Monday 26 February 2018

നിഴലും പിന്നെ ഞാനും

ദൈവം പോയാലും എന്റെ നിഴൽ എന്നോടൊപ്പം ഉണ്ടാവുമെന്നാണ് ഞാൻ കരുതിയിരുന്നത്. സപ്താഹത്തിന് അനുഗ്രഹ പ്രഭാഷണം നടത്തിയ വിശ്വാനന്ദ സ്വാമിയാണ് ഈശ്വരനില്ലെങ്കിൽ നിഴലുപോലും ഉണ്ടാവില്ലെന്ന് പറഞ്ഞത്. ശരിയല്ലേ? ഈശ്വരനാകുന്ന പ്രകാശമില്ലെങ്കിൽ നിഴലെങ്ങിനെയുണ്ടാവും?
അസ്തമയ സൂര്യനു പറയാനുണ്ടായിരുന്നതും കേട്ട് ഞാനാ മണൽത്തീരത്തിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നിഴൽ ആരോ വലിച്ചു നീട്ടിയതുപോലെ തോന്നി. 
ഞാനെന്റെ മുഴുവൻ ദു:ഖങ്ങളും നിഴലിനോടു പറഞ്ഞു; അതനങ്ങിയില്ല. വീണ്ടും പറഞ്ഞു; അപ്പോഴും അതൊന്നും മിണ്ടിയുമില്ല, ചലിച്ചുമില്ല.
അരിശം തോന്നിയപ്പോൾ ഞാനെണീറ്റു തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു, ''ഒരുപകാരം പോലും ചെയ്യാൻ കെല്പില്ലാത്ത നിന്നെ എനിക്കിനി വേണ്ടാ.''
ഞാൻ നോക്കുമ്പോൾ നിഴലും തലയിൽ കൈ വെച്ചെന്തോ പറയുന്നു.
ഒരു സത്യം അന്നെനിക്കു മനസ്സിലായി.
'എന്തും തുടങ്ങേണ്ടത് എന്നിൽ നിന്നാണെന്ന്,' ഞാൻ ചലിച്ചാലെ നിഴലും ചലിക്കൂവെന്ന്, ഈ ദു:ഖങ്ങളിൽ നിന്നും കരകയറാൻ ആദ്യം ചലിക്കേണ്ടതു ഞാനാണെന്ന്.

കഴിഞ്ഞകാലത്തെ ഓരോ സംഭവങ്ങളും ഒന്നൊന്നായി വിശകലനം ചെയ്തു നോക്കിയപ്പോൾ ഇതു സത്യമാണെന്നെനിക്കു മനസ്സിലായി.
ഞാനുദ്ദേശിച്ചതു പോലെ ചെയ്യാൻ എനിക്കു മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.

സൂപ്പർ മൂൺ

രണ്ടാം നിലയിലെ ടെറസ്സിൽ വരെ കേറാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായില്ലെന്നു പറയാനാവില്ല. വയസ്സ് 88 ആയെങ്കിലും പേരക്കുട്ടികൾ പറഞ്ഞതുപോലെ വിചിത്രമായ ഒരു ചന്ദ്രനെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
ഒരു മണിക്കൂർ ആകാശത്തു പരതിയപ്പോഴാണ് ചന്ദ്രനെ കണ്ടത്. 
അതിന്റെ ഒരു ഭാഗം മുഴുവനായും ചുവന്നിരുന്നു. ഇമവെട്ടാതെ അതിനെത്തന്നെ നോക്കിയിരുന്നതു കൊണ്ടാവാം, ആ ഗോളത്തിന്റെ മുഖം എനിക്കു നന്നായി കാണാനായി.
കണ്ണകളും ചുണ്ടുകളും നെറ്റിയും...... എല്ലാം ഞാൻ കണ്ടു.
'ബ്ലൂ മൂൺ, റെഡ് മൂൺ, സൂപ്പർ മൂൺ!'
ഞാൻ പറഞ്ഞു.
'എടാ മണ്ടാ, ഇതു ഞാൻ തന്നെ... നിന്റെ പഴയ ചന്ദ്രൻ."
ഇതു ഞാൻ വ്യക്തമായി കേട്ടതാണ്.
'സത്യമാണല്ലോ. അതുണ്ടോ മാറുന്നു?'
ഞാൻ സ്വയം ചോദിച്ചു.
മാറുന്നതു മറ്റെല്ലാം!
"അപ്പോൾ ഞാനോ?"
എനിക്കു ചോദിക്കാതിരിക്കാനായില്ല.
ചന്ദ്രഗോളം അപ്പോഴേക്കും ആകെ കറുത്തിരുന്നു. എന്റെ ചോദ്യം അതിന് ഇഷ്ടപ്പെട്ടില്ലെന്നുറപ്പ്.
അതിന്റെ കാരണവും എനിക്കു മനസ്സിലായി.
ഞാനെന്നെ എത്ര തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന് ചിന്തിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല.
ഇത്രയും നാളുകളും, മാറിക്കൊണ്ടിരുന്നതു ഞാനല്ല എന്നോടൊപ്പമുള്ളവയായിരുന്നെന്നു മനസ്സിലാക്കാൻ എനിക്ക് ആ സൂപ്പർ മൂൺ വേണ്ടി വന്നു.
എവിടെയോ ഒരു ഭ്രമണപഥത്തിൽ ആയിരുന്നതു മാത്രമായിരുന്നു ഞാൻ ചെയ്ത ഏക കർമ്മം!
പതിയെ, ചന്ദ്രന്റെ മുഖം പ്രകാശമാനമാകുന്നതു കാണാതിരിക്കാനും എനിക്കായില്ല.

ആരാണ് ദൈവങ്ങൾ?

"പപ്പാക്കീ ഭൂമിയിൽ എന്തിനോടാ ഏറ്റവും ഇഷ്ടം?"
"ങാ... മയിലിനോട്!" 
"പക്ഷികൾ മാത്രമേയുള്ളോ ഭൂമിയിൽ? ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതെന്തിനോടാന്നു പറ."
"അതോ?.... അതു നമ്മുടെ ചിമ്മനോട്. അവനല്ലേ വീടു കാക്കുന്നത്."
"ശ്ശോ! അതല്ലെന്നേ... ഒത്തിരി ഉപകാരം ചെയ്യുന്ന ഒരു സാധനമുണ്ട്... അതാ ഞാൻ ചോദിച്ചത്."
"എന്താ? എനിക്കറിയില്ല."
"നമുക്കു വായു തരുന്നത്?"
"ഹോ! ഞാൻ മറന്നു; മരങ്ങളോടാ എനിക്കിഷ്ടം."
"അതെന്താണെന്നു പറ?"
"അതു നമുക്കു തണൽ തരുന്നു, കായ്കനികൾ തരുന്നു, ശുദ്ധവായു നിർമ്മിച്ചു തരുന്നു.... പക്ഷികൾക്കു വീടുണ്ടാക്കാൻ ചില്ലകൾ തരുന്നു, മൃഗങ്ങൾക്കു ചുറ്റിക്കറങ്ങാനും വിശ്രമിക്കാനും കാടുകൾ തരുന്നു, ആ കാടുകൾ ഉള്ളതുകൊണ്ട് നമുക്കു മഴ ലഭിക്കുന്നു...."
"മരങ്ങളില്ലായിരുന്നെങ്കിൽ ഭൂമി വരണ്ടുണങ്ങി മരുഭൂമിയാവുമായിരുന്നില്ലേ പാപ്പാ?"
പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും വണ്ടി വന്നുകഴിഞ്ഞിരുന്നു.
ക്ളാസ്സില്ലാതിരുന്ന ഒരു ദിവസം വെയിറ്റിംഗ് ഷെഡ്‌ഡിൽ ബസ്സ്‌ കാത്തിരുന്നപ്പോൾ കേട്ട സംഭാഷണമാണിത് - എട്ടൊമ്പത് വയസ്സുള്ള ഒരു പയ്യനും അവന്റെ പാപ്പായും തമ്മിൽ നടന്നതായിരുന്നു ഈ സംവാദം. അവരെങ്ങോ യാത്രയിലാണ്.
ഈ കുട്ടിയെ ഈ സസ്യലോകം അമ്പരിപ്പിച്ചിരുന്നിരിക്കണം. എന്തായാലും അതു ചെയ്യുന്ന നിശ്ശബ്ദമായ സേവനത്തെപ്പറ്റി ഒരിക്കൽക്കൂടി ചിന്തിക്കാൻ എനിക്കാരവസരം ഈ കുട്ടി തന്നിരിക്കുന്നു. 
'മരമൊരു വരം' എന്നു പറയുന്നതിനേക്കാൾ 'മരം തരുന്ന വരമാണു മനുഷ്യജീവിതം' എന്നു പറയുന്നതല്ലേ ശരിയെന്നായിരുന്നു ആ യാത്രയിൽ മുഴുവൻ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. 
ധന്വന്തരഭഗവാനിൽ നിന്നു ശുശ്രുത മഹർഷി സസ്യങ്ങളുടെ വേദം പഠിച്ചു. മരങ്ങൾക്കു ജീവനുണ്ടെന്നും അവ ശ്വസിക്കുന്നുവെന്നും ചിന്തിക്കുന്നുവെന്നും അറിയുന്നുവെന്നും സഹമഹർഷിമാരും പഠിപ്പിച്ചു. ആചാര്യ ജഗദീഷ്ചന്ദ്രബോസെന്ന പ്രതിഭ ആ വസ്തുതകൾ ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.
അന്നു മുഴുവൻ ഞാൻ അസ്വസ്ഥനായിരുന്നെന്നു പറയുന്നതാണ് ശരി. 
സന്ധ്യക്ക് പവി ഉമ്മറത്തു വിളക്കു വെയ്ക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചു, ആരെയാണു നാം ഉപാസിക്കേണ്ടത്?  പൂക്കളുടെ ഭംഗിയും അതിന്റെ സുഗന്ധവും, മരങ്ങൾ തരുന്ന പഴങ്ങളുടെ രുചിയും, അവയുടെ അംശങ്ങളിൽ നിന്നുയരുന്ന ധൂമവും ആസ്വദിച്ച്, മരങ്ങളുടെ കാതലിൽനിന്നുയിരുമെടുത്ത് കാലയാപനം കഴിക്കുന്ന വിഗ്രഹങ്ങളെയോ, അതോ സുഖത്തിലും ദു:ഖത്തിലും നിശ്ശബ്ദമായി നമ്മെ അനുധാവനം ചെയ്യുന്ന സസ്യക്കൂട്ടായ്മയെയോ?
വേദനിച്ചാൽ കോപിക്കുന്ന ദൈവങ്ങളെയോ, എത്ര വേദനിപ്പിച്ചാലും മറുത്തൊരക്ഷരം ഉരുവിടാത്ത മരങ്ങളെയോ? 
മരങ്ങളായിരിക്കണം ദൈവങ്ങൾ, അല്ലെങ്കിൽ മരങ്ങളെപ്പോലെയായിരിക്കുന്നവർ! 
 

