റാഫ് മീറ്റിങ്ങിൽ പിരിവു എടുത്ത് ഫീസ് അടച്ചതിനു പ്രിൻസിപ്പാളിന്റെ വക ഡോസ് ..സാലറി കുറവാണ് എന്ന് നിങ്ങൾ പറയുന്നു ..ഫീസ് അടക്കാത്തവരുടെ ഫീസ്‌ അടയ്ക്കാൻ നിങ്ങൾക്ക് പണം ഉണ്ട് ..ആരും ഒന്നും മിണ്ടിയില്ല ..അന്ന് സ്കൂളിൽ നിന്നും പിരിയുന്നതിനു മുൻപ് അവർ അദ്ധ്യാപകർ ഒരു തീരുമാനം എടുത്തു ..മാസം നൂറു രൂപ വെച്ച് എല്ലാവരും ശേഖരിക്കുക ..ആര്യ ഇവിടെ പഠിക്കും ..അവളുടെ ഫീസ്‌ നമ്മൾ അടക്കും ...
( ഇത് ഒരു യഥാർത്ഥ സംഭവം ആണ് ..അതിന്റെ അർത്ഥം എല്ലാ സ്കൂളുകളും ഇങ്ങനെ ആണ് എന്ന് അല്ല ..ഇത് പോലുള്ള കാര്യങ്ങൾ നമ്മൾക്ക് ഇടയിൽ ഉണ്ട് എന്ന് പറയണം എന്ന് തോന്നി ..വ്യക്തികളുടെ പേരുകൾ മാറ്റിയിട്ടുണ്ട്  Sheen J P

Tuesday, 29 September 2015

അല്മായശബ്ദം: ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ

അല്മായശബ്ദം: ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ: https://www.facebook.com/saidatimes/videos/756827154426856/ വായനക്ക് മുമ്പ് മനം കുളിർപ്പിക്കുന്ന ഈ വീഡിയോ കാണണം. കൂടുതൽ ആസ്വാദനത്തിന...

ഫ്രാന്‍സിസ്, വേഗം വരൂ, ലോകത്തെ അതിന്റെ നുണകളില്‍നിന്നു രക്ഷിക്കൂ...

തപശ്ചര്യകളുടെ നിഷ്ഠയില്‍ ജീവിച്ച മുനിവര്യന്‍മാരുടെ ഗണത്തിലെ ഫ്രാന്‍സിസിനോട് ഏറെ ആകര്‍ഷണം തോന്നിയിട്ടില്ല. എന്നാല്‍ സിനോപ്പയിലെ ഡയോജനീസിന്റെയും എ. അയ്യപ്പന്റെയും ജോണ്‍ അബ്രാഹത്തിന്റെയും ജന്മപരമ്പരയില്‍ പെട്ടൊരാള്‍, ബാവൂലുകളുടെ വേഷത്തില്‍ നീട്ടിവളര്‍ത്തിയ താടിമുടികളോടെ ഉബ്രിയായുടെ പൊടിപാറുന്ന നാട്ടുവഴികളിലൂടെ നടന്നുപോയൊരാള്‍, കുരുവിക്കൂട്ടങ്ങളോട് ചങ്ങാത്തംകൂടി നടന്നൊരാള്‍... അങ്ങനെയൊരു ഫ്രാന്‍സിസിനെ ചരിത്രത്തിന്റെ താളുകളില്‍ കണ്ടെത്തുക ഒരാവേശമാണ്. സഭ സ്ഥാപനമായി രൂപപ്പെട്ടിരിക്കുന്ന, ആത്മീയത അനുഷ്ഠാനമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന, വാക്കും പ്രവൃത്തിയും അകവും പുറവും തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലഘട്ടത്തിന് ക്രിസ്റ്റഫര്‍ കൊയ്‌ലോയുടെ അ ചലം ഗശിറ ീള എീീഹ വെളിപാടിന്റെ ഒരു വായനയാണ്.

അവശിഷ്ടങ്ങള്‍ക്കിടയിലെ ക്രിസ്തു
''ദുര്‍ബലമല്ലെങ്കില്‍ പിന്നെന്താണൊരു ദേവാലയം?