Wednesday 10 January 2018

അക്ഷരഭൂതത്തിന്റെ കഥ



"ഇത് ഡാഡിയാ വിളിക്കുന്നത്; അതേ, കിഴക്കേത്തുറയിലെ തറവാടു പൊളിക്കുന്നതൊന്നു മാറ്റി വെക്കണം. ഞാൻ ബുധനാഴ്ച വൈകിട്ടെത്തും, എനിക്കതിന്റെ കുറെ ചിത്രങ്ങളെടുക്കണം. അതു കഴിഞ്ഞു മതി." 
റോയി മറുപടിയൊന്നും പറഞ്ഞില്ല.
ഡാഡിയെന്നും അങ്ങിനെത്തന്നെയായിരുന്നുവല്ലോയെന്ന് ഓർക്കാതിരിക്കാൻ റോയിക്ക് കഴിഞ്ഞില്ല. ചിലപ്പോളൊരു കാര്യമില്ലാത്ത നൊസ്റ്റാൾജിയാ, അല്ലെങ്കിൽ ചിലതിനോടുള്ള അസാധാരണമായ ഒരറ്റാച്ച്മെന്റ്, എത്ര പ്രാവശ്യം ഇതൊക്കെ റോയി ശ്രദ്ധിച്ചിരിക്കുന്നു - എങ്കിലും എപ്പോഴും അതുണ്ടായിരിക്കുമെന്നും റോയിക്ക് പറയാനാവുമായിരുന്നില്ല. ഡാഡിയെടുക്കുന്ന തീരുമാനങ്ങളുടെ ഗതി പോലും ആർക്കും പ്രവചിക്കാനായിട്ടില്ലല്ലോയെന്ന് റോയി ഓർത്തു. ആരു പറഞ്ഞാലും കേൾക്കുന്ന സ്വഭാവമായിരുന്നില്ല ഡാഡിയുടേത്. കേന്ദ ആഭ്യന്തരവകുപ്പിൽ ഉത്തരവാദിത്വമുള്ള ജോലി ചെയ്യുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനു ചേർന്നതുമായിരുന്നില്ലല്ലോ ചഞ്ചലിപ്പ്.
ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരു അൺപ്രഡിക്റ്റബിൾ പേസ്‌സണാലിറ്റി!
ചിതലിനു തീറ്റയാകാതെ വെറുതെ കിടക്കുന്ന പഴയ തറവാട്ടു കെട്ടിടം മൊത്തമായി കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് വെസ്റ്റ് ഫോർട്ട് ഹോട്ടലുകാർ വന്നത്. അവരുടെ പുതിയ റിസോർട്ട് വളപ്പിൽ പുനരാവിഷ്കരിക്കാൻ പറ്റിയ ഒരു പഴയ തടിക്കെട്ടിടമായിരുന്നത്.
ചോദിച്ച വിലതന്നവർ കച്ചവടവും ചെയ്തു.
നാളെ പൊളിക്കാൻ വരുമെന്നു ഡാഡിയോടു വാട്സാപ്പിൽ മെസ്സേജിട്ടിരുന്നു. എന്താണെങ്കിലും, ഡാഡി വരണ്ടാന്ന് പറയാൻ റോയിക്കു കഴിയുമായിരുന്നില്ല.
പറഞ്ഞ സമയത്തുതന്നെ ഡാഡി വന്നു - പതിവു പോലെ അവധിക്കു വെച്ചില്ല. മമ്മിയെ കൊണ്ടുവരാഞ്ഞതെന്താണെന്നു ചോദിച്ചപ്പോൾ നാളെകഴിഞ്ഞു മടങ്ങേണ്ടതുണ്ടെന്നു പറഞ്ഞു.
പിറ്റേന്നു രാവിലെ ക്യാമറായുമായി ഡാഡി പഴയവീട്ടിലേക്കു പോകുന്നതു കണ്ടു, ഡാഡി പിറന്നു വളർന്നു വലുതായ ആ പഴയ വീട്ടിലേക്ക്.
അന്നു വൈകിട്ട് ഡിന്നറിനെല്ലാവരും ഒത്തു കൂടിയപ്പോൾ ഡാഡി ഒരു പഴയ പുകപിടിച്ച ചിരട്ടകുടുക്ക കൊണ്ടുവന്ന് ഡൈനിങ് ടേബിളിന്റെ മദ്ധ്യത്തിൽ വെച്ചു. എല്ലാവരും പരസ്പരം നോക്കിക്കൊണ്ടിരുന്നു, ആരും ഒന്നും ചോദിച്ചില്ല.
"ചിന്തുവിനു പറയാമോ ഇതിലെന്താണെന്ന്?" ഡാഡി ചോദിച്ചു.
"വല്യഡാഡി തന്നെ പറ." അവൾ ഒഴിഞ്ഞു മാറി.
എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് ഡാഡി പറഞ്ഞു.
"ഒരു ഭൂതം! ഞാൻ ചോദിച്ചതെല്ലാം അവൻ തന്നു. ഞാനിന്നവനെ തുറന്നു വിടുകയാണ്."
അപ്പോഴും ആരും ഒന്നും മിണ്ടിയില്ല, പക്ഷേ, ഭാര്യ സെല്ലിയുടെ മുഖം പോലും ആകാംഷകൊണ്ട് ചുളുങ്ങുന്നത് റോയി കണ്ടു. ഡാഡി ഭൂതത്തിന്റെ കഥ പറഞ്ഞു തുടങ്ങി.
"എന്റെ കൂടെ എൽ പി യിൽ പഠിച്ചിരുന്ന ഒരു സോമനുണ്ടായിരുന്നു, അവനാണ് ഭൂതത്തിനെ പിടിക്കാൻ എന്നെ പഠിപ്പിച്ചത്. അവനന്ന് ക്ലാസ്സിലെ മിടുക്കന്മാരിലൊരുവനും ഞാനന്ന് ക്ലാസ്സിലെ അറിയപ്പെടുന്ന മണ്ടനുമായിരുന്നു. പൂവൻകുന്നേൽ സാറിന്റെ അടി മേടിക്കാതിരിക്കാൻ മാർക്ക് വാങ്ങുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ താനും. ഒരു ദിവസം ഡ്രില്ലിന്റെ പീരിയഡിൽ ഒറ്റക്കാലേച്ചാട്ടവും കഴിഞ്ഞു പള്ളിക്കിണറ്റിന്നു വെള്ളം കോരിക്കുടിക്കാൻ പോയ വഴിക്കു ഞാനവനോടു ചോദിച്ചു, മാർക്കു കിട്ടാൻ എന്താ പണിയെന്ന്. അന്നു പള്ളിക്കൂടം വിട്ടപ്പോൾ എന്നെ മാറ്റി നിർത്തി ഭൂതത്തെ പിടിക്കാനുള്ള മാർഗ്ഗം അവൻ പറഞ്ഞു തന്നു."
ഡാഡി കഥയൊന്നു നിർത്തി, എല്ലാവരുടെയും മുഖത്തേക്കൊന്നു നോക്കിയിട്ട് കഥ തുടർന്നു.
"എന്റെ തിരുനെറ്റിയിൽ ഒരു പാടു കണ്ടോ? നഖം കൊണ്ട് നൂറ്റൊന്നു പ്രാവശ്യം വരച്ചു കൊണ്ട് അക്ഷരഭൂതത്തെ വിളിക്കണം. നെറ്റിയിൽ നൂറ്റൊന്നിന്റെ പാടുകാണുന്നവരെല്ലാം ഭൂതത്തെ വിളിച്ചവരാണ്. നൂറ്റൊന്നാമത്തെ വര വരക്കുന്ന സമയം ഒരു തുളയുള്ള ഒരു കാലണയിട്ടിരിക്കുന്ന ഒരു കുടുക്ക കൈയ്യിലെടുത്ത് ഭൂതമെ, ഇതെത്രയുണ്ടെന്ന് എണ്ണിപ്പറയാമോയെന്നു ചോദിക്കണം. ഭൂതം കുടുക്കയിൽ കയറിക്കഴിഞ്ഞെന്നു തോന്നിയാൽ കുടുക്കയടക്കണം. പിന്നെ ഭൂതത്തോട് എത്ര മാർക്കു വേണമെന്നു പറഞ്ഞാലും കൃത്യം അതു കിട്ടിയിരിക്കും. പറയുന്നതു പോലെ ചെയ്താലല്ലേ ഭൂതത്തിനു രക്ഷപ്പെടാൻ പറ്റൂ.
സോമൻ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല. പക്ഷേ, ഞാൻ നോക്കിയപ്പോൾ ഹെഡ്മാസ്റ്ററുടെ നെറ്റിയിൽ ഇതുപോലൊരു പാടു കണ്ടു; കണക്കു പഠിപ്പിക്കുന്ന ഷീല റ്റിച്ചറുടെ നെറ്റിയിലും ആ പാടു കണ്ടു. അങ്ങിനെയാണ് സോമൻ പറഞ്ഞതു സത്യമാണെന്നെനിക്കു ബോദ്ധ്യപ്പെട്ടത്.
ഞാനും നൂറ്റൊന്നു വരച്ചു, ഭൂതത്തെ എണ്ണാൻ വിളിച്ചുവരുത്തി കുടുക്കയിലാക്കി. ആ ക്രിസ്മസ്സ് പരീക്ഷക്കു ഞാൻ എല്ലാ വിഷയത്തിനും ജയിച്ചു. അവസാനവർഷ പരീക്ഷക്ക് എനിക്കു ഭയങ്കര മാർക്കായിരുന്നു. സോമൻ പറഞ്ഞതു പോലെ ഓരോ വർഷവും ഞാനോരൊ തുളയുള്ള കാലണ കുടുക്കയിൽ ഇട്ടുകൊണ്ടിരുന്നു. കാലണ കിട്ടാതായപ്പോൾ ഒരണയിടുമായിരുന്നു; പിന്നെ പത്തു പൈസായായി, നാലണയായി, അരരൂപായായി, ഒരു രൂപായായി.
ഐ എ എസ് പാസ്സാകുന്നിടം വരെ ഞാനതിൽ പൈസാ ഇടുമായിരുന്നു - എല്ലാവർഷവും. ഈ കുടുക്ക, പുരയുടെ തട്ടിൻപുറത്ത് ആരും കാണാത്ത ഒരു മൂലയിൽ ഒളിച്ചു വെച്ചിരിക്കുകയായിരുന്നു ഞാനിന്നേവരെ. ഇന്നു ഞാനാ ഭൂതത്തെ തുറന്നു വിടാൻ പോകുന്നു."
പറഞ്ഞു നിർത്തിയിട്ട് ഡാഡി എല്ലാവരുടെയും മുഖത്തേക്കു നോക്കി.
"ഇതിനകത്തു ശരിക്കും ഭൂതമുണ്ടോ വല്യഡാഡീ?" ചിന്തു ചോദിച്ചു. അവൾക്കാകാംക്ഷ അടക്കാൻ കഴിയുന്നതിലും മുകളിലായിരുന്നു.
ഡാഡി കുടുക്ക കൈയ്യിലെടുത്തു. ആദ്യം അതു മൂടിക്കെട്ടിയിരുന്ന കട്ടിക്കടലാസ് മെല്ലെ മാറ്റി, തുടർന്നു കുടുക്ക ശക്തമായി കുലുക്കി. നാണയങ്ങളുടെ മണിശബ്ദം എല്ലാവരും കേട്ടു.
ഡാഡി കുടുക്കയിലേക്കു മുഖം തിരിച്ചു കണ്ണുകളടച്ചു; പതിയെ പറഞ്ഞു,
"ആത്മവിശ്വാസം, ഇറങ്ങി വരൂ!"

Sunday 3 December 2017

ബദരീനാഥിലെ റിക്ഷാക്കാരൻ

"എന്താ ബ്രഹ്മാവിന്റെ പേരിൽ ക്ഷേത്രങ്ങളില്ലാതെ പോയത്? 

അതോ? ബ്രഹ്മാവിന്റെ നിയന്ത്രണത്തിലുള്ള ജനനം സംഭവിച്ചു കഴിഞ്ഞതാണ്, അതു നോക്കുന്ന ബ്രഹ്മാവിനെ ആർക്കു വേണം? പക്ഷേ, തൽസ്ഥിതി നോക്കുന്ന വിഷ്ണുവിനെയും, നാശം കരുതുന്ന മഹേശ്വരനെയും പൂജിക്കാതെ പറ്റുമോ? പക്ഷേ, ബ്രഹ്മാവ് പുറത്താകാൻ പ്രധാന കാരണം ഇതല്ല; മഹർഷി ഭൃഗുവിന്റെ ഒരു ശാപം ബ്രഹ്മാവിനുണ്ടെന്നതാണത്. കലിയുഗത്തിൽ ഒരുത്തരും നിന്നെ ആരാധിക്കാതെ പോകട്ടെയെന്നായിരുന്നാ ശാപം. എങ്കിലും, അഞ്ഞൂറിൽ കേമൻ തന്നെയാണല്ലോ ബ്രഹ്മാവ്‌! രത്നഗിരിക്കുന്നിന്റെ മുകളിലുള്ള സാവിത്രി ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നു നോക്കിയാൽ കാണുന്ന പുഷ്കർ തടാകത്തിന്റെ ചുറ്റുമുള്ള അഞ്ഞൂറോളം ക്ഷേത്രങ്ങളിൽ ബ്രഹ്മക്ഷേത്രമല്ലേ കേമം?
ത്രിമൂർത്തികൾ പരസ്പരധാരണയിലും സമാധാനത്തിലും കഴിഞ്ഞു പോരുന്ന ഒരു കാലത്താണ് സരസ്വതീ നദിയുടെ തീരത്തൊരു മഹായജ്‌ഞം നടന്നത്. പക്ഷെ, ത്രിമൂർത്തികളിൽ ആരാണ് മഹായജ്ഞത്തിന്റെ യജമാനനായിരിക്കേണ്ടതെന്ന കാര്യം വന്നപ്പോൾ തർക്കമായി. അവസാനം, സപ്തർഷികളിൽ ഒരാളായ ഭൃഗു ഇതിനൊരു തീരുമാനമുണ്ടാക്കട്ടെയെന്നായി. ബ്രഹ്മാവിന്റെ മാനസപുത്രനും പ്രജാപതിമാരിൽ ഒരാളുമായ അതിശക്തനായ ഭൃഗുമഹർഷി ആദ്യം ബ്രഹ്മലോകത്തു ചെന്നു.
പറയാതെ വയ്യ, ബ്രഹ്മാവിനെ അവഹേളിക്കത്തക്ക രീതിയിലായിരുന്നു ഭൃഗുവിന്റെ പെരുമാറ്റം മുഴുവൻ. സഹികെട്ടപ്പോൾ ബ്രഹ്മാവ് ഭൃഗുവിനെ ശപിക്കാൻ ഒരുങ്ങിയെങ്കിലും ഭാര്യ സരസ്വതി ഇടപെട്ടതുകൊണ്ട് ഭൃഗുമഹർഷി രക്ഷപ്പെട്ടു. പക്ഷെ, ഭൃഗുവിന്റെ കോപം ശമിപ്പിക്കാൻ അവിടെയാരുമുണ്ടായിരുന്നില്ല; അങ്ങിനെയാണ് ബ്രഹ്മാവിനു ശാപം കിട്ടിയത്. 
ഭൃഗു പിന്നെ പരമശിവനെ കാണാൻ കൈലാസത്തിലേക്കു ചെന്നു. നിർഭാഗ്യവശാൽ ശിവനെ കാണാൻ, അവിടെ കാവൽ നിന്ന നന്ദി സമ്മതിച്ചില്ല. ഭൃഗു ശിവനും കൊടുത്തൊരു ശാപം; നിന്നെ ലിംഗരൂപത്തിലല്ലാതെ ആരും ആരാധിക്കാൻ ഇടയാകാതിരിക്കട്ടെയെന്നായിരുന്നാ ശാപം. കാശിയിലെ മഹാമൃത്യുജ്ഞയ ക്ഷേത്രത്തിൽ പരമശിവന്റെ ആൾരൂപം ഉണ്ടെന്നുള്ളത് വേറെ കാര്യം. 
ശിവനീപ്പറയുന്ന ശക്തിയൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ ചെമ്പകപ്പൂക്കളും ശിവന്റെ കഴുത്തിൽ കണ്ടേനെ."
ഒന്നു നിർത്തിയിട്ട് ബ്രാഹ്മണൻ പിന്നെയും തുടർന്നു. 
"അവസാനം വിഷ്ണുവിനെ കാണാൻ ഭൃഗു വൈകുണ്ഠത്തിലെത്തി; ആരുടെയും അനുവാദത്തിനു കാത്തു നിൽക്കാതെ നേരെ വിഷ്ണുവിന്റെ പക്കലേക്കു മഹർഷി ചെന്നു. നല്ല ഉറക്കത്തിലായിരുന്ന മഹാവിഷ്‌ണു ഇതൊന്നും അറിഞ്ഞില്ല. അരിശം വന്ന ഭൃഗുവാകട്ടെ മഹാവിഷ്ണുവിന്റെ നെഞ്ചു നോക്കി ഒരൊറ്റ ചവിട്ടു കൊടുത്തു. മഹാവിഷ്ണു ഉണർന്നു നോക്കിയപ്പോൾ ഇതാ കലിതുള്ളി ഭൃഗുമഹർഷി നിൽക്കുന്നു. കാര്യം മനസ്സിലാക്കിയ മഹാവിഷ്ണു ഭൃഗുവിനോട് മാപ്പു ചോദിച്ചു. മഹാവിഷ്ണുവിനറിയേണ്ടിയിരുന്നത് ഭൃഗു മഹർഷിയുടെ കാലു നൊന്തോയെന്നായിരുന്നു. ഇതൊക്കെ കണ്ടപ്പോൾ വിനയത്തിലും എളിമയിലും മുന്നിൽ നിന്ന മഹാവിഷ്ണു തന്നെ മഹായജ്ഞത്തിന്റെ  യജമാനസ്ഥാനത്തിനർഹനെന്നു ഭൃഗുമഹർഷി വിധിക്കുകയും ചെയ്തു.
പക്ഷേ, ഭൃഗു തന്റെ ഭർത്താവിനെ അപമാനിച്ചത്, ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയെ പ്രകോപിപ്പിച്ചു. മഹാലക്ഷ്മി ഭൃഗുവിനെ ശപിച്ചു; ഇനിമേൽ ഒരു ബ്രാഹ്മണനും ഐശ്വര്യം ഉണ്ടാകാതെ പോകട്ടെയെന്നായിരുന്നാ ശാപം. ഭൃഗു മഹർഷി താനങ്ങിനെ പെരുമാറിയതിന്റെ കാര്യം പറഞ്ഞപ്പോൾ, മഹാലക്ഷ്മി ഒരിളവു കൊടുത്തു, മഹാവിഷ്ണുവിനെ പൂജിക്കുന്നവർക്കു മാത്രം ഐശ്വര്യവും സമ്പത്തും പ്രാപ്യമാവട്ടെയെന്നായിരുന്നത്. പിന്നെങ്ങിനെ ബദരീനാഥിൽ ബ്രാഹ്മണർ വരാതിരിക്കും?"
ബ്രാഹ്മണന്റെ കഥകൾ പിന്നെയും തുടർന്നു, ചോദ്യം ചോദിക്കുന്നതും ഉത്തരം പറയുന്നതുമെല്ലാം ബ്രാഹ്മണൻ തന്നെയായിരുന്നു. ഒരു വിധത്തിൽപ്പറഞ്ഞാൽ ആരെയും മുഷിപ്പിക്കുന്നതായിരുന്നാ കഥകൾ. എനിക്കിതിലൊന്നും ഒരു താൽപ്പര്യവുമില്ലായിരുന്നു. എന്റെ ജോലി റിക്ഷായിൽ കയറുന്നവരുമായി സംവാദം നടത്തുകയല്ലല്ലോയെന്നു ഞാനോർത്തു. വളരെ ദൂരെനിന്നും മഹാവിഷ്ണുവിനെ കൺകുളിർക്കെ കാണാൻ ബദരീനാഥിലേക്കു ധാരാളം തീർത്ഥാടകർ വരുന്നു. തന്റെ ദൗത്യം അവരെ സുരക്ഷിതരായി നോക്കുകയാണല്ലോയെന്നോർത്തപ്പോൾ, ശ്രദ്ധ മുഴുവൻ ഗലി നിറഞ്ഞു നടക്കുന്ന തീർത്ഥാടകരുടെയും അലക്ഷ്യമായി നടക്കുന്ന ഗോക്കളുടേയുമൊന്നും ദേഹത്തു വണ്ടിയുരസ്സാതെ, ഈ ബ്രാഹ്മണനെ ക്ഷേത്ര കവാടത്തിലെത്തിച്ചു മടങ്ങുകയെന്നതിലായി. 
ചിലരൊക്കെ പണവും തരും; ആരോടും കണക്കു പറഞ്ഞിട്ടില്ലല്ലോയെന്നോർത്തു. ഇനിയും ഒരാഴ്ചകൂടിയെ ക്ഷേത്രം തുറന്നിരിക്കൂ, അതാണു തിരക്കിത്ര കൂടുതൽ. മഞ്ഞു വീണു തുടങ്ങുമ്പോൾ, ഭഗവാൻ ഗോവിന്ദ്ഘട്ടിനുമപ്പുറമുള്ള ജോഷിമത്തിലേക്കു പോയാൽ തിരിച്ചു വരുന്നിടം വരെയുള്ള ആറുമാസം അളകനന്ദക്കും വിശ്രമമാണ്. വഴിയരികിലൂടെ സാവധാനം ഒഴുകുന്ന അളകനന്ദാ എത്രയോ പേരുടെ പാപങ്ങൾ കഴുകിക്കളഞ്ഞിട്ടുണ്ടാവണമെന്നും ഞാൻ ചിന്തിച്ചു. 
ബദരീനാഥിലെ തിരക്കൊഴിയുംപോൾ പതിവു പോലെ സ്വന്തം നഗരമായ ഹിമാലയത്തിന്റെ മടിയിലെ മാനായിലേക്കു മടങ്ങണം. ഇടക്ക്, തളർന്നു കിടക്കുന്ന ഭാര്യ സാഹുവിനെപ്പറ്റിയും ഓർക്കാതിരുന്നില്ല. സഹായിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ അവളെ ഇവിടുത്തെ അത്ഭുതജലധാരയിൽ കുളിപ്പിക്കാമായിരുന്നല്ലോയെന്നും ഞാനോർത്തു. അവിടെ ചെന്നിട്ടു വേണം സാഹുവിനെ ആസ്പത്രിയിലാക്കുവാൻ. അവളുടെ തളർച്ച മാറുമോയെന്തോ? 
"...... അതാണ് ബ്രഹ്മാവു രണ്ടാമതു ഗായത്രിയെ വിവാഹം കഴിക്കാൻ കാരണം." 
പെട്ടെന്നു ഞാൻ സൈക്കിൾ ചവിട്ടുന്നതു നിർത്തി പിന്നോട്ടു നോക്കി. ബ്രാഹ്മണൻ എന്റെ മുഖത്തേക്കു നോക്കി വല്ലാതെയൊന്നു ചിരിച്ചു. ഇളിഭ്യനായി ഞാൻ വീണ്ടും സൈക്കിൾ ചവിട്ടുന്നതു തുടർന്നു. സാവിത്രിയല്ലാതെ ബ്രഹ്മാവിനു വേറെ പത്നിയുണ്ടായിരുന്നതായി എനിക്കറിവില്ലായിരുന്നു. അതാണ് പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കിയത്. അതിനു തൊട്ടുമുന്നേ ബ്രാഹ്മണൻ പറഞ്ഞതൊന്നും ഞാൻ കേട്ടിരുന്നില്ല. 
റിക്ഷായുടെ സൈഡിൽ കാലും നീട്ടിയിരുന്ന ബ്രാഹ്മണൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ക്ഷേത്രത്തിനുള്ളിലും ചുറ്റുമായുമുള്ള എല്ലാ വിഗ്രഹങ്ങളെയും തപ്തകുണ്ടിലെ അൽഭുത തീർത്ഥജലത്തേയുമൊക്കെ ചിന്തിച്ചിരുന്ന ഞാൻ ആ ബ്രാഹ്മണൻ പറഞ്ഞുകൊണ്ടിരുന്നതു മുഴുവൻ കേട്ടിരുന്നില്ല. ഗലിയിലെ ശബ്ദവും കൂടിക്കൂടി വന്നുകൊണ്ടിരുന്നു.
ഇതിനോടകം റിക്ഷാ ക്ഷേത്ര കവാടത്തിനടുത്തെത്തിയിരുന്നു. ബ്രാഹ്മണൻ വണ്ടിയിൽ നിന്നും മെല്ലെയിറങ്ങി; ഞാൻ കൈപിടിച്ചു സഹായിച്ചു. ഞാനൊരബ്രാഹ്മണനാണെന്നുള്ളത് അദ്ദേഹത്തിനൊരു പ്രശ്നമേയല്ലായെന്നത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ക്ഷേത്രത്തിലേക്ക് നടക്കാൻ തിരിയുന്നതിനു മുമ്പ് ബ്രാഹ്മണൻ തിരിഞ്ഞു നിന്നു; പിന്നെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു,
"ഞാൻ മാനാക്കു പോയി വരുന്ന വഴിയാ, അവിടെയെനിക്കൊരു മകളെ കാണേണ്ടിയിരുന്നു. അവൾക്കിങ്ങോട്ടു വരാൻ വയ്യ. അതാ ഞാനങ്ങോട്ടു പോയത്." അതിനും ഞാൻ പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. ഞാൻ റിക്ഷ തിരിക്കാൻ ശ്രമിക്കുന്നതിനിടെ ബ്രാഹ്മണൻ വീണ്ടും തുടർന്നു,
"അവളുടെ ഭർത്താവ് ബദരീനാഥിലെ റിക്ഷാക്കാരനാ; അപ്പോ, ഞാനല്ലാതെ വേറാരന്വേഷിക്കാൻ?"
ഇത്രയും കേട്ടപ്പോൾ ഞാൻ ബ്രാഹ്മണൻ നിന്നിടത്തേക്കു തിരിഞ്ഞു നോക്കി. 
പക്ഷെ, അവിടെങ്ങും ആ ബ്രാഹ്മണനെ കാണ്മാനേയില്ലായിരുന്നു!

Wednesday 29 November 2017

മാനുകളുടെ ഉപ്പാ!