ചൂലേന്തിയ കരങ്ങള്‍ അവിടെ ചലിക്കേണ്ടതുണ്ട്.
കെടാവിളക്കില്‍ നിതാന്തജാഗ്രതയോടെ
എണ്ണ പകരേണ്ടതുണ്ട്.
പൂപ്പാലികയില്‍ പൂക്കള്‍ മരിക്കുകയും
പുനഃപ്രതിഷ്ഠിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
അല്ലെങ്കില്‍ പിന്നെങ്ങനെ മനുഷ്യകരങ്ങള്‍ക്ക്
അവിടെ ആരാധിക്കാനാവും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ നിതാന്ത ജാഗരണത്തിന്റെ
ആരാധനയവിടെ സാധ്യമാകും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ ദൗര്‍ബ്ബല്യങ്ങളിവിടെ
പുഷ്പാര്‍ച്ചന ചെയ്യും?
പ്രപഞ്ചത്തിന്റെ നിര്‍മ്മാതാവ്
മനുഷ്യരിലല്ലേ അവന്റെ ആലയം പണിതത്?''
ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കും, പിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലും, അങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയും, തലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''. അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്'' എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്ത, ഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്ത, ഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക.'' രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്. 'ഫ്രാന്‍സിസ്' ഒരു വ്യക്തിക്കിട്ട പേരല്ല, ഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ് ''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്' എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.

കൈമോശം വന്ന കവിഹൃദയം
''ഫ്രാന്‍സിസ്, വേഗം വരൂ
അവര്‍ പൂക്കളെയെല്ലാം കൊല്ലുന്നു.
പനിനീര്‍പ്പൂക്കളെയും ലില്ലിപ്പൂക്കളെയും കാക്കപ്പൂക്കളെയും
എന്തിനേറെ, പന്നലുകളെയും എല്ലാ പച്ചപ്പുല്ലുകളെയും.
ഫ്രാന്‍സിസ്, നീ വേഗം വരൂ...
ഞങ്ങളുടെ ലോകത്തെ അതിന്റെ നുണകളില്‍ നിന്നു രക്ഷിക്കൂ.''
ആദ്യം ഫ്രാന്‍സിസിന്റെ ജീവിതകഥ വായിക്കുന്നത് കൗമാരത്തിന്റെ തുടക്കത്തിലാണ്. പക്ഷികളോടും മത്സ്യങ്ങളോടും പ്രസംഗിക്കുന്ന ഒരു വിശുദ്ധന്‍. ക്രൂരനായ ചെന്നായ്ക്ക് സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് ചങ്ങാത്തം കൂടുന്ന ഒരാള്‍. മരങ്ങളോടും ചെടികളോടും പൂക്കളോടും കുശലം ചോദിക്കുന്ന ഒരു സരള ഹൃദയന്‍. എന്തൊരാവേശമായിരുന്നു ഫ്രാന്‍സിസിനെക്കുറിച്ചോര്‍ക്കുന്ന ആ നാളുകളില്‍. 'ഹാപ്പി പ്രിന്‍സി'ന്റെ കഥ കള്‍ക്കുമ്പോള്‍ കുരുവി സംസാരിക്കുമോ എന്ന് ചോദ്യം ചോദിക്കാന്‍ മാത്രം അതിബുദ്ധി തോന്നാത്ത കാലമായിരുന്നു അത്. യൗവ്വനത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സിസിനെ വീണ്ടും വായിക്കുമ്പോള്‍ കാര്യങ്ങളൊക്കെ മാറിയിരുന്നു. 