ആരിഫും ഞാനും തമ്മിലുള്ള ബന്ധം പറഞ്ഞാൽ അത്രക്കൊന്നുമില്ല; എന്റെ വീടിന്റെ അടുത്തായിരുന്നവന്റെയും വീട് - കഷ്ടിച്ചൊരു ഫർലോംഗ് അകലം കാണും. 
സ്‌കൂളിൽ പഠിച്ചോണ്ടിരുന്ന കാലത്ത് വീട്ടിലെന്നും പാൽ കൊണ്ടുവരുന്നത് ആരിഫായിരുന്നു; അങ്ങിനെയാണവനുമായി കൂടുതൽ അടുപ്പം. അവൻ മാറിയപ്പോൾ അവന്റനുജനായി പാൽക്കാരൻ.
ഞാൻ പഠിച്ചത് 'സ്കൈ ഹൈ' ലും, അവൻ നാട്ടിലെ തന്നെ സെ. ജോസഫ്സിലുമായിരുന്നു. ഇന്നെനിക്കു തോന്നുന്നു അവനെയെന്നും കണികാണാൻ കഴിഞ്ഞതായിരുന്നിരിക്കാം എന്റെ ഉയർച്ചയുടെ കാരണമെന്ന്. 
അവന്റെ ഉപ്പാ വണ്ടിയിൽ നിന്ന് വീണു നടുവിനു പരിക്കുപറ്റി, കിടന്ന കിടപ്പിലായി. ഉമ്മാ പലഹാരം ഉണ്ടാക്കി വിറ്റു കിട്ടുന്ന കാശും പശുവിനെ കറന്നു കിട്ടുന്നതുമായിരുന്നു തുടർന്നവരുടെ വരുമാനം. 
ഒരിക്കൽ ഞാനാ വീട്ടിൽപോയിട്ടുണ്ട്, പാലിന്റെ കാശു കൊടുക്കാൻ. ആരീഫും ഞാനും അന്നു പ്ളസ് റ്റു വിനു പഠിക്കുകയായിരുന്നു. അന്നാണ്, അവനു താഴെ ഒരനുജനെ കൂടാതെ മൂന്നു പെൺകുട്ടികളും കൂടിയുണ്ടെന്നു ഞാനറിഞ്ഞത്. 
ഞാനാ വീട്ടിലേക്കു കയറുമ്പോൾ, ഉപ്പാ കിടന്നുകൊണ്ട് പറഞ്ഞു കൊടുക്കുന്നത് ശ്രദ്ധാപൂർവ്വം പഠിക്കുകയായിരുന്നൊരുവൾ. അവന്റെ ഉപ്പായുടെ ഒരു വശം മുഴുവൻ പുസ്തകങ്ങളായിരുന്നു - നിരവധി ഗൈഡുകൾ! 
ഒരു കുടുംബത്തിന്റെ വളരാനുള്ള ഇഛയുടെ ആഴം എനിക്കന്നാണു മനസ്സിലായത്. 
എങ്ങിനെയെങ്കിലും സ്റ്റാറ്റസിനനുസരിച്ച് വെറുതെ ഒരെഞ്ചിനീയറിങ് പാസ്സാകണമെന്ന ചിന്തയിൽ നിന്നും മാറി ജീവിതം വെട്ടിപ്പിടിക്കണമെന്ന് എനിക്കു തോന്നിയത് അതിനു ശേഷമാണ്.
ഒരു സംഭവവും എന്നെ സ്വാധീനിച്ചുവെന്നു പറയാൻ എനിക്കിഷ്ടമില്ലായിരുന്നു. അതുകൊണ്ടിതും ഞാനാരോടും പറഞ്ഞില്ല.
എനിക്ക് ഐ ഐ റ്റി ക്ക് അഡ്മിഷൻ കിട്ടിയതിൽ പിന്നെ നാട്ടിൽ വളരെ കുറച്ചെ നിന്നിട്ടുള്ളൂ. 
പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ്‌ ഞാനിപ്പോൾ ആരിഫിനെ കാണുന്നത്.
പട്ടണത്തിലെ മാളിൽ കോസ്മെറ്റിക്സിന്റെ കൊറിഡോറിൽ മോൾക്ക് നെയിൽ പോളീഷ് തിരയുന്നതിനിടയിലാണ് വണ്ടിയും തള്ളി ആരിഫ് വരുന്നതു ഞാൻ കണ്ടത്. അവനെ കണ്ടപ്പോഴെ എനിക്കു മനസ്സിലായി; ഞാൻ ചാടി വിളിച്ചു,
"ആരിഫ്!" അവൻ തിരിഞ്ഞു നിന്നെങ്കിലും ഒന്നും മിണ്ടിയില്ല. എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ പകച്ചു നിന്നുപോയവൻ, അൽപ്പനേരം. 
"ഹള്ളാ! ഇതാര്, ഇവിടെന്താ?" അവൻ ചോദിച്ചു. 
"ഞാനിവിടെ കെ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിലാ പഠിപ്പിക്കുന്നത്." ഞാൻ പറഞ്ഞു.
ആരിഫിനോടെന്താ എങ്ങിനെയാ ചോദിക്കേണ്ടതെന്നെനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഇന്നവൻ വളരെ നല്ല അവസ്ഥയിലാണെന്ന് മനസ്സിലാക്കാൻ അവന്റെ വേഷം മാത്രം കണ്ടാൽ മതിയായിരുന്നു. 
"നീയിപ്പോ?" ഞാൻ ചോദിച്ചു. 
"ഞാനിപ്പോൾ എസ്. വി എക്സ്പോർട്ട്സിൽ ചീഫ് എക്സിക്യുട്ടിവാ." അവൻ പറഞ്ഞു. അവിടെ ആ പോസ്റ്റിൽ എത്തണമെങ്കിൽ ചെറിയ പഠനമൊന്നും പോരായെന്നെനിക്കറിയാമായിരുന്നു. 
ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചതെന്താണെന്നത് മുന്നേ അറിഞ്ഞതു പോലെ അവൻ പറഞ്ഞു.
"ഞാൻ സി. എസ് എടുത്താരുന്നു." ആരിഫ് പറഞ്ഞു. 
"എല്ലാ പേപ്പറുകളും കിട്ടിയോ?" ഞാൻ ചോദിച്ചു. കൂട്ടുകാരിൽ പലരും സി.എസ് നും സി. എ ക്കും പോയിട്ട് സ്വില്ലിട്ട കാര്യമാണെനിക്കോർമ്മ വന്നത്. അതു കൊണ്ടാണങ്ങിനെ ചോദിച്ചത്. എല്ലാ പേപ്പറുകളും ഫസ്റ് അറ്റംപ്റ്റിൽ കിട്ടാത്ത ഒരുവന് എസ്. വി യിൽ ജോലി തരപ്പെടുകയില്ലെന്നും എനിക്കറിയാമായിരുന്നു. 
പിന്നെ, ചെറിയൊരു നിശ്ശബ്ദതയായിരുന്നു. ആ നിശ്ശബ്ദത ഭേദിച്ചതും ആരിഫായിരുന്നു. 
"മാൻ ഓടുന്നത് ജീവനു വേണ്ടിയും, സിംഹം ഓടുന്നത് ആഹാരത്തിനു വേണ്ടിയുമല്ലേ?" അവൻ ചോദിച്ചു. എനിക്കതിനുത്തരം പറയാനേ കഴിഞ്ഞില്ല. എങ്കിലും എനിക്കറിയാമായിരുന്നു, ഒരുമിച്ചോടിയാൽ ജയിക്കുന്നത് മാനായിരിക്കുമെന്ന്. അൽപ്പനേരം ഒന്നും മിണ്ടാനെനിക്കു കഴിഞ്ഞില്ല. 
എന്റെ ചിന്തകൾ മുഴുവൻ മാനുകളെ സൃഷ്ടിക്കുന്ന ഉപ്പാമാരെപ്പറ്റിയായിരുന്നു.

Monday 20 November 2017

ഒരു വിനോദയാത്രയുടെ കഥ

ഇന്നു ഗോപാലകൃഷ്ണനെ എന്റെ കൈയ്യിൽ കിട്ടിയാൽ ഞാൻ രണ്ടെണ്ണം ഇട്ടു കൊടുക്കും, ചെവിടു നോക്കി. ബാക്കി കേസ് പിന്നെയല്ലേ? 
അമ്മിണിക്കുട്ടിയുടെയടുത്ത് ഇന്നേവരെ ചമ്മേണ്ടി വന്നിട്ടില്ല. 
കക്കാടമ്പൊയിലിനു റ്റൂർ പോകാൻ തയ്യാറെടുത്തിരിക്കുന്ന മോനുവിനോടും കെട്ടിയോളോടും എന്തായിനി പറയുക?
പറഞ്ഞിട്ടെന്തുകാര്യം? 
ഇന്നു വീട്ടിലോട്ട് എന്തു പറഞ്ഞോണ്ടാ ചെല്ലുകയെന്നാലോചിച്ചപ്പോൾ കണ്ണുകളിൽ ഇരുട്ടു കയറുന്നു. 
ഗോപാലകൃഷ്ണൻ മലബാറുകാരനാ - തിരുവാമ്പാടിക്കാരൻ. അഞ്ചു വർഷങ്ങളോളം അയാൾ തിരുവനന്തപുരത്തുണ്ടായിരുന്നു, എന്നോടൊപ്പം. ഞങ്ങൾ താമസിച്ചിരുന്നതും ഒപ്പമായിരുന്നു. എനിക്കു നാട്ടിലേക്ക് ട്രാൻസ്‌ഫർ കിട്ടിയപ്പോഴാണ് ആ കൂട്ടുകെട്ട് പിരിഞ്ഞത്. കഴിഞ്ഞ മാസം അയാൾ നാട്ടിൽ വന്നിരുന്നു. കോട്ടയത്തടുത്തുള്ള ഒരു ചിറ്റയുടെ വീട്ടിൽ കല്ല്യാണത്തിന്. അന്നയാളും ഭാര്യയും കുട്ടിയും എന്റെ വീട്ടിലാണ് കിടന്നത്.
ഒരു ദിവസം ഞങ്ങളെല്ലാവരും കൂടെ തിരുവമ്പാടിക്ക് വരാൻ അവർ ക്ഷണിച്ചു - ഞങ്ങളാക്ഷണം സ്വീകരിക്കുകയും ചെയ്തു. അതിനൊരു കാരണം കൂടിയുണ്ട്; അവിടടുത്ത് കക്കാടംപൊയിൽ  എന്നൊരു വിനോദ സഞ്ചാര കേന്ദ്രമുണ്ടെന്നും കാണാൻ നല്ല രസമാണെന്നും അയാൾ പറഞ്ഞിരുന്നു. എനിക്കു പ്രകൃതിദൃശ്യങ്ങളോടുള്ള ആഭിമുഖ്യം ഗോപാലകൃഷ്ണന് നന്നായറിയുകയും ചെയ്യുമായിരുന്നു. മഞ്ഞുമൂടിയ മലഞ്ചെരുവുകളും കോഴിപ്പാറ വെള്ളച്ചാട്ടവുമൊക്കെ, അവൻ വിവരിക്കുന്നത്‌ കേട്ടപ്പോൾ തന്നെ, ഇരുന്നുകണ്ട് ആസ്വദിക്കേണ്ടതാണെന്നു തോന്നി. ഏതായാലും വല്യതിരക്കുള്ള ഒരു ഗ്രാമമല്ല ഈ പശ്ചിമഘട്ട തീർത്ഥകേന്ദ്രമെന്ന് എനിക്കറിയാമായിരുന്നു. 
അവൻ പോയിക്കഴിഞ്ഞതിനു ശേഷം ഫെയിസ്ബുക്കിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ നിരവധി ഫോട്ടോകൾ അവൻ ഇടുകയും ചെയ്തു. 
ആദ്യമാദ്യം അമ്മിണിക്കുട്ടിക്ക് ഈ കോഴിക്കോട് യാത്ര അത്ര ഇഷ്ടമായിരുന്നില്ല. അവൾക്ക് കൂടംകുളത്തിനു പോകാനായിരുന്നു ആഗ്രഹം. അവിടെയാണെങ്കിൽ മോനുവിനു കണ്ട് പഠിക്കാൻ ഒത്തിരി കാര്യങ്ങളുണ്ടെന്നായിരുന്നു അമ്മിണിക്കുട്ടിയുടെ വാദം. 
ഗോപാലകൃഷ്ണൻ ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്ത പ്രകൃതിദൃശ്യ ഫോട്ടോകൾ കണ്ടു കണ്ട് എന്നാപ്പിന്നെ അങ്ങിനെയാകട്ടെന്ന് അവളും മനസ്സ് വെച്ചു. 
കൊള്ളാവുന്നൊരു കൊച്ചു വെള്ളച്ചാട്ടവും, മലഞ്ചെരുവിലെ ഒരു കൈതച്ചക്കത്തോട്ടവും, കൈത്തോടുകളും, തഴച്ചു വളരുന്ന വാഴത്തോട്ടവും, നെൽപ്പാടവും, മഞ്ഞുമൂടിയ മലനിരകളുമെല്ലാം ചിത്രങ്ങളിലുണ്ടായിരുന്നു. 
കണ്ടുകഴിഞ്ഞപ്പോൾ കക്കാടംപൊയിൽ ഇതിനു മുമ്പേ കാണേണ്ടതായിരുന്നല്ലോയെന്നോർത്തു. എത്ര കണ്ടിട്ടും കൊതി തീരാത്ത ദൃശ്യങ്ങളായിരുന്നോരോ ഫ്രെയിമിലും. 
അവന്റെ കൂട്ടുകാരാരോവാണെന്നു തോന്നുന്നു, ഇതെവിടാണെന്നു മിനിയാന്നു കമന്റിൽ ചോദിച്ചിരുന്നു. 
ഇന്നിതാ ഓരോ ഫോട്ടോക്കും അടിക്കുറിപ്പായി അവനിട്ടിരിക്കുന്നു.
'ചിത്രം 1 - അരുവിക്കുഴി വെള്ളച്ചാട്ടം (പള്ളിക്കത്തോടിനു നാല് കി. മീ. പടിഞ്ഞാറ്), ചിത്രം 2 - കൈതച്ചക്കകൃഷി - ളാക്കാട്ടൂർ (കൂരോപ്പടയിൽ നിന്നും ആറു കി.മീ. വടക്ക്), ചിത്രം 3 - വാഴത്തോട്ടം (എന്റെ ചിറ്റയുടെ വക) ........'
എന്റെ മുഖത്തു നിന്ന് രക്തം പൊടിഞ്ഞു വന്നില്ലായെന്നെയുള്ളൂ.
എങ്ങിനെ ചമ്മാതിരിക്കും?
എന്റെ വീടിനടുത്തുള്ള സ്ഥലങ്ങളാണിതൊക്കെ - ചിറ്റയുടെ വീട്ടിൽ കല്യാണത്തിനു വന്നപ്പോൾ അവൻ പകർത്തിയ ചിത്രങ്ങളായിരുന്നവയെല്ലാം!

ധിഷണാവ്യാപനം - ഒന്നാം ഭാഗം

(ആത്മത്വത്തിന്റെ പൊരുൾ തേടി)


ലിയ ബൗദ്ധിക-താർക്കിക വ്യായാമങ്ങൾ പരിചിതമല്ലാത്ത ഒരു ശരാശരി യുക്തിവാദി, തന്റെ നിഷേധം തുടങ്ങുന്നത്, സെമിറ്റിക് ദൈവസങ്കല്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഏകാധിപത്യത്തെയും അസഹിഷ്ണുതയെയും ചോദ്യംചെയ്തുകൊണ്ടായിരിക്കണം. 'തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് ' എന്ന വർഗ്ഗീയത, പൗരാണിക സെമിറ്റിക് ദൈവശാസ്ത്രങ്ങളുടെ സഹജമായ അന്തർധാരയാണ്. അങ്ങനെ, മറുവശത്ത് 'വിജാതീയരെ' സൃഷ്ടിക്കുന്ന ഈ മതബോധമാണ്, എല്ലാ അധിനിവേശങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും തായ്‌വേര് എന്ന ചരിത്രസത്യം, സാമാന്യബോധവും മാനവികതയുമുൾക്കൊണ്ട ഏതൊരു മനുഷ്യനെയും ഒരു നിഷേധിയാക്കും. സെമിറ്റിക് മതവിശ്വാസപ്രകാരം, തങ്ങൾ അവതരിപ്പിക്കുന്ന ദൈവശാസ്ത്ര സിദ്ധാന്തങ്ങൾക്കപ്പുറം, ആദ്ധ്യാത്മികതക്ക് മറ്റൊരുള്ളടക്കമില്ലെന്നും, അങ്ങനെയുള്ളവയൊക്കെയും തെറ്റായപഠനങ്ങളോ അന്ധവിശ്വാസങ്ങളോ ആണെന്നുമുള്ള ശാഠ്യങ്ങൾ, അക്ഷരാർത്ഥത്തിൽ, യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടങ്ങളെ ഓർമിപ്പിക്കുന്നതും, സ്വതന്ത്രചിന്തയെ മുളയിലേ നിരോധിക്കുന്നതുമാണ്. മനുഷ്യനെന്നാൽ, മനനമുള്ളവൻ എന്നർത്ഥം. മനനത്തെ അഥവാ ചിന്തയെ നൈസർഗ്ഗികമായി ഒഴുകാൻ അനുവദിക്കാത്തപക്ഷം, അതിന്റെ സ്വാഭാവിക പരിണതിയെന്നോണം നിഷേധം സമാരംഭിക്കും. ചിന്തയുടെ വ്യാപനത്തിലെ പ്രാഥമിക ഘട്ടമെന്നതിനാൽ, അനിവാര്യവുമാണത്. എന്നാൽ, നിഷേധം അതിൽത്തന്നെ ഒരു പ്രമാണമാവുമ്പോൾ അത്, അർത്ഥമില്ലായ്മയുടെ സ്വാതന്ത്ര്യത്തെ പ്രഘോഷിക്കുന്ന മറ്റൊരു മതമായി പരിണമിക്കുന്ന ദുരന്തമാണ് നാമിന്നു കാണുന്നത്. ബുദ്ധിയുള്ള മനുഷ്യൻ, യുദ്ധത്തിനായി കോപ്പുകൂട്ടുന്നുവെന്നതാണ് പരിതാപകരവും അതിലുപരി അത്യന്തം ഭയാനകവുമായ ദൃഷ്ടാന്തം. അതായത്, വിശ്വാസം ഉള്ളവനും ഇല്ലാത്തവനും ഫലത്തിൽ സമാനമായി പരിതോവസ്ഥകളോട് പ്രതികരിക്കുന്നു; മതം ആർത്തിയുടെ ഈറ്റില്ലവും, മതനിഷേധം അർത്ഥമില്ലായ്മയുടെ വിളംബരങ്ങളുമാകുന്ന കെട്ടുകാഴ്ചയാണ് മുഖ്യധാരാ സമൂഹത്തിന്റെ പരിശ്ചേദം! വിശ്വമാനവികതയുടെ ഹൃദയത്തിലേറ്റിരിക്കുന്ന ഏറ്റവും വലിയ മുറിവാണിത്.

മതപരമായ ചപലതകൾക്കും സൃഷ്ടിവാദത്തിനും ഒരു ബദലെന്ന രീതിയിൽ, നിരീശ്വരയുക്തിവാദം (Atheism) മുന്നോട്ടുവെക്കുന്ന പരിണാമസിദ്ധാന്തവും അതിജീവനശാസ്ത്രവും (Survival of the fittest) തികച്ചും യാന്ത്രികമാണ്. കൂടാതെ, ബോധത്തെയും, പരിണാമപരമായി ജീവിവർഗ്ഗങ്ങളിൽ ആവിർഭവിച്ചിട്ടുള്ള, നിഷ്കാമകർമ്മമുൾപ്പെടെ വിവിധങ്ങളായ മൂല്യങ്ങളെയും കുറിച്ച് സമഗ്രമായതൊന്നും അവതരിപ്പിക്കാൻ അതിനു കഴിയുന്നുമില്ല. അങ്ങനെ നോക്കുമ്പോൾ, മെറ്റീരിയലിസത്തിൽ കാലുറപ്പിച്ചു നിൽക്കുന്ന മുഖ്യധാരാ ശാസ്ത്രസമീപനത്തിന്, നിരീശ്വരയുക്തിവാദം കൽപ്പിച്ചുകൊടുത്തിരിക്കുന്ന അപ്രമാദിത്വം (Infallibility) ഒരു മിഥ്യാബോധം മാത്രമാണെന്നും കാണാം. ധിഷണാവ്യാപനത്തിന്റെ ഒന്നാംഭാഗം എന്ന നിലയ്ക്ക്, പരിണാമം അന്ധവും യാദൃശ്ചികവുമായ (Blind Coincidence) ഒരു പ്രക്രിയയാണെന്നുള്ള മെറ്റീരിയലിസ്റ്റ് പ്രപഞ്ചവീക്ഷണത്തെ (Paradigm) താർക്കികമായി (Rhetorical) പ്രതിരോധിക്കാൻ ശ്രമിക്കുകയാണിവിടെ. താഴെപ്പറയുന്നവ, ന്യായമോ (Logic), ഒരുപക്ഷേ ന്യായവൈകല്യങ്ങളോ (Logical Fallacies) ആയി ഏതൊരാൾക്കും കണക്കിലെടുക്കാവുന്നതാണ്. വ്യക്തിയുടെ മാനസിക ഘടനയും, വസ്തുനിഷ്ഠമായ കാര്യഗ്രഹണശേഷിയും, മതപരമോ പ്രത്യയശാസ്ത്രപരമോ ആയ മുൻവിധികളും, വ്യക്തിയുടെതന്നെ കേവലവും സ്വതന്ത്രവുമായ ഇഷ്ടാനിഷ്ടങ്ങളും, ഈ വാദങ്ങളെ ഏതുവിധം നിർദ്ധാരണം ചെയ്യണമെന്ന് നിഷ്കർഷിക്കുന്ന സ്വയംപ്രേരകത്വങ്ങളാണ്.     

പരിണാമം 'അന്ധ'മായൊരു പ്രക്രിയയാണെന്ന് മെറ്റീരിയലിസം വിശ്വസിക്കുന്നു, അല്ലെങ്കിൽ അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും പ്രഥമമായ ചോദ്യമിതാണ്: "അന്ധവിശ്വാസങ്ങളോട് എന്തിനിത്ര കടുത്ത നിലപാട് ഉണ്ടാവണം; അതായത്, അന്ധമായി പരിണമിച്ചത് അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്നതിൽ എന്താണ് തെറ്റ്? പക്ഷേ, അവയോട് സന്ധിയില്ലാസമരം പ്രഖ്യാപിക്കുന്നതുവഴി, മറ്റൊന്ന് സാധ്യമാണെന്നുള്ള യുക്തി, എന്തിലേക്കുള്ള സൂചനയാണ് തരുന്നത്? താത്ത്വികമായി, 'ഉള്ളായ്മയാണ്' അതിന്റെതന്നെ അഭാവത്തെക്കുറിച്ചുള്ള സങ്കല്പം ഉണ്ടാക്കുന്നത്. അതിനുവേണ്ടി, ഇങ്ങനെയൊരു പ്രസ്താവന സങ്കൽപ്പിക്കുക: "എന്റെ ബുദ്ധി അന്ധമാണെന്ന് എന്റെ ബുദ്ധി പറയുന്നു". ഇവിടെ, "​If ​a proposition implies its own negation​,​ it is false" എന്ന സാർവത്രികമായ തത്ത്വപ്രകാരം, മേല്പറഞ്ഞത് ഒരു പൂർവാപരഃ വൈരുധ്യമാണെന്ന് (Empirical Fallacy) കാണാം. അതായത്, പരാമൃഷ്ട പ്രസ്താവന തെറ്റാണെങ്കിൽ, എന്റെ ബുദ്ധി 'അന്ധമല്ല' എന്നുസാരം. യുക്തിവാദത്തെ സംബന്ധിച്ച്, പരിണാമം അന്ധമാണെങ്കിലും, അന്ധമായി പരിണമിച്ച യുക്തിബോധത്തിന്റെ അനുമാനശക്തിയെ​,​ അന്ധമായിത്തന്നെ വിശ്വസിച്ചാശ്രയിക്കേണ്ടിവരുന്ന വളരെ വിചിത്രമായൊരു സാഹചര്യമാണ് ഇവിടെ നിലവിൽ വരുന്നത്. അതായത്, പരിണാമത്തിനും, പരിണമിച്ചുണ്ടായവയ്ക്കും അതിൽത്തന്നെ ലക്ഷ്യങ്ങളൊന്നുമില്ലെങ്കിൽ, അതേ പരിണാമത്തിന്റെ ഉൽപ്പന്നമെന്ന് കരുതപ്പെടുന്ന നമ്മുടെ യുക്തിബോധം ലക്ഷ്യപൂർണ്ണമായിരിക്കരുത്; അതിന്റെ അനുമാനം വിശ്വാസയോഗ്യവുമായിരിക്കരുത്. ഒരു നാസ്തികനെ സംബന്ധിച്ചിടത്തോളം, ചിന്തയിൽ യുക്തിപരവും, തന്റെ നിഷേധത്തിന്റെ ഉപാധി എന്നതലത്തിൽ പ്രവർത്തന വൈരുധ്യവുമാണിത്. നിർഭാഗ്യവശാൽ ഈ വൈരുധ്യം അയാളുടെ ചിന്താപരിധിയിൽ കടന്നുവരുന്നതേയില്ല​. ആയതിനാൽ, യുക്തിബോധത്തിന്റെ അനുമാനശക്തി വിശ്വാസയോഗ്യമാണെന്ന നാസ്തികന്റെ നിലപാടും, പരിണാമം അന്ധമാണെന്ന അയാളുടെ പ്രപഞ്ചവീക്ഷണവും, മേൽപ്പറഞ്ഞ പ്രസ്താവനപോലെ, പൂർവാപരഃ വൈരുധ്യങ്ങളാണെന്ന് കാണാവുന്നതാണ്.    