'ബുദ്ധിമാ'നാവുകയും കാര്യങ്ങളെ താത്വികമായി കാണുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കെയോ ചമച്ചെടുത്ത കെട്ടുകഥകളാണ് ഫ്രാന്‍സിസിനെക്കുറിച്ചുള്ള പല കഥകളുമെന്ന് ചിന്തിച്ചു തുടങ്ങി. കാര്യങ്ങളങ്ങനെ കുറെ മുന്നോട്ടു പോയി. എന്നാല്‍ ഇപ്പോഴെനിക്ക് ഫ്രാന്‍സിസ് കിളികളോടും മരങ്ങളോടും മത്സ്യങ്ങളോടും പക്ഷിമൃഗാദികളോടും സംസാരിച്ചിരുന്നു എന്നതില്‍ തെല്ലും സംശയമില്ല. അടുക്കളയില്‍ ജോലി ചെയ്യുന്ന ചേച്ചി ഉറക്കെ സംസാരിക്കുന്നതു കേട്ടു പലവട്ടം പോയി നോക്കിയിട്ടുണ്ട് എന്നോടാണോ എന്നറിയാന്‍. ആയിരുന്നില്ല. പൂച്ചക്കുട്ടികളോടും കോഴിക്കുഞ്ഞുങ്ങളോടും പ്രാക്കളോടുമൊക്കെയായിരുന്നു. അവയെല്ലാം അമ്മയുടെ സാരിത്തുമ്പിന്റെ മറപറ്റി നടക്കുന്ന കുട്ടിയെപ്പോലെ സദാസമയം അവരുടെ പിന്നാലെ ഉണ്ടാകും. അവര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞ് സ്‌നേഹം കൂടുന്നുണ്ട്, ഇടക്കിടക്ക് കലഹിക്കുന്നുമുണ്ട്. ഇപ്പോള്‍ ഞാനും ആ ഭാഷ പഠിച്ചിരിക്കുന്നു. അലഞ്ഞ് തിരിഞ്ഞ് ആശ്രമത്തില്‍ കയറിവന്ന നായക്കുട്ടിയോട് ഇപ്പോള്‍ അവന്റെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാവുന്നുണ്ട്. സകല ജനതകള്‍ക്കും ജീവജാലങ്ങള്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്, സ്‌നേഹത്തിന്റെ ഭാഷയാണ്. അവിടെ വാക്കുകള്‍ക്കും വ്യാകരണത്തിനും വലിയ അര്‍ത്ഥമില്ല. അതാണ് കവിയുടെയും കലാകാരന്റെയും ഭാഷ.
ഫ്രാന്‍സിസ് ഒരു കവിയും കലാകാരനുമായിരുന്നു. തലയല്ല ഹൃദയമാണ് ജീവിതത്തിന്റെ കേന്ദ്രമെന്ന് വിശ്വസിച്ച ഒരു കലാകാരന്‍. മഞ്ഞുവീണ വഴിയില്‍ രണ്ടു ചില്ലക്കമ്പുകള്‍ ചേര്‍ത്തുരസി സംഗീതം ആലപിച്ച് ഒരു ഉന്‍മാദിയെപ്പോലെ അയാള്‍ നൃത്തം ചെയ്തു. കവിതകളിലൂടെ സംസാരിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും അയാള്‍ നാടക ആവിഷ്‌ക്കരണം കൊടുത്തു - അങ്ങനെ ആദ്യ പുല്‍ക്കൂട് പിറന്നു. കണ്ണില്‍ തിമിരം തിങ്ങിയ കാലത്താണ് ഉള്‍ക്കണ്ണില്‍ സകല ചരാചരത്തിന്റെയും സൗന്ദര്യം കണ്ട് ''സൂര്യകീര്‍ത്തനം'' എന്ന പ്രപഞ്ചഗീതം രചിക്കുന്നത്. മരണമെന്ന അഗാധനിദ്രയിലേക്ക് സംഗീതം കേട്ട് ആഴ്ന്നുപോകാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മരണക്കിടക്കയ്ക്ക് അരികിലേക്ക് സഹോദരന്മാരെ വിളിച്ചു പറയുന്നുണ്ട്, ''സഹോദരന്മാരെ, എനിക്കായി ഒരു സങ്കീര്‍ത്തനം ആലപിക്കൂ. ഞാന്‍ അതുകേട്ട് വിടപറയട്ടെ.''