'കാരണ'ത്തിന്റെ (Cause) നിലനിൽപ്പ് സ്വതന്ത്രമാണ് എന്ന മുൻവിധി, 'നമ്മുടെ അനുമാനങ്ങൾ ശരിയാണ്' എന്നതിന്റെ അടിസ്ഥാനമായി വർത്തിക്കുന്നു. കാരണ - കാര്യബന്ധിതമായാണ് 'ചിന്ത'യെന്ന യുക്തിബോധത്തിന്റെ ഉപാധി സത്യമന്വേഷിക്കുന്നത്. ചിന്ത വ്യാപരിക്കുന്നതും, അനുമാനങ്ങളിൽ എത്തിച്ചേരുന്നതും, കാരണ - കാര്യബന്ധത്തെ (The Principle of Causation) പ്രമാണമായി എടുത്തുകൊണ്ടാണ്. പ്രമാണമെന്നാൽ തെളിവ് ആവശ്യമില്ലാത്തതെന്തോ, അത്. അതായത്,  'ഒന്ന് + ഒന്ന് = രണ്ട്' (1+1 = 2) എന്ന ഗണിതക്രിയ ശരിയാണ് എന്ന് നമ്മൾ അനുമാനിക്കുന്നത്, 'ഒന്ന്' എന്ന സംഖ്യയുടെ നിലനിൽപ്പ്  സ്വതന്ത്രമാണെന്നതിനാലും, രണ്ടൊന്നുകൾ കൂട്ടിയാൽ രണ്ടാണ് എന്ന ഗണിതശാസ്ത്രപരമായ മുൻവിധിയാലുമാണ് (എന്തുകൊണ്ട് 'ഇമ്മിണി വലിയ ഒന്ന്' അല്ല എന്നത് ചിന്തനീയമാണ്). ഇവിടെ, സംഖ്യകളും അവയുടെ ക്രിയയും പ്രമാണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്, 'ഒന്ന്' കാരണവും 'രണ്ട്' കാര്യവുമായാണ്. അടിസ്ഥാന സംഖ്യകളുടെ സ്വതന്ത്രമായ നിലനിൽപ്പിനും, അവ തമ്മിലുള്ള ഗണിതക്രിയകളുടെ എപ്പിസ്‌റ്റമോളജിക്കും (Epistemology) തെളിവ് ആവശ്യമില്ല, കാരണം, മേൽസൂചിപ്പിച്ച പ്രകാരം അത്, ഗണിതശാസ്ത്രപരമായ മുൻവിധികളാണ് അല്ലെങ്കിൽ പ്രമാണങ്ങളാണ്. അപ്പോൾ, യുക്തിയും ബോധവും പരിണമിച്ചത്, അന്ധമായും യാദൃശ്ചികവുമായാണെന്നും അതിന് അതിൽത്തന്നെ ലക്ഷ്യബോധമില്ലെന്നും 'യുക്തിപരമായി' സ്ഥാപിക്കാൻ​,​ മേൽപ്പറഞ്ഞ അതേ ​കാരണ​ - കാര്യ​​യുക്തിയെത്തന്നെ ഗത്യന്തരമില്ലാതെ ആശ്രയിക്കേണ്ടിവരുന്നു. കാരണത്തിന് സത്താപരമായി സ്വതന്ത്രമായൊരു നിലനിൽപ്പുണ്ടെന്ന് (Ontological Existence) അവകാശപ്പെടുകയും, അതിലൂടെ സിദ്ധിച്ച കാര്യത്തിന്റെ (Effect) ലക്ഷ്യപൂർണ്ണമായ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയുമാണിവിടെ. സർവത്തിനും കാരണഭൂതമായൊരു പ്രപഞ്ചശക്തിയില്ല എന്നനുമാനിക്കുന്നവർ, അതില്ല എന്നു 'വീണ്ടും' പറയേണ്ടി വരുന്ന സാഹചര്യമാണ് മറ്റൊരു വൈരുദ്ധ്യം. ശൂന്യമായതിൽ ചിന്ത വ്യാപാരിക്കുകയില്ല എന്ന് അനുഭവത്താൽ സ്ഥിരീകരിക്കാനാവില്ല. ആയതിനാൽ, 'ഇല്ലാത്ത ഒന്നിനെ' നിഷേധിക്കാനാവില്ലെന്ന അതീവ ദുർഘടമായൊരു താത്ത്വികക്കടമ്പ, ഒരു നാസ്തികന് കുറുകെക്കടന്നേ മതിയാകൂ. ചുരുക്കത്തിൽ നാസ്തികയുക്തിവാദം, അടിസ്ഥാനപരമായി പൂർവാപരഃ വൈരുധ്യങ്ങൾ നിറഞ്ഞുനിൽക്കുന്നതും, താത്ത്വികമായി സ്വതന്ത്രമായൊരു നിലനില്പില്ലാത്തതുമായ ധൈഷണിക വ്യായാമവും, അതിനാൽത്തന്നെ ഇന്റലെക്ച്വൽ പാത്തോളജിയുമാണ് (Intellectual Pathology). 

പരിണാമം യാദൃശ്ചികവും അന്ധവുമായ പ്രക്രിയയാണെന്ന് വാദിക്കുന്നവർ, ബോധപൂർവം തമസ്കരിക്കുന്ന ഒരു പരമപ്രധാന വസ്തുതയുണ്ട്, ‘ഉപയോഗക്ഷമതയിലേക്കാണ് വസ്തു പരിണമിക്കുന്നത്’ എന്നതാണത്. ഉപയോഗക്ഷമമല്ലാത്തതൊന്നും പരിണമിച്ചിട്ടില്ല​ എന്നു പൂർണ്ണമായും അവകാശപ്പെടാനാവില്ലെങ്കിലും അത്, 'ഉപയോഗക്ഷമത' എന്ന സംഭാവ്യത അപരിമേയമായി നിലനിൽക്കുന്നതുകൊണ്ടാവണമല്ലോ? അൽപ്പംകൂടി വ്യക്തമാക്കിയാൽ, 'സുഖം' എന്ന താല്പര്യമാണ് പരിണാമത്തിന്റെ (വളർച്ചയുടെ) ചലനാത്മക സിദ്ധാന്തം. മൂർത്തമായ വസ്തുവിന്റെ ‘സുഖതാല്പര്യം’ എന്ന സഞ്ചാലകത്വത്തെ (Super Conductance) മുൻനിറുത്തി, പരിണാമം ആവിഷ്കാരോന്മുഖമാകുന്നത് അമൂർത്തവും സർവാധാരവും സച്ചിദാനവുമായ ആദിപ്രജ്ഞയിലേക്കുതന്നെയാണ്. ചുരുക്കത്തിൽ, പരിണാമത്തിന്റെ ലക്‌ഷ്യം, ബോധോർജ്ജം അതിന്റെതന്നെ അനന്തമായ സാധ്യതകളിലേക്കും മഹത്തായ സ്വാതന്ത്ര്യത്തിലേക്കും, വസ്തുവിലൂടെ ‘സ്വയം’ സജ്ജമാവുക എന്ന ആവിഷ്കാരവിനോദമാണ്. ​അങ്ങനെ നോക്കുമ്പോൾ, ഉപയോഗക്ഷമതയെ (Utility) മാറ്റിനിർത്തികൊണ്ട് പരിണാമത്തെ കുറിച്ച് ചിന്തിക്കാനാവില്ല എന്നതാണ് യുക്തിയുക്തത​. എന്നാൽ, യാദൃശ്ചികമായി ആവിർഭവിച്ചതാണ് ഈ 'ഉപയോഗക്ഷമത' എന്ന് പറയുമ്പോൾ ഉണ്ടാവുന്ന മറ്റൊരു സാങ്കേതിക പ്രശ്നമിതാണ്:  'യാദൃശ്ചികത' എന്ന വാക്കിന്റെ അർത്ഥം പോലും, മറ്റൊരിക്കൽക്കൂടി സംഭവിക്കാൻ സാധ്യതയില്ലാത്തതെന്നോ, സ്ഥിരമായൊരു നിയമം ബാധകമല്ലാത്തതെന്നോ ആണ്. അങ്ങനെയെങ്കിൽ​,​ 'പ്രതിഭാസങ്ങളും' യാദൃശ്ചികതയുടെ ഉത്പന്നം തന്നെയാവാതെ വഴിയില്ല. അപ്പോൾ, സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു ചോദ്യമിതാണ്: "കേവലം യാദൃശ്ചികതയുടെ ഉത്പന്നമായ പ്രതിഭാസങ്ങൾ, എങ്ങനെയാണ് സ്ഥിരാങ്കങ്ങളാൽ ക്രമീകരിക്കപ്പെട്ട് നിലനിൽക്കുന്നത്"? സ്ഥിരതയില്ലാത്ത ചിലത്​,​ സ്ഥിരതയുള്ള മറ്റൊന്നിനു രൂപംകൊടുക്കുന്നു എന്നു പറയുന്നത്, യുക്തിഭദ്രമാണോ? ശാസ്ത്രീയമായ സത്യാന്വേഷണത്തിന്റെ രീതി, പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന സ്ഥിരതയുള്ള നിയമങ്ങൾ കണ്ടെത്തുക എന്നുള്ളത് മാത്രമായതുകൊണ്ട്, അതൊരിക്കലും ഒന്നിന്റെയും നിരാസമാകുന്നില്ല; അതിന് കഴിയുകയുമില്ല. പ്രകൃതിയുടെ നിർദ്ധാരണതത്ത്വം (The law of Natural Sellection) ആവിഷ്കൃതമായതും, എണ്ണമറ്റ ജീവജാലങ്ങളുടെ വിവിധ പ്രയാണഘട്ടങ്ങളിലൂടെ, പ്രപഞ്ചത്തിനും സ്വയമേവയും പ്രതിഫലിക്കാൻ കർമശേഷിയുള്ള മനുഷ്യന്റെ ആത്മതലത്തിന് ഹേതുവായതും, ‘ആകസ്മികതകളുടെ രംഗവേദി’ എന്ന് ശാസ്ത്രബോധം ഗ്രഹിച്ചിരിക്കുന്ന ക്രിയാമണ്ഡലത്തിൽ, ലക്ഷ്യപൂർണ്ണമായി പ്രവർത്തിക്കുന്ന ഒരു പ്രയോജകശക്തിയാലാണെന്ന് (Causal Power) തിരിച്ചറിയാൻ നാസ്തികതയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ, പരിണാമം അന്ധമാണെന്ന് കരുതണമെന്നുണ്ടെങ്കിൽ, അതിനൊരു പ്രേരണയാവുന്നത്, നാസ്തികതയുടെ അതിൽത്തന്നെയുള്ള ഈ ഉണർവില്ലായ്മയാണെന്ന് പറയേണ്ടിവരും. പ്രപഞ്ചത്തിന് അതീവസൂക്ഷ്മമായ സ്വയംസംഘടനമുണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവ്,​ ​ജൈവികമായതൊക്കെ, അതിന്റെ സുസ്ഥിതിയിൽ​ നിലനിൽക്കാൻ സഹായിക്കത്തക്കവണ്ണം ആവിർഭവിച്ച മൂല്യാത്മകപ്രതിഭാസങ്ങളുടെ (ഉദാ: മാതൃസ്നേഹം) തുടർച്ചയേക്കാളുപരി, തന്റെ കർമ്മമേഖലയും അതിന്റെ സ്വഭാവവും തിരഞ്ഞെടുക്കാൻമാത്രം സർവസ്വതന്ത്രമായി, മനുഷ്യചേതനയിൽ പ്രകടമാകുന്ന സ്വതന്ത്രേച്ഛയും പ്രജ്ഞയുമാണ്. 'ബയോസെൻട്രിസം' പോലുള്ള ദർശനങ്ങളിലേക്ക് ചില ഭൗതികശാസ്ത്രജ്ഞരെ എത്തിച്ച ഒരു വീക്ഷണമാണിത്. 