സഭയ്ക്ക് നഷ്ടമായത് അതിന്റെ കവിഹൃദയമാണ്. കഥയും കവിതയും കലയുമാണ് മതത്തിന്റെ കാരുണ്യഭാഷ. വയലിലെ ലില്ലികളെ നോക്കി, ആകാശപ്പറവകളെ നോക്കി, വഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കി, ധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കി, വേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും മതത്തിന്റെ ഉള്‍ക്കാമ്പ് ഏറെ നഷ്ടപ്പെട്ടിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കലാഹൃദയത്തിനേ കഴിയൂ. സത്യത്തില്‍ വിശുദ്ധഗ്രന്ഥം മുഴുവന്‍ ഒരു കലാസൃഷ്ടിയാണ് - കഥകള്‍, ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, നാടകങ്ങള്‍, ചിഹ്നങ്ങള്‍, ദര്‍ശനങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവകൊണ്ട് സമ്പന്നം. എന്നാല്‍ മതനേതൃത്വത്തിന് കവിഹൃദയം നഷ്ടപ്പെടുകയും സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും കവിതകളേയും കഥകളേയും പുറത്താക്കുകയും ചെയ്തു. അവയുടെ അഭാവത്തില്‍ കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കപ്പെട്ടു. അതിനിടയില്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കവിത മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത്  ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവും, ക്രിസ്തു എന്ന കവി ഹൃദയന്‍.

സാഹോദര്യത്തിന്റെ പ്രതിസന്ധി
''സഹോദരന്‍ ചെന്നായേ,
ഞാന്‍ നിന്നോടൊപ്പമിരുന്ന് അല്പനേരം
സംസാരിക്കട്ടെ.
എന്റെ ഭാഷ നിനക്കു മനസ്സിലാകുമെന്നെനിക്കറിയാം.
കുന്നിന്‍ മുകളിലേക്കുള്ള യാത്ര
എനിക്കെന്നും ദുരിതപൂര്‍ണ്ണമായിരുന്നു.
എന്റെ സഹചാരികളെന്നെ വിശ്വസിക്കുന്നില്ലെന്നതാണ്
എന്റെ ദുരിതം.''
''എന്റെ പ്രിയ സഹോദരന്മാരെ, എന്റെ ഭാഗം ഞാന്‍ ചെയ്തുകഴിഞ്ഞു; നിങ്ങളുടേത് എന്താണെന്ന് ക്രിസ്തുതന്നെ നിങ്ങളെ പഠിപ്പിക്കട്ടെ.'' മരണക്കിടക്കയിലെ ഫ്രാന്‍സിസിന്റെ അവസാന വാചകങ്ങളില്‍ ഒന്നായിരുന്നു ഇത്. സാഹോദര്യവും സന്ന്യാസജീവിതദര്‍ശനങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഉഴവുപാടമായിരുന്നു ഫ്രാന്‍സിസിന്റെ മനസ്സ്. 22-ാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. നീണ്ട വിചിന്തനത്തിനൊടുവിലാണ് ഫ്രാന്‍സിസ് ലിയോ സഹോദരനോട് പരിപൂര്‍ണ്ണ ആനന്ദത്തെക്കുറിച്ചുള്ള ആ കഥ പറയുന്നത്.  കഥയുടെ അവസാനം ഫ്രാന്‍സിസ് പറഞ്ഞതിങ്ങനെ: ''ലിയോ സഹോദരാ, നമ്മെ അറിയാത്തവര്‍, നമ്മുടെ സ്വപ്നങ്ങള്‍ക്ക് പുല്ലുവില കല്പിക്കാത്തവര്‍, നമ്മെ പുറംകാലിന് ചവിട്ടിപ്പുറത്താക്കിയാലും നാം ഈ സഹോദരസംഘത്തെ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അതാണ് പരിപൂര്‍ണ്ണ ആനന്ദം.'''' (ഫ്രാന്‍സിസ് സഹോദരസംഘത്തെ വിട്ടുപോകാന്‍ പോലും ചിന്തിച്ചിരുന്നോ എന്ന് സംശയിക്കണം.) ആരെയെങ്കിലും ഉപേക്ഷിക്കുകയല്ല എല്ലാവരേയും സ്വന്തമാക്കുകയാണ് താന്‍ കണ്ട സന്ന്യാസദര്‍ശനത്തിന്റെ അന്തസ്സത്ത എന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രാന്‍സിസിന്റെ ഈ തീരുമാനം. ഇതാണ് സന്ന്യാസത്തിന്റെ ഏറ്റവും വലിയ സംഘര്‍ഷം. കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.