നിരീശ്വരയുക്തിവാദത്തിന്റെ അപ്പസ്തോലനായി ലോകമെമ്പാടും അറിയപ്പെടുന്ന ബയോളജിസ്റ്റ് ആണ് ഡോ.റിച്ചാർഡ് ഡോക്കിൻസ്. അദ്ദേഹത്തിന്റെ ധൈഷണികജീവിതത്തെ ഏറെ കുഴപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്നു പ്രധാന കാര്യങ്ങൾ ഇവയാണ്:

1. ആറ്റത്തിന്റെ ചലന സ്വഭാവത്തിലെ അസ്ഥിരത
2. പ്രപഞ്ചത്തിന്റെ സ്വയം സംഘാടനം
3. മനുഷ്യബോധം (Human Consciousness)

ഇവമൂന്നും ആധുനിക ശാസ്ത്രലോകത്തിന് ഇന്നും ഒരെത്തുംപിടിയുമില്ലാത്ത കാര്യങ്ങളാണ്.  കൃത്യമായ ഊർജ്ജപഥങ്ങളിൽ ന്യൂക്ലിയസ്സിനെ ഭ്രമണം ചെയ്യുന്ന ഉപകണങ്ങളുടെ (Sub-atomic particles) വിസ്മയനീയമായ പ്രവേഗമാണ്, അടിസ്ഥാനകണം (Fundamental Building Block) എന്ന് നാമിതുവരെ തെറ്റായി ധരിച്ചിരുന്ന ‘അണു’വിനെ (Atom) തനതുരൂപത്തിൽ നിലനിർത്തുന്നത്. അതായത്, ഈ ‘ചലന’ മില്ലെങ്കിൽ, ആറ്റം എന്നൊരു ‘കട്ടിവസ്തു’ അടിസ്ഥാനപരമായി ഇല്ല. കുറച്ചുകൂടി ആഴത്തിലേക്ക് ചെന്നാൽ, ഊർജ്ജമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല എന്നതാണ് പരമാർത്ഥം.  ഊർജ്ജത്തെ കുറിച്ച് ക്വാണ്ടം മെക്കാനിക്സിന്റെ പുതിയ കണ്ടെത്തലുകൾ, ക്ലാസിക്കൽ ഭൗതികത്തിന്റെ സ്ഥിരതാസിദ്ധാന്തം അടിസ്ഥാനപ്പെടുത്തിയുള്ള പ്രപഞ്ചവീക്ഷണത്തെ മുഴുവനായി തള്ളിക്കളഞ്ഞിരിക്കുകയാണ്. കേവലം, ഒരു ആറ്റത്തിന്റെ ചലനഗതി പോലും പ്രവചിക്കാനാവാതെ ശാസ്ത്രമിന്ന് വല്ലാതെ കുഴങ്ങുകയാണെങ്കിലും, അതൊരു സർഗ്ഗാത്മകമായ പ്രതിസന്ധിയാണ്. 

ഉള്ളതെന്താണെന്ന് നമുക്കനുഭവപ്പെടുന്നമട്ടിൽ, അതിന്റെ നാമകരണവും (Nomenclature), മനുഷ്യന്റെ ഉപയോഗാർത്ഥം, പ്രപഞ്ചതത്ത്വങ്ങൾക്ക് അനുരൂപമായി, അടിസ്ഥാന വ്യവസ്ഥകളുടെ ക്രമാത്മകമായ വിപുലീകരണവുമാണ് ശാസ്ത്രം നിർവഹിക്കേണ്ട ധർമ്മം. അല്ലാതെ, പ്രപഞ്ചത്തിന്റെ അതിസൂക്ഷമവും ലക്ഷ്യപൂർണ്ണവുമായ സമീകരണം സാധ്യമാകേണ്ടത്, യാദൃശ്ചികമായി രൂപപ്പെട്ടുവെന്ന് മെറ്റീരിയലിസം കരുതുന്ന മനുഷ്യനെയും, അവന്റെ ഒന്നര കിലോഗ്രാം വരുന്ന തലച്ചോറിനെയും യുക്തിസഹമായി തൃപ്തിപ്പെടുത്തിക്കൊണ്ടു വേണമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, തികച്ചും അപഹാസ്യമാണതെന്നു മാത്രമല്ല, ആ നിലപാട് ശാസ്ത്രീയ മനോവൃത്തിയായി (Scientific Temperament) പരിഗണിക്കാനുമാവില്ല. ഇത്തരമൊരു ഘട്ടത്തിൽ, സങ്കീർണ്ണപ്രതിഭാസങ്ങളെ അതിന്റെ ഘടകവസ്തുക്കളിലേക്ക് ചുരുക്കി നിർദ്ധരിച്ചു പഠിക്കുന്ന, നിലവിലുള്ള ശാസ്ത്രീയ മാതൃകയുടെ (Reductionism) പരിമിതിയെ, സവിനയം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അവിടെ, ‘ശാസ്ത്രീയത’ യുടെ ഒരു പുനർവായന സംഭവിക്കുകയും, ആ ക്രിയാത്മകസന്ധിയിൽ നിന്ന്, ബോധത്തെയും (Consciousness) വസ്തുവിനെയും (Matter) സമഗ്രമായി കൂട്ടിയിണക്കുന്ന മറ്റൊരു ‘സൂപ്പർ സയൻസ്’ ആവിർഭവിക്കുകയും ചെയ്യും. 

നിത്യജീവിതത്തിലെ ചില ദൃഷ്ടാന്തങ്ങൾ പോലും നമ്മുടെ നിർണ്ണയത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നതല്ല എന്നുമാത്രമല്ല, അവയെക്കുറിച്ച് വസ്തുനിഷ്ഠമെന്ന് കരുതിയേക്കാവുന്ന നിഗമനങ്ങൾ പോലും, വ്യക്തിയുടെ കേവലമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി മാറാം എന്നതും വളരെ പ്രാധാന്യമർഹിക്കുന്നു. നിരീശ്വരയുക്തിവാദത്തിന്റെ ആശയങ്ങളെ മേൽവിവരിച്ച പ്രകാരം ഖണ്ഡിക്കാമെങ്കിലും, അവയൊക്കെയും ദൈവാസ്തിത്വത്തിനുള്ള മതിയായ തെളിവുകളല്ല, മറിച്ച്, താർക്കികമായി ചില പൊതുവായ നിരീക്ഷണങ്ങൾ മാത്രമാണ്. ആസ്തികവും നാസ്തികവുമായ ആശയസംഘട്ടനങ്ങൾ പലപ്പോഴും എങ്ങനെയാണ് അവസാനിക്കുന്നതെന്നും, ഡോക്കിൻസിനെപ്പോലെ, മറ്റ് ആധുനിക ശാസ്ത്രജ്ഞരെയും കുഴപ്പിക്കുന്ന മൗലികമായ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചും ധിഷണാവ്യാപനത്തിന്റെ അടുത്ത ഭാഗത്തിൽ വായിക്കുക.


jijobabyjose@gmail.com

Ph: 8301059625

Sunday 19 November 2017

അകത്തും പുറത്തും

'പൊതു മരാമത്തു വകുപ്പിൽ സബ് എഞ്ചിനീയറായ ശ്രീ മഹേഷുവിന്റെ കുട്ടിയെ തട്ടിക്കോണ്ടു പോയി, നഗരം മുഴുവൻ പോലീസ് അരിച്ചു പെറുക്കുന്നു.' എല്ലാ റ്റി വി ചാനലുകളിലും രാവിലെ പത്തുമണിമുതൽ ഈ വാർത്തയാണ്. പതിവുപോലെ സ്കൂൾ ബസ്സു കാത്തുനിന്ന ലൈനായെന്ന ഏഴു വയസ്സുകാരിയുടെ ചിരിക്കുന്ന മുഖം ഞാനും കണ്ടു - പലതവണ. എന്തെങ്കിലും സൂചന തരാനുള്ളവർ വിളിക്കേണ്ട നംബറും ഫ്ളാഷായി കാണിച്ചു കൊണ്ടിരുന്നു. സന്ധ്യയായി; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അലമുറയിട്ട് കരയുന്ന ആ കുട്ടിയുടെ അമ്മക്കു പറയാനുണ്ടായിരുന്നതും ചാനലുകൾ കാട്ടികൊണ്ടിരുന്നു. അവരുടെ ഏക മകളായിരുന്നുവത്രെ ലൈനാ. എന്റെയും മനസ്സലിയാൻ അതു ധാരാളമായിരുന്നു.
ഞാൻ ഫോണെടുത്ത് ടി വി യിൽപ്പറഞ്ഞ 94XXXXX785 നംബറിൽ വിളിച്ചു; ഗവ. മോഡൽ സ്കൂളിന്റെ പിന്നിലുള്ള കഞ്ഞിപ്പുരയോടു ചേർന്നുള്ള സ്റ്റോർ റൂമിൽ കുട്ടിയെ കണ്ടേക്കാമെന്നു സൂചിപ്പിച്ചു. എന്നിട്ടു മറ്റൊന്നും പറയാതെ ഞാൻ മൊബൈൽ കട്ടു ചെയ്തു.
രാത്രി പത്തുമണിയോടെ ചാനലുകൾ വീണ്ടും കിതച്ചെത്തി - ലൈനായെ പരിക്കുകളൊന്നുമില്ലാതെ കണ്ടുകിട്ടിയെന്നതായിരുന്നു വാർത്തകളിൽ നിറയെ. പോലിസിന്റെ അവസരോചിതമായ ഇടപെടലിനെയും കഴിവിനേയും നിരവധി പേർ പ്രശംസിക്കുന്നുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് ഞാനന്നുറങ്ങാൻ കിടന്നത്. 
പിറ്റേന്നു പ്ലംബിങ്ങിനു പോകുമ്പോഴും സോൾവെന്റ് സിമിന്റു കൊണ്ട് പൈപ്പുകൾ വിളക്കിച്ചേർത്തുകൊണ്ടിരുന്നപ്പോഴുമൊക്കെ  ഞാൻ ചിന്തിച്ചത്, ഒരു മനുഷ്യന്റെ ക്രൂരതയെപ്പറ്റിയായിരുന്നു. എങ്കിലും വാസുവിനെ ചതിക്കേണ്ടിയിരുന്നില്ലെന്നു മനസ്സു പറഞ്ഞു. വാസുവെന്ന കൊലയാളിയെ ഞാൻ പരിചയപ്പെട്ടത്, ജയിലിൽ വെച്ചാണ്. അയാൾ ഒരു കൊലപാതകക്കേസിലും ഞാനൊരു കള്ളനോട്ടു കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. വാസു മഹേഷുവിനു വേണ്ടി ഒരു കൊട്ടേഷൻ കൊല നടത്തിയാണു ജയിലിലായത്. കാര്യം കഴിഞ്ഞപ്പോൾ അയാൾ കൈകഴുകി. മഹേഷുവിന്റെ കുട്ടിയെ തട്ടിയെടുക്കുമെന്നും, ഒളിച്ചു സൂക്ഷിക്കാൻ സർക്കാർ സ്കൂളിന്റെ പിന്നിലത്തെ കഞ്ഞിപ്പുരയുണ്ടെന്നും, വല്യവധിയായതുകൊണ്ട്, തന്റെ നഷ്ടപരിഹാരം കിട്ടുന്നിടം വരെ അവിടെ സൂക്ഷിക്കാമെന്നും എന്നോടവൻ പറഞ്ഞിരുന്നു. വല്യവധി തുടങ്ങുന്നതിനു മുമ്പ് ഞങ്ങൾ രണ്ടു പേരും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 
പറഞ്ഞതുപോലെതന്നെ അവനിതു ചെയ്യുമെന്ന് ഞാനോർത്തില്ല. 
എന്നെയാണെങ്കിൽ, ചതിച്ചതെന്റെ കൂട്ടുപണിക്കാരൻ തന്നെയായിരുന്നു. അവനു പതിനായിരം രൂപാ കടം കൊടുത്തതാണ്. ചോദിച്ചു ചോദിച്ചു മടുത്തു. അവസാനം ഒരു ദിവസം പണിസ്ഥലത്തു വന്നവൻ പണം തന്നു. അന്നു രാത്രിതന്നെ പോലീസ് എന്നെ പിടിച്ചു, കള്ളനോട്ട് വിതരണക്കാരനാക്കി കേസും ചാർജ്ജു ചെയ്തു. പിറ്റേന്ന്, അതു കള്ളനോട്ടാണെന്നറിഞ്ഞ് ഞാൻ കേസു കൊടുക്കുന്നതിനു മുമ്പ് അവൻ എന്നെ വീഴ്‌ത്തിയിരുന്നു.
കുട്ടിയെ കിട്ടിയ സന്തോഷം പങ്കു വെച്ചുകൊണ്ടിരുന്ന മഹേഷുവിൻറെ പകൽ അവസാനിക്കുന്നതിനു മുമ്പ് പോലീസ് എന്റെ വീട്ടുപടിക്കലെത്തി; എന്നെ കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിൽ ചെന്നതേ യഥാർത്ത പ്രതിയെന്നതു പോലെയാണ് എന്നോടു പെരുമാറിയത്. ഒന്നും കാര്യമായി ചോദിച്ചെന്നു പറയാനാവില്ല; ഒരക്ഷരം പോലും ചോദിക്കാതെയാണല്ലോ കള്ളനോട്ടു കേസിലും അവർ കുറ്റപത്രം തയ്യാറാക്കിയത്. 
ആകെ അവശനായ എന്നെ ഇടനാഴിയുടെ ഒരു കോണിലേക്കവർ തള്ളിയിട്ടു. അവിടെ മറ്റൊരാൾരൂപവും ഒതുങ്ങിക്കൂടിയിരുപ്പുണ്ടായിരുന്നു. ജനാലയിലൂടെ അരിച്ചിറങ്ങിവന്ന നിലാംവെട്ടത്തിൽ ഞാനാമുഖം തിരിച്ചറിഞ്ഞു  - വാസു! ഞാൻ വാസുവിന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കി. അയാൾ തലയിടത്തോട്ടും വലത്തോട്ടും സാവധാനം തിരിച്ചുകാട്ടി. അയാളല്ലെന്നായിരുന്നയാൾ പറഞ്ഞത്. ഞാൻ കൈ ചോദ്യഭാവത്തിൽ മലർത്തി, പിന്നെയാരെന്നു ചോദിച്ചു.
"കൈക്കച്ചൂർ പൊന്നൻ! പൊന്നനെ കൊല്ലാനാണ് മഹേഷു കൊട്ടേഷൻ തന്നത്. എനിക്കാളു മാറിപ്പോയി." വാസു പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. അതറിഞ്ഞുകൊണ്ടാവണം, വാസു തുടർന്നു.
"ഞാൻ പുറത്തിറങ്ങിവരാൻ അയാൾ കാത്തിരിക്കുകയായിരുന്നു. എന്നെ സംശയിച്ചോളും എന്നറിയാമായിരുന്നയാൾക്ക്. ഞാനകത്തു കിടക്കേണ്ടത് അയാളുടെ ആവശ്യമാണ്."
"നിന്നെയെന്തിനാ കൊണ്ടു വന്നത്?" വാസു ചോദിച്ചു. 
ഞാൻ സൂചനകൊടുത്തിട്ടാണ് കുട്ടിയെ കണ്ടെടുത്തതെന്നും അതിൽ പങ്കുണ്ടെന്നുറപ്പിച്ചാണ് എന്നെ കസ്റ്റഡിയിലെടുത്തതെന്നും അയാൾക്കറിയില്ലെന്ന് എനിക്ക് മനസ്സിലായി.
"പൊന്നന്റെ പേരു പറഞ്ഞുകൊടുത്തു കൂടെ?" ഞാൻ ചോദിച്ചു.
"അതു പറഞ്ഞാൽ ഇനിയൊരിക്കൽക്കൂടി ഇവിടെ വരാൻ കഴിയണമെന്നില്ല."
"ഇനിയെന്നു വരാനാ പ്ലാൻ?" ഞാൻ ചോദിച്ചു.
"പൊന്നന്റെ പോസ്റ്റ് മോർട്ടത്തിന്റെ പിറ്റേന്ന്." വാസു പറഞ്ഞു.
എനിക്കൊരുപാടുത്തരങ്ങൾ വേണ്ടിയിരുന്നു, അക്കൂട്ടത്തിൽ ഞാനിനിയെന്നു പുറം ലോകം കാണുമെന്നുള്ളതും ഉണ്ടായിരുന്നു. അകത്തുള്ളതിനേക്കാൾ കള്ളന്മാർ പുറത്താണെന്നതും ഞാനന്നു മനസ്സിലാക്കിയ ഒരു സത്യമായിരുന്നു.