സന്ന്യാസത്തിന്റെ സഞ്ചാരഹൃദയം
''യോനായുടെയും ജോബിന്റെയും
ജെറേമിയായുടെയും മോസസ്സിന്റെയും
ഏലിയായുടെയും താര്‍സൂസ്സിലെ സാവൂളിന്റെയും കുലത്തില്‍
ഒരു മനുഷ്യനുണ്ടായിരുന്നു.
അയാള്‍ തന്റെ കുലത്തിലെ മറ്റുള്ളവരെപോലെ
ഉഷസ്സിന്റെ ചിറകുകളില്‍ പറന്നു.
രാജ്യങ്ങളോടും അധികാരശക്തികളോടും
പ്രശസ്തിയോടും ചേര്‍ന്നുനില്‍ക്കാന്‍
അയാള്‍ക്ക് അറിയില്ലായിരുന്നു.
അയാള്‍ കാറ്റില്‍നിന്ന് കാറ്റിലേക്ക്
പറന്നുകൊണ്ടേയിരുന്നു.
ദൈവോച്ഛ്വാസത്തിന്റെ
വന്‍തീപിടുത്തത്തിന്റെ കൊടിയ നഷ്ടത്തില്‍
സ്വയം നഷ്ടപ്പെട്ടങ്ങനെ.''''
സന്ന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്ന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്ന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്ന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിനടക്കുകയായിരുന്നു അയാള്‍.
ഫ്രാന്‍സിസ് ഒരു യാത്രികന്‍ മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നതാണെന്ന് അയാള്‍ വിശ്വസിച്ചു. അയാള്‍ കൂടുതലും നടന്നത് ഓരം ചേര്‍ന്നായിരുന്നു. ഈ ലോകത്തില്‍ പരദേശികളെപ്പോലെയും തീര്‍ത്ഥാടകരെപ്പോലെയും ജീവിക്കാന്‍ ഫ്രാന്‍സിസ് തന്റെ സഹോദരന്മാരോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സുബാസിയോ കാടുകളിലൂടെ, സ്‌പൊളേറ്റോ താഴ്‌വാരത്തിലൂടെ, അസ്സീസിയില്‍ നിന്നു ജറുസലേമിലേക്ക്, അസ്സീസിയില്‍ നിന്ന് റോമിലേക്ക്, ലവേര്‍ണാ മലമുകളിലേക്ക്, പെറൂജിയായിലേക്ക്, അപ്പൂല്യായിലേക്ക്, ഗുബിയോയിലേക്ക്, സ്‌പെയിനിലേക്ക്, ഈജിപ്തിലേക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേക്കും. എല്ലാ യാത്രകള്‍ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേക്ക്. വാഹനങ്ങള്‍ ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം കുതിരപ്പുറത്ത് കയറാന്‍ വിസമ്മതിച്ച ഈ കൊച്ചു മനുഷ്യന്‍ ഇരുപതുവര്‍ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നു തീര്‍ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഇതു സന്ന്യാസത്തിന്റെ ഒരു പൗരസ്ത്യ പാരമ്പര്യമാണ്. വഴിതെറ്റി പടിഞ്ഞാറു പോയി പിറന്ന കിഴക്കിന്റെ സന്ന്യാസിവര്യനാണു ഫ്രാന്‍സിസ് എന്നു പറയുന്നതില്‍ തെറ്റില്ല. കിഴക്കിന്റെ ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ  കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ദൂരങ്ങള്‍ മക്കയ്ക്കും മദീനക്കുമിടയില്‍ നടന്നുതീര്‍ത്ത മുഹമ്മദിലാകട്ടെ നടവഴികള്‍ മാറുന്നുവെന്നേയുള്ളൂ.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട, അപൂര്‍വ്വം ചിലരില്‍ കാണുന്ന, ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്ന്യാസം. സ്ഥാപനവല്‍കൃതമാവുകയും പൊതുവത്ക്കരിക്കപ്പെടുകയും  ചെയ്യാന്‍ തുടങ്ങിയതു മുതല്‍ അതിന്റെ പരാജയം വെളിവാകുന്നുണ്ട്. രണ്ടു തരം മനസ്സുകളുണ്ട്, ഒന്ന് സ്ഥാപനത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രമായി ഒതുക്കി നിര്‍ത്താനാവാത്ത സഞ്ചാരിമനസ്സും,  മറ്റൊന്ന് സ്ഥാപനത്തിന്റെ സ്‌നേഹസുരക്ഷിതത്വങ്ങളില്‍ ആനന്ദം കൊള്ളുന്ന സ്ഥിരവാസി മനസ്സും. രണ്ടും ഒരേ രീതിയില്‍ ആനന്ദകരമാണ്. പക്ഷേ സഞ്ചാരി മനസ്സ് അത്യപൂര്‍വ്വവും സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതുമല്ല. സന്ന്യാസിനികളുടെ അംഗബലം കുറയുന്ന പ്രതിഭാസം ഇന്ന് പലരേയും ഭയപ്പെടുത്തുന്നുണ്ട്. ഭയപ്പെടേണ്ട ഒന്നല്ല അത്. സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി മനസ്സിലാക്കിയാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെ നാം ഭയപ്പെടണം.
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ. പുരുഷസന്ന്യാസിമാരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. ഇവിടെ പൗരോഹിത്യമില്ലാതെ സന്ന്യാസം മാത്രം ജീവിച്ചിരുന്ന പുരുഷസന്ന്യാസസമൂഹങ്ങളൊക്കെ ഏതാണ്ട് അന്യംനിന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്, സന്ന്യാസം ഒരു ജീവിതശൈലിയാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു.   പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം. അതായിരുന്നു ഫ്രാന്‍സിസിന് തന്റെ ജീവിതകാലത്ത് തന്നെ കണേണ്ടിവന്ന സന്ന്യാസത്തിന്റെ പതനവും, തത്ഫലമായി അദ്ദേഹം അനുഭവിച്ച ആത്മീയസംഘര്‍ഷവും.
സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തിരയുന്ന ഈ സന്ന്യാസവര്‍ഷത്തില്‍ കണ്ടുമുട്ടേണ്ട വ്യക്തി സുബാസിയോയുടെ മലവഴികള്‍ ഇറങ്ങി വരുന്ന പീറ്റര്‍ ബെര്‍ണഡോന്റെ മകന്‍ ഫ്രാന്‍സിസ് ജോണിനെയാണ്. കാരണങ്ങളില്ലാതെ ഒരു സഞ്ചാരിയും പ്രകൃതിയുടെ ഉപാസകനും ദൈവസ്‌നേഹത്തിന്റെ ഗായകനും ഉള്ളിന്റെയുള്ളില്‍ ഒരു നിരന്തര അന്വേഷിയുമായി നടന്ന ആ മനുഷ്യനാല്‍ വശീകരിക്കപ്പെടുക എന്നതാണ്. വയലിലെ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവരാകട്ടെ അപൂര്‍വ്വവും. നീണ്ട അങ്കിയും അവിവാഹിത ജീവിതവും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം. കൊട്ടാരത്തില്‍നിന്ന് ഇറങ്ങിയോടി ലുംബിനിയുടെ വഴിവക്കില്‍ ജന്മം കൊടുത്തപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ട ഒരു സഞ്ചാരഹൃദയമാണ് സന്ന്യാസം. കപിലവസ്തുവിന്റെ കൊട്ടാരങ്ങള്‍ക്കൊന്നിനും അതിനെ ഏറെക്കാലം പിടിച്ചുനിര്‍ത്താനാവില്ല. പറവകള്‍ക്ക് കൂടുകളും നരികള്‍ക്ക് മാളങ്ങളുമുള്ള ഭൂവില്‍ അത് ഒരു രാത്രി കൂടുവിട്ടിറങ്ങും. അസിതനും ശിമയോനും കൈയിലെടുത്ത കുഞ്ഞുങ്ങള്‍ക്കുമേല്‍ ചില പ്രവചനങ്ങള്‍ തെറ്റാതെ കിടന്നതുപോലെ. സന്ന്യാസത്തെ വേണമെങ്കില്‍ ഒരു ജന്മത്തിന്റെ നിയതി എന്നു വിളിച്ചുകൊള്ളൂ.