Monday 13 November 2017

കൊടുങ്കാറ്റിന്റെ രഹസ്യം

"ഒരു വല്യ കടലിലുള്ള ഒരു ദ്വീപിന്റെ അടുത്തുവെച്ച്, നേപ്പിൾസിലെ രാജാവായിരുന്ന അലോൺസായും മകൻ ഫെർഡിനാന്റും സഹോദരൻ സെബാസ്റ്റ്യനും സഞ്ചരിച്ചിരുന്ന കപ്പൽ അപകടത്തിൽപ്പെട്ടു. മിലാനിലെ ഡ്യൂക്ക് അന്റോണിയോയും രാജസദസ്സിലെ ഗോൺസാലോയും ഒപ്പമുണ്ടായിരുന്നു. അതേ ദ്വീപിലേക്കായിരുന്നു സഹോദരനായ അന്റോണിയോയും കുടിലതന്ത്രക്കാരനായ ഗോൺസാലോയും ചേർന്ന് തയ്യാറാക്കിയ ഗൂഢതന്ത്രത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട് പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ് പ്രൊസ്പെരോയും മകൾ മിറാന്റായും ഒരു ബോട്ടിൽ മാജിക്കിന്റെ കുറേപുസ്തകങ്ങളുമായി വന്നത്. തന്നെ ചതിച്ച അന്റോണിയോയാണ് തകർന്നുകൊണ്ടിരിക്കുന്ന കപ്പലിലെന്ന് പ്രൊസ്പെരോ മകളോടു പറഞ്ഞു." 
ഉച്ചയൂണിനുള്ള കറിസാധനങ്ങൾ അടുപ്പത്താക്കിയിട്ട്, എന്റടുത്തു വന്നിരുന്ന അവളോട് വായിച്ചതിന്റെയത്ര ചുരുക്കം ഞാൻ പറഞ്ഞു കൊടുത്തു. 
അവളും ഞാനും  ഹൈസ്‌കൂളിൽ പഠിച്ചിട്ടുണ്ടായിരുന്നില്ല. ദിവസവും കൂലിപ്പണിക്കു പോകുന്ന ഞങ്ങൾക്ക് കൂടിയ വിദ്യാഭ്യാസത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. 
മിനിയാന്ന് ഞങ്ങളുടെ മകൻ വിഷ്ണുവിന് ലക്ഷംവീട്ടുകാരുടെ വക ഒരു സ്വീകരണമുണ്ടായിരുന്നു. പഞ്ചായത്തു പ്രസിഡന്റൊക്കെ വന്നിരുന്നു, അഭിനന്ദനം പറയാൻ. ആ കോളണിയിൽനിന്നും ആദ്യമായി കോളേജ് ജോലി കിട്ടിയതവനായിരുന്നു - ആദ്യമായി അവിടുന്ന് എം എ പാസ്സായതും വിഷ്ണു മാത്രമായിരുന്നു.
അവന്റെ പ്രസംഗത്തിൽ അവൻ പറഞ്ഞു, ഇത്രയും പഠിക്കാൻ കാരണം അവന്റെ അച്ഛനാണെന്ന്. അവൻ ഒൻപതാം ക്ളാസ്സിലായിരുന്നപ്പോൾ കോളേജിലാവശ്യമായി വരുമെന്ന് പറഞ്ഞോണ്ട് അച്ഛനവന് ഷേക്‌സ്പിയറിന്റെ 'ദി ടെംപസ്റ്റ്' പുസ്തകം വാങ്ങിക്കൊടുത്തിരുന്നുവെന്നവൻ പറഞ്ഞു. ആ പുസ്തകം അവൻ മറ്റു പുസ്തകങ്ങളുടെ കൂട്ടത്തിൽ വെച്ചിരുന്നുവെന്നും, പ്ലസ് റ്റൂവിനു പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ പുസ്തകം വായിക്കാൻ തോന്നിയതെന്നും അവൻ തുടർന്നു പറഞ്ഞു. നല്ല കഥയായിരുന്നു, മുഴുവൻ മനസ്സിലായില്ലെങ്കിലും ആ കഥ പഠിപ്പിക്കുന്ന ക്ളാസ്സിൽ എത്തണമെന്നൊരു വാശിയവനു തോന്നിയെന്നും അതാണവനെ ഇംഗ്ളിഷ് എം എ വരെ എത്തിച്ചതെന്നും അവൻ പറഞ്ഞു. 
ആ പുസ്തകത്തിന്റെ കാര്യം ഞാൻ മറന്നുപോയിട്ടുണ്ടായിരുന്നില്ല. കുറേ വർഷങ്ങൾക്കു മുമ്പ് തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൂടി മടങ്ങുന്ന വഴി ബസ്സിൽ കിടന്നു കിട്ടിയാതാണാ പുസ്തകം. തിരക്കിനിടയിൽ ഏതോ കോളേജ് കുട്ടിയുടെ കൈയ്യിൽനിന്നു വീണുപോയതാണെന്നുറപ്പായിരുന്നു, മുഴുവൻ ഇംഗ്ളിഷ്! എവിടെ ചെന്നയാളെ കണ്ടുപിടിക്കാൻ? ഞാനതു വീട്ടിൽ കൊണ്ടുവന്ന് വിഷ്ണൂനു കൊടുത്തു. ആ പുസ്തകത്തിന്റെ കാര്യമാണവൻ പറഞ്ഞത്. അതിന്റെ കഥയെന്താണെന്നറിയണമെന്നെനിക്കു തോന്നി, അവൾക്കും തോന്നി. വിഷ്ണുനോട് ചോദിക്കാൻ തോന്നിയില്ല - അവൻ പറഞ്ഞില്ലെങ്കിലോ? ശിവാനന്ദനാണു പറഞ്ഞത്, അതിന്റെ തർജ്ജമ പട്ടണത്തിലെ ബുക്ക് സ്റ്റാളിലോ ലൈബ്രറിയിലോ കിട്ടുമെന്ന്. പട്ടണത്തിപ്പോയി ഇന്നലെ വാങ്ങിയ മലയാളം തർജ്ജിമയാണിത്. 
ഞങ്ങളിന്നും പണിക്കും പോയില്ല. ഇനി പണിക്കു പോകാനും തോന്നുന്നില്ല; വിഷ്ണൂന് നാണക്കേടാവില്ലേയെന്ന തോന്നലുമുണ്ട് - അവൻ പാന്റ്സിട്ടു തുടങ്ങിയില്ലേ? 
ഏതായാലും ആ ദിവസം കൊണ്ട് പുസ്തകം മുഴുവൻ ഞാൻ വായിച്ചു തീർത്തു. നാലു പേജു കൂടുമ്പോൾ അവളോടു ചുരുക്കം പറഞ്ഞുകൊണ്ടുമിരുന്നു. 
അന്നത്തേതുപോലെ ധൃതിയിൽ വേരൊരിക്കലും ഞാൻ ഊണു കഴിച്ചിട്ടുണ്ടെന്നും പറയാനാവില്ല.
"ഫെർഡിനാന്റും മിറാന്റായും വിവാഹനിശ്ചയം നടത്തി, പ്രോസ്പെരോക്കു തന്റെ അധികാരവും തിരിച്ചു കിട്ടി. കഥ തീർന്നു." ഞാൻ പറഞ്ഞു.
"തീർന്നോ?" അവൾ ചോദിച്ചു. 
"തീർന്നു." ഞാൻ പറഞ്ഞു.
"ഇതിനകത്ത് എം എ ക്കു പഠിക്കണമെന്നൊരിടത്തും പറഞ്ഞിട്ടില്ലല്ലോ?" അവൾ ചോദിച്ചു. 
'ശരിയാണല്ലോ. അതിനകത്തൊരിടത്തും അങ്ങിനെ പറഞ്ഞിട്ടില്ലല്ലോ!' ആത്മഗതം പോലെ ഞാനും പറഞ്ഞു. 
ഇനിയിപ്പോ ആരോടാ ചോദിക്കുക? 
"ഏതായാലും കൃഷ്ണന്റെ മകൻ ആനന്ദനും ഇതിന്റെ ഇംഗ്ളീഷ് മേടിച്ചു കൊടുക്കാമല്ലെ? രക്ഷപ്പെടട്ടന്നേ, അവൻ പത്തിലല്ലേ?" ഞാൻ പറഞ്ഞു. 
സമ്മതഭാവത്തിൽ അവളും തലയാട്ടിയെങ്കിലും കൊടുങ്കാറ്റിന്റെ രഹസ്യം ഞങ്ങൾക്കു മനസ്സിലായിട്ടുണ്ടായിരുന്നില്ല.